Sunday 14 October 2018

ഓർമ്മയിലെ* *ആ അധ്യാപകർ / അസ്ലം മാവില

*ഓർമ്മയിലെ*
*ആ അധ്യാപകർ*
...'........,...................,

അസ്ലം മാവില
...............................
ഒന്ന് ഒഴുക്കൻ മട്ടിൽ എഴുതുന്നു. ഇവിടെ നിങ്ങൾ കാൺകെ എഴുതിയത്. എഡിറ്റിംഗ് പിന്നിട് ചെയ്യാം.

നേരത്തെയും മെയ്ദീൻ മാഷെ കുറിച്ച് ഞാനെന്റെ നർമ്മ പംക്തിയിൽ (കു- കാ- കു- ക) സൂചിപ്പിച്ചിട്ടുണ്ട്, പല വട്ടം.

ആയിഷ ടീച്ചർ എനിക്ക് പഠിപ്പിച്ചതായി ഓർമ്മയില്ല. അറബിക്കായിരിക്കണം വിഷയം, അത് കൊണ്ടായിരിക്കാം അവരുടെ ക്ലാസ്സിൽ ഇരിക്കാൻ പറ്റാത്തത്. നാല് വരെ ഞങ്ങൾക്ക് അറബിക് പഠിപ്പിച്ചത് സലാം മാഷാണ് (അങ്ങിനെ പേരെന്നാണ് ഓർമ്മ). അദ്ദേഹം രണ്ടാം ക്ലാസ്സിൽ പക്ഷികളുടെ കളർ ഫോട്ടോ കാണിച്ച് ക്ലാസ്സ് എടുത്ത് കൊണ്ടിരിക്കെയാണ് (1977) എന്റെ ഉമ്മയുടെ ഉപ്പ മരിച്ച വിവരവുമായി ഉപ്പ സ്കൂളിൽ എത്തുന്നത്. ഞങ്ങളൊക്കെ ഹെബ്ബാ രൻ മാഷെന്ന് വിളിക്കുന്ന മാന്യദേഹമാണ് അന്ന് സ്കൂൾ എച്ച്. എം.

സൈനബ ടീച്ചറും ആയി യഷ ടീച്ചറും മെയ്ദിൻ മാഷൊക്കെ പിന്നീടായിരിക്കണം വന്നത്, 1979ൽ.

  മെയ്ദീൻ മാഷിന് ഞങ്ങളെ പഠിപ്പിക്കാൻ ചുമതല ഉണ്ടെങ്കിലും വല്ലപ്പോഴുമേ ക്ലാസ്സിൽ വരുമായിരുന്നുള്ളൂ. ഒരു മേസ്തിരിയെ പോലെ സ്കൂളിന്റെ മേൽനോട്ടം പോലെയാണ് പുള്ളിക്കാരന്റെ നടത്തം. സോഷ്യൽ സ്റ്റഡീസൊ മറ്റോ ആണെന്ന് തോന്നുന്നു അയാളുടെ വിഷയം.

ഞങ്ങൾക്ക് സ്ഥിരം ക്ലാസെടുത്തിരുന്ന അധ്യാപകർ വരാൻ വൈകിയാൽ ഈ ചുരുണ്ട മുടിക്കാരൻ ഒരു വടിയും പിടിച്ചു ഞങ്ങളുടെ ക്ലാസ്സിൽ കയറും. പുകവലിയുടെ ആശാനാണ്. ചെയിൻ സ്മോക്കർ എന്ന് ആ ചുണ്ടു കണ്ടാൽ അറിയാം. മിക്ക ദിവസവും മെയ്തിൻ മാഷെ ഡ്രസ് കോഡ് നീല ചെക്സ് ഷർട്ടാണ്.

ക്ലാസ് എടുക്കുന്നതിലേറെ അദ്ദേഹത്തിന് നാട്ടുവർത്തമാനം പറയാനാണ് ഇഷ്ടമെന്ന് തോന്നുന്നു. അങ്ങിനെ ഒന്നും രണ്ടും പറഞ്ഞ് തീരുമ്പോൾ ബെല്ലുമടിക്കും, അതിനിടയിൽ പുകയൂതി തിരിച്ച് വരും. പലരുടെയും ബയോഡാറ്റ മൂപ്പരുടെ കയ്യിലുണ്ട്. അതാണ് തുരുപ്പ് ചീട്ടും.

അന്നൊക്കെ ഒരു വീട്ടിൽ ഒന്നുമില്ലങ്കിലും നല്ലൊരു തൊട്ടിൽ ഉണ്ടാകും, കുഞ്ഞിനെ ഉറക്കാൻ. പ്രസവ സമയമടുത്താൽ പുറത്ത് നിന്ന് സംഘടിപ്പിച്ച്  വീട്ടിൽ കൊണ്ട് വരും. മട്ടുമ്മേൽ സാരി ചുറ്റിക്കെട്ടി അതിൽ കുഞ്ഞിനെ കിടത്തുന്ന നാടോടികൾക്ക് മാത്രമായിരുന്നു. സി.പി.സി.ആർ. ഐ സ്ഥാപനത്തിന്റെ മുന്നിൽ കാണുന്ന ആൽമരത്തിൽ കൊറെ എണ്ണം  ഇങ്ങനെ സാരിയിൽ തൂങ്ങുന്നത് സ്ഥിരം കാഴ്ചയായിരുന്നു.  ഒരു ഭാഗത്ത് അമ്മിക്കല്ല് കൊത്തി വെടിപ്പാക്കുന്ന തിരക്കിലായിരിക്കും ആ നാടോടി അമ്മമാർ. ചോരപൈതങ്ങൾ സാരിയിൽ ഇങ്ങിനെ കാറ്റും കൊണ്ട് ആടിക്കൊണ്ടേയുണ്ടാകും.
നാലാം വേദക്കാരായ ആൾക്കാർ മച്ചിമേൽ സാരി കെട്ടി കുട്ടികളെ ആട്ടി ഉറക്കുന്നത് കണ്ടത് നമ്മുടെ എം.കെ. ഹാരിസിന്റെ ഉപ്പുപ്പയുടെ കോട്ടേർസിൽ താമസിക്കുന്ന ആയിഷ ടീചറെയും സൈനബ ടീച്ചറെയുമായിരുന്നു. പട്ലക്കാരെങ്ങാനും അത് ചെയ്തിരുന്നെങ്കിൽ ദീനിന്ന് പുറത്താകാൻ അന്ന് വേറെ കാരണം വേണ്ട. ആട്ടക്കാറെ ഏർപ്പാടല്ലേ !

