Monday 8 October 2018

എവിടെ യുവാക്കൾ ? ഇതും കാണുന്നില്ലേ ? / അസ്ലം മാവില

എവിടെ യുവാക്കൾ ?
ഇതും കാണുന്നില്ലേ ?

അസ്ലം മാവില

ഇന്ന് രാവിലെ മുതൽ വാട്സ്ആപ്പിൽ കറങ്ങുന്ന പട്ല പ്രദേശത്തെ മലിനഫോട്ടോകൾ കണ്ടാൽ ആദ്യം കാണുന്നവർക്ക്  തോന്നുക ഇത് ധാറാവിയിലെയോ മാട്ടുംഗയിലെയോ അഴുക്ക് ചാലെന്ന്, ചേരിപ്രദേശത്തെ ഇടമെന്ന്. (ആദിവാസി "സ്ലം" വരെ ഇപ്പോൾ ഇങ്ങിനെ ഉണ്ടാകില്ല. )

അങ്ങിനെ ആയിരുന്നെങ്കിൽ ചർച്ചയ്ക്കും ആള് കാണും. അത് പോകട്ടെ, തൊട്ടടുത്ത പ്രദേശമാണ് ഇമ്മാതിരി സ്പോട്ടെങ്കിൽ അതിനെതിരെയും  എല്ലാവരും ഇറങ്ങിയേനേ !

പട്ലയിലെ ഈ ചിത്രങ്ങൾ കണ്ടിട്ടും  നിർവ്വികാരനായി വെളുക്കെച്ചിരിക്കാൻ തോന്നുന്നുണ്ടെങ്കിൽ ഹാ കഷ്ടം എന്നേ പറയേണ്ടൂ.

"യുവാക്കൾ ഉണ്ട്. യുവത്വമില്ല. 35 വയസ്സിന് താഴെയുള്ളവരുണ്ട്, അവർക്ക് ഉശിരില്ല. കായബലമുണ്ട്, അവർക്കതിന്റെ ശരിയായ ഉപയോഗമറിയില്ല.............. നിങ്ങളുടെ യുവത്വം എനിക്ക് തരൂ, അൽപനേരം ഞാനതുപയോഗിച്ച് നിങ്ങൾക്ക് തിരിച്ചു തരാം"   - സലാഹുദ്ദീൻ അയ്യൂബി ഇവിടെയും വന്ന് പ്രസംഗിക്കുമായിരുന്നു. അദ്ദേഹം പക്ഷെ, ഇന്ന്  ജീവിച്ചിരിപ്പില്ലല്ലോ.

ആ വാചകം ഞാൻ ഇവിടെയുള്ള യുവാക്കളുടെ നേരെ തിരിക്കുന്നു. കാരണമെന്തുമാകട്ടെ, ഞായമെന്തുമാകട്ടെ, അതെല്ലാം തൽക്കാലം മാറ്റി വെച്ച് നിങ്ങൾക്കീ വഴിയുടെ കാവലാളാകാൻ പറ്റുമോ ?

നൂറ് പ്രസംഗങ്ങൾ നൂറായിരം വട്ടം കേട്ടിട്ടും ഒരു ഫലവുമില്ല, വഴി തടസ്സം ഒഴിവാക്കാൻ പറ്റുന്നില്ലെങ്കിൽ ! വിശ്വാസിയുടെ ഏറ്റവും അവസാനത്തെ ഇന്ധനമാണ് വഴി തടസ്സം നീക്കൽ. അതുമില്ലങ്കിൽ, ഹേയ്,  അയാൾക്ക് ആധാർകാർഡും റേഷൻ കാർഡുമെന്തിന് ? മനുഷ്യർക്കല്ലേ അതൊക്കെ പറഞ്ഞത് കൂട്ടരേ ?

ഒരു ചാക്ക് പൂഴി കൊണ്ട് പോകുന്നത് കാണുമ്പോൾ, ഒരു ലോഡ് മണ്ണിറങ്ങുന്നത് കാണുമ്പോൾ, വീടിനൊരു കുറ്റിയടിക്കുന്നത് കാണുമ്പോൾ, എല്ലാ തിരക്കും മാറ്റി വെച്ച്,  അധികാരികൾക്ക് ഫോൺ വിളിക്കാൻ തോന്നുന്നവർക്ക് ഇതൊന്നും കാണുന്നുമില്ല. അല്ലേ ? കഷ്ടം !

