Saturday 13 October 2018

റീഡിംഗ് റൂം & ലൈബ്രറി : എനിക്ക് പറയാനുള്ളത് / അസ്ലം മാവില

റീഡിംഗ് റൂം & ലൈബ്രറി :
എനിക്ക് പറയാനുള്ളത്

അസ്ലം മാവില

മിക്കയിടത്തും ലൈബ്രറിയുടെ ബോർഡിൽ റീഡിംഗ് റൂമാണ് പ്രവർത്തിക്കുന്നത്. ഒന്നു രണ്ടുമാസമതാകാം. ഇന്നത്തെ കാലത്ത്,  കൊല്ലങ്ങളോളം ഈ പേരും പറഞ്ഞു  റീഡിംഗ് റൂമുമായി മുന്നോട്ട് പോകുന്നത് ശരിയല്ല.

ഒരു വീട്ടിൽ ഒന്നും രണ്ടും പത്രങ്ങളും ( ഹാർഡ് കോപ്പി), ഓൺലൈൻ പത്രങ്ങൾ സോഫ്റ്റ് കോപ്പി) പത്രവായനക്കായുള്ള റീഡിംഗ് റൂം എന്ന കൺസെപ്റ്റ് തന്നെ മാറി.

ഒരു ലൈബ്രറിക്ക് ഒരുപാട് പത്രങ്ങൾ ആവശ്യമില്ല. നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന പത്രങ്ങൾ തന്നെ ധാരാളം. രാഷ്ട്രിയ -സാമുദായിക പ്രവർത്തകർ അവരുടെ പത്രങ്ങൾ എന്തായാലും പത്രാസിന് വേണ്ടി പൊതു ലൈബ്രറികളിൽ കൊണ്ടിടും.

സ്പോൺസർമാർ വേണ്ടത് മാഗസിനുകൾക്കാണ്, കേരളത്തിൽ ശ്രദ്ധേയമായ ഒരുപാട് മാഗസിനുകളുണ്ട്. ഇംഗ്ലിഷിലുമുണ്ട്. അവയ്ക്ക് സ്പോൺസർസിനെ കണ്ടെത്തുക.

പുസ്തകങ്ങൾ അടുക്കാൻ നല്ല ഷെൽഫുകൾ വേണം,  പഴയ മാഗസിനുകൾ രണ്ട് വർഷമെങ്കിലും സൂക്ഷിക്കണം.  തുടക്കം കുറച്ചു  ചെറിയ പുസ്തകങ്ങൾ മതി.

മിക്ക വീടുകളിൽ കാണും ധാരാളം പുസ്തകങ്ങൾ. രണ്ട് - മൂന്ന് പുസ്തകങ്ങൾ ലൈബ്രറിക്ക് നൽകുക. 

മുതിർന്ന വിദ്യാർഥികളുടെ ഒരു നിര ലൈബ്രറിക്കാവശ്യമാണ്. കുറച്ചു മുതിർന്നവരും.

ഒരു ആഴ്ച മുഴുവൻ പുസ്തകങ്ങൾ ശേഖരിക്കാൻ കാമ്പയിൻ.  പ്രാദേശിക കൂട്ടായ്മകൾ ഉണ്ടാക്കി, ഓരോ ഏരിയയിലും ''ബുക്ക് കളക്ഷൻ ഹട്ട് ". അന്നൊരു വൈകുന്നേരം ചെറിയ പ്രോഗ്രാം. പത്ത് പേരടങ്ങുന്ന വോളണ്ടിയർ വിംഗ് വീടുവീടാന്തരം കയറാം. പുസ്തകങ്ങൾ ശേഖരിക്കാം, BCH ൽ അവർ നേരിട്ട് വന്ന് നൽകാം.

ഓരോ ആഴ്ചയും,  വായിച്ച പുസ്തകത്തെ കുറിച്ച് കുറഞ്ഞത് 2 പേജ് ആസ്വാദനം എഴുതാം, ഏറ്റവും നന്നായി എഴുതിയ 10 പേർക്ക്  സമ്മാനങ്ങൾ. സ്പോൺസർസ്  ഇതിനാണാവശ്യം.

ലൈബ്രറിയുടെ നേതൃത്വത്തിൽ ടൂർണമെൻറുകൾ സംഘടിപ്പിച്ചു മിച്ചം വരുന്ന സംഖ്യ ലൈബ്രറി ആവശ്യങ്ങൾക്ക്  ഉപയോഗിക്കാം, പത്ത് - മുപ്പതിനായിരം രൂപയൊക്കെ ബാക്കിയായി കിട്ടാൻ പ്രദേശിക ലൈബ്രറികൾക്ക് സാധിക്കും. മത്സര വിജയികൾക്ക് കായികരംഗവുമായ ബന്ധപെട്ട പുസ്തകങ്ങൾ സമ്മാനമായും നൽകാം.

