Friday 29 November 2019

28 വർഷം മുമ്പ് നടന്ന കാസർകോട്* *സ്കൂൾ യുവജനോത്സവ ഓർമ്മ* /അസ്ലം മാവിലെ

*28 വർഷം മുമ്പ് നടന്ന കാസർകോട്*
*സ്കൂൾ  യുവജനോത്സവ ഓർമ്മ*
...............................
അസ്ലം മാവിലെ
...............................

http://www.kasargodvartha.com/2019/11/remembering-1991-kasaragod.html?m=1

1956 ൽ അന്നത്തെ കേരള DPI ആയിരുന്ന  ഡോ. സി.എസ്. വെങ്കടേശ്വരൻ  ഡൽഹിയിൽ നടന്ന ഇന്റർ യൂനിവേഴ്സിറ്റി ഫെസ്റ്റിൽ അതിഥിയായി പങ്കെടുക്കുകയുണ്ടായി. ആ പ്രോഗ്രാം കണ്ട് അന്നദ്ദേഹത്തിന്  തോന്നിയ ആശയമാണ് യൂത്ത് ഫെസ്റ്റിവൽ. 1956 ൽ അദ്ദേഹം എറണാകുളത്ത് 200 കുട്ടികളെ പങ്കെടുപ്പിച്ചു ഫെസ്റ്റിവൽ നടത്തി. 2008 വരെ യുത്ത് ഫെസ്റ്റിഫൽ എന്നായിരുന്നു പേര്. 2009 മുതൽ കലോത്സവം എന്നാക്കി.

1991ലാണ് കാസർകോട് സ്കൂൾ യുവജനോത്സവം എത്തുന്നത്. ഇ.കെ. നായനാർ മന്ത്രിസഭ അഞ്ചു വർഷം പൂർത്തിയാക്കാൻ മാസങ്ങൾ മാത്രം. വിദ്യാഭ്യാസ മന്ത്രി കണ്ണൂർക്കാരനായ കെ. ചന്ദ്രശേഖരൻ.  നമ്മുടെ ജില്ലയുടെ (തൃക്കരിപ്പൂർ) മന്ത്രികൂടിയായിരുന്നു നായനാർ. C T അഹമ്മദലിയാണ് കാസർകോട് എം. എൽ. എ , സി.ടി.യുടെ മണ്ഡലത്തിൽ  വേദിയൊരുക്കാൻ നായനാർക്ക് ഒരു മടിയുമുണ്ടായില്ല. ഇപ്രാവശ്യത്തെ പോലെ ആലപ്പുഴക്കാർക്ക് പറ്റാത്തത് കൊണ്ട് കാസർകോട്ടുകാർ ഏറ്റെടുത്തതല്ല ആ ഉത്സവം . ഒന്നാം ചോയിസിൽ തന്നെ കാസർകോടിന് കിട്ടിയതാണ്.

ഒരു ഫെബ്രവരി മാസത്തിലായിരുന്നു അന്ന് സംസ്ഥാന യുവജനോത്സവം നടന്നത്. നായനാരാണ് ആ പെരുങ്കളിയാട്ടം ഉത്ഘാടനം ചെയ്തത്. അധ്യക്ഷൻ ചന്ദ്രശേഖരൻ. കണ്ണാടക  മന്ത്രി വിരപ്പമൊയ്ലി, മുൻമന്ത്രി എൻ. കെ. ബാലകൃഷൻ തുടങ്ങിയവർ വേദിയിൽ.  വിജയികൾക്ക്  സ്വർണ്ണകപ്പ് എന്ന കവി വൈലോപ്പിള്ളിയുടെ ആശയം പ്രാവർത്തികമാക്കിയ മുൻമന്ത്രി ടി.എം. ജേക്കബും അതിഥിയായി ആ വേദിയിലുണ്ട്.

അഞ്ചോ ആറോ വേദികളുണ്ട് അന്ന്. താളിപ്പടപ്പ് മൈതാനം, ജി എച്ച്‌.എസ് കാസർകോട് ലളിതകലാ സദനം, ഗവ. കോളേജ്, ചിന്മയ ഹാൾ, ജിഎച്ച്എസിൽ തന്നെ രണ്ട് വേദിയുണ്ടായിരുന്നെന്നാണ് എന്റെ ഓർമ്മ.

70 താഴെ ഇനങ്ങളായിരുന്നു അന്ന് മത്സരങ്ങൾ. താളിപ്പടപ്പിലാണ് പ്രധാന വേദി. മിക്ക കളർഫുൾ മത്സരങ്ങൾ അവിടെയായിരുന്നു. കലോത്സവത്തിന് മുന്നോടിയായി നടന്ന അതി ഗംഭീര സാംസ്ക്കാരിക ഘോഷയാത്ര ഞാൻ വലിയ അത്ഭുതത്തോടെയാണ് നേരിൽ കണ്ടത്.

തികഞ്ഞ അച്ചടക്കം. പരസ്പര സഹകരണം. നല്ല ആതിഥേയത്വം. ചിട്ടയായ സംഘാടനം. 1984 ജില്ലാ രൂപീകരണത്തിന് ശേഷം കാസർകോട് ശ്രദ്ധിക്കപ്പെട്ടത് ഏഴ് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ്. (84 ൽ അന്ന് മുഖ്യമന്ത്രി കെ. കരുണാകരനായിരുന്നു, ഞാനന്ന് ഒമ്പതാം ക്ലാസ്സ് കഴിഞ്ഞതാണ്. ജില്ലാ രൂപീകരണ പ്രഖ്യാപന ദിവസത്തിൽ ഞാൻ സുഹൃത്ത് എം.എ. മജിദിന്റെ കൂടെയാണ് ആഘോഷം കാണാൻ കാസർകോട്ടേക്ക് പോയത്. അന്നത്തെ ഉത്ഘാടന വേദി ഒരുക്കുന്നതിലൊക്കെ മജീദിന്റെ പിതാവ് മർഹൂം പട്ല എം.എ. മൊയ്തീൻ കുഞ്ഞി ഹാജിയും വളരെ സജിവമായിരുന്നു. )

പത്രപ്രവർത്തകനും സാംസ്കാരിക നേതാവുമായ കെ.എം. അഹ്മദിന്റെ സജീവമായ ഇടപെടൽ അന്നത്തെ യുവജനോത്സവ വാർത്തകൾ കവർ ചെയ്യുന്നതിൽ വലിയ പങ്കാണ് വഹിച്ചത്. സീനിയർ പത്രപ്രവർത്തകരായ റഹ്മാൻ തായലങ്ങാടിയും, കൗമുദിയുടെ കൃഷ്ണനും, എഴുത്തുകാരൻ സി.  രാഘവൻ മാഷും മറ്റും വളരെ സജീവം. ജെ. സുധാകരനായിരുന്നു അന്നത്തെ ജില്ലാ  കലക്ടർ.

ഒരു വേദിയിൽ നിന്നും മറ്റൊന്നിലേക്കുള്ള ഓട്ടപ്പാച്ചിലായിരുന്നു എല്ലാവരും. ഇടവേളകളില്ലാത്ത ബസ്സ് സർവ്വീസുകൾ. ഹൈവേയിൽ എത്തിയാൽ ഏത് ബസ്സിലും കയറാം. തിക്കിതിങ്ങി നിറഞ്ഞുള്ള യാത്ര. കണ്ടക്ടർമാർ ആരും മുഴുവൻ പേർക്കും ടിക്കറ്റ് മുറിച്ചു കൊടുത്തിരിക്കില്ല. അത്രയും തിരക്കും  യാത്രക്കാരും. സ്റ്റെപ്പിലും പിൻഭാഗത്തെ ഏണിയിലും പിടിച്ചു തൂങ്ങിയാണ് യാത്ര. (ഞാനും മിക്ക ട്രിപ്പിലും ടിക്കറ്റെടുത്തിരുന്നില്ല. അവർക്ക് തന്നെ ചോദിക്കാൻ നേരം വേണ്ടേ,  പിന്നെങ്ങനെ കൊടുക്കാൻ ? )

കോളേജിൽ കൂടെ പഠിച്ച ഒരു ബാച്ച് മേറ്റിന്റെ ഇളയച്ഛൻ ഊട്ടുപുരയിൽ ഉണ്ടായിരുന്നത് കൊണ്ട് ഭക്ഷണകാര്യത്തിൽ വലിയ അല്ലലലട്ടലുകൾ ഉണ്ടായിരുന്നില്ല. കൂട്ടുകാരന് വിശക്കുമ്പോഴൊക്കെ എനിക്കും യാന്ത്രികമായി വിശന്നു.

അവസാന ദിവസം വീണ്ടും ഘോഷയാത്രയുണ്ടായിരുന്നോ എന്നെനിക്ക് സംശയമുണ്ട്. താളിപ്പടപ്പിലെ പ്രധാന വേദിയിലാണ് സമാപനം.മന്ത്രി  ഇ. ചന്ദ്രശേഖരൻ നായർ , എം. രാമണ്ണ റൈ എം.പി.  അടക്കം വിശിഷ്ടാതിഥികൾ.  വിശിഷ്ടാതിഥികൾക്കും പൊതുജനങ്ങൾക്കും  വേണ്ടി സ്റ്റേജ് വിഭാഗങ്ങളിൽ ഒന്നാം സമ്മാനം നേടിയ ഇനങ്ങളുടെ പുനരാവതരണം കൂടി ഉണ്ടായിരുന്നു.  വൈകുവോളം സമ്മാന വിതരണങ്ങൾ. ആ ദിനരാത്രങ്ങൾ (ഓർമ്മ ശരിയെങ്കിൽ നാല് രാപ്പകലുകൾ)  കണ്ണഞ്ചിപ്പിക്കുന്നതും കർണ്ണാനന്ദകരമായിരുന്നു.

ഒരിക്കൽ കൂടി 28 വർഷങ്ങൾക്ക് ശേഷം കലയുടെ വസന്തോത്സവം കാസർകോടൻ മണ്ണിനെ തേടിയെത്തുമ്പോൾ 239 ഇനങ്ങളിലായി 10000 + മത്സരാർഥികളായുണ്ട്. 28 വേദികളുണ്ട്. നീലേശ്വരം മുതൽ വെള്ളിക്കോത്ത് വരെ ആ വേദികൾ കൗമാര കലാകാരന്മാർക്കു വേണ്ടി അണിഞ്ഞൊരുങ്ങും. വിസ്മയക്കാഴ്ചകളും കലാപ്രകടനങ്ങളുമായി 5 ദിനരാത്രങ്ങൾ ഇനി കാസർകോടിനെ ധന്യമാക്കും, ഉറപ്പ്.

*മാമ്പു :*
കലോത്സവ പ്രചരണത്തിന്റെ ഭാഗമായി ഇന്നലെ കാസർകോട്ട് നിറപ്പകിട്ടാർന്ന ഒരു കലാവിരുന്നൊരുക്കിയിരുന്നു. അതിൽ ഒരു നാടൻ കലാ ഇനം ഉദയൻ കുണ്ടുംകുഴിയുടെ നേതൃത്വത്തിൽ -  അലാമിക്കളിയും ഉണ്ടായിരുന്നു,  കാസർകോടിന് മാത്രം സ്വന്തമായത്. അതിന്റെ ചരിത്ര പശ്ചാത്തലം കർബലയോളമുണ്ടത്രെ.  തുർക്കന്മാർ ഹ്രനഫി മുസ്ലിംകൾ )  ഒരു കാലത്ത് നെഞ്ചിലേറ്റിയിരുന്ന കലാരൂപമത്രെ ഇത്. പക്ഷെ, ഒരിനം കൊറഗ വേഷത്തിൽ കറുപ്പ് നിറത്തിനമിത പ്രധാന്യം നൽകി  നൃത്തമാടിയിരുന്നത് അമുസ്ലിംകളായിരുന്നു പോലും. ഹസൻ - ഹുസൈനുമായി ബന്ധപ്പെട്ട കർബല നാളുകളുമായി ഈ അലാമിക്കളിക്ക് വളരെ അടുത്ത ബന്ധമുണ്ടത്രെ. ഇന്നീ കലാരൂപം നിലവിലില്ല. 

ഫ്രീക്കൻ* " *പ്രേക്ഷകാസ്വാദനത്തിനപ്പുറം നൽകിയത്* / അസ്ലം മാവിലെ

" *ഫ്രീക്കൻ* "
*പ്രേക്ഷകാസ്വാദനത്തിനപ്പുറം നൽകിയത്*
.................................
അസ്ലം മാവിലെ
.................................

http://www.kasargodvartha.com/2019/11/article-about-darama-freaken.html?m=1

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇന്നലെ  നടന്ന "ഫ്രീക്കൻ" നാടകം എല്ലാ ആസ്വാദകർക്കും ഒരേ വാർപ്പിൽ തീർത്ത സന്ദേശമായിരിക്കില്ല നൽകിയിരിക്കുക. അങ്ങിനെ ഒരാസ്വാദനം നൽകുന്നതും ശരിയല്ലല്ലോ.

അരങ്ങൊരുക്കിയ കലാവിരുത് മുതൽ ഫ്രീക്കൻ കാഴ്ചാനുഭവം നൽകിത്തുടങ്ങി. ഏറ്റവും ചടുലമായി അവതരിപ്പിക്കേണ്ട കുട്ടി തന്നെ മുഖ്യകഥാപാത്രമായി പ്രേക്ഷകരുടെ മനവും കവർന്നു.

നിലവിലുള്ള സാമൂഹിക രാഷ്ട്രിയ ചുറ്റുപാടുകളിലേക്ക് ഒളിയമ്പെയ്താണ് നാടകം തുടങ്ങുന്നതും തുടരുന്നതും പര്യവസാനിക്കുന്നതും. ഏകശിലാ സംസ്കാരവും ഏകകക്ഷീ അധികാരവും തുടങ്ങി സർവ്വ ഒറ്റമുഖ ശാഠ്യങ്ങൾക്കും ഒറ്റക്കണ്ണൻ പ്രതിഭാസങ്ങൾക്കും നേരെ  നാനാത്വഭാരതം ( ജനത )  പ്രകടിപ്പിക്കുന്ന പ്രതിഷേധശബ്ദമാണ് കുഞ്ഞുമക്കൾ അവരുടെ പരിമിതികൾക്കകത്ത് നിന്ന് ഫ്രീക്കനിലൂടെ അഭിനയിച്ചു ഫലിപ്പിക്കാൻ ശ്രമിച്ചത്.

ഒരു സ്കൂൾ പശ്ചാത്തലത്തിൽ നിന്നാണ് കഥാപാത്രങ്ങൾക്ക് ജീവൻ വെച്ചു തുടങ്ങിയത്. കർക്കശക്കാരനും വെള്ള ജുബ്ബക്കാരനുമായ അധ്യാപകനും അധ്യാപകനെ അരയ്ക്ക് മുകളിൽ അനുകരിക്കുന്ന വെള്ളക്കുപ്പായക്കാരുമായ കുട്ടികളും നല്ല നാടകവായന സുഖം തരുന്നുണ്ട്.

മതിലിൽ തൂക്കിയ യൂണിഫോം തന്നെ തലയില്ലാത്ത മനുഷ്യർ ആർക്കോ വേണ്ടി തൂങ്ങിയാടുന്നതു പോലെയാണ് പ്രേക്ഷകന് ഒറ്റനോട്ടത്തിൽ തോന്നുക. അതൊരു അടിച്ചേൽപ്പിക്കലിന്റെ പ്രതീകമായിരുന്നു. നമുക്കിഷ്ടമില്ലാത്തത് ധരിപ്പിക്കാനുള്ള (വസ്ത്രമായാലും നിയമ ശാസനകളായാലും)  അധികാരികളുടെ പണ്ടുക്കും പണ്ടേ തുടങ്ങിയ ശ്രമങ്ങൾ നമുക്കാ നാടകമാസ്വദിക്കുമ്പോൾ കൺമുന്നിൽ മിന്നി മറയും.

ഫ്രീക്കൻ പയ്യൻ മാത്രമാണ് അപവാദം. അവൻ തോന്നുമ്പോൾ വന്നും തോന്നിയത് ധരിച്ചും,  (നമുക്ക് ) തോന്നേണ്ടതു പറഞ്ഞും കൊണ്ടേയിരുന്നു. ഉച്ചയൂണിന് എത്തിയത് പോലും പേടിച്ചല്ല, പേടിച്ചവന്റെ കുപ്പായച്ചെലവിലാണ്.  അധ്യാപകന്റെ -  അധികാരിയുടെ - കണ്ണുരുട്ടലുകൾ ഫ്രീക്കന്റെ ആത്മവിശ്വാസത്തിന് വീര്യം നഷ്ടപ്പെടുത്തിയതേയില്ല, മറിച്ച് അവന്റെ നിലപാടുകൾക്കും ശരികൾക്കും ഇടപെടലുകൾക്കും ആത്മവീര്യം നൽകിക്കൊണ്ടേയിരുന്നു. ആവശ്യമുള്ളപ്പോഴൊക്കെ ഫ്രീക്കൻ അധികാരിയുടെ - അധ്യാപകന്റെ - മുറ്റത്ത് എത്തി. അവന്റെ മുഖം മാത്രം പ്രസന്നമായിരുന്നു, ബാക്കിയുള്ളവരൊക്കെ അധ്യാപകന്റെ ചൂരലിനെ പേടിച്ചു പനി പിടിച്ചു കൊണ്ടേയിരുന്നു,

തുറന്ന ചർച്ചക്ക് മതിലെഴുതുന്ന അധികാരിയുടെ ആസ്ഥാനകലാകാരനും ( ആസ്ഥാന ബു ജിക്കും) സംസ്ക്കാരം എന്ന മതിലെഴുത്തിലെ വാക്കിന് ലളിത സാരം പറഞ്ഞു കൊടുക്കുന്നതും ഫ്രീക്കൻ തന്നെയാണ്. നിറക്കൂട്ടുള്ള കുപ്പിവളകൾ വിൽക്കുന്ന   വാണിഭക്കാരന്, സാധാരണക്കാരന് വേണ്ടി പാടിത്തിമർത്ത മണിയുടെ ജനകീയ വായ്പ്പാട്ടുകൾ പാടി വൈവിധ്യങ്ങളുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാൻ  മാർക്കറ്റിംഗ്‌ തന്ത്രം പറഞ്ഞു കൊടുക്കുന്നതും ഫ്രീക്കൻ തന്നെ. ഒറ്റ ബ്രാൻഡല്ല എന്നുറപ്പുവരുത്തിയാണ് ഫ്രീക്കൻ അതിന് തുനിയുന്നതും.

അസംസ്തൃപ്തരായ ശിഷ്യരുടെ - പ്രജകൾ - മുന്നിൽ അതിലും അസ്വസ്ഥനായ അധികാരി അവസാനം  രോഗസ്ഥനാകുന്നു. അയാളുടെ  ചികിത്സക്ക് വഴിയൊരുക്കാൻ ശിപായി സഹായം തേടുന്നതാകട്ടെ ഫ്രീക്കനെയും;   "ഫ്രീക്കൻ മോഡൽ" ദിവ്യനെ ഒരുക്കി ഫ്രീക്കൻ ടച്ചുള്ള മരുന്ന് നിർദ്ദേശിക്കുവാൻ അരങ്ങൊരുക്കുന്നതിലും ഫ്രീക്കന്റെ  ഇടപെടലുണ്ട്.

വൈവിധ്യങ്ങളും വൈജാത്യമുള്ളിടത്തേ മാനവിക സംസ്ക്കാരങ്ങൾ പടർന്നു പന്തലിക്കുകയുള്ളു. അതിന്റെ സ്വാതന്ത്ര്യ പുലരിയാണ് ഈ തലമുറയിലുണ്ടാകേണ്ടതെന്ന സന്ദേശം  സ്വാതന്ത്ര്യദിനമൊരുക്കി  ഫ്രീക്കൻ നൽകുന്നു. ഉടുക്കാനും കഴിക്കാനും കുടിക്കാനും ആടാനും പാടാനും പറയാനും സംസാരിക്കാനും ഭരണകൂടവും അധികാരികളുമല്ല അജണ്ട നിശ്ചയിക്കേണ്ടതെന്നും  വസ്ത്രവും ഭക്ഷണവും പാനീയവും  കലയും ഭാഷവും തെരഞ്ഞെടുക്കാനുള്ള അവകാശം പൗരന്റെതാണെന്നു,  ജയിക്കാനല്ല തോൽക്കാനുള്ള മനസ്സാണ് എല്ലാവർക്കും ഉണ്ടാകേണ്ടതെന്നും നാടകം ഓർമിപ്പിക്കുന്നു.

ഫ്രീക്കൻ എന്ന് പറയാൻ എളുപ്പമാണ്. അതാകാൻ നമുക്കാവതുണ്ടോ എന്നത് സ്വയം ഒന്നുകുറമുപ്പത് വട്ടം ചോദിക്കേണ്ട ആദ്യ ചോദ്യങ്ങളിൽ ഒന്നാണ്. തന്റെ കുപ്പായം - വൈവിധ്യങ്ങൾ ആകാശം തീർത്ത വർണ്ണശലഭക്കുപ്പായം - അധികാരിക്കും അധ്യാപകനും ധരിപ്പിച്ചേ ഫ്രീക്കൻ കളം വിട്ടുള്ളൂ. അധികാരിയുടെ മൊഴിഭാഷയും ശരീരഭാഷയും മാറ്റാനും മറന്നതുമില്ല.

വർത്തമാനകാലത്തെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലിൽ ഏറെ പ്രസക്തമായ നാടകം. കാണേണ്ട നാടകം. ഫ്രീക്കൻ പയ്യനായി അരങ്ങിൽ വന്ന കുട്ടിയെ ഉമ്മ വെക്കാൻ തോന്നി, അത്രയും നന്നായിരുന്നു കുഞ്ഞു നാടകകലാകാരന്റെ അഭിനയം. 

( www.kasargodvartha.com )

Wednesday 27 November 2019

അൽപം രാഷ്ട്രിയ വായന* / അസ്ലം മാവിലെ

*അൽപം രാഷ്ട്രിയ വായന*

   *അസ്ലം മാവിലെ*

To be honest with you, താങ്കളോട് സത്യസന്ധത പുലർത്തി പറയട്ടെ, ലീഗിന്റെ പഴയ കാല കൺസെപ്റ്റിലേക്ക് പകുതിയെങ്കിലും വർത്തമാന തലമുറ നേതൃത്വത്തിന് പോകാനാകുന്നില്ല. 

പറഞ്ഞു ഫലിപ്പിക്കാൻ അറിയുന്നവരെ ലോകസഭയ്ക്കയക്കുക. സീതിസാഹിബും അബ്ദുസ്സലാം മൗലവിവും പൂക്കോയ തങ്ങളും അത്തരമൊരു പ്രായോഗിക രാഷ്ട്രിയത്തിന്റെ മുടിചൂടാമന്നന്മാരായിരുന്നു. സേട്ടുവും ബനാത്തും അങ്ങിനെയാണ് മലയാളിയല്ലാഞ്ഞിട്ടു കൂടി വിശ്വപൗരന്മാരായി പാർലമെന്റിൽ എത്തിയത്, ദീർഘകാലം വിരാചിച്ചത്, വിറപ്പിച്ചത്.

ബനാത്തിനെ കുറിച്ച് ഒരു യുവഇടതുപക്ഷക്കാരൻ സ്റ്റേജിൽ പൊയ്പറഞ്ഞപ്പോൾ പികെവി ആണോ എന്നറിയില്ല അടുത്തിരുത്തി ഇന്ത്യ കണ്ട 10 പാർലമെന്റെറിയന്മാരിൽ ഒരാൾ ബനാത്ത് വാലയെന്ന് തിരുത്തി കൊടുത്തത് ഓർക്കുമല്ലോ.

അറിയാം ലീഗ് നേതൃത്വത്തിന് അഞ്ചിൽ താഴേ അംഗങ്ങൾ പാർലമെൻറ് കാണു എന്ന്. പക്ഷെ പഴയ നേത്യത്വം ശ്രദ്ധിച്ചത് ക്വാലിറ്റിയുള്ള ഒപ്പം ബോൾഡുമായ ആളുകളെയായിരുന്നു. അത് കൊണ്ടാണ് ഇവരുടെ ശബ്ദം അവിടെ കനത്തത്. കനപ്പെട്ടതായത്. പാർലമെന്റ് വീഡിയോ ക്ലിപ്പുകൾ അക്കാലത്തുണ്ടങ്കിൽ യുട്യൂബിൽ കിട്ടും. കാണാം അവരുടെ പെർഫോമൻസ്'.

എട്ടാം ക്ലാസ് മുതൽ ഗൗരവ പത്രവായന തുടങ്ങിയ ഞങ്ങൾ അന്നൊക്കെ വായിക്കുക മൂന്ന് നാല് പത്രങ്ങളിലെ  പാർലമെൻറ് സെഷൻ വാർത്തകളായിരുന്നു. ബനാത്ത് വാല ഓടിപ്പാഞ്ഞ് ഒറ്റക്ക് അവതരിപ്പിച്ച ഒരു സ്വകാര്യ ബില്ലിന്റെ അടിസ്ഥാനത്തിലാണ് ഷബാനു കേസ് സജിവമായപ്പോൾ  തന്നെ മുസ്ലിം വിശ്വാസത്തിനനുകൂലമായി രാജിവ് മന്ത്രി സഭക്ക് ഒരു നിയമം കൊണ്ട് വരണ്ടി വന്നത്.

ആരോടെങ്കിലും ചോദിച്ചു നോക്കൂ, പാർലമെന്റ് ലൈബ്രറിയിൽ അവർ പുസ്തകവും നിയമവും വായിച്ചു പഠിക്കുന്ന തിരക്കിലായിരുന്നു, ഒരു സമുദായത്തിന് വേണ്ടി. കല്യാണക്ഷണക്കത്തുകൾ അന്നുമവർക്ക് ആളുകൾ അയക്കാറുണ്ട്. 

രാജ്യസഭയ്ക്ക് മലയാളികളായ കുറെ പേര് പോയല്ലോ, ബോൾഡായി സംസാരിക്കാൻ ആരുണ്ടായിരുന്നു ? സമദാനി അടക്കം വിജയിച്ചില്ല എന്ന് ഞാൻ കരുതുന്നു. ഉർദു അറിഞ്ഞത് കൊണ്ട് മാത്രമായില്ല.

പുതിയ നേതൃത്വം അതിനനുസരിച്ച് യോഗ്യരായ  വ്യക്തികളുടെ മേൽ ഉത്തരവാദിത്വം ഏൽപ്പിക്കണമായിരുന്നു. ഭാഷ മാത്രമായിട്ടായില്ല, ജിഗ്റ് കൂടി വേണം അവിടെ പോയി സീറ്റിലിരിക്കാൻ, എഴുന്നേൽക്കാൻ, പറയേണ്ട സമയത്ത് പറയേണ്ട രൂപത്തിൽ പറയാൻ.

ഇ എം എസിന്റെ കാലത്ത് വടക്കൻ മലബാറിൽ  നിന്ന് ദിർഘകാലം ഒരു ഇടതുപക്ഷ എം.പി. പാർലമെന്റിൽ പോയിരുന്നു, ഇ.എം.  സഖാവിന്റെ ഓഫിസിൽ അദ്ദേഹത്തെ സഹായിക്കാൻ മാത്രമേ ദിവംഗതനായ ആ മനുഷ്യനായിരുന്നുള്ളൂ.

രാഷ്ട്രീയം ഞങ്ങൾക്കും ചെറുതായി അറിയാം, ചിലതൊക്കെ ടാഗ് ചെയ്തു ചോദിക്കുമ്പോൾ ഇടപെടുന്നെന്നേയുള്ളൂ. പത്രങ്ങളിൽ എഴുതാന്ന് വെച്ചാൽ,  അവർക്കും ചില താത്പര്യങ്ങളുണ്ടാകുമല്ലോ.

താങ്കൾ സൂചിപ്പിച്ച സഹോദരന്റെ പെർഫോമൻസ് ആവറേജ് എന്ന് പറയുന്നു. നമ്യക്ക് അതും വിട്ടു ' A + ഉം കഴിഞ്ഞ് Extreme ആണ് വേണ്ടത്.

*മാമ്പു*
ഇന്ന് ഉദ്ധരിണികളുടെ ദിവസമാണല്ലോ, ഇതും വായിക്കുക.

“If your actions inspire others to dream more, learn more, do more and become more, you are a leader.”

*John Quincy Adams*

അണികരെ നിർവിഘ്നം സ്വപ്നം കാണാനും നിർവിരാമം പഠിക്കാനും നിസ്തുലം പ്രവർത്തിക്കാനും അതിലപ്പുറം എന്തൊക്കെയാകാനും ഒരു ചെറു സംഘത്തിന്റെ actions ആവേശം നൽകുന്നുവോ അവരത്രെ നേതൃത്വം, നേതാക്കൾ.

“Leaders instill in their people a hope for success and a belief in themselves. Positive leaders empower people to accomplish their goals.”

*Goorge B. Shaw*

അനുയായികളുടെ വിജയപ്രതീക്ഷയാണ് നേതാക്കൾ, അവരിൽ സ്വന്തത്തിൽ തന്നെയുള്ള വിശ്വാസവും. ലക്ഷ്യപൂർത്തീകരണത്തിനായി പൊതുജനത്തെ അവർ ശക്തിപ്പെടുത്തിക്കൊണ്ടേയിരിക്കും

ക്ഷമിക്കൂ .../ അസ്ലം മാവിലെ

*ക്ഷമിക്കൂ ...*

അസ്ലം മാവിലെ

നിങ്ങൾ എന്ത് മുറവിളി കൂട്ടിയാലും ഇന്ത്യയിൽ കാവിഭരണം കുറച്ചു കാലമുണ്ടാകും. അവരിൽ ഏകമുഖാനേതൃസങ്കൽപം നിലനിൽക്കുവോളം അത് തുടരും. അതെന്ന് ദുർബ്ബലമാകുന്നുവോ അന്ന് മറ്റൊരു ഭരണത്തിന് നേരിയ സാധ്യത പോലുമുള്ളൂ.

കോൺഗ്രസ് പിരിഞ്ഞ് ഗ്രൂപ്പുകൾ ആയപ്പോഴാണ് പ്രതിപക്ഷത്തിന് പ്രതീക്ഷ വരെ ഉണ്ടായത്.  പക്ഷെ ഇന്നലെ വരെ കോൺഗ്രസായ ,വി പി സിംഗിനെയായിരുന്നു അവർക്കും പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉണ്ടായിരുന്നത്. അതിൽ കെണിതേഞ്ഞോന് പിന്നിട് അധികാരത്തിലെത്തി.

 ബി.ജെ.പി. (A ,B, C) ഗ്രുപ്പുകൾ ആകുമ്പോൾ ഒന്നിനെ താങ്ങാൻ കോൺ പ്രതിപക്ഷങ്ങൾ ശ്രമിക്കുന്നതാണ് ബുദ്ധി. ഇപ്പോൾ പ്രതിപക്ഷത്തിന് (കോൺ & എൻ സി പി )  ശിവസേന ദഹിക്കുന്നുണ്ടല്ലോ അത് പോലെ ബിജെപിയിലെ ഒരു ഫ്രാക്ഷൻ അന്നാളിൽ അവർക്കു ദഹിച്ചേക്കും. (ശിവസേന യിലെ ഒരു ഗ്രൂപ്പ് കോൺഗ്രസുമായി നേരത്തെ ചങ്ങാത്തമാണല്ലോ ).

എന്ന് വെച്ച് പ്രതിപക്ഷത്തിന്ന് ( കോൺ) റോളില്ല എന്നല്ല. പ്രതിപക്ഷമായി പ്രവർത്തിക്കാം.  പക്ഷെ, ഭരണം കിട്ടാൻ തിരക്കു കൂട്ടരുത് എന്നേയുള്ളൂ.

കേരള രാഷ്ട്രീയം വിട്ട് ചിലർ ധൃതിയിൽ നേരത്തെ കേന്ദ്രത്തിൽ പോയതിനോടും എനിക്ക' യോജിപ്പില്ല,രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ മാത്രം അറിഞ്ഞാൽ പോര, പഴയ രാഷ്ട്രിയ സംഭവങ്ങൾ ഓർത്തെടുക്കാനുമറിയണം.

ഹിന്ദി , ഇംഗ്ലിഷ് പച്ചവെള്ളം പോലെ അറിയാതെ അവിടെ എന്നാ എടുക്കാനാ ? ഒന്ന് പറയുമ്പോൾ മറ്റവൻ പത്ത് പറഞ്ഞു തിരും. അത് അറിയാൻ DD ലോകസഭാ ചാനൽ ഒരു മണിക്കൂർ നോക്കിയാൽ മതി. മലയാളിയായ തരൂരും പ്രേമചന്ദ്രനും മാത്രമേ അവിടെ എന്തേലും പറഞ്ഞു തീർക്കുന്നുള്ളൂ. പിന്നെ യാര് ? യാരുമില്ല. 

സോ, പ്ലീസ് ക്ഷമിക്കൂ, അണിയായാലും അനിഷേധ്യ നേതാവായാലും.

*മാമ്പു:*
*Those who do not remember the past are codemned to repeat it*

Goerge Santayana
*Spanish Philosopher &,Poet*

( ഭൂതകാലം ഓർക്കാൻ കൂട്ടാക്കാത്തവർക്ക് അത് ആവർത്തിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു)
*.

നാമുമായി ബന്ധപ്പെട്ടത്* *മനസ്സുവെച്ചാൽ നമുക്കാകുന്നത്* / അസ്ലം മാവിലെ


*നാമുമായി ബന്ധപ്പെട്ടത്*
*മനസ്സുവെച്ചാൽ നമുക്കാകുന്നത്*
................................
അസ്ലം മാവിലെ
................................

ഗാസക്കാരിയും ഗവേഷകയുമായ ഇസ്റാ മിഗ്ദാദിന്റെ ബ്ലോഗിൽ ഇന്ന് വെറുതെ ഒന്നു നോക്കിയതാണ്. അവരുടെ ബ്ലോഗിലെ ഒന്നാം  പേജിൽ My Journey With the Quran എന്ന ടൈറ്റിലിൽ ഒരെഴുത്തുണ്ട്  - സ്വന്തം അനുഭവമാണതിൽ, അവരെങ്ങിനെ ഖുർആൻ മന:പാഠമാക്കി, എങ്ങിനെ മന:പാഠമാക്കിയത് നിലനിർത്തി, നിലനിർത്തി പോകുന്നു എന്നൊക്കെ.

