Tuesday 31 January 2017

ഇ അഹമ്മദ് സാഹിബ് : ഇന്ത്യയുടെ യശസ്സ് വാനോളം ഉയർത്തിയ വിശ്വപൗരൻ /അസ്‌ലം മാവില

ഇ അഹമ്മദ് സാഹിബ് :
ഇന്ത്യയുടെ യശസ്സ് 
വാനോളം ഉയർത്തിയ 
വിശ്വപൗരൻ 


അസ്‌ലം മാവില 


ഇ. അഹമ്മദ് സാഹിബ് വിടവാങ്ങി. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ അഖിലേന്ത്യാഅധ്യക്ഷൻ മാത്രമല്ല, മത ന്യൂനപക്ഷങ്ങളുടെ മുഴുവൻ കരുത്തും ബലവുമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഇന്ത്യക്ക് നഷ്ടപ്പെട്ടത്. കർമ്മനിരതനായിരിക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യം. അതും തന്നെ പറഞ്ഞയച്ച പാർലമെന്റ് മന്ദിരത്തിൽ സഭ നടന്നു കൊണ്ടിരിക്കെ. അസ്വാസ്ഥ്യമുണ്ടായിട്ടും അദ്ദേഹം സഭയിൽ എത്തി.  പൊതുജനം  ഏൽപ്പിച്ച ഉത്തരവാദിത്വം അദ്ദേഹത്തെ  ജനാധിപത്യത്തിന്റെ ശ്രീകോവിൽ എത്തിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾക്ക്  കക്ഷി ഭേദമന്യേ മന്ത്രിമാരും പാലർമെന്റംഗങ്ങളും എന്നും ആദരവ് നൽകിയിരുന്നു.  ഇന്നലെ രാവിലെ ഇന്ത്യൻ പ്രസിഡന്റ് പാർലമെന്റ് അഭിസംബോധന ചെയ്യവേ,  ഇ .അഹമ്മദ് സാഹിബ് ദേഹാസ്വാസ്ഥ്യം മൂലം തളർന്നു വീഴുകയായിരുന്നു. ഓർമ്മ വെച്ച നാൾമുതലുള്ള സേവനങ്ങളുടെ അവസാനത്തെ പുറത്തിനു വിരാമമിടാനും ജനങ്ങൾ  അദ്ദേഹത്തെ തെരെഞ്ഞെടുത്തയച്ച പാർലമെന്റ് മന്ദിരം ആയതും  ദൈവനിയോഗം ! ഇന്നാലില്ലാഹ് ...

ജനനം ഏപ്രിൽ 29,  1938. അഭിഭക്തകണ്ണൂരിൽ.  മാതാപിതാക്കൾ പരേതരായ  അബ്ദുഖാദർ ഹാജി, നഫീസ ബീവി.  തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് ബിരുദം. തിരുവനന്തപുരം ഗവഃ ലോ കോളേജിൽ നിന്നും നിയമത്തിൽ ബിരുദം. നീണ്ട  43 വര്ഷം അദ്ദേഹം  നിയമസഭാംഗം , ലോകസഭാംഗമെന്ന നിലയിൽ പൊതുജീവിതത്തിൽ തിളങ്ങി നിന്നു.   കേരള നിയമസഭയിലേക്ക് 1967, 1977, 1980, 1982,  1987 എന്നീ വർഷങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ടു.  കരുണാകരൻ മന്ത്രിസഭയിൽ (1982-1987) അദ്ദേഹം വ്യവസായവകുപ്പ് മന്ത്രി.  1971 -1977 കാലയളവിൽ കേരള സർക്കാർ  ഗ്രാമവിൿസന ബോർഡിന്റെ സ്ഥാപക ചെയർമാൻ കൂടിയായിരുന്നു. മൂന്ന് വര്ഷം അദ്ദേഹം കണ്ണൂർ മുൻസിപ്പൽ ചെയർമാൻ പദവിയും വഹിച്ചിട്ടുണ്ട്. 

1991, 1996, 1998, 1999, 2004 , 2009, 2014  വർഷങ്ങളിൽ അദ്ദേഹം ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.  നിലവിൽ  അദ്ദേഹം മലപ്പുറം ലോകസഭാമണ്ഡലത്തെ പ്രതിനിധാനം ചെയ്യുകയായിരുന്നു. . 2004 -2014 കാലയളവിൽ അദ്ദേഹം  മൻമോഹൻ സിങ് മന്ത്രിസഭയിൽ വിദേശകാര്യം, റെയിൽവേ, മാനവവിഭവം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തു.   വിദേശകാര്യം, റെയിൽവേ, ശാസ്ത്ര സാങ്കേതികം, പരിസ്ഥിതി, വനം, വ്യോമയാനം, ടൂറിസം, പൊതുകാര്യം തുടങ്ങി ഒട്ടേറെ പാർലമെന്ററി കമ്മറ്റികളിൽ അദ്ദേഹം അംഗമായിട്ടുണ്ട്.  മുസ്ലിം സമുദായത്തിനും മതന്യൂന പക്ഷങ്ങൾക്ക് വേണ്ടിയും അദ്ദേഹം പാർലമെന്റിൽ നടത്തിയ ഇടപെടലുകൾ ഭരണാധികാരികളുടെ കണ്ണുതുറപ്പിച്ചു. ന്യൂനപക്ഷവുമായി ബന്ധപ്പെട്ട ഒരു വിഷയവും അദ്ദേഹം പാർമെന്റിൽ ഒഴിവാക്കിയില്ല. രണ്ടായിരത്തി എട്ടു മുതൽ ഇ. അഹമ്മദ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റാണ്. 

 എഴുത്തുകാരൻ കൂടിയാണ് അദ്ദേഹം. ഇംഗ്ലീഷിലും മലയാളത്തിലുമുൾപ്പെടെ നാല് ഗ്രന്ഥങ്ങളുടെ കർത്താവാണ് അദ്ദേഹം. യാത്ര ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം ഔദ്യോഗികമായും അല്ലാതെയും ഒട്ടേറെ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു. വളരെ നന്നായി യാത്രാവിവരണവും അദ്ദേഹം ആനുകാലികങ്ങളിൽ എഴുതുമായിരുന്നു.   ഗൾഫ് രാജ്യങ്ങളിൽ പൊതുമാപ്പ് കാലത്തു ആയിരക്കണക്കിന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കുവാൻ ഇ. അഹമ്മ്ദ് നടത്തിയ നയതന്ത്രപരമായ ഇടപെടലുകൾ എക്കാലത്തും ഓർക്കപ്പെടും. 2004 ൽ ഇറാഖ് കലാപകാരികൾ ഇന്ത്യക്കാരെ തടങ്കലിൽ വെച്ചപ്പോൾ അവരെ മോചിപ്പിക്കാൻ ഇ. അഹമ്മദ് നടത്തിയ തന്ത്രപരമായ നീക്കങ്ങളും തുടർന്ന് നടന്ന മോചനവും ലോക മാധ്യമങ്ങളിൽ വരെ ശ്രദ്ധ നേടിയിരുന്നു. 

1986 ൽ മധൂർ പഞ്ചായത്തിലെ ഉളിയത്തടുക്കയിൽ മുസ്ലിം ലീഗ് പഞ്ചായത്ത് ആസ്ഥാനത്തിനു തറക്കല്ലിടാൻ വന്നപ്പോഴാണ് അദ്ദേഹത്തെ ഞാൻ ആദ്യമായി കാണുന്നത്. അന്നദ്ദേഹം വ്യവസായവകുപ്പ് മന്ത്രിയാണ്. ഏറ്റവും അവസാനം കാണുന്നത് ദുബായിൽ വെച്ചും.  ദുബായ് അൽഖൂസിൽ  ഒരേക്കറോളം സ്ഥലത്തു  ദുബൈ ഭരണാധികാരിയും യു.എ .ഇ. പ്രധാനമന്ത്രിയുമായ  ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പത്നി  ഷെയ്‌ഖ ഹിന്ദ് ബിൻത് മക്തൂം ബിൻ ജുമാ അൽ മക്തൂം അനുവദിച്ചു നൽകിയ,   ഇന്ത്യൻ സമൂഹത്തിന്റെ സാംസ്കാരിക കേന്ദ്രവും ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ ആസ്ഥാനമന്ദിരവുമായ അൽമനാർ ഖുർആൻ സ്റ്റഡി സെന്ററിന്റെ ഉത്‌ഘാടനവേദിയിൽ വെച്ചും.  അന്നെനിക്ക് മീഡിയയുടെ ചെറിയ ഒരു  ഉത്തരവാദിത്തമുണ്ടായിരുന്നു. കേന്ദ്ര മന്ത്രിയും അംബാസിഡർമാരും രാജകുടുംബാംഗങ്ങളും ആയിരക്കണക്കിനു ഇന്ത്യക്കാരുമടങ്ങിയ ആ പ്രൗഢഗംഭീരമായ പരിപാടിയിൽ  അദ്ദേഹം  സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചത് ഒരു വിശ്വപൗരനെ പോലെയായിരുന്നു, ഇന്ത്യയിലെ സൗഹാർദ്ദത്തെയും സഹിഷ്ണുതയെയും കുറിച്ചും ആ വേദിയിൽ അദ്ദേഹമന്ന്  വാചാലനായി. 

ഇ. അഹമ്മദ് സാഹിബ് നിലനിർത്തിയ  ഈ വലിയ ഗുണം തന്നെയാണ് അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കിയതും ലോകപ്രശസ്തനാക്കിയതും.  1991 -2014 കാലയളവിൽ അദ്ദേഹം ഐക്യ രാഷ്ട്ര സഭയിൽ ഇന്ത്യൻ ശബ്ദമായിരുന്നു. ലോകം സാകൂതം അക്കാലങ്ങളിൽ ഇന്ത്യയെ കേട്ടത് ഇ. അഹമ്മദിൽ കൂടിയായിരുന്നു എന്ന് പറയുന്നതാകും കൂടുതൽ ശരി.  പത്തു തവണയാണ് അദ്ദേഹത്തെ ഇന്ത്യൻ ഭരണകൂടം ഐക്യരാഷ്ട്ര സഭയിലേക്ക് അയച്ചത്. ഏൽപ്പിച്ച ദൗത്യം വളരെ ഗൗരവപൂർവ്വം കൈകാര്യം ചെയ്തു.  മുംബൈ ഭീകരാക്രമണം  പാക്സിതാന്റെ സാന്നിധ്യം  ലോകത്തിന്റെ മുന്നിൽ തുറന്ന് കാട്ടാൻ ഐക്യരാഷ്ട്രസുരക്ഷാ സമിതിയിലേക്ക്  ഇന്ത്യ അയച്ചത് ഇ.  അഹമ്മദിനെയായിരുന്നു. 

ലോക നേതാക്കളുമായി സമ്പർക്കം പുലർത്താനും ബന്ധങ്ങൾ നിലനിർത്താനും ഇന്ത്യയുടെ യശസ്സ് വാനോളം ഉയർത്താനും ഇ അഹമ്മദെന്ന ലോമേക്കർ ചെയത സേവനം കാലങ്ങളോളം സ്മരിക്കപ്പെടും, തീർച്ച. ന്യൂനപക്ഷങ്ങൾക്ക് വേണ്ടി അദ്ദേഹം നടത്തിയ ശ്രദ്ധേയമായ ഇടപെടലുകളും അങ്ങിനെ തന്നെ.  വീക്ഷണവ്യത്യാസം പുലർത്തിയിരുന്ന എല്ലാവരുമായും അദ്ദേഹം എപ്പോഴും നല്ല സൗഹൃദം പുലർത്തിയിരുന്നുവെന്നതായിരുന്നു ഇ. അഹമ്മദ് സാഹിബിന്റെ ഏറ്റവും വലിയ ഗുണങ്ങളിൽ ഒന്ന്. രാഷ്രീയത്തിലായായും മതത്തിലായാലും. അദ്ദേഹത്തിന്റെ പരലോക ജീവിതവിജയത്തിനായി അകമഴിഞ്ഞ് പ്രാർത്ഥിക്കാം. ബാഷ്പാഞ്ജലികൾ !

Monday 30 January 2017

സിപി മെഡിക്കൽ ക്യാമ്പ് തിരക്ക് പിടിച്ച ഒരുക്കങ്ങൾ


സിപി മെഡിക്കൽ ക്യാമ്പ്
തിരക്ക് പിടിച്ച ഒരുക്കങ്ങൾ

കണക്റ്റിംഗ് പട്‌ലയും മാലിക് ദീനാർ ചാരിറ്റബിൾ ആശുപത്രിയും ഫെബ്രവരി അഞ്ചിന് ഞായറാഴ്ച  സംയുക്തമായി സംഘടിപ്പിക്കുന്ന മെഡിക്കൽ & ഡെന്റൽ ക്യാമ്പിന്റെ ഒരുക്കങ്ങൾ തുടങ്ങി. വിവിധ സബ്കമ്മറ്റികളുടെ പ്രവർത്തനങ്ങൾ അപ്പപ്പോൾ വിലയിരുത്തുകയും ആവശ്യമായ നിർദ്ദേശങ്ങൾ നേരിട്ടും ഓൺലൈൻ വഴിയും നൽകിയും ക്യാമ്പിന്റെ നിർണ്ണായകഘട്ടങ്ങളിലൂടെ കടന്നു പോകുന്നു.

നോട്ടീസ് വിതരണം, ഫ്ളക്സ് നാട്ടൽ, വിളംബരം, ഉച്ചഭാഷിണി പ്രചാരണം, ഡോക്ടർമാരുമായി കൂടിക്കാഴ്‌ച, ആശുപത്രി സ്ഥാപന മേധാവികളെ സന്ദർശിക്കൽ, മെഡിസിൻ കരുതൽ ശേഖരം, പ്രസ്സ് & പ്രിന്റിങ് വർക്സ്, ലൊക്കേഷൻ വിസിറ്റ് റിപ്പോർട്ടിങ് & റിവ്യൂ മീറ്റിംഗ്, വളണ്ടിയർസ് പ്രൈമറി  മീറ്റ്-അപ്, ഗസ്റ്റ് വിസിറ്റ് തുടങ്ങിയ വിവിധ തലത്തിലുള്ള കൂടിയാലോചന യോഗങ്ങൾ തുടർന്ന് കൊണ്ടേയിരിക്കുന്നുവെന്ന്‌ സംഘാടക സമിതി അംഗങ്ങളും സിപി -ജിബിയും അറിയിച്ചു.

തുടർന്ന് ദിവസങ്ങളിൽ അതത് വിഭാഗങ്ങളിലെ സ്ക്രീനിങ് സബ്കമ്മറ്റികൾ യോഗം ചേർന്ന് ക്യാമ്പ് നടത്തിപ്പിന്റെ പുരോഗതി വിലയിരുത്തുമെന്ന് അവർ അറിയിച്ചു.  മെഡിക്കൽ ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിന് അംഗങ്ങളുടെയും അഭ്യൂദയകാംക്ഷികളുടെയും നല്ല നിർദ്ദേശങ്ങൾ ഇനി പറയുന്നവരുടെ  വാട്ടസ്ആപ് നമ്പറുകളിലേക്ക് ഷെയർ ചെയ്യാവുന്നതാണ്. നല്ല ആശയങ്ങൾ അർഹിക്കുന്ന രൂപത്തിൽ പരിഗണിക്കുമെന്ന് സംഘാടക സമിതി അംഗങ്ങളായ സി.എച് . അബൂബക്കർ, എം.എ . മജീദ്,  സഹീദ് കെ, സിറാർ  പട്‌ല  എന്നിവർ   അറിയിച്ചു.  00971553373293 ഖാദർ അരമന,  00919526699255 കരീം കൊപ്പളം,  00919895724302 റാസ, 00971505132951  ഉസ്മാൻ കപ്പൽ.

പരിപാടിയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി  എച് .കെ. അബ്ദുൽ റഹിമാൻ ചെയർമാനായി  സിപി മെഡിക്കൽ ക്യാമ്പ് സ്വാഗതസംഘമാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.  കൂടുതൽ വിവരങ്ങൾ വരും ദിനങ്ങളിലെ മെഡിക്കൽ ക്യാമ്പ്  ബുള്ളറ്റിനിൽ പ്രതീക്ഷിക്കാം. 

എന്റെ വായന / ഭ്രമണം / അസ്‌ലം മാവില

എന്റെ വായന

ഭ്രമണം

അസ്‌ലം മാവില

ഭാഗ്യരാജ് ഇരിങ്ങാലക്കുടയുടെ ''ഭ്രമണം'' എന്ന നാടകമാണ് ആർടി വിന്റർ ഓഡിയോ തിയേറ്ററിൽ   (ഓഡിയോ നാടകോത്സവം)  ഇന്നലെ അവസാനമായും അവസാനത്തേതാണ് നാം ശ്രവിച്ചത്. നല്ല ഒരു സന്ദേശം, പക്ഷെ അതിനു നാടകകൃത്ത്  ഉപയോഗിച്ച  മാർഗ്ഗം ശരിയായില്ല എന്നേയുള്ളൂ. അവസാനമാകുമ്പോഴേക്കും സന്ദേശം വേറെ എവിടേക്കോ വഴിമാറുകയും ചെയ്തു. അതെന്താണെന്ന് എന്റെ ആസ്വാദനകുറിപ്പിന്റെ അവസാനം ലഭിക്കും.

പെറ്റ നാടും അതിന്റെ ഭാഷയും മറവിയുടെ ലോകത്തേക്ക് പോകരുതെന്നത് ശരിയാണ്, പക്ഷെ, ദുബായിൽ താമസിക്കുന്ന കുടുംബങ്ങളെ ആകെ പറയിപ്പിക്കുന്ന രീതിയിലായിപ്പോയി നാടകത്തിന്റെ പോക്ക്. നാട്ടിൻപുറത്തുകാരിയുടെ  അച്ചടി മലയാള സ്ലാങ്കിനെക്കാളും എനിക്ക്  ഇഷ്ടപ്പെട്ടത് മീന എന്ന ദുബായിക്കാരി പെങ്കോച്ചിന്റെ മലയാള സ്ലാങ്കാണ്. പത്രം വായിക്കുമ്പോലെയാണ് നാട്ടുംപുറത്ത്കാരി നാടകത്തിൽ  മലയാളം പറഞ്ഞു കളഞ്ഞത്.  (സംവിധായകനാണ് എല്ലാത്തിനും കുറ്റക്കാരൻ )

സാധാരണപോലെ തന്നെ ഇവിടെയും ഡോക്ട്ടർ x ഡോക്ട്ടർ ദമ്പതികളുടെ ഗുല്മാല്. ഡോ. അനന്തൻ  അയാളുടെ തറവാട് വീട്ടിലേക്ക്  ദുബായിൽ നിന്ന് കുടുംബ സമേതം വരുന്ന വഴി, ഭാര്യ  ഡോ. മാലതി  അവരുടെ വീട്ടിൽ തലകാണിച്ചു വരാമെന്നൊക്ക നിർബന്ധം പിടിക്കുന്നത്, മാലതിയെക്കാളും വലിയ വാശിക്കാരനായ  അനന്തൻ സാറിനു തീരെ പിടിക്കുന്നില്ല. പുള്ളിക്കാരൻ വാശിയുടെ അപ്പാപ്പനായി  നേരെ വീട്ടിലേക്ക് വണ്ടി വിടുന്നു,  പിന്നെ നടക്കുന്നത് ഗുലുമാലിന്റെ അപ്പീസും. എന്തിനാണ് ഇതിനിടയിൽ പാവം ''മലയാള''ത്തെ ഇടക്ക് കയറ്റി കുടുംബ വഴക്കിന്റെ ദിശ മാറ്റുന്നതെന്നറിയുന്നില്ല.

ഏറ്റവും അവസാനം നടന്നത് ഒന്നൊന്നൊരയായി. മലയാളം മൊത്തം കൗൺസിലിംഗിന്റെ യുഗമാണല്ലോ. അനങ്ങിയാൽ എംബിഎക്കാരനെ പിടിച്ചു കൊണ്ടുവന്നു കൗൺസിലിംഗ് വിദഗ്ധന്റെ വേഷം കെട്ടി ക്‌ളാസ് എടുപ്പിക്കുന്ന ലോകത്തിലാണ് ഇന്ന്  മലയാളികൾ. ടെൻഷൻ, ദാമ്പത്യം, പഠനം, ഉറക്കം, ശിക്ഷണം എന്ന് വേണ്ട എന്തിനും പരിഹാരം ടൈ കെട്ടിയവനെ കൊണ്ട് വന്നു പ്രൊജക്ടർ വെച്ച് ആഷ്പുഷ് ഇംഗ്ലീഷ് തലങ്ങും വിലങ്ങും പറഞ്ഞു പവർപോയിന്റിൽ ഇരുട്ടത്ത് ''മിന്നു സൂചകം'' കാണിച്ചു വന്നവർക്ക് ഇരിക്കപ്പൊറുതി കൊടുക്കാത്ത ഏടാകൂടമായും നമ്മൾ, ആധുനികർ, കണ്ടുപിടിച്ച അവസാനത്തെ ഉപായമായും മാറിയ കൗൺസിലിംഗ് ലോകത്തു,  സൂപ്പർസ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ അതിലും സൂപ്പർസ്‌പെഷ്യൽ അസുഖം കൈകാര്യം ചെയ്യുന്ന ഡോ. അനന്തന്റെ കയ്യിൽ അയാളുടെ പഠിപ്പും പണിയുമുള്ള ഡോക്ടർ ഭാര്യയെ അറ്റകൈക്ക് വരുതിയിൽ കൊണ്ട് വരാൻ ഉപയോഗിക്കുന്ന കൗൺസിലിംഗ് എന്തെന്നോ ?  ചുട്ട പെട തന്നെ ! മനസിലായില്ല ? നാടൻ തല്ല് തന്നെ. അതോടെ എല്ലാം കെട്ടടങ്ങി. (നാടൻ പെണ്ണുങ്ങൾ പറയുന്ന പറച്ചിൽ മാലതിയുടെ തൊള്ളയിൽ നിന്ന് കേട്ടപ്പോഴാണ്- ''നിങ്ങൾ എന്നെ തല്ലി അല്ലേ ''-  ഡോക്ടർ മാഡത്തിന് ഒരടിയുടെ കുറവുണ്ടായിരുന്നു എന്ന്  പ്രേക്ഷകർക്ക് ബോധ്യമായത്). ഈ അടി ആദ്യം തന്നെ കൊടുത്തിരുന്നെങ്കിൽ ആ നാടകത്തിന്റെ പ്രസക്തി തന്നെ ഇല്ലായിരുന്നു എന്ന് ആരെങ്കിലും പറഞ്ഞാലും കുറ്റം പറയാനും പറ്റില്ല.

ഒരു പാട് കൃത്രിമത്വങ്ങൾ ഈ നാടകത്തിൽ കണ്ടു. മുത്തശ്ശിയുടെ ഇടപെടൽ ഉണ്ടാകുമ്പോഴൊക്കെ വെറുതെ വീട്ടിലുള്ള കോഴിയുടെയും പശുവിന്റെയും പൂച്ചയുടെയും കഴുത്ത് പിടിച്ചു ഞെക്കുന്നത് പോലെയാണ് തോന്നിയത് - എന്തെങ്കിലും ഒരു ''അരുമ''യുടെ  (pet) ശബ്ദം ഉണ്ടാകട്ടെ എന്ന് സംവിധായകന് നിര്ബന്ധമുള്ളത് പോലെ, അതൊരു സ്വാഭാവികതയായി പ്രേക്ഷകർക്ക് തോന്നുകയില്ല.

ഈമാസം പതിനാല് മുതൽ തുടങ്ങിയ നമ്മുടെ RT നാടകോത്സവം ഇന്നലെത്തോട് കൂടി പര്യവസാനിച്ചിരിക്കുന്നു. വളരെ വ്യത്യസ്‍തമായ ഈ പ്രോഗ്രാം തീർച്ചയായും ശ്രോതാക്കൾ ആസ്വദിച്ചിരിക്കുമല്ലോ. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച RT തിയേറ്റർ വിങ്ങിനെ അഭിനന്ദിക്കുന്നു. 

Sunday 29 January 2017

ഇവർ, നമ്മുടെ സ്വന്തം നാട്ടിലെ ഡോക്ടർമാർ സിപി മെഡിക്കൽ ക്യാംപിന്റെ ആതിഥേയർ അതെ, സംഘാടകർ തന്നെ/ അസ്‌ലം മാവില

ഭാഗം ഒന്ന്

ഇവർ,
നമ്മുടെ സ്വന്തം നാട്ടിലെ ഡോക്ടർമാർ
സിപി മെഡിക്കൽ ക്യാംപിന്റെ
ആതിഥേയർ
അതെ, സംഘാടകർ തന്നെ

അസ്‌ലം മാവില

ഈ പേരുകൾ വായിക്കുക. കൂടെ അവരുടെ ഉപ്പയുടെ പേര് കൂടി എഴുതിയിട്ടുണ്ട് (ഒരാളൊഴികെ), വായിക്കുന്നവർക്ക് അവരാരെന്ന് കൂടി അറിയാൻ. ഇവർ  പുറത്ത് നിന്നുള്ളവരല്ല. നമ്മുടെ ഗ്രാമത്തിലെ യുവ ഡോക്ടർമാരാണ്. ഒരു പക്ഷെ, എല്ലാവർക്കും അറിയണമെന്നില്ല. അതിനുള്ള സൗകര്യം കിട്ടിക്കൊള്ളണം എന്നുമില്ല.  പേരുകൾ ഇനിയും വിട്ട് പോയിട്ടുണ്ടാകാനാണ് സാധ്യത.  എന്റെ അറിവിൽ ഉള്ളത് എഴുതി എന്നേയുള്ളൂ. അത്കൊണ്ട് ലിസ്റ്റ് അപൂർണ്ണവുമാണ്.

ഡോ. സാഹിർ അഹമ്മദ്  S /o ബീരാൻ മൊയ്തീൻ
ഡോ. ലിബാന D/o ബീരാൻ മൊയ്തീൻ
ഡോ. ആസിയ  D /o കപ്പൽ മുഹമ്മദ്
ഡോ. അസ്ന W/o ഡോ. സാഹിർ അഹമ്മദ്
ഡോ. ഫംസീദ D/o അബ്ബാസ് ടിപി
ഡോ . അൻഷിദ D/o അബ്ദുല്ല ബിഎം
ഡോ. മറിയംബി  D/o അഹമ്മദ് 
ഡോ. നജ്മ  D/o ബീരാൻ മൊയ്തീൻ
ഡോ. അമൽ D/o അബ്ദുൽ കരീം
ഡോ. മറിയം മഹ്‌സീന D/o അബൂബക്കർ പി എ
.......................................
.......................................
......................................
ഇവരിൽ ഒരാളൊഴികെ ബാക്കി എല്ലാവരും ജന്മം കൊണ്ട്  പട്‌ലക്കാരാണ്.  ഡോ. അസ്‌ന ഇപ്പോൾ പട്‌ലക്കാരിയും.  ( മറ്റൊന്ന് ഇവരിൽ ഒരാളൊഴികെ ബാക്കി എല്ലാവരും വനിതാ ഡോക്ടർമാരും ! സ്ത്രീ വിദ്യാഭ്യാസപുരോഗതിക്ക് നമ്മുടെ ഗ്രാമാന്തരീക്ഷം ഉണ്ടാക്കിയ മാറ്റത്തിന്റെ നേർചിത്രം കൂടിയാണെന്ന് കൂട്ടത്തിൽ പറഞ്ഞില്ലെങ്കിൽ ജീവിച്ചിരിക്കുകയും മണ്മറഞ്ഞു പോയവരുമായ നിസ്വാർത്ഥ  വിദ്യാഭ്യാസ പ്രവർത്തകരോട് ഞാൻ/നാം കാണിക്കുന്ന അനീതി കൂടിയായിരിക്കും. )

 സിപിയിലെ കർമ്മനിരതമായ നേതൃത്വം മെഡിക്കൽ & ഡെന്റൽ ക്യാമ്പിന്റെ സമ്പൂർണ്ണ വിജയത്തിനായി ഉത്രാടം പാച്ചിൽ നടത്തുമ്പോൾ, അന്നത്തെ ദിവസം തങ്ങളുടെ പ്രൊഫഷണൽ കൊണ്ട് നല്ല ആതിഥ്യമൊരുക്കാൻ ഇവരാണ് ഉണ്ടാകുക.  ഇതൊരു ചെറിയ ലിസ്റ്റ്, ഇവരെക്കാളെത്രയോ കൂടുതൽ പാരാമെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്ന നമ്മുടെ നാട്ടുകാർ ലാബ് ടെക്‌നീഷ്യൻ, ഫാർമസിസ്റ്റ് തൊട്ട് നഴ്സ് വരെ കോഴ്സ് കഴിഞ്ഞവരും പഠിക്കുന്നവരും ക്യാമ്പ് ദിവസം സജീവമായിട്ടുണ്ടാകും.

