Friday 28 December 2018

പ്രളയം തളർത്തിയവർക്ക് സാന്ത്വനമേകി / CP

*പ്രളയം തളർത്തിയവർക്ക് സാന്ത്വനമേകാൻ Connecting  Patla  സമാഹരിച്ച മുഴുവൻ ഫണ്ടും അർഹരിലേക്കെത്തിച്ചു*
*അൽഹംദു ലില്ലാഹ്...*

2018 ഓഗസ്ത് 26-ാം തിയ്യതിയാണ്
CP ദൗത്യസംഘം പ്രളയം ബാധിച്ച വയനാട് ആദ്യമായി സന്ദർശിച്ചത്.
പ്രളത്തിൽ പെട്ടവരെ കാണുകയും ദുരന്തത്തിൻ്റെ ആഴം മനസ്സിലാക്കുകയുമായിരുന്നു ലക്ഷ്യം.
മാനന്തവാടി താലൂക്കിലെ ദുരന്തം ഏറെ ബാധിച്ച മൂന്ന് പഞ്ചായത്തുകളിലായി പത്തോളം ഗ്രാമങ്ങളും ദുരിതാശ്വാസ കേന്ദ്രങ്ങളും സംഘം  സന്ദർശിക്കുകയുണ്ടായി.
അന്ന് തന്നെ, ദൗത്യ  സംഘത്തിന് അടിയന്തിര പ്രാധാന്യമെന്ന് ബോധ്യപ്പെട്ട ചില കാര്യങ്ങൾക്ക്
*ഒന്നാം ഘട്ടഫണ്ട്*
അനുവദിക്കുകയുണ്ടായി.

തികച്ചും അർഹരിലേക്ക് മാത്രം സഹായം എത്തണമെന്ന നിർബന്ധം  ഉള്ളത് കൊണ്ട് തന്നെ
സംഘം മുഴുവൻ തുകയും അന്ന് തന്നെ ചിലവഴിക്കാതെ
അർഹരെ കണ്ടെത്താൻ അവിടെയുള്ളവരെ ഏർപാടാക്കി തിരിച്ച് വരികയാണ് ചെയ്തത്.

*രണ്ടാം ഘട്ട സഹായം*

കട്ടിലും കിടക്കയുമില്ലാതെ വെറും മൺതറയിൽ അന്തിയുറങ്ങുന്ന വയനാട്ടേയും തെക്കൻ ജില്ലയിലേയും തെരഞ്ഞെടുത്ത100 കുടുംബങ്ങൾക്ക്  കിടക്കകൾ വാങ്ങി നൽകി.

*മൂന്നാം ഘട്ട സഹായം*

 പ്രളയത്തിൽ തകർന്ന് പോയ ഒരു കുടുംബത്തിൻ്റെ പുനരധിവാസത്തിനുള്ള സഹായമായിരുന്നു. 
ജന്മനാ കാഴ്ചയ്ക്കും കേൾവിക്കും വൈകല്യം ബാധിച്ച ഒരു പള്ളി മുഅദ്ദിൻ,
രോഗബാധിതരായ ഉമ്മയും ഭാര്യയും ഉൾക്കൊള്ളുന്ന വലിയൊരു കുടുംബത്തെ തുച്ഛമായ വേദനത്തിന് ജോലി ചെയ്ത് പോറ്റിയിരുന്ന
യൂസഫ് മൗലവി എന്ന വ്യക്തിക്ക് പ്രളയത്തിൽ ഒലിച്ച് പോയ വീടിന് പകരം സുമനസുകൾ ചേർന്ന് വാങ്ങി നൽകിയ വീടിന് നമ്മുടെ ഓഹരിയും നൽകുകയായിരുന്നു.

*നാലാം ഘട്ടസഹായം*

കഴിഞ്ഞ 10ാം തിയ്യതി വീണ്ടും CP സംഘം വയനാട് സന്ദർശിക്കുകയുണ്ടായി.
അവിടെ നിർമ്മാണ പ്രവർത്തനങ്ങൾ വലിയ തോതിൽ ആവശ്യമാണ്.
പക്ഷേ സർക്കാർ സംവിധാനങ്ങൾക്കല്ലാതെ അവ നിർവ്വഹിക്കാൻ സാധിക്കുകയില്ല.

പകരം തൊഴിലും കൃഷികളും നഷ്ടപ്പെട്ട് വലിയൊരു വിഭാഗം ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്ന കാഴ്ച്ച ദൗത്യസംഘത്തിൻ്റെ ശ്രദ്ധയിൽ പെട്ടതിൻ്റെ അടിസ്ഥാനത്തില്‍ പത്ത് കുടുംബങ്ങൾക്ക് പതിമൂന്ന്  മാസത്തേക്കുള്ള റേഷൻ നൽകാൻ സംഘം തീരുമാനിക്കുകയായിരുന്നു.

തികച്ചും അർഹരിൽ അർഹരായവർക്ക് മാത്രമാണ് സഹായം എത്തിയത് എന്ന് ഞങ്ങൾക്ക് പൂർണ്ണ വിശ്വാസം ഉണ്ട്.
നിങ്ങൾ വിശ്വസിച്ചേൽപിച്ചത് അതേരീതിയിൽ ചെലവഴിക്കാൻ കഴിഞ്ഞു എന്ന ചാരിഥാർത്ഥ്യവും ഞങ്ങൾക്കുണ്ട്.
അല്ലാഹു സ്വീകരിക്കട്ടെ.

ഈ കാരുണ്യ പ്രവർത്തനത്തിൽ സഹായിച്ച സഹകരിച്ച പ്രവർത്തിച്ച പ്രാർതഥിച്ച എല്ലാവർക്കും അല്ലാഹു തക്കതായ പ്രതിഫലം നൽകട്ടെ. ആമീന്‍

*വരവ് ചിലവുകൾ*👇🏼

ആകെ സംഭാവന ലഭിച്ചത്.  CP വാട്സപ് ഗ്രൂപ് = *357900*
ഒരു വ്യക്തി           = *50000*
Total                      = *407900*

*ചിലവ്*
ഒന്നാം ഘട്ട സഹായം= *23500*

*[*■ പനമരം. 4പേർക്ക്= 4000
■ വെണ്ണിയോട് ക്യാംപ് = 6500
■ ഒരു കുടുംബത്തിന് മിക്സി =3500
■ഒരു കുടുംബത്തിന് മേശ=1700
■ ഒരു കുടുംബത്തിന് ബെഡ്ഡ് =2500
■ ഒരു കുടുംബത്തിന് ബെഡ്ഷീറ്റ്=300
■ മൂന്ന് കുടുംബത്തിന് 5000 *]*

രണ്ടാം ഘട്ട സഹായം= *165000*
മൂന്നാം ഘട്ട സഹായം = *90000*
നാലാം ഘട്ട സഹായം = *130000*

*407900-*
*408500*
---------------------
*-600*

നനവുള്ള നന്മകളും നല്ല ശിഷ്യസമ്പത്തും ബാക്കിയാക്കി ടി സി മാധവപ്പണിക്കർ യാത്രയായി / അസ്ലം മാവിലെ

, നന്മകളും നല്ല ശിഷ്യസമ്ബത്തും ബാക്കിയാക്കി ടി സി മാധവപ്പണിക്കര്‍ യാത്രയായി
http://dhunt.in/5eYoa?s=a&ss=wsp
via Dailyhunt

ആപ്പ് ഡൗൺലോഡ് ചെയ്യുക
http://dhunt.in/DWND

നനവുള്ള നന്മകളും  നല്ല ശിഷ്യസമ്പത്തും ബാക്കിയാക്കി
ടി സി മാധവപ്പണിക്കർ യാത്രയായി

അസ്ലം മാവിലെ

ഞാൻ കാസർകോട് ഗവ. കോളേജിൽ  പ്രിഡിഗ്രിക്ക് ചേരുന്നത് 1985 ലാണ്. ഇന്ന് വിവിധ മേഖലകളിൽ അറിയപ്പെടുന്ന Dr. തമ്പാൻ മേലോത്ത് (NCAOR ലെ മുതിർന്ന ശാസ്ത്രജ്ഞൻ), Dr. അബ്ദുൽ മജീദ് (രജിസ്ട്രാർ, കോഴിക്കോട് സർവ്വകലാശാല),  മധു (സെയിൽസ് ടാക്സ് അസി. കമ്മീഷണർ ), അഹമ്മദ് കൗസർ (ആരാംകോ , സഊദി അറേബ്യ ), Dr. ഹസീന (ഡയരക്ടർ, ഫാതിമ ഹോസ്പിറ്റൽ) തുടങ്ങി  നിരവധി പേർ രക്ഷിതാക്കളൊന്നിച്ച് കോളേജിന്റെ ഒന്നാം നിലയിൽ പ്രിൻസിപ്പളിന്റെ ചേമ്പറിന് പുറത്ത് പ്രിഡിഗ്രി പ്രവേശനത്തിനായി
പകുതി അടച്ച വാതിലിന് മുന്നിൽ അകത്തേക്കുള്ള ഊഴവും കാത്ത്   നിൽപ്പുണ്ട്. എന്റെ ഊഴമെത്തിയപ്പോൾ ഉപ്പയുടെ കൂടെ ഞാൻ അകത്ത് കയറി.

ഒത്ത നടുവിൽ ചെറിയ ഒരു മനുഷ്യൻ ഇരിക്കുന്നു. പേര്ഫലകം തൊട്ടു മുന്നിൽ. ചുറ്റുഭാഗത്തും സഹ അധ്യാപകർ. അദ്ദേഹം ഗൗരവം കുറക്കാതെ ഞങ്ങളോട് ഇരിക്കാൻ പറഞ്ഞു. ഒന്നോ രണ്ടോ വാചകങ്ങളിൽ സംസാരമൊതുക്കി, പതുക്കെ, പയ്യെ, Husky ശബ്ദത്തിൽ. ആ വാചകങ്ങളിൽ പ്രൊഫ. ടി. സി. മാധവപ്പണിക്കർ സാർ എല്ലാമുണ്ടായിരുന്നു.

ഇന്റർവ്യൂ കഴിഞ്ഞു,  ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ, എതിരെ വന്ന പരിചയക്കാരനായ ഒരു സീനിയർ വിദ്യാർഥി പറഞ്ഞു - ഈ കോളേജിൽ ആരെ പേടിച്ചില്ലെങ്കിലും ആ കുറുതായ മനുഷ്യനെ കണ്ടില്ലേ, അദ്ദേഹത്തെ പേടിച്ചേ മതിയാകൂ. അച്ചടക്കത്തിൽ അച്ചട്ട്, ഉത്തരവാദിത്വത്തിൽ കൃത്യനിഷ്ഠത, ചെയ്യുന്ന ജോലിയിൽ ആത്മാർഥത. TCM അതായിരുന്നു.

ഒരറ്റം മുതൽ മറ്റേ അറ്റം വരെ നീണ്ടു കിടക്കുന്ന കാസർകോട് ഗവ. കോളേജ് സമുച്ചയം ടി.സി. എമ്മിന്റെ "റൗണ്ട്സി"ന് പാകത്തിൽ രൂപകൽപ്പന ചെയ്തതാണോ എന്ന് ഞങ്ങൾ വിദ്യാർഥികൾക്ക് പലപ്പോഴും തോന്നിപ്പോയിട്ടുണ്ട്.  ഭാഷാ ഡിപാർട്മെൻറുകൾ ഒരറ്റത്ത്, മറ്റെ അറ്റം സയൻസ് ഡിപാർട്മെൻറുകൾ. ഒരു തലക്കുനിന്നു അദ്ദേഹം നോക്കിയാൽ മറ്റേ തല വരെ കാണാം. ഒരുറപ്പുമില്ല,  എവിടെയും എപ്പഴുമദ്ദേഹം പ്രത്യക്ഷപ്പെടാം. ഒരു മതിലു മറയായി ഏത് നിമിഷവും ആ പ്രിൻസിപ്പളുണ്ട്.  അസമയത്ത് (ക്ലാസ് ടൈം) അദ്ദേഹത്തിന്റെ മുമ്പിൽ ആരെങ്കിലും പെട്ടാൽ  അതോടെ തീർന്നു !

പണിക്കർ സാർ എടുക്കുന്ന തീരുമാനങ്ങൾ ബോൾഡായിരിക്കും. നൂറുവട്ടം ആലോചിച്ച്.  തന്റെ മനസാക്ഷിയോട് പൊരുത്തപ്പെടുന്നത്. തനിക്ക് ശരിയെന്ന് തോന്നുന്നത്. നേരിനോട് ഒത്തുപോകുന്നത്.  ഒരു സംഭവം ഓർക്കുന്നു - ഞാനന്ന് ബിരുദ വിദ്യാർഥി. അച്ചടക്ക ലംഘനത്തിന്റെ പേരിൽ  പ്രിൻസിപ്പൾ  ഏതാനും വിദ്യാർഥികളെ കോളേജിൽ നിന്നും പുറത്താക്കുന്നു. അത്രമാത്രം ഗുരുതമമായ കുറ്റം. ഒരു അനുകമ്പയുമില്ല, പുകഞ്ഞ കൊള്ളിയദ്ദേഹം പുറത്തേക്കിടുക തന്നെ ചെയ്തു.

പിന്നെ നടന്നത് അനിശ്ചിത കാല വിദ്യാർഥി സമരം. ഒരു മാസത്തോളമത് നീണ്ടു പോയി. യൂനിവേഴ്സിറ്റിയിൽ നിന്നിടപെടലുണ്ടായി. അവസാനം ഒത്തുതീർപ്പിനിരുന്നു. പ്രിൻസിപ്പാൾ അണുകിട പിന്നോട്ടില്ല. കാരണങ്ങളും അത്രതോളം സിവിയർ തന്നെ. പുതിയ തീരുമാനമില്ലാതെ പിരിയേണ്ടി വന്നു.
ആയിരക്കണക്കിന് വിദ്യാർഥികൾ എന്നും രാവിലെ വരുന്നു, ആദ്യ മണിക്കൂറിൽ തന്നെ  നീണ്ട ബെല്ലടി കേട്ടു പുറത്തേക്കിറങ്ങുന്നു. അവസാനം ഉന്നത തലത്തിൽ ഇടപെടൽ നടന്നതായി കേട്ടു, പുറത്താക്കപ്പെട്ട കുട്ടികളതോടെ ക്ലാസ്സിൽ തിരിച്ചെത്തി. പക്ഷെ, പണിക്കർ സാർ തന്റെ ശരിയുടെ നിലപാടിനോട് ഒരു തരത്തിലുമുള്ള കോംപ്രമയിസിനും തലയാട്ടാതെ ആ കസേര വിട്ടിറങ്ങി, തിരിഞ്ഞുനോക്കാതെ കോളേജിന്റെ പടികടന്നു പൊയ്ക്കളഞ്ഞു ! കാസർകോട് കോളേജിന്റെ എക്കാലത്തെയും മികച്ച അമരക്കാരനെയാണ് അതോടെ ഞങ്ങൾക്ക് നഷ്ടമായത്. കുറെ കഴിഞ്ഞ് ഞങ്ങൾ പത്രത്തിൽ വായിച്ചത് പ്രൊഫ. മാധവപ്പണിക്കർ സാർ കൊളിജിയേറ്റ് എഡ്യുക്കേഷൻ ഡെപ്യൂട്ടി ഡയരക്ടറായി അവരോധിതനായിട്ടാണ്.

കാസർകോട് ഗവ. കോളേജിൽ ജിയോളജി ഡിപാർട്മെന്റിന്റെ പേരും പ്രശസ്തിയും ഉണ്ടാക്കി എടുക്കുന്നതിൽ പണിക്കർ സാറിന്റെ കോൺട്രിബ്യൂഷൻ വളരെ വലുതാണ്. എനിക്ക് തെറ്റുപറ്റിയിട്ടില്ലെങ്കിൽ 1957 മുതൽ അദ്ദേഹം അധ്യാപനരംഗത്തുണ്ട് - തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജിൽ. 1962-63 ലാണല്ലോ മലബാറിൽ തന്നെ ആദ്യമായി ജിയോളജി വിഭാഗം കാസർകോടിന് ലഭിക്കുന്നത്. പിന്നീടീ മാഹിക്കാരൻ കാസർകോടിന്റെ സ്വന്തം പ്രൊഫസറായി.

പട്ല GHSS പൂർവ്വ വിദ്യാർഥി വാർഷികാഘോഷത്തിന്റെ ഭാഗമായി അദ്ദേഹം ഞാൻ പഠിച്ച സ്കൂൾ മുറ്റത്തെത്തിയതുമോർക്കുന്നു.

ഒൗദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച ശേഷം അദ്ദേഹം കാസർകോടിന്റെ സാമൂഹിക- സാംസ്കാരിക മേഖലകളിൽ സജീവമായി നിലകൊണ്ടു.  മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ നീതിയുടെ ആൾരൂപമായി.

ജീവിതത്തിൽ താങ്ങായിരുന്ന പ്രിയ പത്നി(കാസർകോടിന്റെ പ്രിയപെട്ട മാലതി ഡോക്ടർ ) യുടെ വിയോഗം അദ്ദേഹത്തെ വല്ലാതെ തളർത്തിയത് പോലെ തോന്നിയിട്ടുണ്ട് . എങ്കിലും ശിഷ്ട ജിവിതം സേവന പ്രവർത്തനങ്ങളിൽ മുഴുകി. കാസർകോട് പീപ്പിൾസ് ഫോറം, ബയോസ്ഫിയർ കാസർകോട്,  എനർജി കൺസർവേഷൻ സൊസൈറ്റി തുടങ്ങിയ കൂട്ടായ്മകളിൽ നേതൃപരമായ പങ്ക് വഹിച്ചു.   കാസർകോട് ഗവ. കോളേജിൽ ഭൗമ ശാസ്ത്ര വിഭാഗത്തിന്റെ കീഴിൽ പ്രൊഫ. T C മാധവപ്പണിക്കർ എൻഡോവ്മെൻറ് പ്രഭാഷണവും അവാർഡും ഇപ്പഴും നടക്കുന്നുവെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

നിരവധി ശിഷ്യസമ്പത്തിന്റെ ഉടമ. ചീഫ് സെക്രട്ടറിയായി വിരമിച്ച ഡോ. വിജയനുണ്ണി IAS മുതൽ ഉത്തര മലയാള കവി ദിവാകരൻ വിഷ്ണുമംഗലമടക്കം ആ ശിഷ്യഗണത്തിലുണ്ട്. ഒരു പക്ഷെ കാസർക്കോട് ഗവ. കോളേജിൽ നിന്നും ഉന്നത ഉദ്യോഗത്തിലും സ്ഥാനത്തുമെത്തിയവരിൽ ബഹു ഭൂരിപക്ഷവും മാധവപ്പണിക്കരുടെ വിദ്യാർഥികളായിരിക്കണം. ജി. എസ്. ഐ , ഒ. എൻ.ജി.സി, ഐ. എസ്. ആർ. ഓ, സി. ഇ. എസ്. എസ്, സി. ജി. ഡബ്ല്യു. ബി., എൻ. ഐ. ഓ , എൻ.സി.എ.ഓ. ആർ, സി.ഡബ്ല്യു.ആർ. ഡി. ഡബ്ല്യു, കെ.സി. എസ്. ടി. ഇ , എൻ. ഐ. എച്ച് അടക്കം നിരവധി കേന്ദ്ര- സംസ്ഥാന വകുപ്പുകളിൽ ഉന്നത സ്ഥാനങ്ങളിൽ അവരിന്നുമുണ്ട്.

മികച്ച അക്കഡമിഷ്യൻ എന്നതിലുപരി നല്ലൊരു സോഷ്യൽ ആക്റ്റീവിസ്റ്റിനെയാണ് TC മാധവപ്പണിക്കർ സാറിന്റെ വിയോഗത്തോടെ ഉത്തര കേരളത്തിന്  നഷ്ടപ്പെട്ടത്.

മക്കൾ:  അസ്ഥിരോഗ വിദഗ്ദ്ധൻ ഡോ. പ്രസാദ്, അമേരിക്കയിൽ എഞ്ചിനിയറായി സേവനം ചെയ്യുന്ന രാധിക. അവരുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു. ആദരാഞ്ജലികൾ ! അശ്രുപൂക്കൾ !

Wednesday 19 December 2018

*പരിശ്രമങ്ങളാവശ്യം* *ഒരു ഇടിനാദത്തിൽ* *മടലിന്നടിയിൽ* *കൂണ് മുളക്കുന്ന* *ലാഘവമല്ലിത്* (7-ാം ഭാഗം ) / അസ്ലം മാവിലെ

*പരിശ്രമങ്ങളാവശ്യം*
*ഒരു ഇടിനാദത്തിൽ*
*മടലിന്നടിയിൽ*
*കൂണ് മുളക്കുന്ന*
*ലാഘവമല്ലിത്*

(7-ാം ഭാഗം )
.........................

അസ്ലം മാവിലെ
.........................

ആർക്കും വലിയ വിസമ്മതമുണ്ടാകാൻ സാധ്യതയില്ലാത്ത അറബിക്കുമായി ബന്ധപ്പെട്ട ഒരു പാട് മത്സരയിനങ്ങൾ കലോത്സവത്തിലുണ്ട്. അതിൽ ഏതെങ്കിലും ഒന്നോ രണ്ടോ ഐറ്റത്തിൽ ശ്രദ്ധ കേന്ദ്രികരിച്ചു കൊണ്ട് ഒരു ശ്രമം നാളിതേവരെ ഈ അറബി ഫാഷാ അധ്യാപകരിൽ നിന്നോ ആശാന്മാരിൽ നിന്നും അൽമുൻഷിമാരിൽ നിന്നുണ്ടായിട്ടുണ്ടോ ? ഉണ്ടോ ? നമ്പൂരി പറഞ്ഞത് പോലെ - ഇല്യാ, ഒട്ടു ഇല്യാന്ന് പറയാം  !

പോസ്റ്റ് കിട്ടിയാൽ വെളുക്കെചിരിച്ച് കുറച്ച് നാട്ടുവർത്തമാനം പറഞ്ഞ് കണ്ണിൽ പൊടിയിടുന്നതല്ലാതെ ഇവരിൽ നിന്നു മറ്റൊന്നും ആരും പൊതുവെ കണ്ടിട്ടില്ല. ഉണ്ടെങ്കിൽ പറ, ഞാൻ തിരുത്താം.

വായനാ വിരസതയൊഴിവാക്കാൻ  ഒരു പഴയ കഥ പറയാം.  അറബിക്കിന്റെ കാര്യം പറയുമ്പോൾ എന്റെ അഞ്ചാം ക്ലാസ്സ് ഓർമ്മ വരുന്നു. അന്നെനിക്ക് കഷ്ടിച്ചു 10 വയസ്.

അഞ്ചു മുതൽ രണ്ടാം ഭാഷ മലയാളം അല്ലെങ്കിൽ അറബിക് എന്നാണല്ലോ നാട്ടുവെപ്പ്. 1980 തുടക്കത്തിൽ സ്കൂളിൽ അറബി ഭാഷക്കെതിരെ ചെറിയ ചിറ്റമ്മ നയം വിദ്യാഭ്യാസ വകുപ്പിൽ നിന്നുണ്ടായ ഒരു കാലം. "ഭാഷാ ബോധന രീതി", "അക്കമഡേഷൻ, ഡിക്ലറേഷൻ, ക്വാളിഫിക്കേഷൻ "  നിബന്ധനകൾ - അന്ന് അറബി അധ്യാപകർ തങ്ങളുടെ തൊഴിലിലും സമുദായം പൊതുവെ വിദ്യാഭാസമേഖലയിലും  വലിയ വെല്ലുവിളിയും ഭീഷണി നേരിട്ട കാലം. (ഇതിനൊരു മറു വായന ഉണ്ടാകാം, ഉണ്ടായാൽ ഞാൻ വിശദമായി തന്നെ എഴുത്തിനിരിക്കുകയും ചെയ്യും )

കുട്ടികളായ ഞങ്ങൾക്കീ കാര്യമൊന്നുമറിയില്ല. മദ്രസ്സ സദർ AP  അബൂബക്കർ മൗലവിയും സ്കൂൾ അറബി മുൻഷിമാരും കൂടി ഞങ്ങളുടെ ബാച്ചിലെ 90% പേരെയും നിർബന്ധിച്ചു അറബിക് ബാച്ചിലേക്കിട്ടു, ഒരു പ്രതിരോധമാകാം ഉദ്ദേശം. (ഏരിക്കുളം  രമേശൻ വരെ ആ ബാച്ചിൽ പെട്ടോ എന്നെനിക്ക് സംശയമുണ്ട്). മദ്രസ്സയിൽ അറബിയുണ്ട്, അത് കൊണ്ട് സ്കൂളിൽ മലയാളം പഠിക്കാമെന്ന് നിയ്യത്താക്കിയ ഞാനും നാലഞ്ചു പേരും മാത്രം ആ കൊട്ടയിൽ പെടാതെ ബാക്കിയായി. ആളുകൾ ക്ലാസ്സിൽ കുറഞ്ഞതിലല്ല, ആളു കുറഞ്ഞാൽ ക്ലാസ്സിൽ മലയാളം മാഷ് തുടരെത്തുടരെ ഉപമ, ഉൽപ്രേക്ഷ, കാകളി, കേക ചോദ്യങ്ങൾ നമ്മോട് തന്നെ തുടരെത്തുടരെ ചോദിക്കുമെന്ന് ഭയന്ന് വീണ്ടും രണ്ടെണ്ണം അറബിക്കിലേക്ക് ഞങ്ങളറിയാതെ മലയാളത്തിൽ നിന്നുചാടി. അപ്പുറത്ത് ആർപ്പു വിളി.

 നിവൃത്തികേട് കൊണ്ട്, മലയാള ഡിവിഷൻ പൊയ്പ്പോകുമോന്ന് ഭയന്ന് ബാക്കി വന്ന ഞങ്ങൾ രണ്ടും കൽപ്പിച്ചു മലയാള ഭാഷാ ക്യാമ്പയിൻ നടത്തി, എങ്ങനെയോ ഒക്കെയായി പകുതിയോളം പേരെ ഇങ്ങോട്ടിട്ടു. എന്റെ ഉപ്പയും ഞങ്ങൾക്ക് പരോക്ഷമായി നല്ല സപ്പോർട്ടും തന്നിരുന്നു. ഈ വിവരങ്ങൾ അപ്പപ്പോൾ എന്റെ വളരെ അടുത്ത സുഹൃത്തുക്കൾ സദറിനെ ധരിപ്പിച്ചു കൊണ്ടേയിരുന്നു. ഒരു ദിവസം രാവിലെ അദ്ദേഹം ശരം വിട്ട കണക്കിന് സ്കൂളിലെത്തി എനിക്കും മലയാളം ബാച്ചുകാർക്കും ഒന്നൊന്നര താക്കീത് നൽകി തിരിച്ചു പോയി. "നീ മലയാളം പഠിച്ചോ , മറ്റുള്ളവരെ അങ്ങോട്ട് കൊണ്ട് പോകാനൊന്നും വല്ലാതെ ശ്രമിക്കേണ്ട " എന്നെ നോക്കി ഉസ്താദ് കടുപ്പത്തിൽ പറഞ്ഞു.  ആ ഭിഷണിയൊന്നും വലിയ വിലപ്പോയില്ലെന്ന് മാത്രമല്ല,  ഇരു ബാച്ചും 50: 50 അനുപാതത്തിൽ കട്ടക്ക് കട്ട നിൽക്കുകയും ചെയ്തു.

ഇങ്ങനെയൊക്കെയുള്ള അതിജീവനത്തിന്റെ ചരിത്രം പട്ല സ്കൂളിൽ അറബിക്കിനുണ്ടായിട്ടും മറ്റു അധ്യാപകരിൽ നിന്നുണ്ടായത് പോലെയുള്ള   സഹകരണമോ അരപ്പസെ ഉത്സാഹമോ പാഠ്യതര വിഷയങ്ങളിലോ മറ്റു കാര്യങ്ങളിലോ ഒന്നും അറബിക് അധ്യാപകരിൽ നിന്നുണ്ടായില്ല എന്നത് ഖേദത്തോടെ പറയട്ടെ.

എനിക്ക് പറയാനുള്ളത്,  ഇനിയെങ്കിലും ആ ഡിപാർട്മെന്റിലെ അധ്യാപകരും ഇരു മദ്രസ്സകളിലെ അധ്യാപകരും കലോത്സവത്തിൽ തങ്ങളുടെ റോൾ എന്താകണമെന്ന് ആലോചിക്കാനെങ്കിലും ഒന്ന് കൂടിയിരിക്കണം.

 അറബി അധ്യാപകരെ മാത്രമല്ല മൊത്തത്തിൽ എല്ലാവരും ചെലവ് കുറഞ്ഞ ഒരു പാടിനങ്ങളുടെ പട്ടിക മുന്നിൽ വെച്ച് വിദൂരവും വിദൂരമല്ലാത്തതുമായ കലോത്സവ ഇനങ്ങളിലെ സാധ്യതകൾ മനസ്സിരുത്തി വിശകലനം ചെയ്യാൻ തയാറാകണം. ഒപ്പം, ചെലവു താങ്ങേണ്ട ഇനങ്ങളിൽ അവയുടെ സാധ്യതയും.

കഴിഞ്ഞ വർഷം എഴുത്തിനങ്ങളെ ലക്ഷ്യമാക്കി മൂന്ന് നാല് ശിൽപശാലകൾ ഒരു മലയാള മാഷെ നമ്പിയിട്ട് അഞ്ച് വർഷ പദ്ധതിയാവിഷ്ക്കരിച്ച് ഒരു കൂട്ടായ്മയുടെ നേതൃതത്തിൽ തുടങ്ങി.  തനി കാസർകോട്ടുകാരനായ ആ വാധ്യാർ ഇതൊക്കെ ചെയ്യാൻ നേതൃത്വം നൽകിയത് തൊട്ടടുത്ത സ്കൂളിലേക്ക് ട്രാൻസ്ഫർ ഓർഡറിനപേക്ഷിച്ചു കൊണ്ടും. പോകാൻ കാരണം, 5 കി. മീ. വരാൻ കൂടുതൽ വണ്ടി ഓട്ടണം, അത് തന്നെ. പിന്നെ വേറെന്താ കാരണം ? എഴുത്തിലും സാഹിത്യത്തിലും അഭിരുചിയുള്ള ഒരു പാട് കുട്ടികളുടെ പ്രതീക്ഷ അങ്ങിനെ സ്വാഹയായി !

