Wednesday 28 December 2016

ഉപരിപഠനാന്തരീക്ഷം ഉണ്ടാകുന്നതെപ്പോൾ / അസ്‌ലം മാവില

ഉപരിപഠനാന്തരീക്ഷം
ഉണ്ടാകുന്നതെപ്പോൾ

അസ്‌ലം മാവില

ഒന്നാം ക്‌ളാസ്സിലാണ്  എന്റെ മകൻ ; അനിയന്റെ മകളും ഒന്നിൽ തന്നെ.  അവർ പരസ്പരം ഒരു ദിവസം ചോദിക്കുന്നത് കേട്ടു. നിനക്കെന്താകണമെന്നാണ് ആഗ്രഹം ?   കുട്ടികളോട് അധ്യാപകർ നിങ്ങൾ ആരായിത്തീരണമെന്ന്  ഇപ്പോൾ ഒന്നാം ക്‌ളാസ്സ് മുതൽ തന്നെ ചോദിക്കാൻ തുടങ്ങിയിരിക്കുന്നു എന്നർത്ഥം. ആ കുഞ്ഞു മനസ്സുകളിൽ  ചിലതൊക്കെ രൂപപ്പെടുന്നുണ്ടാകണം.

ഉപരിപഠന സങ്കൽപത്തിന്റെ കാര്യത്തിൽ  പിന്നെ നമുക്കെവിടെയാണ് പിഴക്കുന്നത് ? ഇതൊരു ചോദ്യമാണ്. എല്ലാ വർഷവും കൃത്യമായി ജയിച്ചാലേ മുന്നോട്ട് പോകൂ എന്നത് എല്ലാവർക്കുമറിയാം. പക്ഷെ, അങ്ങിനെ മുന്നോട്ട് പോകാൻ അത് മാത്രമേ മാർഗ്ഗമുള്ളൂ എന്ന മൈൻഡ് സെറ്റപ്പ് ഉണ്ടാക്കിയാലോ ? അവിടെ തന്നെ പിഴച്ചു. ഒരു തോൽവിയോട് കൂടി എല്ലാം തീരണമെങ്കിൽ ഇവിടെ പലരും ഉന്നത സ്ഥാനത്ത് എത്തിയിട്ടുണ്ടാകില്ല. 1979 ഐ.എ.എസ് ബാച്ചുകാരാനായ അൽഫോൻസ് കണ്ണന്താനം തന്റെ അക്കാദമിക് പഠനത്തിനിടക്കുള്ള പരാജയത്തെക്കുറിച്ചു  .പറയുന്നുണ്ട്.

ഒരു എക്സാം തോറ്റാൽ അതോടെ ''ഉട്ക്കന്നാൾ'' എന്ന രീതിയാണ് വിദ്യാഭ്യാസരംഗത്ത്  കാര്യമായ മണ്ണാംകട്ട   ഉണ്ടാക്കാത്ത/ ഉണ്ടാകാത്ത  നമ്മുടെ നാട്ടിലെ നിലപാട്. ഒരുകാലത്തു നാമൊക്കെ എഡ്യുക്കേഷന്റെ കാര്യത്തിൽ  തള്ളിയ തളങ്കരപോലെയുള്ള പ്രദേശങ്ങളിൽ  എത്രയെത്ര ബിരുദ -ബിരുദാനന്തരധാരികളും ഗവേഷണ വിദ്യാർത്ഥികളും ഉദ്യോഗാര്ഥികളും പ്രൊഫഷണൽ രംഗത്ത് ഉയരങ്ങളിൽ എത്തിപ്പെട്ടവരുമാണ് ഉള്ളത്.

അക്കാദമിക് വിദ്യാഭ്യാസ രംഗത്ത് നാമിപ്പോഴും പിന്നിലായതിന്റെ കാരണം പഠിക്കാൻ തയ്യാറാകണം. ഇപ്പോഴും ചെറിയ കുട്ടികളിൽ വരെ ആരൊക്കെയോ കുത്തിവെച്ചിട്ടുള്ളത് പ്രായം 18 കടന്നാൽ മതി; പിന്നെ ഒന്ന് രണ്ടു കൊല്ലം തേരാപാര നടത്തം; അത് കഴിഞ്ഞു സഹികെടുമ്പോൾ ആരെങ്കിലും അക്കര കടത്തിക്കൊള്ളുമെന്നാണ്.  അതൊക്കെ കൊണ്ടാണ് അധ്യാപകരോട് ഏതാനും വര്ഷം മുമ്പ് വരെ ചില കുട്ടികൾ അച്ഛന്റെ  വരുമാനവും ടീച്ചറുടെ വരുമാനവും താരതമ്യം ചെയ്തു ഡയലോഗ് അടിച്ചിരുന്നത്. (സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള സ്കൈൽ പുതുക്കിയത് കൊണ്ട് ഇനി ഏതായാലും പൂതി ഉണ്ടെങ്കിൽ പോലും  അങ്ങിനെ ഒരു അറ്റകൈക്ക് കുട്ടികൾ നിൽക്കില്ല).

പഠിക്കുന്ന കുട്ടികളെ ആദരിക്കുന്ന,  അവരർഹിക്കുന്ന പരിഗണന നൽകുന്ന സമൂഹം ഉണ്ടാകണം. അവർ ഒരു പരീക്ഷയിൽ തളരുമ്പോൾ അതോടെ പഠനം  നിർത്തുന്ന/ നിർത്തിക്കുന്ന സമീപനം ആരിൽ നിന്നുമുണ്ടാകരുത്. കുട്ടികളുടെ പഠന കാര്യമന്വേഷിക്കുമ്പോൾ പോലും ലക്‌ഷ്യം അവരോടുള്ള ഗുണകാംക്ഷയും അവർക്ക് ലഭിക്കേണ്ടുന്ന  പ്രോത്സാഹനവും സാന്ത്വനവുമായിരിക്കണം. തോറ്റെന്നു കേട്ടാൽ, ഞാനതൊക്കെ അറിഞ്ഞിട്ടുണ്ടെന്ന വ്യംഗ്യമായി സൂചിപ്പിക്കാനാകരുത് ഒരു കുശലാന്വേഷണവും പയക്കം പറച്ചിലും.

അതേപോലെ കൂട്ടുകെട്ടുകൾ അവർക്ക് സപ്പോർട്ട് നൽകണം. അതിനുള്ള പ്രോത്സാഹനമാണ് നൽകേണ്ടത്. പ്രോഗ്രാമുകൾ, ഷെഡ്യൂളുകൾ തയ്യാറാക്കുമ്പോൾ കൂട്ടുകാരന്റെ പഠനം, പരീക്ഷ, ഗൃഹപാഠം തുടങ്ങിയവയൊക്കെ പരിഗണിക്കാൻ കൂട്ടുകെട്ടുകൾ തയ്യാറാകണം. എന്നും മൊബൈൽ വർത്തമാനവും കളിക്കാര്യവും പറഞ്ഞു നേരം കൊന്നാൽ നാടോടും ഒരു സംശയവുമില്ല. നടുവേ നമ്മൾ ഓടാതെ ഓടും. പക്ഷെ, മാറ്റം ''ഒരഫ'' പ്രതീക്ഷിക്കരുത്.

ഒരൊറ്റ ലൊക്കാലിറ്റി എന്റെ ടാർജറ്റേ അല്ല. ഈ കുറിപ്പ് ഒരു ലൊക്കാലിറ്റിയെ മാത്രം ഉദ്ദേശിച്ചുമല്ല. എവിടെയൊക്കെ എന്റെ കുറിപ്പ് പാറിയെത്തുന്നുവോ അവിടെയൊക്കെ എന്റെ ലേഖനത്തിലെ പ്രസക്തമെന്നു തോന്നുന്ന ഭാഗങ്ങൾ വിശകലനം ചെയ്യപ്പെടുമെങ്കിൽ അത് വളരെ നല്ലതുമാണ്. ഇനി പറയട്ടെ, എന്ത് കൊണ്ട് മഹല്ലുകളിൽ കുട്ടികളുടെ വിദ്യാഭ്യാസം ഒരു ചർച്ചയേ ആകുന്നില്ല. അങ്ങിനെ ചർച്ച വരുന്ന രൂപത്തിലുള്ള അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിട്ടും നാമാരും ഉപയോഗിക്കാത്തത് എന്ത് കൊണ്ട്?  എല്ലാ ലൊക്കാലിറ്റിയിലും കാണും വിദ്യാഭ്യാസ കാര്യത്തിൽ തത്പരരായ വ്യക്തികൾ. ഒരു പക്ഷെ, അവർക്ക് ഉന്നത ബിരുദങ്ങൾ ഉണ്ടായിക്കൊള്ളണമെന്നുമില്ല. പക്ഷെ, കണ്ടും കേട്ടും വായിച്ചും ഇടപ്പെട്ടുമുള്ള ഒരു അനുഭവം അവരെ എല്ലാ ബിരുദങ്ങളെക്കാളും വലിയ യോഗ്യരാക്കിയിരിക്കും. എല്ലാവരും ബിരുദ ദാരികൾ ആകണമെന്നുമില്ല . ഒന്ന് മാറ്റിപ്പിടിക്കാൻ മഹല്ലുകൾ ശ്രദ്ധിച്ചാൽ തന്നെ ചെറിയ ചെറിയ നീക്കങ്ങൾ കൊണ്ട് വലിയ ചലനങ്ങൾ ഉണ്ടാക്കാൻ സാധിക്കും. അതിനൊക്കെ എവിടെ സമയം, അല്ലേ ?

ഹ്രസ്വകാലത്തെ പരിപാടികളും പദ്ധതികളുമാണ് നമുക്ക് ആകെ അറിയുന്നത്. അതാണെങ്കിൽ വല്ലതും കൈവെള്ളയിൽ വെച്ച് കൊടുക്കുന്നതോടെ നമ്മുടെ ഉത്തരവാദിത്തവയും തീരുന്നുവെന്നു തെറ്റുധരിക്കുകയും ചെയ്യുന്നു.  ദീർഘകാലമെന്ന ഒന്ന് ആരുടേയും അജണ്ടയിൽ  ഇല്ല. ഉപരിപഠനത്തിനു, പ്ലസ്‌ ടു മുതൽ മുകളിലോട്ടു, മുൻ‌തൂക്കം നൽകിയുള്ള ഒരു എഡ്യു-സപ്പോർട്ടിങ് വിഷൻ ആലോചിക്കാൻ നേരമായി.

നാടുനീളെ ഇന്ന് പ്ലസ്‌ ടു കുട്ടികളാണ്. അവർക്ക് ശരിയായ ദിശാബോധം നൽകാനും അവരുടെ അഭിരുചികൾ പരസ്പരം പങ്കുവെക്കാനും അതിനനുസരിച്ചുള്ള ഗൈഡൻസ് നൽകാനുമുള്ള കർമ്മപദ്ധതി ബഹുജനപങ്കാളിത്തത്തോടെ നടപ്പിലാക്കാൻ  മഹല്ലു സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണം.   അതിന്റെ ഗുണഭോക്താക്കൾ എല്ലാ ''ബ്രാൻഡിൽ'' പെട്ട കുട്ടികളുമാകണം.

എങ്ങിനെ ഏത് രൂപത്തിൽ എന്നൊക്കെ ഒരു കുറിപ്പിൽ പറയേണ്ട വിഷയങ്ങളല്ല. നിരന്തരം  ക്ഷമാപൂർവ്വം അവധാനപൂർവ്വം ഇരിക്കാനും ഫോള്ളോഅപ്പ് ചെയ്യാനും ഒരു ഇടമൊരുങ്ങിയാലേ അത്തരം ''എന്ത്, ഏത്, എപ്പോൾ,  എങ്ങിനെ''കൾക്ക് പ്രസക്തിയുള്ളൂ.

മുമ്പ് എല്ലാ വീട്ടു മുറ്റത്തും കൊക്കോ ചെടികൾ നട്ടിരുന്നു. കാരണം ചോദിച്ചപ്പോൾ പറഞ്ഞിരുന്നത് എല്ലാരുടെയും  മുറ്റത്തും കണ്ടു, അങ്ങിനെ ഞാനും നട്ടു. അതുപോലെയായിട്ടുണ്ട് കുട്ടികളെ പ്ലസ് ടു വിനു ചേർക്കുന്നതും കടമ്പ കടന്നാൽ തുടർ പഠനത്തിന് അയക്കുന്നതും. ആ കോഴ്സ് എന്തിനായിരുന്നു തെരഞ്ഞെടുത്തതെന്ന് ചോദിച്ചാൽ പോകുന്നവനോ അയക്കുന്നവർക്കോ ഒരു ഉത്തരമല്ലാതെ വേറൊയൊന്നുമുണ്ടാകില്ല. അതെന്താണെന്ന് ഞാൻ ഇനിയും  പ്രത്യക്ഷമായി എഴുതേണ്ടല്ലോ.

Tuesday 27 December 2016

Comments of Chayamakkani

ശരിക്കും ഗ്രാമീണ അന്തരീക്ഷത്തിൽ  ഒരു കടവൊരുക്കി  അവിടെ അസീസ് തന്നെ ഒരു തട്ടുകടയും കുറച്ചു സ്ഥിരം കസ്റ്റമേഴ്സിനെയും ഇരുത്തി ലളിത സുന്ദരമായ ഭാഷയിൽ ഒരുക്കിയ  അസ്സൽ ചായമക്കാനി.

ഒരു മക്കാനിയിൽ പോയാൽ അവിടെ ഇരിക്കുന്ന ഓരോരുത്തരുടെയും ശരീരം ആപാദ ചൂഢം നോക്കുക ആരുടെയും പതിവ് ശീലമാണ്. ഈ കഥയിൽ തുടക്കം മുതൽ ഒടുക്കം വരെ  കണ്ണോടിക്കുമ്പോൾ അങ്ങിനെയൊരു ഫീലിംഗ്. കഥാപാത്രങ്ങളുടെ ആകാരം ഭംഗിയൊട്ടും കുറക്കാതെ കഥാകൃത്ത് ഇന്നും അവതരിപ്പിച്ചിരിക്കുന്നു.

കഥയുടെ പര്യവസാനം അതിലും സൂപ്പർ.

കുറഞ്ഞ നേരം കൊണ്ട് നമുക്ക് അവിടെയൊക്കെ ഒന്ന് ചുറ്റിനടന്നു അനുഭവം.

aslam mavilae

ചെറുകഥ / മക്കാനി / അസീസ് പട്‌ല

ചെറുകഥ

മക്കാനി


തന്‍റെ കടത്ത് തോണിയെ കുറ്റിയില്‍ തളച്ചു നേരെ കുറുപ്പേട്ടന്‍റെ ചായക്കടയിലേക്ക് ചെന്ന സൈതലവി പൊരിയും പലഹാരങ്ങളും അടുക്കി വെച്ച ചില്ലുകപ്പാട്ടില്‍ നോക്കി പറഞ്ഞു..

“കുറുപ്പേട്ടാ.. ഒരു ചായ,”

ചായ ആട്ടിക്കൊണ്ടിരുന്ന കുറുപ്പേട്ടന്‍ മേല്‍ തിട്ടയില്‍ നിന്നും കുനിഞ്ഞു നോക്കികൊണ്ട്‌

“ആരാ....സൈതാലിയോ?, ഇന്നെന്തേ വൈകീ..?”

കുറുപ്പേട്ടന്‍ ആ കരക്കാരുടെ മാനസപ്രിയനാണ്, ആരെയും സഹായിക്കുന്ന പ്രകൃതം, കടവ് കടന്നു അക്കര ചന്തയില്‍ പോകുന്ന ആരും അവിടന്നൊരു ചായ കുടിക്കുക പതിവാണ്, യു.പി. സ്കൂളും, ഒരു പ്രാഥമികാരോഗ്യ കേന്ദ്രവും, പോസ്ടാപ്പീസുമടങ്ങുന്ന, വെറും കാര്‍ഷികവൃത്തി ഉപജീവനമാക്കിയ ഒരു കൊച്ചു ഗ്രാമം,

കടവിന്നപ്പുറത്തെ ചന്തയില്‍ നിന്ന് പട്ടണത്തിലേക്ക് ബസ്‌ കിട്ടും, ദിവസത്തില്‍ മൂന്നോ നാലോ റൂട്ട്, ഒറ്റ ബസ്‌; അത് കൊണ്ട് തെന്നെ എല്ലാവരെയും പരസ്പരം തിരിച്ചറിയും.

“ഒന്നും പറയണ്ട കുറുപ്പേട്ടാ.., അക്കരെ ചന്തേല്  ഇന്ന് ചക്കാത്തിന് പ്രമേഹം ടെസ്റ്റ്‌ ചെയ്യുന്ന കാമ്പയിന്‍ ഉണ്ട്, കരക്കാരെ കടത്തീട്ടു തീരുന്നില്ല, നാണു ഇന്ന് വന്നതുമില്ല. പിന്നെ ഞാന്‍ ഒറ്റക്കല്ലേ? ന്തന്നാപ്പാ ചെയ്യാ...?”

ചക്കാത്തിന് എന്ന് കേട്ടപ്പോള്‍ തൊട്ടപ്പുറത്തുള്ള ബെഞ്ചില്‍ ചടഞ്ഞിരുന്നു ചായ കുടിച്ചുകൊണ്ടിരുന്ന കേളുനായര്‍ക്ക് ഒരു പൂതി.. ഒരമ്പത് അമ്പത്തഞ്ചു വരും വയസ്സ്....

“എടാ... സൈതാലി, നീ അക്കരെ  പോകുംമ്പോ  ഇന്നെക്കൂടി കൊണ്ടോണേ..., മടുത്തു.... ഈ മധുരമില്ലാത്ത ചായയും കാപ്പിയും കുടിച്ചു, ഇത്തിരി മധുരം കൈച് കാലം മറന്നു...”

ഇതു കേട്ട് പെട്ടെന്ന് ചിരിച്ചുപോയ സൈതാലി ചായക്കപ്പ് താഴെവച്ച് വിമ്മിഷ്ടം വിഴുങ്ങുന്നു, എക്കിളും ചുമയും തോളിലുള്ള മുണ്ട് കൊണ്ടാടക്കിപ്പിടിച്ചു കേളുനായരെ നോക്കി പറഞ്ഞു.

“അയിനു ഇങ്ങക്ക് ടെസ്റ്റ്‌ കൈഞ്ഞിക്കില്ലെന്ന്.... നീം ന്തന്നാപ്പാ, ചികിത്സക്ക് ധര്മ്മാശുപത്രീല് പോണം...നഹാ.. അല്ലാണ്ട് ഓല് മരുന്ന് കൊട്ക്കിണില്ല ”

പ്രായവും രോഗവും സമ്മാനിച്ച കവിളിലെ ചുളിവുകള്‍ പ്രകടമാവുംവിധം മുഖം ചുളിച്ചു നീരസത്തോടെ സൈതാലിയെ നോക്കി, പൊതിയില്‍ നിന്ന് ഒരു ബീഡിയെടുത്തു പുകച്ചു., ഒട്ടിയ കവിള്‍ക്കുഴി താടിരോമം മറച്ചുവച്ചു.


മുളയും ഓലയും തീര്‍ത്ത  തുറന്ന ജാലകത്തില്‍ കടവ് താണ്ടി വന്ന മന്ദമാരുതന്‍ കുളിരു കോരിയിട്ടു, അഞ്ജനക്കാരന്‍ മഷിയില്‍ നോക്കുന്ന സൂക്ഷ്മതയോടെ കുറുപ്പേട്ടന്‍ അടുപ്പത്തുവച്ച പാല് തിളയ്ക്കുന്നതും കാത്തിരുന്നു.. കിഴക്കെപുറത്തെ ബെഞ്ചിലുള്ളവര്‍ ഓരോ പത്രത്താളും മാറി മാറി വായിച്ചുകൊണ്ടിരിക്കുന്നു, അതിലൊരാള്‍ ചോദിച്ചു..

“അല്ല കുറുപ്പേട്ടാ.. നമ്മുടെ സ്കൂളില്‍ ഹെട്മാഷ് ഇല്ലാണ്ടായിട്റ്റ് ഇത് എത്രാമത്തെ മാസം?, മ്മളെ കരയോഗം പ്രസിടന്റ്റ് ന്നിനും കൊള്ള്ലാന്നൂ.....”

“ഈയായ്ച്ച വരുമെന്നല്ലോ  ഇന്നലെ പ്രസിടന്റ്റ് പറഞ്ഞത്”

തിളച്ച പാല്‍ വാങ്ങിവെച്ചു കുറുപ്പേട്ടാന്‍  താഴെ നിരത്തിലിറങ്ങി ഒരു ബീഡി കത്തിച്ചു വിദൂരതയില്‍ നോക്കി, ദൂരെ നിന്നും നടന്നു വരുന്ന ഒരപരിചിതനെ നോക്കി  സൈതലിയോടു പറഞ്ഞു,

“ആരാ......... ആ വരുന്നേ.... ഇന്ക്കറിയോ?”

ഓലയില്‍ തീര്‍ത്ത ചെറിയ ജനാലയില്‍ നോക്കി സൈതാലി പറഞ്ഞു...

“ആ.......നിക്കറിയില്ല”


അയാള്‍ നേരെ വന്നു കടയില്‍ കയറി, എല്ലാരോടും പുഞ്ചിരിച്ചുകൊണ്ട് കുറുപ്പേട്ടനെ നോക്കി ചോദിച്ചു..

“ഒരു ചായ തരുമോ?, മധുരം വേണ്ട!”

നല്ല ആരോഗ്യവാന്‍, വലതുവശത്തേക്ക് ചീകിവെച്ച ചുരുളന്‍ മുടി, കട്ടി കുറഞ്ഞ മീശ, അലക്കിതേച്ച വസ്ത്രം, പോക്കറ്റില്‍ പേനയുമുണ്ട്..ഒരു നാല്പതു നാല്പത്തഞ്ചു വയസ്സിനു മേലെ പോവൂല.....

സൈതാലിയും കേളുനായരും മുഖത്തോട് മുഖം നോക്കി...

“ഇങ്ങളെവിടുന്ന?” സൈതാലിയാണ് ചോദിച്ചത്


“കുറച്ചു തെക്കിന്നാ......”

“പേര്”

“ശേഖരന്‍”

“ഇങ്ങളെ കണ്ടിട്ട് മധുരത്തിന്‍റെ സൂക്കാട്‌ ബര്ണ്ട പ്രായം ആയിട്ടില്ലാലപ്പാ.., നല്ല ആരോഗ്യവും, മ്മളെ കേളുനായരെപ്പോലെയാ ങ്ങളെക്കണാന്‍?!”

അത് കേട്ട കേളുനായര്‍ ഈര്‍ഷ്യയോടെ ഒന്നൂടെ അമര്‍ന്നിരുന്നു..., അയാളും വിട്ടില്ല...

“സൈതാല്യേ.. ഇക്ക് പ്രമേയം ബന്നത് രണ്ടു കൊല്ലം മുമ്പാ, ഇപ്പൊ ബയസ്സു ഐമ്പത്തൊമ്പതു.”

“നിങ്ങളാരും തര്‍ക്കിക്കണ്ട” ചിരിച്ചുകൊണ്ട് ശേഖരന്‍ കേളുനായരെ നോക്കി ചോദിച്ചു

“നിങ്ങളുടെ പേര്..........?”,

“കേളു, കേളുനായര്‍ എന്ന് പറയും”,

“കേളു ചേട്ടാ.... നിങ്ങള്‍ ഷുഗര്‍ വന്നതിനു ശേഷമാണു മധുരം ഒഴിവാക്കിയത്, അല്ലെയോ?”

“അതെ”

“അതിനര്‍ത്ഥം പ്രമേഹം നിങ്ങളെ കീഴ്പെടുത്തി...”


കുറുപ്പ് ചായ ടാബ്ലിളില്‍ വച്ചു, കടിയോ പഴമോ വേണ്ടിവരുമോ എന്നമട്ടില്‍ ശേഖരനെ നോക്കി

“ഒരു പഴം പൊരി”

സൈതലിയും കേളുനായരും വീണ്ടും മുഖത്തോടു മുഖം നോക്കി.......

“അപ്പൊ ഇങ്ങക്ക് പ്രമേയോം ഇല്ലേ..?”, ആശ്ചര്യത്തോടെ കേളുനായര്‍

“ഹാ.. ഞാന്‍ പറഞ്ഞല്ലോ, കേളു ചേട്ടന്‍ പ്രമേഹത്തിനു കീഴ്പ്പെട്ടു, ഞാന്‍ പ്രമേഹത്തിനെ കീഴ്പെടുത്തും”

“അതെങ്ങനെ, ങ്ങള് മനസ്സിലാന്ന ഭാഷെല് പറീന്നൂ ....” സൈതാലിക്കു ക്ഷമ കെട്ടു ..

പഴംപൊരി കടിച്ചുകൊണ്ട് ശേഖരന്‍ തുടര്‍ന്ന്.........

“അതെ..... എനിക്ക് ഷുഗര്‍ ഇല്ലെട്ടോ, ഇപ്പോള്‍ ഞാന്‍ മധുരമില്ലാത്ത ചായയും കാഫിയും കുടിച്ചു പ്രമേഹതിനെ കീഴ്പെടുത്തി.......ഇനി വന്നാലും എനിക്ക് പുത്തനാവില്ല......പ്രമേഹത്തിന് എന്നെ ജയിക്കാനും കഴിയില്ല.....”


“കൊള്ളാലേ......ങ്ങളെ ബുദ്ധി,......... “ കുറുപ്പിനെ നോക്കി സൈതാലി പറഞ്ഞു

ഇനി മേല്‍ മ്മക്കും പഞ്ചാരയില്ലാത്ത ചായ മതീട്ടാ..........

കുറുപ്പ് ഉറക്കെ ചിരിച്ചുകൊണ്ട് ... “എല്ലാരും ഇങ്ങനെ വിചാരിക്കാച്ചാ ഇക്ക് ലാഭെയിനു ...

കൂട്ടച്ചിരി......

കേളുനായര്‍ക്കതത്ര രസിച്ചില്ല!


ഈ ബുദ്ധി നേരത്തെ ആരും പറഞ്ഞു തന്നില്ലല്ലോ എന്ന്‍ പിറുപിറുത്തു പൊതിയില്‍ നിന്നും അടുത്ത ബീഡിക്ക് തീ കൊളുത്തി...

കാശ് കൊടുക്കാന്‍ നേരത്ത് ശേഖരന്‍ പറഞ്ഞു

“ഞാന്‍ പുതീയ ഹെഡ്മാഷാണ്, രാത്രി നന്നേ ഇരുട്ടിയാ എത്തിയത്, നാണു എന്ന് പറയുന്നയാളാ എന്നെ കടവ് കടത്തിയതും  റുമിലെത്തിച്ചതും, നല്ല നാട്ടുകാര്‍, എല്ലാരോടും നന്ദിയുണ്ട്, ഇറങ്ങട്ടെ...

“സൈതാലി അറിയാതെ എണീറ്റ്‌ നിന്നു പോയി, കരയോഗം പ്രസിഡന്റിനെ കുറ്റപ്പെടുത്തിയവര്‍ പത്രത്താളില്‍ മുഖം മറച്ചു....

RT പരിസരത്ത്നിന്ന് മൂന്നാം കൊല്ലത്തിന്റെ ആദ്യനാൾ വായിക്കുമ്പോൾ / അസ്‌ലം മാവില


RT പരിസരത്ത്നിന്ന്
മൂന്നാം കൊല്ലത്തിന്റെ ആദ്യനാൾ
വായിക്കുമ്പോൾ

അസ്‌ലം മാവില

സാങ്കേതികമായി RT ഇന്ന് മുതൽ മൂന്നാം വർഷത്തിന്റെ ആദ്യദിനത്തിലാണ്. ഒന്നിച്ചു ചേർന്നവർ, ഇടക്ക് പിരിഞ്ഞവർ, വീണ്ടും ഒന്നായവർ, വീണ്ടും പിരിയാനായി കാത്തിരിക്കുന്നവർ. മുഷിപ്പിന് മുമ്പ് തീരുമാനം കൈകൊള്ളാൻ RT എന്ന പൊതുഇടത്തിനേ സാധിക്കൂ. ഇത്രകാലം ഈ സാംസ്കാരിക സദസ്സിൽ കൂട്ടായി നിന്ന മുഴുവൻ ആളുകളെയും അഭിവാദ്യം ചെയ്യുന്നു.

