Sunday 14 October 2018

1977ലെ പുളിമരത്തണലോരം / പ ര മ്പ ര – (നാല്) / അസീസ് പട്ല

🍃 🍃 🍃 🍃 🍃

*1977ലെ പുളിമരത്തണലോരം*

*പ ര മ്പ ര – (നാല്)*

*BEST SONGS ARE THOSE…*
       *THAT SING SAD THOUGHTS…*

*അസീസ്‌ പട്ള✍*

അധ്യായന വര്‍ഷം തുടങ്ങി ഇത് മൂന്നാം മാസമാണ്, മാനത്തെ ഇരുണ്ട കാര്‍മേഘങ്ങളെ പിന്നെയും നിറഞ്ഞ ചിരിയോടെ സൂര്യന്‍ തെളിയിച്ചു, പച്ചപ്പിനാലും നിറപൂക്കളാലും പ്രകൃതി സമൃദ്ധമായി, ചെറുപുഷ്പങ്ങളും, സഹപത്രങ്ങളും വിടര്‍ന്നു പൂമ്പാറ്റയെ ആകര്‍ഷിപ്പിക്കാന്‍ മാല്‍സര്യത്തോടെ  ത്രസിച്ചുനിന്നു., കര്‍ഷകര്‍ക്ക് വിളവെടുപ്പിന്‍റെ സന്തോഷം, കടലമ്മയില്‍ കണ്ണും നട്ടു നീണ്ട മൂന്നു മാസക്കാലം അരവയരായി കഴിഞ്ഞ അരയന്മാര്‍ വള്ളവും വലയുമായി ഹോയ്യാരെ..ഹോയ്...പാടി...തിരമാലകളുടെ ആന്ദോളനത്തില്‍ ആനന്ദമാടി....എവിടെയും സന്തോഷം അലതല്ലുന്ന നിമിഷങ്ങള്‍..

അതിനിടയ്ക്കാണ് ചുവന്ന വാലുള്ള ഒരു തുമ്പി (പൂത്തുമ്പി) അതിലൂടെ പറന്നുപോകുന്ന കാഴ്ച കണ്ട ഒരു കുട്ടി
“കല്ലിര്‍ക്കീ” “കല്ലിര്‍ക്കീ” ന്നും പറഞ്ഞു ഉച്ചത്തില്‍ തുള്ളിച്ചാടി.... എനിക്കൊന്നും  മനസ്സിലായില്ല, ഞങ്ങള്‍ ആ തുമ്പിയെ “പാറ്റ” എന്നാണു പറഞ്ഞിരുന്നത്, ആ കുട്ടിയോട് എന്തിനാ ആ തുമ്പിയെ അങ്ങിനെ വിളിക്കുന്നതെന്നു  ചോദിച്ചപ്പോള്‍ പറയുവാ....
“ചെറീയ കല്ല്‌ കാണിച്ചു കൊടുത്താല്‍ അത് ഇറുക്കി എടുക്കുമെന്ന്,” രോഷം പുറമേ കാണിക്കാതെ ഞാന്‍ മനസ്സില്‍ പറഞ്ഞു, കടല കാണിച്ചാലും മഞ്ചാടിക്കുരു കാണിച്ചാലും ഇറുക്കി എടുക്കും എന്‍റെ കിറുക്കാ..  ഹല്ലേ...... ഭോഷത്തരം... അല്ലാണ്ടെന്താ പറയ്യാ... ഈ കുട്ടീടൊരു കാര്യേ...?!
ങാ... അത് പറയുമ്പോഴാ മറ്റൊരു സംഭവം ഓര്‍മ്മ വന്നത്, ഞാനും ഹനീഫും, സിദ്ധീഖും ആത്മസുഹൃത്തുക്കള്‍, രണ്ടു പേരുണ്ടെങ്കില്‍ മൂന്നാമന്‍ അവിടെ തിരിഞ്ഞു മറിഞ്ഞു എത്തിയിരിക്കും, ഒരേ ആത്മാവ്പോലെയായിരുന്നു മൂവരും, കുളക്കടവിലേക്ക് പോകുന്നവഴിയില്‍ ആകസ്മികമായ എന്തോ കാഴ്ച ചൂണ്ടിക്കാണിക്കപ്പെട്ടപ്പോള്‍ പെട്ടെന്നുള്ള ആവേശത്തില്‍ അത് കാണാതിരുന്ന ഞാന്‍ “ഏണ്ട്” എന്ന്‍ ചോദിച്ചുപോയി, ഹോ.......ആ വാക്ക് ഇത്ര വലീയ മോശം വാക്കായിട്ട് എനിക്ക് തോന്നിയിരുന്നില്ല, എവിടെ+ഉണ്ട് ലോപിച്ച് “ഏണ്ട്” ആയതാണ്.

