Friday 8 March 2019

പരീക്ഷ തുടങ്ങി രാത്രി മൈക്ക് വെച്ച് ശല്യം ചെയ്യരുത് / അസ്ലം മാവിലെ

*പരീക്ഷ തുടങ്ങി*
*ആരാധനാലങ്ങൾ*
*പാർട്ടിപ്പരിപാടികൾ*
*രാത്രി മൈക്ക് വെച്ച്*
*ശല്യം ചെയ്യരുത്*
.........................
അസ്ലം മാവിലെ
.........................

കേരളത്തിലെ മുഴുവൻ സകലമാന വിശ്വാസിക്കമ്മറ്റിക്കാരോടും ഒരഭ്യർഥന. പരീക്ഷ തുടങ്ങി, ഇന്ന്  മുതൽ. രാത്രി ആരാധനാലയങ്ങളിൽ നിന്നും അതിന്റെ പരിസരങ്ങളിൽ നിന്നും നിങ്ങൾ രാത്രി ഒച്ചയും ബഹളവും വെച്ച് ശല്യം ചെയ്യരുത്.

പ്ലീസ്, സഹിക്കാൻ പറ്റാഞ്ഞിട്ടാണ്. മണിക്കൂറുകൾ നീണ്ട് നിൽക്കുന്ന നിങ്ങളുടെ അലറലും അതിനപ്പുറവും ശല്യമാണ്. കുട്ടികൾക്ക് ഒരു വർഷത്തെ അധ്വാനമാണ് അത് വഴി നഷ്ടമാകുന്നത്.

തൊട്ടടുത്ത വീടുകളിൽ നിങ്ങളുടെ മക്കളെ പോലെ തന്നെ പുസ്തകം തുറന്ന് വെച്ച് ഞങ്ങളുടെയും മക്കളുണ്ട്.  ഒന്ന് പുസ്തകം മറിച്ച് നോക്കുമ്പോഴായിരിക്കും തൊണ്ടകാറൽ തുടങ്ങുക.

നിർത്തീൻ. മതിയായി. ഇനി അഥവാ ഒച്ച വെച്ചേ അടങ്ങൂവെങ്കിൽ വൈകിട്ട് 4 മണിക്ക് തുടങ്ങി 5:30 ന് നിർത്തൂ.

പാർട്ടി പരിപാടികൾ, പ്രസംഗങ്ങൾ എല്ലാം പരീക്ഷ തീരും വരെ രാത്രിയിലേക്ക് വെക്കരുത്. വൈകുന്നേരത്തോടെ തീർക്കണം.

പലർക്കും പറയണമെന്നുണ്ട്. നിങ്ങളൊക്കെ ശപിച്ചു കളയുമോ എന്ന പേടി അവർക്ക്. ആ ഒരു പേടി തരിമ്പുമില്ലാത്ത ഞാൻ ഇവരടക്കമുള്ളവർക്ക് വേണ്ടി അഭ്യർഥിക്കുന്നു - പരീക്ഷ തീരും വരെ രാത്രി മൈക്കോണാക്കി നിങ്ങൾ ഒച്ചയുണ്ടാക്കരുത്. നിങ്ങളുടെ ഒച്ച കേൾക്കാതെ ആകാശം ഈ ഇടവേളയിൽ ഇടിഞ്ഞു വീഴുകയൊന്നുമില്ല. സ്വിച്ച് ഓൺ ചെയ്യാതെ തന്നെ നിങ്ങൾക്ക് വന്നവരോട് തൊണ്ട കാറി പറയാമല്ലോ. ▪

ബെംഗളുരുവിൽ യാത്ര സൈക്കിളിലാകാം ട്രിൺ ട്രിൺ സംഗീതത്തിൽ ഇനി ഈ മഹാനഗരം / അസ്ലം മാവിലെ

http://www.kasargodvartha.com/2019/03/public-bicycle-service-in-bengaluru.html?m=1

*ബെംഗളുരുവിൽ*
*യാത്ര സൈക്കിളിലാകാം*
*ട്രിൺ ട്രിൺ സംഗീതത്തിൽ*
*ഇനി ഈ മഹാനഗരം*

..........................
അസ്ലം മാവിലെ
..........................

35 വർഷം പിന്നിലേക്ക്. മധൂരുള്ള ഉപ്പാന്റെ കടയുടെ വലതു വശത്ത് റോഡ് മുറിച്ചു കടന്നാൽ മൊയ്തുച്ചാന്റെ സൈക്കിൾ കട കിട്ടും. നിരത്തി പത്ത് - പതിനഞ്ച് സൈക്കിളുകൾ മതിലിനു ചാരിയും കുത്തനെ നിർത്തിയിട്ടുണ്ടാകും. എല്ലാം വാടകയ്ക്കാണ്. മണിക്കൂറിന് ചെറിയ സംഖ്യ - പത്തോ ഇരുപതോ പൈസ. (അതെത്രയെന്ന് കൃത്യമായി എന്റെ ഓർമ്മയിലില്ല)

ചെറിയ പിള്ളേർ മുതൽ മുതിർന്ന ആളുകൾ വരെ ഇവിടെ എത്തും. ചിലർ അത്യാവശ്യ യാത്രയ്ക്ക്, പിള്ളേർ കുശാലിന് ഒരു റൈഡിംഗ്. സ്കൂൾ ലീവുള്ള ദിവസം കുട്ടികളുടെ സംഘനൃത്തമായിരിക്കും അവിടെ.  മൊയ്തുച്ചാക്ക് കണക്കും സമയവും കിറുകൃത്യം. നീ ആരെ മോനാ ? അയാൾ ആളെ "കുർത്തം ബെക്കുന്നത്" അങ്ങിനെയാണ്.

മധുരിൽ തന്നെ രണ്ടിടത്തുണ്ടായിരുന്നു സൈക്കിൾ റെന്റിംഗ് കടകൾ. കൊല്യ, അറന്തോട്, ഉളിയത്തട്ക്ക, കൂഡ്ലു, ചൂരി തുടങ്ങി എല്ലാ പോയന്റിലും സൈക്കിൾ റെന്റിംഗ് സർവീസ് ഹബ്ബുണ്ടാകും. കാലം ഉരുണ്ടുമറിഞ്ഞു. അത്തരം സൈക്കിൾ വാടക കേന്ദ്രങ്ങൾ കാണക്കാണെ നിലച്ചു. പക്ഷെ, സൈക്കിൾ ഓട്ടം ഇന്നും കുട്ടികൾക്ക് ഹരമാണ്. ഓരോ വീട്ടിലും സൈക്കിൾ  രണ്ടും മൂന്നുമെന്ന കണക്കിനായി.

ഈ മഹാനഗരത്തിൽ,  ബെംഗളുരുവിൽ,  ഇക്കഴിഞ്ഞ തിങ്കളാഴ്ച മുഖ്യമന്ത്രി കുമരസ്വാമി ഗതകാല സ്മരണകൾ പുനരാവിഷ്ക്കരിച്ച് PBS (Public Bicycle Service) സിസ്റ്റം ഉത്ഘാടനം ചെയ്തു. നടന്നും ബസ്സിലും മോട്ടോർ വാഹനങ്ങൾ ഓടിച്ചും അതിനായി കാത്ത് കാത്തിരുന്നും ബെംഗളുരുവിൽ യാത്ര ചെയ്യുന്നതിന് പകരം Eco- friendly ആയി സൈക്കിൾ സവാരി നടത്തി നമ്മുടെ ഡെസ്റ്റിനേഷനിൽ എത്താം.

ബെംഗളുരുവിലെ 400 PBS ഹബ്ബുകളിൽ 6000 സൈക്കിൾ ലഭ്യമാക്കാനാണ് DULT ന്റെ ലക്ഷ്യം.  ഹബ്ബുകളിൽ 3000 എണ്ണം ഇതിനകം  എത്തിക്കഴിഞ്ഞു. അരമണിക്കൂറിന് വാടക 5 രൂപയോളം വരുമത്രെ. ഹാർഡ് കാശ് അല്ല, Digital Wallet ഉപയോഗിച്ചാണ് പൈസ പേ ചെയ്യേണ്ടത്.

സൈക്കിൾ നിരത്തിലിറക്കാൻ 4 കമ്പനികൾക്ക് അനുമതി കിട്ടി. അവരുടെ ആപ്പുകൾ പ്ലേസ്റ്റേഷനിൽ നിന്ന് Download ചെയ്ത് Cycle അൺലോക്ക് ചെയ്യാം. ഏറ്റവും അടുത്തുള്ള കേന്ദ്രത്തിൽ സൈക്കിൾ ഏൽപ്പിച്ച്, കാശും കൊടുത്ത്, കുടയും വടിയും  ബാഗും ടിഫിനുമായി കൈ വീശി നടക്കാം. വൈകിട്ടുള്ള തിരിച്ചു യാത്ര വന്ന സൈക്കിളിലല്ല,  പുതിയ ഒന്നിൽ. തിരക്ക് പിടിച്ച ബംഗളുരുവിൽ 125 കി.മി. സൈക്കിൾ പാത ആറ് മാസത്തിനകം ഒരുക്കാനുളള പ്ലാനിലാണ്  DULT - The directorate of urban land transport.

മൈസൂരിൽ ഇത് പരീക്ഷിച്ചു വിജയിച്ചു. അവിടെ ആദ്യത്തെ അരമണിക്കൂറിന് പൈസ വേണ്ട.  ഒറ്റ അപ്പ് ഡൗൺലോഡ് ചെയ്താൽ മതി.

എല്ലാ മെട്രോ സ്റ്റേഷനുകളിലും ഹബ്ബ് ലഭ്യം. HSR Layout, Banaswadi, HRBR Layout, Koramangala, Indiranagar, Vidhana Soudha, MG Road എല്ലയിsത്തും Yulu ,  Bounce, Lejonet,  Zoomcar PEDL കമ്പനികൾ പുത്തൻ സൈക്കിൾ നിരത്തി യാത്രക്കാരെ കാത്തിരിക്കുകയാണ്.

ലണ്ടൻ, ഷിൻഗായ്, പാരീസ്, വാഷിംഗ്‌ടൺ അടക്കം ലോകത്ത് അറുനൂറോളം മഹാനഗരങ്ങളിൽ ഷെയറിംഗ് സൈക്കിൾ സവാരി സിസ്റ്റം നിലവിലുണ്ടത്രെ. ബെംഗളുരുവിലും ഈ പദ്ധതി വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അധികൃതർ.

നിങ്ങളുടെ  അടുത്ത ബെംഗളുരുവിലെത്തിയാലുള്ള കുഞ്ഞു യാത്രകൾ  സൈക്കിളിലായാലെന്താ ? മൊബൈലിൽ ഒരു സൈക്കിൾ ആപ്പും E- വാലറ്റും സെറ്റ് ചെയ്യൂ. ഇവിടത്തെ സൈക്കിൾ യാത്രകൾ കുശാലാക്കാം, നഗരം ചുറ്റിക്കാണുകയുമാകാം▪

Wednesday 6 March 2019

കളിക്കാരുടെ ഗുരുവര്യൻ ലക്ഷ്മണൻ മാഷ് വിരമിക്കുന്നു ! യാത്രാമംഗളങ്ങൾ ! / അസ്ലം മാവിലെ

http://www.kasargodvartha.com/2019/03/lakshmanan-master-retiring-happy-journey.html?m=1

*കളിക്കാരുടെ ഗുരുവര്യൻ*
*ലക്ഷ്മണൻ മാഷ്*
*വിരമിക്കുന്നു !*
*യാത്രാമംഗളങ്ങൾ !*
...........................
അസ്ലം മാവിലെ
...........................
ലക്ഷ്മൺ എന്ന സംസ്കൃത പദത്തിന് ഭാഗ്യമുദ്രയുള്ളവനെന്നർഥമുണ്ട്. ശിഷ്യസമ്പത്ത് ഭാഗ്യമുദ്രയാണെങ്കിൽ നമ്മുടെ പ്രിയപ്പെട്ട ലക്ഷ്മണൻ മാഷ് ആ അർഥത്തിൽ  നൂറ് ശതമാനം പേരുകൊണ്ടനുഗ്രഹീതനാണ്. 
കളിത്തോഴൻ എന്ന് നാം സാധാരണ
പറയാറില്ലേ ?   കൂടെ നിഴൽ പോലെ നടക്കുന്നവരെയാണ് അങ്ങിനെ വിളിക്കുക. കളിയെത്തന്നെ കളിത്തോഴനാക്കിയാൽ അതിനെ എന്ത് പേരിട്ട് വിളിക്കും ? അതാണ് ലക്ഷ്മണൻ മാഷ്.

