Sunday, 31 July 2016

ആഗസ്ത് വഴി പോകുമ്പോൾ ..... / അസ്‌ലം മാവില

ആഗസ്ത് വഴി പോകുമ്പോൾ .....

അസ്‌ലം മാവില

നാളെ ആഗസ്ത് തുടങ്ങുന്നു. ചില ആഗസ്ത് വിശേഷങ്ങൾ   ഇവിടെ പങ്ക് വെക്കുന്നു. ഇന്ത്യയ്ക്ക് സ്വാന്തന്ത്ര്യം കിട്ടിയതടക്കം ഒരു പാട് പ്രത്യേകതകൾ ആഗസ്റ്റിനുണ്ട്.

ലോകമനഃസാക്ഷിയെ ഞെട്ടിച്ച 1945-ലെ ആറ്റംബോംബ് വർഷം ഉണ്ടായത് ഒരു ആഗസ്റ്റിലാണ്. ഹിരോഷിമയിൽ ബി-29 എന്ന പേരിലുള്ള ബോംബർ ആഗസ്ത് 06-ന് ഭൂമിയിൽ ആപതിച്ചു. നാഗസാക്കിയിൽ ആഗസ്ത് 09-നും. മൊത്തം 1,75,000 പേർ തൽക്ഷണം മരണത്തിനു കീഴടങ്ങി. അത്ര തന്നെയോ അതിലധികമോ പേർ തുടർന്ന് നരകയാതന പേറി മരണപ്പെട്ടു. ജപ്പാൻ ബോംബ് വർഷത്തിന് കൃത്യം 06  കൊല്ലം മുമ്പാണ് ആൽബർട്ട് ഐൻസ്റ്റീൻ അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്ക്‌ലിൻ റൂസ്‌വെൽറ്റിനു ഒരു കത്തെഴുതുന്നത് - അതിലെ ഉള്ളടക്കം ''Mr . President , A single bomb of this type carried by boat and exploded in a port, might very well destroy the whole port together with some of the surrounding territory. (ഈ തരത്തിലുള്ളവ (ആറ്റമിക് ആയുധങ്ങൾ)വയിൽ ഒന്ന് ബോട്ടിൽ ഘടിപ്പിച്ചു ഒരു തുറമുഖത്ത് സ്ഫോടനമുണ്ടാക്കിയാൽ,  സമീപ പ്രദേശമടക്കം തുറമുഖം മുഴുവനും നാശനഷ്ടമുണ്ടായേക്കാം ).  ആറ്റംബോംബ് വർഷിക്കാൻ അമേരിക്ക ഹിരോഷിമയിലെ  തുറമുഖം തെരഞ്ഞെടുത്തതും യാദൃശ്ചികമല്ലെന്നർത്ഥം.

ഒരു പക്ഷെ ലോകത്തിന്റെ ചിത്രം തന്നെ മാറ്റിമറിയാൻ കാരണമായ ഇറാഖിന്റെ  കുവൈറ്റ് അധിനിവേശവും ഒരു ആഗസ്റ്റിലാണ് - 1990.  അമിത പെട്രോൾ ഉത്പാദനം നടത്തുകയും മാർക്കറ്റിൽ വിലയിടിച്ചു ഇറാഖിനെ സാമ്പത്തികമായി തകർക്കാൻ ശ്രമിക്കുകയും ചെയ്യുകയാണ് കുവൈറ്റെന്നും  ഞങ്ങളുടെ ചരിത്ര വായനയിൽ കുവൈറ്റ് ഇറാഖിന്റെ ഭാഗമാണെന്നും പറഞ്ഞാണ് അന്ന് സദ്ദാം ഹുസ്സൈൻ രാത്രിക്ക് രാമാനം കുവൈറ്റിൽ നുഴഞ്ഞു കയറിയത്. തുടർന്ന് നടന്ന 100 മണിക്കൂർ സഖ്യകക്ഷി യുദ്ധം.  അത് കഴിഞ്ഞു  നടന്ന സംഭവവികാസങ്ങൾ.  സദ്ദാം വധം. തുടർന്ന് ഇന്ന് വരെ നടന്നു  കൊണ്ടിരിക്കുന്ന പ്രഹേളികകൾ !ഒരാൾക്കും ഒരുത്തരവും കിട്ടാത്തത്.

75 വർഷത്തെ സോവ്യറ്റ് യൂണിയന്റെ പതനം തുടങ്ങിയതും ആഗസ്റ്റിൽ, 1991. ഗോര്ബച്ചേവിനെതിരെ നടക്കുന്ന അട്ടിമറി. അന്ന് ജനാധിപത്യ നവീകരണ വാദിയെന്ന് അറിയപ്പെട്ടിരുന്നു യെൽസ്റ്റിൻ  72 മണിക്കൂറിനുള്ളിൽ   തീവ്രകമ്മ്യൂണിസ്റ്റ് വിഭാഗത്തിന്റെ അട്ടിമറിയെ അതിജീവിച്ചു മുന്നേറുന്നു. തുടർന്ന് അധികാരത്തിലെത്തുന്നു. അതെ വര്ഷം ഡിസംബറോടു കൂടി സോവ്യറ്റ് യൂണിയന്റെ ശൈഥില്യം   പൂർത്തിയാകുന്നു.  ലോക ശീതയുദ്ധ വിരാമത്തിനും അമേരിക്കയുടെ ഒറ്റയാൻ മേൽക്കോയ്മയ്ക്കും ആ സംഭവ വികാസങ്ങൾ മതിയായ കാരണങ്ങളുമായി.

നൂറ്റാണ്ടിലെ രാഷ്ട്രീയ ഇതിഹാസം നെൽസൻ മണ്ടേലയെ വർണവിവേചനഅധികാരികൾ  അറസ്റ്റ് രേഖപ്പെടുത്തുന്നതും ഒരു ആഗസ്റ്റിലാണ്, 1962. അഞ്ചു  വർഷം തടവ് ആദ്യം.അകത്തും പുറത്തുമുള്ള   മണ്ടേലയെ ഭയന്ന് 1964-ൽ   ഭരണകൂട അട്ടിമറി ശ്രമമാരോപിച്ചു ജീവപര്യന്തം തടവ് ശിക്ഷ. 1980-കളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടങ്ങി വെച്ച മണ്ടേല അനുകൂല നീക്കങ്ങൾ ഭരണകൂടത്തിന്റെ  കാരിരുമ്പ്നിയമത്തെ അതിജയിക്കാൻ കാരണമായി. 1993-ൽ 27 വർഷത്തെ ഇരുട്ടറ ജീവിതത്തിൽ നിന്നും എഴുപത്തിഒന്നാം വയസ്സിൽ  സ്വാതന്ത്ര്യത്തിന്റെ വിഹായസ്സിലേക്ക്... ( 1996 -ൽ  ദമാസ്‌ ജ്വല്ലറി & ഡയമണ്ട്സ്ന്റെ അതിഥിയായി ദുബായിലെ ന്യൂ ഗോൾഡ് സൂഖ് ബിൽഡിങ്ങിലെ അഡ്മിനിസ്ട്രേഷൻ ഓഫീസിൽ അദ്ദേഹമെത്തിയതും കൂട്ടത്തിൽ ഓർക്കുന്നു  ). പിന്നെ കണ്ടത് മണ്ടേല യുഗം. ഒരു വെളുപ്പിലും വെളുപ്പാൻ കാലത്തും കാണാത്ത പ്രകാശം ആ കറുത്ത മുത്തിൽ...

നൂറ്റാണ്ടുകൾ  ദർശിച്ച അത്യാപത്തുകളിൽ ഒന്നായ സർവ സംഹാരിയായ അഗ്നിപർവ്വതം (ഒരു പക്ഷെ ചരിത്രത്തിൽ തന്നെ വലുത്) പൊട്ടിയതും ആഗസ്റ്റിൽ. രണ്ടായിരം മൈലുകൾക്കപ്പുറം അതിന്റെ ശബ്ദ വീചിയെത്തി. 120 അടി ഉയരത്തിൽ ഉരുത്തിരിഞ്ഞ അതിന്റെ വേലിയേറ്റ തരംഗങ്ങൾ 37000 -ൽ അധികം പേരുടെ ജീവൻ കവർന്നു. അഞ്ചു ക്യൂബിക് (ഘനമാനം) മൈൽ വിസ്താരം ഭൂമിയാണ് പുറത്തേക്ക് തെറിച്ചത്, അതും 50 മെയിൽ ഉയരത്തിൽ ! ഭൂമിക്കടിയിലെ അതിഭയാനകമായ ക്രോധം ജീവജാലങ്ങൾ കണ്ടത് ആഗസ്ത് 26, 1883.

1947 ആഗസ്ത് 15. ഒരു ജനതയുടെ ആഗ്രഹാഭിലാഷങ്ങൾക്ക് പ്രതീക്ഷ നൽകി ഇന്ത്യക്കാരന്റെ പ്രിയപ്പെട്ട മാസം വന്നതും ആഗസ്റ്റിൽ. ജനാധിപത്യം ശ്വസിക്കാനും അനുഭവിക്കാനും പറയാനും പ്രവർത്തി പഥത്തിൽ കൊണ്ട് വരാനും നമുക്ക് സ്വാതന്ത്യ്രം ലഭിച്ച മാസം.

സെപ്റ്റമ്പറിന്റെ വർത്തമാനവുമായി വരുന്നത് വരെ എന്നെ കാത്തിരിക്കൂ ....

ഉപകാരപ്പെടുന്നതെങ്കിൽ share ചെയ്യുക . Browse  www.RTpen.blogspot.com 

Saturday, 30 July 2016

അപകടദൃശ്യങ്ങളും അരോചക വോയിസ് നോട്ടും പോസ്റ്റ് ചെയ്യുമ്പോൾ .../ അസ്‌ലം മാവില

അപകടദൃശ്യങ്ങളും അരോചക വോയിസ് നോട്ടും
പോസ്റ്റ് ചെയ്യുമ്പോൾ ...


മുമ്പും ഈ കുറിപ്പുകാരൻ ഇതേ വിഷയം നാടൻ ശൈലിയിൽ എഴുതിയിട്ടുണ്ട്. എഴുതാൻ ഒരു വിഷയം കിട്ടാത്തത് കൊണ്ടല്ല വീണ്ടും ഇതെഴുതുന്നത്. സ്വയം ഓർമപ്പെടുത്തലിന്റെ ഭാഗം കൂടിയാണ്.

ഒരു കൂട്ടായ്മയിൽ ചില രീതികളുണ്ട്. code of  conduct. പെരുമാറ്റച്ചട്ടം എന്ന് പറയും. സന്ദര്ഭത്തിന് അനുസരിച്ചു നമ്മുടെ പക്വതയും പാകതയും അനുഭവവും അതിനോട് ഒത്തു പോകലാണ്, അവയോട് വ്യക്തിപരമായി എത്രതന്നെ വിയോജിപ്പ് ഉണ്ടെങ്കിലും. ഇത് ഒരു പ്രത്യേക ethical law, നൈതിക നിയമാവലി  അല്ല. എല്ലാവരുടെയും മനസാക്ഷി YES പറയുന്ന ചില codes, ചട്ടങ്ങളാണ്.  വിശദമായ ഒരു  വിശകലനത്തിന് പോയാൽ codes of morality, ധർമാചാരങ്ങളിലേക്ക് പോകേണ്ടി വരും. എനിക്ക് അതിനുള്ള പരിജ്ഞാനമില്ലതാനും. അതിവിടെ പ്രസക്‌തവുമല്ലല്ലോ.

പ്രചുരപ്രചാരമുള്ള (popular ) സോഷ്യൽ മീഡിയകളിൽ, പ്രത്യേകിച്ച് ഗ്രൂപ്പുകളിൽ   പോസ്റ്റും ഫോട്ടോയും വോയിസ്  നോട്ടും വീഡിയോ ദൃശ്യങ്ങളും അയക്കുമ്പോൾ അതിലെന്തെങ്കിലും ഒരു സന്ദേശം ആവശ്യമാണ്. സഹൃദയൻ അത് ആഗ്രഹിക്കും. അത് സ്വാഭാവികമാണല്ലോ. ഒരു വിവാദമാണോ ? അറിവാണോ ? വിജ്ഞാനമാണോ ? കേവലമൊരു വാർത്തയാണോ ? മുന്നറിയിപ്പാണോ ? അങ്ങിനെ എന്തെങ്കിലും.

