Monday 8 October 2018

*പടിഞ്ഞാര്‍മൂല അസ്നാര്‍ച്ച,* *കാല്‍പനികതയെ വെല്ലുന്ന യാഥാര്‍ഥ്യം... / അസീസ്‌ പട്ള

▪  ▪  ▪



*പടിഞ്ഞാര്‍മൂല അസ്നാര്‍ച്ച,*
*കാല്‍പനികതയെ വെല്ലുന്ന യാഥാര്‍ഥ്യം...!*


*അസീസ്‌ പട്ള✍*


ഒക്ടോബര്‍ 06, ശനിയാഴ്ച നമ്മെ വിട്ടുപിരിഞ്ഞു അല്ലാഹുവിന്‍റെ സവിധത്തിലേക്ക് യാത്രയായ പടിഞ്ഞാര്‍മൂല അസ്നാര്‍ച്ച (ഞങ്ങളുടെ സ്വന്തം പെട്ടിക്കാരന്‍ അസ്നാര്‍ച്ച) തലമുറകളെ ബന്ധിപ്പിക്കുന്ന കണ്ണി കൂടിയായിരുന്നു., കാസര്‍ഗോഡ്‌ ജില്ലയിലെ ഒട്ടുമിക്ക ദിക്കുകളിലും അദ്ദേഹത്തെ അറിയാത്ത എഴുപത്തഞ്ചു, എണ്‍പത്കളിലെ  ഇങ്ങോട്ടുള്ളവര്‍ ഉണ്ടാവില്ല എന്നു തെന്നെ പറയാം.. അദ്ദേഹം ആ കാലഘട്ടത്തിലെ ചലിക്കുന്ന തുണിക്കടയുടേയും, ഫാന്‍സി ഷോപ്പിന്‍റെയും ആള്‍രൂപമായിരുന്നു.

പത്തോ.. പന്ത്രണ്ടോ...കിലോ നിറഞ്ഞ തകരപ്പെട്ടി തലച്ചുമടായി നടന്നു വ്യാപാരം നടത്തിയിരുന്ന അദ്ദേഹത്തിന്‍റെ പാദസ്പര്‍ശമേല്‍ക്കാത്ത പുരയിടമുണ്ടോയെന്നത് സംശയാസ്പദമാണ്, പാവപ്പെട്ടവരും പണക്കാരും ഒരു പോലെ വിശ്വാസമര്‍പ്പിച്ചിരുന്ന നീതിമാനായ വ്യാപാപാരി.

കൂലിപ്പണിയും, കാര്‍ഷികവൃത്തിയും ഉപജീവനമാക്കിയ ഗ്രാമ്യ വീട്ടമ്മമാരുടെ ദാരിദ്ര്യത്തില്‍  തിണര്‍ക്കാത്ത മടിക്കിഴിയിലെ  കനം, വാങ്ങാന്‍ കടലോളം ആശയുണ്ടെങ്കിലും നിവര്‍ത്തിക്കാത്ത സാമ്പത്തികം!, അവരുടെ നിസ്സഹായത മനസ്സിലാക്കി “പൈസ അടുത്ത കുറി തന്നങ്കു മതി” എന്ന് പറഞ്ഞു ആ  വീട്ടുകാര്‍ പങ്കെടുക്കേണ്ട  അടുത്ത ബന്ധുക്കളുടെ കല്യാണമായാലും, പെരുന്നാളായാലും നിറഞ്ഞ മനസ്സില്‍ പുഞ്ചിരിതൂകി നിശ്ചിത വിലയിലും കിഴിവ് നല്‍കി  പര്യാപ്തമാക്കുന്ന അസ്നാര്‍ച്ച... 