RT തുടങ്ങുന്നത് തന്നെ ഒരു പുസ്തക ചർച്ചകൊണ്ടായിരുന്നു. അന്ന് അംഗങ്ങൾ അംഗുലീപരിമിതം. അത്തരമൊരു ആശയം തന്നെ യുവനിരയിൽ നിന്നാണ് ഉയർന്നു കേട്ടത്. ശ്രീ ഫയാസ്  ഇബ്രാഹിം ആ അഭിപ്രായം മുന്നിൽ വെക്കുമ്പോൾ  ഓൺലൈൻ സദസ്സിൽ ഇത്രമാത്രം അനുരണങ്ങൾ ഉണ്ടാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

നമ്മുടെ ലൈബ്രറിയുമായി ബന്ധപ്പെട്ട ഒരു ഓൺലൈൻ വേദി ഉണ്ടായിരുന്നു. ശരിക്കും എന്നെപ്പോലുള്ളവർ അവിടെയാണ് വല്ലതും പ്രതീക്ഷിച്ചത്. ആ ഗ്രൂപ്പ് ഇന്നുണ്ടോ എന്നറിയില്ല. അവിടെയും കുറെ ആരാന്റെ ടെക്സ്റ്റും വോയിസും വീഡിയോസും മാത്രം ! പുതുമയുള്ളത് അവിടെയും കണ്ടില്ല. സർഗ്ഗ വാസന തൊട്ടുണർത്തുന്ന ഒന്നും എവിടെയും കാണാത്തപ്പോൾ, അങ്ങിനെയൊരു വേദിയുടെ പരീക്ഷണത്തെക്കുറിച്ചായി  പിന്നെ ആലോചന, കൂട്ടായ ആലോചന. അതാണ് RT യുടെ തുടക്കവും തുടർന്നുള്ള ചലനങ്ങളും.

ഒരു പക്ഷെ, അഭിസംബോധന രീതിക്ക് തന്നെ RT മാറ്റം വരുത്തി എന്ന് പറയാം. പ്രതികരണത്തിനും വക്കും വരമ്പുമുണ്ടെന്ന് RT പറഞ്ഞു തന്നിട്ടുണ്ട്. അരുതാത്തത് കണ്ടപ്പോൾ ആരുടേയും തലേക്കെട്ടും തലക്കനവും നോക്കിയില്ല. അവരോട്  ആവർത്തികരുതെന്നും, തുടർന്നപ്പോൾ  മറ്റുള്ളവരുടെ നന്മ വിചാരിച്ചു ഒഴിവാക്കുന്നുവെന്നും പറഞ്ഞു.  അതിഥികളും സ്ത്രീകളുമുള്ള സദസ്സെന്നറിഞ്ഞിട്ടും അപസ്വരമുണ്ടാക്കിയവരെ  അകറ്റി നിർത്തി.

എഴുതാൻ ഇടം നൽകി, എഴുത്തിലെ ലാഘവ സമീപനം കണ്ടപ്പോൾ ഉണർത്തി. ആരോടെങ്കിലുമുള്ള  പക പറച്ചിലാണ്എഴുത്തെന്ന കരുതിയ പേനയുന്തികളെ RT യുടെ പടിക്കൽ അടുപ്പിച്ചുമില്ല.  ഇടപെടലിന്റെ ഭാഷ അറിയിച്ചു. വരക്കാൻ RT സ്വയം ക്യാൻവാസായി. പാടാനും പാട്ടുകാരെ കൊണ്ടുവരാനും ശ്രമമുണ്ടായി. പാട്ട് നിർത്താനായപ്പോൾ ഇടക്കിടക്ക് നിർത്തുകയും ചെയ്തു.

എത്ര എഴുത്തുകളാണ് വെളിച്ചം കണ്ടത് ! എത്ര പേരാണ് സകുടുംബം RT യിലെ പ്രേക്ഷകരും അനുവാചകരുമായത് ! ഒരു പാട് അവതാരകർ , ചിത്രകാരന്മാർ ! അനുസ്മരണങ്ങൾ വരെ അത്ഭുതപ്പെടുത്തി.

ഒന്നും സ്ഥായായി കൊണ്ട് പോയില്ല. സാംസ്‌കാരികപ്രതലത്തിൽ ഒന്ന് തന്നെ തുടർന്ന് പോവുക ശരിയുമല്ല. RT പ്രായത്തിനനുസരിച്ചുള്ള കുപ്പായമിടാനാണ് പിന്നീട് ശ്രമിച്ചത്. അത് കൊണ്ട് പക്വതയുടെ ഒരു പരിവേഷത്തിലാണ് ഇന്നാർട്ടി. ഈ ''ഇട''ത്തെ മൗനം പോലും സാംസ്‌കാരിക സദസ്സിന്റെ സക്രിയതയുടെ ഭാഗമെന്ന നിഗമനത്തിലാണ് ഞാൻ. പക്ഷെ RT എന്നും ജാഗ്രതയുടെ കണ്ണുകളുമായി നിലനിൽക്കണമെന്ന് മറ്റു പരിസരങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നുമുണ്ട്.

നാട്ടിൽ ഇക്കഴിഞ്ഞ മാസം കുറച്ചു കുട്ടികൾക്ക്  RTയെ  പരിചയപ്പെടുത്തി. അന്നാജരായവരിൽ  കുറച്ചു പേർക്കും  അവരുടെ രക്ഷിതാക്കൾക്കും കുറച്ചക്ഷരംവിരോധികൾ  അവരുടെ തയ്യൽക്കടയിൽ ദുഷ്ടമനസ്സിന്റെ സൂചി-നൂലിൽ  കുപ്പായമുണ്ടാക്കി   RTക്ക് ധരിപ്പിച്ച്‌  പരിചയപ്പെടുത്തി.  ആർക്ക് പോയി ? പക്ഷെ, കുട്ടികളത്  തിരിച്ചറിഞ്ഞിട്ടുണ്ട്. പറയാനുള്ളത് ഇത്രമാത്രം.   നട്ടുച്ചനേരത്തും ഭീമാകാരമുള്ള നിഴലുണ്ടാക്കി സ്വയം ഭയപ്പെടുന്നവർ ഭയക്കട്ടെ, നമ്മെ സംബന്ധിച്ചിടത്തോളം  ഇരുട്ട്,  വെളിച്ചത്തിനു തൊട്ടു  മുമ്പിലുള്ള ചെറിയ മറ  മാത്രം. അതൊരു വെല്ലുവിളിയേ അല്ല.

RT എന്നാൽ റീഡേഴ്സ് തിയേറ്റർ മാത്രമല്ല, റൈറ്റ് ഡിസിഷൻ കൂടിയാണ്. RT യുടെ നിലപാടുകളും തീരുമാനങ്ങളും എല്ലാം ശരിയെന്നു ശഠിക്കുന്നില്ല. പക്ഷെ, സാംസ്കാരിക കൂട്ടായ്മ എന്ന നിലയിൽ RT എന്നും ശരിയുടെ പക്ഷത്താണെന്ന് അനുവാചകർ പറയും, ഞങ്ങൾക്കതുറപ്പ്.

സംസ്കാരമെന്നാൽ  മനസ്സിന്റെയും ആത്മാവിന്റെയും വികാസമെന്നു പറഞ്ഞത് നെഹ്‌റു.  RT യുടെ ചമയങ്ങളില്ലാത്ത ബ്ലോഗിൽ (Rtpen) തെരയുന്ന അക്ഷര സ്നേഹികൾക്കും  മനുഷ്യ സ്നേഹികൾക്കും  ഈ വികാസം ദർശിക്കാൻ സാധിക്കും.

നമ്മെ തിരുത്താനും പുതുക്കാനുമുള്ളതാണ് RT.  നമ്മോട് തന്നെ നിരന്തരം സാംസ്കാരിക കലപില കൂടാനുള്ളതാണ്RT. പ്രിയ  സന്മനസ്സുകളെ, നിങ്ങൾക്ക് വീണ്ടും അഭിവാദ്യങ്ങൾ. 

Monday 26 December 2016

RT ക്ക് ‌ ഇന്ന് എത്രവയസ്സ്? / MAHMOOD PATLA

RT ക്ക് ‌ ഇന്ന് എത്രവയസ്സ്?
______________________________

എഴുതുക എന്നത് പെട്ടന്ന് ചെയ്ത്‌ തീർക്കാൻ പറ്റാത്ത കാര്യമായത് കൊണ്ട് എന്നെ സമ്പന്തിച്ചടുത്തോളം വളരെ പ്രയാസം തന്നെയാണ് ...
അതിന് ആസൂത്രണവും പുനഃപരിശോധനയും പാകപെടുത്തലും തിരുത്തലുകളും വേണ്ടുന്നതിനാൽ, പെട്ടന്നുള്ള ഈ എഴുത്തിൽ പാകപ്പിഴവുകൾ ഉണ്ടായേക്കാം എന്നാലും ഈ വിഷയം ഇന്നെനിക്ക് എഴുതാതിരിക്കാൻ വയ്യ!

പുനർ ജന്മമാണോ എന്നറിയില്ല ഞാൻ കണ്ട rt'ക്ക് ഇന്ന് രണ്ട് വയസ്സ്
തികയുകയാണ് ,
എനിക്കാണെങ്കിൽ ഇതിനകത്തു
ഒന്നരവയസ്സും ...

ഏതൊരാൾക്കും അവരുടെ ഉള്ളിൽ ഉറങ്ങികിടക്കുന്ന സർഗ വാസനയെ പുറത്തെടുക്കാൻ പാകത്തക്ക  വിധത്തിലുള്ള വിശാലമായൊരു ക്യാൻവാസും അതിൽ ഏത് വിഷയവും അനായാസം കൈകാര്യം ചെയ്യാൻ കഴിവുള്ള അതുല്യ പ്രതിഭകളെയും ഞാൻ ഇവിടെ കണ്ടു.

തികച്ചും പുതുമുഖമായ എനിക്ക് ആദ്യനാളുകളിൽ സംസാരിക്കാൻ
തൂലിക ചലിപ്പിക്കാൻ മനസ്സിലൊരു നീറ്റൽ അനുഭവപെട്ടിരുന്നു...

മറ്റു ഗ്രൂപ്പ്‌കളെ അപേക്ഷിച്ചു ഒരു പാട് പ്രത്തേകതകൾ ഇവിടെ നിന്നും
അനുഭവപെട്ടു!

സ്കൂളിലും കോളേജിലും ഒരുപാട് കലാ പരിപാടികളിൽ പങ്കെടുക്കാർ
ഉണ്ടായിരുന്നങ്കിലും,
OSA ക്ക് ശേഷം പിന്നീട് അങ്ങോട്ട്
ജീവന്റെ നില നിൽപിനായുള്ള നിലകാത്ത ഓട്ടമായിരുന്നു....
അതിനിടയിൽ ഇത്തരം സർഗ്ഗവാസനയെ തൊട്ടറിയാൻ എവിടെ യാണ് സമയം.

rt യിൽ വരുമ്പോൾ എന്നെ സമ്പന്തിച്ചടുത്തോളം ഇവിടെ ഉള്ളവർ  ആരും പുതുമുഖമായിരുന്നില്ല, പക്ഷെ ഇതിനകത്തുള്ളവരുടെ സർഗ്ഗവാസന കണ്ടറിയുമ്പോൾ ചിലരൊക്കെ പുതിയ മുഖങ്ങളു മായിരുന്നു,
മനസ്സിലാക്കാൻ പാറ്റാതെ പോയ സർഗാത്മക പ്രതിഭകളായ നല്ല കലാവാസനയുള്ള പുതിയ മുഖങ്ങൾ.

വരയും വരിയും വാക്കുകളും വാക്യങ്ങളും വിളയ്യിക്കാൻ പാകതക്ക വിധത്തിലുള്ള വിശാലമായ 'rt'എന്ന ഈ പാടത്ത് ഒരുപാട് നല്ല വിതയ്ക്കാരെ ഞാൻ കണ്ടു.

താരപഥത്തിലെ തിളക്കങ്ങൾ പോലെ
മിന്നുന്ന, ചെറുതും വലുതും പരിചയ മുള്ളതും ഇല്ലാത്തതുമായ എന്റെ നാട്ടുകാരായ ഒത്തിരി പേർ....

എഴുത്തും വായനയും അന്യമായിക്കൊണ്ടിരികുന്നു എന്ന് പറയുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ ഗ്രാമത്തിന് അഭിമാനിക്കാൻ ' rt ' വകനൽകുന്നു!

ഉന്നത വിജ്ഞാനവും വിവിധ വിഷയങ്ങളിൽ വ്യക്ത മായ കാഴ്ച്ച പാടുമുള്ള അഡ്മിന്മാരായ ഒരു നേത്ര നിരയാണ് ഇതിന്റെ തലപ്പത്ത് ഉള്ളത് എന്നതിൽ നമ്മൾക്ക് അഭിമാനിക്കാം!

26-12-2014'ൽ പിറവിഎടുത്ത്
രണ്ട് വർഷം പിന്നിടുന്ന ' rt ' ക്ക്
ആശംസകൾ നേരുന്നതിനോടൊപ്പം,
എല്ലാവിത ഭാവുകങ്ങളും!!

പ്ലസ്ടു പഠനം ഊഫ്.... എന്ത്കൊണ്ട് ടഫ് ? / അസ്‌ലം മാവില

പ്ലസ്ടു പഠനം ഊഫ്.... എന്ത്കൊണ്ട് ടഫ് ?

അസ്‌ലം മാവില

എസ് എസ് എൽസി യിൽ മികച്ച മാർക്ക് വാങ്ങിയ   മിക്ക കുട്ടികളും പറയുന്ന പരാതികളിൽ ഒന്നാണ് അത് കഴിഞ്ഞുള്ള ക്‌ളാസ്സുകൾ കടമ്പകൾ ഏറെയുണ്ടെന്ന്.

ശരിയാണ്,  മുകളിലോട്ടുള്ള ക്‌ളാസ്സുകളിലേക്ക് പോകുന്തോറും താഴെ ക്‌ളാസ്സുകളിൽ ഉള്ളത്ര എളുപ്പമായിരിക്കില്ല. പക്ഷെ, ശരാശരി പഠിക്കുന്ന ചില കുട്ടികൾ ഉദ്ദേശിച്ചതിനെക്കാളും കൂടുതൽ മികവ് പുലർത്തുന്നതും കാണാം. പക്ഷെ അവർ എണ്ണത്തിൽ കുറവായിരിക്കും.

എന്ത് കൊണ്ട് ?

നമുക്കറിയാം പത്താംക്‌ളാസ്സ് കഴിഞ്ഞാൽ പതിനൊന്ന് മുതലിങ്ങോട്ട് തൊട്ടു മുമ്പത്തെ കോഴ്‌സിൽ പഠിച്ച പല വിഷയങ്ങളും ഒഴിവാക്കിയാണ് പഠിക്കുന്നത്. അതായത്, പത്താം ക്‌ളാസിൽ ഉള്ളപ്പോൾ എല്ലാ വിഷയങ്ങളും കുത്തിയിരുന്ന് പഠിക്കണം. പഠിച്ചിട്ടുമുണ്ട്. പതിനൊന്നിൽ എത്തുമ്പോൾ കണക്ക് മരുന്നിന് പോലും പഠിക്കാത്ത കോഴ്‌സുണ്ട്. ചില കോഴ്‌സിൽ സയൻസും ചരിത്രവുമില്ല.  പ്ലസ് ടു കഴിഞ്ഞു ഡിഗ്രിക്ക് പഠിക്കുമ്പോൾ വീണ്ടും സബ്ജക്ട് കുറഞ്ഞു വരും. ഡിഗ്രിയുടെ അവസാന വര്ഷമാകുമ്പോഴേക്കും ഒരൊറ്റ സബ്‌ജെക്ടിൽ കൂടുതൽ ശ്രദ്ധ ചെലുത്തി സിലബസ് തയ്യാറാക്കിയിരിക്കുക. പോസ്റ്റ് ഗ്രേഡുയേഷൻ മുതൽ അങ്ങോട്ട് സ്പെഷ്യലൈസേഷ് ചെയ്തു കുറച്ചുകൂടി ഒരൊറ്റ വിഷയം തന്നെ ഡീപായി പഠിക്കുകയാണ്.

അപ്പോൾ എങ്ങിനെയാണ് കുട്ടികൾ പഠനം മുകളിലേക്ക് പോകുന്തോറും  ബുദ്ധിമുട്ട് എന്ന് പറയുക ?
അത് വലിയ സ്‌കൂട്ടിങ് ആണ്. എന്റെ മക്കൾ അടക്കം രക്ഷിതാക്കളെ ''കപ്പലാ''ക്കുന്ന ഒരേർപ്പാടാണത്.

പ്ലസ് വൺ മുതൽ അങ്ങോട്ട് പഠിക്കുന്ന കുട്ടികളെ, പ്രത്യേകിച്ച് ആൺമക്കളെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ? എത്രമണിക്കാണ് അവർ സ്‌കൂളിൽ എത്തുന്നത് ? എത്രമണിക്കാണ് തിരിച്ചു വരുന്നത്. വൈകുന്നതിന്റെ കാരണം ? നേരത്തെ വരുന്നതിന്റെ കാരണങ്ങൾ ? വൈകിട്ടു വീട്ടിൽ എത്തിയാൽ പിന്നെ അവർ എവിടെ പോകുന്നു ? ഇരിക്കുന്ന കുളക്കടവും വാ നോക്കുന്ന  കവലയും നേരം കൊള്ളുന്ന  കല്യാണ വീടും പിന്നെ പിന്നെ.... ഒഴിവ് ദിവസങ്ങളിലോ ? കൂടുതൽ വേണ്ട മൂന്ന് മണിക്കൂർ അവർ പഠിക്കാൻ ഇരിക്കുമോ ? ശനിയും ഞായറും ?

2014-ൽ ലബ്ബ കമ്മീഷൻ നിർദ്ദേശം പാസാക്കുന്നത് വരെ പ്ലസ്‌ ടു വിദ്യാർഥികൾ രാവിലെ 0930 മുതൽ 0415 വരെ ഇരുന്നാൽ മതി. പക്ഷെ ശനിയാഴ്ചയും സ്‌കൂളിൽ (കോളേജിൽ) പോകണം. പിന്നീട് ശനി ഒഴിവ് ദിനമാക്കി. പക്ഷെ നമ്മുടെ മക്കൾ 09.00  മുതൽ 04.45 ഇരിക്കണം. ഒരു ദിവസം മൊത്തം ലീവ് വേണം. പകരം ഒരു മണിക്കൂർ ദിവസം കൂടുതൽ ഇരിക്കില്ല. ഇതാണ് പിള്ളേരുടെ നയം. പല സ്‌കൂളിലും ഉച്ചയ്ക്ക് കുട്ടികളില്ല. ചില സ്‌കൂളുകളിൽ സ്പോർട്സ് ക്വാട്ടയിൽ വന്ന പിള്ളേരുണ്ട്. അവര് നേരത്തെ പരിശീലനത്തിന്റെ പേര് പറഞ്ഞു ഇറങ്ങും. ബാക്കിയുള്ള പിള്ളേർ ഇവരെ വായ നോക്കി സ്‌കൂൾ കട്ട് ചെയ്യും.  തന്റെ മക്കൾ കൃത്യ സമയത്തു സ്‌കൂളിൽ  എത്ര ദിവസമെത്തി എന്ന് ചോദിക്കുമോ ? ചേർക്കാൻ പോകാൻ ഉപ്പയും ഉമ്മയും അമ്മായിയും അയലോത്തോനും കൂട്ടത്തിൽ മൂത്ത സഹോദരനും സഹോദരീ ഭർത്താവും അമ്മാവനും എല്ലാവരും  ഉണ്ടാകും. പിന്നെ ആ സ്‌കൂളിന്റെ പടി കടക്കാൻ എല്ലാവർക്കും മടി. ആ മടി നമ്മുടെ വീട്ടിലെ പിള്ളേർക്ക് നന്നായി അറിയാം.

പതിനൊന്നു തൊട്ടങ്ങോട്ട് കുട്ടികൾ സ്വയം അന്വേഷണ തൃഷ്ണയോട് കൂടിയാണ് പുസ്തകത്തിന്റെ മുന്നിൽ ഇരിക്കേണ്ടത്. നമ്മുടെ കുട്ടികളോ ? മൊബൈലിൽ ആണ് ''തൃഷ്ണ'' കാണിക്കുന്നത്. അത് വാങ്ങിക്കൊടുത്തതോ നമ്മളും . പിന്നെ ഇവർക്ക് എന്ത് പറഞ്ഞാലും തലയിൽ കേറുമോ ? ഹോം വർക്കും തൊട്ട് തലേന്ന് പഠിപ്പിച്ചത് ഒരാവർത്തി വായിക്കാതെയും ചെയ്യേണ്ട നോട്ട് ദിനേന ചെയ്യാതെയും ആരുടെ മക്കളായാലും പച്ച കാണില്ല. ഒന്ന് പറ്റുമെങ്കിൽ പ്ലസ്‌ടു മക്കളുടെ പുസ്തകങ്ങൾ നോക്കുന്നത് നല്ലത്. 50 ശതമാനം പുസ്തകം നോട്ടും ടെക്സ്റ്റും അടക്കം  അവർ വാങ്ങിയിട്ടുണ്ടെങ്കിൽ, അത് കയ്യിൽ ഉണ്ടെങ്കിൽ  നിങ്ങൾ ഭാഗ്യവാനായ രക്ഷിതാവാണ്.

നമ്മുടെ നാടുകളിലെ, പ്രത്യേകിച്ച് മുസ്ലിം ഭൂരിപക്ഷമുള്ള ഏരിയകളിൽ,  രക്ഷിതാക്കളെ നിയന്ത്രിക്കുന്നത് ആരാണ് ? സ്‌കൂളും ബുക്കും പേനയും കണ്ടാലും കേട്ടാലും ''ക്ഷ'' പിടിക്കുന്ന ചില കൂട്ടുകാർ. കാരണം അവർക്ക് മഗ്‌രിബ് കഴിഞ്ഞു നാട്ടിലെ കുറ്റവും കുറവും പറഞ്ഞു നേരം കളയാൻ   ഈ പാവം മിസ്കീനുകളെ വേണം. അതിനനുസരിച്ചുള്ള ഒരു തിരക്കഥ ഇവർ മെനഞ്ഞുണ്ടാക്കിയിരിക്കും. മക്കളുടെ അടുത്ത് വെറുതെയെങ്കിലും അവരുടെ കൂടെ ഇരിക്കാൻ സമയം കണ്ടത്തേണ്ട നമ്മൾ, രക്ഷിതാക്കൾ, ഇരുട്ടത്ത് കുത്തിയിരുന്ന് നമ്മുടെ സ്വന്തം കൂട്ടുകാരന്റെ  നിറം പിടിപ്പിച്ച വാർത്ത കേട്ട് കോൾമയിർ കൊള്ളുന്ന തിരക്കിലും.  ഇതൊക്കെ നമ്മുടെ പിള്ളേർ ശ്രദ്ധിക്കുന്നുണ്ട്. അവർക്ക് മീശയും താടിയും മാത്രമല്ല വളരുന്നത്. നമ്മുടെ കൂട്ടുകെട്ട് കാണാനും വിലയിരുത്താനുമുള്ള  വിവേചന ബുദ്ധിയും വളരുന്നുണ്ട്.  നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഞാൻ  പറയേണ്ടത് പറഞ്ഞു.

അവസാനം ഒന്ന് കൂടി. എന്നെപ്പോലുള്ള പ്രവാസികളുടെ മക്കൾ കടമ്പ വല്ലതും കടന്നാൽ തമ്പുരാൻ പുണ്യമെന്നേ പറയേണ്ടൂ. അവരെ ആര്  നിയന്ത്രിക്കാൻ ! പടച്ചോൻ അവർക്ക് നേർവഴി കാണിക്കാൻ പ്രാർത്ഥിക്കാമെന്നേയുള്ളൂ.

ഒഎസ്എയുടെ ആവശ്യകത / മഹമൂദ് പട്ള .

ഒഎസ്എയുടെ ആവശ്യകത

മഹമൂദ് പട്ള .

രണ്ട് പതിറ്റാണ്ടുകൾക്കു മുമ്പ് സ്കൂളിന്റെ പടിയിറങ്ങുമ്പോൾ ഒന്നിച്ചു പഠിച്ചവർ തമ്മിൽ, ഇനിയൊരിക്കലും കാണാൻ സാധിക്കില്ല എന്ന രീതിയിൽ പഠിച്ച സ്കൂളിനോടും കൂട്ടുക്കാരോടും മുഖാമുഖം നോക്കി വിടപറയും നേരം ,
സങ്കടത്തോടെ ഒരു സ്നേഹിതൻ ചോദിച്ചിട്ടുണ്ട് എന്തിനാണ് ഇങ്ങിനെ സങ്കടപെടുന്നത് നമ്മൾക്ക് ഇനിയും കാണാലോ ഇതേ സ്കൂളിൽ ഒത്തുകൂടാമല്ലൊ ,.....

പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ അന്ന് OSA സജീവമായിരുന്ന സമയത്തു വർഷാവർഷം സ്കൂളിൽ ഒത്തുകൂടുകയും കലാ കായിക പരിപാടികൾ നടത്തലുമൊക്കെ പതിവായിരുന്നു,
സ്കൂളും നമ്മെ പഠിപ്പിച്ച ആദ്യാപകരും താഴെ തട്ടിലുള്ള വിദ്യാർത്ഥികളുമായിട്ട് ഒക്കെ നല്ല ബന്ധം പുലർത്താനൊക്കെ കഴിഞ്ഞിരുന്നു.

OSA എന്ന കൂട്ടായിമയുടെ ഇല്ലായിമയ്ക്കു ശേഷം പഠിച്ച സ്കൂളുമായുള്ള ബന്ധം ഇല്ലാതെയായി ,
ഞാനുൾപ്പെടുന്നവർ സ്വന്തം മക്കളെ ഈ സ്കൂളിൽ പഠിപ്പിച്ചിരുന്നങ്കിൽ കുട്ടികളുടെ പഠനനിലവാരം അന്വേഷിച്ചെങ്കിലും ചെല്ലുമായിരുന്നു, രക്ഷിതാക്കളുടെ സ്കൂൾ യോഗങ്ങളിൽ ഇടം കിട്ടുമായിരുന്നു അങ്ങിനെ സ്കൂളുമായിട്ടുള്ള ബന്ധം പുതുക്കികൊണ്ട് ഉണ്ടാകുമായിരുന്നു, PTA കമ്മിറ്റിയുമായി നല്ല ബന്ധം ഉണ്ടാക്കി എടുക്കാമായിരുന്നു,നമ്മുടെ അറിവ് വെച്ച് സ്കൂളിന് വേണ്ടുന്ന ടിപ്സ് കൊടുക്കാമായിരുന്നു ,
എല്ലാവരെയും കുറിച്ചല്ല അവസാനം ഞാൻ പറഞ്ഞത് സ്കൂളുമായി ഒരുബന്ധവും ഇല്ലാതെ മാറിനിൽക്കുന്നവരെ കുറിച്ച് മാത്രം.

നമ്മുടെ സ്കൂളുമായിട്ടുള്ള ബന്ധം
നിലനിർത്താൻ പൂർവവിദ്യാർത്ഥികൾ അസ്ലം മാഷ് പരാമർശിച്ചത് പോലെ ചുരുങ്ങിയ പക്ഷം അവസാന വർഷം സ്കൂളിൽ നിന്നും പടിയിറങ്ങി  പോകുന്നവർ മുൻകയ്യെടുത്ത് കൊണ്ടെങ്കിലും , വീണ്ടും ഒരു OSA സജീവമാക്കാൻ ശ്രമിച്ചുകൂടെ? ബാക്കിയെല്ലാം താനെശരിയായിക്കൊള്ളും,അതിനൊരു ശ്രമമെങ്കിലും നടത്തികൂടെ???

                       

കുട്ടിക്കലാകുസൃതികൾ 43th ലക്കം, മജൽ ബഷീർ, മഹ്മൂദ്, സാപ് അഭിപ്രായങ്ങൾ



കുട്ടിക്കലാകുസൃതികൾ
43th ലക്കം, മജൽ ബഷീർ, മഹ്മൂദ്, സാപ് അഭിപ്രായങ്ങൾ
------------------------------------------------

നാട്ടിൽ പോയാൽ വീട്ടിൽ വരാറുള്ള പ്രായമായ വരിൽ നിന്നും വഴിയോരങ്ങളിൽ പീടികയുടെ അടുത്തും അങ്ങിനെ പല സ്ഥലങ്ങളിലുമായി  മുതിർന്നവരുടെ പഴയകാല സംഭവങ്ങൾ പറയുന്നത് കേള്കാൻ നല്ല രസമാണ് ,

വളരെ കൗതുകത്തോടെ ഞാൻ കേട്ടുനിന്നിട്ടുമുണ്ട് ...

അങ്ങിനെയൊക്കെ ഉണ്ടായിട്ടുണ്ടാ അത് സത്യമാണോ എന്നൊക്കെ ഇപ്പോഴത്തെ പിള്ളേര് ചോദിക്കാറുമുണ്ട് ....

