Monday 18 February 2019

സലീമിന്‍റെ ഉമ്മയും യാത്രയായി / B M പട്ല

_*സലീമിന്‍റെ ഉമ്മയും യാത്രയായി*_
^^^^^^^^^^^^^^^^^^^^^^^^^^
അങ്ങനെ സലീമിന്‍റെ ഉമ്മയും ഒാര്‍മ്മയായിരിക്കുകയാണ്.
ഞാനും സലീമും ബാല്യ കാലം തൊട്ടേ സുഹൂത്തുക്കളാണ്.
ഒരു ബെഞ്ചില്‍ ഇരുന്ന് പഠിച്ചവരാണ് ഞങ്ങളിരുവരും.സ്ക്കൂള്‍ പഠനം കഴിഞ്ഞും ഞങ്ങള്‍ ആ ബന്ധം കാത്ത് സൂക്ഷിക്കുന്നവരായിരുന്നു. അത് കാരണം പലപ്പോഴൊക്കെ ആ വീട്ടില്‍ ഞാന്‍ ചെല്ലാറുമുണ്ടായിരുന്നു. അവന്‍റെ ഉമ്മാനെ ഏറ്റവും അവസാനമായി കണ്ടത്  കഴിഞ്ഞ ലീവിന് വന്നപ്പോഴായിരുന്നു.
രണ്ട് വര്‍ഷം മുമ്പ് ഡോക്ടര്‍മാര്‍ നിസ്സഹരായി കെെ മലര്‍ത്തി കെെയൊഴിഞ്ഞപ്പോള്‍ അല്ലാഹുവിന്‍റെ അപാരമായ അനുഗ്രഹം കൊണ്ട് മാത്രം  ജീവിതത്തിലേക്ക് മടങ്ങിയ ആ  ഉമ്മയുടെ മുഖം  പതിവില്‍ കൂടുതലായി തളര്‍ത്തിയതായി എനിക്ക് തോന്നിയില്ല.
ഉമ്മാനെക്കുറിച്ച് സലീം പലപ്പോഴും വാചാലാനാവുന്നത് കണ്ടിട്ടുണ്ട്.  ഉമ്മാനെക്കുറിച്ച് അസ്ലം മാവില എഴുതിയ  ഒന്ന് രണ്ട് കുറിപ്പുകള്‍ കൊണ്ട് തന്നെ അവിടുത്തെ മഹത്വം ഞാനറിഞ്ഞിരുന്നു.  വര്‍ഷങ്ങളായി ഉമ്മയെന്ന തണല്‍ മരം നഷ്ടപ്പെട്ടവനാണ് ഞാനും.
ഉമ്മയില്ലാത്ത ശൂന്യത തെല്ലൊന്നുമല്ല അസ്വസ്ഥനാക്കിയിരുന്നതും. അത് കൊണ്ട് തന്നെ ഉമ്മയെക്കുറിച്ചുളള കുറിപ്പുകളൊക്കെ എന്‍റെ കണ്ണുകളെ നനയിപ്പിക്കാറുമുണ്ട്.
സലീമിന്‍റെ ഉമ്മ സദാ സമയവും ഖുര്‍ആനിനൊപ്പമായിരുന്നു.ഒപ്പം അടങ്ങാത്ത വായനാവേശവും.
അത് കൊണ്ട് തന്നെയായിരിക്കണം അസ്ലം മാവിലയെ എഴുത്ത്കാരനും സലീമിനെ ഗ്രന്ഥകാരനുമാക്കിയതും.
ഉമ്മ രോഗിയായത് മുതല്‍  അത്യന്തം ശ്രദ്ധിച്ചിരുന്നവര്‍.
അത് കൊണ്ടായിരിക്കാം അയല്‍വാസിയും വളരെ ആത്മ ബന്ധം പുലര്‍ത്തിയുമിരുന്ന ഉമ്മിഞ്ഞാന്‍റെ വിയോഗം  പോലും ആ ഉമ്മാനെ അറിയിക്കാത്തതും.
ശൂന്യത നിറഞ്ഞ ആ വീട്ടില്‍  ഉമ്മാന്‍റെ നല്ല ഓര്‍മ്മകളായിരിക്കും ഇനി കൂട്ടിനുണ്ടാവുക.
_കുടുംബത്തിന് അല്ലാഹു സമാധാനം നല്‍കുകയും_
_ആ ഉമ്മാന്‍റെ  സര്‍വ്വ പാപങ്ങളും പൊറുത്ത് സ്വര്‍ഗ്ഗത്തിലൊരിടം നല്‍കട്ടേയെന്ന് ആത്മാര്‍ത്ഥമായി ദുആ  ചെയ്യുകയും ചെയ്യുന്നു._
_______________________
_Beeyem patla

Wednesday 13 February 2019

ആ വായന നിലച്ചു ; എന്റെ മാമ അനശ്വരലോകത്തേക്ക് മറഞ്ഞു .../സാൻ മാവിലെ

http://my.kasargodvartha.com/2019/02/remembrance-of-patla-mariyumma.html?m=1

*ആ വായന നിലച്ചു ;*
*എന്റെ മാമ*
*അനശ്വരലോകത്തേക്ക്*
*മറഞ്ഞു ...*
........................
സാൻ മാവിലെ
........................
‌കൈയ്യിലൊരു പുസ്തകമില്ലാതെ മാമാനെ സങ്കൽപ്പിക്കാൻ പോലും പറ്റില്ല. മരിക്കുന്നതിന് ഒരാഴ്ച്ച മുമ്പ് ഞാൻ കാസർകോട് ജില്ലാ ലൈബ്രറിയിൽ നിന്ന് കൊണ്ട് വന്ന ഒരു വലിയ പുസ്തകം രാത്രി പത്തു മണിയോടടുപ്പിച്ച് കൊട്ടിലിൽ കസേരയിലിരുന്ന് വായിക്കുന്ന കാഴ്ച്ച മനസിൽ മായാതെ കിടപ്പുണ്ട്.

കൈയ്യിൽ കിട്ടുന്നതെന്തുമാകട്ടെ. വായിക്കാനുള്ള വ്യഗ്രത മാമാക്ക് കൂടുതലായിരുന്നു. കിടപ്പിലാവുന്നതിന് മുമ്പും ശേഷവും കൈയ്യിലെപ്പോഴും പരിശുദ്ധ ഖുർആനോ അതിന്റെ അറബി മലയാള പരിഭാഷയോ അല്ലെങ്കിൽ ആപ്പാന്റെ പുസ്തക ശേഖരത്തിൽ നിന്നുള്ള ഗ്രന്ഥങ്ങളോ പിടിച്ച് വായിക്കുന്ന മാമയുടെ ചിത്രം പതിവായിരുന്നു.

ആപ്പ (എന്റെ പിതൃസഹോദരൻ സലിം പട്ല) എഴുതിയ പുസ്തകങ്ങളോട് മാമക്ക് വല്ലാത്ത സ്നേഹമായിരുന്നു. വാത്സല്യനിധിയായ ആ മകനോടുള്ള സ്നേഹം പോലെ തന്നെ അദ്ദേഹത്തിന്റെ  മൂന്ന് പുസ്തകങ്ങളോടും മാമ പറഞ്ഞറിയിക്കാൻ പറ്റാത്ത അടുപ്പം കാണിച്ചിരുന്നു.  പ്രവാചകനെ കുറിച്ച് ആപ്പ ഏറ്റവും അവസാനം എഴുതിയ കനപ്പെട്ട പുസ്തകം മാമാന്റെ അരികത്ത് എന്നുമുണ്ടാകും, വായിച്ചു നിർത്തിയിടത്ത് ഒരു അടയാളം വെച്ച്.

മാമാന്റെ അടുത്തിത്തിരി നേരമിരുന്നാൽ ഉപ്പപ്പ മാമാനെ മലയാളം പഠിപ്പിച്ച കഥ പറഞ്ഞ് തരും. അറബി മലയാളത്തിൽ കത്തെഴുതാൻ പഠിപ്പിച്ചത്, ഇംഗ്ലിഷ് അക്ഷരങ്ങൾ പഠിപ്പിച്ചത്,  ഒപ്പം പട്ലയുടെ ചരിത്രം, മാമാന്റെ കുഞ്ഞുന്നാളുകൾ, തറവാട്ടു കഥകൾ, ഉപ്പപ്പന്റെ നന്മ ശേഖരങ്ങൾ. ഞങ്ങൾ ഫോണിലോ ടി.വി.ക്ക് മുന്നിലോ കുത്തിയിരിക്കുമ്പോൾ ഞങ്ങളോട് പറയുക,  പോയി എന്തെങ്കിലുമെടുത്ത് വായിക്കാനായിരിക്കും.

ഇക്കഴിഞ്ഞ ആഴ്ച മംഗലാപുരം ആസ്പത്രിയിൽ റൂട്ടീൻ ചെക്കപ്പ് കഴിഞ്ഞു വീട്ടിലെത്തിയതിന്റെ പിറ്റെന്നാൾ ചെറിയ ഒരസ്വസ്ഥതയുണ്ടായപ്പോൾ വൈകുന്നേരം കുടുംബ ഡോക്ടറായ ഫസൽ സാറിന്റെ വീട്ടിലേക്ക് മാമാനെ കൊണ്ട് പോയി. ഡോക്ടർ മറ്റു രോഗികളെ പരിശോധിക്കും വരെ മാമ പുറത്ത് കാറിനകത്തിരുന്നു. ഉമ്മ പറയുകയാണ് - മാമ അകലെ  ബോർഡ് നോക്കി  ഇംഗ്ലിഷ് അക്ഷരങ്ങൾ വായിക്കാൻ തുടങ്ങി പോൽ - H , O, T, E, L .. ആ ഫ്ലക്സ് ബോർഡിൽ അക്ഷരങ്ങൾ മിന്നിമറയുന്നതോരോന്ന് പെറുക്കിപ്പെറുക്കി വായിച്ചു കൊണ്ടേയിരുന്നു. എന്തോ,  മാമാക്ക് അക്ഷരങ്ങളോട് അത്രമാത്രം വല്ലാത്ത അടുപ്പമായിരുന്നു. എന്തു കണ്ടാലും വായിക്കുക എന്ന അടങ്ങാത്ത ആഗ്രഹം. 