R -R -R തിയറി (Recite, Read,  Repeat പാരായണം - വായന - ആവർത്തനം)  ഇതെങ്ങിനെ മുന്നോട്ട് കൊണ്ട് പോകാമെന്ന് ആ വനിത അതിൽ എഴുതുന്നുണ്ട് - സൗകര്യമുണ്ടാക്കി നിങ്ങൾ വായിക്കുക, വളരെ ലളിതമായ ഇംഗ്ലിഷാണ്.

ഇനി എന്റെ വിഷയം പറയാം. ഖുർആൻ മനഃപാഠമാക്കിയവർ നമ്മുടെ  നാട്ടിൽ കുറെ പേരുണ്ട്. അവരിൽ തന്നെ മുഴുവനായി തീർത്തവർ. പകുതിക്ക് നിർത്തിയവർ. തുടർന്നു കൊണ്ടിരിക്കുന്നവർ.

മുഴുവനായി പൂർത്തിയാക്കിവരിൽ കുറച്ചു പേർ നിരന്തരമായ എഫേർട്ട് എടുത്ത് പാരായണ ശാസ്ത്ര (Science of Tajweed) പ്രകാരം റിവിഷനും റിപീറ്റേഷനും നടത്തിക്കൊണ്ടിരിക്കുന്നു. ഖൈറ്. പക്ഷെ, എല്ലാവർക്കുമതാകുന്നില്ല. ശരീയല്ലേ ?

പകുതിയിൽ നിർത്തിയവർ, മുഴുവനും പൂർത്തിയാക്കിയവർ - അവർ ഒരുപാട് മാസക്കാലം ഈ മഹാഭാഗ്യം സിദ്ധിക്കാൻ കഷ്ടപ്പെട്ടാണ് ഇറങ്ങിപ്പുറപ്പെട്ടത്, ആ മക്കളുടെ മാതാപിതാക്കൾ അവരേക്കാളേറെ പ്രതിക്ഷയോടെയാണ് ഈ സദുദ്യമത്തിന്,  ഹിഫ്ള് കോഴ്സിന് മക്കളെ പറഞ്ഞയച്ചത്, അയച്ചു കൊണ്ടിരിക്കുന്നത്.

പക്ഷെ, പകുതിക്ക് നിർത്തിയവർ പഠിച്ചഭാഗങ്ങൾ (എത്ര ഭാഗങ്ങളാണോ മന:പാഠമാക്കിയത് അത്ര) റിവൈസും റിപിറ്റും നടത്തി നിലനിർത്തുന്നുണ്ടോ ? പൂർത്തിയാക്കിവർ ഗുരുമുഖത്ത് നിന്ന് ലഭിച്ച നിർദ്ദേശപ്രകാരം അവധാനതയോടും ഗൗരവത്തോടും ഒരുവരി പോലും മറന്നിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നുണ്ടോ ?

സഹോദരി ഇസ്റാ ബ്ലോഗിൽ എഴുതുന്നു - Try not to only memorize, always remember that *the Qur’an is so easily forgotten*, so give yourself time to revise the pages you already memorized. കടുപ്പിച്ച അക്ഷരത്തിൽ വായിച്ചോ ? ഖുർആൻ വളരെ എളുപ്പത്തിൽ മറന്നു പോകുമത്രെ (അതിനെ ആ രൂപത്തിൽ പരിചരിച്ചില്ലെങ്കിൽ ! ).

പഠിപ്പിക്കുന്ന സ്ഥാപനങ്ങളിൽ പഠനം കഴിഞ്ഞിറങ്ങിയവർക്ക് ഇടക്കിടക്ക് അവിടെ എത്തി ആവർത്തന മന: പാഠ പാരായണത്തിന്  സംവിധാനമൊരുക്കുന്നുണ്ടോ എന്നെനിക്കറിയില്ല, ഉണ്ടെങ്കിൽ പകുതിക്ക് നിർത്തിയവർക്കും പഠിച്ച ഭാഗങ്ങൾ മറക്കാതിരിക്കാൻ അതേ സംവിധാനങ്ങളും അവസരമൊരുക്കലും  അവിടെ  ഉണ്ടാകുമായിരിക്കും. 

എന്റെ ചോദ്യം - നാട്ടുകൂട്ടങ്ങൾക്ക് ഒരു ബാധ്യതയില്ലേ ? ഇവിടെ ഖുർആൻ മന:പാഠമാക്കിയ മക്കൾക്ക് നിരന്തരം അവസരങ്ങളൊരുക്കാനുള്ള ബാധ്യത. അതിന് നമ്മുടെയിടയിലെ "ക-ച-ട-ത-പ" സംഘടനാ കാഴ്ചപ്പാടുകളും സംവിധാനങ്ങളും വിഘാതമാകരുത്. അതൊക്കെ ഇക്കാര്യത്തിൽ മാറ്റിവെച്ചു ഒന്നിച്ചൊരു വേദിയുണ്ടാക്കി മത്സരങ്ങൾ, പ്രോത്സാഹനങ്ങൾ നിരന്തരം നടത്തിക്കൊണ്ടേയിരിക്കണം. ഹിഫ്ള് കോഴ്സ് കഴിഞ്ഞവർക്കും പാതിയിൽ നിർത്തിയവർക്കും പഠിച്ചു കൊണ്ടിരിക്കുന്നവർക്കും വലിയ സപ്പോർട്ടും ഇൻസ്പിറേഷനും എനർജിയും അത് വഴി ലഭിക്കും. ഇക്കാര്യത്തിലെങ്കിലും നാട്ടുകാർക്കെല്ലാവർക്കും  ഒന്നിച്ചിരിക്കുന്നതിൽ വല്ല കുഴപ്പവുമുണ്ടോ ? ഒരു വർഷത്തിൽ കുറഞ്ഞത് രണ്ട് വട്ടമെങ്കിലും നല്ല പ്ലാനോട് കൂടി ഖുർആൻ മന: പാഠ മത്സരങ്ങൾ.

ഇത് വായിച്ചു വല്ല സംഘടനക്കാരാരെങ്കിലും മൈലേജ് കിട്ടാൻ വേണ്ടി ഉടുത്തൊരുങ്ങി  ''ഞങ്ങൊ നടത്തുന്നുണ്ടു" എന്ന് പറഞ്ഞുള്ള പോസ്റ്റുമായി വരരുത് എന്നപേക്ഷിക്കുന്നു. അതു നമുക്ക് പിന്നീടൊരിക്കൽ പറയാം,  പോസ്റ്റ് ചെയ്യാം.  പ്രസക്തമായ അന്വേഷണമിതാണ് - *ഒരു ഗ്രാമത്തിന്റെ, ഒരു നാടിന്റെ ഒരേ മനസ്സോടെയുള്ള ഒത്തൊരുമയോടെയുള്ള സംഘാടനത്തോടെ ഇപ്പറഞ്ഞത് നമുക്കാകുമോ ?*

(വേണം സംഘടനകൾ. ആവശ്യമാണ് താനും. ഒരുമിച്ചു മുന്നോട്ട് പോകാനുള്ള അവസരങ്ങളുള്ളിടത്തൊക്കെ, ആ സംഘടനകൾ നമ്മുടെ അരയിൽ വള്ളിയിട്ട് പിടിച്ചു പിന്നോട്ട് വലിക്കാൻ  ശ്രമിച്ചാൽ അരയിൽ മുറുകുന്നതിന് മുമ്പ് കയറ് മയത്തിൽ ഊരി ഒരു തെങ്ങിൽ കെട്ടാനും നമുക്ക് അറിയണം. സങ്കുചിതത്വത്തിനല്ല ഒരു സംഘടനയും, സംഘബോധത്തിന് മാത്രമാണത്, വിശാല മാനവിക ബോധത്തിനും. )

*മാമ്പു*
നിഘണ്ടുകർത്താവും (lexicographer) സദാചാരവാദിയും (moralist) സാഹിത്യവിമർശകനുമായ സാമുവൽ ജോൺസൺന്റെ കാഴ്ചപ്പാടിനോട് ഞാനും യോജിക്കുന്നു  : മനുഷ്യന് നിരന്തരം അറിവ് പകരുക എന്നതിനേക്കാളേറെ ആവശ്യം അവരെ ഓർമ്മപ്പെടുത്തുക, അശ്രദ്ധമായൊന്നിനെ അവരുടെ ശ്രദ്ധയിൽ കൊണ്ട് വരിക എന്നതത്രെ. അതും ഒരു സേവനമാകുന്നു, ചെറുതല്ലാത്ത സേവനം.  ▪

Monday 25 November 2019

കലാ- സാഹിത്യക്കൂട്ടങ്ങൾക്ക് PTA യ്ക്കു മുന്നിൽ എന്റെ നിർദ്ദേശം / അസ്ലം മാവിലെ

കലാ- സാഹിത്യക്കൂട്ടങ്ങൾക്ക്
PTA യ്ക്കു മുന്നിൽ എന്റെ നിർദ്ദേശം

അസ്ലം മാവിലെ

ആഭരീണയരേ,

സ്നേഹാന്വേഷണങ്ങൾ !

കുട്ടികളുടെ സർഗ്ഗവാസന പരിപോഷിപ്പിക്കുക എന്ന ലക്ഷ്യം മുൻ നിർത്തി ദീർഘകാലടിസ്ഥാനത്തിലും അവിരാമ പദ്ധതി എന്ന അർഥത്തിലും ഒരു ആശയം സവിനയം ബഹു: പട്ല എസ്. എം. സി & PTA കമ്മറ്റിക്ക് മുമ്പാകെ വെക്കുന്നു.

പരിഗണനയ്ക്കെടുക്കേണ്ടതും ചർച്ച ചെയ്ത് മതിയായ മാറ്റത്തിരുത്തലുകൾ നടത്തേണ്ടതും കമ്മറ്റിയാണ്.

*നേതൃത്വം:*
പി.ടി.എയുടെ അനുവാദത്തോടെ  എസ്. എം.സി.പ്രതിനിധികൾ, സ്കൂൾ ലീഡർ, ഭാഷാധ്യാപകർ, ക്ലാസ്സ് ലിറ്ററി ക്ലബ് ഭാരവാഹികൾ

*നേതൃസമിതി ക്ഷണിതാക്കൾ :*
സമാന ആശയവുമായി സഹകരിക്കാൻ തയ്യാറാകുന്ന പട്ലയിലേയോ പട്ലയ്ക്ക് പുറത്തോ ഉള്ള രണ്ട് സാംസ്ക്കാരിക വ്യക്തിത്വങ്ങൾ

*ലക്ഷ്യം :*
മൂന്നാം വർഷം മുതൽ SSLC കഴിഞ്ഞിറങ്ങുന്ന ബാച്ചിൽ നിന്നും 10 വീതം സാഹിത്യപ്രതിഭകൾ കൂടി പുറത്തിറങ്ങുക എന്നതാണ് ലക്ഷ്യം. ഒപ്പം, സജീവമായ സാംസ്ക്കാരിക കൂട്ടായ്മക്കു തുടക്കം കുറിക്കാനുമാകും.

*ഉപലക്ഷ്യങ്ങൾ :*
കലോത്സവമടക്കമുള്ള മത്സരങ്ങളിൽ നിലവാരമുള്ള കഴിവുകളോടെ പങ്കെടുപ്പിക്കുവാനുള്ള നിലമൊരുക്കുവാനും സാധിക്കും.
വിവിധ ഇനങ്ങളിൽ മത്സരം സംഘടിപ്പിക്കുക. കുട്ടികളുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുക. പുതിയ മാനങ്ങളിൽ ലൈബ്രറി സജീവമാക്കുക. 

*തുടക്കം :*
എഴുത്ത്, വര എന്നിവയ്ക്ക് മാത്രം പ്രധാന്യം നൽകിക്കൊണ്ടുള്ള ഉദ്യമമാണിത്.  കവിക്കൂട്ടം, കഥകൂട്ടം, വാർത്താകൂട്ടം, ഏകാങ്കകൂട്ടം etc

*പിന്നീട് :*
മറ്റുകലകൾ, അഭിനയം, പ്രസംഗം ' തുടങ്ങിയവ നമ്മുടെ പദ്ധതിയുടെ പ്രോഗ്രസ്സ് അനുസരിച്ച് പിന്നീട് വിപുലപ്പെടുത്താവുന്നതാണ്.

*പേര് :*
ഈ പദ്ധതിക്ക് നല്ല ഒരു പേര് കണ്ടെത്തേണ്ടതാണ്. ജനകീയമാക്കാനും കുറച്ചു കൂടി പബ്ലിസിറ്റി ലഭിക്കാനും പൊതുജനങ്ങളിൽ നിന്നും എൻട്രി ക്ഷണിക്കാവുന്നതാണ്.

*ഫൈനാൻസ് :*
ഏത് പദ്ധതിക്കും പണം ആവശ്യമാണല്ലോ. ഇതിനും സംഘാടക നേതൃത്വം ആവശ്യമായ ഫണ്ട് കണ്ടെത്തണം. സ്പോൺസർമാരെ കണ്ടെത്തിയോ സുമനസ്സുകളായ വ്യക്തികളുമായി ബന്ധപ്പെട്ടോ ആവശ്യമായ തുക ശേഖരിക്കണം .

*ഘടന :*
5, 6, 7, 8 ക്ലാസ്സുകളിലെ കുട്ടികൾക്കായിരിക്കണം ട്രൈയിനിംഗ്.  അടുത്ത വർഷം 5, 6, 7, 8, 9 ക്ലാസ്സുകാർക്കും രണ്ടാം വർഷം മുതൽ  5, 6, 7, 8, 9, 10 ക്ലാസ്സിലെ കുട്ടികൾക്കും പ്രവേശനം. ഒരു ക്ലാസ്സിലെ 3 കുട്ടികൾ വീതമാണ് എഴുത്തിന്റെയും അഭിരുചിയുടെയും അടിസ്ഥാനത്തിൽ പ്രവേശനം നൽകേണ്ടത്.

ആദ്യവർഷം ഒന്നിച്ചും തുടർ വർഷങ്ങളിൽ ജൂനിയർ - സീനിയർ ഇനം തിരിച്ചുമായിരിക്കണം ട്രൈയിനിംഗ്. രണ്ടും ഒന്നിച്ചാണ് കൂടുതൽ പ്രയോഗികമെങ്കിൽ അതുമാകാം.

ഒഴിവ് ദിനങ്ങളളാകണം പരിശീലന ക്ലാസ്സുകൾക്ക് തെരഞ്ഞെടുക്കേണ്ടത്.

ഒരു അധ്യയന വർഷത്തിൽ,  കുറഞ്ഞത് 6 വർക്ക് ഷോപ്പുകൾ നടത്തണം. വർക്ക്ഷോപ്പിന്റെ ഘടന ചർച്ച ചെയ്ത് ഓരോ വർഷവും മതിയായ മാറ്റങ്ങൾ വരുത്താവുന്നതാണ്.  എല്ലാ വർഷവും ഒരു മെഗാ സാഹിത്യ ക്യാമ്പും നടത്തണം.  (സമാനമോ /സമാന്തമോ ആയ മറ്റു ആശയങ്ങളും അഭിപ്രായങ്ങളും മുഖവിലയ്ക്കെടുക്കാവുന്നതാണ് )

ഏത് തരത്തിലുള്ള സിലബസ്/കോഴ്സ് തുടങ്ങിയവ ഇതിൽ പരിചയമുള്ളവരോടോ അനുഭവസ്ഥരായവരോടോ ആരാഞ്ഞ് കൂട്ടായി ഒരു ഫോർമുല ഉണ്ടാക്കാവുന്നതാണ്.

*ഫോളോഅപ്പ്:*
രണ്ട് വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട SMC അംഗങ്ങളുടെ കാലാവധി പൂർത്തിയാകുന്നത് കൊണ്ടോ, അധ്യാപകർ സ്ഥലം മാറിപ്പോകുന്നത് മൂലമോ ഈ പദ്ധതി പാതിവഴിക്ക് നിർത്തരുത്. പുതുതായി വരുന്ന അധ്യാപകരും SMC അംഗങ്ങളും (നിർബന്ധിത) തുടർച്ചയെന്നോണം  ഈ പദ്ധതി മുന്നോട്ട് കൊണ്ട് പോകേണ്ടതാണ്. 

ഫോളോഅപ്പും തുടർച്ചയും ഉണ്ടെങ്കിൽ മാത്രമേ ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാനാകൂ.

Drafted :
Aslam Mavilae
(നിർവ്വാഹക സമിതി അംഗം, എസ്. എം.സി, , ജി. എച്ച്. എസ്. എസ്. പട്ല) 
on 22/11/2019

പട്ലയിൽ ബണ്ണീസ് യൂനിറ്റ് - വാർത്ത


*പട്ലയിൽ ബണ്ണീസ് യൂനിറ്റ്*

http://my.kasargodvartha.com/2019/11/the-first-bunnies-unit-of-kasaragod.html?m=1
---------------------

*കാസർകോട് വിദ്യാഭ്യാസജില്ലയിലെ ആദ്യ ബണ്ണീസ് യൂനിറ്റ് പട്ല ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ*

പട്ല : പട്ല ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സിന്റെ ഏറ്റവും ചെറിയ യൂണിറ്റ് പ്രീ പ്രൈമറി  വിഭാഗമായ ബണ്ണീസ് യൂണിറ്റ് തുടങ്ങി. കാസറഗോഡ് വിദ്യാഭ്യാസ ജില്ലയിലെ ആദ്യ യൂണിറ്റാണ് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പറായ ശ്രീമതി സമീറ മുംതാസ് ഉദ്ഘാടനം ചെയ്തത്.

ചെറിയ കുട്ടികളിൽ നിന്ന് തന്നെ സമൂഹത്തിലെ നല്ല പ്രവർത്തനങ്ങൾ തുടങ്ങാൻ കഴിയുന്നത് ശ്ലാഘനീയ കാര്യമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അവർ അഭിപ്രായപ്പെട്ടു.  കുഞ്ഞു മനസ്സുകളിൽ തന്നെ നന്മകൾ നാമ്പിടട്ടെ. മുളയ്ക്കുകയും കിളിർക്കുകയും തളിരിടുകയും നന്മയുടെ ചില്ലകളായാൽ വിദ്യാലയത്തിനും സമൂഹത്തിനും തണൽ നൽകുകയും ചെയ്യുമാറാകട്ടെ എന്നമവർ കൂട്ടിച്ചേർത്തു.

ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് എച്ച്.കെ അബ്ദുൾ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീ'എം,എ മജീദ്, ജില്ലാ കമ്മീഷണർ ഗൈഡ്സ് ശ്രീമതി ഭാർഗവിക്കുട്ടി, ജില്ലാ ട്രൈയിനിംഗ് കമ്മീഷണർ സാബു തോമസ്, എസ്.എം. ഡി..സി ചെയർമാൻ കെ.എം. സൈദ്,  ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീമതി അനിത. എം നായർ,  സ്റ്റാഫ് സെക്രട്ടറി പ്രദീപ് കുമാർ യു എന്നിവരും സംബന്ധിച്ചു.

ജില്ലാ ഓർഗനൈസിംങ് കമ്മീഷണർ ശ്രീമതി പി.ടി.ഉഷ സ്വാഗതവും ബണ്ണീ ക്യാപ്റ്റൻ ശ്രീമതി ശോഭ കെ നന്ദിയും രേഖപ്പെടുത്തി.

ഈരണ്ട് വീതം സ്കൗട്ട്സ്, ഗൈഡ്സ് യൂനിറ്റുകളും  രണ്ട് കബ്സ് യൂനിറ്റുകളും , ഒരു ബുൾബുൾ യൂനിറ്റും നിലവിലുണ്ട്. ബണ്ണീസിന്റെ രണ്ടു യൂണിറ്റുകൾ കൂടി നിലവിൽ വന്നതോടെ  കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ സ്കൗട്ട് & ഗൈഡ്സിലെ എല്ലാ വിഭാഗത്തിലും യൂനിറ്റുള്ള ആദ്യത്തെ സ്കൂൾ,  പട്ല ജി- എച്ച്. എസ്. എസ്സായി.

കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ ആദ്യ ബണ്ണിസ് യൂനിറ്റ് തുടങ്ങിയ പട്ല ജി- എച്ച്. എസ്. എസ്സിനും പി.ടി. ഉഷ ടീച്ചർക്കും  അലിഫ് പട്ല (ആർട്സ് & ലെറ്റർസ് ഫോറം) അഭിനന്ദനമറിയിച്ചു

ബസ്സായാലും എന്തായാലും ചർച്ചയുടെ പ്രസക്തിയെന്നു വെച്ചാൽ /അസ്ലം മാവിലെ

ബസ്സായാലും എന്തായാലും
ചർച്ചയുടെ പ്രസക്തിയെന്നു വെച്ചാൽ .

അസ്ലം മാവിലെ

സ്കൂൾ നേതൃത്വത്തിലും രാഷ്ട്രീയ,  സാമൂഹിക, കലാകായിക,  മഹല്ല് നേതൃത്വങ്ങളിലുമുള്ളവരും, നാട്ടിലെ ഓരോ ഇലയനക്കങ്ങളും ആകാംക്ഷയോടെ  നോക്കിക്കാണുന്ന പ്രവാസലോകത്തുള്ളവരും നിറഞ്ഞു നിൽക്കുന്ന ഈ ഒരു കൂട്ടായ്മയിൽ ഇങ്ങനെയുള്ള വിഷയങ്ങൾ ചർച്ചയ്ക്ക് വന്നാൽ, അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഓപൻ ഫോറത്തിലോ ബന്ധപ്പെട്ട നേതൃത്വങ്ങളെ സ്വകാര്യമായോ അറിയിക്കാൻ പറ്റും. അത് സ്കൂളിന്റെ ഔദ്യോഗിക വികസന സമിതി യോഗത്തിലും പിടിഎ എസ്. എം. സി ഫോറങ്ങളിലും മറ്റും നേതൃത്വത്തിന് സൂചിപ്പിക്കാമല്ലോ.

പ്രാക്ടിക്കലായി ഒരു സൊല്യൂഷൻ ഉണ്ടാകുന്നില്ലെങ്കിൽ വാർത്ത പത്രത്തിൽ കൊടുത്തവരോടും ആരായണം - അവർക്ക് വല്ല ഉപായങ്ങളോ നിർദ്ദേശങ്ങളോ ഉണ്ടോ എന്ന്.

ഒരേ സമയം നാല് ദിക്കിൽ നിന്നും ബസ്സ് എത്തുമാറ്  ഒരു സംവിധാനം നടക്കുമെന്ന് തോന്നുന്നില്ല.  അതെന്റെ ആർടിക്കിളിൽ തന്നെ സൂചിപ്പിച്ചിരുന്നു. പിന്നെയുള്ളത് അധ്യാപകരെ മധൂർ / ഉളിയത്തട്ക്ക ബസ് സ്റ്റാൻഡിലേക്കുള്ള പോക്കു &വരവ് (up & down ) സംവിധാനമെങ്കിലും ചെയ്യുക എന്നതാണ്. അങ്ങിനെ വന്നാൽ അവരുടെ സ്ഥലം മാറിപ്പോകൽ തൽക്കാലം ഒഴിവായിക്കിട്ടുമല്ലോ.

പിന്നെ, പിള്ളേർ.
നാനാ ദിക്കിൽ നിന്നും പട്ല സ്കൂളിലേക്ക് അവർ പഠിക്കാൻ വന്നാൽ നല്ലതാണ്. ഒരു ചന്തമുണ്ട്. ഡൈവേർസിറ്റിക്കും നന്ന്. പല പ്രാദേശികത്വങ്ങൾ ചേർന്ന പലമ. ആ പലമയിൽ നിന്നുള്ള സംസ്ക്കാരപ്പൊലിമ. നമ്മുടെ നാട്ടിലെ കുട്ടികൾക്കും സ്കൂൾ തൊട്ടേ നാട്ടുകാരല്ലാത്തവരെ ഉൾക്കൊള്ളാനുള്ള വലിയ മനസ്സു അത് വഴിയുണ്ടാകും. (ഇതൊക്കെയുള്ളത് കൊണ്ടാണ് പൊതുവിൽ നമ്മുടെ സ്കൂളിലെ കുട്ടികളുടെ നിലവാര ഉയർച്ച ആവറേജിനും മുകളിൽ കാണുന്നത് )

Progress is impossible without change, and those who cannot change their minds cannot change anything - GBS

എന്നെ സംബന്ധിച്ചിടത്തോളം, കുറച്ചിട നടന്നു വരുന്നതാണ് ഒരു ഒരു ചന്തം. പക്ഷെ, ആ കാലം പൊയ്പ്പോയ്. മുമ്പ് ടീച്ചേർസൊക്കെ ക്വാട്ടേഴ്സിലായിരുന്നു താമസം - നാട്ടിലോ ടൗണിലോ. വെള്ളിക്കളം നാട്ടിൽ പോകും തിങ്കൾക്കളം സ്കൂളിൽ എത്തും. പക്ഷെ, ഇന്ന് അങ്ങിനെയല്ലല്ലോ.

ലൈബ്രറിയിൽ തന്നെ ജോലിയും സേവനവും വായനയും ഊണും ഉറക്കവുമുള്ള ഒരു ലൈബ്രറിയനെ മിനിഞ്ഞാന്ന് ബ്രണ്ണൻ കോളേജിൽ കണ്ടുമുട്ടാനിടയായി. അങ്ങനെയുള്ള ഹുമയൂൺമാർ യഥേഷ്ടം ഉണ്ടാകുക അസംഭവ്യമാണല്ലോ.

ഏതായാലും അധ്യാപകർക്കെങ്കിലും ഒരു സംവിധാനം പറ്റുമോ എന്ന് ആലോചിച്ചാൽ നല്ലത്, അതൊരു പൗരാവലി യോഗം ചേർന്നാണെങ്കിലും. അങ്ങിനെ യോഗം ചേർന്നാൽ കുറഞ്ഞത്, ഇത് ചുളുവിൽ നടപ്പാക്കാവുന്ന ഏർപ്പാടല്ലെന്നും  സങ്കീർണ്ണതയും അപ്രായോഗികതയും  ഒരുപാടുണ്ടെന്നും  ബോധ്യപ്പെടുത്താനുമാകും. ആരെ ബോധ്യപ്പെടുത്താനുമാകുമെന്ന് ? അവരെ തന്നെ ....

To improve is to change,  to be  perfect  is to change often - W. Churchill  പറയാൻ ഇങ്ങനെ പലരുമുണ്ട്. എന്നാലും ഒരു ശ്രമം നടത്താം. ആയാൽ ഒരു പാ(ക്ക്)തൈ പോയാൽ ഒരു പാക്ക്.

ചോദ്യങ്ങൾ, ചർച്ചകൾ :

▪  സ്കൂൾ സമയത്തിനനുസരിച്ച് ബസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാൽ ലഭിക്കാൻ സാധ്യതയുണ്ടോ ?

▪ എങ്കിൽ പ്രൈവറ്റ് ? KSRTC ? 

▪  മധൂരിലേക്ക് വരുന്ന ഏതെങ്കിലും ഒന്നോ രണ്ടോ  ബസ്  ട്രിപ്പ് രാവിലെ / വൈകുന്നേരങ്ങളിൽ  സ്കൂൾ സമയം കണക്കായി പട്ലയിലേക്ക് വഴി തിരിച്ചു വിടാൻ പറ്റുമോ ? 
.
▪ എങ്കിൽ  ഒരു മീറ്റിംഗ്‌ ബന്ധപ്പെട്ടവരെ പങ്കെടുപ്പിച്ച്  എപ്പോൾ നടത്തും ?

▪ ചെറിയ സേവനമെന്ന രീതിയിൽ ഒരു  വാൻ /ബസ് ഏർപ്പാട് ചെയ്യാൻ പൗരാവലിക്കോ well wishers നോ സാധിക്കുമോ ?  പ്രവാസി റിട്ടേണീസായ വണ്ടി ഓട്ടുന്നവർക്കും ഇതാലോചിക്കാം, അവർക്ക് വേറെയും പ്രൈവറ്റായി ഓടാമല്ലോ, 

▪ പട്ല - മധൂർ സ്റ്റാൻഡിലുള്ള റിക്ഷാ ഡ്രൈവേർസിന്റെ സഹകരണത്തോടെ താത്ക്കാലിക സംവിധാനം ?
 
▪ നേരത്തെ പറഞ്ഞ എം.പി. ഫണ്ട് പുതിയ എം.പി.യോട് ആവശ്യപ്പെടാൻ പറ്റില്ലേ ? അതിന്റെ നടത്തിപ്പ് എങ്ങിനെയായിരിക്കും ?

▪ അധ്യാപകരെ കൊണ്ട് വരാനും വിടാനും എങ്കിലും പുതിയ *ഫ്രണ്ട്ലി ഷട്ട്ൽ സർവീസ്* സമ്പ്രദായം  താത്കാലികമായി നാട്ടിലുള്ളവർക്ക് നടപ്പാക്കാൻ പറ്റുമോ ? ( ആ രണ്ട് സമയത്ത് വണ്ടി Available ആണെങ്കിൽ Up & down Service  20 സ്വകാര്യവണ്ടിക്കാരുടെ ഒരു ചെയിൻ ഗ്രൂപ്പുണ്ടാക്കി സേവനം )

▪ അല്ലെങ്കിൽ പുതിയ ഒരാശയം

▪ മധുരിലേക്ക് വരുന്ന ബസ് റൂട്ട് ഡൈവേർട്ട് ചെയ്ത് അവരുദ്ദേശിക്കുന്ന മിനിമം  കളക്ഷൻ കിട്ടിയില്ലെങ്കിൽ ബാക്കി നൽകാൻ (വ്യക്തമായ evidence ഹാജരാക്കിയാൽ ) പൗരാവലി തയാറാകുമോ ?



ജാഗ്രത കാണിക്കുക* *പട്ലയിൽ മഞ്ഞപ്പിത്തം അങ്ങിങ്ങായുണ്ട്* / അസ്ലം മാവിലെ


*ജാഗ്രത കാണിക്കുക*
*പട്ലയിൽ മഞ്ഞപ്പിത്തം അങ്ങിങ്ങായുണ്ട്*
..............................
അസ്ലം മാവിലെ
..............................

ഈ കുറിപ്പിലെ അവസാനഭാഗം വായിക്കാതെ പോകരുത്.

പ്രളയശേഷം സ്വാഭാവികമായും ചില രോഗങ്ങൾ കണ്ടു വരാറുണ്ട്. ആരോഗ്യ പ്രവർത്തകരുടെ സജിവമായ ഇടപെടലും ഓൺലൈൻ ബോധവത്ക്കരണങ്ങളും ഏറ്റവും കൂടുതൽ ഇംപാക്ട് ഉണ്ടാക്കിയ പ്രദേശമാണ് പട്ല. മറ്റൊരു പരീക്ഷണത്തിന് നിൽക്കാതെ പൊതുജനങ്ങൾ കൂടുതൽ ജാഗരൂകരായി. ആരാഗ്യ സാക്ഷരായ നാട്ടുകാർ ശുചിത്വ കാര്യങ്ങളിലും പ്രളയാനന്തര പരിസര ശുചീകരണങ്ങളിലും വളരെ സജീവമായി നിലകൊണ്ടു. കിണറും കുളവും ടാങ്കും എല്ലാം നിർദ്ദേശങ്ങൾക്കനുസരിച്ചു ക്ലോറിനേഷൻ നടത്തി. വീടും പരിസരയും വൃത്തിഹീനമാകാതെ നോക്കി.  അത്കൊണ്ട് തന്നെ  പഞ്ചായത്തിലെ താഴ്ന്ന പ്രദേശവും ഏറെ സമയം വെള്ളം കെട്ടി നിൽക്കുന്ന ഏരിയ ആയിട്ടു കൂടി നമ്മെ പക്ഷെ, പ്രളയാനന്തര രോഗങ്ങൾ വല്ലാതെ അലട്ടിയില്ല.  അങ്ങിങ്ങായി കണ്ട രണ്ട് മൂന്ന് ഡെങ്കിപ്പനി, അതിസാരം കേസൊഴിച്ചാൽ  വലിയ ആരോഗ്യപ്രശ്നങ്ങൾ നമ്മുടെ  പ്രദേശത്തുണ്ടായില്ല എന്നാണ് ശുചിത്വ ബോധവത്ക്കരണവുമായി സേവന- ആരോഗ്യ പ്രവർത്തകരുടെ കൂടെ ഒന്ന് രണ്ട് ദിവസം നടന്ന അനുഭവം വെച്ചുകൊണ്ട്  ഞാൻ മനസ്സിലാക്കുന്നത്. ആരോഗ്യ ഉദ്യോഗസ്ഥരെയും ആശാ പ്രവർത്തകരെയും സന്നദ്ധസേവകരെയും ആരോഗ്യ സാക്ഷരായ നാട്ടുകാരെയും ഒരിക്കൽ കൂടി അഭിനന്ദിക്കാം. 

എന്നാൽ, പ്രളയം കഴിഞ്ഞു ചെറിയ ഇടവേളക്കു ശേഷം പട്ലയുടെ തെക്ക്- പടിഞ്ഞാറൻ സോണിൽ മഞ്ഞപ്പിത്തം അങ്ങിങ്ങായി തല പൊക്കി കൊണ്ടിരിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. സിവിയറല്ല, പക്ഷെ ബദ്ധശ്രദ്ധരാകണം.   രണ്ട് മൂന്ന് പേർ എന്നോട് ഈ വിഷയം ഇന്നലെയും സൂചിപ്പിച്ചു. അവരുടെ വീടുകളിൽ ഈ രോഗമുള്ളവരുണ്ട്. കിണറിലെ വെള്ളം പരിശോധിക്കണോ എന്നൊക്കെ ആരായുകയും ചെയ്തു.  ചുറ്റുപാടുകളിൽ പടരാതിരിക്കാൻ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നെല്ലാം  അവർക്ക് അറിയണമെന്നുമുണ്ട്.

