Sunday 14 October 2018

എന്താണ് ഇവിടെ നടക്കുന്നത് ! / അസ്ലം മാവില

എന്താണ്
ഇവിടെ നടക്കുന്നത് !

അസ്ലം മാവില

ഹേയ് , ഇന്ത്യയിൽ എന്താ നടന്ന് കൊണ്ടിരിക്കുന്നത് ?
ഇതാണ് രാജ്നീതിയെങ്കിൽ ഇവരെ ഇമ്മാതിരി ക്യൂ നിന്ന്, വോട്ട് രേഖപ്പെടുത്തി തെരഞ്ഞെടുത്ത് അയക്കണോ ? ഇരക്ക് പകരം വേട്ടക്കാരനോടൊപ്പം നിൽക്കാൻ
ചെറിയ പെൺകുട്ടികൾക്ക് വരെ ഭാരതത്തിൽ രക്ഷയില്ലാതായെന്നോ ?
കാമവെറിക്ക് ഇത്രയും  ക്രൂരമുഖം വന്നു തുടങ്ങിയോ ?

അച്ഛൻ, മകൻ, മരുമകൻ ഇവരൊക്കെ കൂടി 8 വയസ്സ് മാത്രമുള്ള ഒരു ആട്ടിടയപെണ്ണിനെ മാറിമാറി  പിച്ചിച്ചീന്തുക ! അതും എന്നും കാണുന്ന, ഒരു നാടോടി പെൺകുട്ടിയെ ! പരിപാവനമെന്ന് കരുതപ്പെടുന്ന ആരാധാനലയം ആ നീചവൃത്തിക്ക് വേണ്ടി ഇവർ ദുരുപയോഗം ചെയ്യുക ! ഒരുആഴ്ചയിലധികം വേദന തിന്നും സഹിച്ചും ആ പെൺകൊടി  ശാന്തിഗേഹത്തിൽ ബന്ധിയാക്കപ്പെട്ട് രക്ഷിക്കാൻ ആരുമില്ലാതെ മരണവേദന അനുഭവിച്ചു കഴിയുക !  ഒപ്പം,  ഇതൊക്കെ അറിഞ്ഞ് കാക്കിയുടെ മറവിൽ ഒരു നിയമപാലകൻ, ഇരയ്ക്ക് സംരക്ഷണം നൽകുന്നതിന് പകരം അവന്റെ കാമവും സമുദായബദ്ധവൈരവും തീർക്കാൻ മൃതപ്രായമായ ആ പിഞ്ചു പൈതലിനെ നിഷ്ക്കരുണം കാമവെറിക്കുപയോഗിക്കുക ! എല്ലാം കഴിഞ്ഞ് കല്ലെറിഞ്ഞെറിഞ്ഞ് ജീവന്റെ ആ തുടിപ്പിനെ ഭൂമിയിൽ നിന്ന്  കൊന്നില്ലാതാക്കുക !  സ്വതന്ത്രഭാരതത്തിൽ ഇതൊരു നിത്യകാഴ്ചയാവുകയാണോ ?കണ്ണേ മടങ്ങുക.

ധീരനായ ഒരു പോലീസ് ഓഫിസറുടെയും അതിലും ധീരയായ ഒരു അഭിഭാഷകയുടെയും ഇച്ഛാശക്തി കൊണ്ട് മാത്രം അന്വേഷണവും തുടർനടപടികളും ! ആ അന്വേഷണവും കോടതിനടപടികളും പ്രോത്സാഹിക്കുന്നതിന് പകരം  സംസ്ഥാന മന്ത്രിമാർ രണ്ടുപേർ ദേശീയ പതാകയേന്തി പ്രതികളെ മോചിപ്പിക്കാൻ തെരുവിലിറങ്ങുന്നു ! ഒരു കൂട്ടം അഭിഭാഷകർ കോടതിയിൽ തടസ്സവാദങ്ങൾ പറയുന്നു ! ഇങ്ങ് മലയാളക്കരയിലെ ഒരു ഉന്നതബാങ്കുദ്യോഗസ്ഥൻ  മനുഷ്യത്വം വിറങ്ങലിച്ച ഈ കാട്ടാളത്തം കണ്ട് തരിച്ചിരിക്കുന്ന ലോകജനതയുടെ നേർക്ക് കൊഞ്ഞനം കുത്തി, മരണത്തിന് കീഴടങ്ങിയ പെൺകുട്ടിയുടെ ജാതി, മത പശ്ചാത്തലമന്വേഷിച്ചു  "ഇന്ത്യക്ക് ഭീഷണിയാകുമായിരുന്ന ഇവളെ തിന്നതും  കൊന്നതും നന്നായെന്ന് " ലോകം കാൺകെ പരസ്യമായി ഇ-പോസ്റ്റിടുന്നു ! ... കണ്ണേ മടങ്ങുക.

