Monday 8 October 2018

ഒരുമ്മയുടെ കരച്ചിൽ കേൾക്കാതെ പോകരുത്

ഒരുമ്മയുടെ
കരച്ചിൽ
കേൾക്കാതെ പോകരുത്

അസ്ലം മാവില

ഇതെഴുതിയത് കൊണ്ട് എനിക്ക് ആരും വ്യക്തിപരമായി മെസ്സേജ് അയക്കേണ്ടതില്ല. ഞാൻ  ഓപ്പൺ ഫോറത്തിലാണ് എന്തും എഴുതുന്നത്,  പറയുന്നത്. അത് കൊണ്ട് എന്റെ കുറിപ്പുകൾക്ക് ഓപ്പൺ ഫോറത്തിൽ തന്നെ പ്രതികരിക്കുക - പ്രതികൂലമായാലും അനുകൂലമായാലും. എല്ലാവരും കേൾക്കുകയും വായിക്കുകയും ചെയ്യട്ടെ.  എനിക്കില്ലാത്ത, ഞാൻ കൽപിക്കാത്ത ഒരു ഇമേജ് എനിക്ക് ഇല്ല, എനിക്ക് വേണ്ട. 

എന്റെ ആത്മാർഥതയുടെ ഭാഗമാണ്  എന്റെ ഓരോ കുറിപ്പുകൾ. ഒരു ഇരുത്തത്തിൽ എഴുതുന്നത്. അതിന് വലിയ അപ്രമാദിത്വം നൽകേണ്ടതുമില്ല. ഭാഷയിൽ വരെ അബദ്ധങ്ങൾ വരാം.

ഇനി വിഷയത്തിലേക്ക്. ഇന്നലെ ഒരു സ്ത്രീ, നമ്മുടെ സ്കൂളിൽ ഒരു സദസ്സിൽ വെച്ച് പൊട്ടിക്കരഞ്ഞു. ആ സമയം  അവിടെ നൂറ് രക്ഷിതാക്കളുണ്ട്. പത്തിൽ പഠിക്കുന്ന 105 കുട്ടികളുണ്ട്.  ഹൈസ്കൂൾ അധ്യാപകരുണ്ട്. ഹെഡ്മിസ്ട്രസ്സ് ഇൻ ചാർജുണ്ട്. പി.ടി.എ. _ എസ്. എം. സി. ഭാരവാഹികളുണ്ട്. ഇരുന്നൂറിലധികം പേർ അത് കേട്ടു.

"എനിക്ക് പ്രതീക്ഷ എന്റെ മകനിലാണ്. അവൻ ഒമ്പതിൽ പഠിക്കുന്നു. അവന്റെ കയ്യിൽ നിന്ന് ഈയിടെ ലഹരി മിഠായി കിട്ടി. പട്ലയിലെ ഒരു കടയിൽ നിന്നാണ് അത് കിട്ടിയതെന്ന് അവൻ തറപ്പിച്ചു പറഞ്ഞു. എനിക്ക് മാത്രമല്ല, എന്നെ പോലെയുള്ള ഒരു ആശ്രയവുമില്ലാത്ത ഉമ്മമാർക്ക് ഈ ഗതി വന്നാൽ, ആരാണ് ഞങ്ങളെ സഹായിക്കുക ? ഇവിടെ എത്തിയ ഏതെങ്കിലും ഒരു രക്ഷിതാവിന്, അവരുടെ മക്കളെ ഇങ്ങനെ ലഹരി മിഠായി നൽകി വഴി പിഴപ്പിച്ചെന്ന് അറിഞ്ഞാൽ നിങ്ങൾ സഹിക്കുമോ ? നിങ്ങൾ അറിയാതെ അവൻ അതിന്റെ അടിമയായാൽ നിങ്ങൾ എന്ത് ചെയ്യും ? എനിക്ക് ആരുമില്ല ,  എനിക്ക് നീതി ലഭിക്കണം, ഒരു കുട്ടി പോലും നമ്മുടെ നാട്ടിൽ ലഹരി മിഠായി നുണയുന്ന അവസ്ഥ ഇനി ഉണ്ടാകരുത് ....." പിന്നെയും പിന്നെയും അവർ സംസാരിച്ചു കൊണ്ടേയിരുന്നു. 

ഈ വാക്കുകൾ ഒരു ചാനലിനോടാണ് ആ സ്ത്രീ സംസാരിച്ചതെങ്കിൽ, ഇന്നലെ മുതൽ അത് തന്നെയാകുമായിരുന്നു സംസാര വിഷയം, അന്തിച്ചർച്ചയും.

ഒന്നും പറയുന്നില്ല, ഈ അനുഭവം നമ്മുടെ മക്കളിലാണ് ഉണ്ടായതെങ്കിൽ,  കണ്ടുപിടിക്കപ്പെട്ടതെങ്കിൽ,  എന്ന് മാത്രം ആലോചിച്ച് ഒന്ന് വായിക്കുക, വീണ്ടും വീണ്ടും വായിക്കുക.

രണ്ട് വർഷം മുമ്പ് സി.പി. യുടെ നിർദ്ദേശം മാനിച്ച് ഞാനൊരു ലഘുലേഖയ്ക്ക് മാറ്റർ എഴുതിയിരുന്നു. അതിലെ അവസാന വരികൾ എന്റെ കൺമുമ്പിൽ ഇപ്പോൾ ഇരുട്ട് പകർത്തുന്നു. നമ്മുടെ കണ്ണുകളടയുന്നതിന് മുമ്പ് ഇങ്ങനെയും !

കുഞ്ഞുമക്കളെ പോലും വിടുന്നില്ലല്ലോ ഈ ലാഭക്കൊതിയന്മാർ. ഹെഡ്മിസ്ട്രസ് ആ മാതാവിനെ മറുപടി പ്രസംഗത്തിൽ സമാശ്വസിപ്പിച്ചത് പോലെ -  "പിഞ്ചോമനകളെ മയക്കിക്കിടത്തി, അവരുടെ മാതാപിതാക്കളുടെ സ്വപ്നങ്ങൾ തല്ലിക്കെടുത്തി,  ഈ ലാഭവും കൊയ്ത്, അവർ എവിടെ പോകാൻ ? അവർക്ക് ഈ സമ്പാദ്യം ഫലം പിടിക്കുമോ ? "

എല്ലാവരോടും പറയുന്നു -  ഉണരുക, എത്ര പെട്ടെന്നുണർന്നോ അത്ര പെട്ടെന്ന് നമ്മുടെ നാട്ടിൽ നിന്ന് അത്തരം മാരണങ്ങളെ മുളയിലേ ഒഴിവാക്കാം. അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരാം.

"പട്ലയ്ക്ക് പുറത്ത് ഇതിന്റെ ശല്യമുണ്ട്. നിങ്ങളുടെ നാട്ടിൽ ഇതു വരാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് " ഒരുന്നത നിയമപാലകൻ പട്ലയിൽ വന്ന് പ്രസംഗിച്ച് ഒരു മാസം പോലും തികഞ്ഞിട്ടില്ല എന്ന് കൂടി ഓർക്കണം.

നാളെ ഈ സഹോദരിയുടെ കലങ്ങിയ കണ്ണുകളുടെ സ്ഥാനത്ത്, എന്റെയും നിങ്ങളുടെയും ഭാര്യയാകാം, സഹോദരിയാകാം.   നൊന്ത് പെറ്റ ഉമ്മമാരുടെ കണ്ണ് നീര്, വെറും കണ്ണീരല്ല, കനലാണ്, തീക്കനൽ !

No comments:

Post a Comment