പുഴ, മല , താഴ്വരകൾ കേന്ദ്രീകരിച്ചു ഒഴിവ് ദിനങ്ങളിൽ ആകർഷകമായ വായനാ മത്സരങ്ങൾ നടത്താം. പ്രാദേശികമായി ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ  വാക്കുകൾ കണ്ടെത്തി പുതിയ സംസാര ഭാഷ കണ്ടെത്താം. അതത് പ്രദേശചരിത്രങ്ങൾ പഠിക്കാം.

എഴുത്തുകാർ അതിഥികളായി വേണം,  നമുക്ക് കേട്ടാൽ മനസ്സിലാകുന്ന രീതിയിൽ, ഇരുന്നാൽ എഴുന്നേറ്റ് പോകാൻ തോന്നാത്ത ശൈലിയിൽ പ്രസംഗിക്കുന്നവർ മതി.

അയൽ പ്രദേശങ്ങളിലെ എഴുത്തുകാരെ ക്ഷണിക്കുക. അവരുടെ പുസ്തകങ്ങളിലും ചർച്ചകൾ സംഘടിപ്പിക്കുക.

ബോറടിപ്പിക്കാത്ത പുസ്തകചർച്ചകളാണ് വേണ്ടത്,  വായനയിലേക്കടുപ്പിക്കാനാകണം പുസ്തകചർച്ചകൾ, "ഇങ്ങനെയും ഇയാളെഴുതിക്കളഞ്ഞോ കാശ് കൊടുത്ത് വാങ്ങാത്തത് നന്നായി " എന്ന്  സന്ദേശം നൽകുന്ന തരത്തിൽ ചർച്ചയിൽ കൃതിമത്വം സൃഷ്ടിക്കരുത്.

തൊട്ടടുത്ത പള്ളിക്കൂടങ്ങളിലെ ഭാഷാധ്യാപകരെ വായനശാലയുമായി ബന്ധപ്പെടുത്തുക. (ശരിക്കും ഭാഷാധ്യാപകർ ഇത്തരം സംരംഭങ്ങൾക്ക് തങ്ങളുടെ  സേവനങ്ങൾ  ഉപയോഗപ്പെടുത്തിന്നില്ലെങ്കിൽ, അവർ അധ്യാപനവൃത്തിക്കിറങ്ങരുത്. )

വായനയിൽ കുറച്ചെങ്കിലും താത്പര്യമുള്ള വീടുകൾ കണ്ടെത്തി, നാലോ അഞ്ചോ പുസ്തകങ്ങടങ്ങിയ സഞ്ചിക പത്ത് ദിവസത്തിലൊരിക്കൽ എത്തിക്കുന്ന സംവിധാനമുണ്ടാക്കാം. കൂടെ ഓരോ പുസ്തകത്തിലെയും ഒറ്റ വാക്കിൽ ഒതുങ്ങുന്ന  ചോദ്യാവലിയും. അധ്യാപകരുടെ സേവനമിതിന് ഉപയോഗിക്കാം. ശരിയുത്തരങ്ങൾക്ക് ചെറിയ സമ്മാനങ്ങൾ. 

ഒരു പ്രദേശം മുഴുവൻ ഒറ്റക്കൊല്ലം കൊണ്ട്  വായനക്കാരാക്കിക്കളയാമെന്ന വലിയ വ്യാമോഹമൊന്നുമില്ലാതെ, ആദ്യപടിയായി വളരെ ചെറിയ എണ്ണം ആളുകളെ  മുന്നിൽ കണ്ട് കൊണ്ട് വായനാവിപ്ലവത്തിന് തുടക്കമിടാൻ ശ്രമിക്കുക. 

അതേ സമയം, ലൈബ്രറിയുടെ ഭൗതിയ സാഹചര്യങ്ങൾ ഒരുക്കൂട്ടാനുള്ള ബൃഹദ് പദ്ധതിയുടെ ചർച്ചകളും പേപ്പർ വർക്കുകളും മറ്റൊരു ഭാഗത്തും നടക്കട്ടെ.

സന്ധ്യക്ക് ശേഷം   വായനാമുറി ചെറിയൊരു ഫീസ് നിശ്ചയിച്ച്  യോഗങ്ങൾക്കും സാംസ്കാരിക പരിപാടികൾക്കുമുപയോഗിക്കുക. അവയില്ലാത്ത ദിവസങ്ങളിൽ ആറരക്ക് ശേഷം നിർബന്ധമായും അടച്ചിടുക.

ലൈബ്രറിയുടെ ബോർഡ് തൂക്കി, വെറുമൊരു റീഡിംഗ് റൂം ഇക്കാലത്ത് മലയാളക്കരയിൽ ഓണം കേറാമൂലയിൽ പോലും വേണമെന്നില്ല എന്നാണ് എന്റെ പക്ഷം.

No comments:

Post a Comment