നമ്മുടെ സാമാന്യബുദ്ധി ഇടപെടുന്ന ചില സന്ദർഭങ്ങൾ  ഉണ്ട്. അതിലൊന്നാണ് മരണം, അപകടം, ലഹള തുടങ്ങിയവ  പോസ്റ്റ് ചെയ്യുമ്പോൾ രണ്ടാമതൊരു വട്ടം കൂടി ആലോചിക്കുക എന്നതാണ്.   ചിത്രവധത്തിനും വ്യക്തിഹത്യയ്‌ക്കും സാധ്യതയുള്ളവയും ഇവയിൽ പെടുത്താം.  മരണ വാർത്ത പോലും ഉറപ്പുള്ള സ്രോതസ്സുകളിൽ നിന്ന് കിട്ടിയാലേ പബ്ലിഷ് ചെയ്യാവൂ, അതല്പം വൈകിയാലും. അപകട വാർത്തകളും തഥൈവ.  ഒരിക്കലും അരുതാത്തതാണ് അവയുടെ ദൃശ്യങ്ങൾ റിലേ ചെയ്യുന്നതും, ഫോട്ടോകൾ അയച്ചു പ്രേക്ഷകരെ പ്രയാസപ്പെടുത്തുന്നതും.

ഇയ്യിടെയായി അപകട ചിത്രങ്ങൾ  വല്ലാതെ പൊതു കൂട്ടായ്മകളിൽ പ്രത്യക്ഷപ്പെടുന്നു. അതേ പോലെ വിഡിയോദൃശ്യങ്ങളും. നിങ്ങൾ ഉദ്ദേശിക്കുന്നത് ഇവ കണ്ടു പിന്മാറട്ടെ എന്നാവാം. പെട്ടെന്ന് കാണുന്ന ഒരാളിൽ ആ സന്ദേശമല്ല ആദ്യം എത്തുക. ദീർഘ നാളുകൾ മനുഷ്യരിൽ അവ ആഘാതം ഉണ്ടാക്കും. അവരുടെ ദൈനം ദിന ഇടപെടലുകളെ അതിന്റെ തോതനുസരിച്ചു ബാധിക്കും. ഇതറിയാൻ വലിയ മനഃശാസ്ത്രം പഠിക്കണമെന്നുമില്ല.

മറ്റു മാധ്യമങ്ങളിൽ വരുന്നു എന്നത് നാമവ അയക്കുന്നതിനുള്ള മാനദണ്ഡമാകരുത്. എല്ലാം പോസ്റ്റ് ചെയ്യുക എന്നതും നമ്മുടെ നിർബന്ധ ബുദ്ധിയുമാകരുത്. ഫോട്ടോയും വീഡിയോയും അയച്ചു സന്ദേശം convey ചെയ്യാം. അത് കൊണ്ട് ഒരു മനംപുരട്ടുന്ന ഔട്ട്പുട്ടാണ് (ഫലം) ഉണ്ടാവുകയെങ്കിൽ ആ സന്ദേശം എത്തിക്കാൻ ടെക്സ്റ്റ്അല്ലെങ്കിൽ വോയിസ് എന്നിവയിലേതെങ്കിലുമൊന്ന് മാധ്യമമായി തെരഞ്ഞെടുക്കണം. അതായിരിക്കും പോസിറ്റീവ് സമീപനം.

സഊദി പടലക്കാരുടെ ഒരു ഗ്രൂപ്പ് രണ്ടു വര്ഷം മുമ്പുണ്ടായിരുന്നു.   എവിടെയോ ഒരിടത്തു മനുഷ്യന്റെ തലയറുക്കുന്ന ഒരു വീഡിയോ ദൃശ്യം ഒരു നല്ല രാവിലെ   ആരോ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്റെ മകൻ മൊബൈൽ എടുത്ത്  അത് ഡൗൺചെയ്തു നോക്കാനുള്ള തിരക്കിലാണ്. എന്നെ വല്ലാതെ പ്രയാസപ്പെടുത്തിക്കളഞ്ഞു. ആ ഗ്രൂപ്പ് വിടാൻ പിന്നെ രണ്ടാംവട്ടം ആലോചിക്കേണ്ടി വന്നില്ല.  ഇങ്ങിനെ ഏതെങ്കിലും ഒരു അനുഭവം നിങ്ങൾക്കും പറയാനുണ്ടാകും.

പൊതുശല്യമെന്നു തോന്നുന്നവ ഒഴിവാക്കുക. സ്വകാര്യമായി സംസാരിച്ച വോയ്‌സ് നോട്ടുകൾ ഒരു കാരണവശാലും പൊതുവേദികളിൽ കേൾപ്പിക്കരുത്. വേറേതെങ്കിലും ഗ്രൂപ്പുകളിൽ നടക്കുന്ന സഭ്യമല്ലാത്ത പദങ്ങളുള്ള  ശബ്ദരേഖകൾ ഒരിക്കലും ഒരു സാമാന്യസദസ്സിൽ ഒറ്റയായോ കൂട്ടമായോ തട്ടരുത്. നാം പലപ്പോഴും ''വിലയിരുത്തപ്പെടുന്നത്'' അതൊക്കെ കൊണ്ടായിരിക്കും. വ്യക്തിപരമായി എത്ര കുറവുണ്ടെങ്കിൽ പോലും സഭാമര്യാദ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണല്ലോ. അതൊരു പൊതുമര്യാദയുടെ ഭാഗവും  കൂടിയാണ്.

നാം നമുക്ക് തന്നെ മാർക്കിടാൻ പഠിച്ചാൽ അതിനോളം വലിയ അധ്യാപകനില്ല. സ്വന്തം മനസാക്ഷിയുടെ   മിനിമം മാർക്ക് കിട്ടുകയെന്നതും അത്ര  എളുപ്പമുള്ള കാര്യവുമല്ലല്ലോ.  ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുമ്പോൾ മനസ്സാക്ഷിയോടാദ്യം മൗനാനുവാദമെങ്കിലും ചോദിക്കുക. 

Thursday, 28 July 2016

ഇന്ന് നാമെന്തിന് സംഗമിക്കുന്നു / അസ്‌ലം മാവില


ഇന്ന് നാമെന്തിന് സംഗമിക്കുന്നു

അസ്‌ലം മാവില

ഇന്ന് എന്നത് രണ്ടര്ഥത്തിലും ഉപയോഗിക്കാം. അത് കൊണ്ട് തലക്കെട്ടിൽ ഒരു കൺഫ്യുഷനും ഇല്ല. കാലത്തിന്റെ ആവശ്യമായും വ്യാഴാഴ്ച നടക്കുന്ന ഒത്തുകൂടലിന്റെ ഭാഗമായും ''ഇന്ന്'' പ്രസക്തം.

നന്മ എപ്പോഴും കൂട്ടായി ചെയ്യുമ്പോഴാണ് 'ബോൾഡ്'' ആയി കാണുക, ''എട്ത്ത്'' കാണിക്കുന്നത്.    (ചില പദങ്ങൾ അങ്ങിനെ തന്നെ എഴുതുമ്പോഴാണ് മനസ്സിലാക്കാൻ സുഖം; അത് നമ്മുടെ ശീലത്തിന്റെ ഭാഗമാക്കണം ). തിന്മയെക്കിതെ ഒന്നിക്കുമ്പോഴും ഈ കൂട്ട്കേട്ട് വേണം. ആത്മവിശ്വാസം, ഐക്യം, ഔട്ട്പുട്ട് ഇതൊക്കെ കൂട്ടായ്മ വഴി ഗ്രാഫിൽ ഉയർന്ന തലത്തിൽ രേഖപ്പെടുത്തും.

കുറച്ചു വർഷങ്ങളായി നമുക്കിടയിൽ സുപരിചിതമായ സി.പി.  എന്ത് പോരായ്മ ഉണ്ടായാലും അങ്ങിനെ ഒന്ന് ചൂണ്ടിക്കാണിക്കാൻ നമുക്ക് ഒരു കൂട്ടുകെട്ടാണ്.  ഗ്രാമത്തിന്റെ കയ്യൊപ്പെന്ന് രണ്ടു വർഷങ്ങൾക്ക് മുമ്പ് നാമെല്ലാവരുമാണ് അതിനു സ്ലോഗൻ (ആദർശ സൂക്തം) ചാർത്തി കൊടുത്തത്. സേവന മേഖലയിൽ, ആതുര ശുശ്രൂഷാ രംഗത്ത് നാം സാധിക്കുന്ന വിധത്തിൽ ഇടപ്പെട്ടു. പകുതി വഴിക്ക് വീട് നിർമ്മാണം ഉപേക്ഷിച്ചവരെ പറ്റുന്ന രൂപത്തിൽ സഹായിച്ചു. ചില സാമൂഹ്യ-സാംസ്കാരിക- വിദ്യാഭ്യാസ വിഷയങ്ങളും തത്സംബന്ധമായ ഇഷ്യൂസും വന്നപ്പോൾ ഇടപെടുകയും ചെയ്തിട്ടുണ്ട്. എല്ലാത്തിനും ഫലം മുഴുവൻ പോസിറ്റിവ് തന്നെ ആകണമെന്നില്ലല്ലോ.

ചിലതൊക്കെ സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ട് വരികയെന്നത് വലിയ വെല്ലുവിളിയാണ്. അറിയേണ്ടിടത്തും അറിയിക്കേണ്ടിടത്തും പ്രത്യക്ഷമായും പരോക്ഷമായും ഓപ്പണായും ഗോപ്യമായും സന്ദേശം നൽകണം. അവയുടെ ഉദ്ദേശ ശുദ്ധിക്ക് നാം ഉദ്ദേശിക്കുന്ന സമയത്ത് റിസൾട് കിട്ടണമെന്നില്ല. പക്ഷെ അത്തരം ഡെലിവർ ചെയ്യപ്പെടുന്ന  നല്ല സന്ദേശങ്ങൾ മനസ്സുകളിലും പൊടിപടലങ്ങൾ പടരാതെ ബാക്കി നിൽക്കും. സി.പി. അങ്ങിനെയും ദൗത്യം നിർവ്വഹിക്കുന്നുണ്ട്.

സാംസ്കാരികമായ മുന്നേറ്റത്തിനു നേതൃത്വം നൽകാൻ ഇനി ഈ കൂട്ടായ്മക്കാകണം. നമ്മുടെ നാട്ടിൽ നടക്കുന്ന  വിദ്യാഭ്യാസ രംഗത്തെ  ഇലയനക്കങ്ങൾ (''അജനെ'') കണ്ടില്ലെന്ന് നടിക്കാൻ നമുക്ക് സാധിക്കില്ല.  ഒന്നും പറ്റിയില്ലെങ്കിൽ അവിടെ നമുക്ക് കാറ്റലിസ്റ്റ് (രാസത്വരകം - നാം വഴി മറ്റൊരാളുടെ ദൗത്യത്തിന് കാരണമാകുക ) ആകാനെങ്കിലും സാധിക്കണം.

ഇന്ന് പടല സ്‌കൂൾ അങ്കണത്തിൽ ഒത്തുകൂടുമ്പോൾ ഇതൊക്കെ നമ്മുടെ മനസ്സിൽ ഉണ്ടാകണം. പാഴായിപ്പോകില്ല ഇന്നത്തെ കൂട്ടായ്മയിൽ സംബന്ധിക്കുന്ന സമയമെന്നു കാലേകൂട്ടി കണക്കു കൂട്ടിയത് തെറ്റാതിരിക്കട്ടെ. സ്വരുക്കൂട്ടുന്ന പണത്തുട്ടുകളും നമ്മുടെ  മാൻ പവറും (മനുഷ്യാദ്ധ്വാനം - തടി കൊണ്ടുള്ള സഹായം ) നന്മയുടെ പാതയിൽ ഒരിക്കലും പാഴാവാത്തതാണ്.  എല്ലാവരും സംബന്ധിക്കുക. നാടിന്റെ ഹൃദയ സ്പന്ദനം അറിയാൻ ഇതൊക്കെ തന്നെയെല്ലേ നല്ല സന്ദർഭങ്ങൾ.  