മാഷിന്റെ കുട്ടിക്കാല കുസൃതികണ്ണുകളിൽ ഇന്ന് പറഞ്ഞ് തരുന്നത് നാട്ടിൽ പൊയാൽ പ്രായമായവരിൽ നിന്നും കിട്ടുന്ന പച്ചയായ
ആ പഴയകാല നാടൻ കഥകളുടെ പ്രതീതി.

എഴുത്തിന് ഇച്ചിരി വലിപ്പം കൂടുതലാണെങ്കിലും പഴയകാല സംഭവങ്ങൾ കേള്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായിട്ടും ഇത് വായിക്കുക തന്നെചെയ്യും!!

മഹ്മൂദ് പട്‌ല

--------------------------------------------------------------------------------

മാവിലെയുടെ കുസൃതികള്‍ വായിച്ചപ്പോള്‍  ഞമ്മളെല്ലാം  മറന്ന് പോയ കുസൃതികാലമാണ് നമ്മുടെ‍ മനസ്സിലേക്ക് ഒടിയെത്തുന്നത് .
 നാരായണന്‍ ആശാരി   അദ്ധേഹത്തിന്‍റെ  അനുജന്‍  ശ്രീധരൻ ആനന്ദൻ  മേസ്തിരി ,  കുണ്ടന്‍ മേസ്തിരി  ,അമ്മു മേസ്തിരി മറ്റൊന്ന്  നമ്മുടെ നാട്ടില്‍  സ്തിരമായിജോലി ചെയ്തിരുന്ന  അന്യ ജില്ലക്കരനായ  പ്രായമായ പേര് ഒര്‍മ്മയില്ല ഒരു മേസ്തിരി  ഉണ്ടാ യിരുന്നു ഇവരൊക്കെ ഒരോ ടീമായിരുന്നു അന്നത്തെ കാലത്ത്. പട്ടലയുടെ സാമ്പത്തിക സാമൂഹിക മേഖലകളില്‍ മുന്നേറ്റത്തിന് തുടക്കമുണ്ടായ കാലമാണ്.  ഗള്‍ഫ് സംമ്പദ്ഘടനയുടെ യവ്വന കാലവും ഓലയും മുളിയും മേഞ പഴയ വീടുകളുടെ അന്ത്യം കുറിക്കുന്ന  കാലവുമായിരുന്നു .   അത്കൊണ്ട് ഇവരൊക്കെ ഡിമാന്‍റുള്ളവരായിരുന്നു.   ഇന്നത്തെപ്പോലെയല്ല . പണിയില്‍ ആത്മാര്‍ത്തതയൂം ഗുണനിലവാരവും കെട്ടുറപ്പും വിശ്വാസതയും ഉണ്ടായിരുന്നു.  അന്നത്തെ കാലത്ത് ഒരു വീടിന്‍റെ ജോലി തുടങ്ങിയാല്‍ അത് തീരാതെ വേറൊരു വീടിന്‍റെ ജോലി ഏറ്റെടുക്കില്ല

എന്‍റെ തറവാട് വീടിന്‍റെ പണി നാരായണനാശാരിയാണ് രാത്രിയും പകലുമായി ചെയ്ത് ത്തീര്‍ത്തത്.   'മാവില' ഇവിടെ പറഞത് പോലെ പുതിയ വീടിന്‍റെ ജോലി അതൊരു സന്തോഷവും അഹ്ലാദവും തന്നെയാണ് . ഞാനും ഇവരുടെ പണിയായുധങ്ങള്‍ എടുത്ത് ശല്യം ചെയ്യുകയും(ചിപ്പിളി)  ബുദ്ധിമുട്ടിക്കുകയും   ചെയ്തിട്ടുണ്ട്.  ഇവിടെ  മാവില ഓര്‍മ്മയില്‍, നിന്നും ഓരോ കര്യങ്ങളും നര്‍മ്മം വിടാതെ ഗൗരവത്തോടെ എടുത്തെഴുതിയത്  വായിക്കുംബോള്‍  ശെരിക്കും അതിലാണ് ഇപ്പോഴും എന്ന  പ്രതീതിയാണ് അനുഭവപ്പെട്ടത്.

വളരെ മനോഹരമായിരിക്കുന്നു  ഇനിയും പ്രതീക്ഷിക്കുന്നു  
അഭിനന്ദനങ്ങള്‍

മജൽ ബഷീർ
------------------------------------------------------


കുട്ടികാല കുസൃതി കണ്ണുകൾ എന്ന അസ്ലം മാവിലയുടെ രചന പലരെയും വായിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്നു എന്ന് മാത്രമല്ല ചിലർക്ക് എഴുതാൻ പോലും പ്രചോദനം നൽകുന്നു എന്നതാണ് വാസ്തവം.

ബഷീർ മജൽ എന്ന പ്രിയപ്പെട്ട സുഹൃത്തിന്റെ എഴുത്ത് രംഗത്തേക്കുള്ള ചുവട് വെപ്പ് സ്വാഗതാർഹം.💐

RT യിലൂടെ നമ്മൾ പലരും പുതിയ പടവുകൾ താണ്ടുകയാണ്.


സാപ്


ചെറുകഥ / പൂമ്പാറ്റ/ അസീസ് പട്ള

ചെറുകഥ


പൂമ്പാറ്റ



...പിടിച്ചേയ് , അയ്യോ.. പിന്നേം പറന്നു, ചിന്നു ചിത്തംതുടിച്ചു പറന്നകലുന്ന പൂമ്പാറ്റയെ പിന്‍തുടര്‍ന്നു

“ചേച്ചീ...... ചേച്ചീ....... എനിക്കോടമേല , മെല്ലെ പൊകൂ...”

മണിക്കുട്ടന്‍ ഒരു ഇടതുകൈ മുട്ടിലൂന്നി തൊടിയിലെ പുല്‍മേടയില്‍ നിന്ന് ഇത്തിരി ഉയരമുള്ള ചെരുവിലേക്ക്‌ വലതു കാല്‍ വെച്ചു കൊണ്ട് പറഞ്ഞു., ഒരു നാലര അഞ്ചു വയസ്സ് പ്രായം കാണും, ചിന്നുന് ഏഴും.

അന്നൊരു ഞാറാഴ്ച, മണിക്കുട്ടന്‍ ചിന്നുവിന്‍റെ അപ്പച്ചിയുടെ മകന്‍, വിരുന്നു വന്നതായിരുന്നു, നഗരമദ്ധ്യത്തിലെ വീര്‍പ്പുമുട്ടിയ പ്ലാറ്റ് സംസ്കാരത്തിന്‍റെ നാല് ചുവരുകള്‍ക്കുള്ളില്‍ പൂമ്പാടറ്റകളുടേയും പക്ഷികളുടെയും ജീവനില്ലാത്ത ചിത്രങ്ങള്‍ മാത്രം ഓര്‍മയിലുള്ള മണിക്കുട്ടന് പറക്കുന്ന പൂമ്പാറ്റ അത്ഭുതമായി, അവന്‍റെ കൌതുകം വായിച്ചറിഞ്ഞ ചിന്നു അതിനെ ജീവനോടെ പിടിച്ചു കൊടുക്കാന്‍ തന്നെ തീരുമാനിച്ചു.

കുങ്കുമ നിറത്തിലുള്ള പെറ്റികൊട്ടും ഇരുവശങ്ങളിലായി ഹയര്‍ക്ലിപ്പ് കൊണ്ട് ചേര്‍ത്തുവെച്ച മുടിക്കെട്ടും നെറ്റിയില്‍ ഒരു കൊച്ചു പൊട്ടും, സുന്ദരിയാണ്, കൈകളില്‍ കരിവള, പാദസരമണികള്‍ അവളുടെ ഓട്ടത്തിനൊത്തു തെയ്യം തുള്ളി.

“ന്നാ വേഗം വാ........”

ഓട്ടം നിര്‍ത്തി ഇത്തിരി ഉയരത്തില്‍ നിന്നും തിരിഞ്ഞു നോക്കി ചിന്നു പറഞ്ഞു, നിക്കറും ടീശേട്ടും, ഇടതു കയ്യില്‍ ഒരു സ്വര്‍ണ്ണവള, ഇരു കവിളിലും കറുത്ത കുത്തുപൊട്ടു, ചിരിക്കുമ്പോള്‍ പൊട്ടു നുണക്കുഴിയില്‍ മറയും, കുറുമ്പന്‍... അതാ മണിക്കുട്ടന്‍

മണിക്കുട്ടന്‍ അടുത്തെത്തിയപ്പോള്‍ ചിന്നു പറഞ്ഞു

“നീ പിന്നില്‍ നിന്നും വിളിച്ചപ്പോള്‍ പൂമ്പാറ്റ എങ്ങോ പറന്നു പോയി,”

നിരാശാഭാവത്തില്‍ മുഖം കോട്ടി അവനെ നോക്കി,
പേടിയും സങ്കടവും തളം കെട്ടിയ മുഖമുയര്‍ത്താതെ കണ്ണിലൂടെ മേല്പോട്ട് നോക്കി.

പാവം തോന്നിയ ചിന്നുവിന്‍റെ മുഖത്തു പുഞ്ചിരി വിടര്‍ന്നു.

“സരോല്ലട്ടോ, ഇനിയോരിക്കോ പിടിച്ചു തരാം... വാ നടക്കു”,

അവള്‍ അവന്‍റെ കൈ പിടിച്ചു കാട്ടാവണക്കിന്‍ (കമ്മട്ടി) കൂട്ടത്തിലേക്ക് ലക്‌ഷ്യം വെച്ചു.

“ഞാന്‍ വേറൊരു സൂത്രം കാണിച്ചു തരാം, മുത്തശ്ശി കാണിച്ചതാ..”

“എന്താ?,” ചൊറിയണം തട്ടിയ ഭാഗം തടവിക്കൊണ്ട് അവന്‍ ചോദിച്ചു

“വാ കാണിച്ചു, തരാം.... പറഞ്ഞാല്‍ മനസ്സിലാവില്ല്യ”,

നേരെ നടന്നു ചെത്തിപ്പൂപറിച്ചു മണിക്കുട്ടന്‍റെ പോക്കറ്റിലിട്ടു, പതുക്കെ വലതുകാല്‍ മുന്നോട്ടുവച്ചു അപ്പുറത്തുള്ള നല്ല പഴുത്ത മൂന്നു ചെത്തിപ്പഴം  കുലയോടെ പിഴുതെടുത്ത് ഒരെണ്ണം അവള്‍ വായിലിട്ടു, മറ്റേതു മണിക്കുട്ടനും കൊടുത്തു.

മിച്ചം വന്ന ഒന്ന് ചുരുട്ടിയ കൊച്ചിളം കൈവെള്ള നിവര്‍ത്തി പഴത്തെയും മണിക്കുട്ടനെയും മാറി മാറി നോക്കി, അടുത്ത് ചെന്ന് കുരു തുപ്പിക്കളയാന്‍ പറഞ്ഞു, വാത്സല്യത്തോടെ കയ്യിലുള്ള പഴം അവന്‍റെ വായില്‍ വെച്ചു കൊടുത്തു., അവന്‍ മനസ്സ് നിറഞ്ഞു പുഞ്ചിരിച്ചു.

കാട്ടാവണക്ക് ചെടിയില്‍ നിന്നും ഒരില പൊട്ടിച്ചു കറ ചെത്തിപ്പൂവിന്‍ തുമ്പത്തു പുരട്ടി പതുക്കെ ഊതി.......

“ഹായ് ... കുമിളകള്‍, കുമിളകള്‍...” അവന്‍ തുള്ളിച്ചാടി

വീണ്ടും കറ പുരട്ടി അവനെക്കൊണ്ട്‌ ഊതിച്ചു .. ഫൂ... ഒറ്റ ഊത്ത്, പൂവ് തെന്നെ തെറിച്ചു പോയി.....

“കുറുമ്പന്‍, നശിപ്പിച്ചു...” അവള്‍ പിറുപിറുത്തു.....

മണിക്കുട്ടന്‍ വലതു കൈ വലതു കണ്ണില്‍ തിരുമ്മി ചുണ്ട് കോട്ടി വിങ്കി..

“ഇനി അങ്ങിനെ ചെയ്യില്ലേച്ചി........”

അവന്‍റെ തളിരിളം മനസ്സില്‍ മനസ്താപം തുളുമ്പി

“സരോല്ലെട്ടോ... “

അവള്‍ വീണ്ടും അവന്‍റെ പോക്കറ്റില്‍ നിന്നും പൂവെടുത്ത് ആവര്‍ത്തിച്ചു . കുമിളകള്‍ അവരുടെ തലയ്ക്കു മീതെ വായുവില്‍ ആന്ദോളനമാടി... മണിക്കുട്ടന്‍ സന്തോഷം കൊണ്ട് കൈ കൊട്ടി ചുറ്റിത്തിരിഞ്ഞു കണ്ടാസ്വതിച്ചു.. സൂര്യന്‍ ഇരുള്‍ വീഴ്ത്തി പക്ഷികള്‍ കൂടുകള്‍ ലക്‌ഷ്യം വെച്ച് കളകളാരവം മുഴക്കി പറന്നകന്നു...


അസീസ് പട്ള

Sunday 25 December 2016

പഠനം മികച്ചതാകണം, ശരി; പഠിച്ച സ്‌കൂളിനെ കുറിച്ച് ശ്രദ്ധിക്കാതെ പോകുന്ന ചിലതുകൾ / അസ്‌ലം മാവില



പഠനം മികച്ചതാകണം, ശരി;
പഠിച്ച സ്‌കൂളിനെ കുറിച്ച്
ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചിലതുകൾ

അസ്‌ലം മാവില

രണ്ടു ദിവസം മുമ്പ് സിപി വേദിയിൽ ഒരു ചർച്ച വന്നിരുന്നു. നമ്മുടെ സ്‌കൂൾ എങ്ങിനെ സ്മാർട്ടാക്കാമെന്നതായിരുന്നു ചർച്ച തുടങ്ങുന്നതിനു വഴിവെച്ച ഉള്ളടക്കം. സാധാരണ അഭിപ്രായങ്ങൾ പറയുന്നവർ അന്നും ഇടപ്പെട്ടു.

അതിൽ പിടിഎ പ്രസിഡന്റ് കെ.എം. സൈദ് പറഞ്ഞ ശ്രദ്ധേയമായ ഒന്നുണ്ട് - നമ്മുടെ സ്‌കൂളിന് ആവശ്യമായ ഫണ്ടുകൾ  ലഭിക്കാൻ ഇനിയും സാധ്യത കൂടുതലാണ്. നിലവിൽ നമ്മുടെ സ്‌കൂളിന് ലഭിച്ചതും പൂർത്തിയായതും പൂർത്തിയാകാൻ ബാക്കിയുള്ളതുമായ പദ്ധതികളും പലരും കേട്ടത് പുതിയ വാർത്ത പോലെയാണ്, ആദ്യമായി കേൾക്കുന്നത് പോലെ ചിലർക്കെങ്കിലും തോന്നിയിട്ടുണ്ട്. ഒരു കാലത്തു നമ്മുടെ സ്‌കൂളിന്റെ ഉന്നമനത്തിനു വേണ്ടി അഹോരാത്രം നേതൃനിലയിൽ  പ്രവർത്തിച്ച അബ്ബാസ് മാസ്റ്റർ ടീം  വളരെ ഉത്തരവാദിത്തത്തോടെ  ഏൽപ്പിച്ച ബാറ്റൺ യുവതലമുറയിലെ  അസ്‌ലം പട്‌ല, സി.എച്ച്, സൈദ്, അബ്ദുൽ റഹിമാൻ കൊളമാജ, എം.എ. മജീദ്  തുടങ്ങിയവർ ഏറ്റെടുത്തത് വെറുതെയായില്ല എന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന  രീതിയിലാണ് നമ്മുടെ സ്‌കൂൾ കാര്യങ്ങൾ ഇപ്പോഴും പോയിക്കൊണ്ടിരിക്കുന്നത്.

ഭൗതിക സൗകര്യങ്ങൾ ഇനിയും മെച്ചപ്പെടുമെന്ന് കരുതാം.  കാരണം മുട്ടേണ്ട വാതിൽ എപ്പോൾ എങ്ങിനെ ഏതു രീതിയിൽ മുട്ടണമെന്ന് വിദ്യാഭ്യാസ പ്രവർത്തകർ മനസ്സിലാക്കി കഴിഞ്ഞിട്ടുണ്ട്. തുറക്കുമ്പോഴൊക്കെ നമ്മുടെ യുവനിരയെ വാതിലിനു മുന്നിൽ നിവേദനവുമായി കാണുന്ന അധികാരികൾക്കും ഉദ്യോഗസ്ഥന്മാർക്കും അത്കൊണ്ട് തന്നെ നമ്മുടെ സ്‌കൂളിന്റെ വിഷയത്തിൽ മതിപ്പ് കൂടിയില്ലെങ്കിലേ അത്ഭുതമുള്ളൂ. രാഷ്ട്രീയ നേതൃത്വങ്ങളുമായി  ഇന്റെർഫിയറൻസിന്റെയും കറസ്പോണ്ടൻസിന്റെയും ഫോള്ളോ അപ്പിന്റെയും  രസതന്ത്രം രൂപപ്പെടുത്താൻ നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ-സാംസ്കാരിക പ്രവർത്തകർക്ക് സാധിച്ചുവെന്നത് ചെറിയ കാര്യമല്ലല്ലോ. പട്‌ല വിട്ടാൽ കാസർകോട്ടെത്തും വരെയുള്ള സകല സ്റ്റോപ്പുകളിലും ഇടതും വലതുമായി കാണുന്ന സ്‌കൂളുകൾ നാട്ടിൻപ്രദേശത്തുകാർ പറയാറുള്ളത് പോലെ ''മാട്ട്ന്റടീല്  മൊൾച്ചെ തൈ'' പോലെ അന്നും ഇന്നും ഒരു മാറ്റവുമില്ലാത്തത് പോലെ കാണുന്നതിന്റെ കാരണം അറിയാൻ ശ്രമിച്ചാലേ നടേപറഞ്ഞവരുടെ ആത്മാർത്ഥതതയോടൊപ്പമുള്ള പ്രായോഗിക ബുദ്ധിയും അതിലുപരിയായുള്ള പ്രവർത്തനങ്ങളും അതിന്റെ ഔട്ട് പുട്ടും അളക്കാൻ സാധിക്കൂ.

പക്ഷെ ഇതൊക്കെ അറിയണമെങ്കിൽ നാട്ടുകാർ, പ്രത്യേകിച്ച് പൂർവ്വ വിദ്യാർഥികൾ, അതിലും പ്രത്യേകിച്ച് ഏറ്റവും അവസാന വർഷങ്ങളിൽ ആ സ്‌കൂളിന്റെ പടിഇറങ്ങിയവർ വല്ലപ്പോഴും അങ്ങോട്ട് മുഖം തിരിക്കണം. നടന്നു പോകുമ്പോഴും വണ്ടിയിൽ പോകുമ്പോഴും സ്‌കൂളിന്റെ ഭാഗത്തേക്ക് ഉളുക്കിയാലും മുഖം തിരിക്കില്ലെന്ന സമീപനം മാറാൻ നേരമായി. അല്ല, അതിന്റെ സമയവും കഴിഞ്ഞു.

ഇപ്പറഞ്ഞതിന്റെ അർഥം നാളെത്തന്നെ അതിരാവിലെ സ്‌കൂൾ മുറ്റത്തു പൂർവ്വ വിദ്യാർത്ഥികൾ  തടിച്ചുകൂടണമെന്നല്ല. പഠിക്കുന്ന നേരത്തു സ്‌കൂളുമായി ബന്ധപ്പെടുന്നതിന് ഒരു code of conduct ഉണ്ട്. പഠന ശേഷവും തങ്ങൾ പഠിച്ച പള്ളിക്കൂടവുമായി ബന്ധപ്പെടാൻ code of conduct ഉണ്ട്. ആദ്യത്തേത് എങ്ങിനെയെന്ന് പറഞ്ഞു തരേണ്ട ആവശ്യമില്ല. രണ്ടാമത്തേതു ആരും പറഞ്ഞും തരില്ല, നമ്മുടെ ഗുരുത്വവും പക്വതയും ആർജ്ജിച്ചെടുത്ത സംസ്കാരവുമാണ് അത് പറഞ്ഞു തരിക. (മനസ്സിലാക്കാൻ ഒരു ഉദാഹരണം : കുട്ടികളായിരിക്കുമ്പോൾ മാതാപിതാക്കളോടും അയൽക്കാരോടും മറ്റും  കാണിക്കുന്ന കുസൃതിത്തരങ്ങൾ ഉണ്ട്. ആ സ്വാതന്ത്ര്യവും നമുക്ക് അവർ വകവെച്ചു തരും. അതേ ഇടപെടൽ ആയിരിക്കില്ലല്ലോ നിങ്ങൾ ഒരു  കല്യാണമൊക്കെ  കഴിഞ്ഞു പക്വത വന്ന പ്രായത്തിൽ  മാതാപിതാക്കളോടും ചുറ്റുവട്ടമുള്ളവരോടും ഉണ്ടാകുക. ആരാണ്  അത് പറഞ്ഞു തന്നത് ? )

പള്ളിക്കൂടങ്ങളിൽ നിന്ന് നമുക്ക് ഇങ്ങോട്ട് കിട്ടിയത്  ഒന്നും അങ്ങോട്ട് നൽകാതെയാണ്. ജീവിത്തിലെ ബാല്യ-കൗമാര കാലങ്ങളിൽ  ഏറ്റവും കൂടുതൽ മണിക്കൂറുകളും ദിവസങ്ങളും നാം  ചെലവിട്ടതും  പള്ളിക്കൂടങ്ങളിൽ തന്നെ.  നമുക്ക് ലഭിക്കാതെ പോയ സൗകര്യങ്ങൾ അവിടങ്ങളിൽ  ഒരുക്കാൻ, ആ മഹത്സ്ഥാപനത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കാൻ, മനസ്സ് കൊണ്ടെണ്ടെങ്കിലും സ്നേഹിക്കാൻ നമുക്കാകണം. നമ്മുടെ നല്ല അഭിപ്രായങ്ങൾ പങ്ക് വെക്കണം. നിങ്ങളുടെ മക്കൾ എവിടെയും പഠിക്കട്ടെ, അത് അവരവരുടെ  തീരുമാനം പോലെ.  അഭിപ്രായങ്ങൾ പങ്ക് വെക്കാൻ അത് തടസ്സമേ അല്ല. നിങ്ങൾ പഠിച്ച സ്‌കൂളിനെ കുറിച്ചാണ് നിങ്ങൾ മിണ്ടുന്നതും പറയുന്നതും.  നിർദ്ദേശങ്ങൾ പറയുക. വല്ലപ്പോഴും സ്‌കൂൾ മുറ്റത്തു എത്തുക. അവരുടെ ഉന്നമനത്തിന് വേണ്ടി എന്തും ചെയ്യാം, അവരുടെ പഠന -പാഠ്യേതര കാര്യങ്ങൾക്ക് നിങ്ങൾക്ക് എന്തും നൽകാമല്ലോ.

ഇത് വരെ പോകാത്ത ഞാനെങ്ങനെ സ്‌കൂളിൽ പോകും ? വല്ല എളുപ്പ വഴി ?  അതും ചിലർക്ക് തടസ്സം പോലെ ഉണ്ടാകും.  ഒരു പാട് കാലങ്ങളായി പോകാത്ത ബന്ധുവീട്ടിൽ, കൂട്ടുകാരുടെ വീട്ടിൽ നാമെങ്ങിനെയാണ് മനസ്താപം വന്നു വീണ്ടും ബന്ധം പുതുക്കാൻ തുടക്കം കുറിക്കുക ?  സിംപിൾ  - നല്ല ഒരു സമ്മാനവുമായി പോകും. അതെ ടെക്നിക് ഇവിടെയും അപ്ലൈ ചെയ്യുക. പ്രീസ്‌കൂൾ ഉണ്ട്. നമ്മൾ പുറത്തു വീമ്പു പറയുന്ന എൽകെജി, യുകെജി തന്നെ. അവർക്ക് ഒരു പൊതി മേത്തരം  മിഠായി ആകാം.  നാല്  കുട്ടികൾക്ക് നാല് ജോഡി സ്പോർട്സ് ഷൂ, രണ്ടു നല്ല പുസ്തകങ്ങൾ എന്തും എന്തുമായി നിങ്ങൾക്ക് സ്‌കൂളുമായി ബന്ധം പുനരാരംഭിക്കാം. അത് തുടർന്നാൽ മതി. ഒരു നല്ല സിവി (ബയോഡാറ്റ) എങ്ങിനെ ഉണ്ടാക്കാമെന്ന് പ്രൊജക്റ്റ് വെച്ച് മുതിർന്ന കുട്ടികൾക്ക്  പറഞ്ഞു കൊടുക്കാൻ ഒരു മണിക്കൂർ ചെലവഴിക്കുന്നത് പോലും നിങ്ങളുടെ സംഭാവനയാണ്.   പിടിഎ നേതൃത്വത്തോടും നിങ്ങൾക്ക് നല്ല ബന്ധം സ്ഥാപിക്കാമല്ലോ.

ഒരു കാര്യം കൂടി, പട്‌ല സ്‌കൂളിൽ രണ്ടു മക്കൾ പഠിക്കുന്ന ഒരു രക്ഷിതാവെന്ന നിലയിൽ പറയട്ടെ,  ആ സ്‌കൂളിനെ സംബന്ധിച്ചിടത്തോളം ഇപ്പോൾ, ഈ എഴുതുന്നത് വരെ, കുട്ടികളുടെ ക്ഷാമമില്ല. ക്വാളിഫൈഡായ അധ്യാപകരെ കൊണ്ട് പട്‌ല  സ്‌കൂൾ ധന്യവുമാണ്.   സ്കൂളിന്റെ പേരും പെരുമയും അറിഞ്ഞുതന്നെ ഒരു പാട് രക്ഷിതാക്കൾ  മക്കളെ ചേർക്കാൻ അവരുടെ ഊഴത്തിലുമാണ്. വല്ലപ്പോഴും  കുട്ടികളുടെ കുറവുണ്ടാകുമ്പോൾ അതുമായി ബന്ധപ്പെട്ട ബാനറും കാമ്പയിനുമായി വിദ്യാഭ്യാസ പ്രവർത്തകരും അധ്യാപകരും നേരം നോക്കി  ഇറങ്ങാറുമുണ്ട്. ഉദ്ദേശിച്ചത്ര  കുട്ടികളെയും കൊണ്ടേ അവർ വരമ്പത്തു കേരാറുമുള്ളൂ.

വിഷയം മാറരുതല്ലോ. പൂർവ്വ വിദ്യാർത്ഥികളെ, പഠിച്ച സ്‌കൂളിന്റെ കാര്യങ്ങൾ പറയാനും പ്രവർത്തിക്കാനും ഇനിയും അമാന്തിക്കരുത്. നിങ്ങളുടെ ഒരുമ കണ്ടാൽ ഒഎസ്എ താനേ പിന്നീട് ഒരുങ്ങിക്കോളും. മതിയായ ആലോചനകളും ഒരുക്കങ്ങളുമില്ലാതെ ''ഇടിക്ക് മുളക്കുന്ന കൂൺ'' പോലെ ആകുന്നത് കൊണ്ടാണ് അടുത്തകാലത്തു എപ്പോഴെങ്കിലും ഒഎസ്എ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് തൊട്ടടുത്ത സീസണിൽ കൂമ്പടഞ്ഞിട്ടുമുണ്ടാകുക. 

Saturday 24 December 2016

യൂസ്ഡ് വസ്ത്ര ശേഖരണം : നൽകുന്നവർ ശ്രദ്ധിക്കേണ്ടത്/ അസ്‌ലം മാവില

യൂസ്ഡ് വസ്ത്ര ശേഖരണം :
നൽകുന്നവർ ശ്രദ്ധിക്കേണ്ടത്

അസ്‌ലം മാവില

ഓൺ ലൈൻ ഗ്രൂപ്പിലെ ഉത്തരവാദപ്പെട്ടവർ എനിക്ക് ചില ഫോട്ടോകൾ അയച്ചു തന്നു. വളരെ പ്രയാസം തോന്നി.

