Monday 8 October 2018

പൊലിമ സംഘാടനം : പാളിച്ചകൾ, പോരായ്മകൾ നേതൃത്വ അഭിപ്രായം / അസ്ലം മാവില

പൊലിമ സംഘാടനം :
പാളിച്ചകൾ, പോരായ്മകൾ
നേതൃത്വ അഭിപ്രായം 

അസ്ലം മാവില

പൊലിമയുടെ ആദരവിന് അർഹർ ഒരു പാടുണ്ട്. രണ്ട് ദിവസങ്ങളിലെ വൈവിധ്യമാർന്ന പരിപാടികളിൽ അവരൊക്കെ ആദരിക്കപ്പെടുന്നതിനും അത്ര തന്നെ പരിമിതികളുമുണ്ട്.

നാമുണ്ടാക്കിയ ഒമ്പതോളം കാറ്റഗറിയിൽ പെട്ടവരുണ്ട് ആദരവ് ലിസ്റ്റിൽ. അവരിൽ തന്നെ മുഴുവൻ ആളുകൾക്ക് പൊലിമ ആദരവ് നൽകാൻ സാധിച്ചിട്ടുമില്ല. പ്രത്യേകിച്ച് സീനിർ സിറ്റിസൺസിനും ( ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും) കർഷകർക്കും.

വരാൻ സാധിക്കാത്തവരാണ് അധികവും. അവരുടെ മക്കളെ ഏൽപ്പിക്കാമെന്ന അഭിപ്രായത്തോട് ചിലർ യോജിച്ചില്ല. അവരെ നേരിട്ട് കണ്ട് നൽകുക എന്നതാകും ഏറ്റവും നല്ല മര്യാദയെന്ന തീരുമാനത്തിലെത്തുകയും പൊലിമയിലെ മുതിർന്ന അഞ്ചെട്ട് പേർ അവരുടെ വീടു സന്ദർശിച്ച് ആദരവ് നൽകുക എന്നും സമവായമുണ്ടായി. പൊലിമപ്പിറ്റേദിവസം 25/12/2017 ന് എല്ലാവരെയും വിളിച്ച് ചേർത്തു അവലോകന യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. അതിന്റെ ഭാഗമായി ആ പ്രോസസ് നടക്കും, ഇൻശാ അല്ലാഹ് !

പൊലിമയെ കുറിച്ച് അവലോകനങ്ങൾ നടക്കണം. അതിനാരും "നോ " പറയുന്നില്ല. പട്ലയുടെ നാട്ടുത്സവത്തെ കുറിച്ച് ഇപ്പോഴല്ലാതെ പിന്നെ എപ്പോഴാണ് പറയുക ? നാട്ടുകാരുടെ മൊത്തം പ്രാതിനിധ്യം അവകാശപ്പെടാവുന്ന ഏക കൂട്ടായ്മയും കുന്നായ്മയും കൂട്ടുചേരലും പൊലിമ തന്നെ. അത്കൊണ്ട് തന്നെയാണ് മുഴുവൻ സബ് കമ്മറ്റികളുടെ വാട്സാപ്പ് ഗ്രൂപ്പുകൾ പിരിച്ച് വിട്ടപ്പോഴും പൊലിമ 1, പൊലിമ 2, പ്രോഗ്രാം & പബ്ലിസിറ്റി ഗ്രുപ്പുകൾ മാത്രം നിലനിർത്തിയതും "പൊലിമപ്പിറേറന്ന് " എന്ന ലേഖന പരമ്പരയ്ക്ക് തുടക്കമിട്ടതും. പൊലിമ നമുക്കിനിയും പറയാനും പരസ്പരം ചർച്ച ചെയ്യാനുമുണ്ട്. ( 25 ന് ചേർന്നഅവലോകന യോഗത്തിൽ എല്ലാവരും എത്തിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി)

അനുമോദനങ്ങളോടൊപ്പം നമ്മുടെ കുറവുകളും പാളിച്ചകളും ചൂണ്ടിക്കാണിക്കപ്പെടണം. പൊലിമയുടെ ഒന്നാം തിയതി മുതൽ സമാപനാഘോഷം വരെ നടന്ന വിവിധ പ്രോഗ്രാമുകളിലും സെഷനുകളിലും സ്പോർട്സ് ഗെയിംസ് ഇവന്റുകളിലും ഉണ്ടായ സംഭവ വികാസങ്ങളിലും സി.പി. നേതൃത്വവും  നിങ്ങൾ ഏൽപ്പിച്ച പൊലിമ നേതൃത്വവും സഹിഷ്ണുതയോടെ,  ഒപ്പം ഗുണകാംക്ഷയോടെ കേൾക്കാനും   പക്വതയുടെയും പ്രായോഗികതയുടെയും നിലപാടുകൾ കൈകൊള്ളാനും സാധിച്ചിരുന്നല്ലോ. അത് തന്നെ ഇവിടെയുള്ള പരാമർശ വിഷയങ്ങളിലുമുണ്ടാകും.