എന്തൊരു നാടാണിത് ! വിവേകാനന്ദൻ പറഞ്ഞ ഭ്രാന്ത് ഇന്ത്യ മൊത്തം പടർന്ന് തുടങ്ങുകയാണോ ? അതല്ല അതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതാണോ ? 2018 ആയിട്ടും  സംസ്കാരം നാല് ഫീറ്റ് പിന്നോട്ടല്ലാതെ, അര ഇഞ്ച് മുന്നോട്ട് കാണിക്കുന്നില്ലല്ലോ.

ഒന്നിച്ചും ഒരുമയിലും നിന്നിരുന്ന ഒരു സമൂഹത്തെ ഇങ്ങനെ ഛിന്നഭിന്നമാക്കി എന്ത് നേടാൻ ഹേ, ഭരണകൂടമേ ? ഒന്നിടപെടാതിരിക്കാനോ പ്രതിഷേധിക്കാതിരിക്കാനോ മാത്രം ആരോടാണ് നിങ്ങളുടെ പ്രതിബദ്ധത ഇത്രയും നടുവളഞ്ഞിരിക്കുന്നത് ?  നീതിയും ന്യായവും പറയേണ്ട ജനപ്രതിനിധികൾക്ക് എങ്ങിനെ ഇങ്ങനെയൊക്കെ മനുഷ്യത്വമില്ലായ്മ  ചെയ്യാൻ തോന്നുന്നു ? ഭരണഘടനയിൽ കൈ വെച്ചല്ലയോ രാജഭരണച്ചെങ്കോൽ നിങ്ങളൊക്കെ നേരവും സമയവും നോക്കി ഏറ്റെടുത്തത് ?

പ്രജകൾ തെറ്റ് ചെയ്യും, സ്വാഭാവികം, അവർക്ക് അതിനുള്ള സൗകര്യവും സന്ദർഭവും ഭരണാധികാരികൾ തന്നെ അങ്ങ് ചെയ്ത് കൊടുത്താലോ ?  അതിന്റെ തോത് പതിന്മടങ്ങ് വർധിക്കുമോ അല്ല കുറയുമോ ?  കുറ്റവാളികൾക്ക് വേണ്ടി പരസ്യമായി പതാകയും പിടിച്ച് മന്ത്രിമാർ തന്നെ തെരുവിലിറങ്ങിയാലോ ? പിന്നെ എന്ത് നീതി വ്യവസ്ഥയാണ് പൗരസമൂഹത്തിൽ നിലനിൽക്കുക.

വീട് കാവൽ നിൽക്കാൻ എല്ലിൻ കഷ്ണം നൽകുന്ന ഒരു തെരുവ് പട്ടി വരെ, അപരിചിതരെ അസമയത്ത് കണ്ടാൽ കുരക്കുമ്പോഴും അവരുടെ മേലെ ചാടുമ്പോഴും രണ്ട് വട്ടം ആലോചിക്കും, ഉണ്ട ചോറിനുള്ള നന്ദിയോടൊപ്പം തന്റെ സഹജമായ മൃഗനീതിയും ഒത്തു വരുന്നോ എന്ന്. ഒരു രാജ്യത്തിന്റെ നികുതിയിൽ നിന്ന് ശമ്പളം വാങ്ങി നിയമപാലകപ്പണി ഏറ്റെടുത്ത പോലീസ്കാരൻ   തന്റെ എല്ലാ പ്രാഥമിക ബാധ്യതകളും മറന്നുവെന്ന് പറഞ്ഞാൽ... 

നാടോടിയായ  ആട്ടിടയപെണ്ണിനു നീതി വേണ്ടന്നാണോ ? അവരെയൊന്നും മനുഷ്യ മക്കളിൽ ഇവരെണ്ണിയിട്ടേയില്ലേ ? ആരും ചോദിക്കാനാളില്ലാത്ത അവർക്കൊക്കെയല്ലേ നീതി ആദ്യം ലഭ്യമാക്കേണ്ടത് ?