തങ്ങൾ പഠിച്ച സ്‌കൂൾ മുറ്റത്താണ് നാട്ടുകാരായ ഈ  ഡോക്ടർമാർ ക്യാമ്പിന്റെ ഭാഗമാകുന്നത്. ഏതെങ്കിലും ഒരു കുഞ്ഞു പ്രായത്തിൽ സ്‌കൂൾകിളിവാതിൽ കൂടി പുറത്തേക്ക് നോക്കുമ്പോൾ കാൽനടയായി പോകുന്ന രോഗികളുടെ  ഒരു  ചിത്രം അവരുടെ മനസ്സിലുണ്ടായിരിക്കണം, ഇത് പോലെ പ്രയാസപ്പെടുന്ന  രോഗികളെ എന്നെങ്കിലും എനിക്കും ശുശ്രൂഷിക്കണം.  അവരുടെ നെറ്റി തൊട്ടു, ഹൃദമിടിപ്പറിഞ്ഞു, നാഡീസ്പന്ദനം നോക്കി, ശരീരത്തിലെ മറ്റു അസ്വസ്ഥതയറിഞ്ഞു  സാന്ത്വനം നൽകാൻ,  മരുന്ന് കുറിച്ച് നൽകാൻ, ഒരു ചെറു തലോടലിൽ അവരുടെ വേദനായകറ്റാൻ ....ആ തേട്ടവും ആഗ്രഹവും രക്ഷിതാക്കളുടെയും ഗുരുജനങ്ങളുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും പ്രോത്സാഹനവും  പ്രാർത്ഥനയും  എല്ലാമാകാം  ആതുര ശുശ്രൂഷാ രംഗത്തേക്ക് അവരെ എത്തിച്ചത്.

പുറമെ നിന്നെത്തുന്ന വിദഗ്ദ്ധ ഡോക്ടർമാർക്ക് നാട്ടുകാരായ ഈ ഡോക്ടർമാരുടെ  സാന്നിധ്യം ഉറപ്പായും ഉപകാരപ്പെടും. നമ്മുടെ നാട്ടിലെ രോഗികൾക്ക് ഈ യുവ ഭിഷ്വഗരന്മാരുടെ ''പ്രസൻസ്'' അതിലേറെ സാന്ത്വനത്തിനു വക നൽകും. തീർച്ചയായും സിപിയുടെ ഫിബ്രവരി അഞ്ചിലെ  മെഗാമെഡിക്കൽ ക്യാമ്പ് നമ്മുടെ നാട്ടിലെ ഡോക്ടർമാരെ കൂടി അടുത്തറിയാനുള്ള അവസരം കൂടിയാണ്.  ഒപ്പം മെഡിക്കൽ കോളേജിലെതടക്കം ഉന്നആതുരാലയങ്ങളിലെ ഡോക്ടർമാരുടെ സാന്നിധ്യം കൊണ്ട് ഒരു മിനി സുപെർസ്പെഷ്യൽ ആശുപത്രിയുടെ മിനിയേച്ചർ തന്നെയായിരിക്കും ഈ ക്യാമ്പ്. (അടുത്ത കുറിപ്പിൽ ഇതുമായി ബന്ധപ്പെട്ടു എഴുതാം )

സിപിയുടെ മെഡിക്കൽ ക്യാമ്പിൽ വിഷൻ കെയറിനും  ചെറുതല്ലാത്ത റോളുണ്ട്.  നമ്മുടെ സ്വന്തം സിറാറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്.  ദിവസങ്ങൾക്ക് മുമ്പ്  കാസർകോട് ജേസീസിന്റെ ബഹുമതി ലഭിച്ച യുവസംരംഭകൻ കൂടിയാണ് സിറാറെന്നത്  സാന്ദർഭികമായി സൂചിപ്പിക്കട്ടെ.  കണ്ണുരോഗാനന്തര  സേവനങ്ങൾ മാത്രമല്ല സിറാറിനെ വ്യത്യസ്തനാക്കുന്നത്. ഒരുപാട് സ്ഥലങ്ങളിൽ കണ്ണുരോഗ  നിർണ്ണയ ക്യാമ്പുകളിൽ സജീവമായ അനുഭവ സമ്പത്തും സിറാറിനുണ്ട്.

ചുരുക്കിപ്പറഞ്ഞാൽ മാലിക്ദീനാർ ചാരിറ്റബിൾ ഹോസ്പിറ്റലും കണക്റ്റിങ് പട്‌ലയും ചേർന്നൊരുക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് നാട്ടുകാരായ മെഡിക്കൽ - പാരാമെഡിക്കൽ രംഗത്തുള്ളവരുടെ ആതിഥേയത്വം കൊണ്ട് ശ്രദ്ധേയമാകും.

ഈ ആർട്ടിക്കിളിന്റെ തുടക്കത്തിൽ  ഞാൻ ഭാഗം ഒന്ന് എന്നാണ് കുറിച്ചിരിച്ചിരിക്കുന്നത്. എന്റെ ഈ കുറിപ്പ് നമ്മുടെ നാട്ടിലെ ഡോക്ടർമാരുടെയും പാരാമെഡിക്കൽ ബിരുദദാരികളുടെയും  മെഡിക്കൽ -പാരാമെഡിക്കൽ വിദ്യാർത്ഥികളുടെയും മൊബൈൽ ഡിവൈസിൽ എത്തുമെന്ന് കരുതുന്നു. ക്യാമ്പിന്റെ വൈകുന്നേരം ഞാൻ ഈ ആർട്ടിക്കിളിന്റെ രണ്ടാം ഭാഗം കൂടി എഴുതും, ഇൻശാഅല്ലാഹ് , അത് അവരുടെയും സിപിയുടെയും  പ്രത്യേക  ശ്രദ്ധ പതിയാൻ കൂടിയുള്ളതാണ്.

യൂറോപ്യൻ രാജ്യങ്ങളിലൊക്കെ മെഡിക്കൽ ടീം എന്നാണ് പറയുക, അതിൽ മെഡിക്കൽ പ്രാക്റ്റീഷനർ മുതൽ നഴ്സ് വരെ എല്ലാവരും  ഉൾപ്പെടും. അത്കൊണ്ട് നിങ്ങളെ ഞാൻ ഇങ്ങിനെ അഭിസംബോധന ചെയ്യട്ടെ, എന്റെ നാട്ടിലെ പ്രിയപ്പെട്ട മെഡിക്കൽ ടീമംഗങ്ങളേ,  നിങ്ങൾക്ക്  ഭാവുകങ്ങൾ  Alone you can do SO LITTLE, together you can do SO MUCH.

Saturday 28 January 2017

എന്റെ വായന / കാട്ടുമുല്ലകൾ / അസ്‌ലം മാവില

എന്റെ വായന

കാട്ടുമുല്ലകൾ

അസ്‌ലം മാവില

ഗംഭീരം ! ഫാബുലസ് ! കട്ടുമുല്ലകൾ കേട്ടപ്പോൾ നിങ്ങളോടൊപ്പം എനിക്കും അങ്ങിനെ പറയാൻ തോന്നുന്നു. എല്ലാം കൊണ്ടും ശ്രോതാക്കളെ ഈ നാടകം തൃപ്തിപ്പെടുത്തുന്നു. ഓരോരുത്തർക്കും ഇതിന്റെ ക്രഡിറ്റുണ്ട്. അഭിനയ ഖത്തർ നാടക സംഘം ടീമിനെ മനസ്സ് നിറയെ അഭിനന്ദിക്കാൻ മടിക്കേണ്ടതില്ല.

വളരെ പ്രൊഫഷണലായ സ്റ്റുഡിയോ (സൈഗാസ് സ്റ്റുഡിയോ) ആണ്  ശബ്ദലേഖനവും ശബ്ദ മിശ്രിതവും നടത്തിയിരിക്കുന്നത്. രചന, സംവിധാനം ചെയ്തത് വിഷ്ണുരവിയും. അദ്ദേഹം തന്നെയാണ്  സൂപ്പർ നാടകഗാനങ്ങളുടെ രചനയും നിർവ്വഹിച്ചിട്ടിട്ടുള്ളത്. രാഹുൽ മാത്രാടന്റെ സംഗീത സംവിധാനം അവയ്ക്ക് മാറ്റുകൂട്ടുകയേ ചെയ്തിട്ടുള്ളൂ. രാഹുലിന്റെ കൂടെ ഗാനമാലപിച്ച രാജേഷും പശ്ചാത്തല സംഗീതമൊരുക്കിയ രാഗേഷും പയ്യന്നൂർക്കാർ തന്നെ.  നാടകത്തിന്റെ ഗ്രിപ്പ് ഇപ്പോഴും വടക്കൻ മലബാറുകാർക്ക് സ്വന്തമെന്ന് തോന്നിപ്പോയി ഈ നാടകവും കേട്ടാസ്വദിച്ചപ്പോൾ.

രയ്ക്കണ്ണനാണ് ഇതിലെ മുഖ്യകഥാപാത്രമെങ്കിലും, ഒരു കഥാപാത്രവും അപ്രധാനമല്ല.  മുത്തിക്ക് വേണ്ടി ഒരുക്കൂട്ടുന്ന രായ്ക്കണ്ണനെയാണ് നഗരത്തിൽ നിന്ന് പണദുര മൂത്തു ആളെപ്പിടിക്കാൻ കാട് കയറി വടക്കൻ മലയിലേക്ക് യന്ത്ര വണ്ടിയിൽ മൂന്ന് മനുഷ്യ പിശാചുക്കൾ വന്നിരിക്കുന്നത്, മാർക്കോസും ശ്രീധറും കാസിമും.  ഇടക്കിടക്ക് കാസിം ''സെന്റി'' ആകുന്നതൊഴിച്ചാൽ എല്ലാവരും കാട്ടുമക്കളുടേത് മാത്രമല്ല മുഴുവൻ ജീവരാശിയുടെയും  ശത്രുക്കൾ തന്നെ.

വളരെ വളരെ മനോഹരമായ കാടിന്റെ പശ്ചാത്തലമൊരുക്കിയാണ് നാടകം തുടങ്ങുന്നത് തന്നെ! ഒരു ജീവിയുടെയും ശബ്ദം ഒഴിവുമല്ല. ചീവിട് (മണ്ണെട്ടെ) മുതൽ കൊമ്പനാനവരെ അതിലുണ്ട്. എല്ലാം നമുക്ക് അനുഭവവേദ്യമാകുന്നത് പോലെയാണ് രാഗേഷ്  പശ്ചാത്തലശബ്ദം  കൈകാര്യം ചെയ്തിട്ടുള്ളത്.കുളക്കോഴി, കാട്ടുകോഴി, കാട്ടുപോത്ത്, കുയിൽ, കുരുവി,  ആട് ഒന്നും ബാക്കിയില്ലല്ലോ. കുരുവിയുടെ നാദം കാട്ടുമക്കൾക്ക് ശുഭലക്ഷണമാണ് പോൽ !  നിലാവുള്ള രാത്രിയെ പറയുമ്പോഴും മീൻപിടിക്കാൻ രയ്ക്കണ്ണനും രായിയാനും കറുമ്പനും തണുത്തവെള്ളത്തിൽ  കാലിറക്കി ഇറങ്ങുമ്പോഴും തണുപ്പ് ഇപ്പോഴും വിട്ടുമാറാത്ത യാമ്പുവിൽ ഇരുന്നു കൊണ്ട് എനിക്ക് ആസ്വദിക്കാൻ പറ്റും. കൈയെത്താൻ ദൂരത്തുള്ള ചെങ്കടലിൽ നിന്നും നിർത്താത്ത അടിച്ചു വീശുന്ന മരം കോച്ചുന്ന തണുത്തകാറ്റിൽ റോഡരികിലേക്ക്നടന്നു വരുമ്പോൾ  ഇന്നത്തെ പ്രഭാതത്തിൽ കേട്ട നാടകം,  രായ്ക്കണ്ണനെക്കാളും കൂടുതൽ  തണുപ്പ് എനിക്കാണ്  നൽകിയത്.

കാട്ടുമക്കളുടെ ഉത്സവ രാത്രിയിലാണ് ആ മൂന്ന് മനുഷ്യപിശാച്ചുക്കൾ കാടിന്റെ മക്കളെ പിടിക്കാൻ എത്തുന്നത്. വടക്കൻ മലയുടെ അടിവാരത്തിലെ മരപ്പൊത്തിൽ നിന്ന് കിട്ടിയ  ഇളം തേൻ വരെ എല്ലാവര്ക്കും പകുത്ത് നൽകിയിട്ടും ഒരല്പം തന്റെ മുത്തിക്ക് സൂക്ഷിച്ചു വെക്കുന്ന രായ്ക്കണ്ണൻ സ്നേഹത്തിന്റെയും പ്രേമത്തിന്റെയും അനുരാഗത്തിന്റെയും സർവ്വസ്വമാണ്. മുത്തിയുടെ നെഞ്ചകത്തിൽ നിന്നാണ് ആ പിശാചുക്കൾ രായ്ക്കണ്ണനെ പറിച്ചെടുത്തത്, അലമുറയിട്ടു നിലവിളിച്ചു ഓടുന്ന അമ്മയുടെ മോനെയാണ് അവർ കെട്ടിക്കൊണ്ട് പോയത്.  തയ്യാറാക്കിയ കൊള്ളിപോലും പിന്നെക്കഴിക്കാമെന്ന് പറഞ്ഞാണല്ലോ അവൻ ഉത്സവനാളിൽ പോലും അമ്മയ്ക്കും മുത്തിക്കും വേണ്ടി  മീൻപിടിക്കാൻ പോയത്.

കാട്ടുമക്കൾക്ക് പ്രതിരോധശേഷി കൂടുതലാണ്, അവരുടെ പഞ്ചേന്ദ്രിയങ്ങൾക്ക് പതിന്മടങ്ങ് പ്രതികരണ ക്ഷമതയും കൂടുതലാണ്. അതിന്റെ പൊരുൾ അറിയാനാണ് വിദേശികൾ ഗവേഷണകേന്ദ്രത്തിൽ പിഎച്ച്ഡിക്ക് തയ്യാറാകുന്നത്. അത് പഠിക്കാൻ അവർക്ക് വേണ്ടത് ജീവനുള്ള കാട്ടുമക്കളെയും. വിദേശികൾക്ക് മാമാ പണിയെടുക്കുന്നതോ ,  തവിട്ടു  സായിപ്പൻമാരായ മാർക്കോസ്-ശ്രീധർ-കാസിമുമാരും ! ആസ്വദിക്കണം, പണം വേണം, അതിനാരുടെ ജീവിതം കവർന്നെടുത്താലും അവർക്ക് പ്രശ്നമില്ല.

ഇടറിയ ശബ്ദത്തിൽ പശ്ചാത്തലത്തിൽ   ''താനതിന താനാ ..തിന തെയ്യാരം താനോ'' എന്ന മലമ്പാട്ട് നാടകാവസാനം മെല്ലെമെല്ലെ അവരോഹണത്തിൽ തീരുമ്പോൾ കാടിന്റെ ദീനരോദനമായാണ് നമ്മുടെ കാതുകളിൽ ദീർഘനേരമത്  അസ്വാരസ്യവും അസ്വസ്ഥതയുമുണ്ടാക്കുന്നത്.

വീണ്ടും ഭേഷ്, നന്നായിരിക്കുന്നു ഈ നാടകം. കേൾക്കാത്തവർക്ക് ധൈര്യത്തിൽ കേൾക്കാം, കേട്ടവർക്ക് അതൊന്നുകൂടിയാകാം. 

Thursday 26 January 2017

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം : അക്ഷരം സ്നേഹിക്കുന്നവർ അണിനിരക്കുക / അസ്‌ലം മാവില


General Education Protection Mission 2017
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം :
അക്ഷരം സ്നേഹിക്കുന്നവർ അണിനിരക്കുക

http://www.kvartha.com/2017/01/join-public-education-drive.html

അസ്‌ലം മാവില


ചില ഉദ്യമങ്ങൾ (missions) നമ്മുടെ മനസ്സിൽ ഒരുപാട് കാലം തങ്ങി നിൽക്കും. ഒരു ഉദാഹരണം സമ്പൂർണ്ണ സാക്ഷരത. ഒരു കാലത്തു നമ്മുടെ നാട്ടിൻപ്രദേശങ്ങളിലടക്കം സാക്ഷരത തന്നെയായിരുന്നു സംസാരവിഷയം.  പ്രസ്തുത വിഷയം  ലോകത്തെമ്പാടും  ചർച്ചചെയ്തെന്നും ഇപ്പോഴും ചർച്ച ചെയ്തുകൊണ്ടിരിക്കുന്നുവെന്നതും തൊഴിലന്വേഷണത്തിന്റെ ഭാഗമായി വിദേശ രാജ്യങ്ങളിൽ പോയപ്പഴാണ് ഞാനൊക്കെ മനസ്സിലാക്കുന്നത്. അന്നത്തെ  ഇന്ത്യയിലെ  മൊത്തരം സാക്ഷരതയുടെ കണക്ക് ലോകത്തിന്റെ മുന്നിലുണ്ട്. അത്കൊണ്ട് കേരളത്തിലെ സാക്ഷരതാ യജ്ഞം  എല്ലാവരും  അത്ഭുതത്തോടെയാണ്നോക്കി കണ്ടത്. സമ്പൂർണ്ണ സാക്ഷരതാ മിഷൻ മലയാളത്തിനും മലയാളിക്കും  നൽകിയ പോപ്പുലാരിറ്റി അത്ര വലുതായിരുന്നു.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവും വെറും ഒരു പ്രതിജ്ഞ ചൊല്ലലിൽ മാത്രമൊതുക്കാതെ അതിന്റെ സത്തയുൾക്കൊണ്ടുകൊണ്ട് പൊതുജനപങ്കാളിത്തത്തോടെ മുന്നോട്ട് കൊണ്ട് പോകാൻ  ഒരുമിച്ചു ശ്രമിക്കുകയാണെങ്കിൽ തീർച്ചയായും ആവറേജിനപ്പുറമുള്ള  ഔട്ട്പുട്ടാണ് നമ്മെ കാത്തിരിക്കുന്നത്.

അറിഞ്ഞിടത്തോളം GEP മിഷന്റെ ( General Education Protection Mission)  ഉദ്ദേശ ലക്ഷ്യങ്ങൾ ഇവയാണ് :  പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കുക, വിദ്യാലയങ്ങൾ ലഹരി വിമുക്തമാക്കുക,  സ്കൂളുകളിൽ ഹരിതനിയമാവലി (Green Protocol) നടപ്പാക്കുക.

പൊതുവിദ്യാലയങ്ങളാണ് മലയാളത്തിന്റെ ഉയിരും ഊർജവും.  ഇന്ന് നിലനിൽക്കുന്ന മലയാളിയുടെ രാഷ്ട്രീയ സാക്ഷരതയ്ക്കും സഹവർത്തിത്ത്വമനോഹഭാവത്തിനും സാമൂഹിക-സാംസ്കാരിക  ഇടപെടലുകൾക്കും പൊതുവിദ്യാലയങ്ങൾ നൽകിയ പങ്ക് ചെറുതല്ല. ഏറ്റ-ചെറുപ്പമില്ലാതെ എല്ലാവരെയും ഒന്നായി കാണാനുള്ള മഹത്തായ സന്ദേശം  ഈ പള്ളിക്കൂടങ്ങളാണ് നമുക്ക് നൽകിയത്, ആ ക്യാംപസുകളാണ്  അതിനു വഴിവെച്ചത്.  

പൊതു വിദ്യാലയങ്ങൾ ഇന്ന് അവഗണിക്കപ്പെടുകയാണോ ? മതിയായ പരിഗണന നാമാരും പൊതുവിദ്യാഭ്യാസത്തിനു വെച്ച് നൽകുന്നില്ലേ ?  അങ്ങിനെയാണെങ്കിൽ   മികവിന്റെ കേന്ദ്രങ്ങളായി പൊതു വിദ്യാലയങ്ങളെ മാറ്റിയെടുക്കാന്‍ കൂട്ടായ ശ്രമം നടത്തേണ്ടതല്ലേ ?

പൊതുവിദ്യാലയങ്ങളിലെ നിലവിലുള്ള പോരായ്മകൾ കണ്ടറിഞ്ഞു പരിഹരിക്കുന്നതോടൊപ്പം മറ്റേത് വിദ്യാലയങ്ങളെക്കാളും കിടപിടിക്കുന്ന വിധത്തിൽ   മികച്ച രീതിയിൽ ഇൻഫ്രാസ്‌ട്രെച്ചർ സൗകര്യമൊരുക്കുവാൻ  വിദ്യാഭ്യാസ വകുപ്പിന്റെയും സർക്കാരിന്റെയും ഭാഗത്തു നിന്നുമുണ്ടാകുമ്പോഴാണ് നടേ പറഞ്ഞ മിഷൻ ലക്‌ഷ്യം പ്രാപിക്കുകയുള്ളൂ. ഒപ്പം  ഒരു നാടിന്റെ കൂട്ടായ മനസ്സും പ്രയത്നവും അതിന്റെ ഓജസ്സ് വർധിപ്പിക്കും.

വിദ്യാലയ വികസന പദ്ധതി തയാറാക്കല്‍, സ്മാര്‍ട്ട്  ക്ളാസ് മുറികള്‍, ഹൈടെക് വിദ്യാലയങ്ങള്‍, ഇംഗ്ളീഷ് പഠനത്തിനായി പ്രത്യേക പദ്ധതികള്‍, ഭാഷ-ശാസ്ത്ര-ഗണിത പഠനത്തിനായി പ്രത്യേക പദ്ധതികള്‍, ജൈവവൈവിധ്യ ഉദ്യാനം എന്നീ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു പൊതു വിദ്യാഭ്യാസ മേഖല വീണ്ടുെടപ്പിന് തയാറാകുന്നുവെന്ന് മിഷന്റെ പത്രക്കുറിപ്പിൽ പറയുന്നുണ്ട്.  ഉത്തരവാദപ്പെട്ട വകുപ്പിൽനിന്നുള്ള ഈ പ്രസ്താവന വളരെ ഗൗരവത്തോട് കൂടിയാണ് വിദ്യാഭ്യാസ പ്രവർത്തകരും രക്ഷിതാക്കളും പൊതുജനവും നോക്കിക്കാണുന്നത്.

പത്തിരുപത്തഞ്ച് വർഷം മുമ്പുള്ള സാഹചര്യമല്ല ഇന്ന് കേരളത്തിൽ പ്രത്യേകിച്ചുള്ളത്. സൗകര്യങ്ങൾ തേടിയാണ് രക്ഷിതാക്കൾ തങ്ങളുടെ മക്കളെ പഠനത്തിന് അയക്കുന്നത്. ഓട്ടയുള്ള മേൽക്കൂരയും കൈകാൽ പൊളിഞ്ഞ ബഞ്ചും ഡസ്കും കാറ്റ് മാത്രം വരുന്ന വാട്ടർ ടാപ്പും ഒരുകോപ്പുമില്ലാത്ത ലാബും കണ്ടാൽ  ഇന്നത്തെ കുട്ടികൾ ആ ഭാഗത്തേക്ക് മുഖം തന്നെ കാണിക്കില്ലെന്ന് അധികൃതർക്ക്  തിരിച്ചറിവുണ്ടാകണം.  തൊട്ടടുത്ത് സർക്കാർ സ്‌കൂൾ ഉണ്ട്. അധ്യാപകരുമുണ്ട്. സർക്കാരേതരസ്‌കൂളുകളിലുളളതിനേക്കാൾ മികച്ച ഫാക്കൽറ്റിയാണ് ഇവിടെയുള്ളതെന്നുമറിയാം. പക്ഷെ, എന്തോ ചിലതിന്റെ കുറവുകളാണ് രക്ഷിതാക്കളെ മുറ്റത്തെ പൊതു വിദ്യാലയങ്ങളിൽ നിന്ന് മാറ്റിനിർത്തുന്നത്. ആ ''എന്തോ ചിലതുകൾ'' എന്താണെന്ന്  എല്ലാവർക്കുമറിയാം. അവയ്‌ക്കുള്ള പരിഹാരം കൂട്ടായി  കാണാനായാൽ തീർച്ചയായും ഈ മിഷൻ വിജയിക്കുമെന്നതിന് തർക്കമില്ല.

കുട്ടികളുടെ പഠന പാഠ്യേതര വിഷയങ്ങൾക്ക്  മുൻ‌തൂക്കം നൽകി അവരുടെ അഭിരുചികൾ കണ്ടറിഞ്ഞു മുന്നോട്ട് പോകാൻ അധ്യാപക-രക്ഷാകർത്താക്കൾ പരിശ്രമിക്കേണ്ടതുണ്ട്. അനുഭവസ്ഥരായ വിദ്യാഭ്യാസ വിചക്ഷണരുടെ ഇടപെടലുകളോട് കൂടി ഒരു   student centered  വിദ്യാഭ്യാസം നടപ്പിലാക്കുവാനും ആവശ്യമെങ്കിൽ നിലവിലുള്ള school -manualൽ കാതലായ മാറ്റം വരുത്തുവാനും ബന്ധപ്പെട്ടവർ തയ്യാറാകേണ്ടതുണ്ട്.

സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളെ ആകർഷിക്കണമെങ്കിൽ ഭഗീരഥപ്രയത്നം ചെയ്യാൻ ആദ്യം മുൻകൈ എടുക്കേണ്ടത് ഇന്നത്തെ സാഹചര്യത്തിൽ ഒന്നാമതും രണ്ടാമതും   അധ്യാപകരും തുടർന്ന് നാട്ടുകാരുമാണ്, അതേത് പ്രദേശത്തെ  സ്‌കൂളാണെങ്കിലും.  അച്ചടക്കം ആദ്യം തുടങ്ങേണ്ടത് സ്വജീവിതത്തിൽ  അധ്യാപകരായിരിക്കണം. ഏറ്റവും മികച്ച ട്രെയിനിങ്ങുകളാണ് ഓരോ അധ്യയനവർഷവും സർക്കാർ ചെലവിൽ അധ്യാപകർക്ക് ലഭിക്കുന്നത്. അതിന്റെ ഔട്പുട്ട് ഉണ്ടാകുന്നുണ്ടോ എന്ന് എഇഒ തൊട്ട് മുകളിലുള്ള വിദ്യാഭ്യാസ ഉദ്യോഗസ്ഥരും ഗ്രാമ -ബ്ലോക്ക്- ജില്ലാ പഞ്ചായത്ത് ഭരണകൂടങ്ങളും വിദ്യാഭ്യാസസമിതികളും ഇടക്കിടക്ക് അന്വേഷിക്കുകയും പഴുതുള്ളിടത്ത് പരിഹാരമുണ്ടാക്കുകയും വേണം. അധ്യാപക - രക്ഷാകർതൃ സമിതികളിൽ അനുഭവസ്ഥരായ രക്ഷിതാക്കളെ ഉൾപ്പെടുത്തുകയും അവരുടെ  അഭിപ്രായങ്ങൾ മുഖവിലക്കെടുക്കുയും ചെയ്യണം.  പിടിഎ -എസ്എംസി സമിതികൾക്ക് ചെറുതല്ലാത്ത റോൾ ഈ വിഷയത്തിൽ ഉണ്ട്.

പട്ടാള ചിട്ടയുടെയും കാർക്കശ്യത്തിന്റെയും കാലം കഴിഞ്ഞെന്നു പറയുമ്പോഴും  ലിബറൽ അറ്റ്മോസ്ഫിയർ പശ്ചാത്തലമൊരുക്കിയുള്ള  ക്‌ളാസ്സുകൾ എങ്ങിനെയാണെന്ന് നാട്ടുകാരെയല്ല ആദ്യം ബോധ്യപ്പെടുത്തേണ്ടത് അധ്യാപകരെയാണ്. അവരാണല്ലോ ഇതിന് തുടക്കം കുറിക്കേണ്ടത്.  ഒരു അധ്യയന വര്ഷം ആയിരം സകർമ്മക മണിക്കൂർ എന്ന GEP മിഷന്റെ  ലക്‌ഷ്യം സ്വാഗതാർഹമാണ്, അത് ഫലം കാണുമെങ്കിൽ. വിദ്യാഭ്യാസ മേഖലയിൽ സമ്പൂർണ ഡിജിറ്റലൈസ്ഡ് സംസ്ഥാനമെന്ന GEP മിഷന്റെ മറ്റൊരു സുപ്രധാന  ലക്‌ഷ്യവും വളരെ നല്ലത് തന്നെ. അവയൊക്കെ  വളരെ പ്രതീക്ഷയോട് കൂടിയാണ് പൊതുജനം നോക്കികാണുന്നത്.

ജനുവരി 27, വെള്ളിയാഴ്ച നടക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ കാമ്പയിൻ ലോഞ്ചിങ് വിജയിപ്പിക്കേണ്ടത് നാട്ടിലെ ഓരോരുത്തരുടേയും ബാധ്യതകൂടിയാണ്.  വിദ്യാഭ്യാസ -സാമൂഹിക -സാംസ്കാരിക -കലാ -കായിക രംഗങ്ങളിൽ സജീവമുള്ള മുഴുവൻ  കൂട്ടായ്‍മകളും നാട്ടുകാരും വിശിഷ്യാ പൂർവ്വ വിദ്യാർത്ഥികളും  ഈ സദുദ്യമത്തിൽ പങ്കാളികളാവുക.  തിരുവനന്തപുരത്തു മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും കാസർകോട് പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലയുമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രഖ്യാപന കാംപയിൻ ഉദ്‌ഘാടനം ചെയ്യുന്നത്. നമ്മുടെ കുട്ടികളുടെയും വരും തലമുറയുടെയും നല്ല ഭാവിക്കായ്  നാമോരുരുത്തരും ഈ മഹദ്-യജ്ഞത്തിന്റെ ഭാഗമാകുക.

Wednesday 25 January 2017

റിപ്പബ്ലിക് ദിനചിന്തകൾ / അസ്‌ലം മാവില

റിപ്പബ്ലിക് ദിനചിന്തകൾ 

അസ്‌ലം മാവില 


http://www.kvartha.com/2017/01/republic-day-thoughts.html

ഒരു റിപ്പബ്ലിക്ക് ദിനം കൂടി ഇന്ന് എത്തി. ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിന് ഒരു പാട് പ്രത്യേകതകളുണ്ട്. ജാനാധിപത്യത്തിലൂന്നിയ ഒരു രാഷ്ട്രസംവിധാനത്തിലധിഷ്ഠിതമായ ഒന്നാണ് അതിലേറ്റവും പ്രധാനം. അവിടെ ജനങ്ങളുണ്ട്, ജനങ്ങൾ തെരെഞ്ഞെടുത്ത ജനപ്രതിനിധികളുണ്ട്, അധോസഭയും ഉപരിസഭയുമുണ്ട്; വ്യത്യസ്‍ത സംസ്കാരങ്ങൾ ഉൾക്കൊള്ളുന്ന സംസ്ഥാനങ്ങളുണ്ട്; അവിടെ നിയമസഭകളുണ്ട്. വ്യത്യസ്ത ഭാഷ, വേഷം, മതം, ജാതി, ഉപജാതി, ഗോത്രം, വർഗ്ഗം, സംസ്കാരം എല്ലാം ഉൾക്കൊള്ളുന്നതാണ് ഇന്ത്യ.  ചുരുക്കത്തിൽ ഭരണാധികാരികൾക്കും പ്രജകൾക്കും ഏറെ ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രസംവിധാനമാണ് നമുക്കുള്ളത്. 

ചിലതൊക്കെ  നമ്മെ  ഇപ്പോഴും വ്യാകുലപ്പെടുത്തുന്നുണ്ടോ ? അവ അന്വേഷിക്കേണ്ടതും പരിഹാരം കാണേണ്ടതും പ്രജകളല്ല; ഭരണാധികാരികളാണ്. കുട്ടികൾ, സ്ത്രീകൾ, പാർശ്വവൽക്കരിക്കപ്പെട്ടവർ, മത-ഭാഷാ ന്യൂനപക്ഷങ്ങൾ, കീഴ്ജാതിക്കാർ, കർഷകർ, ദരിദ്രനാരായണന്മാർ ഇവർ ഇന്നും പഴയ നിലയിൽ തന്നെയാണോ ? അതോ അതിലും പരിതാപകരമായ പ്രയാസങ്ങളാണോ അനുഭവിക്കുന്നത് ? അവർക്ക് കൂടി സമത്വവും സുരക്ഷിതത്വവും ജീവിത സൗകര്യങ്ങളും നിലനിൽക്കുന്ന ഒരു സാഹചര്യം ഒരുക്കുന്നതിൽ മാറിമാറി വരുന്ന ഭരണകർത്താക്കളും കുഞ്ചിക സ്ഥാനങ്ങളിൽ ഇരിക്കുന്ന ഉന്നത ബ്യുറോക്രാറ്റുകളും എത്രത്തോളം താല്പര്യമെടുത്തിട്ടുണ്ട് ? ശ്രമിച്ചിട്ടുണ്ടെങ്കിൽ  എത്രത്തോളം വിജയിച്ചിട്ടുണ്ട് ? 

ഭരണഘടനാആഘോഷത്തിന്റെ ഭാഗം കൂടിയാണല്ലോ നമുക്ക് റിപ്പബ്ലിക് ദിനം. ആ ഭരണഘടന വിഭാവനം ചെയ്‍തത് ഓരോ ഇന്ത്യൻ പൗരനും കരഗതമായിട്ടുണ്ടോ ? നമുക്ക് ലഭിക്കേണ്ട അവകാശങ്ങൾ അനുഭവിക്കാൻ ഇനിയും അനുമതിയുണ്ടോ ? അതല്ല അതുപോലും നാൾക്കുനാൾ ഭരണകൂടസഹായത്തോടെ നമുക്ക് നിഷേധിക്കപ്പെടുകയാണോ ? പ്രാഥമിക വിദ്യാഭ്യാസവും പ്രാഥമികസൗകര്യങ്ങളും (വെളിയിരിക്കൽ ഉൾപ്പെടെ) ഇന്നും ലഭ്യമല്ലാത്ത എത്ര പ്രദേശങ്ങളും സംസ്ഥാനങ്ങളുണ്ട് ! ഭക്ഷ്യസുരക്ഷാ സംവിധാനം പോലും ഏട്ടിലെ പശുവല്ലേ ! ജീവനും സ്വത്തിനും സംരക്ഷണം നൽകുവാൻ നാം തെരഞ്ഞെടുക്കുന്ന ഭരണ നേതൃത്വങ്ങൾക്ക് സാധിക്കുന്നുണ്ടോ ? സുരക്ഷയോടുള്ള യാത്ര പോലും ഇന്നും ആശങ്കാജനകമല്ലേ ? ഇഷ്ടഭക്ഷണം പോലും വെച്ചുവിളമ്പാൻ നമുക്ക് അനുമതിയുണ്ടോ ? നാം അദ്ധ്വാനിച്ചുണ്ടാക്കിയ പണം പോലും വലിച്ചെടുക്കാൻ ഇന്നും തെരുവോരങ്ങളിൽ നിലയ്ക്കാത്ത  ക്യൂവിലാണല്ലോ ! എഴുത്തുകാരും ബുദ്ധിജീവികളും മനുഷ്യസ്‌നേഹികളും ഇച്ഛിക്കാത്ത അഭിപ്രായങ്ങൾ പറഞ്ഞതിന്റെ പേരിൽ ''ശത്രുലിസ്റ്റി''ലാണല്ലോ. അഭിപ്രായ സ്വാതന്ത്ര്യവും മതസ്വാതന്ത്രയും ചോദ്യം ചെയ്യപ്പെടുന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നുവോ ?  

ഒരു സാധാരണ പൗരൻ ഇത്തരം ചോദ്യങ്ങൾ മുന്നോട്ട് വെക്കുക തികച്ചും സ്വാഭാവികം. കാരണം, നാം അനുഭവിക്കുന്നത് നമ്മുടെ പ്രപിതാക്കൾ ഇറ്റിറ്റു വീഴ്ത്തിയ വിയർപ്പ് കൊണ്ടാണ് . അതാരുടെയും ഓശാരമല്ല. അവരുടെ സ്വപ്‌നങ്ങൾ വരും തലമുറകളുടെ ക്ഷേമവും ഐശ്വര്യവുമായിരുന്നു. ആ ക്ഷേമവും ഐശ്വര്യവും പ്രജകൾക്ക് ഉണ്ടാക്കിത്തരാനാണ് ഭരണാധികാരികൾ. അതിനു വേണ്ടിയായിരുന്നു ഭരണഘടനാ ശിൽപികൾ ആഗ്രഹിച്ചതും. 

ശ്രീ പിണറായി വിജയൻ തന്റെ റിപ്പബ്ലിക് ദിനാശംസയിൽ ആശങ്കയോടെ നോക്കിക്കണ്ട  ഒരു സന്ദേഹമുണ്ട് - നമ്മളെന്നും അവരെന്നും ജനങ്ങളെ വേർതിരിക്കാനുള്ള ശ്രമം. അത്തരം ശ്രമങ്ങളെ ചെറുക്കാൻ ഒരു മുഖ്യമന്ത്രി എന്നനിലയിലും ഇടതുപക്ഷ സഹയാത്രികൻ എന്ന നിലയിലും അദ്ദേഹം പൗരന്മാരെ  ആഹ്വാനം ചെയ്യുന്നുണ്ട്. പ്രബുദ്ധസംസ്ഥാനമെന്നു പേരുകേട്ട കേരളത്തിന്റെ ഭരണാധികാരിയാണ് ഇത് പറയുന്നത് എന്നത് കൊണ്ട് തന്നെ ആ ആശങ്കയ്ക്ക്  തീർച്ചയായും ആധികാരികതയും വർദ്ധിക്കും. അത്തരം ഇരുണ്ടു കൂടിയ ആകാശത്തെ ആശങ്കയോടെ കാണാനും സൂചനകൾ നൽകാനും മാത്രമല്ല, അവ ഇല്ലായ്മ ചെയ്യാനും നാം (നമ്മളല്ല, അവരുമല്ല) മുന്നോട്ട് വരിക എന്നത് ഓരോ പൗരന്റെയും ബാധ്യതാണ്. റിപ്പബ്ലിക് ദിനത്തിൽ നമ്മുടെ പ്രതിജ്ഞയും ഇതായിരിക്കട്ടെ. ആശംസകൾ, ഇന്ത്യ എന്നും വിജയിക്കട്ടെ. 

Monday 23 January 2017

രണ്ടു വാക്ക്.../ നാടകം/ അസീസ് പട്‌ല



രണ്ടു വാക്ക്...

നാടകം,

തൊള്ളായിരത്തി എണ്‍തുകളുടെ തുടക്കം വരെ റേഡിയോ എന്ന  അത്ഭുതശ്രവ്യപേടകം ചുരുക്കം ചില വീടുകളില്‍ മാത്രമായി പരിമിതപ്പെട്ടിരുന്നു, സമയബന്ധിതമായി ശ്രവിക്കുന്നവരായിരുന്നു അധികവും എന്നത് ഒരു വസ്തുതയായിരുന്നു.  ഭൂമി കുലുക്കം മുതല്‍ ഇലക്ഷന്‍ റിസള്‍ട്ട്‌ വരെ തല്‍സമയ റിപ്പോര്‍ട്ട് റേഡിയോയിലൂടെ മാത്രം ശരണം!.

ഒരു കാലത്ത് സന്ധ്യ കഴിഞ്ഞാല്‍ കിടക്കപ്പയയും കൊണ്ട് വീടിന്‍റെ ഉമ്മറത്തിരുന്നു കുടുംബസമേതം റേഡിയോ ശരവിക്കുക എന്നത് ഒരു നിത്യ പതിവായിരുന്നു, വയലും വീടും, വിദ്യാഭ്യാസ രംഗം, ആരോഗ്യം, ശാസ്ത്രം അങ്ങിനെ പോകുന്നു അറിവിന്‍റെ കേതാരമായ റേഡിയോയുടെ പ്രക്ഷേപണ പട്ടിക, നാടകം അതിലെ ഒരു അവിഭാജ്യ ഘടകമായിരുന്നു., റേഡിയോ സ്വന്തമായില്ലാത്ത അയല്‍വീട്ടുകാര്‍ പോലും ഒന്നിച്ചിരുന്ന് ഒരു സിനിമ കണ്ട പ്രതീതിയോടെ നാടകം കേട്ടു സാമൂഹ്യ പരിഷ്കാര, സംസ്കാര സംസ്കൃതിയെ നെഞ്ചിലേറ്റി പൂര്‍ണ്ണ സംതിപ്തിയോടെ തിരിച്ചു പോകുന്ന കുടുംബിനികള്‍, കുടുംബനാഥന്മാര്‍,യുവാക്കള്‍, കുട്ടികള്‍...

ഒരു കുടുംബം പോലെ കഴിഞ്ഞിരുന്ന ആ കാലം.....അനിര്‍വചനീയം!! ഇന്നും റേഡിയോ സംസ്കാരം ഒരുപാടു യുവതലമുറയെ പുണരുന്നതു  കാണുമ്പോള്‍ പഴയകാല സംസ്കൃതിയുടെ തിരിച്ചു പോക്കിലെക്കുള്ള ആശാകിരണമാണ്‌ നിര്‍വൃതി കൊള്ളിക്കുന്നത്‌.

ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ടി.വി. യുടെ ആവിര്‍ഭവത്തോടെ ദൂരദര്‍ശന്‍ ഡല്‍ഹിയില്‍ നിന്നും സംപ്രേഷണം ചെയ്യുന്ന ഹിന്ദി വാര്‍ത്തകളിലേക്കും വിനോദങ്ങളിലേക്കും റേഡിയോ വഴി മാറി, മഹാഭാരതം, രാമായണം എന്ന സീരിയല്‍ ജനമനസ്സിനെ സ്വാധീനിച്ചത് ടി.വി. പ്രചാരത്തിനു ആക്കം കൂട്ടി എന്നതും വിസ്മരിക്കാവുന്നതല്ല.

ആ പഴകാല പ്രതാപത്തിലേക്ക് യുവതലമുറയെ കൂട്ടിക്കൊണ്ടു പോകുക എന്ന ഒരു എളിയ ശ്രമമാണ് ആര്‍.ടി. ഈ റേഡിയോ നാടക പരമ്പരയിലൂടെ ലക്ഷ്യമിടുന്നത്, എല്ലാവരുടെയും വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വിമര്‍ശനങ്ങളും കേള്‍ക്കാന്‍ കാതോര്‍ത്തുകൊണ്ട്.

അസീസ് പട്‌ല
ആര്‍.ടി കള്‍ചറല്‍  ഡസ്ക്കിന് വേണ്ടി 

ഗാനം / അനസ്.N. പട്‌ല


ഗാനം 
______

അനസ്.N. പട്‌ല 
_____________________

ഇലകൾ കൊഴിഞ്ഞു പോയ്
മനസും എരിഞ്ഞു പോയ്..
കണ്ണീരായ് വന്നിടും 
എൻ നോവിൻ കഥകളും..  (2)


അടങ്ങാത്ത മോഹവും തീരാത്ത ദാഹവും ..
സർവ്വ ദിനവും പോകയായ്
സകലവും ബാക്കിയായ്.. (2)


ജീവിതം നിഷ്ഫലം..
 താരകങ്ങൾ നിർജ്ജീവമായ്..
ജാലകം അടയുന്നിതാ..
ദൃഷ്ടികൾ മറയുന്നുവോ..

 ഇലകൾ കൊഴിഞ്ഞു പോയ്
മനസും എരിഞ്ഞു പോയ്..
കണ്ണീരായ് വന്നിടും 
എൻ നോവിൻ കഥകളും..

കാറ്റിൽ വന്നിടും പൂവിൻ ഗന്ധവും..
മയക്കാൻ നോക്കിടും..
വിഷമുള്ളൊരീ ഗണം.... (2)


സൂര്യൻ ഒളിയുന്നു 
വെട്ടങ്ങൾ മൂടുന്നിതാ..
സാന്ത്വനത്തിൻ കൂട്ടിനായ്
ജീവികൾ പായുന്നു..

മറക്കാനാവുമോ ജീവിതത്തിൻ നൊമ്പരം...
ധാരയായ് ഒഴുക്കിടാം...
തുടരുമീ കാലവും.. (2)

യാമം നീക്കിടും...
നിദ്രകൾ ഓടിടും...
വേർപ്പാടും ബാക്കിയായ്...
പുലരുമീ നേരവും...

 ഇലകൾ കൊഴിഞ്ഞു പോയ്
മനസും എരിഞ്ഞു പോയ്..
കണ്ണീരായ് വന്നിടും 
എൻ നോവിൻ കഥകളും.. (2)

അനുസ്മരണം / മർഹൂം എം.എ . അബൂബക്കർ / ബഷീര്‍ മജല്‍

അനുസ്മരണം

മർഹൂം എം.എ . അബൂബക്കർ

إناللّه وإنا اليه راجعون.....‎ ‎اَللــَّهُـمَّ اغْــفِــرْ لَــهُ و ارْحَــمْهُ ، واَدْخِلْهُ الجَنَّة مَعَ الأبْرار،، اللّهُمَّ اجْعَلْ قَبَرهُ رَوْضَةً مِنْ رِيَاضِ الجَنَّةَ وَلاَ تَجْعَلْ قَبَرَهُ حُفْرَةً مِنْ حُفْرِ النِّيرانْ.

➖➖➖➖➖➖➖➖➖➖

  മൂസകുട്ടി അൗകുച്ച  (അബൂബക്കര്‍) ഞമ്മളില്‍ നിന്നും വിട വാങ്ങി അല്ലാഹുവിലേക്ക്  മടങ്ങിയിരിക്കുകയാണ്   അല്ലാഹു അദ്ധഹത്തിന് പൊറുത്ത് കൊടുക്കുമാറാകട്ടെ.
   അദ്ധേഹത്തെ ഓര്‍ക്കുബോള്‍ അയാളുടെ വീട്ടില്‍നിന്നും ആ വഴിയിലൂടെ അന്‍ച്ച് നേരം  പള്ളിയിലേക്ക് പോകുന്നതും ഫജര്‍ നമസ്ക്കാരത്തിന് ശേഷംകുട്ടുകാരോടൊപ്പംനടക്കുന്ന  ആ രംഗങ്ങളെല്ലമാണ് ഒര്‍മ്മ വരുന്നത്  കൃത്ത്യമായി എല്ലാ സമയത്തും നമസ്ക്കാരത്തിന് എത്തുന്ന വ്യക്തിയാണ്.  മുതിര്‍ന്നവരായാലും ചെറിയരായാലുംകുട്ടികളായാലും  കണ്ട്മുട്ടിയാല്‍ നല്ല രീതിയില്‍ ഇടപെട്ട് സംസാരിഖ്കുകയും ക്ഷേമാന്ന്വഷണങ്ങള്‍ നടത്തുകയുംഎല്ലാ കാര്യങ്ങളും ചോദിച്ച് അറിയികയും ചെയ്യുമായിരുന്നു  അനാവശ്യം ആരോടും സംസാരിക്കാത്ത ഇടപഴകാത്ത   കാര്യവും തമാശയുമായി നല്ലസ്വഭാവത്തിന് ഉടമയായിരുന്നു
      അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് ഞാന്‍  മൂന്ന് മാസങ്ങള്‍ക്ക് മുബ് അസുഖം  വന്നപ്പോള്‍ എന്നും വീട്ടില്‍ പോയി കാണുമായിരുന്നു
അപ്പോഴൊക്കെ എന്‍റെ ഉപ്പാനോടൊന്നിച്ചുള്ള കഥകെളെല്ലാം പറയുമായിരുന്നു
      എന്‍റെ പിതാവിന്‍റെ അടുത്ത സുഹൃത്തുംപഴയ  അയല്‍വാസിയും കുട്ടികാലത്തെ കളികൂട്ടുകാരനമായിരുന്നു കാണുബോഴക്കെ ആ പഴയക്കാല ഓര്‍മകള്‍ പങ്ക്വെക്കുമായിരുന്നു അന്നത്തെ  കാലത്ത്  പള്ളിന്‍റടുത്തുള്ള എന്‍റെ പിതാവിന്‍റെ കടയില്‍ കൂടുമായിരുന്നുവത്രെ  പള്ളി മദ്രസ കാര്യങ്ങളിലുംമറ്റ് സാമൂഹിക വിദ്യാഭ്യാസ രാഷ്ട്ട്രീയ കാര്യങ്ങളില്‍ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിട്ടില്ലെങ്കിലും അവരോടൊപ്പംനിന്ന് സജീവമായി പ്രവര്‍ത്തിച്ചവരായിരുന്നു
   പഴയ ആ തറവാട് വീടുംഅതിന്‍റെ മുറ്റം നിറയെ നെല്ലും പുല്ലും നിറഞ്ഞ് നിന്നിരുന്ന ഒരു വലിയ  കര്‍ഷക കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന വെക്തിയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്
       അദ്ധേഹത്തിന്‍റെ  വേര്‍പാടില്‍ ഭാര്യ മക്കള്‍ക്കുംബന്ധുക്കള്‍ക്കുംക്ഷമിക്കാനുള്ള ഈമാന്‍  നല്‍കി അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ      
     അല്ലാഹു  അദ്ധേഹത്തിന്‍റെ ഖബര്‍ വിശാലമാക്കി അനുഗ്രഹിക്കുമാറാകട്ടെ പരലോകംപ്രകാശമാക്കി അനുഗ്രഹിക്കുമാറാകട്ടെ  വിചാരണ എളുപ്പമാക്കി അനുഗ്രഹിക്കുമാറാകട്ടെ അദ്ധേഹത്തെ  മാതാപിതാക്കളോടൊപ്പം സ്വര്‍ഗം നല്‍കി  അനുഗ്രഹിക്കുമാറാകട്ടെ   ആമീന്‍ .......

 ബഷീര്‍  മജല്‍

എന്റെ വായന / മഴ നനഞ്ഞെത്തിയ അതിഥി / അസ്‌ലം മാവില



എന്റെ വായന


മഴ നനഞ്ഞെത്തിയ അതിഥി

അസ്‌ലം മാവില

ഈ റേഡിയോ നാടകത്തെ എനിക്ക് രണ്ടു രീതിയിൽ നോക്കിക്കാണാനാണ് തോന്നിയത്. ഒന്ന് തികച്ചും സാധാരണ രീതിയിൽ, മറ്റൊന്ന് ഒരല്പം അസാധാരണത്വം കൽപിച്ചും.  ഇവിടെ ആദ്യത്തെ ഓപ്‌ഷൻ തെരഞ്ഞെടുത്താണ്  ഞാൻ എഴുതുന്നത്.

നാം നാട്ടിൻപുറങ്ങളിൽ നാടൻ ഭാഷയിൽ  പറയാറുള്ളത് പോലെ രണ്ട് ''അണ്ങ്‌'' , വഴിമധ്യെ  അവർ പസ്പരം കണ്ടുമുട്ടിയപ്പോൾ, രാത്രിയായത് കൊണ്ടാകാം പോസ്റ്റ്മോർട്ടം ചെയ്യപ്പെടുന്നതിനിടയിൽ കിട്ടിയ ചെറിയ ഇടവേളയിൽ പരസ്പരം ഷെയ്ക്ക് ഹാൻഡ് നൽകാൻ പോലും മറന്നു തമ്മിൽ  പരിചയപ്പെടുന്ന രംഗമാണ് നാടകകൃത്ത് തന്റെ  രചനയിൽ നിർവ്വഹിച്ചിരിക്കുന്നത്.

അനിരുദ്ധ് എന്ന ഐടി എക്സ്പെർട്ട് (യുവ അണ്ങ്ങ്),  അപരന്റെ കൈകാലുകളൊക്കെ പിന്നീടാണ് കാണുന്നത്, നിലത്തു കുത്തിയിട്ടില്ല, നിഴലില്ല, കണ്ണുകൾ കുഴിഞ്ഞിരിക്കുന്നു (അങ്ങനങ്ങനെ ...). സ്വയം ഒരു ദേഹപരിശോധനയ്ക്ക് അനിരുദ്ധ്  വിധേയനാകുന്നുമില്ല.  അടിച്ച കള്ള്   അനിരുദ്ധൻ ''അണ്ങ്‌''ൽ നിന്ന് പോലും ആ സമയം വരെ  വിട്ടുപോയിട്ടില്ല  എന്നു ശ്രോതാക്കൾ മനസ്സിലാക്കണമെന്ന്  നാടകകൃത്തിനു നിർബന്ധവുമുണ്ട്.  തനിക്ക് കിട്ടിയ ഐടി ടെക്നിക്കൽ സി.ഇ.ഒ പദവി ആഘോഷം കഴിഞ്ഞു കുടിച്ചു പൂസായി സ്വയം വണ്ടിയോടിച്ചു റെയിൽവേ പോകവേ വഴിയാത്രക്കാരനായ പത്തും പതിമൂന്നും വയസ്സായ മക്കളുടെ പിതാവിനെയാണ് അനിരുദ്ധ്  ഇടിച്ചു കൊല്ലുന്നത്.  അനിരുദ്ധും കൂടെ മരിക്കുന്നു. പക്ഷെ, അത് പുള്ളിക്ക് അത് വരെ മനസ്സിലായിട്ടില്ല. അയാൾ ഇപ്പോഴും പ്ലാറ്റ്ഫോമിൽ വണ്ടി മിസ്സായി രണ്ടു മണിക്കുള്ള മറ്റൊരു വണ്ടിക്ക് കാത്തിരിക്കുകയാണ്.