ഈ കുറിപ്പ് കൊണ്ട് രണ്ടുദ്ദേശമാണ്.
(ഒന്ന്)  പൊതുജനങ്ങൾ ആരോഗ്യകാര്യത്തിൽ ജാഗ്രത കാണിക്കുക. പണ്ടും മഞ്ഞപിത്തമുണ്ട്, നെലനെല്ലി അരച്ചു കഴിച്ചാൽ മാറുകയും ചെയ്യുമായിരുന്നു.  ഇന്നത്തെ സാഹചര്യമതല്ല. ഡെൻസ് പോപുലേറ്റഡ് ഏരിയയാണ് പട്ല. ചവിട്ടിനൊരു വീടാണ്. കിണറും കക്കൂസ് ടാങ്കും,  ദ്രവിക്കാത്ത പ്ലാസ്റ്റിക് കൂമ്പാരങ്ങളും,  തിന്നിട്ടും തീരാതെ കളഞ്ഞ ഭക്ഷണാവശിഷ്ടങ്ങളും,  ഇളനീർ തൊണ്ടും ചെപ്പും ചകിരിയും ചിരട്ടയും,  വളർത്തു പൂച്ചകളും പക്ഷിക്കുഞ്ഞുങ്ങളും,   ഉപയോഗിച്ചെറിഞ്ഞതും ഒഴുകിവന്നതുമായ പാംപേർസും നാപ്കിനും  എല്ലാം എട്ടും പത്തും സെന്റിനകത്താണുള്ളത്. വളരെ ജാഗ്രത കാണിക്കണം.  പഴയ ഒപ്പുതെങ്ങ് പരിസരത്തുള്ള പട്ല ലൈബ്രറിയുടെ ഒരു മുറി തന്നെ CP,  സർക്കാർ ആരോഗ്യ ഉപകേന്ദ്രത്തിന് പ്രവർത്തിക്കാനായി താത്കാലികമായി വിട്ടുകൊടുത്തിട്ടുണ്ട്. അവിടെ അപ്പപ്പോൾ നേരിട്ടു ചെന്നോ ഫോൺ വഴിയോ റിപ്പോർട്ട് ചെയ്യുക.

(രണ്ട്) ഈ വിഷയം ഇതിനകം തന്നെ  ആരോഗ്യ ഉദ്യോഗസ്ഥരുടെയും ആശാപ്രവർത്തകരുടെയും വാർഡ് അംഗത്തിന്റെയും ശ്രദ്ധയിൽ പെട്ടിരിക്കുമല്ലോ. പട്ലയിലെ  സേവനപ്രവർത്തകരുടെ  പങ്കാളിത്തത്തോടെ അത്തരം പ്രദേശങ്ങളിൽ രണ്ടോ മൂന്നോ അയൽക്കൂട്ടം പോലെ സംഘടിപ്പിച്ചു എത്രയും പെട്ടെന്ന് പ്രദേശവാസികൾക്ക് ബോധവത്ക്കരണം നടത്തുകയും ആശങ്ക അകറ്റുകയും വേണം. എല്ലാ വീടുകളും സന്ദർശിച്ചു ഓരോരുത്തരെയും ബോധ്യപെടുത്തുന്നതിന് പകരം സൗകര്യമുള്ള ഒരു വീട്ടുമുറ്റത്ത് ചുറ്റുവട്ടത്തുള്ളവർക്ക് ഒന്നിച്ചു കൂടാമല്ലോ. എന്നിട്ടും വരാത്തവരുടെ വീട്ടിലേക്ക് നമുക്കങ്ങോട്ടും പോകാം.

ഇനി ഞാനടക്കമുള്ള സേവനപ്രവർത്തകരോട് :
നാം മാത്രം തീരുമാനിച്ചു ചെയ്യുന്ന പ്രവൃത്തിയല്ല സേവനം. നമുക്ക് താൽപര്യമില്ലെങ്കിൽ അത് സേവനവുമല്ല എന്നും കരുതരുത്. ഒന്നും ചെറുതായി കാണരുത്. 
ചുറ്റുവട്ടത്തെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അപ്പപ്പോൾ പൊതുനന്മ ലക്ഷൃമാക്കി  ഇടപെടുന്നതാണ് സേവനപ്രവർത്തനങ്ങൾ. അതത് പ്രദേശങ്ങളിലുള്ള കൗമാരക്കാരടക്കം എല്ലാവരും ഇതിന്റെ ഭാഗമാകണം. മഹല്ലതിർത്തിയൊന്നും സേവനപ്രവർത്തനങ്ങൾക്ക് ഒരിക്കലും തടസ്സമാകരുത്. ഗാന്ധി പറയുന്നുണ്ട് - നിങ്ങളെ സ്വയം കണ്ടെത്താനുള്ള ഏറ്റവും നല്ല വഴി, മറ്റുള്ളവർക്ക് വേണ്ടി സേവനം ചെയ്ത് നിങ്ങൾ സ്വയം നഷ്ടപ്പെടുക എന്നതാണ്. 

*മാമ്പൂ :*
എന്നെയും വിളിക്കുക, സമയം കണ്ടെത്തി കുറച്ചു നേരം ഞാനും കുടുംബവും കൂടെ  വരാം.

 

അറിയില്ലെങ്കിൽ* *വാവാ സുരേഷാകരുത്, ആരും* /അസ്ലം മാവിലെ

*അറിയില്ലെങ്കിൽ*
*വാവാ സുരേഷാകരുത്, ആരും*
...............................
അസ്ലം മാവിലെ
...............................
http://www.kvartha.com/2019/11/shahlas-death-irresponsibility-of.html?m=1
---------------------
സുൽത്താൻ ബത്തേരിയിൽ ഒരു പെൺകുഞ്ഞ് മരണപ്പെട്ടതാണ് ഇന്നലെ മുതൽ വാർത്ത. കേരളത്തിലെ മുഖ്യധാരാ പത്രങ്ങൾ മുഴുവൻ ലീഡ് വാർത്തയായാണ് ഇന്ന് കൊടുത്തിട്ടുള്ളത്. ഇന്നലെ ദൃശ്യമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചാവിഷയവുമതായിരുന്നു.

പൊതുവെ ചില അധ്യാപകർ വെച്ചു പുലർത്തുന്ന ദുശ്ശാഠ്യവും അനാവശ്യമായ കോംപ്ലക്സും ഒരിക്കൽ പറഞ്ഞത് ഒരു കാരണവശാലും  തിരുത്തില്ലെന്ന പിടിവാശിയും പ്രായോഗിക പരിജ്ഞാനമില്ലായ്മയുമാണ് ഷഹ്ല എന്ന സ്കൂൾ വിദ്യാർഥിനിയുടെ മരണത്തിനിടയാക്കിയ കാരണങ്ങളിൽ ഒന്ന്. 

നോക്കൂ നിങ്ങൾ. ക്ലാസ്സിനകത്ത് മാളം. ഒരു ഇഴജന്തുവിന് ഒളിഞ്ഞിരിക്കാൻ പാകത്തിന് ആ മാളത്തിന് വിസ്തൃതിയുണ്ട്. കുട്ടി തന്നെ പറഞ്ഞു പാമ്പ് തന്നെ കടിച്ചെന്ന്. കടിയുടെ പാട് കണ്ടിട്ട് പ്രായത്തേക്കാൾ പക്വത കാണിച്ച അവളുടെ സഹപാഠിനികൾ തറപ്പിച്ചു പറഞ്ഞു -  ഷഹ്ല കടിയേറ്റത് പാമ്പിന്റേതെന്ന്,  അവളെ ഉടൻ ആസ്പത്രിയിൽ എത്തിക്കണമെന്ന്. അവിടെയുള്ള അധ്യാപകരും പറഞ്ഞു -  പാമ്പ് കടിയേറ്റതാണെന്ന സംശയമുള്ള സ്ഥിതിക്ക് ആസ്പത്രിക്ക് കൊണ്ട് പോകാമെന്ന്. ഒരധ്യാപിക അപ്പോൾ തന്നെ ദേഷ്യം പിടിച്ചു ഇറങ്ങിപ്പോവുകയും ചെയ്തു. എന്നിട്ടും ക്ലാസധ്യാപകൻ ഒറ്റ വാശിയിലാണ് - പാമ്പ് കടിച്ചല്ല ചോര വരുന്നത്, ഇരുമ്പാണികൊണ്ടാണെന്ന്. ഞാൻ രക്ഷിതാവിനെ വിളിച്ചിട്ടുണ്ട്, അയാൾ വന്നാലേ കുട്ടിയെ കൂടെ വിടൂന്ന് !

ദുർവാശിയുടെ കൂടെ ഇയാളെ വിടാം. പക്ഷെ, മറ്റു അധ്യാപകർ എതിർപ്പിനെ മറികടന്നു എന്ത് കൊണ്ട് കുട്ടിയെ ആസ്പത്രിയിലെത്തിക്കാൻ ശ്രമിച്ചില്ല ? മുറിവിന് മുകളിൽ ഒരു തുണിശീല കെട്ടി രക്ഷിതാവ് വരുംവരെ കാത്ത് നിന്ന ആ അരമണിക്കൂർ എത്ര വലുതായിരുന്നുവെന്ന് ഇവരൊന്ന് കണക്കുകൂട്ടണം.  ബെല്ലടിച്ചശേഷം  അര മിനിറ്റ് ക്ലാസ്സിലെത്താൻ കുട്ടികൾ വൈകിയാൽ  കാണിക്കുന്ന സമയാച്ചടക്കബോധം സെക്കൻറിന്റെ നൂറിലൊരംശം പോലും സങ്കീർണ്ണത സൃഷ്ടിക്കുന്ന ഈ കേസിൽ എന്ത്കൊണ്ട് ഈ അധ്യാപകർ പാലിച്ചില്ല ?


ഈ സംഭവം നടക്കുന്നത് അവസാന പീരിയഡാണ്. എല്ലാ അധ്യാപകരും തീർച്ചയായും സ്ഥലം കാലിയാക്കാനുള്ള മൂഡിലായിരിക്കും. ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഇവർ തയ്യാറായിരിക്കില്ല. ഓരോരുത്തന്റെ മേലേക്ക് ചാരി നീ പോ, നീ പോന്നും പറഞ്ഞു അവസാന ബെല്ലടിക്കും മുമ്പും സ്കൂട്ടറെടുത്ത് സ്കൂട്ടാവാനുള്ള തിരിക്കിലായിരിക്കും ഇവർ. അക്കാരണവും പാമ്പു കടിയേറ്റ കുട്ടിയെ ആസ്പത്രിയിൽ എത്തിക്കുന്നതിൽ മറ്റു അധ്യാപകരെ പിന്നോക്കം വലിച്ചിരിക്കാം.

ജീവിച്ചു തീർക്കാൻ ഒരുപാട് ബാക്കിയുള്ള പെൺകൊടിയെ ഇവരുടെ തികഞ്ഞ അനാസ്ഥ മൂലം ആ മാതാപിതാക്കൾക്ക് നഷ്ടപ്പെട്ടു.  സ്കൂളിലെത്തുന്ന കുഞ്ഞുമക്കൾക്ക് എന്ത് സംഭവിച്ചാലും അതെന്റെ ഉത്തരവാദിത്വമല്ലെന്ന നിലപാടിൽ,  സ്കിപ്പായി വീട്ടിലെത്താൻ തിടുക്കം കാട്ടുന്ന ആ അധ്യാപകർക്കു ഇപ്പോൾ സമാധാനം കിട്ടിയെന്ന് കരുതുന്നുണ്ടോ ? എത്ര പേരോട് ഇനി ഇവർ മറുപടി പറയാനുണ്ട് ? ഒന്നും രണ്ടും ദിവസത്തെ തീരുന്ന ഏർപ്പാടാണോ ? ആദരാഞ്ജലി എഴുതി സ്കൂൾ മതിലിൽ ബാനർ തൂക്കിയാൽ ഇനി മുതലങ്ങോട്ടുള്ള രാത്രികളിൽ ഉറക്കം ലഭിക്കുമെന്ന് ഇവർക്ക് ഉറപ്പുണ്ടോ ?

കുട്ടിയെ ആസ്പത്രിക്ക് പോകാൻ നിർബന്ധിച്ച ഒരധ്യാപിക, ദേഷ്യപ്പെട്ട് അതിലും വലിയ സീനുണ്ടാക്കി സ്ഥലം വിട്ടു എന്നു കേൾക്കുന്നു. ഈ അമ്മടീച്ചറിന് ഇറങ്ങിപ്പോകുമ്പോൾ ഷഹ്ല മോളെ കൂടി കൂടെ കൂട്ടിയിരുന്നെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നില്ലേ ?
ആസ്പത്രിയിൽ എത്തിക്കാൻ കൂട്ടാക്കാത്ത മാഷോടുള്ള  ദേഷ്യം ഒറ്റയ്ക്കിറങ്ങിപ്പോകുന്നതിന് പകരം, അമ്മടീച്ചർ ഇങ്ങനെയല്ലേ തീർക്കേണ്ടിയിരുന്നത് ? ആ സ്കൂളിൽ സ്വൽപമെങ്കിലും ദീനാനുകമ്പ അവശേഷിച്ചിരുന്ന ടീച്ചർക്ക് പക്ഷെ,  തലക്കു വെളിവും വെളിച്ചവും  ഇല്ലാതെ പോയി എന്നതാണ് അതിലേറെ കഷ്ടം !

ചക്കളത്തിൽ പോരും,  മൂപ്പിളമ തർക്കവും,  എല്ലാം അറിയാമെന്ന മൂഢധാരണയും ഇനിയെങ്കിലും മാറ്റി വെച്ച്  അധ്യാപകർ കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നഭിപ്രായം എനിക്കുണ്ട്. അറിയില്ലെങ്കിൽ അറിയില്ല എന്ന് പറഞ്ഞേക്കണം, വാവാ സുരേഷാകാൻ ഒരിക്കലും നിൽക്കരുത്. (നന്മച്ചില്ലകളായ പതിനായിരക്കണക്കിന് അധ്യാപകരുടെ സേവനങ്ങൾ മറന്നല്ല ഇപ്പറയുന്നത്, അവരോടുള്ള അഭിസംബോധനയുമല്ല )

ക്ലാസ്സിനകത്തും കാമ്പസിലും  അസ്വാഭാവികമായി എന്ത് ശ്രദ്ധയിൽ പെട്ടാലും സ്ഥാപന മേധാവിയെ  അറിയിക്കുവാൻ ആകുന്നില്ലെങ്കിൽ ആരും വാധ്യാരാകരുത്. ക്ലാസ്സിനകത്ത് വരുമ്പോൾ ചെരിപ്പഴിക്കാൻ കുട്ടികളെ നിർബന്ധിക്കാം. പക്ഷെ, ആ മക്കൾ നടക്കുന്ന, ഇരിക്കുന്ന സ്ഥലം പാദരക്ഷയില്ലാതെ കയറാൻ മാത്രം സുരക്ഷിതമാണോ എന്ന് കൂടി ഈ അധ്യാപകർ ആലോചിക്കണം.  നിലത്തെവിടെയെങ്കിലും തുള വീണിട്ടുണ്ടെങ്കിൽ  ഒരു കൈകോട്ട് മണ്ണെടുത്തടക്കാനും , കുട്ടികളെ കൂടി അതിന്റെ ഭാഗമാക്കാനുമുള്ള പ്രായോഗിക ബുദ്ധിയില്ലാതെ പോകുന്നത് കഷ്ടമാണ്. പണ്ടൊരു വാധ്യാർ തോണിക്കാരനോട് തർക്കിച്ച് പരിഹസിച്ച്, അവസാനം സ്വയം പരിഹാസ്യനായ കഥ ഓർമ്മയില്ലേ ? ബയോളജിയും ജിയോളജിയും എംബ്രിയോളജിയും അറിയാത്തപ്പോൾ ജീവിതത്തിന്റെ മുക്കാൽ ഭാഗവും കട്ടപ്പുകയായെന്ന് കളിയാക്കിയ വാധ്യാരോട് കാറ്റും കോളും വന്നപ്പോൾ തോണിക്കാരൻ ചോദിച്ചത് - ആശാനേ നീന്തോളജി അറിയോന്ന് ? അറിയില്ലെങ്കിൽ ജീവിതം തന്നെ മൊത്തം പോയെന്ന് പറഞ്ഞ് വെള്ളത്തിൽ ചാടിയ തോണിക്കാരന്റെ കഥ.

ഇനി മറ്റൊരാളെ പരിചയപ്പെടാം. ആളൊരു ഡോക്ടർ. സർക്കാർ ശമ്പളക്കാരൻ.  താലൂക്കാശുപത്രിയിലാണ് ഡ്യൂട്ടി. അവിടെ വിഷചികിത്സക്കുള്ള പരിചരണമുണ്ട്. അന്റിവീനവുമുണ്ട്. ടെസ്റ്റ് ചെയ്യാനുള്ള സൗകര്യമുണ്ട്. അവിടെയാണ് ഷഹ്ള എത്തുന്നത്. ടെസ്റ്റ് തുടങ്ങി.  പാമ്പ് കടിയേറ്റ ലക്ഷണങ്ങൾ  ഒബ്സർവേഷനിൽ വെച്ച സമയത്ത് തന്നെ രോഗി കാണിച്ചും തുടങ്ങി. പക്ഷെ, പിന്നെ അസുഖം തുടങ്ങിയത് ഡോക്ടർക്കാണ് . കുട്ടി ഛർദ്ദി തുടങ്ങിയപ്പോൾ അയാൾ  കുട്ടിയെ ഡിസ്ചാർജ് ചെയ്യാനാണ് ശ്രമിച്ചത്.  സ്വന്തം റിസ്കിൽ മകൾക്ക് മരുന്ന് നൽകാൻ കെഞ്ചിയ പിതാവിനോട് കുട്ടിയെ എത്രയും പെട്ടെന്ന് ഡിസ്ചാർജ് ചെയ്ത് മണിക്കൂറുകൾ അകലെയുള്ള ആസ്പത്രിക്ക് റഫർ ചെയ്യാൻ തിടുക്കം കാട്ടിയ നിരുത്തരാവാദിത്വത്തിന്റെ അങ്ങേയറ്റമായ ഒരു മണ്ടൻ  ഡോക്ടർ. എന്തൊരു ദുരന്തം !

ശരിക്കുമത്തരം ഘട്ടങ്ങളിൽ ആരാണ് സ്റ്റാൻഡ്‌ അറിയിക്കേണ്ടത് ? ചികിത്സ അറിയുന്ന ഡോക്ടറോ അല്ല രക്ഷിതാക്കളോ ? അത്ര ദൂരത്തേക്ക് റഫർ ചെയ്താൽ വിഷബാധയുടെ മുഴുവൻ ലക്ഷണങ്ങളും കാണിച്ചു തുടങ്ങിയ രോഗി എങ്ങിനെ രക്ഷപ്പെടുമെന്നാണ് വൈദ്യശാസ്ത്രം അഞ്ചരക്കൊല്ലം പഠിച്ച ഇയാൾ മനസ്സിലാക്കിയത് ? അറിയാത്തവർ ചോദിച്ചു പോകും.  അവിടെയും വിലപ്പെട്ട മറ്റൊരു അരമണിക്കൂർ  നഷ്ടമായി ! (ഒരുപക്ഷെ, ഡോക്ടർക്കും  സ്വകാര്യ ചികിത്സയ്ക്കുള്ള സമയമായിക്കാണും, അത് കൊണ്ടാകാം റിസ്ക്കിന് നിൽക്കാത്തത്! പിന്നെന്ത് പറയാൻ ?) 

ഇന്നലെ അസീസ് - അകാലത്തിൽ ആകാശത്തേക്ക് പറന്നകന്ന ആ മാലാഖക്കുഞ്ഞിന്റെ പിതാവ് - ഇടറി മുറിഞ്ഞ് വീണ ശബ്ദത്തിൽ പറഞ്ഞത് മലയാളി ലോകം മറക്കില്ല. "എനിക്കാരോടും പരിഭവമില്ല, കുറ്റപ്പെടുത്തുന്നുമില്ല;  നഷ്ടമായത് ഞങ്ങൾക്കാണ്, ഇനിയൊരു മാതാപിതാക്കൾക്കും ഇത്തരം  നിരുത്തരവാദത്വത്തിന്റെ ഒറ്റക്കാരണം കൊണ്ട് മാത്രം ഒരു കുഞ്ഞും നഷ്ടപ്പെടരുത്. "

അസീസിന്റെ വാക്കുകൾക്ക് ഒരുപാട് അർഥമാനങ്ങളുണ്ട്.

സ്കൂളിലെ ഭൗതിക സൗകര്യക്കുറവിനെ കുറിച്ച് വാചാലമായി വിഷയം വഴിതിരിച്ചു വിടുന്നതിന് പകരം ഉത്തരവാദിത്വപ്പെട്ടവരുടെ മനോഭാവത്തെക്കുറിച്ചാണ് നാം ആകുലരാകേണ്ടത്. ഇതിലുമപ്പുറം തുള വീണ, ചോർന്നൊലിച്ച, മോന്തായം പൊളിഞ്ഞ പള്ളിക്കൂടത്തിലൊക്കെയാണ് ഞങ്ങൾ പഠിച്ചു വളർന്നത്. അന്ന് പക്ഷെ,  മനുഷ്യത്വം എവിടെയും കാണാമായിരുന്നു.

കൂട്ടായ്മ അഭിനന്ദനമർഹിക്കുന്നു; ഈ സംഘശക്തിക്കതിനർഹതയുണ്ട്*/ അസ്ലം മാവിലെ

* കൂട്ടായ്മ അഭിനന്ദനമർഹിക്കുന്നു; ഈ സംഘശക്തിക്കതിനർഹതയുണ്ട്*
................................
അസ്ലം മാവിലെ
................................

സേവനമെന്നാൽ എന്തെന്ന് ഇക്കഴിഞ്ഞ ആഴ്ചയും ഞാനെഴുതിയിരുന്നു. മാനുഷിക മൂല്യങ്ങൾ ഉൾക്കൊള്ളുന്നതും  മനുഷ്യോപകാരപ്രദവുമായ ഒരു പ്രവൃത്തി. അങ്ങിനെയുള്ളയൊന്ന്,  അത് ഏറ്റവും ആവശ്യമായ സമയത്ത്, മറ്റെല്ലാം മാറ്റി വെച്ച് ഏറ്റവും ആദ്യം ചെയ്യുമ്പോൾ അതാണ് സേവനത്തിന്റെ പരമകോടി, നാടൻ പറച്ചിൽ പറഞ്ഞാൽ അവ്വല് സ്വബീ(ഹ്).

കുറച്ച് മെനക്കടാണ്. സമയം അതിനായി മാറ്റിവെക്കണം. സ്വകാര്യപരിപാടികൾക്ക് അവധി നൽകേണ്ടി വരും. ആവശ്യക്കാരന് മുന്നിൽ At Your Service എന്ന മട്ടിൽ വിനയാന്വിതനാകണം. ശരീരഭാഷവരെ ഭൂമിയോളം താഴണം.

ഇന്നലെ ഒരു സേവനം പട്ലയുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. എന്റെ മകൻ ഇടക്കിടക്ക് അതിന്റെ അപ്ഡേഷൻ എനിക്ക് അറിയിച്ചു കൊണ്ടേയിരുന്നു, ബൈ സെൻഡിംഗ് ഫോട്ടോസ്.

എത്ര ക്ഷമാപൂർവ്വം എത്ര ഭംഗിയായാണ് പെന്‍ഷന്‍ മസ്റ്ററിങ് ക്യാംപ് യൂത്ത് ലീഗ് പട്ലയുടെ നേതൃത്വത്തിൽ ഇന്നലെ നടന്നത്. പട്ലയിലെ മുതിർന്ന പൗരന്മാർക്കും വൈധവ്യത്തിൽ പ്രയാസമനുഭവിക്കുന്നവർക്കും ദിവ്യാംഗവിഭാഗത്തിലുള്ള അശരണർക്കും ഇന്നലത്തെ ദിവസം അത്രമാത്രം സന്തോഷം നൽകിയിരിക്കും.  അവർക്ക് പെൻഷൻ മുടങ്ങാനിടയുള്ള ചില സാങ്കേതിക തടസ്സങ്ങളാണ് മസ്റ്ററിങ് ക്യാംപിൽ കൂടി ഇന്നലെ മുതൽ നീങ്ങിയത്. 120 പേർ (token )  ആയിരുന്നുവത്രെ ഇന്നലത്തെ ടാർജറ്റ്. അത്രയും പേരുടെ പ്രോസസ്സ് പൂർത്തികരിക്കുക എന്നർത്ഥം. പക്ഷെ,  സിസ്റ്റം അൽപം സ്ലോ ആയത് കൊണ്ട് 82 ൽ നിർത്തേണ്ടി വന്നു - എൺപത്തിരണ്ടാമൻ എത്തുമ്പോൾ സമയം രാത്രി 10:10 !

ഇന്നലെ അഞ്ചു മണിക്ക് തുടങ്ങിയ ഈ സേവനത്തിന് ഒരുപാട് ഗൃഹപാഠം നടത്തിയിരിക്കണം. ശരിയല്ലേ ?  ചിട്ടയും അച്ചടക്കവും അത്കൊണ്ടുണ്ടായി.

കൂട്ടായ്മകൾ, ആരാകട്ടെ, മത്സരിക്കേണ്ടത് ഇങ്ങനെയുടെ പ്രവർത്തനങ്ങളിൽ  മുഴുകിയായിരിക്കണം.

രാഷ്ട്രിയത്തെ രാഷ്ട്രസേവനമെന്ന് നിരീക്ഷിക്കാറുണ്ട്. രാഷ്ട്രത്തിലെ പൗരന്മാരെ സേവിക്കുക എന്നതാണ് അതിന്റെ നിർവ്വചനാർഥം. പട്ല  MYL യൂനിറ്റിന്റെ, യുവതയുടെ സേവനം അതച്ചട്ട് ശരി വെക്കുന്നു.

*പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും ഒരുക്കങ്ങളും പാഴാവരുത്; സര്‍ക്കാര്‍ സ്‌കൂളുകളുടെ സംരക്ഷണം നമ്മുടെ കൈകളിലാണ്; പ്രതിസന്ധികളെ മുന്‍കൂട്ടി കാണാനുള്ള കണ്ണുണ്ടാകണം/ ASLAM MAVILAE



*പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും ഒരുക്കങ്ങളും പാഴാവരുത്; സര്‍ക്കാര്‍ സ്‌കൂളുകളുടെ സംരക്ഷണം നമ്മുടെ കൈകളിലാണ്; പ്രതിസന്ധികളെ മുന്‍കൂട്ടി കാണാനുള്ള കണ്ണുണ്ടാകണം*
................................
അസ്ലം മാവിലെ
................................
http://www.kvartha.com/2019/11/government-school-should-protected-by.html?m=1
പല അൺഎയ്ഡഡ് സ്കുളുകളിൽ നിന്നും മക്കളെ സർക്കാർ സ്കൂളുകളിൽ ചേർക്കുന്ന ട്രെന്റ് തുടങ്ങിയിട്ട് കുറച്ചു വർഷങ്ങളേ ആയുള്ളൂ. അങ്ങിനെയൊരു ചുറ്റുപാടിലേക്ക് രക്ഷിതാക്കളുടെ മൈന്റ് സെറ്റ് ചെയ്തെടുക്കാൻ അതത് പ്രദേശങ്ങളിലെ പൂർവ്വ വിദ്യാർഥികളും സാംസ്കാരിക പ്രവർത്തകരും പി ടി എ നേതൃത്വങ്ങളും ഭഗീരഥപ്രയത്നങ്ങൾ നടത്തിയിട്ടുണ്ട്.

പൊതുസമൂഹത്തിന് സാരമായി ബാധിച്ച അൺഎയ്ഡഡ് എസ്-മാനിയ മാറ്റാൻ ഒരുപാട് എതിർപ്പുകൾ തരണം ചെയ്യേണ്ടി വന്നത് അധ്യാപകരേക്കാളേറെ ഓരോ പ്രദേശത്തെയും ഏതാനും ചില വിദ്യാഭ്യാസ പ്രവർത്തകർക്കായിരുന്നു.
കൃത്യം 15 വർഷം തൊട്ടിങ്ങോട്ട് അതിലും കൃത്യമായി നടന്ന ഇടപെടലുകളുടെ ഫലമായാണ് പലയിടത്തും സർക്കാർ സ്കൂളുകൾ ഇന്നു കാണുന്ന പ്രതാപത്തിലേക്ക് നടന്നെത്തിയത്.

തലങ്ങും വിലങ്ങും പത്തിൽ കുറയാത്ത സ്വകാര്യ ഇംഗ്ലിഷ് മിഡിയം സ്കൂളുകളുടെ വണ്ടി നിരങ്ങാത്ത പ്രദേശങ്ങൾ തന്നെയില്ലായിരുന്നു. ഒരു ധാരണയോ കൃത്യമായ പ്ലാനിംഗോ ഇല്ലാത്ത അൺഎയ്ഡഡ് ഇമീസ് കെട്ടിടൊഴിവ് കാണുന്നിടത്തൊക്കെ യഥേഷ്ടം തുറക്കുന്ന ദയനീയ കാഴ്ച അന്ന് എവിടെയും കാണാമായിരുന്നു.

യാ, യാ, ഐ (ക്)നോ എന്ന് പറഞ്ഞവനെ പോലും വഴിതടഞ്ഞ് അധ്യാപകരാക്കിയിരുന്ന ഒരു കാലത്ത് വാ പൊളിച്ചു നോക്കാനേ അന്ന് സർക്കാർ വിദ്യാലയാധികൃതർക്കും പിടിഎയ്ക്കും സാധിച്ചിരുന്നുള്ളൂ. പഠിച്ചവർ പോലും സ്വന്തം പാഠശാല മറന്നു മക്കളെ ടൈ കെട്ടി ടാറ്റാ പറഞ്ഞ് മുറ്റത്ത് വരുന്ന ഓമ്നി -  ഓട്ടോറിക്ഷ മുതലങ്ങോട്ടുള്ള സകല ശകടങ്ങളിലും യാത്രയാക്കാൻ തിടുക്കപ്പെട്ടിരുന്ന ഒരു പോയ കാലവും പോയത്തക്കാലവും ഞാനടക്കം പലർക്കും ഓർത്തെടുക്കാൻ സാധിക്കും.

അന്നൊരു തിരിച്ചു ശ്രമം നടന്നു. ഏറ്റവും മികച്ച അധ്യാപകരാണ് സർക്കാർ സ്കൂളിലുള്ളതെന്ന് നാം പബ്ലിസിറ്റി നൽകി. ഉയർന്ന അക്കാഡമിക് യോഗ്യതയുള്ളവരെന്നും ടീച്ചിംഗിൽ മികച്ച പരിശീലനം സിദ്ധിച്ചവരെന്നുമായിരുന്നു നാം രക്ഷിതാക്കളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചത്. അങ്ങിനെയാണ് എതിർപ്പുകളെ അതിജീവിച്ച് സർക്കാർ സ്കൂൾ ഇത്രമാത്രം പ്രോമോട്ട് ചെയ്യപ്പെട്ടത്. അതോടൊപ്പം  നിരന്തര ഇടപെടലിന്റെ ഭാഗമായി അതത് കാലത്തെ സർക്കാരുകൾ അവസരത്തിനൊത്തുയർന്ന് ഭൗതിക സൗകര്യങ്ങൾ ഒരുക്കിത്തന്നതും ഇന്നു കാണുന്ന ഔന്നത്യവും പ്രിവിലേജും നമ്മുടെ സ്കൂളുകൾക്ക് കിട്ടിത്തുടങ്ങാൻ കാരണവുമായി.

അത് കൊണ്ട് തന്നെയാണ്  ഒരു സഹലയുടെ വിഷയം മുന്നിൽ വന്നപ്പോൾ ഇനി ഇങ്ങിനെയൊന്നാവർത്തിക്കാതിരിക്കാൻ വിദ്യാഭ്യാസ വകുപ്പ് ജാഗ്രതാ നിർദ്ദേശങ്ങൾ എല്ലാ സ്കൂളധികാരികൾക്ക് നൽകിയതും ഒന്നു കൂടി വിജിലൻറായതും. ഇത് കണ്ടറിയാൻ അധ്യാപകർക്കും പി ടി എ യ്ക്കും സാധിക്കണം.  ഇനിയുണ്ടാകുന്ന ചെറിയ പിഴവിന് പോലും പൊതുജനം മാപ്പ് തന്നുവെന്ന് വരില്ല. അനങ്ങാപ്പാറ നയമുള്ള പി ടി എക്കാരും പഠിച്ചതേ പാടൂ എന്ന് പറയുന്ന മാനേജ്മെന്റും ഒന്നുണരാൻ സമയമായി. ചെറിയ ഒരു അസ്വാഭികത സ്കൂളിലോ കാമ്പസിലോ കുട്ടികളിലോ കണ്ടാൽ മേലധികാരികളെ റിപ്പോർട്ട് ചെയ്യാനും ഫോളോ അപ് നടത്താനും അധ്യാപകരും ഒന്നേന്ന് മുതൽ തുടങ്ങണം.  അധ്യാപകർക്ക് ഓറിയന്റേഷനും പരിശീലനവും വേണ്ടത് ആനയും അമ്പാടിയും അഭിനയിച്ചു പാഠഭാഗങ്ങൾ ബോധ്യപ്പെടുത്താനല്ല. മറിച്ച് പ്രഥമശുശ്രൂഷയ്ക്കും പ്രഥമ പരിഗണനയ്ക്കുമുള്ള അവബോധശിൽപശാലകളാണാവശ്യം .

