Sunday 14 October 2018

കുടുംബങ്ങളിലെ, കൂട്ടായ്മകളിലെ, കൂട്ടുകൂടലിലെ, സുതാര്യതയും പരിഗണനയും /അസ്ലം മാവില

കുടുംബങ്ങളിലെ,
കൂട്ടായ്മകളിലെ,
കൂട്ടുകൂടലിലെ, 
സുതാര്യതയും
പരിഗണനയും

അസ്ലം മാവില

നിങ്ങൾ അവഗണിക്കപ്പെടുന്നു എന്ന് ഫീൽ ചെയ്യിന്നിടത്ത് ഇരിക്കരുത്. താൻ പറയുന്നതേ നടപ്പാവൂ, അതിലേ ശരിയുള്ളൂവെന്ന് ശഠിക്കുന്നിടത്തു നിങ്ങളുടെ സമയം വെറുതെ കളയരുത്. അവർ പറയാതെ പറയുന്ന ഒന്നുണ്ട് - its none of your business. എഴുന്നേറ്റ് സ്ഥലം വിട്ടു കളയണം, മറ്റു ബിസിനസ്സിൽ വ്യാപൃതരാകണം.

കേട്ടത് മൂളുന്നത് കണ്ടിട്ടുണ്ടോ ? ഇല്ലെങ്കിൽ, വെറുതെയൊന്ന് സ്വയം മൂളി പരിക്ഷിച്ചു നോക്കൂ. വാ തുറക്കാത്ത ഒരു തരം മ്യൂട്ട് പൊലിറ്റിക്കൽ എക്സർസൈസ്. മറുത്ത് പറയാൻ വാ തുറക്കാതിരിപ്പിക്കുക എന്നതാണ് മൂളിപ്പിക്കുന്നതിലെ രാഷ്ട്രീയം. അതിൽ വിധേയത്വം ഒട്ടിപ്പിടിച്ചിരിക്കുന്നു. ആശ്രിതത്വം അള്ളിപ്പിടിച്ചിരിക്കുന്നു.

വിമർശനമെന്നാണ് വാ തുറക്കലിനെ ചിലർ കാണുന്ന "കോങ്കണ്ണു" രാഷ്ട്രീയം. (എല്ലാവർക്കും കോങ്കണ്ണായാൽ അതൊരു വൈകല്യമല്ലാതാവുമല്ലോ ! )
വേറിട്ട അഭിപ്രായം, മറ്റൊരു ചിന്ത, മറ്റൊരാലോചന,  വ്യത്യസ്ത വഴി ഇങ്ങനെയൊരു അർഥം വാ തുറക്കലിന്  നൽകി നോക്കൂ. അങ്ങിനെ ഒരർഥം കാണാൻ ഡിക്ഷണറിയുടെ പേജുകൾ മറിക്കേണ്ട ആവശ്യമില്ല. മനസ്സിന്റെ ഉള്ളറ വികസിച്ചാൽ മാത്രം മതി.

(പക്ഷെ, ഒച്ചയിടലും ഓരിയിടലും ഇപ്പറഞ്ഞ പരിധിയിൽ വരില്ല.  ഭാഷ നഷ്ടപ്പെടുന്നവന്റെ ഭോഷ്ക്കാണത്, കവലച്ചട്ടമ്പിത്തരം.  അതിന് വിമർശനമെന്ന ഓമനപ്പേരുമിടരുത്. )

ആലോചിച്ചുറപ്പിച്ചത് പറഞ്ഞ് ഫലിപ്പിക്കാം. അത് തന്നെ അവിടെ  പാസാക്കിയേ അടങ്ങൂവെന്ന് ശഠിക്കുമ്പോൾ, ശരിക്കും മറ്റാളുകളുടെ സമയമാണ് മെനക്കെടുന്നത്. നിന്ന് കൊടുക്കാതിരിക്കുക മാത്രം പോം വഴി.