നാടകമാകെ എല്ലാം കേട്ടിട്ട് എന്ത് മെസ്സേജാണ് നമുക്ക് കിട്ടിയത്. അല്ലാ,  നാടകകൃത്ത് ശ്രോതാക്കൾക്ക് നൽകുന്നതെന്ന് മനസ്സിലായില്ല.  അനിരുദ്ധ് അൺങ്ങ്, പാവം കുറെ കരയുന്നുണ്ട്, കാറിടിച്ചു കൊന്നവരൊക്കെ ഇങ്ങിനെയൊക്കെയായിരിക്കും, ശുദ്ധന്മാർ ! ആദ്യമായി കരയുന്ന പ്രേതത്തെ അവതരിപ്പിച്ച നാടകകൃത്തിനെ പരിചയപ്പെടാൻ പറ്റി എന്നാണ് എനിക്ക് ഇതിൽ കിട്ടിയ ആകെ കാര്യം.

കുറച്ചു കടിച്ചാൽ പൊട്ടാത്ത സാഹിത്യവും ആപ്തവാക്യങ്ങളും ഈ നാടകത്തിന്റെ ആദ്യ ഭാഗത്തു  കേട്ടു. രണ്ടാംഭാഗത്തിൽ എല്ലാം നോർമലായി.  അതിലൊരു സ്‌ട്രൈക് ചെയത  ആപ്തവാക്യം  ഇതാണ് - മരണത്തെ സഹയാത്രികനാക്കിയാൽ അതിനെ ഭയക്കേണ്ടതില്ല, അത് സൗന്ദര്യമായിത്തീരുമെന്ന്.  കൊള്ളാം.

ഏതായാലും പ്രേതങ്ങൾ തമ്മിലുള്ള സംഭാഷണം ആയത്കൊണ്ട് മിക്ക ശ്രോതാക്കളും ഒരു കൗതുകത്തിന്റെ പുറത്തു ഇത്  കേട്ടിരിക്കാനാണ് സാധ്യത. ഇപ്പോൾ പൊതുവെ എല്ലായിടത്തും ഇലക്ട്രിസിറ്റി എത്തിയത്കൊണ്ട് ശ്രോതാക്കൾ  പണ്ടത്തെപ്പോലെ ഭയപ്പാടെയായിരിക്കില്ല ഇത്തരം നാടകങ്ങൾ കേട്ടിരിക്കുക.

വണ്ടിയിൽ രണ്ടു ഇണപ്രാവുകളുടെ യാത്രയെക്കുറിച്ചു പറയുന്നുണ്ട്, കീമോതെറാപ്പിക്ക് പോകുന്ന അവയിലൊരാൾ, പ്രിയതമന്റെ മടിയിൽ തലവെച്ചു കിടക്കവേ  മരണപ്പെട്ടു എന്നാണ് സീനിയർ അൺങ്ങ് പറഞ്ഞത്. പിന്നെ അതിനെക്കുറിച്ച് ഒന്നും പറയാത്തത്കൊണ്ട് എന്ത്‌കൊണ്ടാണ് ആ വിഷയം അവിടെ പരാമർശിച്ചതെന്നു മനസ്സിലായില്ല.

ഈ നാടകത്തിൽ ഒരുപാട് സാങ്കേതിക തകരാറ്  സംഭവിച്ചത് പോലെ   എനിക്ക് തോന്നിയിട്ടുണ്ട്. അതിലൊന്നാണ് രണ്ടു തമിഴന്മാരെ പോലീസ് അടിക്കുമ്പോൾ അടിയുടെ നേരിയ  ശബ്ദം പോലും നമുക്ക് കേൾക്കാൻ പറ്റാത്തത്, അണ്ണാച്ചിമാരെങ്കിലോ   കാറിയ  നിലവിളിയും.  വലിയ ശബ്ദകോലാഹലത്തോടെ പശ്ചാത്തല സംഗീതമൊരുക്കിയില്ല എന്നത് നല്ലൊരു കാര്യം തന്നെ.

അടുത്ത നാടകത്തിനായി കാത്തിരിക്കുന്നു. 

Sunday 22 January 2017

കണക്ടിംഗ് പട്‌ല മെഡിക്കൽ ക്യാമ്പ് മുന്നൊരുക്കങ്ങൾക്ക് ഇന്നിരിക്കുമ്പോൾ / അസ്‌ലം മാവില

കണക്ടിംഗ് പട്‌ല
മെഡിക്കൽ ക്യാമ്പ്
മുന്നൊരുക്കങ്ങൾക്ക്
ഇന്നിരിക്കുമ്പോൾ

അസ്‌ലം മാവില

സാധാരണ ക്യാമ്പ് പോലെയല്ല മെഡിക്കൽ ക്യാമ്പുകൾ. അങ്ങിനെയാകുകയുമരുത്.  പ്രസംഗിച്ചും പ്രബന്ധങ്ങൾ അവതരിപ്പിച്ചും സ്ലൈഡ് ഷോ കാണിച്ചും തീരുന്ന ക്യാംപുകളിൽ നിന്ന് വളരെ വളരെ വ്യത്യാസം മെഡിക്കൽ ക്യാമ്പുകൾക്കുണ്ട്. മുന്നൊരുക്ക മീറ്റിങ്ങുകൾക്കും കൂടിയാലോചനയോഗങ്ങൾക്കും എത്തുന്നവർ അവധാനതയോടും കാര്യഗൗരവത്തിലും  നല്ല ധാരണയോട് കൂടിയായിരിക്കണം യോഗത്തിൽ സംബന്ധിക്കുവാനും ചർച്ചകൾക്ക് നേതൃത്വം നൽകുവാനും.

സ്വാഭാവികമായും വിവിധ രോഗങ്ങളിൽ സ്പെഷ്യലൈസ് ചെയ്ത ഡോക്ടർന്മാർ ക്യാംപിൽ ഉണ്ടാകും. അത്കൊണ്ട് തന്നെ രോഗികൾ കൂടുതൽ വരാനും സാധ്യതയുണ്ട്. അവർക്ക് രണ്ടു വിഭാഗങ്ങൾക്കും സൗകര്യമുണ്ടാക്കുന്നതിൽ കൂടുതൽ ഊന്നൽ നൽകുന്ന സംവിധാനമായിരിക്കണം ഒരുക്കേണ്ടത്. പരിഗണിക്കപ്പെട്ടില്ല എന്ന പരാതി ഒരു രോഗിയിൽ നിന്നും ഉണ്ടാകുകയുമരുത്.  അവരെ സ്വീകരിക്കുവാനും അവർക്കാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്ന രൂപത്തിലുള്ള ആതിഥേയത്വമൊരുക്കാനും ക്യാംപിലുടനീളം നമുക്കാകണം.

ഡോക്ടർമാർക്ക്  ശാന്തവും വൃത്തിസമ്പന്നവുമായ അന്തരീക്ഷവും സൗകര്യവുമൊരുക്കാൻ സംഘാടകർ പ്രത്യേകം ശ്രദ്ധിക്കുമല്ലോ. രോഗിക്ക് പറയാനും ഡോക്ടർക്കത് കേൾക്കാനുമുള്ള ശബ്ദായനമല്ലാത്ത സാഹചര്യങ്ങൾ ഉണ്ടാകാൻ ആ വിഭാഗത്തിൽ സേവനം ചെയ്യുന്ന വളണ്ടിയർമാർ വിചാരിച്ചാലേ സാധിക്കൂ. അവർ തന്നെ ചെറിയ ചെറിയ കാര്യങ്ങളിൽ  ഒച്ചവെച്ചും ബഹളമുണ്ടാക്കിയും ക്യാമ്പിന്റെ ശാന്തത (safe & sound ) ഇല്ലാതാക്കുന്നത് പരിപൂർണ്ണമായും ഒഴിവാക്കാൻ ഇത്തരം കൂടിയാലോചനയോഗങ്ങളും  തലേ ദിവസത്തെ അവസാന വട്ട കോർ വളണ്ടിയർ മീറ്റുകൾക്കുമാകും.

രജിസ്‌ട്രേഷൻ മുതലുള്ള ഓരോ വിഷയങ്ങളും ഉത്തരവാദിത്തത്തോടെ നേരത്തെ വന്നു ചെയ്യാൻ സംഘാടകർ മുഴുവനും ഒരേമനസ്സോടെ തയ്യാറാകുമ്പോഴാണ് ആതുരശുശ്രൂഷാ രംഗത്തുള്ള ഇത്തരം ക്യാമ്പുകൾ വിജയിക്കുക. മതിയായ ഡാറ്റകൾ തുടർപരിശോധനയ്‌ക്കോ തുടർ സഹായത്തിനോ ഉപകാരപ്പെടുമെങ്കിൽ അവയും ഇനം തിരിച്ചു ശേഖരിക്കുവാനും സൂക്ഷിക്കുവാനും ആവശ്യമായ  ഗൃഹപാഠം ചെയ്യേണ്ടതുണ്ട്. പിന്നീട് രോഗികളുടെ H & P ക്കും  റിക്കോർഡിനും വേണ്ടി  തലങ്ങും വിലങ്ങും ഓടുന്നത് ഒഴിവാക്കാൻ ഇത് നല്ലതാണ്.

ഞാൻ മുമ്പ് ഒരു കുറിപ്പിൽ സൂചിപ്പിച്ചത് പോലെ, നമ്മുടെ നാട്ടിലുള്ള  മെഡിക്കൽ -പാരാമെഡിക്കൽ രംഗത്ത് ബിരുദ-ബിരുദാനന്തര ബിരുദങ്ങൾ പഠിച്ചെടുത്തവരും പഠിക്കുന്നവരും ക്യാമ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമാകുക. അവരെ പങ്കെടുപ്പിക്കാൻ സംഘാടകരും ശ്രദ്ധിക്കുക. പ്രത്യേകം വിളിച്ചില്ല എന്നത് ക്യാമ്പിൽ സജീവമാകുന്നതിനു  അവർക്ക് മുടക്ക് ന്യായങ്ങളുമല്ല.  പ്ലസ്‌ടു പഠിക്കുന്ന കുട്ടികൾക്ക് , ആൺ പെൺ വ്യത്യാസമില്ലാതെ, ഈ ക്യാംപിൽ സജീവമാകാൻ അവസരമുണ്ട്. നമ്മുടെ സ്‌കൂളിൽ പ്ലസ്‌വൺ, പ്ലസ് ടു വിദ്യാർത്ഥികളെ കണ്ടു പത്തു മിനുറ്റ് ഈ വിഷയം ഉത്തരവാദപെട്ടവർ സംസാരിക്കുന്നതും വളരെ നല്ലതാണ്. അവരാരും തന്നെ  ഗൗരവത്തോടെ ഇതറിയാതെ പോകരുത്.  ഇന്നത്തെ യോഗത്തിന് സംബന്ധിക്കാൻ അവർക്ക് ഒരുപക്ഷെ നോട്ടീസ് ലഭിക്കാത്തത് ഒരു ഒഴികഴിവാണെങ്കിലും, ആൺകുട്ടികൾ വാട്ട്സ്അപ്പ് മുഖേന എന്തായാലും മെസ്സേജ് എത്തിയിരിക്കും.

ഒരു അനാവശ്യ തെരക്കോ, അതല്ല കളിയടക്കമുള്ള  ടിവി പ്രോഗ്രാമുകളോ, സംബന്ധിച്ചില്ലെങ്കിലും വലിയ ഇഷ്യൂ അല്ലെന്ന് സ്വന്തം മനസാക്ഷി പറയുന്ന പരിപാടികളോ ഇന്നത്തെ കൂടിയാലോചന യോഗത്തിന് തടസ്സം ആകരുത്. സംഘടാകർക്ക് വേണ്ടിയല്ല മെഡിക്കൽ ക്യാമ്പ് ,  നമ്മുടെ നാട്ടിലുളള സാധാരണക്കാരായ രോഗികൾക്ക് വേണ്ടിയുള്ളതാണ്.  രോഗിയെ സന്ദർശിക്കാൻ നാം ആസ്പത്രി പോകാറില്ലേ ? അവിടെ ആസ്പത്രിയുടെ ബോർഡ് വരെ നാം  നോക്കാറില്ല, ഇവിടെയും നാം രോഗികൾക്ക് വേണ്ടിയാണ് മുന്നൊരുക്കയോഗങ്ങളിൽ പങ്കെടുക്കുന്നത്. ആ രോഗികളുടെ  പ്രാർത്ഥനകൾ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്കും അതിനായി മുന്നോട്ട് വരുന്നവർക്കും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണ് ഞാൻ. നമുക്കെല്ലാവർക്കും ഒത്തൊരുമിച്ചു വിജയിപ്പിക്കാം.  ആശംസകൾ !

Saturday 21 January 2017

എന്റെ വായന / മഞ്ഞുതുള്ളികൾ / അസ്‌ലം മാവില


എന്റെ വായന

മഞ്ഞുതുള്ളികൾ


അസ്‌ലം മാവില

RT റേഡിയോ തിയേറ്ററിന്റെ മൂന്നാം ദിവസത്തെ നാടകം കേട്ട് കണ്ണ് നനയാത്തവരുണ്ടാകില്ലെന്നു ഞാൻ കരുതുന്നു. പച്ചക്കരളുള്ള മനുഷ്യൻ  അങ്ങിനെ ഒരു വൈകാരിക തലത്തിലേക്ക് പോയില്ലെങ്കിലേ അത്ഭുതമുള്ളൂ.

 ''അതിഥിയോടൊപ്പം'' എന്ന  തത്സമയ റേഡിയോ പരിപാടിയുടെ അമ്പതാം ലക്കത്തിൽ അവതാരകൻ,  ബഷീർ എന്ന തലശ്ശേരിക്കാരനായ പ്രവാസിയെ ശ്രോതാക്കൾക്ക് പരിചയപ്പെടുത്തുന്നതോടെയാണ് ''മഞ്ഞുതുള്ളികൾ'' തുടങ്ങുന്നത്.  ഗൾഫിൽ കാൽകുത്തിയത് മുതൽ കഴിഞ്ഞ മൂന്ന് വർഷക്കാലമായി ബഷീർ ഒഴിച്ചുകൂടാൻ പാടില്ലാത്ത ബാധ്യത എന്ന കണക്കിൽ പെടുത്തി ചെയ്യുന്ന ഒന്നുണ്ട്, ഒരു പക്ഷെ തിരക്ക് പിടിച്ച പ്രവാസികളിലെ  ഭൂരിപക്ഷത്തിനും സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത ഒരു  മഹത്തായ കർമ്മം തന്റെ അന്നം കണ്ടെത്തുന്നതിനിടയിൽ സമയം കണ്ടെത്തി  ചെയ്യുന്ന ഒന്ന്.  ആ സദ്കർമ്മമാണ് ഈ നാടകത്തെ ശ്രദ്ധേയമാക്കുന്നത്.

നാടകത്തിൽ മുഴുനീളം ഇങ്ങിനെയൊരു ബഷീറിനെ നാം പ്രതീക്ഷിക്കുന്നുണ്ട്, പ്രവാസികൾ പ്രത്യേകിച്ചും. ഒരിക്കൽ പോലും പ്രസിദ്ധിയും പ്രശസ്തിയും ആഗ്രഹിക്കാത്ത ഇങ്ങിനെയും മനുഷ്യർ നമ്മുടെ ഇടയിൽ ജീവിക്കുന്നുണ്ട് എന്നും അവർ വിരിച്ച തണലിലാണ് സാധാരണക്കാരായ പ്രവാസികൾ കണ്ണിമ പൂട്ടുന്നതെന്നുമുള്ള സന്ദേശം ഈ നാടകം നൽകുന്നു.  സാധാരണ  സേവനപ്രവർത്തനങ്ങളുടെ ലിസ്റ്റിൽ ആ കർമ്മത്തെ പെടുത്തേണ്ടതല്ലെന്ന് നമ്മെ ഉണർത്തുന്നത് പോലെ എല്ലാവര്ക്കും തോന്നും നാടകം മുഴുവൻ കേട്ട് കഴിയുമ്പോൾ .

ബഷീർ ആ സദുദ്യമം തെരഞ്ഞെടുക്കാൻ കാരണം പറയുന്നുണ്ട്. വളരെ പോസിറ്റിവായ സാമൂഹിക ചിന്തയാണ് ആ കാരണം വഴി വെക്കുന്നത്. തനിക്കും ഉമ്മയ്ക്കും സഹോദരങ്ങൾക്കും പിതാവിന്റെ ചേതനയറ്റ ശരീരം ഒരു നോക്ക് കാണാൻ പറ്റാതെ , മാസങ്ങളോളം കണ്ണീർ കുടിച്ചു ജീവിച്ച ഒരു പശ്ചാത്തല രംഗാവിഷ്കാരം നാടകകൃത്ത് ഒരുക്കുന്നുണ്ട്. പ്രവാസകാലം ജീവിച്ചു തീർക്കുന്ന അബൂബക്കർക്ക. അയാളുടെയും നാട്ടിലുള്ള ഭാര്യ (ഖദീജ)യുടെയും ഫോണിൽ കൂടിയുള്ള ഗദ്ഗദങ്ങൾ ! യാദൃശ്ചികതയുടെ സന്ദർഭങ്ങൾ ഒരുക്കി ആ ദമ്പതികൾ പങ്കിടുന്ന കണ്ണീരിൽ ചാലിച്ച ആത്മഗദങ്ങൾ ! ബഷീറിന്റെ ശ്രദ്ധയിൽ പെടുന്ന തന്റെ  പ്രിയപ്പെട്ട ഉപ്പയും ഉമ്മയും ഷയർ ചെയ്യുന്ന നൊമ്പരങ്ങൾ ! എല്ലാം നമ്മുടെ ജീവിതത്തിൽ ഇന്നലെയും മിനിഞ്ഞാന്നുമായി നടന്നത് പോലെ തോന്നിപ്പോകുന്നു.

പ്രവാസികൾക്കിടയിൽ പറയുന്ന തമാശ, ''കൊറേ കാലം പെട്ടിയും തൂക്കി പിടിച്ചുള്ള വരവ്, പിന്നെ പെട്ടിയിൽ കെടന്നുള്ള ഒരു വരവ്''. അബൂബക്കർക്കയുടെ തലശ്ശേരി ചുവയുള്ള ആ വാക്കുകൾ  കേൾക്കുമ്പോൾ ഹൃത്തിൽ മിന്നൊളി പായാത്ത  ഒരു പ്രവാസിയും ഉണ്ടാകില്ല. അറം പറ്റിയത് പോലെ, ആ വാക്കുകൾ തീർക്കുന്ന അയാളുടെ പര്യവസാനം.  (അതിനു പോലും അദ്ദേഹത്തിന്  ഭാഗ്യമുണ്ടാകുന്നില്ലല്ലോ  ) പെട്ടിയിൽ കിടന്നു ഉറ്റവരും ഉടയവരുമുള്ള പെറ്റനാട്ടിലേക്ക്   വരാൻ പോലും സാഹചര്യങ്ങൾ ഉണ്ടാകാതെ, അതിനാരു പോലും ശ്രമിക്കാതെ  മാസങ്ങളുടെ അവധിയും കഴിഞ്ഞു മോർച്ചറിയിൽ നിന്ന് കൂടുമാറി ഗൾഫിലെ ഒരു ഖബർസ്ഥാനിൽ തന്റെ ഉപ്പച്ചി  ഖബറക്കപ്പെടുന്ന വിവരം ബഷീർ കണ്ണീരിൽ ഒപ്പിയ ശബ്ദത്തിൽ അവതാരകനോട് പങ്കിടുമ്പോൾ ഓരോ  ശ്രോതാവിന്റെയും  കവിളിലുമാണ് അശ്രുകണങ്ങൾ പ്രത്യക്ഷപ്പെടുന്നത്.

കടം കൊണ്ട് കാലിടറിയ ഉപ്പയുടെ ബാധ്യതകൾ തീർക്കാനും ഉപ്പ ഇട്ടേച്ചു പോയ കച്ചവടം പച്ച പിടിപ്പിക്കാനും മാത്രമായിരുന്നില്ല ബഷീർ ഗൾഫിൽ പോകുന്നത്.  തന്റെയും ഉമ്മയുടെയും സഹോദരങ്ങളുടെയും കരഞ്ഞു കലങ്ങിയ കണ്ണുകൾ ബഷീറിന്റെ മനസ്സിൽ പലതും തീരുമാനിച്ചുറപ്പിച്ചിരുന്നു. അതാണയാളെ എന്നും അതിരാവിലെ ആസ്പത്രിമോർച്ചറികളിൽ എത്തിക്കുന്നത്. ജീവിക്കുന്നവരെക്കാളും മരിച്ചവരെ ആദരിക്കുവാനുള്ള ശ്രമങ്ങൾ അങ്ങിനെയാണ് ബഷീർ നിർവ്വക്കുന്നത്. അനാഥ മയ്യിത്തുകൾ സനാഥങ്ങളാകുന്നത് അങ്ങിനെയാണ്, ബഷീറുമാരുടെ ഇടപെടലുകൾ കർമ്മ മണ്ഡലത്തിൽ സാർത്ഥകമാകുന്നത് അപ്പോഴാണ്.

പശ്ചാത്തല സംഗീതം ഒരൽപം കുറക്കാമായിരുന്നു, ഫോൺ സംഭാഷണങ്ങൾ ഒരുക്കുന്നിടത്തും ചെറിയ പാളിച്ചകൾ വന്നത് പോലെ തോന്നി. കഥാപാത്രങ്ങൾ തലശേരി ചുവകൊണ്ട് നാടകം ധന്യമാക്കി. ബാബുരാജ് പീലിക്കോടിന്റെ മികച്ച റേഡിയോ നാടകം. കേൾക്കാത്തവർ ഒന്ന് കേൾക്കണം. വെറുതെ ഒരു സമയം കളയലാകില്ല. 

Sunday 15 January 2017

എന്റെ വായന / വഴിയമ്പലത്തിലെ വാർത്തകൾ / അസ്‌ലം മാവില

എന്റെ വായന

വഴിയമ്പലത്തിലെ വാർത്തകൾ

അസ്‌ലം മാവില

അസീസ് അറയ്ക്കൽ എഴുതി അദ്ദേഹം തന്നെ സംവിധാനം ചെയ്ത റേഡിയോ നാടകം. അദ്ദേഹം അതിൽ ശബ്ദവും നൽകുന്നുണ്ട്. പക്ഷെ രണ്ടു മൂന്ന് കാര്യങ്ങൾ കൊണ്ട് പ്രസ്തുത നാടകം ബിലോ ആവറേജ് തലത്തിലേക്ക് പരിഗണിക്കുന്ന ശ്രോതാക്കളുടെ കൂടെ നിൽക്കാനാണ് എനിക്ക് താല്പര്യം.

നാടകത്തിന്റെ പ്രമേയം തന്നെ അത്ര സുഖകരമല്ല. പഴയനാടകങ്ങളിലെ സൂത്രധാരനെ അനുസ്മരിക്കുന്ന രീതിയിൽ ഒരു അനന്തൻ വന്നു നാടകപശ്ചാത്തലം പറയുന്നത് തന്നെ അവനവനെ കുറിച്ചാണ്.  അനാഥനായി വളർന്നു , പിന്നെ പഠിച്ചു, എന്തോ ഭാഗ്യത്തിന് ആ സീറ്റ് കിട്ടി, അങ്ങിനെ സ്വന്തം കഴിവ് കൊണ്ട് അങ്ങിനെ ഗൾഫിൽ എത്തി, ഉന്നതങ്ങളിൽ എത്തി തുടങ്ങിയ സ്ഥിരം ഡയലോഗുകളാണ് ആദ്യ സ്ലോട്ടിലെ കുറച്ചു മിനുട്ടുകൾ.  ജീവിച്ച സാഹചര്യങ്ങളിൽ ശ്രദ്ധിക്കപ്പെടാതെ പോകുമ്പോൾ, തന്നെ കരകയറ്റാൻ ബന്ധുക്കൾ ശ്രമിച്ചില്ലെന്ന് ഫീൽ ചെയ്ത ചിലർ ജീവിതവസാനകാലം വരെ മനസ്സിൽ പേറി നടക്കുന്ന വയ്യാഭാണ്ഡമാണ് ഈ ഡയലോഗുകൾ,  അത് കേൾക്കാൻ പാവം നാട്ടുകാരും. പണ്ടെങ്ങോ എഴുതിയ തന്റെ രചനയ്ക്ക് അന്ന്  മതിയായ പരിഗണന നൽകിയില്ലെന്ന് പറഞ്ഞു സ്ഥാനത്തും അസ്ഥാനത്തും മെക്കിട്ടു കേറി ജീവിതം കളയുന്ന അപൂർവ്വം ചില കഥാപാത്രങ്ങളും നമ്മുടെ ജീവിത വീഥികളിൽ കണ്ടെന്നും വരും.

മതിയായ ഹോം വർക്കില്ല. റിക്കോർഡ് ചെയ്‍തത് ആവശ്യമായ സജ്ജീകരണങ്ങളുള്ളിടത്തല്ല. പിന്നണിശബ്ദമാണെങ്കിൽ എല്ലാം നശിപ്പിച്ചു കളയുകയും ചെയ്തു. പറയുന്നതൊന്നും വ്യക്തവുമല്ല. വ്യക്തമായതാകട്ടെ അക്ഷര പിശാച് വല്ലാതെ ''ക്ഷ'' പിടിപ്പിച്ചത് പോലെയുണ്ട്.

നാടകത്തിന്റെ അവസാനവും നല്ല സന്ദേശമാണ് നൽകിയതെന്ന് തോന്നിയില്ല.  എയ്ഡ്‌സ് രോഗി ഷാജൻ (ഷാജഹാൻ ആണോ, വ്യക്തമല്ല). ഒരുപാട് സംസാരിച്ചു കുളമാക്കുന്ന അനന്തൻ.  അനന്തന്റെ പെരടിയിൽ എപ്പോഴും തൂങ്ങുന്ന സയനൈഡ് മാല. ഇതൊക്കെ ശ്രോതാക്കളും കേട്ടിരിക്കുമല്ലോ.  പെങ്ങളെ കെട്ടിച്ചയക്കാൻ ഏൽപ്പിക്കുന്നത് ഇതേ അനന്തനെയും, ഏതായാലും അനന്തന്റെ കഴുത്തിൽ കിടന്ന സയനൈഡ് ഷാജന് ഉപകരിക്കുകയും ചെയ്തു. അച്ചാ  അളിയൻസ് രണ്ടെണ്ണവും.

റേഡിയോ നാടകം എങ്ങിനെ ആകരുത് എന്നതിന് ഏറ്റവും നല്ല സാംപിൾ ചോദിച്ചാൽ, വഴിയേ പോകുന്ന ആരെങ്കിലും ''വഴിയമ്പലത്തിലെ വാർത്തകൾ'' ചൂണ്ടിക്കാണിച്ചാൽ, ഞാൻ അവരെ അഭിനന്ദിക്കും.