പ്രിയപ്പെട്ട അധ്യാപകരേ, നിങ്ങളെയൊക്കെ കണ്ണടച്ചു വിശ്വസിച്ചും പ്രതിക്ഷിച്ചുമാണ് രണ്ടാം വീടായ സർക്കാർ സ്കൂളിലേക്ക് രക്ഷിതാക്കൾ തങ്ങളുടെ പിഞ്ചോമനകളെ പറഞ്ഞയക്കുന്നത്. പ്രീസ്കൂൾ മാനേജ്മെന്റും അങ്കനവാടിക്കാരും വളരെ വളരെ ശ്രദ്ധിക്കണം. അവരുടെ കണ്ണെത്താത്തിടത്ത് രക്ഷിതാക്കളുടെ കണ്ണെത്താൻ പിടിഎ നേതൃത്വത്തിൽ ഒരു വിംഗ് തന്നെ ഇടക്കിടക്കുള്ള മിന്നൽ പരിശോധനയ്ക്കായി ഒരുങ്ങി വേണം. ഉച്ചഭക്ഷണശാലയിലടക്കം ശ്രദ്ധ കൂടിയേ തീരൂ. അരിയും പയറും വൃത്തിയിൽ കഴുകി ചട്ടിയിലിടുന്നത് മുതൽ അത് വെച്ചു വിളമ്പുന്നത് വരെ വേതനത്തിലുപരി സേവന മനസ്ഥിതിയോടെ പാചക്കാരും ആയമാരും അതിന്റെ ചുമതലക്കാരും
കാര്യങ്ങൾ ഗൗരവമായി കണ്ടേ തീരൂ.

ഇനി ഒരുപക്ഷെ, അടുത്ത അധ്യയനവർഷത്തിന് വളരെ മുന്നേയായി സർക്കാർ സ്കൂൾ പരിസരം സുരക്ഷിതമല്ല എന്ന ഒരു സമാന്തര കാമ്പയിനുള്ള സാധ്യത ഞാൻ മുന്നിൽ കാണുന്നു. വാക്ചാരുതിയുള്ളവർ രക്ഷിതാക്കളെ നേരിൽ കാണാനും കുറ്റങ്ങൾ പറഞ്ഞു ഫലിപ്പിക്കാനും വിശ്വസിപ്പിക്കാനും പരമാവധി ശ്രമിക്കും. എത്ര നിയന്ത്രണങ്ങൾ വന്നാലും അതൊക്കെ കാണേണ്ടവരെ കണ്ടും കാണിക്ക വെച്ചും കൂണുപോലെ "പെട്ടിക്കടകൾ" തലപൊക്കും. പിന്നെ പിന്നെ ഈ കാണുന്ന സംരക്ഷണയജ്ഞമൊക്കെ പൊടിപിടിക്കാൻ തുടങ്ങും.
വീണ്ടും പതിനഞ്ചു വർഷം പിന്നിലേക്ക് സർക്കാർ സ്കൂളുകൾ ചെരുപ്പിടാതെ നടന്നേക്കും.

സർക്കാർ സ്കൂളും  അതിന്റെ പരിസരവും  ചുറ്റുപാടും സുരക്ഷിതമാണെന്നും പഠനത്തോടൊപ്പം കുട്ടികളുടെ ക്ഷേമകാര്യങ്ങളിലും അവരോടുള്ള മാനുഷിക പരിഗണനയുടെ വിഷയത്തിലും ഒരനാസ്ഥയുമില്ലാത്തവരാണ് അധ്യാപകരും രക്ഷകർത്തൃസമിതിയും സ്കൂൾ മനേജ്മെന്റും എന്നും  പ്രവൃത്തിയിലൂടെയും മനോഭാവത്തിലൂടെയും  ബോധ്യപ്പെടുത്താൻ ഉത്തരവാദിത്യപ്പെട്ടവർക്കാകട്ടെ. അങ്ങനെയായില്ലെങ്കിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും ബഹളവുമൊക്കെ പാഴായി മാറാൻ അധിക കാലം വേണ്ടെന്ന് വീണ്ടും ഓർമ്മപ്പെടുത്തട്ടെ.

പട്ലയിലെ പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളോട് വിനയപൂർവ്വം*/ അസ്ലം മാവിലെ

*പട്ലയിലെ പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളോട് വിനയപൂർവ്വം*
.................................
അസ്ലം മാവിലെ
.................................

പ്രളയം കഴിഞ്ഞതോർമ്മയുണ്ടല്ലോ. ഒരു പാട് പേർ കഷ്ടനഷ്ടങ്ങൾ അനുഭവിച്ചിട്ടുമുണ്ട്. മധൂർ പഞ്ചായത്തിൽ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വെള്ളപ്പൊക്കമാണുണ്ടായത്. അതിൽ ഏറ്റവുമധികം ബാധിച്ചത് പട്ലയെയാണ്, പട്ലയെ മാത്രം.

നൂറുകണക്കിന് കുടുംബങ്ങൾ കുടിയിറങ്ങി. ഫയർ സേനയും ദ്രുതകർമമ്മ വിഭാഗങ്ങളും ബോട്ടും രക്ഷാസങ്കേതങ്ങളുമായി കലക്കും വെള്ളത്തിൽ ഇറങ്ങി. രാത്രി ഉറക്കമിളച്ചു നാട്ടുകാരും അതിന്റെ ഭാഗമായി. വാർഡ് ചുമതലയുണ്ടായിരുന്ന വില്ലേജ് ആഫീസർ രക്ഷാപ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകി. സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ദുരിതാശ്വാസ കേമ്പിൽ കിടന്ന് പത്ര ദൃശ്യമാധ്യമങ്ങളിൽ കഥാപാത്രങ്ങളാകേണ്ടന്ന് കരുതി ബന്ധുമിത്രാദികൾ അവർക്ക് അഭയം സ്വന്തം വീടുകളിൽ നൽകി. സർക്കാരിന്റെ ഒരു അരിമണി പോലും വാങ്ങാൻ അഭയമൊരുക്കിയർ  ഒരുങ്ങിയില്ല. ഒന്നിച്ചു കലം വെച്ചു, ഒരുപ്പത്തിയിൽ ഉണ്ടു.  കലക്ടർ ഒഴിച്ച് ബാക്കി  എല്ലാവരും പട്ല സന്ദർശിച്ചു. അവർ നാട്ടുകാരുടെ ഈ വലിയ ദു:ഖത്തോടൊപ്പം, അതിന്നോരം നിന്നു. 

വില്ലേജ് ആഫീസർ വിളിച്ചു പറഞ്ഞു, സർക്കാർ പ്രഖ്യാപിച്ച ദുരിതാശ്വാസത്തിന് ദുരിതമനുഭവിച്ചർ അർഹരെന്ന്. മധൂർ പഞ്ചായത്തിലെ പട്ലവാസികൾ മാത്രം ലിസ്റ്റിന്ന് പുറത്തെന്നല്ല അവർ പറഞ്ഞത്.  അങ്ങിനെയെങ്കിൽ ആരും അപേക്ഷയും രേഖയും മെനക്കെട്ട് ആപ്പീസിൽ കെട്ടാക്കി തരുമായിരുന്നില്ലല്ലോ.

എല്ലാ പാർട്ടിക്കാരും അനുഭാവികളും പിണറായി സർക്കാർ ദുരിതാശ്വാസം നൽകുന്ന പ്രഖ്യാപനങ്ങൾ കാണുന്നിടത്തൊക്കെ പോസ്റ്റ് ചെയ്തു കൊണ്ടിരുന്നു.  ആദ്യം 5 കിട്ടും,  10 കിട്ടും പിന്നെ പിന്നെ  ബാക്കി മുഴുവൻ കിട്ടും. IFC കോഡുള്ള അക്കൗണ്ട് മാത്രം മതി. ഇതൊക്കെ നമ്പി ഓടിച്ചാടി അവർ പറഞ്ഞദിവസം തന്നെ നാട്ടുകാർ വില്ലേജാപ്പിസിൽ എത്തിച്ചു.  ഒരാഴ്ച കഴിഞ്ഞ് കുറച്ചു ഉല്യാഗസ്ഥരും ചില വീടുകളിൽ ഫയലുമായി എത്തുകയും ചെയ്തു.

ഇപ്പം, എന്തായി ?  ഫയലെവിടെ ? നടപടിയില്ലേ ? കാശ് തരില്ലേ ?  പട്ലയിൽ വെള്ളപ്പൊക്കം തന്നെ ഉണ്ടായിട്ടില്ലേ ? വെറുതെ നാട്ടുകാർക്ക് തോന്നിയതാണോ ? ദുരിതാശ്വാസ പ്രഖ്യാപനം വെറും പ്രഹസനമായിരുന്നോ ? ഉദ്യോഗസ്ഥർ അനങ്ങാത്തതാണോ ? അതും  പരിഹാസമായിരുന്നോ ? കാറ്റ് വരുന്നു, മഴ വരുന്നു, അവധി തരുന്നു - ഇത് പറയാൻ മാത്രമാണോ വില്ലേജ് ആപ്പീസ് മുതൽ ജില്ലാ ഡിസാസ്റ്റർ മാനേജ്മെൻറ് വരെയുള്ള സർക്കാർ സംവിധാനങ്ങൾ ?

പഞ്ചപ്പാവങ്ങളായ നാട്ടുകാർ ചോദിക്കാൻ തുടങ്ങിയിരിക്കുന്നു. 98 + കുടുംബങ്ങൾ സമർപ്പിച്ച നഷ്ടപരിഹാര അപേക്ഷയിന്മേൽ എന്ത് നടപടി ഉണ്ടായി ? ആ അപേക്ഷകൾ വില്ലേജ് ആപ്പീസിൽ അടയിരിക്കുകയാണോ ? മുകളിലെത്തിയോ ? ഫണ്ട് എന്ത് കൊണ്ട് പാസായില്ല ? അല്ല, പാസായ ഫണ്ട് ജില്ലയിലെത്തിയോ ? എന്ത് കൊണ്ട് നടപടി ഉണ്ടാകുന്നില്ല ? ഇനി എപ്പോൾ കിട്ടും ?
ഈ ചോദ്യങ്ങൾ ഇവിടെ വിക്ടിംസിന് വേണ്ടി രാഷ്ട്രീയ നേതൃത്വങ്ങളോട് ഞാൻ ചോദിക്കുന്നു.

കേരളത്തിന്റെ എന്താവശ്യത്തിനും സർവ്വകക്ഷി നേതാക്കാൾ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്ന്, ഒന്നിച്ച് ഡൽഹിയിൽ പോകാറുണ്ട്. പട്ലയുടെ ന്യായമായ ഈ ഒരാവശ്യം ചോദിക്കാൻ, ചോദിച്ച് വാങ്ങാൻ , ആ ഫയൽ തീർക്കാൻ ഈ ഗ്രാമത്തിലെ രാഷ്ട്രീയ നേതൃത്വങ്ങൾ ഒരു കുടക്കീഴിൽ നിൽക്കണം. ഒരു തിയ്യതി തീരുമാനിക്കണം. ഒന്നിച്ചിരിക്കണം. ഒരു  മെയ്യോടെ വില്ലേജ് ആപ്പീസ് മുതൽ കലക്ട്രേറ്റും കഴിഞ്ഞ് നമ്മുടെ നാട്ടുകാരനായ റവന്യു മന്ത്രിയെ അടക്കം കാണാൻ സാധിക്കണം.

രാഷ്ട്രീയ നേതൃത്വം പ്രതികരിക്കുമെന്ന് കരുതുന്നു.  പ്രതികരിച്ചാൽ മാത്രം പോരാ. നടപടിയിലേക്ക് നീങ്ങുകയും വേണം. ഇതിനൊക്കെയല്ലേ നമുക്ക് പാർട്ടികളും സംവിധാനങ്ങളും ചട്ടക്കൂടുകളും ?

*മാമ്പൂ :*
ഒരു സൂചന കൂടി തരട്ടെ ? അന്വേഷിക്കുമോ ?

അപേക്ഷയിന്മേൽ നടപടി ആരംഭിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പിൽ എത്തിയവർക്കൊക്കെ 10,000 രൂപ (കുറഞ്ഞും / അത്ര തന്നെയും ) കിട്ടിയിട്ടുണ്ട്.

നമ്മുടെ അപേക്ഷയിന്മേലുള്ള നടപടിയുടെ ഭാഗമായി തിരുവനന്തപുരത്ത് നിന്ന്  പ്രാരംഭ നടപടിയായി കാസർകോട് എത്തിയിട്ട് നാളുകളേറെയായി. താലൂക്കാപിസിലെ സെക്ഷൻ G (ജി) എത്തി അന്വേഷിച്ചാൽ പേരു വിവരം കിട്ടും - ആർക്കൊക്കെയാണ് പാസായിട്ടുള്ളതെന്ന്. റേഷൻ ഉടമകളുടെ പേരായിരിക്കും കാണുക.  (ഗൃഹനാഥ) അറിഞ്ഞിടത്തോളം 70 % അപേക്ഷകളുടെ മേലിലും ആശ്വാസ തുക പാസായിട്ടുണ്ട്.

ഇനി നിങ്ങൾക്ക് സംയുക്തമായി പോകാമല്ലോ. ചോദിക്കേണ്ടത് പാസായ പൈസ റിലീസാക്കാൻ എന്താണ് തടസം ? ദുരിതാശ്വാസ കേമ്പിൽ എത്താത്തത് സാങ്കേതിക തടസ്സമായി കാണരുത്. അത് ഒരു നാടിന്റെ ആതിഥേയ മര്യാദയിൽ പെട്ടതാണ് - സ്കൂളിന് പകരം വിടുകൾ ദുരിതാശ്വാസ പാർപ്പിടമായത്. അത്കൊണ്ട് ആദ്യം കിട്ടേണ്ടത് നമുക്കാണ്. ഒരു നാട്ടിലെ പ്രയാസപ്പെട്ടവരുടെ അഭിമാനത്തിന് വിലകൽപ്പിച്ചതിന്.

പ്ലീസ്, തിങ്കളാഴ്ച ഒന്ന് രാവിലെ പോകാൻ പ്രാദേശിക സർവ്വകക്ഷി നേതൃത്വം ഒരുങ്ങണം. വാർഡ് മെമ്പർ മുൻകൈ എടുക്കണം.  ഉദ്യോഗസ്ഥർ നിസ്സംഗത കാണിച്ചാൽ മെലെ ലയറിലുള്ള പാർട്ടിനേതാക്കൾക്ക് വിളിക്കണം. ഇടപെടും. പൈസ പോരട്ടെ. അവിടെ കടലാസിലും കംപ്യൂട്ടറിലും ചുറ്റിക്കളിക്കാനുള്ളതല്ല നമുടെ നാട്ടുകാർക്ക് അനുവദിക്കപ്പെട്ട ദുരിതാശ്വാസ സംഖ്യ, അഞ്ചായിരമായാലും, പത്തായിരമായാലും.

കിട്ടിയവരുടെ പൈസ ആദ്യം അക്കൗണ്ടിൽ വരട്ടെ,  പിന്നെ നോക്കാം ബാക്കിയുള്ളവർക്ക് എന്ത്കൊണ്ട് കിട്ടിയില്ലെന്ന്.

അല്ല പിന്നെ, പണി എടുത്തതിന് ഒരു കൊണം (ഗുണം)  കിട്ടണ്ടേ ?



Wednesday 20 November 2019

പട്ല സ്കൂൾ & പബ്ലിക് ട്രാൻസ്പോർട്ട : ചർച്ച / അസ്ലം മാവിലെ

സ്കൂൾ നേതൃത്വത്തിലും രാഷ്ട്രീയ,  സാമൂഹിക, കലാകായിക,  മഹല്ല് നേതൃത്വങ്ങളിലുമുള്ളവരും, നാട്ടിലെ ഓരോ ഇലയനക്കങ്ങളും ആകാംക്ഷയോടെ  നോക്കിക്കാണുന്ന പ്രവാസലോകത്തുള്ളവരും നിറഞ്ഞു നിൽക്കുന്ന ഈ ഒരു കൂട്ടായ്മയിൽ ഇങ്ങനെയുള്ള വിഷയങ്ങൾ ചർച്ചയ്ക്ക് വന്നാൽ, അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഓപൻ ഫോറത്തിലോ ബന്ധപ്പെട്ട നേതൃത്വങ്ങളെ സ്വകാര്യമായോ അറിയിക്കാൻ പറ്റും. അത് സ്കൂളിന്റെ ഔദ്യോഗിക വികസന സമിതി യോഗത്തിലും പിടിഎ എസ്. എം. സി ഫോറങ്ങളിലും മറ്റും നേതൃത്വത്തിന് സൂചിപ്പിക്കാമല്ലോ.

പ്രാക്ടിക്കലായി ഒരു സൊല്യൂഷൻ ഉണ്ടാകുന്നില്ലെങ്കിൽ വാർത്ത പത്രത്തിൽ കൊടുത്തവരോടും ആരായണം - അവർക്ക് വല്ല ഉപായങ്ങളോ നിർദ്ദേശങ്ങളോ ഉണ്ടോ എന്ന്.

ഒരേ സമയം നാല് ദിക്കിൽ നിന്നും ബസ്സ് എത്തുമാറ്  ഒരു സംവിധാനം നടക്കുമെന്ന് തോന്നുന്നില്ല.  അതെന്റെ ആർടിക്കിളിൽ തന്നെ സൂചിപ്പിച്ചിരുന്നു. പിന്നെയുള്ളത് അധ്യാപകരെ മധൂർ / ഉളിയത്തട്ക്ക ബസ് സ്റ്റാൻഡിലേക്കുള്ള പോക്കു &വരവ് (up & down ) സംവിധാനമെങ്കിലും ചെയ്യുക എന്നതാണ്. അങ്ങിനെ വന്നാൽ അവരുടെ സ്ഥലം മാറിപ്പോകൽ തൽക്കാലം ഒഴിവായിക്കിട്ടുമല്ലോ.

പിന്നെ, പിള്ളേർ.
നാനാ ദിക്കിൽ നിന്നും പട്ല സ്കൂളിലേക്ക് അവർ പഠിക്കാൻ വന്നാൽ നല്ലതാണ്. ഒരു ചന്തമുണ്ട്. ഡൈവേർസിറ്റിക്കും നന്ന്. പല പ്രാദേശികത്വങ്ങൾ ചേർന്ന പലമ. ആ പലമയിൽ നിന്നുള്ള സംസ്ക്കാരപ്പൊലിമ. നമ്മുടെ നാട്ടിലെ കുട്ടികൾക്കും സ്കൂൾ തൊട്ടേ നാട്ടുകാരല്ലാത്തവരെ ഉൾക്കൊള്ളാനുള്ള വലിയ മനസ്സു അത് വഴിയുണ്ടാകും. (ഇതൊക്കെയുള്ളത് കൊണ്ടാണ് പൊതുവിൽ നമ്മുടെ സ്കൂളിലെ കുട്ടികളുടെ നിലവാര ഉയർച്ച ആവറേജിനും മുകളിൽ കാണുന്നത് )

Progress is impossible without change, and those who cannot change their minds cannot change anything - GBS

എന്നെ സംബന്ധിച്ചിടത്തോളം, കുറച്ചിട നടന്നു വരുന്നതാണ് ഒരു ഒരു ചന്തം. പക്ഷെ, ആ കാലം പൊയ്പ്പോയ്. മുമ്പ് ടീച്ചേർസൊക്കെ ക്വാട്ടേഴ്സിലായിരുന്നു താമസം - നാട്ടിലോ ടൗണിലോ. വെള്ളിക്കളം നാട്ടിൽ പോകും തിങ്കൾക്കളം സ്കൂളിൽ എത്തും. പക്ഷെ, ഇന്ന് അങ്ങിനെയല്ലല്ലോ.

ലൈബ്രറിയിൽ തന്നെ ജോലിയും സേവനവും വായനയും ഊണും ഉറക്കവുമുള്ള ഒരു ലൈബ്രറിയനെ മിനിഞ്ഞാന്ന് ബ്രണ്ണൻ കോളേജിൽ കണ്ടുമുട്ടാനിടയായി. അങ്ങനെയുള്ള ഹുമയൂൺമാർ യഥേഷ്ടം ഉണ്ടാകുക അസംഭവ്യമാണല്ലോ.

ഏതായാലും അധ്യാപകർക്കെങ്കിലും ഒരു സംവിധാനം പറ്റുമോ എന്ന് ആലോചിച്ചാൽ നല്ലത്, അതൊരു പൗരാവലി യോഗം ചേർന്നാണെങ്കിലും. അങ്ങിനെ യോഗം ചേർന്നാൽ കുറഞ്ഞത്, ഇത് ചുളുവിൽ നടപ്പാക്കാവുന്ന ഏർപ്പാടല്ലെന്നും  സങ്കീർണ്ണതയും അപ്രായോഗികതയും  ഒരുപാടുണ്ടെന്നും  ബോധ്യപ്പെടുത്താനുമാകും. ആരെ ബോധ്യപ്പെടുത്താനുമാകുമെന്ന് ? അവരെ തന്നെ ....

To improve is to change,  to be  perfect  is to change often - W. Churchill  പറയാൻ ഇങ്ങനെ പലരുമുണ്ട്. എന്നാലും ഒരു ശ്രമം നടത്താം. ആയാൽ ഒരു പാ(ക്ക്)തൈ പോയാൽ ഒരു പാക്ക്.

*അസ്ലം മാവിലെ*

പട്ള സ്കൂൾ , പബ്ലിക് ട്രാൻസ്പോർട്ട് - ചർച്ച

▪  സ്കൂൾ സമയത്തിനനുസരിച്ച് ബസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാൽ ലഭിക്കാൻ സാധ്യതയുണ്ടോ ?

▪ എങ്കിൽ പ്രൈവറ്റ് ? KSRTC ? 

▪  മധൂരിലേക്ക് വരുന്ന ഏതെങ്കിലും ഒന്നോ രണ്ടോ  ബസ്  ട്രിപ്പ് രാവിലെ / വൈകുന്നേരങ്ങളിൽ  സ്കൂൾ സമയം കണക്കായി പട്ലയിലേക്ക് വഴി തിരിച്ചു വിടാൻ പറ്റുമോ ? 
.
▪ എങ്കിൽ  ഒരു മീറ്റിംഗ്‌ ബന്ധപ്പെട്ടവരെ പങ്കെടുപ്പിച്ച്  എപ്പോൾ നടത്തും ?

▪ ചെറിയ സേവനമെന്ന രീതിയിൽ ഒരു  വാൻ /ബസ് ഏർപ്പാട് ചെയ്യാൻ പൗരാവലിക്കോ well wishers നോ സാധിക്കുമോ ?  പ്രവാസി റിട്ടേണീസായ വണ്ടി ഓട്ടുന്നവർക്കും ഇതാലോചിക്കാം, അവർക്ക് വേറെയും പ്രൈവറ്റായി ഓടാമല്ലോ, 

▪ പട്ല - മധൂർ സ്റ്റാൻഡിലുള്ള റിക്ഷാ ഡ്രൈവേർസിന്റെ സഹകരണത്തോടെ താത്ക്കാലിക സംവിധാനം ?
 
▪ നേരത്തെ പറഞ്ഞ എം.പി. ഫണ്ട് പുതിയ എം.പി.യോട് ആവശ്യപ്പെടാൻ പറ്റില്ലേ ? അതിന്റെ നടത്തിപ്പ് എങ്ങിനെയായിരിക്കും ?

▪ അധ്യാപകരെ കൊണ്ട് വരാനും വിടാനും എങ്കിലും പുതിയ *ഫ്രണ്ട്ലി ഷട്ട്ൽ സർവീസ്* സമ്പ്രദായം  താത്കാലികമായി നാട്ടിലുള്ളവർക്ക് നടപ്പാക്കാൻ പറ്റുമോ ? ( ആ രണ്ട് സമയത്ത് വണ്ടി Available ആണെങ്കിൽ Up & down Service  20 സ്വകാര്യവണ്ടിക്കാരുടെ ഒരു ചെയിൻ ഗ്രൂപ്പുണ്ടാക്കി സേവനം )

▪ അല്ലെങ്കിൽ പുതിയ ഒരാശയം

▪ മധുരിലേക്ക് വരുന്ന ബസ് റൂട്ട് ഡൈവേർട്ട് ചെയ്ത് അവരുദ്ദേശിക്കുന്ന മിനിമം  കളക്ഷൻ കിട്ടിയില്ലെങ്കിൽ ബാക്കി നൽകാൻ (വ്യക്തമായ evidence ഹാജരാക്കിയാൽ ) പൗരാവലി തയാറാകുമോ ?

പട്ല സ്കൂളും പബ്ലിക് ട്രാൻസ്പോർട്ടും* *അത്രമാത്രം രൂക്ഷമായ പ്രശ്നം നിലനിൽക്കുന്നുണ്ടോ ?* *ബദൽ പരിഹാരമെന്തുണ്ട് ?* *അൽപം ശകടചിന്തകൾ* / അസ്ലം മാവിലെ

*പട്ല സ്കൂളും  പബ്ലിക് ട്രാൻസ്പോർട്ടും*
*അത്രമാത്രം രൂക്ഷമായ പ്രശ്നം നിലനിൽക്കുന്നുണ്ടോ ?*
*ബദൽ പരിഹാരമെന്തുണ്ട് ?*
*അൽപം ശകടചിന്തകൾ*
...............................
അസ്ലം മാവിലെ
...............................

കഴിഞ്ഞ മാസം കാസർകോട് - മധൂർ ബസ് യാത്രയ്ക്കിടെ ഒരു പഴയ ബസ് ഡ്രൈവറെ എന്റെ സഹ ഇരിപ്പിടക്കാരനായി കിട്ടി. പരിചയം പുതുക്കി. അയാളും ഒരു ബസ് മുതലാളിയായിരുന്നു. വണ്ടീം വലീം നടക്കാത്തത് കൊണ്ട് പകുതിക്ക് ആരുടെയോ പിരടിക്ക് ഈ വേതാളത്തെ വെച്ച് കയ്യൊഴിഞ്ഞു കളഞ്ഞുവത്രെ. അതോടെ ഞങ്ങളുടെ സംസാര വിഷയം ബസ് ഓട്ടവും അതിന്റെ ലാഭനഷ്ടങ്ങളെ കുറിച്ചുമായി.

എന്തൊക്കെ തൊന്തരവാണ് ? മൂന്ന് മാസത്തിലൊരിക്കൽ കനത്ത മോട്ടോർ വെഹിക്ക്ൾ ടാക്സ് (30,000 to 35,000 ), ഇൻഷുറൻസ്, വേയ്ജ് ബിൽ. എണ്ണയുടെ (HSD) വർദ്ധനവ് വേറെ - 80 രൂപ/ലിറ്റർ. മെയിൻറനൻസ് ചെലവ്. ടയർ & ലൂബ്രിക്കൻസ് വിലവർദ്ധനവ്, ശമ്പളം, പണിക്കാരെ ഭക്ഷണം, പിരിവ് എല്ലാം കൂടി കേട്ടപ്പോൾ ഏറ്റവും കൂടുതൽ ടെൻഷനടിക്കുന്ന ഏർപ്പാടാണ് ബസ്സോട്ടമെന്ന് എനിക്ക് തോന്നി.  ഇതൊക്കെ പോരാഞ്ഞ് കുറെ ഓസിന് യാത്രക്കാരും (freebies).

ഞാൻ യാത്ര ചെയ്തു കൊണ്ടിരിക്കെ  ബസ്സ് ഒന്നു കൂടി തിരിഞ്ഞും മറിഞ്ഞും നോക്കി - ഒരുമാതിരി മങ്ങലം കഴിഞ്ഞ കല്യാണപ്പുര പോലെ, കാര്യമായി ആരും ഇല്ലന്നേയ്.  മധൂരിൽ നിന്ന് കാസർകോട്ടേക്ക് തിരിച്ചു പോകുന്ന രണ്ട് മൂന്ന് ബസ്സുകളിലും കഥ ഇത് തന്നെ.  ഈ പത്ത് മുപ്പത് ആളുകൾക്ക് 8, 9, 10 ഉറുപ്പിക ടിക്കറ്റ് ( 8, 8.70, 9.40 ) കൊടുത്ത് എന്ത് ലാഭം കിട്ടാനാണ് ? 

പിന്നെ എങ്ങിനെ ബസ് സെർവീസ് മൊതലാകും ? അഞ്ചെട്ട് കൊല്ലം മുമ്പുള്ള 30, 000 ബസ്സുകളിൽ നിന്നും 12,500 ലേക്ക് പ്രൈവറ്റ് ബസ്സുകളുടെ
എണ്ണം കുറഞ്ഞെന്ന് കേൾക്കുന്നു. ചിലർ ഓട്ടം തൽക്കാലികമായി നിർത്താൻ അപേക്ഷ കൊടുത്തു കൊണ്ടിരിക്കുകയാണത്രെ (ഫോറം - G എന്ന് പറയും,  ഇത് ത്രൈമാസ ടാക്സ് ഒഴിവാക്കാനുള്ള അപേക്ഷയാണ് ) 

ചില ബസ്സുകളിൽ ഇപ്പോൾ പണിക്ക് കിളിയും ഇല്ല, കുരുവിയുമില്ല. ഡ്രൈവറും കണ്ടക്ടറും മാത്രം. 500,  450, 400 ഇതാണ് ഡ്രൈവർ - കണ്ടക്ടർ - കിളി ശമ്പളനിരക്ക്. രാവിലെ 6 മണിക്ക് ഇറങ്ങിയാൽ രാത്രി 8 വരെയുള്ള പണിക്കൂലി എന്നോർക്കണം.

ഒരുപാട് ബസ്സ് നമ്മുടെ നാട്ടിലേക്ക് വേണമെന്ന് മുറവിളി കൂട്ടാം. ആ ബസ്സാണെങ്കിൽ സമയത്തിനു കിട്ടുകയും വേണമെന്ന് ആവശ്യവുമുന്നയിക്കാം, ഇനി പറ. ആര് യാത്ര ചെയ്യാനാണ് ? നാട്ടുകാരോ ? വടക്കു നിന്നും ബസ്സ് വരുന്ന ശബ്ദവും പടിഞ്ഞാറ് നിന്ന് പരിചയക്കാരന്റെ കാറും കിഴക്കു നിന്നു കുട്ടുകാരന്റെ ബൈക്കും വന്നാൽ ഞാനടക്കം ഏതിന് കൈ കാട്ടും ? 

പട്ലയിൽ ഇരു ചക്രവാഹനമില്ലാത്ത പത്തിരുപത് അധ്യാപകർക്ക് വേണ്ടി, നീർച്ചാൽ, കുഞ്ചാർ ഭാഗത്ത് നിന്ന് വരുന്ന കുറച്ചു കുട്ടികൾക്ക് വേണ്ടി അവരുടെ സ്കൂൾ സമയത്തിനനുസരിച്ച് ബസ് അനുവദിക്കണമെന്ന് പറയാമെന്നല്ലാതെ നടക്കുന്ന കാര്യമാണോ ?

പിന്നെയുള്ള നേർത്ത സാധ്യത മധൂരിലേക്ക് വരുന്ന ഏതെങ്കിലും ഒന്നോ രണ്ടോ  ബസ്  ട്രിപ്പ് രാവിലെ / വൈകുന്നേരങ്ങളിൽ  സ്കൂൾ സമയം കണക്കായി പട്ലയിലേക്ക് വഴി തിരിച്ചു വിടാൻ പറ്റുമോ എന്നാണ്.  അതിന് ഒരു ഇരുത്തം ബന്ധപ്പെട്ടവരെ പങ്കെടുപ്പിച്ച് നടത്തി,  ചർച്ച ചെയ്ത് നോക്കണം. അപ്പഴും പ്രശ്നം വരും. പട്ലയിലേക്ക് മധൂർ ഭാഗത്ത് നിന്ന് യാത്രക്കാരുമായി വരുമ്പോൾ കുഞ്ചാറ് ഭാഗത്തുള്ള കുട്ടികൾ എത്രമണിക്കാണ് ബസ് കാത്ത് നിൽക്കേണ്ടത് ? സ്കൂൾ സമയം തെറ്റില്ലേ ? അത് രാവിലെത്തേത്. ഇനി  വൈകുന്നേരത്തെ കഥയോ ? 

അതിലും നല്ലത്  ചെറിയ സേവനമെന്ന രീതിയിൽ ഒരു സെക്കനാൻന്റ് വാൻ ഏർപ്പാട് ചെയ്യുക - അധ്യാപകരെ മധൂരിൽ നിന്ന്കൊണ്ട് വരിക, തിരിച്ചു കൊണ്ട് വിടുക,  ദൂരെയുള്ള കുട്ടികളെയും അങ്ങിനെ തന്നെ. ചെറിയ ഫീസ് അവരിൽ നിന്നും വാങ്ങണം, ബാക്കി നാട്ടുകാർ കണ്ടെത്തണം.
പിന്നൊന്ന്, പട്ല - മധൂർ സ്റ്റാൻഡിലുള്ള റിക്ഷാ ടീമുമായി ആലോചിച്ച് ഒരു കരാറുണ്ടാക്കുക.

പത്രത്തിലും കൂടി വാർത്ത വന്ന സ്ഥിതിക്ക്,  പി ടി എ , എസ് എം സി, എസ് ഡി സി യോഗങ്ങൾ ഉടനെ ചേരട്ടെ, അവരെക്കൂടാതെ ക്ഷണിതാക്കളും അഭ്യുദയകാംക്ഷികളും പങ്കെടുക്കട്ടെ. നൂറുതലകൾ ഒന്നിച്ചു വെച്ചാൽ, അവയിൽ നിന്നു എന്തെങ്കിലും ഒരു  ഒരാശയം വരാതിരിക്കില്ലല്ലോ.

NB :
(1) മുമ്പ് പാലത്തിന് വീതി ഇല്ലാഞ്ഞിട്ടായിരുന്നു നമ്മുടെ നാട്ടിൽ ബസ്സ് വരാത്തത്. ഇന്ന് കപ്പൽ വീതിയുള്ള പാലത്തിൽ കൂടി സ്വകാര്യവാഹനങ്ങൾ ഇരച്ചോടുന്നത് കൊണ്ട്, പബ്ലിക് ട്രാൻസ്പോർട്ടിൽ കയറാൻ ആളില്ലാഞ്ഞ് ബസ്സോട്ടവുമില്ല.