കൂടിയാലോചനയിൽ വരുംവരായ്കകൾ ചർച്ചയായി വരും. വിവിധ ആങ്കിളിലവ വിഷയീഭവിക്കും. കൂടുതൽ പ്രായോഗികമായത് കൂടുതൽ മുൻഗണനാ ക്രമത്തിൽ വരും. പിന്നെയും, ഞാനിപ്പോഴുമാ പഴയ വാദത്തിലെന്ന് പറയരുത്,  പറയിപ്പിക്കരുത്. 99 ശതമാനം പൊട്ടൻ തീരുമാനങ്ങൾക്ക് പിന്നിലും ഇങ്ങനെയൊരു പൊട്ടനിടപെടലുണ്ട്.

നെഗറ്റീവ് ചിന്തയ്ക്കാണ് എന്നും മാർക്കറ്റ് കൂടുതൽ. അവിടെ അങ്ങിനെ ചിന്തിക്കാൻ മാത്രം തുടക്കത്തിൽ കുറച്ച് സമയം മെനക്കെടുത്തിയാൽ മതി. പിന്നെയുള്ള സമയം  മുഴുവൻ നോക്കുകുത്തിയുടെയും താക്കോൽ ദ്വാര നോട്ടക്കാരന്റെയും റോളാണ്.

ശരിക്കും, പോസിറ്റീവ് ചിന്തയ്ക്കാണ് പണിയും റിസ്കും. ലക്ഷ്യം നേടുന്നത് വരെ നിങ്ങളുടെ കണ്ണിമ കൂടടയുന്നില്ല. വഴി നിറയെ പ്രതിബന്ധങ്ങൾ അഭിമുഖീകരിക്കും - മൂപ്പിള വരെ "വഴിമുട്ടി" രൂപത്തിൽ വരും.

പരിഗണന പ്രധാനമാണ്. ഒരാളെ ഉപയോഗിക്കുന്നുവെന്ന തോന്നൽ ഉണ്ടാകുന്നിടത്ത് അവഗണനയുടെ ആദ്യ അധ്യായം തുടങ്ങും. അയാളെ എല്ലാത്തിലും ശ്രദ്ധിക്കുന്നുവെന്നിടത്താണ് പരിഗണന പടി തുറക്കുന്നത്. വളരെ ചെറിയ വിഷയമാകാം, അത് ചെറിയ വിഷയമാക്കിയിടത്താണ് വിഷയം. Negligence എന്നാൽ നിസ്സാരമാക്കലാണല്ലോ.

ഒരു ദാമ്പത്യപ്രശ്നം : കട്ടനാണ് വില്ലൻ. അത് അയാൾക്ക് വലിയ കാര്യമാണ്, പ്രാതലിന് മുമ്പ് കിടക്കക്കരികിൽ അതെത്തിക്കാൻ വീട്ടുകാരിക്ക് തലേദിവസമൊരുക്കിയ ഫ്ളാസ്കും ഒരു കുഞ്ഞുഗ്ലാസും മാത്രം മതി. അത്രേയുള്ളൂ. ഒരിരുത്തത്തിൽ കട്ടൻ റെഡിയായി. ചായക്കോപ്പയിലെ ആവി പോലെ ആ പ്രശ്നവും വായുവിലേക്ക് പറന്നും പോയി. പക്ഷെ, "പരിഗണിച്ചു " എന്ന ഫീലിന് അതിനാനയോളം വലുപ്പമുണ്ടായിന്നു.

ആടിനങ്ങാടി വാണിഭമറിയണമെന്നേയുള്ളൂ. അതധികം പേരുമറിയുന്നില്ല; അറിയുന്നതോടെ സാധ്യത കൂടുന്നു - എന്തിനെന്നോ ?  ഒരു പരിഹാരമുണ്ടാകാൻ, to solve an Issue, to fix a problem.

നന്മകൾ !

No comments:

Post a Comment