ഇതൊക്കെ ചൂണ്ടിക്കാണിച്ചത് വായിക്കപ്പെടണം, ചർച്ചയ്ക്ക് വിധേയമാകണം, കുറഞ്ഞത് അവനവനറിയണം എന്നത് കൊണ്ടാണ്. തെറ്റുകളിൽ നിന്നും അബദ്ധങ്ങളിൽ നിന്നും പലതും തിരുത്താനും തിരുത്തിയത് തന്നെ വീണ്ടും തിരുത്താനുമുണ്ട്.

(തുടരും )

Tuesday 18 December 2018

ഈ തെരഞ്ഞുപ്പ് ഫലങ്ങൾ മതേതര നേതൃത്വത്തോട് വീണ്ടും വീണ്ടും പറയുന്നത് /അസ്ലം മാവിലെ

ഈ തെരഞ്ഞുപ്പ് ഫലങ്ങൾ
മതേതര നേതൃത്വത്തോട്
വീണ്ടും വീണ്ടും പറയുന്നത്

അസ്ലം മാവിലെ

ദേശീയാടിസ്ഥാനത്തിൽ ഒരു "മിനി പൊതുതെരഞ്ഞെടുപ്പ്" നടന്നു, അതിന്റെ ഫലവും വന്നു. ജനങ്ങൾ എന്ത് ചിന്തിക്കുന്നു, ഭരണാധികാരികളെ അവർ എങ്ങനെ വിലയിരുത്തുന്നുവെന്നതിന്റെ പരിഛേദമാണ് ഈ അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നാം കണ്ടത്.

കാവി ഭരണം തത്കാലമെന്നും  മതേതര ഇന്ത്യയാണ് കരണീയമെന്നും പൊതു മനസ്സിൽ ഇപ്പോഴും നല്ല നിശ്ചയമുണ്ട്. വല്ലാതെ അവഗണിക്കുന്നുവെന്ന് തോന്നിയപ്പോൾ മാത്രമാണ് ഒരു ഭരണമാറ്റമെന്ന നിലയിൽ അതി തീവ്രദേശീയത പറഞ്ഞവരെ പരീക്ഷിച്ചതെന്നും  ഇനിയതുണ്ടാകില്ലെന്നും ഇന്ത്യൻ വോട്ടർമാർ സൂചന നൽകിക്കഴിഞ്ഞു എന്ന് തോന്നുന്നു. അത് തിരിച്ചറിയുവാനും അവസരത്തിനൊത്തുയരുവാനും ജനാധിപത്യ കക്ഷികൾക്ക് സാധിച്ചാൽ അതിനെ രാഷ്ട്രീയ നേതൃ വിവേകമെന്ന് ലോകം പറയും. വരും ദിവസങ്ങൾ ഇന്ത്യൻ ജനത മാത്രമല്ല ഇന്ത്യയെ സ്നേഹിക്കുന്ന ലോകർ മുഴുവൻ ഉറ്റുനോക്കുന്നത് അതാണ്.

നോക്കു. മിസോറം, തെലുങ്കാന ഫലങ്ങൾ. പൊതു മനസ്സിന് അവിടെ കോൺഗ്രസ്സ് ഒരു വിഷയമേ ആയില്ല. വർഗ്ഗീയതയും അതിതീവ്ര ദേശീയതയും പറയാത്തവരെ അവർ അധികാരത്തിലേറ്റി, ആരായിരിക്കണമെന്ന വിഷയത്തിൽ  ഭരണം മാത്രം വിലയിരുത്തി.
ഒരിടത്ത് TRS നെ നിലനിർത്തി, മറ്റൊരിടത്ത് കോൺഗ്രസിനെ ഇറക്കി വിട്ടു. പകരം  MNF നെ  പരീക്ഷിക്കാൻ തീരുമാനിച്ചു. രണ്ടിടത്തും BJP ക്ക് ഗവർണർ അധികാരമല്ലാതെ മറ്റൊരു റോളുമില്ല. അവിടങ്ങളിൽ ഒന്നോ രണ്ടോ കാവി രാഷ്ട്രിയക്കാർ നിയസഭാ വരാന്തയിലെത്തിയിട്ടുണ്ടെങ്കിൽ കേരളത്തിൽ ഒ. രാജഗോപലിനെ ജയിപ്പിച്ച കൗതുകമേ വോട്ടർമാരും കണ്ടിട്ടുണ്ടാവുകയുള്ളൂ - പാഷാണം ഷാജിയെ കടമെടുത്താൽ "ഒരു സുഖം".

കർണ്ണാടക ഒരു തുടക്കമായിരുന്നു, പിന്നീട് അവിടെ തന്നെ നടന്ന ഉപതിരഞ്ഞെടുപ്പുകളും.  സംസ്ഥാന തെരഞ്ഞെടുപ്പുകൾ വരുമ്പോൾ ഒരു റോഡ് ഷോ കാട്ടി ആളെ കുപ്പിയിലാക്കാമെന്ന അമിത് ഷായുടെ മുൻ വിധിക്ക് ഇനി പ്രസക്തിയില്ല. സീറ്റ് ട്രെൻഡിംഗ് നോക്കി അവിടെ വല്ല കുതിരക്കച്ചവടത്തിനും സ്കോപ്പുണ്ടാക്കി കൈ നനയാതെ മീൻ പിടിക്കുന്ന  രാഷ്ട്രിയഎതിക്സ് രഹിത നീക്കങ്ങൾക്കും ഇനി  മൈലേജുണ്ടാകില്ല. യദിയുരപ്പയോടെ ആ ഫയൽ ക്ലോസ് ചെയ്യാൻ BJP നേതൃത്വം നിർബന്ധിതരായിരിക്കുകയാണ്. അമ്മാതിരി പണിക്കെതിരെ പപ്പണിയുമായിട്ടാണ് എതിര് രാഷ്ട്രിയ നേതൃത്വങ്ങൾ ഇറങ്ങിയിട്ടുണ്ടെന്നത് കർണ്ണടകയിൽ അവർ കണ്ടതുമാണല്ലോ.

രാജസ്ഥാനിൽ 1993 ന് ശേഷം ആർക്കും ഭരണത്തുടർച്ച ഉണ്ടാകാറില്ല. പക്ഷെ,  ചത്തിസ്ഗഡിലെ ഭരണത്തകർച്ച 15 വർഷങ്ങളുടെയാണ്. മധ്യപ്രദേശിലെ ഭരണസ്ഥിരതയില്ലായ്മ  ബി.ജെ.പി നേരിടുന്നതും 15 വർഷത്തെ തുടർഭരണത്തിന് നേരിട്ട അസ്വീകാര്യതയാണ്. ( ഇതെഴുതുമ്പോഴും BJP കേവല ഭൂരിപക്ഷത്തിലെത്തിയിട്ടില്ല, കോൺഗ്രസ്  മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത് ). ഇവയൊന്നും തന്നെ സംഘ്പരിവാർ പാർട്ടികൾക്ക്  ഉൾക്കൊള്ളാനാകില്ല. 41 ലോകസഭാ മണ്ഡലങ്ങളാണീ രണ്ടു സംസ്ഥാനങ്ങളിലുമുള്ളത്. രാജസ്ഥാനിലെ 25 കൂടിയാകുമ്പോൾ 66 ലോക സഭാ സീറ്റുകൾ. ഈ കണക്കുകൾ മുന്നിൽ വച്ച്, വരുന്ന 2019 ലെ ദേശീയ തെരഞ്ഞെടുപ്പ് കാവി രാഷ്ട്രീയ പ്രസ്ഥാനത്തിന് മുട്ടിടിയായിരിക്കും അനുഭവപ്പെടുകയെന്നത് നിസ്സംശയം പറയാം.  ഈ മൂന്നു സംസ്ഥാനങ്ങളും ബീഹാറും യു പിയുമാണ് ദേശീയ രാഷ്ട്രിയത്തിലെ നിർണ്ണായക പ്രദേശങ്ങൾ, പ്രത്യേകിച്ച് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം.  ദക്ഷിണേന്ത്യ അവരുടെ ഇംഗിതത്തിനൊത്ത് ഒരിക്കൽ പോലും ഓരം ചേർന്ന് നടന്നിട്ടില്ലെന്നത് ചെറിയ വിഷയമല്ല.

ഇനിയുള്ളത് കോൺഗ്രസ്സടങ്ങിയ ജനാധിപത്യ കക്ഷികളുടെ നിർണ്ണായക  ദിവസങ്ങളാണ്. അവരുടെ പെർഫോമൻസ് അതി പ്രധാനമാണ്.  ഒന്നും രണ്ടും സീറ്റിന്റെ പേരിൽ പ്രാദേശിക നേതാക്കളുടെ സ്വാർഥതാൽപര്യങ്ങൾ മുൻനിർത്തി എവിടെയുമെത്താത്ത മുടന്തൻനിലപാടുമായി ഭൂലോക വിഡ്ഢിത്തം മതേതര പാർട്ടി നേതൃത്വങ്ങൾ നടത്തിയാൽ പിന്നൊരു അവസരം പൊതുജനം തന്നെന്ന് വരില്ല. ആവശ്യമില്ലാത്തിടത്ത് ഇടപെടാതെയും അർഹതപ്പെടാത്തത് ചോദിക്കാനോ വാശിപിടിക്കാനോ നിൽക്കാതെയും പരസ്പരം ഇണങ്ങിയും  മെരുങ്ങിയുമുള്ള വിശാലടിസ്ഥാനത്തിലുള്ള രാഷ്ട്രിക സഖ്യമോ നീക്കുപോക്കോ നടത്തിയാൽ അവർക്ക് നന്ന്.  രാഹുലിനിതറിയാം, വളരെ നന്നായി.  പക്ഷെ,അദ്ദേഹത്തിന്റെ ഒപ്പം കൂടികളായി ഉപദേശിക്കുന്നവർക്കുമതറിയണമെന്ന് മാത്രം. കാവി ഭരണകൂടത്തെ ചെറുത്ത് തോൽപ്പിക്കാനിറങ്ങിയ രാഷ്ട്രീയ നേതൃത്വങ്ങളും ഈ ഒരു തിരിച്ചറിവിലേക്ക് എത്രയനായാസം വരുന്നുണ്ട് എന്നത് മാത്രമായിരിക്കും ജനാധിപത്യ ലോകം ഇനി ഉറ്റുനോക്കുക. 

5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളും അതിലെ വിധി നിർണ്ണയ സാഹചര്യങ്ങളും മതേതര നേതൃത്വങ്ങൾക്കും അണികൾക്കും കണ്ടും നോക്കിയും പഠിച്ചും  മറക്കാനുള്ളതല്ല, കഴുത്തിൽ കെട്ടിത്തൂക്കി നിരന്തരം പുനർവായന നടത്താനുള്ളതാണ്.

ഇതൽപം കയ്പ്പുണ്ട്* *പിന്നിട് മധുരിക്കുമെന്ന്* *പറയാനാളല്ല* *നല്ലോണം ശ്രമം വേണം* ( 6-ാം ഭാഗം ) / അസ്ലം മാവിലെ

*ഇതൽപം കയ്പ്പുണ്ട്*
*പിന്നിട് മധുരിക്കുമെന്ന്*
*പറയാനാളല്ല*
*നല്ലോണം ശ്രമം വേണം*

( 6-ാം ഭാഗം )
.........................

അസ്ലം മാവിലെ
.........................

സാഹചര്യങ്ങളും സന്ദർഭങ്ങളും ഭാഗ്യവുമാണ് പലരെയും ഐക്കണുകളാക്കുന്നത്. നമ്മുടെ നാട്ടിൽ ഇതിൽ മൂന്നും ഒത്തുവരാതെ ഒന്നുമാവാത്തവർ ഒരുപാടുണ്ട്. ചിലർ ചിലയിടങ്ങളിലായിരുന്നു അവരുടെ ബാല്യകാലം ചെലവഴിച്ചിരുന്നതെങ്കിൽ അവരുടെ ജിവിത ചിത്രങ്ങൾ തന്നെ അത്ഭുതകരമാം വിധം മാറിപ്പോവുമായിരുന്ന ഒരു പാട് പേരെ എനിക്ക് അറിയാം. നിങ്ങളിലും അത്തരമാളുകൾ മിന്നിമറഞ്ഞിരിക്കും ഈ വരികൾ വായിച്ചു തീരുമ്പോൾ. (അത്തരമാളുകളെ പേരെടുത്ത് തന്നെ ഞാൻ പിന്നൊരിക്കൽ പരാമർശിക്കാം. എല്ലാം ഒറ്റ ഇരുത്തത്തിൽ എഴുതിത്തീർക്കരുതല്ലോ)

കലയുടെയും മറ്റു കഴിവുകളുടെയും വിഷയത്തിലും ഇതൊക്കെ തന്നെയാണ്. ഇവിടെ ജനിച്ചു എന്നത് കൊണ്ട് മാത്രം ഒന്നിലും എത്തുന്നത് പോകട്ടെ എത്തി നോക്കാൻ പറ്റാത്തവരുണ്ട്. ഭൗതിക സൗകര്യങ്ങൾ ഒരു നാടിനെ മുച്ചൂടും മൂടിയ സന്ദർഭത്തിൽ പോലും നാമരക്കാതം നീങ്ങിയിട്ടില്ല. (ഒരു ലൈബ്രറിക്ക് 5 സെന്റ് സ്ഥലം  പൊന്നും വിലക്ക് വാങ്ങാൻ പത്ത് വട്ടം സാധിക്കുമായിരുന്നിട്ടും അത് നമ്മുടെ ആലോചനയുടെ ഏഴയലത്ത് പോലും എത്തിയിട്ടില്ലല്ലോ.)

പ്രോത്സാഹിപ്പിക്കുന്ന രീതി ശാസത്രത്തിൽ എന്തോ നമുക്ക് തകരാറുണ്ട്. അല്ലെങ്കിൽ അതിനെ മറുകൂട്ടർ (സ്വീകർത്താവ്) സമീപിക്കുന്ന കാര്യത്തിലും. രണ്ടിടത്തും നാം വലിയ സ്പെല്ലിംഗ് മിസ്റ്റേയിക്കിലാണ്.

ഉടക്കുമായി മൂന്നാമതൊരു ടീം വരും, രക്ഷക റോളിൽ.  ചിലപോളദൃശ്യരൂപത്തിൽ. ലക്ഷ്യം മുളയിൽ നുള്ളൽ തന്നെ. ഇത് തിരിച്ചറിയാൻ പലർക്കും പലപ്പോഴുമാവുന്നില്ല. അതോടെ നല്ല സംരംഭങ്ങൾ ഇല്ലാതാകുന്നു. പൊതുവെ റിമോട്ട് ലൊക്കാലിറ്റിയിലും കമ്മ്യൂണിറ്റിയിലും നടക്കുന്ന വലിയ സാമൂഹിക വിപത്താണിത്. നമ്മുടെ ഏരിയ ഇവയിൽ നിന്നൊക്കെ അതിജീവിക്കേണ്ട സമയമെപ്പൊഴേ കഴിഞ്ഞു. കൂട്ടത്തിൽ ഇതിവിടെ  സൂചിപ്പിച്ചെന്നേയുള്ളു.

fine Arts ന്റെ മലയാളാർഥം സുകുമാര കലകളെന്നാണ്. കവിതയsക്കമുള്ള രചനകൾ, സംഗീതം, ചിത്രമെഴുത്ത്, വാസ്തുവിദ്യ ഇത്യാദി ഇതിൽ പെടും. നമുക്കിതിൽ കലോത്സവത്തിലെ എല്ലാ ഇനങ്ങളെയും പെടുത്താം (ആരോടും പറയണ്ട ). 

ഒളിംപിക്സിൽ എല്ലാ ഇനങ്ങളിൽ പങ്കെടുക്കുന്നത് പോയിട്ട് ആ ഇനങ്ങൾ എന്താണെന്നറിയാത്ത കായിക കമ്മറ്റിയാണ് ഇന്ത്യയ്ക്കുള്ളത്. എല്ലാത്തിലും പോകട്ടെ 10 % ത്തിലെങ്കിലും പങ്കെടുക്കുക എന്നത് തന്നെ അസംഭവ്യമാണ്. ഉള്ളതിൽ കുറച്ച് ശ്രദ്ധ ചെലുത്തുക എന്നതാണ് ഏതൊരു രാജ്യവും പ്രായോഗികമായി ചെയ്യുക.

എന്ന് (മുകളിൽ) പറഞ്ഞത് പോലെ കലോത്സവത്തിലെ എല്ലാ ഇനത്തിലും പങ്കെടുക്കുവാൻ നമുക്കാവതില്ല. ഏതെങ്കിലും ഒന്നോ രണ്ടോ ഇനത്തിൽ ഏതെങ്കിലുമൊരു വട്ടമോ രണ്ട് വട്ടമോ  ജില്ല - സംസ്ഥാന തലത്തിലെത്തിയിട്ടുണ്ടാകും. Thats All. ആ ഒരു Record ( history) മുമ്പിൽ വെച്ച് ചില ഇനങ്ങളിൽ നമുക്ക് ചിലതെങ്കിലും ശ്രമം നടത്താൻ പറ്റുമോ എന്ന് ആലോചിക്കണം.

നമ്മുടെ സ്കൂളിൽ 10 വരെയുള്ള ക്ലാസ്സുകളിൽ നൃത്ത- നൃത്യങ്ങൾ വലുതായി ക്ലച്ച് പിടിക്കില്ല. നാടോടി നൃത്തത്തിന് സാധ്യതയുണ്ട്, പിന്നെ ആൺ പെൺ ഒപ്പനയ്ക്കും.  നാടകം, മൈം,  പ്രഛന്ന വേഷം -  കഴിഞ്ഞു. നിറം തേച്ചുള്ള പരിപാടികൾ ഇതിലപ്പുറം പോകണമെങ്കിൽ പട്ല UP - ഹൈസ്ക്കൂൾ സെക്ഷൻ മധുരിലേക്ക് ഇളക്കി പ്രതിഷ്ഠ നടത്തേണ്ടി വരും. 

പിന്നെ പ്രതീക്ഷ +1, +2 വിലാണ്. ഏകജാലകമായത് കൊണ്ട് ഏത് സൈസാണ് PADLA HSS വലയിൽ വീഴുന്നതെന്ന് പറയാൻ പറ്റില്ല. അവിടെ ഒരു പരീക്ഷണത്തിന് സാധ്യതയുണ്ട്. ഇതിന് മാത്രമായി  കലാവാസന അരികത്ത് കൂടി കാറ്റ് വീശിയ (കുറഞ്ഞത് ) ഒരധ്യാപകനെങ്കിലും ഹയർസെക്കണ്ടറി തലത്തിലുള്ള ഫാക്കൽറ്റിയിലുണ്ടാകണം. ആണായാലും വേണ്ടില്ല, പെണ്ണായാലും വേണ്ടില്ല. PTA യെ പ്രസിഡന്റിനെ കാണുമ്പോൾ, പിള്ളേരെ പരാതി മാത്രം പറയാൻ വാതിൽപ്പുറത്ത് കാത്ത് നിൽക്കുന്നവരുണ്ടെങ്കിൽ ഈ വിഷയത്തിൽ ഒരു കൈക്കോട്ട് നനവുള്ള മണ്ണിട്ട് മൂടുന്നതായിരിക്കും നല്ലത്. ( സ്പോർട്സ് മാഷെയും സ്കൗട്ട് ടീമിനെയും കണ്ടില്ലേ ? അവർ  കാണിക്കുന്ന ആത്മാർഥതയുടെ കാൽഭാഗമെങ്കിലും വേണം എന്നർഥം)

കുട്ടികളുടെ പഴയ റിക്കോർഡ് പരിശോധിച്ച്, അവരുമായി സംവദിച്ച്, സംസാരിച്ച്,  ദൈവം തമ്പുരാൻ നൽകിയ അ"ബ "ക്കണ്ണ് ഉപയോഗിച്ചു കുട്ടികളുടെ സർഗ്ഗവാസന പ്രോത്സാഹിപ്പിക്കാൻ പറ്റിയ ഒരു ആശാൻ / ആശാത്തി അവിടെ ഉണ്ടോ? രക്ഷപ്പെട്ടു.

എഴുത്ത് , ചിത്രരചന, ശിൽപക്കൂട്ട്, പ്രസംഗം, കഥാപ്രസംഗം, ആലാപനം (എല്ലാം പെട്ടു ) ഇങ്ങിനെ LP  - UP തൊട്ട് പരിശീലിപ്പിക്കാൻ പറ്റിയ ഒരു ദീർഘ കാല പദ്ധതി അധ്യാപക നേതൃതലത്തിലുണ്ടാകണം. നാട്ടുകാർ അതിന് പിന്തുണയും നൽകണം. ഇത് രണ്ടുമില്ലാതെ പിള്ളേരെ ഹണേബാറം പറഞ്ഞ് തൽക്കാലം ഉത്തരവാദപ്പെട്ടവർക്ക് തടി കയ്ച്ചലാക്കാമെന്നല്ലാതെ കുറ്റബോധമുണ്ടല്ലോ, അത്  കിടക്കുന്ന മുറിയുടെ മതിലിൽ എഴുന്നു നിൽക്കുക തന്നെ ചെയ്യും,  ഇടക്കിടക്ക്.

അതോടൊപ്പം "അതാബാ, ഇതാബാ "  എന്ന് പറയുന്ന ചില രക്ഷിതാക്കളുടെ നെഗറ്റീവ് അപ്രോചും അവരുടെ ചെകിട്ടിൽ ഊതിക്കൊടുത്ത് ആരാന്റെ പിള്ളാരുടെ സർഗ്ഗഭാവിയുടെ കൂമ്പ് വാട്ടുന്ന ഉപദേശികളുടെ സൈക്കളോജിക്കൽ ഏർപ്പാടും നിർത്തിയേ തീരൂ. എന്നാൽ fine Arts ന്  ഇവിടെ ഭാവിയുണ്ട്. ഇല്ലെങ്കിൽ as usual ആറാട്ടിൻ കടവും കടന്ന് പട്ല -മായിപ്പാടി പാലത്തിനടിയിൽ കൂടി മോരാപ്പുഴയിലേക്ക് മധുവാഹിനി വെള്ളം ഒലിച്ചിറങ്ങിയൊഴുകിക്കൊണ്ടിരിക്കും. ഒപ്പം, നമ്മുടെ പിള്ളേർ ഉള്ള effort എടുത്ത് കലോത്സവ വേദിയിൽ തത്തമ്മേ പൂച്ച പൂച്ച പറഞ്ഞ്  പട്ല സ്കൂളിന്റെ മതിലിനകത്ത് തന്നെ കൂമ്പുവാടിക്കൊണ്ടേയിരിക്കും. (ഇത്തരം സർഗ്ഗ കേളിരംഗത്ത്  വെല്ലുവിളി നേരിടുന്ന ഏത് സ്കൂളിലും ഇങ്ങനെയൊക്കെ തന്നെയാണ് സംഭവിക്കുക).  മർമാണി തൈലത്തിൽ തീരുന്ന വിഷയമേ അല്ല കെട്ടോ ഇവയൊന്നും. ( തുടരും - തുടരണമെങ്കിൽ )

ഓർമ്മകൾ ഇപ്പോഴെങ്കിലും* *മരം പെയ്യട്ടെ* *മഴ തോർന്നിട്ടൊരുപാട്* *കാലമായെങ്കിലും* ( 5-ാം ഭാഗം) /അസ്ലം മാവിലെ .


*ഓർമ്മകൾ ഇപ്പോഴെങ്കിലും*
*മരം പെയ്യട്ടെ*
*മഴ തോർന്നിട്ടൊരുപാട്*
*കാലമായെങ്കിലും*

( 5-ാം ഭാഗം)
........................
അസ്ലം മാവിലെ
........................

സ്ഥാപക പട്ല സ്കൂൾ ഒ. എസ്. എ. നേതൃത്വത്തെ കുറിച്ചും അറിയുന്നത് നല്ലതാണ്.  അന്ന് പി. അഹമ്മദ് (സാക്കിറിന്റെ പിതാവ്) ഗൾഫ് ജീവിതം കഴിഞ്ഞു നാട്ടിൽ തിരിച്ചെത്തിയതേയുള്ളൂ. ഒ. എസ്. എ സ്ഥാപക പ്രസിഡന്റായത് അദ്ദേഹമാണ്. HK അബ്ദുൽ റഹിമാൻ ജ: സെക്രട്ടറിയും. പ്രായ വ്യത്യാസം അവരുടെ പ്രവർത്തന ഏകോപനത്തിന് ഒരു തടസ്സവും സൃഷ്ടിച്ചില്ല. എസ്. എ. അബ്ദുല്ല, സി.എച്ച്. അബൂബബക്കർ , HK മൊയ്തു, പി. മുഹമ്മദ് ബിൻ അഹ്മദ്, ബീരാൻ മൊയ്തീൻ തുടങ്ങിയവർ മറ്റു ഭാരവാഹി നേതൃത്വങ്ങളിലും. എന്ത് പദവികളാണവരോരുത്തരും വഹിച്ചതെന്ന് എന്റെ ഓർമ്മയിലില്ല. എട്ടാം ക്ലാസ്സോർമ്മയിൽ നിന്നാണിതെഴുതുന്നത്.  ബോംബെ പ്രതിനിധിയായി  നമ്മുടെ ബി.എം. അബ്ദുല്ല ഉണ്ടായിരുന്നു. ഒരു കാര്യം സൂചിപ്പിക്കാം : നമ്മുടെ നാട്ടിലെ നന്മ കൂട്ടായ്മകളിലൊക്കെ ഇദ്ദേഹത്തിന്റെ പതമുള്ള സാനിധ്യം ഞാൻ എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. അതങ്ങിനെ ആകണമല്ലോ - പട്ലയിൽ 1970 കളിൽ സംഘടിതമായി ഒരു വായനശാല കൺസെപ്റ്റിന് നേതൃത്വം നൽകിയതും ബി.എം. അബ്ദുല്ലയായിരുന്നല്ലോ.

അന്നത്തെ ഐക്കണായ MHM പ്രധാനധ്യാപകൻ  എ.പി.അബൂബക്കർ മൗലവിയാണ് OSA ഒന്നാം ഫോറം ഉത്ഘാടനം ചെയ്തത്. അന്ന് സ്കൂൾ HM മൊയ്തീൻ ഖാൻ സാറോ അതല്ല ഒ. മുഹമ്മദ് ഹനീഫ് സാറോ ആണ്. രസകരമെന്ന് പറയട്ടെ അന്നത്തെ HK, CH പ്രസംഗങ്ങൾ എങ്ങനെയായിരുന്നോ അതിലൊരു ശൈലീമാറ്റവുമില്ല അവരുടെ ഇന്നത്തെ അഭിസംബോധന രീതിയ്ക്കും. ഇത്രയൊക്കെ മതി എന്നും ഇപ്പഴും തോന്നുന്നത് കൊണ്ടോ എന്തോ.  P. അഹമ്മദ് സാഹിബ്   അധ്യക്ഷ പ്രസംഗം രണ്ട് വാചകങ്ങളിൽ ഒതുക്കിക്കളയും തുടക്കങ്ങളിൽ. പിന്നെപ്പിന്നെ പ്രസംഗിച്ചു ശരിയായി.

ഇവരുടെ നേതൃത്വവും പുതിയ ഇടപെടലുകളും PTA ക്കാർക്കും ഭീഷണിയായി ഒരിക്കലും feel ചെയ്തില്ല എന്നത് എടുത്ത് പറയട്ടെ. മറിച്ചു ഒരു രണ്ടാം തലമുറയുടെ രംഗപ്രവേശനമായിട്ടത് അവർക്ക് തോന്നിയിരുന്നത്.  അന്ന് PTA നേതൃത്വത്തിൽ അബ്ബാസ് മാസ്റ്ററാണ്. അദ്ദേഹത്തെ സഹായിക്കാൻ വായനാശീലം കൈമുതലുള്ള ഒരു കൂട്ടം മുതിർന്ന വിദ്യാഭ്യാസ പ്രവർത്തകരും.

ഒ. എസ്. എ അന്ന് തങ്ങൾക്ക് പറ്റാവുന്ന എല്ലാ മേഖലകളിലും പ്രവർത്തിച്ചു. വിവിധ സേവനപ്രവർത്തനങ്ങളിൽ വ്യാപൃതരായി. 1988ൽ ഒ എസ് എ യ്ക്ക് ഒരു ഓഫീസും വായനാശാലയും നിലവിൽ വന്നു.  ഭരണഘടന നിലവിൽ വരുന്നതും സൊസൈറ്റി ആക്ട് രപ്രകാരം രജിസ്ട്രേഷൻ ചെയ്യുന്നതും ആ വർഷം തന്നെയായിരുന്നു. ഭരണഘടനാ കരട് രൂപം നൽകാനുളള ചുമതല അന്നെനിക്കായിരുന്നു. HK, CH, SAP, PAR, BRL  തുടങ്ങിയവർ OSA ജ: സിക്രട്ടറി സ്ഥാനങ്ങൾ മാറിമാറി അലങ്കരിച്ചു. SAP ഗൾഫിൽ പോയ ഒഴിവിൽ 1988 ൽ മൂന്നോ നാലോ മാസം മാത്രം എന്റെ പിരടിയിലും ആക്ടിംഗ് സിക്രട്ടറിയുടെ ഉത്തരവാദിത്വം ഉണ്ടായിരുന്നു.

OSA ഒന്നാം വാർഷികമെന്നത് എന്തുകൊണ്ടും പുതുമയുള്ളതായിരുന്നു. കുൽസു ആർട്സിന്റെ ചെമപ്പ് ഞൊറിയുള്ള കർട്ടൺ, മൂന്ന് വശവും നില നിറത്തിലുള്ള ബോർഡറും. ഒത്ത നടുവിൽ ഒറ്റവരയിൽ തീർത്ത നാരീ കൂപ്പുകൈകളും.

വൈകുന്നേരം സ്കൂൾ വിടുന്നതിന് മുമ്പ് സ്കൂൾ മുറ്റത്ത് കിഴക്കേ ഭാഗത്ത് വലിയ സ്റ്റേജ് തലയുയർത്തി നിന്നിട്ടുണ്ടാകും. തൊട്ട് തലേ ദിവസം പൂർവ്വ വിദ്യാർഥികൾ ഒറ്റ രാത്രികൊണ്ട് ഉണ്ടാക്കിയതാണിത്. അതിന്റെ തൂക്കും ആയവും പറയാൻ  നട്പ്പള്ളം അബൂബക്കർ സാഹിബsക്കമുള്ള കാരണവന്മാർ നേരത്തെ എത്തിയിട്ടാണ് ഇതൊക്കെ പണി തുടങ്ങുന്നത്. ആവശ്യമായ ഓലയും കമുകും രണ്ട് ദിവസങ്ങളിലായി അവിടെ ചെറുപ്പക്കാർ എത്തിച്ചിരിക്കും.