1975 കാലഘട്ടത്തില്‍ ഉമ്മയുടെ മിന്നിപിടിച്ചു ഉച്ചനിഴല്‍ പോലെ ഒട്ടിനിന്നിരുന്ന കാലം, മധൂര്‍ ബസ്സിറങ്ങി ചെമ്മണ്‍ പാതയിലൂടെ ധൂളികള്‍ക്കിടയില്‍ വെളുത്ത കുപ്പായവും, മുണ്ട് പൊക്കിള്‍ വരെ മടക്കിക്കുത്തി, അതികം പൊക്കമില്ലാത്ത, തന്‍റെ തളര്‍ച്ചയും ക്ഷീണവും ഒട്ടും പ്രകടമാക്കാത്ത ഒരു തകരപ്പെട്ടിയും തലയിലേന്തി സുസ്മേരവദനായി ഞങ്ങളിലേക്ക് നടന്നു വരുന്ന   അവ്യക്തമായ ഒരു രൂപം കാണാം.. അതാണ്‌ ഞങ്ങളുടെ അസ്നാര്‍ച്ച.

എല്ലാ രണ്ടാഴ്ച കൂടുമ്പോഴും... ആ വിളിശബ്ധം കേട്ടാല്‍ അയല്‍ക്കാര്‍ നാലു ഭാഗത്തു നിന്നും ഞങ്ങളുടെ വീട്ടിലെത്തും, അല്ലെങ്കില്‍ അയല്‍വാസി വെസ്റ്റ്‌ ഖരീംച്ചയുടെ തറവാട് വീട്ടില്‍.. അവര്‍ ഉമ്മമാര്‍  ഒന്നിച്ചു തിരഞ്ഞു മാറി മാറി ദേഹത്ത് ചേര്‍ത്തു വച്ചും, പരസ്പരം അഭിപ്രായം ആരാഞ്ഞും  സുറുമ, മൈലാഞ്ചിപ്പച്ച, ചെമപ്പ്, നീല ഒക്കെ നിറങ്ങളിലുള്ള വോയിലിന്‍റെയും കോട്ടന്‍റെയും തുണികള്‍ മുറിപ്പിച്ചു വാങ്ങുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ പെട്ടിയിലെ കണ്ണഞ്ചിപ്പിക്കുന്ന  കണ്ണാടിയും, ചീര്‍പ്പും, കരിവളയും, കണ്മഷിച്ചെപ്പും, കിലുക്കാംപെട്ടിയും, ഒക്കെ കൌതുകത്തോടെ നോക്കി നില്‍ക്കും...


ഓര്‍ക്കുമ്പോള്‍ ഇന്നും മസ്തിഷ്കത്തില്‍ ഒരു വൈധ്യുതപ്രവാഹം സ്ഫുലിക്കുന്നത്പോ ലെ...ഓര്‍മ്മച്ചെപ്പിലെ യവനിക വീഴുംമുമ്പേ ഞെട്ടിയുണ ര്‍ത്തുന്ന മര്‍മ്മരങ്ങള്‍... ഒന്നും കണ്‍മുമ്പിലില്ലല്ലോയെന്ന യാഥാര്‍ത്യത്തിന്‍റെ ചുട്ടുപൊള്ളുന്ന വിങ്ങിപ്പൊട്ടലില്‍  സ്വബോധത്തിലേക്ക് തിരിച്ചു വരുമ്പോള്‍ അറിയാതെ കണ്ണുകള്‍ ഈറനണിഞ്ഞിരിക്കും.

ഒരു പക്ഷെ.... ആ തലമുറയിലെ അവസാനത്തെ കണ്ണിയാണെങ്കിലും, പടിഞ്ഞാര്‍മൂല ജമാഅത്തെ പള്ളി ഒരുക്കിയ ഖബര്‍സ്ഥാനിലെ ആദ്യത്തെ മയ്യത്തായിരിക്കും, സദാ അല്ലാഹുവിന്‍റെ ഭവനത്തില്‍ പ്രാര്‍ത്ഥനാനിര്‍ഭരനായി കാണാറുള്ള അസ്നാര്‍ച്ചയുടേത്.



അല്ലാഹുവേ......അസ്നാര്‍ച്ചാക്ക് നീ സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കേണേ തെമ്പുരാനേ, ഒപ്പം ഞങ്ങളെയും , അദ്ദേഹത്തിന്‍റെയും  ഞങ്ങളുടെയും മാതാപിതാക്കളെയും ഭാര്യ സന്താനങ്ങളേയും ഉള്‍പ്പെടുത്തണേ  നാഥാ ..... ആമീന്‍.



😞

No comments:

Post a Comment