(2) 900 മീറ്റർ ദൂരത്തിൽ ബസ്സ് സൗകര്യം മാത്രം ഇല്ലാത്തത് കൊണ്ട് ഈ സ്കൂളിലെ പൊന്നോമനകളെ പാതിവഴിക്കാക്കി, ബസ് സ്റ്റോപ്പിനടുത്തുള്ള സ്കൂൾ സൗകര്യങ്ങൾ തേടി ട്രാൻൻഫറും വാങ്ങി ഒരധ്യാപകനും  പട്ല സ്കൂളിൽ നിന്ന് പടിയിറങ്ങി പോകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.  ഇനി അബദ്ധവശാൽ ആരെങ്കിലും മുമ്പെങ്ങാനും  ഇക്കാരണം പറഞ്ഞു  പോയിട്ടുണ്ടെങ്കിൽ അവർ ഹേളിഗെ ആയിട്ടുണ്ടാകുമെന്നും ഞാൻ കരുതുന്നുമില്ല.▪

സ്വകാര്യബസുകളുടെ റൂട്ട് ക്രമീകരണം; പട്‌ള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാല്‍നടയാത്ര ശരണം// വാർത്ത



Monday, November 18, 2019
സ്വകാര്യബസുകളുടെ റൂട്ട് ക്രമീകരണം; പട്‌ള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാല്‍നടയാത്ര ശരണം
കാസര്‍കോട്: (www.kasargodvartha.com 18.11.2019) സ്വകാര്യബസുകളുടെ സര്‍വീസിലെ റൂട്ട് ക്രമീകരണം കാരണം പട്‌ള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാല്‍നടയാത്ര ശരണം. ഒന്നോ രണ്ടോ ബസുകള്‍ ഇവിടേക്ക് സര്‍വീസ് നടത്തുന്നുണ്ടെങ്കിലും സ്‌കൂള്‍ സമയത്തിന് അനുസരിച്ച് ബസുകള്‍ ലഭിക്കാത്തതിനാല്‍ വിദ്യാര്‍ഥികള്‍ ഏറെ ബുദ്ധിമുട്ടുകയാണ്.
കുഞ്ചാര്‍, മധൂര്‍, നീര്‍ച്ചാല്‍ തുടങ്ങി വിവിധ വിദൂര പ്രദേശങ്ങളില്‍നിന്നും വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ കാല്‍നടയായാണ് സ്‌കൂളിലെത്തുന്നത്. സാധാരണക്കാരുടെ മക്കളാണ് സ്‌കൂളില്‍ കൂടുതലായും പഠിക്കുന്നത്. ഇതര യാത്രാ വാഹനങ്ങളില്‍ സ്‌കൂളിലെത്താന്‍ ഇവര്‍ക്ക് കൂടുതല്‍ തുക ചെലവഴിക്കാനാവുന്നില്ല.
ദൂരസ്ഥലങ്ങളില്‍നിന്നുള്ള അധ്യാപകരാണ് ഇവിടെ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും. അവരും ഇവിടെ എത്തിച്ചേരാന്‍ പ്രയാസമനുഭവിക്കുന്നു. അതിനാല്‍ പലരും സ്ഥലംമാറ്റം വാങ്ങി പോകുന്ന അവസ്ഥയാണ്.
യാത്രാ സൗകര്യമില്ലാത്തതിനാല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പ്രവേശനം ലഭിച്ച പല വിദ്യാര്‍ത്ഥികളും ഹയര്‍ ഓപ്ഷന്‍ നല്‍കി മറ്റ് വിദ്യാലയങ്ങളിലേക്ക് മാറിപ്പോവുകയാണ്. ഇത് കാരണം സയന്‍സ്, കൊമേഴ്‌സ് ബാച്ചുകളില്‍ മികച്ച അധ്യയന സൗകര്യമുണ്ടായിട്ടും വിദ്യാര്‍ത്ഥികള്‍ കുറയുന്നു.
സ്വകാര്യബസുകളുടെ സമയക്രമം സ്‌കൂള്‍ സമയത്തിനനുസരിച്ച് ക്രമീകരിക്കുന്നതിനും പുതുതായി
കെ എസ് ആര്‍ ടി സി ബസുകള്‍ അനുവദിക്കുന്നതിനും അധികൃതര്‍ തയാറാകണമെന്നാണ് ആവശ്യം. ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് പിടിഎ നിവേദനം നല്‍കിയിരുന്നുവെങ്കിലും തുടര്‍നടപടിയൊന്നുമുണ്ടായില്ല.

തലക്കനവും തലമുറകളുടെ വിടവും സൃഷ്ടിക്കുന്നത്...* /✍ *അസ്ലം മാവിലെ*

*മനസില്‍ കനം വെച്ച്കല്ലുപോലെയാകരുത്; സക്രിയമാകേണ്ട വര്‍ത്തമാനകാലത്ത് തലക്കനവും തലമുറകളുടെ വിടവും സൃഷ്ടിക്കുന്നത്...*


✍ *അസ്ലം മാവിലെ*

https://www.kvartha.com/2019/11/malayalam-article-about-self-respect.html

എല്ലാമായി, ആയിക്കൊണ്ടിരിക്കുന്നു. പക്ഷെ, ഒന്നും ഒത്തുവരുന്നില്ല, ഒരുത്തിലായി വരുന്നില്ല, ഒത്തൊരുമയിൽ ആകുന്നില്ല, ഒന്നിക്കുന്നില്ല, ഒന്നിലേക്കെത്തുന്നില്ല.

നമുക്കൊരു പിള്ള മനസ്സുണ്ടായിരുന്നു. അന്ന് നമുക്ക് കോംപ്ലക്സില്ലായിരുന്നു. രാവിലെ തെറ്റിയാൽ ഉച്ചയോടെ തീരും. അത് പേറി നടക്കലില്ല. പേറാൻ മാത്രമുള്ളതെന്നറിയില്ല.

അന്ന് മൊത്തം വമ്പും വീമ്പും അന്നത്തെ യുവത്വത്തിനും മുതിർന്നവരിൽ പെട്ടവർക്കും. നമ്മളാലോചിച്ചിട്ടുണ്ട്, മുതിർന്നാൽ ഇവരുടെ തലക്കനം നമുക്ക് പാടില്ലെന്ന്. കോംപ്ലക്സ് പിടികൂടരുതെന്ന്. മനസ്സിൽ കനം വെച്ച്  വെച്ച് കല്ലുപോലെയാക്കരുതെന്ന്.

ബാല്യം തീർന്നു, കൗമാരം വന്നു, കോംപ്ലക്സ് മുട്ടയിടാൻ തുടങ്ങി. യൗവ്വനത്തിൽ വിരിഞ്ഞിറങ്ങി, അതിന്റെ അവസാനത്തിൽ,  തലക്കനത്തിന്റെ മൂർദ്ധന്യത്തിലെത്തി. വാർദ്ധക്യത്തിന്റെ തുടക്കത്തോടെ അതിന്റെ മാമ്മൂത്തുമായി.

ചെറുതാകും വിഷയം. എന്നാലും അത് മനസ്സിൽ നിന്ന് മായ്ച്ചു കളയില്ല. ഒരു നാട്ടിൽ സൗകര്യങ്ങളുടെ അസ്ഥികൂടങ്ങളും വാരിയെല്ലും കണ്ടിരുന്ന കാലമുണ്ടായിരുന്നു. ഇന്നതൊക്കെ മാറി, ഭൗതിക സൗകര്യങ്ങളാണെവിടെയും. പക്ഷെ, കോംപ്ലക്സ് മാത്രം അങ്ങിനെ തന്നെ കിടക്കുന്നു.

ഇല്ല, സഹകരിക്കില്ല. ഇല്ല, ഇങ്ങോട്ട് അടുപ്പിക്കില്ല. വേണ്ടെങ്കിൽ വേണ്ട. വേണ്ടാത്തോൻ വരണ്ട. മുമ്പ് തീരെ പരിഗണിച്ചില്ല. ഇപ്പോൾ മറ്റവനെ കൂടുതൽ പരിഗണിക്കുന്നു. എന്തെന്തു ഞായങ്ങൾ.

ചില നാടുകളിൽ പുറത്ത് നിന്നു കാണുമ്പോൾ വലിയ വികസനമൊക്കെ കാണും. പുറമേയ്ക്ക് മാത്രം. തലമുറകൾ തമ്മിൽ കടലോളം അകൽച്ച ഉണ്ടാകും. നര നോക്കി നരക്കാത്തത് പരിഹസിക്കുന്ന ഭൂമികയായിരിക്കുമവിടങ്ങളിൽ.

കാരണമെന്ത് ? നിസ്സാരം. വിവാഹ സദസ്സിൽ കുറച്ചു പേർ മാറി നിന്നിട്ടുണ്ട്. ഒരാൾ ചോദിച്ചു - എന്തേ, തെങ്ങിൻ ചോട്ടിൽ, ഈർക്കിലൊടിക്കുന്നു ? തക്കാരം കുറഞ്ഞു പോയി, അത്രേയുള്ളൂ. അയാൾ അവരോട് പറഞ്ഞത്രെ - വിരുന്നുകാരന് പകരം നിങ്ങൾക്കു വീട്ടുകാരായിക്കൂടേ ?

സ്വയം വിരുന്നുകാരനായി പ്രഖ്യാപിക്കാതിരിക്കുക. സ്ഥാനമാനങ്ങളിലിരിക്കുന്നവർ "നാലുകെട്ടി"ലെ വല്യമ്മാവന്മാരുമാകാതിരിക്കുക.  കണ്ടാൽ ചിരി പൊഴിക്കുക. അതിനോളം വലിയ മഞ്ഞുരുക്കമില്ല.

നമ്മുടെ ചുറ്റുപാടുകളിൽ വിരുന്നുകാരെ പരിവേഷം കൊണ്ടും തറവാട്ടുക്കാരണവാഭിനയം കൊണ്ടും ഒരുപാട് നല്ല സംരംഭങ്ങൾക്ക് ഗ്രൌണ്ടൊരുങ്ങാതെ പോയിട്ടുണ്ട്. ഒരുങ്ങിയ ഗ്രൌണ്ടിൽ ഓട്ട വീണിട്ടുണ്ട്.   വേണ്ടാതീനങ്ങൾക്കാണ് നിസ്സഹകരിക്കേണ്ടത്. വേണ്ടതിതിന് സഹകരിച്ചേ മതിയാവൂ.

ഏത് ചുറ്റുവട്ടങ്ങളും ഈ കുപ്പായമിട്ട് നോക്കാം. എത്രമാത്രം യോജിക്കുന്നുവെന്ന് അപ്പോൾ മനസ്സിലാകും.

മുതിർന്നവരും യുവാക്കളും ഒന്നിച്ചു നിൽക്കുന്നിടത്തേ വികസന സ്വപ്നങ്ങൾ ശരിയാം വണ്ണം സാക്ഷാത്ക്കരിക്കപ്പെട്ടിട്ടുള്ളൂ. സാംസ്ക്കാരിക ഔന്നത്യം വിജയം  വരിച്ചിട്ടുള്ളൂ. തലമുറകളുടെ വിടവ് (Generation Gap)  തീർത്തിടത്തൊക്കെ ഒരു തരം മരവിപ്പ് കാണാം, കാർമേഘം തളംകെട്ടി നിന്ന മുഴുദിനപകൽ പോലെ.

പരിഗണന എന്നതും അവഗണിക്കേണ്ട ഘടകമല്ല. പത്തിനെയും പരിഗണിക്കണം. പ്രായച്ചെറുപ്പം അവഗണിക്കാൻ കാരണമല്ല. ചെറുതാക്കലാണ് പരിഗണിക്കാതിരിക്കൽ. അടുത്തിരിക്കുന്നവനെ അരികിൽ ചേർക്കലാണ് പരിഗണന, അയാളേതർഥത്തിലും ചെറുതാകട്ടെ. അത് വഴി അപരത്വമില്ലാതാകും. അന്യത നാടുനീങ്ങും. ഇമ്പം കൂടും കുടുംബമാകും. കുന്നായ്മ മാറി കൂട്ടായ്മ കുന്നോളം വളരും.

പരസ്പരം അറിഞ്ഞും പരാമിതികൾ മനസ്സിലാക്കിയും പുതിയ കാലത്തെ ഉൾക്കൊണ്ടും പുതിയ അസ്തമയങ്ങൾ പഴയ പ്രഭാതങ്ങളായിരുന്നെന്ന്  തിരിച്ചറിഞ്ഞും മുന്നോട്ട് പോകാൻ അടുത്തടുത്ത് നിൽക്കുന്ന തലമുറകൾക്കാകണം.  ചുട്ടുപഴുപ്പിച്ച ശത്രുത സജീവമായി നിലനിർത്തി വർത്തമാന(കാല)ത്തിൽ ഭൂതകാലത്തെ പാഠങ്ങൾ തൃണവൽക്കരിക്കപ്പെടുകയും പാടേ വിപാടനം ചെയ്യപ്പെടുകയും ചെയ്യുന്ന ഒരവസ്ഥയാണ് തലമുറകളുടെ വിടവെന്ന ഒരു നിരീക്ഷണമുണ്ട്. ഏറ്റവും വലിയ തമാശ ഈ കെട്ടിപ്പടുത്ത ശത്രുതയ്ക്ക് കാര്യമായ കാരണങ്ങളൊന്നുമില്ലെന്നതാണ്, അന്നും ഇന്നും.

തലക്കനവും തലമുറകളുടെ വിടവും കാരണം നഷ്ടപ്പെടുന്നത് സക്രിയമാകേണ്ടിയിരുന്ന വർത്തമാന കാലമാണ്. പലർക്കും ഭൂതം കാലം തിരിഞ്ഞു നോക്കുമ്പോൾ നല്ലതായി ഒന്നും പറയാനില്ലാത്തത് ഓർമ്മക്കുറവു കൊണ്ടൊന്നുമല്ല, ഓർമ്മകൾ നല്ല പോലെ അലട്ടുന്നത് കൊണ്ടാണ്.

വെറും സന്ധ്യാലോചന / AMP

*വെറും സന്ധ്യാലോചന*

വളരെ കുറച്ചു വർഷമല്ലേ ആയുള്ളൂ. അന്നിവിടെ എന്തോരം വിഷയങ്ങളായിരുന്നു പറഞ്ഞും ചർച്ചിച്ചും സജീവമായിരുന്നത് ! ഒരു ചായമക്കാനി ഫീൽ. 

ചിലതൊക്കെ വർക്കൗട്ടായി, ചിലതിനൊക്കെ തുടക്കം കുറിക്കാനായി, വേറെ ചിലത് വേറെ ചിലയിടങ്ങളിൽ സംസാര വിഷയമായി.

സംസാരിക്കാൻ പഠിച്ചു. തേഞ്ഞ് (തികഞ്ഞു). ഇനി പറയുന്നത് ബോറ്. ഞങ്ങൾ പറയാത്തത് കൊണ്ട് പിന്നാലെ വരുന്നവർ പറയുന്നതും ബോറ്. അങ്ങിനെ വല്ലതുമാണോ പാടേ ചർച്ചകൾ വഴി മുട്ടിയത് ?

ഇന്നത്തേക്കാളേറെ കൂട്ടായ്മകൾ അന്നുണ്ടായിരുന്നു, ഇതിലും പതിന്മടങ്ങ് വാശി അന്നുമുണ്ടായിരുന്നു. അന്ന് റിമൂവലും റിമൂവലിവും ലെഫ്റ്റടിയും സ്ഥിരം ഏർപ്പാടായിരുന്നു.  എന്നാലും എന്തോ അവരൊക്കെ പോയപോലെ തിരിച്ചും വന്നിരുന്നു. LKG ക്ലാസ്സിലെ മക്കളുടെ നിഷ്ക്കളങ്ക മനസ്സുപോലെ കുറച്ചു സയലന്റായി പിന്നെയും അബദ്ധങ്ങൾ പറഞ്ഞും പോസ്റ്റിയും വീണ്ടും പുറത്ത് പോകും. എന്നാലും, രസായിരുന്നു പോയ നാളുകൾ.

എല്ലായിടത്തും ഇതേ Dryness, ഉണങ്ങൽ, ആണോ ? അല്ല മറ്റിടങ്ങൾ സജീവമാണോ ? എനിക്ക് മാത്രം പ്രായമാകാതെ, മറ്റുള്ളവർക്ക് വല്ലാണ്ട് പ്രായമായി പരിപക്വത വന്നതാണോ ? കുട്ടികൾ ചെറുപ്പത്തിൽ തന്നെ Matured ആയോ ? 

അഞ്ച് കൊല്ലത്തെ ഈ ഗ്രാമത്തിൽ അത്ര വലിയ ഭൂകമ്പമൊന്നുമുണ്ടായിട്ടില്ല ? അത്ര വലിയ സ്വരച്ചേർച്ചയില്ലായ്മയുമായിട്ടില്ല. അങ്ങിനെ ഒരകലത്തിന് .... പിന്നെ എന്താണ് കാരണം ?

രാത്രികാലങ്ങളിൽ ആലപിച്ചിരുന്ന പാട്ടുകൾ, പൊട്ടിച്ചിരുന്ന രസച്ചരടുകൾ, പ്രകടിപ്പിച്ചിരുന്ന ഫലിതത്തിൽ കോർത്ത ദേഷ്യം,  ഗൗരവമായ ഈർഷ്യം,  ഇവയൊന്നും വേണ്ടേ ?എല്ലാവരും ഗൗരവക്കാരായോ ?

വാട്സാപ് നോട്ടം കുറഞ്ഞിട്ടില്ല. എനിക്ക് തന്നെ ഇവിടെ ശരാശരി  80 + വായനക്കാർ ഉണ്ട്. ബാക്കിയുള്ളവർക്ക് ഇതിലധികം കാണും. പിന്നെ വല്ലതും ? ഒരു വെറും സന്ധ്യാലോചനയാ. വായിച്ചു തള്ളാം.

*എ. എം. പട്ല*

ബൂഡ് ട്രാൻസ്ഫോമറിന് സുരക്ഷിത സ്ഥലത്തേക്ക് "ട്രാൻസ്ഫർ" ഓർഡർ

*ബൂഡ് ട്രാൻസ്ഫോമറിന് സുരക്ഷിത സ്ഥലത്തേക്ക് ട്രാൻസ്ഫർ ഓർഡർ*

*ABC സംവിധാനം ഇസാഫ് ബാങ്ക് (പട്ല) ജംഗ്ഷൻ മുതൽ ബൂഡ് ട്രാൻസ്ഫോമർ വരെ.  പക്ഷെ......*
..............................
അസ്ലം മാവിലെ
..............................

ഒടുവിൽ പണി തുടങ്ങി; പ്രദേശവാസികളുടെ നീണ്ട കാലത്തെ ഒരാവശ്യത്തിന് പരിഹാരമായി. അപകടം പതിയിരിക്കുന്ന ബൂഡ് ട്രാൻസ്ഫോമറിന് സ്ഥാനചലനമായി. 150 മീറ്റർ മാറ്റി സുരക്ഷിത സ്ഥാനത്തേക്ക് സ്ഥാപിക്കാൻ പണി തുടങ്ങി. മാട്ടത്തോടിന് തൊട്ടു ഇടത് വശം ചേർന്നാണ് ട്രാൻഫോമർ പുന:സ്ഥാപിക്കുക.

കൂടാതെ പട്ല ഇസാഫ് ബാങ്ക് ജംഗ്ഷൻ മുതൽ  ബൂഡ് ട്രാൻസ്ഫോമർ വരെയുള്ള പഴയ ഇലക്ട്രിക് പോസ്റ്റുകളും ക്യാബിളും മാറ്റി. ഇനിയവിടെ പുതിയ പോസ്റ്റുകൾ സ്ഥാനം പിടിച്ചു. റബ്ബർ കോട്ടിങ്ങോടു കൂടിയ ഏരിയൽ ബെൻച്ഡ് കേബിൾ (ABC) ആണ് ഇവിടെ വൈദ്യുതി ലൈനിനായി ഉപയോഗിക്കുന്നത്. റബ്ബർ മിശ്രിതം കൊണ്ട് വലയം ചെയ്യപ്പെട്ട ABC ഏറ്റവും സുരക്ഷിതമായ കേബിളിനത്തിൽ പെട്ടതാണ്. പൊട്ടിവീണാലും അപകടങ്ങൾ ഒഴിവാകും. മൂന്നു ലൈനും ചുറ്റിപ്പിണഞ്ഞ് ഒരു അയ പോലെയാണ് പ്രത്യക്ഷത്തിൽ കാണുക. ഇനി കാക്കയും കണ്ണോത്തിയും വവ്വാലും വാവാപക്ഷിയും ABC കേബിളിൽ തൂങ്ങി മരണം പുൽകില്ല.

എന്നാൽ ട്രാൻസ്ഫോമറിനിപ്പുറം കുറച്ച് ഭാഗത്ത് പഴയ ഇലക്ട്രിക് ലൈൻ കയ്യെത്തും ദൂരത്താണുള്ളത്. അവിടെ രണ്ടോ മൂന്നോ പോസ്റ്റുകൾ കുറച്ചു ഉയരം കൂട്ടി അപകടാവസ്ഥ ഒഴിവാക്കുന്ന കാര്യം ഇപ്പോൾ  നടന്നുകൊണ്ടിരിക്കുന്ന പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെ കുറിച്ച് അവിടെ പണിക്ക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥനോ പണിക്കാർക്കോ ഒരറിവുമില്ലെന്ന് തോന്നുന്നു. അത്കൊണ്ട്  നാട്ടിൽ നിന്നും ബന്ധപ്പെട്ട പ്രാദേശിക രാഷ്ട്രീയ സാമൂഹ്യ നേതൃത്വങ്ങൾ ഉടനെ ഇടപെട്ട് അധികൃതരോട് അന്വേഷിക്കണം, അത് കൂടി ചെയ്യാൻ അവരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുക കൂടി വേണം.

ആവശ്യക്കാർ ഒച്ച വെച്ചാൽ കാര്യങ്ങൾ നടക്കും. കൊടുക്കേണ്ടിടത്ത് കൊടുക്കുന്നത് പോലെ എഴുതിക്കൊടുക്കുകയും ഒപ്പം, ഫോളോഅപ് ചെയ്യുകയും ചെയ്താൽ ഭംഗിയായി പ്രശ്നങ്ങൾക്ക് പരിഹാരവുമുണ്ടാകും. ആവശ്യക്കാർ നാമാണല്ലോ; നമുക്കെന്ത് ഔചിത്യബോധം.

മായിപ്പാടിയിൽ ആ ജംഗ്ഷനിൽ തന്നെ  ഒരു മൈക്രോഫൈനാൻസ് സ്ഥാപനം തുടങ്ങുന്നുണ്ട്. ഇസാഫ് മൈക്രോഫൈനാൻസ് എന്നാണ് കേട്ടത്. ബാങ്കിന്റെ  പണി തീരാറായി. മേൽവിലാസം പട്ല എന്നെഴുതുന്നതിൽ ചില മുറുമുറുപ്പുണ്ട്. പട്ല വില്ലേജിൽ പെട്ടതായത് കൊണ്ട് വിലാസം മാറ്റാൻ പറ്റില്ലെന്നും പറഞ്ഞു കേൾക്കുന്നു.

അതിർത്തി ഗ്രാമത്തിലെ ഒരു ജംഗ്ഷനെ,  പട്ല ഇസാഫ് ബാങ്ക് ജംഗ്ഷൻ എന്ന് നമുക്കെങ്കിലും പറയാമല്ലോ, വേറെ ആരു പറഞ്ഞില്ലെങ്കിലും. Anyway ബോർഡ് വരട്ടെ ... ബോർഡ് ഇത് വരെ തൂക്കിയിട്ടില്ല.







.

മുപ്പത്തിയാറു വർഷത്തെപ്രവാസത്തിനൊടുവിൽ ഗംഗോളിയിലെ തമീം ഭായ് നാടണയുന്നു!* / ▪ *എസ്-എ-പി*


*മുപ്പത്തിയാറു വർഷത്തെപ്രവാസത്തിനൊടുവിൽ ഗംഗോളിയിലെ തമീം ഭായ് നാടണയുന്നു!*

*എസ്-എ-പി*
===========

ഗംഗോളി, കർണ്ണാടകയിലെ ഉടുപ്പി ജില്ലയിലാണ് കുന്താപുര താലൂക്കിലെ പ്രകൃതി രമണീയമായ ഒരു ഗ്രാമമാണിത്.  അഞ്ച് നദികളുടെ സംഗമ സ്ഥലമായ പഞ്ചഗംഗാവലി നദിയുടെ തീരത്താണ് ഈ ഗ്രാമം.  അതിൽ നിന്നുമാണ് ഗ്രാമത്തിന് ഗംഗോളി എന്ന നാമം ലഭിക്കുന്നത്. തുളു. കന്നട. ഉർദു. കൊങ്കണി, ദഖ്നി എന്നിവയാണ് പ്രധാന ഭാഷകൾ.

ഈ ഭാഷകളൊക്കെ തമീം ഭായിക്ക് വശമാണെങ്കിലും ദഖ്നിയാണ് അദ്ദേഹത്തിന്റെ വീട്ടിൽ സംസാരിക്കുന്നത്. നവായത്തി എന്ന ഭട്ക്കൽ ഭാഷയോട് സാമ്യതയുള്ള ഒരു ഭാഷയാണ് ദഖ്നി.  ഗംഗോളിയിലെ പ്രബലമായ ഒരു തറവാട്ടിലെ അംഗമാണ് തമീം ഭായ്. കൂട്ടു കുടുംബ വ്യവസ്ഥിതിയില്‍ താമസിക്കുന്നു. പരസ്പ്പരം സ്നേഹത്തോടെയും ഐക്യത്തോടെയും കഴിയുന്ന ഒരു വലിയ കുടുംബം.

ഇത്രമാത്രം യാന്ത്രികമായി ജീവിച്ച ഒരു മനുഷ്യനെ കാണാൻ പ്രയാസമായിരിക്കും.
താമസസ്ഥലം ജോലിസ്ഥലം ഇവ രണ്ട് സ്ഥലങ്ങൾ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലോകം.   കായിക പ്രേമിയായിരുന്നു.  ക്രികറ്റിനെ ജീവവായുവായി കൊണ്ടു  നടന്നു.  ഒരു മറയുമില്ലാതെ രാഷ്ട്രീയം പറഞ്ഞു.  കർണ്ണാടക രാഷ്ട്രീയത്തേക്കാൾ അദ്ദേഹത്തിന് പഥ്യം കേരള രാഷ്ട്രീയത്തോടായിരുന്നു. കേരളത്തിലെ ഇടത് വലത് രാഷ്ടീയത്തെ ഒരു പോലെ ഇഷ്ടപ്പെട്ടിരുന്നു.  കേരളത്തിലെ ഓരോ ലോക്സഭ-നിയമസഭാ മണ്ഡലങ്ങളും അദ്ദേഹത്തിന് കാണാപാഠം!

ഇന്നദ്ദേഹം 69 ന്റെ നിറവിൽ എത്തി നിൽക്കുന്നു.

വിനയത്തിന്റെ എളിമ നിറഞ്ഞ മുഖം, എല്ലാവരോടും ആദരവ്, എല്ലാവരോടും തികഞ്ഞ സ്നേഹം, സത്യമെന്ന് ബോധ്യമായ ചില നിലപാടുകൾ മുറുകെ പിടിച്ച ലളിത ജീവിതം, വളരെ ശാന്തമായ പ്രകൃതവും പതിഞ്ഞ സംസാരവും.. ഇങ്ങനെ പല മേഖലകളിൽ വേറിട്ടൊരു വ്യക്തിത്വമാണ് മുഹമ്മദ് തമീം എന്ന ഞങ്ങളുടെ പ്രിയങ്കരനായ തമിം ഭായ്.

ചില സ്വകാര്യ ദുഖങ്ങൾ ആരുമായും പങ്കുവെക്കാൻ ആഗ്രഹിക്കാതെ എല്ലാം സ്വയം ഉള്ളിലൊതുക്കിയൊരാൾ! ആരോടും പരിഭവമില്ലാതെ ഒരു സാധാരണക്കാരനായി ജീവിക്കാൻ ആഗ്രഹിക്കുന്നൊരാൾ.
നീണ്ട ഇരുപത് വർഷത്തെ പരിചയമാണ് തമീം ഭായിയുമായുള്ളത്.

ഒരു റൂമിൽ ഒന്നിച്ച് താമസിച്ചും കളിതമാശകൾ പറഞ്ഞും കാലങ്ങൾ കടന്നു പോകുന്നത് നാമറിയുന്നേയില്ല. പ്രവാസത്തിന്റെ പ്രത്യേകതയാണത്. രാപകലുകൾ മിന്നിമറയും
ദിവസങ്ങളും ആഴ്ച്ചകളും മാസങ്ങളും വർഷങ്ങളും കൊഴിഞ്ഞു പോകുന്നത് നാമറിയുകയേയില്ല. 

20 വർഷത്തിനിടയിൽ ഒരാളോട് പോലും അദ്ദേഹം പിണങ്ങിയതായോ വഴക്ക് കൂടിയതായോ അറിയില്ല! ആരോടും അതിരുവിട്ട് പെരുമാറിയിട്ടില്ലാത്ത സാമ്യതയുടെ ആൾരൂപം!  ഇടപെടലുകളിൽ അനുഭവ പരിസരങ്ങളിൽ സുതാര്യതയും സത്യസന്ധതയും കാത്തു സൂക്ഷിക്കുന്നൊരാൾ!
പ്രാഭാത പ്രാർത്ഥനകളിലെ കൃത്യനിഷ്ഠയും
കൂടെ താമസിക്കുന്നവരോടുള്ള നിസ്സീമമായ സഹകരണവും ക്ഷമയും വിലമതിക്കാത്തതാണ്.

ഒരു കാലത്ത് ഗൾഫിലെ വസ്ത്രവ്യാപാരരംഗം അടക്കി ഭരിച്ചിരുന്ന പ്രശസ്തമായ നാമങ്ങളായിരുന്നു ദുബായിലുള്ള അബ്ദുല്ല സൺസ്, ടൂടെക്സ് മുതലായവ.  15 വർഷത്തോളം അവിടങ്ങളിലും 21 വർഷത്തോളം ദുബായിലെ ഒരു ബോറ മുസ്ലിമിന്റെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനത്തിലും അദ്ദേഹം ജോലി ചെയ്തു.

തിരിച്ചു നാടണയാൻ ഇപ്പോഴും വലിയ പുതിയൊന്നുമില്ല.  തിരിച്ചുപോകാൻ നിർബന്ധിതമാക്കുന്ന ചില അനിവാര്യ സാഹചര്യങ്ങൾ അത് പ്രായമായും ഭരണകൂട നിയമമായും പ്രവാസത്തെ ഒതുക്കി നിർത്തും. അങ്ങനെയൊരു സാഹചര്യ സമ്മർദ്ധത്തിലാണ് തമീം ഭായ് തിരിച്ചുപോക്ക് എന്ന യാഥാർത്ഥ്യത്തെ ഉൾക്കൊള്ളുന്നത്.

നാട്ടിലെത്തിയാൽ എന്താണ് പരിപാടി എന്ന ചോദ്യത്തിന് അദ്ദേഹത്തിന് കൃത്യമായ മറുപടിയുണ്ട്.  പെങ്ങളുടെ മക്കളുടെ കടയുണ്ട് അവിടെ അവരെ സഹായിക്കും.  ജീവിത സായാഹ്നത്തിലും അടങ്ങിയൊതുങ്ങി വിശ്രമിക്കുക എന്ന ചിന്തയല്ല അദ്ദേഹത്തെ നയിക്കുന്നത്!  മറിച്ച് മരണം വരെ അധ്വാനവും ദൈവഭക്തിയും കൊണ്ട് എങ്ങിനെ ജീവിതം നിറമുള്ളതാക്കാം എന്നാണ്.  എന്തിനധികം വിസ റദ്ദ് ചെയ്ത് നാട്ടിലേക്ക് പോകുന്ന അവസാന ദിവസവും ഒരു മടിയുമില്ലാതെ ജോലിക്ക് ഹാജരാകാൻ തമീം ഭായ്ക്കല്ലാതെ വേറെ ആർക്കാണ് കഴിയുക!

തമീം ഭായിയുടെ ഇനിയുള്ള ജീവിതം സന്തോഷകരമാകട്ടെ എന്നാശംസിക്കുന്നു.

Sunday 17 November 2019

*ശരിയല്ലെന്ന് തോന്നുന്നു ; എന്തോ എനിക്കങ്ങിനെത്തന്നെ തോന്നുന്നു* / അസ്ലം മാവിലെ

*ശരിയല്ലെന്ന് തോന്നുന്നു ; എന്തോ എനിക്കങ്ങിനെത്തന്നെ തോന്നുന്നു*
..............................
അസ്ലം മാവിലെ
..............................

എന്റെ എതിർപക്ഷത്ത് ഇനി നാലാള്  കൂടിയാലും വേണ്ടില്ല. ഉള്ളത് ഞാൻ പറയാം, ചോദിക്കാം. 

ശാരീരികമായ പ്രയാസം നേരിടുന്നവരെ ഹൈലൈറ്റ് ചെയ്ത് കാണിക്കാനാണോ ഇവിടെ ഇങ്ങിനെ പോസ്റ്റിടുന്നത് ? അത് കൊണ്ട് എന്താണർഥമാക്കുന്നത് നിങ്ങൾ ? തുടരെത്തുടരെ മത്സരിച്ചു ഭിന്നശേഷിക്കാരുടെ ചിത്രങ്ങൾ കമന്റോടെയും, കമന്റില്ലാകമന്റോടെയും പോസ്റ്റ് ചെയ്യുന്നതിന്റെ ചേതോവികാരം എന്താണ്, ഹേയ് ?

ഒന്നും മനസ്സിലാകുന്നില്ല. പ്രയാസം തോന്നുന്നു. ഇപ്പഴിതാണ് ട്രന്റന്ന് പറയുന്നിടത്ത് എന്തോ അക്ഷരപിശക് മാത്രമല്ല ആലോചനാ പിശകുകൂടിയുണ്ട്. അതൊന്നു കൂടി വായിച്ച് പിന്നെ എന്റെ ഈ കുറിപ്പും കൂടി വായിച്ചാൽ ഗൗരവം മനസ്സിലാകും.