ഇതിനൊക്കെ ഇടയിലാണ് റിഹേഴ്സൽ. ചില കഥാപാത്രങ്ങൾ ഇന്നും പച്ചയായി പലരുടെയും മനസ്സുകളിലുണ്ടാകും. ആരും മാറി നിന്നില്ല. എല്ലവരും ആഘോഷത്തിന്റെ ഭാഗമായി. നാടകാഭിനയം തികച്ചും കുറ്റമറ്റതാക്കാൻ അതിനാവശ്യമായ പരിശീലനം നൽകാൻ തക്ക കഴിവുറ്റ അധ്യാപകരെ നമ്മുടെ സ്കൂളിലെ ഉറക്കം തൂങ്ങികളിൽ നിന്ന് തന്നെ തെരഞ്ഞെടുത്തിടത്തിടത്താണ് അന്നത്തെ OSA നേതൃത്വത്തിന്റെ കൗശലമിരിക്കുന്നത്.

എസ്. എ. അബ്ദുല്ല, ബി.എം. അബ്ദുല്ല, HK മൊയ്തു, MP അബ്ദുല്ല തുടങ്ങി HK അബ്ദുറഹിമാൻ, CH അബൂബക്കർ , എഞ്ചി. ബഷീർ അടക്കം നിരവധി പേർ നാടകത്തിൽ ജീവിച്ചു. MP അബ്ദുല്ലയിലും HK മൊയ്തുവിലും ഇത്രമാത്രം നർമ്മഭാവന ഉള്ളത് ഞങ്ങൾ അത്ഭുതത്തോടെയാണ് കണ്ടാസ്വദിച്ചത്. ആ അജ്ഞാതനായ നാടക സംവിധായകന്റെ പ്രയത്നത്തിന്റെ വലിയ ഔട്ട്പുട്ട്.

നമ്മുടെ നാടുകളിൽ നാം ദൃശ്യാസ്വാദനത്തോട് സമീപിക്കുന്ന രീതിയിൽ സൃഷ്ടിച്ചെടുത്ത ഒരു നയമുണ്ടല്ലോ - സിനിമ കാണരുത്, നാടകമാകാം. സിനിമയിൽ അഭിനയിക്കരുത്, നാടകത്തിലാകാം. നൃത്തം ചെയ്യരുത്, കാണുന്നതിൽ കുഴപ്പമില്ല. മാജിക് പഠിക്കരുത്, കണ്ടാൽ സമാധാനം. ഉത്സവങ്ങൾക്ക് പിരിവ് കൊടുക്കരുത്, അവിടെ പോയി സോജി മുതലങ്ങോട്ടുളള കച്ചോടമാകാം. അങ്ങിനെയൊക്കെയുള്ള ഒരു കിഴിവും ഇളവുമുണ്ടായിരുന്നത് കൊണ്ട് OSA വാർഷികാഘോഷങ്ങൾക്ക് വലിയ ജനാവലിയും നല്ല സഹകരണവുമുണ്ടായിരുന്നു. ചില അസഹിഷ്ണുക്കൾ ഇത്തരം വേളകളിൽ മാത്രം പുറത്തിറക്കിയിരുന്ന പരലോകഭീതിയെ ആരും മൈണ്ടും ചെയ്യാറുമില്ലായിരുന്നു.  അതിലും വലിയ ഫിത്ന കൺമുമ്പിൽ കണ്ടിട്ട് കമാന്ന് മിണ്ടാത്തവരായിരിക്കും തിളങ്ങാൻ വകുപ്പില്ലെന്ന ഒറ്റ കാരണം കൊണ്ട് പ്ലെയിറ്റ് മാറ്റി ഇവർ വിശ്വാസ ഞരമ്പിൽ പിടിക്കുക. ഇവരുടെ വാലു പൊക്കൽ  മുൻ കൂട്ടി കണ്ട് കൊണ്ട് തന്നെ,  OSA നേതൃത്വത്തിലെ വിളഞ്ഞ വിത്തുകൾ  അഞ്ചാറു വട്ടം പോയാലും നഷ്ടമാകില്ലെന്ന കണക്കുകൂട്ടലിൽ  ചെറുതല്ലാത്ത പിരിവ് ആ സഹോകളിൽ നിന്ന് പിഴിഞ്ഞ് വാങ്ങിയിരിക്കും.

വൈകുന്നേരത്തോടെ സ്കൂൾ കുട്ടികളുടെ ചെറിയ പ്രോഗ്രാമുകൾ ഉണ്ടാകും. അത് അധ്യാപകർക്കുള്ള ചുമതലയായി OSA നിശ്ചയിക്കും. മുങ്ങാൻ ചാൻസുള്ള സാറിനും ടീച്ചർക്കും രാത്രി ഭകഷണത്തിന്റെ ചാർജ് നൽകി അവരെ കുറ്റിയില്ലാതെ തളച്ചിടും. ആദ്യത്തെ സംരംഭമാണല്ലോ. അതങ്ങനെ പഠിപ്പുണ്ട് എന്ന കാരണത്താൽ ആരും വടക്കരെ തേച്ചു പോകരുതല്ലോ.

മഗ്രിബ് കഴിഞ്ഞാൽ സാംസ്കാരിക പരിപാടി തുടങ്ങുകയായി. ഞങ്ങളൊക്കെ സ്കൂൾ വിട്ട ഉടനെ ചായ കുടിച്ചപോലെ തോന്നിച്ച് വീട്ടിൽ നിന്ന് പറപറാന്ന് ഓടിയെത്തും. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, ഗവ. കോളേജിൽ നിന്ന് പ്രൊഫ. ഇബ്രാഹിം ബേവിഞ്ച, നാട്ടിലെ PTA പ്രസിഡന്റsക്കമുള്ള കാരണവന്മാർ, കൊല്യ മാഷ് .. ഒരു നല്ല സദസ്സ്. പെരിയ നാരായണൻ മാസ്റ്റർ ആദ്യ വാർഷികത്തിലാണോ സംബന്ധിച്ചതെന്ന് ഓർമ്മയില്ല.

സ്കൂൾ അധ്യാപികമാരുടെ മക്കളുടെ ഒന്ന് രണ്ട് നൃത്തങ്ങൾ. കൊല്യ- മധൂർ - മായിപ്പാടിയിൽ നിന്നും ഒപ്പിച്ചു കൂട്ടിയ ബാല നൃത്യങ്ങൾ,  ലൈവ് സംഗീത പശ്ചാത്തലത്തിൽ നമ്മുടെ നാട്ടിലെ കുട്ടികളുടെ ഗാനങ്ങൾ, ഒന്ന് രണ്ട് ഒപ്പന, ഇടവേളകളിൽ കർട്ടൻ ഉയർത്താതെ തന്നെ പിന്നണിയിൽ ചെണ്ട, മദ്ദള, പെപ്പരപ്പെ സംഘത്തിൽ നിന്നും കുറച്ച് തൊണ്ട നനവുള്ളവർ ആലപിക്കുന്ന സെമി ക്ലാസിക്കൽ സംഗീതം. (കഴുത രാഗമെന്നാണ് ഞങ്ങൾ അന്നത്തെ വിവരത്തിന്റെ ബലത്തിൽ പറഞ്ഞിരുന്നത് ). 

ഇതൊക്കെ കഴിഞ്ഞാണ് ആവേശകരമായി കാത്തിരിക്കുന്ന നാടകത്തിന് തിരശ്ശീല ഉയരുക. അടുത്ത് നിന്നും നീങ്ങി അകലെയകലെ മാറുന്തോറും കൂടുതൽ ക്ലാരിറ്റിയോടെ ആസ്വാദനം  നൽകുന്ന ദൃശ്യാവിഷ്ക്കാരമായിരുന്നു തുടക്കത്തിലെ നാടകം തന്നെ.

തൊട്ടടുത്ത വർഷങ്ങളിലാണ് സാപ് , അരമന മുഹമ്മദ് കുഞ്ഞി, കെ. എ. മജീദ്, കെ. എം. സൈദ്, എ. മജിദ്, കൊല്യ കരീം, മധൂർ ഷാഫി, ബക്കർ മാഷ്,  കുമ്പള അഷ്റഫ് , കരീം വെസ്റ്റ് റോഡ്, സഖാ. അബ്ദുല്ല, ബി.എം. ഹാരിസ്, ഖാദർ അരമന, എം.എ. മജിദ്, കപ്പൽ അബൂബക്കർ തുടങ്ങി ഒട്ടേറെ പേർ വിവിധ നാടകങ്ങളിൽ കഥാപാത്രങ്ങളായത്.

അന്നത്തെ കാലമെന്നത് ഇത്തരം വാർഷികാഘോഷങ്ങൾ ഒരു വലിയ നാടകത്തിൽ തീർക്കണമെന്നതായിരുന്നു. ഇന്ന് അതൊക്കെ മാറി. മിക്ക വിടുകളിലും വാർത്ത കാണാനെന്ന വ്യാജേന ഹോം തിയേറ്ററുകളായിക്കഴിഞ്ഞു. നാട്ടിൻ പുറങ്ങളിൽ പോലും ഇനി ഇത്തരം രാവേറെ നീളുന്ന മണിക്കൂറുകൾ ദൈർഘ്യമുള്ള നാടകങ്ങളൊന്നും അത്ര ക്ലച്ചു പിടിക്കില്ല.

നിലവിലുള്ള ചാനൽ പ്രോഗ്രാമുകൾ തന്നെ നോക്കു, ഓരോ വർഷവും പുതിയ പരീക്ഷണങ്ങളോടെയാണ് പ്രേക്ഷകരെ പിടിച്ചിരുത്താൻ ശ്രമിക്കുന്നത്. എന്നാൽ അടിസ്ഥാനപരമായി എല്ലാ കലാവിഭാഗങ്ങൾക്കും ഇപ്പോഴും ഒരുപാട് സാധ്യതകളുണ്ട് താനും. ആ ഒരു സാധ്യതകൾ തന്നെയാണ് കലോത്സവ ഇനങ്ങളുടെ പ്രസക്തിയും അവ നിലനിൽക്കുന്നതിന്റെ യുക്തിയും.

ത്രുടരും )

Saturday 15 December 2018

*മറക്കാതെ* *പോകരുതാത്തത്* *മറന്നാലും* *മറന്നു പോയോയെന്ന്* *ഓർമ്മ പ്പെടുത്തിക്കൊണ്ടേയിരിക്കേണ്ടയൊന്ന് / അസ്ലം മാവിലെ

*മറക്കാതെ*
*പോകരുതാത്തത്*
*മറന്നാലും*
*മറന്നു പോയോയെന്ന്*
*ഓർമ്മ പ്പെടുത്തിക്കൊണ്ടേയിരിക്കേണ്ടയൊന്ന്*
........................

അസ്ലം മാവിലെ
 ........................

നാലാം ദിവസത്തിലെ എഴുത്ത് ഒരു പ്രധാന കാര്യം ചൂണ്ടിക്കാണിക്കാനാണ് ഞാൻ വിനിയോഗിക്കുന്നത്. അവസരം ലഭിക്കുമ്പോളതത്യാവശ്യമെങ്കിൽ  വിനിയോഗിക്കണല്ലോ.

ശരിക്കും OSA ഇപ്പഴല്ലേ വേണ്ടിയിരുന്നത് ? OSA യിൽ പ്രായപരിധി എന്നൊന്നില്ലല്ലോ. വളരെ ഭംഗിയായി മുന്നോട്ട് പോയിക്കൊണ്ടിരുന്ന ആ പ്രസഥാന ശൃംഘല വഴിക്ക് വെച്ചു കണ്ണിയറ്റത് എവിടെ ?

അത്തരം ചോദ്യങ്ങൾ ഇതിലല്ല എത് കൂട്ടായ്മകളിലുണ്ടായാലും തകർന്നടിയുന്നതിന് തൊട്ടുമുമ്പ്  നേതൃത്വത്തിലിരുന്നവരേക്കാളധികം അവരുടെ പേരുകൾ നിർദേശിച്ചവരാണ് മറുപടി പറയേണ്ടത്. ഒന്നും കാണാതെ പുതു നേതൃത്വത്തിന്റെ പേരുകളാരും ഒരുത്തരവാദിത്വവുമില്ലാതെ  വിളിച്ചു പറയില്ലല്ലോ.

ഇന്ന് പട്ല സ്കൂൾ OSA പ്രസ്ഥാനത്തിന്റെ അറ്റുപോകാത്ത  തുടർച്ച  ഉണ്ടായിരുന്നെങ്കിൽ എന്ന് സങ്കൽപ്പിക്കുക.  സ്വാഭാവികമായും നാമിന്നനുഭവിക്കുന്ന തലമുറകളുടെ വിടവ് ( Generation Gap) അത്ര രൂക്ഷമായി നിലനിൽക്കുമായിരുന്നില്ല. സംവേദനഭാഷയിലോ ഇടപെടൽ രീതിയിലോ അസ്കിതയോ അവ്യക്തതയോ ഉണ്ടാകുമായിരുന്നില്ല. ശൈലി മാറ്റം കൃതൃമമായി വരുത്തേണ്ടതുമില്ലായിരുന്നു. OSA യുടെ പട്ടsയോടെ മൂന്ന് തലമുറകളുടെ കുപ്പിവളകളാണ് കഷ്ണങ്ങളായി വീണുടഞ്ഞത്.  മതിയായ Home work (ഗൃഹപാഠം) ഇല്ലാതെ ഏതാനും വർഷം മുമ്പ് OSA തുടങ്ങിയതുമൊടുങ്ങിയതും നാം കണ്ടതാണല്ലോ.

ആളുകൾ ആരെങ്കിലും അതിർത്തി വിട്ടോ ? ഇല്ലല്ലോ. അതിർത്തി വിട്ടാൽ തന്നെ പുർവ്വവിദ്യാർഥി ആകാതാകുമോ ? ഇല്ലല്ലോ. എല്ലാവരുമിവിടെയുണ്ട്. പഴയ കൗമാരത്തെക്കാളും യുവത്വത്തേക്കാളുമേറെ കൂടുതൽ ഊർജ്ജസ്വലതയോട് കൂടി തന്നെ. പക്ഷെ, അവിടവിടെയായി ചിന്നിച്ചിതറിയിട്ടുണ്ട്. ഒരുക്കൂട്ടണം, പുതിയ തലമുറകളതിൽ ഇടം പിടിക്കുകയും വേണം.

ഒരു പൊതു ബാനറാണത്. ജനാധിപത്യ സംവിധാനമാണത്. ഓർമ്മ ശരിയെങ്കിൽ  Rogister ചെയ്ത കൂട്ടായ്മ കൂടിയാണ്. ഇന്നത്തെ നില വെച്ച് ഓരോ വർഷവും 150- 200  അംഗങ്ങൾ പുതുതായി ലഭിക്കുന്ന പ്രസ്ഥാനം. നിരവധി കൊച്ചു കൊച്ചു പ്രൊജക്ടുകൾ കൊണ്ട് വരാൻ സാഹചര്യമൊരുക്കുന്ന ഒന്ന്. ആദ്യ രണ്ടു വർഷങ്ങളിൽ കുറച്ച് കഠിന പ്രയത്നം ചെയ്യണമെന്നേയുള്ളൂ.

തലച്ചുമടായി മണ്ണ് ചുമന്നുണ്ടാക്കിയ സ്റ്റേജ് ഇന്നുമുണ്ട്. അതിന് ശേഷം മറ്റൊന്നും OSA കൂട്ടായ്മയുടേതില്ല. പിന്നെയോ ?  മൗനത്തിന്റെയും നിഷ്ക്രിയത്വത്തിന്റെയും വാൽമീകം (മൺപുറ്റ് )  മാത്രം. സ്കൂൾ മുറ്റത്ത് മറ്റു പലതിന്റെയും സാന്നിധ്യം ഉണ്ട്.  ആ പലതിലും 90% contribution ഉം ഈ സ്കൂളിൾ നിന്ന് പഠിച്ചിറങ്ങിവരുടെത് തന്നെ. കടപ്പാടേറെ ഉണ്ടാകേണ്ട കൂട്ടായ്മയുടേതല്ലേ അവിടെ ആദ്യം വേണ്ടത് ?

ഒരു കാര്യത്തിൽ മുതിർന്ന തലമുറയും കണ്ണ് തുറന്നേ തീരൂ. പൊതുബോധം വല്ലാതെ മാറിയിട്ടുണ്ട്. ജനാധിപത്യ സംവിധാനത്തിൽ വലിയ വികാസം വന്നു കഴിഞ്ഞത് കൊണ്ട് മാത്രമല്ല. സാമുഹിക - സാമ്പത്തിക സാഹചര്യങ്ങൾ വരെ അടിമുടി മാറിക്കഴിഞ്ഞു.  അഭിമുഖികരിക്കുന്നത്  പഴയ തർക്കശാസ്ത്രവുമായിട്ടാകരുത്, അനുനയത്തിന്റെ പുതിയ രീതിശാസ്ത്രവുമായിട്ടാകണം.  തലമുറകൾ വിളക്കാനൽപം സാവകാശവും സമയമവുമാശ്യമാണല്ലോ.

THM പറഞ്ഞ വിഷയത്തിൽ വല്ലതും സ്ഥായിയായ പരിഹാരമുണ്ടാകണമെങ്കിൽ OSA പുനർജ്ജനിച്ചേ മതിയാകൂ. മറ്റെത്ര പേരും പെരുമയുമുള്ള ചെറുതും വലുതുമായ കൂട്ടായ്മകൾക്കും  അവയുടേതായ പരിധിയും പരിമിതികളുമുണ്ടാകും, തീർച്ച.
(തുടരും )

വനിതാ മതിലും മുനീറിന്റെ ആശങ്കയും / THM പട്ല

*വനിതാ മതിലും മുനീറിന്റെ ആശങ്കയും*

ശബരിമല പ്രശനവുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞു വന്ന പശ്ചാത്തലത്തിൽ ഇടതു സംഘടനകൾ നടത്താനിരിക്കുന്ന നവോത്ഥാന വനിതാ മതിൽ സ്വാഭാവികമായും സർക്കാരിന്റെ പിന്തുണയിൽ പുരോഗമിക്കുകയാണ്.

ഇതിലേക്ക് മുസ്ലീ സംഘടനകളെ ഉൾപ്പെടുത്തിയില്ല എന്നും ഇത് വർഗ്ഗീയ മതിലുമാണെന്നാണ് ബഹു: മുനീറിന്റെ കണ്ട്‌ പിടുത്തം

ശബരിമലയിൽ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പരിപാടിയിൽ
അണിനിരന്നതും സമരത്തിൽ പങ്കെടുത്തതും തികച്ചും ഹിന്ദു സ്ത്രീകൾ തന്നെയായിരുന്നു. അവിടെ മുസ്ലിം സ്ത്രീകൾക്കും ക്രിസ്ത്യൻ സ്ത്രീകൾക്കും ഒരു റോളുമുണ്ടായിരുന്നില്ല.
അവിടെ UDF നടത്തിയ സമരങ്ങളിലും പങ്കെടുത്തത് ഹിന്ദു സ്ത്രീകൾ തന്നെയായിരുന്നു.

അതിനാൽ UDF കാർക്ക് വേണമെങ്കിൽ മുസ്ലിം സ്ത്രീയെയും ലീഗിനെയും കേരള കോൺഗ്രസ്സിനെയും ക്രിസ്ത്യൻ സ്ത്രീകളെയും പങ്കെടുപ്പിച്ചു കൊണ്ട് നവോത്ഥാന നായകരെയും കൂട്ടി വനിതാ മതിൽ പരീക്ഷിച്ചു നോക്കാവുന്നതേയുള്ളൂ.

അപ്പോഴും പ്രശ്നങ്ങളുടെ ശൃംഗല തന്നെ നമുക്ക് കാണാൻ സാധിക്കും.
മുസ്ലിം സമുദായത്തിലെ ഏത് സ്ത്രീകളെയാണ് ഇതിലേക്ക് സംബന്ധിപ്പിക്കുക.

മുസ്ലിം നവോത്ഥാന ചരിത്രം പറയുമ്പോൾ വക്കം അബ്ദുൾ ഖാദറിന്റെയും സനാ ഹുല്ലാ മക്തി തങ്ങളുടെയും നവോത്ഥാന രംഗത്തെ സംഭാവനയെ ചൂണ്ടിക്കാട്ടുമ്പോൾ, അന്ധവിശ്വാസത്തെയും അനാചാരത്തെയും തടഞ്ഞു നിർത്തുന്നതിൽ ആ മഹദ് വ്യക്തിത്വങ്ങളുടെ പങ്ക് സ്മരിക്കുമ്പോൾ സമസ്തക്കാർക്ക് അംഗീകരിക്കാൻ പ്രയാസമുണ്ടാകും. അത് കൊണ്ട് തന്നെ സ്വാഭാവികമായും അവർ വിട്ടു നില്ക്കാൻ പഴുതുകൾ തേടും.
ഇപ്പോൾ തന്നെ സമസ്ത നിലപാട് വ്യക്തമാക്കിക്കഴിഞ്ഞതാണ്.  ലീഗ് വനിതകൾ പങ്കെടുക്കുന്നതിൽ സമസ്തയുടെ നിലപാടിനെ ആശ്രയിച്ചായിരിക്കും.
പിന്നെയുള്ളത് സലഫി വനിതകളുടെ സാന്നിധ്യം മാത്രമായിരിക്കും'
അപ്പോഴെക്കും, എതിർപ്പും വ്യാഖ്യാനങ്ങളും ലഘുലേഖകളും മുഖാമുഖം ,കവല പ്രസംഗ ക ളും പൊടി പൂരം അഴിഞ്ഞാടും

നവോത്ഥാന നായകന്മാരുടെ നിരയിൽ കുറച്ച് കുടി മുമ്പേ നടന്നാൽ ബഹു: റഷീദ് റിദ, ജമാലുദ്ദീൻ അഫ്ഘാനി തുടങ്ങിയവരിലേക്ക് എത്തുമ്പോൾ വാഗ്വാദങ്ങളുടെ നീണ്ട നിര പിന്നെയും കാണേണ്ടി വരും.

ഇനി ക്രിസ്ത്യൻ വിഭാഗങ്ങളുടെ സാന്നിധ്യം ഉറപ്പു വരുത്തുമ്പോൾ അവരുടെ ഏത് നവോത്ഥാന നായകരേയാണ് മാതൃകയാക്കേണ്ടത്
അപ്പൊ ൾ, അവിടെയും കാണാം അവരിലെ അവാന്തര വിഭാഗങ്ങളിലെ പടല പിണക്കങ്ങൾ എല്ലാ സീമകളും ലംഘിക്കുന്നത്.

ശബരിമലയിൽ സമരം ചെയ്യാൻ കറുത്ത ഷർട്ടുമിട്ട് തിരുമുടി ക്കെട്ടിന്റെ അകമ്പടിയില്ലാതെ പോയ മുനീർ സാഹിബ് ഏത് മുസ്ലിം സ്ത്രീകളെയാണ് അണിനിരത്തുക എന്നും കൂടി പറഞ്ഞു തരികയും അതോടൊപ്പം സങ്കി ചെന്നിത്തലയേയും കൂട്ടി ഒരു മതേതര നവോത്ഥാന വനിത മതിൽ സംഘടിപ്പിച്ച്   കാട്ടിക്കൊടുക്കാൻ മുതിരുകയും ചെയ്യുക.
അപ്പോൾ ജനങ്ങൾ വിലയിരുത്തട്ടെ എന്താണ് നവോത്ഥാനം, എന്താണ് വനിതാമതിലെന്ന് .

ചുരുങ്ങിയ പക്ഷം നേതാക്കളെങ്കിലും കേരള ജനതയെ വർഗ്ഗീയ വൽക്കരിക്കാതിരിക്കാൻ ശ്രമിക്കുക.
മതേതര ഐക്യമാണ് നമുക്ക് പ്രധാനം.

           T H M PATLA

Friday 14 December 2018

എഴുതാതിരിക്കാൻ വയ്യ, ഇതെഴുതാതിരിക്കുന്നത് ശയുമല്ല, ഉറി ചിരിക്കട്ടെ ഊറിയൂറി / അസ്ലം മാവിലെ

*എഴുതാതിരിക്കാൻ വയ്യ*
*ഇതെഴുതാതിരിക്കുന്നത്*
*ശരിയുമല്ല*
*ഉറി ചിരിക്കട്ടെ*
*ഊറിയൂറി*
.........................

അസ്ലം മാവിലെ
.........................

1984 ൽ നാമെത്തി.  കൊല്ലപ്പരീക്ഷയ്ക്ക്   കോപ്പിയടിക്കരുതെന്ന സൈക്കളോജിക്കൽ നീക്കത്തിന്റെ ഭാഗമായി രണ്ടെണ്ണം വെച്ച് ഇരുത്തിയ  പിള്ളേരെ പോലെ  ഒരു ബെഞ്ചിൽ രണ്ടേ തലയ്ക്കൽ സുകു മാഷും സു കുമാറി ടീച്ചറും ജഡ്ജസായിരുന്ന്  സ്റ്റേജിന്റെ മുന്നിലും സൈഡിലുമൊക്കെയായി ഡസ്കിന് കൈ മുട്ട് താങ്ങി  കണ്ണും കാതും സ്റ്റേജിലേക്ക് പായിച്ചുള്ള ആ ഒന്നൊന്നര ഇരുത്തമൊക്കെ കണ്ട് ശരിക്കും ഞങ്ങളും ഞെട്ടി. ഇവർക്ക് കാര്യങ്ങൾ അറിയാം, പക്ഷെ വേണ്ടാന്ന് വെച്ചാണ്. ചോദിക്കാനും പറയാനും ആളില്ലല്ലോ.

ഞാനൊക്കെ ആ ക്ലാസിക്കൽ ജഡ്ജസ് സിറ്റിംഗ് കണ്ട് എന്നെത്തന്നെ ഒന്ന് കിള്ളി നോക്കി - ഇതൊക്കെ റിയൽ ലൈഫിലാണോ അതോ  ഒന്നരാടം കാണുന്ന കള്ളക്കിനാവാണോ എന്നൊക്കെ. ചെല്ലപ്പുടിയേ ! ഒക്കുറോ നൊമ്പലൊ ഉണ്ടു - Means Really REAL ! ഇത്രയും കാലം ഇവരൊക്കെ എവിടാർന്നു എന്ന് എല്ലാവർക്കും അന്ന് ചോദിക്കാൻ തോന്നിയിട്ടുമുണ്ട്. ഒരു OSA മാറ്റിക്കളഞ്ഞ മാറ്റങ്ങൾ നോക്കണേ !  എത്ര പ്രൊഗ്രസ്സീവ്  ! എന്നാ പ്രൊവക്കേറ്റീവ് ! എപ്പടി ക്രിയേറ്റീവ് !

PTA ഉണ്ട്, പക്ഷെ സ്റ്റേജിലും ചിത്രത്തിലൊന്നുമില്ല. അതോടെ എവിടെയും OSA ക്കാർ. ഞങ്ങൾക്കാണെങ്കിൽ as a Student അവരോട് അമിതമായ ആദരവും. മൂന്ന് മാസമായാൽ എഞ്ചി. മുഹമ്മദ്, അരമന സീനിയർ, സാപ് , KA മജീദ് ടീമുകൾ OSA ക്കാരാകും. പിന്നെ ഒരു കൊല്ലം കൂടി കഴിഞ്ഞാൽ ഞങ്ങളും.

സ്കൂളിൽ ഇടക്കിടക്ക് OSA ക്കാരെ കാണാം. ശനി നമ്മുടെ സ്കൂളിൽ പ്രവൃത്തി ദിവസവും മോഡൽ സ്കൂളിലും ഗവ. കോളേജിലും അവധി ദിവസവമായത് കൊണ്ട് HK - CH ടീമുകൾ സ്കൂളിലേക്കുള്ള വരവ് ആ ദിവസം തന്നെയാക്കി, അതും ആഴ്ചയാഴ്ച. ഇവരുടെ വരവ് കാണുമ്പോൾ തന്നെ സ്റ്റാഫ് റുമും  ചെറുതായി ഒന്നിളകും.

മീനവെയിലിൽ (Meanwhile) OSA ക്കെതിരെ ചില ചരടു നീക്കങ്ങളും അധ്യാപകരിൽ നിന്നും ഉണ്ടാകുന്ന രൂപത്തിൽ ആ പോക്കുവരവുകളെത്തി എന്ന് പറയാം. സ്കൂളിന്റെ പോരായ്മകൾ അറിയുക എന്നത് കഴിഞ്ഞ്   അവിടെയുള്ള പഠന ഗുണനിലവാരമന്വേഷണത്തിലേക്ക് OSA നേതൃത്വം കൈ വെച്ചപ്പോഴാണ് നടേ പറഞ്ഞ ചരടുവലിവിന്റെ അസുഖം തുടങ്ങിയത്. മിക്ക ക്ലാസ്സുകളിലെയും  ലാസ്റ്റ് ബഞ്ചുകാരുടെ മനസ്സും ഈ സാറന്മാരുടെ കൂടെയായിരുന്നെന്ന് 'എന്നാ കാരണം' എന്ന് പറയാതെ തന്നെ നിങ്ങൾ ഊഹിച്ചു കാണുമല്ലോ. ഞങ്ങളൊക്കെ OSAയിലെത്തിയപ്പോൾ ഇത് പിടുത്തം വിട്ട് വളരെ രൂക്ഷമായിക്കഴിഞ്ഞിരുന്നു. (വിശദമായി പിന്നൊരിക്കൽ ഞാൻ RTPEN ബ്ലോഗിൽ പോസ്റ്റ് ചെയ്യാം ) 

ഇവിടെ ഞാൻ ബോൾഡക്ഷരങ്ങളിൽ പറയുന്നത് 0SAയുടെ അഞ്ചെട്ടു  വർഷങ്ങളിലെ സുവർണ്ണകാലമാണ് പട്ല സ്കൂളിലെ ദൈനം ദിന ഇsപെടലുകളോടൊപ്പം കലോത്സവങ്ങളും ഇക്കാണുന്ന കോലത്തിലെങ്കിലും ആകാൻ പ്രധാന കാരണം. അല്ലായിരുന്നെങ്കിൽ ആ സറാപ്പൻ ഇപ്പഴും പൊന്നടിച്ചു മാറ്റി മുക്കുപണ്ടം കൊടുത്ത്, കസ്റ്റമറുടെ അളിയന്റെ ഇടി കൊണ്ട് സദർ ഉസ്താദിന്റെ ഡ്രായറിൽ നിന്നും അടിച്ചു മാറ്റിയ ചെമന്ന മഷി നിറച്ച ബലൂൺ പൊട്ടിത്തകർന്ന് സ്റ്റേജ് രക്തക്കളമാകുമായിരുന്നു. (ചില കൊല്ലങ്ങളിൽ ആയം തെറ്റി,  ബലൂൺ പൊട്ടാതെ,  മുമ്പിലിരിക്കുന്ന പിള്ളേരുടെ മേത്തേക്ക് കിഡ്നി രൂപത്തിൽ വന്നു വീഴുമായിരുന്നു. "യാള്ളേന്ന് " പറഞ്ഞ് പിള്ളേർ ഒരു ഭാഗത്തേക്ക് ചായുമ്പോൾ കുറഞ്ഞത് മൂന്ന് നാല് ബെഞ്ചിന്റെ കാലൊടിഞ്ഞ് കിട്ടുകയും ചെയ്യും).