അതിനെ കളിയാക്കി സിദ്ദ്ഖ് (ഇന്ന് അദ്ദേഹം പ്രശസ്തനായ  മതപണ്ഡിതനും, ഖത്തീബും, വാഗ്മിയും ഒക്കെയാണ്, ഈയടുത്ത കാലത്ത് മക്കയിലേക്ക് ഉംറ സംഘത്തെ നയിച്ച്‌ വന്നപ്പോള്‍ ഫോണില്‍ സംസാരിച്ചിരുന്നു),  ഒരു മൂന്നു ദിവസമെങ്കിലും പൊങ്കാലയിട്ടിട്ടുണ്ടാവും.... ആദ്യത്തില്‍ ചില വാക്കുകളൊന്നും എനിക്ക് പെട്ടെന്ന്‍ ക്ലിക്ക് ആവില്ലായിരുന്നു, സ്കൂളിനെ “ലയാളം” എന്നാ പറഞ്ഞിരുന്നത്, “ഏടെ” എന്നുള്ളതിന് ഏടുത്തു... ഒരു വീട്ടില്‍ നിന്നും ഗ്ലാസില്‍ നിറയെ പാല്‍ കൊണ്ട് വരുമ്പോള്‍ സ്നേഹമയമായ ആ ഉമ്മ എന്നോട് പറഞ്ഞു “നേരെ പിടിച്ചോ.... പാല് കിലാത്തണ്ട”, തുളുംബണ്ട എന്നാണു ഉദ്ദേശിച്ചത്.. അങ്ങിനെ പലതും..... ആറു നാടും നൂറു ഭാഷയും... കവി പാടിയത് വെറുതെയല്ല!

സ്വതന്ത്ര ദിനത്തിന് ഞങ്ങള്‍ക്ക് വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ ഓരോ  നാരങ്ങ മിഠായി കിട്ടും, പിന്നെ അസ്സംബ്ലിയും, പതാകയുയാര്‍ത്തലും ഹെഡ്മാഷ് സല്യുട്ട് സ്വീകരിക്കലും ഒക്കെ മുറപോലെ നടക്കും. അന്നത്തെ ദിവസം കുളക്കടവില്‍ അടിച്ചു തിമിര്‍ക്കും, ഇളനീര്‍ വെട്ടിയ പരുവത്തില്‍ പച്ചകലര്‍ന്ന നീലിമിയാല്‍ നിറകുളം തെളിനീരിനാല്‍  സ്ഫടികംപോലെ തോന്നിപ്പിക്കും, ഒന്ന് മുങ്ങിപ്പോങ്ങിയാല്‍...........ഹാവൂ...മനസ്സും ശരീരും ഒന്ന് ശാന്തിയാകും, കുളിര്‍മ്മയില്‍ നിര്‍വൃതി കൊള്ളും... കാലമേ വരുമോ.......നീ ഒരു വട്ടംകൂടി...ഓര്‍ത്തുപോകുന്നു ഓ.എന്‍.വി. സാറിന്‍റെ കവിത..

“ഒരു വട്ടം കൂടിയെന്നോര്‍മ്മകള്‍ മേയ്യുന്ന,
തിരുമുറ്റത്തെത്തുവാന്‍ മോഹം.........”

മേലെത്തട്ടില്‍നിന്നും കുളത്തിലേക്ക് ചാടുന്നതിനു തൊട്ടു താഴെ ഒരു വട്ടയിലച്ചെടിയുണ്ടായിരുന്നു, അതിന്‍റെ  കുഴല്‍പ്പരുവത്തിലുള്ള പൂവുകളെ  ഞങ്ങള്‍ പീപ്പിളിയായി ഉപയോഗിക്കുമായിരുന്നു.

സിദ്ധീഖും, ഹനീഫും, ഹാരിസും, സമദ്ച്ചയും, ചില സമയങ്ങളില്‍ മാലിക്ക്ച്ചയും, അലിയും, സലാഹുദ്ദീനും ഒക്കെയുണ്ടാകും, പിന്നെ കുറെ ജൂനിയര്‍ കുട്ടികളും.........ആകെ ബഹളം, ആയിടയ്ക്കാണ്  “ഒളിച്ചുകളിയില്‍” പുതീയ ഒരു സ്ലോഗന്‍ (മുദ്രാവാക്യം) ഉണ്ടായത്,

“കടല ചുരുട്ട പണ്ടേ... റെഡീ..”

