Thursday 31 October 2019

പ്രവാസപ്പെട്ടി / എസ്. എ. പി


*പ്രവാസപ്പെട്ടി*


സ്നേഹം പൊതിഞ്ഞുവെച്ച
പ്രവാസപ്പെട്ടി
മെല്ലെ ഉപേക്ഷിച്ചയാൾ
കതകടച്ചു.
അകലെ കാത്തിരിപ്പിന്റെ
ഉമ്മറപ്പടിയിൽ
ഇണകളും തുണകളും
താളം തെറ്റി നിന്നു.

സ്നേഹം നിറച്ചുവെച്ച
കളിപ്പാട്ടം
സ്വയം എണീറ്റ് നിന്നു
നിലവിളിച്ചു.
അകലെ പ്രവാസി
തിരിഞ്ഞു നോക്കാതെ
നടന്നകന്നു.

സ്നേഹം കരുതിവെച്ച
സൗഹൃദങ്ങൾ
കരഞ്ഞു കലങ്ങിയ കണ്ണുമായ്
തരിച്ചുനിന്നു
അകലെ പ്രവാസി
ഒരു കെട്ടിപ്പിടുത്തത്തിന്റെ
ആലസ്യത്തിൽ കുഴഞ്ഞു വീണു.

സ്നേഹം പങ്കിട്ട അയൽകൂട്ടം
നിലവിളിച്ചോടിയരികിലെത്തി
അകലെ പ്രവാസി
ഒന്നും മിണ്ടാതെ
അകന്നേ പോയി.

കടലോളം കണ്ണുനീർ
കുടിച്ച് തീർത്ത് ഒരു പ്രവാസപ്പെട്ടി
മറുകരയെത്തിയിട്ടുണ്ട്.
പരിഭവങ്ങളില്ലാതെ
നിശബ്ദം നീന്തി നീന്തി.

*എസ്-എ-പി*

ഒമ്പതാം ക്ലാസ്സുകാരായ* *ഞങ്ങളന്ന് ഇന്ദിരയുടെ* *മരണവാർത്ത കേട്ടത്../അസ്ലം മാവിലെ

*ഒമ്പതാം ക്ലാസ്സുകാരായ*
*ഞങ്ങളന്ന് ഇന്ദിരയുടെ*
*മരണവാർത്ത കേട്ടത്..*

ഈ വാർത്ത   കേൾക്കുമ്പോൾ (ഇന്ദിരാഗാന്ധിക്ക് വെടിയേറ്റത്)  ഞങ്ങൾ മായിപ്പാടി  ഗ്രൗണ്ടിൽ സ്കൂൾ സ്പോർട്സ് മീറ്റിൽ പങ്കെടുക്കുകയായിരുന്നു. ഒമ്പതാം ക്ലാസ് വിദ്യാർഥികൾ. ഇംഗ്ലിഷിലായിരുന്നു വാർത്ത.

ഒരു മിശക്കാരൻ മാഷാണ് താഴെ ഭാഗത്തു നിന്നോ മറ്റോ ഓടിക്കിതച്ച് വന്ന് പവലിനിൽ പകുതി സംശയത്തിൽ  ആ വാർത്ത പുറത്തുവിട്ടത്. അന്നവിടെ ഞങ്ങൾക്ക് ഇംഗ്ലീഷും ഹിസ്റ്ററിയും  പഠിപ്പിച്ചിരുന്ന തോമസ് മാഷ്ന്‌ ഡ്യൂട്ടി,  ഗ്രൗണ്ടിന്റെ അeങ്ങയറ്റത്തായിരുന്നു. അതിനിടയിൽ ചായക്കടയിൽ നിന്നോ  സ്കൂളിൽ നിന്നോ മറ്റോ ഒരു ടു - ബാൻഡ് ബ്രൌൺ കളറിലുള്ള റേഡിയോ  ആരോ സംഘടിപ്പിച്ചു പവലിനിലെത്തിക്കുകയും ചെയ്തു.

 പവലിനിൽ ആളുകൾ കൂടിക്കൊണ്ടേയിരുന്നു.  വാർത്തി എല്ലായിടത്തും എങ്ങിനെയൊക്കെയോ  എത്തി. "ഇന്ദരാന്തി മര്ച്ചിനല്ലോ" എന്നു പറഞ്ഞു പിള്ളേര് മൊത്തം ഓട്ടവും ചാട്ടവും നിർത്തി റോഡ് വക്കിലും  കയറി. ആകാശവാണിയിൽ നിന്നും വാർത്ത വന്നു കൊണ്ടേയിരുന്നു. റേഡിയോയ്ക്ക് എല്ലാവരും ചെവികൊടുത്തു - വാർത്ത ഇംഗ്ലിഷിലും. വാർത്ത കേട്ട് കൂട്ടത്തിൽ  ആംഗലേയത്തിൽ കുറച്ചു തിരി പാടുള്ള ഒരു സാർ പറഞ്ഞു - നിങ്ങൾ കേട്ട വാർത്ത പൊള്ളാണ്. ഇന്ദിര ഗാന്ധി മരിച്ചിട്ടില്ല, ആസ്പത്രിക്ക് കുതിച്ചു എന്നാണ് ( Indira rushed) പറഞ്ഞത്. ആർക്കോ വെടിയേറ്റതാകാം. അവരെ കാണാൻ പ്രധാനമന്ത്രി അങ്ങോട്ട് കുതിച്ചതാകാം.

 കുതിച്ചെന്നോ ? മാഷന്മാരുടെ ഇടയിൽ സംശയം ഉടലെടുത്തു. ഏത് അഭിപ്രായ വ്യത്യാസവും പറഞ്ഞു തീർക്കാം, ഈ മാഷന്മാരുടെ സംശയവും ഗുൽമാലും അങ്ങിനെയങ്ങ് എവിടെയും പൊതുവെ തീരാറില്ലല്ലോ. അതോടെ സാറന്മാരും സാറിമാരും ബുദ്ധിപരമായ വക്കാണത്തിൽ ഏർപ്പെട്ടു തുടങ്ങി.

അതിങ്ങിനെ ചൂടുപിടിച്ചിരിക്കെയാണ് കോട്ടയക്കാരനും ഇംഗ്ലീഷിൽ MA യുമുള്ള തോമസ് മാഷ് അവിടെ പവലിനിൽ കയറി വരുന്നത്. MA ക്കാരനായത് കൊണ്ടും ഇംഗ്ലീഷ് പത്രം വായിക്കുന്ന കക്ഷി എന്ന് പൊതുവെ ഒരു പറച്ചിൽ ഉള്ളത് കൊണ്ടും പുള്ളിക്ക്  സ്കൂളിലും അധ്യാപകരുടെ ഇടയിലും പ്രത്യേക ആദരവുണ്ട്.

അതിനിടയിൽ ആകാശവാണി നിലയം സ്പെഷൽ വാർത്താ ബുള്ളറ്റിനുകൾ  പ്രക്ഷേപണം ചെയ്തു കൊണ്ടേയിരുന്നു. വിയർത്തു കുളിച്ചു വന്ന തോമസ് മാഷിനോട് നാരായണൻ മാഷ് ഒരു മൂലയിൽ കൊണ്ട് പോയി കാര്യം പറഞ്ഞു. തോമസ് മാഷ് റേഡിയോ വാങ്ങി ചെവി വട്ടം പിടിച്ചു.

വാർത്ത കേട്ട തോമസ് മാഷ് ഉറക്കെ പറഞ്ഞു "ഒന്നു മിണ്ടാതിരിക്കൂ, ഇത് സീരിയസ്സാണ് കേസ്, വെടിയേറ്റ ഇന്ദിരാ മാഡത്തെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയിരിക്കുകയാണ്. lndira Rushed അല്ല Indira is Rushed എന്നാണ് വാർത്ത. Active Voice അല്ല Passive Voice എന്ന്. കുതിച്ചു അല്ല കുതിക്കപ്പെട്ടുന്ന്."
അപ്പോൾ നാരയണൻ മാഷ് - "ഓഹ്... കർമ്മണി - കർത്തരി  പ്രയോഗങ്ങളുടെ ഒരു കളിയേയ്."

 ഞങ്ങൾക്കൊന്നും മനസ്സിലായില്ല, ഞങ്ങൾക്കെന്ത് Active Voice ?  എന്ത് Passive Voice ? ഞങ്ങൾക്ക് ആകെ അറിയേണ്ടത് അന്നും പിറ്റേന്നും സ്കൂളുണ്ടോ എന്നായിരുന്നു. അതിനിടയിൽ ഒരു പഹയൻ സ്ഥലകാലബോധമില്ലാതെ കേറി അങ്ങ് ചോദിച്ചും കളഞ്ഞു, ഉറക്കെ ചോദിച്ചതിനാകാം, കരണക്കുറ്റി നോക്കി എവിടന്നോ അടിയും കൂടെ തന്നെ വീണിരുന്നു.
..................................
ഇന്ദിരാഗാന്ധിയെ ഇന്ത്യയുടെ ആധുനിക ഉരുക്കു വനിത എന്നാണ് പറയുക. അതിധീരവനിതയായിരുന്നു അവർ. ഏറ്റവും നന്നായി രാഷ്ട്രീയം പയറ്റിയ രാഷ്ട്ര തന്ത്രജ്ഞ. ആദരാഞ്ജലികൾ!

...              *അസ്ലം മാവിലെ*

(ഓർമ്മ ശരിയെങ്കിൽ ഇത് രണ്ടാം വട്ടമാകണം ഞാൻ ഇതെഴുതുന്നത്. പക്ഷെ, എഴുതിയ രീതിയിൽ മാറ്റമുണ്ടാകാം. ബോറടിക്കില്ലെന്ന് കരുതുന്നു)

www.rtpen.blogspot.Com

Wednesday 30 October 2019

ബർഗർ ഹട്ടും* *യുനൈറ്റഡ് പട്ലയുമായി* *കൈ കോർക്കുന്നു* / Draft

*ബർഗർ ഹട്ടും* 
*യുനൈറ്റഡ് പട്ലയുമായി*
*കൈ കോർക്കുന്നു*
*സ്പോർട്സ് അക്കാഡമിയുടെ*
*2019- 20 സ്പോർൺസർ*
*BURGER Hut*

..............................

ഫുട്ബോൾ ഒരു മാസ്മരികതയാണ്. അത് നിരന്തര പ്രയത്നത്തിന്റെ പരിശീലനത്തിന്റെ മറുവാക്കാണ്.

ഇതൊക്കെ അറിഞ്ഞു തന്നെയാണ് യുനൈറ്റഡ് പട്ല, *ഫുട്ബോൾ അക്കാഡമി* ക്ക് തുടക്കം കുറിച്ചത്. പട്ല എന്നെന്നും ഫുട്ബോളിന്റെ ആട്ടുതൊട്ടിലാകാൻ ഈ കല്പിത അക്കാഡമി കൊണ്ടാകുമെന്ന് UPFc ഉറച്ചു വിശ്വസിക്കുന്നു.

UPFcക്ക് കീഴിലുള്ള ഫുട്ബോൾ അക്കാഡമിയുടെ സർവ്വ ആക്ടിറ്റിവിറ്റീസും  2019-20 കാലയളവിൽ സ്പോൺസർ ചെയ്യുന്നത് യു.എ. ഇ.യിലെ പ്രശസ്ത ഫാസ്റ്റ്ഫുഡ് ശൃംഖലയായ *ബർഗർ ഹട്ടാണ് (BURGER Hut )*.

യുഎഇ ഫാസ്റ്റ്ഫുഡ് മേഖലയിൽ,  വർഷങ്ങളുടെ നിറ സാന്നിധ്യം,  രുചിയിലെ വൈവിധ്യം,  ഗുണമേന്മയിലെ വ്യതിരിക്തത.  ബർഗർ ഹട്ടിനെ അങ്ങിനെ വിശേഷിപ്പിക്കാം. 

സന്തോഷിക്കാം.
ഇനി മുതൽ ഫുട്ബോൾ അക്കാഡമയിലെ യുവ കായിക താരങ്ങൾക്ക്  സുവർണ ദിനങ്ങളാണ്. അതിന്റെ കാരണമാകട്ടെ, യുനൈറ്റഡ് പട്ലയോടൊപ്പം നിഴലുപോലെ ഈ ഒരു വർഷക്കാലം സ്പോൺസറായി *Burger Hut* ഉണ്ട് എന്നതും.

*United Patla Fc*
*P   A   T   L   A*

Draft prepared as per the request 

ക്ലാ... ക്ലാ.. ... ക്ലീ ... ക്ലീ ..., / draft

ക്ലാ... ക്ലാ... ക്ലാ ...
ക്ലീ ... ക്ലീ ... ക്ലി...
ക്ലൂ ... കൂ.... ക്ലൂ....

........................
അസ്ലം മാവിലെ
..........................

സുരേഷ് തിരിഞ്ഞ് നോക്കി. മുറ്റത്തൊരു മൈന.

ഇത് കേൾക്കാത്തവരോ വായിക്കാത്തവരോ ഒരു കാലത്ത് മലയാളിയായിരുന്നില്ല. മിമിക്രി ആർടിസ്റ്റുകാരും സ്റ്റേജ് കലാകാരന്മാരും മൈനയെയും സുരേഷനേയും തോണ്ടാത്ത ദിവസങ്ങളുമുണ്ടായിരുന്നില്ല. 

ഇന്ന് മൈനയുണ്ടോ നാട്ടിൽ. മഞ്ഞക്കൊക്കും കണ്ണിനു ചുറ്റും മഞ്ഞയിൽ കണ്ണെഴുതി, ഒരു മഞ്ഞക്കാലുറയുമിട്ട്, തുള്ളിത്തുള്ളി കതിർമണി കൊത്തിത്തിന്നാൻ മുറ്റം നോക്കി വിരുന്നു വന്നിരുന്ന ഒരു കാലം. അന്ന് ഭണ്ഡാര വീട്ടിലെ സുരേഷല്ല ആരും മൈനക്കുഞ്ഞുങ്ങളെ തിരിഞ്ഞു നോക്കിയിരുന്ന ഒരു കാലം.

ചാണകം മെഴുകിയ വീട്ടു മുറ്റങ്ങളിൽ കുടിൽ പോലെ കെട്ടിപ്പൊക്കിയ കറ്റക്കൂട്ടങ്ങൾ. എന്നും മുറ്റത്ത് ഉണക്കാനിട്ടിരിക്കുന്ന നെൽമണികൾ, പുഴുങ്ങിയതും പുഴുങ്ങാത്തതും. കൃഷിയില്ലാത്ത വീട്ടുമുറ്റങ്ങളിലും കാണും അലസമായി എറിഞ്ഞ ഗോതമ്പ്മണികളും  അരിമണികളും.  അന്നൊക്കെ കോഴിക്കൂടിനോളം വലിയ പൂവവനും പിന്നെ തള്ളയും കുഞ്ഞുങ്ങളും (കോഴി)പുര നിറഞ്ഞ് നിൽക്കുന്ന കന്നിപ്പിടകളുമായിരുന്നല്ലോ. ഉമ്മമാർ അറിയാതെ മൺകുടുക്കയിൽ നിന്ന് അരിമണികൾ  മുറ്റത്തേക്കെറിഞ്ഞതിൽ കോഴിക്കുഞ്ഞുങ്ങൾ തിന്നാതെ ബാക്കിയായത് കൊത്തിക്കൊറിച്ചിരുന്നത് ഈ മൈനകളായിരുന്നു.

(അപൂർണം  )

അങ്ങിനെയൊന്ന് എന്ത് കൊണ്ടായിക്കൂടാ ? / draft

അങ്ങിനെയൊന്ന്
എന്ത് കൊണ്ടായിക്കൂടാ ?

അസ്ലം മാവിലെ

FB മെല്ലെയൊന്നു കണ്ണോടിച്ചു, ഒരു മൊഗ്രാൽക്കാരന്റെ പേജിൽ ഫോട്ടോ കാണാം. പ്രായം ചെന്ന കുറെ മനുഷ്യർ. കൂടെ കമൻറും മൊഗ്രാലിന്റെ നാട്ടുസൗന്ദര്യങ്ങൾ !

ഓരോഗ്രാമത്തിലും കാണും മുതിർന്ന പൗരന്മാർ, 60 കഴിഞ്ഞവർ. അവർക്കൊരിടത്തിരിക്കാൻ, ഒന്നിച്ചു കളിതമാശകൾ പറയാൻ, പൊയ്പ്പോയ ഓർമ്മക്കാലത്തേക്കൂളിയിട്ടിറങ്ങാൻ, ദുഃഖഭാരം പങ്ക് വെക്കാൻ ..

(അപൂർണ്ണം )

ജനറല്‍ ആശുപത്രിയില്‍ രോഗികളെ പിടിച്ചുനിര്‍ത്തി നീണ്ട ക്യൂ / Draft & Report


*ജനറല്‍ ആശുപത്രിയില്‍ രോഗികളെ പിടിച്ചുനിര്‍ത്തി നീണ്ട ക്യൂ; പരിഹാരം കാണണമെന്നാവശ്യം*
കാസര്‍കോട്: (www.kasargodvartha.com 30.10.2019) 
ജനറല്‍ ആശുപത്രിയിലെത്തുന്ന രോഗികളെ വലച്ച് നീണ്ട ക്യൂ. അതിരാവിലെ ടോക്കണ്‍ നല്‍കാന്‍ തുടങ്ങുന്നതിന് മുമ്പേ എത്തുന്നവര്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട അവസ്ഥയാണ്. ദിനേന നൂറുകണക്കിന് രോഗികള്‍ എത്തുന്ന ആശുപത്രിയില്‍ ടോക്കണ്‍ നല്‍കാനായി ഒറ്റ കൗണ്ടര്‍ മാത്രം പ്രവര്‍ത്തിക്കുന്നതാണ് തിരക്കനുഭവപ്പെടാനുള്ള പ്രധാന കാരണം. 

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി *സാമൂഹ്യപ്രവര്‍ത്തകനും ദീര്‍ഘകാലം പട്‌ല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പിടിഎ പ്രസിഡന്റുമായിരുന്ന കെ എം സൈദ്* ജനറല്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കി.

നിലവില്‍ മുതിര്‍ന്ന പൗരന്മാര്‍, അംഗവൈകല്യമുള്ളവര്‍, സ്ത്രീകള്‍ എന്നിവര്‍ക്കെല്ലാമായി ഒരു ടോക്കണ്‍ കൗണ്ടര്‍ മാത്രമാണുള്ളത്. വിവിധ വിഭാഗങ്ങള്‍ക്കായി വ്യത്യസ്ത കൗണ്‍റുകള്‍ പ്രവര്‍ത്തിച്ചാല്‍ ഈ തിരക്കിന് വലിയ ആശ്വാസമാകും. ടോക്കണ്‍ എടുക്കുന്നവര്‍ക്ക്, അവര്‍ വരുന്ന ഊഴമനുസരിച്ച് ഇരിക്കാനുള്ള സൗകര്യം കൂടി ചെയ്തുകൊടുക്കാനുള്ള നടപടിയും സ്വീകരിക്കണമെന്നും ടോക്കണ്‍ കൗണ്ടര്‍ നിലവിലുള്ള സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയാണെങ്കില്‍ ഇത് പ്രാവര്‍ത്തികമാക്കാവുന്നതാണെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

ആശുപത്രി വികസന സമിതി അടിയന്തിരമായി ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് സൈദ് ആവശ്യപ്പെട്ടു.
http://www.kasargodvartha.com/2019/10/no-facilities-in-general-hospital.html?m=1
..................................


കാസർകോട് താലൂക്ക് ഗവ. ആശുപത്രിയിലെ ടോക്കൺ കൗണ്ടറുകളിൽ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി വരുന്നത് വലിയ പ്രയാസത്തിനിടയാക്കുന്നതായി പരാതി.

രോഗികളാണ് അധികവും ക്യൂവിൽ നിൽക്കുന്നത്. ടോക്കൺ കിട്ടാൻ കൗണ്ടർ തുറക്കുന്നതിന് എത്രയോ മുമ്പ് ആശുപത്രിയിൽ  ആളുകളെത്തിത്തുടങ്ങും. ടോക്കൺ കിട്ടുന്നത് വരെ അവർ അവിടെ പ്രയാസപ്പെട്ടു മണിക്കൂറുകൾ നിൽക്കേണ്ടിയും വരുന്നു.

ദിനേന നൂറുകണക്കിന് രോഗികള്‍ എത്തുന്ന ആശുപത്രിയില്‍ ടോക്കണ്‍ നല്‍കാനായി ഒറ്റ കൗണ്ടര്‍ മാത്രം പ്രവര്‍ത്തിക്കുന്നതാണ് തിരക്കനുഭവപ്പെടാനുള്ള പ്രധാന കാരണം.

സീനിയർ സിറ്റിസൺസ്, വിഭിന്ന ശേഷിക്കാർ തുടങ്ങിയവർക്ക്  ഈ ക്യൂ തന്നെയാണ് ആശ്രയം. ഇവർക്ക്  മാത്രമായി ഒരു എക്സ്ട്രാ കൗണ്ടർ തുറക്കുകയാണെങ്കിൽ  അസൗകര്യം കുറച്ചു ഒഴിവായി കിട്ടും. ടോക്കൺ എടുക്കുന്നവർക്ക്, അവർ  വരുന്ന ഊഴമനുസരിച്ച് ഇരിക്കാനുള്ള സൗകര്യം കൂടി അധികൃതർ ആലോചിക്കണം. ടോക്കൺ കൗണ്ടർ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയാണെങ്കിൽ ഇത് പ്രാവർത്തികമാക്കാവുന്നതാണ്.

സാമൂഹ്യപ്രവർത്തകനും ദീർഘകാലം പട്ല ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പിടിഎ പ്രസിഡന്റുമായിരുന്ന കെ.എം. സൈദ് ഇത് സംബന്ധിച്ച പരാതി അധികൃതർക്ക് നൽകി. കാസർകോട് താലൂക്ക് ഗവ. ആശുപത്രി വികസന സമിതി അടിയന്തിരമായി ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് സൈദ് ആവശ്യപ്പെട്ടു.

സൈദ് : +91 96054 88499

*ഇനി കാട്ടുപോത്തും* *മലയാളത്തിൽ പ്രസവിക്കട്ടെ* /അസ്ലം മാവിലെ


*ഇനി കാട്ടുപോത്തും*
*മലയാളത്തിൽ പ്രസവിക്കട്ടെ*
...............................
അസ്ലം മാവിലെ
..............:...............

ഇയ്യിടെ സോഷ്യൽ മീഡിയയിൽ വാട്സാപ് , എഫ് ബി ഇടങ്ങളിൽ പ്രസവിക്കുന്ന കാട്ടുപോത്തിനെ ന്യായീകരിച്ചതിന്റെ പേരിൽ പഴി കേട്ടവരിൽ ഒരാളാണ് ഞാൻ.  മാതൃഭൂമി പത്രത്തിൽ ഈ വാർത്ത വന്നപ്പോൾ അതിൽ ഒരു അബദ്ധവുമില്ലെന്നായിരുന്നു ഞാൻ ചൂണ്ടിക്കാണിച്ചത്. തത്തയും പൂച്ചയും   പോലെ സ്ത്രീലിംഗ- പുല്ലിംഗ പദങ്ങൾക്കതീതമായി പേരു വിളിക്കുന്ന ഒട്ടേറെ ജീവികളിൽ ഒന്നാണ് കാട്ടുപോത്തെന്നും Guar എന്ന് ഇംഗ്ലിഷിൽ പേരുവിളിക്കുന്ന ഈ ജീവിക്ക് മലയാളത്തിൽ ലിംഗവ്യത്യാസമന്യേ ഒരു കോമ്മൺ പേരാണ് ഇത് വരെ മലയാളത്തിൽ ഉപയോഗിച്ചിരുന്നതെന്നും എന്റെ അന്നത്തെ ചെറിയ കുറിപ്പിൽ പറഞ്ഞിരുന്നു.

സംഘമായി നടക്കുന്നത് പെൺവിഭാഗത്തിൽ പെട്ട കാട്ടുപോത്തെന്നും ഒറ്റയായാണ് ആൺ കാട്ടുപോത്തിന്റെ സഞ്ചാരമെന്നും ഞാൻ അന്നതിൽ ചൂണ്ടിക്കാണിച്ചിരുന്നു. കാടിറങ്ങി വന്നിരുന്ന അവറ്റകളെ കാട്ടുപോത്തിറങ്ങി എന്നാണ് നാളിതേവരെ മാധ്യമങ്ങൾ എഴുതുകയും പറയുകയും ചെയ്തിരുന്നതും ഈ "പുത്തൻ വാദികൾ" അവ കണ്ട് കാട്ടുപോത്ത് വന്നേന്നും പറഞ്ഞായിരുന്നു കണ്ടം വഴി ഓടിയിരുന്നതും.

അതൊന്നും ശ്രദ്ധിക്കാതെയും ചെവികൊള്ളാതെയും കാട്ടെരുമയ്ക്ക് വേണ്ടി ഓടിച്ചാടുന്ന അക്ഷരവായനക്കാർക്കും കാട്ടുപോത്തെഴുതിയ മാതൃഭൂമി സബ് എഡിറ്റർക്കെതിരെ തിരിഞ്ഞ പുത്തൻ ഭാഷാസ്നേഹികൾക്കും ഇന്ന് മാതൃഭൂമിയിൽ ''വിദ്യ" പേജിൽ ഡോ. ജാഫർ പാലോട് എഴുതിയ "പ്രസവിക്കുന്ന കാട്ടുപോത്ത് " ഫീച്ചർ കണ്ണുതുറക്കും വായനക്കായി സമർപ്പിക്കുന്നു.

ചില ഭാഷാപ്രയോഗങ്ങൾ അങ്ങനെ തന്നെ വിട്ടേക്കണം. ഭാഷയുടെ പരിമിതിയോടൊപ്പം അതിന്റെ ഒരു ഭംഗി കുടിയാണത്,  അമ്പിളിമാമന്റെ മേത്തൊട്ടിയ കല പോലെ അതിന്റെ ചന്തം കൂടുകയേയുള്ളൂ.

മലയാളത്തിൽ വായിൽ കൊള്ളാത്ത  എത്ര അക്ഷരങ്ങളുണ്ട്. എന്നിട്ടും ചില അക്ഷരങ്ങളുടെ കുറവ് നമുക്ക് ഫീൽ ചെയ്യാറില്ലേ ? ആ പരിമിതി തന്നെയാണ് അക്ഷരസമ്പന്നമായ മലയാളത്തിന്റെ സൗന്ദര്യവും.

ചിലതൊക്കെ നമുക്ക് കണ്ടും കേട്ടുമിരിക്കാം. കാള പെറ്റെന്ന് കേട്ടാൽ സാധാരണപോലെ കയറെടുക്കണ്ട, കാട്ടുപോത്ത് പെറ്റെന്ന് കേട്ടാൽ കയറെടുത്തവനെ വ്യാകരണം പറഞ്ഞ് കളിയാക്കാനും ഇനി  നിൽക്കണ്ട.

*കേരളോത്സവം:* *ഒന്നു ഒരുക്കൂട്ടാൻ* *പറ്റുമോ ?* /അസ്ലം മാവിലെ

*കേരളോത്സവം:*
*ഒന്നു ഒരുക്കൂട്ടാൻ*
*പറ്റുമോ ?*
...........................,,
അസ്ലം മാവിലെ
...........................,,

കേരളോത്സവത്തിന്റെ നോട്ടിസ് ഓൺ ലൈനിൽ മിനിഞ്ഞാന്നേ കണ്ടു. നന്നായി, കുറച്ചാൾക്ക് അറിയാനും പറ്റി. മിക്കവാറാളുകളും അറിഞ്ഞു കാണും.  അത് മതിയോ ?

മുമ്പ്, മുമ്പ് എന്ന് പറഞ്ഞാൽ 1980-90 കളിൽ OSA യായിരുന്നു ഇതിനൊക്കെ മുൻകൈ എടുത്തിരുന്നത്. സ്പോൺസറും അവർ തന്നെ ഓടിച്ചാടിയിരുന്നതും അവർ തന്നെ.

ലൈബ്രറിയിൽ വൈകുന്നേരം ഒരാൾ ഇരിന്നിട്ടുണ്ടാകും - അയാളുടെ കയ്യിൽ പേര് നൽകും, പേര് തരാത്തവരെ ഇവര് പോയി കാണും  ആവശ്യമായ രേഖകൾ നൽകും. കൂട്ടിക്കെട്ടി പഞ്ചായത്തിൽ നൽകും.

അന്നൊക്കെ പഠിപ്പു നിലവാരം കുറവെങ്കിലും നമ്മുടെ സ്കൂളിലെ സ്പോർട്സ് മാഷും മറ്റും  മുൻകയ്യെടുത്ത് ഒഎസ് എ ക്ക്  ഇതിനൊക്കെ താങ്ങായി വരും. അന്നൊക്കെ വൈകുന്നേരം ഗ്രൌണ്ടിൽ കളിക്കാൻ ചുരുങ്ങിയത് 3- 4 അധ്യാപകർ എന്തായാലും ഉണ്ടാകും.  ഏതു സ്കളിലും അങ്ങിനെ തന്നെ.  ഹാ.... അതൊരു കാലം !