OSA Day മാത്രമായിരുന്നു അന്ന് ഒരിൻസ്പിരേഷൻ. മറ്റൊരു പ്രോത്സാഹനവും അക്കാലത്തില്ലല്ലോ. മദ്രസ്സാ വാർഷികത്തിന് പാടുന്ന അഴകേറുന്നോളെ വാ വാ വാ പാട്ടുകളും തത്തമ്മ പ്രസംഗങ്ങളും  മദ്രസ്സാ സാഹിത്യ സമാജവുമല്ലാതെ എന്തായിരുന്നു അന്ന് നാട്ടിലുണ്ടായിരുന്നത് ? ( ഞങ്ങളൊക്കെ ചിമ്മിനി കത്തിച്ച് പ്രസംഗം പറയാൻ പഠിക്കുന്നത്  കേൾക്കാൻ വന്ന് ചിലർ ശണ്ഠ കൂടിയതുണ്ട്. പുറത്തിറക്കിയ കയെഴുത്തു പ്രസിദ്ധികരണങ്ങൾ കീറിക്കളഞ്ഞതുണ്ട്. )

ഒരു വട്ടം സ്കൂളിൽ പുകസയുടെ കുറച്ചധ്യാപകർ ഒന്നിച്ചെത്തിയപ്പോൾ  ഒരു കയ്യെഴുത്തു പ്രസിദ്ധീകരണം അവരിറക്കിയിരുന്നു. കഴിഞ്ഞു അന്നത്തെ സാറന്മാരുടെസംഭാവന. ആ , അവരു തന്നെ ഒരു തെരുവ് നാടകമടക്കം ഒരു സന്ധ്യാ പ്രോഗ്രാമും അവതരിപ്പിച്ചിരുന്നു. കൂട്ടത്തിൽ പറയട്ടെ, OSA Day ചതുർഥി പോലെ കണ്ട് അന്നേ ദിവസം  സ്ഥലം വിട്ടവർ വരെയുണ്ട്  (സഹകരിച്ചവരെയും ഓർക്കുന്നു)

കലാ- സാഹിത്യ- സാംസ്കാരിക രംഗം സജീവമായാലേ FINE ARTS എന്ന ശാഖയ്ക്ക് നിലനിൽപ്പുള്ളു, വല്ലതും വളർച്ച പ്രതീക്ഷിക്കാവൂ,  നാമ്പിടുന്നതും നോക്കി കാത്തു നിൽക്കുന്നതിൽ അർഥവുമുള്ളു. അങ്ങിനെയൊരു തുടക്കമുണ്ടായാൽ തന്നെ  നില നിൽക്കണമെങ്കിൽ തുടർച്ച വളരെ വളരെ ആവശ്യവുമാണ്.

നമ്മുടെ നാട്ടിലെ സാഹചര്യങ്ങളും ഇക്കാര്യത്തിൽ പ്രധാന വിഷയവും ഘടകവുമാണെന്ന് കൂടി പറയട്ടെ. ഞാനവയൊക്കെ മുമ്പും പറഞ്ഞിട്ടും എഴുതിയിട്ടുമുണ്ട്. (തുടരും )   

ഇങ്ങിനെയാണതിന്റെ തുടക്കം, ഇങ്ങനെ പറഞ്ഞാലേ അതിന്റെ തുടക്കത്തെക്കുറിച്ചറിയേണ്ട രൂപത്തിലറിയൂ /അസ്ലം മാവിലെ

*ഇങ്ങിനെയാണതിന്റെ*
*തുടക്കം*,
*ഇങ്ങനെ പറഞ്ഞാലേ*
*അതിന്റെ*
*തുടക്കത്തെക്കുറിച്ചറിയേണ്ട*
*രൂപത്തിലറിയൂ*
.........................

അസ്ലം മാവിലെ
.........................

Fine Arts ലേക്ക് വരുന്നതിന് മുമ്പ് ഒന്നു രണ്ടു കാര്യങ്ങൾ സൂചിപ്പിക്കട്ടെ.

പട്ല സ്കൂൾ ഇയ്യിടെയാണ് ശരിക്കുമൊരു പാഠശാല എന്ന കൺസെപ്റ്റിലേക്ക് വരുന്നത്. ഇല്ലെങ്കിൽ ഇത്തരം ചർച്ചകൾ ഒരിക്കലും തലപൊക്കില്ലല്ലോ.

ഉള്ളത് പറയാം. സംബന്ധിക്കുവാനുള്ള സൗകര്യമുണ്ടായപ്പോൾ ഏതാനും ചില PTA Exe യോഗങ്ങളിൽ എനിക്ക് പങ്കെടുക്കുവാൻ സാധിച്ചിട്ടുണ്ട്. കൂടിയാൽ മൂന്നോ നാലോ യോഗങ്ങളിൽ. Exe വിളിക്കുമ്പോൾ, നാട്ടിലില്ലാത്തത് കൊണ്ട് പിന്നീട് പോകാനും പറ്റിയില്ല. അവിടെയും എന്റെ "ഠ " വട്ട ആലോചനയിൽ ഈ വിഷയങ്ങൾ വല്ലാതെ Strike ചെയ്തിരുന്നില്ലെന്ന് പറയട്ടെ. ഒരു വിഷയത്തിൽ മാത്രം ഞാൻ ഊന്നൽ നൽകി സംസാരിച്ചിട്ടുണ്ട് - വളരെ അത്യാവശ്യമായ ഭൗതിക സൗകര്യങ്ങളൊരുവിധമായി . ബാക്കിയുള്ളത് വരുന്ന മുറയ്ക്ക് നമുക്ക് ചോദിച്ചു വാങ്ങുകയും ചെയ്യാം, ഇനി  അക്കാഡമി കാര്യങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകിയുള്ള പ്ലാനുണ്ടാകണം.

SSLCക്ക് നൂറ് ശതമാനമെന്നത്  നമ്മുടെ കൈ പിടിയിലാണ്. അത് മാസ്സ് സൈക്കോളജിയുടെ അനുരണനമെന്നോണം 100 ഒത്തില്ലെങ്കിലും  95+ ആയിക്കോളും. പക്ഷെ, ക്വാണ്ടിറ്റിയോടൊപ്പം ക്വാളിറ്റിയും കൂടണം.  വിജയശതമാനത്തോടൊപ്പം A+ / A  ഗ്രേഡുകളുടെ എണ്ണവും കൂടണമെന്ന്.

ഇത് പറയുമ്പോൾ ഒരു target മുന്നിൽ കണ്ട് കൊണ്ട് പാഠ്യേതര വിഷയങ്ങൾ ആ ഇരുത്തങ്ങളിൽ എന്റെ തലതിന്നിട്ടില്ല. മറ്റുള്ളവരാൽ ഉന്നയിക്കപ്പെട്ടിട്ടുമില്ല. ഇനി തീർച്ച വാച്ചയായും അവ കൂടി പ്രധാന ഉന്നമായി വരണം.

ഏതൊക്കെ വരണം ? യെസ്, ഇവ തന്നെ :  സ്പോർട്സ്, കല, സാംസ്കാരികം, എഴുത്ത്, പ്രവൃത്തി പരിചയം, പ്രസന്റേഷൻ, സ്കൗട്ട്സ് & ഗൈഡ്സ്, JRC  സേവന കൂട്ടായ്മകൾ ....

ഇതിൽ സ്കൗട്ട്സ് & ഗൈഡ്സിന്റെ കാര്യത്തിൽ വലിയ മുന്നേറ്റങ്ങൾ ഇതിനകം നടന്നു കഴിഞ്ഞു.  അതിന്റെ തലൈവരും സംഘവും  പട്ല സ്കൂളിൽ തന്നെ ഉള്ളത് കൊണ്ട് വലിയ തലച്ചുമടില്ലാതെ തന്നെ ചക്രവാളം നോക്കി പടർന്ന് പന്തലിച്ചു കൊള്ളും. 

ഇനി THM പോയൻറിലേക്ക് വരട്ടെ,  Fine Arts. അൽപം കൂടി കാട് കയറിപ്പറയാതെ വയ്യ എന്ന് തുടക്കത്തിൽ തന്നെ  പറഞ്ഞ് വെക്കട്ടെ.

സ്കൂൾ യൂത്ത് ഫെസ്റ്റിവൽ മലയാളത്തിൽ  1956 മുതലുണ്ട്. അന്നത്തെ DPI വെങ്കിടേശരൻ ഡൽഹിയിൽ നിന്നും കടം കൊണ്ട് വന്ന ആശയമാണിത്. ഇന്റർ യൂനിവേഴ്സിറ്റി ഫെസ്റ്റ് കണ്ടപ്പോൾ ഇതൊന്നു കേരളത്തിൽ പരീക്ഷിക്കാൻ അദ്ദേഹം തീരുമാനിച്ചു. (നമ്മുടെ HK & CH ടീം,  1983 ൽ കാസർകോട് ഗവ. കോളേജിൽ നിന്നും കടം കൊണ്ട് പട്‌ലയിൽ പരീക്ഷിച്ചു ജയിച്ച ഒ.എസ്.എ ഡേ പോലെ).

ഒരു ദിവസത്തെ പ്രോഗ്രാമായിരുന്നു അത്. 1975 ൽ കോഴിക്കോട് ആതിഥ്യമരുളിയതോടെ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ ജനകീയമായി. ഒരുപാടിനങ്ങൾ സ്ഥാനം പിടിച്ചു. രണ്ടായിരത്തി എട്ടോട് കൂടി 8 -  12-ാം ക്ലാസ്സുകാരുടെ ഉത്സവമായി മാറി. ഇടക്കെവിടെയോ വെച്ച് യൂത്ത് പോയി, സ്കൂൾ കലോത്സവമെന്ന പേരു വീണു.   കാരണമെന്തന്നറിയില്ല, 4 കൊല്ലം കലാത്സവം നടന്നുമില്ല. അതിമോഹികളായ രക്ഷിതാക്കളുടെ ആക്രാന്തം കാരണം,  കലാതിലകവും കലാപ്രതിഭയും ചരിത്രത്തിലൊതുങ്ങി. 

However, ഇന്നിപ്പോൾ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്കൂൾ കലോത്സവങ്ങളിലൊന്നാണിത്. 7 ദിവസങ്ങൾ, നൂറ്റിച്ചില്ലാനമിനങ്ങൾ. ട്രോഫികൾ, ക്യാഷവാർഡുകൾ, ഗ്രേസ് മാർക്ക് - ഒന്നും പറയണ്ട, മജാമജ.

1991 ൽ കാസർക്കോടും സംസ്ഥാന കലോത്സവത്തിന് വേദിയൊരുക്കി. ഇഷ്ട ഇനങ്ങൾ താളിപ്പടുപ്പിൽ നടക്കുന്നുവെന്നറിഞ്ഞു അങ്ങട്ട് ബസ് കയറും. അവിടെ എത്തുമ്പോൾ അതൊക്കെ കഴിഞ്ഞ് മദ്ദള മത്സരം തുടങ്ങിയിരിക്കും. ഓടിക്കിതച്ച് മോഡൽ സ്കൂളിലെത്തുമ്പോൾ അനൗൺസ്മെൻറ് കേൾക്കും - ഇപ്പോൾ കഴിഞ്ഞ ഒപ്പന മത്സരത്തിന്  വിധി എഴുതിയ ജഡ്ജസ് ശ്രീ A ,  ശ്രീ B, ശ്രീ C ക്ക് പ്രത്യേകം നന്ദി.

18 വർഷം കഴിഞ്ഞാണിപ്പോൾ വീണ്ടും 2019 ൽ കലാത്സവം കാസർകോടെത്തുന്നത്. അങ്ങിനെയൊന്നുണ്ടായത്  നമ്മുടെ THM ന് ഇതു സംബന്ധമായ കുറിപ്പെഴുതാൻ വക കിട്ടുകയും ചെയ്തു. എനിക്കും അബ്നുവിനും കുറച്ച് കുത്തിക്കുറിക്കാനും അവസരവുമൊത്തു. 

1984 വരെ പട്ല സ്കൂളിൽ  കലോത്സവം ഒരു നേർച്ച തീർക്കൽ ഏർപ്പാടായിരുന്നു. യൂത്ത് ഫെസ്റ്റിവൽ എന്നതിനേക്കാളേറെ  നാട്ടകം എന്നാണ് നാട്ടുകാർ മൊത്തത്തിൽ പറയുക.  മുൻതലമുറയിലെ ഏതോ ഒരു ബാച്ച് കുറെ വർഷങ്ങൾക്ക് മുമ്പ് സ്കൂളങ്കണത്തിൽ  കളർഫുള്ളായി ഒരു പ്രോഗ്രാം നടത്തി പോൽ. അതിൽ ഒരു ഹാസ്യനാടകവും ഉണ്ടായിരുന്നുവത്രെ. ഹാസ്യനാടകം എല്ലാവർക്കും ഇഷ്ടപ്പെടുകയും പ്രോഗ്രാം മൊത്തം നാട്ടകത്തിൽ ചുരുങ്ങുകയും ചെയ്തു.  അത് കഴിഞ്ഞ് പിന്നെ സ്റ്റേജ് പ്രോഗ്രാമൊക്കെ കാരണവന്മാർക്ക് നാട്ടകമായി (നാടകത്തെ കന്നഡയിൽ സദ്ദ് കൂട്ടി പറയുന്നതറിയാമല്ലോ).

1975 ൽ ഞാൻ ഒന്നാം ക്ലാസ്സിൽ. 8-ാം
ക്ലാസ്സ് വരെ ഞങ്ങൾ നാട്ടകം കണ്ടു, ഭാഗമായി (അതിലെ ചില രസകരമായ മുഹൂർത്തങ്ങൾ ഞാനെന്റെ "കുക്കാകുക്ക" പരമ്പരയിൽ മേമ്പൊടിയോടെ എഴുതി പിടിപ്പിച്ചിട്ടുണ്ട്. RTPen Blogൽ അവ കിട്ടും).

വെള്ളി, ഞായർ ദിവസങ്ങളാണ് അന്ന് നമ്മുടെ സ്കൂളിന് ആഴ്ച ഒഴിവ്. നാട്ടകം (യൂത്ത് ഫെസ്റ്റ് ) സ്റ്റാഫ് ചേർന്ന് ഒരു വ്യാഴാഴ്ചയായി നിശ്ചയിക്കും. 80% അധ്യാപകരും ബുധനാഴ്ച ഉച്ചയോടെ തെക്കൻ ജില്ലകളിലേക്ക് കൂര ലക്ഷ്യമാക്കി വണ്ടിവിടും, തിങ്കളാഴ്ച 4 മണിക്ക് മുമ്പ് തിരിച്ചെത്താൻ പാകത്തിന്. ആ ബാക്കി വരുന്ന അധ്യാപകരുണ്ടല്ലോ - അവരാണ് നാട്ടക സംഘാടകർ. ഓർമ്മ വരുന്നില്ല, ഉത്ഘാടന സെഷന്റെ ഒരി പസെയെങ്കിലും ഓർത്തെടുക്കാൻ. കഴിവുള്ള ഒരു പാട് 'അധ്യാപകരുണ്ടായിരുന്നിട്ടും കലോത്സവക്കാര്യത്തിൽ പിന്നോട്ടം നിന്നു കളഞ്ഞു. ചില Exceptions ഉണ്ടാകാം.

മദ്രസ്സ വിട്ട ഉടനെ സ്കൂളിലെത്തുന്ന ഞങ്ങൾ ടങ്കീസ് സഞ്ചി ഒരു സൈഡിലെറിഞ്ഞ് ബെഞ്ചു പിടിച്ചു "റ" മോഡൽ സ്കൂളിനകത്തെ കിഴക്കേ ജനാലകൾക്ക് സമാന്തരമായി ഒരു സ്റ്റേജ് തീർക്കും. പിന്നെ പുറത്തെ വരാന്തയിൽ കിഴക്കു പടിഞ്ഞാറായി ഒരു ക്യൂ. ഓൺ ദ സ്പാട്ടിൽ   പരിപാടിക്ക്  പേര് കൊടുക്കുക. പാട്ട് പാടാം, പ്രസംഗിക്കാം, കഥാ പ്രസംഗവും നടത്താം. ( പ്യൂണ് ശ്രീമതി വീരമ്മ ഒരാഴ്ച  മുമ്പ് മെമ്മൊയൊക്കെ കൊണ്ട് വന്ന് ക്ലാസ്സ് ടീച്ചർ അത് വായിച്ചിരിക്കണം - പക്ഷെ, അതൊക്കെ ആര് ശ്രദ്ധിക്കാൻ. ഏതെങ്കിലും വിരലിലെണ്ണാവുന്നവർ മത്സരത്തിന് നേരത്തെ പേര് കൊടുത്തിരിക്കാം ). ഉച്ച - ഉച്ചരയാകുമ്പോൾ മോണോ ആക്ട്, മിമിക്രി, നാടകം. സ്റ്റേജിൽ അപ്പോൾ തോന്നുന്നത് പറയുക എന്നതാണ് നാടകം, മോണോ ആക്ടുകൾ.  സിനിമാ ഗാനങ്ങളോട് സമുദായവും സാധാരണക്കാരനും പുച്ഛമായത് കൊണ്ട് ഞങ്ങൾക്കും പരമു പുച്ഛമായിരുന്നു. വി.എം. കുട്ടി വിളയിൽ വത്സല പാട്ടുകൾ മാത്രമേ പാടൂ. അത് ലളിത ഗാനമായാലും മറ്റെന്തായാലും.

നാടക ഡയലോഗുകൾ   പച്ചമലയാളവും കുച്ചിൽമലയാളവും കൂടി ചേർത്തത്, സറാപ്പൻ (Goldsmith) പൊന്നിനെ മുക്കാക്കി പറ്റിച്ചതാണ് പ്രമേയം. മറ്റൊരുരു സംഘം വെള്ളിയെ മുക്കുപണ്ടമാക്കുന്നത്. ഒരു പോലീസ് കാക്കി ഉടുപ്പ് കണ്ടക്ടർ തന്നാൽ ഔദ്യോഗിക വേഷത്തിലും, ഇല്ലെങ്കിൽ സിവിൽ വേഷത്തിൽ ഫർളായി ഉണ്ടാകും. പിരിഞ്ഞ മീശ കണ്ടാണ് ഞങ്ങളത് പോലിസെന്ന് ഊഹിക്കുക.    കഥാപാത്രങ്ങളെ അവരുടെ രക്ഷിതാക്കൾ തിരിച്ചറിഞ്ഞ് സ്റ്റേജിൽ കയറി ഓടിച്ച സംഭവം വരെ ഞാൻ കണ്ടിട്ടുണ്ട്.   ഈ വേഷം കെട്ടലിനു മാത്രമായി ചില സ്ഥിരം മുഖങ്ങളുണ്ടാകും. കൂക്കലും വിളിയോടെയോടെയാണ് നാട്ടക പരിപാടി പൊതുവെ  അവസാനിക്കുക. ആർക്കും പരാതിയില്ല, നാലഞ്ച് ബെഞ്ചും ഡസ്കും കാലൊടിഞ്ഞു കിട്ടുമെന്നതാണ് പരിപാടിയനന്തര ഭൗതിക സാഹചര്യ നഷ്ടം. ആരും സബ്ജില്ലയിൽ പോകുന്നില്ല, ജില്ലക്ക് വണ്ടിയും കയറുന്നില്ല. 1983 വരെ സർക്കാരിന്റെ ശമ്പളം വാങ്ങി പട്ല സ്കൂളിലെ അധ്യാപകർ  സ്കൂൾ യുവജനോത്സവ ബാനറിൽ കുട്ടികളെ ഒരുമാതിരി  തേച്ചു എന്ന് ആരെങ്കിലും പറഞ്ഞാൽ - ഞാൻ ഒന്നൊന്നര മൂളൽ മൂളും. 

1984 SSLC ബാച്ചുകാർ അക്കൊല്ലത്തെ കലോത്സവത്തിൽ കുറച്ചു വറൈറ്റി കാണിച്ചു. ആ വർഷം House തിരിച്ചാണ് മത്സരം. 9ൽ പഠിക്കുന്ന ഞങ്ങളോട് 10 കാർ one act Play യുടെ സ്ക്രിപ്റ്റ് ചോദിച്ചു. അതൊക്കെ ആദ്യായിട്ടാണ് ഞങ്ങൾക്ക് അനുഭവം. മാഷന്മാരും മാറിയിട്ടുണ്ട്. അവരിലും ഒരിടണ്ട്രസ്(റ്റ്). നാട്ടിലാരും പോയിട്ടില്ല. മതിലിൽ ചാർട്ട്, തേങ്ങാക്കുല. സ്റ്റേജ് മാറി ആന്റി ഷെൽട്ടർ വെസ്റ്റ് ബ്ലോക്കിൽ. 

ഞങ്ങൾ കഴിഞ്ഞ വർഷത്തെ പോലെ Spot നാട്ടകം തുള്ളാനുള്ള ഏർപ്പാടിലായിരുന്നു. കുറെ ഡയലോഗ് പറയണം, കർട്ടൺ താഴ്ത്തുന്നതിന് മുമ്പ് ചെമന്ന മഷി നിറച്ച ബലൂൺ വയറിൽ കെട്ടിയ സൗകുനെ മതിലിലൊട്ടിച്ചു കീബാറ്റിനിട്ട് കീച്ചി ബലൂൺ പൊട്ടിക്കണം, സ്റ്റേജ് രക്തക്കളമാക്കണം. ആ ഒരു  ആഗ്രഹമാണ് സീനിയേർസും മാഷന്മാരും സ്ക്രിപ്റ്റ് ചോദിച്ചതോടെ പൊളിഞ്ഞു വീണത്. ഒരു ഏകാങ്കം ഞങ്ങൾ മൂന്ന് നാലു പേരിരുന്ന് എഴുതി കൊടുക്കേണ്ടി വന്നു. സറാപ്പൻ കഥാപാത്രമില്ല, പക്ഷെ കഥയുടെ പ്രമേയം  പറ്റിക്കൽ -സ് തന്നെ.

1984 കലാത്സവം അങ്ങിനെ ഒരു ചെയിഞ്ച് വരാൻ കാരണമുണ്ട്. 1983 ലാണ് OSA നിലവിൽ വരുന്നത്. (രൂപീകരണ യോഗത്തിൽ 8, 9, 10 ക്ലാസുകാരും പങ്കെടുത്തിട്ടുണ്ട്. ) ആ വർഷത്തെ OSA Day എന്തുകൊണ്ടും സൂപ്പർ. ഒന്ന് രണ്ട് മണിക്കുർ നാടകം, നൃത്തം, ഒപ്പന, പാട്ടിനൊരു വിലക്കുമില്ല. പിന്നണിയിൽ മൂസിക്. ചെണ്ട, മദ്ദളം, പീപ്പി, പിപ്പിപ്പീ എല്ലാം. നാടകത്തിന് സംവിധാന റോൾ അധ്യാപകർ, മൃദംഗത്തിന് മുന്നിൽ ടീച്ചറുടെ ഭർത്താവ്. സ്റ്റേജ്, തോരണം, ഒന്നും പറയണ്ട.

ഇതൊക്കെ കണ്ട് അധ്യാപകർ പഴയഅടവ് നിർബന്ധിതമായി മാറ്റേണ്ടി വന്നു. അങ്ങിനെ മാറി വന്നതാണ് 1984 മുതലുള്ള സ്കൂൾ കലോത്സവങ്ങൾ. പിന്നീട് ഒരധ്യാപകനും യൂത്ത് ഫെസ്റ്റിവലിന് തൂക്കായി ലീവ് എടുത്ത് വീട്ടിൽ പോയിട്ടില്ല. കലോത്സവത്തെ നാട്ടകമെന്ന് നാട്ടുകാരും പറഞ്ഞിട്ടില്ല

ത്രുടരും)

പ്ലസ് ടു ബാച്ച് 2011 ടു 2013 / അബ്നു പട്ല

തലകെട്ട്  ചോദ്യ ചിഹ്നമായ ഒരു കുറിപ്പ് ഇന്ന് നമ്മുടെ നാട്ടിലെ  സോഷ്യൽ മീഡിയയിൽ പറന്നു കളിക്കുന്നു .... അത് കൊണ്ട് ഈ കുറിപ്പിനും ഇതേ തലക്കെട്ട് കൊടുക്കുന്നു സമ്മതം ഇല്ലാതെ  തന്നെ ...
(തലക്കെട്ട് മാത്രമല്ല ചില വരികളും)

*എന്ത് കൊണ്ട് ?*
*എന്ത് കൊണ്ടിങ്ങനെ ?*
*ഇങ്ങനെയല്ലെങ്കിൽ*
*മറ്റെങ്ങനെ ?*

*പ്ലസ് ടു ബാച്ച് 2011 ടു  2013*
------------------------------

അതെ ഈ കാലയളവിലെ അധ്യാപകന്മാരിൽ ഒരാൾ പോലും ഇന്ന് ഇവിടെ ഇല്ലാത്തത് കൊണ്ട് ഈ കുറിപ്പിന് എത്ര ശ്രദ്ധ ലഭിക്കുമെന്ന് അറിയില്ല  ഞങ്ങളുടെ പരിശ്രമം  ഒരാൾ പോലും ഇന്ന് ആഗ്രഹിച്ചത്  കൊണ്ടാണ് മറുപടി പോലെ ഒരു കുറിപ്പ്. ആരെയും കുറ്റപെടുത്താനല്ല പക്ഷെ ചില കാര്യങ്ങൾ  പറയാതിരിക്കാൻ പറ്റുന്നില്ല അത്രേം ഊണും ഉറക്കവും  ഈ സ്വപനത്തിന്റെ പിറകിൽ സമർപ്പിച്ചത് കൊണ്ട് മാത്രം ഇവിടെ ചിലത് പറയട്ടെ
ഞങ്ങളുടെ പരിശ്രമത്തെ പുകഴ്ത്തുന്നതല്ല എന്ന് ആദ്യമേ ഓർമപ്പെടുത്തുന്നു  ( ഞങ്ങൾ എന്ന് പറഞ്ഞാൽ 2011 മുതൽ 2013 പ്ലസ്ടു പട്ലയിൽ   പഠിച്ച എല്ലാ വിദ്യാർത്ഥികളും പിന്നെ 2013 SSLC ബാച്ച്  വിദ്യാർത്ഥികളും.)
മറിച്ചു ഇത് പോലെ ഒരാളെങ്കിലും ഇത്തരം ഒരു എഴുത്തു  പോലെയെങ്കിലും ഞങ്ങളുടെ കൂടെ അന്ന്  ഉണ്ടായിരുന്നെങ്കിൽ  .
ഇപ്പൊ നിങ്ങളുടെ ഈ എഴുത്തിനു പകരം സംസ്ഥാന കലോത്സവത്തിലെ വിജയികൾക്ക്  അഭിവാദ്യമർപ്പിച്ചു ഒരു വലിയ പാരഗ്രാഫ് എഴുതാമായിരുന്നു ..

ഞങ്ങളുടെ കൂടെ എന്തിനും കൂടെ ഉണ്ടായിരുന്നു അദ്ധ്യാപകരിൽ ഒരാൾ പറഞ്ഞ പോലെ

_" എന്നെങ്കിലും  നിങ്ങളുടെ നാട്ടുകാർ  നിങ്ങളെ പോലെ ആഗ്രഹിക്കുമെന്ന്  തീർച്ചയായും അപ്പോൾ മാത്രമേ നിങ്ങൾക് വിമർശനത്തിന് ശക്തി ഉണ്ടാവുകയുള്ളൂ._
_ഭാവിയിലെ വിദ്യാർത്ഥികൾക്ക് അത് കൊണ്ട് കുറച്ചെങ്കിലും_ _സഹായമാവുകയുള്ളു എന്ന്"_

തീർച്ചയായും ഇപ്പോഴാണ് അവസരം എന്ന് തോന്നുന്നു ഇനി രണ്ടായിരത്തി പന്ത്രണ്ടിലേക് പോകാം ഞമ്മളുടെ സ്കൂളിന് വേണ്ടി സംസ്ഥാന തലത്തിൽ കലോത്സവത്തിൽ രണ്ടു A ഗ്രേഡ് ലഭിച്ച വർഷം ആദ്യമായാണോ എന്ന് എനിക്ക് അറിയില്ല പക്ഷെ ഒന്ന് ഉറപ്പുണ്ട് അവസാനമായിട്ട് ആ സംഭവം മാത്രമാണ് അത് നമ്മുടെ നാട്ടുകാരൻ അല്ല എങ്കിലും പട്ല ഓരോ വിദ്യാർത്ഥിയും അന്ന് സന്തോഷിച്ചു അദ്ധ്യാപകരും....

ഇനി കായികം
സംസ്ഥാന തല കായിക മേളയിൽ ഇതേ കാലയളവിൽ 5000 മീറ്റർ മരത്തോണിൽ സംസ്ഥാന കായിക മേളയിൽ പങ്കെടുത്തത് ഇതേ കാലത്തായിരുന്നു അത് നമ്മുടെ നാട്ടുകാരനാണ് .

