Sunday 14 October 2018

ഈ തർക്കത്തിന് ഇങ്ങനെയൊരു പരിഹാരമായല്ലോ / അസ്ലം മാവില

ഈ തർക്കത്തിന്
ഇങ്ങനെയൊരു
പരിഹാരമായല്ലോ
മയ്യത്തുകൾ ഇനി എവിടെയും
അനാദരിക്കപ്പെടാതിരിക്കട്ടെ

അസ്ലം മാവില

അങ്ങിനെഒരു തർക്കത്തിന് അറുതിയായി, ഒരിടത്തെയല്ല, എല്ലായിടത്തെയും. ഒരു മഹല്ലിലെയല്ല എല്ലാ മഹല്ലുകളിലെയും. ഇനി ആരും "മറവ് ചെയ്യാൻ സമ്മതിക്കില്ലെന്ന"  കാട്ടുനീതി നടപ്പാക്കാൻ സൈക്കിളുമെടുത്തിറങ്ങില്ലെന്ന് ഉറപ്പിക്കാം.

മരിച്ചാൽ സംസ്ക്കരിക്കുക എന്നത് മനുഷ്യ സംസ്ക്കാരത്തിന്റെ ഭാഗമാണ്. അതിന് മനുഷ്യാദികാലത്തോളം പഴക്കമുണ്ട്. ജാതി, മതം, വർഗ്ഗം, വർണ്ണക്കാർ, ഇവയൊന്നുമില്ലാത്തവർ, അതിനത്ര പരിഗണന നൽകാത്തവർ .. ഇവർക്കൊക്കെ എവിടെയും എല്ലായിടത്തും ഈ ഒരു ഏർപ്പാടുണ്ട്, മൃതദേഹത്തോട് ആദരവ് കാണിക്കുക എന്നത്.

സെമിറ്റിക് മതങ്ങളിൽ മൃതദേഹം പൊതുവെ മറവ് ചെയ്യപ്പെടാറാണ് പതിവ്, ആദി പിതാവ് ആദമിന്റെ പുത്രരിലൊരാളെ മറവ് ചെയ്യാൻ സഹോദരൻ ഖാബീൽ അന്താളിച്ചു നിൽക്കെ, ആകാശത്ത് നിന്ന് വട്ടമിട്ട് പറന്നിറങ്ങിയ രണ്ട്  കാക്കച്ചികളിൽ ഒന്നാണ് പോൽ മറവ് രീതി പഠിപ്പിച്ചത് !

ഏത് സമുദായത്തിലായാലും,  അന്ത്യകർമ്മം വളരെ ദുഃഖസാന്ദ്രമായ അന്തരീക്ഷത്തിലാണ് നടക്കുക.  ഒരു പ്രദേശത്ത് ജീവിച്ച (അതെത്ര മണിക്കൂറാകട്ടെ, ദിവസമാകട്ടെ, മാസങ്ങളോ വർഷങ്ങളോ ആകട്ടെ) മനുഷ്യനോട് സഹജീവികൾ കാണിക്കുന്ന   അന്ത്യാദരവാണ് ശരിക്കും സംസ്കാര ചടങ്ങ്. ജീവിച്ച് തീർത്ത ഒരു മനുഷ്യന്, ജീവിക്കാൻ ഇനി ബാക്കി കുറച്ച് കൂടി സമയമുള്ള മനുഷ്യർ നൽകുന്ന ഏറ്റവും ഹൃദയഭേദകമായ അവസാനത്തെ യാത്രയയപ്പ്! ഇത്തരം ചടങ്ങുകളിൽ  ആരാധനനാലയ പരിപാലകർ പൊതുവെ വളരെ സൗമ്യതയും ആർദ്രതയും കാരുണ്യമനസ്സുമാണ് കാണിക്കുക.

മുസ്ലിംകളിൽ ചിലർ ഇപ്പോൾ ഈ വിഷയത്തിൽ ബുദ്ധി പിന്നോട്ട് വച്ചാണ് നടപ്പെന്ന് തോന്നുന്നു.  എല്ലാവരുമില്ല കെട്ടോ,  വളരെ കുറച്ച് പേർ. അത്താഴം മുടക്കാനും ആളെപ്പറയിപ്പിക്കാനും ഈ കുറച്ചെണ്ണം മാത്രം മതിയല്ലോ! അതിന് കുറെ എണ്ണം എന്തിനാ ?