ഇന്നെങ്ങിനെ എന്നറിയില്ല. സിസ്റ്റമൊക്കെ നമ്മളുണ്ടാക്കുന്നതാണ്, അതിന് മുൻകൈ എടുക്കുന്ന കൂട്ടായ്മകൾ. 

വാട്സാപ്പില്ലാത്തവൻ ആരാ ഉള്ളത് ? ഒരു ഗ്രൂപ് അല്ലല്ലോ ഈ വാർഡിൽ ഉള്ളത് ! ആണോ ? 18 വയസ്സ് തികഞ്ഞ വാട്സാപ്പില്ലാത്ത 10 ചെറുപ്പക്കാരുടെ പേര് പറ. ഉണ്ടാകില്ല. ഈ കാര്യങ്ങളൊക്കെ എങ്ങിനെയും എല്ലാവരിലും എത്തും. അബദ്ധത്തിൽ മെസേജ് കിട്ടിയില്ലെങ്കിൽ കൂട്ടുകാർ എത്തിക്കും.

എന്തേ നാട്ടിലെ ഏതെങ്കിലും ക്ലബിനോ കൂട്ടായ്മകൾക്കോ ഈ കൂട്ട് സംരംഭത്തിന് ഇന്നും നാളെയും ഒന്നിറങ്ങിയാൽ ?. അതിന്റെ സാങ്കേതിക വശം ആദ്യം പഞ്ചായത്തിൽ ആരായണം. മെമ്പറെ സഹായത്തിന് വിളിക്കണം.

4 ഷീറ്റ് A4 സൈസ് പേപ്പറും നാല് ഗഡ്ഡിപ്പെന്നും മാത്രം മതി, ഇരിക്കാൻ പഴയ ഒപ്പുതെങ്ങ് പരിസരത്ത് കുറെ സൗകര്യങ്ങളുണ്ട്. മുന്നിട്ടിറങ്ങാൻ താൽപര്യം ഉള്ളവർക്ക് ഇതൊക്കെ മതി.

അല്ലാതെ ഓരോത്തര് പഞ്ചായത്താപ്പിസിലേക്ക് പോയി കേരളോത്സവത്തിന് പേര് കൊടുത്ത് പ്രോഗ്രാം ഉഷാറാക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ ? ഉണ്ടെങ്കിൽ ആ വിശ്വാസം  രക്ഷിക്കട്ടെ.

കണ്ടറിഞ്ഞ് ചെയ്യുക എന്നത് ചർച്ച അർഹിക്കുന്ന വിഷയമാണ്. അതിന് കൂട്ടായ്മകൾക്ക് കഴിയട്ടെ. കലാ-കായിക പേരുളള സംഘടനകൾ ഏറ്റവും അവശ്യം ഇടപെടേണ്ടത് ഇങ്ങനെ കിട്ടുന്ന സന്ദർഭങ്ങളിലാണ്.

ഇതൊന്നും നടന്നില്ലെങ്കിൽ നവംബർ മാസത്തിൽ ഉത്ഘാടന സെഷന്റെ കുറെ ഫോട്ടോസ് ഗ്രൂപ്പുകളിൽ ഒഴുകും.  ഞാൻ സ്റ്റേജിലുണ്ടെങ്കിൽ എന്റെയും പോട്ടം കാണും. അത് കണ്ട് ഞാനടക്കം നിർവൃതി കൊള്ളും.

www.rtpen.blogspot.com

ഫോളോഅപ്പീല്ലാത്തത്./ *അസ്ലം മാവിലെ*


ഫോളോഅപ്പീല്ലാത്തത്....
.............................
*അസ്ലം മാവിലെ*
.............................
എല്ലാവർക്കും പറ്റുന്ന വലിയ വീഴ്ച്ചയാണ് ഫോളോഅപ്പ്, *തുടർനടപടിയാകും വരെ പിന്നാലെക്കൂടൽ.* മറവി, അടുത്ത പ്രശ്നത്തിന്റെ പിന്നാലെ പോക്ക്, സമയക്കുറവ്, ബാറ്റ്ന്റാല് തുടങ്ങി ഒട്ടേറെ ഘടകങ്ങൾ ഈ ഫോളോഅപ്പ് ഇല്ലായ്മക്ക് കാരണങ്ങളാണ്.  ഇത് മുതലെടുത്താണ്  ഉദ്യോഗസ്ഥർ നാള് നീക്കുന്നത്. ഒച്ചയും വിളിയുമെടുത്താൽ വീണ്ടും അവർ ഫയൽ വലിച്ചിടും. ഇല്ലെങ്കിൽ ചിലന്തിവലയിൽ ഒളിക്കും.

സമാനമായി ഫോളോഅപ്പ്  വേണ്ടിയിരുന്ന ഒന്നാണ് പ്രളയ ദുരിതർക്ക് ലഭിക്കാതെ പോയ സാമ്പത്തികാശ്വാസം. വില്ലേജ് ആഫിസർ മുതൽ കളക്ടർ വരെ എന്ത് തേങ്ങയാണ് അനുവദിച്ച സാമ്പത്തിക സമാശ്വാസത്തിൽ നിന്ന് നമ്മുടെ നാട്ടിലെ പ്രളയ ബാധിതർക്ക് നൽകിയത് ? നാം അർഹരല്ലേ ? എന്ത് കൊണ്ട് കിട്ടിയില്ല ?
ചില FB ഗ്രൂപ്പുകളിൽ മൊതലാളിമാർ ഇത് വാങ്ങിയാലുള്ള നരകശിക്ഷയെ കുറിച്ച് എഴുത്തുകുത്തുകൾ കണ്ടു. (ആ ഖാസിമി അകത്തായതോടെ വല്ലാണ്ട് വോയിസ് പൊതുവെ വരാറില്ല ). ശരി, എന്നാൽ മൊതലാളിയെ വിട്ട് സാധാരണക്കാരന് കിട്ടണ്ടേ ?

ഞാൻ പലപ്പോഴും ചോദിക്കണമെന്ന് വിചാരിച്ചത് ഇവിടെ ചോദിക്കുന്നു - പ്രളയദുരിത സാമ്പത്തിക സഹായം എന്തായി ? രാഷ്ട്രീയ നേതൃത്വങ്ങൾ അടക്കം മറുപടി പറയട്ടെ. മറുപടി ഇല്ലെങ്കിൽ രണ്ടിസം കഴിഞ്ഞ് അന്വേഷിച്ചു പറഞ്ഞാലും മതി.

ഞാനൊരു തോണ്ടലിന് അവസരം കാത്തിരിക്കുകയായിരുന്നു ഉസ്മാൻ സാഹിബ്‌. നന്ദി.  ഇത് മതി, ഈ വിഷയത്തിൽ പ്രത്യേക എഴുത്തില്ല.
താങ്കൾ നടേ സൂചിപ്പിച്ചതിന്റെ മറുപടി / വിശദീകരണം  ഞാനും തരാം. എന്റെ ബാക്കിൽ കൂടിയ ഒരാളുണ്ട്. കക്ഷിയെ ഞാനും പിടിക്കട്ടെ.

തുടർനടപടി അന്വേഷണങ്ങൾ ഇനിയും ഈ ഫോറത്തിൽ പ്രതിക്ഷിക്കാം. ( ഇ. അ )

ബർഗർ ഹട്ടിനെ* *അഭിനന്ദിക്കുന്നു* *കളിക്കാര്യങ്ങൾ* *കുറിക്കുന്നു* / അസ്ലം മാവിലെ

*ബർഗർ ഹട്ടിനെ* 
*അഭിനന്ദിക്കുന്നു*
*കളിക്കാര്യങ്ങൾ*
*കുറിക്കുന്നു*
..............................
അസ്ലം മാവിലെ
..............................

കായിക ഇനങ്ങളിൽ ഫുട്ബോളിനെ ഒരു ട്രോജൻ കുതിരയോടു ഉപമിക്കാനാണെനിക്കിഷ്ടം. ഫുട്ബോൾ ഒരു മാസ്മരിക കളിയായാണ്. മുമ്പും എഴുതിയിട്ടുണ്ട്, അഴിക്കോട് മാഷ് പോലും ഫുട്ബോളാസ്വാദനം ആധികാരികമായി എഴുതിയിട്ടുണ്ട്. 

ശരീക്കും ഈ കാൽപ്പന്തുകളി നിരന്തര പ്രയത്നത്തിന്റെ പരിശീലനത്തിന്റെ മറുവാക്കാണ്. വളരെ മുമ്പ് നമ്മുടെ ആസിഫാണ് (പി. അബൂബക്കർ സാഹിബിന്റെ മകൻ) ഈ കളിയുടെ സാങ്കേതിക സംജ്ഞകളും ആസ്വാദന ഭാഷ്യങ്ങളും പറഞ്ഞു തന്നത്. അന്നദ്ദേഹം കളി തുടങ്ങുന്നതിന് ഏറെ മുമ്പ് ഗ്രൗണ്ടിൽ വന്ന് വാ(ർ)മപ് ചെയ്യുന്നത് കാണാമായിരുന്നു.  ഇപ്പോൾ ആസിഫ് ഫുട്ബോളിൽ സജീവമാണോ എന്നൊന്നും എനിക്കറിയില്ല. പിന്നെക്കണ്ടത് ബക്കർ മാഷെയാണ്, അദ്ദേഹം പക്ഷെ, ഇന്നും കളിയുടെ പിന്നാലെത്തന്നെയുണ്ട്.

കൂട്ടത്തിൽ ഇവയൊന്ന് മെൻഷൻ ചെയ്തെന്നേയുള്ളൂ. ശരി.  പട്ലയിൽ ഫുട്ബോളിന് ലഭിച്ചു കൊണ്ടിരിക്കുന്ന സ്വീകാര്യതയും പിന്തുണയും  അറിഞ്ഞു തന്നെയാകണം യുനൈറ്റഡ് പട്ല, കുഞ്ഞുമക്കൾക്ക് വേണ്ടി *ഫുട്ബോൾ അക്കാഡമി* ക്ക് തുടക്കം കുറിച്ചത്. പട്ല എന്നെന്നും ഫുട്ബോളിന്റെ ആട്ടുതൊട്ടിലായി നിലനിൽകാൻ ഈ കല്പിത അക്കാഡമി കൊണ്ടാകുമെന്ന UPFc ഉറച്ച തീരുമാനത്തെ നമുക്ക് വിലമതിക്കാം. 

UPFcക്ക് കീഴിലുള്ള ഫുട്ബോൾ അക്കാഡമിയുടെ സർവ്വ ആക്ടിറ്റിവിറ്റീസും  2019-20 കാലയളവിൽ സ്പോൺസർ ചെയ്യുന്നത് യു.എ. ഇ.യിലെ പ്രശസ്ത ഫാസ്റ്റ്ഫുഡ് ശൃംഖലയായ *ബർഗർ ഹട്ടാണ് (BURGER Hut )* എന്നത് സന്തോഷത്തോടെയാണ് ഇന്നലെ കേട്ടത്. ആ സന്തോഷം മറ്റുള്ളവർ  തള്ളവിരൽ പൊക്കിയും ബൊക്കയിട്ടും  പ്രകടിപ്പിച്ചപ്പോൾ, എനിക്കിങ്ങനെ എഴുതി അതിന്റെ ഭാഗമാകാമെന്ന് തോന്നി.

യു.എ.ഇ.യിലെ ഫാസ്റ്റ്ഫുഡ് മേഖലയിൽ, വർഷങ്ങളുടെ നിറ സാന്നിധ്യമുള്ള ബർഗർ ഹട്ട് എല്ലാവർക്കും പ്രിയങ്കരനായ കപ്പൽ ഉസ്മാന്റെ മികച്ച ലീഡർഷിപ്പിന്റെയും കമ്മിറ്റ്മെൻറിന്റെയും അതിലുംമികച്ച ഔട്ട്പുട്ടാണ്, ഔട്ട്ലെറ്റ്സുമാണ്.

നേരത്തെ UPFcയുടെ തന്നെ One Year സ്പോൺസറായ Chicket നെയും ഈ ഘട്ടത്തിൽ പരാമർശിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. ഗൾഫിൽ നിന്നും വരുമ്പോൾ ഒറ്റപ്പെട്ട ചിലർ മാത്രം ഓർമ്മയോടെ കൊണ്ട് വന്ന് സഹകളിക്കാർക്ക്  ഫുട്ബോൾ/വോളിബോൾ നൽകുമായിരുന്നു. അന്നത് ലഭിക്കുമ്പോൾ കളിക്കാർക്ക് കിട്ടിയിരുന്ന സന്തോഷം അത്രമേൽ വലുതായിരുന്നു. അതിൽ നിന്നും ഒരുപാട് ദൂരം നടന്നും ഏറെ മാറിയും  പുതിയ തലമുറ കൈകൊണ്ട well-planned പ്രോത്സാഹന രീതി ഏറെ അപ്രിസിയേഷൻ അർഹിക്കുന്നു.   

വീണ്ടും...,
സന്തോഷിക്കാം, ഫുട്ബോൾ അക്കാഡമയിലെ യുവ കായിക താരങ്ങൾക്ക് ഇനി മുതൽ സുവർണ ദിനങ്ങളാണ് എന്നറിയുന്നതിൽ. അതിന്റെ ഭാഗമായി യുനൈറ്റഡ് പട്ലയോടൊപ്പം നിഴലുപോലെ ഒരു വർഷക്കാലം മുഴുവൻ സ്പോൺസറായി *Burger Hut* ഉണ്ട് എന്നു കൂടി അറിയുന്നതിലും.

ആശംസിക്കുന്നു, ഈ കായിക അക്കാഡമിയിൽ ഒരുപാടൊരുപാട് നാമ്പുകൾ  കിളിർത്തും തളിർത്തും വരട്ടെ. ആ പൈതങ്ങൾ അതിർത്തികളില്ലാത്ത പുതിയ ആകാശങ്ങളിൽ ചിറകുവിടർത്തി പറക്കട്ടെ.

Best of Luck,  Football Academy !
Best of Luck,  Burger Hut !
Best of Luck,  UPFc !

വിട്ട് പോയത് :
United Patla യുടെ തുടക്കവും ക്രമാതീതമായ ഫുട്ബോളിന്റെ വളർച്ചയും മറ്റും വരും തലമുറകൾക്ക് വായിക്കാനും അറിയാനും ആരെങ്കിലും വിശദമായി എഴുതുന്നത് നല്ലതാണ്. തീർച്ചയായും പലതും പറയാനുണ്ടാകും, പല പേരുകളും പരാമർശിക്കാനുമുണ്ടാകും. അതേ പോലെ പഴയകാല കളിക്കാരെ കുറിച്ചും പ്രത്യേകിച്ചു ഒരുകാലത്ത്  വോളിബോൾ കോർട്ടിൽ നിറഞ്ഞു നിന്നിരുന്നവരെ കുറിച്ച്, അത് പോലെ ഇന്നും കെടാതെ നിൽക്കുന്ന കബഡി യെ കുറിച്ചും മറ്റും. 

NB : വല്ലപ്പോഴും ഈ ബ്ലോഗും കണ്ണോടിക്കുക www.rtpen.blogspot.com

Tuesday 29 October 2019

മുതുനെല്ലിക്ക* /*അസീസ്‌ പട്ള ✍*

*മുതുനെല്ലിക്ക*

*അസീസ്‌ പട്ള ✍*

“അയ്യോ. ഞാനല്ല” എന്നു പറഞ്ഞു അവള്‍ ഓടിപ്പോയി വരാന്തയിലെ  ലൈറ്റ് ഓഫ് ചെയ്തു, സമയം ഉച്ചയ്ക്ക് പന്ത്രണ്ടര... ഒരു കള്ളച്ചിരിയോടെ അച്ഛന്‍റെ മുഖത്തു നോക്കി മാളുട്ടി,

ശിവരാമാപിള്ളയ്ക്ക് ഭാവമാറ്റമൊന്നും ഉണ്ടായില്ല, അപ്പോഴും അയാള്‍ കലിപ്പില്‍ തെന്നെ, പകല്‍ വെട്ടത്തില്‍ ലൈറ്റിടുക, അനാവശ്യമായി ഫാന്‍ പ്രവര്‍ത്തിപ്പിക്കുക, വെള്ളത്തിന്‍റെ ടാപ്പ് പൂര്‍ണ്ണമായും അടയ്ക്കാതിരിക്കുക ഇതൊക്കെ അയാളെ വല്ലാതെ അലോസരപ്പെടുത്തും., ജീവിതത്തില്‍ വളരെ കൃത്യനിഷ്ഠത പാലിക്കുന്ന വ്യക്തിത്വമാണ്.



നഗരമധ്യത്തില്‍  തൊട്ടടുത്ത ഒരു എക്സ്പോര്‍ട്ട് ഓഫീസില്‍ ലോജിസ്ടിക് മേധാവിയായി ജോലി ചെയ്യുന്നു, ഒട്ടുമിക്ക ഡോക്യുമെണ്ടുകളും അയാളുടെ കയ്യൊപ്പ് പതിയാതെ നീങ്ങില്ല, പാക്കിംഗ് ലിസ്റ്റ് തൊട്ടു ബില്‍ ഓഫ് ലാടിംഗ് വരെ അയാളുടെ മേശയില്‍ നിരന്നിരിക്കും., സ്കൂള്‍ അവധിയായതിനാല്‍ രാഹുലും, മാളവികയും വീട്ടിലുണ്ടാകും, അതാ അയാളെ ശനിയാഴ്ചയൂണ് വീട്ടില്‍തെന്നെയാക്കാന്‍ പ്രേരിപ്പിച്ചത്.



അടുക്കളയില്‍ വറുത്ത മീന്‍ വാങ്ങിവയ്കുന്ന സുചിത്ര ഇതൊന്നും അറിയുന്നില്ല, അദ്ദേഹത്തിന്ഷ്ടപ്പെട്ട ഉള്ളിത്തീയല്‍ നന്നായിട്ടുണ്ടോയെന്നു സ്വയം വിലയിരുത്തി വിരല്‍ സാരിത്തുമ്പില്‍ തുടച്ചു. ബെഡ്റൂമില്‍ വെറുതെ കറങ്ങുന്ന ഫാന്‍ കണ്ട അയാള്‍ കുറച്ചു കടുപ്പിച്ചു വിളിച്ചു
“സുചീ.......”

സാരിത്തുമ്പ് എളിയില്‍കുത്തി ഓടിവന്നു, ഒന്നും ഉരുവിടാതെ ഫാന്‍ ഓഫ് ചെയ്തു, തിരിഞ്ഞു നിന്നു കയ്യില്‍ നിന്നും ബാഗ് വാങ്ങി അലമാരയില്‍ വെച്ചു സങ്കോചത്തോടെ ഷര്‍ട്ടിന്‍റെ ബാട്ടനഴിക്കുന്നു, “എപ്പോഴാ വന്നേ...?, ഞാനറിഞ്ഞില്ലല്ലോ?” ഇടംകണ്ണിലൂടെ മുഖം വായിച്ചെടുത്ത സുചി ചുറ്റും തിരഞ്ഞുകൊണ്ട്‌ മയത്തില്‍ പറഞ്ഞു “ഉണ്ണിയിവിടെ (രാഹുല്‍), ഉണ്ടായിരുന്നല്ലോ?’, ഇതിപ്പോഎവിടെപ്പോയി?” ഉണ്ണീ.........മോനേ ഉണ്ണീ.......”


അവന്‍ ടോയിലറ്റില്‍ നിന്നും വാതില്‍ തുറന്നു നനഞ്ഞ മുഖത്തോടെ ചോദിച്ചു.. “എന്താ അമ്മേ....?” ങാ... നീ ഉണ്ടായിരുന്നോ, പിന്നെന്താ അച്ഛന്‍ എന്നെ വിളിച്ചപ്പോള്‍ മിണ്ടാതിരുന്നത്? ഞാന്‍ പറഞ്ഞിട്ടില്ലേ ഫാനും ലൈറ്റും ഓഫ് ചെയ്യാതെ മുറിയില്‍ നിന്നും പുറത്തു പോകരുതെന്ന്?, വീണ്ടും കടക്കണ്ണിലൂടെ അയാളുടെ മുഖം പ്രസന്നമാകുന്നതില്‍ ആനന്ദിച്ചു.



“അച്ഛന്‍ വഴക്കു പറയുമെന്നു കരുതീട്ടാ ഞാന്‍ മിണ്ടാതിരുന്നത്”, മുഖത്തെ വെള്ളം കൈപ്പത്തിയില്‍ വാര്‍ന്നു കൊണ്ടവന്‍ പറഞ്ഞു, സുചി വിട്ടില്ല “എടാ.. ഈ വക കാര്യങ്ങള്‍ അച്ഛനു മാത്രമുള്ളതാണോ?, അതാണോ നിങ്ങളൊക്കെ പഠിക്കുന്നത്?” അയാളുടെ നിറപുഞ്ചിരിയില്‍ സുചി വിജയശ്രീലാളിതയായി, സന്തോഷം പുറമെ കാണിച്ചില്ല.



“മതി, മതി.. നീ അവനെ വഴക്ക് പറയണ്ട, ഓര്‍ക്കാതെ പറ്റിപ്പോയതായിരിക്കും അല്ലെ മോനേ ?, ഇനി ശ്രദ്ധിച്ചാ മതി..

“എടീ, ഊണു വിളമ്പു, എനിക്ക് പോകാനായി” മാളൂ........ മോളെ മാളൂ.......നീട്ടിവിളിച്ചു അടുക്കളയിലേക്കു പോകുന്നു പിന്നാലെ മാളുവും,  അവള്‍ ചേരുവകള്‍ ഓരോന്നായി തീന്മേശയില്‍ കൊണ്ടുവച്ചു, രാഹുലും അച്ഛനും ഒന്നിച്ചിരുന്നു, പിന്നാലെ സുചിയും മാളുവും., രാഹുല്‍ “എം.സി.എ” കഴിഞ്ഞു ഒന്ന് രണ്ടു ഇന്റര്‍വ്യൂ പ്രതീക്ഷിച്ചു നിക്കുവാ, മാളുട്ടി ഒന്നാം വര്‍ഷ ബി.എസ്.സി (ബയോളജി), അവള്‍ക്ക് അതാ ഇഷ്ടം, പഠിച്ചു ഒരു ലക്ചറര്‍ ആവണം.

അച്ഛനു മക്കളെ ജീവനാ, പ്ലസ്‌ ടു കഴിഞ്ഞു സുചിയുടെ അനിയത്തി ബംഗാളൂരില്‍ നിലവാരമുള്ള ഒരു കോളേജില്‍ സീറ്റ് തരപ്പെടുതിയിരുന്നു, അയാള്‍ സുചിയോടു പറഞ്ഞു “വേണ്ട, നമ്മുടെ മക്കള്‍ കണ്‍വെട്ടത്തു തെന്നെ വേണം, ഇവിടെ പഠിക്കട്ടെ” അതു പറഞ്ഞു നിറകണ്ണുകളോടെ  സുചിയെ നോക്കിപ്പറഞ്ഞു


“എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ നിനക്കരാ...?, നീയും മാളും ...” പറഞ്ഞു മുഴുമിക്കുന്നതിനു മുമ്പ് സുചി അയാളുടെ വായ പൊത്തി “അരുത്...വേണ്ടാത്തതൊന്നും.......തോന്നരുത്, ഇഷ്ടോല്ലച്ചാ..വേണ്ട, അവന്‍ ഇവിടെ തെന്നെ പഠിക്കട്ടെ, അവള്‍ പറഞ്ഞത് കാര്യമാക്കണ്ട” ഇടത്തോട്ടു ചരിഞ്ഞു കിടന്നു ഏങ്ങിയേങ്ങി കണ്ണീര്‍ വാര്‍ക്കുന്ന സുചിയെ അയാള്‍ ചാരത്തടുപ്പിച്ചു കണ്ണുനീര്‍  തുടച്ചുനീക്കി, വികരവയ്പോടെ പരസ്പരം മനസ്സിന്‍റെ സങ്കടം തീരുന്നത് വരെ കെട്ടിപ്പിടിച്ചു.




സുചിക്ക് അയാളെ ഒരു ഭര്‍ത്താവിലുപരി ധാര്‍മ്മികമൂല്യങ്ങള്‍ക്ക് വില കല്പിക്കുന്ന ഒരു അചാര്യനായിട്ടാണ് തോന്നിയിട്ടുള്ളത്, ചില സമയങ്ങളില്‍ പോട്ടിത്തെറിക്കുമെങ്കിലും മനസ്സ് നിറയെ സ്നേഹമാണ്,മക്കള്‍ക്കും അതറിയാമെങ്കിലും പ്രായത്തിന്‍റെ സഹനശക്തി കുറവായതിനാല്‍ അവര്‍ക്കത്‌ അംഗീകാരിച്ചു കൊടുക്കാന്‍ പ്രയാസമായിരുന്നു, ഉണ്ണിക്കാ..മാളുനെക്കാളും   അച്ഛന്‍റെ കൃത്യനിഷ്ഠതയില്‍ മനസ്സുറക്കാത്തത്.,

▪ ▪ ▪


*നോവല്‍*



*മുതുനെല്ലിക്ക,* *ഭാഗം 2*


*അസീസ്‌ പട്ള✍*




എവിടെയെങ്കിലും ഒരു ജോലി തരപ്പെട്ടാല്‍ മതിയായിരുന്നു എന്നവന്‍ പ്രാര്‍ഥിച്ചു, മാളുനോട് ഇടയ്ക്കിടയ്ക്ക് പറയും “ഞാന്‍ രക്ഷപ്പെടും, ആരുടെയെങ്കിലും തലയില്‍ കെട്ടിവെയ്ക്കുന്നതു വരെ നീ പിന്നേം അച്ഛന്‍റെ ശകാരങ്ങള്‍ കേട്ട് ഇവിട തെന്നെ,” അവള്‍ അവനെ സാകൂതം കേട്ടു നില്‍ക്കും, ഒന്നും പ്രതികരിക്കില്ല... അവള്‍ അങ്ങിനെയാണ്.. മനസ്സ് കൊണ്ട് അച്ഛനെ ഏറെ ഇഷ്ടവും.


അങ്ങിനെയിരിക്കെ രാഹുലിന് ഇന്റര്‍വ്യൂ കാര്‍ഡ് വന്നു, ബംഗളൂരിലെ പ്രശസ്തമായ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍നിന്ന്, തുടക്കം തെന്നെ നല്ല പാക്കേജ്, ഇനി   ഇതിനെയും അച്ഛന്‍ ഉടക്കുമോയെന്ന ശങ്ക രാഹുലിനെ തെല്ലല്ല അലോസരപ്പെടുത്തിയത്, പിന്നെ അമ്മയുടെ പിന്‍ബലംമാത്രം..  അമ്മ, അച്ഛനോട് കാര്യങ്ങള്‍ പറഞ്ഞു, ബംഗളുര്‍ എന്ന് കേട്ടപ്പോള്‍ അയാള്‍ കുടിച്ചു കൊണ്ടിരുന്ന വെള്ളം മുഴുമിക്കാതെ  ഗ്ലാസ്‌ താഴെ വെച്ചു നിര്‍വികാരനായി നേരെ വരാന്തയില്‍ പോയിരുന്നു., കാര്യം മനസിലാക്കിയ സുചി സാന്ത്വനത്തിന്‍റെ കൈത്തിരിയുമായി പിന്നാലെ ചെന്നു അയാളില്‍  ഓരം ചാരിനിന്നു, വിദൂരതയില്‍ കണ്ണുംനട്ട് സുചി രണ്ടും കല്‍പിച്ചു പറഞ്ഞു “എത്ര കാലച്ചാ നമുക്ക് കൂടെ പാര്‍പ്പിക്കാന്‍ പറ്റും, അവര്‍ക്കും വേണ്ടേ ഒരു ഭാവി, ജോലി ശരിയായിട്ടൊന്നുമില്ലല്ലോ, വെറും പത്തു  ശതമാനം മാത്രമേ ചാന്‍സെന്നാ അവന്‍പ റേണേ,.... വിലാസിനിയുടെ അടുത്ത് പോകുന്നതെന്ന് കരുതിയാ പോരെ?.”