ഓൺലൈൻ ഗ്രൂപ്പിന്റെ നല്ല സംരംഭങ്ങളിൽ ഒന്നായ ഉപയോഗയോഗ്യമായ വസ്ത്രശേഖരണത്തിന് പട്‌ല ജംഗ്‌ഷനിൽ ഒരു കളക്ഷൻ ബിൻ സ്ഥാപിച്ചിരുന്നവല്ലോ. ഒരു നല്ല ഉദ്ദേശത്തോടു കൂടിയാണ് അങ്ങിനെയൊരു ബിൻ സ്ഥാപിച്ചത്.  അങ്ങിനെ അവരുദ്ദേശിച്ച രീതിയിൽ തന്നെ സഹകരിക്കുകയും ഉപകാരപ്പെടുന്ന സ്റ്റഫ് അവർക്ക് ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുമുണ്ട്. കൂട്ടത്തിൽ ഒരു കാര്യം കൂടി പറയാതെ വയ്യ,    തികച്ചും ഉപയോഗ ശൂന്യമായ വസ്ത്രങ്ങളും അതിൽ നിറയുന്നു. അത്തരം ചില ഫോട്ടോകളാണ് എന്റെ ഈ കുറിപ്പിനാധാരം.

മാസങ്ങൾക്ക് മുമ്പും ഞാൻ ഈ വിഷയം സോഷ്യൽ മീഡിയയിൽ എഴുതിയിരുന്നു. ഓൺലൈൻ ഗ്രൂപ്പിന്റെ ഈ സദുദ്യമത്തെ ചൂണ്ടിക്കാണിച്ചു.  ഒരു കുഞ്ഞുടുപ്പ് വാങ്ങാൻ പ്രയാസപ്പെടുന്നവർക്ക്  ഒരു ആഴ്ചയെങ്കിലും ധരിക്കാൻ പാകത്തിന്  ഉപയോഗിക്കാൻ സാധിക്കണമെന്ന് തോന്നുന്നത് മാത്രം ആ ബിന്നിൽ നിക്ഷേപിക്കുക. വീട്ടിൽ നിന്ന് ഒരു വെയിസ്റ്റ് മാറിക്കിട്ടട്ടെ എന്ന തോന്നൽ ഇതിനു പിന്നിൽ ഉണ്ടാകരുത്. കീറിപ്പറിഞ്ഞതും ബട്ടൺ പൊട്ടിയതൊക്കെ ആരെങ്കിലും ഉപയോഗിക്കുമോ ? ഇല്ലല്ലോ.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം used cloth collection bin കാണാം. ഗൾഫ് നാടുകളിൽ അന്താരാഷ്ട്രാ സംഘടനയായ  റെഡ് ക്രസന്റിന്റ പോലെയുള്ള സംഘടനകളാണ് ഈ ഉത്തരവാദിത്തമൊക്കെ ചെയ്യുന്നത്. പുതിയ ഒരുടുപ്പ് കൊടുക്കാൻ നമുക്കേതായാലും സാധിക്കില്ല. പക്ഷെ, നമ്മുടെ വീടുകളിൽ പുതിയ ഉടുപ്പുകൾ കാണും, വീട്ടിലെ ആർക്കും പല കാരണങ്ങളാൽ ഉപയോഗിക്കാൻ സാധിച്ചിച്ചിട്ടുണ്ടാകില്ല. നീളക്കുറവ്, ഇറക്കക്കൂടുതൽ, നിറം ഉദ്ദേശിച്ചതല്ല, തുന്നലിലെ തന്നെ പ്രശ്നങ്ങൾ, കമ്പനിയിൽ നിന്ന് ഓസിന് കിട്ടിയത് , വീട്ടിൽ കുട്ടികൾ ഉപയോഗിക്കാത്തത്, ഔട്ട് ഓഫ് ഫാഷനായത് അങ്ങിനെ പലതും. അത് നല്കാൻ സാധിക്കും.  ഒരു സൽക്കാരത്തിനോ കല്യാണത്തിനോ വിരുന്നിനോ വിസ്താരത്തിനോ ഒരൊറ്റ വട്ടം മാത്രം ഉപയോഗിച്ച ഒരു പാട് വസ്ത്രങ്ങൾ നമ്മുടെ അലമാരയിലും തട്ടിൻപുറത്തും പ്ലാസ്റ്റിക് കൊട്ടയിലും കട്ടിലിന്നടിയിലും ഡംപ് ചെയ്തു വെച്ചിട്ടുണ്ട്.

ഒരു ഒഴിവ് ദിവസം. കുട്ടികളെയൊക്കെ കൂട്ടി, കെട്ട് പൊട്ടിക്കുക. നിങ്ങൾക്കത് കുടുംബങ്ങളിൽ ഉപയോഗിക്കാം. ബാക്കിയുള്ളത് വീണ്ടും അങ്ങിനെ തന്നെ കെട്ടിവെക്കുന്നതിന് പകരം ഇതേപോലെയുള്ള ബിന്നുകളിൽ നിക്ഷേപിക്കാം. അലക്കി, വൃത്തിയാക്കി, ഇസ്തിരിയിട്ട്.

ഒരു പരിധിയൊക്കെ കഴിഞ്ഞാൽ ഏത് വസ്ത്രവും നിറം മാറും, തുന്നൽ പൊട്ടും, ദ്രവിച്ചു പോകും. ഉപകാരപ്പെടാതിരിക്കുന്നതിലും നല്ലതല്ലേ നമ്മുടെ കണ്ണിന് മുന്നിൽ ഞങ്ങളെ ഏൽപ്പിക്കൂ, അർഹരെ കണ്ടെത്തി കൊടുക്കാം എന്ന് പറഞ്ഞു, നമുക്ക് തന്നെ അറിയുന്നവർ മുന്നോട്ട് വരുമ്പോൾ, അവരെ ഇതൊക്കെ ഏൽപ്പിക്കുക എന്നത്.

ഇതെഴുതിയത് ഗുണകാക്ഷയോടെയാണ്. 90 ശതമാനവും നല്ല വസ്ത്രങ്ങൾ തന്നെയാണ് ആ ബിന്നിൽ ലഭിച്ചത്. അബദ്ധം മൂലമോ അശ്രദ്ധമൂലമോ വന്ന പിഴവാകാം ബാക്കി 10 ശതമാനം. ഏതായാലും എന്തിനും ഒരു ജാഗ്രത നല്ലതാണല്ലോ.

നന്മ ചെയ്യുന്നവരുടെ കൂടെ നമുക്ക് കൈകോർക്കാം, മനസ്സ്‌കൊണ്ടെങ്കിലും അവർക്ക് അഭിവാദ്യങ്ങൾ അർപ്പിക്കാം. 

Thursday 22 December 2016

സുബൈറിന്റ് എഴുത്തിനെ കുറിച്ച്

 ''ആ നോട്ട് ഉയര്‍ത്തി പിടിച്ചു ഗന്ധിജിയെ നോക്കി ഞാന്‍ പറഞ്ഞു നിന്നെപ്പോലെ എനിക്കും തോല്‍ക്കാന്‍ മനസ്സില്ലാ..  പിതാജി.''

ഈ കഥയിലെ കഥാപാത്രം (അതും ഒരു സുബൈറാണല്ലോ) പറയുന്നത്  പോലെ സുബൈറിനും പറയാൻ സാധിക്കണം - എഴുത്തു നിർത്താൻ മനസ്സില്ലെന്ന്.

 നിങ്ങളുടെ ഹൃദയാന്തരങ്ങളിലെവിടെയോ  ഒരു പറയാത്ത കഥ വഹിക്കുമ്പോഴുണ്ടാകുന്ന വേദനയോളം വരുന്ന ഒന്നില്ലെന്ന് അമേരിക്കൻ സാഹിത്യകാരി Maya Angelou എഴുതിയിട്ടുണ്ട്. അത്തരം സന്ദർഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് എഴുതുക. ഇനി നല്ല എഴുത്തുകൾ സുബൈറിൽ നിന്നുമുണ്ടാകട്ടെ.

കഥയെക്കുറിച്ചു നല്ല ആസ്വാദനങ്ങൾ വായനക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നു. 

മിനിക്കഥ / ബ്ലാക് മണി / സുബൈർ തമ്പുരാൻവളപ്പ്

മിനിക്കഥ


ബ്ലാക് മണി
______________

സുബൈർ തമ്പുരാൻവളപ്പ്

ടി വിയുടെ മുമ്പിലിരുന്നു ഒരോ ചാനലും മാറ്റി, മാറ്റി  കൊണ്ടിരിക്കുബോള്‍ ഒരു ന്യൂസ് ചാനലില്‍ വെള്ളത്താടിക്കാരന്‍ 500'1000 രൂപ നോട്ടുകള്‍ ഉയര്‍ത്തിപിടിച്ചു ഉച്ചത്തില്‍ വിളിച്ച് പറയുന്നു ഇന്ന് രാത്രി മുതല്‍ ഈ പണത്തിന് കടലാസിന്റെ വിലയെന്ന്..

അത് എന്റെ വീഴ്ചയുടെ തുടക്കാമായിരുന്നു.. ഞാന്‍ തകര്‍ന്നു പോയ നിമിഷങ്ങള്‍.. 5 മിനിറ്റ് ആ കസേരയില്‍ ചാരി ഇരുന്നു.. തല മരവിക്കും പോലെ.. ഭാര്യയും ഒരു മകളും അടങ്ങുന്ന ഒരു കുടുംബമാണ്... ഇവരോട് അല്ലാതെ എനിക്ക് ഈ ലോകത്തെ ഒരു ജീവജാലങ്ങളോടും സേനഹമോ  ദയയോ ഉണ്ടയിരുന്നില്ല. പണത്തിനോട് എനിക്ക് വല്ലാത്ത ആർത്തിയായിരുന്നു

ഈ കഴിഞ്ഞ ആഴ്ച്ച അപ്പുറത്തെ വീട്ടിലെ ഉസ്മാന്‍ മകളുടെ ചികിസയക്ക്  വേണ്ടി ഒരു ലക്ഷം  രൂപ കടം ചോതിച്ചിരുന്നു എന്നിട്ട് പോലും ഞാന്‍ കൊടുത്തില്ലാ.. എന്റെ മകളുടെ അതേ പ്രായമാണ്.. ഇതൊക്കെ ഓര്‍ത്ത് തല പെരുത്ത് വന്നു.. ചൈത തെറ്റുകള്‍ ഓര്‍ത്തു കരഞ്ഞു.. പണത്തിന്  വേണ്ടി ചെയ്യത്താ ജോലികള്‍ ഇല്ലാ.. കള്ളക്കടുത്ത്, കള്ളനോട്ട്, കഞ്ചാവ്..അങ്ങനെ എല്ലാം.. കഷ്ടപ്പെട്ട് ഉണ്ടക്കിയ പണം എന്തിന് ടാക്സ് അടയ്ക്കണം... കൈയ്യില്‍ ഉള്ള 32 ലക്ഷം എങ്ങനെ വെളുപ്പിക്കാം...?

ഇനി ആലോചിച്ച് കാര്യം ഇല്ല തോല്‍ക്കാന്‍ മനസ്സും  ഇല്ലാ..അടുത്ത ദിവസം രാവിലെ ബാങ്കിലേക്ക് ഓടി.. ഭാര്യയും കൂടെയുണ്ട് അന്ന് വൈകുനേരം വരെ ക്യൂ നിന്ന് 2 പേരെ എകൗണ്ടിലായി രണ്ട് ലക്ഷം രൂപയിട്ടു. ഇനി അതില്‍ പണം ഇടാന്‍ പറ്റൂലാ..

അന്വോഷണം വരും.. ഇനി കൈയ്യില്‍ ഉള്ള 30ലക്ഷം എന്ത് ചെയ്യും.. No idea.. ബാങ്കില്‍ ക്യൂ നിന്ന് ദിവസം 4000 മാറിയല്‍ എത്ര സമയം എടുക്കും..😰 ജീവിതത്തില്‍ തോല്‍വികളുടെ രുചി അറിഞ്ഞുതുടങ്ങി.. കുറേ  നാളുകള്‍ക്ക് ശേഷം പള്ളിയില്‍ പോയി നന്നായി പ്രാര്‍ത്ഥിച്ചു. എന്നിട്ട് നേരെ ഉസ്മാന്റെ മകളെ കാണാന്‍ ഹോസപിറ്റാല്‍ പോയി. ആ കൊച്ച് മകളുടെ മുഖം നോക്കി കുറെ നേരം ഇരുന്നു.. ഉസ്മാനും ഭാര്യയും അവിടെ ഒരു സൈഡ് എല്ലാം നഷ്ടപ്പെട്ടപോലെ നില്‍പുണ്ട്. ഞാന്‍ പണത്തിന്റെ കാര്യം തിരക്കി.. ഉസ്മാന്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു '' ഓപ്പറേഷന്‍ കഴിഞ്ഞു ഒരു ലക്ഷം ഞാന്‍ കടം വാങ്ങി കെട്ടി ഇനിയും വേണം 1.50 ലക്ഷം  ഡിസ്ചാര്‍ജ് ചെയ്യാന്‍ ടോക്ടര്‍ പറഞ്ഞു

 പണം  ശരിയവാത്തത് കൊണ്ട് ഇവിടെ നില്‍ക്കുന്നത്.ഇപ്പോള്‍ നോട്ട് പ്രശ്നവു  കടം വാങ്ങാന്‍ പോലും പറ്റൂലാ.. അത് കേട്ടു എന്റെ മനസ് പിടഞ്ഞു.ഞാന്‍ ഒരു നല്ല മനുഷ്യന്‍ ആവുന്ന എല്ലാം സൂചനയും എന്റെ മനസ്സ്  .. ഞാന്‍ തരാം 3 ലക്ഷം  എനിക്ക് ഒന്നും തിരിച്ച് തരണ്ടാ.. ഇന്ന് തന്നെ ഡിസ്ചാര്‍ജ് ചൈതോ... ഞാന്‍ അവരുടെ മുമ്പില്‍ ദൈവ ദൂതന്‍ ആയ നിമിഷം
അവരുടെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു.. പഴയ നോട്ട് ഹോസ്പിറ്റല്‍ എടുക്കുമെന്ന് എനിക്ക് അറിയാമായിരുന്നു.ഇനി കൈയ്യില്‍ 27 ലക്ഷം ഹോസ്പിറ്റല്‍ പുറത്ത് ഇറങ്ങി ഒരു coffe കുടിക്കുമ്പോള്‍ പിറകില്‍ നിന്ന് ഒരു വിളി കേട്ടൂ
''ടാ സുബൈറെ....''
ഞാന്‍ തിരിഞ്ഞു നോക്കി
'' ആ... ഇത് ആരാ ജബ്ബാറോ ..? '' സുഖം വിവരങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും . നീ എന്താ ഇവിടെ ..?
''ഞാന്‍  പറഞ്ഞു ഒരു ചങ്ങാതിയുടെ മകൾ ഇവിടെ ഉണ്ട് കാണന്‍ വന്നതാ..
നീ .....? ''
ചങ്ങാതി  അപകടത്തിൽ  പെട്ട്  ഹോസ്പിറ്റല്‍ ''
കുറേ കാശ്  വേണം ഒന്നും ശരിയായില്ലാ 15ലക്ഷം വേണം. 26 ലക്ഷത്തിന്  വീടും സ്ത്ഥലവും വില്‍പന നടന്നതാണ് . പക്ഷേ പണത്തിന്റെ പ്രശ്നം  വന്നത് കൊണ്ട് അത് മാറി.. (ദൈലവം തന്നാ ചാന്‍സ് ഞാന്‍ തോല്‍ക്കാതിരിക്കാന്‍)
ഭാര്യ കുറെ ആയി സ്വന്തംമായി ഒരു വീട് വേണം എന്ന് പറയുന്നത്. ഇപ്പോള്‍ താമസം വാടക വീട്ടിലാണ്.

പണ്ട് എന്റെ ഉമ്മച്ചി പറയുമായിരുന്നു ഒരു നന്മ അങ്ങോട്ട് ചൈതാല്‍ അത് 2 ആയി തിരിച്ച് ഇങ്ങോട്ട് കിട്ടുമെന്ന്. അങ്ങനെ ആ വിടും സ്ത്ഥലവും വാങ്ങി.. Registration എല്ലാം കഴിഞ്ഞു 5000 കൈയ്യില്‍ ബാക്കി... 1000 petrole അടിച്ചു. ഒരു ദിവസം മുഴുവനും ക്യൂ നിന്ന് 4000 പുതിയ നോട്ട് മാറിയെടുത്തു . ആ നോട്ട് ഉയര്‍ത്തി പിടിച്ചു ഗന്ധിജിയെ നോക്കി ഞാന്‍ പറഞ്ഞു നിന്നെപ്പോലെ എനിക്കും തോല്‍ക്കാന്‍ മനസ്സില്ലാ..  പിതാജി.

ചർച്ച : നാടിന്റെ പേരും പെരുമയും / അസ്‌ലം മാവില


ചർച്ച :

നാടിന്റെ പേരും പെരുമയും

ഇന്നലെ പോസ്റ്റ് ചെയ്ത ലേഖനം  ശരിക്കും ഒരു ചർച്ചയ്ക്ക് വഴിതുറക്കാൻ വേണ്ടി ഉദ്ദേശിച്ചാണ്. അതിനനുസരിച്ചായിരിക്കും തുടർലേഖനങ്ങൾ ഈ ഫോറത്തിൽ പോസ്റ്റ് ചെയ്യുക.

ഇനി അഥവാ മറ്റു ഫോറങ്ങളിൽ ഇത് കൊണ്ടുപിടിച്ച ചർച്ച നടക്കുന്നുണ്ടോ ആവോ ? ഏതായാലും നമ്മുടെ നാടിന്റെ ചരിത്രപശ്ചാത്തലം ആരും ആധികാരികമായി നമുക്ക് കൈമാറിയിട്ടില്ല.  ഇക്കഴിഞ്ഞ ഒക്ടോബറിൽ ഉത്തരദേശത്തിൽ റിട്ട. പ്രധാനാധ്യാപകൻ  എച്ച് എ മുഹമ്മദ് മാസ്റ്റർ (അംഗഡിമൊഗർ) എഴുതിയ ''പതിനെട്ടാം നൂറ്റാണ്ടിലെ ബാക്കിമാറുലെ നെൽകൃഷി...'' എന്നോ മറ്റോ പേരുള്ള ഒരു ചരിത്ര ലേഖനത്തിലെ താത്പര്യമുണർത്തുന്ന ചില പരാമർശങ്ങളാണ് ഇന്നലെ (21 ഡിസംബർ 2016 ) അങ്ങിനെ ഒരു ലേഖനം എഴുതാൻ  എന്നെ പ്രേരിപ്പിച്ചത്.

നമ്മുടെ നാട്ടിൽ ഇന്നും ബാക്കിയുള്ള പേരുകളുമായി ഒരുപാട് സാമ്യങ്ങളും സാദൃശ്യങ്ങളും അതിൽ ഞാൻ ശ്രദ്ധിച്ചിരുന്നു. അരമന, ബൂഡ്, ബാക്കിമാറു, മൂഡവളപ്പ് തുടങ്ങിയ പദങ്ങളൊക്കെ നമ്മുടെ നാട്ടിൻപ്രദേശത്തെ ചുറ്റിപ്പറ്റികണ്ടപ്പോൾ എന്റെ അന്വേഷണ തൃഷ്‌ണയെക്കാളുപരി  കൗതുകമാണ് അങ്ങിനെ ഒരു എഴുത്തിനു  തുടക്കമിടാൻ എന്നെ നിർബന്ധിച്ചത്.  കഴിഞ്ഞ ആഴ്ച  ആർ ടി യിൽ ഈ വിഷയം സജീവമാക്കാനുള്ള  ''ഗ്രൗണ്ട് ഒരുക്കൽ'' അങ്ങുമിങ്ങുനിന്നും തുടങ്ങുകയും ചെയ്തിരുന്നു.

 സിപി യിൽ ഇടക്കാലത്ത് നിർത്തിയ ക്രിയാത്മകവും സർഗ്ഗാത്മകവുമായ ഇടപെടലുകൾക്ക് തുടക്കമിടാൻ ഗവർണിങ്ങ് ബോഡിയിൽ ഈയ്യിടെ  ഉയർന്നു വന്ന നിർദ്ദേശത്തെ തുടർന്ന് ഒരു  തുടക്കമെന്ന നിലയിൽ ഈ വിഷയം ആർടി മാറ്റി,  CP യിൽ ഞാൻ   പോസ്റ്റ് ചെയ്യുകയായിരുന്നു. അനുഭവസ്ഥരുടെ അഭിപ്രായങ്ങളും ഖണ്ഡനങ്ങളും മറ്റും കേൾക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു. പ്രസ്തുതത ലേഖനത്തിലെ പരാമര്ശങ്ങളെ  ഖണ്ഡിക്കാൻ വേണ്ടി അസീസ് മാത്രമേ ശ്രമിച്ചിട്ടുള്ളൂ.

ഏതായാലും, നിങ്ങളുടെ പ്രതികരണമനുസരിച്ചു എന്റെ അന്വേഷണങ്ങളും നിരീക്ഷണങ്ങളും തിരുത്തലുകളും പുനർവായനകളും തുടർ ലേഖന രൂപത്തിൽ പ്രസിദ്ധീകരിക്കാനായിരുന്നു ഉദ്ദേശിച്ചത്. ഇപ്പോൾ നാട്ടിൽ ഉള്ളവർക്ക് തീർച്ചയായും ഹോം വർക്ക് നടത്താൻ പറ്റുമെന്നാണ് ഞാൻ കരുതുന്നത്. നിങ്ങളുടെ നിഗമനങ്ങളും ചോദിച്ചറിയലുകളും ഈ ഫോറത്തിൽ പങ്കുവെച്ചാൽ ഏറ്റവും നല്ലത്.

നാല് വര്ഷം കൂടിക്കഴിഞ്ഞാൽ  മകന്റെ കൂടെ ഹിസ്റ്ററിയിൽ പോസ്റ്റ് ഗ്രാജുവേഷനും തുടർ പഠനവും നടത്തുവാൻ തയ്യാറെടുക്കുന്ന എന്നെ സംബന്ധിച്ചിടത്തോളം  ചരിത്രത്തെക്കുറിച്ചു  എക്കാലത്തെയുമുള്ള നിലപാട് ഇവിടെയും ആവർത്തിക്കുന്നു - ചരിത്രമെന്നത് അങ്ങിനെത്തന്നെയുള്ള പകർത്തി എഴുത്തല്ല. അങ്ങിനെ പ്രാപ്യവുമല്ല.  ചരിത്രം സാഹചര്യങ്ങൾക്കനുസരിച്ചുള്ള വായനയാണ്. ചരിത്രകാരന്റെ നിലപാടുകളും വീക്ഷണങ്ങളും ചരിത്രത്തെയും സ്വാധീനിക്കും.  അതറിയണമെങ്കിൽ  ചരിത്രകാരന്മാരായ ഇ.എം.എസ്സും ശ്രീധരമേനോനും വെവ്വേറെ എഴുതിയ കേരള ചരിത്ര ഗ്രന്ഥങ്ങളുടെ  ഏതാനും പുറങ്ങൾ ഒന്ന് കണ്ണോടിച്ചാൽ മതി.

വീണ്ടും,  ഇത്തരം ചർച്ചകളും എഴുത്തുകളും നമ്മുടെയിടയിൽ ഒരു കാലത്ത് നടന്നിരുന്നു എന്ന് വരും തലമുറകൾക്ക് കണ്ണോടിക്കുവാനെങ്കിലും RTPEN ബ്ലോഗിന്റെ ആർച്ചീവ്‌സിൽ വരമൊഴികളായി  എന്നുമുണ്ടാകും.


അസ്‌ലം മാവില


Wednesday 21 December 2016

പട്‌ലയുടെ ചരിത്രം എങ്ങിനെ വായിക്കാം ?

പട്‌ലയുടെ ചരിത്രം
എങ്ങിനെ വായിക്കാം ?

ഭാഗം ഒന്ന്

അസ്‌ലം മാവില

വിട്-ള രാജാവ് , അറസു ഭരണം ഏൽപ്പിച്ചിരുന്നത് ബല്ലാക്കമാരെയായിരുന്നു. 1700 -ന്റെ തുടക്കത്തിലാണ് വിട്-ള രാജഭരണം.   ബല്ലാക്കമാൻമാരുടെ കാലം മുതൽ തന്നെ പട്‌ല ചരിത്രത്തിന്റെ ഭാഗം കൂടിയാണ്. അതിനു എത്രയോ  മുമ്പ് തന്നെ പട്‌ല യിൽ ജനവാസം ഉണ്ടാകാനാണ് സാധ്യതയും.   ശരിക്കും വലിയ ഭൂഉടമകളാണ് ബല്ലാക്കന്മാർ.

കാർഷിക വൃത്തിക്ക് പറ്റിയ നിലമുള്ള നമ്മുടെ ഗ്രാമത്തെ അത് കൊണ്ട് തന്നെ അവരുടെ ശ്രദ്ധയിൽ കൊണ്ട് വന്നിരിക്കണം. അവരിൽ വിഭാഗീയമായ ചിന്ത ഉണ്ടായിരുന്നില്ലെന്നാണ് ബല്ലാക്കന്മാരുടെ ചരിത്ര പശ്ചാത്തലം കണ്ണോടിക്കുന്നവർക്ക് മനസ്സിലാകുക.

കൃഷിയിറക്കാൻ പാകമാകുന്ന സമയത്തു   തങ്ങൾക്ക് അധീനതയിലുള്ള നാടുകളിലേക്ക് പരിവാരങ്ങളെയും വാല്യക്കാരെയും അയക്കുക പതിവായിരുന്നു. അതത് ക്ഷേത്രങ്ങളിൽ (മേഖല) പരമാവവധി ഉഴുതാനാവശ്യമായ പോത്ത്, കാള, കലപ്പ മുതലായവ സംഘടിപ്പിക്കുകയും ഒറ്റ ദിവസം കൊണ്ട് നിലമുഴുതുന്ന രീതിയായിരുന്നു അവലംബിച്ചിരുന്നത്. കൃഷി ഇറക്കി, നാട്ടിലെ വാല്യക്കാരെ ഉത്തരവാദിത്തം ഏൽപ്പിച്ചു  അന്നോ തൊട്ടടുത്ത ദിവസമോ അവർ തിരിച്ചു യാത്ര പോകും. കൊയ്ത്തു കാലമാകുമ്പോൾ വിളവെടുക്കാനും ധാന്യപ്പുരയിൽ സൂക്ഷിക്കാനും വീണ്ടുമവർ പരിവാരങ്ങളുമായി വരും.  തങ്ങളുടെ അധീനതയിലുള്ള സ്ഥലങ്ങളിൽ അവർ വീടും കുടിയും നൽകി പാർപ്പിച്ചിരുന്നു. പ്രത്യേക സമുദായക്കാരോട് മാത്രമായി ബല്ലാക്കന്മാർക്ക് പ്രത്യേക മമത ഇല്ലായിരുന്നു. വിട്ള രാജാവിന്റെ ആസ്ഥാനത്തിന്റെ പേര് ബാക്കുമാറു എന്നായിരുന്നു. അതേ പേരിനെ ഓർമ്മിപ്പിക്കുന്ന ബാക്കുമാറു (നമ്മൾ പറയുന്ന ബാക്കിത്യമാറു) അരമനയിൽ ഉണ്ട് താനും.

ബൂഡ്, അരമന എന്നീ പേരുകൾ ബല്ലാക്കന്മാർ ഭരിച്ച സ്ഥലങ്ങളിലൊക്കെ കാണാൻ സാധിക്കും. അവർ താമസിച്ചിരുന്ന അരമനയുടെ പേരാണത്രെ ബൂഡ്.   നമ്മുടെ പട്‌ല യിലെ ബൂഡ്  പോലെ തന്നെ കരിങ്കലയിലും ബൂഡ് ഉണ്ട്.  രാജാക്കന്മാരുടെ പ്രതിനിധികൾ താമസിക്കുന്ന സ്ഥലമാണ് അരമന. ഒറ്റപ്പെട്ട തുരുത്ത് എന്നർത്ഥത്തിൽ  മൊഗറും നമ്മുടെ നാട്ടിലുണ്ട്.  മൊഗർ അടക്കം ചുറ്റുഭാഗത്തുള്ള കൃഷിക്കാര്യങ്ങൾ ഒരൊറ്റ സ്ഥലത്തു നിന്ന് കൊണ്ട്  നിരീക്ഷിക്കാൻ കൂടിയായിരിക്കണം ബൂഡിൽ തന്നെ അവർ അരമനയ്ക്കായി സ്ഥലം തെരെഞ്ഞെടുത്തത്.