പൊലിമയുടെ സംഘാടനവുമായി ബന്ധപ്പെട്ട് ഒരു പാട് പേരെ ആദരിക്കുക എന്നത് തുടക്കത്തിൽ തന്നെ ചർച്ചയ്ക്ക് വന്ന വിഷയമാണ്.  പൂമുഖം തയ്യാർ ചെയ്തവർ, ഇശൽ പൊലിമ ഗായക സംഘം, ഇശൽ പൊലിമ പ്രാദേശിക നേതൃത്വങ്ങൾ, പബ്ലിസിറ്റി വിംഗുകൾ, പൊലിമയുടെ വിവിധ നേതൃത്വങ്ങൾ, സബ് കമ്മറ്റി നേതൃത്വം, കായിക നേതൃത്വങ്ങൾ, പൊലിമസദ്യയുടെ തലച്ചോറുകൾ, വിവിധ മത്സരങ്ങൾ നടത്താൻ സൗകര്യം ചെയ്തവർ, പൊലിമ യോഗങ്ങൾക്ക് ആതിഥ്യം നൽകിയവർ, പൊലിമയുമായി സഹകരിച്ച അധ്യാപകർ, പി.ടി.എ, എസ്. എം. സി. നേതൃത്വം, സ്കൂൾ മേധാവികൾ,  കാഴ്ച സംഘാടകർ , പൊലിമ സേവന പ്രവർത്തകർ, പ്രവാസികൾ, എന്തിനും ഏതിനും എല്ലാം മറന്ന് എത്തിയിരുന്ന വ്യക്തിത്വങ്ങൾ..... അങ്ങിനെയങ്ങിനെ ഒരുപാട് പേർ. പ്രായോഗിക ബുദ്ധിമുട്ടുകൾ ഉള്ളത് കൊണ്ട് അവ ഒഴിവാക്കിയതാണ്.

ആദ്യ ദിവസത്തെ പരിപാടികൾ തന്നെ അന്ന് വൈകുന്നേരത്തോടെ നിർത്തിയത് മൂലം ആ ദിവസത്തെ രാത്രിസെഷനുകളും നടന്നിട്ടില്ല. അവയിലും നേരത്തെ തീരുമാനിച്ച ചില ആദരവു ചടങ്ങുകൾ ഒഴിവാക്കേണ്ടി വന്നു. അതേ സമയം   പൊലിമ ക്ഷണം കേട്ട്  പൊലിമ മുറ്റത്ത് ഉത്സവം ആസ്വദിക്കാനും ആശംസിക്കാനും എത്തിയ,  സംഘാടകരുടെ ദൃഷ്ടിയിൽ പെട്ടവരെയും, സംഘാടകർക്ക് മറ്റുള്ളവർ ചൂണ്ടിക്കാണിച്ചവരെയും, അവർ അർഹിക്കുന്ന പരിഗണന നൽകി സ്വീകരിച്ചിട്ടുമുണ്ട്, (ആദരവ് സ്വീകർത്താവായോ ആദരവ് ദാതാവായോ)

ആത്യന്തികമായി ഇതൊരു തുടക്കപ്പെരുന്നാളാണ്.  ആരോഗ്യകരമായ ചർച്ചകളും സംവാദങ്ങളും തന്നെയാണ് പൊലിമയുടെ പൊലിവ്. കുറവുകളോടൊപ്പം അതിലെ നന്മകൾ പറയാനും എഴുതാനും നമുക്കാകട്ടെ.

പൊലിമ പൊതു സ്വത്താണ്. അതിന്റെ 2020ലെ നേതൃത്വവും ജനകീയ കൂട്ടായ്മയിൽ തെരഞ്ഞെടുക്കപ്പെടുന്നവരുമാണ്. അവർ ( എല്ലാവരും )  ഈ അഭിപ്രായങ്ങൾ സ്നേഹ ബുദ്ധ്യാ ശ്രദ്ധിക്കട്ടെ.

No comments:

Post a Comment