കണ്‍പോള മേല്‍പ്പോട്ടുയര്‍ത്തി തറച്ചു നില്‍ക്കുന്ന അവളുടെ മുഖഭാവം അയാള്‍ വായിച്ചു, സീരിയസ്സാണ്, ദൈവമേ.. അവളും പിണങ്ങിയാല്‍... ഇല്ല അയാള്‍ക്കത് ഓര്‍ക്കാനുംകൂടി കഴിഞ്ഞില്ല., പതിഞ്ഞ സ്വരത്തില്‍ പുഞ്ചിരി വിടര്‍ത്തി സുചിയുടെ കൈകളിലമാര്‍ത്തിപ്പിടിച്ചുകൊണ്ട്‌ പറഞ്ഞു


“ന്നാ... ഞാനായിട്ട് മുടക്കിണില്ല, എന്നാ ഇന്റര്‍വ്യൂ?” നിറ കുസുമത്തെ നേരിയ മഞ്ഞ്  തുടുപ്പിച്ച മാത്രയില്‍ സുചിയുടെ മുഖം വികസിച്ചു, നിറഞ്ഞ പുഞ്ചിരിയോടെ അവള്‍ മുഴുമിച്ചു.. “മറ്റന്നാള്‍ അവിടെ എത്തണം ന്നാ ഉണ്ണി പറഞ്ഞെ..”, യാത്ര പറയുമ്പോള്‍ അയാള്‍ നിര്‍വികാരനായി കെട്ടിപ്പിടിച്ചു മകനെ ഉപദേശിച്ചു “ഞങ്ങള്‍ നിന്നെ കാണില്ല, പക്ഷെ ഈശ്വരന്‍ സദാ നിന്നെ കാണുന്നു എന്ന കാര്യം മറക്കരുത്”, അവന്‍റെ മൂര്‍ദ്ദാവില്‍ ഉമ്മവെച്ചു, കാലില്‍ തൊട്ടു വന്ദിച്ച രാഹുല്‍ യാത്രയായി.



ബംഗളൂരില്‍ചെറിയമ്മയുടെ വീട്ടില്‍ താമസിച്ച രാഹുല്‍ പിറ്റേ ദിവസം പറഞ്ഞ സമയത്ത് ഇന്റര്‍വ്യൂ ലോട്ടിലെത്തി, മലര്‍ക്കെ തുറന്നു കിടക്കുന്ന ഗേറ്റ് കണ്ടപ്പോള്‍ രാഹുല്‍ സംശയിച്ചു, ഇത് തെന്നെയല്ലേ?, ങാ.. ഏതായാലും കടക്കാം, പക്ഷെ അവന്‍ എന്തോ.. അച്ഛനെ ഒരു നിമിഷം ഓര്‍ത്തോ യാന്ത്രികമായോ മനസ്സില്‍ പിരാകി ഗേറ്റ് അടച്ചു, ദേ.. പിന്നേം, പൂച്ചെടി നനക്കാനുള്ള ടാപ്പ്‌ തുറന്നു കിടക്കുന്നു.... അച്ചനെപ്പോലുള്ളവര്‍ ഇവിടെ ഇല്ലാത്തത് ഇവരുടെ ഭാഗ്യം, നഹാ... അവന്‍ ആ ടാപും അടച്ചു, പരവതാനിയില്‍ മുകളിലേക്ക് കയറിപ്പോകുമ്പോള്‍ വെല്‍കം എന്നെഴുതിയത് തിരിച്ചിട്ടതു ശ്രദ്ധയില്‍പ്പെട്ടു, ആരും ശ്രദ്ധിക്കുന്നില്ലെന്നുറപ്പു വരുത്തി അതും ശരിയാം വണ്ണം വിരിച്ചു.


വലീയ ഹാളില്‍ അമ്പതില്‍പ്പരം ഉദ്യോഗാര്‍ത്ഥികള്‍ തിങ്ങി നില്‍ക്കുന്നു, നേരെ മുമ്പിലുള്ള വാതില്‍ തുറന്നു ഒരാള്‍ രാഹുലിനെ  അകത്തേക്ക് ക്ഷണിച്ചു, വലതു വശത്തെ ശീതീകരിച്ച മുറിയില്‍ ഫുള്‍ സൂട്ടില്‍ മൂന്നു പേര്‍, ഹെയര്‍ ബോബ് ചെയ്തെ ഒരു സ്ത്രീയും, ഒരു പ്യുണും , രാഹുലിനെ  അകത്തേക്ക് കൂട്ടിക്കൊണ്ടുപോയത് പ്യുണായിരുന്നു., മറ്റു നാലുപേരും  ഒരേ സ്വരത്തില്‍ പറഞ്ഞു “congratulation, you are selected” അഭിനന്ദനങ്ങള്‍, നിങ്ങളെ സെലക്ട്‌ ചെയ്തിരിക്കുന്നു..

സര്‍ട്ടിഫിക്കറ്റ്പോലും നോക്കാതെ എങ്ങനെ സെലെക്റ്റ് ആവാനാ, പരിഹസിക്കുന്നത് പോലെയാണ് രാഹുലിന് തോന്നിയത്, “why?!, can’t you believe…??. Come let me show you”, അവരിലൊരാള്‍ പറഞ്ഞു, എന്താ വിശ്വാസം വരുന്നില്ലേ വരൂ.... സി.സി. കാമറയില്‍ അയാള്‍ ഗേറ്റ് അടക്കുന്നത് മുതല്‍ ഇവിടെവരെയുള്ള ദൃശ്യം കാണിച്ചു, എല്ലാവരും ഷെയ്ക്ക്ഹാന്‍ഡ്‌ ചെയ്തു അഭിനന്ദിച്ചു, ഉടനെ ജോയിന്‍ ചെയ്യാനും പറഞ്ഞു, ആ പറഞ്ഞതും ദൃശ്യം കാണിച്ചതും  എം.ഡി. ആയിരുന്നെന്നു രാഹുല്‍  മനസ്സിലാക്കി....

“ഞങ്ങള്‍ക്ക് അറുപത്തിമൂന്ന് ഉദ്യോഗാര്‍ത്ഥികള്‍ ഉണ്ടായിരുന്നു, എല്ലാവരും അറ്റന്‍ഡ് ചെയ്തു, ബട്ട്‌.. ഞങ്ങള്‍ക്ക് വേണ്ടിയിരുന്നത് ക്രിയാത്മകമകാവും, പ്രതികരണശേഷിയുമുള്ള നിങ്ങലെപ്പോലുള്ളവരെയാണ്, ഈ അറുപത്തിരണ്ടു പേരും ഗേറ്റ് അടക്കുകയോ ടാപ്പ്‌ പൂട്ടുകയോ ചെയ്തില്ല, തിയറെറ്റിക്കലും, പ്രാക്ടിക്കലും അപ്പാടെ വിഴുങ്ങിയ റോബോട്ടിനെയല്ല ഞങ്ങള്‍ക്കാവശ്യം.”

വിശ്വസിക്കാനാവാതെ അച്ഛനെ മനസ്സില്‍ ധ്യാനിച്ച്‌ അവരുടെ മുമ്പില്‍ കൈകൂപ്പി നിന്നു, അണപൊട്ടിയൊഴുകുന്ന കണ്ണീരിനു തടയിടാന്‍ അവനു കഴിഞ്ഞില്ല, ഉടനെ എം.ഡി. ചേര്‍ത്തു നിര്‍ത്തി പുറത്തു തട്ടി ആശ്വസിപ്പിച്ചു... ടേക്ക് ഇറ്റ്‌ ഈസീ മാന്‍......... ബി ബോള്‍ഡ്,


അവന്‍റെ മനസ്സ് അച്ഛനെക്കാണാന്‍ സൂപ്പര്‍സോണിക് പ്രവേഗത്തിലുമപ്പുറം പറക്കുകയായിരുന്നു.. ചെറിയമ്മയോടു യാത്ര പറഞ്ഞു ഉടനെ തിരിച്ചു, വാതില്‍ക്കല്‍ അച്ഛനും അമ്മയും മാളുട്ടിയും കാത്തുനില്‍പ്പുണ്ടായിരുന്നു.. മൂവരുടെയും ദേഹങ്ങളിലെക്ക് ചാഞ്ഞുവീണു.......അച്ഛനെ തൊഴുതു കൊണ്ട് മന്ത്രിച്ചു.............മാപ്പ്......... എനിക്കച്ചനെപ്പോലെ യാവാന്‍ കഴിഞ്ഞില്ലല്ലോ............. മൂവരുടെയും കണ്ണുകള്‍ നനഞ്ഞു, അച്ഛന്‍റെ കാലില്‍ തൊട്ടു  നമ്രശിരസ്സനായി നമിച്ചുനിന്നു.. “ഏയ്‌, എന്താടാ...... നീ ഇപ്പോഴും ......... കൊച്ചു കുട്ടിയെപ്പോലെ...” അയാള്‍ കരച്ചില്‍ അമര്‍ത്തിപ്പിടിച്ചു ഗദ്ഗദം.. “നിങ്ങളെപ്പോലുള്ള മക്കളെ തന്നനുഗ്രഹിപ്പെട്ട ഞങ്ങള്‍  ഈശ്വരനോട് കടപ്പെട്ടിരിക്കുന്നു.”,
“വാ മോനെ.... സുചി കൈ പിടിച്ചാനയിച്ചു, ഒപ്പം കലങ്ങിയ കണ്ണുകളുമായ് മാളുട്ടിയും .....





ശുഭം....



Monday 28 October 2019

കാൽപ്പന്തുകളിയിലെ* *ജില്ലാ ടീമിൽ* *പട്ലയുടെ ചുണക്കുട്ടി!* /അസ്ലം മാവിലെ

കാൽപ്പന്തുകളിയിലെ*
*ജില്ലാ ടീമിൽ*
*പട്ലയുടെ ചുണക്കുട്ടി!*
............. ...............
അസ്ലം മാവിലെ
............. ...............

മറ്റന്നാൾ അതിരാവിലെ മംഗലാപുരത്ത് നിന്നും പുറപ്പെടുന്ന വണ്ടി  കാസർകോട് റയിൽവേ സ്‌റ്റേഷനിൽ യാത്രക്കാർ കയറാൻ രണ്ട് മിനിറ്റ് നിർത്തും;   പിന്നെയത് ചൂളം വിളിച്ചു മുന്നോട്ട് നീങ്ങും;  സാധാരണ പോലെ തിരൂരിലും ഒരു സ്റ്റോപ്പുണ്ട്. അവിടെ  ഇറങ്ങുന്ന പതിവ് യാത്രക്കാർക്കു പുറമെ ഒരു പതിനാറ് തികയാത്ത പയ്യനും കൂടി അന്ന് വണ്ടിയിറങ്ങാനുണ്ടാകും. ആരാലും ശ്രദ്ധിക്കപ്പെടാൻ സാധ്യതയില്ലാത്ത ആ പയ്യൻ.  പക്ഷെ, ഒരു ജില്ലയുടെ പ്രതിനിധിയായാണ് അന്നവിടെ അയാൾ കാല് കുത്തുന്നത്.
പിന്നിൽ ഒതുക്കിക്കെട്ടിയ അവന്റെ ബാക്ക്പാക്കിൽ ഒരു ജില്ലയെ ആലേഖനം ചെയ്ത ജേഴ്സിയുണ്ടാകും;  മനസ്സിൽ നിറയെ വിജയ പ്രതീക്ഷയുടെ പൊടിപാറും ആരവങ്ങളുമുണ്ടാകും.


അന്ന്, പട്ലയും സന്തോഷിക്കും. ഫുട്ബോളിനെ സ്നേഹിക്കുന്ന പട്ലൈറ്റ്സും സന്തോഷിക്കും. ആ ബാല ഫുട്ബോൾ താരത്തിന്റെ കുടുംബം സന്തോഷിക്കും. കൂടെ, യുനൈറ്റഡ് പട്ലയെന്ന വലിയ ക്യാൻവാസും.

അവൻ ആദിൽ, ആദിൽ അബ്ദുല്ല. കെ.എച്ച്. ബഷീർ - ഷമീമ  ദമ്പതികളുടെ മകൻ. 16 വയസ്സിന് താഴെയുള്ളവരുടെ കാസർകോട് ജില്ലാ ടീമിൽ ഇന്നാണ് ആദിലിന് ഇടം കിട്ടിയത്. ചെറുവത്തൂരിൽ നടന്ന 3 ദിവസത്തെ ജില്ലാ ഫുട്ബോൾ പരിശീലനത്തിൽ ആദിൽ ഏറെ മുന്നിലെത്തിയിരുന്നു, നേരത്തെ സബ്ജില്ലാ തല ക്യാമ്പിൽ നിന്നാണ് ആദിൽ ജില്ലാ പരിശീലന ക്യാമ്പിലേക്കെത്തുന്നത്. 

മറ്റന്നാളാണ് മലപ്പുറത്ത് സംസ്ഥാന തല മത്സരമുള്ളത്. ആദിൽ കാസർകോട് ജില്ലയ്ക്ക് വേണ്ടി അന്ന് ജേഴ്സി അണിഞ്ഞ് കളിക്കളത്തിലിറങ്ങും. വിജയക്കൊയ്ത്തോടെ ടീമിനൊപ്പം  ആദിലിന് മടങ്ങാൻ നമുക്കെല്ലാവർക്കും ആശംസ നേരാം.

പൂന കേന്ദ്ര ഇൻസ്സ്റ്റിറ്റ്യൂട്ടിൽ അവസാന വർഷ ഗവേഷണ വിദ്യാർഥിനിയായ  ഷിബ്-ല അടക്കം രണ്ടു സഹോദരിമാരാണ് ആദിലിന്. ചെമനാട് സ്കൂളിലാണ് പഠിത്തം,  പത്താം ക്ലാസ്സിൽ.

ഒന്ന് നേരിട്ട് കണ്ട് എന്റെ സന്തോഷം പറയാൻ  കുഞ്ഞിപ്പള്ളിയിൽ മഗ്രിബ് നിസ്ക്കരിച്ച് ഞാൻ തിരിഞ്ഞു നോക്കിയെങ്കിലും ഇന്ന് മാത്രം അയാളെ  കണ്ടില്ല. ഇശയ്ക്കു കാണുമായിരിക്കും.

മാസ്റ്റർ ആദിൽ, വിഷ് യൂ വെരീ ബെസ്റ്റ് ഓഫ് ലക്ക് ! പഠനവും കാൽപ്പന്തുകളിയും ഒപ്പത്തിനൊപ്പം മുന്നോട്ട് കൊണ്ട് പോവുക, ഒരു ഗ്രാമം മുഴുവൻ നിങ്ങളുടെ കൂടെയുണ്ട്.  അനുമോദനങ്ങൾ !⚽

സഹദിന്റെ ശ്രമം* *ഫലം കാണട്ടെ* /. അസ്ലം മാവിലെ


*സഹദിന്റെ ശ്രമം*
*ഫലം കാണട്ടെ*

...........................
അസ്ലം മാവിലെ
...........................

പ്രസന്റേഷൻ ചെറിയ സ്ക്കില്ലല്ല. സ്ക്കില്ലെന്നതിലുപരി അതൊരു ആർട്ട് കൂടിയാണ്. സർഗ്ഗാത്മകമായ റിതമുണ്ടതിന്. ആ ഒരു താളലയത്തിന്റെ നിമ്ന്നോന്നതിയിൽ അനുവാചകൻ അനന്യമായ ലയം കണ്ടെത്തുന്നിടത്താണ് പ്രസന്റേഷന്റെ വിജയം. ആത്മവിശ്വാസമാണ് ഈ റിതത്തിന്റെ സർവ്വ ഊർജ്ജവും.

പറഞ്ഞു പോക്കല്ല, എന്നാലാണുതാനും. പ്രസന്റേഷനെന്നത് വിഷയം പറഞ്ഞുതീർക്കാനുള്ള പറഞ്ഞുപോക്കാകരുത്. അതിലനുവാചകനെ മതി തീരാതെയിരുത്താനുള്ള ഒന്നായിത്തീരണം. പഠിക്കാൻ, അറിയാൻ, അപ്ഡേറ്റ് ചെയ്യാൻ, ആസ്വദിക്കാൻ എന്തെങ്കിലുമതിൽ ഉണ്ടാകണം.

സഅദ് ഒരു തുടക്കമിട്ടതാണ്. ഒന്നാം ഭാഗമെന്നതിൽ കാണുന്നു. യുട്യൂബിലെ പ്രസന്റേഷനാണ്. ട്രയലെന്ന് പറഞ്ഞു അങ്ങിനെത്തന്നെ നിർത്തിക്കളയരുത്. Trust me, ആദ്യം പറയുന്ന ഹലോയിൽ തന്നെ നല്ല ഊർജ്ജുമുണ്ട്, ഹാലജൻ ബൾബോളം പ്രസരിപ്പുണ്ട്. തുടരുക, വിജയിക്കും.

മുജീബ് പട്ലയെ അറിയില്ലേ, ഇന്ന് നല്ല പ്രേക്ഷകരുള്ള ഐക്കണാണയാൾ. തുടങ്ങിയത് ഇങ്ങനെയൊക്കെ തന്നെ. പക്ഷെ, കുറവുകൾ നികത്തി, കൂടുതൽ വർണ്ണശബളിമയോടെ കാര്യങ്ങൾ ബോൾഡായി അവതരിപ്പിച്ചു. നല്ല ഹോം വർക്കും ചെയ്തു. മുജിബിന്റെ ഏറ്റവും പുതിയ എപ്പിസോഡ് ഫിലോസഫി പഠനത്തിനുള്ള സാധ്യതകളെ കുറിച്ചാണ്. 

സഅദ് കൊല്യയോട്,  ഉദ്യമം തുടരുക. ഒപ്പം, സഅദിന്റെ കൂട്ടുകാർ സപ്പോർട്ടും നൽകുക. യുട്യൂബ് ലിങ്കിൽ സബ്സ്ക്രൈബെങ്കിലും ചെയ്തു കൂടേ നിങ്ങൾക്ക് ? അങ്ങിനെയല്ലേ സഅദിനെ സപ്പോർട്ട് ചെയ്യുക.

നന്നായി ഹോം വർക്കു ചെയ്യൂ, അതിൽ ഏറ്റവും നന്നായതൊന്ന് പോസ്റ്റു ചെയ്തു കൊണ്ടേയിരിക്കൂ, സഅദ്. നിങ്ങൾ കലക്കും, ഉറപ്പ്. എന്റെ ക്ലാസ്മേറ്റിന്റെ മകൻ കൂടിയാണ് നിങ്ങൾ. അത്കൊണ്ട് പാതിവഴിക്ക് നിർത്തരുത്. പട്ലയിലെ എണ്ണിപ്പറഞ്ഞ ആദ്യകാല പ്രസംഗകനായ കൊല്യ അബ്ദുല്ല സാഹിബിന്റെ ഈ പേരക്കുട്ടിക്ക് എന്റെ എല്ലാ വിധ നന്മകൾ ! ഭാവുകങ്ങൾ!

കോമ്മൺ പ്ലാറ്റ്ഫോം* *ഇനിയുമിവിടെ ആവാത്തതെന്തേ ?* /. അസ്ലം മാവിലെ



*കോമ്മൺ പ്ലാറ്റ്ഫോം*
*ഇനിയുമിവിടെ ആവാത്തതെന്തേ ?*
.............................
അസ്ലം മാവിലെ
.............................
ഞാനെഴുതുന്നത് കൊണ്ട് ആരും പുറം തിരിഞ്ഞ് നിൽക്കണമെന്നില്ല;  ഇരിക്കണമെന്നുമില്ല. പക്ഷെ, എഴുതുന്ന സബ്ജക്ട് പ്രസക്തമാണോ എന്ന് മാത്രം നോക്കുന്നതിൽ കുഴപ്പമുണ്ടോ ?  പ്രസക്തമെന്ന് മനസ്സു പറയുന്നുണ്ടെങ്കിൽ അത് ഒന്നുകൂടി ഡീപായി പഠിച്ച്, മതിയായ മോഡിഫിക്കേഷൻ വരുത്തി  നിങ്ങളുടെ സുഹൃദ് വലയങ്ങളിൽ  അവതരിപ്പിക്കണം. 
ഉട്ടോപ്യൻ ലോകത്തിലെ നടക്കാത്ത സ്വപ്നങ്ങളല്ല. മറിച്ച്, കൊക്കിലൊതുങ്ങുന്ന വിഷയങ്ങൾ മാത്രമേ ഞാൻ ഓപ്പൺ ഫോറങ്ങളിൽ എപ്പോഴും പറയാറുള്ളു.
മാൻപവറുള്ള ഒരുപാട് കൂട്ടായ്മകളുണ്ട്. നേതൃത്വത്തിന്റെ ഒരു ഇലയനക്കത്തിന് കാത്തിരിക്കുന്നവർ. അവർക്കേ ജനകീയമായി എന്തെങ്കിലുമല്ല, എന്തും  സംഘടിപ്പിക്കാനും വിജയിപ്പിക്കാനും  സാധിക്കൂ. അത് നിലനിർത്താനുമാകൂ. Maintain ചെയ്യുക ന്രിലനിർത്തുക) എന്നത് വളരെ പ്രധാനമാണ്. 
നാലാൾ ഇരുന്ന് ഒരു നേതൃത്വത്തെ  തെരഞ്ഞെടുക്കുന്ന  സംഘങ്ങൾക്കാണ് വളരെ ഭംഗിയായി  മറ്റേതിനേക്കാളും സുതാര്യമായി ആക്ടിവിറ്റീസ് നിലനിർത്തി കൊണ്ടുപോകാനും തുടർച്ച നിലനിർത്താനും കൈക്കുറ്റങ്ങൾ തിരുത്തിയും മാറ്റങ്ങൾ വരുത്തിയും  പ്രവർത്തനക്ഷമമാകാനാകൂ. 
ശരി,  അങ്ങിനെയുള്ള ഒരു പൊതു കൂട്ടായ്മ നമ്മുടെ നാട്ടിൽ ഇല്ല എന്ന നിങ്ങൾ സ്വന്തത്തോട് പറഞ്ഞു കൊണ്ടേയിരിക്കുന്ന പരമസത്യത്തെ കുറിച്ചാണ് ഇന്നെനിക്ക് നിങ്ങളോട് പറയാനുള്ളതും. അതാണ് ഇടക്കിടക്ക് ചർച്ചയ്ക്ക് വിഷയമാക്കേണ്ടതും. 
വേണമെങ്കിൽ നിങ്ങൾക്ക്  PTA യെ കാണിക്കാം. നാട്ടുകാരുടെ മൊത്തം പ്രാതിനിധ്യമതിനുണ്ടെങ്കിലും ഔപചാരികതകളുടെ അസ്കിതകൾ ധാരാളമുണ്ടുതാനും. അതിന് ചില ഔeദ്യാഗികതകളുടെ പരുക്കൻ മുഖഭാവങ്ങളുമുണ്ട്.
അത് വിട്ടു, പിന്നൊന്ന് പറ. ഇല്ല, പിന്നൊന്നില്ല. പിന്നൊന്നിലേക്ക് ഇറങ്ങി വരാൻ ആർക്കുമാവുന്നില്ല. എന്തേ കാരണം ?
പരിമിത നിറങ്ങളുടെയും അതിലും പരിമിത മാനങ്ങളുടെയും സമാനചിന്താഗതികളുടെയും  അടിസ്ഥാനങ്ങളിൽ ഇപ്പോൾ  നിലനിൽക്കുന്ന കൂട്ടായ്മകൾ സജീവമായി തന്നെ പ്രവർത്തിക്കട്ടെ. ആരും എതിരല്ല.  അതാവശ്യമാണ് താനും. രാഷ്ട്രിയം. വിശ്വാസം, കായികം എന്ത് പേരിലായാലും. കായിക കൂട്ടായ്മകൾ ഒഴിവാക്കിയാൽ മറ്റു രണ്ടിനോടും ഓരം ചേർന്ന് എല്ലാവർക്കും ഒന്നിച്ച് ഒരു കുടക്കീഴിൽ  നിൽക്കാനുമാകില്ലല്ലോ.
അപ്പോൾ ? ഒരു നാടിന്റെ മൊത്തം നാനാത്വ സൗന്ദര്യസങ്കൽപ്പമുൾക്കൊണ്ട് മതിയായ പ്രാദേശിക പ്രാതിനിധ്യമുൾപ്പെടുത്തി ഒരു പ്രസ്ഥാനം കാലം ആവശ്യപ്പെടുന്നില്ലേ ? ഉണ്ടന്നേയ്,  ഇന്നല്ലെങ്കിൽ നാളെ നിങ്ങൾ അതിനെക്കുറിച്ച് ചിന്തിക്കേണ്ടി വരും.
മുമ്പ് പട്ല സ്കൂൾ ഒഎസ്എയ്ക്ക് നടേ പറഞ്ഞ പ്രാതിനിധ്യം ഉറപ്പാക്കാൻ സാധിച്ചിരുന്നു. ഒരു നാടിന്റെ മൊത്തം ഐക്കണാകുന്നതിൽ അന്നത് വിജയിച്ചിട്ടുണ്ട്. പിന്നെയതിന്റെ പ്രതാപകാലം മങ്ങിമങ്ങിയില്ലാതായതെങ്ങിനെ ? അതിന്റെ കാരണങ്ങൾ പലവട്ടം വിവിധ സന്ദർഭങ്ങളിൽ ചർച്ച ചെയ്തിട്ടുള്ളത് കൊണ്ട് ഇന്ന് അങ്ങോട്ടേക്കില്ല.
രാഷ്ട്രിയ പ്രസ്ഥാനങ്ങളുടെ യുവജനവിഭാഗങ്ങൾ പൊതുവിൽ കയ് വെക്കാറുള്ള സേവന മേഖലകളിലേക്ക് ഈ proposed  കൂട്ടായ്മ പോകേണ്ടതില്ല. അല്ലാതെ തന്നെ ഒരുപാടു മേഖലകളുണ്ടല്ലോ. അതേപോലെ,  കൊക്കിൽ കൊള്ളാത്തതെല്ലാം ഏറ്റെടുത്ത് തുമ്പിയെ കല്ലെടുപ്പിക്കാനും ശ്രമിക്കേണ്ടതുമില്ല. അതിനെല്ലാമപ്പുറം ബ്ലോക്കുകൾ തിരിക്കാതെയുള്ള ഇരുത്തങ്ങളും മുഖം നോക്കലുകളും സൗഹൃദ നാട്ടിൻ കൂട്ടങ്ങളും ഇതു വഴിണ്ടാകുമെന്നെങ്കിലും പ്രതിക്ഷിക്കാമല്ലോ.
ഞാൻ എഴുതിത്തരാം, ട്രസ്റ്റ് മോഡൽ പ്രസ്ഥാനങ്ങൾക്ക് സ്ഥായിയായ ജനകീയടിത്തറ ഉണ്ടാക്കാനാകില്ല. പ്രത്യേകിച്ച്,  ജനാധിപത്യബോധവും ബോധ്യവും കൂടുതൽ Update ചെയ്ത് കൊണ്ടിരിക്കുന്ന ഇന്നിന്റെ ലോകത്ത്. സാക്കിർ പട്ലയെപ്പോലുള്ള യുവശബ്ദങ്ങൾ മുമ്പ് പലപ്പോഴും എഴുതിയുമല്ലാതെയും വാചാലരായത് അഭ്യുദയകാംക്ഷിത്വം കൊണ്ടും ബഡ്ഡിംഗ് തലമുറകളുടെ മനസ്സറിയുന്നത് കൊണ്ടുമായിരിക്കണം.
ചെറിയ എഴുത്തകളേ ആരും വായിക്കൂ. അത് കൊണ്ട് വിഷയത്തിൽ തന്നെ ഞാൻ ശ്രദ്ധ പതിപ്പിക്കുന്നു. 
(മുന്നിട്ട്) ഇറങ്ങേണ്ടവർ ഇറങ്ങണം. ഗ്രീൻ സിഗ്നൽ നൽകണം. മസിലുപിടുത്തത്തിനും വായുപിടുത്തത്തിനും തൊട്ടടുത്ത ശ്വാസം വിടലോളമുള്ള കുഞ്ഞു ദൈർഘ്യമേയുള്ളൂ എന്നും എല്ലാവരും അറിയണം. അറിയേണ്ടവരാകട്ടെ, അതാദ്യവുമറിയണം. 
ചുറ്റുപാടു സാഹചര്യങ്ങും അനുഭവങ്ങളും നിരീക്ഷണങ്ങളുമാണ് നമ്മുടെ ആരുടെയും ആലോചനയുടെ കരുത്ത്. ഇനി പറയുന്ന ആലോചനയോട് നിങ്ങൾ യോജിക്കുമെന്ന് കരുതാം.   മാറ്റത്തിനും മാറിച്ചിന്തിക്കലിനും  എക്കാലവും കാണാറുള്ള വഴി തടസ്റ്റങ്ങൾ പിടിച്ചമുയലിന് മൂന്ന് കൊമ്പ് വാദമാണ്.
ആലോചിക്കാം,
കുറ്റപ്പെടുത്തലുകൾക്കല്ല,
ട്രോളുകൾക്കുമല്ല ഈ എഴുത്ത്.
നന്മയും ഗുണകാംക്ഷയും മുന്നിൽ വിളക്കുതിരികളായി വെച്ച് വിഷയം ചർച്ചയ്ക്ക് വിധേയമാക്കുക.