അതത് ഗ്രാമങ്ങളിൽ അവരോട് കൂറും കടപ്പാടും കാണിക്കുന്നവരായിരുന്നു അവരുടെ പ്രതിനിധികളും വാല്യക്കാരും. (വിശദമായ വായനയും പഠനവും ഇനിയും ആവശ്യമുള്ളത്കൊണ്ട് ഇവിടെ കൂടുതൽ വിശദീകരിക്കാൻ  ഭയപ്പെടുന്നു). ചിലരുടെ അഭിപ്രായത്തിൽ നമ്മുടെ നാട്ടിലെ ചൂതർമാർ  കേരളത്തിലെ നായന്മാർക്ക് തുല്യമോ അവരുടെ തന്നെ വള്ളിയോ ആകാനാണ് സാധ്യത. അല്ലെങ്കിൽ നായന്മാർക്ക്സമാനമായ ജാതിസ്ഥാനം അവർക്കുണ്ടെന്നെങ്കിലും അനുമാനിക്കാം. നമ്മുടെ ഗ്രാമത്തിന്റെ കൈകാര്യ കർതൃത്വം ഇവരുടെ കയ്യിൽ ഉണ്ടായിരിക്കണം.

സ്രാമ്പിയിൽ ചൂതർമാർ ഉള്ളതായും നമുക്ക് അറിയാം. ഇന്നത്തെ പതിവ്  പോക്ക് വരവ് വഴിയൊന്നുമല്ല അന്നത്തെ കാലത്തേത്. വലിയ പള്ളിയുള്ള ജങ്ഷനെക്കാളും കൂടുതൽ ആളുകൾ പോക്കുവരവിനായി ഉപയോഗിച്ചിരുന്നത് ഇബ്‌റാൻചാന്റെ  മമ്മീൻചാന്റെ പഴയ കടയുള്ള ഭാഗത്തുള്ള വഴികളായിരുന്നു. മധൂരിലേക്ക്(രണ്ടു ഭാഗത്തേക്കായാലും) പോകാൻ എളുപ്പവും അതായിരുന്നല്ലോ. മൊഗർ ഭാഗങ്ങളിൽ ഉള്ളവർക്ക് മധൂരിലെത്താൻ  മാത്രമായിരിക്കണം ഇപ്പോഴുള്ള വഴി അന്ന് ഉപയോഗിച്ചിരുന്നതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇപ്പോഴും ഭൂപ്രകൃതി നോക്കിയാൽ ഇന്ന് കാണുന്ന പട്‌ല ജംഗ്‌ഷൻ, സ്‌കൂൾ പരിസരമൊക്കെ അത്ര വലിയ  ആൾപെരുമാറ്റമില്ലാത്ത സ്ഥലങ്ങൾ ആകാനാണ് സാധ്യത കൂടുതൽ.



സ്വാഭാവികമായും ഒരു കേന്ദ്രമാകാൻ എന്ത്കൊണ്ടും സാധ്യത സ്രാമ്പി തന്നെയാണ്. മാത്രവുമല്ല മീത്തൽ, സ്രാമ്പി ഭാഗങ്ങളിൽ സ്ത്രീകൾ വരെ കുട്ടികൾക്കു അക്ഷരം പഠിപ്പിക്കാൻ  അധ്യാപികമാരായുണ്ടായിരുന്നു. ഓതിക്കാൻ മക്കളെ അയച്ചിരുന്നതും മീത്തൽ ഭാഗത്തായിരുന്നു എന്നാണ് പറഞ്ഞു കേട്ടിരുന്നത്.   പഴമക്കാരുടെ  ഓർമ്മയിലും ആദ്യത്തെ ഏകാധ്യാപക പള്ളിക്കൂടവും സ്രാമ്പി ആണല്ലോ. ആ പള്ളിക്കൂടവുമായി മൂന്ന് തലമുറകൾക്കപ്പുറമുള്ള ഒരു ബന്ധവും ഞങ്ങൾക്കുണ്ട്.

പട്‌ല എന്ന പേരിലും മറ്റൊരു സാധ്യതയാണ് ഞാൻ കാണുന്നത്. ബല്ലാകന്മാരുടെ ആസ്ഥാനം വിട്-ലയാണ്. അവിടെയും സമാനമായ അരമന, ബൂഡ് പേരുകൾ മാത്രമല്ല, അവരുടെ വംശ പരമ്പരയുടെ ശേഷിപ്പുകളും കാണാൻ സാധിക്കും. ടിപ്പുവിന്റെ അധീനതയിലായിരുന്ന ഈ പ്രദേശങ്ങളിലെ നാട്ടു രാജാക്കന്മാർക്ക് കരപ്പണം കൂടുതൽ ചുമത്തിയതിൽ പ്രതിഷേധിച്ചതും തുടർന്ന് അവർക്ക് നാട് വിടേണ്ടി വന്നതും പിന്നീടുള്ള ചരിത്രം. അന്നത്തെ അവരുടെ മേൽനോട്ടക്കാർക്ക് തങ്ങളുടെ സ്വത്തും വിഭവങ്ങളും ഏല്പിച്ചാണ് അവർ നാട് വിട്ടതത്രെ. ആ ചരിത്രമൊന്നും നമുക്ക് ഇവിടെ വിഷയമേ അല്ലല്ലോ. കൂട്ടത്തിൽ പറഞ്ഞെന്നേയുള്ളൂ. അത്കൊണ്ട് പട്‌ല & വിട്-ല എന്നീ പേരുകൾ ബല്ലാക്കന്മാരുടെയോ അല്ലെങ്കിൽ അവരുടെ കൈകാര്യ കർത്താക്കളുടെയോ  വകയാകാനാണ് കൂടുതൽ സാധ്യത. വിട്-ലയുടെ ഒരു ഹ്രസ്വഘടന (miniature) ഇവിടെയും ഉള്ളത് കൊണ്ട് അവർ ''ഇല്ലി വിട്ട്ള , അല്ലി പട്-ള'' എന്ന് പ്രാസമൊപ്പിച്ചു പറഞ്ഞതായിരിക്കുമോ ? അല്ലാതെ  ഇത്രമാത്രം കാർഷിക വിളകൾ  നമ്മുടെ നാട്ടിലെ പണിക്കാർ അന്തി വരെ പണിയെടുത്തു ബല്ലാക്കന്മാർക്കും അവരുടെ മേസ്തിരിമാർക്കും നൽകിയിട്ട് പിന്നെയും നമ്മുടെ നാട് ''പട്-ല്'' (തരിശ്) ഇട്ടിരിക്കുകയാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണ്. ആ പ്രയത്ന ശാലികളായ പ്രപിതാക്കളോട് അങ്ങിനെയൊരു കഥയ്ക്ക് പിന്തുണ നൽകി നീതികേടു കാണിക്കാൻ എനിക്ക് പറ്റില്ല.

(നിങ്ങളുടെ അഭിപ്രായങ്ങളും അനുഭവങ്ങളും കേട്ട് കേൾവികളും കൈവശമുള്ള നേരിയ രേഖകളും സമർപ്പിക്കുക. നമുക്ക് നീണ്ട ചർച്ചയ്ക്ക് വിധേയമാക്കാമല്ലോ. )

സിപിയെ ഇനി ചർച്ചകളുടെയും ഇടപെടലുകളുടെയും അറിവ് കൈമാറലിന്റെയും ഇടമാക്കാം / അസ്‌ലം മാവില

സിപിയെ
ഇനി ചർച്ചകളുടെയും
ഇടപെടലുകളുടെയും
അറിവ് കൈമാറലിന്റെയും
ഇടമാക്കാം

അസ്‌ലം മാവില

ദോഷങ്ങളെ ഒരു വേള  മാറ്റി വെച്ചാൽ, വാട്ട്സ്ആപ്പ് കൊണ്ട് ഒരു പാട് ഗുണങ്ങളുണ്ടായിട്ടുണ്ട്. ഒരു പാട് അറിവുകൾ ലഭിച്ചു. കിട്ടിയ അറിവുകളും വൃത്താന്തങ്ങളും മറ്റുള്ളവർക്ക് കൈമാറാനും സാധിച്ചു. അതിപ്പോഴും അഭംഗുരം തുടരുകയും ചെയ്യുന്നു.

സിപി പ്ലാറ്റ്‌ഫോം വിഭിന്നമല്ലല്ലോ. ചില നിയന്ത്രണങ്ങൾ സിപിയിൽ ഉണ്ടെന്നത് നേരാണ്. ആ നിയന്ത്രണങ്ങൾ എന്താണെന്ന് എല്ലാവർക്കുമറിയാം. അതെന്തിനാണെന്നുമറിയാം. ഒരു നാടിന്റെ ശബ്ദം ഒരു വേദിയിൽ കേൾപ്പിക്കുക അതിനു ''അണ്ണാറക്കണ്ണനും തന്നാലായത്'' എന്ന് പറഞ്ഞത് പോലെ പറ്റാവുന്ന രൂപത്തിൽ പരിഹാരം കാണാനുള്ള ശ്രമങ്ങൾ നടത്തുക, നമ്മുടെ കൈപ്പിടിക്കപ്പുറമെങ്കിൽ എത്തേണ്ടിടത്തു ആ വിഷയമെത്തിക്കാനുള്ള ചാലും ചാനലുമാകുക.

പൊതു താൽപര്യത്തിലധിഷ്ഠിതമായി പക്വമായ ഒരു നേതൃത്വത്തിന് കീഴിൽ മുന്നോട്ട് പോകുന്ന  സിപിയെ പോലുള്ള ജനകീയ കൂട്ടായ്മകൾചില നിയന്ത്രണങ്ങൾ മുന്നോട്ട് വെക്കുന്നത് മുഷിപ്പിനെക്കാളേറെ സെയ്ഫ് & സെക്യൂർ ഫീൽ  നമ്മിലോരോർക്കുമുണ്ടാകും. ചില ഘട്ടങ്ങളിൽ  അതാവശ്യവുമാണല്ലോ. അതൊക്കെ വീണ്ടും വീണ്ടും പറയാതെ ഉൾക്കൊണ്ടു തന്നെയാണ് സിപിയിലെ പൊതുമനസ്സ് പ്രതികരിച്ചിരുന്നതും.

ആഴ്ചകളോളം നമ്മുടെ ഫോറത്തിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. എണ്ണത്തിൽ കുറവാണെങ്കിലും നമ്മുടെ കൊച്ചു ഗ്രാമത്തെ തൊട്ട് തലോടി പോകുന്നതിലൊക്കെ ''സിപി ടച്ചോടെ'' പരിഹാരം തീർക്കാനോ  കുറഞ്ഞത്  അതിനുള്ള ഇനിഷിയെറ്റിവ് ഉണ്ടാക്കാനോ ആയിട്ടുമുണ്ട്. ഒന്നുമായില്ലെങ്കിൽ ആ വിഷയത്തെക്കുറിച്ചുള്ള ഒരു ബോധം നമ്മുടെ ചിന്താപരിസരത്തേക്ക് ഗൗരവപൂർവം എത്തിക്കാനും സാധിച്ചിട്ടുമുണ്ട്.

വായനക്കാരന്റെ ബോധമണ്ഡലത്തിൽ ജീവൽസ്പർശിയായ വിഷയങ്ങൾ  വായനക്കും ആലോചനയ്ക്കും വിധേയമാക്കാൻ ഒരു വശത്തു   RT പോലുള്ള സാംസ്കാരിക കൂട്ടായ്മകൾ ഗൗരവപൂർവ്വം  ശ്രമിച്ചപ്പോൾ, അവയിൽ പ്രായോഗികമെന്ന് തോന്നിയവ മുഴുവൻ നെഞ്ചോടു ചേർക്കാനും അവയ്ക്ക് കാരുണ്യ സ്പർശിയായ  പരിഹാരശ്രമങ്ങൾ നടത്താനും  സിപി പോലുള്ള കൂട്ടായ്മകൾ മുന്നോട്ടു വന്നത് ചെറുതായി കാണേണ്ട ഒന്നല്ല.

ഇനിയും സിപിയിൽ വിവിധ വിഷയങ്ങൾ സാന്ദർഭികമായി ഉയർന്നു വരണം. അതൊരിക്കലും  നമ്മുടെ അറിവിന്റെ പൊങ്ങച്ചം കാണിക്കാനല്ല. മറിച്ചു അറിയാത്ത ഒന്ന് കേൾക്കാൻ, വായിക്കാൻ, അതിൽ നമ്മുടെ ചെറുതെങ്കിലുമുള്ള അഭിപ്രായം പറയാൻ, അവയ്‌ക്കൊക്കെയുള്ള  അവസരം ഉണ്ടാക്കാൻ, ചർച്ചകളും ഇടപെടലുകളും ഉണ്ടായേ തീരൂ. ചിലതൊക്കെ പറഞ്ഞു പോകും. ചിലതിലൊക്കെ നമ്മുടെ നിർദേശങ്ങൾ നമ്മെ പ്പോലും അത്ഭുതപ്പെടുത്തുമാറ് പരിഹാരങ്ങളാണ് ഭവിക്കുകയും ചെയ്യും. ഒന്ന് എല്ലാവർക്കുമറിയാം -  എല്ലാത്തിനും നമ്മളല്ല പരിഹാരം തീർക്കുന്ന പഞ്ചായത്ത്.

സിപിക്ക് പത്തംഗ ഗവേണിങ് ബോഡിയുണ്ട്. അവർക്കെല്ലാവർക്കും എല്ലായ്പ്പോഴും ഇത്തരം ചർച്ചകളിൽ സജീവമാകാനോ ചർച്ചകൾക്ക് നേതൃത്വം നൽകാനോ സാധിക്കുകയുമില്ല. ഓപ്പൺ ഫോറത്തിൽ നിന്നും മുന്നോട്ട് വരുന്നവർക്ക് തീർച്ചയായും  സാഹചര്യങ്ങൾ മനസ്സിലാക്കി ഇത്തരം ചർച്ചകൾക്ക് ചുക്കാൻ പിടിക്കാനും മുഷിപ്പിക്കാത്ത രൂപത്തിൽ മുന്നോട്ട് കൊണ്ട് പോകാനും സാധിക്കും. എഴുതിയും വോയിസ് നോട്ടിട്ടും സജീവമാകാം.

നമ്മുടെ തലച്ചോറിലല്ല മറ്റൊരാൾ ചിന്തിക്കുന്നതും നമ്മുടെ നാക്കിലല്ല അപരൻ  പറയുന്നതുമെന്ന ബോധം ഉള്ളിടത്തോളം ചർച്ചകൾ സൗഹൃദ അന്തരീക്ഷത്തിൽ തന്നെ  വളരെ സജീവമാകും, അതെത്ര കാറും കോളുമുണ്ടാക്കിയാലും.  സഹിഷ്ണുതയോടും സഹകരണത്തോടും ഒപ്പം വിശാലമനസ്സോടും മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ഉൾക്കൊള്ളാൻ സാധിച്ചാൽ ഇത്തരം ചർച്ചകൾ നല്ല അനുഭവമാകും തീർച്ച.

സിപിയിൽ അത്തരം ചർച്ചകളും ഇടപെടലുകളും ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. അതിനുള്ള തയ്യാറെടുപ്പും നിങ്ങളും നടത്തുക. എല്ലാവർക്കും ഈ വിഷയത്തിൽ  അഭിപ്രായങ്ങൾ പറയാവുന്നതുമാണ്. 

ഞങ്ങളുടെ ഇല്യാസ് (അനുസ്മരണം ) / ഹനീഫ് പേരാൽ


ഞങ്ങളുടെ ഇല്യാസ്

ഹനീഫ് പേരാൽ
-----------------

ഈ കഴിഞ്ഞ അവധിക്കാലത്, സുബ്ഹി നിസ്കാരം കഴിഞ്ഞു പള്ളിയുടെ വരാന്തയിൽ ഇരിക്കുമ്പോള്,  ഏകദേശം 5 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു കുഞ്ഞു മോൻ, തൊപ്പിയും ധരിച്ചു ,  ചെറു പുഞ്ചിരിയോടെ പള്ളിയിലേക്ക് കടന്നു വരുന്നു, വളരെ ശാന്തനായി പള്ളിയിൽ നിന്നും തിരിച്ചു പോവുന്നു...

എത്ര തണുപ്പുള്ള പ്രഭാതമാണെങ്കിലും ഈ കുഞ്ഞു മോനെ എല്ലാ ദിവസവും ആ സമയത്തു പള്ളിയിൽ കാണാൻ കഴിഞ്ഞപ്പോൾ,  ഈ പൊന്നു മോനെ ഒന്നു പരിചയപ്പെടണമെന്ന് തോന്നി.   എന്റെ കൂട്ടുകാരൻ *ലെത്തി* ഞങ്ങളുടെ അരികിലേക്ക് ആ മോനെ വിളിച്ചു, ഇത്‌ നമ്മുടെ ഇല്യാസിന്റെ മകനാണെന്ന് പറഞ്ഞു...  

എത്ര നല്ല ഭാഗ്യവാന്മാർ ആ മാതാപിതാക്കൾ !
   
ഇല്യാസിന്റെ മരണ വാർത്ത ഞെട്ടലോടെ കേട്ടപ്പോൾ എന്റെ മനസ്സിലേക്ക് ആദ്യം ഓർമ്മ വന്നത് അവന്റെ ആ കുഞ്ഞു മോന്റെ മുഖമാണ്...        എല്ലാ പ്രവാസിയുടെ  മക്കളേയും പോലെ ആ മോനും കാത്തിരിക്കുന്നുണ്ടാവും,  ഉപ്പാന്റെ വരവ്...
കളിപ്പാട്ടവും, ചോക്‌ളേറ്റും
കൊണ്ട് എന്റെ ഉപ്പ വരുമെന്ന കാത്തിരിപ്പ്.
ഉപ്പാന്റെ കൂടെ പുറത്തു പോയി കറങ്ങാനുള്ള കാത്തിരിപ്പ്,  
ഉപ്പ കൊണ്ട് വന്ന പുതു വസ്ത്രം ധരിക്കാനുള്ള കാത്തിരിപ്പ്..      

 അവന്റെ മുമ്പിലേക്ക്  ഉപ്പാന്റെ മയ്യത്തുമായി  വരുമ്പോള് അവന് അറിയില്ലായിരിക്കും,  ഇനി എന്റെ ഉപ്പ ഒരിക്കലും ഉണരില്ല എന്ന്....
ആ പൊന്നു മോന്റെയും,
.....................................

ഉമ്മയുടെയും കുടുംബത്തിന്റെയും മനസ്സിന് ശാന്തിയും  സമാധാനവും നൽകി അനുഗ്രക്കണമേ നാഥാ..   ആമീൻ...
 
ഞങ്ങളുടെ സഹോദരൻ ഇല്യാസിന്റെ എല്ലാ പാപങ്ങളും വിട്ടു പൊറുത്തു മാപ്പാക്കി കൊടുത് സ്വർഗം നൽകി അനുഗ്രഹിക്കണമേ...

കബർ വിശാലമാക്കി കൊടുക്കണമേ..   ആമീൻ..

അസ്തമിക്കുന്ന തിരിനാളങ്ങൾ (ഇല്യാസ് അനുസ്മരണം )/ സൈഫുദ്ദീൻ മൊഗർ

അസ്തമിക്കുന്ന
തിരിനാളങ്ങൾ

*SAIFUDDEEN MOGAR*
--------------------
എൻറ കുഞ്ഞുനാളിലെ parichayamulla പുഞ്ചിരി തൂകുന്ന, Aa മൃദുല സ്വഭാവശുദ്ദിക്കാരൻറ വിയോഗത്തിൽ വളരെ ഖേദിക്കുന്നു. ആ കുടുംബത്തിന് ആദ്യം അള്ളാഹുവിൻറ കരുണയാൽ ശാന്തിയും സമാധാനവുംലഭിക്കുകയും അദ്ദേഹത്തിന് സ്വർഗ്ഗ പൂങ്കാവനം പ്രധാനം ചെയ്യുമാറകട്ടെ! ആമീൻ പ്രാർത്ഥിക്കാം.

 ആ പുഞ്ചിരിയുടെ മുഖം ഒരു പക്ഷേ ആ കുടുംബത്തിന് പ്രകാശം ചിമ്മിനി കൂടിനെ പ്പോലെ ഉപകരിച്ചിരിക്കാം. അതെ മനുഷ്യനെ ചിലപ്പോൾ കത്തിയമരുന്ന മെഴുക് തിരിയോടും, ചിമ്മിനിയോടൂം,  റാന്തൽ വിളക്ക്noടും താരതമ്യം ചെയ്യാറുള്ളതാണ്. കാരണം ചെറിയ തിരിനാളങ്ങൾ ചെറിയ പ്രദേശത്തെക്ക് ഉപകരികുന്നതായിരിക്കാം; വലുത് വലിയ പ്രദേശമാകയും. ആദ്യം വീട്ടിൽ പിന്നെ,  അയൽവാസി, നാട്, ലോകം ഇങ്ങനെ യാണല്ലോ കിരണങ്ങൾ എത്തപെടുന്നത്.

എന്തായാലും കെട്ടു പോkan പല കാരണങ്ങളുണ്ടാകുo.  എല്ലാവർക്കും ഫർളാക്കപ്പെട്ട ദിവ സം നിശ്ചയിച്ചിരീക്കുന്നു. ഇന്നെല്ലങ്കിൽ നാളെ.

 ഇന്നാലില്ലാ ഒഇന്നാ ഇലൈ റാജീയൂൻ. ലാകുവ്വത്ത് ഇല്ലാബില്ലാ. അള്ളാഹുമ്മഖ്ഫർലഹൂ വർഹംഹൂ.

ഇല്യാസിനെ ഓർക്കുമ്പോൾ ..... / അസീസ് പട്‌ല

ഇല്യാസിനെ ഓർക്കുമ്പോൾ ...


اللهم اغفرله وارحمه وادخله فى جنات الفردوس الأعلى يا رب.. آمين



“നിരര്‍ത്ഥകമെന്നരിഞ്ഞിരിക്കിലും,
എന്നാകുലത, നിന്‍ മൃത്യുവില്‍
രുചിക്കപ്പെടുമെന്നിരിക്കെ,
എന്നാത്മാവും
എങ്കിലും, നിന്‍ വിയോഗം
അടങ്ങാ ദു:ഖമായ് വിങ്ങിപ്പോട്ടുമ്പോഴും,
പൊഴിക്കുന്നു... പ്രാര്‍ഥനാ നിര്‍ഭരം,
ഒരായിരം മിഴിനീര്‍ പൂക്കള്‍....”


1986-87 കാലഘട്ടം, ബൂട്നിവാസികള്‍ ഒട്ടുമിക്കവരും ഞങ്ങളുടെ തറവാടുവീട്ടുമുമ്പിലെ നടപ്പാതയിലൂടെ രാത്ര ചെയ്തിരുന്ന കാലം, യാത്രക്കാരില്‍ ഉമ്മയെ (الله يرحمه  ) പരിചയമുള്ള കുടുംബിനികള്‍ അവര്‍ തമ്മില്‍ സംസാരിക്കുക പതിവായിരുന്നു.

ആറോ...ഏഴോ.. വയസ്സുള്ള വൃത്തിയായി മുടി ചീകി ചുറുചുറുക്കുള്ള ഒരു ബാലന്‍, ആരിലും ആകൃഷ്ടനാകും., കുട്ടിയുടെ ഉമ്മയുടെ കൂടെ കണ്ടു, ഞാനും ജ്യേഷ്ടന്‍ ഹമീദിച്ചയും മുറ്റത്ത്‌ വൈകോല്‍ നിരത്തുകയായിരുന്നു, എന്‍റെ ഉമ്മയോടുള്ള സംസാരത്തില്‍ മനസ്സിലായി മധൂരിലെ കുട്ടിയുടെ ഉമ്മാന്‍റെ വീടിലേക്ക്‌ പോകുകയയാണ്. അവര്‍,  നടന്നകന്നപ്പോള്‍  ഉമ്മ പറഞ്ഞു” അത് പോക്കുച്ചാന്‍റെ കുടുംബം.”

പിന്നീടാ കുട്ടിയെ ഒറ്റയ്ക്ക് കണ്ടപ്പോള്‍ ഞാന്‍ കൌതുകത്തോടെ പേര് ചോദിച്ചു, “ഇല്യാസ്”, കുട്ടി നടന്നു കൊണ്ട് പറഞ്ഞു, ഇത് കേട്ട ഹമിദ്ച്ചാ തലയുയര്‍ത്തി നോക്കി, കുട്ടി കണ്ണില്‍ നിന്നും മറഞ്ഞു...........
ഇല്യാസ് എന്ന പേര് എന്നെ സംബന്ധിച്ചട്ത്തോളം പുതീയതായിരുന്നു, അത് കൊണ്ട് തെന്നെ കൌതുകവും കൂടി...

പിന്നീട് കുട്ടിയെ കാണുമ്പോഴൊക്കെ ഹമീദ്ച്ച ഉച്ചത്തില്‍ പറയും “ഇല്യാസ് താനവി”, കുട്ടി ഇണക്കത്തോടെ, ചിരിച്ചു കൊണ്ട്  അയല്‍വാസി ഔക്കുച്ചാന്‍റെ വീട് വരെ ഓടും, വളവിലെത്തിയാല്‍ തിരിഞ്ഞുനോക്കും, മറയുന്നത് വരെ ഞാന്‍ നോക്കി നില്‍ക്കും.. പിന്നീടാണറിഞ്ഞത് “ഇല്യാസ് താനവി” എന്നത് ഒരു പണ്ഡിതന്‍റെ പേരായിരുന്നുവെന്ന്.,

അന്ന് കണ്ടാതാ.. പിന്നീട്. പിന്നീട്.. ഒരിക്കലും ഞാന്‍ ആ മുഖം കണ്ടിട്ടില്ല........

ഡിസംബര്‍ 15 നു വ്യാഴാഴ്ച രാവിലെ 10:12AM  റഹീം അരമനയുടെ ടെക്സ്റ്റും,  ഉസ്മാന്‍റെ വിറയാര്‍ന്ന അവ്യക്ത സ്വരവും, നാസിര്‍ വെളിപ്പെടുത്തിയതിനെ ഗദ്ഗദത്തോടെ സ്ഥിരീകരിച്ച മജീദിന്‍റെ വിങ്ങിപ്പോട്ടലും എന്നെ വല്ലാതെ തളര്‍ത്തി...ഒരിക്കല്‍ കൂടി കാണാന്‍ കഴിഞ്ഞില്ലല്ലോ?!

ഇപ്പോള്‍ തോന്നുന്നു, കാണാത്തത് നന്നായി...... ആ പുഞ്ചിരിക്കുന്ന നിഷ്കളങ്ക മുഖം എന്നും എന്‍റെ മനസ്സില്‍ മായാതെ മങ്ങാതെ നില്‍ക്കും, പ്രാര്‍ത്ഥനയിലും...

അല്ലാഹുവേ..... ഇല്യസിന്‍റെ ഖബറിടം നീ സ്വര്‍ഗ്ഗപ്പൂന്തോപ്പാക്കി ക്കൊടുക്കണേ നാഥാ.. മതാപിതാക്കള്‍ക്കും ഭാര്യ സന്താനങ്ങള്‍ക്കും ക്ഷമിക്കാനുള്ള കരുത്തും, ഈമാനിന്‍റെ ശക്തിയും വര്‍ദ്ധിപ്പിക്കെണേ  തമ്പുരാനെ.. ഞങ്ങള്‍ക്കും.  آمين

😔

tva

ഇല്യാസ് വിട പറഞ്ഞു / സലീം പട് ല


ഇല്യാസ് വിട പറഞ്ഞു


ഞങ്ങളുടെ കളി കൂട്ടുക്കാരനായിരുന്ന പ്രിയപ്പെട്ട ഇല്യാസിന്റെ വേർപാട് നടുക്കത്തോടെയാണ് ഞങ്ങൾ കേട്ടത്.


എങ്കിലും അല്ലാഹുവിന്റെ അലംഘനീയമായ വിധിക്ക് എല്ലാവരും ഒരുനാൾ കീഴടങ്ങേണ്ടി വരും എന്നുള്ള സത്യം,
ഇന്ന് ഇല്യാസെങ്കിൽ വഴിയെ  നമ്മളും......





( كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ۗ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ ۖ فَمَن زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ ۗ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ )


ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്‌. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല.
آل عمران (185) Aal-Imran


ഒന്നാം ക്ലാസു മുതൽ നാലാം ക്ലാസ് വരെ പട്ട്ള സ്കൂളിൽ ബി ക്ലാസിൽ ഞങ്ങളൊന്നിച്ചായിരുന്നു .
പിന്നെ എപ്പോഴാണ് അവൻ ക്ലാസ് മാറിയതെന്ന് , പൈലായതോ അതല്ല എ ക്ലാസിലായതോ എന്ന് കൃത്യമായി ഓർക്കുന്നില്ല.
ഞാനും, പി കെ റസാക്ക് ,റഫീക്ക്, റൗഫ് കൊല്യ ,അസീസ് കൊല്യ, മജീദ് കൊല്യ, ഖാദർ, മൊയ്ദിഞ്ഞി, അശ്റഫ് , എം എസ് ശരീഫ്, ബാപ്പിഞ്ഞി(കുട്ടിച്ചാന്റെ പുളളിയാണ് മൂന്നാംക്ലാസ് വരെ ഞങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരു സുഹൃത്ത് ഇന്ന് എവിടെയെന്നറിയില്ല) ആമദ്ഞ്ഞി, സമീർ പതിക്കാൽ,  ഹാരിസ് പതിക്കാൽ ,മുത്തലിബ്.....അങ്ങനെ ഞങ്ങൾ ഒന്നാം ക്ലാസ് മുതൽ  ഒന്നിച്ചായിരുന്നു.
ബിഎംപട്ട്ളയും ചൗക്കി മുസ്തഫയൊക്കെ രണ്ടിലേക്കും മൂന്നിലേക്കും ഞങ്ങളുടെ ക്ലാസിൽചേർന്നവരാണ്.