വീണ്ടും പുരാണത്തിലേക്ക്. ശ്രീരാമന്റെ സഹോദരൻ ശ്രീലക്ഷ്മണൻ, ഭരതന്റെയും. സഹോദരനെന്നതിലുപരി ഒരു മെയ്യ് എന്ന് പറയാവുന്ന തരത്തിൽ അത്ര അടുപ്പം അവർ തമ്മിൽ. പുരാണത്തിൽ സ്വസഹോദരന്റെ പേരിനൊപ്പം ചേർത്ത്  ശ്രീലക്ഷ്മണന്  മാത്രമേ അപരനാമമുള്ളൂ.     രാമാനുജൻ, ഭരതാനുജൻ എന്നിങ്ങനെ. നമ്മുടെ ലക്ഷ്മണൻ മാഷ് പട്ലയിലെ എല്ലവരുടെയും സഹോദരനാണ്, അപരനാമം ചേർത്തു പറയാൻ തുടങ്ങിയാൽ ആയിരക്കണക്കിന് പേരുകൾ എഴുതേണ്ടി വരും. ഒന്ന് പറയാം -  Either he is  Younger Bro or Elder Bro. അത്ര അടുപ്പവും വ്യക്തി ബന്ധവും അദ്ദേഹം നമ്മോട് കാത്ത് സൂക്ഷിക്കുന്നുണ്ട്.

2017ൽ,  പൊലിമയുടെ ആദ്യ കൂടിയാലോചനാ യോഗം ഞാൻ ഓർക്കുന്നു. പട്ലക്കാർക്ക് മാത്രമേ അതിന് ക്ഷണമുള്ളൂ. ആ രാത്രി സ്കൂൾ ഹാൾ നിറഞ്ഞു കവിഞ്ഞു. സദസ്സിന്റെ ഏറ്റവും പിന്നിലേക്ക് ഞാൻ നോക്കുമ്പോൾ,  ചെറുചിരിയോടെ അതാ ലക്ഷ്മണൻ മാഷ് നിൽക്കുന്നു ! ഒരു നാട്ടുകാരനായി, നാട്ടുനിഴലായി.  യോഗനടപടികൾ തീരും വരെ അദ്ദേഹം നിന്നു, മുഴുവൻ കേട്ടു. അവസാനം തന്റെ  അഭിപ്രായവും   പറഞ്ഞാണ് മാഷ് യോഗസ്ഥലം വിട്ടത്.

ഇക്കഴിഞ്ഞതല്ല, അതിന് തൊട്ട് മുമ്പത്തെ വേനൽക്കാലം. കുഞ്ഞിപ്പള്ളിയിൽ സുബഹ് നമസ്കരിച്ച് പുറത്തിറങ്ങി ഞാൻ വീട്ടിലെത്തിയതേയുള്ളൂ. ഒരു കോളിംഗ് ബെൽ. വാതിൽ തുറന്നപ്പോൾ ലക്ഷ്മണൻ മാഷ്  പുറത്ത്.
"വാട്സാപ്പിൽ ഞാൻ വായിച്ചു. CP യുടെ കുടിവെള്ള വിതരണം ഇന്ന് തുടങ്ങുകയല്ലേ, ഞാൻ വരണോ ?" മാഷിന് ആധി.

സ്കൂളിൽ നടക്കുന്ന വ്യത്യസ്തമായ പ്രോഗ്രാമുകൾ അദ്ദേഹം ശ്രദ്ധിക്കും. അതിന് യോജിച്ച ആളെ അദ്ദേഹമത് വിളിച്ചറിയിക്കുകയും ചെയ്യും. ഉദ്ദേശം ഒന്നേയുള്ളൂ, ആ പ്രോഗ്രാം കളർഫുള്ളാക്കാൻ നമ്മുടെ സഹകരണം വേണം, നമ്മിൽ നിന്നും സ്കൂൾ പ്രതീക്ഷിക്കുന്നു, സ്പോൺസർഷിപ്പ് അങ്ങനെ വല്ലതും. കുട്ടികൾക്കത് വലിയ  പ്രോത്സാഹനമാകുമല്ലോ.
ചെറിയ കാലത്ത് SMC, PTA യിലൊക്കെ പ്രവർത്തിക്കാൻ അവസരമൊത്തപ്പോഴും മാഷ് വളരെ ആത്മാർഥമായാണ് ഇടപെട്ടിട്ടുള്ളത്. പുതിയ അധ്യാപകരാരെങ്കിലും വന്നാൽ  എന്നെ വിളിച്ച് കൊണ്ട് പോയി അങ്ങോട്ട് പരിചയപ്പെടുത്തുന്ന സ്റ്റൈൽ കണ്ട് ഞാൻ തന്നെ പരിസരത്ത് നിന്ന് സ്കൂട്ടായിക്കളയും.
മാഷെ കുറിച്ച് ഇനിയും  ഒരുപാട് എനിക്ക് പറയാനുണ്ട്.  ലേഖന ദൈർഘ്യം വായനാസുഖം നൽകില്ലെന്ന ഭയം മൂലം കൂടുതൽ അങ്ങോട്ടേക്കില്ല.
**********************
ലക്ഷ്മണൻ മാഷ് നമ്മുടെ സ്കൂളിൽ നിന്നും,  സർവ്വീസിൽ നിന്നും,  ഈ മാർച്ചോടെ വിരമിക്കുകയാണ്.
2007 ഒരു സെപ്തമ്പറിലാണ് പട്ല സ്കൂളിൽ അദ്ദേഹം ജോയിൻ ചെയ്യുന്നത്. നീണ്ട 12 വർഷം ! ആലമ്പാടി സ്കൂളിൽ ഒരു വർഷത്തിലധികം PET മാഷായി സേവനം ചെയ്തിട്ടാണ് അദ്ദേഹം ഇവിടെ വരുന്നത്. അതിന് മുമ്പ് 8 വർഷം പള്ളിക്കര ഗവ. സ്കൂളിൽ കായികാധ്യാപകനായിരുന്നു.
കണ്ണൂർക്കാരൻ. ആരെക്കണ്ടാലും സംസാരിച്ചു കൊണ്ടേയിരിക്കുന്ന പ്രകൃതം. ഒരാളെയും വിടില്ല.

ഒരു ദിവസം  നിർത്താതെ മാഷ്  എന്നോട് സംസാരിക്കുന്നത് കണ്ട്  ഉമ്മ ചോദിച്ചു : അതാരിറാ നിന്നെപ്പോൽത്തെന്നെ ഒന്ന്, ബിസ്യം പറ്ഞ്ഞ്പ്പറ്ഞ്ഞിറ്റ് ബിഡിയാത്തെ മൻസന്.  എന്റെ ജാള്യത കണ്ട് രസിച്ച്  ഉമ്മ കുറെ ചിരിച്ചു. ആരാണെന്ന് ഉമ്മക്കറിയാം, പക്ഷെ എന്നെ ഒന്ന് മൂപ്പിച്ച് ശുണ്ഠി പിടിപ്പിക്കണം. അതായിരുന്നു ഉമ്മാന്റെ ഉദ്ദേശം. അതിന് ശേഷം ലക്ഷ്മണൻ മാഷെ ഞങ്ങളുടെ ഭാഗത്ത് എപ്പോൾ കണ്ടാലും, ഞാനകത്തേക്കോടിപ്പോയി  ഉമ്മാനെ വിളിച്ചു കൊണ്ട് വന്ന് മാഷെ ചൂണ്ടി  പറയും -  ഉമ്മാ, അതാരിന്നറിയോമ്മാ, അതെന്നെ എന്നെപ്പോൽത്തെ ഒന്ന്.

ജനിച്ചത് കുഞ്ഞിമംഗലത്ത്. മങ്ങലം കയിയ്യത് സജിനിയെ. ആദർശും ആർദ്രയും മക്കൾ. 1988 മുതൽ മാഷ് സർവ്വീസിലുണ്ട്. ഒരു വട്ടം സംസ്ഥാന സ്കൂൾ ഫുട്ബോൾ ടീം മാനേജർ പദവി അലങ്കരിച്ചിട്ടുണ്ട്. ഫുട്ബോൾ, വോളിബോൾ റഫറി കൂടിയാണ് മാഷ്.

ജോലിയെ സേവനം പോലെ കണ്ട വ്യക്തിയാണ് ലക്ഷ്മണൻ മാഷ്. ആത്മാർഥയ്ക്ക് തീപിടിപ്പിച്ച മനുഷ്യൻ.  സ്കൂളിൽ ലോങ്ങ് ബെല്ലടിച്ച ശേഷവും ഗ്രൗണ്ടിൽ അദ്ദേഹം പക്ഷെ,   വിസിലൂതി ഓടുന്നുണ്ടാകും.  നമ്മുടെ സ്കൂൾ കായികരംഗം സജിവമാക്കി നിർത്താൻ  അശ്രാന്തം പരിശ്രമിച്ച വ്യക്തിത്വം. 
പട്ലയിൽ ഫുട്ബോളിന് ജീവൻ പുതു ജിവൻ നൽകിയ ചുരുക്കം പേരിൽ ഒരാൾ ലക്ഷ്മണൻ മാഷായിരിക്കും.  പട്ലയുടെ കായികാഭിമാന കൂട്ടായ്മയായ യുനൈറ്റഡ് പട്ലയുടെ പിന്നിട്ട നാൾവഴിക്കും   വാരിക്കൂട്ടിയ വിജയങ്ങൾക്കും പിന്നിൽ അദ്ദേഹത്തിന്റെ കൂടി പ്രയത്നം  ഉണ്ടെന്ന് ഞാൻ കരുതുന്നു. 
**********************
ഇക്കഴിഞ്ഞ ഫെബ്രവരി 10. ഞങ്ങളുടെ സ്നേഹനിധിയായ ഉമ്മ  പോയ്പ്പോയ നാൾ. മുറികൾ മുഴുവൻ   തേങ്ങലുകൾ മാത്രം.  രാത്രി ഏറെ വൈകിക്കാണണം.  റിംഗ് ചെയ്ത് കൊണ്ടിരുന്ന എന്റെ മൊബൈലുമായി  മകൻ റൈഹാൻ ഓടി  വന്നു. അങ്ങേത്തലക്കൽ ലക്ഷ്മണൻ മാഷ്. ഉമ്മയുടെ വിയോഗമറിഞ്ഞ് സാന്ത്വനിപ്പിക്കാൻ വിളിച്ചതാണ്, പിറ്റെന്നാൾ  വിട്ടിൽ വന്ന്  കാണുമെന്നും.  (ഇങ്ങനെ ഓരോരുത്തർക്കും എന്തെങ്കിലുമൊന്ന് മാഷെ കുറിച്ച് പറയാനുണ്ടാകും )
**********************
അപ്പോൾ മാഷ് കണ്ണൂരിലേക്ക് മടങ്ങുമല്ലേ ? മിനിഞ്ഞാന്ന് വിളിച്ചപ്പോൾ ഞാനൽപം സങ്കടത്തോടെ ചോദിച്ചു.
"ഏയ്, ഏഡ്യേയും പോന്നില്ല, ഞാന് ഈഡെന്നിണ്ട്ന്ന്.. " മാഷിന്റെ മറുപടി. ഇവിടെയോ? അതെവിടെ ? ഞാനങ്ങോട്ട് കൗതുകത്തോടെ ചോദിച്ചു.
" അപ്പോ നിങ്ങള് അറില്ല്യ, പുളിക്കൂറാപ്പാ, അവടെ വീടും പറമ്പെല്ലോ,  ഞാന് മേഡ്ച്ചിനി ..." അതെ, ലക്ഷ്മണൻ മാഷ് പട്ല സ്കൂൾ വിട്ടാലും, ഒരു വിളിക്കുത്തരം ലഭിക്കുമാറ് തൊട്ടയൽ മൊഹല്ലയിൽ, കയ്യാപ്പുറം തന്നെയുണ്ട്, പുളിക്കൂറിൽ. അത് തന്നെയാണ് നമ്മുടെ ആശ്വാസവും, സന്തോഷവും, 

നന്മകൾ സാർ, ഒരു പാട് വർഷം സൗഖ്യത്തിലും ക്ഷേമത്തിലും  കുടുംബ സമേതം ജീവിക്കുവാൻ  താങ്കളെ ജഗദ്വീശ്വരൻ അനുഗ്രഹിക്കട്ടെ.  മംഗളങ്ങൾ ! ▪

Tuesday 5 March 2019

പുറപ്പെടൽ ഒരു വിഷയമാണ് തീവണ്ടിയാത്രക്കാർക്ക് പ്രത്യേകിച്ചും / A M P .