രാമചന്ദ്രൻ വേട്ടറാഡി / A M P



കവി, എഴുത്തുകാരൻ, സാംസ്ക്കാരിക പ്രവർത്തകൻ, നാടക കലാകാരൻ, അധ്യാപകൻ.
*ശ്രീ രാമചന്ദ്രൻ വേട്ടറാഡി*യെ നമുക്കിങ്ങിനെ വിശേഷിപ്പിക്കാം.

ഇദ്ദേഹത്തെ ഒരു ഗദ്യകവിത ആസ്വദിക്കാം. മാഷിന്റെ  സുഹൃത്ത് രവിയാണ്  ആലാപനം ചെയ്തത്. 

ഇടക്ക് പറയാൻ വിട്ടുപോയ ഒരു കാര്യം. അക്ഷരങ്ങളെ അരിക് ചേർത്തുന്ന ഈ യുവ എഴുത്തുകാരൻ അധ്യാപകനായി സേവനം ചെയ്യുന്നത് ഈ ചുറ്റുവട്ടത്താണ്, പട്ലയിൽ തന്നെ !

പട്ല ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്ക്കൂൾ വിഭാഗം മലയാള അധ്യാപകനാണ് രാമചന്ദ്രൻ മാസ്റ്റർ.

തുടർ ദിവസങ്ങളിൽ
അദ്ദേഹം രചിച്ച ഗാനങ്ങൾ നമുക്ക് ആസ്വദിക്കാം.

.               *അസ്ലം മാവിലെ*



ചെറിയൊരു വീഴ്ച പറ്റിയാല്‍ മതി, നിങ്ങള്‍ ചെയ്ത നന്മകളെല്ലാം മറക്കാന്*‍ /. അസ്ലം മാവിലെ



*ചെറിയൊരു വീഴ്ച പറ്റിയാല്‍ മതി, നിങ്ങള്‍ ചെയ്ത നന്മകളെല്ലാം മറക്കാന്*‍
............................
അസ്ലം മാവിലെ
............................
http://www.kvartha.com/2019/10/just-small-mistake-others-will-forget.html?m=1
നിങ്ങളുടെ ജീവിതത്തിൽ ഇങ്ങിനെ ഒരു അനുഭവം എപ്പഴെങ്കിലും കടന്നു പോയ്ക്കാണും. എന്താണെന്നോ ?
ചെറുതാകട്ടെ വലുതാകട്ടെ ഒരു കൂട്ടായ്മയിൽ നിങ്ങൾ സജീവമാണ്. പാർട്ടി, പള്ളി, പള്ളിക്കൂടം, കുടുംബക്കൂട്ടായ്മ, ക്ഷേമക്കൂട്ടായ്മ അങ്ങിനെയെന്തെങ്കിലും...
നിങ്ങളുടെ സേവന സന്നദ്ധതയും കഴിവും സമയവും ആത്മാർഥതയും  അവർ മാക്സിമം നന്മയുടെ ഭാഗമായി യഥാസമയം ഉപയോഗിച്ചു. നിങ്ങളും അതിന്റെ പൂർത്തീകരണത്തിന്റെ ഭാഗമായി സഹകരിച്ചു. നന്നായി, 'നര' വരും വരെ.
തടികൊണ്ടാകാം, ബുദ്ധികൊണ്ടാകാം, പണം കൊണ്ടാകാം, പിരിവു കൊണ്ടാകാം, തന്ത്രം കൊണ്ടാകാം, 'ശാന്തിമന്ത്രം' കൊണ്ടാകാം, ശകടം കൊണ്ടാകാം,  സംസാരം കൊണ്ടാകാം, എഴുത്തുകുത്തു കൊണ്ടാകാം, എന്തുമാകാം.....
ഒന്നിൽ , ഒരിടത്ത്, അപ്രതീക്ഷിത നേരത്ത്, ഓർക്കാപ്പുറത്ത്, ഒരിക്കലും നിനച്ചിരിക്കാതെ നിങ്ങൾ ഒന്നിടറി. അത് ചെയ്ത് തീർക്കാൻ നിങ്ങൾക്കായില്ല. നിങ്ങളുടെ സാഹചര്യമതിനനുവദിച്ചില്ല.
അപ്പോൾ, വരമ്പത്ത് ഓടിക്കയറി നിന്ന് നിങ്ങളെ തോട്ടി കൊണ്ട് തോണ്ടാൻ, കുറവ് പറയാൻ, കുറ്റമാരോപിക്കാൻ, വിളിച്ചും നേരിട്ടും കുത്തുവാക്കു പറയാൻ, ഇരുത്താൻ, ചവിട്ടിത്താഴ്ത്താൻ, നിങ്ങളില്ലാത്തിടത്ത് നിങ്ങളെ  കഥാപാത്രമാക്കാൻ, എന്നും പപ്പാതീന്ന് ഓടിയൊളിച്ചവനെന്ന് പെരും നുണകെട്ടിപ്പറയാൻ....
അന്നേരം നിങ്ങൾ ?  നിങ്ങൾ ഒറ്റയ്ക്കായിരിക്കും. നിങ്ങൾ കൂടി ഉണ്ടാക്കിയെടുത്ത തണലിനടിയിൽ നിന്ന്  നിങ്ങൾ മാത്രം വെയിൽ കൊള്ളുന്നവനാകും. മറ്റാരും വിയർക്കുന്നുണ്ടാകില്ല, നിങ്ങളൊഴിച്ച്. 
കൂടെ? ആരുമുണ്ടാകില്ല. ഉണ്ടാകണമെന്നാഗ്രഹിച്ചവർക്ക്  സമ്മർദ്ദങ്ങൾ വരും.  നിങ്ങളുടെ കൂടെ നിന്നവനൊക്കെ 'അവരാൽ'' വിമതനാകുമെന്ന് ഭയന്ന് മിണ്ടില്ല. അന്വേഷിക്കില്ല കാര്യം തിരക്കാൻ വരെ വരില്ല.  മൗനം കൊണ്ട് നീതിയുടെ പട്ടട തീർക്കുമവർ !
ഇങ്ങിനെ ഇരുന്നവർ ഒരു പാടുണ്ട്. ഇരുന്നവരല്ല,  ഇരുത്തിയവരാണവർ. അന്തർമുഖരായി, നിഷ്ക്രിയരായി, പാസ്സിവായി അവർ ഏത്  കൂട്ടത്തിലും കാണും. ഒഴിഞ്ഞ മൂലകളിൽ അവർ ആരുടെയും അറ്റെൻഷനില്ലാതെ ഇരുന്നിട്ടുണ്ടാകും. ഒതുങ്ങി, അല്ല ഒതുക്കപ്പെട്ട്.
പൊയ്പ്പോയ കഥകളുടെ വെണ്ണീർ തോണ്ടാനല്ല ഈ എഴുത്ത്. അതിലിനിയും ചികഞ്ഞ് കനൽ കെടാത്ത കൊള്ളിതപ്പാനുമല്ല. അവരെയാർക്കും സേവനമെന്ന കനകകൊട്ടാരത്തിലേക്ക് തിരിച്ചു  കൊണ്ടുവരാനൊത്തെന്നും വരില്ല.
പക്ഷെ, അന്യർക്ക് വേണ്ടി പതറുമ്പോൾ, ഇടറുമ്പോൾ, ഒരു ഉത്തരവാദിത്വത്തിൽ തീർക്കാനാവാത്തതിന്റെ തളർച്ച നേരിടുമ്പോൾ ഇതു തന്നെ അവസരമെന്ന പേരിൽ കൂടെനിന്നവരെങ്കിലും  തോണ്ടാതിരിക്കുക. പിച്ചാതിരിക്കുക. നുള്ളാതിരിക്കുക. നോവിക്കാതിരിക്കുക.
ഇതൊക്കെ അതിജീവിച്ചവർ വളരെക്കുറവാണ്. അവരുടെ ആത്മബലം എല്ലാവർക്കുമുണ്ടായിക്കൊള്ളണമെന്നില്ലല്ലോ. കുറ്റപ്പെടുത്തലുകൾ ഉൾവലിക്കുന്നതിന് പകരം, നേർത്ത നല്ലസാധ്യതകൾ പോലും ഇൻസ്പിറേഷന്റെ ഗണത്തിലെടുക്കാൻ എല്ലാവർക്കുമായെന്ന് വരില്ല. 
ഒന്നോ രണ്ടോ  പിഴവിന്റെ പേരിൽ സമൂഹത്തിന് മുഴുനീളം കിട്ടേണ്ടിയിരുന്ന സേവനമരത്തിന്റെ  ചില്ലകൾ ഒളിഞ്ഞും തെളിഞ്ഞും അടർത്തി തണലില്ലാതാക്കുന്നതിൽ നമ്മുടെ കൈകളില്ലെന്ന് ഉറപ്പു വരുത്താൻ ഓരോരുത്തർക്കുമാകണം. അതിനാണീ എഴുത്ത്.
സ്വന്തം നന്മകൾ പറയാം, നാം കേൾക്കാൻ തയ്യാറാണ്. അതോടൊപ്പം മറ്റൊരുത്തന്റെ നന്മകളെ കുറവായും കുറ്റമായും വിലകുറച്ചും പറയുന്നവർ ആരായാലും അവരെ തിരുത്താൻ കൂടെയുള്ളവർക്ക് ആകണം, അതിനാവത് ഇല്ലെങ്കിൽ അവിടെ നിന്ന് പൃഷ്ടവും തട്ടി എഴുന്നേറ്റ് ഓടി രക്ഷപ്പെടാനെങ്കിലുമാകണം. ഓടിയവഴിക്ക് പുല്ലുമുളക്കുമോ എന്നത് തലപുണ്ണാക്കേണ്ട വിഷയമേയല്ല. 
വല്ലപ്പോഴും ഇരുട്ടു വിഴുമ്പോൾ  സൂര്യനൊരിക്കലും ചന്ദ്രനെ കുറ്റപ്പെടുത്താറില്ലത്രെ, അത് സൂര്യന്റെ നന്മ, നല്ല മനസ്സ്. അത് കൊണ്ടാകാം ചന്ദ്രൻ പാലൊളിചിതറി ആകാശത്ത് ഇന്നും സജീവമായുള്ളത്.  ചന്ദ്രന് പാടുകൾ ഉണ്ട്, പരിമിതികളുണ്ട് -  സൂര്യനതറിഞ്ഞത് പോലെ നമുക്കും സഹപ്രവർത്തകരെ അറിയാനാകണം.   അവരും ഈ ഇടത്തിൽ പ്രകാശം പരത്തി സേവന നിരതരാകട്ടെ.
  (www.kvartha.com)

മഞ്ചേശ്വര വിജയം* *നൽകുന്ന പ്രതീക്ഷ* /അസ്ലം മാവിലെ


*മഞ്ചേശ്വര വിജയം*
*നൽകുന്ന പ്രതീക്ഷ*
..............................
അസ്ലം മാവിലെ
..............................

http://www.kasargodvartha.com/2019/10/manjeshwaram-by-election-some-facts.html?m=1

ഈ വിജയം  പ്രതീക്ഷിച്ചതാണെന്ന് എല്ലാവരും പറയും. പക്ഷെ, അത്ര തന്നെ അളവിലോ അതിൽ കൂടുതലോ അപ്പറഞ്ഞിരുന്നവർക്ക് ആശങ്കയുണ്ടായിരുന്നുവെന്നതും നേരാണ്.  UDF, LDF ന്റെ ജയത്തേക്കാളേറെ കേരളത്തിലെ ബഹുഭൂരിപക്ഷം പേരും മഞ്ചേശ്വരത്ത് ആഗ്രഹിച്ചത് സംഘ്പരിവാരേതര  വിജയമായിരുന്നു. അത്തരമൊരു പ്രതീക്ഷക്കൊത്തുയരാൻ മഞ്ചേശ്വരത്തെ ജനാധിപത്യ വിശ്വാസികൾക്കായി എന്നതാണ് ഇവിടെ എടുത്ത് പറയേണ്ടത്.

അതേസമയം, ഇപ്പോഴത്തെ സംഘ്പരിവാറിന്റെ പരാജയത്തേക്കാളേറെ മഞ്ചേശ്വരത്തെ ജനങ്ങളുടെ പൊതുവായ മനസ്സ് നേരത്തെ തന്നെ വായിച്ചറിഞ്ഞ ഒരു വ്യക്തിയുണ്ടായിരുന്നു - ബിജെപിയിൽ. അത് മറ്റാരുമല്ല  ശ്രീ സുരേന്ദ്രൻ തന്നെയായിരുന്നു. അത്കൊണ്ടൊക്കെയാകണം വർഷങ്ങളായി രണ്ടും കൽപ്പിച്ച് കാസർകോട് ജില്ലയിൽ താമസമുറപ്പിച്ച് മഞ്ചേശ്വരത്തിന്റെ ഓരോ ഊടുവഴിയും ശ്വാസോച്ഛാസവും പഠിച്ചും തിരിച്ചറിഞ്ഞും ഗൃഹപാഠങ്ങൾ ചെയ്ത അദ്ദേഹം ഇനിയൊരു അങ്കത്തിനു കൂടി മുതിരാതെ തന്നെ, പരീക്ഷണം വേണ്ടെന്ന് വെച്ച് നേരവും കാലവും നോക്കി കാസർകോട് ജില്ല തന്നെ വിട്ടു പോയത്.

മറ്റൊരു വസ്തുത, സാധാരണ തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നതിനപ്പുറം പക്വതയോടെയും അതിലേറെ പരുവപ്പെടുത്തിയും തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ UDF നായിട്ടുണ്ട് എന്നതാണ്. സ്ഥാനാർഥി നിർണ്ണയ വിഷയത്തിൽ ചില കോണുകളിൽ നിന്നുണ്ടായ ബദൽ ശബ്ദങ്ങളെ അതേ വോള്യത്തിൽ മറുശബ്ദം കൊണ്ട്  ദുർബ്ബലപ്പെടുത്തുന്ന  പതിവ് msപ്പുരീതിക്കു പകരം അവരെ ചേർത്ത് പിടിച്ചു വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താൻ  നേതൃത്വത്തിനായിട്ടുണ്ട്. അത് തന്നെ UDF നെ സംബന്ധിച്ചിടത്തോളം ആദ്യവിജയമായി മാറിയെന്ന് കരുതണം.

എന്ത് ഫാക്ടർ പറഞ്ഞാലും,  LDF ഉം അത്ര പ്രശസ്തനല്ലാത്ത, ചില പോക്കറ്റുകളിൽ മാത്രം സ്വാധീനം ചെലുത്താവുന്ന ഒരു  വ്യക്തിയെ സ്ഥാനാർഥിയാക്കിയതും UDF തെരഞ്ഞെടുപ് ഗോദയിൽ നേരിട്ടേക്കാമായിരുന്ന വലിയ ഭിഷണിയിൽ നിന്നും അനായാസം വഴി മാറിയ ഒരു പ്രധാന ഘടകമാണ്. തന്ത്രങ്ങളുടെ ആശാനായ സതീശ് ചന്ദ്രനെപ്പോലെയുള്ള CPM നേതൃത്വങ്ങളിൽ നിന്നാണ് ഇങ്ങനെയൊരു സമീപനമുണ്ടാകുന്നതെന്നതും ചേർത്തു വായിക്കുക. 

മറ്റൊരു പ്രധാന ഫാക്ടർ,  രാജ്മോഹൻ ഉണ്ണിത്താൻ ഇഫക്ട് തന്നെയാണ്. ലോകസഭാ തെരഞ്ഞെടുപ്പു വേളകളിൽ അദ്ദേഹം ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ഉണ്ടാക്കിയെടുത്ത സുതാര്യ ജനസമ്പർക്ക രസതന്ത്രമുണ്ട്.  അത് കാസർകോട് ജില്ലയിൽ  വളരെയേറെ സ്വാധീനിച്ചത് കാസർകോട്, മഞ്ചേശ്വരം മേഖലകളിലുള്ളവരെയാണ്,  പ്രത്യേകിച്ച് കോൺഗ്രസ്സ് പ്രവർത്തകരിലും അവരുടെ അനുഭാവികളിലും.

ഒന്നും ചെയ്തില്ലെങ്കിലും തങ്ങളുടെ നേതാവ്  കേൾക്കാനും പറയാനും അരിക്ചേർത്തു നിർത്തുമെന്ന വിശ്വാസവും ധാരണയും  കോൺഗ്രസ് പ്രവർത്തകരിലുണ്ടാക്കിയെടുക്കാൻ ഉണ്ണിത്താന്റെ ശരീരഭാഷക്കായിട്ടുണ്ട്. ഇത് പഴയകാല കോൺഗ്രസ്സുകാരുടെ മനസ്സുകളിലും അനുരണനുണ്ടാക്കിയെന്നത് ലോകസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും UDF നും  കിട്ടിയ വോട്ടുകൾ ശ്രദ്ധിച്ചാൽ തന്നെ മതി.

മഞ്ചേശ്വരത്തെ BJP അനുഭാവികളിൽ 75% ഉം പഴയകാല കോൺഗ്രസ് അനുഭാവികൾ തന്നെയാണ്. അവരെ ഇണക്കാനും  പരിഗണിക്കാനും സന്തോഷിപ്പിക്കാനും  മുമ്പൊന്നും തന്നെ ജില്ലാ - പ്രാദേശിക കോൺഗ്രസ് നേതൃത്വങ്ങൾക്കായിരുന്നില്ല, പക്ഷെ, ഉണ്ണിത്താന്റെ സാന്നിധ്യവും സംസാരവും ഇടപെടലുകളും ഒരു പക്ഷെ, അത് വരെയും പാർട്ടിയിൽ നിന്നകന്ന് നിന്ന്,  താമരയ്ക്ക് വോട്ടു ചെയ്തിരുന്നവരിൽ ഒരു  വീണ്ടുവിചാരത്തിന് വഴിവെച്ചിരിക്കണമെന്ന് തന്നെയാണ് ഞാൻ കാരുതുന്നത്.

മഞ്ചേശ്വരം വിജയം  കേരളത്തിൽ പൊതുവെ സൂചിപ്പിക്കുന്നത്, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംഘ്പരിവാർ മുക്തമായ ഒരു കേരളനിയമ സഭ എന്ന് തന്നെയാണ്. മാത്രവുമല്ല, കാസർകോട് ജില്ലയിൽ മുഖ്യപ്രതിപക്ഷമായും ഒന്നുരണ്ടിടത്ത് ഭരണപക്ഷവുമായുമുള്ള ബിജെപി സ്വാധിന പഞ്ചായത്തുകളിൽ, അവരുടെ അധികാരങ്ങൾ നഷ്ടപ്പെടാനും    ആഘാതമേൽപ്പിക്കുന്ന പരാജയങ്ങൾ ഏറ്റുവാങ്ങാനും ബിജെപിക്ക് വലിയ സാധ്യത തന്നെയുണ്ട്. രാജ് മോഹൻ ഉണ്ണിത്താനെപ്പോലുള്ള ജനകീയ നേതാക്കൾക്ക് ഇതേപോലെ മനസ്സു വെച്ചാൽ എളുപ്പം സാധിക്കാവുന്നതേയുള്ളൂവെന്നതിൽ രണ്ടഭിപ്രായമുണ്ടെന്ന് തോന്നുന്നില്ല. 

ഇന്നത്തെ 🐱* *മാർജ്ജാര വിശേഷം*/അസ്ലം മാവിലെ


*ഇന്നത്തെ 🐱*
*മാർജ്ജാര വിശേഷം*
.............................
അസ്ലം മാവിലെ
.............................

ഇന്നതിരാവിലെ. സ്കൂട്ടറിലാണ് യാത്ര. ടൗണിലേക്ക് എത്താൻ കുറച്ചു ദൂരം മാത്രം. അപ്പോൾ ഞൊടിയിടയിൽ നടന്നത് താഴെ.

ഇടത്ത് വശത്തെ കെട്ടിടങ്ങൾക്കിടയിൽ നിന്ന് പൂച്ച ശബ്ദം. ഒന്നേതായാലും അല്ല. റൊമാൻസല്ല അലമ്പും കലമ്പുമാണ്.  സെക്കന്റുകൾക്കുള്ളിൽ ഒരെണ്ണം വണ്ടിക്ക് കുറുകെ ചാടി. മുന്നിൽ നിന്നും മറ്റൊരു വണ്ടി വരുന്നതൊന്നും അതിന് വിഷയമല്ല.

അതിനിടയിൽ കൂടി കൂട്ടത്തിൽ പിടുത്തം വിട്ട ആ പൂച്ച മറുകണ്ടമെത്തി. പിന്നാലെ വന്ന പൂച്ചയ്ക്ക് രണ്ട് വാഹനങ്ങളപ്പോൾ തടസ്സം. അതിന്റെ പ്രതിഷേധം മുഖത്തുണ്ട്. പക്ഷെ, അതും ആയം തെറ്റിയാണെങ്കിലും അപ്പുറത്തെത്തി. പക്ഷെ, കടിച്ചു കീറാനുള്ള ചാൻസ് കയ്യീന്നു വിട്ടിരുന്നു. 

ഇനിയാണ് ആദ്യ പൂച്ചയുടെ ക്വിക്ക് മൂവ്മെൻറ്. ആ പൂച്ച നേരെ ഓടിയത് തൊട്ട് മുമ്പിലുള്ള ആരാധനാലയത്തിനകത്ത്. പിന്നിന്ന് കുതിച്ചോടിയ രണ്ടാം പൂച്ച അത് കണ്ട് അവിടെ ഒരു നിർത്തം,  ബ്രേക്കിട്ടത് പോലെ. അത് ഒന്നു മുരണ്ടു, മെല്ലെ  തിരിഞ്ഞു നടക്കുകയും ചെയ്തു. മറ്റേ കക്ഷിയാകട്ടെ  അകത്തിരുന്ന്  ഒന്നുമറിയാത്തത് പോലെ വളരെ കൂളായി സീൻ കാണുന്നു.

ഒന്നുമില്ല;  റെയിൽവേ സ്‌റ്റേഷൻ എത്തും വരെ  ഞാൻ വെറുതെ ഒന്ന് ഉൽപ്രേക്ഷിച്ചു. (ആ ക്രിയ ഇവിടെ  അനുയോജ്യമല്ലെങ്കിൽ, യോജിച്ചതൊന്ന് ഓർമ്മ വരുന്നത് തൽക്കാലമൊപ്പിച്ചേക്കണം). ഈ മാർജ്ജാരത്തിന്റെ സ്ഥാനത്ത് മനുഷ്യനായിരുന്നെങ്കിലോ ?
എന്തൊക്കെ തൊന്തരവാകുമായിരുന്നു !

അപ്പുറമിപ്പുറവും കെട്ടിടങ്ങളുമുണ്ട്. പൂച്ചയ്ക്ക് എവിടെ ചാടിയാലും  സേയ്ഫ്  സോണാണ്.   അവിടെത്തന്നെ ഇച്ചാട്ടം ആകണമെന്ന് നിർബന്ധമൊന്നുമില്ല. അല്ല, പൂച്ച ഒന്ന് സമകാലീന "മാനവികപുരുഷ" വേഷം കെട്ടിയതാണോ ?

നേരം പളപളാ വെളുക്കുന്നതേയുള്ളൂ. സാക്ഷികൾ ഞങ്ങൾ, പാവങ്ങൾ രണ്ട് മൂന്ന് പേർ മാത്രം, അതും തിരക്കുള്ളവർ ! ▪

*ഈ ഒതുങ്ങിയ ജീവിതത്തിനിടയിലും മുഹമ്മദ് ആരെക്കാളും സന്തോഷവാനാണ് / അസ്ലം മാവിലെ


*ഈ ഒതുങ്ങിയ ജീവിതത്തിനിടയിലും മുഹമ്മദ് ആരെക്കാളും സന്തോഷവാനാണ്; വര്‍ത്തമാനങ്ങളില്‍ ഗൃഹാതുരത്വത്തിന്റെ മന്ദസ്മിതമുണര്‍ത്തുന്ന നല്ല മനുഷ്യനെ കുറിച്ച്*
....................................
✍ *അസ്ലം മാവിലെ*
....................................

https://www.kasargodvartha.com/2019/10/muhammad-is-happier-than-anyone.html

മുഹമ്മദിനെ കുറിച്ചു  ആരെന്തെഴുതാൻ ?
അന്റാർട്ടിക് ധ്രുവങ്ങളിൽ  മഞ്ഞുതുരന്നു അതിസാഹസികമായി ഗവേഷണത്തിൽ മുഴുകി,  ശാസ്ത്രലോകത്ത് വിസ്മയം തീർത്ത് കൊണ്ടിരിക്കുന്ന,  ഇന്ത്യയുടെ അഭിമാനമായി മാറിയ മേലോത്തെ  ഡോ. തമ്പാനടക്കമുള്ള എന്റെ ക്ലാസ്മേയ്റ്റുകൾക്കിടയിൽ  സാധാരണക്കാരിൽ സാധാരണക്കാരനായ ബൂഡിലെ  മുഹമ്മദ് പക്ഷെ, എന്റെ പേനത്തുമ്പത്ത് നിന്ന്  ഒരിക്കലും മാറി നിൽക്കേണ്ട ഒരാളെന്ന്  തോന്നിയിട്ടില്ല. അവനെപ്പോലുള്ളവരും എനിക്ക് വലിയ വിഷയം തന്നെയാണ്.

ഒന്ന് മുതൽ പത്ത് വരെ ഞാൻ മുഹമ്മദിനോടൊപ്പവും മുഹമ്മദ് എന്നോടൊപ്പമുണ്ട്, പട്ലയിലെ പള്ളിക്കൂടത്തിലും അങ്ങോട്ടുള്ള  പോക്കുവരവുകളിലും.

എന്നെക്കാളേറെ പതുക്കെയാണ് മുഹമ്മദ് അന്നുമിന്നും നടത്തം, അതിലും പതുക്കെയാണവന്റെ സംസാരം. പക്ഷെ, ഇന്നും നാടൻ കാർഷികഭാഷയും അതിൽ മെനെഞ്ഞെടുത്ത നടപ്പുരീതിയും  ലാളിത്യം തുളുമ്പുന്ന നാട്ടുഭാഷയും പ്രാസവും ഒഴുക്കും തെറ്റാതെ സംസാരിക്കുന്ന അപൂർവ്വം ചില സഹപാഠികളിൽ ഒരാളാണ് മുഹമ്മദ്, 'മാനക' മലയാളം മുഹമ്മദിന് അറിയാഞ്ഞിട്ടല്ല, ഇവിടെയൊക്കെ അത്രമതി എന്ന കുസൃതിയിൽ പൊതിഞ്ഞ തീരുമാനം തന്നെ.

അത് പറയാൻ ഒരു കാരണമുണ്ട്. അഞ്ചിലെത്തിയപ്പോൾ രണ്ടാം ഭാഷ ഒന്നുകിൽ മലയാളം അല്ലെങ്കിൽ അറബിക് എന്നായിരുന്നു വിദ്യാഭ്യാസ ചട്ടം. മുഹമ്മദിന്റെ ഉപ്പ അവനോട് പറഞ്ഞത്രെ - അറബിക് അത്യാവശ്യം  മദ്രസ്സയിൽ പഠിക്കുന്നണ്ടല്ലോ, സ്കൂളിൽ മലയാളമാണ് നല്ലത്. ആ തീരുമാനത്തോടൊപ്പം നിന്നതിനും ന്യായീകരിച്ചതിനും സ്കൂളിലെ മലയാളമറബിക്കാര്യങ്ങളിൽ മദ്രസ്സിലെ സദറുസ്താദ് ഇടപെടുന്നതെന്തിനെന്ന് കൂട്ടുകാരോട് തമാശ രൂപേണ ചോദിച്ചതിനും  സദറുസ്താദിന്റെ  കയ്യിന്ന് വടി ഒടിയുമാറ് അടി കിട്ടിയതും, എന്നിട്ടും  എടുത്ത തീരുമാനത്തിലവനുറച്ചു നിന്നതും മുഹമ്മദിന് ഓർമ്മയില്ലെങ്കിലും എനിക്ക് ഓർമ്മയുണ്ട്. അന്നടികിട്ടാൻ മാത്രം കാര്യങ്ങൾ ഉലയിലിട്ടൂതി വീർപ്പിച്ച്,  ഉസ്താദിന്  ഒറ്റിക്കൊടുത്തതോ ?  വൺ ഇയർ സീനിയറായ ഒരു മാന്യ വിദ്യാർഥിയും. അയാളാണെങ്കിൽ  അന്നും അതിന് ശേഷവും ഇന്നും ഞങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരൻ തന്നെയാണ്. 