ഓൾ ദ ബെസ്ററ്. 

Wednesday, 27 July 2016

ഇനിയെങ്കിലും ഒന്നിക്കൂ നാട്ടുകാരേ ... / അസ്‌ലം മാവില


ഇനിയെങ്കിലും ഒന്നിക്കൂ നാട്ടുകാരേ ...

അസ്‌ലം മാവില

നാട്ടിൽ ഗെയിൽ പോലുള്ള  ഇഷ്യൂ വന്നാലോ ? അതാ   മൊതലാളിമാരുടെ സ്ഥലം പോകുന്നതല്ലേ ?  റോഡിനു താറിടണം; അതിനു  ഒരു ഭീമ ഹർജി കൊടുക്കാൻ ഒപ്പ് വേണമെന്ന് പറഞ്ഞാൽ വണ്ടി മുതലാളിമാരുടെ ഏർപ്പാടിനു ഒപ്പോ ?  സ്‌കൂളിൽ ഒരു പ്രശ്നം വരുമ്പോൾ  ? അവിടെ ഗുലുമാലുണ്ടാക്കുന്നവനും അവന്റെ രക്ഷിതാക്കൾക്കും സപ്പോർട്ടായി കുറച്ചു പേർ. കല്യാണ ആലോചനകൾ വന്നാൽ,  അതിനെ പൊളിച്ചു കയ്യിൽ കൊടുക്കാൻ ഐസിയു വിൽ ഇരുന്നു പോലും മൊബൈൽ ഞെക്കുന്ന കുറച്ചു പേർ. അതെല്ലാം കഴിഞ്ഞു  പിന്നെയും പ്രശ്‌നം വന്നാൽ  ന്യായപക്ഷത്തു ഉറച്ചു  നിൽക്കുന്നതിനു പകരം അതിനു ''ലെ  രാഷ്ട്രീയം'' ചാർത്തി  വെളുക്കെ ചിരിച്ചു ചാരി നിന്നേക്കും.   അയൽപക്ക സ്വരച്ചേർച്ചയ്ക്കും ''അപ്പച്ചെണ്ട്'' കളി പ്രശ്‌നത്തിൽ പോലും   ഒന്നും കിട്ടിയില്ലെങ്കിൽ  ''സു-മുജ -തബ്'' കുപ്പായമിടീക്കാമോന്ന് നോക്കി അതിനും  ''ഒര്ങ്ങീറ്റ്''  ഇറങ്ങിക്കോളും.

''ഞമ്മളെ ബീക്ക്നെസ്സ് (weakness )''   മുതലെടുക്കാനോ ? അതിനാണ് ആ നാട്ടിലെ സാമൂഹ്യ ദ്രോഹികൾ.   വിരലിലൊതുങ്ങുന്ന സാമൂഹ്യ ദ്രോഹികൾ ഏത് നാട്ടിലും  ശ്രമിക്കുന്നത് നാട്ടാരുടെ ഐക്യം പൊട്ടിക്കാനാണ്.  അത് ഉണ്ടാക്കാനല്ല. നാട്ടാര് ഓഗ്ഗട്ടില്ലെങ്കിൽ അവർക്ക് സുഖാണ്.  എങ്കിലേ അവരുടെ ഏർപ്പാട് നടക്കൂ.  അവർ എണ്ണത്തിൽ കുറെ ഉണ്ടാകണമെന്നില്ല. അവർ ഒരിക്കലും എണ്ണം കൂട്ടാൻ നോക്കുകയുമില്ല. എണ്ണം കൂടിയാൽ അവരുടെ ലാഭ വിഹിതം  വീതിക്കേണ്ടി വരുമെന്ന് എല്ലാവരേക്കാളും കൂടുതൽ ആ ദ്രോഹികൾക്ക് നന്നായി അറിയാം.

രണ്ടല്ലേ, നാലല്ലേ, പത്തല്ലേ എന്നൊക്കെ പറഞ്ഞു നടന്നോ ? അത്ര മതി ഒരു നാടിനു പേര് ദോഷം വരാൻ. എന്തേ എല്ലാരും  ഈ മാന്യമാരുടെ പേര് പറയാൻ പോലും മടിക്കുന്നത് ? രണ്ടും നാലും പത്തുമെങ്കിൽ ! നാലായിരത്തിനടുത്തോളം ജനസംഖ്യയുള്ള ഒരു നാടാണ്  നമ്മുടേത്. നാല് പേരുടെ പേര്  വിളിച്ചു പറയാൻ ഇപ്പോഴും മടി. അപ്പോൾ ഉള്ള് പേടി ഉണ്ട്.   പത്രത്തിൽ ഓരോന്ന് വരുമ്പോൾ ''ഹാ... ഹഹഹ.... ലാഷ്ട്  കുഞ്ഞിച്ചാന്റെ മോന്റെ പേര് ബന്ന്''  എന്ന് ആശ്വസിക്കാൻ മാത്രം  നമ്മുടെ ഗതി കിട്ടാ ജന്മം ഇനിയും ബാക്കി.   അല്ലെങ്കിൽ ഞാനും തട്ടാനും കെട്ട്യോളും എന്ന നിലപാട്; അതല്ലെങ്കിൽ എന്റെ പിള്ളേരോ ബന്ധുക്കളെ മക്കളോ ഇവന്റെ കൂടെ ഉണ്ടാകുമോ എന്ന വെറുതെയുള്ള ഭയം. അതല്ലെങ്കിൽ നമ്മുടെ വല്ല പയേ കുറ്റവും  കുറവും ഈ പഹയൻ ആളെ വെച്ച് അങ്ങാടിയിൽ പാടി നടക്കുമോന്ന ചുമ്മാപ്പേടി.  അല്ലെങ്കിൽ പിന്നെ എന്ത് കൊണ്ട് ഇച്ചാ...  ?

മൂന്ന് ജമാഅത്ത് നാട്ടിൽ ഉണ്ട്. നാട്ടിൽ സാമൂഹ്യ ദ്രോഹികൾ  സമാധാനം കെടുത്തുന്നത് വെറുതെ നോക്കി നിൽക്കരുത്.  ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ  നിങ്ങൾ   ഒരു മേശയ്ക്ക് ചുറ്റുമിരിക്കണം.  അതിനു ഒരു സ്ഥിരം സമിതി വേണം. 40 കഴിഞ്ഞതോ അതിനടുത്തേക്ക് എത്തുന്നവരാണ് ഞാൻ അറിഞ്ഞിടത്തോളം മിക്ക പള്ളി-മദ്രസ്സ-മഹല്ല് ഭാരവാഹികളും. നമ്മുടെ നാടിന്റെ  സ്വൈര ജീവിതം നിലനിർത്താൻ വേറെ  ഒരു മുക്രിയും മൊയ്‌ലിയാരും വേണ്ട. നമ്മൾ തന്നെ മതി.   മിക്ക നാടുകളിലും  മഹല്ലുകളിലും പോലീസ് ഓഫീസർമാർ വന്നാണ് പോലും    പഞ്ചായത്തു നടത്തുക എന്ന് കേൾക്കാറുണ്ട്. അത് വേണോ ? നമുക്ക് ഒന്നിരുന്നാൽ എന്തെങ്കിലും കുറവുണ്ടോ ?  തലക്കെട്ട് ചെരിയുമോ ? ചെരിഞ്ഞാൽ പോട്ടെന്ന് വെക്കുക, നാടിന്റെ നന്മയ്ക്ക് വേണ്ടിയല്ലേ ?

മയക്ക് മരുന്ന് വ്യാപനത്തിനെതിരെ കൈ-മെയ് മറന്നു ഇറങ്ങണം. ''അയിന് ഈടെടെ ഭായി..അത് ?   ജോറോരി ബിസ്‌യോ...'' എന്ന ഡയലോഗ് പറയുകയല്ല വേണ്ടത്. ആ പറയുന്നവർക്ക്  ഒന്നുകിൽ വിഷയത്തിന്റെ  ഗൗരവം അറിയില്ല. അല്ലെങ്കിൽ അറിഞ്ഞാലും താല്പര്യമില്ല.

ആരും പേടിക്കണ്ട.  നേരെ ചൊവ്വേ നടക്കുന്നവന് കല്യാണ ആലോചന തുടങ്ങിയാൽ   പെണ്ണ് ഏതായാലും കിട്ടും. പെണ്ണ് കെട്ടുന്നവർക്ക് ഇല്ലാത്ത ടെൻഷൻ ആരും ഏറ്റെടുക്കരുത്.  മോൾക്ക് പുതിയാപ്പിളയും ഇങ്ങോട്ട് അന്വേഷിച്ചും വരും. അതിനും തല പുണ്ണാക്കണ്ട.

 ഒരു അസുഖം തുടക്കത്തിൽ നിയന്ത്രിക്കാം. അതിനു ''ഖുൽ ഹുവല്ലാ'' മതി. കയ്യിന്നു വിട്ടാൽ ''ഖത്തം ബേങ്ങി''യാലും  കൺറ്റ്‌റൂല് ബെരേല്ല.  ജാഗ്രത ഉണ്ടെങ്കിൽ നല്ലത്. ഇല്ലെങ്കിൽ ''ഇച്ചാ...പുട്ത്തം ബ്ടും.''സങതി ബട്ടട്ടെയല്ല, ചക്കച്ചോറാഉം . അപ്പൊ ബായി പോൾന്ന്റ്റ് ഒരീ കൊണോഉം ഇല്ല.  ഈച്ച പോകാനൊരു വഴിയാകുമെന്നേയുള്ളൂ.  ഉള്ളൂ, അത്രേയുള്ളൂ. 

Saturday, 23 July 2016

അവർ ഒന്നിക്കുന്നു ഓർമ്മകളിലെ ഓളങ്ങൾക്ക് പുതു ജീവൻ നൽകി / അസ്‌ലം മാവില

അവർ ഒന്നിക്കുന്നു
ഓർമ്മകളിലെ ഓളങ്ങൾക്ക് പുതു ജീവൻ നൽകി

അസ്‌ലം മാവില

ഇതൊരു പുതുമ ഉള്ളത്. പടലക്കാർക്ക് പ്രത്യേകിച്ചു. പലരും ആഗ്രഹിച്ചത്. ഇനി പലരും ഇത് കണ്ടു സംഘടിപ്പിക്കാൻ സാധ്യതയുള്ളത്.  1986 -1987 എസ് എസ് സി. ബാച്ച് ഒന്നിക്കുന്നു. ഇപ്പോൾ അന്നവർക്ക് 15 വയസ്സ്. ഇന്നവർക്ക് 44 വയസ്സ്. 1976 -1977കളിൽ അവർ ഒന്നാം ക്‌ളാസ്സിൽ. എന്റെ ''കുട്ടിക്കാലകുസൃതി കണ്ണുകളി''ലെ സൗകുവും കുൽസുവും സുകുവും കമലാക്ഷിയുമൊക്കെ അവരുടെ ബാച്ചുകളിലും ഉണ്ടാകണം. അവരുടെ കുസൃതികക്കാലം കൂടിയാവണം ഈ ഒത്തുകൂടൽ.