വായിക്കാനവർക്ക് പ്രത്യേകം സമയമൊന്നുമില്ല. അതിരാവിലെ മുതൽ പുസ്തകം തന്നെ കയ്യിൽ. പാതിരാവിലും ഞങ്ങൾ കാണുന്നത് മൂക്ക് കണ്ണട വെച്ച് വളരെ ഗൗരവത്തിൽ വായിക്കുന്ന മാമായെയാണ്. ഇരുന്ന് ക്ഷീണിക്കുമ്പോൾ, പിന്നെ ചരിഞ്ഞ് കിടന്നാകും വായന. ഉറക്കം കൺപോളകളെ തഴുകി എത്തും വരെ അതു തുടരും. 

കുറച്ചിടെയായി മാമാക്ക് ഓർമ്മക്കുറവ് വന്ന് തുടങ്ങിയിട്ട്. അപ്പോൾ ആപ്പാന്റെ നിർദ്ദേശം ഞങ്ങൾക്കെല്ലാവർക്കുമെത്തി : മാമ എത്ര ആവർത്തി എന്ത്  ചോദിച്ചാലും,   അതവർ ആദ്യമായി ചോദിക്കുന്നത് പോലെ നിങ്ങൾ മറുപടി നൽകണം. ഞങ്ങൾക്കതൊരു പുതിയ അറിവായിരുന്നു. ഞങ്ങളതിന്റെ സത്ത ഉൾക്കൊണ്ട് മാമാന്റ ഒരേ ചോദ്യങ്ങൾക്ക് മനസ്സു നിറയെ മറുപടി പറഞ്ഞു കൊണ്ടേയിരുന്നു, മാമ ഉത്സാഹത്തോടെ ചോദ്യം ആവർത്തിച്ചു കൊണ്ടേയുമിരുന്നു. 

ഞാനെന്ത് കാണിച്ചാലും മാമ പറയും "ഓനങ്ങനൊന്നും ചെയ്യേല.. ഓനല്ലേ ഈട്ത്തെ നല്ല ചെക്കൻ". ആ ഒരു വെറുതെ കിട്ടുന്ന ക്രെഡിറ്റിലായിരിക്കും പിന്നെ അന്നു മുഴുവൻ എന്റെ ബമ്പും സന്തോഷവും.  അനിയനോട് ദേഷ്യപ്പെട്ടാൽ എന്നെ ശകാരിക്കുകയും ഏട്ടനെന്നോട് ചൂടായാൽ എന്റെ പക്ഷം ചേരുകയും ചെയ്യും. ഉപ്പ ഞങ്ങളോട് തട്ടിക്കയറുമ്പോൾ മാമ ഒരിക്കലും  ഉപ്പാന്റെ ഭാഗം നിൽക്കില്ല, ന്യായം ഉപ്പയുടെ പക്ഷത്താണെങ്കിൽ പോലും. കുറച്ച് കഴിഞ്ഞ് ഞങ്ങളെ അടുത്ത് വിളിച്ചു പറയും : "ഉപ്പയ്ക്ക് എന്റെ ദേഷ്യമാ, ആ സമയത്ത് ഒന്നsങ്ങാൻ ഞാൻ വെറുതെ നിങ്ങളുടെ ഭാഗം നിന്നതാ, ശരി ഉപ്പാന്റെ പക്ഷത്താണെങ്കിലും." ഉമ്മാനോട് തട്ടിക്കയറുമ്പോഴും മാമ ഒരിക്കൽ പോലും ഉപ്പാന്റെ ഭാഗം നിന്നതായി ഞാനിത് വരെ കണ്ടിട്ടില്ല. 

ഞങ്ങൾ ഇരുപത് പേരക്കുട്ടികളാണ് മാമാക്ക്. ഓരോരുത്തരും മത്സരിച്ച് സ്നേഹം പിടിച്ച് വാങ്ങും. ആ സ്നേഹം അനുഭവിക്കുമ്പോൾ ഞങ്ങൾ  ഓരോരുത്തർക്കും സ്വയം തോന്നും -  എന്നോടായിരിക്കും, അല്ല എന്നോടായിരിക്കും  മാമാക്ക് കൂടുതൽ സ്നേഹമെന്നും ലാളനയെന്നും പ്രത്യേക പരിഗണനയെന്നും. 

മാമാനെ ഒന്ന് കണ്ട്, മിണ്ടി, ഞായറാഴ്ച രാവിലെ കോളേജിലേക്ക് പോകാൻ റെയിൽവേ സ്റ്റേഷനിൽ വണ്ടി കാത്ത് നിൽക്കുമ്പോഴും മനസിൽ  വ്യാകുലതകളൊന്നുമില്ലായിരുന്നു. എന്നത്തേയും പോലെ ഹോസ്പിറ്റലിലെ ചെറിയ ട്രീറ്റ്മെന്റും കഴിഞ്ഞ് വീട്ടിലെത്തുമെന്നും അടുത്താഴ്ച്ച വരുമ്പോൾ വീട്ടിൽ മാമ ഉണ്ടാവുമെന്നും ഉറപ്പുണ്ടായിരുന്നു മനസ്സിൽ. പെട്ടെന്ന് ഉപ്പയുടെ ഫോൺ കോൾ : ഇന്ന് കോളേജിൽ പോകണ്ട, മാമാക്ക് എന്തോ അസ്വസ്ഥത കൂടുന്നത് പോലെ തോന്നുന്നു. റെയിൽവേ സ്റ്റേഷനിൽ നിന്ന് നേരെ മാലിക് ദീനാർ ആസ്പത്രിക്ക് വാ, നാളെ രാവിലെ ഇവിടന്ന് കോളേജിലേക്ക് പോകാം.

..................................

മനസ്സിൽ ഇപ്പോഴും കനൽ തീർക്കുന്നു - മുഴുമിപ്പിക്കാറായ എന്റെ ആദ്യത്തെ നോവൽ വായിക്കാൻ, അത് വായിച്ചഭിപ്രായം കേൾക്കാൻ, അതിന്റെ പ്രകാശനച്ചടങ്ങിൽ തലയെടുപ്പോടെ ഇരിക്കാൻ, എന്നെ കെട്ടിപ്പിടിച്ചതിന്റെ സന്തോഷം പങ്ക് വെക്കാൻ, അതിന്റെ നിർവൃതിയിൽ എനിക്ക് സ്വയം മറന്നാഹ്ലാദിക്കാൻ, എനിക്കെന്റെ മാമ ഇനി ഉണ്ടാകില്ലല്ലോ.

ഞാൻ കാണിക്കുന്ന കുസൃതിക്കും കുന്നായ്മയ്ക്കും  എന്റെ പക്ഷം പറയാൻ  എനിക്കിനി ആരുണ്ട്?  എന്റെ ഭാഗം ചേർന്നെനിക്ക് മാത്രമായി പരിച  തീർക്കാൻ  ആ സ്നേഹമരം അകലങ്ങളിലേക്ക് പൊയ്പ്പോയല്ലോ!

തിങ്കൾ രാവിലെ 8:55, ആ ചേതന നിലച്ച ശരീരത്തിന് ബന്ധുമിത്രാദികൾ വെള്ളക്കഫൻ പുടവ തീർത്തു. 
സബാച്ചാന്റെ നേതൃത്വത്തിൽ, കണ്ണീരിൽ തീർത്ത ജനാസ നമസ്ക്കാരം ആ മയ്യിത്തിന് മുന്നിൽ ഇപ്പോൾ കഴിഞ്ഞതേയുള്ളൂ. ചുറ്റും തേങ്ങലുകൾ കനത്തു കനത്തു കൊണ്ടേയിരുന്നു.  ആര്, ആരെ ആശ്വസിപ്പിക്കാൻ ? 

അന്ത്യയാത്രയ്ക്കണിയിച്ചൊരുക്കിയ മാമാന്റെ മുഖത്ത് നിന്നും അവസാന ചുംബനത്തിനായി ഉപ്പ വെള്ളവസ്ത്രം പതുക്കെ നീക്കി. ഓരോരുത്തരെയുദ്ദേഹം പേരെടുത്ത് വിളിച്ചുകൊണ്ടേയിരുന്നു. ഉവ്വ, ഉമ്മ ആപ്പ, കുഞ്ഞ, ആമ, ഇച്ച, പംസിത്ത, മുർശിത്ത, ശെമ്മു..... ആ പുഞ്ചിരി മാറാത്ത മുഖത്തും മൂർദ്ധാവിലും കവിളിണകളിലും കണ്ണീരുകണങ്ങൾ കൊണ്ട് അവസാന മുത്തം നൽകിക്കൊണ്ടിരുന്നു.....
ഇനി എന്റെ ഊഴം, ആ മുഖത്തേക്ക് ഒരു നോക്കെത്തുന്നതിന് മുമ്പ് തന്നെ  ഒരനുവാദത്തിനു പോലും കാത്ത് നിൽക്കാതെ എന്റെ കണ്ണിൽ നിന്നും കണ്ണുനീർത്തുള്ളികൾ ഇറ്റിറ്റു വീണു കഴിഞ്ഞിരുന്നു, എനിക്കെന്റെ ശിരസ്സ് ആ കവിൾത്തടത്തിൽ നിന്ന്  പിൻവലിക്കാൻ പറ്റാത്തത് പോലെ. മാമ അത് വരെ പറയാത്ത എന്തൊക്കെയോ എന്നോട് മാത്രം രഹസ്യം പറയുന്നത് പോലെ.... ഇനി മോൻ കൂടുതൽ കുസൃതിയെടുക്കരുത് നിന്റെ പക്ഷം ചേരാൻ ഇനി ഞാനില്ല കെട്ടോ .. അങ്ങനെ എന്തൊക്കെയോ...