വിഷയം പറയാം: കാസർകോട് ജില്ലക്കുള്ളിലെ ഒരു  മഹല്ലിൽ  മൂന്നര വർഷം മുമ്പ് ഒരു പ്രശ്നം.  ആ  ജമാഅത്തിൽ പെട്ട ഒരു ഉമ്മ മരണപ്പെടുന്നു. പള്ളി വരിസംഖ്യ കണക്ക് നോക്കി കൊല്ലാംകൊല്ലം മുറക്ക് നൽകുന്ന ഒരു കുടുംബത്തിൽ പിറന്ന ഉമ്മ. പള്ളിയുടെ എല്ലാ ദൈനംദിന ഏർപ്പാടുകളിലുമാ കുടുംബമുണ്ട്. അങ്ങിനെയുള്ള വീട്ടിലെ  ആ പ്രായമായ സ്ത്രീ  മരിച്ചപ്പോൾ, ജമാഅത്തിന്റെ പള്ളിക്കാട്ടിൽ മറവ്  ചെയ്യാൻ  പരേതയുടെ കുടുബക്കാരെ പള്ളിക്കമ്മറ്റിക്കാർ സമ്മതിച്ചില്ല പോൽ !  അവരുടെ പള്ളിക്കാട്ടിൽ മറവ് ചെയ്യണമെങ്കിൽ പള്ളി ബുക്കിൽ പാസാക്കി ഒട്ടിച്ച  ആചാരങ്ങൾ ഒന്നൊഴിയാതെ മുറക്ക് ചെയ്യണമെന്ന  നിബന്ധന പാലിക്കാൻ മരിച്ച വ്യക്തിയുടെ മക്കൾ തയ്യാറല്ല എന്നത് കാരണം.

ഖബറിന്റെ നീളവും ആഴവും, മയ്യത്ത് കുളിപ്പിക്കൽ, കഫൻ പുടവയുടെ അളവും എണ്ണവും , കർപൂരം കലക്കൽ,  മയ്യത്ത് കട്ടിലിന്റെ കാലിന്റെ എണ്ണം,  ജനാസയെ അനുഗമിക്കൽ,  മയത്ത് നിസ്ക്കാരം,  മയ്യത്ത് ഖബറിൽ വെക്കുന്നത് മുതൽ, മൂന്ന് പിടി മണ്ണിടലും, മറമാടലും .... ഇതിലൊന്നും ഒരു അഭിപ്രായ വ്യത്യാസവും ആർക്കുമില്ലത്രെ.  മരണത്തോടനുബന്ധിച്ചുള്ള നൂറിൽ തൊണ്ണൂറ്റൊമ്പതാചാരനുഷ്ഠാനങ്ങളുഒന്ന് തന്നെ. എല്ലാം കഴിഞ്ഞ്, മറവൊക്കെ ചെയ്ത് പള്ളിമുക്രി അവിടെ കുത്തിയിരുന്ന് അഞ്ച് മിനുറ്റ്  തൽഖീൻ ചൊല്ലിയേ തീരുവെന്ന പള്ളിക്കമ്മറ്റി നിലപാടിനോട് മാത്രം  മരിച്ച വീട്ടുകാർക്ക് യോജിപ്പില്ല. അങ്ങിനെയെങ്കിൽ മയ്യിത്ത് പള്ളി പരിസരത്ത് കൊണ്ട് വരരുതെന്നും ജമാഅത്തിന്റെ ഖബർസ്ഥാനിൽ മറവ് ചെയ്യരുതെന്ന് പള്ളിക്കാരും ശഠിച്ചു. അങ്ങിനെ അവിടെ മറവ് ചെയ്യാനാകാതെ ഉമ്മയുടെ  മയ്യത്തും കൊണ്ട് മക്കൾ  സ്വന്തം മഹല്ല് വിട്ട് മറ്റൊരു ഖബർസ്ഥാനിൽ മറവ് ചെയ്തു.

ഇങ്ങനെ ഒരു ഇഷ്യൂ മുമ്പിലെത്തിയാൽ ഒരു സാമാന്യ ബുദ്ധിക്കാരൻ എന്തു പറയും ?അവർക്ക് തൽഖീൻ വേണ്ടെങ്കിൽ വേണ്ട, അതിലാർക്കെന്ത് ചേതം ? . വേണ്ടവർക്ക്  തൽക്കിന് ചൊല്ലാം. വേണ്ടാത്തവർക്കതൊഴിവാക്കാം. മഹല്ലുകാരിയുടെ മയ്യത്ത് ഇവിടെ തന്നെ മറവ് ചെയ്തേ തീരൂ. കഴിഞ്ഞു.