*പുറപ്പെടൽ ഒരു വിഷയമാണ്*
*തീവണ്ടിയാത്രക്കാർക്ക് പ്രത്യേകിച്ചും*
.........................
അസ്ലം മാവിലെ
.........................
,http://www.kasargodvartha.com/2019/03/train-schedule-changed-from-bengaluru.html?m=1

വടക്കൻ കേരളത്തെ സംബന്ധിച്ചിടത്തോളം ബെംഗളുരു മറ്റൊരു പോറ്റുനാടാണ്.  ശരിക്കും കണ്ണൂർ, തലശ്ശേരി, വടകരക്കാരുടെ ഒരു കളിയാണ് ഇവിടെ. ഇതറിയണമെങ്കിൽ Just ഒന്ന് ട്രെയിൻ യാത്ര ഷെഡ്യൂൾ നോക്കിയാൽ മതി. വൈകുന്നേരത്തോടെ രണ്ട് വണ്ടികൾ കണ്ണൂരിൽ നിന്ന് പുറപ്പെടും ഒന്ന് ഷൊർണ്ണൂർ വഴി തമിഴ്നാട് കടന്ന് യശ്വന്തപുരയിൽ എത്തും. മറ്റൊന്ന് കാസർകോട് വഴി മാഗലാപുരത്തെത്തി അവിടെ നിന്ന് രണ്ട് മണിക്കൂർ 'ഉറക്കച്ചടവ് മാറ്റി '  യശ്വന്ത്പുരയെത്തും, ചിലപ്പോൾ മൈസൂർ മഴി ബംഗ്ലൂർ സെൻട്രലിലും. ദിവസവും ഈ വണ്ടികൾ ഉണ്ട്.

കണ്ണൂർ ഭാഗത്തേക്ക് തിരിച്ചു പോകുന്നവർ അധികവും യശ്വന്തപുരത്ത് നിന്നാണ് രാത്രി വണ്ടി കയറുക. സൗകര്യവുമതാണ്. എല്ലായിടത്തു നിന്നും എത്തിപ്പെടാൻ പറ്റിയ കേന്ദ്രം. സാമാന്യം വലിയ സ്റ്റേഷനാണ്. ഷൊർണ്ണൂരിൽ എത്തിയ Feel ഉണ്ടാകും. അതിലും വലിയ തിരക്കും, ആളും ബാളും.

ഫെബ്രവരി പകുതി കഴിഞ്ഞപ്പോൾ കണ്ണൂർ വണ്ടി യശ്വന്തപുരത്ത് നിന്ന് പുറപ്പെടുന്നത് നിർത്തിക്കളഞ്ഞു. പകരം, ബാനസവാടിയിൽ നിന്നാക്കി യാത്രാ തുടക്കം. കേരളത്തിലേക്കുള്ള മറ്റു ദീർഘ ദൂര യാത്രാ വണ്ടികൾ ഇവിടന്നാണ്  പുറപ്പെടുന്നതെന്നും യശ്വന്തപുരത്ത് സൗകര്യമിത്തിരി കുറവെന്നൊക്കെയായിരുന്നു റെയിൽവേ ഞായം.

കാക്കത്തൊള്ളായിരം മലയാളി സംഘടനകൾ ഉണ്ട് ബെംഗളുരുവിൽ. അവർ ഇക്കാര്യത്തിൽ ഒന്നിച്ചു കൂടി കുറെ പ്രതിഷേധങ്ങളൊക്കെ നടത്തി. സിറ്റി സ്റ്റേഷനിൽ കുത്തിയിരുന്നു. നിവേദനം കൊടുത്തു. എന്തായി ? ഒന്നും നടന്നില്ല. പകരം,  റെയിൽവേ ചെയ്തത് അതിലും വലിയ പണിയായിപ്പോയി. വണ്ടി നിർത്തിയിടാനും പുറപ്പെടാനും സൗകര്യമില്ലെന്ന് പറഞ്ഞ റെയിൽവേ അധികൃതർ മൂന്ന് വണ്ടികളാണ്  യശ്വന്തപുരത്ത് നിന്ന് തുടങ്ങിയത്. യശ്വന്തപുര - മംഗലാപുരം,  യശ്വന്തപുര - ശിവമൊഗ്ഗ,  യശ്വന്തപുര - ഹസ്രത്ത് നിസാമുദ്ദിൻ. അതിലും രസം ബാനസവാടിയിൽ നിന്ന് പുറപ്പെടുന്ന വണ്ടി വെള്ളം നിറക്കുന്നത് യശ്വന്തപുരയിൽ വന്നുമാണ്.

ഇപ്പോൾ വണ്ടി പുറപ്പെടുന്ന സമയം ഇത്ര മണിക്കെന്ന് പ്രത്യേകം കണക്കൊന്നുമില്ല. സമയത്തിന് പുറപ്പെട്ടാൽ അതിലേതോ ഒരു മഹാന്റെ പ്രാർഥനയ്ക്ക് ദൈവം ഉത്തരം നൽകി എന്ന് കരുതിക്കോളണം. മിക്ക ദിവസങ്ങളും മണിക്കൂറുകളോളം  വൈകിയാണ് ഓടുന്നത്. അല്ലെങ്കിൽ തന്നെ മുക്കിയും മൂളിയുമാണ് കണ്ണൂർ വണ്ടി നീങ്ങുന്നത് തന്നെ. ഇതിപ്പോൾ കണ്ണുരെത്താൻ ഉച്ചയൊക്കെ കഴിയും.

പിന്നിൽ ബസ് ലോബിയെന്ന ആരോപണം ഉയർന്നിട്ടുണ്ട്. അത്യാവശ്യത്തിന് നാട്ടിലെത്താൻ ആളുകൾ വണ്ടിയെന്നോ ബസ്സെന്നോ നോക്കില്ലല്ലോ. സമയത്തിന് പുറപ്പെടുന്ന ഒരു വാഹനം കിട്ടണം.  പലരുടെയും  യാത്ര തീവണ്ടി മാറ്റി ബസ്സിലാക്കിത്തുടങ്ങിയിട്ടുണ്ട്.

അതേ സമയം ഒരു വണ്ടി കൂടി യശ്വന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് തുടങ്ങിയതിലുള്ള സന്തോഷത്തിലാണ് കാസർകോട്ട് ഭാഗത്തുള്ളവർ. ആട്ന്ന് മല്ലെ കീഞ്ഞിറ്റ് റോഡ് കട്ന്ന്റ്റ്, സൈഡ്ല് ബഡി പോലെ നിന്ന്റ്റാ ബഗ്ഗിറ്റാ കാസ്രോട്ട് പോന്നെ ബസ്സിന് കൈകാണിച്ചെങ്ക് മതിയല്ലോ, ബെളിബെളിക്കെന്നെ ഒന്നര്പ്പാട് ബസ്സും ണ്ട്. ▪

എല്ലാം ശരിയാകും ... / A M P

എല്ലാം ശരിയാകും ...

അതല്ല, ഇതിന് ഒരു ആയമുണ്ട്. I Mean കെണി. ആ ആയം/കെണി കിട്ടിക്കഴിഞ്ഞാൽ പിന്നെ നാട്ടിൽ പിള്ളേർ സർക്കാർ ജോലിയിൽ കയറിക്കോളും.

ഉദാ: മുമ്പ് SSLC ജയിക്കുക ഒരു പാടായിരുന്നു. വെറുതെ പേടിച്ചു കളയും. അതിന്റെ Luckണീസ് കിട്ടിയപ്പോൾ, എല്ലാം ക്ലിയറായി, ഭാഗ്യം മുമ്പേ നടന്നു. ഇപ്പോൾ എന്തൊക്കെ ഡിഗ്രിക്കാരാ നാട്ടിൽ പഠിക്കുന്നത് ? എത്രപ്പോരം ?

20 കൊല്ലം മുമ്പ് പെൺപിള്ളേർ ഡിഗ്രി പഠിക്കുന്നത് ആലോചിക്കാൻ പറ്റുമോ ? ഏടെ ? നമ്മുടെ നാട്ട്ല്. ഇപ്പഴോ ? പെൺപിള്ളേരേ ഇവിടെ പഠിക്കുന്നുള്ളൂ. അങ്ങനങ്ങനങ്ങനെ ഓരോന്ന്.

സർക്കാർ ജോലിയിൽ കേറിക്കൂട്ന്നെ ഒരു ആയമുണ്ട്. ആ ബെല്ലെ നീങ്ങാൻ / നീക്കാൻ അറിഞ്ഞാൽ നാട്ടിലെ പിള്ളേരെ പിന്നെ  പിട്ത്തം കിട്ടില്ല.

നോക്കൂ മച്ചൂ,, ഫുട്ഫോളിൽ  നമ്മുടെ പയ്യൻസ് ഇപ്പോൾ  തിരിഞ്ഞ് നോക്കിയിട്ടുണ്ടോ ? എവിടെയും ജയമല്ലേ ?

അപ്പോ, ആ ഒരു മുട്ട് ഒന്ന് തീർക്കണം, അത് തീരണം. പിന്നെ പണി മുട്ട മുട്ട പോലെ കിട്ടും, ചാറുംമൂറും കിട്ടും. അതിന്റെ പേരാണ് ആത്മവിശ്വാസം. ഇച്ഛാശക്തി, കമ്മിറ്റ്മെന്റ് - ആ വിഷയത്തിൽ. പിന്നെ പറയാനുണ്ടോ ?

ഞങ്ങളോ ഇങ്ങനെയായി. Try boys & Yongs,   ALL the best

അസ്ലം മാവിലെ

കടപ്പാട് ! പ്രാർഥനകൾ !

കടപ്പാട് !
പ്രാർഥനകൾ !

ഉമ്മാന്റെ വേർപാടിൽ പങ്ക് ചേർന്നും, വിളിച്ചും മെസ്സേജ് അയച്ചും ആസ്പത്രി സന്ദർശിച്ചും വീട്ടിൽ വന്നു ഞങ്ങളെ സമാധാനിപ്പിച്ചും ഖബറൊരുക്കുവാൻ സഹായിച്ചും  ജനാസയിൽ പങ്കെടുത്തും ഉമ്മാന്റെ മരണവിവരം മറ്റുള്ളവരിലേക്ക് എത്തിച്ചും മനമുരുകി പ്രാർഥിച്ചും ഞങ്ങളോടൊപ്പം താങ്ങായും തണലായും കരുത്തായും നിന്ന എല്ലവരോടും ഞങ്ങളുടെ കടപ്പാട് അറിയിക്കുന്നു. ഇവയ്ക്കെല്ലാം അല്ലാഹു അർഹിക്കുന്ന പ്രതിഫലം നൽകുമാറാകട്ടെ.