................................
കാരുണ്യവാനും കരുണാനിധിയുമായ പടച്ച തമ്പുരാൻ അവന്റെ  സ്വർഗ്ഗപൂങ്കാവനത്തിൽ എന്റെ മാമയെയും ഉൾപ്പെടുത്തുമെന്ന പ്രതീക്ഷ മാത്രമാണെനിക്ക്, അതിനുള്ള പ്രാർഥനയിലാണ് ഞങ്ങളോരോരുത്തരും. ഞാനറിയുന്നത് മുതൽ പരിശുദ്ധഖുർആൻ പാരായണവും അതിന്റെ വായനയും തപസ്യയാക്കി മാറ്റിയ ആ നന്മഹൃത്തിന് അർശിന്റെ തണലും, അതിലേറെ അത്യുന്നത സ്വർഗ്ഗവും  ലഭിക്കുമാറാകട്ടെ. ▪

Chill Hour ഉം ആപ്പിളും കാന്തല്ലൂർ ആപ്പിൾ പാടവും / അസ്ലം മാവിലെ

http://www.kvartha.com/2019/02/chill-hours-and-apple-farming.html?m=1
*Chill Hour ഉം ആപ്പിളും*
*കാന്തല്ലൂർ ആപ്പിൾ പാടവും* 
..........................
അസ്ലം മാവിലെ
..........................
നമ്മുടെ നാട്ടിൽ ആപ്പിൾ കായ്ക്കാറില്ല. എന്ത് കൊണ്ട് ? വെറുതെ ഒന്ന് അറിയാനിറങ്ങിയതാണ്.

ആപ്പിൾ കായ്ക്കാൻ ഓരോ ഇനത്തിനും വ്യത്യസ്ത എണ്ണം  chill hours വേണമത്രെ.  ഒരു chill hour ഏകദേശം ഒരു മണിക്കൂർ സമയം വരും.  ഈ Chill hour ന്റെ താപനില 7 ഡിഗ്രി C കുറവുള്ള ഒരു മണിക്കൂറാണ്. ഒരു നിശ്ചിത കാലയളവിൽ നിശ്ചിത chill hours ലഭ്യമാകാൻ സാഹചര്യമൊരുങ്ങിടത്തേ ആപ്പിൾ മൊട്ടിടൂ, പുഷ്പിക്കൂ, മൊട്ടിട്ടാൽ തന്നെ കായ് നൽകൂ.

കേരളം പോലുള്ള ഉഷ്ണിച്ച സംസ്ഥാനത്ത് ഇത്ര താഴ്ന്ന താപനിലയുള്ള  മണിക്കൂറുകളും അനുയോജ്യമായ പ്രദേശവും  അപൂർവ്വമായേ ഉള്ളൂ.

കേരളത്തിൽ  ഇടുക്കി ജില്ലയിൽ മറയൂരിനടുത്ത് കാന്തല്ലൂരിൽ ചെറിയ തോതിൽ ആപ്പിൾ വളരുന്നത് ഇക്കഴിഞ്ഞ ഓഗസ്റ്റ് 6 ന് പ്രസിദ്ധികരിച്ച ദ ഹിന്ദു ദിനപ്പത്രത്തിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട് . ഒരു പക്ഷെ, കേരളത്തിലെ ഏക ആപ്പിൾ പ്രദേശം.

ഓഗസ്റ്റ് വിളവെടുപ്പ് മാസമത്രെ. കായ്ച്ചു നിൽക്കുന്ന ആപ്പിൾ തൈ കാണാൻ ഇവിടേക്ക് ഇയ്യിടെയായി ടൂറിസ്റ്റുകളും വരുന്നുണ്ട്.  ജനുവരി മാസമാണ്  ആപ്പിൾ മരത്തിന്റെ dormancy (Period). മരങ്ങൾക്ക് പ്രകൃതി കനിയുന്ന വിശ്രമ കാലം.  ഇലപൊഴിയും കാലമെന്ന് പറയാം. ഇലകൾ മുഴുവനായി കൊഴിഞ്ഞ് വീഴും, വൃക്ഷം "നിശ്ചലാവസ്ഥയിലാവും", ഈ കാലയളവിൽ അത് ഊർജ്ജം സംരംഭിക്കും.  ഈ മാസത്തോടെ (ഫെബ്ര) ആപ്പിൾ മരത്തിൽ പുതിയ ഇലകൾ നാമ്പിടാൻ തുടങ്ങും, കൂടെ പുഷ്പിക്കുകയും ചെയ്യും.

വളരെ പരിമിതമായ Chill hours ന്റെ ലഭ്യത കാരണം, കാലാവസ്ഥ ഇവിടെ പ്രതികൂലമാണ്. അത് കൊണ്ട് കാന്തല്ലൂരിൽ കൊമേഴ്സ്യൽ അടിസ്ഥാനത്തിൽ വിളവെടുപ്പിന് സാധ്യത കുറവാണ്. കൃഷി വകുപ്പ് മന്ത്രാലയം എല്ലാവിധ പിന്തുണ നൽകുന്നുണ്ടെങ്കിലും നടേപറഞ്ഞ പരിമിതികൾ ആപ്പിൾ കൃഷിക്ക് പ്രതികൂലം തന്നെയാണ്.

ഇയ്യിടെ മാത്രമാണ് കാന്തല്ലൂരിൽ ആപ്പിൾ കൃഷി പരീക്ഷണം നടത്തിയത് തന്നെ. വിവിധ ഇനങ്ങളുണ്ട്, അവയുടെ രുചിയും ചോരാതെ ഉണ്ട് താനും.

300 മുതൽ 2000  chill hours ആവശ്യമായ ആപ്പിളിനങ്ങളുണ്ട്.
ചില യൂറോപ്യൻ ഇനങ്ങൾക്ക് 2000 chill hours വേണം. ഏറ്റവും കുറവ് ഇസ്രായേലി ആപ്പിളിനാണ് - 300 chill hours.

ലോകത്ത് ഏറ്റവും കൂടുതൽ ആപ്പിൾ ഉത്പാദനം നടക്കുന്നത് ചൈനയിൽ. ഇന്ത്യയിൽ കാശ്മീർ ഒന്നാമത്. ഹിമാചൽ, ഉത്തര പ്രദേശത്തുമുണ്ട് ആപ്പിൾ കൃഷി. സിക്കിം, മേഘാലയ, നാഗാലാൻറ്, അരുണാചൽ എന്നിവിടങ്ങളിലും ആപ്പിൾ മരങ്ങൾ വളരുന്നുണ്ട്. ഓറഞ്ച്, വാഴപ്പഴം, മുന്തിരി കഴിഞ്ഞാൽ ലോക ഫലവിപണിയിൽ ഈ ഫലത്തിന് നാലാം സ്ഥാനമുണ്ട്. 

ഒരൊറ്റ കാസർകോഡൻ വാക്ക് തീർക്കുന്ന മറിമായങ്ങൾ /. അസ്ലം മാവിലെ

http://www.kasargodvartha.com/2019/02/article-about-kasaragod-slang.html?m=1

*ഒരൊറ്റ കാസർകോഡൻ*
*വാക്ക് തീർക്കുന്ന*
*മറിമായങ്ങൾ*
..........................
അസ്ലം മാവിലെ
..........................

ഇന്ന് അതിരാവിലെ കണ്ട വാട്സാപ്പ് ടെക്സ്റ്റ് ഇവിടെ പകർത്തുന്നു. തെക്കൻ ജില്ലയിൽ നിന്ന് വന്ന   ഒരു വില്ലേജ് ഓഫീസർക്ക് കാസ്റോഡൻ സഹപ്രവർത്തകൻ തന്റെ നാട്ടു ഭാഷ പഠിപ്പിച്ചു കളയാമെന്ന സാഹസത്തിന് മുതിരുന്നതാണ് ഈ ടെക്സ്റ്റ്.

കൊല്ലത്ത് നിന്ന് കാസറഗോട്ടെത്തിയ വില്ലേജ് ഓഫീസർക്ക്  കാസറഗോഡ് ഭാഷ പഠിപ്പിക്കാൻ തീരുമാനിച്ച സഹപ്രവർത്തകനായ കാസർകോട്ട്കാരൻ ക്ലാസ് തുടങ്ങിയ ത്രെ.

(1 മുതൽ 20 വരെ എഴുതിയ വീഴുക എന്ന വാക്കിന്റെ  ക്രിയാ രൂപങ്ങൾ  രസികനും അജ്ഞാതനുമായ ആ  വാട്സാപ്പ് സുഹൃത്തിന്റെ വകയാണ്. അത് വായിച്ച  ശേഷം സമാന വാക്കിന്  എന്റെ മനസ്സിൽ തോന്നിയ  മറ്റു ചില  ക്രിയാ പദങ്ങൾ അതിന് ചുവടെ കൊടുത്തിട്ടുണ്ട്. ഏതായാലും ഈ ആർട്ടിക്കിളിന്റെ മുക്കാൽ ക്രെഡിറ്റും പേരറിയാത്ത ആ രസികനുള്ളതാണ്.)