നീണ്ടു വെളുത്ത ആറടി നീളം  തോന്നിക്കുന്ന അധ്യാപികയാണ് സൈനബ ടീച്ചർ. കറുത്ത സ്കാർഫ് ധരിച്ചു ഫുൾകൈ കുപ്പായമിട്ട് തികച്ചും ഇസ്ലാമിക ഡ്രസ് കോഡിൽ ക്ലാസിൽ അറ്റൻഡ് ചെയ്തിരുന്ന അധ്യാപിക.

1985 വരെ ഇവരെല്ലാവരും ഉണ്ടായിരുന്നോ എന്നോർമ്മ പോകുന്നില്ല. 1983 വരെ എന്തായാലും ഉണ്ട്. SSLC ഫസ്റ്റ് ബാച്ചിൽ സൈനബ ടീച്ചറുടെ ജേഷ്ടത്തിയുടെയോ ആങ്ങളയുടെയോ മകൻ ഉണ്ടായിരുന്നു. അന്നത്തെ ക്ലാസ് മേറ്റ്സിന്റെ ശല്യം കാരണമോ മറ്റോ അവൻ പഠിത്തം നിർത്തി പോയതാണോ എന്നും എനിക്ക് സംശയമുണ്ട്.  ഇന്ത്യൻ റെയിൽവേയിൽ അയാൾ ലോക്കോ പൈലറ്റായി ജോലിയിലുണ്ടെന്ന് പത്ത് - പതിനഞ്ച് കൊല്ലം മുമ്പ് ആരോ പറഞ്ഞ ഓർമ്മയുണ്ട്. ഇപ്പോൾ പ്രൊമോഷനൊക്കെ കിട്ടി വേറെ പോസ്റ്റിൽ ഉണ്ടാകണം.

മെയ്ദിൻ മാഷിന്റെ ചില കലാപരിപാടികൾ ഉണ്ട്. അതിൽ ചിലത് : സേവനവാരത്തിൽ സ്കൂളിന് പിൻ വശത്തായി ഞങ്ങൾ  ഉണ്ടാക്കുന്ന പുന്തോട്ടവേലി ജനുവരി - ഫിബ്രവരിയിൽ പൊളിച്ചെടുത്ത് കത്തിക്കാൻ ഉപയോഗിക്കുക എന്നതാണ്. ഡിസംബറിൽ തമ്പാൻ - മെയ്ദീൻ - ആയിഷ ടീമുകൾ ശീമക്കൊന്ന നാട്ട ഉന്തിയും' തള്ളിയും ലൂസാക്കി വിടും, വേരുകൾ വേർപെടാൻ. ഒരാഴ്ച കഴിയുമ്പോൾ അതിന്റെ ഇലകൾ വാടുന്നത് ഞങ്ങൾ ജനൽ പാളികളിൽ കൂടി നോക്കി കണ്ണീർ പൊഴിക്കും. ക്ലാസിലെ പലരും ഇവരെ പ്രാകുന്നുണ്ടാകും.

സ്കൂളിൽ അന്ന് പല സിസൺ കച്ചവടങ്ങളുമുണ്ടായിരുന്നു. പുളുങ്കുരു മുതൽ തേൻചക്കിളി വരെ. മെയ്ദിൻ മാഷ് കുടുംബ സഹിതം നാട്ടിൽ പോകാറാകുമ്പോൾ സ്കൂൾ കാമ്പസിൽ ഒരു സ്പെഷ്യൽ സെർച്ച് വാറണ്ട് പുറപ്പെടുവിക്കും. ചെറുകിട കച്ചവടക്കാരായ   കുട്ടികളിൽ നിന്നും സാധനങ്ങൾ ഇവർ പിടിച്ചെടുക്കും, പുളുങ്കുരു അടക്കം ജപ്പത്തി, അത് പിന്നെ തിരിച്ചു കിട്ടില്ല. എല്ലാം സ്വാഹ. ( ഇത് കുറച്ച് രസത്തിൽ വായിക്കാൻ എന്റെ കു- കാ- കു- ക ബ്ലോഗിൽ പോയാൽ മതി )

ഏതായാലും സമുദായ സ്നേഹികളായിരുന്നു ഇവർ മൂന്ന് പേരും. എന്റെ ഉപ്പയ്ക്കൊക്കെ വേണ്ടപ്പെട്ടവർ. ഇവരൊക്കെ ഇപ്പോൾ എവിടെ ഉണ്ടോ ആവോ ?.

No comments:

Post a Comment