ഉമ്മാക്കും നമ്മിൽ നിന്നും വിട്ടുപിരിഞ്ഞ നമ്മുടെ എല്ലാവരുടെയും  മാതാപിതാക്കൾക്കും ഗഫ്ഫാറും ഗഫൂറുമായ പടച്ച തമ്പുരാൻ പൊറുത്ത് കൊടുക്കട്ടെ, ജന്നാത്തുന്നഈമിൽ  നമ്മുടെ മാതാപിതാക്കളോടൊപ്പം നാമെല്ലാവരെയും ഒരുമിച്ച് കൂട്ടട്ടെ, ആമിൻ യാ റബ്ബ്

*അക്കച്ചാന്റെ മക്കൾ*

ഈ ഉദ്യമം ഒന്നരലക്ഷത്തിൽ നമുക്ക് നിർത്താം / for CP

*ഈ ഉദ്യമം*
*ഒന്നരലക്ഷത്തിൽ*
*നമുക്ക് നിർത്താം*

150,000 രൂപ എന്ന പ്രസന്റ് കളക്ഷൻ ടാർജറ്റ് പൂർത്തിയായിക്കഴിഞ്ഞാൽ  ഇക്കഴിഞ്ഞ ജനുവരി 31 മുതൽ CP ഓപൺഫോറം തുടങ്ങി വെച്ച
*കൂടൊരുക്കാൻ*
*കൂട്ടായ ശ്രമം*
എന്ന ഓൺലൈൻ ഫണ്ട് റൈസിംഗ് കാമ്പയിൻ നിർത്തുന്നതായിരിക്കും.

2 കുടുംബത്തിന് വേണ്ടി തുടങ്ങിയതാണ് ഈ സംരംഭമെങ്കിലും 4 കുടുംബങ്ങൾക്കതിന്റെ പ്രയോജനം എത്തിക്കാൻ സാധിക്കുന്ന രൂപത്തിൽ വളരെ സൂക്ഷമതയോടും അവധാനതയോടും കൂടിയാണ് അണിയറ പ്രവർത്തകർ എസ്റ്റിമേറ്റും പ്ലാനിംഗും അപ്ഡേറ്റ് ചെയ്തത്.

പ്രാർഥന കൊണ്ടും പണം കൊണ്ടും സദുദ്ദേശം കൊണ്ടും സന്മനസ്സുകൊണ്ടും ഈ സംരംഭത്തോടൊപ്പം തണലായി നിന്ന എല്ലവർക്കും അർഹിക്കുന്ന പ്രതിഫലം നൽകുമാറാകട്ടെ, ആമീൻ.

ഓർക്കുക
ഇത് വരെ എഴുതിയത് : 134,000

സ്നേഹാദരവുകളോടെ

.                          *cpg Body*

ഉമ്മ ഓർമ്മകൾ* (2) / സദ്പാഠം / അസ്ലം മാവിലെ

▪ *ഉമ്മ ഓർമ്മകൾ*  (2)

സദ്പാഠം /
*അസ്ലം മാവിലെ*

റമദാനിന്റെ പകലുകൾ. എട്ടു വയസ്സു മുതൽ പള്ളിയിൽ പോകാൻ തിടുക്കപ്പെട്ടിരുന്ന കാലം. S.അബൂബക്കർ , ബഷീർ, മമ്മിഞ്ഞി, കപ്പൽ ബക്കർ ... ഒരു കുഞ്ഞു സംഘം.

വിശന്ന വയറിൽ കുടലാവിയാകുന്നു. വായയും നന്നായി വരണ്ട് കൊണ്ടേയിരിക്കുന്നു.

അതൊരു മഴക്കാലം. കിഴക്ക് ഭാഗത്താണ് ഉമ്മറം. ആവതും ഞാൻ നോമ്പിനെ പിടിച്ചു നിർത്താൻ നോക്കി. അത്താഴം കഴിച്ചതും വയറുനിറച്ച് വെള്ളം കോരിക്കുടിച്ചതും ഓർമ്മയിലേ വരുന്നില്ല. ഇല്ല, അത്ര വിശപ്പ്. ഉമ്മയോടെങ്ങിനെ അത് പറയാൻ.

തൊട്ട് മുകളിലുള്ള കുന്നിൻ ചെരുവിൽ വിളഞ്ഞു നിൽക്കുന്ന പയറു ചെടികളിലേക്ക് ഞാനോടി. ആരുടേതാണെന്നതൊന്നും എന്റെ ആ പ്രായത്തിനോ അപ്പോഴത്തെ വിശപ്പിനോ ഒരു വിഷയമേ ആയിരുന്നില്ല. മൂന്നാല് നാൾ മുമ്പ് സീദ്ച്ച പയറ് പറിച്ച് കൊറെ കെട്ടുകളാക്കി വിൽക്കാൻ കൊണ്ട് പോകുന്നത് കണ്ടിരുന്നു.

ആദ്യത്തെ മോഷണം. അതും പരസഹസ്രം നന്മകൾ കൊണ്ടനുഗ്രഹീതമായ പൊന്നു വെള്ളിയാഴ്ച.  തയ്യാറെടുപ്പൊന്നുമില്ല. കുഞ്ഞു വയറിലെ വിശപ്പാണ് മോഷണഹേതു. ചില്ലകൾക്കിടയിൽ പതിയിരുന്ന് ഞെട്ടടർത്തി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പർപിൾ നിറം ചാർത്തിയ "കൊമ്പ്" കണ്ണടച്ച് ചവച്ചു തുടങ്ങി, ഒന്ന്, രണ്ട്, മൂന്ന് .. അത്രമതിയായിരുന്നു ആ വിശപ്പ് മാറാൻ.

അസർ നിസ്ക്കാരത്തിന് ശേഷമുള്ള അടുക്കള ഇരുത്തത്തിൽ, പത്തിരി ചുട്ടെടുക്കുന്ന ഇടവേളകളിൽ ഉമ്മ എന്നെ തലോടിക്കൊണ്ടിരുന്നു. കുറച്ച് നേരമേയുള്ളൂ ബാങ്കിന്, മോന് കുറച്ചൂടെ കാത്തിരിക്ക്... ഉമ്മ പറയുന്നത് അത്താഴത്തിന് ശേഷമുള്ള എന്റെ വരണ്ട തൊണ്ടയും ക്ഷീണിച്ച മുഖവും മനസ്സിലോർത്താണ്. 

എന്തോ, അന്നേരം കുറ്റബോധം എന്ന് പറയാമോ ? അറിയില്ല. ഉമ്മയുടെ മുഖത്ത് കുറെ നേരം ഞാൻ നോക്കി. ഉമ്മ എന്നെയും. എന്റെ കവിളിലെ, കണ്ണിലെ കുസൃതി കണ്ടാണോ എന്നറിയില്ല. "കള്ളാ, നോമ്പ് മുറിച്ചല്ലേ..."

അoപ്പാൾൾ എന്റുമ്മയ്ക്ക് മുന്നിൽ എനിക്കൊന്നും മറച്ചു വെക്കാനുണ്ടായിരുന്നില്ല, ഒന്നും. ഒരു ഈർക്കിലെടുത്ത് എന്റെ കണങ്കാലിന് കുറെ തല്ലി. ഉമ്മ കുറെ കരഞ്ഞു, ഞാനും. എനിക്കെന്നോട് തന്നെ എന്തോ വെറുപ്പ് തോന്നി.

എന്റെ കണ്ണുകൾ വീണ്ടും വീണ്ടും കലങ്ങുന്നത് കണ്ടാവാം, പിന്നെ ഉമ്മ ഒന്നും പറഞ്ഞില്ല. അടുത്തിരുത്തി തല തലോടി.  ചെറിയ കുട്ടികൾക്ക് പകുതി നോമ്പ്  മുതിർന്നവരുടെ ഒരു നോമ്പിന് തുല്യമെന്ന് ഉമ്മ എന്നെ പറഞ്ഞു സമാധാനിപ്പിച്ചു. പക്ഷെ, എനിക്കത് നോമ്പായി എണ്ണാനായില്ല.  പയറ് കട്ടു തിന്നു  പകുതിക്ക് നിർത്തി, നോമ്പായിക്കൂട്ടുന്നതെങ്ങിനെ ? 

പിറ്റെ ദിവസം രാവിലെ പുറത്ത് വാതിൽ തുറന്ന് ഉമ്മ വഴി നോക്കിക്കൊണ്ടിരിക്കുന്നു. "സീദ്ച്ചാ... " ഉമ്മ നീട്ടി വിളിച്ചു. അയാളോട് ഉമ്മ പറഞ്ഞു,  തിരിച്ചു പോകുമ്പോൾ നിങ്ങൾ കുറച്ച് കൊമ്പ് തരണം. "ഇന്നലെ ചെക്കന് അറിയാതെ നാല് കൊമ്പ് ആഡ്ന്ന് പൊട്ടിച്ചിറ്റ് തുന്നിറ്റ്ന്, അദ് കൊറ്ച്ചിറ്റ് തന്നെങ്ക് മതി". 

തൊട്ടു തലേ ദിവസം മീത്തലെ പള്ളിയിൽ വെച്ച് ഒരു കുഞ്ഞുസ്താദ് ആരാന്റെ മൊതല്, അതൊരു നെൽമണിയാണെങ്കിലും,  തിന്നരുതെന്നാശയമുള്ള ഉറുദി പറഞ്ഞത് ഞാനതേ പടി എന്റെ കുഞ്ഞ് വായിൽ വീട്ടിലെത്തി ഉമ്മയ്ക്ക് മുന്നിൽ നീട്ടിപ്പറഞ്ഞത് ശരിക്കും എന്നെയായിരുന്നില്ല സ്വാധീനിച്ചത്, ഉമ്മാനെയായിരുന്നു. ▪

ഉമ്മ ഓർമ്മകൾ* (1) / തിരിവെട്ടങ്ങൾ / അസ്ലം മാവിലെ

▪ *ഉമ്മ ഓർമ്മകൾ*  (1)

തിരിവെട്ടങ്ങൾ

*അസ്ലം മാവിലെ*

ചെറുപ്പത്തിൽ ഒരോർമ്മ. പുല്ല് മേഞ്ഞ വീടുകളാണന്നധികവും. മതിലിൽ തറപ്പിച്ച ആണിയിൽ അവസാനത്തെ ശ്വാസവും വലിച്ച് ചിമ്മിനിക്കൂട് കാലൊടിഞ്ഞ അലുമിനിയത്തകിടിൽ അനാഥയെപോലെ തൂങ്ങുന്നുണ്ടാകും. അധികം ചിമ്മിണിക്കൂടുകൾക്കും മറഗ്ലാസുണ്ടാകില്ല.

കർക്കിടകത്തിൽ തോരാത്ത കാറ്റും മഴയും. ചില്ലു ഗ്ലാസില്ല. ചാക്കാണ് ശില. ചാക്കിനിടയിൽ കടന്ന് മരക്കിളിവാതിലിൽ കൂടി അകത്ത് കയറിയ തണുത്ത കാറ്റ് ചിമ്മിനിക്കൂടിനെ ദയയില്ലാതെ  തരം കിട്ടുമ്പോഴൊക്കെ ആക്രമിക്കും. ഭയന്ന് അങ്കലാപ്പോടെ തിരിനാളം എങ്ങോട്ടോ പൊയ്പ്പോകും.