*വീഴുക* എന്ന വാക്കിന് എത്ര ക്രിയാ രൂപങ്ങൾ വ്യത്യസ്ത സന്ദർഭങ്ങളിൽ കാസറഗോഡ് ഭാഷാശൈലിയിൽ പ്രയോഗിക്കപ്പെടുന്നുണ്ടെന്ന് നോക്കാം.

1. ബൂണ്  = വീണു.
2. ബൂവും = വീഴും
3. ബൂണൗ = വീണ്പോവും
4. ബൂണോണ്ട = വീഴാതെ നോക്കണേ..
5. ബൂണർണ്ട  =  വീഴല്ലേ ..
6. ബൂണർട്ടാഞ്ഞി = വീണേനെ
7. ബൂണൈ.. = വീണു പോയി
8. ബൂണാ..? = വീണോ?
9. ബുവ്വാൻ കീഞ്ഞി  = വീഴാൻ തുടങ്ങി
10. ബൂണങ്കാ? = വീണാലോ?
11. ബൂവണ്ട  = വീഴല്ല
12. ബൂണ്റു = വീഴാൻ സാധ്യതയുണ്ട്.
13. ബൂണിനാണ്കു... = വീണിട്ടുണ്ടാവും
14. ബൂണ്നാ? = വീണോ?
15. ബൂണ്റ്റേ..? = വീണില്ലേ
16. ബൂണ്റ്റായ്റ്റ് = വീണതിന്ന് ശേഷം
17. ബൂമ്പൊ = വീഴുമ്പോൾ
18. ബൂണെങ്കിലാ? = വീണെങ്കിലോ?
19. ബൂൺട്ട്ടിയെ = വീണ് കിട്ടയത്
20. ബൂണത്രെ = ഇപ്പോൾ വീണതേയുളളൂ..

തല കറങ്ങി വീണ വില്ലേജ് ഓഫീസർ ഇപ്പോൾ  ആശുപത്രിയിലാണ്.
....................................

അയാൾക്ക് ഇസാറായിറ്റാമ്പോ ഇദും കൂടി ചെല്ലിക്കൊട്ത്തിരി, അന്ന്റ്റായിറ്റ് ആസത്രീൽത്തെ ബില്ല് ക്ലീറാക്കീറ്റ് ഒഡനെ ആമ്പുലെൻസ് ബ്ള്ചിറ്റ് പൊര്ക്ക് കൊണ്ടോന്നെ ഏർപ്പാഡാക്ക്ന്നെ നല്ലത്... നന്നെ ആസത്രീല് ബെച്ചിര്ക്കണ്ട.

21 )ബൂണെർട്ടി/മാ/റാ/ണേ - വീണുപോകുമായിരുന്നേനെ
22) ബൂണർഡണെ/റാ - വീഴരുതേ
23) ബൂണ്റോ ? - വീഴുമോ ?
24) ബൂവട്ടാഞ്ഞി - വിഴുമായിരുന്നു
25) ബൂണങ്കാമറ്റോ - വീഴുകയോ മറ്റോ ചെയ്താൽ
26) ബൂൺട്ട് - വീണിട്ട്
27) ബൂമ്പോലെ - വീഴുന്നത് പോലെ
28) ബൂൺറ്റ്ല - വീണിട്ടില്ല
29)ബൂണിറ്റ - വിണില്ല
30 ) ബൂവ്വേലാ - വീഴില്ല
31) ബൂവ്വോ ? - വീഴുമോ
32) ബൂം ബൂം - വീഴും വീഴും
33) ബൂൺറേലാ - വീഴില്ലന്നേ
34) ബൂണോയ് - വീണു പോയി
35) ബൂണ്ർറാ - (പോയി )വീഴൂ
36) ബൂവേലമ്മാ/റാ/ണേ - വീഴില്ല ഉറപ്പ്
37) ബൂണയ്യാന്തോ ? - വീണ് കാണും
38) ബൂൺട്ടാണോ ? - വീണോ എന്തോ
39) ബൂമ്പോലായി - വീഴുന്നത് പോലെ തോന്നി
40) ബൂ/ബൂറാ/ബൂണേ - (പോയി) വീഴ്

ഈ ഒരു വാക്കിന് തന്നെ ഇനിയും ഒരു പാട് ക്രിയാപദങ്ങൾ കാണും. 

ആന്റിനറ്റാലിസവും ജന്മം നല്‍കിയതിനെ ചോദ്യം ചെയ്തുള്ള മകന്റെ കോടതി കയറലും / അസ്ലം മാവിലെ


http://dhunt.in/5whdM?s=a&ss=wsp
via Dailyhunt

ആപ്പ് ഡൗൺലോഡ് ചെയ്യുക
http://dhunt.in/DWND

*ആന്റിനറ്റാലിസവും*
*ജന്മം നൽകിയതിനെ*
*ചോദ്യം ചെയ്തുള്ള*
*മകന്റെ കോടതി കയറലും*
..........................
അസ്ലം മാവിലെ
..........................

ഇക്കഴിഞ്ഞ ദിവസങ്ങളിൽ NDTV അടക്കമുള്ള ദേശീയ മാധ്യമങ്ങളിൽ മുംബൈ സ്വദേശി റഫേൽ സാമുവൽ ഇടം പിടിച്ചിട്ടുണ്ട്. മറ്റൊന്നുമല്ല അയാൾ ഒരു കേസിനുള്ള തയ്യാറെടുപ്പിലാണ്,  സ്വന്തം മാതാപിതാക്കൾക്കെതിരെ.

റഫേൽ ചെറിയ കുട്ടിയല്ല. 27 വയസ്സുണ്ട്. താമസം അച്ഛനമ്മമാരൊടൊന്നിച്ച് തന്നെ. വിവാഹിതനല്ല, അതിന്റെ കിളിവാതിൽ കൊട്ടിയടച്ചിട്ടുമാണ്.  കേസിന്റെ രത്നച്ചുരുക്കമിതാണ് - റഫേലിന്റെ അനുവാദമില്ലാതെ മാതാപിതാക്കൾ എന്തിനയാൾക്ക്  ജന്മം നൽകി ! 

മനുഷ്യ ജീവന് ജന്മം നൽകുന്നത് ധാർമ്മികമായി അപരാധമെന്ന് കരുതുന്ന ഒരു സൊസൈറ്റി ലോകത്തുണ്ട് - Antinatalists.  അവരിലൊരാളാണ് ഈ മുംബൈക്കാരൻ  സാമുവൽ. സ്വൈരജീവിതമെന്നത് മനുഷ്യനപ്രാപ്യമാണ്. ദുരിതങ്ങളും കഷ്ടപ്പാടുകളും രോഗവും പീഡയുമാണ് മരണക്കിടക്കെ ബഹുഭൂരിപക്ഷം പേരെയും അലട്ടാതെ പിന്തുടരുന്നതെന്ന് ഇക്കൂട്ടർ കരുതുന്നു.

സന്താനോത്പാദനത്തോട് വിപ്രതിപത്തി കാണിച്ചിരുന്നവർ പുരാതന ഗ്രീക്ക് കാലം മുതൽ തന്നെ ഉണ്ടായിരുന്നു പോൽ. ഒഡിപ്പസിൽ ഇത് സംബന്ധിച്ച പരാമർശങ്ങളും കാണാൻ സാധിക്കുമത്രെ. പ്രകൃതിസമ്പത്ത് ഇല്ലായ്മ ചെയ്യാനും ഭൂമിയിൽ പട്ടിണിക്കും പരിവട്ടങ്ങൾക്കും ഹേതുവാകാനും മാത്രമേ മനുഷ്യ ജന്മങ്ങൾ കൊണ്ടാകൂ,  അനുവാദമില്ലാത്ത ഒരു മനുഷ്യജന്മം കൊണ്ട്,  ഭൂമിയിൽ അവർ ജീവിതം കാലമധികവും ദുരിതമനുഭവിക്കുന്നു. 

ഇവരുടെ ലക്ഷ്യവും അജണ്ടയുമിതാണ്: മനുഷ്യരിവിടെ ആവശ്യത്തിലധികമുണ്ട്, ഇനി വേണ്ടേ വേണ്ട.  അത് കൊണ്ട് പ്രത്യുൽപാദന പ്രക്രിയയിൽ ഇണകൾ വ്യാപൃതരാകരുത്.

നാറ്റലിസവുമായി ബന്ധപ്പെട്ടത് തന്നെയാണ് ഇന്ന് ജനസംഖ്യാപെരുപ്പള്ള രാജ്യങ്ങളിൽ anti-natalist policy എന്ന പേരിൽ ഒരു കണക്കിന് നടപ്പാക്കുന്നത്. ഉത്തമ ഉദാഹരണം ചൈനയും ഇന്ത്യയും തന്നെ. 2013 വരെ ചൈനയിൽ കർശനമായി ഒറ്റ സന്താന പോളിസിയായിരുന്നു. ( 2013 ലെ 18 -ാം പ്ലീനത്തോടെ  മറ്റുചില കാരണങ്ങളാൽ നേരിയ ഇളവ് ചൈനയിൽ ഭരണകൂടം നൽകിയിട്ടുണ്ട്). 1950 കളിൽ തന്നെ ഇന്ത്യയിലും കർശനമായല്ലെങ്കിലും anti-natalist policy നടപ്പിലുണ്ട്. കുടുംബാസൂത്രണം കൊണ്ടാണ് തുടങ്ങിയത്.  ഏറ്റവും അവസാനം,   വിവാഹപ്രായ പരിധിയിൽ കർശന നിലപാടുമായി ഭരണകൂടം മുന്നോട്ട് വന്നതും ചില സംസ്ഥാനങ്ങളിൽ രണ്ടിൽ കൂടുതൽ മക്കളുള്ളവർക്ക് ആനുകൂല്യങ്ങൾ നിഷേധിച്ചുള്ള  വാർത്തകൾ വരുന്നതും ഇതിന്റെ ഭാഗം തന്നെ. ഇന്ത്യയിൽ രണ്ട് കുട്ടികളായിക്കഴിഞ്ഞാൽ  വന്ധീകരണത്തിന് വിധേയമാകുന്ന ദമ്പതിമാർ 37% മായി വർദ്ധിച്ചിട്ടുണ്ടത്രെ. അത് കൊണ്ട് തന്നെ  1950 ൽ ഉണ്ടായിരുന്ന Fertility Rate 5.87  ൽ നിന്നും 3.3 ആയി കുറയുകയും ചെയ്തു. (സിംഗപ്പൂരിൽ സമാനമായ പോളിസി കൊണ്ട് വന്ന് അവസാനം "പാണ്ടായി", ഇപ്പോൾ റിവേഴ്സ് ഗിയറിലാണവർ, Pro-natalist policy എന്ന പേരിൽ, പ്രസവിക്കുന്നവർക്ക് സമ്മാനങ്ങൾ ഓഫർ ചെയ്തു കൊണ്ട് !)

