Sunday 14 October 2018

കല്യാണപരിപാടികളൊക്കെ ക്ലബുകൾ ഏറ്റെടുത്താൽ,,.. / A M P

ഈ കുറിപ്പ് എഴുതിയ വ്യക്തി എന്റെ  അടുത്ത സൗഹൃദ വലയത്തിൽ പെട്ട ഒരാളാണ് (ടിയാൻ തന്നെ ആണെങ്കിൽ ). പുള്ളി വളരെ ഉത്തരവാദിത്വപെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തി കൂടിയാണ്.

കല്യാണപരിപാടികളൊക്കെ ക്ലബുകൾ ഏറ്റെടുത്താൽ എങ്ങിനെയിരിക്കും ? നല്ല പാങ്ങാകും.

കല്യാണാഘോഷങ്ങൾ കബഡി, അപ്പച്ചെണ്ട്, ചട്ടിപൊട്ടിക്കൽ പോലെയുള്ള ഏർപ്പാടാണ് എന്നാണ് ഇന്നും തലമൂത്തവരുടെ ധാരണ. ക്ലബ്ബു തന്നെ നിക്കാഹടക്കം ചെയ്തു കൊടുത്താൽ മതിയല്ലോ !

വിശ്വാസമുള്ളവനും അത് തീരെ ഇല്ലാത്തവനും കല്യാണ ദിവസത്തെ വളരെ പരിപാവനമായാണ് കണക്കാക്കുന്നത്. അതൊരു ഏനാമ്പോലി - താപ്പേർപ്പാടാക്കിയത് "മ്മളെ " ഖൗമ് മാത്രം ! 

വരും ദിവസങ്ങളിൽ ബോർഡ്‌ :

ഗുദ്ദളി ആർട്സ് & സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ക്ലബ് പ്രസിഡന്റിന്റെ അസൗകര്യാർഥം  മാറ്റി വെച്ച സൗകു - കുൽസു വിവാഹം നാളെ നടക്കും. പുയ്യാപ്ലയുടെ കൂടെ പോകാൻ ക്ലബ് സിക്രട്ടറിയുടെ ശിപാർശ കത്ത് മാത്രമേ സ്വീകരിക്കുകയുള്ളു. കല്യാണ വീട്ടുകാർ സൗകു - കുൽസു കല്യാണ കാര്യത്തിൽ ഇടപെട്ടാൽ തുടർന്നുണ്ടാകുന്ന അനിഷ്ട സംഭവങ്ങൾക്ക് ഉത്തരവാദിയല്ല. ക്ലബ്ബ് അഡ്വൈസറുടെ തീരുമാനം അന്തിമമായിരിക്കും.  ഇവന്റ് മാനേജ്മെന്റ് ഫീസ്, നിക്കാഹ് ഫീസ്, സ്ത്രീധന കമ്മീഷൻ എന്നിവ അടച്ച റസീപ്പ്റ്റ് മണവാള - മണവാട്ടി വീട്ടുകാർ എപ്പോഴും കൈ വശം വെക്കേണ്ടതാണ്. സുധാമണി പ്രൈവറ്റ് ട്രാൻസ്പോർട്ട് വാഹനങ്ങളിൽ മാത്രമേ ഇരു വീട്ടുകാരും സഞ്ചരിക്കാൻ പാടുള്ളൂ.

ഒരു സമുദായത്തിന്റെ ഏറ്റവും വലിയ ലക്ഷ്യം തന്നെ, കണ്ടാമട്ടി കാശുണ്ടാക്കുക (അതേത് വഴിക്കായാലും), അങ്ങിനെ സ്വരുക്കൂട്ടുന്ന കാശ് മൂന്ന് നാളത്തെ കല്യാണത്തിന് ധൂർത്തടിക്കുക, 
അതൊന്നും ചെയ്യാൻ പറ്റാത്തവനെ കൂട്ടത്തിൽ നിന്നും കുടുംബത്തിൽ നിന്ന് അകറ്റി നിർത്തുക.

അന്യസമുദായക്കാരുടെ കല്യാണാഘോഷത്തിന് സർവ്വസാധാരണ സംഭവം പോലെ റോഡ് തടസ്സവും വാഹന വ്യൂഹ പ്രദർശനവും കണ്ടിട്ടുണ്ടോ ?

മിതത്വത്തെ ( ചെലവ്, സംസാരം, സംഭാഷണം, ഇടപെടൽ, ഇടപാട്, ആരാധനാദി കർമ്മങ്ങൾ) കുറിച്ച്  ഇത്രമാത്രം പറഞ്ഞ ഒരു മതവിഭാഗം വേറെ ഉണ്ടോ ? അത്കൊണ്ടാണാവോ ധാരാളിത്തവും ദുർവ്യയവും അതിന്റെ പൊങ്ങച്ച പ്രകടനവും കാണിക്കാൻ സമുദായത്തിന് ഇത്ര ധൃതി.

എഴുത്ത് കണ്ടോ ?
മത-സമുദായ നേതൃത്വത്തോടാണ് ഒരു നാട്ടിലെ  യുവവൃന്ദമടക്കമുള്ള  ( അധികവു മതിൽ യുവാക്കൾ തന്നെ ആകണേ എന്ന് ആഗ്രഹിക്കുന്നു) രോഷത്തോടെ എഴുതി ചോദിക്കുന്നത്!

ആതിഥേയരുടെ ഔദാര്യം കൊണ്ട് മാത്രം തിരിച്ചു പോയതാണ് പുയ്യാപ്ലാസുഹൃത്തുക്കൾ, മറ്റൊരിടത്ത് പോയാൽ പോയ കോലത്തിൽ  തിരിച്ചു വരണമെന്നില്ല എന്ന വരികൾ പത്ത് വട്ടം ചെരിച്ചിട്ടു വായിക്കണം.

തലശ്ശേരിയിലോ മറ്റോ  തോട്ടത്തിലെ ഉള്ള കമുകിൽ മുഴുവൻ കെട്ടിയിട്ട് പുയാപ്ലയുടെ നാട്ടുകാരെ വിളിച്ച് കെട്ടഴിച്ച് കൊണ്ട് പോകാൻ ആവശ്യപ്പെട്ട സംഭവം ഓർമ ഉണ്ടോ ? ഇരുന്ന ഇരുപ്പിന് തലാഖ് എഴുതി വാങ്ങിച്ച്, നഷ്ടപരിഹാരവും ചെക്കെഴുതിച്ച്,  കൂട്ടത്തിൽ കൂടിയ ആണായി പിറന്നവന് മകളുടെ സമ്മതത്തോടെ,  സദസ്സിൽ വിവാഹ  നിശ്ചയം നടത്തിയതും അതേ കല്യാണദിവസം തന്നെ.

അന്ന് ഉപ്പയോടൊപ്പം നിന്ന മകളുണ്ട്,  ആ മകളുടെ പക്വ നിലപാടുമുണ്ട്.

എന്തേ സമുദായം ഇത്ര ചീഞ്ഞ് നാറിപ്പോകുന്നു ? ഒരു ക്രിമിനൽ വകുപ്പിലും  ഇവർ ബാക്കിയില്ലല്ലോ, മീം പേര് ഉൾപ്പെടാതെ.  അതും  60 ഉം 70 ഉം ശതമാനത്തിനു മുകളിൽ! ചില കേസിലൊക്കെ 100 ശതമാനവും ആയിക്കളയും, ലഹരി, കഞ്ച കേസുകളിൽ പ്രത്യേകിച്ച്.

കണ്ണേ മടങ്ങുക !

Aslam Mavilae

No comments:

Post a Comment