അന്ന് മലയാളമെടുത്ത  ഞങ്ങൾ ഒരു ശീലം തുടങ്ങി. രെജിസ്റ്ററിൽ ഉള്ളത് മാത്രം ഞങ്ങൾ ക്ലാസ്സിൽ സഹപാഠികളെ പേരു പറഞ്ഞു  വിളിക്കുക, ഇനീഷ്യൽ അടക്കം.  ( അത് മറ്റുള്ളവരും ഫോളോ ചെയ്ത് കാണണം.)  കെ. അബ്ദുല്ല, സി. അബ്ദുല്ല, കെ. ഏ അബ്ദുൽ ഖാദർ ,  ഏ  അബൂബക്കർ, ബി. ബഷീർ, കെ. ഖദീജ, എം. ഐ. ഷാഫി, ബി.എം. ആയിഷ, കെ.  ബീഫാത്തിമ അങ്ങനങ്ങനെ .. ഔക്കർഞ്ഞി, അദ്ള, ബസീറ്, കായ്ഞ്ഞി, സാപി, കഞ്ചൈ,  ഐസ, പാത്തൈ അതൊന്നും ഞങ്ങൾ ക്ലാസ്സിൽ  വിളിക്കില്ല, വിളിക്കാൻ പാടുമില്ല. (ലോ പോയന്റുമായി ചിലർ ഇപ്പോൾ  വരുമായിരിക്കും, തർക്കിക്കാനില്ല, അവരെ വിട്ടേക്കുന്നു ).  നമ്മുടെ B. മുഹമ്മദ് കുഞ്ഞി, ഞങ്ങൾക്ക് B. മുഹമ്മദാണ്.

മുഹമ്മദ് ഇന്ന് പട്ലയിലെ തിരക്കു പിടിച്ച വ്യക്തിയാണ്. ഗൾഫ്മാനിയ തലക്ക് പിടിച്ചു പലരും നാട്ടിലുണ്ടായിരുന്ന പല കൈതൊഴിലും കാർബാറും പാടേ ഒഴിവാക്കി അങ്ങോട്ടോടിയപ്പോൾ, പോയ ഗൾഫീന്ന് തിരിച്ചിങ്ങോട്ട് യാത്ര തിരിച്ച്, നാട്ടിലെ തൊഴിലാണ് ഭേദമെന്നും,  ഇവിടെ അതാണാവശ്യമെന്നും കണ്ട്,  മറ്റു ജോലിയോടൊപ്പം  വളരെ വൈകിയാണെങ്കിലും തെങ്ങുകയറ്വും അഭ്യസിച്ചു അത് തന്റെ അഭിമാന തൊഴിലായി സ്വീകരിച്ച ആളാണ് മുഹമ്മദ്.

സഊദിയിലേക്ക് മാത്രമല്ല ഗൾഫിലേക്ക് തന്നെ പണിക്കായി ഇനിയില്ല എന്ന് തീരുമാനിച്ചാണ് മുഹമ്മദ് 8 വർഷത്തെ പ്രവാസം മതിയാക്കിയതും നാട്ടിലേക്ക് തിരിച്ചു വരുന്നതും.

ദമാമിലെ സെക്കണ്ട് ഇൻഡസ്ട്രിയൽ ഏരിയയിലെ ബഗ്ലസ് പ്ലാസ്റ്റിക് മാനുഫാക്ടറിംഗ് കമ്പനിയിൽ സ്കിൽഡ് ലേബറായാണ് 1995 ൽ  മുഹമ്മദ് ജോലിയിൽ പ്രവേശിക്കുന്നത്.  4 മാസത്തിനകം കമ്പനിയിൽ കട്ടിംഗ് ഓപറേറ്റർ തസ്തികയിലെത്തി. ആ പണി മറ്റുള്ളവർക്ക് പഠിപ്പിച്ച് കൊടുക്കലായി പിന്നെപ്പണി. ചുരുക്കിപ്പറഞ്ഞാൽ,  ഗൾഫിൽ നിന്ന് സ്വപ്രയത്നം കൊണ്ട് സ്വായത്തമാക്കിയ ഒരു പണിപരിചയം കൂടി  ബയോഡാറ്റയിൽ ചേർത്താണ് മുഹമ്മദ് വിമാനം കയറിയത് , ആവശ്യമെങ്കിൽ പുറത്തെടുക്കാൻ.

മുഹമ്മദ് തെങ്ങുകയറ്റ തൊഴിൽ സ്വായത്തമാക്കുന്നത് തന്റെ 30 വയസ്സും കഴിഞ്ഞാണ്. അതൊരു യദ്യശ്ചിക സംഭവത്തിൽ നിന്ന് തുടങ്ങിയതാണ്. ഒരത്യാവശ്യത്തിന് ഒരു ദിവസം  നാട്ടിലുള്ള  ഒന്ന് രണ്ട് ഈന്ത്മരങ്ങളിൽ കയറി. അന്ന്  ആരോ ഉണ്ടാക്കിക്കൊടുത്തതാണ് പോൽ തളപ്പു തന്നെ. മന്നിപ്പാടിയിലെ സ്വന്തം വീട്ടുമുറ്റത്തെ മൂന്ന് തെങ്ങുകൾ അയൽക്കാരന്റെ വീട്ടു മുറ്റത്തേക്ക് വഴിമാറി നീങ്ങി തേങ്ങ വീഴ്ത്താൻ തുടങ്ങിയപ്പോൾ,  ഒന്ന് പറിച്ചിടാൻ കുറെ പേരോട് മുഹമ്മദ് പറഞ്ഞു നോക്കി; ആരും വരാതായപ്പോൾ ഒരു തളപ്പുണ്ടാക്കി രണ്ടും കൽപ്പിച്ചു മുഹമ്മദ് ആ മൂന്ന് തെങ്ങുകളും കയറി. മറ്റൊരാളുടെ പുരപ്പുറത്ത് തേങ്ങ വീണ്, അത് വഴി  അയൽപ്പക്കബന്ധം വഷളാക്കേണ്ടെന്ന നല്ല ഉദ്ദേശം വെച്ചാണ് ധൈര്യം സംഭരിച്ച് അന്ന് തെങ്ങ് കയറാൻ നിർബന്ധിതനായത് തന്നെ.  അവിടെന്ന് കിട്ടിയ ധൈര്യത്തിലാണ് ഈ ജോലിയുടെ തുടക്കം - മുഹമ്മദ് വാചാലനാകും.

മുഹമ്മദിനോട് സംസാരിക്കാൻ നല്ല രസമാണ്. ഓർത്തോർത്ത് ഓരോ കാര്യങ്ങളും പറഞ്ഞു കൊണ്ടേയിരിക്കും. ഗൃഹാതുരത്വമുണർത്തുന്ന സ്കൂൾ കാലങ്ങൾ, അന്നത്തെ നാട്ടുമ്പുറ വിശേഷങ്ങൾ, പട്ലയിലെ പച്ചപ്പും പച്ചയോലക്കഥകളും, കൃഷി വർത്തമാനങ്ങളും... എല്ലാം ആ നീട്ടിപ്പറച്ചിലിലുണ്ടാകും. പൊയ്പ്പോയ ഗ്രാമ്യഭംഗിയോടൊപ്പം മഴയും വെയിലും മഞ്ഞും കൊണ്ട് നടക്കുന്ന പ്രതീതി.

കൂട്ടത്തിൽ പറയട്ടെ, മുഹമ്മദിന്റെ മാതാപിതാക്കൾ രണ്ടു പേരും എനിക്കേറ്റവും പ്രിയപ്പെട്ടവരായിരുന്നു. പിതാവ് അദ്ലച്ച മരണപ്പെട്ട് 10 - 13 വർഷമായിക്കാണും.  ഉമ്മാലിയുമ്മയാണ് മുഹമ്മദിന്റെ മാതാവ്. 5 സഹോദരിമാരടക്കം മജീദ്, ഹാരിസ്, അൻവർ എന്നിവരടങ്ങിയ വലിയ കുടുംബത്തിലെ മൂത്തയാളാണ് മുഹമ്മദ്.

ഒരാവേശത്തിന് മന്നിപ്പാടിയിൽ വീടു വെച്ചെങ്കിലും പെറ്റനാടിനോടുള്ള മണ്ണുമണം മാറാഞ്ഞ് പട്ലയിൽ ബൂഡിൽ തറവാട്ടിന് കാണാം ദൂരത്തിൽ  തന്നെ സ്ഥലവും വീടുമെടുത്ത് വീണ്ടുമിവിടെ താമസമാണിപ്പോൾ, ഒരു പഴയ പട്ലക്കാരനായിത്തന്നെ.  ഹഫ്സത്താണ് ഭാര്യ.  12 ഉം 9 ഉം വയസ് പ്രായമുള്ള രണ്ടാൺ മക്കൾ ആ വീടിന്റെ സന്തോഷങ്ങളാണ് - ഷമ്മാസും ഷാമിലും. ഇതാണവരുടെ കുഞ്ഞുകുടുംബ ലോകം. 

മുഹമ്മദ് എന്റെ ഉമ്മയോട് വലിയ സ്നേഹവും ആദരവും കാണിച്ചിരുന്നു. എത്ര തിരക്കുണ്ടെങ്കിലും ഉമ്മാന്റെ വിളിക്ക് മുഹമ്മദ് എന്നും  അത്രമാത്രം കാത് കൊടുക്കുമായിരുന്നു. ഉമ്മാന്റെ വിയോഗ ശേഷം, എപ്പോൾ എവിടെ വെച്ച് കണ്ടാലും അവരുടെ ഓർമ്മകൾ പറഞ്ഞാണ് സഹപാഠിയായ മുഹമ്മദ് എന്നെ എതിരേൽക്കുക, തിരക്കുകൾക്കിടയിൽ പോലും സംസാരിക്കുക.

ചില നിമിത്തങ്ങളും നിമിഷങ്ങളുമാണ് ഓർമ്മകളിൽ ഓളങ്ങൾ സൃഷ്ടിക്കുന്നത്. മുഹമ്മദ് നിനക്കാതെ കടന്നു വന്നതും അങ്ങനെയാണ്.  സ്നേഹവാത്സല്യങ്ങൾ നിലനിർത്തി തിരക്കുകൾക്കിടയിലും,   സുഹൃദ്ബന്ധങ്ങളും കുട്ടിക്കാല കൂട്ടാളിത്തവും സുദൃഢമായി  ഊട്ടിയുറപ്പിക്കാനാകണമെന്ന സന്ദേശം നൽകാൻ കൂടിയാണ് എന്റെ ഈ എഴുത്ത്.   നന്മകൾ !   

ഉത്സവങ്ങൾ / ' S A P


*ഉത്സവങ്ങൾ*


ഉത്സവങ്ങളെ നമുക്ക്
അടുത്ത് നിന്നും
അകലെ നിന്നും
നോക്കിക്കാണാം.

അകലെ നിന്ന് നോക്കിയാൽ
കുറച്ച് വർണ്ണ ബലൂണുകൾ
എല്ലാം ഒരൊറ്റ നിറത്തിലേക്ക്
ചുരുങ്ങിയത് പോലെ.

അടുത്ത് നിന്ന് നോക്കിയാൽ
കുറെ വർണ്ണ ബലൂണുകൾ
കണ്ണഞ്ചിപ്പിക്കുന്ന നിറശോഭയോടെ
വിശാല ലോകത്തോട്
സംവദിക്കുന്നത് പോലെ

എങ്കിലും ചിലത്
തറവാട്ട് ദൈവങ്ങളുടെ
ദൈവം കെട്ട് മഹോത്സവങ്ങൾ പോലെ
കാവുകളിൽ മാത്രം ഒതുങ്ങിപ്പോകും.
സ്വന്തം നിഴലുകളിൽ
തണൽ തേടുന്നത് പോലുള്ള
പാഴ് വേലയാകുമത്.

ഈദും ദിപാവലിയും
നിന്റേയും എന്റെയും
ആഘോഷമാകുന്ന കാലത്ത്
സ്കൂൾ പ്രവേശനോത്സവങ്ങൾ
വന്നത് നന്നായി.

ആഘോഷിക്കപ്പെടാതെ പോകുന്ന
ചില ഉത്സവങ്ങളുമുണ്ട്.
മൗന പ്രാർത്ഥനകളായി
പകൽ സ്വപ്നങ്ങളിലെ
വിഷാദ രംഗം പോലെ
സങ്കടങ്ങളുടെ പെരുമഴക്കാലം
തീർത്ത് കടന്നു വരുന്നവ
ആഘോഷങ്ങൾ അവസാനിക്കുന്ന
തുരുത്താണത്!

*എസ്-എ-പി*

നാലുകവിതകൾ / S A P

(1)

*മഴ*

പുറത്ത് നല്ല
മഴ പെയ്യുന്നു.
കാറ്റ് വീശുന്നു

ഇടിമിന്നലില്ലാത്ത
ചിന്നം പിന്നം മഴ
പുറത്തിരിക്കാൻ
തോന്നുന്നു

പുറത്തിറങ്ങി
മഴ നനയാൻ
തോന്നുന്നു.

രാത്രിയായല്ലോ
ഇനി പുറത്തിറങ്ങണ്ട
എന്ന് പ്രണയിനി

മഴയെ പ്രണയിച്ചവർക്കെന്ത്
പ്രണയിനി എന്ന് ഓഷോ സാഹിബ്.

നനയാൻ മനസ്സുള്ളവരുടെ
അകം പൊള്ളിക്കുന്ന
കുളിർ മഴ

സ്നേഹ മഴയുടെ
മരം വീണ കറന്റക്കാടുകളിൽ
ഫാസിസത്തിന്റെ
അവുളക്കുട്ടി അദ്ധ്യക്ഷൻ.

മഴ പെയ്യട്ടെ
രാഷ്ടീയം ചത്ത
രാത്രികളിൽ
മഴ തിമർത്തു
പെയ്യട്ടെ

ഇടികൾ
മുട്ടട്ടെ
മിന്നലുകൾ
എറിയട്ടെ.


(2)



*തീവണ്ടി*


തീവണ്ടി പായുന്നു
ചൂളം വിളിക്കാതെ
ജനാല തുറന്നിരിക്കുന്നു
ഇളം തെന്നൽ തലോടുന്നു

അകം നിറഞ്ഞിരിക്കുന്നു
ജനം തളർന്നിരിക്കുന്നു
ദൂരെ നിന്നും വരുന്നവർ ചിലർ
ചിന്തയുടെ ഭാരവുമായി പലർ

കുട്ടികൾ കരയുന്നു
തൊട്ടടുത്തൊരാൾ ഉറങ്ങുന്നു
പഴയയാളുകൾ ഇറങ്ങുന്നു
പുതിയ ജനം കയറുന്നു.

കാറ്റ് വീശുന്നു
തണുത്ത കാറ്റ് വീശുന്നു
ഇരുട്ട് കേറുന്നു
ഉറക്കം തൂങ്ങുന്നു.

ഇനിയുമുണ്ട് ദൂരം
എവിടെയെത്തിയെന്നൊരാൾ
ആപ്പ് തുറന്ന് നോക്കി ഞാൻ
കണ്ണപുരം കഴിഞ്ഞെന്ന് മൊഴിഞ്ഞു വീണ്ടും
കവിതയായ് മുന്നിൽ
താഴ്മയോട് നിൽക്കുന്നു.

അടുത്ത കവിത
വിമാനം കയറി വരും
തീവണ്ടിയിൽ വന്ന കവിതെ
നിന്നെ ഇനിയെന്ന് കാണും പ്രിയെ....


(3)


*എയർപോർട്ട്*


വിമാനത്താവളം
ആളുകളെ അങ്ങകലെയുള്ള
ഏതോ ചില വിഷാദ താവളങ്ങളിലേക്ക്
ആനയിക്കും.

എല്ലാ കടമ്പകളും
അനസ്യൂതം കടന്നു പോകും

ബന്ധങ്ങളെ അറുത്തു മാറ്റുന്ന വൃത്തിയും വെടിപ്പുമുള്ള
വ്യാജ മനുഷ്യർ
വാഴുന്ന പൊതുയിടം.

വിമാനം വന്നു കഴിഞ്ഞാൽ
നിങ്ങൾ പോയോ തീരൂ.
വിളിക്കുമ്പോൾ പോകണം
ജീവിതം പോലെ
മരണം പോലെ
ഒരു വിളിയാണ്
ഒരോ വിളിയും
കിളിനാദം പോലെ
സംഗീതാത്മകം!

തണുത്തു വിറക്കുന്നു
ശീതീകരണ യന്ത്രത്തിന്
തണുപ്പ് കാലത്ത്
ശുഷ്കാന്തി കൂടുതലാണ്.

പെൺകുട്ടി വരട്ടെ
ഒരു പുതപ്പ് ചോദിക്കണം
കേട്ടില്ല?
അതെ, കമ്പിളിപ്പുതപ്പ് തന്നെ.

ഇനി അടുത്ത സ്റ്റോപ്പിൽ
മരുഭൂമിയിലെ
ചൂടുള്ള കവിതയെ
കാണും വരെ
എനിക്കുറങ്ങണം.


(4)



*ദുബായ്*


തിമർത്തുപെയ്യുന്ന
മഴയുടെ താളം പതിയെ
വരണ്ട മിതോഷ്ണ
കാലത്തിലേക്ക്
മിഴിനട്ട്
വലതുകാൽ വെച്ച്
ബസ് കയറും

അനേകം വർഗ്ഗവംശങ്ങളെ
മാറോടണച്ച്
ദുബായ് നഗരം നിങ്ങളെ
രണ്ട് ടാബ് അടിച്ച
മായാ ലോകത്തിലേക്ക്
കൂട്ടിക്കൊണ്ട് പോകും.

നഗരകാഴ്ച്ചകളുടെ
വർണ്ണ പ്രപഞ്ചത്തിൽ
കൂട്ടുകാരുടെ സൊറ പറച്ചിൽ
രാത്രി വളരെ വൈകിയും
ഉച്ചത്തിലുയരും.

നഗരത്തിലെത്തിയാൽ
അന്ന് വിളിക്കാമെന്നുറച്ച വാക്ക് കൊടുത്തവർ കാത്തിരിക്കും
നിങ്ങൾ എല്ലാം മറന്ന്
ഏതോ കിനാവിന്റെ ലോകത്ത്
നിലാവിന്റെ അറ്റത്ത്
മയങ്ങി വീഴും.

പിന്നെയെല്ലാം
പഴയ ഓർമ്മകളാണ്
സന്ധ്യാനേരം
കടൽക്കരയിൽ
വർഷം ഒന്ന് തികക്കാൻ
കണ്ണും നട്ടവൻ
പതിറ്റാണ്ടുകൾ പൊള്ളിച്ചു
കടന്നു പോയവൻ
പ്രതീക്ഷയുടെ വൻകടൽ
താണ്ടിയവൻ
വീണ്ടും പഴയ
കടൽത്തീരം തേടിപ്പോകും
ജീവിച്ച വർഷങ്ങളുടെയും
വർഷിച്ച ജീവിതങ്ങളുടെയും
കണക്കെടുപ്പുമായി
മെല്ലെ മിഴി തുറക്കും
നിലാവ് പെയ്യുന്ന
നഗരം സാക്ഷിയാക്കി
സ്വപ്നങ്ങൾ നെയ്ത് കൂട്ടും.

Wednesday 23 October 2019

*സോഷ്യൽ മീഡിയകളിലെ* *ഉപദേശികൂട്ടങ്ങൾ!* /S A P

*സോഷ്യൽ മീഡിയകളിലെ*
*ഉപദേശികൂട്ടങ്ങൾ!*


ഉപദേശങ്ങൾക്കുള്ള മേന്മ അത് നൽകാൻ വലിയ ബുദ്ധിമുട്ടില്ല എന്നത് തന്നെയാണ്. ഈ ഉപദേശങ്ങളൊക്കെ എപ്പോഴെങ്കിലും സ്വന്തത്തോട് ചോദിച്ച് നോക്കിയിട്ടുണ്ടോ?
ഇല്ല എന്നാണ് ഉത്തരമെങ്കിൽ ഒരു ചെറുശ്രമം എല്ലാവർക്കും നല്ലതാണ്.

ഞാൻ ഉപദേശിച്ചില്ല എങ്കിൽ ഈ സമൂഹത്തിന്റെ ഭാവി എന്താകും എന്ന (വ്യാജ) ആകുലതയിൽ ഗുണകാംക്ഷ എന്നതിനപ്പുറം എനിക്കെങ്ങിനെ അത് വഴി അല്പം പ്രശസ്തി കുറച്ച്  അംഗീകാരം ഇച്ചിരി സെലിബ്രിറ്റി സ്റ്റാറ്റസ് ഒക്കെ നേടിയെടുക്കാമെന്ന ചിന്തയാണ് പലരെയും നയിക്കുന്നത്! ഈ മനോഭാവം  സ്വയം ചെറുതാകാൻ മാത്രം ഉപകാരപ്പെടുന്ന ഒന്നാണ്!

ചില വിഷയങ്ങളിൽ ഞാനാണവസാന വാക്ക് എന്ന നിലപാടാണ് പലർക്കും.  ഉദാഹരണത്തിന് ഫിറോസ് കുന്നംപറമ്പിലിന് പിന്നിൽ ചാരിറ്റി മാഫിയയാണ് എന്നാധികാരികമായി പറയും ചിലർ, ഫിറോസ് ചാരിറ്റിയുടെ അവസാന വാക്കാണെന്നും തെറ്റ് പറ്റാത്ത നന്മ മരമാണെന്നും മറ്റ് ചിലർ, സത്യം ഇതിൽ രണ്ടിന്റെയും മധ്യത്തിൽ എവിടെയോ ആണ്.  എങ്കിലും പക്ഷം പിടിക്കുന്ന ഉപദേശി വൃന്ദങ്ങൾക്കും ഫാൻസ് അസോസിയേഷനുകൾക്കും ഒരു കുസലുമില്ല.
മണ്ണത്തൂർ വിൽസന്മാരാകട്ടെ അതാസ്വദിക്കുകയും ചെയ്യുന്നു. മനംപുരട്ടലുണ്ടാക്കുന്ന മുഖസ്തുതികളും പുകഴ്ത്തലുകളും ഒഴിവാക്കേണ്ടതാണ് എന്നത് പോലെതന്നെ പ്രധാനമാണ് ഒരു സമൂഹത്തിന്റെ തന്നെ അസ്ഥിത്വം ചോദ്യം ചെയ്യപ്പെടുന്ന തലത്തിലേക്ക് കൂപ്പ് കുത്തുന്ന വിമർശനമെന്ന പേരിലുള്ള അടിച്ചമർത്തലുകളും, സ്റ്റാറ്റസ് വളർത്താൻ ഉപയോഗിക്കുന്ന രാസവളങ്ങളും!

വേറൊരു കൂട്ടർ ബൃഹത്തായ സാമൂഹ്യ സംരഭങ്ങളെ കുറിച്ചും അവയുടെ നേട്ടങ്ങളെ കുറിച്ചും നെടുങ്കൻ ഉപന്യാസങ്ങൾ രചിക്കും എന്നിട്ട് ലൈക്കും കാത്തിരിക്കും.  മികച്ച പ്രതികരണമല്ല ലഭിക്കുന്നതെങ്കിൽ അതിന് നേർവിപരീതമായ വേറൊരു ഉപന്യാസം അടുത്ത ആഴ്ച്ച തന്നെ കീച്ചും.  ഇവർ ഒട്ടും ആത്മാർത്ഥതയോ പ്രതിബദ്ധതയോ ഇല്ലാത്ത
ലൈക്കോമാനിയാക്കുകളാണ്.  ഇതെങ്ങനെ സാധിക്കുന്നു എന്ന് ചോദിച്ചാൽ ഞാൻ മഹാ സംഭവമാണ് എന്ന് സ്വയമങ്ങ് വിചാരിച്ചാൽ മതി. കൂടുതലും രാഷ്ട്രീയ പാർട്ടികളുടെ ചാവേർ ദുരന്തങ്ങളാണ് ഇമ്മാതിരി ഉടായിപ്പ് ഉപന്യാസങ്ങളുമായി വരാറുള്ളത്!

പിന്നെയുള്ളത് ചില നിഷ്ക്കുകളാണ് എന്റെ നിലപാടുകളും എന്റെ ന്യായങ്ങളും മാത്രമാണ് സമ്പൂർണ്ണമായ ശരി എന്ന് സ്വയം മനസ്സ് കൊണ്ട് ഉറപ്പിച്ച് കീബോഡ് കൊണ്ട് വെളിവാക്കാൻ ആഗ്രഹിക്കുന്നവർ. ശരിക്കും ഇവരാണ് യഥാർത്ഥ ദുരന്തങ്ങൾ!  അപരന് വിയോജിക്കാനുള്ള അവകാശം പോലും വകവെച്ചു കൊടുക്കാൻ തയ്യാറാകാത്തവർ!
പാറപോലെ ഉറച്ച അവരുടെ ശരികളെ ശരിയാക്കാൻ ശശി വിചാരിച്ചാൽ പോലും നടക്കില്ല.

ചുരുക്കത്തിൽ എല്ലാ വിഡ്ഢിവേഷങ്ങളും നിലപാടില്ലാത്തവരും പുരനിറഞ്ഞു നിൽക്കുന്ന
വീടാണ് സമൂഹ മാധ്യമങ്ങൾ!

(തുടരണം എന്നുണ്ട്)
😊
*എസ്-എ-പി*
emailtosa@gmail.com

Tuesday 22 October 2019

*നാരായണൻ മാഷ്* *എഴുപതിനടുത്താണ്...* / അസ്ലം മാവിലെ

*നാരായണൻ മാഷ്*
*എഴുപതിനടുത്താണ്...* 
.............................
അസ്ലം മാവിലെ
.............................

http://www.kasargodvartha.com/2019/10/article-about-narayanan-master.html?m=1

മിനിഞ്ഞാന്ന്  മായിപ്പാടിയിൽ നടന്ന പഞ്ചായത്ത് തല പാലിയേറ്റീവ് കെയർ വർക്ക്ഷോപ്പിൽ വെച്ചാണ് നാരായണൻ മാഷെ ഞാനും വാർഡ് മെമ്പർ മജീദും വീണ്ടും കണ്ടുമുട്ടുന്നത്. പ്രോഗ്രാമിന്റെ ആദ്യസെഷൻ കഴിഞ്ഞതോടെ ഞങ്ങൾ  രണ്ടു പേരും മാഷൊന്നിച്ചു ഫോട്ടോ എടുക്കാൻ ധൃതികൂട്ടി.

മൂന്ന് വർഷം മുമ്പ് ഒരധ്യാപകദിനത്തിൽ നാരായണൻ മാഷെ കുറിച്ച് ഞാനെഴുതിയ ഓർമ്മപ്പകർപ്പ് നിങ്ങളിൽ പലരും  വായിച്ചു കാണും. ഇന്നു കണ്ടപ്പോഴും നാരായണ മാഷിന് വയസ്സൽപ്പം കൂടി എന്നല്ലാതെ ഇടപെടലുകൾക്കോ തമാശപറച്ചിലുകൾക്കോ താത്വികചിന്തയ്ക്കോ ഒരു മാറ്റവുമില്ല.

രണ്ടാം സെഷനിലെ ഗ്രൂപ്പിരുത്തത്തിൽ ചർച്ച ക്രോഡീകരിക്കാൻ മാഷെന്നോടാണാവശ്യപ്പെട്ടത്. മാഷോടെഴുതാൻ ഞാൻ അങ്ങോട്ട് സ്നേഹബഹുമാനങ്ങളോടെ നിർബന്ധിച്ചു, ഒരു കൊച്ചു കുഞ്ഞിന്റെ നിർമ്മല മനസ്സുപോലെ, "അസ്ലം, എന്റെ കയ്യക്ഷരം ഉദ്ദേശിച്ചത് പോലെ കടലാസിലങ്ങട്ട് നീങ്ങില്ല, നീ എഴുത് " -  കടലാസും പേനയും എനിക്ക് നേരെ നീട്ടി പറഞ്ഞു.  എന്നെക്കൊണ്ട് വിഷയം പ്രസന്റ് ചെയ്യാൻ മാഷ് ചമഞ്ഞെടുത്ത ഒരൊഴികഴിവായിരുന്നതതെന്ന്  മണക്കാൻ എനിക്ക് വലിയ സമയം വേണ്ടി വന്നില്ല.
ക്രോഡീകരണവും അവതരണവും കഴിഞ്ഞപ്പോൾ നാരായണൻ മാഷ്  ഉറക്കെ : "മാഡം, അതെന്റെ സ്റ്റുഡൻറാണ്."

ഉച്ചഭക്ഷണത്തിനിടെ  മാഷ് എന്നോട് വിരസമായ ഫിലോസഫി പറഞ്ഞുതുടങ്ങി.  അതു പൊതുവെ എപ്പോൾ കണ്ടാലും പതിവുള്ളതാണ്. വിരസത അത്കൊണ്ടല്ല, എനിക്കെന്റെ ഭാഗം പറയാൻ തോന്നും. അതദ്ദേഹത്തിന് ഉൾക്കൊള്ളാൻ പറ്റുന്നുണ്ടോ എന്ന സംശയം ഉണ്ടാകാറുണ്ട്. ഇടക്കിടക്ക് ഇംഗ്ലീഷ് കാച്ചും. Thats what I am trying to say ... അതന്നും പറഞ്ഞു.