ജനിപ്പിക്കുന്നത് വഴി ആത്മാവിന് ജയിലറ തീർക്കുകയാണ്. അസൂയയുടെയും അത്യാഗ്രഹത്തിന്റെയും  അക്രമത്തിന്റെയും വെട്ടിപ്പിടിക്കലിന്റെയും പൈശാചിക വൃത്തിയാണ് നശ്വരലോകമെന്ന് കരുതുന്ന ഒരു വിഭാഗം  മുമ്പേയുണ്ട്. നിഷ്ക്കളങ്കമായ ഒരു കന്നി ആത്മാവിനെക്കൂടി അതിന്റെ ഇരയാക്കുകയാണ് ഒരു ശിശുജനനം കൊണ്ട്  അതിന്റെ കാരണക്കാർ (മാതാപിതാക്കൾ ) ചെയ്യുന്നതത്രെ. നിങ്ങൾക്ക് ഒരു കുഞ്ഞിക്കാലാണോ ആവശ്യം, അഗതിയെയോ അനാഥയെയോ അഭയാർഥിയെയോ ദത്തെടുക്കൂ. അവർ ഭൂമിയിൽ സ്നേഹം നിഷേധിക്കപ്പെട്ടവരാണ്. ആത്മാർഥതയുണ്ടെങ്കിൽ അവരെ അരികിൽ ചേർക്കൂ. ഗർഭപാത്രത്തെ വെറുതെ വിടൂ - ഈ ഒരു കൺസെപ്റ്റിലാണ് anti-natalism വാദികളുള്ളത്. ഗർഭചിദ്ര വിഷയത്തിൽ പോലും anti-natalistകൾക്ക് വിചിത്രമായ വാദങ്ങളാണുള്ളത്.

Antinatalistകളിൽ  തന്നെ വിറളി പിടിച്ചവരുണ്ട്, തീവ്രത കുറഞ്ഞവയുമുണ്ട്. 
anti-natalism ത്തോടനുബന്ധിച്ച് നെഗറ്റീവ് യൂട്ടിലിറ്റേറിയനിസം , നെഗറ്റീവ് എത്തിക്സ് തുടങ്ങിയ വിവിധ  നിലപാടുകളും കാഴ്ചപ്പാടുകളും വെച്ചുപുലർത്തുന്നവരുമുണ്ട്.   ആത്യന്തികമായി ഇവയുടെയൊക്കെ ഉള്ളടക്കമൊന്നുതന്നെ - ജനിപ്പിക്കരുത്. അതിന് ഉപോൽബലകമായ സിദ്ധാന്തങ്ങൾ രൂപീകരിക്കുകയാണ് ഇതിന്റെ പ്രയോക്താക്കൾ കഴിവതും ചെയ്യുന്നത്.

നെഗറ്റീവ് യൂട്ടിലിറ്റേറിയനിസത്തിന്റെ ഉള്ളടക്കം തന്നെ ആഹ്ലാദിക്കാനവസരമുണ്ടാക്കുന്നതിനേക്കാളേറെ ധാർമ്മികമായി കൂടുതൽ ശരി കഷ്ടപ്പാടുകളുടെ തോത് കുറക്കുക എന്നതാണ്. അതിനേക വഴി സന്താനോത്പാദനം നിർത്തുക എന്നും. 

നെഗറ്റീവ് എത്തിക്സാകട്ടെ സന്താനോത്പാദനത്തെ അഹിതയും ക്രൂരവുമായ ചെയ്തിയായി കാണുന്നു. ജനിച്ചു വീഴുന്നവരുടെ consent ഇല്ലാതെ നരകതുല്യജീവിതത്തിലേക്ക് തള്ളിയിടുന്ന പൈശാചിക വൃത്തിയെന്നാണവരുടെ മതം. ഒരു വിഭാഗത്തിന്റെ താത്പര്യത്തെ ധാർമ്മികമെന്ന് പറയുന്നത് മറ്റൊരു വിഭാഗത്തിന്റെ താത്പര്യത്തെ ചവിട്ടുമെതിച്ചാണ്. പിന്നെ എങ്ങിനെ മനുഷ്യൻ ധാർമ്മികമായി തന്നെ qualified എന്ന് പറയും ?  നെഗറ്റീവ് എത്തിക്സിന്റെ ആലോചന ആ വഴിക്ക്.

റഫേലിലേക്ക് തന്നെ വീണ്ടും വരാം.
FBയിൽ റഫേൽ സാമുവൽ കുറിച്ചിട്ടത് ഇങ്ങനെ : എനിക്കെന്റെ മാതാപിതാക്കളെ ഇഷ്ടമാണ്. അവർ എനിക്ക് ജന്മം നൽകിയത് അവരുടെ സന്തോഷത്തിനായി മാത്രമാണ്. അതിന് ഈ ഞാനെന്തിന്  കാരണക്കാരനാകണം ?  (FB പോസ്റ്റ് പിന്നീടയാൾ Delete ചെയ്തിട്ടുണ്ട്)

ഈ കേസ് പരിഗണക്കെടുത്താൽ തന്നെ റഫേലിന്റെ മാതാപിതാക്കൾക്ക് - കവിതയ്ക്കും സാമുവലിനും -ഒരു കാര്യത്തിൽ ആശ്വാസത്തിന് വകയുണ്ട്. അവർക്ക്  വക്കീൽ ഫീസ് കൊടുക്കേണ്ടി വരില്ല. രണ്ടു പേരും മുംബയിലെ അറിയപ്പെടുന്ന അഭിഭാഷകരാണ്. 

'"അവന് ജന്മം നൽകാനുള്ള ജൈവിക പ്രക്രിയയിൽ, ആ സമയത്ത് അവിടെ ഉണ്ടാകാൻ ഒരു സാധ്യതയുമില്ലാത്ത റഫേലിനോട് ,  ഞങ്ങളെങ്ങനെ   സമ്മതം വാങ്ങണമായിരുന്നെന്ന് മകൻ കോടതിയിൽ ബോധ്യപ്പെടുത്തട്ടെ, അപ്പോൾ  ഞങ്ങൾ തെറ്റു സമ്മതിക്കും " - മകനോളം വാശിയുമായി ഈ  അഭിഭാഷക ദമ്പതിമാരും പിന്നോട്ടില്ല.

Monday 4 February 2019

സഹകരിക്കണം അകമഴിഞ്ഞ് ആത്മാർഥമായി... / അസ്ലം മാവിലെ

*സഹകരിക്കണം*
*അകമഴിഞ്ഞ്*
*ആത്മാർഥമായി...*

മാസങ്ങൾക്ക് ശേഷമാണ് CP  പൊതു ആവശ്യം മുന്നിൽ വെച്ച് നമ്മുടെ മുന്നിലെത്തിയിട്ടുള്ളത്.

രണ്ടാവശ്യങ്ങൾ. രണ്ടും ഒഴിച്ച് കൂടാൻ പറ്റാത്തത്. ആ അഭ്യർഥനാ കുറിപ്പ് പകുതി വഴി വായിച്ചു നിർത്തരുത്. മുഴുവനും കണ്ണോടിക്കണം. അവസാന അക്ഷരവും തീരും വരെ.

വരുന്ന മഴക്കു മുമ്പാകണം ആ രണ്ട് വീടും പണി തീരേണ്ടത്. ഞാനടക്കം എല്ലവർക്കും  ഇക്കാര്യത്തിൽ സഹായ ഹസ്തം നീട്ടാൻ ബാധ്യതയുണ്ട്.

പ്രളയക്കെടുതിക്ക് cpയോട് കൈ മെയ് മറന്ന് സഹായിച്ചത്. ആ പണക്കിഴിയും സാധന സാമഗ്രികളും  നിരന്തരം സന്ദർശനം നടത്തി അർഹരിലവർ എത്തിച്ചത്.  അബ്ദുറഹിമാന്റെ നടക്കാനുള്ള ആഗ്രഹത്തിന് Cp യോടൊപ്പം നാം ചിറക് നൽകിയത്.

തൊട്ടുമുമ്പിൽ,  നാം പരലോക വിജയവും പാരത്രിക മോക്ഷവും കാംക്ഷിച്ച് ചെയ്ത നന്മയുടെ തിരിവെട്ടം ഒന്നു ഓർമ്മിപ്പിച്ചതാണ്. അതിന് മുമ്പ് CP മുൻകൈ എടുത്ത് ചെയ്ത ഓരോന്നിനും നമ്മുടെ എല്ലവരുടെയും ശ്രമമുണ്ടായിട്ടുണ്ട്, പ്രാർഥനയും.