കാറ്റിൽ അതില്ലാതാകുന്നതിന് മുമ്പ് ഓടിക്കിതച്ചടുത്ത് കൂടി നമ്മുടെ കുഞ്ഞുകൈകൾ ഇരുഭാഗത്തു നിന്നും പൊത്തിപ്പിടിച്ച് തിരിവെട്ടം കെടാതാകാൻ നിസ്സഹതയോടെ ശ്രമിക്കുമ്പോൾ, പതിയെ കാറ്റിനെതിരായി തണുത്ത മറ്റൊരു കൈ വന്ന് , നിഴല് തീർത്ത്,  വെട്ടവും നമ്മുടെ ആത്മവിശ്വാസവും ചോരാതെ കാത്ത് സൂക്ഷിക്കുന്നത്  നിങ്ങൾക്കനുഭവപ്പെട്ടിട്ടുണ്ടോ ?

ഉമ്മയുടെ ആ കൈകൾ ഇപ്പഴുമെന്റെ  കൺവെട്ടത്തുള്ളത് പോലെ. നഷടപ്പെടുമെന്ന് കരുതിയ ആത്മവിശ്വാസം പല സന്ദർഭങ്ങളിലും   തിരിച്ചു കിട്ടാറുള്ളത് അദൃശ്യമായ ആ  ഉമ്മക്കൈകളാണ്. അതിന്റെ ഓർമ്മകളാണ്. ▪

സൂക്ഷമത നല്ലതാണ് / A M P

*സൂക്ഷമത നല്ലതാണ്*

Eagle - eyed എന്ന് ഇംഗ്ലീഷിൽ പറയും. ശ്രദ്ധയ്ക്കും സൂക്ഷമതയ്ക്കും അത് പറയാം.

നമുക്ക് എല്ലാവരെക്കാളും നമ്മെ കുറിച്ച് ഉറപ്പുണ്ട്, ജനിച്ച നാടിനൊപ്പമാണ് മനസ്സും ശരീരവും എന്നത്. അതൊരു ആലങ്കാരിക പറച്ചിലല്ല, അങ്ങിനെ പറയാറുമില്ല.

ചില സന്ദർഭങ്ങളിൽ മിതത്വം നല്ലതാണ്. അല്ല, വളരെ നല്ലതാണ്. ഒരാൾ ഉദ്ദേശിക്കുന്നതല്ല, അപര ഗ്രൂപ്പിൽ അത് വ്യാഖ്യാനിക്കപ്പെടുക, കുറിപ്പും കുറിമാനവും കമൻറും.

തമാശയ്ക്കായാലും യുദ്ധക്കെടുതികൾ ട്രോളാനോ നിർദ്ദോശ ഫലിതവിധേയമാക്കാനോ പോകണ്ട. അതിർത്തിയിൽ യുദ്ധക്കെടുതികൾ കൊണ്ട് അനുഭവിക്കുന്ന നിരപരാധികളായ മനുഷ്യർ നാം ലോകത്ത് എമ്പാടും കാണുന്നുണ്ട്.

ഒരു യുദ്ധമാകാതിരിക്കാൻ നമുക്ക് ആഗ്രഹിക്കാം. മീഡിയക്കാണ് യുദ്ധവെറി എന്ന് തോന്നി പോകുന്നു ദിവസം പത്രങ്ങൾ വായിക്കുമ്പോൾ.

ഇവിടെ ആൻകർമാരാരുമില്ലാത്തത് കൊണ്ട് അനാവശ്യത്തിലേക്ക് പോകാത്ത രൂപത്തിൽ ഇതിവിടെ നിർത്താം.

*എ. എം. പി.*

പട്ലക്കാരോട് മാത്രം പണി നോക്കുന്നവരോട് / A M P

*പട്ലക്കാരോട് മാത്രം*
*പണി നോക്കുന്നവരോട്*
..................
എ. എം. പി.
..................

നിൻ ക്ക് പണിയെന്ത് ? എന്തൂല്ല.
പണിക്കോന്ന്ല്ലേ? പോണോന്ന്ണ്ട്. അയിന് പണി ണ്ടങ്കല്ലേ ...
ണ്ട്റോ .. ഒരി പണി,  ണ്ട്. 

SSLC ജയിച്ച സെർട്ടിഫിക്കറ്റ് വേണം. 18 വയസ്സു ധാരാളം. കൂടുതലെങ്കിൽ അതിലും നല്ലത്.

ഞായർ അവധി. വാവിനും സംക്രാന്തിക്കും ലീവ്. ഉച്ചയ്ക്ക് ശേഷം എല്ലാ ദിവസവും ഒഴിവ്. Public Holiday യ്ക്ക് പണിയുടെ ഏരിയയ്ക്കേ പോണ്ട. ശമ്പളം 11,000 +. 
'
ഒമ്പത് മണിക്ക് വന്നാ മതി. മൂന്നാകുമ്പോൾ നിർത്താം. പണി തീർന്നാൽ അതിലും നേരത്തെ പോകാം. ഉച്ചയ്ക്ക് ശേഷം മറ്റു ഏർപ്പാടും ചെയ്യാം. നോ ഒബ്ജക്ഷൻ.

കളിക്ക് കളി, കല്യാണത്തിന് കല്യാണം. പൊരെ കുടിയും ഒഴിവാകില്ല. ഒന്നിനും മുട്ടില്ല. മുടക്ക് തീരെ ഇല്ല. ആകെ മൊത്തം സൗകര്യം.

ഒരു ചെറിയ സൈക്കിൾ വേണം. പെട്രോളിന്റെതെങ്കിൽ കുറച്ചൂടെ സുഖം. ദിവസവും നാട് കറങ്ങാം. നാട്ടാരോട് കുശലവും പറയാം.

ഒരൊഴിവ്. പട്ലയിൽ. തസ്തിക പോസ്റ്റ്മാൻ. ഉടനെ പോയാൽ പരിഗണിക്കും. പണിക്കിടയിൽ വേറെ സർക്കാർ പണിയും തപ്പാം. ഇതിലും നല്ലത് കിട്ടിയാൽ, അതിൽ കേറി പിടിക്കാം.

Contact : Patla Post Master
                or PatIa Ward Member

നമുക്ക് യുദ്ധമല്ല വേണ്ടത് / A M P

*നമുക്ക് *
*യുദ്ധമല്ല*
*വേണ്ടത്*
.......................
അസ്ലം മാവില
.......................

ഒന്നാം ലോകമഹാ യുദ്ധം തുടങ്ങിയ കാരണമറിയാം. മരിച്ചു വീണ ആളുകളുടെ എണ്ണം ഏറ്റവും വലിയ കാണാപാഠങ്ങളിലൊന്നാണ്. ഒന്നരക്കോടിയിലധികം പട്ടാളക്കാരാണ് ഒന്നാം ലോകയുദ്ധത്തിൽ മരിച്ചു വീണത്. രണ്ടാം ലോകമഹായുദ്ധവും പോയ തലമുറകണ്ടു. ആദ്യത്തേതിന്റെ എണ്ണത്തിന്റെ ഇരട്ടിയിലധികം പേർ മണ്ണോട് ചേർന്നു.

അതിന് ശേഷം അങ്ങനൊയൊരു സംയുക്ത "സംരംഭം"  പിന്നൊരിക്കലുമുണ്ടായില്ലെന്നതാണ് രണ്ടു ലോകമഹായുദ്ധങ്ങൾ നൽകിയ ആശ്വാസപത്രം. പക്ഷെ, വൻ ശക്തികൾ വെറുതെ ഇരുന്നില്ല. ഇരിക്കാൻ അവർക്കാവില്ലല്ലോ. അവർ കവടി വിട്ട് കണക്ക് പഠിച്ചുതുടങ്ങി.  ലോകശക്തികളായി വന്ന അമേരിക്കയും റഷ്യയും അവരുടെ ചാർച്ചക്കാരും  കളി മറ്റൊരു തലത്തിൽ തുടങ്ങി. യുദ്ധം നേരിട്ടല്ല, ഇടങ്കോലിട്ട് തിരശ്ശീലയ്ക്ക് പിന്നിലേക്ക് നിങ്ങി യുദ്ധങ്ങൾ തുടങ്ങി. മരിച്ച് വിഴുന്നവരിലധികവും അവരില്ല. പക്ഷെ, നിയന്ത്രണം മുഴുവൻ ലോകശക്തികളുടെ കയ്യിൽ തന്നെ.
അതിനായാദ്യം അവർ  ഒരു രാജ്യം തെരഞ്ഞെടുക്കും, അത്യാവശ്യം തെറ്റില്ലാതെ വാഴുന്ന ഒരു രാജ്യം. സമ്പത്ത് പച്ചവെച്ചു കൊണ്ടിരിക്കെ  ഇല്ലാത്ത ഒരു ദുർനടപ്പ് അവർക്ക് ഉള്ളതായി വരുത്തി തീർക്കും. ലോകമാധ്യമങ്ങൾ ആ പണി പറഞ്ഞും പറയാതെയും പരസ്യം വാങ്ങിയും ഏറ്റെടുക്കും. വൻശക്തികളുടെ നയതന്ത്രക്കൂടാരങ്ങൾ ചെയ്യേണ്ട പണി നിർത്തി,   അയൽരാജ്യങ്ങളിൽ ശങ്കവിതക്കുമാറ് സകല പെരുച്ചാഴി ഏർപ്പാടിനുമിറങ്ങും. കടമായി കാശും കടത്തിമേൽ കടമായി ആയുധവും തരം പോലെ  US - USSR - ബ്രിട്ട് - ഫ്രാൻസ് നിർമ്മിത  കിണ്ടിയും കളസവും ഗോതമ്പുമാവും ഇറക്കുമതി ചെയ്ത് സൗഹൃദ വ്യാപാര കരാറുണ്ടാക്കും. വിശ്വാസം വരുന്നതോടെ ദ്രവിച്ച് തള്ളാറായ തോക്കും ആക്രിക്ക് വെച്ച പീരങ്കിയും എണ്ണതേച്ച് കറകറ ശബ്ദം മാറ്റി ഇരട്ടി വിലയിട്ട് വിൽപനക്കരാറായി എഴുതിക്കും, കൂടെ ഇപ്പോൾ വാങ്ങേണ്ടതില്ല കാറ്റലോഗ് മറിച്ച് നോക്കാം, ആവശ്യം വന്നാൽ വേണ്ട സ്ഥലത്തു ഇറക്കിയും തരാമെന്ന ഉറപ്പും നൽകും. പറഞ്ഞുറപ്പിച്ചാൽ ആദ്യം തന്നെ കമ്മീഷൻ, ഇറക്കാനുള്ള സാഹചര്യമുണ്ടാക്കിയാൽ ആ കമ്മിഷന്റെ ഇരട്ടി, ആയുധമിറക്കുമ്പോൾ അന്നത്തെ "സ്വിസ്സിൽ " ആരുമറിയാത്ത അക്കൗണ്ടും പത്ത് തലമുറക്കുള്ള വരവും. ആരാ വീഴാത്തത് ? ആർക്കാ വേണ്ടാത്തത് ? എത്രയെത്ര ആഫ്രിക്കൻ, ഏഷ്യൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളെയങ്ങിനെ ഈ പഹയന്മാർ കുത്ത് പാള എടുപ്പിച്ചു !

രണ്ടാം ലോകമഹാ യുദ്ധത്തിന് ശേഷമുള്ള യുദ്ധങ്ങൾ വെറുതെ ഒന്ന് പരിശോധിച്ചു നോക്കൂ. ഓർമ്മക്കുറവ് അലട്ടുന്നെങ്കിൽ പത്തുമുപ്പത് കൊല്ലമിപ്പുറത്തെ യുദ്ധസ്ഥിതിവിവരക്കണക്ക്  നോക്കുകയെങ്കിലുമാകാം. നിലവിൽ നടക്കുന്നതും നടക്കാൻ പോകുന്നതുമായ യുദ്ധചിത്രവുമാകാം. എല്ലായിടത്തും നടേ പറഞ്ഞ തിരക്കഥ തന്നെ.  കഥാപാത്രങ്ങളുടെ പേരുകളിൽ മാത്രം വ്യത്യാസം കാണും.