വികലാംഗൻ എന്ന പദം പോലും  പ്രയാസമുണ്ടാക്കുന്നുണ്ട്. അത്കൊണ്ടാണ് ഭിന്നശേഷി വിഭാഗം എന്ന പോസിറ്റീവ് എനർജി നൽകുന്ന വിശേഷണങ്ങൾ ലോകാടിസ്ഥാനത്തിൽ ഇയ്യിടെ ഉപയോഗിച്ചു തുടങ്ങിയത്.

2015 ൽ,  ദിവ്യശരീരം - Devine Body - എന്ന അർഥത്തിൽ  ദിവ്യാംഗ്‌ എന്ന പദം വരെ ഉപയോഗിക്കാൻ ഇന്ത്യയിൽ   നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. മംഗലാപുരം വരെ ഒന്ന് പോയാൽ കാണാം.  കർണ്ണാടകയിലെ പൊതുവാഹനങ്ങളിൽ ഈ പദം ഇപ്പോൾ  ഇടം പറ്റിയിട്ടുണ്ട്. ആ പദത്തിലെ പൊതുആശയത്തോട് വിയോജിപ്പുള്ളത് കൊണ്ട് ചില സംസ്ഥാനങ്ങളിൽ ദിവ്യാംഗ് ഉപയോഗിക്കുന്നില്ലെന്നേയുളളൂ.

പറഞ്ഞു വന്നത്, തമാശയ്ക്ക് പോലും ഈ സഹോദരരെ പൊതുഇടങ്ങളിൽ വലിച്ചിഴയ്ക്കരുത്. സിവിലൈസ്ഡ് സൊസൈറ്റിയിൽ ഈ സമീപനം തീരെ ശരിയല്ല. ഈ ഫോട്ടോയിലുള്ളവർ നമ്മുടെ വീട്ടിലെ ഒരംഗമെന്ന് മാത്രം ഒരു വേള ആലോചിച്ചാൽ മാത്രം മതി, എല്ലാ തർക്കുത്തരങ്ങൾക്കും മറുപടി എളുപ്പം കിട്ടാൻ.

നേതാക്കൾ തൊട്ട് തലോടട്ടെ, നമ്മിൽ പലർക്കും ചെയ്യാനാവാത്ത ഒരു നന്മ ഒരു കുഞ്ഞനിയൻ ചെയ്തു. അത് ഒരു ഭരണാധികാരി സ്നേഹസ്പർശം കൊണ്ട് ഒരു കുറിപ്പെഴുതി. കഴിഞ്ഞു. അത് കണ്ടു, വായിച്ചു. അതോടെ തീർന്നു. പിന്നെയുമത് തന്നെ പോസ്റ്റ് ചെയ്യുക. അതിന് പകരമായി വേറൊരു ഫോട്ടോയും വേറൊരു നേതാവിനെയും പോസ്റ്റ് ചെയ്യാൻ തിടുക്കം കൂട്ടുക - എന്തോ എന്റെ മനസ്സ് അതിനോട്  പാകപ്പെട്ടു വരുന്നില്ല.

ദേ, ഇതും കൂട്ടത്തിൽ വായിക്കുക.
രണ്ടാഴ്ച മുമ്പ് ഞാൻ പട്ല സ്കൂളിലെത്തി. പ്രധാനധ്യാപകന്റെ ക്യാബിനിലിരുന്നു. സംസാരത്തിനിടക്ക് അദ്ദേഹം പറഞ്ഞു : ഞാനെവിടെയും കാണാത്ത വലിയ പ്രത്യേകത ഇവിടെ കണ്ടു, കാഴ്ചക്കുറവുള്ള ഒരധ്യാപകനുണ്ട് നമ്മുടെ സ്കൂളിൽ, അദ്ദേഹത്തെ ബസ്സിറക്കാനും ബസ്സ് കയറ്റാനും ക്ലാസിൽ കൊണ്ടു പോകാനും ടോയിലറ്റിൽ വിടാനും പുറത്തിറങ്ങുന്നത് വരെ കാത്ത് നിൽക്കാനും എല്ലാ സഹായങ്ങളും ചെയ്യാനും ഇവിടത്തെ മക്കൾ അവരുടെ സകല കുസൃതിത്തരങ്ങളും മാറ്റി വെച്ച്, മത്സരിക്കുകയാണ്, അത്കേട്ട് തൊട്ടടുത്ത നിൽക്കുന്ന പ്രമോദ് മാഷിന്റെ കണ്ണു നിറഞ്ഞോ എന്ന് എനിക്ക് സംശയമുണ്ട്.  നമ്മുടെ മക്കൾക്ക്, കുഞ്ഞുതലമുറയ്ക്ക്,  വരെ ഇക്കാര്യത്തിൽ നല്ല ധാരണയുണ്ട്.

*കണ്ണുതുറക്കാൻ:*
യലഹങ്കയിൽ ഒരു കവലയുടെ ഒരു മൂലയിൽ ഒരു സ്ത്രീ എന്നും ഇരിപ്പുറപ്പിക്കുമായിരുന്നു. മല്ലിയില, തുളസിയില, ഉള്ളിയില, ചീര തുടങ്ങി പച്ചിലകെട്ടുകളാണ് വിൽപന. ആ സഹോദരിയുടെ  അരയ്ക്ക് താഴെ ശരീരമില്ല.  സഹതാപത്തോടെ നോക്കുന്നവരോട്  അവർ പറയും : എന്റെ മേൽ ദയാവായ്പുള്ള നോട്ടമല്ല വേണ്ടത്, മറിച്ച് ഇടപാടാണ്. ഇതിൽ നിന്ന് രണ്ട് കെട്ട് നിങ്ങൾ വാങ്ങിയാൽ അന്തിക്ക് എന്റെ വീടു (അടുപ്പ്)  പുകയും.

*നീതിവേദി അഭിനന്ദനമർഹിക്കുന്നു ; സ്കൂൾ മാനേജ്മെന്റും*
...............................
അസ്ലം മാവിലെ
...............................

ഒന്ന് പുറത്തിറങ്ങി വീട്ടിൽ തിരിച്ചു വന്നതേയുള്ളൂ.  ഒരു സുഹൃത്ത് വീഡിയോ സ്ളോട്ടടക്കം ഒരു  വാർത്ത അയച്ചിട്ടുണ്ട്. അതിങ്ങനെ :

"പട്‌ള ഗവ.ഹൈസ്‌കൂളിലെ ശ്രീയേഷിന് ആശ്വാസത്തിന്റെ വീല്‍ചെയറുമായി നിതിവേദി പ്രവര്‍ത്തകരെത്തി. മകനുമായുള്ള ആശുപ്രത്രി യാത്രയിലെങ്കിലും അല്‍പം ആയാസം കുറയുമല്ലോ എന്നുള്ള പ്രതീക്ഷയിലാണിപ്പോള്‍ ഈ ഏഴുവയസുകാരന്റെ മാതാപിതാക്കള്‍".

പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ഭാഗമായി സ്കൂൾ മാനേജ്മെന്റ് ഇയ്യിടെ വീടുകൾതോറും സന്ദർശനങ്ങൾ നടത്തിയപ്പോഴായിരുന്നു ശ്രീയേഷിന്റെ അവസ്ഥ അവരുടെ ശ്രദ്ധയിൽ പെടുന്നതും കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിതിവേദി പ്രവര്‍ത്തകർക്ക് മുന്നിൽ അധികൃതർ വിഷയം അവതരിപ്പിക്കുന്നതും.

ഇക്കഴിഞ്ഞ ദിവസം വിൽചെയറെത്തി. ശ്രീ യേഷിന് ഇനി ഇരുന്ന് സഞ്ചരിക്കാൻ ഒരു കുഞ്ഞു വാഹനമായി.

പ്രശാന്ത് മാഷ്, പി.ടി. ഉഷ ടിച്ചർ അടക്കമുള്ള അധ്യാപകരുടെ  നേതൃത്വവും ഇടപെടലുകളും ഒരു വിദ്യാലയത്തിന്റെ മാനവിക യശസ്സു കൂടിയാണ് ഉയർത്തുന്നത്. അഭിനന്ദനങ്ങൾ.

ഒപ്പം,  കൂടെപ്പിറപ്പുകളുടെ കൂടെ നിൽക്കാനുള്ള നീതിവേദിയുടെ സന്മനസ്സിനെയും മുക്തകണ്ഠം നമുക്ക് പ്രശംസിക്കാം.

ചികിത്സ തേടേണ്ടത് സര്‍ക്കാര്‍ ആശുപത്രിയിലാണ്, അവിടെ എല്ലാമുണ്ട്* / അസ്‌ലം മാവിലെ

*ചികിത്സ തേടേണ്ടത് സര്‍ക്കാര്‍ ആശുപത്രിയിലാണ്, അവിടെ എല്ലാമുണ്ട്*
അസ്‌ലം മാവിലെ
(www.kasargodvartha.com 12.11.2019)  
-----------------------------------------------
കുറെ അനുഭവങ്ങളിൽ ഒന്ന്. ഇക്കഴിഞ്ഞ രണ്ടാഴ്ച മുമ്പ്. ഒരു വെള്ളിയാഴ്ച. ബ്രണ്ണൻ കോളേജിൽ  പോയി തിരിച്ചു വരികയാണ്. ജുമുഅ: നമസ്ക്കരിക്കാൻ തലശ്ശേരി ടൗണിലിറങ്ങി പള്ളിയിൽ കയറി. നമസ്ക്കാരം തുടങ്ങിക്കഴിഞ്ഞിരുന്നു, പുറത്ത് നല്ല മഴയും.
ധൃതിപിടിച്ച് വലത് വശത്ത് കൂടി അകത്ത് കടക്കാൻ വെച്ച് പിടിച്ചു. സ്ഥല സൗകരുമില്ലാത്തത് കൊണ്ട് മുമ്പിലുള്ള ഏതെങ്കിലും വരിയിൽ നുഴഞ്ഞ് നിൽക്കാൻ വേണ്ടി തിരിച്ചു കുറച്ചു കൂടി ധൃതിയിൽ നടന്നു. എല്ലാം ഞൊടിയിടയിൽ. ഒരു ടോയിലറ്റിന്റെ വാതിൽ കൊളുത്തി കുപ്പായം ഉടക്കി. ഷർട്ടിന്റെ ഷോൾഡർ ഭാഗം കീറിപ്പറിഞ്ഞു; മുതുകിന് താഴെ അത്യാവശ്യം നല്ല മുറിവ്.
ഒരു വിധം നമസ്ക്കരിച്ച് പുറത്തിറങ്ങി. ഒരു അപരിചിതൻ പറഞ്ഞു - ഇവിടെയൊന്നും ആസ്പത്രി പോകാൻ നിൽക്കണ്ട, വെറുതെ ബില്ലെഴുതിക്കളയും ! ഞാൻ നേരെ റെയിൽവേ സ്‌റ്റേഷനിലേക്ക് നടന്നു, വണ്ടിയിൽ കയറി. നല്ല വേദനയുണ്ട്. മുറിവുമുണ്ട്. വൈകുന്നേരം 4:30 കഴിഞ്ഞിരിക്കണം, മകന്റെ കൂടെ ഗവ. ആസ്പത്രിക്ക് പിടിച്ചു,
വലിയ തിരക്കില്ല, 5 രൂപ നൽകി ടോക്കൺ എടുത്തു. അവർ കാഷ്വൽറ്റി കാണിച്ചു. ആ സമയം വലിയ കേസ് ഉള്ളതിനാൽ കുറച്ചിട ഇരിക്കാൻ പറഞ്ഞു. അത്ര വലിയ വേദനയില്ലങ്കിലും സിസ്റ്ററെ കണ്ടപ്പോൾ ഒന്നഭിനയിച്ചു നോക്കി.
സീനിയറായ ആ നഴ്സ് അകത്ത് വരാൻ പറഞ്ഞു, മുറിവ് തൊട്ടു നോക്കി. TT (Tetanuട Toxoid) എഴുതി. മുറിവും കെട്ടണ്ട, വേദന സംഹാരിയും വേണ്ട. തീർന്നു ! ഞാനും മറന്നു, ''ഇരുമ്പു"മുറി എന്നെയും മറന്നു. മൂന്ന് ദിവസത്തിൽ മുറിഞ്ഞ ഭാഗം ഉണങ്ങി"ച്ചൂളി"യായി ! ഇത്രയേ ഉള്ളൂ കാര്യങ്ങൾ. ചിലവ് - 5 രൂ ടോക്കണിന്; 5 രൂ സ്കൂട്ടർ പാർക്കിംഗിന്.
പുറത്തിറങ്ങുമ്പോൾ ഒരു മാന്യസുഹൃത്ത് മുമ്പിൽ. ഞാനങ്ങോട്ട് - " നിങ്ങളെന്താ ഇവിടെ ? "
മാന്യ സു : ഞാൻ ഒരാളെ കാണാൻ ..
മാന്യ സു (ഇങ്ങോട്ട് ) : നിങ്ങളെന്താ ഇവിടെ ?
ഞാൻ : മുതുകിൽ ചെറിയ ഒരു മുറിവ്.
മാന്യ സു: എല്ലാവരും പറയുന്നു ഗവ. ആസ്പത്രിയാകെ മാറീന്ന്, എനിക്കും ഇന്നൊരു ഡോക്ടറെ കാണിച്ചാലോന്ന്..
അപ്പോൾ വരവ് ചികിത്സയ്ക്ക്, കാണാൻ വന്നതോ ?  സുഹൃത്തിനെ, പക്ഷെ, ആ സുഹൃത്ത്  ഡോക്ടറാണെന്ന് മാത്രം ! ഇങ്ങനെയും ചില പാതിവെന്ത ജന്മങ്ങളെയും ആ പരിസരങ്ങളിൽ കാണാനും ഇടയായേക്കും.
90% അസുഖത്തിന് ധർമ്മാസ്പത്രികളാണ് ബെസ്റ്റ്. ബമ്പും ബെല്യത്തെണഉം അലൂല് വെച്ച് ഇറങ്ങണമെന്നേയുള്ളൂ. നല്ല ഇടപെടൽ. ശാന്തം. പരിഗണന. ആദ്യം വന്നവന് ആദ്യം മുൻഗണന. കുറച്ച് ഇരിക്കണം. ഗുരുതരമെങ്കിൽ അതിനും പ്രത്യേക പരിഗണനയുണ്ട്.
നാം അവിടെ സാമൂഹ്യ സേവകനായാൽ തള്ളിക്കയറ്റങ്ങൾ പറഞ്ഞ് ഒതുക്കാം. മറ്റുള്ളവരെ ഒരു കൈ സഹായിക്കാം. ഹിന്ദി അറിയുമെങ്കിൽ രോഗികളായി വരുന്ന വടക്കൻ സംസ്ഥാനക്കാരെ ദ്വിഭാഷിയായി നമ്മുടെ ഊഴം എത്തുന്നത് വരെ സഹായിക്കുകയും ചെയ്യാം.
ഇവിടെ മായിപ്പാടിയിലുമുണ്ട് ഹെൽത്ത് സെന്റർ. എല്ലാ പഞ്ചായത്തിലും  കാണും ഇതേ സൗകര്യമുള്ള ഒരെണ്ണം വീതം. ഓരോ വാർഡിലെയും ആരോഗ്യ ഉപകേന്ദ്രത്തിലെ ഉദ്യോഗസ്ഥർ ഇവിടെ വന്നാണ് റിപ്പോർട്ട് ചെയ്യുക. അത്കൊണ്ട് നാട്ടിലെ ആരോഗ്യ അന്തരീക്ഷം അവർക്ക് കാണാപാഠമാണ്. മിക്ക രോഗങ്ങൾക്കും മാറാൻ പറ്റുന്ന ചികിത്സയും മരുന്നും ഇവിടെ ലഭ്യമാണ്. പക്ഷെ, ആ... പക്ഷെ, അതന്നെ...ബമ്പും ബെല്യത്തെണഉം അലൂല്..........ണമെന്നേയുള്ളൂ
നമ്മൾ, പൊയഅക്കാർ,  ഇപ്പഴും ഗവ. ആസ്പ്പത്രിയെ കണ്ടിട്ടുള്ളത് തല്ലും കുത്തും നടന്നാൽ കേസ് ഫയൽ ചെയ്യാൻ പാകത്തിനുള്ള ഒരിടമായിട്ടും പിന്നെ മോർച്ചറിയാവശ്യത്തിനുമായിട്ടാണ്.
കാസർകോട് തന്നെ മുൻസിപ്പൽ പ്രാഥമികാരോഗ്യ കേന്ദ്രം വേറെയുണ്ട്. അത്പോലെ ഗവ. ആയുർവ്വേദ, ഹോമിയോ ആസ്പത്രികളുമുണ്ട്. ആയുർവേദ ആസ്പത്രിയിൽ കിടത്തി ചികിത്സയ്ക്കും സൗകര്യമുണ്ട്. ഇവിടെ പോകുമ്പോൾ രണ്ട് ഒഴിഞ്ഞ അംസക്കുപ്പിയും (ounce bottle) കൂടെക്കരുതണം.
ഇതിനിടയിൽ വാർഡ് മെമ്പറോടും ആരോഗ്യ പ്രവർത്തകരോടും പറയാനുള്ളത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടി ഡോക്ടർ(മാർ) ചില ദിവസങ്ങളിൽ അവരുടെ ജോലിയുടെ ഭാഗമായി മേൽ സ്ഥാപനങ്ങളിൽ നടക്കുന്ന യോഗങ്ങളിലും സെമിനാറുകളിലും പോകേണ്ടി വരുന്നുണ്ട്. അന്നവർ ഡ്യൂട്ടിയിൽ ഉണ്ടാകില്ല. തലേ ദിവസം തന്നെ അവർ ഇതറിയുമല്ലോ. *അത് കൊണ്ട് ആ വിവരം ( ഡോക്ടർ പിറ്റേ ദിവസം രാവിലെ ആസ്പത്രിയിൽ വരില്ലെന്ന വിവരം) തലേനാൾ രാത്രി തന്നെ അതത് വാർഡുകളിലെ രണ്ട് മൂന്ന് പ്രധാന വാട്ട്സാപ് ഗ്രുപ്പുകളിലെങ്കിലും അറിയക്കുവാൻ ഏർപ്പാട് ചെയ്യണം, മനസ്സു കാണിക്കണം.*
പല രോഗികളും തിരിച്ചു പോകുന്നത് നേരിൽ കണ്ടത് കൊണ്ടാണ് ഈ വിഷയം ഇവിടെ എഴുതുന്നത്. ഒന്നിത് സൂചിപ്പിക്കുവാൻ അവസരം കാത്തിരിക്കുകയായിരുന്നു ഞാനും.

നവ പ്രതിഭകളെ കണ്ടെത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പരിപാടി / NEWS



*അസ്ലം മാവിലെയ്ക്ക് പട്ള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ആദരം*

http://www.kasargodvartha.com/2019/11/patla-govt-hss-students-honour-to-aslam.html?m=1


Thursday, November 14, 2019

അസ്ലം മാവിലെയ്ക്ക് പട്ള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ആദരം
കാസര്‍കോട്: (www.kasargodvartha.com 14.11.2019)
കോളമിസ്റ്റും സാംസ്‌കാരിക പ്രവര്‍ത്തകനുമായ അസ്ലം മാവിലെയെ വിദ്യാര്‍ത്ഥികള്‍ ആദരിച്ചു. പട്ള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളാണ് മാവിലെയെ തേടി അദ്ദേഹത്തിന്റെ വസതിയിലെത്തിയത്.
കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന പൊതുവിദ്യാഭ്യാസ ശാക്തീകരണ യജ്ഞത്തിന്റെ തുടര്‍ച്ചയായി ശിശുദിനത്തിലാണ് പട്ട്ള സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥി പ്രതിനിധികളും പൊതുപ്രവര്‍ത്തനത്തിന്റെ അനുഭവങ്ങളറിയാന്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും ആദരിക്കുകയും ചെയ്തത്.

തന്റെ എഴുത്തനുഭവങ്ങളും പത്രപ്രവര്‍ത്തന മേഖലയെപ്പറ്റിയും പ്രസംഗാനുഭവങ്ങളും അസ്‌ലം കുട്ടികളുമായി പങ്കിട്ടു. എഴുത്തിലും സേവനപ്രവര്‍ത്തനങ്ങളിലും താല്‍പര്യമുള്ള കുട്ടികളായിരുന്നു മാവിലെയുമായി സംവദിച്ചത്. എട്ടംഗ വിദ്യാര്‍ത്ഥി സംഘത്തിലെ എല്ലാവരും കഥ-കവിതകളില്‍ താല്‍പര്യമുള്ളവരുമായിരുന്നു. ഇത്തരം അഭിരുചിയുള്ള ഒരുപാട് പേര്‍ സ്‌കൂളിലുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പട്‌ളയിലെ പൊലിമ നടത്തിയ കഥാ-കവിതാ ശില്‍പശാലകളില്‍ പങ്കെടുത്തവരും കുട്ടികളുടെ കൂട്ടത്തിലുണ്ടായിരുന്നു.
ഹെഡ്മാസ്റ്റര്‍ കെ പ്രശാന്ത് സുന്ദര്‍, അധ്യാപകരായ രാമചന്ദ്രന്‍ വേട്ടറാഡി, എം പി അനിത എന്നിവര്‍ സംസാരിച്ചു.
അധ്യാപകരോടൊപ്പമെത്തിയ വിദ്യാര്‍ത്ഥികളുമായി രണ്ട് മണിക്കൂറോളം ചെലവഴിച്ചാണ് സംഘത്തെ അദ്ദേഹം യാത്രയാക്കിയത്.

പൊതുവിദ്യാഭ്യാസ വകുപ്പ് 'വിദ്യാലയം പ്രതിഭകളോടൊപ്പം' എന്ന പേരിലാണ് ഈ പരിപാടി നടപ്പാക്കുന്നത്. പുതിയ തലമുറയ്ക്ക് പ്രതിഭകളില്‍നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അനുഭവങ്ങളും അവര്‍ക്ക് മുതല്‍ക്കൂട്ടാക്കി മാറ്റാനും നവ പ്രതിഭകളെ കണ്ടെത്താനും ലക്ഷ്യമിട്ടാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പരിപാടി ആവിഷ്‌കരിച്ചത്. നവംബര്‍ 28 വരെ ഈ പരിപാടി കേരളത്തിലുടനീളം നടക്കും.


സ്‌കൂള്‍ കലോത്സവത്തില്‍ അറബിക് കഥാപ്രസംഗത്തിലും* *കഥപറച്ചിലിലും/NEWS


*സ്‌കൂള്‍ കലോത്സവ, ശാസ്ത്രമേള വിജയികളെ അഭിനന്ദിച്ചു*
http://my.kasargodvartha.com/2019/11/appreciated-school-kalolsava-and.html

*കാസര്‍കോട് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ അറബിക് കഥാപ്രസംഗത്തിലും*
 *കഥപറച്ചിലിലും ഒന്നാം സ്ഥാനം നേടി പട്ല ഹയര്‍*
*സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍*
*http://bit.ly/33S73Rf*

അറബിക് കഥാപ്രസംഗത്തിലും അറബിക് കഥ പറച്ചിലിലും ജില്ലാ സ്കൂൾ കലോത്സവത്തിൽ  പട്ല ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥികൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു,

ഹൈസ്ക്കൂൾ വിഭാഗം അറബിക് കഥാപ്രസംഗത്തിൽ മറിയം അബ്ദുൽ അസീസിനും യു.പി. വിഭാഗം അറബിക് കഥ പറച്ചിലിൽ ആയിഷത്ത് ഹുസ്നയ്ക്കുമാണ് ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചത്.

ജില്ലാ സ്കൂൾ കലോത്സവത്തിൽ വിജയികളായ മറിയമിനെയും ഹുസ്നയെയും പട്ല സ്കൂൾപി ടി എ,  എസ്. എം.സി ഭാരവാഹികൾ അഭിനന്ദിച്ചു.

അറബിക് കഥാപ്രസംഗത്തിൽ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ അർഹത നേടിയ മറിയം അബ്ദുൽ അസീസിനെയും  യു.പി. വിഭാഗം അറബിക് കഥ പറച്ചിലിൽ ഒന്നാം സ്ഥാനം നേടിയആയിഷത്ത് ഹുസ്നയെയും സംസ്ഥാന തല  ശാസ്ത്രോത്സവത്തിൽ (ഹയർ സെക്കണ്ടറി വിഭാഗം)  നാലാം സ്ഥാനവും ഏ ഗ്രേഡും നേടിയ പട്ലയിലെ ഹലിമത്ത് ഹിബയെയും   ആർട്സ് & ലെറ്റേർസ് വിംഗ് അഭിനന്ദിച്ചു.

രണ്ട് കാലാകാരികൾ* *പട്ലയുടെ യശസ്സുയർത്തുന്നു* *കൂടെ കണ്ണിട്ട് വായിക്കാൻ* *നേരു വർത്തമാനങ്ങളും* / അസ്ലം മാവിലെ


*രണ്ട് കാലാകാരികൾ*
*പട്ലയുടെ യശസ്സുയർത്തുന്നു*
*കൂടെ കണ്ണിട്ട് വായിക്കാൻ*
*നേരു വർത്തമാനങ്ങളും*
..............................
അസ്ലം മാവിലെ
..............................

രണ്ട് കലാകാരികളെക്കുറിച്ചാണ് രണ്ട് ദിവസമായി  നാട്ടിൽ നാക്കെടുത്തിടത്ത് സംസാരം. അവരാണ്  കാസർകോട് ജില്ലയിലാകമാനം കലയെ സ്നേഹിക്കുന്നവരുടെ ഇടയിൽ സംസാര വിഷയം. ഒരു ഗ്രാമവും ആ ഗ്രാമത്തിലെ പള്ളിക്കൂടവും ഈ രണ്ട് കുട്ടികൾ വഴി ഒന്നു കൂടി വാർത്തകളിൽ വന്നിരിക്കുന്നു !

അവർ മറ്റാരുമല്ല,  മറിയം അബ്ദുൽ അസീസും അയിഷത്ത് ഹുസ്നയുമാണ്. സ്കൂൾ കലോത്സവത്തിൽ ജില്ലയിൽ നിന്നും ഒന്നാം സ്ഥാനവും ഏ ഗ്രേഡും വാങ്ങി സംസ്ഥാന കലോത്സവ മത്സത്തിന്റെ ഭാഗമായിരിക്കുകയാണ് ഈ രണ്ടു മിടുക്കിപ്പെൺകുട്ടികൾ. മറിയം ഹൈസ്ക്കൂൾ വിഭാഗം കഥാപ്രസംഗത്തിലും ഹുസ്ന യു പി വിഭാഗം അറബിക് കഥപറച്ചിലിലുമാണ് വിജയികളായത്.

ഈ വർഷത്തെ സംസ്ഥാന കലോത്സവത്തിന് ആതിഥ്യം നൽകുന്ന കാസർകോട് ജില്ലയിൽ,  പട്ല സ്കൂളിലെ മക്കളുടെ കൂടി  സാനിധ്യമുണ്ടാകുക എന്നത് നമുക്ക് ഏറെ അഭിമാനമുണ്ടാക്കുന്ന വർത്തമാനം തന്നെയാണ്.  എവിടെ നിന്നു വരുന്നു എന്ന് ചോദിച്ചാൽ പട്ലയിൽ നിന്നും വരുന്നെന്നും  ജില്ലയിലെ രണ്ടിനങ്ങളിൽ ഒന്നാമതായെത്തിയ പിള്ളേരുടെ നാട്ടിൽ നിന്നാണെന്നും അവരെ മത്സരം കൂടി കാണാൻ വന്നതെന്നുമുള്ള  ബോഡീലാങ്ങ്ഗ്വേജിൽ നിവർന്നു നിൽക്കാൻ നമുക്കും അവകാശമൊക്കെയായി എന്നർഥം.

അറിഞ്ഞിടത്തോളം സബ്ജില്ലതൊട്ടങ്ങോട്ട് മാത്സര്യ ബുദ്ധിയോടെയാണ് പട്ല സ്കൂൾ അധികൃതർ കലോത്സവത്തെ കണ്ടത്;  നന്നായി. അങ്ങനെയാണ് വേണ്ടതും. മറിച്ചായിരുന്നെങ്കിൽ ഒരെഴുത്തുകൂടി എഴുതേണ്ടി വരുമായിരുന്നു.

വരും വർഷങ്ങളിൽ ഇതേ താത്പര്യങ്ങൾ നിലനിർത്തി കൂടുതൽ ഇനങ്ങളിൽ മതിയായ സ്കോർ വാങ്ങാനുള്ള പരിശീലനവും പരിശ്രമവും സ്കൂൾ ആരംഭത്തിൽ തന്നെ കൈകൊള്ളണം. ഒപ്പം, നമ്മുടെ പൊടിമക്കൾ  സാഹിത്യമത്സരങ്ങളിലും സമ്മാനങ്ങൾ വാരിക്കൂട്ടാൻ ഭാഷാധ്യാപകർ നൂതന മാർഗ്ഗങ്ങൾ ആലോചിക്കുകയും വേണം. (തദ്വിഷയത്തിൽ പുതിയ കാൽവെപ്പിനുള്ള കടലാസുവർക്കുകൾ തുടങ്ങി എന്ന ശുഭവാർത്തയും അന്തരീക്ഷത്തിൽ ഇപ്പോൾ പാറിക്കളിക്കുന്നുണ്ട്. അതും വളരെ വളരെ നന്ന്. നാട്ടിലെ സാംസ്ക്കാരിക കൂട്ടായ്മകൾ കൂടി ഈ സംരംഭത്തിന്  ഒരു കൈ താങ്ങായാൽ മാത്രം മതി)

മുകളിൽ പരാമർശിച്ച രണ്ടു കുട്ടികൾ അറബിക് മാധ്യമത്തിലാണ് കഥാപ്രസംഗത്തിലും കഥപറച്ചിലിലും ഒന്നാമതെത്തിയത് എന്നത് ഒന്നടിവരയിടണം. പ്രത്യേകിച്ച് മലയാളം, ഇംഗ്ലിഷ്, ഹിന്ദി ഭാഷാധ്യാപകർ കൂടി മൂന്ന് കസേര ചുറ്റുമിട്ട് ഒന്ന് തല ചെലവാക്കണം. അടുത്ത തവണ ഇടത്ത് നിന്നും വലത്തോട്ടെഴുതുന്ന ഒരു ഭാഷയിലെങ്കിലും ഒരു പൊടിമോനോ പൊടിമോളോ കലോത്സവത്തിന്റെ സംസ്ഥാന മത്സരവേദിയിലും അരങ്ങത്തും കാണണ്ടേ എന്നാലോചിക്കണം.  1950 മുതൽ ഈ സ്കൂളിൽ അ ആ ഇ ഇ ഈയും എ ബി സി ഡി യും ക കെ കി കൊ പറയാനും പഠിക്കാനും തുടങ്ങിയിട്ടുണ്ടെന്ന് 70-ാം സ്കൂൾ വാർഷത്തികാഘോഷത്തിന്റെ പടിവാതിലിൽ നിന്ന് തന്നെ പറയാൻ എനിക്കൽപം മടിയുണ്ടെങ്കിലും പറയുകയാണ്.

വീണ്ടും,
മറിയമിനും ഹുസ്നയ്ക്കും നിറഭാവുകങ്ങൾ ! രണ്ടു പേരും എന്റെ സുഹൃത്തുക്കളുടെ മക്കൾ ! മറിയമിന്റെ മാതാപിതാക്കൾ - എന്റെ അയൽക്കാരൻ ടി.വി. അബ്ദുൽ അസിസും സാബിറയും. ഹുസ്നയുടെ മാതാപിതാക്കൾ എന്റെ സഹപാഠി സി. അബ്ദുല്ലയും ബുഷ്റയും. വ്യക്തിപരമായി,  ഞാനും എന്റെ കുടുംബവും നിങ്ങളുടെ സന്തോഷത്തോടൊപ്പം ചേരുന്നു.

ഈ നാടു മുഴുവനും പ്രാർഥനയോടും ആശംസയോടും നിങ്ങളുടെ ഒപ്പമാണ്.

ഈ മാസാവസാനം നല്ല  വാർത്തകളുമായി ഒന്നുകൂടി പട്ലയുടെയും പട്ല സ്കൂളിന്റെയും  യശസ്സുയരാൻ നിങ്ങളുടെ കലാപ്രകടനങ്ങൾക്കാകട്ടെ. 

Monday 11 November 2019

കോടാലിക്ക് പിടി മരം ;* *മരം തന്നെയാണ് മരത്തിന് ശത്രുവും !*/ അസ്ലം മാവിലെ

*കോടാലിക്ക് പിടി മരം ;*
*മരം തന്നെയാണ് മരത്തിന് ശത്രുവും  !*
...............................
അസ്ലം മാവിലെ
...............................

മനുഷ്യൻ മനുഷ്യന് ആരാകണം ? സിവിലൈസേഷന്റെ തുടക്കം മുതൽ ഇത് ചർച്ചപ്പെട്ടിരിക്കണം.

ഭൂവിലെ ആദിപിതാവിന് ഹവ്വയിൽ ജനിച്ച മക്കൾ കുഞ്ഞിരിക്കുമ്പോൾ സൗഹൃദാന്തരീക്ഷത്തിലായിരുന്നു. കള്ളം, ചതി, വഞ്ചന, പൊളി, പൊള്ളത്തരം ഒന്നുമില്ലാത്ത കാലം. പിള്ള മനസ്സിൽ കള്ളവും കള്ളത്തരവും കള്ളനും കേറാത്ത കാലം.

പിന്നെയാണ് നാം വാടകക്കാരാകുന്നത്. ചിന്ത, ചിത്തം, ഹൃത്ത്,  ഹൃദയം മുതലങ്ങോട്ട് കാണാത്തതും കാണുന്നതുമായ നമ്മുടെ എല്ലാം വാടകച്ചരക്കുകളായി മാറുന്നു. കേൾക്കാനുള്ള സാവകാശമില്ലാതായി. അവകാശങ്ങൾ തനിക്ക് മാത്രമായി. എല്ലാവരും അപരനായി. സ്വാർഥത മാത്രമാണ് സ്വസ്ഥത തരുന്നതെന്ന നിലയ്ക്കെത്തി. വിദ്വേഷവും പരശത്രുതയും ആലയിൽ ചുട്ടുപഴുക്കാൻ തുടങ്ങി. മനുഷ്യൻ തന്നെ അതിന്റെ പിടിയായി മാറി.