ഇത് രണ്ടും വ്യക്തികളുടെ മാത്രം കഴിവാണ് അതിനു മൊത്തം ക്രെഡിറ്റും ഏറ്റെടുക്കുന്നത് എന്തിനാണ് എന്ന് നിങ്ങൾ തന്നെ ചോദിക്കുന്നുണ്ടാകും തീർച്ചയായും അവരുടെ മാത്രം കഴിവാണ് പക്ഷെ അത്തരം ഒരു പ്ലാറ്റഫോമിൽ എത്തുന്നത് വരെ ഞങ്ങൾ കൂടെ ഉണ്ടായിരുന്നു വിജയം ദൂരമാണെന്നറിഞ്ഞിട്ടും ജയിക്കാൻ വേണ്ടി ആത്മാർഥമായി ഞങ്ങൾ  ആഗ്രഹിച്ചിരുന്നു ..
ഒരു പക്ഷെ അന്ന് അതെ വേദിയിൽ ചില ഗ്രുപ്പ് ഐറ്റം ഉണ്ടാകുമായിരുന്നു
ഹയർ സെക്കൻഡറി വിഭാഗം മുഖാഭിനയം ,കോൽക്കളി ,വട്ടപ്പാട്ട് ,ഹൈ സ്കൂൾ വിഭാഗം വട്ടപാട്ട്

എത്താതെ പോയതിനു ഒരേ ഒരു കാരണം  ഇത് പോലുള്ള സപ്പോർട് പിന്നെ അതിനു വേണ്ടി വരുന്ന ചിലവ്

അല്ലാതെ  ഞങ്ങളോട് അന്നത്തെ PTA പ്രസിഡന്റ്‌ പറഞ്ഞത് പോലെ ആദ്യം വിജയിച്ചിട്ട് വാ എന്നിട്ട് തരാം അതിനു വരുന്ന ചിലവ്   അതിനർത്ഥം തോറ്റാൽ ഞങ്ങൾക്ക് പോയി എന്നാണോ എന്ന് അറിയില്ല എന്തായാലും ആ വാക്ക് മനസ്സിൽ കൊണ്ടത് മാത്രമാണ്  ഈ കുറിപ്പ്.
ഒരാളെയും കുറ്റപ്പെടുത്താനല്ല ഇനിയെങ്കിലും നമ്മൾക് എന്തെങ്കിലും  നേടണമെങ്കിൽ ഇത്തരം കടുത്ത തീരുമാനത്തിൽ മാറ്റം വരുത്തണം  സ്കൂളുകളിൽ പുസ്തക പുഴുക്കൾ മാത്രം മതി അല്ലെങ്കിൽ നൂറു ശതമാനം വിജയം മാത്രം മതി എന്ന് കരുതി ആവാം ഇങ്ങനെ പറഞ്ഞത് എന്താണെന്ന് അറിയില്ല  .

ഇതേ കാലത്ത് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന അദ്ധ്യാപകർ വളരെ ഉത്സാഹത്തോടെ ഞങ്ങളുടെ  സ്വപ്നത്തിനു കൂടെ നിന്നു... കേരളത്തിലെ തന്നെ മികച്ച പരിശീലകന്മാരെ  ആയിരുന്നു അന്ന് ഞങ്ങൾ ഒരുക്കിയിരുന്നത്  ( അത് കൊണ്ടാണ് ആ വേദിയിൽ ഞങ്ങളും ഉണ്ടാകുമായിരുന്നു എന്ന് പറഞ്ഞത് ) അവരുടെ വരവ് പോകും പിന്നെ ഭീമമായ ഫീസും ഒരു സാധാ ഗവണ്മെന്റ് സ്കൂളിന് താങ്ങാൻ പറ്റുന്നതിലപ്പുറമാണ്  എന്ന്  അവർ പറഞ്ഞപ്പോൾ ഞങ്ങൾക്ക് ഉറപ്പ് ഉണ്ടായിരുന്നു പട്ലക്കാർ കൂടെ ഉണ്ടാകുമെന്ന് അത് കൊണ്ട് ഞങ്ങൾ കൈ നീട്ടി ഇറങ്ങി
ആദ്യം PTA യെ കണ്ടു
പ്രസിഡന്റ്  അപ്പോഴാണ് ഈ ഉത്തരം തന്നത്  എന്നിട്ടും ഞങ്ങളെ കൂടെ നിന്ന ചിലരുണ്ട്
വസ്ത്രം സ്പോൺസർ ചെയ്ത ലക്കി സ്റ്റാർ ക്ലബ്‌.ഈസ്റ്റ്‌ ലൈൻ . ഇന്നും ആ വസ്ത്രങ്ങൾ  തന്നെയാണെന്ന് തോന്നുന്നു  യുവജനോത്സവ വേദികളിൽ നമ്മുടെ അനിയന്മാർ ദഫ്‌മുട്ടിനും വട്ടപ്പാട്ടിനും  ഉപയോഗിക്കുന്നത്.
അതുപോലെ തന്നെ
സാമ്പത്തികമായി സഹായിച്ച ചില വ്യക്തികൾ
അവരെ പോലുള്ള സംഘടനകളാണ് വ്യക്തികളാണ് ഓരോ നാടിന്റെയും വിജയം ...അത് കൊണ്ട് തന്നെ

സബ്ജില്ലയിൽ ഗ്രൂപ്പ്‌ മത്സര വിജയികളെ പറയുമ്പോൾ എന്നും കേൾക്കുന്ന ചെമ്മനാട്, തൻബീഹ്,ചട്ടഞ്ചാൽ എന്നീ പേരുകൾക് ഇടയിൽ പട്ല കേറി വന്നു ചുരുങ്ങിയ ചിലരുടെയും മാത്രം വിജയം

സബ് ജില്ലയിൽ വിജയിച്ചിട്ടും ജില്ലയിൽ മത്സരിക്കാൻ ഗുരുക്കൻ മാർക് ഫീസും ചിലവും മുഴുവൻ ഫീസ് കൊടുക്കാൻ പറ്റാഞ്ഞിട്ട്  ഗുരുക്കന്മാരുടെ പരിശീലനം ഇല്ലാതെ തന്നെ ജില്ല കലോത്സവത്തിൽ  ഇറങ്ങി.
അവരുടെ സാന്നിദ്യം ഇല്ലാത്തത് കൊണ്ട് മാത്രം അത് A ഗ്രേഡ് മാത്രം ലഭിച്ചു തിരിച്ചു വന്നു.... അപ്പീൽ കൊടുത്താൽ സംസ്ഥാന കലോത്സവ വേദിയിൽ എത്താമായിരുന്നു
പരിശീലകർ ഇല്ലാത്തത് കൊണ്ടും ചിലവിനുള്ള സാമ്പത്തികം ഇല്ലാത്തത് കൊണ്ടും ഉപേക്ഷിച്ച സ്വപ്നം ......

അന്ന് ഞങ്ങൾക്ക് ഒരു പ്രതീക്ഷ  ഉണ്ടായിരുന്നു എപ്പോഴെങ്കിലും ഞമ്മുടെ സ്കൂളും ..........

നാളെ വരാൻ പോകുന്ന ഇതേ തലകെട്ടിൽ ഉള്ള രണ്ടാം ഭാഗത്തിന് മുമ്പ് ഇത് പോലെ ഒന്ന് നടന്നത് ഓര്മിപ്പികൾ മാത്രമാണ് ...

ഓർക്കാൻ ഇഷ്ടമില്ലാത്ത ഈ അദ്ധ്യായം വീണ്ടും തുറപ്പിച്ചതിനു ഈ ബാച്ചിലെ എല്ലാ സഹപാഠികളോടും മാപ്പ് ചോദിക്കുന്നു....

ഇനിയുള്ള ഓരോ നീക്കവും ഞമ്മൾ ഒരുമിച്ചാവട്ട

ചർച്ചകളും കുറിപ്പുകളും തുടരുക തന്നെ ചെയ്യുക കായിക ട്രാക്കുകളിലും 
കലോത്സവ വേദികളിലും
നമ്മുടെ നാടിന്റെയു സ്കൂളിന്റെയും പേര് ഉയർന്നു വരിക തന്നെ വേണം... .

  ----- *അബ്‌നു*---

എന്ത് കൊണ്ട് ? എന്ത് കൊണ്ടിങ്ങനെ ? ഇങ്ങനെയല്ലെങ്കിൽ മറ്റെങ്ങനെ ?/ അസ്ലം മാവിലെ

*എന്ത് കൊണ്ട് ?*
*എന്ത് കൊണ്ടിങ്ങനെ ?*
*ഇങ്ങനെയല്ലെങ്കിൽ*
*മറ്റെങ്ങനെ ?*

*അസ്ലം മാവിലെ*

സ്കൂൾ കലോത്സവങ്ങളിൽ നമ്മുടെ സ്കൂളിന്റെ സാന്നിധ്യം എന്ത്കൊണ്ടില്ല എന്ന ചോദ്യത്തിനുത്തരം അവനവനറിയാം. അതേ പോലുള്ള മറ്റൊരു ചോദ്യമാണ് അത്ലറ്റിക് ഉൾപ്പടെയുള്ള കായിക വിഭാഗങ്ങളിലും നമ്മുടെ കുട്ടികളെന്തുകൊണ്ടുണ്ടാകുന്നില്ല എന്നതും.

ഉള്ളത് പറയാമല്ലോ, രണ്ടും കുറച്ച് മെനക്കെട്ട ഏർപ്പാടാണ്. Sports നെ പറഞ്ഞാൽ fine Arts എളുപ്പം മനസ്സിലാകും. Sports ൽ തുടങ്ങാം.

സ്കൂൾ തലത്തിൽ Sports Day എന്നൊന്നുണ്ട്. അതിന്റെ കലണ്ടർ നേരത്തെ തന്നെ സർക്കാർ നിശ്ചയിക്കും.  ബന്തടുക്ക സ്കൂളുകളിലെയൊക്കെ രക്ഷിതാക്കളും കുട്ടികളും സ്കൂൾ പടി കയറുന്നത് തന്നെ  ഈ കലണ്ടർ കയ്യിലും കക്ഷത്തും വെച്ചു കൊണ്ടാണ്.

സ്കൂൾ ഒന്നാം തിയതി മുതൽ അവിടെ PT അധ്യാപകരുടെയും സഹ അധ്യാപകരുടെയും നേതൃത്വത്തിൽ പരിശീലനം തുടങ്ങും. അവർക്കൊരു ലക്ഷ്യമുണ്ടാകും, കഴിഞ്ഞവർഷത്തെക്കാളും മികച്ചതാകണം ഇക്കുറി ഫലങ്ങൾ. അതിനനുസരിച്ചുള്ള ടൈംടേബിളും സ്കോർ ബോർഡും ഇരുത്തവും ഇരുത്താവലോകനങ്ങളും നടക്കും. കുട്ടികളെ ABC കാറ്റഗറിയാക്കും. തൂക്കം, ഭക്ഷണം, കായികക്ഷമത, ആരോഗ്യം ഇതൊക്കെ വിഷയമാകും. നിരന്തര പരിശിലനങ്ങൾ, കഠിന പ്രയത്നങ്ങൾ, ഹോം എക്സർസൈസുകൾ ...

നമ്മൾ ? കുറഞ്ഞ കൊല്ലം മുമ്പ് നടന്നത് ഓർമ കാണുമല്ലോ. "ആഹാ, അത് ശരി, എന്നാൽ ഇന്ന് സ്പോർട്സ് ഡേ ആക്കിക്കളയാം " എന്നധികാരികൾ പറയുമ്പോൾ, "എന്തൊരു വിശാലത ! ശരിക്കും സ്പാർട്സ് ഇന്നലെയാക്കാമായിരുന്നു " എന്ന് പറയുന്ന നമ്മളായാൽ,  ദേഷ്യം വന്നാലും വേണ്ടില്ല വന്നില്ലെങ്കിലും വേണ്ടില്ല, ഉള്ളതങ്ങട്ട് ഞാൻ പറയാം -  നമ്മുടെ പിള്ളേർ എഡ്ക്കെട്ടീറ്റ് ബൂണോണ്ടാഉന്നല്ലാതെ സ്പാർട്സ്-ല് ഇര്ക്കുംകാലം സുദ്രാഗേല. 

എപ്പഴാ ചാട്ടം ? അടുത്ത ആഴ്ച. അതിന് ഒരാഴ്ച മുമ്പെങ്കിലും ചാട്ടം തുടങ്ങണ്ടേ. ഇന്ന് ചാടിയാൽ, നാളെ കൈ കാൽ വേദനിക്കും. അതെന്താ കാരണം ? ഇത് വരെ ചെയ്യാത്ത ഏർപ്പാട്. ആ വഴിയിൽ രക്തം സ്പിഡിൽ ഒഴുകാൻ നോക്കും. മസിലാണെങ്കിൽ കട്ടക്ക് കട്ടയായിരിക്കും. ഒന്ന് അയയണ്ടേ ? കയ്യും കാലും മടങ്ങണ്ടേ ? സ്വാഭാവികമായും വേദന അനുഭവപ്പെടും.  ഇന്ന് ചാടിയ നീളം നാളെ കിട്ടണമെന്നില്ല. മറ്റന്നാൾ തീരെ ഉണ്ടാകില്ല. ഷോട്ട്പുട്ടൊക്കെ മൂന്നാം ദിവസം കയ്യിന്ന് അറിയാതെ വഴുതി വീണ് ചുണ്ടമ്പെർള് ചൂട്ട കെട്ടും.

ഇതൊക്കെ ഒരു ശരീരത്തിൽ സ്വാഭാവികം. പിന്നെ പിന്നെ ശരിയായി വരും. ശരിരം പാകമായി വരും. പരിശിലനം എന്ന് പറഞ്ഞാൽ അതാണ്. രണ്ടാഴ്ച മുമ്പ് പരിശിലിച്ചാൽ റിസൾട്ട് പതിന്മടങ്ങ്. രണ്ട് മാസം മുമ്പായാലോ അദ്ദിച്ചാന്റെ പാകം വരും.

നിങ്ങൾ വിചാരിക്കുന്നുണ്ടോ പട്ലയിലെ ഫുട്ബോൾ താരങ്ങൾക്ക് പേരും പെരുമയും ഒറ്റ രാത്രി കൊണ്ടുണ്ടായതെന്ന്. നിരന്തര പരിശിലനം. പോരാ. ലക്ഷ്യം നേടിയേ അടങ്ങൂ എന്ന വാശി. ഇഛാശക്തി. റോമാ നഗരവും ഒറ്റ പാതിരാവിൽ പടുത്തുയർത്തിയതല്ലല്ലോ.

അപ്പോൾ Sports ൽ പട്ല സ്കൂൾ സീറോ ആകാൻ കാരണം പിടി കിട്ടിയല്ലോ. PT വിഭാഗം, സ്ഥാപന മേധാവി, അധ്യാപക വൃന്ദം, രക്ഷകർതൃ കൂട്ടം, കൂട്ടായ്മ - ഇതെല്ലാം ഒന്നിരുന്നേ, കുറച്ച് കൂടിയാലോചിച്ചേ. ഇന്ന് തന്നെ മാങ്ങ പറിക്കണമെന്ന വാശി അരുത്. അത് കേൾക്കുമ്പോൾ എന്നാ എന്റെ വക "തോട്ടി" ഫ്രി എന്ന സ്പോർണർഷിപ്പിനു മുതിരുകയും ചെയ്യരുത്. പതിയെ, ദീർഘ കാലാടിസ്ഥാനത്തിൽ, PT മാഷ് സ്ഥലം മാറിപ്പോയാലും അടുത്തയാള് സൗകര്യപൂർവ്വം ഏറ്റെടുക്കാവുന്ന വിധത്തിൽ ഒരു PLAN തയ്യാറാക്കി നോക്കൂ. മുള്ളുവരെ തിന്നാം.

അപ്പോൾ ഉടക്കിന്റെ അപ്പീസ് തുറക്കും. മുടക്കിന്റെ ട്രപ്പീസ് കളിക്കും. ഗ്രൗണ്ടില്ല, വീതി കുറവ്, വിസ്തീർണ്ണം കമ്മി എന്നൊക്കെ. സ്വപ്നങ്ങൾക്ക് സ്വർണ്ണച്ചിറകുണ്ടാക്കാൻ മിടുക്കനായ PT അധ്യാപകരുണ്ടെങ്കിൽ അതൊരു കാരണമേയാകില്ല. ഇപ്പഴുള്ള സാറാണെങ്കിൽ ഏറ്റവും അനുയോജ്യനാണ് താനും. 

ഇത് തന്നെ ധാരാളമെങ്കിൽ THIM പറഞ്ഞ FINE ARTS ലേക്ക് കടക്കുന്നില്ല. അതു ഒന്ന് മുറിച്ച് കയ്യിൽ തരണമെങ്കിൽ നാളെയ്ക്ക് കൂടി കാത്തിരിക്കുക, കുറച്ചധികം പറയാനുണ്ടാകും.

നമുക്കുമുണ്ടൊരു ഹയർ സെക്കണ്ടറി / THM പട്ല

-*നമുക്കുമുണ്ടൊരു ഹയർ സെക്കണ്ടറി*

പട്ലയുടെ ഹൃദയഭാഗത്ത് ഏറെ അഭിമാനത്തോടെ തലയുയർത്തി നില്ക്കുന്ന നമ്മുടെ ഹയർ സെക്കണ്ടറി സ്കൂൾ നമുക്കേവർക്കും അഭിമാനമാണ്.

അതിന്റെ കവാടം മുതലങ്ങോട്ടുള്ള ഓരോ കാൽവെപ്പും നമ്മെ കോരിത്തരിപ്പിക്കുന്നു.
എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടും കൂടിയ നമ്മുടെ സ്കൂളിന്റെ ഈ പുരോഗതിയിൽ നാട്ടുകാരായ നമ്മുടെ ഓരോരുത്തരുടെയും വിശിഷ്യാ ഗൾഫുകാരുടെയും വിയർപ്പിന്റെ അംശങ്ങളുണ്ടെന്നത് വിസ്മരിക്കാവതല്ല.

നല്ലൊരു ഗ്രൗണ്ടും സ്റ്റേജും അതിന്ന് മാറ്റ് കൂട്ടുന്നു.
അദ്ധ്യാപക - രക്ഷാകർതൃ സംഘടനയുടെയും നിർലോഭ പിൻതുണയുമുണ്ട്.

എന്നാൽ, നിർഭാഗ്യമെന്ന് പറയട്ടെ എസ്.എസ്.എൽ.സി, പ്ലസ് ടു യിലെ വിജയശതമാനം ഉയർത്താൻ വേണ്ടി നാം പല വഴികളും കുതന്ത്രങ്ങളും പയറ്റുമ്പോഴും നമുക്ക് കടന്ന് ചെല്ലാൻ പറ്റാത്ത ഒരു മേഖലയാണ് സ്കൂൾ കലോത്സവങ്ങളിലെ നമ്മുടെ സ്കൂൾ വിദ്യാർത്ഥികളുടെ സാന്നിധ്യം

സംസ്ഥാന സ്കൂൾ കലോത്സവം കഴിഞ്ഞത് ഈയ്യിടെയാണല്ലോ. അതാണിപ്പോൾ ഇവിടെ സ്മരിക്കാനും ചൂണ്ടിക്കാട്ടാരനും കാരണമായത്. നമ്മുടെ വിദ്യാർത്ഥികൾ സബ് ജില്ല, ജില്ലാ അടിസ്ഥാനത്തിൽ പ്പൊലും ഏതെങ്കിലും ഒന്ന് രണ്ട് ഇനങ്ങളിൽ വരെ പങ്കെടുത്തതായി കണ്ടില്ല.

സ്റ്റേജും സ്റ്റേജിതരവുമായി 200ൽപരം മത്സരങ്ങളുണ്ടായിട്ടും പട്ല സ്കൂളിന്റെ സംഭാവന പൂജ്യമായിരുന്നുവെന്നത് നമ്മെ ഏവരെയും ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.
സംസ്ഥാന കലോത്സവത്തിൽ കാസർഗോഡ് ജില്ല പത്താം സ്ഥാനത്ത് താരതമ്യേന നല്ല പോയിന്റുമായി നില്ക്കുമ്പോഴും ഈ ജില്ലയിലെ നമ്മുടെ ചുറ്റുവട്ടത്തുള്ള എല്ലാ ഹൈസ്കൂളുടെയും നേട്ടങ്ങളെ പത്ര താളുകളിലൂടെ കാണുകയും വായിച്ചെടുക്കുകയും ചെയ്യുമ്പോൾ നാടിനെയും സ്കൂളിനേയും സ്നേഹിക്കുന്ന പൂർവ വിദ്യാർത്ഥിയെന്ന നിലക്ക് നമുക്കതിൽ പരിഭവിക്കേണ്ടി വരും'

അടുത്ത വർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിന്ന് ആതിഥ്യമേകുന്നത് നമ്മുടെ ജില്ലയാകുന്നതിനാൽ ഏത് വിധേനയും നമ്മുടെ സ്കൂളിന്റെ സാന്നിധ്യം അറിയിക്കേണ്ടതത്യാവശ്യമാണ്. അതിന്ന് വേണ്ടി അധ്യാപകരും വിദ്യാർത്ഥികളും നാട്ടുകാരും കൈകോർത്താൽ നമുക്ക് തന്നെ അഭിമാനിക്കാം.
നാട്ടിൽ പല തരത്തിലുള്ള കഴിവുകളുമുള്ള അനേകം പ്രതിഭകളായ പൂർവ്വ വിദ്യാർത്ഥികളുമുണ്ട്. അവരുടെയും സേവനം നല്ല രീതിയിൽ ഉപയോഗപ്പെടുത്തിയാൽ നല്ലൊരു വാർത്തയുമായി നമ്മുടെ സ്കൂൾ കുട്ടികൾ വരുന്നത് നമുക്ക് കാണാം.

ഇനിയങ്ങോട്ട് PTA യുടെ പ്രവർത്തനം അതിന്ന് വേണ്ടിയാകട്ടെ !!
സ്കൂളിന്റെ വിജയം നമ്മുടെ ഓരോരുത്തരുടെയും വിജയമാണെന്ന യാഥാർത്ഥ്യം എല്ലാവരുടെയും മനസ്സിലുണ്ടാകട്ടെ

കുട്ടികളിലുള്ള കലാവാസനയെ ഉത്തേ ജിപ്പിക്കാനുള്ള ശ്രമം നമുക്കെത്രയും വേഗം തുടങ്ങാം

ശുഭവാർത്തയുടെ പ്രതീക്ഷയുമായി നിങ്ങളിലെക്ക് സമർപ്പിക്കുന്നു.

          T H M Patla


Monday 10 December 2018

നഗരക്കാഴ്ച: കടിച്ചതുമില്ല പിടിച്ചതുമില്ല / എ എം. പി.

*നഗരക്കാഴ്ച* :

*കടിച്ചതുമില്ല*,
*പിടിച്ചതുമില്ല*

...................
എ എം. പി.
...................

ഇന്നലെ രാത്രി മൂന്ന് സ്ത്രീകളുടെ  ശണ്ഠ. നഗരമധ്യത്തിൽ. വിഷയം ഇത്രമാത്രം - ഒരാളുടെ സ്കൂട്ടിക്ക് തൊട്ടു പിന്നാലെ വന്നവളുടെ സ്കൂട്ടി അൽപമങ്ങ് ഉരസി. പണ്ടാരം, വന്ന് നിന്ന് ഒച്ച വെക്കാൻ തുടങ്ങിയത് ബസ്സ്റ്റാണ്ടിന്റെ ഒത്ത നടുവിലും. ഉരസപ്പെട്ടവൾ തടിച്ചി പെണ്ണ്. ഉരസിയത് മെലിഞ്ഞുണങ്ങിയ ഒരു നാടൻ പെണ്ണും.

കന്നഡയും ഇംഗ്ലീഷും മാറിമാറി പറഞ്ഞാണ് തടിച്ചി കത്തികസറുന്നത്. എമ്മാതിരി ഫയറിംഗ് !. ഇതൊക്കെ ഭവ്യതയോടെ ഒരു വലിയ അബദ്ധം ചെയ്തു പെട്ടുപോയകണക്ക് സ്ലിം ഗേൾ കേട്ടുകൊണ്ടിരിക്കുന്നു. മറ്റവൾ ശ്വാസം വിടാൻ വേണ്ടി ഫയറിംഗ് നിർത്തുന്ന വേളകളിൽ ഈ പാവം നമ്പർ പ്ലേറ്റ് തടവി ഒന്നും പറ്റിയില്ലല്ലോ ക്ഷമിച്ചു കള എന്ന് പതിയെ പറയുകയും ചെയ്യുന്നുണ്ട്. പക്ഷെ, അതൊന്നും കേൾക്കാനുള്ള മനസ്സില്ലാതെ,  തടിച്ചി മാഡം അർണബിനെ പോലെ തോക്കിൽ കയറിയാണ് വെടി. 300 രൂപ കയ്യിൽ പിടിച്ച് പ്രശ്നം ഒതുക്കാനും ആ മെലിച്ചിപ്പെണ്ണ് വൃഥാ ഒരു ശ്രമവും നടത്തി നോക്കി. നോട്ട് നോക്കി തടിച്ചി അട്ടഹസിച്ചു - 300 റുപ്പീസ്, വു വിൽ കോംപ്രമൈസ് വിത് ദിസ് സില്ലി മണി ?  അപ്പോൾ അവളുടെ ലക്ഷ്യം  വലിയ സംഖ്യ എന്ന് തന്നെ.

തൊട്ടപ്പുറത്തെ കടക്കാരൻ ഫ്രീയായപ്പോൾ അയാളെയും കൂട്ടി ഞാൻ  സ്പോട്ടിൽ എത്തി. വേറൊന്നിനുമല്ല ആ എമണ്ടൻ ഇംഗ്ലിഷ് കേട്ട് എന്തെങ്കിലും പഠിക്കാൻ പറ്റിയത് കിട്ടുമോന്നറിയാൻ. ഞങ്ങളെത്തിയപ്പോൾ അവൾ കന്നഡയിലാണ് കോളാമ്പി ട്യൂൺ ചെയ്തിട്ടുള്ളത്.  ആ പറച്ചിൽ കേട്ട് എന്നോട് സഹകടക്കാരൻ പറഞ്ഞു : സ്ഥലം വിട്ടോ ഭയ്യാ, ഇതൊരു മാതിരി ക്ലാസ്സിക് മൈസൂറൻ തെറിയാണ്.

ഇരുപത് മിനിറ്റ് കഴിഞ്ഞു കാണും കുറച്ച് പ്രായമായ ഒരു സ്ത്രി മറ്റൊരു സ്കൂട്ടിയിൽ വന്നിറങ്ങി. ത്സടുതിയിൽ  തടിച്ചിയോട് നേർക്കടുത്ത് ഒരു കാറൽ : നിന്റെ പറച്ചിൽ മൊത്തം ഞാൻ മൊബൈലിൽ കേട്ടു കൊണ്ടാണ് ഇങ്ങോട്ട് വന്നത്. അത് കേട്ടപ്പോൾ ഞാൻ വിചാരിച്ചു നിന്റെ കയ്യോ കാലോ ഒടിഞ്ഞു വണ്ടിയിൽ തൂങ്ങിക്കിടക്കുകയാണെന്ന്.  ജാസ്തി മാത നാഡ ബേഡ. എന്നിട്ട് മകളോട് : വണ്ടി എടുക്കടീ സ്പോട്ടീന്ന്.
അപ്പോൾ തടിച്ചി: ഇതിന്റെ കാശ് ആര് തരും ?
തള്ള : അല്ല, തനിക്ക് എത്ര വേണം ? 300 പോരല്ലോ !
തടിച്ചി: അതെങ്ങനെ ഒക്കും, കുറഞ്ഞത്  1350 വേണം.
തള്ള : നീ അങ്ങനെയിപ്പോൾ ഒക്കണ്ട. ഇനി 300 ഉം ഇല്ല തനിക്ക്. അമ്പതോ അറുപതോ വേണേൽ ചോദിക്ക്, തന്നേക്കാം, ബട്ട്, 100 ന്റെ ചില്ലറയും കയിൽ വേണം. 
തടിച്ചി : ആന്റി , ഡോണ്ട് ബി സ്മാർട്ട്, ഹോക്കേ ?
തള്ള: ഐ ആം ഹാഫ് എ ബിറ്റ് സ്മാർട്ട് ബേബി,  താൻ പോയി, കേസ് കൊടുക്കെടീ. ദെൻ ക്ലയിം ഫോർ യുവർ വെഹിക്കിൾ ഡാമേജ് ടു ഗെറ്റ് റികവർഡ് ഫ്രം മി. ഗെറ്റ് ലോസ്റ്റ്.   ഒരുമ്പെട്ടവൾ !

അമ്മയും മോളും സ്ഥലം വിട്ടു. തടിച്ചി പെണ്ണ് ഉള്ള ഊർജവും പോയി ആ അമ്മേടേം മോളെടേം ഒന്നൊന്നര പോക്കും നോക്കി അന്ധാളിച്ചു നിന്നു.

ഒരാൾ മയത്തിൽ ചോദിച്ചു : പെങ്ങളേ, പോയി കേസ് കൊടുത്തുടേ ?
തടിച്ചി : സേട്ടാ , അതിന് എനിക്ക് ലൈസൻസ് വേണ്ടേ ?
അയാൾ :എന്നാൽ ആ 300 വാങ്ങാമായിരുന്നില്ലേ ?
തടിച്ചി : അമ്മ വരുന്നുണ്ട്, ഇതിലും കൂടുതൽ വാങ്ങിത്തരാമെന്നാ ആ കൊണിച്ചിപ്പെണ്ണ്  പറഞ്ഞത്.  അതും കാത്തിരിക്കുകയായിരുന്നു ഞാൻ.

പഠിപ്പും എടുപ്പുമുള്ള പെണ്ണുങ്ങൾ ഒരു മറയുമില്ലാതെ ഇങ്ങനെ നഗരമധ്യത്തിൽ അതും രാത്രിസമയം ഒച്ചവെക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്. എന്നിട്ടും വല്ലതും നടന്നോ ? അതുമില്ല. ഏറ്റവും രസം ഈ സീൻ കണ്ടിട്ടു പോലും ഒരു നിയമപാലകനും ആ സ്പോട്ടിൽ എത്തിയില്ല എന്നതാണ്. അവരായി അവരെ പാടായി. ▪

യു എഇയിൽ പട്ലക്കാർ പന്തുരുട്ടുമ്പോൾ സൗഹൃദം പങ്കിടുമ്പോൾ /അസ്ലം മാവിലെ

യു എഇയിൽ*
*പട്ലക്കാർ പന്തുരുട്ടുമ്പോൾ*
*സൗഹൃദം പങ്കിടുമ്പോൾ*
.........................

അസ്ലം മാവിലെ
.........................

കഴിഞ്ഞ വർഷത്തെ  PFSL നെ  കുറിച്ച് അന്നേ ദിവസം  കർണ്ണാടകയിൽ നിന്നും പട്ലയിലേക്കുള്ള വഴിയാത്രയിലാണ്
ഞാനൊരു കുറിപ്പ് എഴുതുന്നത്. അന്ന് പൊലിമത്തിരക്കിലും ഫുട്‌ബോൾ പാച്ചിലിലുമായിരുന്നല്ലോ പട്ലക്കാർ മുഴുവനും.

ഈ എഴുത്ത് വെള്ളിയാഴ്ചയിലേക്ക് നീക്കിവെച്ചത് മന:പൂർവ്വമാണ്. പൊതുവെ  ഗൾഫ് പ്രവാസികൾക്ക് ഇന്നാണല്ലോ ആഴ്ചപ്പെരുന്നാൾ.