നിങ്ങൾ യുദ്ധം വേണ്ട എന്ന്  എപ്പോഴെങ്കിലും പറഞ്ഞു നോക്കൂ -  മുദ്രകുത്തപ്പെടാൻ അഞ്ചാംപത്തിയിൽ കുറഞ്ഞൊരു വാക്കുണ്ടാകില്ല. മറുത്തൊന്ന് പറയാത്ത വിധം  നികുതി അടപ്പിച്ച് കൃഷിക്കാരനാക്കി കുറച്ച് പൈസ ബാങ്കിലിടാമെന്ന്   ഉറപ്പും നൽകി  ഭരണാധികാരികൾ നിങ്ങളെ വളരെ മുമ്പ് തന്നെ   അവരുടെ വിധേയനാക്കിക്കളയും.

യുദ്ധമരുതെന്ന് പറയേണ്ടത് അതിന്റെ സാഹചര്യം ഒരിക്കലും ഇല്ലാത്തപ്പോൾ മാത്രമല്ല, അന്യനാടുകൾ തമ്മിൽ കൊമ്പുകോർക്കുമ്പോഴും മാത്രമാല്ല,  അവനവന്റെ രാജ്യം  അയൽ രാജ്യങ്ങൾക്കെവർക്ക് സന്നാഹങ്ങൾ ഒരുക്കുമ്പോഴും നമുക്ക്  അരുത് എന്ന് പറയാൻ സാധിക്കണം. മാനവികതയും മനുഷ്യത്വവും നമ്മെ അങ്ങിനെ പറയാൻ നിർബന്ധിക്കണം. അങ്ങിനെ പറയാൻ നമുക്ക് നാക്കുവഴങ്ങുന്നില്ലെങ്കിൽ നാമാരുടെയൊക്കെയോ വിധേയനാണ്, സ്വയം ഭീരുവാണ്, മാനുഷിക മൂല്യച്യുതി നഷ്ടപ്പെട്ടവനാണ്, ഭാഗ്യം കെട്ടവനാണ്, വരും തലമുറകളുടെ ശാപവാക്കുകൾക്കർഹനാണ്.

എത്ര കഷ്ടമാണിന്നിന്റെ ലോകം ! മധ്യസ്ഥത പറയാൻ ഇന്നാരുമില്ലാതായിരിക്കുന്നു. എല്ലാവർക്കും അവനവന്റെ കാര്യം. കച്ചവട മനസ്ഥിതി. അയൽ രാജ്യം അരക്ഷിതമായാൽ അവർ നിർബന്ധിതാവസ്ഥയിൽ നിർത്തിയ കയറ്റുമതിക്കമോഡിറ്റി തങ്ങൾക്ക് അയച്ചു തുടങ്ങാമെന്ന വ്യാമോഹത്തിലായിരിക്കും. അത് വഴി വ്യാപാരം ലാഭം കൂട്ടി പൊടിപൊടിക്കാം. പഴയ കണക്കും തീർക്കാം എന്ന ചിന്ത വേറെയും.

ശ്രദ്ധിച്ചിട്ടുണ്ടോ ഇന്ത്യാ - പാക് യുദ്ധഭീതി നിലനിൽക്കുന്ന ഈ സന്ദർഭത്തിൽ,  ആത്മാർഥമായി "അരുത്, പറഞ്ഞു തീർക്കാം" എന്നാശയവുമായി മുന്നോട്ട് വന്ന ഒരു ചെറു രാഷ്ട്രമെങ്കിലും ? ഇക്കഴിഞ്ഞ 5 വർഷത്തിനിടയിൽ നമ്മുടെ ഭരണാധികാരികൾ നടത്തിയ കണക്കില്ലാത്ത റിക്കോർഡ് വിദേശ സന്ദർശനത്തിന്റെ വെളിച്ചത്തിലെങ്കിലും ആരെങ്കിലും എന്തെങ്കിലും പറയേണ്ടിയിരുന്നില്ലേ ? ഉണ്ടായോ ? ആ സന്ദർശനങ്ങൾ എന്ത് സംന്ദേശക്കൈമാറ്റമാണവിടങ്ങളിൽ ഉണ്ടാക്കിയത് ?

നെഹ്റുവും ഇന്ദിരയും ഒരുകാലത്ത് ഔന്നത്യത്തിലിരുന്ന ഏഷ്യൻ - ആഫ്രിക്കൻ സൗഹൃദ തൊട്ടിലിലാടി വളർന്ന ചേരിചേരാ പ്രസ്ഥാനമെവിടെ ? അതിൽ ഇന്ത്യയുടെ പങ്കാളിത്തമിന്നെവിടെ ? ശബ്ദമില്ലാത്തവർക്കും ശ്രദ്ധ നേടാത്തവർക്കും വേണ്ടി കെട്ടിപ്പടുത്ത ആ പ്രസ്ഥാനനേതൃത്വം നാമടക്കം  തല്ലിക്കെടുത്തിയതല്ലേ ? ഫലസ്തീന്റെ അവകാശത്തിന് വേണ്ടി അവരോടെപ്പം ശബ്ദിച്ചിരുന്ന നാമത് വിട്ട് ഇസ്രയേലിനെ കൈമെയ് മറന്നാലിംഗനം ചെയ്തതോടെ  നമുക്ക് തന്നെ ചേരിചേരാ നയത്തോട്  കൂറ് നഷ്ടപ്പെട്ടില്ലേ ?

ആരെന്തും പറയട്ടെ, കൈ വിട്ടാൽ എല്ലാവരുടെയും  കണക്കുകൂട്ടലുകൾക്കപ്പുറമാണ് നിലവിലെ യുദ്ധസാഹചര്യങ്ങൾ. ആണവായുധങ്ങൾ രണ്ടു രാജ്യങ്ങളുടെ കൈവശമുള്ളപ്പോൾ പ്രത്യേകിച്ചും. രണ്ടിലൊന്നിന് വെറുതെ തോന്നുക മാത്രമേ വേണ്ടൂ, തകിടം മൊത്തം മറിയാൻ. അത് കൊണ്ട് കാര്യം ഗൗരവതമമാണ്.
.
അവിവേകമെങ്ങാനും  നയിച്ചാൽ,  കച്ചവടക്കഴുകക്കണ്ണോടെ വന്നും പോയിക്കൊണ്ടുമിരിക്കുന്ന ആയുധം വിൽപ്പനക്കാരായ ഹിംസ്രരാജ്യങ്ങളിലെ കോട്ടുവാലകളെ കണ്ടുകണ്ടു നാം മടുക്കും, ഉറപ്പ്. വരും തലമുറകൾക്ക്  കെടാ ബാധ്യത സമ്മാനിച്ചായിരിക്കും  നാമോരോരുത്തരും അതോടെ കൺമറയുക. ആളോഹരി ജീവിത നിലവാരക്കണക്കൊക്കെ അന്നേരം പത്തായത്തിൽ കൂർക്കം വലിച്ചുറങ്ങുന്നുണ്ടാകും. ടൂറിസ വകുപ്പു ബോർഡുകൾ ആണിയിളകി വീഴാൻ പാകത്തിൽ എവിടെയും തൂങ്ങുന്നുണ്ടാകും. എല്ലാം  കഴിഞ്ഞ് എത്ര തന്നെ ചന്തമുണ്ടെന്നും ശാന്തമാണെന്നും നാം നമ്മുടെ മണ്ണിനെ കുറിച്ച് പറഞ്ഞാലും ആരുമത് വിശ്വസിക്കാനിടയുമുണ്ടാകില്ല.  എപ്പോഴെങ്കിലും ഒരാർട്ട് ഫിലിം അവാർഡ് ഫിലിമായി വരുമായിരിക്കും - ആർക്ക് ? എന്തിനത് ?

യുദ്ധവികാരം കടുപ്പിച്ച് നിർത്തി അതിന് ഹാഷ്ടാഗും സ്മൈലിയും തള്ളവിരലുയർത്തലുമായി ഒരു പറ്റം വാർപ്പ്ദേശഭക്തരെ സൃഷ്ടിച്ചെടുക്കാൻ ഭരണാധികാരികൾക്കെളുപ്പമാണ്, ഇന്ന് അതിനൊരു നെറ്റ് കണക്ഷൻ മതി. സൗജന്യമായാൽ പിന്നെ പറയാനുമില്ല. അവനവന്റെ കിടപ്പുമുറിയിൽ, ശീതളഛായയിൽ ഇതൊക്കെ ചെയ്യാനും, യുദ്ധമരുതെന്ന് പറയുന്നവനെ ദേശദ്രോഹച്ചാപ്പ കുത്തി ആർത്തട്ടഹസിക്കാനും അതിലും വളരെ  എളുപ്പമാണ്. ഇരുപതും നൂറ്റിമുപ്പതും കോടി ജനങ്ങളെയും ജീവജാലങ്ങളെയും അവിടങ്ങളിലെ ആവാസവ്യവസ്ഥയെയും ആകെ ബാധിച്ചേക്കാവുന്ന യുദ്ധാനന്തര കെടുതികൾ കാണാനും നോക്കിപ്പറയാനും ഈ വാവാ വിളികളോ ആവേശമോ അന്നുണ്ടായെന്ന് വരില്ല, ഇല്ല ഉണ്ടാകുകയേയില്ല.

സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ഒരു ജീവിത വ്യവസ്ഥിതിയും ചുറ്റുപാടുമാണ് നമുക്കുള്ളത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയാണെങ്കിൽ സമാധാനമേ  ഉരുവിട്ടിട്ടുള്ളൂ. ആ പാരമ്പര്യം നിലനിർത്താൻ നമുക്കാവട്ടെ, നമ്മുടെ ഭരണാധികൾക്കതിന് സദ്ബുദ്ധി ഉണ്ടാകട്ടെ. 

തൊട്ടയൽ രാജ്യത്തെ അഫ്ഗാനിപ്പെൺകൊടി, നോബേൽ ജേതാവ് മലാലയുടെ വാക്കുകൾ : "പ്രശ്‌നങ്ങൾക്കറുതി വരുത്താനും യുദ്ധത്തിനെതിരെ പോരാടുനുമുള്ള ഏക പോംവഴി കൂടിയാലോചനയും ഒരു മേശക്കുചുറ്റുമിരുത്തവുമാണ്. "

മോശം പദങ്ങൾ, f- bombing / A M P

*മോശം പദങ്ങൾ*
*f- bombing*

ഇത് പുതുമയുള്ളതല്ല. ചരിത്രം പരതിയാൽ എമ്പാടും കാണും. ശത്രുരാജ്യത്തെ, പ്രദേശത്തെ, വ്യക്തികളെ മോശം പദമുപയോഗിച്ച് കലിപ്പ് തീർക്കുക എന്ന ഒരു മാനസിക വിഭ്രാന്തിയാണ്, ചിലപ്പോൾ ഡിസ് ഓർഡർ ലഹരിയും. കക്കൂസിന് നാട്ടിന്റെ പേരിടുന്നത് പോലെ നാടിന് കക്കൂസിന്റെ പേരുമിട്ടു കളയും. 

വ്യക്തികൾക്ക് നാം മോശമെന്ന് കരുതുന്ന മൃഗങ്ങളുടെ പേര് ചാർത്തുക. ഇഷ്ടപ്പെടാത്ത വ്യക്തികളുടെ പേര് മൃഗങ്ങൾക്കിട്ട് വിളിക്കുക ഉദാഹരണം. അറബി ചരിത്രമറിയുന്നവർക്കറിയാം മുമ്പ് കാലത്ത് ചില തീവ്ര ശിയഈ വിഭാഗങ്ങൾ മൃഗങ്ങൾക്ക് ഖുലഫാഉറാശിദിങ്ങളുടെ  പേരുകൾ  ചാർത്തി അവയെ ക്രൂരമായി ക്രൂശിക്കുക, കല്ലെറിയുക തുടങ്ങിയ രീതിയിൽ കലിയും കലിപ്പും തീർത്തിരുന്നത്.

