Monday 8 October 2018

ജനാധിപത്യത്തിന്റെ നൈതികത / അസ്ലം മാവില

ജനാധിപത്യത്തിന്റെ
നൈതികത

അസ്ലം മാവില

രാജ്യം ഇന്ത്യ. അതിലെ ഏറ്റവും വലിയ സംവിധാനം ജനാധിപത്യം. ആ ഒരു വലിയ സംവിധാനം ഏറ്റവും വലിയ വെല്ലുവിളിയാകുമെന്ന് കരുതിയതും ഇന്ത്യയെപോലുള്ള സമ്മിശ്ര രാജ്യത്തുമാണ്.

പക്ഷെ, ഇന്ത്യയുടെ അന്നത്തെ നേതാക്കൾ ആ വെല്ലുവിളികളുടെ തീക്കനലിൽ നടന്നു. ഗാന്ധിയെപ്പോലുള്ളവർ ഇന്നും സചേതന ലോകാത്ഭുതങ്ങളിലൊന്നായത് അത് കൊണ്ടാണ്. ഐൻസ്റ്റീനെ പോലുള്ളവർ അത് പറഞ്ഞ് വെച്ചിട്ടുമുണ്ട്.

ഭരണഘടനാ അവതരണ വേളയിൽ, അതിന്റെ തുടക്കത്തിൽ അംബേഡ്ക്കർ പറയും- "ഒരു പൗരൻ = ഒരു വോട്ട് എന്ന സംവിധാനം നാം തുടങ്ങുന്നു. ഒരു മനുഷ്യൻ = ഒരു മൂല്യം എന്ന സംവിധാനം വളരെ അകലെയാണ് (അതാണ് നമ്മുടെ ആത്യന്തിക ലക്ഷ്യമെന്ന്)."

ആ ഒരു തലത്തിലേക്ക് നമ്മുടെ ജനാധിപത്യം എത്തണമെന്നായിരുന്നു ഭരണഘടനാ ശിൽപികളുടെ ആത്യന്തികമായ ആഗ്രഹവും ലക്ഷ്യവും. എല്ലാ മനുഷ്യരെയും അംഗീകരിക്കുകയും അവർക്ക് കൂടി ഉൾക്കൊള്ളാൻ പറ്റുകയും ചെയ്യുന്ന തികച്ചും ഫ്ളക്സിബിളായ ഒരു ഇടം സൃഷ്ടിച്ചെടുക്കുക എന്ന സുന്ദരവും  സ്വപ്നതുല്യമായ കാഴ്ചപ്പാട്.

തനിക്ക് തൊട്ട് താഴെയുള്ളവനെക്കാളും അഡീഷനലായ ഒരു പൗരശബ്ദമാണല്ലോ  ജനാധിപത്യ സംവിധാനത്തിലെ ജയപരാജയങ്ങൾ തീരുമാനിക്കുന്നത്. ശരിയല്ലെങ്കിൽ പോലും ഭൂരിപക്ഷമെന്ന സാങ്കേതിക പദം നാമതിനുപയോഗിക്കും.

പക്ഷെ, ജനാധിപത്യത്തിന്റെ ശരിയായ അർഥമെന്നത് ഭൂരിപക്ഷ പരിഗണനയിലൂന്നിയ ഭരണനടപ്പിൽ വരുത്തൽ മാത്രമല്ല.  മറിച്ച് ഒരു വോട്ടിന്റെ, ഒന്നിൽ കൂടുതൽ വോട്ടുകളുടെ പേരിൽ, പിന്നിലായവരുടെ ശബ്ദമേറ്റെടുക്കാനും അവരുടെ നാക്കും നോക്കുമാകാനും സാധിക്കുക എന്നുമൊരർഥമതിനുണ്ട്.   പരനെ കേൾക്കുന്നത് പോലെ അപരനെ കേൾക്കാനുള്ള സാധ്യതയും സാധുതയും ഉണ്ടാക്കുന്നതാണ് ജനാധിപത്യം.

ആ ഒരു തലത്തിൽ നിന്ന് കൊണ്ട് നമ്മുടെ ഭരണാധികൾക്ക് പൗരനെ ഒരേ കണ്ണിൽ നോക്കാൻ സാധിക്കുന്നിടത്താണ്, അവിടെ മാത്രമാണ് ഡെമോക്രസി വിജയിക്കുകയുള്ളു. ദൗർഭാഗ്യകരമെന്ന് പറയട്ടെ, അപര ശബ്ദങ്ങളെ അന്പോടെ കാണുന്നതിന് പകരം അറപ്പോടെ കൈകാര്യം ചെയ്യുന്ന രീതിയിലേക്കാണ് നമ്മുടെ ഭരണ സംവിധാനങ്ങളും ഉപകരണങ്ങളും ഉപയോഗിക്കപ്പെടുന്നത്. പഞ്ചായത്തു ഭരണങ്ങളിൽ പോലും ഇത് കാണാൻ സാധിക്കും. 

"To wipe out the tears from the eyes of the common man" എന്ന മഹാത്മജിയുടെ ആഗ്രഹങ്ങൾക്ക് പട്ടട വെക്കാൻ നാമെന്തിന് ? അതിന് ഭരണാധികാരികളെ നാം തെരഞ്ഞെടുക്കേണ്ട ആവശ്യമെന്ത് ? റിപബ്ലിക്കൻ ജനാധിപത്യ രാജ്യമെന്ന് ജനുവരിയുടെ തണുപ്പിൽ നാം അഭിമാനം കൊള്ളുമ്പോഴും ഇത്തരം ചോദ്യങ്ങൾ നമ്മുടെ മൂടിപ്പുതച്ചുറക്കത്തെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കണം. 

ഭൂരിപക്ഷമില്ലാത്തവന്റെ ഹിതം കേൾക്കാനും അവ കൂടി പരിഗണനയുടെ ലിസ്റ്റിൽ പെടുത്തുവാനും നടപ്പിലാക്കുവാനും സാധിക്കാത്തിടത്തോളം കാലവും നേരവും,  പ്രപിതാക്കൾ പൊരുതി നേടിത്തന്ന  സ്വാതന്ത്ര്യം നമുക്ക്, സാധാരണക്കാരന് പൊറുതികേട്  ഉണ്ടാക്കിക്കൊണ്ടേയിരിക്കും. ഒപ്പം,  സ്വാതന്ത്ര്യനന്തര ഭാരതത്തിലെ  കുടിയൊഴിക്കപ്പെട്ട പതിനാറ്കോടിയോളം വരുന്നവരുടെ ലിസ്റ്റിൽ  അശാസ്ത്രീയ അനാസൂത്രണന വികസനത്തിന്റെ പേരിലും  മറ്റു പലതിന്റെ പേരിലും ഇനിയും ഇന്ത്യൻ പൗരന്മാരുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കും.

ജനാധിപത്യത്തിന്റെ മർമ്മം അപരനെ കേൾക്കുക എന്നതാണ്. അത് നമ്മുടെ കുടുംബ സംവിധാനത്തിൽ വരെ പ്രയോഗവത്കരിച്ച് ശീലിച്ചെടുക്കേണ്ട ഒന്നാണ്. 

No comments:

Post a Comment