ഒരു കാര്യത്തിൽ മാത്രം അഭിനന്ദിക്കുന്നു, നന്മ എന്ന വാട്ട്സ്ആപ്പ് കൂട്ടായ്മ കൊണ്ട് ഏതാനും സുഹൃത്തുക്കൾ ഇങ്ങിനെ ഒരു ശ്രമം നടത്തിയതിന്.  അസീസ് അറയ്ക്കൽ നല്ല സിനിമാ പ്രേക്ഷകൻ ആണെന്ന് തോന്നുന്നു. കഥ തന്തു അങ്ങിനെ ഉരുത്തിരിഞ്ഞതായിരിക്കണം. ഏതായാലും  ഈ നാടകം കേട്ടപ്പോൾ നമ്മുടെ നാട്ടിലെ ജി. അബൂബക്കറിനെ ഓർത്തു പോയി, അദ്ദേഹവും ഇത് പോലുള്ള നാടകം  ഒരുപാട് എഴുതുകയും ചില വേദികളിൽ അവതരിപ്പിക്കുകയും ചെയ്ത വ്യക്തിയാണ്.

പിന്കുറി : ഫയാസ് , നമ്മുടെ  ഗോപി കുറ്റിക്കോലിന്റെ പോസ്റ്റിന് ഉടനെ ഞാൻ മറുപടിയും എഴുതുന്നുണ്ട്. 

Saturday 14 January 2017

എന്റെ വായന / റാഹേലിന്റെ സ്വർഗ്ഗം / അസ്‌ലം മാവില

എന്റെ വായന

റാഹേലിന്റെ സ്വർഗ്ഗം

അസ്‌ലം മാവില

ശക്തമായ ഒരു നാടകമല്ലെങ്കിലും പ്രേക്ഷകരുടെ കേൾവിസുഖം ഒട്ടും കുറയാതെ അവതരിപ്പിച്ച റേഡിയോ നാടകമാണ് റാഹേലിന്റെ സ്വർഗ്ഗം. അമ്മയുടെ വാർധക്യകാലം പാപി എന്ന വിശ്വസ്തനെ ഏൽപ്പിച്ചു ഡൽഹിയിലും വിദേശത്തും സ്വന്തം ജോലിയും കുടുംബവുമായി കഴിയുന്ന രണ്ടു മക്കൾ നാടകാവസാനം ശ്രോതാക്കളുടെ മനസ്സിൽ ധിക്കാരികളാകുകയോ ധിക്കാരികളാക്കുകയോ ചെയ്യാനുള്ള ശ്രമമാണ് നാടക രചയിതാവും അതിലേറെ രംഗാവിഷ്കാരം നടത്തിയവരും ശ്രദ്ധിച്ചത്.

ഇവിടെ അദ്ധി എന്ന ശ്രോതാവ് ആശങ്കപ്പെട്ടത് പോലെ മാതാപിതാക്കളുടെ ഭാഗത്തു നിന്നും മക്കളുടെ ഭാഗത്തു നിന്നും നോക്കിക്കാണേണ്ട ഏകാംഗമാണ് റാഹേലിന്റെ സ്വർഗ്ഗം. അത് കൊണ്ട്   അത്തരമൊന്ന്  അരുതാത്തത്  നടന്നതിന്റെ  കാരണം കണ്ടെത്തുവാൻ വായനക്കാർ വിഷമിച്ചേക്കും.

  മാതൃ -പിതൃ ബന്ധങ്ങൾ ഒരു സുപ്രഭാതത്തിൽ ഒരുങ്ങേണ്ട ഒന്നല്ല; ഒരുക്കിയെടുക്കേണ്ടതുമല്ല. ''നിങ്ങൾ സുഖമായി അവിടെ കഴിയൂ, ഞങ്ങളുടെ അവസാനകാലം ശുശ്രൂഷിക്കാൻ വന്നാൽ മതി'' എന്നു കണക്കുകൂട്ടുന്നത് തന്നെ രക്ഷിതാക്കളുടെ തെറ്റാണ്. നിരന്തരമായ ബന്ധങ്ങളും വരവും പോക്കും ക്ഷേമാന്വേഷണങ്ങളും ഒപ്പം പ്രത്യക്ഷത്തിലും പരോക്ഷത്തിലുമുള്ള പരിചരണങ്ങളും മക്കൾക്ക് ഉണ്ടാകുമ്പോഴാണ്, അതിനുള്ള സാഹചര്യം തുടക്കം മുതൽ തന്നെ രക്ഷിതാക്കൾ ഉണ്ടാക്കുമ്പോഴാണ് മാതൃ -പിതൃ -സന്താനബന്ധങ്ങൾ സ്വാഭാവികതയുടെ തലം കൈവരികയും സ്വാഭാവിക പരിണിതിയും ഉണ്ടാകുന്നത്.  ഇത്തരം ബന്ധങ്ങൾക്ക് മക്കൾക്ക് നല്ലപാതിയായി വരുന്നവർക്കും ചെറുതല്ലാത്ത പങ്കുണ്ട്.

ഒരു നാടകത്തിലോ അതല്ലെങ്കിൽ സമാനമായ കാവ്യ-കലാവിഷ്കാരങ്ങളിലോ ശരീരം വിട്ട ആത്മാക്കൾ വന്നു ഭൂമിയിലുള്ളവരോട് സംസാരിക്കാണുന്നത് വരച്ചു കാട്ടാൻ സാധിച്ചേക്കാം. പക്ഷെ, ജീവിതത്തിൽ അതൊന്നും സംഭവിക്കുന്നതല്ലല്ലോ. ഇത്തരം ആവിഷ്കാരങ്ങൾ ഒരു പക്ഷെ, ശ്രോതാക്കൾക്ക് സ്വയം പരിശോധനയ്ക്ക് വക നൽകുമെന്നു കരുതിയാകണം അത്തരമൊരു രീതി നാടകകൃത്ത് പരീക്ഷിച്ചതെന്ന് തോന്നുന്നു.

ജീവസന്ധാരണത്തിന്റെ ഭാഗമായി സ്വദേശം വിട്ടു മറുനാടിൽ മണ്ണിനോടും വിണ്ണിനോടും സമരസപ്പെടാൻ തത്രപ്പെടുന്ന പ്രവാസികൾ പലപ്പോഴും എല്ലാം വിട്ടെറിഞ്ഞു നാടാണയാൻ നോക്കുന്നത് ഇത്തരം സ്ഥാനത്തും അസ്ഥാനത്തുമുള്ള സമൂഹത്തിന്റെ രൂക്ഷനോട്ടങ്ങൾ ഒഴിവാക്കാനാണ്. ഏത് വിഭാഗത്തിലുള്ളതാണെങ്കിലും മരണക്കിടക്കയിൽ മാതാപിതാക്കൾ അവസാന ആഗ്രഹമായി ചുണ്ടുകൾ മന്ത്രിക്കുന്നതും മക്കളുടെ സാന്നിധ്യമാണല്ലോ. അതിനെങ്കിലും എത്താൻ പറ്റിയില്ലെങ്കിൽ തങ്ങളുടെ ചുണ്ടിലും മൂർദ്ധാവിലും അവസാന ചുംബനം നൽകാൻ എത്തുമെന്ന് അതിയായി ആഗ്രഹിച്ചു പാതി കണ്ണടക്കുന്നതും ബന്ധങ്ങളുടെ അഗാധ തീഷ്ണത കൊണ്ടാണ്. പ്രവാസികൾ പലപ്പോഴും സ്വകാര്യമായി തന്റെ സ്രഷ്ടാവിന്റെ മുന്നിൽ കണ്ണുകൾ നനയ്ക്കുന്നതും ഇതൊക്കെ ആലോച്ചിട്ടായിരിക്കണം. 

Friday 13 January 2017

ഇനി ആർടിയിൽ വിന്റർ ഓഡിയോ തിയേറ്റർ ദിനങ്ങൾ / അസ്‌ലം മാവില

ഇനി ആർടിയിൽ
വിന്റർ ഓഡിയോ തിയേറ്റർ ദിനങ്ങൾ

അസ്‌ലം മാവില

നാലഞ്ച് ദിവസങ്ങൾ മുമ്പ് വിന്റർ ഓഡിയോ തിയേറ്ററിനെ കുറിച്ച്  ഇവിടെ ഒരു അറിയിപ്പ് ഉണ്ടായിരുന്നു. ആർടി സാംസ്കാരിക പ്രവർത്തകരെ മാത്രമുണ്ടദ്ദേശിച്ചല്ല, പൊതുവെ നമ്മുടെ നാട്ടിലെ മുഴുവൻ ശ്രോതാക്കളെയും ലക്‌ഷ്യം വെച്ചുകൊണ്ടാണ് ഓഡിയോ തീയേറ്റർ ഒരുങ്ങുന്നത്.

അതിപുരാതന ഗ്രീസിലെ  ബിസി  നാന്നൂറ്റി എൺപതുകളിൽ ജീവിച്ച യൂറിപാഡീസ് എഴുതിയ സൈക്ളോപ്സ് എന്ന ഏകാംഗതോടെയാണ് നാടകലോകം ആരംഭിക്കുന്നത്. ഡ്രാമയുടെ (drama)യുടെ ആദ്യരൂപമാണിത്. പത്ത്-പതിനഞ്ചു മിനുറ്റിൽ ഒന്നോ രണ്ടോ രംഗങ്ങളിൽ ഒതുക്കിയുള്ള നടനമാണ് ഏകാംഗം. ഒരു സന്ദേശം ഏറ്റവും സുതാര്യമായി പ്രേക്ഷരെ ഫലിപ്പിക്കാൻ നാടകത്തോളം പോന്ന മറ്റൊരു കലയുമില്ല.

ഇന്ന്, പ്രബുദ്ധകേരളത്തിൽ ഒരു പക്ഷെ ഏറ്റവും കൂടുതൽ നാടക വേദികളുള്ളത് ഉത്തര കേരളമെന്നത് അത്ഭുതമാണ്. നവംബർ -ഡിസംബർ - ജനുവരി മാസങ്ങൾ ഉത്തര കേരളത്തിലെ രംഗപീഠങ്ങൾ നാടകങ്ങൾ കൊണ്ട് സജീവമാകും. ദേശീയ നാടക മത്സരങ്ങൾ ആഴ്ചകളോളം നടന്നത് ഇക്കഴിഞ്ഞ ആഴ്ചകൾ ഉത്തരകേരളത്തിലായിരുന്നല്ലോ.

എണ്ണൂറുകളുടെ ആദ്യം രൂപം കൊണ്ട  വയർലെസ്സ് ടെലിഗ്രാഫിയിൽ നിന്നും നിരന്തര ഗവേഷണ പരീക്ഷണങ്ങൾക്ക് ശേഷം എണ്ണൂറുകളുടെ അവസാനം മാർക്കോണി ലോകത്തിനു പരിചയപ്പെടുത്തിയ റേഡിയോ തൊള്ളായിരത്തിന്റെ തുടക്കത്തിൽ തന്നെ സുപരിചിതമാകാൻ തുടങ്ങി. വാർത്തകളോടൊപ്പം വിനോദവും വിജ്ഞാനപ്രദവുമായ പരിപാടികളും തുടർന്ന് ലോകം കേട്ടത് ചരിത്രം.  തൊള്ളായിരത്തി ഇരുപതുകളിൽ റേഡിയോ നാടകങ്ങളും സാംസ്കാരിക ലോകം കേൾക്കാൻ തുടങ്ങി.

1930 -1960 കാലങ്ങൾ റേഡിയോ നാടകങ്ങളുടെ സുവർണ്ണ കാലഘട്ടമായിരുന്നു, പിന്നീട് ടെലിവിഷൻ പ്രചാരത്തിലായതോടെ അതിന്റെ പ്രഭക്കൽപ്പം മങ്ങലേറ്റെങ്കിലും ഇന്ത്യപോലുള്ള മൂന്നാം ലോക രാഷ്ട്രങ്ങളിൽ റേഡിയോ നാടകങ്ങൾ ക്ക്  പിന്നെയും കുറേക്കാലം രാജകീയ സ്വീകരണമാണ് ലഭിച്ചത്. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും  ഇടക്കിടക്ക് നടക്കാറുള്ള റേഡിയോ നാടകോത്സവങ്ങൾ നമ്മുടെ കാതുകളിൽ ഇപ്പോഴും കാലൊച്ചകൾ വെക്കുന്നുണ്ടാകണം.

പ്രേക്ഷകർക്ക് പറഞ്ഞും അഭിനയിച്ചും ഫലിപ്പിക്കാൻ സ്റ്റേജ് നാടകങ്ങൾക്കാകും. പക്ഷെ റേഡിയോ നാടകങ്ങൾക്കിവയെ അതിജയിക്കാൻ ശക്തമായ മുന്നൊരുക്കങ്ങൾ നാടകഘടനയിൽ തന്നെ മാറ്റം വരുത്തേണ്ടതുണ്ട്. ശ്രോതാക്കൾക്ക് അനുഭവവേദ്യമായി അത്തരം കേൾവിരംഗങ്ങൾ ഒരുക്കുന്നിടത്താണ് റേഡിയോ നാടക ശില്പികളുടെയും അണിയറ പ്രവർത്തകരുടെയും കഴിവ്. ശ്രോതാക്കൾ കാത് കൂർപ്പിച്ചു കേട്ടാസ്വദിക്കുന്നിടത്താണ് റോഡിയോ തിയേറ്ററുകൾ വിജയിക്കുക. വൈകുന്നേരങ്ങളിൽ നാടകങ്ങളും രൂപകങ്ങളും കേൾക്കാനും ആസ്വദിക്കാനും നമ്മുടെ കുട്ടിക്കാലം മത്സരിച്ചത് ഇന്നും ഓർക്കുന്നുണ്ടാകുമല്ലോ.

ആർടി ആ പഴയകാലങ്ങൾ ഒരിക്കൽ കൂടി  വീണ്ടെടുക്കാനുള്ള ശ്രമം നടത്തുകയാണ് വിന്റർ റേഡിയോ തിയേറ്ററിലൂടെ.  ഇനിയുള്ള ഒരു മാസക്കാലം അതിനുള്ളതാണ്. അന്തർദേശീയനാടകോത്സവത്തിൽ അവതരിപ്പിച്ച  തെരെഞ്ഞെടുക്കപ്പെട്ട റേഡിയോ നാടകങ്ങളാണ് ഞങ്ങൾ ശ്രോതാക്കൾക്കായി ഒരുക്കുന്നത്. എല്ലാവരും ഈ കലാവിരുന്ന് ആസ്വദിക്കുമെന്ന് കരുതട്ടെ.  റേഡിയോ  നാടക സ്ലോട്ടുകൾ പ്രക്ഷേപണം ചെയ്യുമ്പോൾ മറ്റു ടെക്സ്റ്റ്/ വോയിസ്/ ഛായാചിത്രങ്ങൾ പോസ്റ്റ് ചെയ്യാതെ എല്ലാവരും സഹകരിക്കുമല്ലോ. ആശംസകളും അഭിവാദ്യങ്ങളും അർപ്പിക്കുന്നു. 

അവധിചെലവഴിക്കാനെത്തുന്ന പ്രവാസികളുടെയും അവരെ സ്വീകരിക്കുന്ന തദ്ദേശീയരുടെയും സജീവ പരിഗണനയിൽ ഇതെന്ത്കൊണ്ട് വരുന്നില്ല ? / അസ്‌ലം മാവില


അവധിചെലവഴിക്കാനെത്തുന്ന
പ്രവാസികളുടെയും
അവരെ സ്വീകരിക്കുന്ന  
തദ്ദേശീയരുടെയും
സജീവ പരിഗണനയിൽ
ഇതെന്ത്കൊണ്ട് വരുന്നില്ല ?

അസ്‌ലം മാവില

പ്രവാസികൾ അവരുടെ അവധിക്കാലങ്ങൾ കുടുംബത്തോടൊപ്പമാണ് കൂടുതൽ ചെലവഴിക്കുന്നത്. രണ്ടു വർഷം,  ഒരു വർഷം, ആറ് മാസം, ഇടക്കിടക്ക്, അടിയന്തിരഘട്ടങ്ങൾ ...ഇങ്ങിനെയാണല്ലോ പ്രവാസികൾ പ്രത്യേകിച്ച് ഗൾഫുകൾ നാടണയുന്നത്.

അടിയന്തിര ഘട്ടം (emergency ) എന്നത് തൽക്കാലം ഒഴിവാക്കാം. കാരണം അത് ഒരു തിരക്കിൻറെ  (tight schedule) ഭാഗമായി തീർക്കാനുള്ളതാണ്.   ബാക്കിയുള്ള വരവുകളിൽ ടൈം സ്കെഡ്യൂൾ തയ്യാറാക്കുമ്പോൾ ചിലതൊക്കെ നാം വിട്ടുപോകാറുണ്ടോ ? ഇനി എഴുതുന്ന ഒരു പ്രധാന  വസ്തുതയിലേക്ക് അതിന്റെ  ഗൗരവം വിരൽ ചൂണ്ടട്ടെ.

ഇന്ന് പ്രവാസികൾ അധികവും അല്ല, മുഴുവനും തന്നെ സോഷ്യൽ മീഡിയയിൽ ബന്ധങ്ങൾ പുതുക്കുകയും അത് നിലനിർത്തുകയും ചെയ്യുന്നവരാണ്. കൂടെ  നമ്മുടെ നാടിന്റെ നാഡിമിടിപ്പ് അറിയാൻ ശ്രമിക്കുന്നവരുമാണ്. സിപി, ആർടി, ഓൺലൈൻ, യുണൈറ്റഡ്, ഒരുമ, യൂത്ത് ഫോറം  തുടങ്ങി  എല്ലാവരെയും അക്കമഡേറ്റ് (ഉൾക്കൊളളാൻ ) ചെയ്യാൻ സാധിക്കുന്ന ഒരുപാട് കൂട്ടായ്മകളിൽ അംഗങ്ങൾ ആയവരാണ് പ്രവാസികൾ. അത്കൊണ്ട് തന്നെ ചിന്തകളും ആലോചനകളും നിലപാടുകളും ധാരണകളും പുനരാലോചനയ്ക്ക് വിധേയമാക്കിയവരാണ് പ്രവാസികൾ അധികം പേരും. ധാരണാപിശകിൽ നിന്ന് വിടുതി നേടുവാൻ ശ്രമിക്കുന്നവരും സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിൽ എല്ലാവരുമായും നിറമനസ്സോടെ കൂടിയിരിക്കുവാൻ തയ്യാറുളളവരുമാണ്.  ഇത്തരം സോഷ്യൽ കൂട്ടായ്മകളുടെ ഏറ്റവും വലിയ ഔട്ട്പുട്ട് (ഫലം)  അതാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

ആ  പ്രവാസികൾ എപ്പോഴും നാട്ടിലുണ്ട്. പ്രവാസികൾ ഇല്ലാത്ത ഒരു സാഹചര്യം നാട്ടിൽ ഒരിക്കലുമുണ്ടാകില്ല.  അവരുടെ അവധിക്കാലങ്ങൾ  വളരെ സജീവമായി കുടുംബത്തോടൊപ്പം  നാട്ടിൽ  ചെലവഴിക്കുന്നുമുണ്ട്. പക്ഷെ, .......

 നാട്ടിൽ നേരത്തെ തന്നെ വിദ്യാഭ്യാസം, സാമൂഹികം, കായികം, സാംസ്കാരികം, രാഷ്ട്രീയം തുടങ്ങിയ എല്ലാ രംഗങ്ങളിലും സജീവമായവരും നിറസാന്നിധ്യമുണ്ടായിരുന്നവരും അവരിൽ ഉണ്ട്. അതൊക്കെ വീണ്ടും നമുക്ക് പൊടിതട്ടിഎടുക്കേണ്ടേ ? പ്രവാസമാകുന്നതോടെ ആ നന്മകൾ ഇല്ലാതാകുന്നില്ലല്ലോ.  മാത്രവുമല്ല,  ഇതിലൊന്നും നേരത്തെ പരിചമില്ലാത്തവർ ഇപ്പോൾ  കൂട്ടായ്മകളിലെ നന്മ ഉൾക്കൊണ്ടു ചിലതൊക്കെ പരുവപ്പെടുത്തിയിട്ടുണ്ട്. നേരത്തെ അഭിപ്രായങ്ങൾ പറയാൻ സാധിക്കാത്തവർക്ക് സോഷ്യൽ മീഡിയയിലെ ഇടപഴകൽ അവരിൽ നല്ല മാറ്റങ്ങൾ വരുത്തിവെച്ചിട്ടുണ്ട്. ചില ആശയങ്ങളും  അഭിപ്രായങ്ങളും പറയാനും പങ്കിടാനും അവരെ അത് വഴി വെച്ചിട്ടുണ്ട്.

എന്ത്കൊണ്ട് പ്രവാസികൾ   നാട്ടിൽ എത്തിയാൽ  ചെറിയ ചെറിയ ഒത്തുകൂടലിനെ കുറിച്ച് ആലോചിച്ചു കൂടാ ? മാസത്തിൽ കുറഞ്ഞത് രണ്ടു വേദി. വലിയ ആൾക്കൂട്ടമൊന്നും വേണ്ട. എന്നാൽ , ആളുകൾ കൂടുതൽ ഉണ്ടെങ്കിൽ അത് പ്രശ്നമുള്ള വിഷയവുമല്ല. നാട്ടിലെ ഒരുപാട് വിഷയങ്ങൾ വാട്ട്സ്ആപ് കൂട്ടായ്മകളിൽ കൂടി കേട്ടതാണ്, കേട്ടുകൊണ്ടിരിക്കുന്നതാണ്. തങ്ങൾക്ക് ഇഷ്ടമുള്ള ചില  വിഷയങ്ങളെങ്കിലും  അതിൽ തീർച്ചയായും ഉണ്ടാകും. അതൊക്കെ ഒന്ന് കൂടി നേരിട്ട് കൂടിയിരുന്ന് പറയാനും കേൾക്കാനുമുള്ള ചെറിയ യോഗങ്ങൾ.  ആതിഥ്യമൊരുക്കേണ്ടത് നാട്ടിലുള്ളവരായിരിക്കണം .

ചിലപ്പോൾ വിചാരിച്ചതിലപ്പുറം ഇത്തരം കൂടിച്ചേരുകൾ  പിന്നീട് വഴിവെക്കും. വലിയവർക്കും യുവാക്കൾക്കും വിദ്യാർത്ഥികൾക്കും അതൊക്കെ ഉപകാരപ്പെടാനുള്ള സാധ്യത ഞാൻ മുന്നിൽ കാണുന്നു. തുറന്ന മനസ്സിൽ, ഹിഡൻ അജണ്ടകൾ ഒന്നുമേ ഇല്ലാത്ത അത്തരം കൂടിച്ചേരലുകൾ സൗഹൃദമുണ്ടാക്കുന്നതിലപ്പുറം പ്രവാസികളുടെ നല്ല ചിന്തകൾക്ക് നൽകുന്ന അംഗീകാരം കൂടിയാകുമത്.

നാട്ടിൽ നമ്മോടൊപ്പം കളിച്ചും ചിരിച്ചും ഇടപ്പെട്ടും പ്രവർത്തിച്ചും വന്നവർ പ്രവാസിയാകുന്നതോടെ സീറോ ആകുന്നില്ലല്ലോ. അവരിലും അറിവും അനുഭവങ്ങളും ഒരുപാടുണ്ടാകും. അതൊക്കെ സമപ്രായക്കാരോടും യുവ തലമുറയോടും പങ്കിടാനുമുണ്ടാകും. നാട് മാത്രമേ വിട്ടുള്ളൂ, പക്ഷെ, എന്നെ കേൾക്കാനും കെട്ടിപ്പിടിക്കാനും എന്റെ അഭിപ്രായങ്ങൾക്ക് വില കൽപ്പിക്കാനും എന്റെ ചെറിയ പ്രയത്നങ്ങൾക്ക് തോള്ചേരാനും  ഇപ്പോഴും എന്റെ നാട്ടുകാരുണ്ടെന്ന വലിയ ഘടകം ആത്മവിശ്വാസത്തിനു വക വെക്കും. ഒപ്പം, പോയപ്പോകുന്ന ബന്ധങ്ങൾ കണ്ണിചേർത്തുറപ്പിക്കാനും തീർച്ചയായും സാധിക്കും.

രണ്ടു ത്രെറ്റ്സ് (ആശങ്ക)  മുമ്പേ മുന്നിൽ കാണണം. അതിനെ പേടിക്കാനല്ല, ആ ഒരു ഒഴികഴിവ് പറഞ്ഞു തലയൂരാനുമല്ല. മറിച്ചു just to overcome, അത് വളരെ സമർത്ഥമായി  അതിജയിക്കാൻ.  അവയിതാണ് : ഒന്ന്,  അതിഥി-ആതിഥേയരുടെ  കൃത്രിമ തിരക്കഭിനയം . രണ്ട്, ഇരുട്ടത്ത് കുത്തിയിരുന്ന് പ്രവാസി-തദ്ദേശിയരുടെ  'ബ്രാൻഡ്'' കീറിപരിശോധിച്ചു സാഹചര്യം (environment ) കീഴ്മേൽ മറിക്കാൻ ശ്രമിക്കുന്നവന്റെ  സാത്താൻ മെസ്സേജുകളും.  ആദ്യത്തേത് തുടക്കത്തിലെ അപരിചയത്വം മാറുമ്പോൾ താനേ പോയ്ക്കൊള്ളും. രണ്ടാമത്തേത് മാറിക്കിട്ടാൻ ആരും കാത്തുനിൽക്കരുത്. അത് മറികടക്കാൻ നാമാർജ്ജിച്ച അനുഭവങ്ങൾക്കും  സൗഹൃദബന്ധങ്ങൾക്കുമാകണം. ആയേ തീരൂ.  കാരണം,  ''നികൃഷ്‌ട ജീൻ'' എന്നും എപ്പോഴും  ഏത് നാട്ടിലും ഉണ്ടാകും. പരാന്നഭോജികൾക്ക് മരണമില്ലന്നറിയുക. തൂത്താലും തളിച്ചാലും അവ മാറില്ല.

 എല്ലാവരും ഒന്നിച്ചു നാട്ടിൽ വരിക എന്നത് ഒരിക്കലും സംഭവ്യമല്ല.  അവൈലബിൾ (ലഭ്യമായ) പ്രവാസികൾക്ക് അനൗപചാരികമായി  നാട്ടുകാരുമായി ഒത്തുകൂടാം, എവിടെയും.  ഒന്നോ രണ്ടോ മണിക്കൂർ.  കളിതമാശകൾ പറയുന്നതിനൊപ്പം കുറച്ചു കാര്യങ്ങൾ പറയാൻ.  തങ്ങളുടെ ടൈം ഷെഡ്യൂളിൽ അത്തരം ഒത്തുകൂടലുകൾക്ക്  ഇടം കണ്ടെത്താൻ പ്രവാസികളും ശ്രദ്ധിക്കുക. ഒരു സ്ഥിരം വേദിയുണ്ടെങ്കിൽ വളരെ വളരെ നല്ലത്. വല്ലപ്പോഴും ''ബ്രാൻഡുക്കൾ''ക്കതീതമായി പ്രവാസികളും നാട്ടുകാരും ഒത്തുകൂടട്ടെ. 

Monday 9 January 2017

ആർ ടി വിന്റർ ഓഡിയോ തിയേറ്റർ ശനിയാഴ്ച മുതൽ

ആർ ടി വിന്റർ ഓഡിയോ തിയേറ്റർ
            ശനിയാഴ്ച മുതൽ

ആർ ടി എന്നും പുതുമ പരിചയപ്പെടുത്താനാണ് ശ്രമിച്ചിട്ടുള്ളത്.  ഒരു പാട് നല്ല പ്രോഗ്രാമുകൾ നാം ഈ ഫോറത്തിൽ കാണുകയും കേൾക്കുകയും വായിക്കുകയും ആസ്വദിക്കുകയും അനുഭവിക്കുകയും ചെയ്തു.