എല്ലാ വർഷവും ഫോട്ടോഗ്രാഫർ വന്ന് ഗ്രൂപ് ഫോട്ടോ കൃത്യമായി എടുക്കുമെന്നാല്ലാതെ
ഒന്നോ രണ്ടോ പേരൊഴിച്ച് ആരും പൈസ കൊടുത്ത് വാങ്ങാറുണ്ടായിരുന്നില്ല.
അതിനാൽ എല്ലാവരുടെയും പേരുകൾ ഓർമയിലെത്തുന്നില്ല.


വെളളത്തുണിയോ കളളിത്തുണിയോ ഉടുത്ത് ആണ് ഭൂരിഭാഗം കുട്ടികളും അന്ന് സ്കൂളിൽ വന്നിരുന്നെതെങ്കിൽ ഇല്യാസ് നല്ല പാന്റ് ധരിച്ച് വൃത്തിയിലായിലായിരുന്നു സ്കൂളിലെത്തിയിരുന്നത്.
ആരോടും തല്ലാക്കാതെ ആരെയും കുര്ത്തക്കട് ആക്കാത്ത ഇല്യാസി നോട് അധ്യാപകർക്കും കൂട്ടുക്കാർക്കും വല്യ സ്നേഹമായിരുന്നു. അത് പോലെ അവന് ഞങ്ങളോടും.
ഡിസ്ക്കോ പാക്ക് എന്ന് ഞങ്ങൾ പണ്ട് വിളിച്ചിരുന്ന ബട്ടണുള്ള സ്കൂൾ ബാഗ് ഇട്ടു കൊണ്ട് കയറ്റത്തിലൂടെ നടന്ന് വരുന്ന പഴയ ഇല്യാസിന്റെ ചിത്രം ഇപ്പോഴും മനസ്സിൽ നിന്ന് മായുന്നില്ല.



പട്ള സ്കൂളിലെ  നടുവിലുള്ള  സി ആകൃതിയിലുള്ള പഴയ കെട്ടിടത്തിലെ ഒന്നാം ക്ലാസും കൂട്ടുകാരും,
സ്കൂളിന്റെ ഓടുകളിൽ നിന്ന് ഇറ്റി വീഴുന്ന മഴത്തുള്ളികളോടു കിന്നാരം പറഞ്ഞും കടലാസ് തോണികളെറിഞ്ഞും, കൂട്ടുക്കാർ മഴയിലേക്ക് ഉന്തിയിടുമ്പോൾ മഴ നനഞ്ഞ് ഓടി കയറിയുമുള്ള
മഴക്കാല ഓർമ്മകൾ,


മാഷ് ക്ലാസെടുക്കുമ്പോൾ അതിൽ ശ്രദ്ധിക്കാതെ
,കളിക്കാനൾക്കിയതിന്റെയും അവുത്തേക്കൾക്കിയതിന്റെയും ബെല്ലടി കേൾക്കാൻ കാതുകൂർപ്പിച്ചിരുന്ന,ആ നിഷ്കളങ്ക ബാല്യത്തിന്റെ സ്മരണകൾ.


അവിടെയെല്ലാം ഇല്യാസിന്റെ പുഞ്ചിരിക്കുന്ന മുഖം വ്യക്തമായി കാണുന്നു.


കബഡിയും
കള്ളനും പോലീസും
അപ്പച്ചെണ്ടും കുട്ടിംദാണെയും ഗോരിയും കളിച്ചതും
ബോക്സ് കൊണ്ട് ക്ലാസിൽ ബസ്സാക്കി കളിച്ചതും ....
കുഞ്ഞിബെക്ക്ന്നെ ചപ്പലെ ബുക്കിന്റെ ഉള്ളിൽ വെച്ചതും.....
ഒരു ബെഞ്ചിലെ എട്ട് പേർ രണ്ട് പാർട്ടിയാക്കി പരസ്പരം ബലം പ്രയോഗിച്ച് തള്ളി മറ്റവന്റെ സ്ഥലം പിടിച്ചടക്കിയതും ....
എ ക്കാറും ബീക്കാറും തമ്മിലുള്ള തല്ലും....
ചൊടിക്കലും പെട്ടെന്ന് റാജിയാവലും.......
ഗൃഹാതുരത്വം നിറഞ്ഞ പഴയ എൽപി  സ്കൂൾ അനുഭവത്തിന്റെ ഓരോ താളുകളിലും ഇല്യാസുണ്ട്.




ഞങ്ങളോട് വിടപറഞ്ഞ ബാല്യകാല സുഹൃത്തുക്കളിൽ ആറാമനാണ്
ഇല്യാസ്.


ഹാരിസ് (നീരാൽ കരീമിന്റെയും ഇക്കൂന്റെയും ഇച്ച )


ബഷീർ (എന്റെ എളേപ്പാന്റെ മകൻ)


സമദ് (അബ്ബാസിന്റെയും ബദ്റു വിന്റെയും സഹോദരൻ )


ഹാരിസ് (ആസിഫിന്റെ ഇച്ച )


ബദ്റു ( ബി എസ് ടി ഔക്കൻച്ചാന്റെ പഴയ വീട്ടിൽ താമസിച്ചിരുന്ന)


ഇവരൊക്കെ വിടരുന്നതിന് മുമ്പ് പൊഴിഞ്ഞു പോയ ഞങ്ങളുടെ കളി കൂട്ടുക്കാരാണ്.


രണ്ട് വർഷം മുമ്പാണ് ഇല്യാസിനെ അവസാനമായി മധൂറിൽ വെച്ച് കാണുന്നത്. വണ്ടി നിർത്തി കുറെ സമയം സംസാരിക്കുകയും ബാല്യകാല ഓർമകൾ പുതുക്കുകയും ചെയ്തിരുന്നു.
പഴയ സ്നേഹവും സൗഹൃദവും എന്നും കാത്തു സൂക്ഷിക്കാൻ ഇല്യാസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.


എല്ലാവരോടും വിനയത്തോടും പുഞ്ചിരിച്ച് കൊണ്ടും മാത്രം അഭിമുഖീകരിക്കുന്ന,
വിവാദങ്ങളിലും ബഹളങ്ങളിലുമൊന്നുമിടപെടാതെ
മിതഭാഷിയായ, കുടുംബക്കാർക്കും നാട്ടുക്കാർക്കും ഏറെ പ്രിയപ്പെട്ടവനായ ഇല്യാസിന്റെ വിയോഗം നാടിനെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.


കരുണാനിധിയായ ഞങ്ങളുടെ
രക്ഷിതാവേ നീ തിരിച്ച് വിളിച്ച ഞങ്ങളുടെ സഹോദരന് നീ മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കണമേ


അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കും കുടുംബത്തിനും ക്ഷമിക്കാനുള്ള കരുത്ത് നൽകേണമേ.....


ഞങ്ങളെയും ഞങ്ങളിൽ നിന്ന്  മരിച്ചു പോയ എല്ലാവർക്കും നീ സ്വർഗം പ്രദാനം ചെയ്യണമേ


ആമീൻ


സലീം പട് ല

കുട്ടികൾക്ക് പരീക്ഷ മറ്റന്നാൾ തുടങ്ങും; ഉച്ചഭാഷിണിക്ക് നിയന്ത്രണമൊക്കെ വേണ്ടേ? / അസ്ലം മാവില

കുട്ടികൾക്ക് പരീക്ഷ മറ്റന്നാൾ തുടങ്ങും;
ഉച്ചഭാഷിണിക്ക് നിയന്ത്രണമൊക്കെ വേണ്ടേ?
.................:.......
അസ്ലം മാവില
.........................
Post in RT on 06th December 2016

തലക്കെട്ട് വായിച്ചല്ലോ. ആരെങ്കിലും ഒരാൾ പറയുമെന്ന് കരുതി. പറഞ്ഞില്ല. എനിക്കിത് പറഞ്ഞേ തീരൂ.  ഓണ പരീക്ഷയ്ക്കും സമാനമായ ഒരു കുറിപ്പ് ഞാൻ എഴുതിയിരുന്നു. അത് ഒരു ഓൺലൈൻ പത്രത്തിൽ പ്രസിദ്ധം ചെയ്തിരുന്നു. അതിപ്പോഴും RTPEN ബ്ലോഗിൽ കാണും.

 സ്കൂളിൽപോക്കും പിന്നെ കളിയും കഴിഞ്ഞ്
 കുട്ടികളെ രക്ഷിതാക്കൾക്ക് കിട്ടുന്ന സമയമാണ് വൈകുന്നേരം ആറര മുതൽ പത്ത് വരെ. മക്കൾ പഠിക്കാനായി ഇരിക്കുന്ന സമയം. അതിനിടയിൽ കുളി,  പ്രാർത്ഥന, രാത്രി ഭക്ഷണം, പിറ്റേ ദിവസത്തേക്കുള്ള ഒരുക്കം. ബാക്കി എത്ര സമയം കിട്ടും? ആ സമയമാണ് കുട്ടികൾ പരീക്ഷയ്ക്ക് പഴയ പാഠഭാഗങ്ങൾ ഒന്ന് മറിച്ച് നോക്കാൻ കിട്ടുക .  അങ്ങിനെ നുള്ളിപ്പെറുക്കിക്കിട്ടുന്ന  സമയത്ത്,  മുക്കിന് മുക്ക് മൈക്ക് ഓണാക്കി പ്രോഗ്രാമുകൾ, അതെന്തായാലും, നടത്തുന്നത് ശരിയാണോ ? പരീക്ഷാ സമയത്തെങ്കിലും അമ്മാതിരി ഏർപ്പാട് ഒഴിവാക്കുമെന്ന് ഞാൻ വിശ്വസിച്ചോ ട്ടേ ?


പഠിക്കാനിരിക്കുന്ന ചെറിയ കുട്ടികൾക്ക് ഇത് മുതിർന്നവരോട് പറയാൻ പറ്റുമോ ? ഇല്ലല്ലോ . മുതിർന്നവർക്ക് തന്നെ ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്താൻ പറ്റുമോ ? അതുമില്ല. അവനവൻ സജിവiമായ സംഘങ്ങളിലും സംഘടനകളിലും മുൻ ബഞ്ചിലിരുന്ന് പറയാനുള്ള ധൈര്യം ഓരോരുത്തർക്കുമുണ്ടാകണം. നിങ്ങൾ ഇല്ലെങ്കിൽ അവിടെ സംഘമില്ല.

 ചെറിയ ഗ്രാമങ്ങളിൽ തലങ്ങും വിലങ്ങും രാത്രികാലങ്ങളിൽ ഉപദേശിക്കുന്നതായാലും കളിയുടെ ദൃക്സാക്ഷി വിവരണം പറയുന്നതാലും മറ്റെ ന്തായാലും കട്ടായം നൂറ് വട്ടം,  മുമ്പിൽ വന്നിരിക്കുന്നവരേ അതൊക്കെ കേൾക്കൂ. അല്ലാത്തവർക്ക് മണിക്കൂറുകൾ നടക്കുന്ന അത് വെറും ഒച്ച മാത്രം. അയൽപ്പക്കക്കാരും അകലെയുള്ളവരുമൊക്കെ ഇപ്പറഞ്ഞത് മുയ്മൻ ചെവികൊടുത്ത്‌ കേട്ട് വിജ്യംഭിതരാകുമെന്ന് കരുതിന്നിടത്തോളം പോയത്തവുമില്ല . അത്കൊണ്ട് ശബ്ദം കുറക്കുന്നത് പൊതുവെ നല്ലതാണ്.

ആയിരത്തിച്ചില്ലാനം വരുന്ന വിദ്യാർത്ഥികളുടെ പക്ഷത്താണ് ഞാൻ. അത് കൊണ്ടാണ് ഇത്രയും എഴുതിയത്. ഉത്തരവാദപ്പെട്ട ഒരാളെങ്കിലും വായിച്ച് ഇത്തരം "ഒച്ചയും ബിളിയും" ഒഴിവാക്കാൻ മനസ്സ് വെച്ചാൽ.....

പരീക്ഷയ്ക്ക് മുന്നോടിയായുള്ള ദിവസങ്ങളിലെങ്കിലും ദയവും ഇളവും ഉണ്ടാകണം. വൈകുന്നേരം 4 മുതൽ ' 6 വരെ മൈക്ക് കെട്ടി പറഞ്ഞാൽ പിന്നെയും സഹിക്കാം . മറിച്ചെങ്കിൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മക്കൾ പ്രാകും. ചെവിക്കല്ല് പൊട്ടി വീടുകളിൽ വെപ്രാളപ്പെടുന്ന വയസ്സന്മാർ ശപിക്കും.

ഗ്രാമചന്തകൾ; സ്വാപ് മേളകൾ /അസ്ലം മാവില

ഗ്രാമചന്തകൾ;
സ്വാപ് മേളകൾ
..............................

അസ്ലം മാവില
..........................

ചിലതൊക്കെ സാഹചര്യങ്ങൾ നമ്മെക്കൊണ്ട് ചെയ്യിപ്പിക്കും. അങ്ങിനെയാണല്ലോ ഒരടിയന്തിര ഘട്ടം വന്നപ്പോൾ ഒരു പാട് വെയിൽ കൊണ്ട് ക്യൂ നിൽക്കേണ്ടി വന്നത്.

ചിലതൊക്കെ ചെയ്യാൻ നാം മുൻകൈ എടുത്ത് സാഹചര്യം ഉണ്ടാക്കണം. അതിനുള്ള പരിസരമൊരുക്കാൻ കുറച്ച് മെനക്കെടണം .

നമുക്ക് ആവശ്യമില്ലാത്ത ഒരു പാട് വസ്തുക്കൾ നമ്മുടെ വീട്ടിലുണ്ട്. ഉപയോഗിച്ചത്, ഉപയോഗിച്ചത് പോലെയാക്കി തിരിച്ച് വെച്ചത് , കൂടുതൽ ഉപയോഗിക്കാൻ പറ്റാതെ മറന്ന് പോയത്, ഒരിക്കൽ പോലും ഉപയോഗിക്കാതെ അങ്ങിനെ തന്നെ വാങ്ങി വെച്ചേടത്ത് ഉള്ത്.

ഇത് എന്ത് ചെയ്യണം ? ആര് വാങ്ങും ? വെറുതെ കൊടുത്താൽ സ്വീകരിക്കുമോ ? വെറുതെ വാങ്ങാൻ മടിയുള്ളവർ പേരിനൊരു മൂല്യം നിശ്ചയിച്ചാൽ കയ്യോടെ വാങ്ങുമോ ?

ഇതൊക്കെ നമ്മുടെ നാട്ടിൻ പ്രദേശങ്ങളിൽ ചർച്ചയാകണം.  സർക്കാറും തദ്ദേശസ്ഥാപനങ്ങളും ഈ വിഷയം ചർച്ച ചെയ്യുന്നുണ്ട് . നമുക്ക് ഉപയോഗമില്ലാത്തത് മറ്റുള്ളവർക്ക് പുനരുപയോഗിക്കാൻ . അവർക്ക് വേണ്ടാത്തത് നമുക്ക് ഇങ്ങോട്ട് വാങ്ങി ഉപയോഗിക്കാൻ . അങ്ങിനെ കൈമാറ്റം ചെയ്യാൻ ഒരിടം.  സ്വാപ് മേളകൾ. കളയാൻ വെച്ച യൂസ്ഡ് വസ്തുക്കൾ മറ്റൊരാൾക്ക് ഉപയോഗപ്രദമാക്കുന്ന "കൊണ്ട് കൊടുക്കലി"ന്റെ മേള.

ഇതി ന്റെ കൂട്ടത്തിൽ തന്നെ ഒരു ആഴ്ച ചന്തയെ കുറിച്ചും ആലോചിക്കാം. രണ്ട് മൂന്ന് മണിക്കൂർ മാത്രം. എല്ലാ ഞായറാഴ്ചയും. ഒരു ഒഴിഞ്ഞ സ്ഥലം. ആളുകൾ  എളുപ്പത്തിൽ എത്താൻ ആക്സസ് ഉളള സ്റ്റലം.

വീട്ടിൽ നട്ട പച്ചക്കറി കൾ.  വാഴക്കുലകൾ. പേരക്ക മുതൽ സപ്പോട്ട വരെ മുറ്റത്ത് കായ്ച്ചത് ,  വീട്ടുകാരികൾ ഉണ്ടാക്കിയ പലഹാരങ്ങൾ. അച്ചാറ് - ഉപ്പേരികൾ. നാട്ടുവൈദ്യം.പച്ച മരുന്ന് ചെടികൾ. കരകൗശല വസ്തുക്കൾ . ആട്, കാട, കോഴികൾ അടക്കം ഒരു ചെറിയ "സന്ത''ക്കുള്ളത് എന്തും അവിടെ വിൽക്കാമല്ലോ .

എല്ലാത്തിനും ഒരു വിംഗ് ആവശ്യമാണ്. നടത്തിപ്പിന് . വാർഡ് അംഗങ്ങൾ അവരവരുടെ ലൊക്കാലിറ്റിയിൽ ഇതിന് മുൻ കൈ എടുത്താൽ വർക്ക് ഔട്ട് ആകും. ആദ്യം പറഞ്ഞ സ്വാപ് മേളയും രണ്ടാമത് സൂചിപ്പിച്ച  സൺഡേ മാർക്കറ്റും ഒന്നിച്ച് നടക്കും.

ഒന്നാലോചിക്കെന്നേയ്. ആയാൽ ഒരു കോഴി,
പോയാൽ ........

Tuesday 20 December 2016

മിനിക്കഥ /ചാരുത/ അസീസ് ടി.വി. പട്ള

മിനിക്കഥ


ചാരുത
〰〰〰

വെക്കേഷനു നാട്ടില്‍ വന്ന അയാള്‍ പൊടുന്നനെ തിമിര്‍ത്തു പെയ്യുന്ന  തുലാമാസ മഴയെ,  കൈയ്യിലുള്ള പുസ്തകത്തെ കക്ഷത്ത്‌ ഇറുക്കി വെച്ച് തെക്കിനിയിലെ നനുത്ത ജനാലക്കമ്പികളില്‍ അമര്ത്തിപ്പിടിച്ചു മനസ്സ് നിറയെ ആസ്വദിച്ചു, ചുഴി പരുവത്തില്‍ ആഞ്ഞടിച്ച കാറ്റില്‍ അയാള്‍ കോരിത്തരിച്ചു,  തണുപ്പിന്‍റെ  ആര്‍ദ്രതയില്‍ ചുടുനിശ്വാസം ആവി പടര്‍ത്തി.

കഷ്ടിച്ച് കാണാന്‍ പാകത്തില്‍ തൊടിയിലെ പേരമരചില്ലയില്‍ ഒരു കാക്ക ഘോര ഘോരം തൊണ്ട പൊട്ടിക്കുന്നു, അയാളുടെ മനസ്സ് പോലെ ശരീരവും ശാന്തതയില്‍ നിമഞ്ജിതനായി., കയ്യിലിരുന്ന  പുതു പുസ്തകത്തിന്‍റെ ഗന്ധം അയാളെ മൂന്നര പതിറ്റാണ്ട് പിന്നിട്ട സ്കൂള്‍ അങ്കണത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി, തന്‍റെ  ബോധമണ്ഡലത്തില്‍ തത്തിക്കളിക്കുന്ന ഓര്‍മ്മകളുടെ നിറക്കൂട്ടുകള്‍ ആനന്ദനൃത്തം ചവിട്ടി, ഇപ്പോള്‍ അയാള്‍ക്ക്‌ എല്ലാവരെയും കാണാം.. ക്ലാസ്മുറിയില്‍ ചില വിശയങ്ങളില്‍ അദ്ധ്യാപകരില്‍ നിന്ന് ചോദ്യത്തിന് വേണ്ടി കാത്തിരുന്ന നിമിഷം, ആര്‍ക്കും കിട്ടാത്ത ഉത്തരം തന്നില്‍ നിന്നും കേട്ട അദ്ധ്യാപകന്‍ “മിടുക്കന്‍” എന്നുരുവിടുമ്പോള്‍ മുന്‍പത്തെ ബെഞ്ചില്‍ നിന്നും ക്ലാസ്സിലെ ഒന്നാം റാങ്കുകാരിയടക്കമുള്ള പെണ്‍കുട്ടികളുടെ അസൂയാവഹമായ നോട്ടം, ഇല്ല...... ഒന്നും മറന്നിട്ടില്ല..... ദൈവമേ.......... എനിക്കാ കാലം തിരിച്ചു കിട്ടുമോ?!

പിന്നില്‍ നിന്നും ഭാര്യയുടെ സ്പര്‍ശനം അയാളെ  സ്ഥലകാല ബോധവാനാക്കി...


അസീസ് ടി.വി. പട്ള

മാറ്റം / സമദ് പട്‌ല

മാറ്റം


വീടിനെക്കാളും കേമമായി ചുറ്റുമതിൽ പണിഞ്ഞു സ്വസ്ഥരാവുന്നൊരു  കാലത്ത്‌ അടുത്ത വീട്ടിലൊരാൾ പട്ടിണി കിടന്നു മരിച്ചാലും ആരുമറിയാതെ പോകുന്നതിൽ  എന്തിനാണ് അമ്പരക്കുന്നത്.

ഓരോ വീട്ടുവളപ്പിൽ നിന്നും അടുത്ത വീട്ടിലേക്ക് ചവിട്ടടിപ്പാതകൾ മണ്ണിൽ തഴമ്പിച്ചു കിടന്നൊരു   കാലമുണ്ടായിരുന്നു.

അയൽവീട്ടിലേക്ക്  ഓടിപ്പോയി, ഇച്ചിരി തീയ്...  ലേശം ചായപ്പൊടി ...കണ്ണിലുറ്റിക്കാൻ ഇത്തിരി മുലപ്പാല്.....

ആ വഴികൾ ഓരോ വീട്ടുമുറ്റങ്ങളെയും ചുറ്റി ഓരോ പറമ്പുകളും കടന്ന്..... ഇടവഴികൾക്കു മേൽ തെങ്ങിൻതടി കൊണ്ട് പാലമായി മുറിയാതെ നിർത്തി  നാട് മുഴുവൻ നീണ്ടു കിടന്നു.

 ഏതൊരു അടിയന്തരത്തിനും അരി പെറുക്കാനും പന്തലിടാനും ക്ഷണിക്കാൻ വിട്ടുപോയാൽ പരിഭവിക്കുന്ന  അയൽക്കാരുടെ കാലം.

'എടവലക്കാർ' അറിയാതെ ആർക്കും  ജീവിക്കാനും മരിക്കാനും കഴിയില്ലായിരുന്നു.  സങ്കടങ്ങളിലേക്കും സന്തോഷങ്ങളിലേക്കും പാഞ്ഞെത്തുന്ന അയല്പക്കങ്ങളുടെ കാലം.

ആരും പഠിപ്പിച്ചു കൊടുത്തതായിരുന്നില്ല അതൊന്നും. മനുഷ്യനെ സ്നേഹിക്കാൻ മതവും ജാതിയും തടസ്സമായിരുന്നില്ല. അപരനോട് എങ്ങനെ പെരുമാറണം എന്ന് പഠിക്കാൻ മതഗ്രന്ഥങ്ങൾ തിരയുകയോ വ്യക്തിത്വ വികസന ക്‌ളാസുകളിൽ പങ്കെടുക്കുകയോ വേണ്ടിയിരുന്നില്ല.

ചെവിയിൽ ഇയർഫോൺ തിരുകി മൊബൈലിൽ കണ്ണ്നട്ട് ചുറ്റുപാടുകളിൽ നിന്നും ഒളിച്ചോടിയ ഞാനും നിങ്ങളും നിലം തൊടാതെ  തിരക്കിട്ട്  പറന്നു കൊണ്ട് ഓരോ വാർത്ത കേൾക്കുമ്പോഴും  വെറുതെ ആശ്ചര്യപ്പെടുകയാണ്.

 മനസ്സിന് മുന്നിൽ 'അന്യർക്ക് പ്രവേശനമില്ല' എന്ന ബോർഡ് തൂക്കി സ്വസ്ഥരായ നമുക്ക് ഇതിലൊക്കെ ഖേദിക്കാൻ എന്തവകാശം...

ചിമ്മിനി / അദ്ധി പട്‌ല


വഴിയോര  ചിമ്മിനി  ( മണ്ണെണ്ണ ) വിളക്ക് എന്ന്  കേട്ടപ്പോൾ
പഴയ കാലത്ത് സ്ഥാപിച്ചിരുന്ന   വഴിയോര വിളക്ക് പട്ളയിലെ   ഒരു പ്രദേശത്തെ  ഇന്നും  ആ പേരിൽ അറിയപ്പെടുന്നുണ്ടോ
അതാണോ  ഈ  ( പട്ള നടുവിളക്ക് )  എന്ന്  അറിയപ്പെടുന്നത്  
പഴയ കാലത്ത്  ഏതൊക്കെ  സ്ഥലങ്ങളിലായിരുന്നു വിളക്ക് സ്ഥാപിച്ചിരുന്നത്
പട്ളയുടെ  ഹൃദയ ഭാഗമായിരുന്നോ  അന്നും ഇന്നും അറിയപ്പെടുന്ന  ഈ  ( നടുവിളക്ക് ) എന്ന്  അറിയപ്പെടുന്ന  സ്ഥലം

പണ്ട് നേർച്ചകൾ നേർന്നിരുന്നത്  ( ഉദ്ദേശ കാര്യം )
സാഫല്യമാകാൻ  ഇതിലേക്ക്  മണ്ണെണ്ണ സംഭാവന ചെയ്യുന്ന ( കത്തിക്കാൻ  )  കാലം ഉണ്ടായിരുന്നോ
പഴമക്കാർ പറയുന്നത്  കേട്ടിട്ടുണ്ട്  പള്ളിക്ക്  പ്രാർത്ഥനാലയങ്ങൾക്ക്  കത്തിക്കാൻ കൊടുത്തു ( ബെച്ചിന് )
ഇതിൽ വല്ല യാഥാർത്ഥ്യവുമുണ്ടോ
അതോ  കെട്ടുകഥയാണോ
ഈ കൂട്ടായ്മയിൽ  ആർക്കെങ്കിലും  ഇതിനെ പറ്റി
അറിവുണ്ടെങ്കിൽ   ഇതിന്റെ  ചരിത്രം അറിയാമായിരുന്നു .😊

പലരും പറയുന്നത്  ഞാനും കേട്ടിട്ടുണ്ട്  
അദ്ദി എഴുതിയതിലും ചോദിച്ചതിലും
എന്തെങ്കിലും  സാമ്യമുണ്ടോ  ??  ഈ കഥയുമായ്
കെട്ടുകഥ ( കത്തിക്കാൻ  ബെച്ചത് ) എന്നേ ഞാൻ പറയൂ 😊

കളിയാട്ടകാലം / റഊഫ് കൊല്യ & സാപ്

കളിയാട്ടകാലം

റഊഫ് കൊല്യ:

 അസ്‌ലം മാഷിന്റെ കുട്ടിക്കാല കുസൃതി കണ്ണുകൾ വായിച്ചപ്പോ പഴയകാലം ഓർക്കാത്തവരായി ആരും കാണില്ല പട്ട്ള ജംഗ്‌ഷൻ പതികാൽ കളിയാട്ടം അതിൽ പച്ചോലക്കിടി ,വലിയ തടപ്പകെട്ട് ,കുട്ടി സെയ്താൻ , പിന്നെ ദിക്കിന് പോന്നത് ദിക്കിന് പോയി തിരിച്ചു വരുന്നത് വൈകുന്നേരം സ്കൂൾ വിട്ട് പൊരക് പോകുന്ന  സമയം സെയ്ത്താന്റെ  മുന്നിൽപെടുമോ എന്ന് പേടിച്ചിട്ട്  പോകാറാണ് ഇന്ന് നേരെ മറിച്ചാണ്  റോഡിൽ ആള്ക്കാരെ കാണുമ്പോൾ സെയ്ത്താൻ വഴി മാറിപ്പോകും പിന്നെ കളിയാട്ടം ആയാൽ കവല സർക്കസ് ഉണ്ടാകുമായിരുന്നു ആറുമണി ആയാൽ മൈക്ക സെറ്റിലുടെ നല്ല ചലച്ചിത്ര ഗാനം ഒഴുകി എത്തും പിന്നെ അതിന് ഒത്ത സിനിമാറ്റിക് ഡാൻസും നാടോടി നിർത്തവും മരണ കുഴി .പിന്നെ ഈ സർക്കBസ് വരുമ്പോൾ സ്ഥിരം പെൺ വേഷം കെട്ടുന്നത് നമുടെ പട്ട്ള യിൽ ഉള്ള ഒരു വെക്തി ആയിരുന്നു അയാളുടെ ശരിക്കുള്ള പേര് എനിക് അറിയില്ല അന്തുക്ക മാമ എന്നാണ് എല്ലാവരും വിളിക്കാർ .