ഈ കൂരകൾ രണ്ടും താമസയോഗ്യമാകുമ്പോൾ നാം ഉറപ്പുവരുത്തണം - എന്റെ/നിങ്ങളുടെ / നമ്മുടെ സമ്പാദ്യത്തിൽ നിന്നൽപ്പമെങ്കിലും അതിന്റെ ഭാഗമായെന്ന്.

ആ കൂരകൾക്ക് പുറത്തേക്ക് തെറിച്ചു വീഴുന്ന മഴത്തുള്ളികൾ കണക്കാക്കി, അതിനകത്തേക്ക് കടക്കാത്ത ചൂടും പൊടിപടലവും അളന്ന് തിട്ടപ്പെടുത്തി ആലംപടച്ചോൻ നമുക്ക് പ്രതിഫലം തരുമെന്ന വിശ്വാസമുണ്ട്, തീർച്ച.

അവർ നമുക്കറിയാവുന്നവരാണ്. നാം കൈതാങ്ങായില്ലെങ്കിൽ പിന്നെ ആര് താങ്ങുമവരെ ...

*അസ്ലം മാവിലെ*

ഞങ്ങളിഷ്ടപ്പെട്ടിരുന്ന ഞങ്ങളെ ഇഷ്ടപ്പെട്ടിരുന്ന അദ്ലാർച്ച /അസ്ലം മാവിലെ

*ഞങ്ങളിഷ്ടപ്പെട്ടിരുന്ന*
*ഞങ്ങളെ ഇഷ്ടപ്പെട്ടിരുന്ന*
*അദ്ലാർച്ച*
.........................
അസ്ലം മാവിലെ
.........................

ചിലരെ നമുക്ക് ഇഷ്ടപ്പെടുന്നവരാക്കുന്നത് എങ്ങിനെയാണ് ? നമ്മുടെ ഉപ്പ, ഉമ്മ, കാക്ക അങ്ങിനെ വളരെ വളരെ അടുത്തവർ അവരെ ഇഷ്ടപ്പെടുന്നത് കൊണ്ടാണ്.

ഇന്ന് മരണമെന്ന മറയിലേക്ക് നീങ്ങിയ അബ്ദുൽ ഖാദർ സാഹിബ് - അദ്ലാർച്ച - അങ്ങിനെയൊരു ഇഷ്ടക്കാരിൽ ഒരാളായിരുന്നു,  എന്നെ സംബന്ധിച്ചിടത്തോളം.

ഒരു പക്ഷെ, പട്ലയിൽ നിന്നും മധൂരിലേക്കും മധുരിൽ നിന്ന് തിരിച്ചിങ്ങോട്ടും ദിവസം നടക്കുന്ന, 365 നാളും നടക്കുന്ന, ജീവിതായോധനത്തിന്റെ ഭാഗമായി നടന്നു കൊണ്ടേയിരുന്ന രണ്ടോ മൂന്നോ പേരിൽ എന്റെ ഉപ്പയോടൊപ്പം ഒരാൾ  അദ്ലാർച്ചയായിരുന്നു.

 ഒരുപാടോർമ്മകൾ ഉണ്ട്. എൻറുപ്പ മൺമറഞ്ഞ് 20 വർഷമാകാറായി. മധൂര് കട. മൺസൂണായാൽ ഇടമുറിയാത്ത മഴയായിരിക്കും. അന്ന് മധൂർ - പട്ല റോഡ് എന്നത് വല്ലാത്ത സാഹസമാണ് ഒന്ന് കടന്ന് കിട്ടാൻ. അക്കര വയലിൽ ട്രാൻസ്ഫോർമറിന് കുറച്ചു മുമ്പായി മുപ്പത് - നാൽപത് മീറ്റർ അപകട നടത്തമുണ്ട്. ആ നടത്തത്തിന് ഒരു പ്രത്യേക ആയം തന്നെ ആവശ്യമായിരുന്നു. കാല് തെറ്റിയാൽ കൈവിട്ടുപോകുന്ന അവസ്ഥ.

ആ മഴക്കാലങ്ങളിൽ രാത്രി കടയടച്ചാൽ ഉപ്പ കുറച്ചു കാത്തിരിക്കും, അദ്ലാർച്ച ബസ്സിറങ്ങാൻ. അദ്ലാർച്ച ബസ്സിറങ്ങിയാൽ  കടയ്ക്ക് പുറത്തായി ഒരു കാൽ തിണ്ണയിലും മറ്റെ കാൽ താഴെയും ഊന്നി നിന്ന് ഉപ്പാനെ അയാൾ കാത്തിരിക്കും, ഉപ്പ നിരപ്പലകയിട്ട് കടയടക്കാൻ.
പിന്നെ, ഒന്നിച്ചായി നടന്നു പോകും. അദ്ലാർച്ച സംസാരിച്ചു കൊണ്ടേയിരിക്കും, ഉപ്പ അതിന് കണക്കായി മൂളിക്കൊണ്ടേയിരിക്കും.

ഞാൻ നടേപറഞ്ഞ കുത്തൊഴുക്കിൽ
അദ്ലാർച്ച ആദ്യം കാൽ വെക്കും. പിന്നെ ഉപ്പയോട് നടക്കാൻ പറയും. കാലിന്നിടയിലെ ഇളകിപ്പോകുന്ന കരിങ്കൽ ചീളുകൾക്കിടയിൽ കൂടി അവർ രണ്ട് പേരും ദിവസവും രാത്രികളിൽ ദൈവാധീനം കൊണ്ട്  ഇക്കരയെത്തും.

നേരം വെളുത്താൽ പാതവരമ്പത്തു കൂടി അക്കരെ നടക്കുന്ന വളരെച്ചില മനുഷ്യരിൽ ഒരാളാണ് അദ്ലാർച്ച. ജീവിതത്തിരക്കിനിടയിൽ നാട്ടിലെ ഒട്ടുമിക്ക  ചടങ്ങുകളിലും അദ്ദേഹത്തിന്  വരാനോ സംബന്ധിക്കുവാനോ ആയിട്ടുണ്ടാകില്ല.

മുൻസിപ്പൽ ഓഫീസിന് മുന്നിൽ ഒരു കുഞ്ഞുചായക്കട. അതദ്ദേഹത്തിന്റെതാണ്. കാസർകോട് ജില്ലാ പ്രഖ്യാപന ദിവസമാണ് ഞാനത് ആദ്യമായി കാണുന്നത്, എന്റെ സഹപാഠി എം.എ. മജീദ് കാണിച്ചു തന്നത്. മജീദ് അദ്ദേഹത്തോട് - ഇത് അക്കച്ചാന്റെ മോൻ. അതിന് ശേഷം  എന്നെ അദ്ദേഹം  പേര് വിളിക്കില്ല, അക്കച്ചാന്റെ മോൻ എന്നാണ് പറയാറ്.

രാമണ്ണറൈ, ഹമീദലി ഷംനാട്  മുതലിങ്ങോട്ടുള്ള മുഴുവൻ മുൻസിപ്പൽ ചെയർമാൻമാരെയും കൗണിസിലർമാരെയും അദ്ലാർച്ചക്ക് അറിയാം, അവർക്ക് അങ്ങോട്ടു അദ്ലാർച്ചാനെയുമറിയാം. അവിടെ വന്നും പൊയ്ക്കൊണ്ടുമിരുന്ന ഓരോ ഉദ്യോഗസ്ഥനും അദ്ലാർച്ചക്ക് കാണാപാഠം.

വ്യക്തിപരമായ ഒരു സംഭവം:  എന്റെ 4 മക്കളുടെ  ജനന സർടിഫിക്കറ്റുകളിലും എന്റെ പേരിന് ഒരക്ഷരം കുറവോ കൂടുതലോ ഉണ്ട്. എനിക്കത് മാറ്റിയേ തീരൂ, വളരെ പെട്ടെന്ന്. മുൻസിപ്പൽ ആപ്പിസിൽ ഞാൻ ഒറ്റയ്ക്ക്  പോയി. ഞാനുദ്ദേശിച്ച സമയമല്ല അവർ സർട്ടിഫിക്കറ്റ് തരാന്ന് പറയുന്നത്.
 അദ്ലാർച്ചനോട് വന്ന് കാര്യം പറഞ്ഞു - കത്തിക്കൊണ്ടിരിക്കുന്ന സ്റ്റൗവിൽ നിന്നുമദ്ദേഹം ചായച്ചട്ടി താഴെ ഇറക്കി എന്നോട് കൂടെ വരാൻ പറഞ്ഞു,

അദ്ലാർച്ച ഓഫീസിന്റെ ഇടനാഴിയിൽ കൂടി അകത്ത് കയറി  ഒരു ഓഫിസറോട് തനി നാടൻ ശൈലിയിൽ : "ഇദെറോ, ഈ പേപ്പറ് ബീയം ഒന്ന് സരിയാക്കീറ്, ജോന് ഞമ്മളെ ബേണ്ടിയപ്പെട്ടാള് ". കഴിഞ്ഞു - വൈകുന്നേരം മുഴുവൻ  പേപ്പർ റെഡി !   അദ്ലാർച്ച ജനന സർട്ടിഫിക്കറ്റുകൾ രാത്രി വരുമ്പോൾ പട്ലയിൽ ഒരു കടയിൽ ഏൽപ്പിച്ചിരിക്കുന്നു ! ( അദ്ദേഹത്തെ ബന്ധപ്പെട്ട ഓരോരുത്തർക്കും ഇത് പോലെ ഓരോ  അനുഭവങ്ങൾ പറയാനുണ്ടാകും )

സർവ്വശക്തനായ നാഥാ അദ്ദേഹത്തിൽ നിന്നു വന്നു ഭവിച്ച ചെറുതും വലുതുമായ ദോഷങ്ങളെ വിട്ടു പൊറുത്തു മാപ്പാക്കി ക്കൊടുക്കുകയും അദ്ദേഹത്തേയും നമ്മേയും അല്ലാഹു അവന്റെ ജന്നാത്തിൽ ഒരുമിച്ചുകൂട്ടുകയും ചെയ്യട്ടെ ആമീൻ ...
അദ്ദേഹത്തിന്റെ കുടുംബത്തിന്നും ബന്ധുമിത്രാദികൾക്കും അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ. ▪

ചന്ദ്രമ്മ എന്ന ഈ വീട്ടമ്മ തന്റെ തൊഴിലിലും അഭിമാനിക്കുന്നു / അസ്ലം മാവിലെ

http://www.kasargodvartha.com/2019/02/chandramma-from-bengaluru-well-planned.html?m=1

*ചന്ദ്രമ്മ എന്ന ഈ വീട്ടമ്മ*
*തന്റെ തൊഴിലിലും*
*അഭിമാനിക്കുന്നു* 
.........................
അസ്ലം മാവിലെ
.........................