ഇത് ഒരു പുതിയ സംരംഭമാണ്. വിന്റർ  ഓഡിയോ തീയേറ്റർ. ഗൾഫ് പ്രവാസികൾക്ക് ഇത് ശൈത്യകാലമാണ്. ഈ ഒരാശയം മുന്നോട്ട് വച്ചതും പ്രവാസ ലോകത്ത് കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലം സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമുള്ള അസീസ് ടി.വി. പട്‌ല തന്നെ. So we call it as winter audio theater - WAT

പുതിയ നാടകങ്ങൾ (ഏകാംഗങ്ങൾ ) RT വായനക്കാരെ പരിചയപ്പെടുത്തുക എന്നതാണ് നമ്മുടെ ഉദ്ദേശം. ഈ മാസം മുഴുവൻ നിങ്ങൾ വിന്റർ ഓഡിയോ തിയേറ്ററിന്റെ ഭാഗമാകുന്നു. സമയം കിട്ടുമ്പോൾ കേൾക്കുക. അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.  ആഴ്ചയിൽ രണ്ട് എന്ന രീതിയിൽ പത്ത് നാടകങ്ങളുടെ ശബ്ദരേഖയാണ് RT യിൽ ഓഡിയോ നോട്ട്സായി പ്രക്ഷേപണം ചെയ്യുന്നത്.

വിശദ വിവരങ്ങൾ  അവതാരകൻ അസീസ് പിന്നീട് പറയും.

ക്രിയേറ്റിവ് ഡെസ്ക് , റീഡേഴ്സ് തിയേറ്റർ 

Sunday 8 January 2017

ചി രു ത / കഥ / അസീസ് പട്‌ല

ചി രു ത
  ➖➖

കഥ


കൊയ്ത്തു കഴിഞ്ഞാല്‍ ചിരുത വീട്ടിലിരിക്കില്ല, അടുപ്പ് പുകയണമെങ്കില്‍ ഇറങ്ങിയേ മതിയാവൂ.. കുന്നിന്‍ ചരുവിലെ കുടിലിന്‍ താഴെ വളഞ്ഞുപുളഞ്ഞൊഴുകുന്ന നീര്‍ച്ചാല്, വര്‍ഷകാലത്തും അഷ്ടിക്കു വക തരുന്നതും നീര്ച്ചാല് തെന്നെ, ഭര്‍ത്താവ് ചിണ്ടന്‍ ചൂണ്ടലിട്ടും, ഒഴുകിവരുന്ന അടയ്ക്ക, തേങ്ങ വിറകു എന്തിനു ചിലപ്പോള്‍ ജീവനുള്ള ആട്ടിന്‍കുട്ടിയെപ്പോലും കിട്ടും, അവരുടെ ജീവിതവുമായി അഭേദ്യബന്ധമായിരുന്നു ആ നീര്‍ച്ചാലിന്, ഏഴു വയസുള്ള ഒരു മകളുമുണ്ട്, ചിന്ന.


ചിണ്ടന്‍ ഒരു പണിയുമെടുക്കില്ല, വെറുതെ വീട്ടിലിരിക്കും, ചിരുത മുടഞ്ഞു കൊടുക്കുന്ന പായ ചന്തയില്‍ കൊണ്ടുപോയി വില്‍ക്കലാണ് മുഖ്യജോലി, ആഴ്ചയില്‍ രണ്ടോ മൂന്നോ പായ കാണും കഷിടിച്ചു, കിട്ടുന്നതില്‍ പകുതികാശും വെള്ളമടിച്ചു പൂസായി വീട്ടില്‍ വരും, ബാക്കി  കാശ് കൊണ്ട് അരിയും മീനും പിന്നെ ചിന്നക്ക് ചിത്തുപുളി അല്ലെങ്ങില്‍ കടല., മുളകും മറ്റു വ്യഞ്ജനങ്ങളും ചിരുത കരുതണം.

ചിരുത മകളെയുംകൂട്ടി നീര്‍ച്ചാലിന്‍റെ ഇരുവശവും തിരഞ്ഞു  കിഴക്ക് ഭാഗത്തേക്ക് നടന്നു, നല്ല ഇടതൂര്‍ന്ന കൈതക്കൂട്ടത്തിന്‍ മുമ്പില്‍ നിന്ന് മോല്‍പോട്ടൊന്നു നോക്കി, നീണ്ടു മെലിഞ്ഞ ശരീരം, പാവാടയും റാ വുക്കയും, ദാവണിപോലെ മാറിലൂടെ ഒരു മേല്‍മുണ്ട്‌, അറ്റം പാവാടയുടെ എളിയില്‍ തിരുകി ബന്ധിപ്പിച്ചിരിക്കുന്നു, കൈതച്ചക്ക തിന്നു കൊണ്ടിരുന്ന ഒരണ്ണാരക്കണ്ണന്‍ ചിരുതയെ നോക്കി മുഖം തുടച്ചു, നഗ്നപാദയായി ചെളിയില്‍ നിന്ന ചിന്ന അണ്ണാരക്കണ്ണനെ കണ്ണിറുമ്മിക്കാണിച്ചു.

കഴുത്തും തലയും ഉള്‍വലിച്ച് ചതുപ്പ്നിലത്തില്‍ അനങ്ങാത കിടക്കുന്ന ആമ ചിരുതയുടെ ശ്രദ്ധയില്‍പെട്ടു, വായിലുള്ള മുറുക്കാന്‍ ഒന്നൂടെ ചവച്ചു നീട്ടിത്തുപ്പി ഇരട്ടി സന്തോഷത്തോടെ കയ്യിലെടുത്തു ചുവന്ന പല്ലുകള്‍ കാട്ടി ചിന്നയെ നോക്കി ചിരിച്ചു, കുറച്ചു ദൂരെ ആമയെ തറയില്‍ മലര്‍ത്തിക്കിടത്തി കൈതയോല വെട്ടുന്നതില്‍ വ്യാപൃതയായി., ചിന്നക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല.

മുതുകത്തിരിന്ന മുട്ടനീച്ചയെ കയ്യിലുള്ള അരിവാള്‍തുമ്പ്  കൊണ്ട് ചൊറിഞ്ഞു നിര്‍വൃതികൊണ്ടു, രക്തമൂറ്റിക്കുടിച്ചു മതിവരാത്ത ഈച്ച മറ്റൊരു ശരീരഭാഗം ലക്‌ഷ്യം വെച്ച് വട്ടം പറന്നു., ഉണങ്ങിയ വാഴയിലത്തണ്ടില്‍ നിരത്തിയ  കമുങ്ങിന്‍ പാളകയില്‍ വെട്ടിയ കൈതയോല കടയൊപ്പിച്ചടുക്കിവച്ചു, ചിന്ന കൈതചെടിക്കൂട്ടത്തിന്നടിയില്‍ ഓരംചേര്‍ന്നു നടന്നു കാണുന്നു, തെളിന്നീരിന്നടിയില്‍  ഒരു ചെമ്മീന്‍ വളഞ്ഞും നിവര്‍ന്നും വെട്ടല്‍ പൂണ്ടു ചകിരിപ്പരുവത്തിലായ കൈതവേരില്‍ നിലയുറപ്പിച്ചു, ജലപ്പരപ്പില്‍ എന്തോ കര്‍മ്മത്തിലേര്‍പ്പെട്ട മാത്രയില്‍ *എഴുത്താണിമൂസ നിര്‍ത്താതെയുള്ള കറക്കം തുടര്‍ന്നുകൊണ്ടിരുന്നു, ഞണ്ട് മുമ്പിലെ രണ്ടു കൈകള്‍ തൂക്കിയിട്ടു എങ്ങോട്ടോ നോക്കി നടന്നു നീങ്ങി.


ഈര്‍പ്പം നഷ്ടപ്പെട്ട ആമ തൊലി പൊളിയുന്ന വേദനയില്‍ രക്ഷപെടാന്‍ ഒരു വിഫലശ്രമം നടത്തി., പറന്നുവന്നു കൈതക്കമ്പില്‍ ഇരിപ്പുറപ്പിച്ച ചെമ്പോത്ത് ചിരുതയുടെ ഇളക്കംകണ്ടു കുതറിമാറി പൊങ്ങിപ്പറന്നു. ചരുവിലിരുന്നു വെറ്റിലയില്‍ ആവശ്യത്തിനു ചുണ്ണാമ്പ് പുരട്ടി അടയ്ക്കാ കഷ്ണവും കൂട്ടി വായിലോട്ടൊറ്റ തള്ള്, പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ പുകയിലക്കഷ്ണം ചുരുട്ടി മുന്‍നിരപ്പല്ലുകളില്‍ അമര്‍തിത്തേച്ചു കടപ്പല്ലില്‍ ഇറുക്കിവാച്ചു, കൈ പിന്നിലോട്ടാക്കി എണ്ണമയമില്ലാത്ത ചിതറിക്കിടന്ന മുടി കോതിവയ്ക്കുന്നു, വലതു കയിലെ രണ്ടു വിരല്‍ ചുണ്ടിലമര്‍ത്തി നീട്ടിത്തുപ്പി, ചതുപ്പ് സാന്ദ്രതയില്‍ മുറുക്കാന്‍റെ തീഷ്ണ ഗന്ധം അലിഞ്ഞുചേര്‍ന്നു, പ്രാണവേദനയില്‍ പുളയുന്ന ആമയെ നോക്കി മനസ്സില്‍ സദ്യ കൂട്ടി.

ചിന്നയുടെ കയ്യില്‍ ആമയെ കൊടുത്ത്, കൈതയോലക്കെട്ടുമായി ചിരുത വീട് ലക്ഷ്യം വച്ചു, മരം കൊത്തിപ്പക്ഷി കിരു കിരാ ശബ്ദമുണ്ടാക്കി പാടത്തിലൂടെ മിന്നിമറഞ്ഞു.. കൈവെള്ളയില്‍ മലര്‍ത്തിക്കിടത്തിയ ആമയുടെ മാംസസ്പന്ദനം ചിന്നയെ ഇക്കിളിപ്പെടുത്തി., നേരം മധ്യാഹ്നം വിട്ടു പടിഞ്ഞാറ്റുകരപറ്റി.

*എയിത്തണിമൂസ (ജലപ്പനിരപ്പിളക്കാതെ നിര്‍ത്താതെ കറങ്ങിക്കൊണ്ടിരിക്കുന്ന ഒരിനം കറുത്ത  ഷഡ്പദം)

ശുഭം



അസീസ്‌ 

കവിത/ നശ്വരം!/ അസിസ് പട്‌ല

കവിത
🔹🔹🔹


നശ്വരം!
➖➖➖

എന്‍ ജീവധാരയാം,
മതഗ്രന്ഥത്തില്‍
ജഗന്നിയന്താവരുളിയിരിക്കെ,
നിന്‍ പ്രാണന്‍, മാതാ, പിതൃ പുത്രസമ്പത്തിലുപരി,
ലോകഗുരുവില്‍ സ്നേഹവിശ്വാസ-
മര്‍പ്പിതമല്ലില്‍,
നീയല്ല; പൂര്‍ണ്ണ വിശ്വാസിയെന്നു.
എന്തിനാഹെ ദണ്ണം..
ത്യജിക്കും, ദാനമീ ജീവന്‍,
വെടിയുന്നതില്‍ വിശ്വാസിയായ്,
കിട്ടുമെന്നിരിക്കെ ശാശ്വതം സ്വര്‍ഗ്ഗീയം.
ഗര്‍ഭിണി, പിഞ്ചു ബാലികച്ചോരകളില്‍,
താണ്ഡവമാടും മത ഭ്രാന്തന്മാരെ!
ഓര്‍ക്കൂ......
ഇവിടം നശ്വരം, നിങ്ങള്‍ക്ക് നാശം!!


അസിസ് പട്ള 🖊

നര്‍മ്മവീഥി / അസീസ്‌ പട്‌ല

നര്‍മ്മവീഥി
➖➖➖➖


ഈ ഡോക്ടര്‍മാര്‍ അങ്ങിനെയാണല്ലോ!

രോഗി; അല്ലെങ്കില്‍ കൂടെയുള്ളവര്‍ ഗൌരവത്തോടും പരിതാപത്തോടുമാണ് ചോദിക്കുന്നതെങ്കില്‍പോലും ആംഗ്യ ഭാഷയില്‍ ഒരു റെടിമൈട് ഉത്തരമുണ്ടാവും, വലതു കൈവിരലുകള്‍ തള്ള വിരലില്‍ കൂട്ടിപ്പിടിച്ചു ഒന്ന് രണ്ടു കുടച്ചല്‍...

മാരക രോഗിപോലും ഈ ആംഗ്യഭാഷയില്‍ സായൂജ്യമടയും, മനസ്സ് കൊണ്ട് ഡോക്ടറെ ദൈവത്തെപ്പോലെ കാണും, ചിലര്‍.

ദിനേശന് ഒന്ന് രണ്ടു ദിവസമായി വയറില്‍ ഒരു മൂളല്‍, രണ്ടാം നാള്‍ കഴിച്ച സാമ്പാറിന് ഇത്തിരി വളിപ്പുണ്ടായിരുന്നു, ഇനി അതാണോ എന്തോ?! ആള്‍ക്കൂട്ടത്തിലാകുമ്പോള്‍ അവരുടെ ശ്രദ്ധ “മൂളലില്‍” പതിയും, പിന്നെ ഒരളിഞ്ഞ നോട്ടം, അതാ സഹിക്കാന്‍ വയ്യാത്തത്., ഭാര്യയുടെ നിര്‍ബന്ധപ്രകാരം ഡോക്ടറെ കാണാന്‍ തെന്നെ തീരുമാനിച്ചു.

ബാക്ടീരിയല്‍ ഇന്ഫക്ഷനുള്ള മരുന്ന് കൊടുത്തു ഡോക്ടര്‍ ഫീസ്‌ വാങ്ങി വലിപ്പിലിട്ടു, അയാള്‍ കുറിപ്പും കൊണ്ട് പുറത്തേക്ക് നീങ്ങുന്നു, ഭാര്യ പോയില്ല.. പരിഭവം നിറഞ്ഞ കണ്ണുകളോടെ ഡോക്ടറെ നോക്കി.. കാര്യം മനസ്സിലാക്കിയ ഡോക്ടര്‍  കണ്ണിറുക്കി പതിവ് പരിപാടി തുടര്‍ന്ന്,
“ആംഗ്യം”.
ഓ. പി. യില്‍ ഓടി വന്ന നേഴ്സ് ഡോക്ടരോട് “
ഒരു എമര്‍ജന്‍സി പേഷ്യണ്ട്, വളരെ ക്രിട്ടിക്കല്‍ ആണ്, പ്ലീസ് ഡോക്ടര്‍”,
എമര്‍ജന്‍സിറൂമില്‍ ഡോക്ടര്‍ രോഗിയെ പരിശോധിക്കുന്നതിനിടയില്‍ മകന്‍ പറഞ്ഞു, രണ്ടു അറ്റാക്ക് വന്നതാ...... ഡോക്ടര്‍........അച്ഛന്‍... മകന്‍റെ ചിമ്മിയ മിഴിയിലൂടെ കണ്ണുനീര്‍ ധാര ധാരയായൊഴുകി, ഡോക്ടറേയും സങ്കടപ്പെടുത്തി...........

നാഡിമിടിപ്പും പല്‍സും ഓക്കേ,  പ്രഷര്‍ നന്നേ കുറഞ്ഞു......ഉടനെ നോര്‍മല്‍ സലൈന്‍, സാധാരണ കൊടുക്കുന്ന ഒരു ട്രിപ്പ് കൊടുത്തു, പതിനഞ്ചു മിനിട്ട് കഴിഞ്ഞപ്പോഴേക്കും രോഗി കണ്ണ് തുറന്നു.. ചുറ്റുവട്ടം നോക്കി, മകന്‍റെ സന്തോഷത്തിനതിരില്ലായിരുന്നു.....കരഞ്ഞു കൊണ്ട് ചേര്‍ത്തുപിടിച്ചു മൂര്‍ദ്ധാവില്‍ ചുംബിച്ചു...അമ്മ പിന്നില്‍ നിന്നും വിതുമ്പി., ശോക സാന്ദ്രം!

“ട്രിപ്പ് കഴിഞ്ഞാല്‍ വിട്ടോളാന്‍ ഡോക്ടര്‍ പറഞ്ഞു”

നേഴ്സ് ബില്ല് കൊടുത്തു കൊണ്ട് പറഞ്ഞു., പോകാന്നേരം ഡോക്ടറുടെ മുമ്പില്‍  നിറകണ്ണുകളോടെ കൈ കൂപ്പി നിന്നു,

“സര്‍ ഞങ്ങള്‍ക്ക് ദൈവതുല്യമാണ്, പേടിച്ചു പോയി, ഒന്നല്ല രണ്ടാ. അറ്റാക്ക്‌ വന്നത്, ഇനി ഒരറ്റാക്കിനു ശേഷി ഉണ്ടാവില്ലയെന്നു ഡോക്ടര്‍ പ്രത്യകം പറഞ്ഞിരുന്നു... സര്‍ രക്ഷിച്ചു.”

സത്യത്തില്‍ അത് അറ്റാക്ക് അല്ലായിരുന്നുവെന്നു ഡോക്ടര്‍ക്ക് നന്നായി  അറിയാമായിരുന്നു...അപ്പോഴും ഡോകടര്‍ ഒന്ന്‍കണ്ണിറുക്കി  “ആംഗ്യം” കാണിച്ചു.

ഒന്ന് രണ്ടാഴ്ച കഴിഞ്ഞു,  ഒരു ഞായറാഴ്ച്ച ഡോക്ടര്‍ കുടുംബസമേതം അമ്പലത്തില്‍ പോയി, തൊഴുതു മടങ്ങവേ പിന്നില്‍ നിന്നും ഡോക്ടറെ വിളിച്ചു ഓടി വരുന്നു ഹൃദയ രോഗിയുടെ മകന്‍..
“സര്‍....അച്ഛന് വളരെ നല്ല സുഖം, ഇപ്പോള്‍ മുമ്പത്തേക്കാളും ആരോഗ്യാവാനാണ്..”

ഡോക്ടര്‍ വീണ്ടും “ആംഗ്യം” കാണിച്ചു പറഞ്ഞു, ഞാന്‍ അപ്പോഴേ പറഞ്ഞില്ലേ.. നിസ്സാരമാണെന്നു,  പേടിക്കാനോന്നുമില്ലെന്നു, ഒരു പേടിയും വേണ്ട......

അയാള്‍ നിറ  പുഞ്ചിരിയോടെ വാഴി മാറിക്കൊടുത്തു, ഡോക്ടറും കുംടുംബവും നടന്നു നീങ്ങുമ്പോള്‍ മുമ്പില്‍ നില്‍ക്കുന്നു ആ വയറു രോ ഗിയുടെ (ദിനേശന്‍റെ) ഭാര്യ, പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു...
“അദ്ദേഹം പോയി സാറേ...... എന്നെയും മക്കളെയും  തനിച്ചാക്കി..
ഡോക്ടറുടെ ഭാര്യ വിഷണ്ണയായി നിന്ന്, രണ്ടു പേരെയും മാറി മാറി നോക്കി..

സാരിത്തുമ്പ്കൊണ്ട് കണ്ണീര്‍ തുടച്ചു, വീണ്ടും തുടര്‍ന്നു.
 “ഇന്നലെ സഞ്ചയനം കഴിഞ്ഞു.”

ഡോകടര്‍ പറഞ്ഞു......ഞാന്‍ അപ്പോഴേ കൈ കൊണ്ട് കാണി ചിരുന്നില്ലേ.......... അധികം ജീവിക്കില്ലായെന്ന്, വേറെ ഡോക്ടറെ കാണിക്കാന്‍ പറയാത്തതും അത് കൊണ്ടായിരുന്നു......

ഹോ... ആ സ്ത്രീക്ക് ഡോക്ടരോടുള്ള ആദരവ് കൂടി വന്നു, ഭര്‍ത്താവിന്‍റെ സന്ദര്‍ഭോചിത വാക്ചാതുര്യം കണ്ടു ഭാര്യ അമ്പരന്നു നിന്നു.. എന്നാലും ഇങ്ങനെയുമുണ്ടോ മനുഷ്യര്‍......മനസ്സില്‍ പിറുപിറുത്തു.

ഡോക്ടറുടെ ഒരു പുട്ദ്ധിയേ....😂😂😂

അവലംബം:
എന്‍റെ മൂത്താന്‍റെ ഔക്കര്‍ച്ച കൊച്ചുന്നാളില്‍ പറഞ്ഞ കഥ
(കാഥികന്‍ ഇപ്പോള്‍ ഉളിയതടുക്കയില്‍ പാന്‍ഷോപ്പ് നടത്തുന്നു)

അസീസ്‌ പട്ള 🖋

ഗാനം --------------- അനസ് എൻ. പട്‌ല


ഗാനം

---------------

അനസ് എൻ. പട്‌ല
-------------------------------

ഈ നിമിഷമിൽ പറന്നിടാം        
                                       വാനിൽ..
പുതു പക്ഷിയെപ്പോലെ..
അതിരില്ലാ കാഴ്ചകൾ കണ്ടിടാം..
                                                         
നീ മറഞ്ഞുവോ  ദൂരെയാ...
                    കാതങ്ങൾക്കപ്പുറം
പുതിയൊരേടുകൾ തേടി..

 നീ മറഞ്ഞുവോ  ദൂരെയാ...
                      കാതങ്ങൾക്കപ്പുറം
പുതിയൊരേടുകൾ തേടി..


നിൻ സ്വരങ്ങൾ നവതരംഗം
നിസ്തുല ഭാഗ്യം എൻ ജീവനിൽ

നിൻ സാമീപ്യം നവാനുഭവം
ഇളമാശ്രയം ഈ ഭൂമിയിൽ..

നിൻ സ്വരങ്ങൾ നവതരംഗം
നിസ്തുല ഭാഗ്യം എൻ ജീവനിൽ..

നിൻ  സാമീപ്യം നവാനുഭവം
ഇളമാശ്രയം ഈ ഭൂമിയിൽ..

ഈ നിമിഷമിൽ പറന്നിടാം..        
                                        വാനിൽ..
പുതു പക്ഷിയെപ്പോലെ..
അതിരില്ലാ കാഴ്ചകൾ കണ്ടിടാം..
 
നിൻ ഓർമ്മകൾ ഇനി      
ബാക്കിയായ്..

നെഞ്ചിലായ് ഞാനേറ്റിടാം..

നിൻ ഓർമ്മകൾ ഇനി       ബാക്കിയായ്..

നെഞ്ചിലായ് ഞാനേറ്റിടാം..

നിൻ മടക്കം എൻ പ്രതീക്ഷ      ഞാൻ കാത്തിടാം എൻ  
പ്രാണനിൽ

ഈ നിമിഷമിൽ പറന്നിടാം..      
                                            വാനിൽ..
പുതു പക്ഷിയെപ്പോലെ...
അതിരില്ലാ കാഴ്ചകൾ കണ്ടിടാം.

Friday 6 January 2017

കഴിഞ്ഞ വാരത്തിലെ നമ്മുടെ സ്വകാര്യ സന്തോഷങ്ങളും മെഡിക്കൽ ക്യാംപിനുള്ള തയ്യാറെടുപ്പുകളും / അസ്‌ലം മാവില

കഴിഞ്ഞ വാരത്തിലെ
നമ്മുടെ സ്വകാര്യ സന്തോഷങ്ങളും
മെഡിക്കൽ ക്യാംപിനുള്ള
 തയ്യാറെടുപ്പുകളും

അസ്‌ലം മാവില


കഴിഞ്ഞ ഒരാഴ്‌ച പട്‌ലയെ സംബന്ധിച്ചിടത്തോളം കുറച്ചു നല്ല വർത്തമാനങ്ങളാണ് കണ്ടതും കേട്ടതും. അതിന്റെ നിറവിലും സന്തോഷത്തിലുമാണല്ലോ നാമെല്ലാവരും.

പട്‌ലയുടെ കാൽപന്ത് കളിക്ക് പുതിയ മാനങ്ങൾ നൽകിയ ഒരു സെമിഅർബാൻ പട്‌ലയെ പുറം നാടുകൾക്ക് ഇങ്ങനെയുമൊരു നാട് ഇവിടെയൊക്കെയുണ്ടെന്ന് പരിചയപ്പെടുത്താൻ കഴിഞ്ഞ പത്ത്‌ വർഷത്തോളമായി കായികരംഗത്ത് ഒരുമയുടെയും ഉത്സാഹത്തിന്റെയും  അടയാളമായി മാറിയ യുണൈറ്റഡ് പട്‌ല സംഘടിപ്പിച്ച ഒമ്പതാമത് സീസൺ ഫുട്‌ബോൾ സൂപ്പർ ലീഗ് മത്സരം നടന്നത് ഇക്കഴിഞ്ഞ വാരം. ഫ്ലഡ് ലൈറ്റിന്റെ വെണ്മയിൽ കുളിച്ച രാവിൽ നടന്ന വാശിയേറിയ മത്സരങ്ങളിൽ ഒന്നാമതെത്തി യുണൈറ്റഡ് പട്‌ല ട്രോഫിയിൽ മുത്തമിട്ടത് എം.പി. ബ്രദർസും. ചിട്ടയുള്ള  നീക്കങ്ങളും ചടുലതയുടെ മുന്നേറ്റങ്ങളും  നടത്തി  ഫുട്‌ബോൾ മൈതാനത്തു വിസ്‌മയകൊടുങ്കാറ്റ് തീർത്ത ആ ജേതാക്കളെ അകമഴിഞ്ഞ് അഭിനന്ദിക്കാം. ഒപ്പം നാട്ടിലെ ഫുട്‌ബോൾ പ്രേമികൾക്ക് മനംകവരുന്ന കളിക്കാഴ്ച ഒരുക്കിയ സംഘാടകരെയും.  പാതി വഴിക്ക് വിജയങ്ങൾ വിട്ടുപോയ മറ്റു ടീമംഗങ്ങളും തീർച്ചയായും ആശ്വാസവാക്കുകൾക്ക് അർഹരുമാണ്. തോൽവികൾ ഒരിക്കലും എന്നെന്നേക്കുമുള്ളതല്ലല്ലോ, അടുത്ത സീസണിൽ കൂടുതൽ കരുത്താർജ്ജിച്ചു പട്‌ല ഫുട്‌ബോൾ ഗ്രൗണ്ടിൽ പോർക്കളം തീർക്കാനും പുതിയ അധ്യായങ്ങൾ രചിക്കുവാനും ഈ  കൊച്ചു കൊച്ചു തോൽവികൾ നിമിത്തമാകട്ടെ.

