Monday 8 October 2018

ഗ്രാമം മൊത്തം "കത്തട്ടെ" / A M P

ഗ്രാമം മൊത്തം
"കത്തട്ടെ" 

വെളിച്ചം ശരിക്കും വെളിച്ചമാണ്. മുമ്പൊക്കെ സ്ട്രീറ്റ് ലൈറ്റ് ഫിറ്റ് ചെയ്താൽ തൊട്ടടുത്ത ദിവസം തന്നെ ബൾബ് ഹൃദയം പൊട്ടിയും ഛിന്നി ചിതറിയും നിലത്ത് അതിദാരുണമായി മൃതിയടഞ്ഞതായി കാണാം. അത്രയ്ക്കുമെന്തോ പാപം പോലെയായിരുന്നു പാതയോരത്ത്  വെളിച്ചം കാണിക്കുന്നത് ചില സാമാന്യബുദ്ധി കുറഞ്ഞവർ  കണ്ടിരുന്നത്. പിന്നെ ആ കൂട് കുരുവിക്കും കുഞ്ഞാറ്റക്കിളിക്കും  മുട്ടയിടാനും അടയിരിക്കാനും ചെല്ലവീടായി മാറും. അവറ്റങ്ങൾ അവിടെ തന്നെ പട്ടയമെടുത്ത് പാർപ്പും തുടരും.  തൂണും ചാരി നിന്നവരെയവ വയറ്റിളക്കി ഓടിക്കും.

എല്ലാ നാട്ടിലും ബൾബ് എറിഞ്ഞുടക്കുക പതിവ് കാഴ്ചയായിരുന്നു. എത്ര കൃത്യമായിട്ടാണ് എറിയുക. അറ്റത്തുള്ള ഹോൾഡർ വരെ എറിഞ്ഞ ഏറിൽ തെറിച്ച് പോകും. പിന്നെ വഴിയാത്രക്കാരുടെ നടത്തം പതിവ് പോലെ ഇരുട്ടത്ത്, തപ്പിത്തടഞ്ഞ്,  അല്ലെങ്കിൽ മൂന്ന് കണ്ടത്തിന്റെ ടോർച്ചിന്റെ അകമ്പടിയോടെ.

ഇന്നാകെ മാറി. വെളിച്ചമില്ലാത്ത കമ്പത്തിൽ ബൾബ് തൂക്കുക എന്നത് പഞ്ചായത്ത്പണി വിട്ട്,  നാട്ടുകാരുടെ ബാധ്യത എന്ന നിലയിലേക്ക് കാര്യങ്ങളെത്തി. അതിന്റെ സ്വിച്ചോണോഫ് ഇലക്ട്രിക് പോസ്റ്റിന് മുമ്പിലുള്ള വീട്ടുകാരുടെ ദിനചര്യയായി. പകൽ ഏഴ് മണിക്ക് ശേഷം കത്തുന്ന കമ്പം, അനാഥക്കമ്പമെന്ന പേര് ചാർത്തപ്പെട്ടു.  അതോടെ പരിചരണം വളരെ ആവശ്യമായി വന്നു.  സംരക്ഷണം ശരിക്കും പൗരന്റേതായി. ചിലയിടങ്ങളിൽ സ്ട്രീറ്റ് ലൈറ്റിന്റെ പ്രഭവത്തിൽ  വീട്ടുമുറ്റത്ത് വെളിച്ചമിടേണ്ട ആവശ്യമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തി.

ഇതൊക്കെ പൊതുവെയുളള ചിത്രം. എല്ലാ ഗ്രാമങ്ങളിലും തെരുവു വിളക്കുകൾ ഇനിയും കത്തണം, ഒപ്പം പരിചരണമുണ്ടാകണം. പഞ്ചായത്തുകളിൽ നിന്നു കിട്ടുന്നത് വാങ്ങാനും സാധിക്കണം.

സർക്കാർ സ്ട്രീറ്റ് ലൈറ്റിനായി ഒരു ലൈൻ ഉഴിഞ്ഞിട്ടിട്ടുണ്ടല്ലോ. നാടു മുഴുവൻ ആ ഉദ്ദേശം സഫലമാക്കാൻ, തിരി ഇല്ലാത്തിടത്ത് ഇനിയും "തിരി" കത്തട്ടെ, നാടും രാത്രിയിൽ (വൈദ്യുത പ്രഭയാൽ )  കത്തട്ടെ .

പദ്ധതികൾ ചെറുതാണോ വലുതാണോ, തരുന്നത് സർക്കാറോ സാവുക്കാറോ ആകട്ടെ,  അത് തന്റെ വാർഡിൽ കൊണ്ട് വരാനുള്ള മജിദിന്റെ ശ്രമങ്ങളെ എനിക്ക് അഭിനന്ദിക്കാതിരിക്കാൻ വയ്യ.
Majeed, Best of luck! 

No comments:

Post a Comment