അറിഞ്ഞെടത്തോളം ആഗസ്ത് ആറാം തിയ്യതിയാണ് ഈ ''കുഞ്ഞി ചോർ'' വെക്കൽ. രുചിച്ചു പഴകിയ, നാവിൽ രുചി മാറാൻ കൂട്ടാക്കാത്ത സജ്ജിഗയുടെ പുനരാവിഷ്‌ക്കാരം കൂടി ഉണ്ടെന്നും കേട്ടു. നാട് മുഴുവൻ കടുക് പൊട്ടി മണം പരത്താനാണ് പ്ലാൻ.  ഒരാഴ്ച മുമ്പ് മൊഗറിൽ ഇവർ ഒത്തുകൂടി. ശാപ്പാട് റഹീമിന്റെ വക. ഇന്നലെ നമ്മുടെ നാസറിന്റെ വീട്ടിൽ അതുക്കും വലിയ ഒത്തു കൂടൽ. പ്ലാനൊക്കെ തയ്യാറായിരിക്കണം. ബക്കർ മാഷും കോയപ്പാടി ഹനീഫും കുമ്പള അഷ്റഫും കുവൈറ്റ് ശരീഫുമൊക്കെയല്ലേ ഇതിന്റെ പിന്നണിയിൽ.

40-ൽ അധികം പേർ കുടുംബസമേതം അന്ന് ഒന്നിക്കും. അന്യപ്രദേശത്തേക്ക് കെട്ടിച്ചയച്ച ഫീമെയിൽ ബാച് മേയ്റ്റ്സ് തങ്ങളുടെ  കുടുംബനാഥനും കുട്ടികളുമായി വരും.  കാണാനും തങ്ങളുടെ കളിക്കൂട്ടുകാരുമായി സംസാരിക്കാനും അവർക്ക് കിട്ടുന്ന അപൂർവ്വ അവസരം. മക്കളെ കാണാൻ അവരെ കൂട്ടുകാരികൾക്കും കൂട്ടുകാർക്കും പരിചയപ്പെടുത്താനും പരിചയപ്പെടാനും ഇത് വഴി ഒരുക്കുന്നു.  അവരുടെ വീര-ശൂര-വികട-അപകട-ബദ്ധ-അബദ്ധ പരാക്രമങ്ങൾ അത് വരെ തങ്ങളുടെ മക്കൾ കേട്ടത്, അതിലെ കഥാപാത്രങ്ങളെ നേരിട്ട് കാണാൻ കിട്ടുന്ന അപൂർവ്വ അവസരം. എല്ലാവർക്കും അന്നൊക്കെ കൂട്ടു പേരുമുണ്ടായിരുന്നു. അതൊക്കെ മറന്നിട്ടുണ്ടെങ്കിൽ ഓർമ്മിക്കാനും ഒരവസരം.

രാവിലെ പത്തു മണിക്ക് തുടങ്ങുന്ന പ്രോഗ്രാം വൈകിട്ട്  ആറുമണിക്ക് തീരും. അതിനിടയിൽ സമൃദ്ധമായ ലഘു-ജംഗ് ഭക്ഷണങ്ങൾ. കോർ തിരിച്ചുള്ള വിവിധ പരിപാടികൾ. സൗഹൃദ മത്സരങ്ങൾ. കൊച്ചു കൊച്ചു സമ്മാനങ്ങൾ. കുട്ടികളുടെ വിവിധ നിമിഷ പ്രോഗ്രാമുകൾ. രുചിക്കൂട്ടുകൾ. അന്നത്തെ ശനിയാഴ്ച ഒരു ''മങ്ങലപ്പൊരെ'' പോലെ ആകും.

അഷ്ഫാഖിന്റെയും ബക്കറിന്റെയും  നേതൃത്വത്തിൽ ഗാനമേള. നാട്ടിലെ കലാ-സാംസ്കാരിക പ്രവർത്തകരുടെ സഹകരണത്തോടെ  കാർട്ടൂൺ-ചിത്ര - കവിതാ പ്രദർശനങ്ങൾ. അപ്പച്ചെണ്ട്, പല്ലിക്കുത്ത്, ഉപ്പ്, കുണ്ടക്കാല്, ഗോട്ടി-മഞ്ചെട്ടികളികൾ അടക്കം പലതും ഒഴിവ് കിട്ടുന്ന മുറയ്ക്ക് നടക്കും. അന്നത്തെ അധ്യാപകരെ മിക്കവരെയും അഡ്രസ്സ് കണ്ടെത്തി വിളിക്കുന്ന തിരക്കിലാണവർ. തങ്ങളുടെ സ്‌കൂളിന് നൽകാൻ ഓർമ്മയുടെ ഭാഗമായി ഒരു സമ്മാനവും അവർ കരുതി വെച്ചിട്ടുണ്ട്, അതെന്താണെന്നു പുറത്തു പറയുന്നില്ലെങ്കിലും.

കേരളത്തിനു പുറത്തുള്ളവർ മിക്കവരും എത്തിക്കഴിഞ്ഞു. ഇനി ചിലർ എത്താൻ ടിക്കറ്റെടുത്തു നിൽക്കുന്നു. പരിപാടിയുടെ ആസൂത്രണം നാസർ, ബക്കർ, ഹനീഫ്, ശരീഫ്, റഹീം, അഷ്‌റഫ്, ഹാരിസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ദ്രുത ഗതിയിൽ നടക്കുന്നത്.

കയ്യിൽ രണ്ട് തൈമാവിൻ തൈകളുമായി, ഒന്നു തന്റെ പറമ്പിലും ഒന്നു അയൽക്കാരന്റെ വീട്ടുമുറ്റത്തും, നടാൻ,  അന്ന് വൈകുന്നേരം പിരിയുമ്പോൾ, ആ മാതൈകളുടെ ചില്ലയും തളിരിലകളും  പിന്നീടുള്ള ദിനരാത്രങ്ങളിൽ  അവരോടൊപ്പം ഓർമ്മകളിൽ സാക്ഷികളായി നിൽക്കും.

ഞങ്ങളൊക്കെ ചെയ്യണമെന്ന് കാലങ്ങൾക്ക് മുമ്പ് ആഗ്രഹിച്ചത്, നിങ്ങൾ അത് പ്രവൃത്തി പഥത്തിൽ കൊണ്ടു വന്നല്ലോ.സബാഷ് !!

Tuesday, 19 July 2016

നിരീക്ഷണം 04 July 2016 - തീക്കൊള്ളി കൊണ്ടു തല ചൊറിയുന്നവരെ തിരിച്ചറിയുക തന്നെ വേണം.

നിരീക്ഷണം 04 JUL 2016

തീക്കൊള്ളി  കൊണ്ടു തല ചൊറിയുന്നവരെ തിരിച്ചറിയുക തന്നെ വേണം.

അസ്‌ലം മാവില

നാട്ടിൽ കലാപം വിതയ്ക്കാൻ എളുപ്പം. വർഗ്ഗീയതയാണെങ്കിൽ വളരെ വളരെ എളുപ്പം.  യു.പി.യിൽ രണ്ടു വിഭാഗങ്ങളിലെ ''ആദരണീയർ'' അവിടെ കുഴപ്പമുണ്ടാക്കാൻ    വില പറഞ്ഞത് നാം  കണ്ടതും വായിച്ചതും കേട്ടതും ഏതാനും ദിവസങ്ങൾക്ക് മുമ്പ്.

അവർക്ക് അന്നം കിട്ടിയാൽ മതി, ആഘോഷിക്കാൻ കുറച്ചു ചില്ലറ മതി.  അതിനു ഏതു നികൃഷ്ട വൃത്തിയും ചെയ്യും അവർ. സൗഹൃദത്തിൽ കഴിയുന്ന ഒരു കൂട്ടായ്മയ്ക്ക് എന്ത് സംഭവിച്ചാലും അവരതറിയേണ്ട. അറിയാൻ അവർക്ക്  ആഗ്രഹുമില്ല . ഒന്നു കത്തിച്ചു വിടണം. അതിന്റെ വരും വരായ്കകൾ പിന്നെ അനുഭവിക്കുന്നത് നാട്ടുകാരാണല്ലോ.  ഇന്നലെ വരെ തോളോട് തോളുരുമ്മി കഴിഞ്ഞവർ. ഒരേ ബസ്സിൽ യാത്ര ചെയ്തവർ. ഒരേ സദസ്സിൽ മുഖത്തോട് മുഖം നോക്കി പുഞ്ചിരി കൈമാറിയവർ. അവരിലാണ് ഈ എരിതീയിടുന്നത്. കൂട്ടത്തിൽ എണ്ണയൊഴിക്കുന്നത്.

ഇതാ സമാനമായ ചിത്രം നമ്മുടെ കാസർകോടും കണ്ടു തുടങ്ങിയിരിക്കുന്നു.  മുമ്പും നാമിങ്ങിനെ കുറച്ചു വർത്തമാനങ്ങൾ കേട്ടിട്ടുണ്ട്. അച്ചാരം വാങ്ങി ആരാന്റെ ഉമ്മാമാർക്കും അമ്മമാർക്കും അവരുടെ മക്കൾക്കും ഭ്രാന്തിളക്കി അത് കണ്ടു രസിക്കുന്നവർ. കൂട്ടുകാരൻ ബ്ലേഡ് കൊണ്ടു പുറം മാന്തുക; അതിനനുസരിച്ചു അണിയറയിൽ ചരട് വലിക്കുക. കുഴപ്പമുണ്ടാക്കാൻ സോഷ്യൽ മീഡിയയിൽ കെട്ടുവർത്തമാനങ്ങൾ പ്രചരിപ്പിക്കുക, ഫോട്ടോ അയച്ചു അതിനു ലൈക്കടിപ്പിച്ചു രക്തസമ്മർദ്ദം വർധിപ്പിക്കുക.

ഓരോ ആഘോഷം വരുമ്പോഴും ഒരു കൾട്ട് തന്നെ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നുണ്ടാകണം. അതാണ് മുൻകാല ചില  സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്. ഓണത്തിനും പെരുന്നാളിലും വിഷുവിനും വിശ്വാസികളുടെ ആഘോഷങ്ങൾ കുളമാക്കാൻ ഇറങ്ങി തിരിച്ച ഇത്തരം മനുഷ്യ പിശാചുക്കളെ തിരിച്ചറിയണം. ആ വിഷ വിത്തുകളെ മുളയിലേ നുള്ളാൻ നമ്മുടെ വിരലുകൾക്കാകണം.  ഒരു പാട് ഗൃഹ പാഠം ഇവർ നടത്തിയിരിക്കണം. അല്ലാതെ പറ്റില്ലല്ലോ. അപക്വതയെന്നൊന്നും പറഞ്ഞു തള്ളിക്കളയാൻ പറ്റില്ല.  അവർക്ക് രമിക്കാനും രസിക്കാനും ആരിൽ നിന്നു എത്ര വാങ്ങി തുടങ്ങി സകല വിവരങ്ങളും   നിയമപാലകർ പുറത്തു കൊണ്ടുവരണം. നിസ്സാരമായി തള്ളിക്കളയേണ്ട വിഷയമേ അല്ല .

സൗഹൃദം തകർക്കുക മാത്രമല്ല ഇവരുടെ ലക്ഷ്യം. ഇതിന്റെ മറവിൽ മറ്റു ചില മാഫിയാ പ്രവർത്തനങ്ങളും ഉണ്ടാകാം. പോലീസിന്റെയും നേതാക്കളുടെയും  ജനങ്ങളുടെയും ശ്രദ്ധ അങ്ങോട്ടു തിരിച്ചു വിട്ടു തങ്ങളുടെ മറ്റു ''പണികൾ'' വളരെ എളുപ്പം ചെയ്തു തീർക്കാൻ മാഫിയകൾ ഇത്തരം വഴികളാണ് കണ്ടെത്താറുള്ളത്.  മാത്രവുമല്ല, ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന തിരക്കു പിടിച്ച  വിപണിയിൽ ആശങ്കയുടെ കരിനിഴൽ വീഴ്ത്തി അവ തകർക്കാനുള്ള ശ്രമങ്ങളും ഇതിന്റെ പിന്നിൽ ഉണ്ടാകും തീർച്ച.  ( പിന്നെ ആരും  ബസാറിലേക്കും പൊതുസ്ഥലങ്ങളിലേക്കും ആരും സമാധാനത്തോടെ പോകില്ലല്ലോ. )

ചില സ്ഥിരം റൗഡികളുണ്ട്. അവരെ നിലക്ക് നിർത്തിയാൽ തന്നെ തീരുന്ന പ്രശ്നങ്ങളാണ് കാസര്കോടുള്ളത്. നിയമപാലകർ ബഹുജന സഹകരണത്തോടു കൂടി ഇറങ്ങി പുറപ്പെട്ടാൽ നമ്മുടെ നാട്ടിലെ ഈ അസ്വസ്ത്ഥത എന്നെന്നേയ്ക്കുമായി നിർത്താൻ സാധിക്കും. ഇരുന്നൂറോ  -മുന്നൂറോ പേരുള്ള ഈ ഛിദ്രശക്തികൾ ആണോ നാടിന്നു ആവശ്യം, അതല്ല സമാധാന കാംക്ഷിക്കുന്ന പതിനായിരങ്ങളോ ? എല്ലാവരും തുറന്ന മനസ്സോടെ ആലോചിക്കാൻ സമയമായില്ലേ ?