അതിന്‍റെ പിന്നില്‍ ഒരു കഥയുണ്ട്, ഓണത്തിന്‍റെ മൂന്നു ദിവസത്തെ ലീവിന് സിദ്ദീഖ് ചില കച്ചവടവേലയൊക്കെ ഒപ്പിക്കും, രണ്ടു മൂന്നു കൂട്ടം മിഠായി പായ്ക്കുകള്‍ കൊണ്ടുവന്നു ചില്ലറവില്പന നടത്തും, ഓരോന്നിനും ഓരോ പേര് എഴുതിവയ്ക്കും, ഒന്ന്‍ “കടല” രണ്ട് “ചുരുട്ട” ഇത് കണ്ട ഞങ്ങള്‍ കൂട്ടിവായിച്ചപ്പോള്‍ “കടലചുരുട്ട” എന്നായി... ഹനീഫാണെങ്കില്‍ അടക്കിച്ചിരി അമത്തിപ്പിടിച്ചു അതൊരു പൊട്ടിച്ചിരിയിലേക്ക് വഴിമരുന്നിട്ടു, കൂടെ സിദ്ധീഖും തന്‍റെ നിഷ്കളങ്ക മുഖഭാവത്തോടെ അതേറ്റു ചിരിച്ചു...അതാ സംഭവം!

കുളത്തിന്‍റെ വടക്കേ അറ്റത്തെ തട്ടിന്‍പുറത്ത് കയറുന്നതിനു തൊട്ടുമുമ്പ് ഒരു ലക്ഷമണ രേഖ വരയ്ക്കും, അത് കടന്നാല്‍ പിന്നെ തിരിച്ചു വരരുത്.. അപ്പോഴാ ഒളിച്ചു നിന്നയാള്‍ വിളിച്ചു പറയുന്നത്, “കടല ചുരുട്ട പണ്ടേ റെഡി” ഇത് ഓടിക്കുന്നയാളെ കൂടുതല്‍ മത്സരോല്‍സുകതനാക്കുന്നു.

കളിയും കുളിയും മാത്രമല്ല, വായനയും ഉണ്ട് കേട്ടോ, കാര്യമായിട്ട് പൂമ്പാറ്റ, കുമ്മാട്ടി, ബാലരമ, ബാലമംഗളം, ചംപക്ക്, മലര്‍വാടി   തുടങ്ങിയവ, മുതിര്‍ന്നവര്‍ മനോരമ മഗളം  തുടങ്ങിയവയും, പൂമ്പറ്റ യിലെ കപീഷും, മോട്ടുവും, പഞ്ചയും, സിഗാളും, പീലുവും, ദോപ്പയ്യയ്യും, ഖര്‍നിയും,പിന്‍ടുവും, ബാലരമയിലെ ച്ചുനകാനും,കാലിയയും  ഒക്കെ മറക്കാത്ത കഥാപാത്രങ്ങലാണ്, മലര്‍വാടിയിലെ പൂച്ചപ്പോലീസ് ഞങ്ങളെ പിടിച്ചിരുത്തിയ ചിരകാല ഹീറോ ആയിരുന്നു.

ഒരു ദിവസം ഞാന്‍ പതിയെ സിദ്ധീഖിന്‍റെ ജ്യെഷ്ടത്തി മൈമൂന (എന്‍റെ സെക്കന്റ്‌  കസിന്‍),  (ഇല്ലാ... എന്നാണ് അവര്‍ സ്നേഹ സങ്കോചത്തോടെ വിളിച്ചിരുന്നത്‌), ഗേള്‍സ്‌ ഹൈസ്കൂളില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്നു, അക്കാലത്ത് അബ്ബാസ്‌ ഹാജിയാര്‍ച്ചാന്‍റെ അദ്ധിച്ചാന്‍റെ മകള്‍ നഫീസയും പിന്നെ തായല്‍നായന്മാര്‍മൂലയില്‍ നിന്നും മൈമൂനാന്‍റെ കുഞ്ഞിമ്മാന്‍റെ പുള്ളി ആസ്മയും ഒന്നിച്ചായിരുന്നു സ്കൂളില്‍ പോക്ക്, അന്നും ഡാര്‍ക്ക് പിങ്കും, ലൈറ്റ് പിങ്കും തെന്നെ യുണിഫോം, കയ്യില്‍ കറുത്ത സ്ട്രാപ്പുള്ള വാച്ച്, അണിഞ്ഞൊരുങ്ങി എന്നും പോകുന്നത് കാണാം...

മമൂന എന്‍റെ എത്രയോ സീനിയര്‍ ആണ്, അത് കൊണ്ട് തെന്നെ വളരെ ഭവ്യതയോടെയായിരുന്നു പെരുമാറിയിരുന്നത്, തെറ്റ് കണ്ടാല്‍ ശാസിക്കും, നല്ലത് മാത്രം പറഞ്ഞു തരും, ഒരു വല്ലാത്ത പ്രകൃതമായിരുന്നു മൈമൂനയുടേതു, ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ല.......... സ്നേഹം മാത്രം!, അട്ടിയായി ഒതുക്കിവച്ച പുസ്തകങ്ങള്‍ക്കിട യില്‍ എന്തോ വായിച്ചു കൊണ്ടിരിക്കുന്ന മൈമൂനയുടെ മേശയ്ക്കരികില്‍ ഞാന്‍ വല്ല പൂമ്പാറ്റയോ.. ബാലരമയോ  തടയുമോയെന്നു  തിരയുകയായിരുന്നു.

