Monday 8 October 2018

സൗമ്യശീലനായ കൊല്യ അദ്ലച്ചാക്ക് അല്ലാഹു കരുണ ചൊരിയട്ടെ / അസ്ലം മാവില

സൗമ്യശീലനായ
കൊല്യ അദ്ലച്ചാക്ക്
അല്ലാഹു കരുണ ചൊരിയട്ടെ

അസ്ലം മാവില

എന്നെ' സംബന്ധിച്ചിടത്തോളം, എന്റെ കൂടെ പഠിച്ചവരെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസമുണ്ടാക്കിയ ദിവസമാണിന്ന്. കൊല്യ അദ്ലച്ചന്റെ മരണം തന്നെ. ആ വന്ദ്യ പിതാവിന്റെ രണ്ട് മക്കളും ഒരു ജാമാതാവും എന്റെ സഹപാഠികളായിരുന്നു, ഒരേ ക്ലാസ്സിൽ പഠിച്ചവർ. അവരിവരാണ് -  അദ്ലച്ചാന്റെ മക്കളായ കരീം, നഫീസ,  മകൾ  മൈമുനയുടെ ഭർത്താവ് മുഹമ്മദ് കുഞ്ഞി. അവരുടെ വാത്സല്യനിധിയായ പിതാവാണ് ഇന്ന് വിടപറഞ്ഞത് . ഇന്നാലില്ലാഹ് ...

ചെറിയ ജീവിതം. അന്നൊക്കെ ജീവസന്ധാരണത്തിന് മണ്ണിന്റെ മണമുണ്ട്.  നെഞ്ചൊട്ടി,  വിയർത്ത് പണിയെടുത്താലേ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ അന്ന് സാധിക്കൂ. ആറ് മക്കളെ, തന്റെ ബുദ്ധിമുട്ട് അറിയിക്കാതെ പോറ്റുക എന്നത് അന്നത്ര ചെറിയ സംഗതിയുമല്ലായിരുന്നു. സാധാരണക്കാരിൽ സാധാരണക്കാരനായ അദ്ലച്ച എല്ലാവർക്കും ആ കാര്യത്തിൽ മാതൃകയാണ്.

തന്റെ ന്റെ  ദൈനദിന ജീവിതത്തെ ഭംഗപ്പെടുത്തുമാറ്  ഒരു ചെറിയ പരാതി പോലും മക്കളുടെ കാര്യത്തിൽ അധ്യാപകരിൽ നിന്നുമുണ്ടാകരുതെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. ആ ഉപ്പയുടെ നല്ല മക്കളായി തന്നെയായിരുന്നു  കരിമും നഫീസയും സ്കൂളിൽ വന്നതും പോയതും. ഒരു കുഞ്ഞു പരാതി പോലും അവരുടെ ഭാഗത്ത് നിന്നുണ്ടായതായി എന്റെ ഓർമ്മയിലില്ല.

ഇടപെടലുകളിൽ അദ്ലച്ച വളരെ മാന്യനായിരുന്നു. ചെറിയ സംസാരം, ആവശ്യത്തിന് മാത്രം.

വെള്ളിയാഴ്‌ചകളിലാണ് ഞാനെപ്പോഴും കഴിഞ്ഞ പത്തിരുപത് വർഷമായി അദ്ദേഹത്തെ കാണുക. ഞാൻ കോയപ്പാടി പള്ളിയിലേക്കു പോകുന്ന വഴിക്ക് അദ്ദേഹം തൂവെള്ള വസ്ത്രത്തിൽ,  വലിയ പള്ളിയിലേക്ക് റോഡിറങ്ങി വരുന്നുണ്ടാകും. റാസയുടെ വിടിന്നടുത്ത് വെച്ചായിരിക്കും മിക്കവാറും ഞങ്ങൾ സന്ധിക്കുക. നനവുള്ള ഒരു ചിരി, നിറഞ്ഞ മനസ്സോടെ പതിഞ്ഞ സ്വരത്തിൽ സലാം പറച്ചിൽ. കരീമിനെയും നഫീസയെയും പിന്നീട് എന്റെ സുഹൃദ് വലയങ്ങളിലായ അദ്ദേഹത്തിന്റെ മക്കൾ റൗഫിനെയും മജീദിനെയും അസീസിനെയും ആ കൂടിക്കാഴ്ചയിൽ ഒന്നിച്ച് കണ്ട സന്തോഷം എനിക്ക് അനുഭവപ്പെടും. 

ഇടപാടുകളിലും അദ്ലച്ച തികച്ചും വളരെ മാന്യനായിരുന്നു, പഴയതലമുറക്കാർ പറയും -  അന്നന്നത്തെ ഭക്ഷണവകകൾ പോലും, എന്നും പോയിരുന്ന കടയിൽ നിന്നായാലും കയ്യിൽ കാശുണ്ടെങ്കിൽ മാത്രം അദ്ദേഹം വാങ്ങുമായിരുന്നുവത്രെ! കടം പറഞ്ഞുള്ള ഏർപ്പാടില്ല. തുടക്കത്തിലേ ശീലിച്ചു പോന്ന ആ ഒരു ഇടപാടിലെ കൃത്യത ജിവിതത്തിലുടനീളം അദ്ലച്ച കാത്തു സൂക്ഷിച്ചു.

പതിനാല് വർഷം മുമ്പ് പരിശുദ്ധ ഹജ്ജും നിർവഹിച്ചു. 80 ന്റെ നിറവിൽ മക്കളോടും മരുമക്കളോടും പേരമക്കളോടും ബന്ധുക്കളോടും ആവോളം സ്നേഹം കൊണ്ടും കൊടുത്തും അദ്ലച്ച അല്ലാഹുവിന്റെ സവിധത്തിലേക്ക് യാത്രയായി. ഇന്നാലില്ലാഹി ..... ...

നമുക്ക് പ്രാർഥിക്കാം, അദ്ദേഹത്തിന്റെ സദ്കർമ്മങ്ങൾ പടച്ചതമ്പുരാൻ സ്വീകരിക്കുമാറാകട്ടെ,  അദ്ദേഹത്തിന്റെ പാപങ്ങൾ അല്ലാഹു പൊറുത്ത് കൊടുക്കട്ടെ, അവരെയും മരിച്ച് പോയ നമ്മുടെ മാതാപിതാക്കളെയും ബന്ധുമിത്രങ്ങളെയും റബ്ബ് സ്വർഗ്ഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ, ആമിൻ.

No comments:

Post a Comment