പക്ഷെ ടി- മഹല്ല് ജമാഅത്തിന്റെ ബുദ്ധി നേരെ തല തിരിച്ചാണ്  പ്രവർത്തിച്ചത്. മരിച്ചാൽ പള്ളിലിസ്റ്റിൽ പറഞ്ഞ മുയ്മൻ കാര്യങ്ങളും അന്ത്യകർമ്മങ്ങളായി ചെയ്തിരിക്കണം, അപ്പറഞ്ഞ നൂറിൽ ഏതെങ്കിലുമൊന്നിന് ''നോ " പറഞ്ഞാൽ പള്ളിടാക്സ് അടക്കുന്നയാളാണേലും വേണ്ടില്ല പള്ളിയിൽ 24 മണിക്കൂർ ഇഅതികാഫ് ഇരിക്കുന്നയാണേലും വേണ്ടില്ല,  ആ മയ്യത്ത് ഈ ഖബർസ്ഥാനിൽ വെക്കാൻ സമ്മതിക്കില്ല.

പലിശ എല്ലാ വിഭാഗത്തിനും നിഷിദ്ധമാണല്ലോ. അതിൽ "സു- മു- ജ - ത വിഭാഗത്തിന്ന് "  വെവ്വേറെ  നിയമങ്ങളോ പ്രത്യേകം അനുമതിയോ ഇളവോ ഒന്നുമില്ലല്ലോ. മദ്യമോ,  മയക്ക് മരുന്നോ,  മോഷണമോ,പിടിച്ചു പറിയോ, ദൈവനിഷേധമോ  - ഇങ്ങനെയുള്ള ഏതെങ്കിലുമൊന്നിൽ ഉൾപ്പെട്ടവൻ മരിച്ചാൽ  അയാൾ അംഗമായ പള്ളിവളപ്പിൽ ആ മയ്യത് മറവ് ചെയ്യുമോ,  ഇല്ലേ ?
ബാങ്ക് /സൊസൈറ്റി ഡയറക്ടറായ ഒരു മുസ്ലിം മരിച്ചാൽ മറവ് എവിടെ ചെയ്യും ? അതിന്റെ പ്രസിഡന്റ് തന്നെ അറ്റാക്കായാലോ ? ഒരു മഹല്ലുകാരൻ നാലാൾ കാൺകെ മരത്തിൽ തൂങ്ങി മരിച്ചാലോ ? ബോലോ സാബ്, ടിയാനെ  കഹാം ദഫൻ കറോഗി ?

പള്ളി വളപ്പിൽ അത്തരമൊരു മയിത്ത് മറവ് ചെയ്യാൻ ഐക്യകണ്ഠേന മൂളി പറയാനായി കാണുന്ന ഞൊടിന്യായമെന്താണാവോ, ആ ഞൊടിന്യായ രേഖയുടെ തൊട്ടു മുകളിലെ വരികളിൽ തൽക്കീനില്ലാതെ മറവ് ചെയ്യലിനുള്ള തെളിവും കാണുമെന്നതിന്റെ തെളിവല്ലേ പുതിയ കോടതി വിധി.  തെളിവ് കണ്ടില്ലെങ്കിൽ കോടതി നിങ്ങൾക്ക് കാണിച്ചു തരുമെന്ന് സാരം. അങ്ങിനെ ഒരു സുപ്രധാന വിധിയാണ് കഴിഞ്ഞ മാസം എല്ലാവരും കണ്ണു തുറന്ന് കാണുവാനായി കോടതിയിൽ നിന്നുണ്ടായത്.

വിവരവും വിദ്യാഭ്യസവും ഉണ്ടെന്ന് തോന്നിത്തുടങ്ങിയ മഹല്ലുകളിൽ  ഇമ്മാതിരി കരുണകെട്ട പണി ഇനി  ഉണ്ടാകരുതെന്നാണ് എന്റെ അപേക്ഷ. വല്ലവനും അങ്ങിനെയൊരു  കൊസറാക്കൊള്ളിക്കിറങ്ങിയാൽ അവരെ നിലക്ക് നിർത്താൻ അവിടെയുള്ള മതപണ്ഡിതന്മാരും കാരണവന്മാരും മുതിർന്ന പൗരന്മാരും കർശന  നിർദ്ദശം നൽകണം. ഇല്ലേൽ കേസും കൂട്ടവുമായി  ഖത്വീബും  പള്ളിക്കാരും  മാസങ്ങളോളം കോടതി പടി  കയറിയും ഇറങ്ങിയും നാളുകൾ തള്ളി നീക്കേണ്ടി വരും.