പൊതു സമൂഹത്തിനു അപമാനമുണ്ടാക്കുന്ന  ആ  രണ്ടു ചെറുപ്പക്കാരുടെ   ദുഷ്‌ചെയ്തികൾ  എല്ലാവരുടെയും കണ്ണു തുറപ്പിക്കട്ടെ. നാം ആരും അന്യരല്ലെന്നും നമുക്കിടയിൽ ആർക്കും ഒരു ഭിന്നതയും സൃഷ്ട്ടിക്കാൻ സാധിക്കില്ലെന്നും  തിരിച്ചറിയാനും എല്ലാവർക്കും സാധിക്കട്ടെ.
         

Letter to Marunadan Malayali Editor - Aslam Mavilae

ബഹു: സാജൻ  സാറിനോട് ഒരു അപേക്ഷ.

ഞാനും മറുനാടൻ പത്രത്തിന്റെ സ്ഥിരം വായനക്കാരനാണ്.
ഇവിടെ സ്ഥിരം പത്ത്-പന്ത്രണ്ട്  പേരുണ്ടാകും, കമന്റിട്ടു  അവരുടെ മഹനീയ സാന്നിധ്യമറിയിക്കാൻ.  ആയിക്കോട്ടെ, പക്ഷെ, എല്ലാ സീമയും ലംഘിച്ചാണ് അവരിവിടെ അഭിപ്രായങ്ങൾ എന്ന പേരിൽ എഴുതി വിടുന്നത്. അതിൽ കുരുപൊട്ടൽ, കമ്മി, സംഘി, കൊങ്ങി, സുഡാപ്പി, ജൂതൻ, കാക്ക, സാമി, നസ്രാണി  തുടങ്ങി പദങ്ങളും.

മനോരമ പത്രം നിർത്തി വച്ചതു പോലെ കമന്റ്സ് കോളം നിർത്താൻ മറുനാടൻ പത്രമാനേജ്‌മെന്റ് തയ്യാറാകണം. അല്ലെങ്കിൽ നിങ്ങളുടെ അപ്പ്രൂവലോട് കൂടി വായനക്കാരുടെ അഭിപ്രായങ്ങൾ  പോസ്റ്റ് ചെയ്യുന്ന രീതി കൈവരണം.പിന്നെ കുറെ  കേട്ടാലറക്കുന്ന വാചകങ്ങളും. ഇത്രമാത്രം കുടുസ്സായിപ്പോയോ മലയാളികൾ എന്നു പോലും സംശയിച്ചു പോകും കമന്റ്സുകളിൽ ഒന്ന് ഓടിച്ചു പോയാൽ.

ഇത്തരം മോശം കമന്റ്സ് വായിച്ചു  പലരുടെയും നല്ല സ്വഭാവം ഒരു ലെ സ്വാഭാവിക പരിണിതി പോലെ മാറാൻ സാധ്യത കൂടുതലാണ്.  വിമർശനം ആകാം, അതിന്റെതായ രീതിയിൽ. പക്ഷെ,  ഇതൊക്കെ സഭ്യമല്ലാത്ത വാചകങ്ങളല്ലേ ? ഞാനും ഒരുപക്ഷേ ഇതിൽ വല്ലപ്പോഴും അതിര് വിട്ടു അഭിപ്രായം എഴുതിയിരിക്കാം.

മറുനാടന് വായനക്കാർ എന്തായാലും ഉണ്ടാകും. ഇത്തരം നെറികെട്ട രീതിയിൽ അഭിപ്രായം പറയുന്നവരെ മറുനാടൻ പത്രത്തിന്റെ അംബാസിഡർമാരായി വേണോ  ? അവർ വായിച്ചില്ലെങ്കിലും ബാക്കിയുള്ളവർ വായിക്കും.  അതുറപ്പ്.  എന്റെ അഭിപ്രായം മാനേജ്‌മെന്റ് പരിഗണിക്കുക.

Aslam Mavilae

നിരീക്ഷണം 18 JUL 2016 - ഗൾഫ് നാടുകളിലെ റോഡപകടങ്ങൾ; പൊലിയുന്ന ജീവനുകൾ

നിരീക്ഷണം 18 JUL 2016


ഗൾഫ് നാടുകളിലെ റോഡപകടങ്ങൾ;  
പൊലിയുന്ന ജീവനുകൾ  

അസ്‌ലം മാവില

അപകടങ്ങൾ വിടാതെ പിന്തുടരുന്നു. ഞാൻ ഉൾപ്പെടുന്ന യാമ്പു  ലൊക്കാലിറ്റിയിൽ നിന്ന് ഇന്നലെ കേട്ട വാർത്ത.  റാബിഗിനടുത്തു  യാമ്പു -ജിദ്ദ റോഡിൽ  പച്ചക്കറി വണ്ടി (പിക്ക്അപ്പ് ) ട്രെയിലറിൽ ഇടിക്കുന്നു. ഡ്രൈവർ ഗുരുതരാവസ്ഥയിൽ ആസ്പത്രി കിടക്കയിൽ.  കൂടെയുണ്ടായിരുന്ന ഭാര്യയും കുട്ടിയും തൽക്ഷണം  മരിക്കുന്നു.

ഇയ്യിടെയായി റോഡപകടങ്ങൾ വാർത്തപോലും അല്ലാതെയായി  മാറിക്കഴിഞ്ഞു.  ഏതാനും മാസങ്ങൾക്ക് മുമ്പ് കൂടെ ജോലി ചെയുന്ന ബീഹാറിലെ എഞ്ചിനീയർ കൺമുമ്പിൽ വെച്ചാണ് അമിത വേഗത ഒന്ന് കൊണ്ട് മാത്രം നിയന്ത്രണം വിട്ട് യെല്ലോ ലൈനിനു  ചാരം സ്ഥാപിച്ച താത്കാലിക കോൺക്രീറ്റ് ബ്ലോക്കിലിടിച്ചു അതി ദാരുണമായി മരണപ്പെട്ടത്.

fraction of Second അല്ലെങ്കിൽ blink of an eye-star എന്നു പറയാവുന്ന സമയത്തു നടക്കുന്ന മയക്കം,  കൂടെ ഇരിക്കുന്നവരുമായി അശ്രദ്ധമൂലം നടക്കുന്ന സംസാരം, റെഡ് സിഗ്നൽ തലനാരിഴയ്ക്ക് ക്രോസ്സ് ചെയ്യാനുള്ള  തിടുക്കം, ഓവർ ടെയ്ക്ക് ചെയ്യുമ്പോൾ മറന്ന് പോകുന്ന നിയമങ്ങൾ   തുടങ്ങിയവയാണ് ലോങ് റൂട്ടിൽ മിക്ക അപകടങ്ങൾക്കും കാരണങ്ങൾ. വളരെ അപൂർവ്വമായാണ് ടയർ പൊട്ടിത്തെറിച്ചും മറ്റും അപകടങ്ങൾ സംഭവിക്കുന്നത്.  

മയക്കം വരുന്നുവെന്ന് തോന്നുമ്പോൾ അമാന്തിച്ചു നിൽക്കാതെ സുരക്ഷിതമായ ഒരു സ്ഥലത്തേയ്ക്ക് വണ്ടി പാർക്ക് ചെയ്തു ഒരൽപ്പം വിശ്രമിച്ചാൽ തന്നെ ഒരു പാട് അപകടങ്ങൾ ഒഴിവാകും. എന്റെ കൂടെ ജോലി ചെയ്യുന്ന മെക്കാനിക്കൽ എൻജിനീയർ അബൂബക്കർ തന്റെ അനുഭവം പങ്കിട്ടു. പത്ത് മിനിറ്റ് വിശ്രമം പിന്നീടുള്ള നാലഞ്ച് മണിക്കൂറിനുള്ള ഊർജ്ജം കൂടിയാണത്രെ.  അത്ഭുതകരമായ ഒരു രക്ഷപ്പെടലിനു ശേഷം അദ്ദേഹത്തിന് നൽകിയ പാഠം.

സഹയാത്രികരോട് സംസാരിക്കാം, വളയത്തിലാണ് തന്റെയും മറ്റുള്ളവരുടെ ജീവിതമുള്ളതെന്ന  ഉത്തരാവാദിത്വബോധം ഉണ്ടാകണം. മഞ്ഞ,  ചെമപ്പ് സിഗ്നലോട് കൂടി അന്നത്തെ ഗതാഗതം സ്തംഭിക്കുമെന്ന തെറ്റായ ധാരണയും തിരുത്താൻ വണ്ടിയോടിക്കുന്നവർ  ശ്രദ്ധിക്കുക. അല്ലെങ്കിൽ പിന്നെ എന്തിനാണ് നിങ്ങൾ റെഡ് സിഗ്നൽ മറികടക്കാൻ ഇത്ര പാടുപെട്ടു ശ്രമിക്കുന്നത് ?

റോഡ് ക്രോസ്സ് ചെയ്യുന്ന യാത്രക്കാരും അല്പം പ്രായോഗികബുദ്ധി ഉപയോഗിക്കണം. ഡ്രൈവറും മിറ-റും  ബ്രൈക്കുമൊക്കെ വണ്ടിയിൽ ഉള്ളത് ശരിതന്നെ. യാമ്പു -ജിദ്ദ പോലുള്ള ഹൈവേകളിൽ കത്തിച്ചു വിടുന്ന വണ്ടികൾ റോഡ്  ക്രോസ്സ് ചെയ്യുന്നവരെ  മൈൻഡ് ചെയ്യാറില്ല എന്നതും  മറ്റൊരു ശരിയാണ്. ട്രെയിലർ, ട്രക്ക്  മുതലായ  ഹെവി വണ്ടികൾക്ക് മുന്നിൽ   ഓർക്കാപ്പുറത്ത് ചാടിയാൽ ഡ്രൈവർ വിചാരിച്ചാലും പോലും നിങ്ങൾ രക്ഷപ്പെട്ടുവെന്നു വരില്ല. റമദാനിന്റെ അവസാനദിവസങ്ങളിൽ ഒന്നിൽ  പതിവ് പ്രഭാത നടത്തത്തിൽ യാമ്പു ചെയ്മ്പർ ഓഫ് കൊമേഴ്‌സ് ബിൽഡിങിന് മുന്നിൽ സമാനമായ അപകടം നേരിൽ കണ്ടതും ഇപ്പോഴും കൺവെട്ടത്തു നിന്ന് മാറിയിട്ടില്ല. മുന്നും പിന്നും നോക്കാതെ റോഡ് ക്രോസ്സ് ചെയ്യുമ്പോൾ  അമിത വേഗതയിൽ ഓടുന്ന  ട്രെയിലറിനു മുന്നിൽ അന്ന്  അതിരാവിലെ 4 ജീവനുകളാണ് തൽക്ഷണം നഷ്ടപ്പെട്ടത്.

