Saturday 20 October 2018

"ണെ", "റ ", "റോ " / അസ്ലം മാവില

"ണെ", "റ ", "റോ "

അസ്ലം മാവില 

കാസർകോടൻ വാമൊഴിയുടെ സുൽത്താൻ ഖന്നച്ചയുടെ "ണെ" ടൈറ്റിലിലുള്ള ഒരു കുറിപ്പാണ് ഇന്നത്തെ വിഷയം.

കാസർകോട്ട് മാത്രം ഉപയോഗിക്കുന്ന പ്രയോഗമാണ് "ണെ" & "റ ", കാസർകോടേതര ജില്ലകളിൽ പ്രചാരത്തിലുള്ള  "ടാ" "ടീ" എന്നിവയ്ക്ക്  പകരമാണി പ്രയോഗങ്ങൾ.

ഖന്നച്ച തന്നെ പറയട്ടെ :
"എന്റെ ഗ്രാന്റ്‌പ ഗ്രാന്റ്‌മാനെ വിളിച്ചിരുത്‌ എണേ എന്നാണ്‌,
ഉദാഹരണത്തിന്‌ ഏയ്‌, ഈലെ ബാണേ ..

നീ ബീയെം പോയ്‌റ്റ്‌ ബന്ന്‌ർണേ,
ഞാന്‌ പോയ്‌റ്റ്‌ ബീയം ബെര്‌ന്നേണേ,
ഞമ്മക്ക്‌ ബീയം പോയ്‌റ്റ്‌ ബന്ന്‌റാണേ.
കാല്‍തെ പോയോന്‌ ഈട്‌തോളം മട്‌ങ്ങീറ്റ്‌ലേണേ,...

സ്‌നേഹ പ്രകടനത്തിഌം
പരിഭവപ്പെടുമ്പോഴും പരാതിയിലും ശാസനയിലും..
നിറഞ്ഞ്‌ നിന്നിരുന്ന പ്രയോഗമാണ്‌ "ണേ"!!
കൂട്ടായി ജോലി ചെയ്യുന്ന സ്‌ത്രീകള്‍ തമ്മിലും ഭാര്യാഭർത്താക്കന്‍മാർ ( ഭർത്താവ് ഭാര്യയോട് ) തമ്മിലും ഉറ്റസഖികള്‍ തമ്മിലും "ണേ" ചേരാതെ ഇണങ്ങുകയോ
പിണങ്ങുകയോ ചെയ്യുമായിരുന്നില്ല! "

................................

ഭർത്താവ് ഭാര്യയെ 'ണെ' വിളിക്കുമ്പോൾ എന്തോ ഒരു രസക്കേട്. സ്ത്രീ ഒരു കുടുംബ നാഥ എന്ന നിലയിൽ കുറെ ചെറുതാകുന്നത് പോലെ. സ്വന്തം ലൈഫ് പാർട്ണറുടെ മുമ്പിൽ ഭർത്താവ് ഒരു മാതി ജന്മിത്വം കാണിക്കുന്ന പ്രതീതി. വീട്ടിലെ വാല്യക്കാരിയോട് വരെ 'ണെ' പ്രയോഗിക്കുന്നതിൽ വിയോജിപ്പുണ്ട്.

കൂട്ടുകാരികൾ, അടുപ്പക്കാർ, രക്തബന്ധ ബന്ധുക്കൾ ഇവർ തമ്മിലുള്ള 'ണെ' അഭിസംബോധനയാണ് കേൾക്കാൻ ഏറ്റവും സുഖവും അതിന്റെ മുഴുവൻ സൗന്ദര്യവും. കെട്ടു ബന്ധത്തിലെ ഒരു സ്ത്രി തന്റെ ഭർത്താവിന്റെ അടുത്ത ബന്ധുവായ ഒരു പെൺകുട്ടിയെ 'ണെ' വിളിച്ചതിനാൽ, തുടർച്ചയായ അഞ്ചാറ് കല്യാണത്തിന് പോകാത്ത സംഭവമൊക്കെ എനിക്കറിയാം. മഹല്ല് ഖാളിയർ ഇടപെട്ടാണ് ആ മുറിച്ചു കളഞ്ഞ ബന്ധക്കാണ്ഡത്തിന് പിന്നീട് വേരു മുളപ്പിച്ചത്. 'ണെ' ചില്ലറക്കാരിയല്ലെന്നർഥം. തമാശക്കാർക്കിടയിൽ അവർ 'ണെ' ഫാമിലിയാണ്.