ചന്ദ്രമ്മ ഇന്ന് സന്തോഷത്തിലാണ്. നമസ്തേ പറഞ്ഞു കടയിൽ കയറി - മുറിയൻ ഹിന്ദിയിൽ  : മേരെ കൊ ആജ്സെ ഘർ ഹമാരാ ബൻ ഗയാ.

800 ൽ താഴെ ടq. feet സ്ഥലം. സർക്കാരും ബാങ്കുമൊക്കെയുള്ള ഒരേർപ്പാടെന്ന് തോന്നുന്നു. ഇന്ന് 4300 രൂപ  അടക്കാൻ പറഞ്ഞുവത്രെ. അതോടെ ഉടമസ്ഥാവകാശ രേഖ കയിൽ കിട്ടുമത്രെ.  അതിന്റെ തിരക്കിലാണ് ചന്ദ്രമ്മ.

ചന്ദ്രമ്മ ആന്ധ്ര സ്വദേശിനി. വയസ്സ് 65. കഷ്ടപ്പാടിന്റെയും എല്ലുമുറിയെ പണി എടുത്തതിന്റെയും രേഖാ ചിത്രം ആ മുഖത്തും കൈകളിലും കാണാം.

പട്ടിണി കൂടിയപ്പോൾ അച്ഛനുമമ്മയോടൊപ്പം ചന്ദ്രമ്മ ചെറുപ്പത്തിൽ ബോംബയ്ക്ക് വണ്ടി കയറി. അവിടെ രോഗമവരെ വിടാതെ പിന്തുടർന്നു. ഒരമ്മാവൻ ബാംഗ്ലൂരിലായിരുന്നു പോൽ. വീട്ടുജോലിക്കാവശ്യമുണ്ടെന്നറിഞ്ഞ്  ചന്ദ്രമ്മ ബാംഗ്ലൂരിലെത്തി. പിന്നെ, ഇവിടെയായി ജിവിതം. കല്യാണവും ഇവിടെത്തന്നെ കഴിഞ്ഞു.

15 വർഷം മുമ്പ് ഭർത്താവ് പക്ഷപാതം വന്നു കിടപ്പിലായി. ദൈവമവരെ പെട്ടെന്ന് വിളിച്ചു - ചന്ദ്രമ്മയുടെ കണ്ണുകൾ സജലങ്ങളായത് പോലെ.

രണ്ട് മക്കൾ : ബാലരാജ്, ഉഷാനമ്മ. മകൻ മേസ്ത്രിപ്പണി. കുറച്ചകലെ കുടുംബമൊത്ത് താമസം. മകളെ ഒരു ഉണക്കന് കെട്ടിച്ചു കൊടുത്തുവത്രെ. ജോലി ചെയ്യും - എന്ത് കാര്യം ?  സബ് ദിൻ ദാറു പിയേഗ, ജഗഡ കറേഗ, ഹഫ്തെ മേ ദൊ ദിൻ കാം, പാഞ്ച് ദിൻ ദാറു.

അതിനിടയിൽ പുറംപോക്കിൽ കുടില് കെട്ടി. ആരുടെയൊക്കെയോ സഹായം കൊണ്ട്  പേപ്പറും കാര്യവുമായി മുന്നോട്ട് നീങ്ങി.  സ്വന്തമാകുമെന്നായപ്പോൾ മകളുടെ കല്യാണത്തോടടുപ്പിച്ച് വീട് രണ്ടായി തിരിച്ചു. ഒന്നിൽ ചന്ദ്രമ്മയ്ക്ക്.  മറ്റൊന്നിൽ മകളും കുടുംബവും.

കുടിച്ച് കുടിച്ച് ശല്യം കൂടിയപ്പോൾ ഒരു ദിവസം  പൂസായ മരുമകനോട് ചന്ദ്രമ്മ സഹികെട്ട് ശാസിച്ചു:  ബയിട്ടിക് പോ,  ... കള്ള് കുടിക്കാതെ ഇവിടെ നിന്നാൽ കൊള്ളാം, ഇല്ലെങ്കിൽ ദൂറംഗ വെള്ളു, പനിക്ക് രാഡു.

അമ്മായിയും ഭാര്യയും മക്കളും നോക്കി നിൽക്കെ മകളുടെ ഭർത്താവ് പോയ പോക്കാത്രെ, ഇത് വരെ തിരിച്ചു വന്നിട്ടില്ല.

ചന്ദ്രാമ്മ അധ്വാനിയാണ്, അഭിമാനിയും. ദേഖോ, ഹം കാം കർത്താ, ഹമറാ ബേട്ടി കാം കർതാ,
അപ്പുഡു എന്തുക്കു ഇബ്ബംഡി പെട്ടാലി ? നയിച്ചോൻ മതി വീട്ടിൽ, നയിക്കാത്തോന്  നാ ഗുഡിസെലു ഖാവി ലേദു. (എന്റെ കുടിലിൽ അങ്ങനെയൊരു കുടിയനും വാഴണ്ട).

ചന്ദ്രമ്മ ശരിക്കും കെണി തേഞ്ഞ സ്വീപ്പറാണ്. Well Planned Worker. എന്നോട് കണക്കു കൂട്ടാൻ പറഞ്ഞു. ദേ തൊട്ടപ്പുറത്തെ കടയിൽ നിന്ന് 2000, ഒരു വീട്ടിന്ന് 3000, പിന്നെ അപ്പുറമിപ്പുറവുമുള്ള രണ്ട് വീട്ടിന്ന് 4300, ഒരു ഓഫീസ് വൃത്തിയാക്കിയാൽ 2000, ഒരു ഫ്ലാറ്റ് - 2000, ഒരു കടയിൽ നിന്ന് 1000. ആകെ 14000 ചില്ലാനം. മകൾക്ക് 10,000 ശമ്പളം വേറെ, വീട്ടു വാടക ഇനത്തിൽ 1000. വെളുക്കെച്ചിരിച്ച് ചന്ദ്രമ്മ ചോദ്യമിങ്ങോട്ട് -  മാ ആദായം എലാ ഉണ്ടി ? നല്ല വരുമാനം - ഞാൻ പറഞ്ഞു.

ഒരു കുഞ്ഞു കുടുംബം എത്ര നന്നായാണ് ആൺ തുണയില്ലാതെ, ആണിന്റെ തന്റെടത്തോടെ ഈ മഹാനഗരത്തിൽ പരാതിയും പരിഭവും പറയാതെ വളരെ മാന്യമായി പണി എടുത്ത് കഴിയുന്നത്.

ചന്ദ്രാമ്മയുടെ ആഗ്രഹമെന്താ ?
സ്വന്തം പേരിൽ ഒരു വീടായി അതിന്റെ കടലാസ് ഇന്നെനിക്ക് കിട്ടും,  നേനു പത്രാളനു ചൂപ്താനു. അലാഗെ? 
ആയിക്കോട്ടെ, തീർച്ചയായും കാണിക്കണമെന്ന് ഞാനങ്ങോട്ടും പറഞ്ഞു.

ചന്ദ്രാമ്മ ഒരു ടിപിക്കൽ സ്ത്രിയാണ്. ഇനി അവർക്ക് ഷീറ്റ് പാകിയ വീട് തല്ലിപ്പൊളിച്ച് ചന്തത്തിൽ ഒരു വിട് പണിയണമത്രെ. പാല് കാച്ചലിന് കുറച്ചു പേരെ ക്ഷണിച്ചു സദ്യയും നൽകണം. 

ബാങ്ക് 5 ലക്ഷം രൂപ വായ്പ തരും പോൽ. ഗവണ്മെൻറിന്റെ വക ഇളവുമുണ്ട്. ബാക്കി ഞാൻ പണിയെടുത്ത് വിട്ടും. മകൾ പോസ്റ്റാഫീസിൽ 2 - 3 വർഷായി മാസം 2000  വെച്ച് അടക്കുന്നുണ്ട്. ഞാനും പോസ്റ്റാഫീസിൽ അടവു തുടങ്ങി.
സാധനങ്ങൾക്ക് മാത്രമേ പൈസ വേണ്ടു. ഞങ്ങളുടെ വീടിന്റെ പണി, ഞാനും മോനും മോളും പേരക്കുട്ടികളും എടുത്ത് മൂന്ന് മാസം കൊണ്ട് തീർക്കും. ചന്ദ്രമ്മ നടക്കുന്നതേ പറയൂ.