മുഖമുയര്‍ത്തി ഒന്ന് പുഞ്ചിരിച്ചു വീണ്ടും വായന തുടര്‍ന്നു., കയ്യില്‍ കിട്ടിയ ഒരു പുസ്തകപ്പുറംചട്ടയില്‍ ഒരു കമ്പനിയുടെ പരസ്യവാചകം കണ്ട ഞാന്‍ ഉച്ചത്തില്‍ വായിച്ചു, ഇംഗ്ലീഷ് കൂട്ടിവായിക്കനറിയാം എന്നു സ്ഥാപിക്കാനുള്ള ഒരു ത്വര കൂടി അതിന്‍റെ പിന്നിലുണ്ട്,

അക്കാലത്ത് നാലാം ക്ലാസ്സില്‍ വെറും ഇംഗ്ലീഷ് അക്ഷര മാലകളേ പഠിപ്പിച്ചിരുന്നുള്ളു, ചേര്‍ത്തുവായിക്കാന്‍ അഞ്ചാം ക്ലാസ്സിലെത്തണം, (National) എന്നായിരുന്നു എഴുതിയിരുന്നത്, ഞാന്‍ വായിച്ചതോ “നാട്യോനല്‍”, മൈമൂന ഉടനെ തിരുത്തി, അല്ല “നാഷണല്‍” എന്ന് വായിക്കണം, അന്നാണ് ഞാന്‍ അങ്ങിനെ വായിക്കാന്‍ പഠിച്ചത്,

ജാള്യതയോടെ നിന്നിര്‍മെഷനായി നോക്കി നിന്ന എനിക്ക് വായിച്ചു കൊണ്ടിരുന്ന പൂമ്പാറ്റ തന്നു, അതിലുള്ള ഒരു പദ്യം (അക്കാലത്ത് ആദ്യത്തെ നാലു വരിയും, അവസാനത്തെ നാലുവരിയും തന്നു  ബാക്കി പൂരിപ്പിച്ചയച്ചാല്‍ അടുത്ത ലക്കത്തില്‍ പ്രസിദ്ധീകരിക്കാന്‍ മാത്സര്യമുണ്ടാകും, സമ്മാനവും നേടാം.. അങ്ങിനെ ഏതോ ഒരു കുട്ടി എഴുതി വിജയിച്ച പദ്യമായിരുന്നു), എന്നെ ഉച്ചത്തില്‍ പാടിക്കേള്‍പ്പിച്ചു.

“ചക്കപ്രഥമന്‍ വച്ചു കുടിക്കാന്‍
ചാക്കോചേട്ടന് കൊതിയായി,
കത്രീനമ്മ വിളിച്ചുപറഞ്ഞു
അയ്യോ.. പൊന്നേ കയറല്ലേ..”

അങ്ങിനെ നീളും ആ പദ്യം., ബഹുരസമായിരുന്നു മൈമൂനയുടെ സ്വതസിദ്ധമായ ശബ്ദത്തില്‍ ഈണമൊപ്പിച്ചു പാടുമ്പോള്‍ ശരിക്കും ആ രംഗം കണ്ണുകളില്‍ കാണുന്നത് പോലെ ആസ്വദിക്കുകയായിരുന്നു., അധ്യാപനവൃത്തിയില്‍ പതിറ്റാണ്ടുകളോളം സേവനമനുഷ്ഠിച്ച മാതൃകാ ഗുരുവര്യര്‍ കുന്‍ച്ച മാഷെ മകളായ മൈമൂനയ്ക്കു എന്ത് കൊണ്ടും ഒരു ടീച്ചര്‍ പദവി നന്നേ ചേരുമായിരുന്നു.,   നിഷ്കളങ്കവും, നൈര്‍മ്മല്യവും നിറഞ്ഞ ആ ബാല്യം ഒരിക്കലും തിരിച്ചു വരില്ലെന്നോര്‍ക്കുമ്പോള്‍ അറിയാതെ എവിടെയോ ഒരു പിടച്ചല്‍ വേദനയോടെ കടന്നു പോകും..... ഇംഗ്ലീഷ് കവി “ഷെല്ലി” യുടെ വാക്ക് കടമെടുത്താല്‍...

“best songs are those,
That sings sad thoughts….”

തുടരും...



No comments:

Post a Comment