പട്‌ലയുടെ രണ്ടു ചുണക്കുട്ടികൾ മംഗളൂർ യൂണിവേഴ്സ്റ്റിറ്റി ഫുട്‌ബോൾ ടീമിന്റെ ഭാഗമായതാണ് മറ്റൊരു സന്തോഷം. അതാകട്ടെ, യുണൈറ്റഡ് പട്‌ലയുടെ കളിത്തൊട്ടിലിൽ പരിലാളനയേറ്റു വളർന്നവരും. കർണ്ണാടക പോലെയുള്ള ഒരു സംസ്ഥാനത്തു രണ്ടു മലയാളിക്കുട്ടികൾ, പ്രത്യേകിച്ച് വളരെ റിമോട്ട് ഏരിയയിൽ നിന്നും പഠിച്ചും വളർന്നതും വന്നവർ,  മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്ന്  വേർപ്പെട്ടു 1980- മുതൽ  ദക്ഷിണ കർണ്ണാടകയിലെ തലയുയർത്തി നിൽക്കുന്ന യൂണിവേഴ്സിറ്റിയായി മാറിയ മംഗളൂർ യൂണിവേഴ്‌സിറ്റിയുടെ ഫുട്‌ബോൾ ടീമിൽ ഇടം ലഭിക്കുക എന്നത് ഒരിക്കലും  ചെറിയ കാര്യമല്ല. പട്‌ലയുടെ അഭിമാനമായി മാറിയ ആ കുട്ടികളെ , മുനാസ് & സഫ്‌വാൻ, നമുക്ക് മനസ്സ് നിറയെ അഭിനന്ദിക്കാം.

നമ്മുടെ നാടിന്റെ മണ്ണിന്റെ മണമുള്ള ഒരു പതിനാറുകാരൻ ഒരു  സംസ്ഥാന ഗെയിംസ് ഇനത്തിലെ നായകനാകുക. ചില്ലറകാര്യമാണോ ?  ടി.എസ് . ഇസ്മയിൽ. അണ്ടർ സെവന്റീൻ ടെന്നീസ് വോളിബോൾ നാഷണൽ ചാമ്പ്യൻ ഷിപ്പിൽ കേരള ടീമിനെ നയിക്കുന്നത് പട്‌ലയിൽ കൂടി വേരുകളുള്ള ഈ കായിക പ്രതിഭ  ആയിരിക്കും. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ജനുവരി 12,13,14 തീയതികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. നാലാം തവണയാണ് കേരളത്തിനു വേണ്ടി ഇസ്മാഈല്‍ കളത്തിലിറങ്ങുന്നത്. ഒരു തവണ ഇന്ത്യന്‍ ജഴ്‌സിയുമണിഞ്ഞിട്ടുമുണ്ട്.  ഉദുമ തെക്കേകരയിലെ ഷറഫുദ്ദീന്‍-ആരിഫ ദമ്പതികളുടെ മകനാണ് ഇസ്മയിൽ . ആരിഫയാകട്ടെ  നമ്മുടെ പട്‌ലക്കാരിയും. സി.എച്ച്. മുഹമ്മദ് - റുഖിയ്യ ദമ്പതികളുടെ മൂത്ത  മകളാണ് ആരിഫ.  ഹാറ്റ്സ് ഓഫ് ഐ ടി എസ്.

രണ്ടു സന്നദ്ധ സേവന പ്രവർത്തനങ്ങളുമായി വാർത്തയിൽ ഇടം നേടിയതും ഇക്കഴിഞ്ഞ വാരം. വർഷങ്ങളായി ആർട്സ് & സ്പോർട്സ് രംഗത്തു സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സംഘം ക്ലബ്ബ് പ്രവർത്തകർ ഇക്കഴിഞ്ഞ ബന്ദ് ദിനം സജീവമാക്കിയത് സേവനപ്രവർത്തനങ്ങളിലേർപ്പെട്ടായിരുന്നു. തെരഞ്ഞെടുത്തതാകട്ടെ സ്‌കൂൾ പരിസരവും. എന്ത്കൊണ്ടും അവർ ചെലവഴിച്ച സമയവും  ഊർജ്ജവും  മാതൃകാപരം. അതത് പ്രദേശങ്ങളിൽ പേരിനു ബോർഡ് തൂക്കികൊണ്ട് നിശ്ചലാവസ്ഥയിലുള്ള മറ്റു  സംഘടനകൾക്ക് ഇവരുടെ സക്രിയപ്രവർത്തനം ഉത്തേജനമാകട്ടെ എന്ന് പരാമർശ  സംഘാടകരെ അഭിനന്ദിക്കുന്നതോടൊപ്പം ആഗ്രഹിക്കുകയും ചെയ്യുന്നു.

ഈ മാസമാവസാനം വിശാലമായ സംഘാടനത്തോട് കൂടി കണക്റ്റിംഗ് പട്‌ല നടത്താൻ ഉദ്ദേശിക്കുന്ന മെഡിക്കൽ ക്യാമ്പിന്റെ പ്രഖ്യാപനവും നാം കേട്ടത് ഇക്കഴിഞ്ഞ വാരം തന്നെ. സേവനം രംഗത്തു ഒരു ചുവട് മുന്നേ നടക്കുന്ന സിപിയുടെ ഈ മഹത്സംരംഭം വിജയിപ്പിക്കേണ്ടത് എല്ലാവരുടെയും കടമ കൂടിയാണ്.  ഇതിന്റെ മുന്നിൽ നിൽക്കാൻ സാമൂഹിക പ്രവർത്തകരോടും സംഘടകരോടുമൊപ്പം ഉത്സാഹം കാണിക്കേണ്ടത് നമ്മുടെ നാട്ടിലെ മെഡിക്കൽ- പാരാമെഡിക്കൽ ബിരുദ ദാരികളും ബിരുദ വിദ്യാർത്ഥികളുമാണെന്ന് കൂട്ടത്തിൽ പറയട്ടെ.

ഫാർമസി, ആയുർവേദം, ഹോമിയോപ്പതി, ഡെന്റൽ,  ലാബ് ടെക്‌നീൻഷ്യൻ തുടങ്ങി വിവിധ കോഴ്‌സുകളിൽ പഠിച്ച, പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾ നമ്മുടെ നാട്ടിലുണ്ട്.  കൂട്ടത്തിൽ സയൻസ് പ്രധാന വിഷയമായി പഠിക്കുന്ന പ്ലസ് ടു , ബിരുദ വിദ്യാർത്ഥികളും. ഇവർ മുഴുവൻ ഈ ക്യാംപിൽ  ഏറ്റവും നല്ല ആതിഥേയരാകണം. രെജിസ്ട്രേഷൻ കൗണ്ടർ മുതൽ ബ്ലഡ്ടെസ്റ്റ് ക്യാബിനിൽ വരെ നിങ്ങളുടെ സജീവ സാന്നിധ്യമുണ്ടാകണം. കാരണം, ഈ വേളയിൽ നിങ്ങളുടെ  സേവനം വളരെ വിലമതിക്കത്തക്കതാണ്. ഇതിനു മുന്നോടിയായി നടക്കുന്ന എല്ലാ കൂടിയാലോചന യോഗങ്ങളിലും മറ്റു സേവന പ്രവർത്തകരെ പോലെത്തന്നെ നിങ്ങളും സംബന്ധിക്കണം. നിങ്ങളുടെ അഭിപ്രായങ്ങൾ വിലമതിക്കത്തക്കതായിരിക്കും.

കുട്ടികളെ, പഠനത്തോടൊപ്പം പ്രാക്ടിക്കൽ വെന്യൂ ലഭിക്കുന്ന അപൂർവ്വ സന്ദർഭം കൂടിയാണിത്, പാഴാക്കരുത്. അതും അവനവൻ പെറ്റു വീണ സ്വന്തം ഗ്രാമത്തിൽ. 

Sunday 1 January 2017

പ്രതികരണങ്ങൾ - അസീസ് പട്‌ല & ബഷീർ മജൽ

അസീസ് പട്‌ല & ബഷീർ മജൽ
 പ്രതികരണങ്ങൾ


വരാന്‍ പോകുന്ന വാര്‍ദ്ധക്യത്തെ ഒരിടപോലും ചിന്തിക്കാത്ത യവ്വനം.
 വാര്‍ദ്ധക്ക്യത്തിലെ നിസ്സഹായവസ്ഥ . ലബിക്കാതെ പോകുന്ന പരിഗണന . അനുഭവിക്കേണ്ടി വരുന്ന അവഗണന.....
നമ്മുെട വിദധ്യാഭ്യാസം ആദുനിക കാലത്ത്   ഏറ്റവും ഉന്നത നിലവാരമാണെന്ന്  
ലോകം കൊട്ടികോശിക്കുബോള്‍ സ്നേഹം.കരുണ.ദയ.ബഹുമാനംആദരവ് മനുഷ്യ സമൂഹത്തില്‍നിന്നും അന്യായമായിപ്പോയ ക്കാലം.നമ്മുടെ വിദ്യാഭ്യാസം തന്നെ മാനുഷിക  മൂല്യങ്ങളെ പറ്റി പടിപ്പിക്കുന്നതില്‍ നിലവാര തകര്‍ച്ചയാണോ   സത്ത്യം
    യഥാര്‍ത്ഥ  ജ്നാനത്തിന്‍റെ  തെറ്റാത്ത ഉറവിടമായ  ' പരിശുദ്ധ ഖുര്‍ആന്‍ '   എങ്ങിനെ വൃദ്ധ ജനങ്ങളെ  ആദരിക്കണം സഹജീവികളെ  എങ്ങിനെ സ്നേഹിക്കണം
എന്ന് പഠിപ്പിക്കുന്ന   ഖുര്‍ആനിക ആശയം  ലോകത്തിന് ഉത്തമം
-------------------
Sap....വളരെ പ്രസക്തമായ വാക്കുകള്‍ ..👍👍👌👌

ബഷീർ മജൽ
-------------------------------------------------

------------------------------------------------------
വിദ്യാഭ്യാസമെന്നത് അക്ഷരവും ശാസ്ത്രവും പഠിക്കല്‍ മാത്രമായി ചുരുങ്ങിപ്പോകുന്ന കാലമാണിത്. സഹജീവി സ്നേഹവും മൂല്യബോധവും ഉള്ള സമൂഹത്തില്‍ മാത്രമേ വൃദ്ധജനങ്ങള്‍ ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുകയുള്ളൂ.


വളരെ കാലിക പ്രസക്തിയുള്ള വാക്കുകള്‍,

സഹജീവി സ്നേഹവും, മൂല്യബോധവുമില്ലാത്തത്തടുത്തോളം ഒരു സമൂഹത്തിനും സംസ്കൃതിയുടെ , മതധൈഷണിക സഫലീകരണം അപ്രാപ്യമായിരിക്കും.

സാപ്, ഓരോ വാക്കും ആവര്‍ത്തിച്ചു വായിക്കപ്പെടെണ്ടാതാണ് ...

حزاك الله خيرا. തുടര്‍ന്നും എഴുതണം.........🌹

അസീസ് പട്‌ല

വാര്‍ദ്ധക്യം പരിഗണിക്കപ്പെടുമ്പോള്‍*/ / സാപ്

*വാര്‍ദ്ധക്യം പരിഗണിക്കപ്പെടുമ്പോള്‍*

സാപ്
---------

“വൃദ്ധനാകുക, മരിക്കുക ..ഹോ... ഓര്‍ക്കാന്‍ കൂടി വയ്യടാ..”

യവ്വനത്തിന്റെ നല്ല നാളുകളിലൊന്നില്‍ അകാലത്തില്‍ പൊലിഞ്ഞുപോയ മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകൃത്ത് ടി വി കൊച്ചുബാവ തന്‍റെ സുഹൃത്തിന് എഴുതിയ കത്തിലെ വരികളാണിത്.

ജീവിതത്തിലെ സ്വാഭാവിക പരിണാമങ്ങളിലോന്നാണ് വാര്ദ്ധക്ക്യം. നാം ആഗ്രഹിച്ചാലും ഇല്ലെങ്കിലും വിധി അവിടം വരെ എത്തിച്ചവരോക്കെ അനുഭവിക്കേണ്ടി വരുന്ന അവസ്ഥ.  ജീവിതത്തിന്റെ നിസ്സഹായാവസ്ഥ ബോധ്യപ്പെടുന്ന അവസാനഘട്ടം.  മരണത്തെ കുറിച്ച് യവ്വനത്തിലും ഒരു വേള ബാല്യത്തിലും ചിന്തിച്ചു എന്നു വരാം. പക്ഷെ വാര്ധക്ക്യത്തെ കുറിചുള്ള ചിന്തകളോ ആകുലതകളോ ത്രസിപ്പിക്കുന്ന യവ്വനകാലത്ത് ഒരാളെയും അലട്ടുന്നില്ല.  പ്രായമേറിയവരെ കാണുമ്പോള്‍ നമ്മളും ഈ അവസ്ഥാന്തരങ്ങളിലൂടെ കടന്നു പോകേണ്ടവരാണെന്ന് ചിന്തിക്കാറില്ല. ഒറ്റപ്പെടലിന്റെ വേദന, മനസ്സ് ആഗ്രഹിക്കുന്നിടങ്ങളിലേക്ക് ശരീരം എത്താന്‍ വിസമ്മതിക്കുന്ന കാലം!

ആളുകളുടെ സംസാരവും പുഞ്ചിരി പോലും അമൂല്യമായ ആദരവാണ് എന്നു മനസ്സിലാക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന കാലം!

വൃദ്ധ ജനങ്ങളെ കാണുമ്പോള്‍ അവരൊക്കെയും ശൈശവവും ബാല്യവും യവ്വനവും കടന്നു അനുഭവങ്ങളുടെ തീക്ഷണതയില്‍ നടന്നു തീര്‍ത്ത വഴികളില്‍ നാം പിച്ച വെക്കുകയാണ് എന്നു ബോധ്യമുള്ളവര്‍ അപൂര്‍വങ്ങളില്‍ അപൂര്‍വ്വം!
മുതിര്‍ന്ന പൌരന്മാര്‍ക്ക് അര്‍ഹിക്കുന്ന ആദരവും പരിഗണനയും നല്‍കാത്ത ഒരു സമൂഹമായി നമ്മള്‍ പതിയെ മാറിക്കൊണ്ടിരിക്കുന്നു. “കെളവന്‍” എന്ന ഒരു തെറി പ്രയോഗം പോലും ഭാഷക്ക് സംഭാവന ചെയ്തവര്‍ ആരായിരുന്നാലും അയാളും ഒരു പക്ഷെ ഈ ഒരവസ്ഥയിലൂടെ കടന്നു പോയിക്കാണണം. 
വിദ്യാഭ്യാസമെന്നത് അക്ഷരവും ശാസ്ത്രവും പഠിക്കല്‍ മാത്രമായി ചുരുങ്ങിപ്പോകുന്ന കാലമാണിത്. സഹജീവി സ്നേഹവും മൂല്യബോധവും ഉള്ള സമൂഹത്തില്‍ മാത്രമേ വൃദ്ധജനങ്ങള്‍ ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുകയുള്ളൂ. 

ഈ അടുത്ത കാലത്താണ് വൃദ്ധനായ വീടിന്റെ ഉമ്മറത്ത്‌ ഉറങ്ങുകയായിരുന്ന ഒരു പാവം മനുഷ്യനെ തെരുവ് പട്ടി കടിച്ചു കീറി കൊന്നത്. വീടിനു പുറത്ത് അന്തിയുറങ്ങാനുണ്ടായ സാഹചര്യം എന്താണ് എന്നറിയില്ല. പക്ഷെ വര്ധക്ക്യം എന്നത് ഒരുവിധത്തില്‍ ശൈശവത്തിന്റെ  ആവര്‍ത്തനം കൂടിയാണ്.  സംരക്ഷിക്കാന്‍ ആളില്ലാത്ത വയോജനങ്ങളെ സംരക്ഷിക്കേണ്ടത് ബാധ്യത സമൂഹത്തിനും സര്‍ക്കാരിനും ഉണ്ട്.  നാളത്തെ വയോധികരാണ് ഇന്നത്തെ യുവതലമുറ.  

വയോധികര്‍ക്ക് തണലോരുക്കുക, സംരക്ഷിക്കുക എന്നതിനര്‍ത്ഥം സ്വയം വീണു പോകാതിരിക്കാനുള്ള വഴി ശുദ്ധീകരിക്കുക എന്നത് തന്നെയാണ്.
വൃദ്ധജനങ്ങളോടുള്ള നമ്മുടെ സമൂഹത്തിന്‍റെ സമീപനങ്ങള്‍  കാരുണ്യത്തോട് കൂടിയുള്ളതാകണം. അനാഥരാകുന്ന വയോജനങ്ങളെ മതഭേദമില്ലാതെ സംരക്ഷിക്കേണ്ട ബാധ്യത നമുക്കുണ്ട്.  വീക്ഷണങ്ങള്‍ വിശാലമാക്കുകയും ജീവിക്കുന്ന കാലത്തോട് ക്രിയാത്മകമായി ഇടപെടാനും നമുക്ക് കഴിയേണ്ടതുണ്ട്. 

▪▪▪▪

കലണ്ടറുകൾ മാറി മറിയുമ്പോൾ / മഹമൂദ് പട്ള

കലണ്ടറുകൾ മാറി മറിയുമ്പോൾ
====================

മഹമൂദ് പട്ള


🗓......" മേയ് 26 "
2016'ൽ ഓർക്കാൻ
മറന്ന ദിവസം,
__________________________

ഇഗ്ളീഷ് മാസത്തിൽ ഒരു കലണ്ടർ കൂടി മറഞ്ഞിരിക്കുന്നു,
ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷ കളുമായി 2017 ന്റെ കലണ്ടർ താളുകൾ തുറക്കുന്നതിനു മുമ്പ് പോയ വർഷത്തെ പ്രധാന സംഭവങ്ങൾ പരിശോധിക്കയാണ് ഓരോരുത്തരും.

ഈ വാർഷിക കണക്കെടുപ്പിൽ ഓരോരുത്തരും കൂട്ടിയും കിഴിച്ചു വിലയിരുത്തി കൊണ്ടിരിക്കുമ്പോൾ,
അയാളും അങ്ങിനെ ഓരോന്നായി നോക്കി കൊണ്ടിരുന്നു......,

കഴിഞ്ഞ വർഷം അറിയാതെ മറഞ്ഞു പോയ ആ ദിവസം അയാളെ ഇന്ന് വല്ലാണ്ട് സങ്കടത്തിലാകുന്നു!

ഒരുപാട് കാലങ്ങളായിട്ട് ഹൃദയത്തിൽ മായാതെ സൂക്ഷിച്ചു വെച്ച ദിവസം, എന്തു കൊണ്ടായിരുന്നു പോയവർഷം ആ ദിനം അയാളെ കാണാതെ കടന്നു പോയത്.

തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ അയാൾ മനപ്പൂർവം ഓര്കാതെ പോയതുമല്ല, പ്രവാസത്തിന്റെ പ്രയാസത്തിനിടയിൽ ഓർക്കാൻ മറന്ന് പോയതാകാം!

ഓർമ പെടുത്തേണ്ടവർ അയാൾക്ക് ഒരു സൂചന എങ്കിലും കൊടുക്കാ മായിരുന്നു, ഒന്നിച്ചില്ലാത്തതിനാൽ ഓർമിപ്പിച്ച് സങ്കടപെടുത്തേണ്ട എന്ന് പ്രിയസഖി കരുതി കാണുമൊ?....

ഇത് വായിക്കുന്നവരിൽ ചിലരെങ്കിലും ആ നിക്കാഹിന് സാക്ഷിയായവരല്ലെ,
ഈ വർഷം നിങ്ങൾക്കെങ്കിലും  അയാളെ ഒന്ന് ഓർമപ്പെടുത്തികൂടെ?
അങ്ങിന്നെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ആ ദിവസം ഇവിടെ കുറിച്ചിടട്ടെ,
                   !
               ( 26 . 05 . 2017 )
ഒരു മെയ്‌ മാസം 26'ൽ ആയിരുന്നു കല്യാണം!!

                                മഹമൂദ്‌ പട്ള.
                                   

ഓര്‍ക്കാപ്പുറത്ത്.... / അസീസ്‌ പട് ള

ഓര്‍ക്കാപ്പുറത്ത്....
➖➖➖➖➖➖

ടി.ഐ.എച്ച്.എസ്സില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു ജൂലൈ മാസം, വൈറ്റ് ശേട്ടും നാവിബ്ലൂ പാന്‍റ്സും അതാ സ്കൂള്‍ യൂണിഫോം, മധൂറില്‍ നിന്നും രാവിലെ 8.55 നുള്ള സുപ്രീം ബസ്സില്‍ (പച്ച ബസ്സില്‍ മഞ്ഞ എഴുത്ത്),
തിമിര്‍ത്തു പെയ്യുന്ന മഴയില്‍ വാഗണ്‍ ട്രെജടിയെ അനുസ്മരിപ്പിക്കും വിധം  യാത്രക്കാരെ നിറച്ചു നീങ്ങുന്നു, കൂടുതലും  വിദ്യാര്‍ത്ഥികള്‍.

രണ്ടുവശവും തര്‍പ്പായി കൊണ്ട് മൂടിയതിനാല്‍ അകത്തുള്ളവര്‍ക്ക് എവിടെ എത്തി എന്നതിന് യാതൊരു തിട്ടവുമില്ല!, ചില വളവുകളും ഇറക്കവും മനസ്സില്‍ കണ്ടൂഹിക്കും., കൂടലില്‍ എത്തിയാല്‍ നാലില്‍ ഒന്നും അവിടെ ഇറങ്ങും, വിദ്യാര്‍ഥികള്‍., അവരുടെ അച്ചടക്കവും അനുസരണവും മാതൃകാപരമായിരുന്നു.

നീണ്ട ഒരു നെടുവീര്‍പ്പോടെ ബസ്സ്‌ പിന്നെയും മുമ്പോട്ട് .. മഴതോര്‍ന്നു,  ആരോ ഒരാള്‍ തര്‍പ്പായി ഉയര്‍ത്തി, മഴയില്‍ കുളിച്ച മന്ദമാരുതന്‍,  ചൂടിയ മുല്ലപ്പൂക്കളെ തഴുകി മനസ്സിനും ശരീരത്തിനും കുളിര്‍ കോരിയിട്ടു,  അനുഭൂതികളാല്‍ നിര്‍വൃതിയടഞ്ഞ നിമിഷങ്ങള്‍........

നയന്മാര്‍മൂല ജമാഅത്ത് പള്ളിയുടെ അടുത്തുള്ള ടി.ഐ.എ.യു.പി  സ്കൂ ളില്‍ നിന്ന് എന്‍.എച്ച്. 17 വഴി ടെസ്ക്കും ബെഞ്ചും തലയിലേറ്റി ഹൈസ്കൂളിലെ പ്രഥമ ബാച്ച് ഉദ്ഘാടനത്തിന് മൈദാനിയിലെക്ക് നടക്കുന്ന കുട്ടികളുടെ കൂട്ടത്തില്‍ എനിക്കും പങ്കാളിയാവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്.

ഹൈസ്കൂളിലെ രണ്ടാമത്തെ ബാച്ച്, പുതിയ ഹെഡ്മാഷ് വരുന്നതിനു മുമ്പ് തെന്നെ ഞങ്ങള്‍ക്ക് ഒരു സൂചന തന്നിരുന്നു, കണക്കില്‍ ബിരുദമുള്ള ഇംഗ്ലീഷില്‍ വളരെ സമര്‍ത്ഥനായ ഒരു തിരുവിതാംകൂറുകാരന്‍, “വളരെ കണിഷക്കാരനാണ്” ഇത് കേട്ടപ്പോള്‍ കൈമുട്ട് ടെസ്ക്കിലൂന്നി താടിയില്‍ വെച്ചിരുന്ന ഒരു കുട്ടിയുടെ കൈ അറിയാതെ വഴുതിപ്പോയി...

അങ്ങനെ പുതിയ എച്.എം. ക്ലാസ്സില്‍ വന്നു, എല്ലാവരെയും പരിച യപ്പെട്ടു, നല്ല വെളുത്തു, തടിച്ച മുന്‍വശത്ത് അല്പം കഷണ്ടിയുള്ള  സൌമ്യനായ ഒരു മധ്യവയസ്കന്‍, പേര് എം.പി.ചാക്കോ, ചില ചോദ്യങ്ങള്‍ ചോദിച്ചു അദ്ദേഹം പോയി.

പിന്നീട് നാള്‍ക്കു നാള്‍ പുതിയ പുതീയ നിയമങ്ങള്‍! പത്തു മുപ്പതിന് ലോങ്ങ്‌ ബെല്ലടിചിരുന്നത് സ്റ്റടി ബെല്ലെന്ന ഓമനപ്പേരില്‍ പത്തേകലിനാക്കി, ശേഷം ഒറ്റ കുട്ടിയേയും പുറത്തു കണ്ടു പോകരുത്, നിയമം കര്‍ശനം!! ,അതായിരുന്നു എന്നെ കുഴക്കിയത്!, വല്ലപ്പോഴും വൈകി വരുന്ന എനിക്ക് ഓര്‍ക്കാപുറത്ത് കിട്ടിയ അടിയായിപ്പോയി.


അന്നൊരു ദിവസം സുപ്രിം കിട്ടിയില്ല, പിന്നെ പേരിനു ഒമ്പതര ആണെങ്കിലും ഒമ്പതെ നാല്പതോക്കെയാവും പുറപ്പെടാന്‍, അസ്‌ലം ബസ്സ് (ചുവന്ന ബസ്സില്‍ ചുവന്ന എഴുത്ത്), പുതീയ ബസ്ടാണ്ട് ഇല്ലാത്ത കാലം,, മുമ്പില്‍ കട്ട പുക, ഇത് ടൌണില്‍ എത്തുമ്പോള്‍ പത്തേകാല്, പിന്നെ ബി.സി. റോഡ്‌ എത്താന്‍ പത്തു മിനുറ്റ് മതിയാവില്ല, എന്ത് ചെയ്യും?,

ഏതായാലും പിന്നോട്ടെടുതില്ല, മുമ്പോട്ടു തെന്നെ... കഷ്ടിച്ചു പത്തര മണിക്ക് തെന്നെ ക്ലാസ്സില്‍ എത്താന്‍ കഴിഞ്ഞു, അന്നെന്തോ.. ക്ലാസ് ടീച്ചര്‍ നേരത്തെ ഹാജര്‍ വിളി ഒരു കര്‍മ്മം പോലെ ചെയ്തുവച്ചു, (മണി ജി. നായര്‍, കാസറഗോഡ് പ്രശസ്തനായ ഒരു വക്കീലിന്‍റെ ഭാര്യ, കോട്ടയം സ്വദേശം) ഞങളുടെ ഇംഗ്ലീഷ്,ബയോളോജി  ടീച്ചര്‍.. എന്നെ ടീച്ചര്‍ക്ക്‌ നന്നായി അറിയാം, ആ പരിഗണ കാണിക്കുമെന്ന എന്‍റെ മോഹം വൃഥാവിലായി, അകത്തേക്ക് കയറാന്‍ പറഞ്ഞില്ല!, എന്ത് ചെയ്യും, ഒരു സൈകിളിന്നു വീണ ചിരിയോടെ വാതിലിനു മുമ്പില്‍ നിന്നു., പത്തേകാലിനു വെല്ലടിക്കുന്നതില്‍ ടീച്ചറും തൃപ്തയായിരുന്നില്ല, ആ ദേഷ്യം എന്നോട് തീര്‍ത്തു..

“എന്നാ.. അസീസേ, വൈകിയത്?, പത്തരയായല്ലോ?!”

“പത്തരക്കല്ലേ ടീച്ചറെ ക്ലാസ് തുടങ്ങുന്നത്?,”

“പത്തേ കാലിനു ബെല്ലടിക്കുന്നതറിയില്ലേ? പിന്നെന്നാതിനാ പത്തരയാക്കിയത്?”