വീണ്ടും സമാനമായ വാർത്ത ഗുജറാത്തിൽ നിന്നും കേൾക്കുന്നു. പൂർണ വിവരം ലഭ്യമല്ല. 11 വയസുകാരി. അവളെ നരാമധർ കൊന്നു തള്ളിക്കഴിഞ്ഞു.. ദേഹമാസകലം 86 മുറിവുകൾ പോൽ ! പ്രാഥമിക റിപ്പോർട്ടിൽ കൂട്ടബലാൽസംഗമെന്ന് നിഗമനം !

ഇങ്ങനെയൊക്കെ ചെയ്യാൻ നിങ്ങളുടെ മനസ്സുകളിൽ ഏതു തരം  സാരോപദേശമാണോ സ്വാധീനം ചെലുത്തുന്നത് ? ഏത് ചെകുത്താനാണാവോ ചെവിയിലവ ഊതിത്തരുന്നത് ?

ഉന്നാവയും മുമ്പിലുണ്ട്. പെറ്റ, പോറ്റിയ മാതാപിതാക്കളോടുള്ള ഉന്നാവയിലെ മോശം സന്ദേശം എന്താണ് ? നിങ്ങൾ കണ്ടും കേട്ടുമിരിക്കുക, മക്കൾ നിങ്ങളുടേതാം, പക്ഷെ, ആ പിഞ്ചുപൈതങ്ങളെ നിഷ്ഠൂരം ഉപയോഗിക്കാനാണ് ഞങ്ങളെ ജനപ്രതിനിധിയായും നേതാവായും  തെരഞ്ഞെടുത്തതെന്നാണോ ? ചോദ്യം ചെയ്യാൻ ഒരു രക്ഷിതാവിനും എവിടെയും അർഹതയില്ല, ചോദിക്കാനും കേസ് കൊടുക്കാനും വന്നവന്റെ ഗതി ഇതെന്നാണോ ഒരു പിതാവിന്റെ മൃതദേഹം ചൂണ്ടി ഇവർ പറയുന്നത്, ഭീഷണിപ്പെടുത്തുന്നത് !

ഒരേയൊരാശ്വാസം, ഒരു വിംഗൊഴികെ ഇന്ത്യൻ സമൂഹം മുഴുവൻ ഈ കൊടും ക്രൂരതക്കൾക്കെതിരെ ശബ്ദിച്ചു, പ്രതികരിച്ചു എന്നതാണ്. ഇങ്ങകലെ എന്റെ ദേശത്ത് വിഷു ആഘോഷം വേണ്ടെന്ന് വെച്ച കാസർകോട് കോളിയട്ക്കം  അണിഞ്ഞ വിഷ്ണു ക്ഷേത്രവും ഭക്തജനങ്ങളും അതിൽ പെടും. 

ലോകം മുഴുവൻ ഞെട്ടിയപ്പോഴും സ്വന്തം പ്രജകളോടൊപ്പം നിന്ന് കണ്ണീർ പൊഴിക്കാത്ത മനുഷ്യരും ഭരണാധികാരികളുമുണ്ട് ഇന്ത്യാ രാജ്യത്ത്.  അതൊരു ചെറിയ വിഷയമല്ല. നേരം വെളുത്തിട്ടും പുതപ്പ് മൂടി ഉറക്കമഭിനയിച്ചു കിടക്കുന്നവർ മാനവരാശിക്ക് എന്നും ഭീഷണിയുമാണ്.  പക്ഷെ, അവരുടെ മൗനത്തിനും,  ദുഷ്ചെയ്തികൾക്കു കൂട്ടുനിൽക്കലിനും  ഒരുനാൾ അറുതി വീഴും,  ഉറപ്പ്.  അവർക്ക് ജനാധിപത്യ സംവിധാനം കണക്ക് പറഞ്ഞു മറുപടി നൽകുക തന്നെ ചെയ്യും, അതുറപ്പ്, ആ കാവ്യനീതി അകലെയൊന്നുമല്ലെന്ന പ്രതീക്ഷയിലാണ് ഇന്ത്യയിലെ മുഴുവൻ മനുഷ്യസ്നേഹികളും. 

No comments:

Post a Comment