Saturday 13 October 2018

സതീഷ്, ആദരാഞ്ജലികൾ / അസ്ലം മാവിലെ

*ആദരാഞ്ജലികൾ !* 

നടപ്പുശീലങ്ങളെ ഉഴുത് മറിച്ചു പുതിയ ചോദ്യങ്ങൾ പുതുമയോടെ ചോദിക്കാൻ ധൈര്യം കാണിച്ച മാധ്യമ പ്രവർത്തകനാണ് സതീഷ്.

ഇസ്ലാഹി സെൻററിന്റെ പ്രവർത്തനങ്ങളുമായി  ബന്ധപ്പെട്ടു ദുബായിൽ ഇടക്കിടക്ക് വാർത്താ സമ്മേളനങ്ങൾ ഒരുക്കൂട്ടുമ്പോഴാണ്  സതീശിനെ പരിചയപ്പെടുന്നത്. ശരിക്കും പ്രസ്സ്മീറ്റ് സജീവമാകുന്നത് സതീഷ് സദസ്സിൽ എഴുന്നേൽക്കുമ്പോഴാണ്. മറ്റു മാധ്യമ പ്രവർത്തകർ ചോദ്യങ്ങൾ എറിയാൻ മടിക്കുമ്പോൾ,  സതീഷ് വ്യത്യസ്തനാകുന്നത് ശക്തമായ ചോദ്യങ്ങളെറിഞ്ഞാണ്. ചോദിക്കേണ്ട വേദിയിൽ ചോദിക്കേണ്ട രൂപത്തിൽ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു എന്നതാണ് സതീഷന്റെ ശരികളിൽ ഒന്ന്. നിരന്തര "കലഹങ്ങൾ"ക്കിടയിൽ കിട്ടിയ മറുപടി  മാത്രം അദ്ദേഹം പത്രത്തിൽ എഴുതി. മറ്റുള്ളവരാകട്ടെ, ആ മറുപടി കേട്ട് എഴുതാപ്പുറങ്ങൾ വായിച്ചു പൊടിപ്പും തൊങ്ങലുമിട്ടു വാർത്തകൾ ചമച്ചു.

ഒന്നാം ദുബായ് അന്താരാഷ്ട്ര സമാധാന സെഷനിൽ മലയാള വിഭാഗം മീഡിയ വിംഗിൽ പ്രവർത്തിക്കാൻ അവസരമുണ്ടായപ്പോഴായിരുന്നു സതീഷുമായി കൂടുതൽ ബന്ധപ്പെടാൻ അവസരമുണ്ടായത്. ദുബായ് മലയാള മാധ്യമരംഗത്തെ "ആശാനെ"ന്ന് സ്വകാര്യ വിളിപ്പേരുള്ള ജബ്ബാരി സാഹിബാണ് സതീഷിനെ എനിക്ക് ഔദ്യോഗികമായി  പരിചയപ്പെടുത്തിയത്. ജബ്ബാരിയായിരുന്നു ഞങ്ങളുടെ ലീഡറും അഡ്വൈസറും മാധ്യമ ഗുരുനാഥനും.

സംഭാഷണങ്ങളിൽ ഏറ്റവും നല്ല മാന്യത സതീഷ് കാണിച്ചു. സൂചിപ്പിക്കപ്പെട്ടത് പോലെ ചിരിച്ചു കൊണ്ട് സൗഹൃദം ആഴത്തിൽ സൂക്ഷിച്ചു ആ  മനുഷ്യൻ.

അദ്ദേഹത്തിന്റെ നിലപാടുകളോട് നമുക്ക് / നിങ്ങൾക്ക് ഒരുപക്ഷെ വ്യത്യസ്ത സമീപനമാകാം. പക്ഷെ, മാധ്യമ പ്രവർത്തകനെന്ന നിലയിൽ അദ്ദേഹം അദ്ദേഹത്തിന്റെ ഭാഷയിൽ വളരെ ശരിയായിരുന്നു.

2011 തുടക്കത്തിൽ ഞാൻ ദുബായ് വിട്ടതോടെ മാധ്യമ സുഹൃത്തുക്കളുമായുള്ള ബന്ധങ്ങൾ മെല്ലെ മെല്ലെ ഇഴയറ്റുപ്പൊയ്കൊണ്ടിരുന്നു. എൽവിസ് ചുമ്മാർ മുതൽ  നാസർ ബേപ്പൂർ വരെയുള്ള ഒരു വലിയ മീഡിയ വിംഗ് തന്നെ അതിൽ പെടും.

ആദരാഞ്ജലികൾ! സതീഷന്റെ  വേർപാടിൽ ഖിന്നരായ മാധ്യമ കുടുംബത്തോടൊപ്പം ഞാനും  പങ്ക് ചേരുന്നു.

___________________
*അസ്ലം മാവില*

No comments:

Post a Comment