മറവ് ചെയ്യൽ സംബന്ധമായ കോടതി വിധിയുടെ കോപ്പി ( മയ്യത്ത് ഖബറടക്കം ചെയ്യുന്ന തിന് പള്ളിക്കമ്മറ്റി ഏർപ്പെടുത്തിയ  വിലക്ക് നീക്കി കൊണ്ടുള്ള വിധി)   കേരളത്തിലെ മുഴുവൻ സു- മു- ജ - ത കീഴിലുള്ള പള്ളികളിലേക്കും സമുദായ നേതൃത്വങ്ങൾ അയച്ചു കൊടുക്കണം, അതൊക്കെയാണ് അവിടെ കണ്ണാടിക്കൂട്ടിൽ ഫോർ കളറിൽ വാക്സിട്ട് സൂക്ഷിക്കേണ്ടത്, അല്ലാതെ തേങ്ങ, മാങ്ങ കണക്കോ,   മറവ് ചെയ്യാൻ പാടില്ലാത്തവരിൽ ആരൊക്കെ പെടുമെന്ന ഓഞ്ഞ ലിസ്റ്റോ അല്ല.

ഈ വിഷയത്തിൽ കോടതിയെ സമീപിച്ചവരെ പുറം തട്ടി അഭിനന്ദിക്കണം. ഇക്കാര്യത്തിൽ ഒരു തീരുമാനമായല്ലോ. വളരെ പ്രായോഗികവും നീതിപൂർവ്വകവുമായ വിധിയാണ് ഉണ്ടായത്,  അതും വളരെ നന്നായി. മൂന്നര കൊല്ലം കേസിന്റെ പിന്നാലെ പോയി നടന്നുണ്ടായ സാമ്പത്തിക ബാധ്യത പള്ളി കമ്മിറ്റിക്കാരിൽ നിന്നോ അതിന് ദുർമന്ത്രം ചൊല്ലിക്കൊടുത്തവരിൽ നിന്നോ തീർച്ചയായും വസൂലാക്കണം. എന്നാലേ പഠിക്കേണ്ടവർ പഠിക്കൂ.

ഒരു നാട്ടിൽ വലിയ വണ്ടിയുള്ളവനെയും നല്ല മീൻകറി കൂട്ടുന്നവനെയും മണക്കുന്ന കുപ്പായമിടുന്നവനെയൊന്നുമല്ല പൗരപ്രമുഖൻ എന്ന് പറയുന്നത്. നാടിന് പേരുദോഷമുണ്ടാക്കുന്ന  പ്രശ്നങ്ങൾ വരുമ്പോൾ, ശടപടാന്ന് ഇടപെട്ട് അവയ്ക്ക് മാന്യമായ പരിഹാരം കണ്ടെത്തുന്നവരെയാണ് അങ്ങിനെ വിളിക്കുക, വിളിക്കേണ്ടതും.  ( വലിയ തിരക്കായിരിക്കാം, പക്ഷെ ഇതിനൊക്കെ ഒന്നിടപെടാൻ പറ്റുന്നില്ലെങ്കിൽ പിന്നെ ഭൂമി ലോകത്ത് "പൗരപ്രമുഖർ"
ജീവിച്ചിരുന്നിട്ടെന്ത് കാര്യം. )

ഒരന്യമതസ്ഥന്റെ മൃതദേഹം കടന്നു പോകുമ്പോൾ എഴുന്നേറ്റ് നിന്ന് ആദരവിന്റെ പൂമരം തീർത്ത വിശ്രുത പ്രവാചകന്റെ മഹത്ചരിത്രം  പറയാൻ നിങ്ങൾക്കവകാശമുണ്ട്,  അവനവന്റെ മഹല്ലിലെ മയ്യത്ത്  ഇരു കൈ നീട്ടി അത്യാദരവ് കാണിക്കാനുള്ള സന്മനസ്സും സഹൃദയത്വവും നിങ്ങൾക്കുണ്ടെങ്കിൽ മാത്രം. അതില്ലെങ്കിൽ, നമുക്കിതുവരെ കാരുണ്യമതത്തെ കുറിച്ച് ഒരു ചുക്കുമറിയില്ലെന്ന് പറയേണ്ടിവരും.

No comments:

Post a Comment