വായിച്ചില്ലേ ? ഭൂമിയിൽ ആദ്യത്തെ മനുഷ്യ രക്തം ചിന്നിത്തെറിച്ചു ! അതും ആദി പിതാവിന്റെ ആദ്യ മക്കളിൽ നിന്ന്. ചേതനയറ്റ സഹോദര ശരീരത്തെ മറവ് ചെയ്യാൻ ആകാശത്ത് വട്ടമിട്ട് പറന്ന രണ്ട് പക്ഷിക്കുഞ്ഞുങ്ങൾക്ക് ചിറക് താഴ്ത്തേണ്ടി വന്നു. ഇഷ്ടമില്ലാഞ്ഞിട്ട് പോലും അവയിലൊന്നിന് ജിവൻ ത്യജിക്കേണ്ടി വന്നു ! അവിടെയും കാക്ക തന്നെ കാക്കയ്ക്ക് കോടാലിപ്പിടി തീർത്തു !

ഭൂമിയിൽ ഒന്നു സഞ്ചരിക്കൂ. ഇത് തന്നെയാണെവിടെയും. അവസരങ്ങൾ അനുകൂലമല്ലാത്തതിന്റെ പേരിൽ പിടി തീർക്കാൻ വൈകുന്നവരും വൈകിക്കുന്നവരും. മനുഷ്യൻ മനുഷ്യന് തന്നെയാണ് ശത്രു. ആർത്തിയും അത്യാഗ്രഹവും അസഹിഷ്ണുതയും അസംതൃപ്തിയും തീർക്കുന്നതാണ് ശത്രുത. പക്ഷെ, ആ ശത്രുതയുടെ ആഫ്റ്റർ ഇഫ്ക്റ്റ് ജീവജാലങ്ങളെയും ഭൗമലോകത്തെ ആകമാനവും ബാധിക്കുന്നു !

നാനാത്വം (Diversity) നാമ്പിട്ടിടത്തും ശത്രുത കുറയുമത്രെ. അപരന്റെ വിശ്വാസത്തെയും ആചാരത്തെയും വ്യക്തിത്വത്തെയും ജീവിത രീതിയെയും  അംഗികരിക്കുവാനുള്ള സന്മനസ്സുള്ളിടത്താണ് നാനാത്വത്തിന്റെ പ്രസക്തി. You are a Lucky child if your parents taught you to accept diversity എന്ന് Roger Ebert ഒരിടത്ത് പറയുന്നുണ്ട്.

തെയ്യം പറഞ്ഞിലും കാര്യമില്ലാതില്ല.

മധുരിക്കും ഓര്‍മകളിലെ കുട്ടിക്കാലം* *മദ്രസ്സാ കാലവും പ്രിയപ്പെട്ട മദ്രസ്സാധ്യാപകരും* /അസ്ലം മാവിലെ

*മധുരിക്കും ഓര്‍മകളിലെ കുട്ടിക്കാലം*
*മദ്രസ്സാ കാലവും പ്രിയപ്പെട്ട മദ്രസ്സാധ്യാപകരും* 
................................
അസ്ലം മാവിലെ
................................

https://www.kasargodvartha.com/2019/11/old-memories.html

എല്ലാവർക്കും മറക്കാത്ത ഒരു നീണ്ട മദ്രസ്സാകാലമുണ്ടാകും. 1975 - 1981 ആയിരുന്നു എന്റെ മദ്രസ്സാ കാലം.  ഒന്ന് മുതൽ ആറ് വരെയാണ് ഞാൻ മദ്രസയിൽ പഠിച്ചത്, പട്ലയിലെ മൻബഹുൽ ഹിദായയിൽ.

1981 ൽ മദ്രസ്സയിൽ രണ്ടു സംഭവമുണ്ടായി.  ഏഴാം ക്ലാസ്സിലെത്തിയ എന്നെ ഒരാഴ്ച കഴിഞ്ഞില്ല,  സദർ മൗലവി  രണ്ടു മൂന്ന് മാസക്കാലത്തേക്ക് ഒന്നാം ക്ലാസ്സിലേക്ക് അക്ഷരം പഠിപ്പിക്കാൻ അയച്ചു (ആ സമയത്ത്  സ്രാമ്പി പള്ളിയിൽ ഉസ്താദ് ഡ്യൂട്ടിയിൽ എത്തിയിരുന്നില്ല). ആ വർഷം തന്നെയായിരുന്നു ഖത്വീബുസ്താദ് എന്ന് ഞങ്ങൾ വിളിക്കുന്ന അലി മൗലവി  പെർമെനന്റായി മദ്രസ്സയിൽ നിന്നും റിട്ടയർ ചെയ്യുന്നതും 

അന്ന് ഓരോ ക്ലാസ്സും ഓരോ മഹല്ലുസ്താദുമാർക്ക് നീക്കി വെച്ചിരുന്നു.  ഒന്നാം ക്ലാസ്സ് സ്രാമ്പി ഉസ്താദിന്, രണ്ട് 'ബൂഡുസ്താദ് , മൂന്നാം ക്ലാസ്സിന്റെ ഉത്തരവാദിത്വം മൊഗറുസ്താദിന്, നാല് തായലുസ്താദിന്, ഖത്വീബുസ്താദിന് അഞ്ചാം ക്ലാസ്സ്, ആറാം ക്ലാസ്സും അഡ്മിനിസ്ട്രേഷനും സദറുന്നതാദിന്. ആറു കഴിഞ്ഞവർക്ക് വേണമെങ്കിൽ ഏഴാം ക്ലാസ്സിൽ വന്നിരിക്കാം.

ഞാൻ ചേരുന്നതിന് ഒന്നോ രണ്ടോ കൊല്ലം മുമ്പ് വരെ പ്രിമദ്രസാ സമ്പ്രദായമുണ്ടായിരുന്നു, ഇന്നത്തെ KG മോഡൽ. അരക്ലാസെന്നാണ് അന്നതിന്റെ നാടൻനാമം. അരക്കിലിരിക്കാൻ ഭാഗ്യമെനിക്കുണ്ടായില്ല. ഒന്നിലിരിക്കാനുള്ള പ്രായമുണ്ടെങ്കിലും ആരോഗ്യം കുറവുണ്ടെങ്കിൽ ആ കുട്ടിക്ക് പ്രിമദ്രസയായിരുന്നു മദ്രസാ മാനേജ്മെന്റ് അലോട്ട് ചെയ്യുക. അന്നതൊന്നും ഒരു വിഷയമേ അല്ല.

ഒന്നാം ക്ലാസ്സിൽ ഞാൻ ചേരുമ്പോൾ കറുത്ത ജിന്നാ തൊപ്പി വെച്ച സ്രാമ്പി പള്ളിയിലെ ഉസ്താദാണ് ഞങ്ങളുടെ ക്ലാസധ്യാപകനായുണ്ടായിരുന്നത്. മദ്രസ്സധ്യാപകരുടെ പേരുകൾ അന്ന് ആരും ചോദിക്കാറില്ല, അവരിങ്ങോട്ട് പറയാറുമില്ല. അത് കൊണ്ട് ഈ ഉസ്താദിന്റെ പേരും അറിയില്ല.

അന്ന് ഓടിട്ട പച്ച നിറം തേച്ച, റോഡിന് ഇടതുവശത്തോട് ചേർന്ന കെട്ടിടമായിരുന്നു മദ്രസ്സ. തകിടു കഷ്ണങ്ങൾ കൊണ്ട് പ്രത്യേകം ചാലിച്ച മദ്രസ്സാ ബോർഡു ഇങ്ങേയറ്റ് തൂക്കിയിട്ടു കാണാം. ഒരു ഭാഗം നോക്കിയാൽ മലയാളത്തിൽ ഒത്ത നടുവിലെത്തിയാൽ ഇംഗ്ലിഷ്, അപ്പുറത്ത് നോക്കുമ്പോൾ അറബിമലയാളത്തിൽ വായിക്കാൻ പാകത്തിന് ബോർഡ് തൂങ്ങിയാടും.

ഞാൻ ഒന്നിലിരുന്നത് അകത്തെ ക്ലാസ്സിലാണോ  പുറത്തെ വരാന്ത ക്ലാസ്സിലാണോ എന്ന് കൺഫ്യൂഷനുണ്ട്. അന്ന് പുതിയ മദ്രസ്സയുടെ പണിയാലോചനയിലാണ്. തിങ്ങി ഞെരുങ്ങിയാണ് മൊത്തം പിള്ളാരുടെ ഇരുത്തം.

നീണ്ടു മെലിഞ്ഞു മുതുക്  ചെറുതായി വളച്ച്  ഉസ്താദ് ഒരു വടി പിടിച്ചു നീളത്തിലും വിലങ്ങിലും അലിഫ്, ബാ പറഞ്ഞ് ഒന്നാം ക്ലാസ്സിൽ  നടന്നു കൊണ്ടേയുണ്ടാകും. ഞങ്ങളുടെ ശ്രദ്ധ തെറ്റിയാൽ അടി ഉറപ്പാണ്. ഓരോ ഊഴം നടത്തത്തിനും ഉസ്താദ് ഒരടി നൽകും. അത് ഒന്നുകിൽ ബഞ്ചിന്റെ സൈഡിലേക്ക്, ഇല്ലെങ്കിൽ ഞങ്ങളുടെ മുതുകത്തേക്ക്. ഒരു വട്ടം ബഞ്ചിന്റെ സൈഡിൽ കൈ വെച്ച എനിക്കും കിട്ടി വെറുതെ ഒരടി.

രണ്ടിലെത്തിയതോടെയാണ് മദ്രസ്സയിലേക്ക് പുതിയ സദർ മൗലവി വരുന്നത്. അത് വരെ തായലുസ്താദിനായിരുന്നു സദർ ഇൻ ചാർജ്. രണ്ടിൽ ഞങ്ങൾക്ക് തുടക്കത്തിൽ അധ്യാപകനില്ലായിരുന്നുവെന്നാണ് ഓർമ്മ. അന്ന് ബൂഡിൽ പുതിയ ഉസ്താദ് എത്തിയിട്ടില്ല. ഒന്നിലെ സ്രാമ്പി ഉസ്താദ് സ്ഥലം മാറുകയും ചെയ്തു. ഇത് രണ്ടും പുതിയ സദറിന്റെ പിരടിയിലായി. അദ്ദേഹം ഒന്നാം ക്ലാസ്സിൽ ബോർഡിൽ അക്ഷരങ്ങൾ വലുതായി എഴുതും. മുതിർന്ന ക്ലാസ്സിലെ കുട്ടികളെ സ്റ്റൂളിൽ നിർത്തി ഒരു വടി നൽകി, അവനോട് ഉറക്കെ ചൊല്ലാൻ പറയും. കുട്ടികൾ ഒരു ഹാലിൽ അലിഫ് , ബാ, താ പറഞ്ഞു കൊണ്ടേയിരിക്കും. അന്ന് രണ്ടാം ക്ലാസിലുണ്ടായിരുന്ന ബി. ബഷീർ ഒന്നാം ക്ലാസ്സിൽ പോയി സ്റ്റുളിൽ കയറി നിന്ന് അക്ഷരങ്ങൾ അലക്ഷ്യമായി  ചൊല്ലിക്കൊടുക്കുന്ന ഒരു ഓർമ്മയുണ്ട്.

കുറെ കഴിഞ്ഞാണ് രണ്ടിലേക്ക്  അധ്യാപകൻ എത്തുന്നത്. അത് വരെ സദറും അപ്പുറമിപ്പുറം ഉള്ള അധ്യാപകരുമായിരുന്നു ഞങ്ങളുടെ അച്ചടക്ക കാര്യം നോക്കിയിരുന്നത്. അവസാനം ബൂഡ് ഉസ്താദ് എത്തി. അതോടെ രണ്ടിലേക്കാളുമായി.  അദ്ദേഹത്തിന്റെയും പേരെന്തെന്ന്  ഇപ്പഴും അറിയില്ല, എല്ലായ്പ്പോഴും പുഞ്ചിരി മുഖമുദ്രയാക്കിയ, ഒരു  സ്റ്റൈലൻ തലപ്പാവു ധരിച്ച ഉസ്താദായിരുന്നു ബൂഡുസ്താദ്.

ഞങ്ങൾ മൂന്നിലെത്തിയപ്പോൾ ഒരു ദിവസം ക്ലാസ്സധ്യാപകൻ മദ്രസയിൽ വന്നില്ല. അന്ന് രാവിലെ അറ്റൻഡൻസ് എടുക്കാൻ വന്നത് രണ്ടാം ക്ലാസിലെ ഈ ബുഡുസ്താദായിരുന്നു. അന്ന് മദ്രസ്സയിൽ കുട്ടികളെ ചേർക്കുന്ന തിരക്ക്. മിഠായി, ലഡു, ഈത്തപ്പഴം ഇവയേതെങ്കിലും ഞങ്ങൾക്ക് ദിവസവും കിട്ടും. അന്ന് സീനിയർ വിദ്യാർഥികൾ മിഠായിയുമായി ക്ലാസിൽ വന്നു. എല്ലാവർക്കും മിഠായി തന്നു. ഉസ്താദിനും ഒരു പിടി മിഠായി അവർ നൽകി.  ബൂഡുസ്താദ് തമാശ പൊട്ടിച്ചു:  എല്ലാവരോടും കണ്ണടക്കാൻ പറഞ്ഞു, അദ്ദേഹം പറഞ്ഞാൽ മാത്രം കണ്ണു തുറക്കാനും.  ഞങ്ങൾ കണ്ണടച്ചു. കുറച്ചു കഴിഞ്ഞ് ഞാൻ മെല്ലെ ഇടങ്ങണ്ണിട്ടു പാളി നോക്കി. ഉസ്താദ് വളരെ കൂളായി മിഠായി നുണയുന്നു ! ഞാൻ കണ്ണുതുറന്നത്, ഉസ്താദ് കാണുകയും ചെയ്തു. നുണക്കുഴിയുമായി ഉസ്താദ് എന്നോട് ചിരിക്കുന്നു. ഞാനുടനെ കണ്ണടച്ചു കളഞ്ഞു. 

മൂന്നിലെത്തിയപ്പോൾ ഞങ്ങളെ എതിരേറ്റത് കർക്കശക്കാരനായ മൊഗറുസ്താദാണ്. സ്ട്രിക്റ്റിന്റെ ആശാൻ. പറഞ്ഞ പാഠം പഠിച്ചു വന്നില്ലെങ്കിൽ പണി പാലും വെള്ളത്തിൽ തരും. സ്വലാ: പഠിച്ചത് ആ ഗുരുമുഖത്ത് നിന്നാണ്. വുളു തൊട്ട് സലാം വീട്ടൽ വരെ എല്ലാം എല്ലാം. ഒരിക്കലും അടിക്കാത്ത,  അവിടത്തെ ചൂരൽ ചുഴറ്റിലിൽ നിന്നും മാത്സര്യബുദ്ധിയോടെ സ്വായത്തമാക്കിയ വള്ളിപുള്ളി തെറ്റാത്ത വചനങ്ങളാണ് ഇന്നും എന്റെ നമസ്ക്കാരങ്ങളുടെ കരുത്ത്. 

അലക്ഷ്യമായി ചുറ്റിയ തലപ്പാവ്. വല്ലപ്പോഴും മുറുക്കുന്ന വായ. ഒരിക്കൽ പോലും കൈ ബട്ടൺസിടാത്ത വെള്ളക്കുപ്പായം. ചെറുതായി നിറം മങ്ങിയ പച്ച അരപ്പട്ട. ഹസ്കി ശബ്ദത്തിനുടമ. സുറുമ തേച്ച കണ്ണുകൾ. ചുളിവ് തുടങ്ങിയ മുഖം.  കണ്ണടച്ചാൽ  മൊഗറുസ്താദ് എന്റെ മുന്നിലിപ്പഴുമെത്തും. ഒരുപാട് കൊല്ലക്കാലം അദ്ദേഹം പട്ലയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നാലിലാണ് തായലുസ്താദ്.  അസിസ്റ്റന്റ് സദർ.  എന്റെ ചെറിയ മൂത്ത. ക്ലാസ്സിൽ ആ വക  ഒരു പരിഗണനയും എനിക്കില്ല. വിഷയം ചരിത്രമാണ്. പൊതുവെ മുന്നിലിരിക്കാറുള്ള ഞാൻ നാലാം ക്ലാസ്സിൽ രണ്ടാം ബെഞ്ചിലിരുന്നു. പക്ഷെ, വായന തെറ്റിയാൽ തല താഴ്ത്തി അടി ഉറപ്പ്. പ്രസംഗത്തിന്റെ ബാലപാഠം ചെറുതായി പഠിച്ചു തുടങ്ങിയത് എന്റെ മൂത്താന്റെ അടുത്ത് നിന്നാണ്.

ഞങ്ങളെല്ലാരും സ്നേഹപൂർവം വിളിക്കുന്ന ഖതീബുസ്താദാണ് അഞ്ചിലെ ഞങ്ങളുടെ ഗുരുനാഥൻ. മധുരമായ ഖിറാഅത്തിനുടമ. (അദ്ദേഹത്തെ കുറിച്ച് മാത്രം ഞാനൊരു ദിവസം വിശദമായെഴുതാം). തജ് വീദ് നിയമങ്ങൾ പാലിച്ചു നീട്ടാനും മണിക്കാനും ഖിറാഅത്ത് പഠിപ്പിച്ച ഗുരുവര്യൻ. എന്റുപ്പാന്റെ ഏറ്റവും അടുത്ത സുഹൃത്ത്.
പക്ഷെ, ക്ലാസിൽ ആ ബന്ധങ്ങളൊന്നും എന്റെ തലമുടി പിടുത്തത്തിന് ഒരു ഇളവും തന്നില്ല. മൊട്ടത്തല, കുറ്റിമുടി കൂടിയാൽ കുട്ടിക്രോപ് ഇത് വരെ അദ്ദേഹം സഹിക്കും. നെറ്റിയിൽ മുടി വീഴുന്ന ക്രോപ് അദ്ദേഹത്തിന് കണ്ടുകൂട. അത്കൊണ്ട് പിടുത്തം മുഴുവൻ എന്റെ തലമുടിയിലും. എന്നും ഇശാ നിസ്കാരം കഴിഞ്ഞ് ഉപ്പാന്റെ ഒന്നിച്ച് നാട്ടുവർത്തമാനം പറഞ്ഞ് നടക്കുന്ന ഖത്വീബുസ്താദിന് ഉപ്പാനോട് പറഞ്ഞാൽ തീരുന്ന വിഷയം മാത്രമായിരുന്നു എന്റെ ഹെയർ ഡ്രെസ്സിംഗ്, പക്ഷെ, അത് പറയില്ല !

ആറാം ക്ലാസ്സിലെയും മദ്രസയിലെയും നാട്ടിലെത്തന്നെയും ഐക്കണായിരുന്നു സദറുസ്താദ്.  ഒരുപാട് തവണ ഞാനദ്ദേഹത്തെ കുറിച്ച് എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഖുർആൻ ക്ലാസ് അപാരമായിരുന്നു. ഏത് വിഷയത്തെ കുറിച്ചും സംസാരിക്കും, എഴുതും. അദ്ദേഹത്തിന്റെ ക്ലാസിൽ പിൻഡ്രോപ് നിശബ്ദതയായിരിക്കും. ശ്വാസം വരെ ഞങ്ങൾ പിശുക്കിപ്പിശുക്കിയാണ് വിട്ടിരുന്നത്. പഠിപ്പിക്കുന്നതിനിടയിൽ തന്നെ അദ്ദേഹത്തിന്റെ കണ്ണ് ആ ഹാളിലെ ഏറ്റവും അങ്ങേയറ്റത്തെ ക്ലാസ്സിലുമുണ്ടാകും, പുറത്തെ റോഡിലുമുണ്ടാകും. പള്ളിക്കകത്തും കവലയിലും കടത്തിണ്ണയിലുമുണ്ടാകും - അഞ്ചാറ്  സി സി ക്യാമറകൾ ഫിറ്റ് ചെയ്തത് പോലെ.

അദ്ദേഹമാണ് അഞ്ചു മുതൽ സാഹിത്യ സമാജം തുടങ്ങിയത്, മൂതിർന്ന മൂന്ന് ക്ലാസ്സുകളിലെ കുട്ടികൾക്ക് മാത്രമാണ് പ്രവേശനം. എല്ലാ ഞായറാഴ്ചയും പത്ത് മണി കഴിഞ്ഞാൽ മുകളിലെ ഹാളിൽ സമാജം ഗംഭീരമായി നടക്കും.  അതിന്റെ സെക്കന്റ് മേൽനോട്ടം (ഡിസിപ്ലിൻ ചാർജ്)  തായലുസ്താദിനായിരുന്നു. ഞങ്ങൾ പ്രസംഗിച്ചു പഠിച്ചതും സംഘാടകരായതും സംഘടനാ പരിചയം സിദ്ധിച്ചതും മറ്റും മറ്റും സദറുസ്താദിന്റെ ശിക്ഷണത്തിൽ. (സാഹിത്യ സമാജ വിശേഷങ്ങൾ പിന്നൊരിക്കൽ എഴുതാം)

ഏഴിലെത്തി ഞാൻ ആറു ദിവസമായില്ല. നാട്ടിൽ പോയ സ്രാമ്പി ഉസ്താദ് തിരിച്ചു വന്നിട്ടില്ല. ഒന്നാം ക്ലാസാകെ ബഹളമയം. ഈ ഒച്ചപ്പാടിൽ രണ്ടിലെ ക്ലാസ് വരെ നേരെ ചൊവ്വെ നടക്കുന്നില്ല. എന്നും പരാതിയോട് പരാതി. പുതിയ ഉസ്താദിനെ അന്വേഷിക്കുന്ന തിരക്കിലാണ് സ്രാമ്പി മഹല്ലുകാരും. ഒരു ചോക്കും അറ്റൻഡൻസ് ബുക്കും തന്ന് സദറദ്ദേഹം എന്നെ ക്ലാസിന് പുറത്തേക്ക് വിളിച്ചു. എന്നിട്ട് എന്നോട്  ഒന്നിലേക്ക് പോകാൻ പറഞ്ഞു - ക്ലാസെടുക്കാൻ, പുതിയ അധ്യാപകൻ വരുന്നത് വരെ അവിടെ ഡ്യൂട്ടി. എന്നെ സഹായിക്കാൻ രണ്ടിലുസ്താദിന് സദർ ഉസ്താദ് മുകളിലെ പടി കയറി എത്തി നിർദ്ദേശവും നൽകി.

രണ്ടു മൂന്ന് മാസം എന്റെ വീട്ടിലാരുമറിയാതെ അവിടെ ഒരു കുഞ്ഞുസ്താദായി; ഉപ്പ അറിഞ്ഞതോടെ ഞാൻ അധ്യാപനം നിർത്തുകയും ചെയ്തു. പിന്നീട് ഞാൻ ഏഴിലും പോകാൻ നിന്നില്ല - ഉസ്താദ് പഠിക്കാറില്ലല്ലോ !

മദ്രസ്സയിൽ എനിക്ക് അക്ഷരങ്ങൾ പഠിപ്പിക്കുന്നതോടൊപ്പം നന്മയുടെ പവിഴ തുരുത്തുകളും കാണിച്ചു തന്ന ആ ആറധ്യാപകരിൽ അഞ്ചു പേരും ഇന്ന് ഭൂമിലോകത്തില്ല. അല്ലാഹുവിന്റെ വിളിക്കുത്തരം നൽകി അവന്റെ സവിധത്തിലേക്കവർ എപ്പഴേ പൊയ്പ്പോയിക്കഴിഞ്ഞു. അവരുടെ ഖബറിടം വിശാലമാക്കട്ടെ, സ്വർഗ്ഗപൂന്തോപ്പിനാൽ അവർക്കവിടെ  സന്തോഷതമമായ നിത്യജീവിതം നൽകുമാറാകട്ടെ, ആമീൻ.

പക്ഷെ, ബൂഡുസ്താദ് മാത്രം എവിടെയാണെന്നെനിക്കറിയില്ല. നിറഞ്ഞു ചിരിക്കുന്ന മുഖം മാത്രം മനസ്സിൽ എന്നും യൗവ്വനത്തോടെ വിരിഞ്ഞു നിൽക്കുന്നു. ഈ കേരളക്കരയിൽ എവിടെയെങ്കിലും ഒരു പള്ളിയിൽ ഒരൊഴിഞ്ഞ മൂലയിൽ  തസ്ബീഹ് മാലയുമായി ആ ഗുരുശ്രേഷ്ഠൻ പ്രാർഥനാ നിരതനാണെന്ന് കേൾക്കാനും പറയാനുമാണെനിക്കിഷ്ടം. അങ്ങിനെയെങ്കിലും എനിക്കെന്റെ മരണം വരെ ഇങ്ങിനെ വിശ്വസിച്ചാശ്വസിക്കാമല്ലോ - എന്റെ  സ്നേഹനിധികളായ ഉസ്താദുമാരിൽ ഒരാളെങ്കിലും ഈ തുരുത്തിലെവിടെയോ  ജീവിച്ചിരിപ്പുണ്ടെന്ന് !

Sunday 10 November 2019

വിശ്വപ്രശസ്തർ പ്രവാചകനെ കാണുന്നത്

വിശ്വപ്രശസ്ത എഴുത്തുകാരും ചിന്തകരും പ്രഭാഷകരും സാക്ഷ്യപ്പെടുത്തുന്നു; നന്മയുടേയും സമത്വത്തിന്റേയും സന്ദേശ വാഹകനായ പ്രവാചകനെ കുറിച്ച്

കടപ്പാട്: "ദയാനിധിയായ ദൈവ ദൂതന്‍" (ടി കെ ഇബ്രാഹിം )

(Note :  KVartha & Daily Hunt ന് വേണ്ടി തെരഞ്ഞെടുത്തത് )

http://www.kvartha.com/2019/11/world-famous-writers-opinion-about.html?m=1

(www.kvartha.com 09.11.2019)

അല്‍ഫോന്‍സ് ഡീലര്‍മാര്‍ ടൈം

ഉദ്ദേശ്യ മാഹാത്മ്യവും ആയുധ സാമഗ്രികളുടെ കമ്മിയും അതിമഹത്തായ ഫലവുമാണ് മനുഷ്യ പ്രതിഭയുടെ 3 മാനദണ്ഡമെങ്കില്‍ ആധുനിക ചരിത്രത്തിലെ ഒരു മഹാ പുരുഷനെ മുഹമ്മദുമായി താരതമ്യം ചെയ്യുവാന്‍ ആര്‍ക്കാണ് ധൈര്യം വരിക ? അതിപ്രശസ്തരായ വ്യക്തികള്‍ ആയുധങ്ങളും നിയമങ്ങളും സാമ്രാജ്യങ്ങളും മാത്രമാണ് ഉണ്ടാക്കിയത്. അവര്‍ വല്ലതിനും അടിത്തറപാകിയിട്ടുണ്ടെങ്കില്‍ അത് ഭൗതിക ശക്തികള്‍ക്ക് മാത്രമായിരുന്നു. അവയാകട്ടെ പലപ്പോഴും അവരുടെ കണ്‍മുമ്പില്‍ വച്ച് തന്നെ തകര്‍ന്നു പോവുകയും ചെയ്തു ഈ മനുഷ്യന്‍ സൈന്യങ്ങളെ യോ രാജവംശങ്ങള്


ഡോക്ടര്‍ കെ എസ് രാമകൃഷ്ണറാവു

മറ്റൊരു പ്രവാചകനെയും മത നേതാവിനെയും അപേക്ഷിച്ച് വിജയം വരിച്ച പ്രവാചകനാണ് മുഹമ്മദ് എന്ന് എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു. ഈ വിജയം യാദൃശ്ചികം ആയിരുന്നില്ല. മുഹമ്മദിന്റെ വ്യക്തിത്വം അത് പൂര്‍ണമായി കണ്ടെത്തുക പ്രയാസം. അതിന്റെ ചെറിയൊരംശം മാത്രമേ എനിക്ക് കണ്ടെത്താനായുള്ളൂ


സ്വാമി വിവേകാനന്ദന്‍

വരുന്നു സമത്വത്തിന് സന്ദേശ വാഹകനായ മുഹമ്മദ്. നിങ്ങള്‍ ചോദിക്കുന്നു അദ്ദേഹത്തിന്റെ മതത്തില്‍ എന്ത് നന്മയാണ് ഉണ്ടാവുക? നന്മ ഇല്ലെങ്കില്‍ പിന്നെ അതെങ്ങനെ ജീവിക്കുന്നു ? നല്ലതേ പുലരൂ. അതു മാത്രമേ നിലനില്‍ക്കൂ.കാരണം നല്ലതിനെ കരുത്തുളളൂ.അതിനാല്‍ അത് നിലനില്‍ക്കും. ഈ ജീവിതത്തില്‍ തന്നെ അസാന്മാര്‍ഗിക ജീവിതം എത്ര നാളേക്കുണ്ട്? പവിത്ര ചരിതത്തിന്റെ ജീവിതം കൂടുതല്‍ നിലനില്‍ക്കുന്നില്ലെ ? എന്തെന്നാല്‍ പവിത്രത ബലമാണ്. നന്മ ഉറപ്പാണ്. മുഹമ്മദീയ മതത്തില്‍ നല്ലതൊന്നും ഇല്ലായിരുന്നെങ്കില്‍ അതിനെങ്ങനെ ജീവിച്ചു പോകാന്‍ കഴിയും? നന്മ ധാരാളമുണ്ട്. സമത്വത്തിന്റെ മാനവസാഹോദര്യത്തിന്റെ,സര്‍വ്വ മുസ്ലിം സാഹോദര്യത്തിന്റെ പ്രവാചകനായിരുന്നു മുഹമ്മദ്.




ജോര്‍ജ് വില്‍സ്

അറബികള്‍ ലോകത്തിന് പുതിയൊരു സംസ്‌കാര വിശേഷം പ്രദാനം ചെയ്തു. ഇന്നും ലോകത്ത് അതിശക്തമായ ചൈതന്യത്തോടെ നിലനില്‍ക്കുന്ന ഒരു വിശ്വാസ സംഹിതയും അവര്‍ സ്ഥാപിച്ചു. ആ അറേബ്യന്‍ കൈത്തിരി കൊളുത്തിയ മനുഷ്യന്‍ മുഹമ്മദ് അല്ലാതെ മറ്റാരുമായിരുന്നില്ല


നിത്യചൈതന്യയതി

മുഹമ്മദ് മുസ്തഫ റസൂല്‍ കരീം (സ) മലയാളികളുടെ മനസ്സില്‍ അനുസ്മരിക്കപ്പെടുന്നത് മുഹമ്മദ് നബി ആയിട്ടാണ്. ഞാന്‍ എന്റെ ഹൃദയത്തിന്റെ രഹസ്സില്‍ ഇരുന്നുകൊണ്ട് പ്രവാചകനോട് സംവദിക്കുമ്പോള്‍ സംബോധന ചെയ്യാറുള്ളത് സ്‌നേഹ ധനനായ മുത്തുനബി എന്നാണ്. മുത്തു നബിയില്‍ നിന്നും എനിക്ക് ലഭിച്ചിട്ടുള്ള 2 സ്വാധീനങ്ങള്‍ ഉണ്ട്. ഒന്ന് ഞാന്‍ വിശ്വസിക്കാത്തത് വിശ്വസിക്കുന്നു എന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കാതിരിക്കുക. അതുകൊണ്ട് ലോകത്തില്‍ പകുതി ആളുകളെയെങ്കിലും എന്നെ കയ്യൊഴിയും എന്ന് എനിക്കറിയാം. അത് ലോക വാഴ്വിവില്‍ കഷ്ടത ഉണ്ടാക്കുന്ന ഒരു അനുഭവമാണ്. അതിനെ ഞാന്‍ നേരിടുന്നത് എന്റെ കഷ്ടനഷ്ടങ്ങളില്‍ നിര്‍ഭയനായ മുത്തുനബി കൂടി എനിക്ക് എപ്പോഴും കൂടെ ഉണ്ട് എന്നുള്ള വിശ്വാസത്തെ ഉള്ളിന്റെയുള്ളില്‍ ഒരു ഭദ്രദീപം പോലെ സൂക്ഷിച്ചു വെക്കുകയാണ്.

രണ്ട്, ഒരാള്‍ക്ക് അന്യായമായി ലഭിക്കേണ്ടുന്നതായ വിഭവത്തെ നീതി ഇല്ലാതെ പരിഗ്രഹിക്കാതിരിക്കുകയും അവര്‍ക്കത് എത്തിച്ചു കൊടുക്കുവാന്‍ എനിക്ക് നിവൃത്തിയുണ്ടെങ്കില്‍ വിമുഖത കാണിക്കാതിരിക്കുകയും ചെയ്യുക എന്നത് നിലനിര്‍ത്താന്‍ മുത്തുനബി നല്‍കുന്ന ധര്‍മ്മബോധമാണ്.


റോം ലാന്‍ഡോ

ജീവിതത്തില്‍ ഒരിക്കല്‍പോലും മുഹമ്മദ് ദിവ്യത്വമോ അത്ഭുത സിദ്ധികളോ അവകാശപ്പെട്ടില്ല. മറിച്ച് ജനങ്ങള്‍ക്ക് ദൈവിക സന്ദേശം എത്തിച്ചു കൊടുക്കുവാന്‍ ദൈവം നിയോഗിച്ചയച്ച ദൂതന്‍ മാത്രമാണ് ഞാന്‍ എന്ന് വ്യക്തമാക്കുവാനാണ് അദ്ദേഹം അത്യുത്സാഹം കാണിച്ചത്. ഇത്രയും സുദീര്‍ഘമായ ഒരു കാലഘട്ടം നിലനിന്ന ഒരു മത പ്രസ്ഥാനത്തെയും ചരിത്രത്തില്‍നിന്ന് പരിചയമില്ല. ഇസ്ലാം 13 നൂറ്റാണ്ടുകളെ അതിജീവിച്ചു എന്ന് മാത്രമല്ല പ്രതിവര്‍ഷം പുതിയ അനുയായികളെ നേടികൊണ്ടിരിക്കുകയും ചെയ്യുന്നു.