“അത് സ്ട്ടടി ബെല്ലല്ലേ ടീച്ചറെ..?”, ഇത്രേ ഞാന്‍ പറഞ്ഞുള്ളൂ.. അതിഷ്ടപ്പെട്ടില്ല,

തെറ്റില്‍ വെച്ച് ഏറ്റവും വലീയ തെറ്റ് തെറ്റിദ്ധാരണയാണല്ലോ?, ഞാന്‍ മ:നപൂര്‍വ്വം വൈകിച്ചതെന്ന തെറ്റിദ്ധാരണയ്ക്ക് മുമ്പില്‍ ഒരു ഏറ്റു പറച്ചിലും ചെവിക്കൊണ്ടില്ല.

“എച്. എമ്മിനെ കണ്ടു ക്ലാസ്സില്‍ കയറിയാല്‍ മതി......”,

ഇത് കേട്ടതോടെ എന്‍റെ മുമ്പില്‍ വീണ്ടും കട്ടപുക!! ഒരു കുട്ടീടെ കയ്യില്‍ കുറിപ്പും എഴുതി വിട്ടു എച്.എമ്മിന്, ഓഫീസ് ലഷ്യം വെച്ച് ഗ്രൌണ്ട് ഫ്ലോറിലേക്ക് കൊണിപ്പടിയിറങ്ങി ഞാനും.





ഓഫിസ് മുറി, ശാന്തം..... ഭയവിഹ്വലനായ ഞാന്‍ മന്ദം മന്ദം അകത്തു ക ടന്നു, ശരീരോഷ്മാവ് കുറയുന്നത് പോലെ തോന്നി, പ്രത്യേഗ ഗന്ധവും, കളറും അല്ലാത്തതുമായ ചുവര്‍ ചിത്രങ്ങള്‍, ഷോകൈസിനു മേലെ പ്രതിഷ്ടിച്ച ഗ്ലോബിനു 23 ഡിഗ്രിയില്‍ കൂടുതല്‍ ചരിവ് പ്രകടമാക്കി, ഗാന്ധിജി, ടാഗോര്‍ എന്നിവരുടെ ചുവര്‍ചിത്രം എന്നെ തുറിച്ചു നോക്കുന്നത് പോലെ തോന്നി....

കയ്യിലെ കുറിപ്പ് വായിച്ചു എന്നെ ആപാദചൂഡം ഒന്ന് നോക്കി, മുഖത്തെ ഗൌരവം എന്നെ സ്തബ്ധനാക്കി,

“ക്ലാസ് ടീചെറോടാണോ തര്‍ക്കുത്തരം പറയുന്നുത്?”

“എന്താ പേര്?”

“അസീസ്‌” ഭാവ്യതയോടെ പറഞ്ഞു..

മേലില്‍ ആവര്‍ത്തിക്കരുത് എന്ന് പറഞ്ഞു വലീയ ഒരു ചൂരല്‍ എടുത്തു, കുട്ടികളുടെ മുമ്പില്‍ തെന്നെയാവം ശിക്ഷ, അവര്‍ക്കും ഇതൊരു പാഠമാകട്ടെ !!, എന്‍റെ ഉള്ളൊന്നു കാളി.......സ്കോട്‌ ലീഡര്‍, ആര്‍ട്സ് ക്ലബ്‌, സയന്‍സ് ക്ലബ്‌ സ്ഥാനം, പിന്നെ കുട്ടികളുടെ ഇടയില്‍ ലീഡര്‍ഷിപ്പുള്ള മൂന്നുപേരില്‍ ഒരാള്‍..... എല്ലാം തകരുന്ന മട്ടാണല്ലോ?!! ആകെ നാണക്കേടാവും!!!

നൂറുകൂട്ടം ചിന്തകള്‍ എന്‍റെ മസ്തിഷ്കത്തെ മരവിവ്വിച്ചു, കണ്ണുകളില്‍ ഇരുട്ട് പടര്‍ത്തി...  അനിയന്ത്രിതമായി ഹെട്മാഷേ അനുഗമിച്ചു..





ഞാന്‍ സിനിമാപ്രിയനായിരുന്നു, ജയനും, സുകുമാരനും എന്‍റെ ഇഷ്ടതാരങ്ങള്‍, സുകുമാരന്‍ കാസറഗോഡ് കോളേജില്‍ ലക്ചറര്‍ ആയിരുന്നു എന്നറിഞ്ഞതോടെ മതിപ്പ് കൂടി.. അവരെ അനുകരിച്ചും, നിര്‍ത്താതെയുള്ള ടയലോഗ് അടിച്ചും ഞാന്‍ കുട്ടികളുടെ ഇടയില്‍ ഞെളിഞ്ഞു നടന്നു..

ഇംഗ്ലീഷ് പഠിക്കാനുള്ള പ്രത്യേക അഭിനിവേശവും!, ഡല്‍ഹി പുസ്തക് മഹല്‍ ഇറക്കിയ “റാപിടെക്സ്‌” പരസ്യം കണ്ട ഉടനെ വാങ്ങിയത് ഒരുപക്ഷെ ഞാനായിരിക്കും, ഗള്‍ഫില്‍ വന്നതിനു ശേഷം വെട്ടം മാണിയുടെ “ഇംഗ്ലീഷ് ഗുരുനാഥന്‍” അങ്ങിനെ നീളുന്നു പഠന സമാഗ്രികളുടെ പട്ടിക, സത്യം തിരിച്ചറിയുമ്പോള്‍ വളരെ വൈകിയിരുന്നു.

“theoretical is entirely different than practical”,  ഒന്നും ആവാന്‍ കഴിഞ്ഞില്ല... സങ്കടമില്ല, ഒരു ഉര്‍ദു കവി പാടിയതുപോലെ “മേരാ മാലിക് മെര ദില്‍ ഹേ...”, അതെ എന്‍റെ ഉടമസ്ഥനും രാജാവും എന്‍റെ സാമ്രാജ്യവും ജയവും, പരാജയവും ഒക്കെ ഞാന്‍ തെന്നെ, മറ്റുള്ളവരുമായി താരതമ്യം ചെയ്യാറില്ല.......വീണടം വിഷ്ണുലോകം !



ഹെട്മാഷ് ഓഫിസിന്നു വെളിയില്‍ കടക്കുന്നതിനു തൊട്ടുമുമ്പ് ഞാന്‍ സുകുമാരന്‍റെ സകല വാചകചടുലതയും ശരീരഭാഷയും സ്വാംശീകരിച്ച് ഒരു ടയലോഗ് കാച്ചി.....

“സോറി സര്‍, ഞാന്‍ അറിയാതെ പറഞ്ഞു പോയതാ.......ഇനിയാവര്‍ത്തി ക്കില്ല”

ഇത് കേട്ടതോടെ ഒരു നിശ്ചല ചിത്രം പോലെ അദ്ദേഹം നിന്നു, മെല്ലെ എന്നെ തിരിഞ്ഞു നോക്കി.........

അബദ്ധമായോ എന്നമാത്രയില്‍ ഞാന്‍ ഒരടി പിന്നോട്ടെടുത്തു...

വലതു കയ്യിലെ ചൂരല്‍ ഇടതു കൈപ്പത്തിയില്‍ തട്ടിച്ചു കൊണ്ട് മുമ്പോട്ട് വന്നു, ഇവിടം വച്ച് പൊട്ടിക്കാന്‍ തെന്നെയാവും ഭാവം എന്ന മട്ടില്‍ ഞാന്‍ രണ്ടും കല്പിച്ചു നിന്നു കൊടുത്തു.....

“ഗുഡ്.....അതാണ്‌ വേണ്ടത്, ചെയ്ത തെറ്റിന് ക്ഷമാപണം.., ഇപ്രവശ്യത്തേക്ക് ക്ഷമിചിരിക്കുന്നു”,

ഹോ, ഭാഗ്യം..... ഞാന്‍ വിട്ടില്ല


“താങ്ക്യൂ സര്‍”... അദ്ദേഹം ചൂരല്‍ യഥാസ്ഥാനത് വച്ചു എന്നെയും കൂട്ടി ക്ലാസ് റൂമില്‍ ചെന്നു ടീച്ചറോട്‌ പറഞ്ഞു.

“ക്ഷമ ചോദിച്ചു, ആവര്‍ത്തിക്കില്ലെന്നും പറഞ്ഞു, ആദ്യമല്ലേ.......ക്ഷമിച്ചു കളയാം അല്ലെ ടീച്ചറെ...” ഒരു പുഞ്ചിരി പാസ്സാക്കി അദ്ദേഹം തിരിച്ചു പോയി.

വെള്ളത്തിലിട്ട മത്സ്യത്തെപ്പോലെ ഞാന്‍ ഓടിച്ചെന്നു  എന്‍റെ സീറ്റില്‍ ഇരുന്നു..


അടി കൊള്ളിക്കാന്‍ പറ്റാത്ത നിരാശയില്‍ പല്ലിറുമ്മി ടീച്ചര്‍ എന്നെ നോക്കി....”ഞാനൊന്നുമറിഞ്ഞില്ലേ നാമ:നാരായണാ...” എന്ന മട്ടില്‍ ഞാനും ഇരുന്നു.

ഒരു ഇംഗ്ലീഷ് പീരീഡ്‌, ടീച്ചര്‍ ഇല്ല....... മോണിറ്റര്‍ പതിവ് പോലെ “വിദ്യാരംഭം” എന്നാ മാഗസിന്‍ എല്ലാവര്ക്കും വിതരണം ചെയ്തു, വായനയില്‍ പണ്ടേ താല്പരനല്ലാത്ത  ഞാന്‍ ചില വരചിത്രങ്ങള്‍ തിരയുകയായിരുന്നു, ദേ.. വരുന്നു നമുടെ എച്ച്.എം,

“ഗുഡ് അഫ്ടര്‍നൂണ്‍ സര്‍”

“ഗുഡ് അഫ്ടര്‍നൂണ്‍” എല്ലാവരെയും ഇരിക്കാന്‍ ആംഗ്യം കാണിച്ചു, ക്ലാസ്മുറി ചുറ്റി ഓരോരുത്തരെ വീക്ഷിച്ചു, കൂട്ടത്തില്‍ എന്നെ മറന്നിരുന്നില്ല...ഒന്ന് പുഞ്ചിരിച്ചു ബഹുമാനനുസരണം ഞാന്‍ എണീറ്റു , തോളില്‍ തട്ടി ഇരുത്തി, കസേരയിലിരുന്നു ഇംഗ്ലീഷില്‍ ഒരു ചോദ്യം ചോദിച്ചു., ഒരു പാട് ഗ്രാമറും പഠിപ്പിച്ചു തന്നു, ബോണ്‍ ടു ടീച്, അതായിരുന്നു അദ്ദേഹം, ആ മഹാ മനസ്കന്‍, നിമിഷങ്ങള്‍ ഇഴയരുതെ എന്ന് പ്രാര്‍ഥിച്ച നിമിഷം!

അദ്ദേഹത്തിന്‍റെ ടീച്ചിംഗ് സ്കില്‍ല്സ് കുട്ടികളില്‍ നിന്നും മനസ്സിലാക്കിയ മാതാപിതാക്കള്‍ ടുഷന്‍ എടുക്കാന്‍ നിര്‍ബന്ധിച്ചു, മാസത്തില്‍ നൂറു രൂപ അതും ഒരു മണിക്കൂര്‍, മുബാറക് ഹാജിയുടെയും മദീന ഹാജിയുടെയും മക്കളെപ്പോലുള്ളവര്‍ക്ക് മാത്രം സ്വാസ്ഥ്യം, പുസ്തകവും യുനിഫോര്മും തെന്നെ കഷ്ടിയായിരുന്നു എന്നെപ്പോലുള്ളവര്‍ക്ക്.

ചുറ്റുപാടിലുള്ള സ്കൂളില്‍ നിന്നും ഹൈസ്ക്കൂളിലേക്ക് പുതിയ അഡ്മിഷന്‍, മാഷേക്കളും പ്രായം തോന്നും ചിലര്‍ക്ക്, ബോംബയിലെ പൂച്ച എലിയെ പേടിക്കുന്നതുപോലെ ഓരം ചേര്‍ന്നാണ് മാഷമ്മാര്‍ അവര്‍ക്ക് വഴി മാറി ക്കൊടുതിരുന്നത്, സീനിയര്‍ ആയ ഞങ്ങളെ ഇതത്ര രസിപ്പിച്ചില്ല.

എസ്.ഡി.പി.ഐ. നേതാവ്, എന്‍.യു.സലാം എന്‍റെ അടുത്ത കൂട്ടുകാരനാണ്, ഇന്നും അതെ.,  ബാംഗ്ലൂരില്‍ നിന്നും എം.ബി.എ. യും, അഭിഭാഷകവൃത്തിയില്‍ ബിരുദവും നേടി,... കഴിഞ്ഞ മാസമാണ് അവന്‍റെ വന്ദ്യപിതാവ്, പ്രകല്‍ഭ പണ്ഡിതന്‍ ഉമ്മര്‍ മൌലവി നമ്മളോട് വിട പറഞ്ഞത് (الله يرحمه),പിന്നെ ഫയാസിന്‍റെ മൂത്താന്‍റെ മകന്‍ ലത്തീഫ്ചാന്‍റെ ഹാഷിം,  ഞങ്ങളെ മൂന്നു  പേരെയും ഒന്‍പതാം ക്ലാസ്സില്‍ നിന്ന് എച്.എം. അദ്ദേഹത്തിന്‍റെ വീട്ടില്‍ പോകാന്‍ പറഞ്ഞു.

അതീവ രഹസ്യമായ കാര്യമാണെന്നും, നവാഗതര്‍ നമ്മുടെ സ്കൂളില്‍ രാഷ്ട്രീയ സംഘടനയുടെയും, വിദ്യാര്‍ഥി സമരത്തിന്‍റെയും വിത്ത്‌ പാകാന്‍ ശ്രമം നടത്തുന്നുണ്ട്, ഏതു വിധേനെയും ചെറുക്കണം, നിങ്ങള്‍ മൂന്നു പേര്‍ ഇനി മുതല്‍ സ്കൂളിന്‍റെ സി.ഐ.ഡി(ചാരന്മാര്‍), ഞങ്ങള്‍ മൂവരും മുഖത്തോട് മുഖം നോക്കി..

അത് മാത്രം പോര, പഠിപ്പിലും കൂടുതല്‍ ശ്രട്ദ്ധിക്കണമെന്നു പ്രത്യേകം പറഞ്ഞു, കൂട്ടത്തില്‍ മൂന്നു പേര്‍ക്കും അദ്ദേഹത്തിന്‍റെ വീട്ടില്‍ ടുഷന്‍ സൌജന്യം., ഞങ്ങള്‍ക്ക് മാത്രം കിട്ടിയ ഈ ബഹുമതി ആരോടും പറയാതെ കുറെ കാലം രഹസ്യമായി പലരുടെയും ദുഷ്പ്രവൃത്തികളെ വേരോടെ പിഴുതെടുത്തു, അക്കാലത്ത് ആ നാട്ടുകാരനല്ലാത്ത എനിക്കും  സ്കൂളിന്‍റെ ആത്മാക്കളായ മൂവരില്‍ ഭാഗഭാക്കാവാന്‍ കഴിഞ്ഞതിന്‍റെ ചാരിതാര്‍ത്ഥ്യം പലപ്പോഴും എന്നെ ആത്മാഭിമാനം കൊള്ളിച്ചിട്ടുണ്ട്.




കുട്ടിക്കാലകുസൃതിക്കണ്ണുകൾ 44 ലക്കം ബഷീർ മജൽ, മഹമൂദ് പ്രതികരണങ്ങൾ

ഗൃഹാദുരത്വമുണർത്തുന്ന കുട്ടികാല കുസൃതി കണ്ണുകൾ പതിവിലും വിപരീതമായി ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്കുള്ള ഓർമ്മകൾ അസ്ലം മാഷ് ഇവിടെ അയവിറച്ചപ്പോൾ അതിൽ ചിലത് എന്നേയും ആ പഴയ കാല ഓര്മകളിലേക്ക് കൂട്ടികൊണ്ട്പോയി!

അന്ന് നഗര മദ്യത്തിൽ സ്ഥിതി ചെയ്തിരുന്ന ഷെട്ടീന്റെ ആശുപത്രിയും അതിന് ചുറ്റി പറ്റിയുള്ള , ചായക്കടയും സോഡാസർവത്തു കടയിലേക്കുമുള്ള സന്തർഷണത്തിന്റെ ഓർമ പുതുക്കൽ ഒക്കെ നന്നായി പറഞ്ഞു....

രണ്ട് പതിറ്റാണ്ട് കൾക്ക് മുമ്പ് കോളേജിൽ പഠിക്കുന്ന സമയത്ത് ഈ സോഡാ സർവത്ത് കടയിലേക്കുള്ള നിത്യ സന്ദർശകനായിരുന്നു ഞാനും,
സിണ്ടികറ്റ് ബാങ്ക് ഒഴികെ ഷെട്ടി ക്ലിനിക് ഉണ്ടായ സ്ഥലവും മറ്റും അതേപടി ഇന്നും നിലനിന്ന് പോവുന്നുമുണ്ട്.

സോജറുടെ കടയിൽ കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയപ്പോൾ ഞാനും എന്റെ ഒരു സ്നേഹിതനും സോഡ സർവത്തിന് പോയിട്ട് ചിക്കു ജൂസ് കുടിക്കുന്നതിനിടെ അവിടുത്തെ പരിസരം കണ്ട് , ഇനി അങ്ങോട്ടേക്ക് ഇല്ലാ എന്ന് പറഞ്ഞ് റോഡ് ലക്ഷ്യമാക്കി വരുമ്പോൾ,
അവിടുത്തെ ചിക്കു ജൂസിന്റെ രുചി വായിക്കകത്ത് നാക്ക് കൊണ്ട് നിർത്തം വെയ്ക്കുന്നുണ്ടായിരുന്നു!!

  മഹമൂദ് പട്ള.

------------------------------------------------------------------

മാവില  ഇന്ന്  kkk ല്‍  പങ്ക്   വെച്ചത് നഗരങ്ങളിലെ അനുഭവങ്ങളാണ്  ഷെട്ടി ഡോക്ടറും
 സോജറെ സര്‍ബത്തും ചായ കടയുമാണ് .  വളരെ നന്നായിരികുന്നു
അന്നത്തെ കാലത്ത്  കാസര്‍കോഡ് നഗരത്തില്‍ വിരലിലെണ്ണാവുന്ന ചുരുക്കം ഡോക്ടര്‍മാരാണ് ഉണ്ടയിരുന്നത് അവരില്‍ പ്രശസ്തനായ ഡോക്ടറായിരുന്നു  ഷെട്ടി.
ഈ അടുത്ത കാലത്ത് എന്‍റെ മകന്‍ ഫുട്ബോള്‍  കളിക്കുബോള്‍  വീണ്  കയ്യിലെ രണ്ട് എല്ല് പൊട്ടിയിരുന്നു ചെറിയ ഒരു ഓപ്രറേശന്‍ വേണ്ടി വന്നു  മൂന്ന്   മാസം കൈ  കൂടതല്‍ ബലം പ്രയോഗിക്കരുതെന്നും കുറച്ച് ദിവസം   വിശ്രമവും നല്‍കിയിരുന്നു അന്നൊക്കെ  ഷെട്ടി ഡോക്ടറെയാണ് ഞാന്‍  ഓര്‍ത്തത്. ഞാന്‍  അവനോട്  പറയുമായിരുന്നു  പണ്ട് നമ്മുടെ നഗരത്തില്‍  ഒരു ഡോക്ടര്‍ ഉണ്ടായിരുന്നു  കൊടവയറുംഅതിന്‍റെ മേലെ വള്ളി  ഫാന്‍റും ഇട്ട വലിയ ഒരു ഡോക്ടര്. ഷെട്ടി ഡോക്ടര്‍  എന്നാണ്  അറിയപ്പെടുന്നത്  ‍ ഞാന്‍ പട് ല സ്ക്കൂളില്‍ പടിക്കുന്ന കാലത്ത് ഫുടബോള്‍ കളിക്കുബോള്‍ വീണ് കൈ മുട്ടിന് താഴെ  എല്ല് പൊട്ടിയിരുന്നു  ആദ്യം സ്ക്കൂളിലെ സാറമ്മാര് മരുന്ന് പുരട്ടി  ആസ്പത്രിയില്‍ പോകാന്‍ പറഞ്  വിട്ടു
  ഞാന്‍ വീട്ടില്‍ പറഞില്ല രാത്രി വേദന കൊണ്ട് പുളയുബോള്‍  മൂളലും മുക്കലുംകേട്ട് ഉമ്മ നോക്കിയപ്പോഴാണ് ഗൗരവം അറിയുന്നത്  രവിലെ ഉപ്പ കൊണ്ട് പോയത് നമ്മുടെ  ഷെട്ടി ഡോക്ടറടുത്താണ് അദ്ധേഹം നോക്കി  താഴ്ന്ന സ്വരത്തില്‍ പറഞു എത്ര ദിവസംപറയാതിരിക്കുമായിരുന്നു.   കയ്യിന് മൂന്ന്  മാസത്തെ  വിശ്രമവും   പ്ലാഷ്ടര്‍  ഇടണമെന്നും വിധി പ്രക്ക്യാപിക്കുകയും ചെയ്തു. ''കംപോണ്ടര്'' ‍ റാമനാണ്  പിന്നീട്  അത് ചെയ്ത് തന്നത് .
സോജറെ സോഡാ സര്‍ബത്തും ജൂസും ചെറുപ്പക്കാരുടെ ട്രന്‍റായിരുന്നു അന്ന്
   മാവിലയുടെ ഇന്ന ത്തെ ഓര്‍മ്മ ക്കുറിപ്പ് നന്നായിരിക്കുന്നു .

Basheer Majal

കഥ / അസീസ്‌ പട്ള

കഥ,

ഒരിടത്തൊരു ദ്വീപുണ്ടായിരുന്നു, മല്‍സ്യബന്ധനവും, കൃഷിയുമായിരുന്നു  മുഖ്യ വരുമാന മാര്‍ഗ്ഗം, അവിടത്തെ രാജാവും പ്രജകളും വളരെ സന്തുഷ്ടരായിരുന്നു.

ആയിടയ്ക്കാണ് അയല്‍രാജ്യങ്ങളിലെ വെള്ളപ്പൊക്കത്തില്‍ ഒരുപാടുപേര്‍ നീന്തിയും, ഒഴുകിയും ഒരുവിധം രക്ഷപ്പെട്ടു ഈ ദ്വീപിലെത്തുന്നത്, ആദ്യമാദ്യം പ്രശ്നങ്ങളൊന്നുമില്ലാതെ കാലങ്ങള്‍ കടന്നു പോയി...മത്സ്യം കുറഞ്ഞുവന്നു, കൃഷിനാശം കൊണ്ട് വിളവും കുറഞ്ഞു, ചുരുക്കത്തില്‍ അരപ്പട്ടിണി.

രാജാവ് തീരുമാനിച്ചു, വിളംബംരം ചെയ്തു.. ഈ ദ്വീപിലേക്ക് അയല്‍രാജ്യത്തു നിന്നു എല്ലാവരും തിരിച്ചു പോകണം, സൌജന്യമായി കപ്പലും ഏര്‍പ്പെടുത്തി, ആരും പോയില്ല., അവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഒന്നൊന്നായി വെട്ടിച്ചുരുക്കി..പിന്നെയും തഥൈവ.

മന്ത്രി രാജവിനോട് ഒരു കാര്യം ഉണര്‍ത്തി, ഇങ്ങനെ പോയാല്‍ പച്ചയും ഉണക്കും ഒന്നിച്ചു കത്തും.. നാടും നാട്ടാരും അവര്‍ക്ക് വേണ്ടി മരിക്കും.. എനിക്കൊരുപായം തോന്നുന്നു, നമ്മുടെ യുവാക്കളെക്കൊണ്ട് കാണുന്നടുത്തു വെച്ചു അവരെ ആവോളം പ്രഹരിക്കാന്‍ പറയാം...... സഹികെട്ട് പുറത്തിറ ങ്ങാതെയാവും, അന്യായം വന്നാല്‍ നമ്മള്‍ ഗൌനിക്കണ്ട.


കുറെ ആലോചിച്ചു രാജാവ്‌ സമ്മതിച്ചു, കുറച്ചു യുവാക്കള്‍ക്ക് പരിശീലനവും കൊടുത്തു, പറഞ്ഞതുപോലെ സൂത്രം ഫലിച്ചു.
ഓരോരുത്തരായി കുടുംബസമേതവും, അല്ലാതെയും തോണിയിലും മറ്റുമായി അവിടന്ന് രക്ഷപ്പെട്ടു.. ഈ സമയം മുഴുവന്‍ യുവാക്കളും ഗുണ്ടകളായി, ഒരു ദിവസം ഒരാളെയെങ്കിലും അടിക്കാതെ ഉറക്കം വരാത്ത അവസ്ഥയായി.

അയല്‍ രാജ്യക്കാര്‍ എല്ലാരും പോയിക്കഴിഞ്ഞപ്പോള്‍ പിന്നെ പോര് അവര്‍ തമ്മിലായി...അവസാനം രാജാവിന്‍റെ നേരെ തിരിഞ്ഞു...രാജ്യം പിടിച്ചടക്കി രാജാവിനെയും മന്ത്രിയെയും തുറങ്കിലടച്ചു, ഗുണ്ടാതലവന്‍ രാജാവായി !!

ഗുണപാഠം

രാജ്യത്തിനു  നേതൃത്തം കൊടുക്കേണ്ട ഭരണാധികാരികള്‍ തത്വദീക്ഷയില്ലാത്ത ഭരണം കാഴ്ച വെച്ചാല്‍ ഇതായിരിക്കും ഗതി.


അസീസ്‌ പട്ള 

ക വി ത/ തിരിച്ചറിവ്/ അസീസ്‌ പട്ള

ക വി ത
➖➖➖


തിരിച്ചറിവ്
 🔻🔻🔻🔻


ധിറുതിയിലോടും നഗര സായാഹ്നം,
ചീറിപ്പായും വാഹനം വമിക്കും-
വിഷവും ധൂളികളും.,
ചാരത്തെ മാലിന്യക്കൂമ്പാരത്തില്‍,
ജീര്‍ണ്ണിച്ച ജീവനും, ജീവജാലങ്ങളു-
മമേദ്ധ്യവും വമിക്കും ദുര്‍ഗ്ഗന്ധം!
മനം മടുപ്പിക്കും മാലിന്യ-
ച്ചുമടേന്തി,
തന്നുപജീവനവൃത്തിയില്‍ തൂപ്പുകാര-
ന്നരികില്‍ പോയ പിച്ചക്കാരന്‍,
ദുര്‍ഗന്ധമേ....പൊത്തുന്നു നാസം കൈകൊണ്ടു,
മന്ദസ്മിതം... തൂപ്പുകാരന്നന്തരാത്മാവ്,
മന്ത്രിച്ചു...ഉച്ചൈസ്തരം!
നീ വമിപ്പിക്കും ദുര്‍ഗന്ധം,
പരത്തും പ്രപഞ്ചമത്രയും; അതിനപ്പുറവും.
ഞാനോ.. ഒന്ന് മുങ്ങിയാല്‍,
ഫലത്തിലഗ്നിശുദ്ധി.

അസീസ്‌ പട്ള 📝📝📝