പിന്നെയുള്ളതാണ് പുല്ലിംഗപ്രയോഗമായ 'റ'. ചിലയിടത്ത് 'റോ' ആയും ഭാവമാറ്റം വരും. മുമ്പൊക്ക ആൺപിള്ളേരെ പേര് തന്നെ വിളിക്കുക വളരെ അപൂർവ്വമായിരിക്കും. ഇദ്റാ - കഴിഞ്ഞു, അതിൽ എല്ലാമായി. ഇങ്ങ് ബാറാ, ഈലെ ബന്ന്ർറാ ..പോയിർറാ... ഏട്ത്തോർറാ... എട്ത്തിർറാ... ഇങ്ങനെ 'ർറാ' പ്രയോഗം അന്തരീക്ഷത്തിൽ മുഴങ്ങാത്ത വടക്കൻ കാസർകോട് പരിസരമുണ്ടാകില്ല.

അതിനും രക്തബന്ധുക്കൾ, കൂട്ടുകാർ, ഉസ്താദുമാർ, മൂത്തവർ - ഇവരൊക്കെ വിളിക്കുന്നത് കേൾക്കാൻ ഒരു സുഖം വേറെ തന്നെ. ലേശം ദേഷ്യം ക്ലാസിക്കൽ രൂപത്തിൽ സഗൗരവം ഉപയോഗിക്കുമ്പോഴാണ് 'റോ' ഉപയോഗം സക്രിയമാകുന്നത്. വളരെ അടുത്ത സീനിയർ പ്രായക്കാരായ സുഹൃത്തുക്കൾ തമ്മിലുള്ള  അഭിസംബോധനയ്ക്കും റ മാറി റോ കടന്നുവരും. റോ പ്രയോഗം സ്ത്രീകൾ തമ്മിലുള്ള സംഭാഷണത്തിലും ചങ്ങായിപ്പാടിൽ ഉപയോഗിക്കാറുമുണ്ട്. വളരെ അടുപ്പം മാത്രമല്ല കുറച്ച് കൂടി ആദരവും റോ പ്രയോഗത്തിൽ ശ്രോതാവിന് ഫീൽ ചെയ്യും.

ഇയ്യിടെയായി ണെ, റാ, റോ പ്രയോഗങ്ങൾ കാസർകോടിന്റെ ചില പരിഷ്ക്കാരിപ്പട്ടണപ്രദേശങ്ങളിൽ നിന്നും മന:പ്പൂർവ്വം എടുത്തു മാറ്റപ്പെടുന്നോ എന്ന സംശയമുണ്ട്. തൽസ്ഥാനത്ത് ടാ, ടീ ഉപയോഗിച്ചു കളയും. തെക്കമ്മാർ അതൊക്കെ ഉപയോഗിക്കുന്നത് കൊള്ളാം, കുഞ്ഞിമായിൻറടിക്കാർ അങ്ങനെ ഭാഷാ പ്രയോഗം കടം കൊള്ളുമ്പോൾ ഒരു സുഖമില്ല - പ്രത്യേകിച്ച് കേൾക്കാൻ.

റാ തീർത്ത ഒരു വായ്പാട്ടു പഴയ ഓർമ്മയിൽ നിന്നും പകർത്തി ഈ കുറിപ്പ് നിർത്താം.

ഏഡ്ക്ക്റാ കുഞ്ഞാലി
പോയേദ് ?
കോയർക്കാൻറാ
പോയേദ്.
എന്തുഡ്ത്തോണ്ട്റാ
പോയേദ് ?
മുണ്ട്ഡ്ത്തോണ്ട്റാ
പോയേദ്.
എന്തിന്റെ മേൽല്റാ
പോയേദ് ?
കുദര്ന്റെ മേൽല്റാ
പോയേദ്.
ഏഡെ കോയി ?
കോയി പാക്ക്ല്.
പാക്കേഡെ ?
കുദരെച്ചങ്കില്..
.................
.................
.................

No comments:

Post a Comment