ഇതൊരു തരത്തിൽ വളരെ മോശപ്പെട്ട മന:ശാസ്ത്ര യുദ്ധ രീതിയാണ്. വാളെടുത്തും തോക്കെടുത്തും പോരിനിറങ്ങുന്നതിന് പകരം ഇങ്ങനെ തങ്ങൾക്കിഷ്ടമില്ലാത്തവരെ തളർത്തുക എന്നത്.

ചാതുർവർണ്യം നിലനിന്നിരുന്നപ്പോൾ താഴേക്കിടയിലുള്ള ജാതിക്കാർക്ക് നല്ല പേരിടാനോ നല്ല വാക്ക് സംസാരിക്കാനോ അവകാശമില്ലായിരുന്നു. അസുഖങ്ങളുടെയും കുലദൈവങ്ങളുടെയും പേരിട്ട് Defa me . നടത്തിപ്പോന്നു. പൊക്കൻ, മാരി തുടങ്ങിയ പേരുകൾ ഉദാഹരണങ്ങൾ.

ഇക്കഴിഞ്ഞ ദിവസം തെക്കൻ ജില്ലയിൽ നടന്ന കൊലപാതകത്തിന്റെ ഒരു ഹേതു മോശം പേരിട്ടു അഹവേളിച്ചു എന്നതാണല്ലോ. നമുക്കിഷ്ടമില്ലാത്ത അധ്യാപകരോട് കലിപ്പ് തിർക്കുന്നത് ബഞ്ചിലും മതിലിലും അവരുടെ അപരനാമം എഴുതിയായിരിക്കും. വർഷങ്ങൾക്ക് മുമ്പ് ചീര കൃഷി നടത്തി ജീവിതം മുന്നോട്ട് പോയിരുന്ന ഒരു കർഷകനെ ചീര വിളിയിൽ നിരന്തരം അവഹേളിക്കുന്ന ചിത്രം ഓർമ്മ വരുന്നു. നമ്മുടെ നാട്ടിൽ മുമ്പ് സ്ത്രീകളെ വരെ മാന്യന്മാർ വെറുതെ വിട്ടിരുന്നില്ല. തൊട്ടയൽ പ്രദേശത്തെ പേര് വിളിച്ച് ഇന്നും ചിലർ ചിലരെ വിളിച്ച് കളിയാക്കാറുണ്ട്.

നിങ്ങൾ ചെറിയ അംഗവൈകല്യമുണ്ടെങ്കിൽ അതാണ് ഒരാൾ നിങ്ങളെ പേരിട്ട് വിളിക്കാൻ ശ്രമിക്കുക. ഒരു കുറവ് മറച്ച് വെക്കാൻ പാട് പെടുന്നതിന് പകരം അത് high Light ചെയ്യുക എന്ന വളരെ മോശം ഏർപ്പാടാണിത്.  കൂട്ടു പേരിനാൽ വിളിക്കപ്പെടുന്നവരിൽ 99% പേരും അതിഷ്ടപ്പെടുന്നില്ലെന്നതാണ് ണ് നേര്. മിക്ക സ്വരച്ചേർച്ചക്കേടിന് പിന്നിലെ കാരണമന്വേഷിച്ചു നോക്കൂ, പ്രത്യേകിച്ച്‌ സ്ത്രീകൾക്കിടയിൽ, വ്യക്തിത്വത്തെ ആപാദചൂടം ബാധിച്ച ഒരു മോശം പേരിട്ടതാകാം ഒരു കാരണം. മരണം വരെ ആ കല നില നിൽക്കും.

അണ്ണൻ, മഹാപ്പിള്ള, മേലേത്തരക്കാർ, നസ്രാഈ ഇതൊക്കെ ചുരുട്ടിക്കെട്ടി അണ്ണാച്ചി, മാപ്ലാർ, മേത്തൻ, നസ്രാണി എന്നിങ്ങനെ ആക്ഷേപ തരത്തിൽ പറയുന്നതിലേക്ക് മാനസിക വൈകല്യമെത്തിക്കഴിഞ്ഞു.

F കൊണ്ട് മോശം പറയുന്നതിന് F- bombing എന്ന ശൈലി നെറ്റ് പരതിയാൽ കിട്ടും. F ബോംബിടുക എന്നാണ് പ്രയോഗം തന്നെ. (Droping f-bomb).

അസ്ലം മാവിലെ

രണ്ടും സന്തോഷം ! / A M P


രണ്ടും സന്തോഷം !
റോഡു പണി തുടങ്ങാൻ
കോൺട്രാക്ടർ നാള് നിശ്ചയിച്ചതും 
പിന്നെ, അനസിന്റെ ജോലി
സന്നദ്ധതയും

അസ്ലം മാവിലെ

ഇന്നലെ എന്റെ "കത്തിപ്രയോഗ"ത്തിന് വിധേയനായത്  ഒരു റിട്ടയേർഡ് പ്രൊഫസറാണ് -  ഡോ. രാജ സാർ. അദ്ദേഹം കടയിൽ കയറി സംസാരിച്ചു സംസാരിച്ചങ്ങനെ മുന്നോട്ട് പോയപ്പോൾ ഭംഗിയുള്ള ഇംഗ്ലിഷ് വന്ന് കൊണ്ടേയിരുന്നു! പഠിക്കാനും നമ്മുടെ Spoken English മാത്രമല്ല, ഇടപെടുന കാര്യങ്ങൾ വരെ point to point ഒരു പാട് അപ്ഡേറ്റ് ചെയ്യണമെന്ന് തോന്നാനും ആ സംസാരം കൊണ്ടായി.

തമിഴ്നാട് സ്വദേശി. കാലങ്ങളായി ബാംഗ്ലൂര് Settled ആണ്.  Management Studies ൽ ഡോക്ടറേറ്റ്. ദേശീയ അന്തർദേശീയ ജേർണലുകളിൽ ഒരു പാട്  പ്രബന്ധങ്ങൾ വന്നിട്ടുണ്ട്. എല്ലാം കെട്ടിപ്പെറുക്കി പുസ്തകമാക്കാനുള്ള ആലോചനയിലാണ് 60 + കാരനായ പ്രൊഫസർ.

ജീവിതത്തിൽ സാർ പഠിക്കാൻ വിട്ട് പോയ പാഠം ? എന്റെ കുസൃതി ചോദ്യം. ഉത്തരം വന്നു. Right decision on Right time. ദേഷ്യപ്പെടുന്ന കാര്യത്തിൽ വരെ അത് applicable ആണ് പോൽ. തുടർന്നയാൾ നീട്ടി കാച്ചി - Becoming angry  is easy for ALL but to be angry with the right person and to the right degree and at the right time and for the right purpose, and in the right way എന്നത് എല്ലാവർക്കും പറ്റാത്. ഞാൻ പിന്നെ പ്രൊഫസറോട്  വാദിക്കാൻ നിന്നില്ല,  ok ന്നും പറഞ്ഞു കൈ കഴുകി.

സാർ, അവിവാഹിതനാണല്ലേ ?
അതെങ്ങിനെ അറിഞ്ഞു - അയാൾ.
അതെന്റെ ഒരു trade Secret എന്ന് ഞാനും. തുടർന്നദ്ദേഹം  Right decision on Right time ലിങ്ക് ചെയ്ത് കുറെ വർത്തമാനം പറഞ്ഞു എന്റെ  തലതിന്നു. തുടങ്ങിയത് ഞാനായത് കൊണ്ട് കേൾക്കുകയേ നിവൃത്തി ഉണ്ടായിരുന്നുള്ളൂ.

*ശരിയായ സമയത്തുള്ള ശരിയായ തീരുമാനമാണ് അനസിന്റേത്*.  ആദ്യമായി കിട്ടുന്ന കേന്ദ്ര സർക്കാർ ഉദ്യോഗം. ഒരു പാട് സമയമുണ്ട്, ജോലി കഴിഞ്ഞ് മറ്റു വ്യവഹാരങ്ങളിൽ ഏർപ്പെടാൻ. Evening College സാധ്യത പരിസരത്തുണ്ടെങ്കിൽ തുടർപഠനത്തിന്  ഈ IDLE സമയം ഉപയോഗിക്കാവുന്നതാണ്.
ഈ ജോലിയോടൊപ്പം Bill Payment സേവനം (ഇലക്ട്രിസിറ്റി/ഫോൺ ബില്ലുകൾ) കൂടി  ഒരു *ചെറിയ ചെറിയ സെർവീസ് ചാർജ്* നിശ്ചയിച്ച്,  ചെയ്തു കൊടുക്കാമെങ്കിൽ പൊതു ഉപകാരപ്രദമായ ഒന്നായി മാറുകയും ചെയ്യും, ചെറിയ അധിക വരുമാനത്തിനവസരമൊക്കുകയും ചെയ്യും.
ഏതായാലും, നാട്ടിന്ന് തന്നെ ഒരാൾ മുൻകൈ എടുത്ത് പോസ്റ്റ്മാൻ ജോലി ചെയ്യാൻ മുന്നോട്ട് വന്നതിൽ വളരെ സന്തോഷമുണ്ട്. രണ്ടടുത്തിട ദിവസങ്ങളിൽ അനസ് എല്ലാവരിൽ നിന്നും അനുമോദനങ്ങൾ  വാരിക്കൂട്ടുകയാണല്ലോ.
നന്മകൾ അനസ് ! 
സർവ്വ ഭാവുകങ്ങളും !  

സുചിന്തിത അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വേണം/ A M P

സുചിന്തിത അഭിപ്രായങ്ങളും
നിർദ്ദേശങ്ങളും വേണം

ഈ വാർത്ത വായിച്ചു പോകുന്നതിന് പകരം പ്രസ്തുത വിഷയത്തിൽ നമ്മുടെ മനസ്സുകളിൽ പ്രസക്തമെന്ന് തോന്നുന്ന നിർദ്ദേശങ്ങൾ പരാമർശ Email വഴി അറിയിക്കാൻ ശ്രമിക്കുക. അർഹിക്കുന്ന പ്രധാന്യത്തോട് അവർ നമ്മുടെ Mail ശ്രദ്ധിക്കുമെന്ന് എന്റെ ഒരനുഭവം വെച്ച് പറയാം.

2009 ലെ ബഡ്ജറ്റ് സമ്മേളനത്തിൽ അന്നത്തെ ധനമന്ത്രി പ്രണബ് മുഖർജി ഇന്ത്യൻ കറൻസിക്ക് Emblem വേണമെന്ന ആവശ്യം മുന്നിൽ വെച്ചു. പൊതുജനങ്ങളിൽ നിന്ന് നിർദ്ദേഗം ക്ഷണിച്ചു.

ദുബായിൽ ഞങ്ങൾ മൂന്ന് പേർ ചേർന്ന് (ഒരു തമിഴ് എഞ്ചിനിയർ, ഹൈദരബാദുകാരൻ ഡ്രാഫ്റ്റ്സ്മാൻ )  ഒരു എംബ്ലം ഡിസൈൻ ചെയ്തു. അതയക്കുന്നതിന് മുമ്പ് കേന്ദ്ര ഫൈനാൻസ് വകുപ്പ് സിക്രട്ടറിക്ക് എന്റെ Gmail ID നിന്ന് മെയിൽ അയച്ചു : സാർ, ഞങ്ങൾക്കൊടു നിർദ്ദേശമുണ്ട്, അയക്കാൻ സാധിക്കുമോ ?  പ്രതികരണം ഒട്ടും  പ്രതീക്ഷിക്കാതെയാണ് അയച്ചത്. അതൊരു തമാശയായിട്ടേ ഞങ്ങൾക്കു തോന്നിയുള്ളൂ. അരമണിക്കൂർ കഴിഞ്ഞില്ല അണ്ടർ സെക്രട്ടറി  സുശീൽ കുമാർ മറുപടി - രണ്ട് കേന്ദ്ര വകുപ്പ് തല മയിൽ ID യിലേക്ക് ഞങ്ങളുടെ കൺസെപ്റ്റ് ഫോർവേർഡ് ചെയ്യാൻ. അയച്ചപ്പോൾ അതിനും നന്ദി അറിയിച്ചും അതിലെ ആശയങ്ങൾ ചോദിച്ചും മെയിലും മറുപടിയും. എന്റെ G MAIL Inbox ൽ Delete ചെയ്യാതെ കിടക്കുന്ന പത്ത് വർഷം പഴക്കമുള്ള ഏക Mail Correpondence ഇത് മാത്രമാണ്.