കൂട്ടത്തിൽ മറ്റൊന്ന് കൂടി, ഫോട്ടോ ഇടുന്നവരടക്കം ഒരു രാത്രി ഉറക്കമൊഴിവാക്കിയാൽ തീരുന്ന വിഷയമാണിത്. ആര് കൊണ്ടിടുന്നുവെന്ന് നേരിട്ട് കാണാമല്ലോ. പുറത്ത് നിന്ന് ഏതായാലുമായിരിക്കില്ല.  അസുഖം വന്ന് ആശുപത്രിയിൽ ആറ്നാള് കൂട്ടിനിരിക്കുന്നതിലും ഭേദമല്ലേ, ഓരോ വീട്ടിലെയും ഒരാൾ വീതം ഓരോ ദിവസം കാവലിരുന്നാൽ.

ചാലിയാറിലെ മലിനത്തിൽ നിന്നാണ് അബ്ദുറഹിമാനെപ്പോലുള്ള സാമൂഹ്യ പ്രവർത്തകർക്ക് പോലും കാൻസർ അസുഖം ബാധിച്ചത്. പകർച്ചവ്യാധിയും അലർജിക് അസുഖങ്ങളും വന്നാൽ വലിയ ഒരു മരുന്ന്കട തന്നെ വീട്ടിൽ കൊണ്ട് വെച്ചാലും തികയില്ല. പണക്കാരനും ഇല്ലാത്തവനും രോഗത്തിന് ഒരേ കണക്കാണ്. (അങ്ങിനെല്ലായിരുന്നെങ്കിൽ ക്യാൻസർ ബാധിച്ച ജോർദ്ദാൻ രാജാവ് ജീവിച്ചിരുന്നേനേ ! ) അത്കൊണ്ട് ആ പരിസരത്തുള്ളവർ ഇറങ്ങിപ്പുറപ്പെടുക. പരസ്പരം സഹകരിക്കുക. അരമണിക്കുർ മതി, നിങ്ങൾക്കതൊന്ന് വൃത്തിയാക്കാൻ.

ഞങ്ങളെപ്പോലുള്ളവരുടെ സഹകരണം വേണമെങ്കിൽ യുവാക്കൾക്ക്  പറയാം.  ഈസ്റ്റ് ലൈനിലും പരിസരത്തുമുള്ള യുവാക്കളും വിദ്യാർഥികളും ഈ വിഷയത്തിലാണ് സജിവമാകേണ്ടത്,  ഒന്നിക്കേണ്ടത്.  കളിയും കാര്യവും പാൽപായസവുമൊക്കെ നമുക്ക് പിന്നെയുമാകാം. ആരോഗ്യമാണാദ്യം വേണ്ടത്.

ഇക്കഴിഞ്ഞ രണ്ട് മാസം മുമ്പ്, ഒരു കല്യാണദിവസം ,  പട്ടാപകൽ ഒരു സാമുഹ്യ ദ്രോഹി റിക്ഷയിൽ കോഴിയുടെ പപ്പും പൂടയും കുടലും കുണ്ടാമണ്ടിയും പട്ലയുടെ പുഴയിലേക്കെറിഞ്ഞപ്പോൾ, അവന്റെയും കൂട്ടാളിയുടെയും കൊങ്ങയ്ക്ക് പിടിച്ച്, തിരിച്ചെടുപ്പിച്ച് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ഏത്തമിടിപ്പിച്ച്, ഫോട്ടോയും എടുത്ത് തിരിച്ചയച്ചത് ഓർമ്മ വരുന്നു. 

മുന്നിട്ടിറങ്ങുക. മഹല്ലുകളിലും സ്രാമ്പികളിലും അഞ്ച് നേരവും ഈ വിഷയം സംസാരിക്കുക. ഇല്ലെങ്കിൽ ഹരിത പട്ല പടി കടക്കും,   മലിന പട്ല കടന്നു വരും.  ജാഗ്രത !

No comments:

Post a Comment