  "വിധി, തലവര, തലയിലെഴുത്ത്" ഇതായിരുന്നു പുതിയ സംസാരവിഷയങ്ങൾ. അദ്ദേഹത്തിന്റെ വീക്ഷണങ്ങൾക്ക്  ഒരു ഡിഗ്രിപോലും ഇപ്പഴും മാറ്റമില്ല. ഇക്കുറി തർക്കുത്തരത്തിന് നിൽക്കാതെ മാഷ് പറഞ്ഞു തീരുന്നത് വരെ അദ്ദേഹത്തിന്റെ കൂടെ ഇരുന്ന് ഞാനെന്റെ രണ്ടു കാതും നൽകി. 

കുടുംബം, നിത്യവൃത്തി, പഴയ ശിഷ്യന്മാരുടെ ക്ഷേമാശ്വൈര്യങ്ങൾ എല്ലാം നാരായണൻ മാഷിന് അറിയണം. ഞാനോരോന്നും പറഞ്ഞു കൊണ്ടേയിരുന്നു.

സെഷൻ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ഒന്നു കൂടി ആ കരങ്ങൾ രണ്ടും സ്പർശിച്ചു.
"മാഷേ, മാഷ് റിട്ടയർഡായി പത്ത് - പത്രണ്ട് വർഷമായിക്കാണും അല്ലേ ? "
"പത്ത് വർഷം "
"അപ്പോൾ പ്രായമേകദേശം 68 ആയിരിക്കുമല്ലേ ? "
"തെറ്റി, 69 കഴിഞ്ഞു "
"എന്നാപ്പിന്നെ, അടുത്ത വർഷം സപ്തതി ?" 
മാഷതിന്നുള്ള മറുപടി ഒരു നിറചിരിയിലൊതുക്കി. അപ്പോൾ മാഷിന്റെ കണ്ണുകൾക്ക് സ്കൂൾ കാലങ്ങളിൽ ഏഴാം ക്ലാസ്സിൽ ഞാൻ കാണാറുള്ള അതേ ശാന്തത. മുഖം വിടർന്ന്,  കൺകോണുകൾ രണ്ടും വലിഞ്ഞപ്പോഴും പണ്ടുകണ്ട അതേ മുഖഭാവം.

മുടി നീട്ടിയതും ചികിയൊതുക്കിയതും  ഒന്നും തന്നെ മാറ്റത്തിനായി നിന്ന് കൊടുത്തിട്ടില്ല. ചിട്ടവട്ടങ്ങളിൽ കണിശതയും കൃത്യതയും പുലർത്തുന്ന ഞങ്ങളുടെ അരുമയധ്യാപകൻ.  മുൻ പല്ലുകളിലൊന്നിന്റെ വലതറ്റം വിണ്ടും നോക്കി ഉറപ്പുവരുത്തി. അതെ,  ചെറുതായി മുറിഞ്ഞ് വീണപാട് അതിലിപ്പഴുമങ്ങിനെത്തന്നെയുണ്ട്.

മാഷിന്റെ ശിഷ്യന്മാർക്ക് മുമ്പിൽ ഈ രാവിലെ സപ്തതിയടക്കമുള്ള വിശേഷങ്ങളൊന്നോർമ്മപ്പെടുത്തിയെന്നേയുള്ളൂ. അദ്ദേഹത്തിന്റെ ശിഷ്യസമ്പത്തിലധികവും പട്ലയിൽ നിന്നുള്ളവരാണല്ലോ. 

എല്ലാവരുമൊന്ന് മനസ്സ് വെച്ചാൽ അവിടം വരെ പോകാൻ വലിയ വഴി ദൂരമൊന്നുമില്ല. മാഷിന്റെ കൂടെ എന്നും കാണാറുള്ള  രാഘവൻ മാഷ് പറയുന്നത് പോലെ  ശിഷ്യസ്നേഹപരിചരണങ്ങൾ മാഷിനും കൂടി അവകാശപ്പെട്ടതാണല്ലോ !

ഒരു മകൻ, ഒരു മകൾ. കുടുംബത്തോടൊപ്പം കഴിയുന്ന  നാരായണൻ മാഷിന് ആയുരാരോഗ്യ സൗഖ്യങ്ങൾ !

സക്രിയ നേതൃത്വം* *അതിലേറെ ആത്മവിശ്വാസം* *പിന്നെ,* *പ്രശാന്ത് സുന്ദർ മാഷ്* *പറഞ്ഞതും* / അസ്ലം മാവിലെ

*സക്രിയ നേതൃത്വം*
*അതിലേറെ ആത്മവിശ്വാസം*
*പിന്നെ,*
*പ്രശാന്ത് സുന്ദർ മാഷ്*
*പറഞ്ഞതും*

.............................
അസ്ലം മാവിലെ
.............................

https://my.kasargodvartha.com/2019/10/article-about-school-and-teacher.html?Latest=1

ചിലരെ പരിചയപ്പെടണം, ചിലരെ പരിചയപ്പെടേണ്ട ആവശ്യമേയില്ല. ചിലരോട് അടുക്കണം, ചിലരിൽ നിന്നകലം പാലിച്ചാലും വലിയ വിഷയമല്ല. ഒരിരുത്തം മതി ചില വ്യക്തികളെ വായിച്ചെടുക്കാൻ...

പ്രശാന്ത് മാഷെ ഞാൻ കൂടുതൽ കണ്ടുമുട്ടിയിട്ടില്ല. കണ്ടു മുട്ടിയ നേരങ്ങളാകട്ടെ അങ്ങനെ സൗകര്യത്തിലിരുന്ന് സംസാരിക്കാൻ പറ്റിയയതുമായിരുന്നില്ല. ആദ്യം കണ്ടത് പ്രിയമാതാവിന്റെ വേർപാടറിഞ്ഞ് എന്നെ ആശ്വസിപ്പിക്കാൻ വീട്ടിൽ വന്നപ്പോൾ. പിന്നെ മിണ്ടിയത് സ്കൂളിൻ നടന്ന അഞ്ചോ ആറോ പ്രോഗ്രാമുകളിലെ വേദികളിൽ.

ഇന്നലെയാണ് മാഷിനെ  ഞാൻ ശരിക്കും കേട്ടത്, PTA ജനറൽ ബോഡിയിൽ രക്ഷിതാക്കളെയും അധ്യാപകരെയുമദ്ദേഹം അഭിമുഖീകരിച്ച വേളയിൽ.

ഒരു സ്ഥാപനമേധാവി എങ്ങനെയായിരിക്കണമെന്ന് ആ സംസാരം പറയുന്നുണ്ട്. നയം പറയുന്നു. അതിന്റെ വിശദീകരണം പറയുന്നു. ന്യായം പറയുന്നു. അതിനുപോൽബലകമായ പശ്ചാത്തലം പറയുന്നു. കിതക്കാത്ത ഒരിടമാണ് ലക്ഷ്യം. ചാഞ്ചാടാൻ വെമ്പുന മനസ്സുകളെ പരിക്കില്ലാതെ നിയന്ത്രണ വിധേയമാക്കലാണ് ഉദ്ദേശം.

സ്പുടമാണ് കാര്യങ്ങൾ. കണിശമാണ് നിലപാടുകൾ. വിശദീകരണങ്ങൾ കേൾക്കാൻ സുഖമുണ്ട്. ആളുകുറവായ സദസ്സിലാ അഭിസംബോധന വലിയ ആൾക്കൂട്ടങ്ങളുടെ ഫീലുണ്ടാക്കി. വന്ന നിങ്ങൾ ശ്രേഷ്ഠർ, വരാത്തവർ വന്നവരെ വിശ്വാസമർപ്പിച്ചതിനാൽ അതിലേറെ ശ്രേഷ്ഠർ.

പ്രസന്റേഷനുകളിൽ സീനിയർ പ്രൊജക്ട് മാനേജർ Mr.  സഅദ് അൽ ഗാംദി  ഇടക്കിടക്ക് പറയുന്നത് കേൾക്കാറുണ്ട്, യാ അഖീ, കുൻ വഇസിഖാ - ഉടപ്പിറപ്പേ, ആത്മവിശ്വാസം കൈ കൊള്ളൂ എന്നാണെന്ന് തോന്നുന്നു അപ്പറയുന്നത്. (കേട്ടതിലപാകതയുണ്ടെങ്കിൽ അറബിഭാഷാധ്യാപകർ തിരുത്തട്ടെ)

ഇന്നലെ PTA പൊതുസഭയിൽ രക്ഷിതാക്കളുടെ എണ്ണമെങ്ങിനെ കുറഞ്ഞു - വേറിട്ട വായനയിലായിരുന്നു പ്രശാന്ത് സാർ. "ആരും അങ്ങിനെയേ വരൂ. മക്കളുടെ പഠനമാണവർക്ക് വലുത്, ഓണപ്പരീക്ഷയിലെ മാർക്കവർ കണ്ടു.  അതിന്റെ വിലയിരുത്തലുകളിൽ  ഇക്കഴിഞ്ഞ ആഴ്ച മുഴുവൻ രക്ഷിതാക്കൾ വ്യാപൃതരായി, ഉമ്മമാരായിരുന്നു കൂടുതൽ. കേൾക്കേണ്ടതും പറയേണ്ടതും ആ ആഴ്ച മുഴുവനും അവർ ചെയ്തു."

കഴിഞ്ഞ വർഷം ഓണപ്പരീക്ഷയ്ക്ക് മുമ്പായിരുന്നു ജനറൽ ബോഡി, അന്നാധിക്യമുണ്ടായി രക്ഷിതാക്കളുടെ ; ഒക്ടോബർ മാസത്തിലെ ജനറൽ ബോഡി പരീക്ഷണങ്ങൾ ഇനി വേണ്ടെന്ന് കൂടിയുള്ള സൂചനകളായി ആ വാക്കുകൾ.

ഇത്തരം കരുവാളിച്ച ഘട്ടങ്ങളിൽ സംഘാടകർക്കും ഇരിക്കുന്നവർക്കും രക്ഷകർതൃപ്രതിനിധികൾക്കും സെയ്ഫ് സോൺ കാണിക്കുന്ന സ്ഥാപന മേധാവിയെ ഞാനാദ്യമായി കാണുകയാണ്. ഇവരുള്ളിടത്ത് വർക്ക് ചെയ്യുന്ന സഹജീവനക്കാർക്ക്, സഹാധ്യാപകർക്ക് വഴിത്താര കണ്ടെത്താൻ മറ്റൊരു ഞെക്കുവിളക്കാവശ്യമില്ല.

നല്ല ലീഡർഷിപ്പിനെകുറിച്ച്‌ പറയാറുള്ളത് ഇങ്ങനെ : 
ബലിഷ്ഠം, ദീർഘകാലം നിലനിൽക്കുന്നത് - സഹപ്രവർത്തകരോടുള്ള ബന്ധമതായിരിക്കും.  നിർമ്മാണാത്മകം, ഉൽപാദനപരം - കൂട്ടുകെട്ടിലിലേക്ക് ആ ബന്ധം  നയിക്കുന്നതിന്റെ ഉദ്ദേശങ്ങളാണ്. മുന്നിൽ ഒരവ്യക്തതയുമില്ല. രാജവീഥിക്കിരുവശമെങ്ങും പ്രതീക്ഷകളുടെ കത്തുന്ന വിളക്കുകാലുകൾ പ്രഭചൊരിഞ്ഞു കൊണ്ടിരിക്കും. 

പ്രശാന്ത് സുന്ദർ മാഷിന്റെ ഇരുത്തം വന്ന നിലപാടുകളും ഇടപെടലുകളും പട്ല സ്കൂളിലെ പുതിയ അധ്യാപക-രക്ഷാകർതൃ , വികസന, നടത്തിപ്പ് സമിതികൾക്കു മൊത്തം വലിയ മുതൽക്കൂട്ടാണ്. വരുന്ന അഞ്ചുവർഷങ്ങൾ നമ്മുടെ സ്കൂൾ പരിസരങ്ങൾക്ക്  പുതിയ വർത്തമാനങ്ങൾ പറയാനുണ്ടാകുമെന്ന്  മാത്രമിവിടെ കുറിക്കുന്നു. അന്നും നേതൃത്വങ്ങളിലുണ്ടാകേണ്ടത് പരിണിതപ്രജ്ഞരായിരിക്കണം, നിസ്വാർഥ സേവകരായിരിക്കണം, കഴിവും കാര്യ പ്രാപ്തിയുമുള്ളവരായിരിക്കണം. ദീർഘദൃഷ്ടിയും പുരോഗനചിന്തയും കൈമുതലായുള്ളവരുമായിരിക്കണം.

.....................................

ഈയ്യിടെ എനിക്കു കുറച്ചു കപ്പൽ ജോലിക്കാരെ സുഹൃത്തുക്കളായി കിട്ടി. രാത്രിയിലെ ഏറെ വൈകിയുള്ള ഒന്നിച്ചിരുത്തങ്ങളിൽ ഞാൻ ചോദിക്കും - ആഴിക്കടൽ യാത്രാ കഥകൾ തുടരെത്തുടരെ കേൾക്കുമ്പോൾ എനിക്കൊന്നറിയണം, എങ്ങിനെയാണ് ആടിയുലയുന്ന കരകാണാ സാഹസിക യാത്രകളിൽ മനസ്സ് ധൈര്യപ്പെടുത്തുന്നത്, സ്ഥൈര്യപ്പെടുത്തുന്നത് ?

അവരുടെ മറുപടി  : ആർത്തിരമ്പുന്ന തിരമാലകൾക്കിടയിലും ഭീതിജനിപ്പിക്കും കടലട്ടഹാസങ്ങളിലും മനംകോച്ചുന്ന തണുപ്പിലും സർവ്വ പ്രതികൂല കാലാവസ്ഥയിലും അവമുഴുവൻ അതിജീവിച്ചു മുന്നോട്ട് നയിക്കുന്ന ഞങ്ങളുടെ കപ്പിത്താൻ കണ്ണിമ പൂട്ടാതെ മുന്നിലുള്ളപ്പോൾ ഞങ്ങൾക്കെങ്ങിനെ ആത്മധൈര്യവും ആത്മവിശ്വാസവും ചോരും ? 

അവസാന വാക്ക്:
"സംസാരങ്ങൾ, കൂടിക്കാഴ്ചകൾ, ഇരുത്തങ്ങൾ, സാന്നിധ്യങ്ങൾ ഇവ നിങ്ങൾക്കെപ്പോഴും പുതിയ അറിവുകൾ നൽകിക്കൊണ്ടേയിരിക്കുമെങ്കിൽ നിങ്ങൾ വഴിതെറ്റിയിട്ടില്ല." അപ്പറഞ്ഞ അജ്ഞാത വ്യക്തിയെ അന്വേഷിക്കുകയാണ് ഞാൻ.

ഇവരെ സൂക്ഷിക്കുക, മതിയായ അകലം പാലിക്കുക; കൃത്രിമ തിരക്കുകളുടെ ഭാവാഭിനയക്കാര്‍* / *അസ്ലം മാവിലെ*



*ഇവരെ സൂക്ഷിക്കുക, മതിയായ അകലം പാലിക്കുക; കൃത്രിമ തിരക്കുകളുടെ ഭാവാഭിനയക്കാര്‍*
............................
*അസ്ലം മാവിലെ*
............................
http://www.kvartha.com/2019/10/article-about-friendship-and-commitment.html?m=1
ഇവരെ സൂക്ഷിക്കുക. മതിയായ അകലം പാലിക്കുക. അവർ തിരക്കഭിനയിക്കുന്നവരാണ്. കൃത്രിമത്വത്തെ കൂട്ടുപിടിച്ചവർ. നല്ല ഭാവാഭിനയക്കാർ. ഇവരിൽ നാം കൂടി ഉൾപ്പെടാറുണ്ടോ എന്നും പരിശോധിക്കുക.
കണ്ടില്ലല്ലോ ?
തിരക്കാ...
വന്നില്ലല്ലോ ?
തിരക്കാ....
മിണ്ടിയില്ലല്ലോ ?
തിരക്കാ...
എടുത്തില്ലല്ലോ ?
തിരക്കാ...
തിരികെ വിളിച്ചില്ലല്ലോ ?
തിരക്കാ...
എന്തായിത്ര തിരക്ക് ? ആഹ്.....
അത്ര തിരക്കാകാൻ എന്തേലും അധികഭാരം ? ആഹ്....
ഇവർക്കറിയാം,
നാലുദിവസത്തെ നടന-നാട്യങ്ങൾക്ക് തട്ടിൽ കയറിയവരാണ് നാമെന്ന്. അത്രയേയുള്ളൂ ജീവിതമെന്നും. എന്നാലും ഈ കോംപ്ലക്സ് വിടില്ല.
നാലു ചക്രത്തിനുള്ള ഓട്ടപ്പാച്ചിലിൽ  ബന്ധങ്ങൾ, സൗഹൃദങ്ങൾ, സ്നേഹാന്വേഷണങ്ങൾ ഇവയൊന്നും മത്-ലബിൽ സീ-സാ ആടരുത്. ആരാന്റെ സൗഭാഗ്യങ്ങളിൽ വെറുതെ പരിതപിക്കരുത്. അതവനുള്ളത്. നമുക്കുള്ളത് കിട്ടാനായാലത് മതിലും തുരന്നതെത്തും.
തിരക്കാകാം, സ്വഭാവിക തിരക്ക്. പക്ഷെ, തിരക്കഭിനയിക്കരുത്. കാര്യം, ശരിക്കും തിരക്കാകുമ്പോൾ രണ്ടുമറിയാതെ പോകും.
അകലെ നിന്നും കണ്ടാൽ സുന്ദരൻ, അപ്സരസ്സ്. അടുത്തെത്തിയാൽ മണവും ഗുണവുമില്ലാത്തവർ. അത് തിരിച്ചറിയാതിരിക്കാനാകാം ചിലർ തിരിക്കഭിനയിക്കുന്നതെന്ന് ചിലപ്പോഴെങ്കിലും തോന്നിപ്പോയിട്ടുണ്ടോ ! അതിനെ കുറ്റം പറയാൻ പറ്റില്ല.
വിധിയുടെ നിശ്ചയമാകാം, കൃത്രിമ തിരക്കുകാരധികവും ത്സടുതിയിൽ എടുക്കാമുക്കാലുകളാകാറാണ് പതിവ്, ജീവിത വൈകുന്നേരങ്ങളിലേക്കൊന്നുമയാൾ എത്തേണ്ടതില്ല.  തിരിഞ്ഞു നോക്കാൻ സ്വന്തം നിഴൽ പോലുമവർക്കുണ്ടായെന്നും വരില്ല.
ആരും അത്ര തിരക്കിലല്ല; അയാളുടെ മുൻഗണനാ ക്രമത്തിൽ നിങ്ങൾ വളരെ പിന്നിലാണെന്ന് മാത്രം, അതാണയാൾ തിരക്കിൽ സ്വന്തത്തെ കുടുക്കി നിങ്ങൾക്ക് മുഖം നൽകാത്തത്. അയാളുടെ ഷെഡ്യൂളിന്റെ matter അല്ല.  ആ ഷെഡ്യൂളിൽ നിങ്ങളൊരിക്കലും വരാത്തതാണ് വിഷയം.
കവലയിൽ തിരിഞ്ഞു കളിക്കുന്ന പട്ടിക്കുട്ടികളുടെ തിരക്കു കണ്ടിട്ടുണ്ടോ ? വെറുതെയൊന്നു ശ്രദ്ധിച്ചു നോക്കൂ.  എന്തിനായിത്രയത് തിരക്കു കൂട്ടുന്നത് ? അറിയില്ല, അതിന്  പോലും.  എന്നാലും കൃത്രിമ തിരക്കഭിനയിക്കുന്നവരേക്കാൾ അവറ്റകളെത്രയോ ഭേദമാണെന്ന് തോന്നിപ്പോകും !
തിരക്കുവേണം, പക്ഷെ, അത്ര തിരക്കാകരുത്. മദർ തെരേസ പറയും :  Never be So Busy as Not to think Others, ആലോചനാമണ്ഡലത്തിൽ അന്യരുടെ നിഴലെത്താത്തവിധമൊരിക്കലും തിരക്കരുതെന്ന്. ആ അന്യർ - ഉറ്റവനാകാം, ഉടപ്പിറപ്പാകാം, നല്ല കൂട്ടുകാരാകാം, നന്മയാഗ്രഹിക്കുന്നവരാകാം.

വൈകിയിട്ടില്ല,* *മെഡി.ക്യാമ്പറിയാത്തവർ* *പട്ല സ്കൂളിലേക്ക്* *വച്ച് പിടിക്കുക.* /അസ്ലം മാവിലെ

*വൈകിയിട്ടില്ല,*
*മെഡി.ക്യാമ്പറിയാത്തവർ*
*പട്ല സ്കൂളിലേക്ക്*
*വച്ച് പിടിക്കുക.*

'.............................
അസ്ലം മാവിലെ
'.............................

ഇതെഴുതാനിരുന്നത് 11:15 ന്, തിരുമ്പോൾ 15 - 20 കൂടി മിനിറ്റ് കൂടി കഴിയും.

ക്യാമ്പ് കഴിഞ്ഞ് ആസ്വാദനം എഴുതുന്നത് ഈ വിഷയത്തിൽ അത്ര പ്രസക്തമല്ല. ആളുകൾക്ക് കൂടുതൽ അറിയാൻ, ഉപകാരപ്പെടാൻ  തലേ ദിവസം അല്ലെങ്കിൽ മെഡിക്കൽ ക്യാമ്പ് നടന്നു കൊണ്ടിരിക്കെ എഴുതുന്നതാണ് കൂടുതൽ ശരി.

പട്ല സംഘം ക്ലബ്ബാണ് സംഘാടകർ. അൽ റാസി പാരാമെഡിക്കൽ സ്ഥാപനമാണ് സഹചാരികൾ. സംഘം സേവനപ്രവർത്തനങ്ങളിൽ സജീവരാണ്. അഭിനന്ദനങ്ങൾ !

ഒരു നാട്ടിൽ ഇടക്കിടക്ക്  ആരോഗ്യ സംബന്ധമായ സെഷനുകൾ വളരെ അത്യാവശ്യമാണ്.

സർക്കാർ സംവിധാനങ്ങൾ നടത്തുമ്പോൾ ചില പരിധികളൊക്കെയുണ്ട്. അകലങ്ങളുണ്ടാകാൻ കാരണങ്ങൾ അവർ തന്നെ ഉണ്ടാക്കും. മേമ്പൊടിക്ക് നാട്ടുകാരുടെ സഹായം തേടി,  ചെയ്തെന്ന് വരുത്തി തടി കയ്ച്ചലാക്കും. (ചിലപ്പോൾ ആത്മാർഥമായും ഭംഗിയായും നടക്കാറുമുണ്ട് )

പക്ഷെ, നാട്ടുകൂടായ്മകൾ ഇത്തരം സംരംഭങ്ങൾക്ക് മുന്നിൽ നിൽക്കുമ്പോൾ അവിടെ പ്രോട്ടോക്കോളും ചുവപ്പുനാടയും മൂപ്പിള തർക്കങ്ങളും വാച്ചു നോക്കലും ചേനപ്പനുഗ്രാണി (സൗന്ദര്യ)പിണക്കങ്ങളൊന്നും ഉണ്ടാകില്ല. ആത്മാർഥമായി ഓടിച്ചാടി നടക്കാൻ പ്രവർത്തകർ, രോഗികൾക്ക് കൈത്താങ്ങാകാൻ നേതൃത്വം, വന്ന പേഷ്യന്റ്സിന് കിട്ടുന്ന പരിഗണന,  നല്ല ഫോളോഅപ്പ്, സംഘാടന കുറവുകൾക്ക് അപ്പപ്പോൾ പരിഹാരം... എന്ത് കൊണ്ടും ജനകീയമാകും.

ഇന്ന് നടന്നു കൊണ്ടിരിക്കുന്ന മെഡിക്കൽ ചെക്കപ്പ് അത്കൊണ്ട് തന്നെ ആവശ്യക്കാർ ഉപയോഗപ്പെടുത്തുക. വൈകിട്ട് 3:30 വരെയാണ് സമയ പരിധി.

3/4 വർഷങ്ങൾക്ക് മുമ്പ് ഒരു മെഗാ മെഡിക്കൽ ക്യാമ്പ് പട്ലയിൽ നടന്നിരുന്നു; അത് കഴിഞ്ഞിതാണ്. കണ്ണുപരിശോധനാ ക്യാമ്പ് , വിവിധോദ്ദേശ രക്ത പരിശോധനാ ക്യാമ്പ്, ഭീമമെഡിക്കൽ ക്യാമ്പ് തുടങ്ങിയവ ഇടക്കിടക്ക് സംഘടിക്കാവുന്നതാണ്. കൂട്ടത്തിൽ സാന്ത്വനപരിചരണ കൾച്ചറും. പാലിവേറ്റീവ് കെയർ യൂനിറ്റിൽ പട്ലയിൽ നിന്ന് 14 രോഗികൾ പേര് രെജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കൂടി കൂട്ടത്തിൽ വായിക്കുക. (വിശദമായി പിന്നൊരിക്കൽ എഴുതാം )

പട്ലയിൽ മുമ്പൊന്നും ഡോക്ടർമാരോ പാരാമെഡിക്കൽ സ്റ്റാഫോ വലുതായുണ്ടായിരുന്നില്ല.  ഇന്നവരുടെ ആധിക്യം കൊണ്ട് നടക്കാനും വയ്യ എന്നായിട്ടുണ്ട്. കൂടുതൽ ക്യാമ്പുകളും ബോധവൽക്കരണങ്ങളും നടത്താൻ ക്ലബുകൾക്കും സാമൂഹ്യ കൂട്ടായ്മകൾക്കും മുന്നിൽ നിൽക്കേണ്ടത് നിങ്ങളാണ്. അവരോട് സംഘാടകരാകാൻ, ഗ്രൌണ്ടൊരുക്കാനും ആവശ്യപ്പെടേണ്ടതും നിങ്ങളാണ് എന്ന് കൂടി എന്റെ സ്വതസിദ്ധശൈലിയിൽ പറഞ്ഞു വെക്കട്ടെ.

വൈകിയിട്ടില്ല,
മെഡിക്കൽ ക്യാമ്പറിയാത്തവർ പട്ല സ്കൂളിലേക്ക് വച്ച് പിടിക്കുക , അൽപം വേഗത്തിൽ തന്നെ.

പട്ല സ്കൂൾ പി.ടി. എ.*: * സ്ക്കൂളാലോചനകൾ*/ അസ്ലം മാവിലെ

*പട്ല സ്കൂൾ  പി.ടി. എ.*
*ജനറൽ ബോഡി യോഗം*
*ഇന്നാണ്, എല്ലാവരും എത്തുക*
......... ..... ........ ...
അസ്ലം മാവിലെ
......... ..... ........ ...

ഇന്ന് വെള്ളി. കുട്ടികളുടെ കയ്യിൽ ഒരു നോട്ടീസ് ഉണ്ട്.  ഇന്നലെ അധ്യാപകർ  കൊടുത്തു വിട്ടതാണ്. ഇന്നലെ തന്നെ അത് ഓരോ വീട്ടിലും  എത്താൻ വേണ്ടിയാണ് വിതരണം ചെയ്തത്. 

നോട്ടീസിലെ ഉള്ളടക്കം:  *പട്ല സ്കൂൾ പിടിഎ ജനറൽ  ബോഡി വെള്ളി (ഇന്ന്) നടക്കുന്നു, ഉച്ചയ്ക്ക് ശേഷം*. 

വാർഷിക റിപ്പോർട്ടുണ്ട്. വരവ് - ചെലവ് കണക്കുകളുടെ അവതരണമുണ്ട്.  (അതുമായി ബന്ധപ്പെട്ട ഓഡിറ്റിംഗ് നേരത്തെ നടന്നു കാണണം). അവ രണ്ടും പാസാക്കൽ. പൊതുചർച്ച. പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പ്.

ഇപ്പോൾ പട്ല സ്കൂൾ കോംപൗണ്ടിൽ നിരന്ന് പണി നടക്കുന്നു. ഇനിയും പണികൾ വരാനുണ്ട്. കാമ്പസ് മൊത്തമങ്ങ് മാറിക്കഴിഞ്ഞു. ഭൗതിക സൗകര്യം കൂടിക്കൂടി വന്നു കൊണ്ടിരിക്കുന്നു. ഇനിയും  കുറച്ചു കൂടി സൗകര്യങ്ങൾ ബാക്കിയുമുണ്ട്. ആവശ്യക്കാരനെന്ത് ഔചിത്യബോധം ?  കരച്ചിലിന്റെ നേരവും തോതും ഗൗരവവുമനുസരിച്ച് പ്രൊജക്ടുകൾ ഇനിയും വരികയും ചെയ്യും.