കാം ബഹുത് ഹെ, ഒരാരോഗ്യ പ്രശ്നവുമില്ല. അത് പറയുമ്പോൾ  ചന്ദ്രമ്മയുടെ മുഖത്ത് ആയിരം ചന്ദ്രപ്പിറവിയുടെ പ്രകാശം. പേരക്കുട്ടികളായ നരസിംഹം, ചന്ദു നന്നായി പഠിച്ചു കാണണം - ഇരുത്തം വയ്യ അമ്മൂമ്മയായി അവർ.

പൊതിയിലെന്താ അമ്മേ ?
താൻ കടലാസിൽ പൊതിഞ്ഞു കൊണ്ടുവന്ന ഒരു കന്നഡപപ്പടം എനിക്ക് നീട്ടി - നിങ്ങളൊക്കെ ഇത് കഴിക്കുമോ ആവോ?
ഒന്നേയുള്ളൂ എന്ന എന്റെ തിരിച്ചുള്ള ചോദ്യത്തിൽ നിന്നും ചന്ദ്രാമ്മ എന്റെ ആർത്തിയുടെ വ്യാപ്തി മനസ്സിലാക്കിക്കാണണം.
മുറുക്കിത്തുപ്പിയ ആ വായിൽ ചന്ദ്രാമ്മ നിഷ്ക്കളങ്കമായി പറഞ്ഞു:  റേപു നീനു മീകു മറിംദ ഇസ്താനു. (നാളെ കൊറെ പപ്പടം കൊണ്ടത്തരൂന്ന്.) ▪


ചെറിയ ശ്രമം നല്ല സാധ്യത ചെറിയ തിരിവെട്ടങ്ങൾ ഷമീം ഒരു ഉദാഹരണം മാത്രം / അസ്ലം മാവിലെ

*ചെറിയ ശ്രമം*
*നല്ല സാധ്യത*
*ചെറിയ തിരിവെട്ടങ്ങൾ*
*ഷമീം ഒരു ഉദാഹരണം മാത്രം*
.........................
അസ്ലം മാവിലെ
.........................

സൂക്ഷിച്ചു നോക്കൂ. ഇടത്ത് നിന്ന് രണ്ടാമത്. പട്ല ഗവ. ഹയർ സെക്കന്ററി സ്കൂളിൽ Plus 2 വിദ്യാർഥിയായിരുന്നു - ശഹബാൻ ഷമീം.

പ്ലസ് ടു പഠനം കഴിഞ്ഞ ശേഷം 'സാധാരണ കുട്ടികളെ പോലെ തന്നെ കളിയും ചിരിയും പണിയും മായി ഒന്ന് രണ്ട് വർഷം.

ഇനി അടുത്തത് എന്ത് എന്ന ചോദ്യം ? അതിനിടയിൽ സേഫ്റ്റി കോഴ്സുമായി ബന്ധപ്പെട്ട ജോലി സാധ്യത അറിയുന്നത്. TUV Rheinland NIFE യുടെ Safety പഠന കോഴ്സ് കണ്ണിലുടക്കുന്നത്. പത്ത് കഴിഞ്ഞവർക്ക്, 12 കഴിഞ്ഞവർക്ക്, Degree കഴിഞ്ഞവർക്ക് - വ്യത്യസ്ത കോഴ്സുകൾ.

ഷമിം +2 കഴിഞ്ഞവർക്കുള്ള ഒരു വർഷത്തെ Safety കോഴ്സിന് ചേരാൻ സന്നദ്ധത പ്രകടിപ്പിച്ചു.
സ്ഥാപന മേധാവി : അപ്പോൾ +2 വിജയിച്ച സർട്ടിഫിക്കറ്റ് ?
അവരുടെ ചോദ്യത്തിന് ഷമീമിന്റെ മറുപടി ഇങ്ങനെ: അത് ഞാൻ പരീക്ഷ എഴുതി, ജയിച്ച്, ഈ കോഴ്സ് തിരുന്നതിന് മുമ്പ് ഇവിടെ ഏൽപ്പിക്കും.

സ്ഥാപന മേധാവി ആ ഉറപ്പിൽ Safety കോഴ്സിനുള്ള അവന്റെ Application സ്വീകരിച്ചു. ഒരരതsയിൽ അവന്റെ ഗാർഡിയൻ  പേപ്പറിന് താഴെ  ഒരു ഒപ്പും ചാർത്തി. 

"See Gentleman, വാക്ക് പാലിച്ചാൽ നിങ്ങൾക്ക് പരീക്ഷയ്ക്കിരിക്കാം, One thing I assure you from our side - പരീക്ഷ ജയിച്ചാൽ ഞങ്ങളുടെ കേറോഫിൽ മൂന്ന് ജോലി സാധ്യത തരും. കിട്ടും, ജോലി ഉറപ്പ്.
If Your answer is a big YES, you may enroll your Course" - സ്ഥാപന മേധാവി Ex മിലറ്ററിയുടെ വാക്കുകൾ.

ഷമീം വാക്കു പാലിച്ചു, വൈകുന്നേരം മുതൽ പാർടൈം ജോലി, പകൽ പഠിത്തം. ആറ് മാസത്തിനകം +2 പാസ്സായി. ഒരു വർഷ പഠനം കഴിഞ്ഞ് ഉന്നത മാർക്കോടെ Safety കോഴ്സ് അവൻ മുഴുമിപ്പിച്ചു. ഇതിനിടയിൽ സ്ഥാപനമേധാവിയുടെ നിർദ്ദേശപ്രകാരം Heavy D/ Licence ഉം ഒപ്പിച്ചെടുത്തു. 

പഠിപ്പിച്ച സ്ഥാപനവും വാക്കു പാലിച്ചു - മൂന്ന് കമ്പനികളിൽ ഇന്റർവ്യൂ ഒപ്പിച്ചു. ഒന്നിൽ ഷമിം പോയില്ല. മറ്റൊന്ന് കോയമ്പത്തൂരിൽ, മൂന്നാമത്തേത് ബംഗ്ലൂരിൽ. രണ്ടിടത്തും Shamim  got Selected as Jr. Safety Officer. ഷമിം ബംഗ്ലൂരിലെ Prestige കമ്പനി തെരഞ്ഞെടുത്തു.

കാര്യം ഇതല്ല, Prestige പോലെയുള്ള ഒരു നല്ല  കമ്പനിയിൽ  നിന്ന് Safety യിൽ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് കിട്ടിയാൽ ഗൾഫ് നാടുകളിലും മറ്റും ജോലി സാധ്യത വളരെക്കൂടുതലാണ്. കൂടെ നെബോഷ് കോഴ്സ് കൂടി കയ്ക്കലാക്കിയാൽ ജോലി ലഭ്യതയ്ക്ക് ചാൻസു ഒന്ന് കൂടി വർദ്ധിക്കുന്നു. അതിന്റെ ശ്രമത്തിലാണ് അവനിപ്പോൾ.

ബഷീർ, മുഹമ്മദ്, ഫവാസ് , അമീൻ തുടങ്ങിയ ഒരുപാട് നമ്മുടെ എഞ്ചിനീയർമാർ  ഗൾഫ് മേഖലയിൽ വർക്കു ചെയ്യുന്നുണ്ട്-  വലിയ സ്ഥാപനങ്ങളിൽ, തരക്കേടില്ലാത്ത സ്ഥനങ്ങളിൽ. അവരോട് ചോദിച്ചു നോക്കൂ.  Land സർവ്വേയ്ക്ക് മുമ്പ്  ചട്ടിത്തൊപ്പിയുമിട്ട് അഞ്ചാറെണ്ണം, Safely ക്കാർ വരും, വർക്ക് പ്രോഗ്രസ്സാകുന്നതോടെ ഇവരുടെ എണ്ണം കൂടിക്കൂടി വരും. അതോടെ ഇവന്മാരുടെ കളിയാണ് സൈറ്റ് മൊത്തം. പച്ച, ചെമപ്പ്, മഞ്ഞ ടാഗുകൊണ്ടുള്ള ഒരു മാതിരി കളി. കയ്യബദ്ധം കണ്ടാൽ  പണി നിർത്തിക്കും. പിന്നെ ക്ലാസ്സ്.  ഉപദേശം. ഒന്നും പറയണ്ട.  ഇവന്മാർ Site വിടുന്നത് ആ സ്ഥാപനം കമ്മീഷൻ ചെയ്ത് ഉടമയ്ക്ക് താക്കോലും കൊടുത്ത് കൈ മാറുന്നതോട് കൂടിയാണ്. അത് വരെ ലെഫ്റ്റ് റൈറ്റ് നടന്ന് ഇവറ്റകൾ  കാലം കഴിക്കും.

ഞാൻ മുമ്പും ഈ ഫോറത്തിൽ എഴുതിയിട്ടുണ്ട് - ചെറിയ കോഴ്സുകൾ അഭിരുചിയും ജോലി സാധ്യതയും നോക്കി തെരഞ്ഞെടുക്കുക. വലുത് നോക്കി ഒന്നുമല്ലാതാകുന്നതിന് പകരം ചെറുത് നോക്കി, അത് നേടി,  പിന്നെ വലുതിലേക്കെത്തുന്നതാണ് ബുദ്ധി. BTech, BE ക്കാർ Safety കോഴ്സ് കൂടി എടുത്താൽ അപാര സാധ്യതയാണ് - പ്രത്യേകിച്ച് സിവിൽ എഞ്ചിനിയർസ്.

ഈ Article ഇവിടെ നിർത്തുന്നു, കൂടെ, പട്ല സ്കൂളിലെ ഈ പൂർവ്വ വിദ്യാർഥിയെ അഭിനന്ദിക്കുകയും ചെയ്യുന്നു.