Monday 8 October 2018

നന്മ ചിന്ത വിജയം / അസ്ലം മാവില

നന്മ
ചിന്ത
വിജയം

അസ്ലം മാവില

"ചിന്തയിൽ നന്മയുണ്ടെങ്കിൽ, വാക്കിലും പ്രവർത്തിയിലും അത് ദൃശ്യമാകും. പ്രവർത്തിയിൽ നന്മ ഉണ്ടെങ്കിൽ വിജയം വിദൂരമല്ല "

പ്രവാസ ലോകമെന്ന വാട്സാപ്പ്ഗ്രൂപ്പിൽ  ചർച്ചയ്ക്ക് വേണ്ടി ഇന്ന് ഒരു വായനക്കാരൻ പോസ്റ്റ് ചെയ്തു.  വൈകുന്നേരം വരെ, ഈ ടെക്സ്റ്റിനെ ആധാരമാക്കി,  കൂട്ടായ്മയിലെ 250 ന് അടുത്ത വരുന്ന അംഗങ്ങളിൽ പലരും എഴുതും, പറയും.

നന്മയായിരിക്കണം ചിന്ത. പ്രഭാതം പുലരുന്നത് നല്ല ചിന്തയ്ക്ക് വഴിയൊരുക്കിയാണ്. നന്മയുള്ള ചിന്ത വാക്കുകളിൽ ഗുണകാംക്ഷയും ഉത്പന്നമതിത്വവും പ്രതിഫലിക്കും.  സദുദ്ദേശമാണതിന് ഹേതു.

യൗവ്വനം പോലെയാണ് ഓരോ ചിന്തയും. നന്മ - തിന്മകൾ എളുപ്പമതിനെ സ്വാധീനിക്കും. കടിഞ്ഞാണിടുന്നത് ഒരു കാര്യത്തിൽ മാത്രമായിരിക്കണം - അപരനെ ദ്രോഹിക്കുവാൻ തന്റെ ചിന്ത വഴിമാറുന്നെന്ന് തോന്നുമ്പോൾ, അതിന് തന്റെ നാക്കും നോക്കും വരയും വിരലും വഴിമാറുമ്പോൾ.

വായ്വിട്ട വാക്കുകൾ തിരിച്ചെടുക്കുക അസാധ്യം. അതൽപം മാറ്റിവെക്കാൻ തോന്നിയാൽ ഭീമാബദ്ധങ്ങൾ പലതും ഒഴിവാക്കാം. ഇല്ലെങ്കിൽ ന്യായീകരണങ്ങൾ പറഞ്ഞ് വശം കെടും. ആലോചിക്കാതെ പറയുന്ന, എഴുതുന്ന വാക്കുകളാണ് പലപ്പോഴും  അബദ്ധങ്ങളും അപകടങ്ങളും വരുത്തുന്നത്.

കുടുംബങ്ങളിലെ ഛിദ്രത നോക്കൂ. ആരും പ്രതീക്ഷിച്ചിരിക്കില്ല അത്രത്തോളമെത്തുമെന്ന്. ആരും കരുതില്ല, ആ കുടംബത്തിൽ അങ്ങിനെ ഉണ്ടാകുമെന്ന്. വക്ര ചിന്തയാണ് കാരണം. പക്ഷെ, അതൊന്നും സ്ഥായിയല്ല. മനസ്താപം വരുമ്പോൾ വൈകിയെന്ന് വരും, വർഷങ്ങളോളം. അപ്പോഴേക്കും നാമേറ്റു പറയേണ്ടവർ മരണപ്പെട്ടിരിക്കും, മാറാരോഗിയായി കിടക്കപ്പായയിലാരിക്കും. ആര് ആരോട് കാര്യം പറയും ? സ്വന്തം കണ്ണടയുന്നതിന് മുമ്പ് എന്റെ ദുഷ്ട ചിന്തയും അപക്വ ചെയ്തികളുമാണ് കാരണമെന്ന് ആരോടാണ്  ചൊല്ലുക ? അതിന് ഇരയായവൻ അവിടെ കേൾക്കാനുള്ള  കണ്ടീഷനല്ലെങ്കിൽ !