ഇതൊരു വശത്ത്. ഒരു പാട് പ്രോഗ്രാമുകൾ ഹൈസ്കൂൾ base ചെയ്ത് നടന്നിട്ടുണ്ടാകണം. പാഠ്യേതര വിഷയങ്ങളാണവ. വിവിധ ദിനാചരണങ്ങൾ. ആഘോഷങ്ങൾ. അതിന് മുന്നോടിയായി പ്രോഗ്രാംസ്. ആർട്സ്, സയൻസ്, സോഷ്യൽ,  ലിറ്ററൽ, ഗണിത ക്ലബുകൾ. അവയുടെ പ്രവർത്തനങ്ങൾ. കലാ സാഹിത്യ ശാസ്ത്ര പ്രവൃത്തി പരിചയ സംരംഭങ്ങൾ, മത്സരങ്ങൾ. കായിക പരിപാടികൾ. കൽച്ചറൽ പ്രോഗ്രാമുകൾ. അങ്ങിനെയൊരുപാടൊരുപാട്.
ഇതൊന്നും പോരാഞ്ഞിട്ട് സ്കൗട്ട്, ഗൈഡ്സ്, റെഡ്ക്രസന്റ് എന്നൊക്കെ പറഞ്ഞ് വേറെയും ചില കൂട്ടായ്മകൾ. (ഇക്കുറിയാണ് നമ്മുടെ ഗൈഡ്സ്  മക്കൾ ജില്ലാതലത്തിൽ ഒന്നാമതായി പേരെടുത്തത്) 

കഴിവുള്ള കുട്ടികൾക്കും, കഴിവ് പരിപോഷിക്കാൻ താത്പര്യമുള്ള കുട്ടികൾക്കും നമ്മുടെ സ്കൂൾ വലിയ മുതൽ കൂട്ടാണ്. അതാണാ വലിച്ചു നീട്ടിപ്പറഞ്ഞതിനർഥം.

പക്ഷെ, മൊത്തമിതൊക്കെ ജനറലൈസ് ചെയ്ത് പറഞ്ഞെങ്കിലും കലോത്സവ വേദികൾക്ക് ഇയ്യിടെയായി ക്യാലിറ്റി കുറഞ്ഞു പോകുന്നുണ്ടോ ? അത്ലറ്റിക് ഇനങ്ങൾ കിതയ്ക്കുന്നുണ്ടോ ? അവയ്ക്ക് നിറം മങ്ങുന്നുണ്ടോ ?ചെറിയ  ചെറിയ സംശയങ്ങൾ.

സംസ്ഥാന കലോൽത്സവം ഇക്കൊല്ലം കാസർകോടായത് കൊണ്ട്, ഇക്കാര്യത്തിൽ കുട്ടികളെ  ഉഷാറാക്കിയെടുക്കാൻ വേണ്ടി എന്ത് എക്സ്ട്രാ എഫർട്ട് ബന്ധപ്പെട്ടവർ എടുത്തു എന്നു ആരോടും പറയാൻ പോണ്ട, സ്വന്തത്തോടെങ്കിലും പറഞ്ഞ് സമാധാനിക്കാൻ സാധിക്കണം.

ഇക്കൊല്ലം മുതൽ ലക്ഷ്ണൻ മാഷില്ലാത്ത കായിക കലാലയമാണല്ലോ പട്ല സ്കൂൾ. പുതിയ കായികാധ്യാപകൻ സർവീസിൽ കയറിയിട്ടുമുണ്ട്.  ഇപ്രാവശ്യത്തെ സ്പോർട്സ് ഡേക്കും അതുമായി ബന്ധപ്പെട്ടതിനുമദ്ദേഹം  ഓടിച്ചാടി വിയർപ്പൊഴുക്കിയിട്ടുണ്ടാകണം എന്നെന്റെ മനസ്സ് പറയുന്നു.  ഓൺലൈൻ കൂട്ടായ്മകളിൽ പോസ്റ്റിയ സ്പോർട്സ് ഡേ ഫോട്ടോകളിൽ  അദ്ദേഹത്തെ കാണാതെ പോയത് ഒരുപക്ഷെ,  ഫോട്ടോ പോസ്റ്റ് ചെയ്ത വ്യക്തിയുടെ അശ്രദ്ധ മൂലമാകാം.

രക്ഷിതാക്കളോട് പറയാനുള്ളത്, എല്ലാവർക്കും നേതൃത്വത്തിലെത്താൻ സാധ്യമല്ല. പക്ഷെ, എല്ലാർക്കും പിടിഎ പൊതുസഭയിലേക്ക് എത്താമല്ലോ, അതും ഒരു രക്ഷിതാവെന്ന നിലയിലും ഈ സ്കൂളിന്റെ അഭ്യുദയകാംക്ഷി എന്ന നിലയിലും.  ജനറൽ ബോഡിക്കെത്തിയാൽ പിടിഎ നേതൃത്വം  പറയുന്നത് നമുക്ക് കേൾക്കാം, നമുക്ക് പറയാനുള്ളതങ്ങോട്ട്  കേൾപ്പിക്കുകയും ചെയ്യാം. ഒപ്പം, പുതിയ നേതൃതെരെഞ്ഞെടുപ്പിന്റെ ഭാഗവുമാകാം. അത്കൊണ്ട് മോൻ/മോൾ നോട്ടീസ് ബുക്കിനിടയിൽ വെച്ച് തരാൻ മറന്ന് പോയെന്ന Excuse ഉണ്ടാകരുത്. Come & attend the Meeting.

സ്കൂളിന്റെ മൊത്തത്തിലുള്ള പുരോഗതിയാകണം ഏതൊരു രക്ഷിതാവിന്റെയും നാട്ടുകാരന്റെയും ആഗ്രഹവും ശ്രമവും പ്രാർഥനയും. മറ്റു സ്കൂളുകളെ അപേക്ഷിച്ച് നമ്മുടെ സ്കൂൾ അക്കാഡമിക് നേതൃത്വവും പിടിഎ/എസ്എംസി/എസ്ഡിഎഫ് നേതൃത്വങ്ങളും ഒരുപാടു പടികൾ മുന്നിലാണ്. അതിനിയും അങ്ങിനെത്തന്നെ മുന്നോട്ട് നീങ്ങണം.

2019 - 2020 ലേക്കുള്ള പിടിഎയാണ് വരാൻ പോകുന്നത്. എഴുപതാം വാർഷികം പടിവാതിലിനു മുന്നിലുണ്ട്.  2020 -2021 ലാണോ,  അതല്ല 2019 - 2020  കാലയളവിലാണോ എന്നൊക്കെ തർക്കുത്തരം പറഞ്ഞു മൊത്തത്തിൽ ജൂബിലിയാഘോഷം ഒന്നുമല്ലാതാക്കരുത്. പ്ലാറ്റിനം ജൂബിലി വേണ്ട, അഞ്ചു കൊല്ലം കഴിഞ്ഞ് ഡയമണ്ടു വരുന്നല്ലോ, അത് പോരെ...ഇങ്ങനെയൊക്കെയുള്ള ആമ"വാദം"വും  വരരുത്. 

70 ആഘോഷിക്കണമെങ്കിൽ കുറച്ചു ഹോം വർക്കു വേണം, പ്ലാറ്റിനം  വെറുമൊരു വാർഷികമാകരുതല്ലോ. അതിന് മുന്നോടിയായി വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുടെ വ്യക്തമായ രൂപരേഖ ഉണ്ടാവേണ്ടതുണ്ട്, ഒപ്പം ചില നടപ്പുശീലങ്ങളും.  അത്തരം സ്പെഷൽ ജുബിലി ആഘോഷിച്ച സ്ഥാപനങ്ങളിൽ നിന്നും വന്ന അധ്യാപകർ ഈ സ്കൂളിൽ ഉണ്ടാകും.  (പൂർവ്വ )വിദ്യാർഥികൾ ഉണ്ടാകും പട്ല നാട്ടിൽ. അവരുടെയും അനുയോജ്യമായ ഇടപെടലുകൾ, നിർദ്ദേശങ്ങൾ ആവശ്യമായി വരേണ്ട സന്ദർഭമാണിത്.

ഇക്കുറി നമ്മുടെ ഹയർസെക്കണ്ടറിയിലെ മുതിർന്ന വിദ്യാർഥികൾ പക്വതയും മാന്യതയും പ്ലീസിംഗ് സ്റ്റാൻഡേർഡും  കാണിച്ചു പോരുന്നതിൽ സന്തോഷം തോന്നുന്നു. കാസർകോട് നഗരത്തിന്റെ കയ്യാപ്പുറങ്ങളിലുള്ള ഹയർസെക്കണ്ടറികളിൽ ജൂനിയേർസിനെ തല്ലുന്നതും തോണ്ടുന്നതുമാണ് ഹീറോയിസമെന്നു തെറ്റിദ്ധരിച്ച പോയത്തക്കാരിൽ നിന്ന് എത്രയോ ഉയർന്ന പടിയിൽ നമ്മുടെ മക്കൾ എത്തിയിട്ടുണ്ട്. അതൊരു ചെറിയ വിഷയമല്ല. അങ്ങനെയൊരു ഫ്രണ്ട്ലി സ്റ്റുഡൻസ് കാമ്പസിന്റെ അന്തരീക്ഷമുണ്ടാക്കിയെടുക്കുന്നതിൽ ഒരു വനിതാ പ്രിൻസിപ്പൽ വിജയിച്ചിട്ടുണ്ടെങ്കിൽ,  അതിനൊത്തു സപ്പോർട്ട് ചെയ്യാൻ PTAയ്ക്കുമായിട്ടുണ്ടെങ്കിൽ, അത് നടപ്പുരീതിയിൽ നിന്ന് വഴിമാറി നടന്ന പുതിയ കാഴ്ചപ്പാടിന്റെ ഫലമാണ്. അതീ പറയുന്ന ചൈനീസ് പഴമൊഴിയിലുണ്ട് - 
Mó chǔ chéng zhēn [mo chu cheng zhen] എന്ന് വെച്ചാൽ
Grind pestle accomplish needle.
രാകിരാകിയേ സൂചിയുണ്ടാകൂ എന്നല്ല, രാകേണ്ട പോലെ രാകിയാലേ ലക്ഷണമൊത്ത സൂചിയുണ്ടാകൂ എന്നാണതിന്റെ യഥാർഥ അർഥം.

ചില സ്കൂളുകളിലൊക്കെ സ്റ്റഡിടൂർ ഒഴിവാക്കാറുണ്ട്. എന്തെങ്കിലും ഒരു കാരണമതിനോട് ഏച്ചു കെട്ടാനുണ്ടാവുകയും ചെയ്യും. ( ഉടക്കിന് കാരണങ്ങൾ കണ്ടെത്താൻ കാറ് പിടിച്ചു പോകേണ്ടതില്ലല്ലോ )  അങ്ങിനെയൊരു കടുത്ത തീരുമാനമുണ്ടാകരുത് അധികൃതരിൽ നിന്ന്, അതെന്തിന്റെ പേരിലായാലും. മക്കൾ വില്ലിംഗാണോ ? പഠനയാത്ര എന്നൊന്ന് വിദ്യാഭ്യാസ വകുപ്പിന്റെ പാഠ്യേതര മാന്വലിലും  സർക്കുറലിലുമുണ്ടോ ? ഉണ്ടെങ്കിൽ, അതിനുള്ള സൗകര്യങ്ങൾ ഉണ്ടാക്കണം.

മൊത്തത്തിൽ ചിലകാര്യങ്ങൾ വ്യംഗ്യമായും  മറ്റു ചിലവ പ്രത്യക്ഷമായും ഇവിടെ സൂചിപ്പിച്ചെന്നേയുള്ളൂ. ഇന്നൊഴിയുന്ന PTA, SMC നേതൃത്വത്തിനും ഏറ്റെടുക്കുന്ന പുതിയ നേതൃത്വത്തിനും സർവ്വ നന്മകൾ നേരുന്നു. ലേഖന തുടക്കത്തിൽ,  ചില പോരായ്മകൾ  പരാമർശിച്ചത് തികച്ചും സാന്ദർഭികമാണെന്ന് കൂടി പറയട്ടെ. ഒരു ചൈനീസ് പഴമൊഴിയിൽ പറഞ്ഞത് പോലെ, 小洞不补,大洞吃苦 [小洞不補大洞吃苦] *A STITCH IN TIME SAVES NINE*, ചെല്ല്യങ്ക്,.. ഇപ്പൾത്തെ ഒട്ടക്ക് ഒരി തൂയിയും നൂച്ചറും മതീന്ന്. 

Rome was not built in a day.  ഒരു മഴയ്ക്ക് ശേഷമുണ്ടായ തബരത്തൈകളല്ല നമ്മുടെ സ്കൂളിലെ ഇക്കാണുന്ന ഏത് പുരോഗതിയും. നമ്മുടെ സ്ഥിരോത്സാഹത്തിന് (Perseverance) ലഭിച്ച ഏറ്റവും fruitful ആയ റിസൾട്ടാണ് നമ്മുടെ സ്കൂളിലെ പോരായ്മക്കപ്പുറമുള്ള സകല നല്ല വാർത്തകളും.  പറയാം നമുക്ക്,  ജയ് പട്ല GHSS !

എഴുത്ത് നർമ്മാലോചന / അസ്ലം മാവിലെ

എഴുത്ത്
നർമ്മാലോചന

അസ്ലം മാവിലെ

മുകളിൽ കണ്ടല്ലോ, അത് രണ്ടും എന്റെ ഐഡൻന്റിറ്റിയുടെ ഭാഗമാണ്. എന്റെ കുഞ്ഞു മേൽവിലാസം.

ആളെക്കാണണമെന്നില്ല. കുപ്പായം കണ്ടാൽ ആളെ തിരിച്ചറിയാറില്ലേ ?അത്പോലെ ഒന്നെന്ന് കൂട്ടിക്കോളൂ. അങ്ങിനെയുള്ളൊരാൾ കുപ്പായം മാറ്റുമെന്ന് കരുതാമോ ?അറിയില്ല.

തിരിച്ചറിയലാണ് എനിക്ക് കുത്തിക്കുറിക്കൽ കുറുകിച്ചിരിക്കലും.  സമ്മർദ്ദങ്ങളും വിരസതയും വേണ്ടാച്ചിന്തകളും നഷ്ടഭാരങ്ങളും മറക്കാൻ, മറ നീക്കി മുന്നിൽ വരാതിരിക്കാൻ ഒരു പോസിറ്റീവ് വഴിത്താര.

വായിച്ചോ ? ഇല്ലയോ ? കമൻറുമോ കണ്ണടക്കുമോ ? വെറുക്കുമോ ?  (പിറു)പിറുക്കുമോ ? പലർക്കുമവ വിഷയമെങ്കിലും എനിക്കതില്ല. 

ജിവിതത്തിൽ ടെൻഷനടിപ്പിച്ചത് പലപ്പോഴും നർമത്തിൽ മുക്കി നോക്കാറുണ്ട്. എത്ര പിടിച്ചു നിന്നാലും ചിരിക്കാതിരിക്കാനാവില്ല.

വേഷങ്ങൾ, വേഷം കെട്ടലുകൾ, തള്ള്, തള്ള് വരവ്, തള്ളിനിക്കൽ, വായുപിടുത്തം, ഗോത്രത്തഴമ്പ് ,  പ്രദർശനങ്ങൾ,  പ്രകടനങ്ങൾ, അഭിനയങ്ങൾ, കോപ്രായങ്ങൾ - എല്ലാം കഴിഞ്ഞാൽ ബാക്കി എന്ത് ? നർമ്മചിന്തകൾക്കായി കുറച്ച് സമയം മാറ്റി വെച്ചാൽ പിന്നെ ചിരിക്കാനേ നേരമുണ്ടാക്കൂ, അതിൽ സ്വയം കഥാപാത്രമായി നോക്കൂ. 

വിശേഷ ദിവസങ്ങളിൽ ഹീറോ ഫൗണ്ടൻ പേന (HERO) കീശയിൽ കുത്തുന്ന ഒരു കാലം കടന്നു പോയിട്ടുണ്ട്. ഞാൻ കത്തെഴുതി കൊടുത്തിരുന്ന അയാളുടെ കീശയിലെ തിളങ്ങുന്ന പേന കണ്ടപ്പോൾ, കൗതുകത്തിന് അനുവാദമില്ലാതെ ഒന്നെടുത്തു. അന്നയാൾ അലിഞ്ഞില്ലാതെയായി !  ടോപ് മാത്രം കുത്തുന്ന നടപ്പുശീലം ഞാനറിഞ്ഞുപോയതിലായിരിക്കാമത്. അന്ന് മുതൽ കാണുന്ന മിക്ക കല്യാണച്ചമയകീശകളും പിന്നെ, പെന്നും വാച്ചും പൊന്നും മിന്നുമെല്ലാം എനിക്ക് നേർപ്പിച്ച ചിരിമാത്രമാണ് നൽകാറുള്ളത്.

ഇതൊക്കെ ഇന്നത്തെ ജീവിതഫ്രെമിലേക്ക് ഒന്നു മാറ്റി എഴുതിയേ... അത് തന്നെയല്ലേ ഇന്നത്തെ ഒട്ടുമുക്കാലും കെട്ടുകാഴ്ചകൾ ! ഞൊടിഞായങ്ങൾ !

ഈ നന്മച്ചില്ലകൾ* *എങ്ങും തണൽ വിരിക്കട്ടെ* / അസ്ലം മാവിലെ


*ഈ നന്മച്ചില്ലകൾ*
*എങ്ങും തണൽ വിരിക്കട്ടെ*

.............................
അസ്ലം മാവിലെ
................ ............

ഇന്നലെയോ മിനിഞ്ഞാന്നോ ഒരു അനുജസുഹൃത്ത് സംസാരമധ്യേ ചോദിച്ചു, നാട്ടിലെ സംഘടിത സേവനങ്ങൾ നിങ്ങൾ കാണുന്നില്ലേ ? അതൊന്നും എഴുത്തിൽ കണ്ടില്ല !

എഴുതാൻ അൽപം വൈകിച്ചതാണ്. അത് മന:പൂർവ്വവുമാണ്.

വഴിതടസ്സങ്ങൾ നീക്കം ചെയ്യുക  വിശ്വാസത്തിന്റെ ഭാഗമെന്ന് കരുതുന്ന നടേ പരാമർശിച്ച സേവനങ്ങൾ നാട്ടിൽ ഇയ്യിടെ വർദ്ധിച്ചു വരുന്നതിൽ വളരെ സന്തോഷമുണ്ട്. വഴിതടസ്സം നീക്കുക എന്നാൽ നല്ലവഴിയൊരുക്കുക എന്നാണല്ലോ ഏറെ അർഥമുള്ളവയിൽ ഒരർഥം. 

സംഘടിത ശ്രമങ്ങളുടെ ഒരു ഗുണം അത് നിരന്തരം അനുകരണ വിധേയമാക്കപ്പെടുന്നു എന്നതാണ്. മുമ്പ് നാടെങ്ങുമുണ്ടായിരുന്നത് തോടുകളും കൈവഴികളുമായിരുന്നു.  ഇന്നത് വിതികൂടി നാലുചക്ര വാഹനങ്ങൾക്ക് പോകാൻ പാകത്തിന് വിശാലമാണ്. പുതുതലമുറ ഒരു പക്ഷെ, ഒരു വട്ടം പോലും മുഖം കാണാൻ സാധ്യതയില്ലാത്ത ഒരുപാട് വ്യക്തിത്വങ്ങളുടെ ശ്രമഫലമാണിതൊക്കെ. അന്നത്തെ സാഹചര്യത്തിൽ പോലും  വികസന സ്വപ്നങ്ങൾ മനസ്സു പേറി നടന്നവരായിരുന്നവർ.  അവരുടെ നേതൃഗുണഫലമെന്ന് പറയാം. (നിനച്ചിരിക്കാതെ .ആ വ്യക്തിത്വങ്ങൾ നമ്മുടെ മനോമുകുരങ്ങളിൽ ഈ കുറിമാനം വഴിയുമല്ലാതെയും ഇടക്കിടക്ക് ഓർമ്മത്താളങ്ങൾ സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നത് തന്നെ അവർ ചെയ്ത നന്മകൾക്ക് അമരത്വം കൈവരിച്ചത് കൊണ്ടാണ്. )  വികസനകാലത്തിന് മുമ്പേ മുണ്ട് മടക്കി നടന്ന അവരുടെ നിരന്തര കൂടിയിരുത്തങ്ങളും ബോധ്യപ്പെടുത്തലുകളും അംഗീകരിച്ചു മതിയായ സ്ഥലം വിട്ടുനൽകിയവരുടെ മഹാമനസ്കതയ്ക്കും തുല്യ പ്രധാന്യമുണ്ട്. പ്രതീക്ഷകൾ അറ്റുപോകുമ്പോഴും പിന്നെയും ക്ഷമയവലംബിച്ച് നിരന്തരം കൂടിക്കാഴ്ചകൾ നടത്താൻ കാണിച്ച എത്രയെത്ര സന്മനസ്സുകൾ !  അവരിൽ ഒരുപാട് പേർ  ഞാൻ, നിങ്ങൾ ദിവസവും കയറിവരികയുമിറങ്ങുകയും ചെയ്യുന്ന പള്ളിവളപ്പുകളിലെ നേർത്ത പാതക്കിരുവശവും  അന്ത്യവിശ്രമത്തിലാണ്. ആ ബഹുമാന്യരുടെ  പേരുകൾ എഴുതിയാൽ ഒരുപക്ഷെ, ചിലരുടെയെങ്കിലും പേരുകൾ വിട്ടുപോകുമെന്ന ഭയമുള്ളത് കൊണ്ടും അങ്ങിനെ വന്നാൽ, അതവരുടെ കുടുംബാംഗങ്ങൾക്ക് മനഃപ്രയാസത്തിനിടയാകുമെന്ന് കരുതിയും ഇപ്പഴിവിടെ പരാമർശിക്കുന്നില്ലെന്ന് മാത്രം.

ക്ലബ്ബുകൾ, പ്രദേശിക കൂട്ടായ്മകൾ, രാഷ്ട്രീയയുവനേതൃത്വങ്ങൾ ഇവരൊക്കെ വഴിയോരത്തടസ്സങ്ങൾ നീക്കുന്നതിലും  റോഡുവൃത്തിയാക്കലിലും അറ്റകുറ്റപണി തീർക്കുന്നതിലും പ്രശംസപിടിച്ചു പറ്റിയിരിക്കുന്നു. സംഘം ക്ലബ്, ലക്കി സ്റ്റാർ, മുസ്ലിം യൂത്ത് ലീഗ് തുടങ്ങിയ നന്മചില്ലകൾ ഇപ്രാവശ്യം കാണിച്ച സേവന താത്പര്യം ഏറെ അനുകരണീയമാണ്. തൊട്ടുമുമ്പുള്ള വർഷം സി.പി. അടക്കമുള്ള നേതൃത്വങ്ങളും പ്രദേശിക കുഞ്ഞു കൂട്ടായ്മകളും ഇതേ വിഷയത്തിൽ സജീവമായിട്ടുണ്ട്.

ഇത്തരം ചലനാത്മക സേവനദൃശ്യങ്ങൾ യഥാസമയം ഒപ്പിയെടുത്ത് E-കൂട്ടായ്മകളിൽ ഇനിയും സജീവമാക്കണം. ഇട്ടതെന്നെയിട്ടാലും അതൊന്നും ബോറടിക്കാഴ്ചകളല്ല. (ബോറടിക്കുന്നവൻ തൽക്കാലം നോക്കാതിരുന്നാൽ മതിയല്ലോ). "ചിന്തിക്കൽ ഫോർവേർഡ്" ഫോട്ടോ, വീഡിയോ, ഓഡിയോകളേക്കാളും  എത്രയോ ഭേദമാണിത്തരം സൽപ്രവർത്തന ചിത്രങ്ങൾ !

നന്മനാമ്പിടുന്നതും അതൊരു നാടിന്റെ നാഡിമിടുപ്പാകുന്നതും ഇങ്ങനെയാണ്. അതേ പോലെ,  ഇങ്ങനെയൊക്കെ ഇക്കഴിഞ്ഞ കൊല്ലം വരെ ചെയ്തിരുന്നു, ഇനി നിങ്ങളാണത് ചെയ്യേണ്ടതെന്ന് എല്ലാ കാലകാലങ്ങളിലും യഥാസമയം
ഓർമ്മിപ്പിക്കാൻ അഭ്യുദയകാംക്ഷികളും ഉത്സാഹം കാണിക്കുകയും വേണം. കൂട്ടത്തിൽ പറയട്ടെ, നമ്മുടെ നാട് അത്തരം നിൽക്കാത്ത, നിലയ്ക്കാത്ത സേവനപ്രവർത്തനങ്ങൾക്കും സാംസ്കാരിക പ്രവർത്തനങ്ങൾക്കും ഏറെ വളക്കൂറുള്ള മണ്ണുകൂടിയാണ്.  നിരാലാബരെ സഹായിക്കൽ, ആതുരശുശ്രൂഷാ സേവനങ്ങൾ,  സംഘടിത ബലികർമങ്ങൾ, സംഘടിത ഫിതർ സകാത്ത്, ലൈബ്രറി മുന്നേറ്റങ്ങൾ,  പുതുമകൾ ഉൾക്കൊള്ളിച്ചുള്ള മദ്രസ്സാവാർഷികാഘോഷങ്ങൾ തുടങ്ങിയവ ചിലതു മാത്രം.

ഇപ്പറഞ്ഞതിൽ നിന്നൊക്കെ പുതുതലമുറകൾക്ക് പഠിക്കാൻ, പകർത്താൻ ഒരുപാടുണ്ട്. മക്കളെ മുഴുവൻ  ഇത്തരം പ്രവർത്തനങ്ങളിൽ സജിവമാകുന്നതിന് വേണ്ടി വീട്ടിന്ന് പുറത്തിറക്കാൻ രക്ഷിതാക്കൾ ഒന്നു കൂടി മനസ്സു വെക്കണം. "മോൻ വേണ്ട, ഞാൻ വരാം" എന്ന് പറയുന്നതിന് പകരം "മോനോടൊപ്പം ഞാനും ഉണ്ട് " എന്ന സമീപനത്തിലേക്ക് മുതിർന്ന തലമുറ അവസരത്തിനൊത്തു ഉയരണം. ഇതല്ല ഏതും  ചിലരുടെ മാത്രം ഉത്തരവാദിത്വമായി മാറരുതല്ലോ.  സേവനരംഗത്തേക്ക് ഇറങ്ങിയ നടേപറഞ്ഞ കൂട്ടായ്മകൾ പറയാതെ പറയുന്നതും ഇതൊക്കെ തന്നെയാണ്.

തലക്കെട്ടിലെഴുതിയത് ലേഖനവസാനവുമാവർത്തിക്കുന്നു.  നന്മച്ചില്ലകൾ എങ്ങും തണൽ വിരിക്കട്ടെ. അവർ കൊണ്ട വെയിലിന് ദൈവസാമിപ്യവുമനുഗ്രഹവും പാരിലുണ്ടാകട്ടെ. ആ തണലുകൾ എന്നുമെന്നും നിലനിൽക്കട്ടെ. 

ഓർമ്മപ്പെടുത്തലുകൾക്ക് ധൃതി കൂട്ടിയ അനുജസുഹൃത്തിന് നന്ദി. താങ്കളെന്നോ പറയാൻ കാണിച്ച ആ ധൃതിയുണ്ടല്ലോ, അതേറെ പ്രസക്തം തന്നെയാണ്. 

Wednesday 16 October 2019

*കഷ്ടം !* *ഇതരുത് !* *ഇങ്ങനെ ചിന്തിപ്പിച്ച്* *സായൂജ്യം കണ്ടെത്തരുത്* / അസ്ലം മാവിലെ


*കഷ്ടം !*
*ഇതരുത് !*
*ഇങ്ങനെ ചിന്തിപ്പിച്ച്*
*സായൂജ്യം കണ്ടെത്തരുത്*

............................
അസ്ലം മാവിലെ 
............................

ഇന്ന് രാവിലെ മുതൽ ഒരു വോയിസ് നോട്ടും കൂടെ ഒരു  ഫോട്ടോയും സോഷ്യൽ മീഡിയയിൽ ഒഴുകുന്നുണ്ട്. ഇനി അത് ചില സ്വയം പ്രഖ്യാപിത ജനകീയ പ്രസംഗകർക്കും ആശയ ദാരിദ്യം അനുഭവിക്കുന്ന എഴുത്തുകാർക്കും കിട്ടും. അവരത് ഏറ്റെടുത്തു കൊള്ളും. അവരത് ഏറ്റെടുക്കുന്നതിന് മുമ്പ് ഈ വരികൾ വായിക്കണേയ് ..