യുനൈറ്റഡ് പട്ലയുടെ ഫുട്ബോൾ മാമാങ്കം പതിവ് പോലെയല്ല ഈ വർഷം നടക്കുന്നത്. അതിന്റെ ഏറ്റവും വലിയ പ്രത്യേകത Venue ഇന്ത്യയ്ക്ക് പുറത്ത് എന്നുള്ളതാണ്. എല്ലാവരുടെയും പതിനഞ്ചാം ജില്ലയായ യു.എ.ഇ യിലാണതിനുള്ള ഗ്രൌണ്ടൊരുങ്ങുന്നത്.

ചെറുപ്പക്കാരുടെ ഈ തീരുമാനം എന്നെ അത്ഭുതപ്പെടുത്തുന്നില്ല.  വളരെ പ്രയോഗികവും ഏറെ സൗകര്യപ്രദവുമായ ഒന്നാണീ വിൻറർ ഫുട്‌ബോൾ മത്സര വെന്യു തെരഞ്ഞെടുപ്പ്. സാധാരണ ഗതിയിൽ ഇക്കാലമത്രയും യുനൈറ്റഡ് പ്ടലയുടെ സംഘാടകരും കളിക്കാരും സഹൃദയരും വളരെ പ്രയാസപ്പെട്ടാണ് പൊള്ളുന്ന ഡിസംബർ വിമാന ടിക്കറ്റെടുത്ത് ഇങ്ങോട്ട് വന്നിരുന്നത്. ആ അസൗകര്യത്തിൽ നിന്നുള്ള വിടുതൽ കുടിയായി മാറുന്നു ഈ വേദി മാറ്റൽ തീരുമാനം.

ദുബായിൽ നടക്കുന്ന ഐക്യ പട്ലയുടെ 11-ാം ഫുട്ബോൾ മാമാങ്കത്തിന് മറ്റൊരു പ്രത്യേകത കൂടി ഉള്ളതായി മിനിഞ്ഞാന്ന് എന്റെ ശ്രദ്ധയിൽ പെട്ടു.  *പട്ലക്കാരുടെ പ്രവാസി മീറ്റ്*. ബുദ്ധികൂർമ്മയോടു കൂടിയുള്ള നീക്കമായാണ് ഞാനിത് കാണുന്നത്.

UP - FC യുടെ പത്രകുറിപ്പ് പ്രകാരം തന്നെ 350 + പട്ലയിലെ പ്രവാസികൾ ദുബായിലുണ്ട്. അവരിൽ മുക്കാൽ ഭാഗമാളുകളും ഒന്നിച്ചു കൂടിയാൽ തന്നെ ഒന്നൊന്നൊന്നര  പെരും കയ്യടിക്ക് വകയുണ്ട്. ഒന്നാമത്തെ കാരണം, പട്ലയുടെ മൊത്തം പ്രാതിനിധ്യം ഈ കൂട്ടായ്മ കൊണ്ടുണ്ടാകുന്നു എന്നതാണ്. നിറവും  കൊടിയും വകയും വകതിരിക്കലും മഹലും മഞ്ചലുമൊന്നുമില്ലാതെ തന്നെ ഒറ്റ പ്ലാറ്റ്ഫോമിൽ നിറഞ്ഞു തുളുമ്പുന്ന മാനവികസ്നേഹത്തിൽ ചാലിച്ച ഒത്തുകൂടലിന് ഇത് കളമൊരുക്കും.

കളി പ്രധാനമായത് കൊണ്ട് ഈ കൂടിയിരുത്തം കുറെ മണിക്കൂറുകൾ ഉണ്ടാകില്ലായിരിക്കാം. പക്ഷെ, ഒരിക്കലും പിരിയാത്ത ഒത്തൊരുമയ്ക്കു ഈ കൂടിയിരുത്തം തുടർ ദിവസങ്ങളിൽ വഴി വെക്കണം. ഫുട്ബോൾ മേളക്കായുള്ള ഒത്തു കൂടൽ പട്ലപ്രവാസിച്ചേരലിനു കൂടി  നിമിത്തമാകുമെങ്കിൽ വളരെ വളരെ നല്ലതല്ലേ ? 

കുറെയൊന്നും നിർദ്ദേശിക്കുന്നില്ല. ഒന്നു മുന്നിൽ വെക്കുന്നു - സൗകര്യപ്പെടുമെങ്കിൽ ആലോചിക്കുക. പലർക്കും നോട്ട് ബുക്കും  ലാപ്ടോപ്പുമുണ്ടാകും. പ്രവാസി പെൻഷനെ കുറിച്ചു കുറച്ചായല്ലോ കേൾക്കാൻ തുടങ്ങിയിട്ട്. അതിന്റെ  Registration ഉം അനുബന്ധ നടപടി ക്രമങ്ങളും ചെയ്യാൻ 5 - 8 പേരടങ്ങുന്ന HELP DESK ഉം തുറന്നാൽ അതൊരു പെരും ദിവസമാകും എന്റെ അഭിപ്രായത്തിൽ. ഒരാളുടെ പേപ്പർ വർക്ക് മുഴുമിപ്പിക്കാൻ കൂടിയാൽ 10 മിനിറ്റ് മതി.  ഒരു പ്രിൻറർ വേണം. ഇല്ലെങ്കിൽ ചിപ്പിൽ Save ചെയ്ത് ഒന്നിച്ച് Docs പ്രിൻറ് ചെയ്താലും മതി. അപേക്ഷിക്കുന്നവർക്ക് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണമെന്ന നിർബന്ധമേയുള്ളൂ.

എല്ലാം മറന്നുള്ള ഇത്തരം ഒത്തൊരുമ തന്നെയാണ് സുമനസ്സുകളുടെ ഏത് കൂട്ടായ്മകളിലും സംസാരവിഷയം. മുമ്പ് CPG യിൽ പ്രവർത്തിക്കുവാൻ സന്ദർഭം ലഭിച്ചപ്പോൾ ഞാൻ കണ്ടത് അവിടെ ചർച്ചകൾ അവസാനം എത്തി നിൽക്കുക ഇത്തരം മഴവില്ലിൽ ചാലിച്ച ഒത്തുകൂടലിനെ കുറിച്ചും ഒന്നായ്മയെ കുറിച്ചുമായിരിക്കും. പൊലിമ ആശയം തന്നെ അതായിരുന്നല്ലോ.  ഇപ്പഴും അവരുടെയും മറ്റെല്ലാ നന്മകൂട്ടായ്മകളുടെയും  ചർച്ചകളുടെ ആത്യന്തിക സ്വഭാവവും ലക്ഷ്യവും  ഇതൊക്കെ തന്നെയാകും, തീർച്ച. 

ഒന്നു നാട്ടിലുള്ളവരോട്  പറയട്ടെ:  സൗകര്യമുള്ളവർ പ്രത്യേകിച്ച് ജനപ്രതിനിധി, കൂട്ടായ്മ നേതൃത്വങ്ങൾ, പൗരപ്രമുഖകർ - ഒരു യു.എ. ഇ സന്ദർശനം നടത്തിയാൽ നമ്മുടെ കുട്ടികളുടെ കളിയും കാണാം , പ്രവാസി നാട്ടുകാരൊപ്പം  ഒന്നിച്ചുമിരിക്കാം, ഡിസംബർ തണുപ്പിൽ UAE യിൽ 10 ദിവസം ചുറ്റുകയുമാകാം, കുടുബക്കാരുടെയും കൂട്ടുകാരുടെയും റൂമിൽ രാപ്പാർക്കുകയും ചെയ്യാം.

കണ്ടിടത്തോളം പബ്ലിസിറ്റി കുറഞ്ഞിട്ടില്ല, പക്ഷെ കുറച്ചു കൂടി അധികമാകാമെന്ന് തോന്നിയിട്ടുണ്ട്. വരും നാളുകളിൽ ഉണ്ടാകുമായിരിക്കും.  പൊലിമ പബ്ലിസിറ്റിയുടെ  മൊത്ത കുത്തക ഈസാ - പിസി - ആസിഫ് - ആർകെ നേതൃത്വത്തിലുള്ള വൻ പടയടങ്ങിയ UAE ടീമിനായിരുന്നു എന്ന് കൂടി നിങ്ങൾക്ക് ഓർമ്മയുണ്ടെങ്കിലും വീണ്ടും ഓർമ്മപ്പെടുത്തട്ടെ.

നന്മകൾ !

എന്താ ഇങ്ങനെ ? നിങ്ങൾക്ക് വേണ്ടിയല്ലേ അവർ പൊടാപാട് പെടുന്നത് ? ഹേ....നാ ? / അസ്ലം മാവിലെ

*എന്താ ഇങ്ങനെ ?*
*നിങ്ങൾക്ക് വേണ്ടിയല്ലേ*
*അവർ പൊടാപാട് പെടുന്നത് ?*
*ഹേ....നാ ?*
.........................

അസ്ലം മാവിലെ
.........................

2012 - 2014 കാലത്ത് ഞാൻ സഊദിയിൽ ഒരു കമ്പനിയിൽ ജോലി ചെയ്ത കാലം പറഞ്ഞു കൊണ്ട് ഈ കുറിപ്പ് തുടങ്ങാം.

അഡ്മിൻ സ്റ്റാഫിന്റെ മാത്രം യോഗം. ആഴ്ചയിൽ കുറഞ്ഞത് 2 ദിവസം രാവിലെ.  എന്നും അജണ്ടയിൽ ഒന്നാമത് ഉണ്ടാകുക, സഊദി വൽക്കരണം. രജി സഫ്വാൻ എന്ന സഊദിക്കാരനായ അസിസ്റ്റന്റ് മാനേജർക്ക് എന്നും ഈ അജണ്ട ഒരു തലവേദനയാണ്. ആവശ്യത്തിന് സഊദികളെ കിട്ടില്ല.

എണ്ണക്കമ്പനികളിൽ സബ് കോൺട്രാക്റ്റ് പണി കിട്ടണമെങ്കിൽ ആരംകോ പോലുള്ള വൻകിട മുതലിറക്കുന്നവർ (client) മുന്നോട്ട് വെക്കുന്ന ഒന്നാമത്തെ ഡിമാന്റ് - പണി തരും, പക്ഷെ 10 % പണിക്കാർ സ്വദേശികളാകണം. അത്ര ഇല്ലങ്കിലോ ? കുഴപ്പമില്ല, പക്ഷെ എത്ര സഊദികളാണോ കുറവ് അവരുടെ ശമ്പളം നല്ല Amount വെച്ച് കട്ട് ചെയ്ത് മാത്രമേ ബില്ല് പാസ്സാക്കൂ, ഫൈൻ വേറെയും. ആഴ്ചയാഴ്ച അവർ തലയെണ്ണാനും വരും.

യോഗത്തിൽ ചെറിയ ആവേശം കാണിച്ച എനിക്കും എന്റെ ആവേശം കണ്ട് കൂട്ടിന് ഒരു പോയത്തക്കാരനെ  കിട്ടിയ അതിസന്തോഷത്തിൽ  എന്റെ പിന്നാലെ കൂടിയ രജിക്കുമായി ഇവന്മാരെ തപ്പിപ്പിടിക്കലും, കമ്പനിയിൽ ചേർക്കലും പിന്നെ കമ്പനിച്ചിട്ടവട്ടങ്ങൾ പറഞ്ഞു കൊടുക്കലും മറ്റും മറ്റും. പടച്ചവൻ സഹായിച്ച് ജുബൈലിൽ വലിയ തരക്കേടില്ലാതെ ഈ പരിപാടി നടന്നു കിട്ടി. യാമ്പുവിൽ നൂറെണ്ണത്തെ കിട്ടാൻ ഞങ്ങൾ പെട്ടപാട് എഴുതാതിരിക്കുന്നതാണ് ഭേദം.

പണി വേണം. ലേബർ പണിയെന്ന് പറഞ്ഞാൽ കുറച്ചിലാണ് പോൽ. ഫോർമാൻ എന്ന് പറയണം അവരെ. സമ്മതിച്ചു. പക്ഷെ, പണി എടുക്കില്ല.   ശരി, നിങ്ങൾ പണി എടുക്കണ്ട, ഒന്ന് വന്ന് ഒപ്പിട്ട് പോയാൽ മതി. അപ്പോൾ അടുത്ത ഡിമാന്റ് : വരാം , ലാകിൻ, തബ്ഗീ യാസി ഉജ്റ. Alc മുറി വേണമെന്ന്.
അതെന്നാത്തിനാ ?
സ്വദേശി തൊഴിലന്വേഷകൻ :
റെസ്റ്റ് എടുക്കാൻ (ബുക്ക ദായിഗെ ?)
(എന്ന് വെച്ചാൽ ലേബർ പണിക്ക് കവറോളിട്ട് (നീല ളോഹ ) വരുന്ന ഇവർ, സൈറ്റിൽ പോകാതെ Alc റൂമിൽ വന്ന് കിടന്നുറങ്ങുമെന്ന്. കൂടെ ഒരു AIR ഇല്ലാത്ത കണ്ടിഷനും - സാഹ ഇത്-നാഷ് കിണി കിണി സവി. ( ഉച്ചയ്ക്ക് 12 മണിക്ക് അലാറം വെച്ച് അവരെ എഴുന്നേൽപ്പിക്കണമെന്ന്).  പൊതുവെ ഗൗരവക്കാരനായ രജി വൈകുന്നേരം വരെ പൊട്ടിപ്പൊട്ടി ചിരിച്ച ദിവസം. ഇവരുടെ ചാക്കീരി എടുക്കാനും  അലാറം വെച്ച് ഉണർത്താനുമായി  മാത്രം ഒരു നേപ്പാളിയെ പണിക്കും നിർത്തി ഞങ്ങളിങ്ങോട്ട് പോന്നു.

ജാസിറിന് ഇവിടെ നമ്മുടെ രജിയുടെ റോളായത് പോലെയുണ്ട്. പി. എസ്. സി. മോക്ക് ടെസ്റ്റ് ( മോഡൽ ടെസ്റ്റ് ) നടത്താനും PSC പോലെയുള്ള സ്ഥിരം പണി കിട്ടാനുള്ള സാധ്യതകൾ ബോധ്യപ്പെടുത്താനും  വേണ്ടി കുറെ ദിവസമായി P Y F എന്ന യുവജന പ്രസ്ഥാനം  മെനക്കെട്ടിറങ്ങിയിട്ട്. ആർക്ക് വേണ്ടി ? നമുക്ക്, നിങ്ങൾക്ക്,  തൊഴിലന്വേഷകർക്ക് വേണ്ടി. എന്ത് തൊഴിൽ ? എന്ത് തൊഴിലും. മത്-ലബ് ? ബായിക്കൊത്തത് ഭായി. 

ഒന്ന് രെജിസ്റ്റർ ചെയ്താലെന്താ ? ഒന്ന് സഹകരിച്ചാലെന്താ ? ടെസ്റ്റ് എഴുതിയാലെന്താ ?

PSC ടെസ്റ്റ് എന്ന് പറഞ്ഞാൽ ഏസിഗെന്റെ ഏർപ്പാടൊന്നുമല്ല. പണിയെങ്ങാനും കിട്ടിയാൽ മരിക്കുവോളം ചോറാണ്. പണിക്കും കൂലി, വിരമിച്ചാലും കൂലി. ഇടക്ക് ആയുസ് തീർന്ന് മരിച്ചാൽ, വെറുതെ നടക്കുന്ന ആശ്രിതനും യോഗ്യത നോക്കി  പണി.

ഒരു തമാശാനുഭവം കൂടി മറ്റൊരാളിൽ നിന്ന് Quote ചെയ്ത് ഈ കുറിപ്പ്  നിർത്താം. ഞാൻ പലപ്പോഴും പറയുന്ന ഒരു പേരുണ്ട്  സുഹൃത്ത് ആരിഫ് സൈൻ. അദ്ദേഹത്തിന്റെ പിതാവാണ് മർഹും AP അബ്ദുൽ ഖാദിർ മൗലവി. സ്കൂൾ അധ്യാപന കാലത്ത് അന്ന് മുസ്ലിം കുട്ടികളെ ചേർക്കാൻ വിട് വിടാന്തരം AP കയറിയിറങ്ങുമത്രെ, മലപ്പുറത്ത്. രക്ഷിതാക്കൾ കുട്ടികളെ ഒരു കാരണവശാലും അയക്കില്ല. പണിയും സെരവും പറഞ്ഞ് പിള്ളേരെ സ്കൂളിൽ പോകാൻ അവർ വിടില്ല പോൽ. അപ്പോൾ AP എടുത്ത idea ഉണ്ട്. അദ്ദേഹം രക്ഷിതാക്കളോട് :  സ്കൂളിൽ കഞ്ഞിയും ഉപ്പുമാവുമൊക്കെയുണ്ട്. അതിനയക്കാൻ ബുദ്ധിമുട്ടുണ്ടോ ? രക്ഷിതാക്കൾ : അതിന് വേണേൽ അയക്കാം, പക്ഷെ, ശാപ്പാട് കഴിഞ്ഞ് ഉടനെ പിള്ളേരെ  തിരിച്ചു വിട്ടേക്കണം, പറമ്പിൽ വേറെ പണിയുള്ളതാ. അങ്ങിനെയങ്ങിനെ ഉപ്പുമാവ് വെന്തില്ല, വിറക് കത്താൻ വൈകി  എന്നൊക്കെ പറഞ്ഞു കുട്ടികളെ ക്ലാസ്സിലിരുത്തി പഠിപ്പിച്ച ഒരു ഗതകാല ചരിത്രം മലപ്പുറത്തിനുണ്ട്. ആ മലപ്പുറത്താണ് ഇന്ന്  മുസ്ലിം ഉദ്യോഗസ്ഥന്മാരും  ഉന്നത വിദ്യാഭ്യാസമുള്ളവരും ഏറ്റവും കൂടുതലുള്ളത്. അന്നത്തെ വിദ്യാഭ്യാസ പ്രവർത്തകരുടെ ഇച്ഛാശക്തിയുടെ ഫലം.

അറിയുക: ഒന്നും വെറുതെയാകുന്നില്ല. ശ്രമത്തിനാണ് റിസൾട്ട്. PYF കാർ വീടുവീടു കയറിയിറങ്ങണം. മധൂരിലും പട്ലയിലും കൂടി ഇത് വരെ പേര് രജിസ്റ്റർ ചെയ്ത 15 ൽ നിന്ന് 150 ലേക്ക് ഉയർത്താൻ അതാണ് ഏക മാർഗ്ഗം.

നാട്ടിലെ 7 ക്ലാസ്സ് മുതലങ്ങോട്ട് പഠിപ്പുള്ള 16 - 35 വയസ്സുള്ളവർ  ദയവ് ചെയ്ത് മനസ്സ് വെക്കുക. രെജിസ്റ്റർ ചെയ്യൂ. കിട്ടിയാൽ പണിയും പ്രൊമോഷനും നിങ്ങൾക്കാണ്, അല്ലാതെ പി. വൈ. എഫിനല്ലേയല്ല. Hurry Up !

വഴിപാടാകുന്ന മനുഷ്യാവകാശ ദിനം / THM Patla

*വഴിപാടാകുന്ന മനുഷ്യാവകാശ ദിനം*
               
           THM Patla

            ലോകത്തിന്റെ പല ഭാഗങ്ങളിലും മനുഷ്യാവകാശങ്ങൾക്ക് നേരെയുള്ള കടന്ന് കയറ്റം കൊടും ബിരി ക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഇന്നത്തെ മനുഷ്യാവകാശ ദിനത്തിന് ഏറെ പ്രസക്തിയുണ്ട്.
                ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ പ്രഖ്യാപനം നബി (സ) യിലൂടെ ലോകം ശ്രവിച്ചു. ജീവനും വ്യക്തിസ്വാതന്ത്ര്യത്തിന്നുമുള്ള അവകാശം, അടിമത്വമോചനം, സമത്വം സാഹോദര്യം തുടങ്ങി സമസ്ത മേഖലയിലൂടെ അത് പ്രകമ്പനം കൊള്ളിച്ചു.

          സിസംബർ 10 മനുഷ്യാവകാശ ദിനമായി ഐക്യരാഷ്ട്ര സഭ ഔദ്യോഗികമായി പ്രഖ്യാപിച്ചുവെങ്കിലും നൂറ്റാണ്ട് മുമ്പ് തന്നെ അതിന്റെ ആവശ്യകതയും അതിന് നിദാനമാകുന്ന സംഭവങ്ങളും ലോകത്തിന്റെ പല ഭാഗത്തും അരങ്ങേറിയിരുന്നു. 1 2 15 ലെ മാഗ്നാകാർട്ട പ്രമേയ ഫോർമുലയിൽ ഇത്തരം നീതി നിഷേധത്തിന്റെ സൂചനയുണ്ടായിരുന്നതായ ചരിത്രകാരന്മാർ വിലയിരുത്തുന്നു. 17ാം നൂറ്റാണ്ടിലും 18-ാം നൂറ്റാണ്ടിലും മനുഷ്യാവകാശ പ്രമേയങ്ങൾ ചർച്ച ചെയ്യപ്പെട്ടതായി കാണാം. പിന്നീട് അമേരിക്കൻ പ്രസിഡണ്ടായിരുന്ന എബ്രഹാം ലിങ്കൺ അടിമത്വം നിർത്തലാക്കിയതും ഇതിന്റെ തുടർ നടപടിയായി കാണാൻ സാധിക്കും'

     എന്നാൽ, ഇന്നാണിതിന്റെ പ്രസക്തി സമൂഹ മനസ്സാക്ഷിയെ തൊട്ട് തലോടുന്നത്. കേവലം തെരുവ് പട്ടിയുടെ വില പോലും മനുഷ്യന് കൽപ്പിക്കാത്ത കാലഘട്ടം' ഒരു പശുവിന്റെ പേരിൽ എത്ര മനുഷ്യ ജീവനകളാണ് ദിനേനയെന്നോണം പൊലിഞ്ഞു കൊണ്ടിരിക്കുന്നത്? മതത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യജീവന് ഹാനി സംഭവിച്ചുകൊണ്ടിരിക്കുന്നു.
സ്ത്രീകൾ 'കുട്ടികൾ, ദളിതർ, മത ന്യൂനപക്ഷങ്ങൾ തുടങ്ങിയവർ പീഢനത്തിനിരയായി കൊണ്ടിരിക്കുന്നുവെന്ന സത്യം ഈ അടുത്തകാലത്തായി നടത്തിയ പല പഠനങ്ങളും തുറന്ന് സമ്മതിച്ചതാണ്.
  മതന്യൂനപക്ഷങ്ങൾ ഭൂരിപക്ഷത്തിന്റെയും സർക്കാരുകളുടെയും മുന്നിൽ യാചിച്ചു നിൽക്കേണ്ട അവസ്ഥയാണുള്ളത്.
സ്വതന്ത്രമായി ചിന്തിക്കാനോ 'ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനോ പ്രചരിപ്പിക്കാനോ കഴിയാതെ, എന്തെഴുതണം, വായിക്കണം, ഭക്ഷിക്കണം, ധരിക്കണമെന്നൊക്കെ തീരുമാനിക്കാനുള്ള അവകാശങ്ങൾ പോലും മേൽ പറയപ്പെട്ട വിഭാഗങ്ങൾക്കില്ലാത്ത അവസ്ഥ.

          ഒരു വ്യക്തിയേയും അന്യായമായി അറസ്റ്റ് ചെയ്യാനോ തടവിലാക്കാനോ പാടുള്ളതല്ലയെന്ന തത്വം നിലനിൽക്കുമ്പോഴും - താൻ ചെയ്ത തെറ്റെ ന്താണെന്ന് പോലും അറിയാതെ ലോകത്തിന്റെ പല ഭാഗത്തും ജയിലറകളിൽ യുവത്വം ഹോമിക്കാൻ വിധിക്കപ്പെട്ട ആയിരങ്ങൾ ഇന്നും നമ്മുടെ മുന്നിലെ ചോദ്യചിഹ്നങ്ങളായി അവശേഷിക്കുന്നു. ആർക്കും ഏത് സമയത്തും ഏത് തരത്തിലുള്ള കേസും ചാർത്തപ്പെടാമെന്ന അവസ്ഥ വളരെ ഖേദകരമാണ്.

     ഇത്തരം മലീമസമായ അന്തരീക്ഷത്തിൽ വർഷംതോറും വെറുമൊരു ആചാരം മാത്രമായി മാറുമ്പോൾ ഈ മനുഷ്യാവകാശ ദിനത്തിന്റെ പ്രസക്തി എന്താണ്? ലോകത്തിന്റെ പല ഭാഗങ്ങളിലും സെമിനാറുകളും ചർച്ചാവേദികളും നടത്തി ചായസൽക്കാരവും കഴിഞ്ഞ് പല്ലിന് കുത്തി നാറ്റിക്കാമെന്നത് മാത്രമാണ് ഈ കലാ പരിപാടിയുടെ മുഖ്യ ലക്ഷ്യം.
ജനം വീണ്ടും കഴുതകളായി തന്നെ നിലനില്ക്കണം.
ഭേഷ് ! ഭേഷ് !!!

പ്രിയ യു.എ.ഇ. യുണൈറ്റഡ് അംഗങ്ങളേ / S T P

പ്രിയ യു.എ.ഇ.
യുണൈറ്റഡ് അംഗങ്ങളെ,

ഒരു സുവർണാവസരമാണ് നിങ്ങളുടെ മുമ്പിലുള്ളത്. അഭിനന്ദനാർഹമായ തീരുമാനത്തിലൂടെ നിങ്ങൾ തന്നെ സൃഷ്‌ടിച്ച സുവർണ്ണാവസരം. പലയിടത്തായി ജോലി ചെയ്യുന്ന ഒരു നാടിന്റെ പരിച്ഛേദങ്ങളെ ഒറ്റമരത്തണലിൽ എത്തിക്കുക എന്ന മഹാ ദൗത്യം. ഈ ഒത്തു ചേരലിന്റെ  മധുരത്തിന്റെ ആഴം തിരിച്ചറിഞ്ഞാൽ ഒറ്റ നാട്ടുകാരനും ഇതിൽ നിന്നും വിട്ടു നിൽക്കില്ല.

നമ്മടെ വരും കാല ഓർമ്മകളിൽ തങ്കലിപികളിലായിരിക്കും ഈ കൂടിച്ചേരലിന്റെ താളുകൾ എഴുതപ്പെടുക. അതിനായ് പ്രയത്നിക്കുക.

കഴിവിന്റെ പരമാവധി നാട്ടുകാരെ സംഗമത്തിലേക്ക് എത്തിക്കാനുള്ള തീവ്ര ശ്രമം നടത്തുക. നമ്മുടെ സ്നേഹ സംഗമത്തിൽ ഈ മരുപ്പച്ചയിലെ ഒരാളും വിട്ടു പോവില്ലെന്ന് മനസ്സിൽ കരുതുക. ഒരു നാട്ടുകാരനും നിങ്ങളുടെ ക്ഷത്തിന്റെ പരിധിക്ക് പുറത്തു വരരുത്. നിങ്ങളുടെ ആത്മാർത്ഥമായ ക്ഷണം നിരസിക്കാൻ അവർക്കാവില്ല.

 നമ്മുടെ നാടിന്റെ നല്ല ഓർമ്മകളിൽ ഈ ഒത്തു കൂടലുണ്ടാവും.  തീർച്ച. ഒരു ചരിത്ര സംഭവമായിട്ട്.

ആശംസകൾ......
സ്നേഹാഭിവാദ്യങ്ങൾ.....

സാക്കിർ (തായൽ ) പട്ല
▪▪▪▪▪▪▪▪▪▪

ഡിസംബറിലെ പ്രഭചൊരിയുന്ന നക്ഷത്ര വിളക്കുകൾ / SAP

*ഡിസംബറിലെ*
*പ്രഭചൊരിയുന്ന*
*നക്ഷത്ര വിളക്കുകൾ*


"നിന്റെ വിശപ്പിലേറെ നിനക്ക് ആശിക്കാനാവില്ല.
അപ്പത്തിന്റെ നേർപാതി അപരനുള്ളതാണ്.
അവിചാരിതമായി വന്നെത്തുന്ന അതിഥിക്കും
ഒരു കഷ്ണം ബാക്കിവെക്കണം"
--ഖലീൽ ജിബ്രാൻ--

സ്നേഹവും സഹാനുഭൂതിയും കരുണയും ആർദ്രതയും പങ്കുവെക്കലുകളും മാനുഷികതയുമെല്ലാം അറബ്-ഇസ്ലാമിക നാഗരികതയിൽ നിന്ന് പാരമ്പര്യമായി തന്നെ ലഭിച്ചവരാണ് പ്രവാസി മലയാളികൾ.
നന്മയുടെ പൂമരം തീർക്കുന്ന പ്രവാസിക്ക് സ്നേഹം എന്നൊരു പര്യായപദം കൂടിയുണ്ട്.

പ്രവാസികൾ കേരളത്തിന് സമ്മാനിച്ചത് സാമ്പത്തക ഉന്നതി മാത്രമായിരുന്നില്ല.  സ്വന്തം ഗ്രാമത്തിന്റെ പുരോഗതിക്ക് കൈയയച്ച് സംഭാവന നൽകിയവരാണവർ.  നമ്മുടെ നാടിന്റെ തുടിപ്പറിഞ്ഞ് സഹായിച്ചവർ,
പള്ളികളും പള്ളിക്കൂടങ്ങളും വായനശാലകളും, നിരത്തുകളും പണിതുയർത്തുന്നതിൽ സജീവമായി പങ്കാളികളായവർ.  കലാ കായിക രംഗങ്ങളിൽ തങ്ങളുടെ ക്രിയാത്മക സാനിധ്യം അറിയിച്ചവർ.  അവർ ചരിത്രം രചിക്കുകയായിരുന്നു.

ഇത് ഡിസംബർ!
മരുഭൂമി തണുത്തു വിറക്കുന്ന മാസം.
മരുഭൂമിയിൽ ആലിപ്പഴങ്ങൾ പൊഴിയുന്ന ഡിസംബർ.  തണുത്ത കൊടുങ്കാറ്റുകൾ മരുഭൂമിയുടെ വന്യമായ ക്രൗര്യം ശമിപ്പിക്കുന്ന കാലം.

ഈ ഡിസംബർ 13ന് സൂര്യനുദിക്കില്ല എന്ന വ്യാജവാർത്തകൾ പ്രചരിക്കുന്നുണ്ടെങ്ങും! പക്ഷെ ഒന്നുറപ്പാണ് എന്ത് വന്നാലും ഡിസംബർ 20 ന് സൂര്യന് ഉദിക്കാതിരിക്കാനാവില്ല!

കാരണം;
അന്നാണ്  യു എ ഇ ലുള്ള പട്ല പ്രവാസി യുവാക്കൾ  പുതിയൊരു ചരിത്രം കൂടി സൃഷ്ടിക്കുന്നത്.