ഗൾഫ് രാജ്യങ്ങളിൽ ഒട്ടകങ്ങൾ മേയുന്ന ഭാഗങ്ങളിൽ വരെ പ്രത്യേക ബോർഡ് തന്നെ സ്ഥാപിച്ചിട്ടുണ്ട്. അത് പോലും മാനിക്കാതെ ചിലർ  അപകടം വരുത്തും. ഒട്ടകങ്ങളുടെ നീളമുള്ള കാലുകളിൽ വണ്ടി തട്ടുന്നതോടെ ഭാരമുള്ള ബാക്കി ഭാഗം വാഹനങ്ങൾക്ക് മേലെ വീഴുന്നു. പിന്നെ ആരും രക്ഷപ്പെടാറുമില്ല. ഭീമമായ ബ്ലഡ് മാണിയാണ് ഒട്ടക അപകടങ്ങളിൽ ഉടമസ്ഥർ ക്ലൈം ചെയ്യുന്നതും.  (ചില അറബ് രാജ്യങ്ങളിൽ ഒരു മനുഷ്യന്റെ ബ്ലഡ് മണി തുക  (Diyyah)  100 ഒട്ടകങ്ങളുടെ വിലയ്ക്ക് തുല്യമാണ് എന്നതും സാന്ദർഭികമായി സൂചിപ്പട്ടെ . നേരത്തെ ഉള്ളതിനേക്കാളും മൂന്നിരട്ടിയാക്കി  ഇപ്പോൾ അത് 300,000 റിയാലോ മറ്റോ ആണെന്ന് തോന്നുന്നു.  ഇത്തരം കേസുകളിൽ പെട്ട്  ഒരു പാട് ഡ്രൈവർമാർ ബ്ലഡ് മണി നൽകാൻ പറ്റാതെ ജയിലുകളിൽ ജീവിതം തള്ളിനീക്കുന്നത്  നാം വായിക്കാറുമുണ്ട്.)

 വഴി, പാത,  വാഹനം  ഇതൊക്കെ  ഉപകാരമാണ് മനുഷ്യന്.  അവ ഉപയോഗിക്കേണ്ട വിധത്തിൽ ഉപയോഗിച്ചാൽ. അതിന്റെ അവകാശം  വണ്ടി ഓടിക്കുന്നവർക്ക് മാത്രമല്ല കാൽ നടയാത്രക്കാർക്കും കൂടി ഉള്ളതാണ്.  അവിടെയും ചില ചിട്ടവട്ടങ്ങളും യെസ് -നോ കളുമുണ്ട്. റോഡ് നിയമങ്ങളും അതിന്റെ മര്യാദകളും എല്ലാവരും ആദരിച്ചേ മതിയാകൂ. വഴിയാത്രക്കാരന് റോഡ് മുറിച്ചു കടക്കാൻ വണ്ടിയോടിക്കുന്നവർ സന്മനസ്സ് കാണിക്കണം. എല്ലാ സമയവും നിങ്ങൾ വണ്ടിയിലല്ലല്ലോ, നിങ്ങളും നാളെ ഇതേ പോലെ റോഡ് മുറിച്ചു കടക്കേണ്ടവനുമാണ്. സിഗ്നലുകൾ, സീബ്രാ ലൈൻ ഇതൊക്കെ എല്ലാവരും പാലിക്കുവാനും ശഠിക്കണം. വെട്ടിച്ചും മിന്നിച്ചും ഓടിക്കാൻ ഒരിക്കലും പൊതു പാത ഉപയോഗിക്കരുത്. ഇന്ന് രാവിലെ പുതുതായി ഡ്രൈവിങ് ലൈസൻസ് കിട്ടി വണ്ടിയോടിക്കുന്നവരും ഈ നിരത്തിൽ തന്നെ ഉണ്ടെന്ന ബോധം ഓരോ ഡ്രൈവർമാർക്കുമുണ്ടാകണം. (കൊള്ളി പിശാച് എന്ന തലക്കെട്ടിൽ ഈ കുറിപ്പ് കാരൻ തന്നെ പ്രസ്തുത വിഷയം മുമ്പ് ഇതേ പംക്‌തിയിൽ  എഴുതിയിട്ടുണ്ട് )

വല്ലപ്പോഴും ഗൾഫ് നാടുകളിലെ ആസ്പത്രി കാഷ്വൽറ്റിയിൽ പോയവർക്ക് അവിടെ അനുഭവിക്കുന്ന ദീന രോദനം മറക്കാൻ കഴിയുമോ നിർത്താതെയുള്ള ആംബുലൻസിന്റെ സൈറൺ. ഓടിക്കിതച്ചു ഇറങ്ങുന്ന ബന്ധുക്കളും അല്ലാത്തവരും. പിന്നെ  സ്‌ട്രെച്ചർ. ജഡതുല്യ ശരീരങ്ങൾ. അവ   വാരിക്കൊണ്ടു ഓടുന്നവർ. അവയവയം നഷ്ടപ്പെട്ടവർ. അവരുടെ കൂട്ട നിലവിളികൾ. ബോധം നഷ്ടപ്പെട്ടവരും അല്ലാത്തവരും. അവിടെ ആരും ആരെയും കാണില്ല. അവർക്ക് ഓപ്പറേഷൻ തിയേറ്ററിൽ എത്തിയാൽ മതി. മെഡിക്കൽ ടീമിലെ ആരെയെങ്കിലും കണ്ടാൽ മതി. ജീവനുണ്ടോ ? അത് തിരിച്ചു കിട്ടുമോ ? അപകടം തരണം ചെയ്തോ ? നിലവിളികൾ നിസ്സഹായമാകുന്ന അവസ്ഥ.  നിദ്രാവിഹീനമായ രാത്രികൾ. ഫോണ്കോളുകൾക്ക് മറുപടി പറഞ്ഞു തളരുന്ന  പകലുകൾ.  Fraction of Second-ൽ നടന്ന സൂക്ഷമതക്കുറവിന്റെ ബാക്കി ചിത്രങ്ങൾ.  ഒരു അശ്രദ്ധയുടെ ബാക്കി പത്രങ്ങൾ.


ആരോട് പറയാൻ ? എന്നാലും അവനവനു ഒരു തീരുമാനത്തിലെത്താം - ഇനി ഒരു ദുരന്ത വാർത്ത നമ്മുടെ കൈപ്പിഴ കൊണ്ട് വരാതിരിക്കട്ടെയെന്ന്.

Monday, 18 July 2016

ബ്രിട്ടനിലെ പ്രതിസന്ധിയും ചില വസ്തുതകളും - അസ്‌ലം മാവില

നിരീക്ഷണം  27 JUN 2016

ബ്രിട്ടനിലെ പ്രതിസന്ധിയും
ചില വസ്തുതകളും

അസ്‌ലം മാവില

ബ്രിട്ടനിലെ കുടിയേറ്റവും തീവ്രവാദ ഭീഷണിയും പരസ്പരം കൂട്ടികെട്ടരുത്.  നാമം മാത്രമായ തീവ്ര വാദ ഭീഷണികളെ നേരിടുന്നതിൽ കഴിവ് കേട്ട സുരക്ഷാ സംവിധാനമാNo ബ്രിട്ടനിലുള്ളത് ? അത് തന്നെ ആ രാജ്യത്തെ നാം കൊഞ്ഞനം കുത്തുകയാണ്. 

എന്ത് കൊണ്ടാണ് BrEXIT പക്ഷം ജയിച്ചതും REMAIN പക്ഷം പിന്നോട്ട് പോയതെന്നും വിലയിരുത്താൻ സാമ്പത്തിക രാഷ്രീയ സാമൂഹിക നേതൃത്വം  ഇനിയും തയ്യാറാകണം. അവരുടെ പ്രചാരകരായി മാധ്യമങ്ങൾക്കും പ്രധാന പങ്കുണ്ട്.  ഇവിടെയുള്ള ഏതാനും ക്ഷിപ്ര  കമന്റ്സ് മൊതലാളിമാരെ സുഖിപ്പിക്കാൻ വേണ്ടി ഒരു മാധ്യമവും  പേന എടുക്കരുത്. ഒരു അന്തി ചർച്ചയും നടത്തരുത്.

കുടിയേറ്റ ഭീഷണി നേരിടുന്നത് ഈ.യു. വിലെ സഖ്യ രാഷ്ട്രങ്ങളിലെ പൗരന്മാരെയാണ്. അതിനു അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അല്പം കാശും സൗകര്യവും കിട്ടുന്ന സ്ഥലത്തേയ്ക്ക് ആരും ജോലി നോക്കി പോകും. പിന്നെയും കുറച്ചു കൂടി സുരക്ഷായുള്ള സ്ഥലങ്ങളിലേക്കെ യൂറോപ്പ്യന്മാർ ജോലി നോക്കി പോവുകയുള്ളൂ.

സാധാരണ ഏതു രാജ്യത്തുമുള്ള സ്വദേശികൾ  പോലെ പൊതുവെ ജോലിയുടെ കാര്യത്തിൽ ഉറക്കം തൂങ്ങികളാണ് ബ്രിട്ടനിലെ ജനതയും. സ്ത്രീകളാണ് പിന്നെയും അവിടെ ജോലിയിലും പഠനത്തിലും താല്പര്യം കാണിക്കുന്നത്. ശ്രീലങ്കയിലെ പോലെ ആണുങ്ങൾ കുടിച്ചും മദിച്ചും ജീവിതം കൂത്താടാനുമാണ് താല്പര്യം. അത്യാവശ്യം ബിസിനസ്സ് നല്ല നിലയിൽ മുന്നോട്ട് കൊണ്ട് പോകണമെന്ന് ആഗ്രഹിക്കുന്നവർ താരതമ്യേനെ കുറഞ്ഞ ശമ്പളത്തിൽ ഉത്തര വാദിത്തത്തോടെ പണിയെടുക്കുന്നവരേ അവിടെ നിർത്തൂ.  സ്വന്തം രാജ്യത്ത് കിട്ടുന്നതിനേക്കാളും സൗകര്യം തങ്ങൾക്ക് ബ്രിട്ടനിൽ  കിട്ടുമ്പോൾ സ്വാഭാവികമായും കുടിയേറ്റം കൂടുക സ്വാഭാവികം.  ബംഗാളി - പാകിസ്ഥാനി - ഇന്ത്യൻ - ഫിലി- നേപ്പാൾ തുടങ്ങിയ മൂന്നാം ലോക  വംശജർക്ക് അവിടെ എന്ത് ജോലിയാണ് കിട്ടുക എന്നു അവിടെ ഉള്ളവർ പറയട്ടെ.

കോമൺമാനിനു ആവശ്യമായ വസ്തുക്കൾ മിതമായ വിലയ്ക്ക് ബ്രിട്ടൻ ബ്രാൻഡഡ് വസ്തുക്കൾ ഉണ്ടെങ്കിൽ അവിടെയും ചെലവാകും. ഇല്ലെങ്കിൽ ചൈന പോലുള്ള രാജ്യങ്ങൾ വിപണി കീഴടക്കും. (ചൈന മാൽ ബാക്കിയുള്ളവർ കരുതുന്നത് പോലെ    മുഴുവൻ ക്വളിറ്റി കുറഞ്ഞതല്ല. ). ഓരോ ഏരിയക്കാരുടെ അഭിരുചിക്കും മുടക്കുന്ന കാശിനു അനുസരിച്ചും അവർ ''വഹകൾ'' ഉണ്ടാക്കി തരുമെന്ന് ഒരു വട്ടമെങ്കിലും ഫെയറിനു ഫാർ ഈസ്റ്റ് രാജ്യങ്ങൾ സന്ദർശിച്ചവരോട് ചോദിച്ചാൽ അറിയാം.  അല്ലാതെ അതിരാവിലെ ഓൺലൈനിൽ കുത്തിയിരുന്ന് അസഹിഷ്ണുതയ്ക്ക് വക നോക്കുന്നവർക്ക് എന്ത്  ''ഫെയർ'' എന്ത് ''ഫയർ'' ? ആടെന്നതറിഞ്ഞു അങ്ങാടി വാണിഭം ?