പിന്നെ പട്ട്ള ജംഗ്‌ഷൻ എത്തുമ്പോൾ ഉറഞ്ഞു തുള്ളിയ കൗസു അസ്‌ലം മാഷ് എഴുതി കൊടുത്ത കടിച്ചാൽ പൊട്ടാത്ത വാക്കുകൾ ആണോ വിളിച്ചു പറഞ്ഞത്..

_____________________________________________________

സാപ്  :

കളിയാട്ടകാലം* കുട്ടിക്കളികളുടെ കളിയരങ്ങായിരുന്നു.  ജാതിമത ചിന്തകൾക്കതീതമായി മനസ്സിൽ നന്മകൾ മാത്രം സൂക്ഷിച്ചിരുന്ന കുറെ നിഷ്കളങ്കരായ ഗ്രാമവാസികൾ.  പരസ്പരം കൊണ്ടും കൊടുത്തും ജീവിച്ചു.

അന്ന് ആഘോഷങ്ങൾക്ക് മതിലുകളില്ലായിരുന്നു. ആഘോഷങ്ങളും ആചാരങ്ങളും പരസ്പരം സഹകരിച്ചും അംഗീകരിച്ചും കൊണ്ടാടി.

ഇന്ന് ആഘോഷങ്ങൾക്ക് മാത്രമല്ല ചിന്തകൾക്ക് പോലും മതിലുകൾ തീർക്കുകയാണ്.

പോയകാലം തിരിച്ചു വരില്ല എങ്കിലും ആ നന്മകളുടെ ചെറിയൊരംശമെങ്കിലും നമുക്ക് തിരിച്ച് പിടിക്കാനാകണം.

ബാല്യകാല ഓർമ്മകളുടെ ചൂടുള്ള സോജി കൊണ്ടുള്ള സൽക്കാരത്തിന് നന്ദി.


കു.കാ.കു.ക..👍


ചെറുകഥ / അരുമ / അസീസ്‌ പട് ള

ചെറുകഥ..

“ അരുമ ”



അല്ലെങ്ങില്‍ തെന്നെ വൈകി, ഏഴു മണിക്കാ നിക്കാഹ്...

മെഡിക്കല്‍ ഷോപ്പിന്‍റെ ഷട്ടര്‍ പകുതി താഴ്ത്തി ലൈറ്റ് ഓഫ്‌ ചെയ്യാനൊരുങ്ങുമ്പോഴാ പിന്നില്‍ നിന്ന് ഒരു തോണ്ടയനക്കം..

“അസ്താലിന്‍” ഉണ്ടോ?,  എവിടെയും കിട്ടിയില്ല... മോള്‍ക്ക് ചുമ കൂടിയ വിവരം ഇപ്പോഴാ വീട്ടിന്നു വിളിച്ചു പറഞ്ഞത്”,


കലിപ്പ് മനസ്സിലമര്‍ത്തി “മോള്‍” എന്ന് കേട്ടതോടെ തിരിഞ്ഞു പോലും നോക്കാതെ ഷട്ടര്‍ മേല്‍പോട്ടേക്ക് ആഞ്ഞു തള്ളി, ജോലിക്കാരെല്ലാം പോയി, പരിചിത മരുന്നായതിനാല്‍ അധികം തപ്പാതെ ഒരെണ്ണം അയാളുടെ കയ്യില്‍ കൊടുത്തു

“കാശ് നാളെ വാങ്ങിക്കൊള്ളാം, അല്പം ധൃതിയുണ്ട്, അതാ..”

ഷട്ടറിന്നടിയിലൂടെ കയ്യിട്ടു ലൈറ്റ് ഓഫാക്കുന്നതിനിടയില്‍ കഴുത്ത് തിരിച്ചു അയാളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..

അയാള്‍ കൃതാര്‍ത്ഥനായി നോക്കി നിന്നു, പൂട്ട്‌ ഒന്ന് കൂടി വലിച്ചുറപ്പു വരുത്തി താക്കോല്‍കൂട്ടം കയ്യിലേന്തി കാറിനെ ലക്‌ഷ്യം വച്ചു.......

സമയം ഒമ്പതര... വീട്ടിലെത്താന്‍ എന്നത്തേതിലും വൈകി, കാര്‍ പോര്‍ച്ചില്‍ നിര്‍ത്തി, കോളിംഗ് ബെല്ലടിച്ചു...ഭാര്യ വാതില്‍ തുറക്കുന്നു..

സലാം പറഞ്ഞു അകത്തു കടന്നയുടനെ അയാള്‍ ചോദിച്ചു

“എവിടെ?, അവള്‍ ഉറങ്ങിയോ....?!”

വാതിലടച്ചു കുറ്റിയിടുന്നതിനിടയില്‍ തിരഞ്ഞു കൊണ്ട് ചോദിച്ചു

“മണി എത്രയായീന്നാ വിചാരം?”, കോളേജിന്ന് വരുമ്പോഴേ അവള്‍ക്ക് തലവേദനയായിരുന്നു, കുറച്ചു വായിച്ചു.. അവിടത്തെന്നെ കിടന്നുറങ്ങി”

“ഞാന്‍ വൈകിട്ട് വിളിച്ചപ്പോള്‍ എന്നോടൊന്നും പറഞ്ഞില്ലല്ലോ?!”

“അതിനു... അവള്‍ എന്‍റെ കൂട്ടാ....ഹല്ലാതെ നിങ്ങളെപ്പോലെ ഖല്‍ബ് ഉറപ്പില്ലാതതല്ല”

നിന്നെ ഞാന്‍.........അയാള്‍ അടിക്കാന്‍ കൈ പോക്കുന്നു,

ഒളിച്ചു കളിയിലേര്‍പ്പെട്ട കുട്ടികളുടെ ചപല്യത്തോടെ ഓടി മാറി ..

ഭാര്യ ഒരു പ്രത്യേക തരക്കാരിയാ.... നല്ല തന്‍റെടി, കുറിക്കു ഉത്തരം കൊടുക്കും... അത് പോലെ സ്നേഹവും, അറേന്‍ജിട് മാര്യേജ് ആണെങ്കിലും ഫ്രണ്ട്സിനെപ്പോലെയാ.. നല്ല പ്രകൃതം, ഒരര്‍ഥത്തില്‍ അയാളുടെ ആത്മധൈര്യം അവള്‍ തെന്നെയാ.. മനസ്സ് നിറഞ്ഞു റബ്ബിനെ പല വട്ടം സ്തുതിച്ചിട്ടുണ്ട്, ഇവളെ സഹധര്‍മ്മിണിയായി കിട്ടിയതിനു.


ഡ്രസ്സ്‌ മാറി നേരെ മകളുടെ മുറിയില്‍ പോയി,

ലൈറ്റ് ഓഫ്‌ ചെയ്യാതെ വായിച്ച പുസ്തകം നെഞ്ചില്‍ കമഴ്ത്തിവച്ചു അലസമായി ഉറങ്ങുന്നു, അയാള്‍ പുസ്തകം മാറ്റി പുതപ്പു നേരെയാക്കി, ആ സ്നേഹവയ്പോടെയുള്ള  കരസ്പര്‍ശലാളനം അവളില്‍ ഉറങ്ങിക്കിടന്ന ബോധമണ്ഡലത്തെതൊട്ടുണര്‍ത്തി., പതിയെ മിഴികള്‍ തുറന്നു എഴുന്നേറ്റു.

“വേണ്ട.... മോളുറങ്ങിക്കോ, എങ്ങനെയുണ്ട് തലവേദന..?”

“ഇല്ല, ഇപ്പോള്‍ കുറവുണ്ട്....” അവള്‍ കിടക്കുന്നു, അയാള്‍ ലൈറ്റ് ഓഫ് ചെയ്തു ബെഡ്റൂമില്‍ ഇരുന്നു... രണ്ടു കയ്യും കിടക്കയിലൂന്നി ഓരോന്നാലോചിച്ചിരിക്കുന്ന ഭാര്താവിനോടവള്‍ ചോദിച്ചു

“ഭക്ഷണം എടുക്കട്ടെ?”,
“ഞാന്‍ നിക്കാഹിന്‍റെ വീട്ടിന്നു ലേശം കഴിച്ചു, മോള് കഴിച്ചിരുന്നോ?”
“മ്ഹും, കഴിച്ചു, ചപ്പാത്തിയായിരുന്നു”
“എത്രയെണ്ണം കഴിച്ചു?”

ആ ചോദ്യം അത്ര രസിച്ചില്ല, പതിവായതിനാല്‍ അടുത്ത ചോദ്യം എന്താണെന്നും അവള്‍ക്കറിയാം ഒന്നിച്ചിരുന്നേ കഴിക്കാറുള്ളു, മോളുറ ങ്ങിയാല്‍ ഇങ്ങനെയാ.., ഒറ്റമകള്‍, അതും ഒമ്പത് വര്‍ഷത്തിനു ശേഷം... എന്നാലും ഇങ്ങനെയുണ്ടോ ഒരു സൂക്ഷ്മത.. കേട്ടിച്ചയക്കെണ്ടാതല്ലേ? ആ സ്നേഹത്തിനു മുമ്പില്‍ ഒന്നും പുറത്തു കാണിക്കില്ല, സ്ഫടികം കൊണ്ട് കരിങ്കല്ലുടയ്ക്കുന്ന പ്രതീതിയോടെ എല്ലാം മയപ്പെത്തും..

തേച്ച ശേട്ടു ആന്ഗറില്‍ ഇടാതെ തിരിഞ്ഞു നിന്ന് കപ്പാട്ടില്‍ ചാരി അവള്‍ പറഞ്ഞു

“അടുത്ത ചോദ്യം വേണ്ട, മൂന്നു ചപ്പാത്തിയും ഞാന്‍ തെന്നെയാ ചൂടോടെ പൊട്ടിച്ചു കൊടുത്തത്, എല്ലാം കഴിച്ചിട്ടുണ്ട്”

അയാള്‍ വികാരവയ്പോടെ ഭാര്യയെ നോക്കുന്നു... ആ നോട്ടം അവളിലും ഒരു കരിനിഴല്‍ വീഴ്ത്തി... ശേട്ടു കപ്പാട്ടില്‍ കൊളുത്തി അടുത്തിരുന്നു

“എന്താ ഇക്കാ......വല്ലാണ്ട്?”

“ഹല്ലാ, ഷാനു ഡിഗ്രിക്ക്  ഫൈനല്‍ ഇയര്‍ അല്ലെ?, ഇവളുടെ കൂട്ട് തെന്നെയാ ഇന്ന് നിക്കാഹു കഴിഞ്ഞ കുട്ടി”

“അതിനിപ്പോ... ഡിഗ്രി കഴിഞ്ഞില്ലല്ലോ?”

“ കഴിഞ്ഞാല്‍... കെട്ടിക്കണ്ടേ?”

“പിന്നല്ലാണ്ട്, ഇവിടെത്തെന്നെ നിര്‍ത്താനാണോ?

“നമുക്ക് ഇവിടെ തെന്നെ താമസമാക്കുന്ന ഒരു പയ്യനെ കണ്ടെത്തിയാലോ, അവളെ കണ്ടോണ്ടിരിക്കാലോ?”

അവള്‍ ഉറക്കെ ചിരിച്ചു .....

“അതിനു കണ്ണൂര്‍ ഭാഗത്ത്‌ നിന്ന് നോക്കിയാ മതി, ഇവിടെതെന്നെ പൊറുത്തോളും... ഹും.. ഓരോന്നോര്‍ത്തു തല തിരിഞ്ഞെന്നാ തോന്നുന്നത്; ഉപ്പ വിളിച്ചിരുന്നു, നാളെ പോകുന്ന വഴിക്ക് കാണണമെന്നും പറഞ്ഞു”


“എന്നെയും വിളിച്ചിരുന്നു, ഷാനുന് ഒരാലോചനക്കാര്യമാ..”

അയാളുടെ അസ്വസ്ഥത കണ്ടു അവള്‍ സമാധാനിപ്പിച്ചു

“നിങ്ങള്‍ വിഷമിക്കണ്ട, ഉപ്പാനോട് ഡിഗ്രി കഴിഞ്ഞു നോക്കാമെന്ന് പറയാം”

കുറച്ചു കൂടി അടുത്തിരുന്നു സങ്കോചത്തോടെ  രണ്ടു കയ്യും പിടിച്ചു അവള്‍ പറഞ്ഞു

“ അവളെ കേട്ടിച്ചാലും, ഞാനില്ലേ നിങ്ങള്‍ക്ക് ..ഒരു നിഴല് പോലെ.....”

അയാള്‍ ഗദ്ഗദത്തോടെ മുറിഞ്ഞു .......... മുറിഞ്ഞു.. മുഴുമിച്ചു

“അതറിയാം........ പക്ഷെ... പക്ഷെ... നിനക്കാര്?”

അവളുടെ പിടുത്തം അയയുന്നു, കണ്ണുകളില്‍ ഇരുട്ട് കയറുന്നു.. തെന്നെക്കാളേറെ എന്നെ സ്നേഹിക്കുന്ന ഭര്‍ത്താവിനെ നോക്കി വായ് പൊത്തി പൊട്ടിക്കരഞ്ഞു..




അസീസ്‌ പട് ള

നാടിന്റെ പെരുമ / ചർച്ച / സാപ്, അദ്ധി പട്‌ല , മഹമൂദ് പട്‌ല

സാപ് :-

ചില ഒറ്റപ്പെട്ട  പ്രദേശത്തെ  ചൂണ്ടിക്കാണിച്ച്  ഒര് നാടിനെ തന്നെ വിലയിരുത്തണോ .??

പണ്ടൊക്കെകൃഷിയിടങ്ങളിൽ പ്രധാനമായും കാലാവസ്ഥക്കനുസരിച്ച് മൂന്ന് വിളകളാണ് കൃഷി ചെയ്തിരുന്നത്.

ആദ്യത്തെ വിളയെ (ഒന്നാം വിളയെന്നും) രണ്ടാമത്തെ വിള (നടുവിലെ വിളയെന്നും) അവസാനത്തെ വിള (മൂന്നാം വിളയെന്നും)  ആളുകൾ പറഞ്ഞു വന്നിരിക്കണം.

നടുവിലെ വിള മാത്രം കൃഷി ചെയ്തിരുന്ന കുറഞ്ഞ സ്ഥലത്തിന് സ്വാഭാവികമായും ആളുകൾ ആവർത്തിച്ചു പറഞ്ഞപ്പോൾ നട്വാൾക്ക് (നടുവിളക്ക്) ആയിരിക്കാനാണ് സാധ്യത!
അന്നൊക്കെ പട്ലയിലെ നല്ലൊരു ശതമാനം ഭൂപ്രദേശവും കൃഷി ഭൂമിയായിരുന്നല്ലോ.

നമ്മുടെ കുമ്പള, കാസർകോടൻ പ്രദേശങ്ങളുടെ സ്ഥലനാമ ചരിത്രം പ്രതിപാദിക്കുന്ന എച്ച്.എ മുഹമ്മദ് മാഷിന്റെ ഒരു ലേഖനം ഇയ്യിടെ വായിച്ചതോർക്കുന്നു. അതിൽ ബൂഡ്, അരമന തുടങ്ങിയ ചില പേരുകളുടെ ഉത്ഭവം കൃത്യമായി വിവരിക്കുന്നുണ്ട്.

അത് കൊണ്ട് നടുവിളക്കിന്റെ ചരിത്രം തേടി
വിളക്കും ചിമ്മിനിയും അന്വോഷിച്ച് പോകുന്നതിൽ അർത്ഥമില്ല എന്ന് തോന്നുന്നു.


*ഓഫ് സ്വിച്ച്* :  ഇത് എന്റെ ഒരു WILD GUESS മാത്രമാണ്.  ആധികാരികമല്ലാത്ത വെറും നിഗമനം.

___________________________________________________________________

അദ്ധി പട്‌ല :-

അസ്ലം മാഷ് പറഞ്ഞത് പോലെ
പട്ളയുടെ ( നമ്മുടെ നാടിന്റെ  ) പഴയ കാല ചരിത്രം
ആരെങ്കിലും   ഒരു ലേഖനം   ആഴ്ചയിലോ മാസങ്ങളിലോ ഇടവിട്ട്  കുറിച്ചിരുന്നെങ്കിൽ
ഇന്നത്തെ  തലമുറയ്ക്കും  ഇനി വരാൻ പോകുന്ന തലമുറയ്ക്കും  അറിയാൻ ( മനസ്സിലാക്കാൻ ) പറ്റുമായിരുന്നു    ആർ ,ടി ,പെൻ ബ്ലോഗിൽ   കൂടി

പട്ളയിൽ   വിദ്യാലയങ്ങുടെ സ്ഥാപിതം
  ആരാധനാലായങ്ങളുടെ  ,പള്ളികൾ ക്ഷേത്രങ്ങൾ ,
സംഘടനകൾ ,  ആദ്യം നിർമ്മിച്ച  പള്ളി ( മസ്ജിദ് )
അതാത് പ്രദേശങ്ങളുടെ  പേര്  ,ബൂഡ്  സ്രാമ്പി ,കുന്നിൽ , മൊഗർ , ഇങ്ങനെയൊക്കെയുള്ള  കാര്യങ്ങൾ  ,നാടിന്റെ  ചരിത്രം  , അവരവരുടെ  അറിവ്  ഒാർമ്മയിലുള്ള കാര്യം  വോയ്സായും ,നോട്ട്സായും  പറയുകയാണെങ്കിൽ   പിന്നീട്  യോജിപ്പിച്ച്   ബ്ലോഗിൽ  ഉൾപ്പെടുത്തിയാൽ
വരും തലമുയ്ക്കൊരു  ഉപകാരപ്പെടില്ലേ ??
എന്നാണ്  എനിക്ക്  തോന്നുന്നത് .

നമ്മുടെ നാടിന്റെ ചരിത്രം അറിയുന്നതും
 അത് എഴുതി വെക്കുന്നതും
എന്തു കൊണ്ടും നല്ലതാണ് .
_____________________________________________________________________

 മഹമൂദ് പട്‌ല :-

സാമൂഹിക സാംസ്കാരിക കാർഷിക മത രാഷ്ട്രീയ കായിക ചരിത്ര രേഖകൾ
തയ്യാറാക്കി ബ്ലോഗിലോ മറ്റു
രേഖപ്പെടുത്തുന്നത് വരും തലമുറക്ക്
നാടിനെ കുറിച്ച് ,
പിന്നിട്ട്‌ വന്ന വഴികളെ കുറിച്ച് ,
നാടിന്റെ വളർച്ചയിലും
അത് മൂലം ജനങ്ങളിൽ ഉണ്ടായ മാറ്റത്തെ
കുറിച്ചു മൊക്കെ പഠിക്കാൻ ,
അറിയാൻ വളരെ ഉപകാരപ്രതമാകും....

ചരിത്ര രേഖകൾ തയ്യാറാക്കാൻ സ്കൂൾ വിദ്യാർത്ഥികളെ ഏൽപിക്കുന്നതായിരിക്കും
നല്ലത്....

മതിൽ / അദ്ധി പട്‌ല

*മതിൽ*

കളിയാട്ടകാലം  *സാപ്*   പറഞ്ഞത് പോലെ  നമ്മുടെ  നാടിന്റെ എല്ലാ പ്രദേശങ്ങളിലും *മതിലുകൾ*  തീർത്തിട്ടില്ല  ഇപ്പോഴും മത സൗഹാർദ്ദം അണഞ്ഞിട്ടില്ല
ഇവിടെ  എന്റെ വീടിരിക്കുന്ന ഭാഗത്ത്  ( കുതിരപ്പാടി )
അമുസ്ലീങ്ങളുടെ വീടാണ്  കൂടുതൽ  അതേ പോലെ മായിപ്പാടിയും  അവരുടെ ഏതൊരു ഉത്സവമോ   ആഘോഷമോ വന്നാൽ  ആഘോഷിക്കുകയാണെങ്കിൽ   എന്റെ വീട്ടിലും  ചുറ്റുപാടുള്ള എല്ലാ വീട്ടിലം  ഇന്നും ക്ഷണക്കത്ത്  തരുന്ന പതിവ്  ഇപ്പോഴുമുണ്ട്  ഇനി മായിപ്പാടി ഡയറ്റിന്റെ  പരിപാടിയായാലും   അവർ വന്ന് ക്ഷണിക്കാറുണ്ട്   ഇതിൽ ഭണ്ടാര വീടും ഉൾപ്പെടും ( നമ്മുടെ  സ്കൂളിന് സമീപത്ത )
ചിന്തകൾക്ക്  *മതിൽ* തീർത്തത് നമ്മുടെ   നാടിന്റെ ഒരു  ക്ഷേത്രം *പതിക്കാൽ* എന്ന് വേണമെങ്കിൽ പറയാം  
കൂറേയേറേ വർഷങ്ങൾ പിന്നിലേക്ക് പോകണമെന്നില്ല   കൂടിപ്പോയാൽ  ഒരു  നാലോ അഞ്ചോ വർഷം പിറകോട്ട്  പോയാൽ മാത്രം മതി
അവിടെത്തെ സ്ഥലവുമായ് ബന്ധപ്പെട്ട  ചില  തർക്കങ്ങളാണ്  ഇന്ന് കാണുന്ന മതിലിന്  കാരണം
അതിന്ന് ശേഷം ക്ഷേത്രം പുതുക്കിപ്പണിയുകയും
അവിടെ  ഒര് മതസൗഹാർദ്ദ  സമ്മേളനം സംഘടിപ്പിക്കുകയും ചെയ്തു   എല്ലാ മതത്തിൽ പെട്ട  പ്രമുഖരേയും  പണ്ഠിതന്മാരേയും ക്ഷണിച്ചിരുന്നു  ആരാധനാലയങ്ങളിലേക്കും  ക്ഷണക്കത്തും നൽകിയിരുന്നു   എന്ത് കൊണ്ടോ നമ്മുടെ  നാട്ടിലെ പളളിയിലേക്ക് അയച്ച കത്ത് വായിച്ച് പറഞ്ഞു  ആരും ഇതിൽ സംബന്ധിക്കരുതെന്ന്  
കാരണം പിന്നീടാരോ പറയുന്നത് കേട്ടു  പള്ളിയിലെ ഖത്തീബിനെ ( ഉസ്താദിനെ ) പ്രത്യേകം ക്ഷണിക്കാത്തത് കൊണ്ടാണത്രേ  അറിയാൻ കഴിഞ്ഞത്  ഇതിന്റെ സത്യാവസ്ഥ  ആരെങ്കിലും
അന്വേഷിച്ചോ എന്നറിയില്ല  മറ്റു മതത്തിലുള്ള  പണ്ഠിതരേയും പേഴ്സണലായ്  ക്ഷണിച്ചിരുന്നോ
അതോ അവർക്കും ക്ഷണക്കത്ത് മാത്രമാണോ നൽകിയതെന്ന് . ??

ആഘോഷങ്ങൾക്കും ചിന്തകൾക്കും  എല്ലായിടത്തും  മതിലുകൾ തീർത്തിട്ടില്ല

വീണു കിട്ടിയ ഡയറി. / മഹമൂദ് പട്ള

വീണു കിട്ടിയ ഡയറി.

മഹമൂദ് പട്ള
_____________________________________

       വർത്തമാന കാലത്ത് അക്ഷരങ്ങളുടെ നിറത്തിന് ചോരയുടെ മണമാണ്......
__________________________________

ഒരു ദിർഹമിന് സ്വന്തമാക്കിയ പേനയും വഴിയിൽ നിന്നും വീണുകിട്ടിയ പഴകിയ ശൂന്യമായ ഡയറിയുമായി വിജനമാം മരുഭൂമിയിൽ തനിച്ചിരിക്കുമ്പോൾ ആ ഡയറിക്കകത്ത്‌ അയാൾക്ക് എന്തൊക്കെയോ എഴുതണമെന്നുണ്ട്!

എന്തെഴുതണം, അയാൾ നടന്നു പിറകോട്ട് ഒരുപാട് പിറകോട്ട് പിന്നെയും പിറകോട്ട് ഇപ്പോൾ എത്തിനിൽകുന്നു ബാല്യത്തിൽ,
ഒരിക്കലും തിരിച്ച്‌ കിട്ടാത്ത മനോഹരമായ  കുട്ടിക്കാലത്ത് , ഓർമകളുടെ താളുകൾ ഓരോന്നായി മറയുമ്പോൾ അവിടെ നിന്നും  മുമ്പ്ഒരുപാട് എഴുതിയിട്ടുണ്ട് , ഇനി ഇവിടെ നിന്നും  തിരിച്ച് പോയാലൊ,
കൗമാരത്തിലേക്കായാലൊ ?

ബാല്യത്തിന്റെയും യവ്വനത്തിന്റെയും ഇടയിൽ വീർപ്പ് മുട്ടിയ ഈ സമയങ്ങളിൽ സ്കൂളിന്റെ അവസാനവും കോളേജ് ക്യാമ്പസ് കാലഘട്ടവു മായിരുന്നു  ഇതും ഒരുപാട് എഴുതിയതാണ്‌ , ഇനിയും കുറച്ചുകൂടി പോകാം,

ജീവിതത്തിന്റെ കൈപ്പും മധുരവും ഒരുപോലെ അനുഭവിച്ച യവ്വനത്തിലാണിപ്പോൾ പ്രവാസ ജീവിതത്തിന്റെ നല്ലൊരു ഭാഗം ഇവിടെ യായിരുന്നു, വീട്ടിലേക്കും കൂട്ടുകാർക്കും പിന്നീട് പ്രാണസഖിക്കുമായി എണ്ണിയാൽ തീരാത്ത അത്രയും അക്ഷരതുണ്ടുകളിൽ  സുഖ ദുഃഖങ്ങൾ പങ്കുവെച്ച താണ് , അതിൽ പലതും അയാൾക്ക് അറിയിക്കാതെ പ്രിയസഖി സൂക്ഷിക്കുന്നുമുണ്ട് ,

ബാല്യവും കൗമാരവും യവ്വനവും കഴിഞ്ഞു
ഇനിയിപ്പോൾ ഈ മദ്യവയസ്സനിൽ  എഴുതാൻ ശേഷിക്കുന്നത് വർത്തമാനത്തെയാണ് , നാട്ടിലെ സമകാലീന സംഭവങ്ങൾ ഓരോന്ന് നോക്കി കൊണ്ട് അയാൾ തൂലിക വീണ്ടും ചലിപ്പികാൻ തുടങ്ങി ,

വിയർപ്പിന്റെ വിലയ്ക്ക്ക് , അദ്വാനത്തിന്റെ നോട്ടിന്  പെട്ടന്ന് ഒരുനാൾ കടലാസിന്റെ വിലയാണന്ന് പറയുന്ന ഭരണാതികാരികൾക്കു മുമ്പിൽ കൊഴിഞ്ഞു വീഴുന്ന ജീവനുകൾ , ഒന്നുമല്ലാതെ ആയിപോകുന്ന സാധാരണക്കാരായ ജനങ്ങൾ.....,

കിലോമീറ്ററോളം താണ്ടി....... ഇന്നലയോളം ജീവിത പങ്കാളിയായ പ്രിയ സഖിയുടെ ശവം ചുമലിലേറ്റി പോകേണ്ടി വരുന്ന അവസ്ഥയിൽ....
അച്ഛന്റെയും മകളുടെയും നിസ്സഹായത കണ്ട് രസിക്കുന്ന ജനം!