കോബോള്‍ എവിലിന്‍ മാറു

ദൈവ നിയുക്തനായ പ്രവാചകനും മഹാനായ നേതാവുമായിരുന്നു അദ്ദേഹം. ഒരു മതവും ഇന്നോളം അത്തരം ഒരു പ്രതിഭയ്ക്ക് ജന്മം നല്‍കിയിട്ടില്ല. മഹത്വവും നേതൃത്വ ശേഷിയും ഹൃദയങ്ങളെ ആവേശോജ്വലമാക്കുകയും വികാരങ്ങളെ ഇളക്കി വിടുകയും ചെയ്യുന്നു. ഈ മഹത്വവും നേതൃത്വ ശേഷിയും ഉള്ളതോടൊപ്പം പ്രവാചക പദവി കൂടി ലഭിച്ചാലോ ? അത്തരമൊരാള്‍ ജീവിതത്തിന്റെ സര്‍വസ്വവും മനുഷ്യവംശത്തിന് നന്മക്കുവേണ്ടി ബലിയര്‍പ്പിക്കാന്‍ കൂടി സന്നദ്ധമായാലോ ?

അറേബ്യന്‍ ഉപദ്വീപിന്റെ മുഴുവന്‍ നേതാവായിരുന്നിട്ടു കൂടി അദ്ദേഹം സ്ഥാനപദവികള്‍ ആഗ്രഹിച്ചില്ല. അത് ലക്ഷ്യം വെച്ചുകൊണ്ട് പണിയെടുക്കുകയും ചെയ്തില്ല. ദൈവത്തിന്റെ ദൂതന്‍ എന്ന പദവിയില്‍ തന്നെ അദ്ദേഹം പൂര്‍ണ്ണസംതൃപ്തനായിരുന്നു. അദ്ദേഹം മുസ്ലീങ്ങളെ സേവിച്ചു. വീട് സ്വയം വൃത്തിയാക്കി.. ചെരുപ്പ് സ്വകരംകൊണ്ട് നന്നാക്കി. അത്യുന്നതനും പരോപകാരിയും ആയിരുന്നു അദ്ദേഹം. അദ്ദേഹത്തെ സമീപിച്ച ഒരു അഗതിയോ ദരിദ്രനോ വെറുംകയ്യോടെ മടങ്ങി പോകേണ്ടി വന്നിട്ടില്ല. പലപ്പോഴും സ്വന്തം ആവശ്യത്തിന് ഘട്ടങ്ങളില്‍ പോലും.


ലൂയിസ് സിദിലീയോ

ഏഷ്യന്‍ വന്‍കരയുടെ ഒരു കോണില്‍ ആരാലും അറിയപ്പെടാതെ കിടന്നിരുന്ന ഒരു ജനസമൂഹം അത്യുന്നതങ്ങളിലേക്ക് ഉയരുകയും ഏഴ് നൂറ്റാണ്ടോളം ലോക ചക്രവാളങ്ങളില്‍ സ്വന്തം നാമം എഴുതി ചേര്‍ക്കുകയും ചെയ്ത ആ സമുദായത്തിന്റെ ചരിത്രത്തിലേക്ക് ശ്രദ്ധ തിരിക്കുവാന്‍ സമയമായിരിക്കുന്നു. ഈ അത്ഭുത സ്രോതസ്സ് ഒരേയൊരു മനുഷ്യന്‍ ആയിരുന്നു - മുഹമ്മദ്.


ജാക്ക് റിസ്ലേ

ലാളിത്യത്തിലും സ്പുടതയിലും ഉന്നത സ്ഥാനീയമായ ഒരു മതം നല്‍കി ദൈവം മുഹമ്മദിനെ അനുഗ്രഹിച്ചതോടെ ഏറ്റവും ചുരുങ്ങിയ കാലയളവിനുള്ളില്‍ അറേബ്യന്‍ ജനതയെ കീഴ്‌പ്പെടുത്തുവാനും സന്ദേഹത്തില്‍ കഴിഞ്ഞിരുന്ന ഇതര മത വിശ്വാസങ്ങളെ ഏകദൈവസിദ്ധാന്തല്‍ എതിര്‍ത്തു തോല്‍പ്പിക്കാന്‍ മുഹമ്മദ് തോല്‍പ്പിക്കുവാനും മുഹമ്മദിന് കഴിഞ്ഞു. ഈ കൃത്യം അദ്ദേഹം നിര്‍വഹിച്ചത് മനുഷ്യായുസ്സിലെ ഹ്രസ്വമായ ഒരു കാലയളവിലാണെന്ന് നാം മനസ്സിലാക്കുമ്പോള്‍ മതങ്ങളുടെയും ജന സമൂഹങ്ങളുടെയും ചരിത്രം ആദരിച്ചംഗീകരിച്ച മഹാപുരുഷന്മാരുടെ ഗണത്തില്‍ മുഹമ്മദും ഉള്‍പ്പെടുന്നുവെന്ന് സമ്മതിക്കുവാന്‍ നാം നിര്‍ബന്ധിതരാണ്.


എമില്‍ ദര്‍മെന്‍ഗം

മുഹമ്മദിന് മാരിയത്തുല്‍ ഖിബ്ത്തിയ എന്ന സ്ത്രീയില്‍ ഇബ്രാഹിം ജനിച്ചു. അവന്‍ ശൈശവത്തില്‍ തന്നെ മരിച്ചു പോയി. അദ്ദേഹം അതില്‍ അത്യധികം ദുഃഖിക്കുകയും സ്വകരങ്ങളാല്‍ ആ കുഞ്ഞിനെ മറമാടുകയും ചെയ്തു. ഇബ്രാഹിം മരിച്ച ദിവസം ഒരു സൂര്യഗ്രഹണം ഉണ്ടായി. അപ്പോള്‍ പ്രവാചക പുത്രന്റെ മരണം ഹേതുവായാണ് സൂര്യഗ്രഹണം ഉണ്ടായത് എന്ന് മുസ്ലീങ്ങള്‍ പറഞ്ഞു നടന്നു. അവരെ തിരുത്തുവാന്‍ മാത്രം ഉന്നതമായിരുന്നു ആ പ്രവാചക ഹൃദയം. അദ്ദേഹം പറഞ്ഞു - സൂര്യചന്ദ്രാദികള്‍ ദൈവത്തിന്റെ അനേകം ദൃഷ്ടാന്തങ്ങളില്‍ ചിലത് മാത്രമാണ്. വല്ലവരുടെയും മരണം ഹേതുവായി അവയ്ക്കു ഗ്രഹണം ബാധിക്കുകയുമില്ല. ഈ മട്ടിലുള്ള ഒരു പ്രസ്താവം നുണയനും വഞ്ചകനുമായ ഒരാളില്‍ നിന്നും ഉണ്ടാവുക ഒരിക്കലും സാധ്യമല്ല.


ജോര്‍ജ് സാര്‍ട്ട

ക്രിസ്തുവര്‍ഷം 610 -ടെ മുഹമ്മദ് പ്രബോധന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അദ്ദേഹത്തിന് 40 ആയിരുന്നു പ്രായം. തനിക്കു മുമ്പേ കടന്നു പോയ പ്രവാചകന്മാരെപ്പോലെ ഒരു പ്രവാചകനായിരുന്നു അദ്ദേഹവും. എന്നാല്‍ പല കാര്യങ്ങളിലും അവരെക്കാളെല്ലാം ശ്രേഷ്ഠനായിരുന്നു. വൈരാഗിയും പണ്ഡിതനും നിയമ നിര്‍മ്മാതാവും പ്രായോഗിക ചിന്തയുള്ളയാളുമായിരുന്നു


എത്തീന്‍ ദീനിയ

ദൗത്യ നിര്‍വ്വഹണത്തിന്റെ സ്വീകാര്യതക്ക് അമാനുഷവൃത്തികളെ ആശ്രയിക്കാത്ത ഒരേയൊരു പ്രവാചകനാണ് മുഹമ്മദ്. ദൈവത്തില്‍നിന്നും അവതീര്‍ണ്ണമായ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുക മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.


ഹെന്‍ടി ഗാസ്ട്രിക്

മുഹമ്മദ് നബിയുടെ ജീവിതത്തിന്റെ ഒന്നാംഘട്ടത്തില്‍ അദ്ദേഹം പ്രകടിപ്പിച്ച വിശ്വാസദാര്‍ഢ്യവും ആത്മാര്‍ത്ഥതയും നമുക്ക് നിഷേധിക്കാന്‍ ആവുകയില്ല. അദ്ദേഹത്തിന്റെ വിശ്വാസത്തിന് കടുകുമണിയോളവും വ്യതിയാനം സംഭവിച്ചില്ല. രണ്ടാംഘട്ടത്തില്‍ ( മദീന ജീവിതം ) അദ്ദേഹത്തിന് ലഭിച്ച ദൈവസഹായം ആ വിശ്വാസത്തെ പൂര്‍വാധികം ബലപ്പെടുത്തുകയാണ് ഉണ്ടായത്. അത് ദൃഢതയുടെ പരമകാഷ്ട പ്രാപിച്ചു. മദീനയില്‍ അദ്ദേഹം ജീവിതാസ്വാദനത്തിലേക്കോ പകിട്ടിലേക്കൊ ആകര്‍ഷിക്കപ്പെട്ടില്ല. പിശുക്കനുമായില്ല. തനിക്ക് ലഭിച്ച മിതമായ വിഭവങ്ങളില്‍ അദ്ദേഹം സംതൃപ്തനായിരുന്നു. അദ്ദേഹം ജീവിതത്തില്‍ അപൂര്‍വമായേ വയറുനിറച്ച് ആഹാരം കഴിച്ചുള്ളൂ. അറേബ്യ നാട്ടില്‍ ഉന്നതപദവികള്‍ കരഗതമാക്കാനുള്ള എല്ലാ സൗകര്യവും അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷേ അദ്ദേഹം സേച്ഛാധിപത്യത്തിലേക്ക് വഴുതി പോയില്ല. അദ്ദേഹത്തിന് സൈനിക അകമ്പടി ഉണ്ടായിരുന്നില്ല. സമ്പത്ത് അദ്ദേഹത്തിന് നിസ്സാരമായിരുന്നു.


ആര്‍നോള്‍ഡ് ടോയന്‍ബി

അറേബ്യന്‍ സമൂഹത്തില്‍ രണ്ട് മഹത്തായ കാര്യങ്ങള്‍, വിശ്വാസപരമായ ഏകത്വം നിയമവാഴ്ചയും, യാഥാര്‍ത്ഥ്യ വല്‍ക്കരിക്കാനാണ് മുഹമ്മദ് തന്റെ ജീവിതം മുഴുവന്‍ ഉഴിഞ്ഞു വച്ചത്. പരമാധികാരമുള്ള ഒരു ഭരണകൂടവും വിശ്വാസ ഐക്യവും ഉള്‍പ്പെടുന്ന ഇസ്ലാമിക വ്യവസ്ഥയുടെ സംസ്ഥാപനത്തിലൂടെയാണ് അദ്ദേഹമത് സാധിച്ചെടുത്തത്. അതുവഴി ഇസ്ലാമില്‍ അപ്രതിരോധ്യമായ ശക്തി കൈവന്നു. അറബികളുടെ ജീവിത ആവശ്യങ്ങള്‍ നിര്‍വഹിച്ചു കൊടുക്കുന്നതിലോ അജ്ഞതയുടെ ആഴത്തില്‍ നിന്ന് മോചിപ്പിച്ച് അവരെ ഒരു ഉത്തമ നാഗരിക സമൂഹമാക്കുന്നതിലോ മാത്രം അതൊതുങ്ങിനിന്നില്ല. മറിച്ച് അറേബ്യന്‍ ഉപദ്വീപിന്റെ അതിരുകള്‍ ഭേദിച്ച് അറ്റ്‌ലാന്റിക് തീരം മുതല്‍ പിരണീസ് വരെ അത് തള്ളിക്കയറി.'


ഫിലിപ്പ് ഹിറ്റി

മുഹമ്മദ് അര്‍പ്പിച്ച സേവനങ്ങളുടെ കണ്ണാടിയിലൂടെ നാം അദ്ദേഹത്തെ ദര്‍ശിച്ചാല്‍ അദ്ദേഹത്തെ ഒരു അദ്ധ്യാപകനായും പ്രഭാഷകനായും രാഷ്ട്ര നേതാവായും സമര വീരനായും നമുക്ക് കാണാന്‍ കഴിയും. ചരിത്രത്തിന്റെ യുഗസന്ധികളില്‍ നാം കണ്ടെത്തുന്ന മനുഷ്യരില്‍ അതിശക്തിമാന്‍ . അദ്ദേഹം ഒരു മതം പ്രചരിപ്പിച്ചു. അതാണ് ഇസ്ലാം. അദ്ദേഹം ഒരു ഭരണം സ്ഥാപിച്ചു. അതാണ് ഖിലാഫത്. ഒരു നാഗരികതയ്ക്ക് അസ്ഥിവാരമിട്ടു. അത്രയേ അറബ് - ഇസ്ലാമിക നാഗരികത. കോടിക്കണക്കിന് മനുഷ്യരുടെ ജീവിതത്തില്‍ അദ്ദേഹം ഇന്നും ചലനാത്മകവും സജീവവുമായ സ്വാധീനം ചെലുത്തുന്നു.


ലൈറ്റ്‌നര്‍ വെല്‍ എം

യേശുക്രിസ്തു സന്തോഷവാര്‍ത്ത അറിയിച്ച വിധം വിധം ക്രൈസ്തവതയെ അതിന്റെ സംശുദ്ധമായ മൂല പ്രമാണങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ മുഹമ്മദ് ആഗ്രഹിച്ചു. ആ ശുദ്ധ ക്രൈസ്ത, പൗലോസ് പ്രചരിപ്പിച്ച അധ്യാപനങ്ങള്‍കും ക്രൈസ്തവരിലെ വിവിധ വിഭാഗങ്ങള്‍ അതില്‍ കടത്തിക്കൂട്ടിയ തെറ്റായ വിശ്വാസം ആചാരങ്ങള്‍ക്കും കടകവിരുദ്ധമത്രേ. ഇബ്രാഹിമീ മതത്തിന്റെ അനുഗ്രഹങ്ങള്‍ ലഭിക്കുന്നത് തന്റെ സമുദായത്തിന് മാത്രമായി പോകരുതെന്ന് മുഹമ്മദ് ആഗ്രഹവും അഭിലാഷവും ആയിരുന്നു. മറിച്ച് എല്ലാ ജനവിഭാഗങ്ങള്‍ക്കും അത് ലഭിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ വിശാലമായ മതം പരസഹസ്രം മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനവും സാംസ്‌കാരിക പ്രചോദനവുമായി ഭവിച്ചു. ഈ മതം ഇല്ലായിരുന്നെങ്കില്‍ അവര്‍ അന്ധവിശ്വാസങ്ങളുടെയും പ്രാകൃതത്തത്തിന്റെയും അഗാധതകളില്‍ ആണ്ടു കിടന്നേനെ. ഇസ്ലാം പ്രയോഗവല്‍ക്കരിച്ച സാര്‍വ്വലൗകിക സാഹോദര്യം അവര്‍ക്ക് നിഷേധിക്കപ്പെടുകയും ചെയ്‌തേനെ.


സര്‍ ആര്‍നോള്‍ഡ് തോമസ്

സ്വതന്ത്രനായ ഏതൊരു നായകനെയും പോലെ മുഹമ്മദും ഒരു രാഷ്ട്രം ഭരിച്ച നേതാവായിരുന്നു. പക്ഷേ ഒരു വ്യത്യാസമുണ്ട്. അദ്ദേഹവും മുസ്ലിം പൗരന്മാരും തമ്മില്‍ നിലനിന്നിരുന്ന ബന്ധം രക്ത ബന്ധത്തിനു സമാനമായതായിരുന്നു. അതേസമയം തന്നെ തികച്ചും വ്യതിരിക്തമായ സവിശേഷതകളുള്ള ഒരു രാഷ്ട്രീയ വ്യവസ്ഥ അദ്ദേഹം സ്ഥാപിച്ചു നടപ്പാക്കി. ചില ഗവേഷകര്‍ തെറ്റായി മനസ്സിലാക്കിയത് പോലെ ഇസ്ലാം സ്വീകരിക്കാത്തതിനുള്ള ശിക്ഷ എന്ന നിലയിലല്ല ക്രൈസ്തവരുടെ മേല്‍ അദ്ദേഹം ജിസ്യ ചുമത്തിയത്. മറിച്ച് സൈനികസേവനം നിര്‍വ്വഹിക്കുന്നതിന് സ്വമതം തടസ്സമായിരുന്ന അമുസ്ലിം സമുദായങ്ങളോടൊപ്പം ക്രൈസ്തവരുടെ മേലും ജിസ്യ ചുമത്തിയത് മുസ്ലീങ്ങളുടെ ഖഡ്ഗങ്ങള്‍ അവര്‍ക്ക് നല്‍കിയിരുന്ന സംരക്ഷണത്തിന് പകരമായിട്ടായിരുന്നു.


ഗുസ്റ്റാവ് ലബോ

നാനാവിധത്തിലുള്ള മര്‍ദന പീഡനങ്ങളെ സഹനത്തോടെയും ഹൃദയവിശാലതയോടെയും മുഹമ്മദ് ഏറ്റുവാങ്ങി. 20 വര്‍ഷത്തിലേറെ കാലം തന്നോട് ശത്രുത പുലര്‍ത്തിപ്പോന്ന ഖുറൈശികളോട് അദ്ദേഹം ദയാനുകമ്പകളോടെ പെരുമാറി. സ്വന്തം അനുയായികള്‍ അവര്‍ക്കെതിരെ ഉയര്‍ത്തിയ കലാപഭീഷണിയില്‍ നിന്ന് അദ്ദേഹം അവരെ പ്രയാസപ്പെട്ട് രക്ഷപ്പെടുത്തി. കഅബയില്‍ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന 360 പ്രതിമകളെ നീക്കം ചെയ്തുകൊണ്ട് അതിനെ ഇസ്ലാമിക ആരാധനാലയമായി പവിത്രീകരിക്കുക എന്നതില്‍ മാത്രം അവരോടുള്ള പ്രതിക്രിയ ഒതുങ്ങി. ഈ ആരാധനാലയം ഇസ്ലാമിന്റെ ഭവനമായി ഇന്നും തുടരുന്നു'ഒരു മനുഷ്യന്റെ മഹത്വത്തിന്റെ മാനദണ്ഡം അയാള്‍ നിര്‍വഹിച്ച കര്‍മ്മങ്ങളാണെങ്കില്‍ മുഹമ്മദ് ചരിത്രം അറിഞ്ഞതില്‍ വെച്ച് ഏറ്റവും മഹാനായ വ്യക്തിയത്രെ.


വാഷിംഗ്ടണ്‍ ഇര്‍വിന്‍ഗ്

മക്കാവിജയം നടന്ന കാലത്ത് പ്രവാചകന്‍ കാഴ്ചവച്ച അത്യുന്നതമായ പെരുമാറ്റം അദ്ദേഹം ദൈവം നിയോഗിച്ച ഒരു പ്രവാചകനായിരുന്നുവെന്നും വിജയശ്രീലാളിതനായ ഒരു സേനാനായകനായിരുന്നില്ലെന്നും തെളിയിക്കുന്നതാണ്. തനിക്ക് ശക്തമായ അധികാരവും ആധിപത്യവും കൈ വന്നതിനാല്‍ സ്വന്തം പൗരന്മാരോട് ആര്‍ദ്രതയും കാരുണ്യവും കാണിക്കുക എന്ന നയത്തിന്റെ ഭാഗമായിരുന്നില്ല അത്. മറിച്ച് തന്റെ നേതൃത്വത്തിനും വിജയത്തിനും കാരുണ്യത്തിന്റെയും വിട്ടുവീഴ്ചയുടെയും മകുടം ചാര്‍ത്തുന്ന എന്നതായിരുന്നു.


ജോര്‍ജ് ബര്‍ണാഡ് ഷാ

മുഹമ്മദീയ മതത്തിന്റെ വിസ്മയകരമായ ഓജസ് കാരണമായി ഞാന്‍ എല്ലായ്‌പ്പോഴും അതിനെ ആദരിച്ചു പോന്നിട്ടുണ്ട്. ലോകത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന വളര്‍ച്ചാ ദിശകളെ ഏത് കാലഘട്ടത്തിലും അനുയോജ്യമാംവിധം സ്വാംശീകരിക്കാനുള്ള ശേഷി സ്വന്തമായുള്ള മതം ഇസ്ലാം ഒന്നു മാത്രമാണ് എന്നാണ് എന്റെ പക്ഷം. ഞാന്‍ അദ്ദേഹത്തെ പഠിച്ചിട്ടുണ്ട്. അത്ഭുതങ്ങള്‍ നിറഞ്ഞ ഒരു മനുഷ്യന്‍.. എന്റെ അഭിപ്രായത്തില്‍ അന്തിക്രിസ്തു എന്നല്ല യേശുക്രിസ്തു - മനുഷ്യവംശത്തിന്റെ രക്ഷകന്‍ - എന്നാണ് അദ്ദേഹത്തെ വിളിക്കേണ്ടത്. അദ്ദേഹത്തെപ്പോലെ ഒരു മനുഷ്യന്‍ ആധുനികയുഗത്തിന്റെ അധികാരം കയ്യടക്കുകയാണെങ്കില്‍ ലോകത്തുനിന്നും അത്യന്തം ആവശ്യമായ ശാന്തിയും സമാധാനവും കൈവരുത്താന്‍ ഉതകുംവിധം അതിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ വിജയിക്കുമായിരുന്നുവെന്നും ഞാന്‍ വിശ്വസിക്കുന്നു. മുഹമ്മദിന്റെ വിശ്വാസപ്രമാണം ഇന്നത്തെ യൂറോപ്പിനെ സ്വീകാര്യമായി തുടങ്ങും വിധം നാളത്തെ യൂറോപ്പിനും സ്വീകാര്യമായിരിക്കുമെന്ന് ഞാന്‍ പ്രവചിക്കുകയാണ്.


മഹാത്മാഗാന്ധി

അക്കാലത്ത് ജീവിതത്തിന്റെ സരണിയില്‍ ഇസ്ലാമിന് സ്ഥാനം നേടിക്കൊടുത്തത് വാള്‍ ആയിരുന്നില്ലെന്ന് മുന്‍പത്തേക്കാളേറെ എനിക്ക് ബോധ്യമായിരിക്കുന്നു. പ്രവാചകന്റെ കര്‍ക്കശമായ ലാളിത്യവും ഉദാത്തമായ ആത്മബലവും പ്രതിജ്ഞകളോടുള്ള ദൃഢമായ പ്രതിബദ്ധതയും സ്‌നേഹിതന്മാരോടും അനുയായികളോടുമുള്ള അതിരറ്റ് അര്‍പ്പണവും നിര്‍ഭയത്വവും ദൈവത്തിലും തന്റെ ദൗത്യത്തിലുമുള്ള പരമമായ വിശ്വാസവും ആയിരുന്നു. അല്ലാതെ വാളായിരുനില്ല എല്ലാറ്റിനെയും അവരുടെ മുന്‍പില്‍ എത്തിച്ചതും എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിക്കാന്‍ അവരെ സഹായിച്ചതും.


ബോസ് വര്‍ത്ത് സ്മിത്ത്

രാഷ്ട്രത്തിന്റെയും വിശ്വാസ സമൂഹത്തിന്റെയും തലവനായിരുന്ന മുഹമ്മദ് ഒരേസമയം സീസറും പോപ്പും ആയിരുന്നു. എന്നാല്‍ പോപ്പിന്റെ നാട്യങ്ങളില്ലാത്ത പോപ്പും സീസറിന്റെ സൈന്യങ്ങളില്ലാത്ത സീസറും ആയിരുന്നു അദ്ദേഹം. ഒരു സൈന്യമോ അംഗരക്ഷകനോ കൊട്ടാരമോ നിശ്ചിത വരുമാനമോ ഇല്ലാതെ ദൈവാധികാരം കൊണ്ട് ഭരണം നടത്തി എന്ന് ഏതെങ്കിലും മനുഷ്യനെ പറയാനുള്ള അവകാശം ഉണ്ടെങ്കില്‍ അത് മുഹമ്മദിന് മാത്രമാണ്. അധികാരത്തിന്റെ ഉപകരണങ്ങളോ പിന്തുണയോ ഇല്ലാതെ എല്ലാ അധികാരങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. അധികാരത്തിന്റെ പരിവേഷങ്ങള്‍ അദ്ദേഹം വകവെച്ചില്ല. സ്വകാര്യജീവിതത്തിലെ ലാളിത്യം പൊതു ജീവിതത്തിലും അദ്ദേഹം നിലനിര്‍ത്തി.


മൈക്കല്‍ എച്ച് ഹാര്‍ട്ട്

ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയുടെ തലപ്പത്ത് മുഹമ്മദിനെ പ്രതിഷ്ഠിച്ചത് ചില വായനക്കാരെ വിസ്മയിപ്പിച്ചേക്കാം. മറ്റു ചിലര്‍ അതിനെ ചോദ്യം ചെയ്‌തേക്കാം. എന്നാല്‍ ചരിത്രത്തില്‍ മതപരവും മതേതരവുമായ മേഖലകളില്‍ ഒരുപോലെ ഉന്നത വിജയം കൈവരിച്ച വ്യക്തി അദ്ദേഹം മാത്രമാണ്.മുഹമ്മദിന് മാത്രമായി ഇസ്ലാമിലുള്ള സ്വാധീനം ക്രിസ്തുവിനും സെന്റ് പോളിനും സംയുക്തമായി ക്രൈസ്തവര്‍ക്കു മേലുള്ള സ്വാധീനത്തെകാള്‍ താരതമ്യേന കൂടുതല്‍ ആയിരുന്നു എന്ന് വേണം പറയാന്‍. മതപരവും മതേതരവുമായ കാര്യങ്ങളെ സമാനതയില്ലാത്ത വിധം സംയോജിപ്പിച്ചതാണ് മുഹമ്മദിനെ മനുഷ്യചരിത്രത്തിലെ ഏറ്റവും ശക്തനായ ഏക വ്യക്തിത്വമാക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. എളിയ പ്രാരംഭത്തോടെ മുഹമ്മദ് ലോകത്തിലെ മഹത്തായ മതങ്ങളില്‍ ഒന്ന് നവീകരിക്കുകയും പ്രബോധനം ചെയ്യുകയും അതിപ്രാപ്തനായ രാഷ്ട്രീയ നേതാവായി തീരുകയും ചെയ്തു . മരണത്തിന് നൂറ്റാണ്ടുകള്‍ക്ക് ശേഷവും അദ്ദേഹത്തിന്റെ സ്വാധീനം ശക്തവും സര്‍വ്വവ്യാപകവുമായി തുടരുകയാണ്.


വില്യം മഗ്മറി വാട്ട്

മുഹമ്മദിന്റെ ജീവിതത്തെക്കുറിച്ച് ഈ പഠനം ആദം സന്തതികളില്‍ ചച്ച് ഏറ്റവും മഹാനായ ഒരു വ്യക്തിയെ സംബന്ധിച്ച് ഒരു പുതിയ അന്വേഷണത്തിന് പ്രേരണയാകും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. സ്വന്തം വിശ്വാസത്തിന്റെ പേരില്‍ ഏല്‍ക്കേണ്ടിവന്ന പീഡനങ്ങളെ ക്ഷമാപൂര്‍വം നേരിടുന്നതില്‍ ഈ മനുഷ്യന്‍ പ്രദര്‍ശിപ്പിച്ച മനോധൈര്യവും തന്നില്‍ വിശ്വസിക്കുകയും തന്നെ പിന്തുടരുകയും ചെയ്തവരോട് കാണിച്ച് അത്യുന്നതമായ സ്വഭാവമഹിമയുമാണ് അദ്ദേഹത്തെ നേതാവും നായകനുമായി വരിക്കാന്‍ അനുചരന്മാരെ പ്രേരിപ്പിച്ചത്. അതിനു പുറമേ അദ്ദേഹത്തിന്റെ നിത്യജീവിതത്തിലെ കര്‍മ്മരീതികളും അവരെ ആകര്‍ഷിച്ചു. ഇതെല്ലാം അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ അലിഞ്ഞുചേര്‍ന്ന നീതിബോധത്തെയും സമഭാവനയെയുമാണ് സൂചിപ്പിക്കുന്നത്.


വില്‍ ഡ്യൂറാന്‍ഡ്

ജനസ്വാധീനമാണ് ഒരാളുടെ മഹത്വത്തിന്റെ മാനദണ്ഡമെങ്കില്‍ ചരിത്രത്തിലെ ഏറ്റവും വലിയ മഹാനായിരുന്നു മുഹമ്മദ് എന്ന് ഞാന്‍ പറയും. ധാര്‍മികവും ആത്മീയവുമായ അങ്ങേയറ്റം അധപതിച്ച ഒരു ജനതയെ ഉയര്‍ത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യം ജീവിത ദൗത്യമായി അംഗീകരിച്ച ആളായിരുന്നു മുഹമ്മദ്. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ചരിത്രത്തിലെ മറ്റേതൊരു പരിഷ്‌കര്‍ത്താവും വിജയിച്ചതില്‍ ഏറെ അദ്ദേഹം വിജയിച്ചു. സങ്കല്പത്തിലുള്ളതൊക്കെയും യാഥാര്‍ത്ഥ്യമാക്കി മാറ്റിയ മറ്റൊരാളെ ചരിത്രത്തില്‍ നമുക്ക് കാണുക സാധ്യമല്ല.


ജോഹാന്‍ വോള്‍ഫ് ഗാന്‍ ഗെഥെ

നിങ്ങള്‍ ശ്രദ്ധിച്ചോ ? ബോധനം ഒരിക്കലും പരാജയപ്പെടില്ല. നമുക്കുള്ള സര്‍വ്വ മൂല്യ സംഹിതകളെയും കണക്കിലെടുത്ത് പറയട്ടെ; ഈ ബോധനത്തെക്കാള്‍ മുന്നോട്ടുപോകാന്‍ നമുക്ക് സാധ്യമല്ല. ഖുര്‍ആന്‍ പാരായണം ആരംഭിക്കുമ്പോള്‍ ആദ്യം വെറുപ്പാണുണ്ടാവുക. എന്നാല്‍ വീണ്ടും വായിക്കുമ്പോള്‍ ആകര്‍ഷിക്കാന്‍ തുടങ്ങുകയും നമ്മെ വിസ്മയിപ്പിക്കുകയും ഒടുവില്‍ നമ്മുടെ ആദരവ് പിടിച്ചു പറ്റുകയും ചെയ്യും.


ലിയോ ടോള്‍സ്റ്റോയി

അഭിശപ്തമായ ആചാര സമ്പ്രദായങ്ങളുടെ പൈശാചിക ദംഷ്ട്രങ്ങളില്‍ നിന്ന് മര്‍ദിതരും പീഡിതരുമായ ഒരു സമൂഹത്തിന് വിമോചനം നല്‍കുകയും അവര്‍ക്ക് മുന്‍പില്‍ പുരോഗതിയുടെയും ഉന്നതിയുടേയും പാത വെട്ടി തുറക്കുകയും ചെയ്തു എന്നത് തന്നെ മതി മുഹമ്മദിന് അഭിമാനിക്കാന്‍. മുഹമ്മദ് സമര്‍പ്പിച്ച ധര്‍മ്മ സംഹിതയ്ക്ക് ബുദ്ധിയും യുക്തിയും ഇണങ്ങുന്നതാകയാല്‍ ലോകത്തെ നയിക്കാന്‍ കഴിയുമെന്നതില്‍ സംശയമില്ല.

സ്വന്തം സന്ദേശത്തിന് അവസാനത്തെ വാഹകന്‍ ആകുവാന്‍ ദൈവം തെരഞ്ഞെടുത്ത മുഹമ്മദ് നബിയില്‍ ആകൃഷ്ടരായ അതില്‍ ഒരാളാണ് ഞാന്‍.


തോമസ് കാര്‍ലൈല്‍

മുഹമ്മദിനെ കുറിച്ച് ഇന്ന് നമ്മുടെ സങ്കല്പം സൂത്രശാലിയായ കപടന്‍, അസത്യത്തിന്റെ മൂര്‍ത്തി എന്നൊക്കെയാണ് അദ്ദേഹത്തിന്റെ മതത്തെക്കുറിച്ച് വ്യാജങ്ങളുടെയും ബുദ്ധിമാന്ദ്യത്തിന്റെയും ആകെത്തുക എന്നും നാം കരുതുന്നു. ഈ ധാരണയ്ക്ക് പക്ഷെ, നിലനില്‍പ്പില്ലാതായി തുടങ്ങിയിരിക്കുന്നു.


അല്‍ഫോണ്‍സ് ഡീലര്‍മാര്‍ ടൈന്‍

പ്രഭാഷകന്‍, തത്വജ്ഞാനി, ദൈവദൂതന്‍, നിയമ നിര്‍മ്മാതാവ്, പോരാളി, ആശയങ്ങളുടെ ജേതാവ്, അബദ്ധ സങ്കല്പങ്ങളില്‍ നിന്നും മുക്തമായ ആചാര വിശേഷങ്ങളുടെ യുക്തിഭദ്രമായ വിശ്വാസ പ്രമാണങ്ങളുടെയും സ്ഥാപകന്‍, 20 ഭൗതിക സാമ്രാജ്യങ്ങളുടെയും ഒരു ആത്മീയ സാമ്രാജ്യത്വത്തിന്റെയും സ്ഥാപകന്‍, അതായിരുന്നു മുഹമ്മദ്. മനുഷ്യ മഹത്വത്തിന് എല്ലാ മാനദണ്ഡങ്ങളും പരിഗണിക്കുമ്പോള്‍ നാം വ്യക്തമായും ചോദിച്ചേക്കാം മുഹമ്മദിനേക്കാള്‍ മഹാനായി മറ്റു വലിയ മനുഷ്യരും ഉണ്ടോ ?