ബ്രിട്ടൻ ഒരു പക്ഷെ പിടിച്ചു നിൽക്കുന്നത് തന്നെ മെഡിക്കൽ അടക്കമുള്ള  വിദ്യാഭ്യാസ സ്ഥാപനങ്ങളും ടൂറിസ്റ്റു വരുമാനങ്ങൾ കൊണ്ടുമാണെന്ന് ആർക്കാണ് അറിഞ്ഞു കൂടാത്തത് ? BrEXIT അനുകൂലികൾക്ക് അപ്പം കിട്ടാൻ പ്രയാസപ്പെടുമ്പോൾ അതു മനസ്സിലാകും, തങ്ങൾ ചെയ്തത് മരമണ്ടത്തരം ആയിപ്പോയെന്നു. തമിഴന്മാരുടെ ബുദ്ധിയുടെ ലെവലിനപ്പുറം ഇവരും പോയിട്ടില്ല. ചില രക്ത സമ്മർദ്ദ രാഷ്ട്രീയ നേതൃത്വം തരുന്ന തെറ്റായ സന്ദേശവും കുറച്ചു ഓഫറുകളും കിട്ടുമ്പോൾ രാഷ്ട്രത്തിന്റെ വരും വരായ്കകൾ എന്താണെന്ന് ചിന്തിക്കില്ല. 

ഈ.യു. ആസ്ഥാനമായ ബ്രസ്സൽസും ഒരല്പം മസ്സിൽ പിടുത്തം ഒഴിവാക്കിയിരുന്നെങ്കിൽ ബ്രിട്ടനിൽ BrEXIT വിജയം വരിക്കില്ലെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. യൂറോയുടെ ആടിക്കളിയും ക്ലച്ചു പിടിച്ചിട്ടില്ല. യൂറോപ്പ്യൻ യൂണിയൻ നല്ലത് തന്നെ, യൂറോ തികഞ്ഞ പരാജയമെന്നാണ് ഇഗ്ളീഷുകാരുടെ പക്ഷം.  തങ്ങളുടെ രാഷ്ട്ര താല്പര്യങ്ങളെ മറികടക്കുന്ന നിലപാടുകൾ യൂറോപ്യൻ യൂണിയൻ കൈകൊള്ളുന്നുവെന്നതും പൊതുവെ ഫ്രാൻസ് , ബ്രിട്ടൻ തുടങ്ങിവരിൽ നിന്നു കേൾക്കുന്നതും ബ്രസ്സൽസ് ചെവി കൊണ്ടില്ല. ഗ്രീസിനെക്കാളും മുമ്പിൽ ഫ്രാൻസ് ആയിരിക്കും അടുത്ത EXIT അടിച്ചു പോകാൻ കൂടുതൽ സാധ്യത.  എന്റെ കൂടെ ജോലി ചെയ്യുന്ന ജ്യോർജിയോ  എന്ന ഗ്രീസുകാരനായ  മെക്കാനിക്കൽ എൻജിനീയർ ഒരു രക്ത സമ്മർദ്ദ ഗ്രൂപ്പിൽ പെട്ട  കക്ഷിയാണ്. അയാളെ പോലുള്ളവർക്ക് ഇതൊക്കെ പ്രചോദനമാകുമായിരിക്കും. 

മുമ്പത്തെ പോലെയല്ലല്ലോ ആഗോള സാമ്പത്തിക നിലയും നിയന്ത്രണവും. പല ഫാക്ടേർസും ഉണ്ട്. അവ സാധാരണ ജനങ്ങൾ അറിഞ്ഞു കൂടണമെന്നുമില്ല. മനുഷ്യ സമ്പത്തു അടക്കം  വിറ്റഴിക്കാനും വാങ്ങിപ്പിക്കാനും മയത്തിലും ആയത്തിലും സാധിക്കുന്നവർക്കേ ഇനി ഭാവിയുള്ളൂ. കമ്പോളവും കച്ചവടക്കാരനും സ്വസ്ഥത കിട്ടിയാലേ ഇനിയങ്ങോട്ട് മുന്നോട്ട് പോകാനാവൂ.  മസ്സിൽ പിടിച്ചവനൊക്കെ അനുഭവിക്കുമ്പോൾ അറിയും.


കൂട്ടാത്തതിൽ പറയട്ടെ, അസഹിഷ്ണുതാ വിവാദങ്ങളും ചില നിർബന്ധിത നിരോധങ്ങളും ചൂട് പിടിക്കുന്ന ഇന്ത്യയിൽ അതിനെതിരെ   ആർ. ബി. ഐ. ഗവർണർ രഘുറാം രാജനെ പോലുള്ളവർ വിമ്മിഷ്ടം അറിയിച്ചത്   വെറുതെ ആയിരിക്കില്ലല്ലോ.  (അദ്ദേഹത്തിന്റെ കസേര ഇളക്കാൻ നിലവിലെ ഭരണ കൂടം കണ്ട കാര്യങ്ങളിൽ ഒന്നു ഇതും കൂടിയാണെന്നത് അരമന രഹസ്യം. സുബ്രു സാമിയെ മുന്നിൽ നിർത്തി  ശ്രദ്ധ തിരിച്ചു വിട്ടത് ജെയ്റ്റ്‌ലി കുതന്ത്രം മാത്രം ).  എല്ലാം ''മഹല്ലി'' (സ്വദേശം) എന്നു പറഞ്ഞു നടന്നാൽ രണ്ടു മൂന്ന് നൂറ്റാണ്ട് പിന്നോട്ടേക്ക് കാളവണ്ടിയെ തിരിക്കേണ്ടി വരും.  

ഇത്തരം സന്ദർഭങ്ങളിൽ ചെയ്യേണ്ടത് ... - ASLAM MAVILAE

ഇത്തരം സന്ദർഭങ്ങളിൽ ചെയ്യേണ്ടത് ...

നാട്ടിൽ ഇപ്പോൾ ചിലർ ഒറ്റയ്ക്കും കൂട്ടായും ബുക്കും പെന്നുമായി ഇറങ്ങിയിട്ടുണ്ട്. പേര് സർവ്വേ. എന്ത് സർവ്വേ  ? എവിടത്തെ സർവ്വേ ? വന്നവന് അറിയില്ല. പിന്നെ ? കുറെ ഡാറ്റാസ് ചോദിക്കും. എന്തിനു  ?  അതും വന്നവന് അറിയില്ല.

എന്ത് ചെയ്യണം ? അവർ ആരാണ് ? എന്താണ് ഡെസിഗ്നേഷൻ ? ഏത് സ്ഥാപനത്തിൽ ജോലി ? ഐഡന്റിറ്റി കാർഡ് ?  ഇതിന് ഇറങ്ങി പുറപ്പെട്ടവന്റെ  മേലുദ്യോഗസ്ഥന്റെ കടലാസ് ? പത്ര കട്ടിങ് ?  അതൊക്കെ അന്വേഷിക്കണം. വന്ന സ്ഥിതിക്ക്  നിങ്ങളുടെ ഒരു ഫോട്ടോ എടുക്കുന്നതിൽ വിരോധമുണ്ടോ എന്നും ചോദിക്കുക. ഉടനെ നിങ്ങളുടെ വാർഡ് മെമ്പറെ വിളിക്കുക. നിങ്ങളുടെ അടുത്ത ബന്ധുക്കളെ, അയൽവീട്ടുകാരെ, ഉത്തരവാദ പെട്ടവരെ എല്ലാവരെയും വിളിച്ചു  അന്വേഷിക്കുക. സംഭവം ന്യായമെങ്കിൽ സർവ്വേ വിവരം മാത്രമല്ല, ആണുങ്ങളുള്ള വീടാണെങ്കിൽ സർബത്തും കൊടുത്തു വിടുക.   അല്ലെങ്കിൽ ''സർവ്വത്താലും'' ഒന്നും പറഞ്ഞു കൊടുക്കരുത്.  നാട്ടാരെ നന്നാക്കികളയാം എന്നു തീരുമാനിച്ചു ഒരു ഉദ്യോഗസ്ഥനും സർവ്വേ എന്നും പറഞ്ഞിറങ്ങില്ല.  കാരണമില്ലെങ്കിൽ സംതിങ് റോങ്.

ഇല്ലെങ്കിൽ ''സാർ , വാ'' എന്നു തന്നെ സർവ്വേയുടെ പേരും പറഞ്ഞു   അയച്ചവനെ വിളിച്ചു പറയുന്നത് വരെ അവിടെ ഇരുത്തുക. മീഡിയ, പോലീസ് അറിയിച്ചു വിവരം കൈമാറുക.  പണ്ട് ചേര പോയ കഥ പോലെ ആകരുത്, ഇനി ഒരിക്കലും അപരിചിതൻ നമ്മുടെ നാടുകളിൽ വന്നു വിളവത്തരം കാണിച്ചു പോകാൻ. കുറച്ചു ദിവസങ്ങൾ മുമ്പല്ലേ വാനിൽ വന്നു തൊട്ടടുത്തുള്ള  പെണ്ണുങ്ങൾ ബഹളം വെച്ചപ്പോൾ ഓടിക്കളഞ്ഞത്.

ജാഗ്രത, മൊബൈൽ ഫോൺ ഉപയോഗിക്കേണ്ടിടത്തു ഉപയോഗിക്കുക എല്ലാവരും. 

തുർക്കിയിൽ സംഭവിക്കുന്നതെന്ത് ?/ അസ്‌ലം മാവില

തുർക്കിയിൽ സംഭവിക്കുന്നതെന്ത് ?   16 July 2016http://www.kvartha.com/2016/07/what-is-happening-to-in-turkey.html

അസ്‌ലം മാവില

എട്ടു രാജ്യങ്ങളാൽ അതിർത്തി പങ്കിടുന്ന തുർക്കിയിൽ ഇന്നലെ നടന്ന പട്ടാള വിപ്ലവ ശ്രമം പെട്ടെന്ന് തട്ടിക്കൂട്ടി ഉണ്ടാക്കിയതല്ലെന്നു വേണം കരുതാൻ. തുർക്കിയുടെ തെക്ക് പടിഞ്ഞാറുള്ള റിസോർട്ടിൽ  പ്രസിഡന്റ്  വിശ്രമിക്കാൻ പോയ നേരത്താണ് പട്ടാള വിപ്ലവ ശ്രമം നടക്കുന്നത്.  എർദോഗാൻ ഇസ്ലതാംബൂളിക്ക് പറന്നയുടനെ റിസോർട്ടിൽ ബോംബാക്രമണം നടക്കുകയും നാലിലധികം പേർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.  വളരെ കരുതലോടെയുള്ള പ്ലാനായിട്ടാണ് അട്ടിമറിശ്രമത്തെ കാണേണ്ടത്. ഇതു വരെ 734 പേരെ അറസ്റ്റ് ചെയ്തെന്നു തുർക്കി നീതി ന്യായ വകുപ്പ് മാതിരി ബെക്കിർ ബൊസ്താഗ് പുതിയ പത്രക്കുറിപ്പിൽ അറിയിച്ചു.  ഇന്നലെ തുർക്കി തലസ്ഥാനമായ അങ്കാരയിൽ ഏതാനും ഹെലികോപ്റ്ററുകളും എയർപോർട്ടുകൾ കയ്യടിക്കിയാണ് വിമത സൈന്യം പട്ടാള അട്ടിമറിക്ക് ശ്രമം നടത്തിയത്. ജനാധിപത്യ സംവിധാനം നിലനിർത്തുന്നതിലുംജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരുന്നതിലും  നിലവിലുള്ള ഭരണകൂടം  പരാജപ്പെട്ടുവെന്നായിരുന്നു സൈനികർ അട്ടിമറി ശ്രമത്തിനു കാരണമായി പ്രസ്താവന പുറപ്പെടുവിച്ചത്.  തുർക്കി പാർലമെന്റിനു മന്ദിരത്തിനു നേരെയും ആക്രമണം നടന്നുവെന്നും നേരത്തെ  റിപ്പോർട്ടുണ്ട്.