അപകടത്തിൽ പെട്ട് മരണം മുഖാമുഖം കണ്ട് കൊണ്ടിരിക്കുന്ന മനുഷ്യരുടെ ദൃശ്യങ്ങൾ അതേ വർഗത്തിൽ  പെട്ടവർ മൊബൈലിൽ ഒപ്പിയെടുക്കാൻ ശ്രമിക്കുന്നുമുണ്ട്,

ലഹരിയിൽ മതിമറന്ന്നു കൊണ്ടിരിക്കുന്ന ദിശതെറ്റിയ യവ്വനം,
ചായം തേച്ച തുണികഷണങ്ങൾ കയ്യിലേന്തിയവർ തമ്മിൽ അതിന്റെ നിറം നോക്കി തല്ലി ചാവുന്നു....
വാത്സല്ല്യംകൊണ്ട് പുളരാൻ ശ്രമിക്കുന്ന അമ്മയുടെ മുമ്പിലേക്ക് കത്തി നീട്ടി കഴുത്തറക്കുന്ന മക്കൾ....

ജീവന് തുല്യവും സ്നേഹിക്കുന്ന പ്രിയതമനെ വിട്ട് മറ്റൊരാളുടെ കൂടെ പോകുന്ന പെണ്ണ് ,
അത്രയ്ക്കും അതപ്പതിച്ചിരിക്കുന്നു ഈ മനുഷ്യ സമൂഹം.
മനുഷ്യക്കടത്ത്...എങ്ങും ഭയാനകര മായ അന്തരീക്ഷം നാടും നഗരവും ഭിക്ഷാടന മാഫിയ സംഗം പിടി
മുറുക്കിയിരിക്കുന്നു....
തിന്മകൾ നാൾക്കുനാൾ വർദ്ധിച്ച് വരുമ്പോൾ പുതു തലമുറ പ്രതികരിക്കാതെ അതിൽ ലയിച്ചു സമയം കളയുന്നു.

അയാളുടെ ഡയറിയിൽ അക്ഷരങ്ങൾ പതിയുമ്പോൾ കൈ വിറക്കുന്നതു പോലെ,
തിന്മകളെ മാത്രം കുറിച്ച് ചിന്തിക്കുന്ന ഈ മനുഷ്യ മനസ്സുകളുടെ വാർത്തമാനത്തെ കുറിച്ച് എഴുതാൻ ഇനി വയ്യ!

" എഴുത്തിന്റെ നിറത്തിന് ചോരയുടെ മണമാണിപ്പോൾ "........,

വീണു കിട്ടിയ ഡയറിയിൽ എഴുത്ത് പൂർത്തിയാക്കാതെ അവിടെ ഉപേക്ഷിച്ച് മരുഭൂമിയിലെ ഇരുൾ നിറഞ്ഞ മണൽ പാതയിലൂടെ അയാൾ നടന്ന് നീങ്ങുമ്പോഴും,
നല്ലവരായ ചിലർ ഇവർക്കിടയിൽ ഒന്നുമല്ലാതായി പോകുന്നുണ്ട്
എന്ന് അയാൾ പറയാതെ പറയുന്നുണ്ടായിരുന്നു!!

                           മഹ്‍മൂദ് പട്ള.

ആർട്ടിയിലെ പ്രഭാതങ്ങൾ / അസ്‌ലം മാവില


ആർട്ടിയിലെ പ്രഭാതങ്ങൾ

അസ്‌ലം മാവില

നാമെപ്പോഴും ദൗത്യത്തെ കുറിച്ച് പറയും, എഴുതും. പലപ്പോഴും പലരും തെറ്റുധരിച്ചിരിച്ചുവെച്ചിരിക്കുന്നത് ലക്ഷ്യപൂർത്തീകരണം മാത്രമാണ് ദൗത്യമെന്നാണ്. മനസ്സിന്റെ പ്രയാണം വരെ ദൗത്യമാകാം.

കഴിഞ്ഞ കുറച്ചാഴ്ചകൾക്ക് മുമ്പ്  വായനക്കാരുടെ വലിയ ആശങ്ക RT പഴയ പ്രതാപത്തോട് കൂടി തിരിച്ചു വരുമോ എന്നായിരുന്നു. RT എക്സിക്യൂട്ടിവ് ഡെസ്കിന് പക്ഷെ കൃത്യമായ ധാരണയുണ്ടായിരുന്നു, ആർടി-ഇടം അങ്ങിനെ കെട്ടടയുന്നതോ കെട്ടടങ്ങുന്നതോ ഒന്നല്ലെന്ന്. ബോധപൂർവ്വമാണ് അംഗങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയത്, ചില വിളികൾക്ക് ചെവി കൊടുത്തിട്ടുമില്ല. അവരോടാരോടും  പരിഭവമുണ്ടാഞ്ഞിട്ടല്ല, പരാതിയുമില്ല. ഇടുങ്ങി ഞെരുങ്ങുന്നതിലും നല്ലത്   വായുവും വെളിച്ചവും കടക്കാൻ കുറച്ചു സ്‌പെയ്‌സ് വിട്ടേക്കുന്നതല്ലേ ? എണ്ണക്കുറവ് ഒരു സാംസ്കാരിക തട്ടകത്തിനു അഭികാമ്യമാണും താനും.

RT യിൽ  ഇടപെടലുകൾ ഇത് പോലെ ഇനിയും സജീവമാകും. ഇടക്കിടക്ക് അനുഭവിക്കുന്ന വിശ്രമസമയങ്ങളെ ആശങ്കയോടെ കാണേണ്ടതില്ല. അഭിപ്രായാന്തരങ്ങളെ പാഠഭേദങ്ങളായി കാണാനാണ് RT ശ്രമിക്കുന്നത്. വായനയാണ്   വ്യത്യസ്തമെന്ന് തോന്നുന്ന ആലോചനയിലേക്ക്നിങ്ങളെ നയിച്ചതെന്ന് അനുവാചകർ കരുതുന്നതോടെ ഇടപെടലിന്റെ ലോകത്തു നിങ്ങൾ ലബ്ധ പ്രതിഷ്ഠ നേടും തീർച്ച. അതുകൊണ്ടു മതിലുകളില്ലാത്ത സൗഹൃദങ്ങളും മുൻധാരണകളില്ലാത്ത സമീപനങ്ങളും ഉണ്ടാക്കിയേ പറ്റൂ. പുതിയ തലമുറകൾ  വഴിനീളെ പുതുനാമ്പുകൾ നീട്ടട്ടെ, അവരുടെ അഭിപ്രായങ്ങൾ വരും കാലത്തെ കനപ്പെട്ട ശബ്ദങ്ങളാകട്ടെ.

RT യെ കുറിച്ച് കേൾക്കാൻ താൽപര്യമുള്ളവർ ഒരുപാടുണ്ട്. നാം മനസ്സിലാക്കിയത് മാത്രം അവർക്ക് പറഞ്ഞു കൊടുത്താൽ മതി. അവർ കട്ടുകേട്ടാലും ക്രഡിറ്റ് ഈ കൂട്ടായ്മക്ക് തന്നെയാണ്. ഈ കൂട്ടായ്‍മയുടെ ഓജസ്സാണ് മാറ്റുകൂട്ടായ്‍മകളുടെ ആംഗ്യത്തിലും ഭാഷയിലും സ്വാധീനം ചെലുത്തുന്നതെന്നത് ചെറിയ വിഷയമല്ല. തലയാട്ടലിനു നിഷേധമെന്നു മാത്രമല്ലല്ലോ നാം അർത്ഥമാക്കുക.

RT ഇനിയും സജീവമാകും, അതിനുള്ള തറ ഒരുങ്ങിക്കഴിഞ്ഞു. നടപ്പു രീതികളിൽ നിന്നും മറ്റു  ചങ്ങലക്കെട്ടുകളിൽ നിന്ന് വിടുതി നേടാനെങ്കിലും ദിനേന  ഒരു വട്ടമെങ്കിലും RT യിൽ കണ്ണെറിയണം.

നമുക്ക്  ചക്രവാളങ്ങളിലേക്ക് കണ്ണ് നട്ടിരിക്കാം, പുലരിയുടെ ഉത്ഭവം  അവിടെ നിന്നാണ്. ഒരു  പ്രഭാതവും പഴയതിന്റെ പകർപ്പല്ലെന്നത് ആർക്കാണറിയാത്തത് !

Sunday 11 December 2016

ഈ ജാഗ്രതയാണ് നാം ഉദ്ദേശിച്ചത് / അസ്ലം മാവില

ഈ ജാഗ്രതയാണ്
നാം ഉദ്ദേശിച്ചത്

അസ്ലം മാവില
:.... :...................

if One's mind is dulled or distracted, latter must be doubly vigilant. നിങ്ങളിൽ ഒരാൾ അശ്രദ്ധനാകുമ്പോൾ മറ്റൊരാൾ അതിലിരട്ടി ജാഗ്രരൂകനാവുക.
ഇതൊരാപ്തവാക്യമാണ്. കണ്ണിമ വെട്ടാതെ കാത്ത് കൊള്ളണമെന്ന് കവി പറയും. ഒരു വിഷയം നാം നിരന്തരം ആലോചിക്കുന്നു, സംസാരിക്കുന്നു എന്നതിനെ നാം ആ വിഷയത്തിൽ ജാഗ്രത കാണിക്കുന്നു എന്ന്‌ പറയാം.

ഭിക്ഷാടന മാഫിയക്കെതിരെ നാമെല്ലാവരുമെടുത്ത ജാഗ്രത അത്തരത്തിലുള്ള ഒന്നാണ് . പതിവില്ലാത്ത ഒരേ ചോദ്യങ്ങൾ "ആവശ്യക്കാരി"ൽ ഒരു പതറലുമുണ്ടാക്കില്ല. വേഷം കെട്ടിയവർക്ക് ആ ചോദ്യങ്ങൾ അസ്വസ്ഥത സൃഷ്ടിക്കും .  മനസിൽ ഭയപ്പാട് ഉണ്ടാക്കും . ഒരു പരീക്ഷണത്തിന് നിൽക്കാതെ വന്ന വഴി മടങ്ങും.  അതാണ് നമുടെ ലൊക്കാലിറ്റിയിൽ ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്. cp ഉദ്ദേശിച്ചതും ഇത് തന്നെ . സദ്മനസ്സുകൾ ആഗ്രഹിച്ചതും ഇത്.  അവർ യോജിച്ചതും ഇതിനോട് തന്നെ .

ഉമ്മമാർ,  സഹോദരിമാർ നമ്മെക്കാളേറെ ജാഗ്രത കാണിക്കുന്നുണ്ട്. അവരിൽ അനാവശ്യമായ ആശങ്കയും ഭയപ്പാടുമില്ല. കൂടുതൽ ജാഗ്രത കണ്ടു. ജെന്യു നും കള്ളനാണയങ്ങളും അവർക്കറിയാം. CP  അല്ല സദ്മനസ്സുകൾ  എല്ലാം നടത്തിയ ബോധവത്കരണം അവർക്ക് ഒന്ന് കൂടി ആത്മവിശ്വാസം വർദ്ധിപ്പിച്ചു.

ന്യായത്തിനും ശരിക്കൊപ്പം നിൽക്കുക എന്നത് വലിയ ഭാഗ്യമാണല്ലോ. മുൻകരുതലെടുക്കാൻ നമുടെ ഉമ്മമാരെ സഹോദരിമാരെ പ്രാപ്തരാക്കാൻ അത് വഴിയൊരുക്കി,

എല്ലായിപ്പോഴും നാം ജാഗരൂകരാവുക. നമ്മുടെ ചെറിയ ശ്രദ്ധക്കുറവ് പോലും ഒരു ഉമ്മയുടെ നിലവിളിയാകരുത്.  അതിനനുവദിക്കരുത്.

Thomas MENIN :
"we must be always vigilant towards crimes & Criminals; innovative towards solving it out"

ഇരിക്കുന്നവരുടെ ഇടയിലിരുന്ന് ഉറങ്ങാതിരിക്കാൻ...../ അസ്ലം മാവില



ഇരിക്കുന്നവരുടെ
ഇടയിലിരുന്ന്
ഉറങ്ങാതിരിക്കാൻ.....


അസ്ലം മാവില

ഈ കുറിപ്പ് ആരു വായിച്ചില്ലെങ്കിലും RT - PYF ബാനറിൽ ഇരുന്ന വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും വായിക്കുമല്ലോ.

അറിയാനുള്ള കൗതുകമായിരിക്കണം ആഴ്ചകൾക്ക് മുമ്പ്  ഇരുപതോളം കുട്ടികളെ  ആദ്യത്തെ യോഗത്തിൽ എത്തിച്ചത് . പിന്നെ, പ്രതീക്ഷിച്ചത് പോലെ   അംഗബലം നേർപകുതിയോളമായി  കുറഞ്ഞു.  കലങ്ങിത്തെളിയാൻ സമയമെടുക്കുന്നത് വരെ ഏറ്റെടുത്ത ദൗത്യം വഴിയിൽ ഉപേക്ഷിച്ച് തിരികെ നടക്കുന്നത് ശരിയല്ലല്ലോ . അത് കൊണ്ട് ഉള്ളവരെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് നീങ്ങി.  ഈ പ്രയാണത്തിൽ എന്തെങ്കിലും നന്മകൾ ആ കുട്ടികൾ  കൈ മുതലാക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു.

കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക, കൂടെ അവരവരിലുള്ള കഴിവുകൾ  പരിപോഷിപിക്കുക,. സൃഷ്ടിപരവും   സർഗ്ഗ സമ്പന്നവുമായ ഇടപെടലിന്റെ പുതിയ അനുഭവങ്ങൾ ശീലിക്കുക , വരുമ്പോഴും പോകുമ്പോഴും തലക്കനത്തിന്റെ ശരീരഭാഷ ഒഴിവാക്കുക,  തലയെടുപ്പോടെ നിൽക്കുക, മുൻ വിധി ഒഴിവാക്കുക, ഹാജറില്ലാത്തവന്റെ പൊയ് വാക്കിനേക്കാളും ഹാജറുള്ളവന്റെ സാക്ഷിമൊഴിക്കാണ് വിശ്വാസ്യതയെന്ന് തിരിച്ചറിയുക.   നമ്മുടെ മക്കളോട്  നാം ഇത്ര മാത്രമേ പറഞ്ഞുള്ളൂ, പറയാനുമുള്ളൂ.

 ചില വെറുംധാരണകൾ നമുക്ക് മാറാനുണ്ട് . അതിൽ ഒന്ന് RT സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമാകാൻ കുട്ടികൾ സാഹിത്യകാരൻമാരും കവികളും കലാകാരന്മാരുമാകണമെന്നതാണ്. തീർത്തും തെറ്റായ ധാരണയാണ്. RT യുടെ ഭാഗമാകാൻ ഒരു നല്ല സഹൃദയനായാൽ മാത്രം മതി. കാരുണ്യസ്പർശമുണ്ടായാൽ മതി. കൂടെ ക്രിയേറ്റിവിറ്റി  പ്രോത്സാഹിപ്പിക്കാനുള്ള സദ്മനസ്സും. പ്രതികരണശേഷിയും പ്രത്യുൽപന്നമതിത്വവും വായനയിൽ നിന്നും നല്ല സമ്പർക്കങ്ങളിൽ നിന്നു താനേ ഉണ്ടായിക്കൊള്ളും.

ഒന്ന് ഉറപ്പിക്കാം. സാംസ്കാരിക ജഡത്വവും ബൗദ്ധിക അടിമത്വവും അവരെ ബാധിക്കില്ല. അദ്ദിയുടെ വാക്കുകൾ കടമെടുക്കട്ടെ,  ഇരിക്കുന്നവരുടെ ഇടയിലിരുന്ന് അവർ ഉറക്കം തൂങ്ങില്ല. പകരം  ആരുറങ്ങിയാലും  കണ്ണിമ വെട്ടാതെ മറ്റുള്ളവർക്ക് അവർ കാവലാളായേക്കും

PSC വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാത്തവരോട് / അസ്ലം മാവില.


PSC വെബ്സൈറ്റിൽ
പേര് രജിസ്റ്റർ
ചെയ്യാത്തവരോട്
.............................................

അസ്ലം മാവില
..........................

ഞങ്ങളുടെയൊക്കെ ചെറുപ്പകാലത്ത് ഓർമ്മപ്പെടുത്താൻ ആളുകൾ കുറവ്. വേണമെന്ന് സ്വയം തോന്നിത്തുടങ്ങുമ്പോൾ കുഞ്ഞുകുട്ടി പരാധീനങ്ങളുമായി പ്രവാസ ജീവിതത്തിൽ. നാട്ടിൽ വരുമ്പോൾ പരീക്ഷ കാണില്ല. അപേക്ഷക്ക വസരം കിട്ടുമ്പോൾ ആള് നാട്ടിലും കാണില്ല. രണ്ടും ഒത്തുവരുമ്പോൾ ഫോറം "മൗലവി സ്റ്റാളി"ൽ മരുന്നിന് പോലും കിട്ടില്ല. അഥവാ കിട്ടി സമർപ്പിച്ചാലോ രണ്ടറ്റം കൂട്ടികെട്ടുന്ന തിരക്കിൽ പരീക്ഷാ ദിനം ഓർമ്മയിൽ നിന്ന് മിന്നിമറയും. അങ്ങനെയങ്ങനെ നാൽപതും കഴിഞ്ഞ് എന്നെപ്പോലുള്ളവർ ഇനി ഒരു PSC പരീക്ഷയ്ക്കിരിക്കാൻ ആവതില്ലാതെ ഏയ്ജ് ഓവറായി ചാരുകസേരയിൽ ഇരുപ്പാണ്. ഈ മുൻകൂർ ജാമ്യമങ്ങിനെത്തന്നെ കണോടിച്ചുതള്ളി ഇനിയുള്ളത് മനസ്സിരുത്തി വായിക്കക.

ഇന്നിപ്പോൾ അപേക്ഷാ ഫോറത്തിന് ക്യൂ എവിടെയും നിൽക്കണ്ട. അത് കൊണ്ടത് കൊടുക്കാനും എവിടെയും പോവുകയും വേണ്ട. ചലാനടക്കണ്ട. അഞ്ച് പൈസയുടെ ചെലവുമില്ല.

പിന്നെയോ? വൺ ടൈം രജിസ്ട്രേഷൻ . ഒറ്റ വട്ടം. ജീവിതത്തിൽ ഒരു വട്ടം ഓൺലൈനിൽ പേര് വിവരം ചേർക്കുക. അതിന് 20 മിനിറ്റ് ക്ഷമ വേണം. പത്താം ക്ലാസ്സ് മുതൽ അങ്ങോട്ടുള്ള തോറ്റതും ജയിച്ചതുമായ പേപ്പർ, സർട്ടിഫിക്കറ്റ് കൂടെ വേണം. ആധാർ കാർഡ് നമ്പരും. അത് നോക്കി വിവരങ്ങൾ സൈറ്റിൽ ചേർക്കാം. മൊബൈലിൽ തന്നെ ഫോട്ടോ എടുക്കാം. കൂട്ടത്തിൽ നിങ്ങളുടെ  ഒപ്പും. രണ്ടുംJpeg format-ൽ .  സുഹൃത്തേ,  കഴിഞ്ഞു. 20 മിനിറ്റും വേണ്ട. കാലാകാലം അതവിടെ ഉണ്ടാകും.ഓർമ്മിക്കാൻ പാകത്തിൽ user name പിന്നെ ഒരു password . വരുന്ന വേക്കൻസികൾ കണ്ടാൽ നമ്മുടെ ക്യാളിഫിക്കേഷനുമായി ഒത്ത് വന്നാൽ അഞ്ച് സെക്കന്റിൽ അപേക്ഷിക്കാം. അഞ്ച് സെക്കന്റും വേണ്ട സാർ.

LD ക്ലാർക് തസ്തികക്ക് അടുത്ത് തന്നെ പരീക്ഷയുണ്ട്. ആയിരക്കണക്കിന് ഒഴിവുകൾ. പത്ത് ജയിച്ച് പേരിനൊന്ന് മണപ്പിക്കാൻ മാത്രമായി സെർട്ടിഫിക്കറ്റു വേണം. 18 വയസ്സു പൂർത്തിയാകണം. ഇത്രേയുള്ളൂ. ഏഴാം ക്ലാസ്സുകാരൻ വരെ അതിനനുസരിച്ച ജോലി സാധ്യത PSC യിൽ ഉണ്ട്. അതിന് തൊഴിലവസരവാർത്തകൾ ആരാനുള്ള താണെന്ന ധാരണയാണല്ലോ മിക്കവർക്കും. അതാദ്യം മാറണം.

കയ്യിൽ Lap ഉണ്ട്. മൊബൈലിൽ ആപ്പുണ്ട്. ഇതൊന്നുമില്ലെങ്കിൽ 20 ഉറുപ്യ കൊടുത്താൽ മുക്കിന് മുക്ക്  Cafe ഉണ്ട്. ഇപ്പോൾ പലയിടങ്ങളിലും സന്നദ്ധ സംഘടനകൾ വഴിക്കണ്ണുമിട്ട് നിങ്ങളെ കാത്തിരിക്കുകയാണ്. അവരെ സമീപിക്കാം.  തെക്ക് വടക്ക് നടത്തം നാളേക്ക് മാറ്റി ഇന്ന് തന്നെ പേര്  രജിസ്റ്റർ ചെയുക. രക്ഷിതാക്കൾ പത്ത് വരെ,  അല്ല അതിനപ്പുറം പഠിപ്പിച്ചത് ഇതിനൊക്കെ തന്നെയാണ് . അല്ലാതെ PP എടുത്ത് കടല് കടത്താനല്ല.  പേര് രജിസ്റ്റർ ചെയ്താൽ പോലീസ് പിടിക്കാനൊന്നും വരില്ല. പരീക്ഷ എഴുതി ജോലിയെങ്ങാനും കിട്ടിയാൽ കുടുംബത്തിൽ മാനഹാനിയും വരില്ല.

രജിസ്റ്റർ നിങ്ങൾ തന്നെ ചെയ്യണം. പരീക്ഷയും നിങ്ങൾ തന്നെ എഴുതണം. എത്രകാലം ബാക്കിയുള്ളവരെ സാർ സാർ വിളിച്ചു നടക്കും. ആരെങ്കിലുമൊക്കെ നിങ്ങളെയും "സാറേ, മാഡം"  എന്നൊക്കെ വിളിക്കണ്ടേ ? പത്ത് ജയിച്ച 18 കഴിഞ്ഞ ഒരു കുട്ടിയും PSC സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാതെ പോകരുത്. പെൺകുട്ടികളോടുമാണ് ഇത് പറയുന്നത്.  പ്രവാസികളും ഒഴിവാകരുത് . 40 ആകാത്ത ആർക്കും ഒരു കൈ നോക്കാം. LD ക്ലാർക് പരീക്ഷ മാത്രമല്ല അത് പോലെ ഒരു പാട് പരീക്ഷകൾ വരാനിരിക്കുന്നു. 60 അടുക്കോളം ശമ്പളം പള്ളിക്കാട്ടിലെടുക്കോളം പെൻഷൻ. അടുത്തൂൺ പറ്റുന്നതിനിടയിൽ ഒരു പാട് തവണ ശമ്പള വർദ്ധന, പ്രൊമോഷൻ. സമൂഹത്തിൽ പേര്. സമുദായത്തിൽ പരിഗണന. സർക്കാരിന്റെ കണ്ണിൽ മുൻഗണന.

പത്രത്തിലൊക്കെ നോട്ടിഫിക്കേഷൻ കാണുമ്പോൾ അപേക്ഷിക്കാൻ തോന്നും. എപ്പോൾ ? PSC സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ. വയസ്സ് എല്ലാകൊല്ലവും ഓരോന്ന് കൂടുമെന്നതിൽ തർക്കമില്ലല്ലോ . അത് കൊണ്ട്  സമയം കളയാതെ ഇന്ന് തന്നെ മത്സര പരീക്ഷയ്ക്ക് തയ്യാറാകുക. മറ്റു പല വിനോദങ്ങൾക്കിടയിലും യുവാക്കൾ ഇതിനും  ഉത്സാഹിക്കണം. ആദ്യം അവനവൻ രെജിസ്റ്റർ ചെയ്യുക. എന്നിട്ട് നാട്ടാരെ സഹായിക്കുക .

അവസരങ്ങൾ അപ്രതീക്ഷിതമായി വരുന്ന വിരുന്നുകാരാണ്, അപൂർവ്വമായും.

Wednesday 7 December 2016

അവബോധത്തിന്റെ നേർവായന / അസ്ലം മാവില

അവബോധത്തിന്റെ നേർവായന
 ------------------------- --- 
അസ്ലം മാവില
 --------------- 
മുന്നറിവ് പങ്ക് വെക്കലാണ് ബോധവൽക്കരണം. ചുറ്റുഭാഗങ്ങൾ നിരീക്ഷിച്ച് വരുംവരായ്കകൾ കാലേകൂട്ടി മനസ്സിലാക്കി മുൻകരുതലിനായി മനസ്സ് പാകപ്പെടുത്തുക, തെറ്റുധാരണകൾ നീക്കുക, പരാമൃഷ്ട വിഷയം പഠിക്കാൻ അവസരമൊരുക്കുക . 

പ്രബുദ്ധ ഭൂമികയിൽ ബോധവൽക്കരണത്തിന് വലിയ പ്രാധാന്യമുണ്ട്. അത് സുതാര്യമായ അഭിസംബോധനക്കവസരമുണ്ടാക്കുന്നു. ശരിക്കും അവബോധമെന്നാണ് അർഥമാക്കേണ്ടത്. ആംഗലേയത്തിൽ awareness എന്ന് പറയും. മാറ്റം ആഗ്രഹിക്കുന്നതിന്റആദ്യപടിയാണ് അവബോധം. സ്വീകരിക്കാനുള്ള മനസ്സാണ് അതിന്റെ രണ്ടാം ചുവട് വെപ്പ്. 

ഒരു മനുഷ്യന് നാല് വരദാനങ്ങളുണ്ട്. മനസാക്ഷി, സ്വയാവബോധം, സ്വതന്ത്ര മനോധർമ്മം, ക്രിയാത്മക സർഗ്ഗ സൃഷ്ടി. ആത്യന്തികമായി ഒരാളിൽ ചിന്താ സ്വാതന്ത്ര്യം ഒരുക്കൂട്ടുന്നതിൽ ഇവയ്ക്ക് മുഖ്യ പങ്കുണ്ട്. മാറാനും മാറ്റാനും ഉചിതമായ ത് തെരെെഞ്ഞടുക്കാനും ഇത് വഴി വെക്കുന്നു. ഇവിടെയും awareness (അവബോധം/ ബോധവൽക്കരണം ) എണ്ണിയിട്ടുണ്ട്. 

ലഹരി വിരുദ്ധ കാമ്പയിനായാലും ഭിക്ഷാടന മാഫിയാ കാമ്പയിനായാലും സാംസ്കാരിക ഉയർത്തെഴുന്നേൽപ്പിന്റെ തുടികൊട്ടാണെങ്കിലും ബോധമനസ്സുകളിലവ ഉലയൂതാനുള്ളതാണ്. അത് പറയാൻ, കർമ്മ മണ്ഡലത്തിലിറങ്ങി പ്രവർത്തിക്കാൻ ആയിരം പേരെന്തിന്? അങ്ങിനെ വാശി പിടിക്കുന്നതെന്തിന്? 

നിരക്ഷരത അക്ഷരമറിയാത്തതിനെ മാത്രം പറയുന്ന പദമല്ല. അങ്ങിനെയും നാം തെറ്റുധരിച്ചിട്ടുണ്ട്. നമുക്കറിയാത്ത എന്തിലും നാം നിരക്ഷരരാണ്. ചൂഷകർ നമ്മുടെ നിരക്ഷരതയിൽ അടുപ്പ് കൂട്ടുന്നവരാണ്. അലസതയും അശ്രദ്ധയും മുൻഗണനയുടെ കാര്യത്തിലുള്ള ധാരണയില്ലായ്മവും ആത്മവിശ്വാസക്കുറവും ഏത് സമൂഹത്തിലും ഇത്തരം "അടുപ്പുകൾ " നിരന്തരം പൊങ്കാലയൊരുക്കും. 

യുവതലമുറയും വിദ്യാർത്ഥി സമൂഹവും ഇവ തിരിച്ചറിഞ്ഞാൽ അവർക്ക് നന്ന്. അല്ലെങ്കിൽ, ബുദ്ധിപരമായ അടിമത്വമാണ് അവരെ വലയൊരുക്കി കാക്കുന്നത്. അതിന്റെ പരിണിത ഫലങ്ങൾ അതിഭീകരമായിരിക്കും. 

എന്റെ ചുറ്റു ഭാഗം സുരക്ഷിതമാകണമെന്നും അതിനുള്ള മുന്നൊരുക്കം ഞാനാണ് തുടങ്ങേണ്ടതെന്നും തിരിച്ചറിയാത്തതിനെ നിങ്ങൾ എന്ത് പേര് വിളിക്കും? ഇതും EVENT MANAGEMENT നെ ഏൽപ്പിക്കണമെന്നോ?