മുബൈ IIT  യിലെ ആർക്കിടെക്റ്റ് വിദ്യാർഥി ഒരു ഉദയകുമാറിന്റെ ദേവനഗിരി ഭാഷയിലും ഇറ്റാലിയൻ ഭാഷയിലും ചാലിച്ചെടുത്ത കൺസെപ്റ്റായിരുന്നു July 2010 ൽ ഇന്ത്യൻ രൂപയുടെ ഔദ്യോഗിക എംബ്ലമായി തെരഞ്ഞെടുത്തത്.

വിവിധ കംപ്യൂട്ടർ ഓപറേറ്റിംഗ് സിസ്റ്റമിൽ 2011 മുതൽ തന്നെ നരുടെ എംബ്ലമുണ്ട്. linux, Microsft, Apple ഏറ്റവും Latest verടion ലും നമ്മുടെ കറൻസി എംബ്ലമുണ്ട്. Unicode Tech Conmittee അംഗീകാരം നൽകി  Code :  U + 20B9. Mട ന്റെ Keyboard ൽ Alt + B 3 77 അടിച്ചാൽ കിട്ടും. MS  8 ൽ Alt Gr + 4 പ്രസ്സ് ചെയ്താലും ഇന്ത്യൻ കറൻസി ലഭ്യമാകും.

ഈ സെലക്ഷനിൽ തരികിടം നടന്നു എന്ന് പറഞ്ഞു മത്സരത്തിൽ പങ്കെടുത്ത രാകേഷ് എന്ന ഡൽഹിക്കാരൻ ഹൈക്കോടതിയിൽ കേസ്  ഫയൽ ചെയ്തതും മറ്റും  വലിയ വിവാദമായിരുന്നു അന്ന്.  പക്ഷെ ഇത്തരം സുപ്രധാന തെരഞ്ഞെടുപ്പകൾ നടക്കുമ്പോൾ ചില മാർഗനിർദ്ദേശങ്ങൾ ഉണ്ടാകണമെന്ന കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിന് വഴിവെച്ചത് ഈ കേസുകൊണ്ട് ഗുണവുമുണ്ടായി. (വെറും പിള്ളേര് കളി ആകരുതെന്നർഥം ) 

വിഷയത്തിന്റെ ആദ്യത്തിലേക്ക് വീണ്ടും - ഈ ഫോറത്തിലുള്ള ബിരുദ,  ബിരുദാനന്തര ബിരുദക്കാരും വിദ്യാർഥികളും പരീക്ഷ വിഷയത്തിൽ തങ്ങളുടെ productive ആയ നിർദേശങ്ങൾ സമർപ്പിക്കുക. Mail ID ഉണ്ടല്ലോ,  പരിഗണിക്കപ്പെടുക തന്നെ ചെയ്യും എന്ന് പറയാനാണ് ഇത്രയും വലിച്ച് നീട്ടി എഴുതിയത്.  കുറഞ്ഞത് ഇതിന്റെ ഭാഗമായെന്ന സന്തോഷമുണ്ടാകും. അംഗീകരിക്കപ്പെട്ട ചില നിർദ്ദേശങ്ങൾ നമ്മുടെ നിർദ്ദേശങ്ങളുമായി ഒത്തു വരികയും ചെയ്യും. അത് വഴി നമ്മുടെ കോൺഫിഡൻസ് ലെവൽ വർദ്ധിക്കുകയും ചെയ്യും. എങ്ങിനെയാണ് അക്കഡമിഷ്യൻസ് ആലോചന നിരതരാകുന്നതെന്ന ബോധ്യങ്ങൾക്കത് വഴിയും വെക്കും.

ഫോർവേർഡ് ചെയ്ത് കാലം കഴിക്കാനുള്ളതല്ല നമ്മുടെ *E- ജീവിതം* മുഴുവൻ എന്നും,  വല്ലപ്പോഴും നമുക്കും ചിലതൊക്കെയാകാമെന്നും നാം തന്നെ സ്വയം ബോധ്യപ്പെടുത്തുക. 

മിക്ക  ഫോർവേർഡുകളും മൈദ തേച്ച് മതിലിലൊട്ടിക്കുക എന്ന പണിയുടെ  നവ മാധ്യമ വേർഷൻനാണ്.

നന്മകൾ , ഭാവുകങ്ങൾ !

*അസ്ലം മാവിലെ*

ഈ വിശദീകരണത്തിൽ നിന്നും... / A M P

ഈ വിശദീകരണത്തിൽ നിന്നും...

ഈ വിശദീകരണത്തിൽ നിന്നും മനസ്സിലാക്കുന്നത് ഇതാണ് :
ഷെരിപുന് കണ്ടാമട്ടി പണിയുണ്ട്.
ഒന്നും അടുത്ത് തീരുന്ന ലക്ഷണമില്ല.
ഷെരിപു അല്ലാതെ വേറെ ഒരു കോൺട്രാക്ടർ ഈ പണി എടുക്കാൻ കാസർകോട്  പരിധിയിൽ ഇല്ല.
ഉണ്ടെങ്കിൽ തന്നെ ഇങ്ങനെ സകല റോഡ് പണിയും ഓടിച്ചാടി റേറ്റ് ക്വോട്ട് ചെയ്ത് പണി എടുക്കാൻ കെണി ഉള്ള വേറെ കോൺട്രാക്ടർ ജനിച്ചിട്ട്  ഇല്ല.
ഇയാൾ ഇങ്ങിനെ എല്ലായിടത്തും ഇടപെട്ട് പണി പിടിച്ചെടുക്കുന്നത് കൊണ്ട് വികസനം കൊണ്ട് വന്ന ജനപ്രതിനിധിക്ക് തന്നെ ഷെരിപു  ഒരു തലവേദനയായി മാറിയിരിക്കുകയാണ്.

ഷരിപു ഏറ്റെടുത്ത പട്ലത്തെ പണി,   തീരെ പണിയില്ലാത്ത ബാക്കി കോൺട്രാക്ടർമാർക്കോ പണി ഇത്തിരി കുറവുള്ള ഇടത്തരം  കോൺട്രാക്ടർമാർക്കോ ഏറ്റെടുത്തോ സഹകരണ സംവിധാനത്തിലോ ചെയ്യാൻ പറ്റുമോ ആവോ ?

പണ്ടാരെന്തോ പറഞ്ഞത് പോലെ, ഇദ്ദേഹം  മാറി മാറി ഓരോ വട്ടവും നമ്മുടെ ജനപ്രതിനിധിക്ക് ഒരു കുറ്റബോധപുമില്ലാതെ Date തരുന്നത് കാണുമ്പോൾ, ഗണപതി കല്യാണം ഓർമ്മ വരുന്നു.

മഴവരാൻ കാക്കുകയാണോ ? അല്ല പണിക്കാർ ഇല്ലാഞ്ഞിട്ടാണോ ? അതുമല്ല സാധന സാമഗ്രികളുടെ അഭാവമാണോ ? അതല്ല, പട്ലത്ത് ഇത്രയൊക്കെ മതി എന്ന് തോന്നിയതാണോ ?

ഉത്തരവാദപ്പെട്ട വാർഡ് മെമ്പർ വിളിക്കുമ്പോൾ ഫോൺ അറ്റന്റ് ചെയ്യാതെ അതേ മാത്രയിൽ അപരിചത നമ്പറിൽ പുള്ളിക്കാരൻ വളരെ കൂളായി ഫോൺ എടുക്കുന്നു എന്ന് കേൾക്കുമ്പോൾ തോന്നുന്ന സംശയങ്ങളാണ്.

ദുആ: ഇതാണ്. ഒന്ന് നേരെ ചൊവ്വെ ഇവിടെ പണി തീർന്നു കിട്ടിയാൽ മതി ആയിരുന്നു.

ഫണ്ട് റൈസിംഗുമായി ബന്ധപ്പെട്ട് കത്ത് / A M P


25/ 02/2019

അസ്സലാമു അലൈക്കും

ബഹു CPG ബോഡിയിലേക്ക്,

നിലവിൽ രണ്ട് വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് പിരിവ് നടക്കുകയാണല്ലോ.

119,500 രൂപ ഇത് വരെ ഓഫർ ലഭിച്ചു. കുറഞ്ഞത്160,000 ആവശ്യമാണ് ആ രണ്ട് പ്രൊജക്ടിനെന്ന് നിങ്ങളിൽ നിന്ന് തന്നെ എനിക്ക് അറിയാനും കഴിഞ്ഞു.

അഞ്ച് ദിവസം മുമ്പ് അരമന ഖാദർ പറഞ്ഞു - ആ രണ്ട് കുടുംബങ്ങൾ കൂടാതെ മൂന്നാമതൊരാൾക്ക് കൂടി ബാക്കി വന്ന പൈസ സഹായമായി നൽകാനുണ്ടെന്ന്. ഈ മൂന്ന് പേരുടെയും പേരുവിവരങ്ങൾ പലർക്കും അറിയില്ല താനും. CPG ബോഡിയിൽ അന്വേഷിച്ചു വൈകുന്നേരം Details തരാമെന്ന് കാദർ പറഞ്ഞു. ഇത് വരെ ലഭ്യമായിട്ടില്ല.

അതൊരു വിഷയം. മറ്റൊന്ന് മൂന്നാമത്തെ ആളെ സഹായിക്കുന്നത് നമുക്ക് പിന്നെ ആലോചിക്കാം. ഈ രണ്ട് പേരുടെ ടാർജറ്റ് പുർത്തിയാക്കാൻ CPG ബോഡിയിൽ എന്തെങ്കിലും ആലോചന നടക്കുന്നുണ്ടോ ? എനിക്കും എല്ലാവർക്കുമുള്ള തിരക്കു പോലെ തന്നെ "തിരക്ക്" ഒരു കാരണമാക്കി ഈ വിഷയം ആ ഫോറത്തിൽ ചർച്ചയ്ക്ക്  തന്നെ എടുത്തിട്ടില്ലേ എന്നറിയാൻ എനിക്ക് താൽപര്യമുണ്ട്.

CP ഓപൺ ഫോറത്തിൽ തരാൻ ഉദ്ദേശിക്കുന്നവരൊക്കെ എഴുതി. ഇനിയൊരു "കരിമ്പ്ചണ്ടി" പിഴിയൽ അവിടെ ഇനി നടക്കാൻ സാധ്യതയില്ല, വേണ്ട രൂപത്തിൽ വ്യക്തിപരമായി പോസ്റ്റിട്ട് വിഷയം എല്ലാവരിലും എത്തിച്ചിട്ടുണ്ടെങ്കിൽ.  ഇനി ഓപെൺ ഡോനേഷൻ എഴുതുന്നതും കാത്ത് ഈ "പ്രൊജക്ട് ലക്ഷ്യം" മുന്നോട്ട് പോകില്ല.

ഫോറത്തിൽ ഇല്ലാത്ത ഒരു പാടു പേരുണ്ട്.  അവരെ കൂടി കാണാനുള്ള തീരുമാനമടക്കം മറ്റു വഴികൾ ആലോചിച്ച് ഈ ഫണ്ട് റൈസിംഗ് ക്ലോസ് ചെയ്യണമെന്ന് ഞാൻ നിങ്ങളോട്  അഭ്യർഥിക്കുന്നു.

നന്മകൾ ! പ്രാർഥനകൾ !

നിങ്ങളുടെ സഹോദരൻ
അസ്ലം ( മാവിലെ )