വിഷയ പശ്ചാത്തലം:
പണിതീരാറായ വീട്, കാർപോർച്ചിൽ ഒരു മയ്യത്ത് കട്ടിൽ. അതുമായി ബന്ധപ്പെട്ട രണ്ട് മിനിറ്റ് ഒച്ച വോയിസ് ക്ലിപ്പിൽ.

മനുഷ്യപ്പറ്റുള്ള നാട്ടുകാരും പുറം നാട്ടുകാരുമായ ആരെ സംബന്ധിച്ചായാലും ആ ചിത്രം ഏറെ  പ്രയാസമുണ്ടാക്കുന്നു. വോയിസിൽ വന്നയാൾ എന്ത് മെസ്സേജാണാവോ നൽകാൻ ഉദ്ദേശിക്കുന്നത് ? ചിന്തിക്കണമെന്നും ചിന്തിക്കാൻ ഒരുപാടുണ്ടെന്നും ശ്വാസം വിടാതെ അയാൾ തട്ടിവിടുന്നുണ്ട്.

പക്ഷെ, ഫോട്ടോ എടുത്ത ആ നാട്ടിലെ വ്യക്തി ( ആരാവട്ടെ ) ആ മരണത്തെ ആഘോഷിക്കാൻ തന്നെയാവണം എടുത്തതും പോസ്റ്റ് ചെയ്തതും. വീടിന്റെ പണി തീരുന്നതിന് മുമ്പ് ആള് മരിച്ചുപോയി, കാർപോർച്ചിൽ വണ്ടി കയറ്റുന്നതിന് മുമ്പ് അയാളുടെ മയ്യത്തുംകട്ടിൽ കയറ്റേണ്ടി വന്നു എന്ന സാഡിസ്റ്റ് ആത്മ നിർവൃതി ആ നാട്ടിൽ എണ്ണത്തിൽ കുറഞ്ഞ ചിലർക്ക് ഉണ്ടാകും. മരണമനുശോചിക്കുന്നതിന് പകരം സകല പരിധിയും വിട്ട് ആഘോഷിക്കുന്നത് ഇങ്ങനെയാണ്.

അല്ലെങ്കിൽ പിന്നെ എന്തിനാണ് (വോയിസ് ശരിയെങ്കിൽ ) ഒരു മരണവീട്ടിൽ വന്ന് അകലെ നിന്ന് ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ കൊണ്ടുവന്നു തട്ടുന്നത് ? നാമത് കണ്ടും കേട്ടും ഫോർവേർഡിന് മുതിരുന്നത് ?  പിതാവിനെ നഷ്ടപ്പെട്ട, അത്താണി നഷ്ടിപ്പെട്ട, കുടുംബനാഥൻ നഷ്ടപ്പെട്ട, ഭർത്താവിനെ നഷ്ടപ്പെട്ട ആ വീട്ടുകാരുടെ കണ്ണീരെങ്കിലും ഇവർ കാണേണ്ടതല്ലേ ? അവരെ സാന്ത്വനിപ്പിക്കേണ്ട, അതിന് നിനക്ക് ആവതില്ല, പക്ഷെ, കുത്തിനോവിക്കാതിരിക്കുകയെങ്കിലും ചെയ്യാമല്ലോ.

വീടെന്നത് ആർക്കാണാവശ്യമില്ലാത്തത് ? ഇതങ്ങിനെ പറയാൻ മാത്രം വലിയ ആഡംഭര വീടൊട്ടല്ലതാനും. അകത്തും പുറത്തും തേച്ചു തീരാനാകുന്ന ഒന്ന്. അതിന് മുമ്പ് പാലുകാച്ചൽ നടന്നതാണോ ? അതല്ല പാലുകാച്ചൽ നടക്കുന്നതിന് മുമ്പ്,  ഗൃഹനാഥൻ ആകസ്മികമായി മരണപ്പെട്ടപ്പോൾ ആ വിട്ടിൽ തന്നെ മൃതശരിരം കൊണ്ട് വരണമെന്ന് വീട്ടുകാർ നിർബന്ധം പിടിച്ചതാണോ ? അറിയില്ല.

പക്ഷെ,... നമുക്കെന്തിനിത്ര ധൃതി, ഒരു മരണവീടാഘോഷിക്കാൻ ? കണ്ണീരൊലിക്കുന്ന നെടുവീർപ്പുകൾ മാറാത്ത ആ കുടുംബാംഗങ്ങളെ മുള്ളുതോണ്ടി വേദനിപ്പിക്കാൻ ? 

എന്റെയും നിങ്ങളുടെയും വീടുപണി പകുതി വഴിക്കല്ലേ ?  ഇന്നലെ - മിനിഞ്ഞാന്ന് വീടുകൂടൽ നടന്നതല്ലേ ? ഇതൊന്നും നടന്നതല്ലെങ്കിൽ, ഒരു വീടെന്ന ആലോചന ഊണുറക്കുകൾക്കിടയിൽ ദീപ്തപ്രതീക്ഷ വച്ചു പുലർത്തുന്നവരല്ലേ നാമധികം പേരും ? 

ഫോട്ടോ എടുത്ത മാന്യദേഹമേ.... കഷ്ടം ! വോയ്സിട്ട് ചിന്തിക്കാൻ ആഹ്വാനം ചെയ്യുന്ന മനുഷ്യാ.... അതിലും കഷ്ടം ! മുൻപിൻ നോക്കാതെ കണ്ടിടത്തൊക്കെ ഇവ തട്ടിക്കളിക്കുന്ന ഉടപ്പിറപ്പേ ..

വീടെന്ന സ്വപ്നം പൂർത്തീകരിക്കാതെ, പകുതി വഴിക്ക് പടച്ചനിലേക്ക് മടങ്ങേണ്ടി വന്ന അജ്ഞാതനായ ആ കുടുംബനാഥന്റെ വേർപാടിനു മുന്നിൽ എന്റെ ദുഃഖകണ്ണീർകണങ്ങൾ ! പിതാവിനെ  നഷ്ടപ്പെട്ട ആ കുടുംബത്തോടൊപ്പം എന്റെ വ്രണിത തപ്ത മനസ്സും !

ഇതൊന്നും* *കണ്ടില്ലെങ്കിൽ* *പിന്നെ എന്ത് കാണാനാണ്* *കണ്ണുകൾ ?* / അസ്ലം മാവിലെ

*ഇതൊന്നും*
*കണ്ടില്ലെങ്കിൽ*
*പിന്നെ എന്ത് കാണാനാണ്*
*കണ്ണുകൾ ?*

....... .....................
അസ്ലം മാവിലെ
....... .....................

ഹേയ്, കേൾക്കണം.
വെടിവട്ടങ്ങൾക്കും തമാശപറച്ചിലുകൾക്കുമിടയിൽ ഇതൊന്ന് ശ്രദ്ധിക്കണം.

മധൂർ പഞ്ചായത്തിലെ രണ്ടാം വാർഡംഗത്തിന്റെ ഒരു കുഞ്ഞുനോട്ട് ഒന്നും രണ്ടും വാർഡുകളിലെ മിക്ക വാട്സാപ് ഗ്രൂപ്പുകളിലും ഇന്ന് സന്ധ്യ മുതൽ കറണ്ടുന്നുണ്ടാകണം,  ആരുടെയും ശ്രദ്ധപതിയാതെ.

എന്നാൽ കണ്ണുതുറന്നൊന്ന് കൂടി ആ നോട്ടീസ് നോക്കുമാറാകണം. നാളെ മായിപ്പാടിയിൽ പാലിയേറ്റിവ് കെയറിന്റെ അരദിവസത്തെ ശില്പശാലയാണത്.

ആരോഗ്യമെന്നാൽ രോഗമില്ലാത്ത അവസ്ഥ എന്ന് പറഞ്ഞിരുന്ന കാലം പൊയ്പ്പോയ്. ശാരീരികവും മാനസികവും ആത്മീയവുമായ സൗഖ്യത്തെയാണ് ആരോഗ്യമെന്ന് ഇപ്പോൾ പറയുന്നത്.

അസുഖത്തിന് മരുന്ന് മാത്രമല്ല അവസാന വാക്ക്.  ഡോക്ടറുടെ പ്രിസ്ക്രിപ്ഷനുമപ്പുറമായി മോഡേൺ മെഡിക്കൽ സയൻസിന്റെ ആലോചനാ പരിധിയിൽ പെടാത്ത ചിലതൊക്കെ മരുന്നായി മാറുന്നു, അതാണ് സാന്ത്വന പരിചരണം (Paliative Care ).

രോഗിയെ കൺകുളിർക്കെ കാണുക. അവരോട് മിണ്ടിയും പറഞ്ഞും തടവിയും തലോടിയുമിരിക്കുക. രോഗിയുടെ ഒരു തൊണ്ടയനക്കത്തിന്  മറുതൊണ്ടയനക്കി അടുത്തു തന്നെയുണ്ടെന്ന ധൈര്യം നൽകുക. ഊന്നുന്ന വടിയുടെ കൂടെ നീയുമൊരു ഊന്നുവടിയാകുക. ഒന്നാടുമ്പോൾ, മാലുമ്പോൾ, ഉലയുമ്പോൾ, ഉറക്കക്ഷീണം വരുമ്പോൾ നീ , നിന്റെ നല്ലപാതി, മക്കൾ,  അയൽക്കാരൻ, അടുത്തുള്ളവൻ സമീപത്തുണ്ടെന്ന ധൈര്യം നൽകുക. ഓർമ്മകൾക്ക് മറവി ബാധിച്ചവരുടെ വീണ്ടുപറച്ചിലുകൾക്ക് കാതു കൂർപ്പിച്ച് ആദ്യമായി കേൾക്കുന്ന ക്ഷമ മരമാകുക, അതിലെ ചില്ലകളും, അവയിൽ കൂടു കൂട്ടിയ കുരുവികളുമാകുക.

20-ാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് യൂറോപ്പിൽ സംഘടിത സാന്ത്വന പരിചരണം കേൾക്കുന്നത്. 1990 ന്റെ തുടക്കത്തിൽ കേരളത്തിലും ഈ സംഘബോധം നാമ്പുകിളുർത്തു.   ഡോ. സുരേഷ് കുമാറും ഷാഹുൽ ഹമീദും മറ്റും നമുക്ക് മറക്കാൻ പറ്റാത്ത പേരുകളാകുന്നത് സാന്ത്വന പരിചരണത്തിന് സംഘ നേതൃത്വം നൽകിയത് കൊണ്ടാണ്.

ഇക്കാര്യത്തിൽ കേരള സർക്കാർ 2011 മുതലുണ്ട്. അയൽക്കൂട്ടത്തിന് കീഴിൽ പഞ്ചായത്ത് തോറും ഇത് സംഘടിതമായുണ്ട് - NNPC എന്ന പേരിൽ. SIPC എന്ന പേരിൽ സ്കൂൾ കുട്ടികളുടെ സാന്ത്വനബോധ്യങ്ങൾ ഉണ്ടെന്നത് ഓലപ്പുര സൗകര്യത്തിൽ പഠിപ്പിക്കുന്ന അധ്യാപകർ ഉണ്ടെങ്കിൽ അവർ പോലും മനസ്സിൽ കുറിച്ച് വെക്കണം.

"skip a tea is a Life" എന്ന ആശയപ്പുറത്ത് 40 കോളേജുകളിലെ വിദ്യാർഥികൾ ഒരു ചായ ഒഴിവാക്കി ആ പൈസ പാലിയേറ്റിവ് കെയറിന് നൽകി അത്ഭുതം കാണിച്ച ഭൂമികയാണ് മലയാളം. മായിപ്പാടി ഡയറ്റ് മാത്രമല്ല, ഒഴിവുള്ള എവിടെയും ഈ വർക്ക്ഷാപ്പ് നടത്താം, അതിന് സൗകര്യം ചെയ്ത് തരാമെന്ന് പറയാൻ മനുഷ്യത്വത്തിന് മുന്നിൽ മറ്റു സാങ്കേതിക തടസ്സങ്ങൾ ഭൂതത്താൻമല സൃഷ്ടിക്കരുത്.

എന്നെ വായിക്കുന്ന രണ്ട് വാർഡുകളിലെ സകല കൂട്ടായ്മകളും കണ്ണു തുറന്ന് വായിക്കുക. രോഗികൾ നമ്മുടെ  ചുറ്റുവട്ടത്തുണ്ട്. അവരെ ശുശ്രൂഷിക്കാൻ ഡോക്ടർമാർ മാത്രമല്ല ആവശ്യം. സ്നേഹസ്പർശവുമായി ഒരു പറ്റം മനുഷ്യസ്നേഹികളെയും കൂടെ ആവശ്യമാണ്, ആണും പെണ്ണും.

നാളെക്ക് നല്ല തിരക്കുണ്ടാകും. മിക്കതും കൃതൃമ തിരക്കുകളായിരിക്കും. സ്വന്തത്തോട് ചോദിക്കുക. കുറച്ചു സമയം മാറ്റി വെക്കുക. സാന്ത്വനപരിചരണ വർക്ക്ഷാപ്പിൽ  എത്തുക. മായിപ്പാടി ഡയറ്റിൽ - നാളെ ( ചൊവ്വ ) - രാവിലെ പത്ത് മണി മുതലാണത്. ആണിനോടും പെണ്ണിനോടുമാണിപ്പറഞ്ഞത്.

പാലിയേറ്റിവ് സി. യൂനിറ്റിന്റെ* *നേതൃ പരിശീലന സെഷൻ

*മധൂർ പഞ്ചായത്ത്*
*പാലിയേറ്റിവ് സി. യൂനിറ്റിന്റെ*
*നേതൃ പരിശീലന സെഷൻ*
*നാളെ മായിപ്പാടിയിൽ*
......................................

മധൂർ പഞ്ചായത്തിന് കീഴിലുള്ള പാലിയേറ്റീവ് കെയർ യൂനിറ്റിന്റെ നേതൃത്വത്തിൽ  നേതൃ പരിശീലന സെഷൻ നാളെ ( ചൊവ്വ ) നടക്കും.

സ്ഥലം : മായിപ്പാടി ഡയറ്റ്

ഒന്ന് , രണ്ട് വാർഡുകളിലുള്ളവർക്കാണ് പരിശീലനവും ബോധവൽക്കരണവും സംഘടിപ്പിക്കുന്നത്. രാവിലെ 10 മണിക്ക് സെഷൻ തുടങ്ങും, ഉച്ചയ്ക്ക് ശേഷം 2 മണിക്ക് തീരും. സെഷനിൽ പങ്കെടുക്കുന്നവർക്ക് ഉച്ചഭക്ഷണവും സംഘാടകർ ഒരുക്കും.

സെഷനിൽ സംബന്ധിക്കുവാൻ ആഗ്രഹിക്കുന്ന സഹോദരീ സഹോദരന്മാർ കൃത്യസമയത്ത് മായിപ്പാടി ഡയറ്റിൽ എത്തേണ്ടതാണ്.

*എം.എ. മജീദ്*
വാർഡ് മെമ്പർ
മധൂർ പഞ്ചായത്ത്

*അല്ല, എനിക്ക്* *പറയാതെ* *വയ്യ, ട്ടോ* /അസ്ലം മാവിലെ


*അല്ല, എനിക്ക്*
*പറയാതെ*
*വയ്യ, ട്ടോ*
.............................
അസ്ലം മാവിലെ
.............................

കയ്യടിക്കല്ല, കണ്ണുരുട്ടാനുമല്ല. രണ്ടും വൃഥാവ്യായാമമാകാനേ വഴിയുള്ളൂ.

വിഷയത്തിലേക്ക്.
നാട്ടിൽ നടക്കുന്ന പ്രോഗ്രാമുകൾ അറിയണം. അത് ഇവിടെ അറിയിച്ചില്ലെങ്കിലും എവിടെയെങ്കിലുമായി അറിയിക്കാനും പറ്റും. എന്നാൽ പിന്നെ ഈ പ്ലാറ്റ്ഫോമിൽ ആകുന്നതിനെന്ത് കുഴപ്പം ?

ഓവറാക്കരുതെന്നേയുള്ളൂ. അതിനൊരു വ്യവസ്ഥ ഉണ്ടെങ്കിൽ നല്ലത്. ഇളവ് കിട്ടിയത് കൊണ്ട് വയറ്റിളക്കം പോലെ കൊണ്ട് വന്ന് ചൊരിയാൻ നിക്കരുത്.

അതു രണ്ട് വ്യക്തികൾക്ക്  F/W ചെയ്താൽ അവർ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം.  യോജിപ്പും വിയോജിപ്പും നോക്കാതെ ഗ്രൂപ്പിൽ പോസ്റ്റാനും മടി കാണിക്കരുത്.

അല്ലെങ്കിൽ ബന്ധപ്പെട്ട പ്രസ്ഥാനങ്ങളുടെ ഒന്ന് രണ്ടാൾക്ക് ചാർജ് നൽകുക. അവർ തട്ടട്ടെ. വിഷയം തീർന്നു. ഒന്നിരുന്നാൽ ഇതിന്റെ അതിർത്തി നിശ്ചയിക്കാം. എന്തൊക്കെയാകാം, എന്തൊക്കെ പാടുണ്ട്, പാടില്ല ഇതിലും ഒരു കൃത്യത ഉണ്ടായാലും നന്ന്.

പോസ്റ്റുന്നവൻ 10 മിനിറ്റ് കാത്തിരുന്ന് പോയാൽ മതി.  കൂടെപ്പിറപ്പ് മുമ്പെങ്ങാനും  പോസ്റ്റിയതെങ്കിൽ പിൻവലിക്കാൻ പറ്റുമല്ലോ.

RR ഇരുമ്പുലക്കയല്ലല്ലോ. അതിൽ ഭേദഗതിയാകാമല്ലോ. അത്യാവശ്യമെങ്കിൽ മാറ്റിയെഴുതണം. മാറാത്തത് മാറ്റമെന്ന രണ്ടക്ഷരമാണല്ലോ. അത് മാറ്റണ്ട.

പക്ഷെ കഷ്ടം എന്നത്, ഇതിനൊന്നും ആളെക്കാണില്ല എന്നതാണ്. ഉത്തരവാദിത്വത്തിന് അങ്ങിനെ ഒരു കുറ്റമുണ്ട്. ഏൽപിച്ചത് ഭംഗിയായി ചെയ്യേണ്ടി വരും. മുമ്പ് പൊലിമയ്ക്ക് സബ്കമ്മിറ്റികളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത ചിലർ നിരുത്തരവാദിത്വം കാണിച്ച് അത് ഭംഗിയായി ചെയ്യാൻ പറ്റാത്തത് പോലെയാകുമിതും. ( പഴി മൊത്തം  സ്ഥാനത്തും അസ്ഥാനത്തും (ഇപ്പഴും) നാലഞ്ചാളുകളുടെ മണ്ടയ്ക്കും പൊലിമയ്ക്കും എന്ന കൂട്ട്)

ഇത്രയും കൊല്ലത്തെ ഇടപെഴകലിൽ 'ഞങ്ങൾ' 'നിങ്ങൾ' മാറുന്നില്ലെന്നതാണ് കഷ്ടതമം. ഉൾക്കൊള്ളുക എന്ന വാക്കിന് നമ്മൾ കണ്ട അർഥമല്ല ശരിക്കും. (അതപ്പടി വിശ്വസിക്കുക എന്നല്ലെന്ന്). തൊട്ടടുത്തവനെ കേൾക്കുക, വായിക്കുക, അവനും അവസരം നൽകുക, അവന്റെ സ്വാതന്ത്ര്യത്തിൽ മൂക്ക് തൊടാതിരിക്കുക എന്നൊക്കെയാണ്. 

മറ്റെതിനെ അപേക്ഷിച്ച് ഭൗതികം പറച്ചിൽ (രാഷ്ട്രീയം) കുറച്ചൊക്കെ ഈ പ്ലാറ്റ്ഫോമിൽ ഉൾക്കൊള്ളാനാകുന്നുണ്ടെന്നാണ് തോന്നുന്നത്, പകുതിഭാഗമെങ്കിലും. പരലോകം പറച്ചിലുകാർക്കിടയിലാണ് 'അൽകോംപ്ലക്സ്'.  പുതിയ തലമുറയുടെ  ആലോചനാസ്വാതന്ത്ര്യത്തെ വരെ ചങ്ങലക്കിടുന്നുണ്ടോ എന്നും സംശയമുണ്ട്.

കല്യാണത്തിനും മരിച്ച വീട്ടിലും മാത്രമാകരുത് നമ്മുടെ ഒത്തൊരുമ. എല്ലായിടത്തും വേണം, അത് കൊട്ടിഘോഷിക്കുന്ന ആദർശം പണയപ്പെടുത്തിയല്ല (പണയം എന്നത് ഇയിടെയായി ബാങ്കിലും മതവേദികളിലും മാത്രം പറയേണ്ട പദമാക്കിയിട്ടുണ്ട്.) ഒത്തൊരൂമ അവനവനവന്റെ വിശ്വാസാചാരങ്ങൾ നിലനിർത്തി അടുത്തുള്ളവനെ അംഗികരിക്കാനും അത്കൂടി പറയാനവസരം നൽകാനുള്ള  സന്മനസ്സ് കാണിക്കാനും കൂടിയാകണം.

അപരത്വവും അപരിചിതത്വവും കൃതൃമമായി ആരും ഉണ്ടാക്കാൻ ശ്രമിരുത്. അതനാവശ്യ ശങ്കയ്ക്കും സംശയത്തിനും ശത്രുതതയ്ക്കും വഴി വെക്കും. അവസാനം നാമാണീ ഗ്രാമത്തിന്റെ വായു ശ്വസിക്കുന്നവർ, പുറത്തുള്ളവരല്ല.

പറയേണ്ടത് അപ്പപ്പോൾ പറയുക എന്റെ ഒരു ശീലമായിപ്പോയി. അതിന് പഴിയും കേൾക്കാറുണ്ട്. കേൾക്കണമല്ലോ.

ഈ കൂട്ടായ്മയിലെ അഡ്മിൻ നേതൃത്വവും എഴുതുമ്പോഴും പറയുമ്പോഴും  മുൻപിൻ നോക്കണം. എന്റെ സ്വന്തം അഭിപ്രായം, എന്റെ മാത്രം, മറ്റാരുമായി ബന്ധമില്ല എന്നൊക്കെ കുറിക്കുമ്പോൾ ബാക്കിയുള്ളവരൊക്കെ വാടകച്ചിന്ത അരമണിക്കൂർ നേരത്തേക്ക് റെന്റിനെടുത്ത് പറയുന്നതെന്ന് തോന്നിപ്പോകും.

ചർച്ചയായേക്കാം ഈ കുറിപ്പ്. ആകട്ടെ,  അവസാനം ഒരു കൺക്ലൂഷനിലെത്തുമല്ലോ.

വികസന രാഷ്ട്രീയത്തിന്റെ കോൺക്രീറ്റ് പാളികൾ / S A P



*വികസന രാഷ്ട്രീയത്തിന്റെ കോൺക്രീറ്റ് പാളികൾ*


ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളാണ്
നാൽപ്പത് വർഷങ്ങൾക്കപ്പുറമുള്ള
പട്ല, നിഷ്കളങ്കമായ ഗ്രാമീണ ജീവിതത്തെ പരുവപ്പെടുത്തിയ ഇടങ്ങളിലൊന്ന് കുഞ്ഞാമുച്ചാന്റെ ചായമക്കാനിയും, മജൽ അബ്ദുല്ലച്ച (ഖാദർ ഹാജി) യുടെ പലചരക്ക് കടയും, പോസ്റ്റാഫീസും അടങ്ങുന്ന അങ്ങാടിയായിരുന്നു.  രാഷ്ടീയവും മതവും ഉൾപ്പെടെ ആകാശത്തിന് കീഴെയുള്ള സകലതും ചർച്ച ചെയ്യപ്പെടുകയും നിശിതമായ വിമർശനങ്ങൾക്ക് വിധേയമാക്കപ്പെടുകയും ചെയ്തിരുന്ന കാലം, റേഡിയോ വാർത്തകളും ഒന്നോ രണ്ടോ പത്രപാരായണങ്ങളും കേൾക്കാനും വായിക്കാനും ആളുകൾ സ്ഥിരമായി വന്നിരുന്ന സ്ഥലം, ചൂടേറിയ ചർച്ചകൾക്കുള്ള വേദി.  സാംസ്കാരിക പ്രബുദ്ധതയുടെ പ്രഥമ വിദ്യാലയങ്ങളായിരുന്ന ആ സ്ഥലം ഇന്ന് പൊട്ടിപ്പൊളിഞ്ഞും കാടു പിടിച്ചും കിടക്കുന്നുവെങ്കിലും അതിന്റെ പരിസരങ്ങളാണ് പട്ല സെൻറർ എന്നറിയപ്പെടുന്ന പട്ല ജംഗ്ഷൻ.

നമ്മുടെ നാടിന്റെ എല്ലാ അർത്ഥത്തിലുമുള്ള വികസന കുതിപ്പിന് പിന്നിലും സംഘ ബോധവും ത്യാഗ സന്നദ്ധതയും കൈമുതലായുള്ള വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുടെയും സന്നദ്ധസംഘടനകളുടെയും യുവതയുടെ കഠിന പരിശ്രമങ്ങളുണ്ട്.  ഗതാഗത സൗകര്യങ്ങളുടെ കാര്യത്തിൽ ഒരുപാട് മുന്നേറി. നാടിന്റെ മുഖഛായ തന്നെ സമ്പൂർണ്ണമായ മാറ്റത്തിന് വിധേയമായി.  വികസന-ക്ഷേമ പ്രവർത്തനങ്ങളുടെ പിന്നിൽ പ്രവർത്തിച്ച പല നന്മ മരങ്ങളും പ്രസ്ഥാനങ്ങളും അവരുടെ സ്ഥാനം അടയാളപ്പെടുത്തി കടന്നു പോയി!

പ്രൗഢമായ ആ പാരമ്പര്യത്തിന്റെ അനന്തരഗാമികളുടെ മുൻ നിരയിൽ നട്ടെല്ല് നിവർത്തി നിൽക്കുകയാണ് ഇന്ന് പട്ല മുസ്ലിം യൂത്ത് ലീഗ്.

തികച്ചും മാതൃകായോഗ്യമായ വലിയൊരു ഉദ്യമത്തിന്റെ പ്രയോക്താക്കളാവുകയാണ് യൂത്ത് ലീഗ്.  പട്ല സെൻറർ പരിസരത്തെ റോഡിനിരുവശവും ജനകീയ സഹകരണത്തോടെ കോൺഗ്രീറ്റ് ചെയ്ത് ഗതാഗത സൗകര്യം കൂടുതൽ മെച്ചപ്പെടുത്തിയിരിക്കുകയാണിവർ. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ജനങ്ങൾക്ക് വേണ്ടി രാഷ്ട്രീയ സംഘടനകൾ ചെയ്യാൻ മുന്നിട്ട് വരുന്നു എന്നത് ചെറിയ കാര്യമല്ല!

"അകലങ്ങൾ"എങ്ങിനെ അടിച്ചേൽപ്പിക്കാം എന്ന് മാത്രം ആകുലപ്പെടുന്ന പുതിയ മാറിയ രാഷ്ട്രീയ കാലത്തും ശുഭാപ്തി വിശ്വാസത്തോടെ ക്ഷേമ പ്രവർത്തനങ്ങളിൽ വിപ്ലവങ്ങളും പുതു രീതികളും പരീക്ഷിച്ച്  നമുക്കെങ്ങിനെ നാടിന് വേണ്ടി നാട്ടുകാർക്ക് വേണ്ടി ചേർന്നിരിക്കാം എന്ന് കാണിച്ചു തരികയാണിവർ!.

സത്യത്തിൽ, നിങ്ങൾ  റോഡിനിരുവശവുമുള്ള പുല്ലും കാടും വെട്ടിത്തെളിക്കുക വഴി വികസനത്തിന്റെ പുതുവഴികൾ തീർക്കുകയായിരുന്നു.  നിങ്ങളുടെ സ്വപ്നങ്ങൾ കാണാനും സാക്ഷാത്കരിക്കാനുമുള്ള ആർജവത്തെ അഭിവാദ്യം ചെയ്യുന്നു.

അല്ലെങ്കിലും ബൈത്തുറഹ്മയും സി എച്ച് സെന്ററുകളും പോലുള്ള മാതൃകാപദ്ധതികൾ ആവിഷ്കരിച്ച് സേവന രംഗം സമ്പന്നമാക്കിയ രാഷ്ട്രീയ നന്മയെ അഭിനന്ദിക്കാതിരിക്കാൻ ആർക്കാണ് കഴിയുക!

കക്ഷി രാഷ്ട്രീയ ഭേദമന്യേ സകല മനുഷ്യരുടെയും മുക്തകണ്ഠമായ പ്രശംസക്ക് പാത്രമായ  യൂത്ത് ലീഗിന്റെ ഈ സദുദ്യമത്തെ അഭിനന്ദിക്കുന്നു.

*എസ്-എ*
emailtosa@gmail.com