ഇദംപ്രഥമമായി പട്ല ഫുഡ്ബോൾ സൂപ്പർ ലീഗിന്റെ (PFSL) പതിനൊന്നാമത് എഡിഷൻ ദുബായിൽ വെച്ച് 20-12-2018 (വ്യാഴം)
നടക്കുകയാണ്.  ഒപ്പം യുഎഇ ലുള്ള പട്ലക്കാരായ മൊത്തം പ്രവാസികളും Patla United Football Club (PUFC) ന്റെ ബാനറിൽ സംഗമിക്കുകയും ചെയ്യുന്നു.

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജില്ലയിലെ അറിയപ്പെടുന്ന ഫുഡ്ബോൾ ക്ലബ്ബുകളിലൊന്നായ് ഉയരാൻ PUFC ക്ക് കഴിഞ്ഞിട്ടുണ്ട്.

ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷികളാകാൻ, ഈ സൗഹൃദ സംഗമം ഹൃദയത്തിലേറ്റുവാങ്ങാൻ, ഈ മഹാ സംഗമത്തിന്റെ പതാക വാഹകരാകാൻ നമുക്ക് എല്ലാവർക്കും കഴിയേണ്ടതുണ്ട്

കായിക രംഗത്തെന്നത്  പോലെത്തന്നെ നമ്മുടെ നാടിന്റെ സർവ്വോതോന്മുഖമായ പുരോഗതിക്ക് വേണ്ടിയും അശരണരുടെ കണ്ണീരൊപ്പാനും നവംനവങ്ങളായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ United Patlaക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.

ഈ ഡിസംബറിന്റെ യവ്വനങ്ങൾക്ക്, ഡിസംബറിന്റെ നക്ഷത്ര വിളക്കുകൾക്ക് നാട്ടിലും മറുനാട്ടിലും സ്നേഹത്തിന്റെയും ഐക്യത്തിന്റേയും പ്രഭചൊരിയാനാവട്ടെ.

നന്മകൾ.
പ്രാർത്ഥനകൾ.

SAP
(Emailtosa@gmail.com)

Friday 23 November 2018

സുനിൽ പി. ഇളയിടം മലയാളത്തിന് അഭിമതനാകുന്നത് / എ. എം. പി.

സുനിൽ പി. ഇളയിടം
മലയാളത്തിന്
അഭിമതനാകുന്നത്

എ. എം. പി.

വിജയൻ മാഷ് ആദ്യം പൊയ്പ്പോയി. പിന്നീട് അഴിക്കോട് മാഷും. കേരളത്തിന്റെ സാംസ്ക്കാരിക ഇടത്തിലെ രണ്ട് വലിയ കസേരകളാണ് അവരുടെ വേർപാടോടു കൂടി ഒഴിഞ്ഞ് പോയത്. പല സന്ദർഭങ്ങളിലും അവരുടെ അഭാവം എല്ലാവരിലും വേപഥു ഉണ്ടാക്കിയിട്ടുണ്ട്. അത്രമാത്രം പ്രഭയായിരുന്നു ആ രണ്ടു വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ടു മലയാളത്തിനുണ്ടായിരുന്നത്.

കൂട്ടത്തിൽ അഴിക്കോടായിരുന്നു ഒരു പണത്തൂക്കം മുന്നിൽ. മാഷ് ഏത് വിഷയവും ഗാന്ധിയൻ വ്യൂ ഓഫ് പോയന്റിൽ നിന്നു കൊണ്ടു അപഗ്രഥിച്ചു, സംസാരിച്ചു, സംവാദ മണ്ഡലം തുറന്നു.

ആ ഒരു വിടവിലേക്ക് ഇനി ആര് എന്നത് വലിയ ചർച്ചയായിരുന്നു. മലയാളി മനസ്സിൽ വല്ലാതെ അസ്വസ്ഥത സൃഷ്ടിച്ച ഒന്ന്. സക്കറിയ ഇടയ്ക്ക് മിന്നിയെങ്കിലും ഉൾവലിഞ്ഞു കളഞ്ഞു. പിന്നെ ആരെയും കണ്ടില്ല.

അത്തരമൊരു കാത്തിരിപ്പിലാണ് സുനിൽ പി. ഇളയിടം ഒരോരം ചേർന്ന് നടന്നു വരുന്നത്. ഇടത്പക്ഷചിന്തയിൽ അദ്ദേഹം വിഷയങ്ങൾ പറയാൻ തുടങ്ങി. മലയാള നവോത്ഥാന നായകരിലൊരാളായ ശ്രിനാരായണ ഗുരുവിനെ ചിലർ ബോധപുർവ്വം ബ്രാൻഡ് ചെയ്ത് തനിക്കാക്കാൻ വ്യാപകമായി ശ്രമിക്കുന്നത് കണ്ടപ്പോഴാണ്  ഇനി മൗനമവലംബിക്കുന്നത് ശരിയല്ലെന്ന ദൃഢനിശ്ചയത്തിൽ നിന്ന് സുനിൽ പി. ഇളയിടം,  താൻ വ്യാപൃതനായ അക്കഡമിക് വ്യവഹാരങ്ങളെയൽപം മാറ്റി വെച്ച്, മൈക്കിനു മുന്നിൽ തീരുമാനിച്ചുറച്ചു നിന്നത്. മലയാളത്തെ അഭിസംബോധന ചെയ്തത്. (അതദ്ദേഹം ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. )

ഇന്ന് സുനിൽ പി. ഇളയിടമാണ് മലയാളത്തിന്റെ ശബ്ദം. മതേതരത്വത്തിന്റെ മെഗാഫോൺ. സാംസ്കാരിക ച്യുതിയും സാമൂഹിക ജീർണ്ണതകളും മതേതരത്വത്തിന്നേറ്റ് കൊണ്ടിരിക്കുന്ന വെല്ലുവിളികളും അദ്ദേഹത്തെ വല്ലാതെ അലട്ടുന്നുണ്ട്. അതാ ഭാഷണങ്ങളിൽ വായിച്ചെടുക്കാൻ നമുക്ക് സാധിക്കും.

അളന്നു മുറിച്ച വാക്കുകളും സംശയത്തിനിടം നൽകാത്ത വിധത്തിലുള്ള അപഗ്രഥനങ്ങളും അസാമാന്യമായ ഓർമ്മ ശക്തിയും വലിയ വായനയും അതിലും വലിയ നിരീക്ഷണ പാടവവും എല്ലാം ഏത് വീക്ഷണ വ്യത്യാസമുള്ളവരിൽ പോലും സുനിൽ പി. ഇളയിടം ഹൃദയം കവരും.

സമീപകാല രാഷ്ട്രീയ - സാമൂഹിക - സാംസ്കാരിക വിഷയങ്ങളിലും പ്രശ്നങ്ങളിലും അദ്ദേഹം ഇടപ്പെട്ട രീതി തന്നെ മതി നമ്മുടെ സാംസ്‌ക്കാരിക മലയാളത്തിന്റെ ശബ്ദം ഇത് തന്നെ എന്ന് പറയാൻ, മലയാളി സമൂഹം ഇതാണ് കേൾക്കാനാഗ്രഹിച്ചതെന്ന് പറയാൻ.

നാല് വർഷമേ ആയുള്ളൂ നാമദ്ദേഹത്തെ കേൾക്കാൻ തുടങ്ങിയിട്ട്. മതേതര മൂല്യങ്ങളെയും വ്യത്യസ്ത വായനകളേയും ഉൾക്കൊള്ളുവാനുള്ള വലിയ മനസ്സ് അദ്ദേഹത്തിലുണ്ട് എന്നതാണ് വലിയ പ്രതീക്ഷ. അദ്ദേഹത്തിന് ഓരോ കാര്യത്തിലും സ്പുടം ചെയ്തെടുത്ത കാഴ്ചപ്പാടുണ്ട്. പക്ഷെ, അപരനെ കേൾക്കാനും അവർക്കഭിപ്രായം പറയാനും കാണിക്കുന്ന സഹിഷ്ണുതയുടെ ശരീര ഭാഷ സുനിൽ പി. ഇളയിടത്തിനുണ്ട്. അപരനെയും അരിക്വത്ക്കരിക്കപ്പെട്ടവനെയും അന്യനെന്ന് മുദ്രവെച്ചവനെയും അരികിൽ ചേർക്കാനും അവരൊന്നും അവഗണിക്കപ്പെടേണ്ടവരല്ലെന്ന് പറയാനും അവരുടെ അഭിപ്രായങ്ങൾ തന്റെത് കൂടിയാണെന്നും താൻ പറഞ്ഞതിന്റെ പിന്നാലെ ചേർക്കപ്പെടേണ്ടവയാണെന്നും  പറയാനും ഒരു മനുഷ്യൻ   ഉണ്ടെന്നതുമാണ് സുനിൽ പി. ഇളയിടത്തെ  ദശലക്ഷക്കണക്കിന് മലയാളികൾ കേൾക്കാൻ പ്രധാന കാരണം.  രണ്ടാം അഴിക്കോട് എന്ന് ആ മനുഷ്യൻ വിദൂരമല്ലാത്ത ഭാവിയിൽ വിശേഷിപ്പിക്കപ്പെട്ടാലും അത്ഭുതപ്പെടാനില്ല.

എഴുത്തുകാരൻ, വിമർശകൻ, അധ്യാപകൻ, അക്കാഡമിഷ്യൻ, ചിന്തകൻ ഇതൊക്കെയാണ് ഡോ. സുനിൽ പി. ഇളയിടം. പക്ഷെ, മലയാളത്തിന് അതൊന്നുമല്ല  പറയാനുള്ളത് - അദ്ദേഹമാണ് മലയാള പ്രഭാഷണ വേദിയിലെ കനപ്പെട്ട ശബ്ദം, മതേതര ശബ്ദം.

ഹ്ഹ്ഹ്ഹ്, ഹ്ഹ്* *ചൾക്ക്ന്ന്മ്മാ /അസ്ലം മാവില


*ഹ്ഹ്ഹ്ഹ്,  ഹ്ഹ്*
*ചൾക്ക്ന്ന്മ്മാ*
..........................

അസ്ലം മാവില
..........................

പൊതുവെ എനിക്ക് ഖന്നച്ചയെ ഇഷ്ടാണ്. FB തുറന്നാൽ ഖന്നച്ചയുടെ ടൈം ലൈനൊന്ന് നോക്കും. കാസർകോട് മൊഴിയുടെ സുൽത്താനായത് കൊണ്ട് മാത്രമല്ല, നമ്മുടെയൊക്കെ നാട്ടിമ്പുറത്തെ ഒരു കാരണവരെ പോലെ എന്തോ ഖന്നച്ചയും അദ്ദേഹത്തിന്റെ വരികളും ഫീൽ ചെയ്യുന്നത് കൊണ്ട് കൂടിയാണ്.

അദ്ദേഹത്തിന്റെ എഴുത്തിൽ ഏതെങ്കിലും ഒന്നിൽ,  നാം വളരെക്കാലമായ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഒരു കാസർകോടൻ വാമൊഴിയോ വാഗ്ശകലമോ കണ്ടെത്താൻ പറ്റും.

ഇന്ന് അബ്ദുല്ല കുഞ്ഞി ( ഖന്നച്ച) എഴുതിയ ഒരു കുറിപ്പുണ്ട്.  "വിന്‍റ്റർ ഡെ ഒഫ്‌ മൈ ചൈല്‍ഡ്‌ ഹുഡ്‌ " എന്ന തലക്കെട്ടിലാണത്.


അതിലെ ഓരോ വരികളും  ഉദ്ധരിക്കേണ്ടതാണ്, അതത്ര ശരിയല്ലല്ലോ. ആ കുറിപ്പിന്റെ അവസാന ഭാഗമിങ്ങനെ :
"നെരേല്‍തെ റേഡിയോല്‌ കേക്ക്‌ന്നെ *ലൈഫ്‌ ബോയ്‌ ഹെ ജഹാന്‍ തന്ത്രുസ്‌തിഹെ വഹാന്‍* ഞാഌം പാഡീറ്റ്‌ മറേന്ന്‌ പൊർത്‌ ബന്ന്‌റ്റാമ്പൊ ഉമ്മ പണീന്റെഡേന്ന്‌ അമ്പര്‌പ്‌ലെ ബന്ന്‌റ്റ്‌ തലെ ഒർക്കെ തോർതും,,
*ഹ്‌ഹ്‌ഹ്‌ ചള്‍ക്ക്‌ന്ന്‌മാന്ന്‌* ഉമ്മാഡ്‌ ചെല്ലുമ്പൊ അട്‌പ്‌ന്റര്‌ത്‌ ബട്ടെല്‌ കുറുമുറാന്ന്‌ തുന്നാന്‌ മുർചിറ്റ്‌ബെച്ചെ കെര്‌കണ്ടം കല്‍തപ്പം എന്നെനോക്കീറ്റ്‌ ചിരിക്കും,
നീ ബീയം ചൂട്‌ചൂട്‌ കെല്‍തപ്പം തുന്ന്‌ന്ന്‌ ചെല്ലീറ്റ്‌ ഉമ്മ എന്റെ തലെ തോർത്‌ന്നെ മദിയാക്കീറ്റ്‌ തലെ തഡീറ്റ്‌ അള്‍ക്കും,,
ആ തടല്‍ല്‌ എങ്ങന്‍തെ കുള്‍പും "മാട്ടത്തോട് " കടക്കും!!!!,... (മാട്ടത്തോട് എന്റെ വക )

"ഹ്ഹ്ഹ്ഹ്,  ഹ്ഹ് ചൾക്ക്ന്ന്മ്മാ"

ഇത് പറയാത്ത ഒരു കുഞ്ഞും അന്നും ഉണ്ടാകില്ല, ഇന്നും ഉണ്ടാകില്ല. അത്ര വെയ്റ്റും വെയ്റ്റേജുണ്ട് ആ പറച്ചിലിന്. നിങ്ങളൊന്ന്  കുഞ്ഞുകുട്ടി കാലത്തേക്ക് കുഞ്ഞിളം കാല് വെച്ച്, സ്വൽപനേരം ഒരു കുഞ്ഞായി മാറി നോക്കൂ. ബാത്ത് റൂമിൽ നിന്നും ഒരു ചെറിയ കഷ്ണം തോർത്തു മുണ്ടുടുത്തോ ഉടുക്കാതെയോ  ,ഇറ്റിറ്റു വീഴുന്ന വെള്ളവുമായി,  , വിറക്കുന്ന പല്ലിനും ചുണ്ടിനും കൈ രണ്ടും വിരലുകൾ കോർത്തടുപ്പിച്ച് ആ പദങ്ങളൊന്ന് നിങ്ങൾ പതിയെ വളരെപ്പതിയെ ഉരുവിട്ടേ, ഒരു വട്ടമല്ല, കുറെ വട്ടം, നിയന്ത്രണത്തിനപ്പുറം ആ വാക്കുകൾ സർവ്വ ശക്തിയുമെടുത്ത് പുറത്ത് ചാടും.
"ഹ്ഹ്ഹ്ഹ്,  ഹ്ഹ് ചൾക്ക്ന്ന്മ്മാ"
അടിമുടി വിറക്കും. പെരുവിരൽ തൊട്ട് ഉച്ചിയിൽ വരെ പ്രകമ്പനത്തിന്റെ അലയൊലികൾ രൂപപ്പെടും. വീഴും വീഴില്ല എന്നാവും.

അപ്പോൾ  ഒരു തോർത്തുമുണ്ടുമായോ ഉമമയുടെ തന്നെ തലയിലെ തട്ടവുമായോ നിങ്ങളെ സാന്ത്വനിപ്പിക്കാനും സമാശ്വസിപ്പിക്കാനും ഒരു തുള്ളി ജലകണികയുടെ ഈർപ്പം പോലും അവശേഷിപ്പിക്കാതെ തോർത്തിയും തടവിയും മാറ്റാനായി, നമ്മുടെ പ്രിയപ്പെട്ട ഉമ്മ ദേ കൺമുമ്പിൽ നിൽക്കുന്നുണ്ടാകും. കൂടെ  മഴപെയ്തിറങ്ങിയ പൊന്നിൽ ചാലിച്ച ഉമ്മയുടെ വാക്കുകളും - "എന്റെ പുന്നാരകട്ടേനെ കാത്തോട്ട് അവ്വ.. ", ഉടയതമ്പുരാന് ഉമ്മ നൽകുന്ന ഉയിരോളം വലിയ വിശേഷണം - അവ്വ.

ആ മാതൃ സ്നേഹത്തിനു മുന്നിൽ നാം ഒരു കുഞ്ഞായി, കുഞ്ഞുപൂവായി, കുഞ്ഞിതളായി, സ്നേഹവായ്പായി, ജലബാഷ്പമായി മാറും.

I still need you close to me എന്നുമ്മയോട് അടുത്ത് നിന്നുമകലെ നിന്നും പറയാൻ, പറഞ്ഞുകൊണ്ടേയിരിക്കാൻ നിങ്ങളെയാ ഗതകാല ഓർമ്മകളും ഓർമ്മപ്പെടുത്തലും  പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും.

നേരത്തെയും ഉമ്മയുടെ കളങ്കമില്ലാത്ത സ്നേഹത്തെ കുറിച്ച് വളരെ തന്മയത്വത്തോടും വൈകാരികമായും ഖന്നച്ച എഴുതിയിട്ടുണ്ട്.  ഒന്ന് കൂടി പറഞ്ഞാൽ ഉമ്മയെ കുറിച്ച് എഴുതുമ്പോഴാണ് ഖന്നച്ച ഒരു കുഞ്ഞനായി മാറുന്നത്.

 ചെറുകഥ പോലെ ഒരു കുറിപ്പുണ്ട് FB യിൽ.  ''എന്റെ സ്വന്തം സുലേഖ(ഞ്ഞ)''.  ഇത് വായിച്ചാൽ ഒരു ബഷീർകഥ വായിച്ച സുഖം ലഭിക്കും. ആ രചനയുടെ ഏറ്റവും അവസാനം അദ്ദേഹം ഉമ്മയുടെ സ്നേഹത്തെക്കുറിച്ചു എഴുതിയത് ഇങ്ങിനെ:
''പാക്ക്‌ പൊന്തിച്ച്‌റ്റ്‌ പഞ്ചാരെ മേങ്ങീനാമോനെന്ന്‌ ഉമ്മ കേക്ക്‌ന്നെ കേട്ടപ്പൊ പാക്ക്‌ലുള്ള പഞ്ചാര്‌ന്റെ കെട്ട്‌ അസൂയപ്പെട്ടിട്ടുണ്ടാവും, ബികോസ്‌ മദർസ്‌ ലവ്- സ്നേഹം നിറഞ്ഞ്‌ തുളുമ്പുന്നുണ്ടായിരുന്നു അതില്. ''

അല്ലേ, ബാല്യകാലം എത്ര പെട്ടെന്നാണ് ചില പദസമ്പത്തുക്കൾ നമ്മുടെ കൺമുമ്പിലെത്തിക്കുന്നത് ! കൂടെ നമ്മുടെ പെറ്റുമ്മയുടെ ഓരോ സദ്നിമിഷങ്ങളും.   ഖന്നച്ച അങ്ങിനെയാണ് കൃതൃമത്വമില്ലാതെ തന്നെ ഗൃഹാതുരത്വം,  ഒരിക്കലും വിട്ടൊഴിയാത്ത നിഴലായി നമ്മുടെ കൺമുമ്പിൽ കൊണ്ട് വരുന്നത്.

ഖന്നച്ചയുടെ ഓരോ വരികൾക്കിടയിലൂടെയും സാകൂതം  പരതാനാണെനിക്കിഷ്ടം. നിങ്ങളുമൊന്ന് പരതി നോക്കൂ.  നഷ്ട ബാല്യങ്ങൾ അതൊരുപാട് തിരിച്ചു നൽകുമെന്നെനിക്കുറപ്പാണ്.

നന്മകൾ !

മായക്കാഴ്ച /അസ്ലം മാവിലെ


*മായക്കാഴ്ച*

............................

അസ്ലം മാവിലെ
............................

ഒരു കൂട്ടിലാടുന്ന തത്തയ്ക്ക് കിട്ടുന്ന കതിരുമണികളേ വാട്ട്സാപ് ഗ്രൂപ്പുകളിൽ നിങ്ങളും പ്രതീക്ഷിക്കേണ്ടൂ. അവിടെ എന്ത് കൊണ്ടിട്ടോ അത് കഴിക്കാം, കൊറിക്കാം.  അങ്ങനെയൊന്നും ചെയ്യാതെ നിങ്ങൾക്കു നോമ്പു നോറ്റുമിരിക്കാം.

മറ്റു സോഷ്യൽ മീഡിയകൾ വിശാലമാണ്, നമുക്ക് വേണ്ടത്, ആഗ്രഹിക്കുന്നത്, പ്രതീക്ഷിച്ചിരിക്കുന്നത് എല്ലാം ലഭിക്കും. അറിവുകൾ കിട്ടാൻ മാത്രമല്ല, നമ്മുടെ അനുഭവങ്ങൾ അവയ്ക്കു സമാനമായി കുപ്പായമിട്ടു മുന്നിൽ നടത്താനും സോഷ്യൽ മീഡിയ സഹായിക്കും.

ഇന്നെന്റെ കണ്ണുടക്കിയത് മായക്കാഴ്ചയിലാണ്. ഒരു E-Bro എഴുതിയ പരാമർശം. ആ പ്രതിഭാസം ബാല്യകാലത്തെ മാത്രമല്ല ഈ നാൽപതുകളിലും കൗതുകമായി അനുഭവപ്പെടുന്നു. നിങ്ങൾക്കുമതനുഭവപ്പെടുന്നുണ്ടാകും ഉറപ്പ്.

ട്രെയിനിലിരിക്കുമ്പോൾ ഞാൻ കുട്ടിയല്ലെന്നെത്രവട്ടം പറഞ്ഞാലും വിശ്വസിപ്പിച്ചാലും optical Illussion (മായക്കാഴ്ച) എന്നെ വിടാതെ പിന്നാലെ കൂടും.

വണ്ടി ചില ജംഗ്ഷനുകളിൽ മണിക്കൂറുകൾ നിർത്തിയിടുമല്ലോ. ഇടക്കിടക്ക് ഞാനിരുന്ന  വണ്ടി ഇങ്ങനെ പൊ(യ്)ക്കൊണ്ടേയിരിക്കും. ഇടത് ഭാഗത്തെ പാളത്തിൽ ഒരു വണ്ടി നിർത്തിയിട്ടത് പോലെ, ചിലപ്പോൾ ചെറിയ അനക്കത്തോടെ ആ ബോഗികളും നീങ്ങുന്നത് പോലെ.
എന്നാൽ വലത്തെ സൈഡ് ജനാലയിൽ നോക്കുമ്പോൾ, സ്റ്റേഷൻ പ്രിമൈസിൽ തൂക്കിയിട്ട പരസ്യ ബോർഡുകളും സ്ഥല സൂചികാ ബോർഡും അനങ്ങാപ്പാറ നയത്തിൽ ശ്വാസം പിടിച്ചു അവിടെ തന്നെയുണ്ടാകും !   വിശ്വസിക്കാൻ തീരെ പറ്റില്ല. തൊട്ടടുത്തിരിക്കുന്നനോട് നമ്മുടെ വണ്ടി നീങ്ങിത്തുടങ്ങി അല്ലേ എന്ന് സംശയം തീർക്കും. അയാളും അതേ ലോകത്തായിരിക്കും. ഞാനുമങ്ങോട്ട് ചോദിക്കാനിരിക്കുകയായിരുന്നെന്ന പോലെഅയാളുടെ മുഖഭാവം വാ തുറക്കാതെ മിണ്ടും.  വീണ്ടും ത്സടുതിയിൽ വലതു ഭാഗം നോക്കും. അല്ല,  വണ്ടി പോവ്വാണല്ലോ.  തെല്ലിട കഴിഞ്ഞ് ഒരു പച്ചക്കൊടി കാണിച്ച് സമാന്തരമായുള്ളള്ള പാളത്തിൽ കൂടി ഒഴുകുന്ന ഒരു വണ്ടിയിൽ നിന്ന് അവസാനത്തെ ഫ്ലാഗ്മാൻ കൈ വീശി അകലുമ്പോഴാണ്  ഇപ്പോഴും അതേ സ്റ്റേഷനിൽ അരയിഞ്ച് മുമ്പോട്ട്  അനങ്ങാത്ത ബോഗിയിൽ തന്നെ ഞാൻ ഇരിക്കുന്നുവെന്ന റിയാലിറ്റിയിലേക്ക് തിരിച്ചു വരുന്നത്.

കുട്ടിക്കാലത്ത് നമ്മുടെയെല്ലാം ബസ് യാത്രകളിൽ  അടുത്തുള്ള മരങ്ങൾ എതിർവശത്തേക്കും അകലെയുളളവ പിന്നിലേക്കും പൊയ്ക്കൊണ്ടേയിരിക്കും.  യാത്രകളിൽ കുഞ്ഞു മക്കളെ നോക്കൂ. പുറം വാതിലുകൾക്കിടയിലൂടെ  നോക്കുന്ന അവറ്റകൾക്കിതൊക്കെയായിരിക്കും എത്ര പറഞ്ഞാലും കണ്ണ് മാറ്റാതിരിക്കാൻ ഒരു കാരണം. ഒപ്റ്റിക്കൽ ഇല്യുഷന്റെ കാന്തിക വലയത്തിൽ  അവരും പെട്ടിരിക്കണം.   അവരും അവരുടെ കുഞ്ഞു കൂട്ടുകാരോട് ഇതൊക്കെ അത്ഭുതതോടെ പറയുന്നുണ്ടാകണം.

 അമ്പിളിമാമനെ എനിക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് കൊണ്ട് പോകുമായിരുന്നു ചെറുപ്പത്തിൽ. ഞാനോടുമ്പോൾ, തമ്പാച്ചു (അമ്പിളി ) കൂടെ ഓടും. അൽപം ധൃതി കുറക്കുമ്പോൾ, അമ്പിളി മാമനും സ്ളോ ആകും. നിന്നാൽ അതും ചിരിച്ചു കൊണ്ട് അവിടെ തന്നെ നിന്ന് കളയും. പിന്നോട്ടാഞ്ഞാൽ അമ്പിളിയും പിന്നോട്ട്.  നിലാവുള്ള രാത്രിയിൽ മിക്ക വീട്ടുമുറ്റത്തും കുഞ്ഞുകുട്ടികൾ അവനവന്റെ അമ്പിളിമാമനെ കൂടെകൂട്ടി ഓടാനും ചാടാനും കൊണ്ട് പോയിരുന്നൊരു കാലം !

 പൊയ്പ്പോയ കുട്ടിത്തവും പൊയ്പ്പോകാൻ വൈകുന്ന ചില മായക്കാഴ്ചകളും   നമ്മിലോരോരുത്തരിലും കൗതുകമായും അത്ഭുതമായും  ഇനിയും ബാക്കിയുണ്ട്. മായക്കാഴ്ച ഒരിക്കൽ കൂടി അനുഭവപ്പെടണോ ?  ഒറ്റയ്ക്കുള്ള ഒരു തീവണ്ടിയാത്ര തന്നെ ധാരാളമാണ്.  
.......................▪

നഗരങ്ങളിലെ ചില നേരനുഭവങ്ങൾ / അസ്ലം മാവില

നഗരങ്ങളിലെ
ചില നേരനുഭവങ്ങൾ

അസ്ലം മാവില

പണ്ട് കാലത്ത് ജീവിച്ചിരുന്ന ആളുകൾക്ക് ആയുസ്സ് വളരെ കൂടുതലായിരുന്നുവെന്നും,  അതു കൊണ്ട് വീട്ടുകാർ അവരെ ഒരവധി കഴിഞ്ഞാൽ ജീവനോടെ കുഴിച്ചുമൂടുമായായിരുന്നുവെന്നും പറയപ്പെടാറുണ്ട്. ഇതിൽ വാസ്തവമെത്രമാത്രമുണ്ടെന്നറിയില്ല. കണ്ണിൽ ചോരയില്ലാത്ത മക്കളും പേരമക്കളും അതുമതിലപ്പുറവും ചെയ്തേക്കും. ഇത് നേരിൽ കണ്ടു  ബോധ്യപ്പെടണമെങ്കിൽ നിങ്ങൾ ഒരു ടൗൺഷിപ്പിൽ സ്ഥിരം സന്ദർശകനോ  ജോലി / മറ്റെന്തെങ്കിലും ഏർപ്പാട് ഉള്ളവനോ  ആകണം.

5 - 8 മാസം മുമ്പ്. കർണ്ണാടകയിലെ ഭേദപ്പെട്ട ഒരു ടൗൺ. രാത്രി ഭക്ഷണവും കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ, ഒരു വണ്ടി റോഡരികിൽ വന്നു നിന്നു. തിടുക്കത്തിൽ രണ്ട് പേർ  പ്രായമുള്ള ഒരു സ്ത്രീയെ ബലമുപയോഗിച്ച് ഇറക്കി. ഒരു യുവതി അകത്ത് നിന്നും  ഒരു വലിയ ബാഗു ഡോറൽപം തുറന്ന് എടുത്തെറിഞ്ഞു.  വണ്ടി ഉടനെത്തന്നെ മിന്നായം പോലെ കടന്നു കളഞ്ഞു. ആ അമ്മ ഒച്ച വെക്കാൻ തുടങ്ങി.

 ഞങ്ങൾ അടുത്ത് പോയി നോക്കിയപ്പോൾ 75 വയസ്സുള്ള ഒരു വൃദ്ധ. വൃത്തിയുള്ള വസ്ത്രം. എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട് - എന്റെ കൂടെയുള്ള കൂട്ടുകാരൻ പറഞ്ഞു :  ഇനി ഈ വൃദ്ധയെ നോക്കേണ്ട പണി പട്ടണത്തിലുള്ളവരുടെ തലയിലായി. വളർത്തി പോറ്റി വലുതാക്കിയ മക്കളുടെ ഉത്തരവാദിത്വം ഇതോടെ കഴിയുകയും ചെയ്തു.  പറ്റുമെങ്കിൽ ടൗണിൽ വരുന്നവരും മുൻസിപ്പാലിറ്റിക്കാരും നോക്കിക്കോളാൻ എന്നർഥം.

