Monday 8 October 2018

ആ ഉമ്മയും യാത്ര പിരിഞ്ഞു / അസ്ലം മാവില

ആ ഉമ്മയും
യാത്ര പിരിഞ്ഞു

അസ്ലം മാവില

ആസ്യഞ്ഞ എന്ന് പറഞ്ഞാൽ ആര് എന്ന് രണ്ടാമതൊരു വട്ടം ചോദ്യമില്ല. പട്ലയിലെ എല്ലാവർക്കും ആ പേര് അത്രമാത്രം സുപരിചിതം.

മാസങ്ങളായി വാർദ്ധക്യ സംബന്ധമായ അസുഖത്തിലായിരുന്നു ആസ്യഞ്ഞ. ബന്ധുമിത്രാദികളുടെ പരിചരണത്തിലുമായിരുന്നു ആ ഉമ്മ. ഇക്കഴിഞ്ഞ വ്യാഴാഴ്ച മുതൽ ആരോഗ്യം കുറച്ച് കൂടി പ്രയാസമായി. അല്ലാഹുവിന്റെ വിധിക്കുത്തരം നൽകി ആ ഉമ്മ ഇന്ന് രാത്രി എന്നന്നേക്കുമായി യാത്രയായി.  ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഹൂൻ.

സേവനരംഗത്ത് അവർ ആരും നടക്കാത്ത വഴിയിലൂടെ നടന്നു. ആ ഉമ്മ കുളിപ്പിക്കാത്ത സ്ത്രീകളുടെ മയ്യത്ത് പട്ലയിൽ വളരെ വളരെ കുറവ്. ആ ഉമ്മയുടെ കൈകളിലാണ് ഒരുപാട് മയ്യത്തുകൾക്ക്  കഫൻ പുടവകൾ അണിയിക്കപ്പെട്ടത്. തികച്ചും നിസ്വാർഥ സേവനം ! പടച്ചവന്റെ വജ്ഹ് പ്രതീക്ഷിച്ച് ചെയ്ത മഹത്തായ സേവനങ്ങൾ ! റബ്ബ് സ്വീകരിക്കട്ടെ.

ആരുടെ മരണശയ്യവേളകളിലും പൊതുവെ അവിടെ കൂടിനിൽക്കുന്ന സ്ത്രീകൾ ഒന്ന് സങ്കോചപ്പെടും, ബന്ധുക്കൾ പതറിയേക്കും,  സ്വഭാവികം.  അവിടെയൊക്കെ ആസ്യഞ്ഞ എത്തിയത് ആ വീട്ടുകാർക്കും അയൽപ്പക്കക്കാർക്കും ആത്മധൈര്യം നൽകിയായിരുന്നു. പതറാത്ത മനസ്സിന്റെ ഉടമ. ഇടറാത്ത ഹൃത്തിനുടമ.

നാളെ ഞാനും നിങ്ങളും മരിക്കും, മരണപ്പെട്ടവരെ ഏറ്റവും നന്നായി യാത്രയക്കേണ്ടത് ജീവിച്ചിരിക്കുന്ന നമ്മുടെ ബാധ്യതയാണെന്ന് പട്ലയിലെ ഓരോ സ്ത്രീക്കും   നിസ്വാർഥ സേവനം  ചെയ്ത് അവർ കാണിച്ചു കൊടുത്തു.

വലിപ്പച്ചെറുപ്പമല്ല അവർ നോക്കിയത്, മരിച്ചത് സ്ത്രീയാണെന്ന പരിഗണന മാത്രം അവർ നൽകി. വ്യക്തിപരമായ ആവശ്വങ്ങൾ മാറ്റി വെച്ച് അവർ ആ വീട്ടിൽ എത്തി. ബന്ധുക്കളെ സമാശ്വസിപ്പിച്ചു. തന്റെ ബാധ്യതയിൽ മുഴുകുകയും ചെയ്തു.

ഉദാരമതിത്വവും അവരുടെ പ്രത്യേകതയായിരുന്നു. കയ്യിൽ ഉള്ളത് എന്താണോ അത് ആവശ്യക്കാരന് നൽകുവാൻ  ഒരു മടിയും കാണിച്ചില്ല. ലളിതമായ ജീവിതമായിരുന്നു. അതിനിടയിൽ പരിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിക്കുവാനുളള ഭാഗ്യവുമുണ്ടായി.

നമുക്ക് പ്രാർഥിക്കാം, ആ ഉമ്മ ചെയ്ത സേവനങ്ങൾ പടച്ചതമ്പുരാൻ സ്വീകരിക്കുമാറാകട്ടെ, അവ മറ്റുള്ള സ്ത്രീകൾക്ക് മഹത്തായ മാതൃകയാകട്ടെ, ആ ഉമ്മയുടെ പാപങ്ങൾ അല്ലാഹു പൊറുത്ത് കൊടുക്കട്ടെ, അവരെയും മരിച്ച് പോയ നമ്മുടെ മാതാപിതാക്കളെയും ബന്ധുമിത്രങ്ങളെയും റബ്ബ് സ്വർഗ്ഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ, ആമിൻ.

No comments:

Post a Comment