ഒരാസ്പത്രി കിടക്ക ഓർമ്മ വരുന്നു. ധൃതിയിൽ ഒരാൾ വന്നു. പലരെയും ചികഞ്ഞ് മാറ്റി. അവസാന നിമിഷങ്ങളെണ്ണുന്ന രോഗിയെ മാറി മാറി അയാൾ നോക്കി. ചുറ്റും പ്രാർഥനാ വചനങ്ങൾ. കൂടി നിന്നവർക്ക് ഇയാളുടെ വരവ് ഒരു മാറ്റവുമുണ്ടാക്കിയില്ല. അയാളും കൂട്ടത്തിൽ സാക്ഷ്യ വാക്യങ്ങൾ പറഞ്ഞു പുറത്തിറങ്ങി. പുറത്തെ കസേരയിൽ കൂനിക്കൂടിയിരുന്നു.  എനിക്കുറപ്പാണ് ഇയാൾ ഒരു നല്ല കാലത്ത് മരണക്കിടക്കയിലെ മനുഷ്യനെ  നന്നായി വേദനിപ്പിച്ചിട്ടുണ്ട്. ക്ഷമ പറയാനോ  തമ്മിൽ അത് വരെ നിലനിർത്തിയ ദുരഭിമാനം മിണ്ടിം പറഞ്ഞും ഇറക്കി വെക്കാനോ ആകാം വന്നത്. ബർസഖീ ലോകത്തിന്റെ ഒരുക്കങ്ങളിലേക്കുള്ള  ഒരാൾക്കപ്പോൾ ഇതൊക്കെ കേൾക്കാനും പറയാനും എവിടെ നേരം ?

പെട്ടെന്ന് വാർഡ് നമ്പർ XYZ ൽ നിന്ന് ഒരു കൂട്ടക്കരച്ചിൽ കേട്ടു - "പൊയ്പ്പോയി ". സ്വന്തത്തെ എന്തെക്കെയോ ശപിച്ച് അയാൾ ആ  കസേരയിൽ നിന്നുമെഴുന്നേറ്റ് എങ്ങോട്ടോ  നടന്നകന്നു. ചോദ്യം ബാക്കിയുണ്ടാകും അയാളുടെ മനസ്സിൽ. അത് വരെ കനപ്പിച്ചു കൂട്ടിയ ആ ഭാരമിറക്കി വെക്കാൻ ഇനി ഏത് അത്താണിക്ക് പറ്റും ?  കാലങ്ങൾക്ക് ശേഷം മഹ്ശറയുടെ പാരാവാരത്ത് അയാൾ ആരെ തപ്പി നടക്കും ?

നന്മമനസ്സിൽ മലിനഭാരങ്ങൾ ഉണ്ടാകുന്നില്ല. പ്രവൃത്തിൽ ദൃശ്യമാകുന്നതും  നന്മയുടെ ഫലങ്ങൾ മാത്രം. മുളക്കുന്നതും തളിർക്കുന്നതും പൂക്കുന്നതും കായ്ക്കുന്നതുമത് തന്നെ.  *വേദനിപ്പിച്ചവർക്ക് മാപ്പ് നൽകുന്ന മനസ്സുകൾ പാകപ്പെടുത്തുക എന്നതാണ് നന്മയുടെ ഉത്തുംഗത. ഉന്നതാവസ്ഥ*. പിന്നെ അതിന് ശേഷം വേറൊന്നൊന്നില്ല. കൊടുമുടിയുടെ ഏറ്റവും അവസാന അറ്റം. അവർക്ക് വിജയം വിദൂരമല്ല, കാലം സാക്ഷി.

No comments:

Post a Comment