അന്വേഷിച്ചപ്പോൾ ഇത് അവിടെ സ്ഥിരം ഏർപ്പാടാണ് പോൽ. ശല്യമെന്ന് തോന്നുമ്പോൾ മക്കളോ മരുമക്കളോ ബന്ധുക്കളോ ആരെങ്കിലും കള്ളത്തരം പറഞ്ഞ് കൂടെക്കൂട്ടി അമ്മയെ നഗരത്തിൽ കൊണ്ടു വിടുമത്രെ. എത്ര ക്രൂരം ! തൊണ്ട വറ്റുമ്പോൾ ആരായാലും കൈ കാണിക്കുമല്ലോ, പിന്നെ അതൊരു ശീലമായി മാറും. പിന്നെ ഒരു തകര പാട്ടയുമായി തെരുവിലേക്ക്.  നടന്ന് നടന്നു തളരുമ്പോൾ നഗരത്തിൽ ഏതെങ്കിലും മൂലയിൽ തല ചായ്ക്കും.  ചുമച്ചും കഫം തുപ്പിയും മറ്റുള്ളവരുടെ ഉറക്കത്തിന് ശല്യമാകുമ്പോൾ, അപ്പുറത്ത് ഇതേ പോലെ കിടന്നുറങ്ങുന്നവർ പിരാകിയും പുലമ്പിയും കല്ലോ കണ്ണിൽ കാണുന്നതോ എടുത്തെറിയും. കുറെ മാസങ്ങൾ കഴിഞ്ഞാൽ ഏതെങ്കിലും ഒരു ഓടയിൽ വീണു ആ സാധു മരണത്തിനു കീഴടങ്ങും. നഗരം വൃത്തിയാക്കുന്നവരുടെ ശ്രദ്ധയിൽ പെടുമ്പോൾ ഈ ഗതികിട്ടാപ്രേതങ്ങളെ  പൊതുശ്മശാനത്തിൽ കൊണ്ട് പോയി ദഹിപ്പിക്കും. പെറ്റ, പോറ്റിയ മക്കൾ ഇവയൊന്നും വലിയ വിഷയമാക്കാതെ അവരുടെ ലോകത്തിൽ  കഴിഞ്ഞു കൂടും.

മൂന്ന് - നാല് വർഷം മുമ്പ് കാസർകോട് ആയുർവ്വേദ ഹോസ്പിറ്റലിൽ പോയപ്പോൾ സമാനമായ ഒരു ദൃശ്യം കണ്ടു. ആസ്പത്രിക്ക് പിന്നിലായി ഒരു തട്ടുകടയുണ്ട്. അതിനൽപം അകലെയായി ഒരാൾക്കൂട്ട ശബ്ദം. ഞാനാധിയിൽ എഴുന്നേൽക്കാൻ തുനിഞ്ഞപ്പോൾ എന്നെ പരിശോധിക്കാനിരുന്ന  ഡോക്ടർ പറഞ്ഞു :  ഒന്ന് രണ്ട് മണിക്കൂറായെന്ന് തോന്നുന്നു ഒരു വൃദ്ധയെ മക്കളോ മറ്റോ വണ്ടിയിൽ കൊണ്ട് വന്നിറക്കി കടന്നു കളഞ്ഞതാണ് !

മയക്കത്തിൽ നിന്നുണരുമ്പോൾ, മരത്തിന്റെ ചുവട്ടിൽ  എഴുന്നേറ്റിരുന്ന് ആ അമ്മ ഉച്ചത്തിൽ കരയുമത്രെ. പിന്നെ ആളുകൾ തടിച്ചു കൂടും. വഴിപോക്കർ കുറച്ചു നേരം ഓരോന്നാരാഞ്ഞ് അവിടെ നിന്നു നോക്കും. പിന്നെ, സ്ഥലം വിടും.

ബംഗ്ലൂരിൽ ഞാനിപ്പോൾ താമസിക്കുന്ന ഫ്ലാറ്റിന് അൽപ്പം മുന്നിലായി ഒരു ഗല്ലിയുണ്ട്. അവിടെ നിന്ന് വലത്തേക്ക് പിന്നൊരു ഗല്ലി. അത് കഴിഞ്ഞാൽ ബസ്റ്റാന്റ്. രണ്ടാമത്തെ ഗല്ലിയിൽ കൂടി നടന്നാൽ കടയിലേക്ക് എളുപ്പമെത്താം.

എന്നും ആ വഴി വരുമ്പോൾ,  വായു അകത്ത് പോകാൻ മാത്രം ഷട്ടർ പൊക്കിയിട്ടുള്ള ഒരു കുടുസ്സായ ഒറ്റമുറി കാണാം. അതിൽ കൂടി ഒരു പാത്രം, ഗ്ലാസ്സ് ഇവ തള്ളി നീക്കാൻ മാത്രം ചെറിയ വിടവുണ്ട്.  അകത്തു നിന്നും വളരെ പ്രായമായ ഒരു സ്ത്രീയുടെ ഒച്ചയും വിളിയും എപ്പഴും ഞാൻ കേൾക്കും. ഒരു ദിവസം  കുനിഞ്ഞു ഷെട്ടറിന്റെ വിടവിലൂടെ ഞാൻ അകത്തേക്ക് നോക്കി. എല്ലും തോലുമായ ഒരമ്മ കൂനിക്കൂടി മുട്ടിലിഴയുന്നു. അത് കണ്ടിട്ടാകാം  എന്നോട് ഒരു വഴിപോക്കൻ പറഞ്ഞു. അങ്ങിനെ നോക്കരുത്. മുകളിലെ ഫ്ലാറ്റിൽ ആ അമ്മയുടെ മക്കളും മരുമക്കളും പേരക്കുട്ടികളുമാണ് താമസം. അവർ നിന്നെ ചീത്ത വിളിക്കും.  ഇത് കുറെ മാസങ്ങളായി ഇങ്ങനെ. എന്നിട്ട് ആ മനുഷ്യന്റെ ഗദ്ഗദം :  ഇവരിങ്ങനെയെങ്കിലും മൃഗതുല്യമായി കൂട്ടിലിട്ട്, ഒരു പ്ലേറ്റിൽ അൽപം ചോറും കൂട്ടാനും കൊടുത്ത്  സ്വന്തം  അമ്മയെ നോക്കുന്നുണ്ടല്ലോ, ആ ബസ്റ്റാന്റിൽ തേരാപാര നടന്നും മുട്ടിലിഴഞ്ഞും കഴിയുന്ന  കുറെ മുത്തശ്ശിമാരെ കണ്ടില്ലേ ? പഠിപ്പും പത്രാസുമുള്ളവരെ പെറ്റവരാണ് അവരൊക്കെ. ( ഒരു മാസത്തിനകം  ആ അമ്മ  മരിച്ചു)

നഗരക്കാഴ്ചകൾ പലപ്പോഴും നമ്മുടെ മുന്നിൽ കൊണ്ട് വന്നിടുന്നത് മനസ്സാക്ഷി മരവിപ്പിക്കുന്നതാണ്.    ജീവിതാസ്വാദനത്തിരക്കിൽ പ്രായമേറിയവർ മക്കൾക്കും അടുത്ത ബന്ധുക്കൾക്കും ഭാരവും ഭാണ്ഡവുമായി മാറുന്ന കാഴ്ച കരളലയിപ്പിക്കുന്നു.  ജീവിതത്തിന്റെ സായം സന്ധ്യയിൽ മിണ്ടിയും പറഞ്ഞുമിരിക്കുന്നത് പോകട്ടെ അവരെ അലിവും കനിവും അനുകമ്പയോടും കൂടി  കാണാനും  ശുശ്രൂഷിക്കാനും മക്കൾക്കാവണ്ടേ ?

കൂട്ടിനിരിക്കുന്നവർ / അസ്ലം മാവിലെ


*കൂട്ടിനിരിക്കുന്നവർ*

...........................

അസ്ലം മാവിലെ
...........................

യാമ്പുവിലുണ്ടായിരുന്നപ്പോൾ തുടങ്ങിയ സൗഹൃദമാണ് അബ്ദുൽ അസീസ്  സാഹിബിനോട്.  നല്ല വായനക്കാരൻ, നല്ല മലയാളം, മിതഭാഷി, നർമ്മമാവോളമുണ്ട്. കവിത എഴുതും, ആസ്വാദനം പറയും, സ്പുടം ചെയ്ത പ്രഭാഷണവും നടത്തും. സുല്ലമിയുമാണ്.

ഇന്ന് അദ്ദേഹം FB യിൽ കുറിച്ചിട്ട കുറച്ചു വരികൾ ഇങ്ങനെ :

രണ്ടു കൂട്ടരെ ഒഴിവാക്കിയാൽ തന്നെ ബേജാറൊഴിവാക്കാം.

ഒന്ന് :  രോഗിയെ പരിചരിക്കാൻ ഒപ്പമുള്ള വ്യക്തി ക്ഷമയുള്ളവരും ബേജാറും വെപ്രാളവും
കാണിക്കാത്തവരുമായിരിക്കണം. ഇത്തരക്കാർ (ക്ഷമയില്ലാത്തവർ) കൂട്ടിനു നിന്നാൽ രോഗം കൂടുമെന്നെല്ലാതെ ഒരു
തരി പോലും കുറയാൻ സാധ്യതയില്ല.

രണ്ട് : ഹോസ്പിറ്റലിൽ വൈകുന്നേരം വിൽക്കാൻ കൊണ്ടുവരുന്ന കൊലയും ,കൊള്ളി വെയ്‌പും ,പിടിച്ചു പറിയും ആത്മഹത്യകളും കൊണ്ട് നിറഞ്ഞു നിൽക്കുന്ന  "സായാഹ്‌ന പത്രം" വാങ്ങി വായിക്കാതിരിക്കുക.

പലപ്പോഴും തോന്നിയ കാര്യം. പല വേളകളിലും പറയണമെന്ന് നിരീച്ചത്. രണ്ടാമത് പറഞ്ഞത് (പത്രം) വാങ്ങാതിരിക്കാം. അത് വലിയ വിഷയമുള്ള കാര്യമല്ല. ഒന്നാമത്തേതും അതിനോടനുബന്ധിച്ചതുമാണ് പ്രധാനം.

കൂട്ടിന് പോകുന്നവരുടെ സേവനം അതിമഹത്തരമാണ്. തന്റെ എല്ലാ ജോലിയും കാർബാറും ഒഴിവാക്കിയാണ് അയാൾ / അവൾ കൂട്ടിനിരിക്കുന്നത്. മനഷ്യസ്നേഹത്തിന്റെ അങ്ങേയറ്റം. കൂടെപ്പിറപ്പെന്നത് അന്വർഥമാക്കുന്നത്. ബന്ധുവാകാം, അയൽക്കാരാകാം, സുഹൃത്താകാം, സന്നിഗ്ദ ഘട്ടത്തിൽ ഒരു കൈ സഹായം ലഭിച്ച ഒരു സാധുവാകാം - അവർ കൂട്ടിനിരുന്നത് രോഗിയെ ബേജാറാക്കാനല്ല. രോഗിക്ക് ഒരു താങ്ങ് , ഒരു കൈ സഹായം. തടികൊണ്ടൽപം പരിചരണം. തനിക്ക് പറ്റുന്നത്. പറ്റാവുന്നത്.

അവരാണ് എല്ലാം. അവരുടെ ആശ്വാസവചനമാണാ രോഗിയെ ശുഭാപ്തി വിശ്വാസക്കാരനാക്കുന്നത്. മുഖത്ത് നോക്കി ചിരിച്ച് ഇന്നൽപം ഭേദപ്പെട്ടെന്ന ഒരു പറച്ചിൽ. അത് മതി. അത് മാത്രം മതി, രോഗിയെ ദീനത്തിൽ നിന്നൽപം അകലം പാലിക്കാൻ.

ശരിയാണ്,  കിടക്കപ്പായയിൽ സ്ഥിതി അൽപം മോശമാണ്. ശരീരം തണുത്ത് തണുത്ത് പോകുന്നുണ്ട്. കാണക്കാണെ ശ്വാസതടസ്സം കൂടുന്നുണ്ട്. കയ്യിൽ നിന്നും വിട്ടുപോകുമോ എന്നവസ്ഥ.

കുറച്ചു പേർ ആ മുറിയിലുണ്ട്. അറിഞ്ഞെത്തിയതാണ്.  രോഗിക്ക് വല്ലായ്ക. എത്ര തന്നെ അടുപ്പമുള്ളവരവിടെയുണ്ടെങ്കിലും അസ്വസ്ഥ നിമിഷങ്ങളിൽ രോഗി ഇടം കണ്ണിട്ട് നോക്കുന്നത് ഒരാളെ മാത്രം. ആരെയെന്നോ ? കൂട്ടിന് വന്നവനെ / വന്നവളെ. തന്നെ എല്ലാം മറന്ന് അത് വരെ പരിചരിക്കുന്നവരെ.  അവരുടെ മുഖഭാവം നോക്കി രോഗി മനസ്സിൽ കണക്ക് കൂട്ടും - ഇല്ല എനിക്ക് അസ്വസ്ഥത വെറുതെ തോന്നുകയാണ്. കൂട്ടിന് വന്നയാൾ as usual എന്നെ പരിചരിക്കുന്നു. കളി തമാശയുണ്ട്. അവരെ മുഖത്ത് ഒരു ഭാവവ്യത്യാസവുമില്ല.

അതോടെ രോഗിക്ക് ചങ്കിടിപ്പ് കുറഞ്ഞു കുറഞ്ഞു വരും. സന്ദേഹം മാഞ്ഞു പോകും. ആശ്വാസം ഇളം കാറ്റുപോലെ ജനൽ പാളിയിൽ കൂടി വീശും. അതെ,  കൂട്ടിനിരുന്നവരുടെ ഇച്ഛാശക്തിയുടെ ഫലം തന്നെ.

പതറിയാൽ ? എല്ലാം പോയി. നിയന്ത്രണം പോയി. വെപ്രാളപ്പെട്ട് ഒന്നും കാണില്ല. നിലവിളി. നിലവിട്ട പെരുമാറ്റം. മുന്നിൽ കിടക്കുന്ന രോഗിക്കും നിസ്സംശയം  ദീനം കൂടിക്കൂടി വരും. ഒരുപക്ഷെ, അതവസാനത്തെ ശ്വാസോച്ഛാസമാകാം.

കൂട്ടിനിരിക്കുന്നവർ ഒരൽപം ശ്രദ്ധിച്ചാൽ മാത്രം മതി. സ്വയം ത്യജിച്ചുള്ള ആ സേവനത്തെ വലിയ വാക്കുകൾ കൊണ്ട് പുകഴ്ത്താം. ഒപ്പം, അവരിൽ നടേ പറഞ്ഞ ശ്രദ്ധയുമുണ്ടാകട്ടെ,

..........................▪

മുഹമ്മദ് അബൂബക്കര്‍ ആദരിക്കപ്പെടുമ്പോള്‍ / BM പട്ല

_*മുഹമ്മദ് അബൂബക്കര്‍ ആദരിക്കപ്പെടുമ്പോള്‍*_
➖➖➖➖➖➖➖➖➖
_പട്ള ദാറുല്‍ ഖുര്‍ആന്‍ ഹിഫ്ള് കോളേജില്‍ നിന്ന് പരിശുദ്ധ ഖുര്‍ആന്‍ മുഴുവനും മനഃപാഠമാക്കി നമ്മുടെ നാട്ടുകാരനായ ഒരു ഹാഫിള് കൂടി പുറത്തിറങ്ങുന്നു._
_അല്‍ഹംദുലില്ലാഹ്._

_ജനങ്ങളില്‍ അത്യുത്തമര്‍ ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണത്രെ._
_ഖുര്‍ആിന്‍റെ അമാനുഷികതയും അല്‍ഭുതവും ലോകത്ത് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന കാല സാഹചര്യത്തില്‍  ഖുര്‍ആനിന്‍റെ ആഴങ്ങിലേക്ക്  ഇറങ്ങിച്ചെല്ലുകയും ഖുര്‍ആനിക പ്രബോധനത്തിന് വേണ്ടി മുന്നിട്ടിറങ്ങുകയും ചെയ്യേണ്ടത് നമ്മില്‍ ഒാരോരുത്തരുടെയും ബാധ്യതയാണ്._

_പട്ളയില്‍ ചെറിയൊരു കട നടത്തി വരുന്ന അബ്ദുല്‍ ഖാദറിന്‍റെയും ( കുഞ്ഞിപ്പ )  കദീജയുടെയും നാലാമത്തെ മകനാണ്_  *മുഹമ്മദ് അബൂബക്കര്‍*.
_ഈ പൊന്ന് മോനെ ഒരു നാട് മൊത്തം ആദരിക്കുകയാണ്. ഞായറാഴ്ച്ച  നടക്കുന്ന പട്ള മന്‍ബഉല്‍ ഹിദായ സെക്കണ്ടറി മദ്രസായുടെ 58 ാം വാര്‍ഷികവും മീലാദ് ഫെസ്റ്റും സമ്മേളിക്കുന്ന പ്രൗഡ ഗംഭീരമായ മഹത്തായ സദസ്സ്  അതിന് വേദിയാകുകയാണ്._

*_യു.എ.ഇ പട്ള മുസ്ലിം ജമാഅത്ത് വക ക്യാഷ് അവാര്‍ഡും  പ്രശസ്തി ഫലകവും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന നല്‍കുന്ന ക്യാഷ് അവാര്‍ഡ് ,യു.എ.ഇ പട്ള മുസ്ലിം ജമാഅത്ത് പ്രസിഡന്‍റ് ജനാബ് സുല്‍ത്താന്‍ മഹ്മൂദ്  നല്‍കുന്ന 6666 രൂപയും മെമന്‍റോയും_*
_അത് പോലെ മറ്റ് വ്യക്തിത്വങ്ങള്‍ നല്‍കുന്ന അനുമോദന പത്രങ്ങളും പ്രോല്‍സാഹന സമ്മാനങ്ങളും  ചടങ്ങില്‍ നല്‍കപ്പെടുകയാണ്._

*_മുഹമ്മദ് അബൂബക്കറിന്‍റെ_* _കുടുംബത്തിനും നാട്ടുകാര്‍ക്കും മധുരം സമ്മാനിക്കുന്ന  ഈ അസുലഭ സന്ദര്‍ഭത്തില്‍ പ്രവാസ ലോകത്ത് നിന്നും എല്ലാ വിധ അനുമോദനങ്ങളും ആശസകളും നേരുന്നു....._
=========================
_beeyem patla_

Monday 5 November 2018

ഗെയിൽ ഉണ്ടാക്കിയത് / എ. എം. പി.


*ഗെയിൽ*
*ഉണ്ടാക്കിയത്*

....................

എ. എം. പി.
...................

വികസനത്തിന്റെ പേര് പറഞ്ഞു ഒരു ഗ്രാമത്തിൽ ഗെയിൽ ഉണ്ടാക്കിയ പുതിയ സംസ്കാരം ഭിന്നിപ്പിക്കൽ തന്ത്രമാണ്. അതിനു പറ്റിയ പരിശീലനം നേടിയതോ സ്വയം ആർജിച്ചെടുത്തതോ ആയ പണിക്കാരെയാണ് അവർ നിയോഗിച്ചത്. ഒരു പക്ഷെ, ഫീൽഡിൽ ഇറങ്ങിയപ്പോൾ മാസ്സ് സൈക്കോളജി (ആൾക്കൂട്ട മന:ശാസ്ത്രം) പഠിക്കേണ്ടി വന്നതാകാം ആ പണിക്കാർ മൊത്തം.

പൈപ്പ് കൊണ്ട് പോകാൻ ഉദ്ദേശിക്കുന്ന സ്ഥലത്തൊക്കെ അവർക്ക് അനുമതി പത്രവും Docs ഉം ഉണ്ട്. നാലഞ്ച് വഴിയിൽ കൂടി പോകാമെന്ന് പറയും. എല്ലായിടത്തും സർവ്വേ നടത്തി എന്നും പറയും. കൺഫ്യൂഷനായി ആളുകൾ പരസ്പരം മുഖത്തോട് മുഖം നോക്കും. പിന്നെ ആളുകൾ ഊഹം വെച്ച് കൊമ്പു കോർക്കാൻ തുടങ്ങും. അതിനിടയിൽ എല്ലാവരും നോക്കി നിൽക്കെ കാലിനടിയിലൂടെ JCB പായും, പിന്നാലെ ബംഗാളി, ആസാമി കൂലി പണിക്കാരും.

''നീ സഹകരിച്ചില്ലെന്ന് ഒരാൾ, അവൻ കാണിച്ചു കൊടുത്തെന്ന് പിന്നൊരാൾ, വഴി മാറി പൈപ്പ് പോകുന്നെന്നറിയുമ്പോൾ ആ ആശ്വാസത്തിൽ വേറൊരാൾ,  അങ്ങിനെ മണ്ണിലും  മനസ്സിലും സംശയമുണ്ടാക്കി അകൽച്ച ഉണ്ടാക്കിയ തക്കത്തിലും ആശ്വാസത്തിലും  മരത്തിന്റെയും മതിലിന്റെയും വില പറഞ്ഞ് കാശും കൊടുത്ത് ഗെയിന്മോർ ജെസിബിയുമായി മുന്നോട്ട്... " തൊട്ടടുത്ത ജില്ലയിലെ എന്റെ ഒരു സുഹൃത്ത് പറഞ്ഞതാണിത്. A typical ചിത്രം. എല്ലായിടത്തേക്കും ഈ അവസ്ഥ യോജിച്ചതെന്ന് കരുതുന്നു.

ഇത് കടന്നു പോയ ജില്ലക്കാരായ ഒരു പാട് ഓൺലൈൻ കൂട്ടുകാരുണ്ട്. അവിടങ്ങളിൽ പരസ്പരം  മിണ്ടലും പറയലും നിർത്തിയവരുണ്ട് പോൽ. ബന്ധങ്ങളിൽ വിള്ളൽ വിണവർ വേറെ. വസ് വസിൽ പെട്ടവർ കുറെ പേർ. മയ്യത്ത് വരെ കാണരുത് എന്ന് പറഞ്ഞവരും ഉണ്ടത്രെ.  ഈ  ഭിന്നിപ്പിക്കൽ തന്ത്രമുപയോഗിച്ച് നൂറ് പൈപ്പുകൾ ഇനിയും തലങ്ങും വിലങ്ങും ഇവർക്കിടാൻ സാധിക്കുമെന്നാണ് ഇതൊക്കെ കേട്ടപ്പോൾ എനിക്ക് തോന്നിയത്.

പൈപ്പ് എല്ലായിടത്തും എത്തി. കുറച്ചു ഭാഗങ്ങളാണ് ഇനി കുഴിച്ചിടാൻ ബാക്കി. അതെങ്ങിനെയും അവർ കൂട്ടി യോജിപ്പിക്കും. പൈപ്പ് അവിടെ പകുതിയിൽ നിർത്തിപ്പോകില്ലല്ലോ. ഇതൊന്നും കാണേണ്ടെന്നത് ദൈവനിശ്ചയമാകാം,  ഞാനിപ്പോൾ കർണ്ണാടകയിലാണ്.

 തോഡാ സാ സൈഡ് മേം ഖോജ്നാ  എന്ന് മാത്രമേ ഇനി ആ ഹിന്ദിക്കാരോട് പറയാനുള്ളൂ.

മജൽ ബഷിറിന്റെ ആത്മാർഥമായ വരികൾ ഒരു വലിയ ദുരന്ത ചരിത്ര നോവൽ വളരെ പ്രയാസത്തോടെ വായിച്ചു തീർത്ത അനുഭവമുണ്ടാക്കി.
വിക്ടിംസിനൊപ്പമാണ് എന്റെ തപ്ത ഹൃദയം. ഒരു മുഷിപ്പിനപ്പുറം മറ്റൊരു നല്ലതിന്റെ വെള്ളിവെളിച്ചമുണ്ട്.

RTPen.blogspot.com

ഗെയിൽ ജനങ്ങളുടെ നെഞ്ചിൻ കൂട് തകർക്കുമ്പോൾ!! /ബഷീർ മജൽ

*ഗെയിൽ*
*ജനങ്ങളുടെ*
*നെഞ്ചിൻ കൂട്* *തകർക്കുമ്പോൾ!!*
*********************
   
*ബഷീർ മജൽ*
•••••••••••••••••••••••••

... *ശെരീഫെ   നീ  ഓട്ത്തൂടാ    നീ ഒന്ന്  പാറ വളപ്പില്‍ (വിളിപ്പേര്)  പോയിറ്റ് അടക്കാവും തേങ്ങാവും  നോക്കീറ്റ് വാ മോനെ* ...
       ഇത്  സ്നേഹ നിധിയായ  പ്രിയപ്പെട്ട ഞങ്ങളുടെ ഉമ്മ സ്ഥിരം  രാവിലെ മക്കളോട് പറയുന്ന  വാക്കുകളാണ് .      ഇനി ഈ  വാക്കുകള്‍  കേള്‍ക്കില്ല     കാരണം സ്വന്തം മക്കളെപ്പോലെ  സൂൂക്ഷിച്ച്  പരിപാലിച്ച്  നോക്കി നടന്നിരുന്ന വസ്ഥു കൈ വിട്ട് പോയത് വിശ്വസിക്കാനും ഉള്‍കൊള്ളാനും പറ്റാതെ വലിയ സങ്കടത്തിലാണ് ഞങ്ങളുടെ ഉമ്മ ..

ഗെയില്‍ ഗ്യാസ് പൈപ്പ് ലൈന്‍  കേരളത്തില്‍ കടന്ന് പോകുന്നത് സാധാരണക്കാരന്‍റെ നെഞ്ച് പിളര്‍ന്ന് കൊണ്ടാണ്.

ജനങ്ങള്‍ക്ക് താങ്ങും തണലുമാകേണ്ട സര്‍ക്കാര്‍ തന്നെയാണ് കുത്തക കമ്പനികള്‍ക്ക്  ഈ കൊടും ക്രൂരമായ പദ്ധതിക്ക്  വഴി തുറന്ന് കൊടുക്കുന്നത്  ഇന്ത്യയിലെ  ജനങ്ങള്‍ക്ക് ഒരു ഗുണവും ഉപകാരവും  ഇല്ലാത്ത സര്‍ക്കാരിന് വലിയ ലാഭം  ഇല്ലാത്തതുമായ, കുത്തക കമ്പനികള്‍ക്ക്  മാത്രം ഉപകാരപ്പെടുന്ന ഒരു പദ്ധതിയാണ് ഗെയില്‍ ഗ്യാസ് പൈപ്പ്ലൈൻ പദ്ധതി!

എല്ലാം  തകര്‍ന്ന് പോയ   കാഴ്ചയാണ് ഞങ്ങള്‍ക്ക്   കാണേണ്ടി വരുന്നത്. നെല്‍പ്പാടവും, കുറേ തെങ്ങും,  അതില്‍ കൂടുതല്‍ കവുങ്ങും, അടങ്ങുന്ന ഒരേക്കറോളം നല്ല വരുമാനമുള്ള  സ്ഥലമാണ് ഞങ്ങള്‍ക്ക് മാത്രം നഷ്ടപ്പെട്ടത് .   ഇതിലും കുടതലും കുറവുമായി ഒരുപാട് കുടുംബങ്ങളാണ് സങ്കടത്തിലായത്.
ആരോട് പറയാന്‍!
ജീവനും സ്വത്തിനും ഒരു  വിലയുമില്ലാത്ത  കാലമാണ്   ഇതില്‍ കൂടുതല്‍ എന്ത് പറയാൻ!

ഞങ്ങള്‍ പിറക്കുന്നതിന്ന്  മുമ്പ് തന്നെ പിതാവിന്‍റെ  കൂടെ നിന്ന മണ്ണാണ് .
വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ     ഫലഫൂഷ്ടിയുള്ള മണ്ണാക്കി പാകപ്പടത്തുകയും ഒരു നല്ല കൃഷിയിടമാക്കിയതുമാണ്. അന്ന് മുതല്‍ മുടങ്ങാതെ ഇന്ന് വരെ  ഞങ്ങള്‍ക്ക്  അന്നം തന്ന മണ്ണ്!

ജീവിതത്തിലെ പല സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങളിലും  ഫലങ്ങള്‍ തന്ന്  സഹായവും  ആശ്വാസവും   നല്‍കി കൂടെ നിന്ന കൃഷിയിടത്തേയാണ്  അവര്‍   ഒരു വിലയും കല്‍പ്പിക്കാതെ കണ്ടാല്‍ ചങ്ക് പൊട്ടുന്ന നിലയില്‍   തകര്‍ത്തെറിഞ്ഞ് കളഞ്ഞത്.
ഇത് ഞങ്ങളുടെ മാത്രം കഥയല്ല!  ഇത് പോലെ  ഒരുപാട് കുടുംബങ്ങളുടെ  കണ്ണീരാണ് ഒഴുകിയത്.

ഇതിന്‍റെ എല്ലാ ഘട്ടങ്ങളിലും എല്ലായിടങ്ങളിലും  പ്രതിഷേധം ഉയർന്നിരുന്നു .
മറ്റ് സംസഥാനങ്ങളില്‍ ഗെയില്‍ ഗുരുതര സുരക്ഷാ  വീഴ്ച വരുത്തിയതായി   സിഎജി കണ്ടെത്തിയിരുന്നു.  കേരളത്തില്‍    പൈപ്പ് ലൈന്‍  നിര്‍മ്മാണ  പ്രവര്‍ത്തനം പുരോഗമിക്കുമ്പോള്‍ സുരക്ഷ ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്നത് ഖേദകരവും  ആശങ്കയുമാണ് ..
     ജനവാസ കേന്ദ്രങ്ങളില്‍ നിന്നും മറ്റ് വഴികളിലൂടെ    മാറ്റി സ്ഥാപിക്കാനും നിര്‍മ്മാണത്തിലെ  സുരക്ഷ ഉറപ്പ് വരുത്താനും ജനരോഷം ആളിക്കത്തി പ്രതിഷേധം ഇരമ്പിയപ്പോള്‍  ജനങ്ങള്‍ക്ക് സുരക്ഷയും സംരക്ഷണവും നല്‍കി താങ്ങും തണലുമാകേണ്ട സര്‍ക്കാര്‍ തന്നെ പോലീസിനേയും മറ്റും  ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ് ഉണ്ടായത്.

സര്‍ക്കാര്‍ ഖജനാവില്‍ നിന്നും രാഷ്ടീയ നേതാക്കൾ കൈയ്യിട്ട് വാരുന്നതിന്‍റെ ഒരു ചെറിയ ശതമാനം  മതി ജനവാസ കേന്ദ്രങ്ങളില്‍ നിന്നും  ഈ ദുരന്ത ലൈൻ മാറ്റിസ്ഥാപിക്കാന്‍ വരുന്ന അതികച്ചെലവ്.
ശരിയായ നഷ്ട പരിഹാരം നല്‍കി ആശ്വാസമേകണ്ടത് സര്‍ക്കാരിന്‍റെ ബാധ്യതയുമാണ്.