ഇറാനും സിറിയയും ഇങ്ങു ഗ്രീസ് വരെ തുർക്കിയുടേത് അയൽരാജ്യങ്ങളാണ്.  600 വർഷത്തിലധികം ഓട്ടോമൻ ഭരണത്തിന് കീഴിലായിരുന്നു തുർക്കി. 1923 മുതലാണ് തുർക്കി സ്വാതന്ത്രമാകുന്നത്. (കൃത്യമായി പറഞ്ഞാൽ ഒന്നാം ലോകമഹാ യുദ്ധാനന്തരം.). അതു വരെ വ്യത്യസ്ത സാമ്രാജ്യത്വത്തിനും ഭരണകൂടത്തിനും കീഴിലായിരുന്നു തുർക്കി. മുസ്തഫ കമാൽ പാഷയ്ക്ക് ഇതിൽ നിർണായ പങ്കുമുണ്ട്. ഓട്ടാമൻ ഭരണ കൂടം തകർച്ചയും  ഒന്നാം ലോകമഹായുദ്ധത്തിലെ നിർണ്ണായക സംഭവം കൂടിയായിരുന്നു.

തുർക്കി  അമേരിക്കയുടെ കൂട്ടുകാരനാണ്. അവിടെയുള്ള ജനസംഖ്യയിൽ 30 ശതമാനത്തോളം അമേരിക്ക, ഗ്രീസ്, ഇസ്രയേലികളിൽ പെട്ടവരാണ്. തുർക്കിയിൽ നടന്ന അട്ടിമറി ശ്രമത്തെ അമേരിക്ക അപലപിച്ചു. ജനാധിപത്യ സംവിധാനം നിലനിർത്താൻ തന്റെ രാജ്യത്തിന്റെ എല്ലാ പിന്തുണയും  അമേരിക്കൻ പ്രസിഡന്റ് ഒബാമ  അറിയിച്ചു. റഷ്യൻ പ്രസിഡന്റ് വളരെ കരുതലോടെയാണ് പ്രതികരിച്ചത്. ''ആരാണോ നിലവിൽ തുർക്കിയിലെ ഭരണകൂടം അവർക്കാണ് തുർക്കിയിൽ തങ്ങിയ  റഷ്യൻ പൗരന്മാരെ തിരിച്ചയയ്ക്കാൻ ഉത്തര വാദിത്വം.'' പുടിന്റെ ഈ പ്രസ്താവനയുടെ വരികൾക്കിടയിലെ അർത്ഥം  രാഷ്ട്രീയ നിരീക്ഷകർ ആകാംക്ഷയോടെയാണ് കാണുന്നത്.

രണ്ടാം ലോകമഹാ യുദ്ധത്തോടെയാണ് തുർക്കി അടവ് നയം തുടങ്ങിയത്. സോവ്യയറ്റ് യൂണിയനുമായി തെറ്റി. അമേരിക്കയുമായി ചങ്ങാത്തമായി. അതിന്റെ സമ്മാനമായി നാറ്റോയിൽ അംഗത്വവും കിട്ടി. അമേരിക്ക തുർക്കിയെ നന്നായി ഉപയോഗിച്ചു. ഇസ്രായിലിനും തുർക്കിയുടെ ചങ്ങാത്തം പിന്നീട് ആവശ്യമായി. നിലവിൽ കുർദ്ദുകളുടെ ആഭ്യന്തര പ്രശ്നവും ഗ്രീസുമായി അതിർത്തി തർക്കവും ഉണ്ട് താനും.
ഗ്രീസിനും തുർക്കിക്കുമിടയിൽ ഒഴുകുന്ന മേറിസ് നദിയ്ക്ക് അത്ര സുഖകരമായ വാർത്തകളല്ല പറയാനുള്ളത്. കാൽക്കോടിയിലധികം വിനോദ സഞ്ചാരികളെത്തുന്ന സൈപ്രസിനെ ചൊല്ലിയാണ് ഇവരുടെ തർക്കം. ഇതൊരു ദ്വീപ് രാജ്യമാണ് താനും. തുർക്കി അതിന്റെ മൂന്നിലൊന്നു അമേരിക്കയുടെ മൗനാനുവാദത്തോടു കൂടി  പിടിച്ചെടുത്തതിന് ശേഷമുണ്ടായ സംഭവികാസങ്ങൾ ഇപ്പോഴും അപരിഹാര്യതർക്കമായി തുടരുന്നു. തുർക്കി സഹായത്തോടു കൂടി ഒരു രാഷ്ട്രീയ സംവിധാനം അവിടെ തുടരുന്നുമുണ്ട്.

ജനാധിപത്യ സംവിധാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണ് തുർക്കിയിൽ തയ്യിപ് എർദോഗാനിന്റേത്. അദ്ദേഹത്തിന്റെ പ്രതിയോഗിയും അമേരിക്കയിൽ പ്രവാസം നയിക്കുകയും ചെയ്യുന്ന ഫെതുല്ലാഹ് ഗുലനാന്റെ ഗൃഹപാഠമാണ് പട്ടാള അട്ടിമറി ശ്രമത്തിനു പിന്നിലെന്നാണ് പുതിയ ആരോപണം. ഷാ ഭരണ കാലത്തെ പ്രവാസം നയിച്ചു ഖുമൈനി നടത്തിയ  തീപ്പൊരി പ്രസംഗം പോലെ ഫെതുല്ലായുടെ പ്രസംഗങ്ങൾ വിമത നീക്കത്തിന് ആക്കം കൂട്ടിയെന്നു എർദോഗാൻ ആണയിടുന്നു.  അതേസമയം അമേരിക്കയിൽ പ്രവാസ ജീവിതം നയിക്കുന്ന ഫെതുല്ലാഹ് ഈ ആരോപണം നിഷേധിച്ചു.  ''കെട്ടിച്ചമച്ചത്'' എന്നാണ് അദ്ദേഹമിതിനെ വിശേഷിപ്പിച്ചത്..
പട്ടാള അട്ടിമറി ശ്രമം നടന്നപ്പോൾ സിറിയയിലെ ഒരു വിഭാഗം ആഘോഷപ്രകടനം നടത്തിയതും  ഗ്രീസ് അർത്ഥ ഗർഭമായി മൗനം പാലിക്കുന്നതും  ഇറാൻ എർഡോഗാണിന് പരസ്യമായി പിന്തുണ നൽകിയതും വരും ദിനങ്ങളിൽ വാർത്തകൾക്ക് വക നൽകും. തുർക്കിയിലെ രണ്ടു പ്രധാന പ്രതിപക്ഷ പാർട്ടികളായ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടിയും നാഷണൽ മൂവ്മെന്റ് പാർട്ടിയും തങ്ങൾ പട്ടാള അട്ടിമറി ശ്രമത്തിനു കൂട്ടു നിന്നിട്ടില്ലെന്നു പ്രസ്താവന ഇറക്കിയിട്ടുണ്ട്.  ജനാധിപത്യ സംവിധാനത്തിൽ വിശ്വസിക്കുന്ന ഞങ്ങൾ തുർക്കി രാഷ്ട്രത്തിലെ നിലവിലെ സംവിധാനത്തോടൊപ്പമാണെന്നും പ്രതിപക്ഷ പാർട്ടി നേത്രുത്വങ്ങൾ പറഞ്ഞു കഴിഞ്ഞു.  അതേസമയം, അട്ടിമറിക്ക് പിന്നിൽ പ്രവർത്തിച്ചവർ യാതൊരു ദയയും അര്ഹിക്കുന്നില്ലെന്നും അർഹിക്കുന്ന  ശിക്ഷ അവരെ കാത്തിരിക്കുകയാണെന്നും  തുർക്കി പ്രധാനമന്ത്രി ബിനാലി ഇൽഡ്രിം അറിയിച്ചു.

ഫ്രാൻസിൽ മിനിഞ്ഞാന്ന് നടന്ന ഭീകരാക്രമണത്തെ അപലപിച്ചു ഫ്രാൻസാനുകൂല നിലപാടുപാടുമായി ഇന്നലെ ടർക്കിഷ് ഭരണകൂടം ഐക്യദാർഢ്യമാചരിക്കുന്ന ദിവസം തന്നെ ഈ ഒരു അട്ടിമറി ശ്രമമുണ്ടായത് ലോക രാഷ്ട്രങ്ങളും രാഷ്ട്രീയ നിരീക്ഷകരും കരുതലോടെയാണ് നോക്കി കാണുന്നത്.

ഇന്ത്യൻ സമൂഹത്തിനു തുർക്കിയിൽ യാതൊരു ഭീഷണിയുമില്ലെന്നും എല്ലാവരും സുരക്ഷിതരെന്നും ഇന്ത്യൻ എംബസി അറിയിച്ചു. ആരും പുറത്തിറങ്ങരുതെന്നും തങ്ങളുടെ താമസ സ്ഥലത്തു തന്നെ കഴിഞ്ഞു കൂടാനും  എംബസിയിൽ നിന്ന് ഇറക്കിയ ട്വീറ്റിൽ ഇന്ത്യൻ വിദേശകാര്യ ഔദ്യോഗിക വക്താവ്  വികാസ്പ സ്വരൂപ്  അറിയിച്ചു.

പട്ടാള വിപ്ലവം ആധുനിക തുർക്കിക്ക് പുതിയതല്ല.  കമാലിസത്തിനു (ഇസ്‌ലാമിക പാരമ്പര്യത്തെ ഇല്ലായ്മ ചെയ്തു കൊണ്ടു  നടപ്പിലാക്കിയ ജനാധിപത്യവൽക്കരണം, ദേശീയത, ജനപ്രിയ നയം, പരിവർത്തനവാദം, മതനിരപേക്ഷത, രാഷ്ട്രവാദം തുടങ്ങിയ വിഷയത്തിൽ കമാൽ പാഷ വിഭാവനം ചെയ്ത തുർക്കിയിൽ പ്രയോഗവൽക്കരിച്ച  തത്ത്വങ്ങൾ) ശേഷം തുർക്കിയിൽ ഇതിനു മുമ്പും നാലിലധികം തവണ പട്ടാള വിപ്ലവം നടന്നിട്ടുണ്ട്.  അതിന്റെ പ്രയാസങ്ങൾ തുർക്കി ജനതയ്ക്കും രാഷ്ട്രീയ നേതൃത്വത്തിനും   നന്നായി അറിയാം.
ഇതാദ്യമായാണ് പതിവിലും വിപരീതമായി തുർക്കി പോലെയുള്ള ഒരു  രാജ്യത്തു  പൊതു ജനങ്ങൾ നിരത്തിലിറങ്ങി രക്ഷാ കവചം തീർത്തു പട്ടാള അട്ടിമറി ശ്രമ ത്തെ ചെറുത്തു നിൽക്കുന്നത്. വിമത സൈനികരെ ചെറുക്കാൻ തങ്ങളുടെ വാതിൽ തുറന്നു തെരുവിലിറങ്ങണമെന്നു ആവശ്യപ്പെടുമ്പോൾ ശിരസാ വഹിക്കാൻ ജനങ്ങൾ തയ്യാറായതും അത് ആവശ്യപ്പെടുന്ന പ്രസിഡന്റിൽ എന്തെങ്കിലും ഗുണഗണങ്ങൾ കണ്ടായിരിക്കുമല്ലോ.  പൊതു സമൂഹത്തിന്റെ വികാരം മനസ്സിലാക്കി  പ്രതിപക്ഷവും അവസരത്തിനൊത്തു ഉയർന്നതിലും നല്ല സന്ദേശമുണ്ട്.


തുർക്കിയിൽ നിലവിലുള്ള ജനാധിപത്യ സംവിധാനം തന്നെ തുടരുമെന്ന് തന്നെയാണ് പ്രതീക്ഷ. അട്ടിമറിയുടെ പിന്നിൽ നടന്ന  അണിയറ നീക്കങ്ങൾ  ഉടനെ പുറത്തു വരുമെന്നും ലോകം പ്രതീക്ഷിക്കുന്നു. ഒരു പക്ഷെഅപ്രതീക്ഷിതമായി ലോക രാഷ്ട്രങ്ങളിലെ മുന്നണികളിൽ നിൽക്കുന്ന ഒന്നു രണ്ടു  രാജ്യങ്ങളിലേക്കൊന്നിനു നേരെ പാഴായെന്നു പറയുന്ന അട്ടിമറി ശ്രമത്തിന്റെ വിരൽ  ചൂണ്ടിയാലും അത്ഭുതപ്പെടാനില്ല.