Saturday 20 October 2018

പൊലിമ :: ആ സുദിനരാത്രങ്ങൾ ഇന്നലെ പൊയ്പ്പോയത് പോലെ / എ. എം. പി.

പൊലിമ :*
*ആ സുദിനരാത്രങ്ങൾ* *ഇന്നലെ പൊയ്പ്പോയത് പോലെ*
.....................

എ. എം. പി.
.....................

എല്ലാം മനസ്സിൽ നിൽക്കുമായിരിക്കാം, കുറച്ച് നേരം, പക്ഷെ  അവ മുഴുവൻ കാലങ്ങളോളം മനസ്സിലങ്ങനെ പച്ചപ്പാടെ  നിൽക്കുക എന്നത് അസംഭവ്യമായിരിക്കും.

പട്ലക്കാരുടെ മനസ്സുകളിൽ ദീർഘകാലം പരിമളം പടർത്തി മാനസികോല്ലാസം അൽപം പോലും കുറയാ  പാകത്തിൽ മനസ്സുകവർന്ന ഒരുത്സവമുണ്ട്, അത് മറ്റൊന്നുമല്ല, ആബാലവൃദ്ധജനങ്ങൾ ഒന്നടങ്കം  നെഞ്ചിലേറ്റിയ പൊലിമ തന്നെ. പട്ലക്കാറെ പിരിശപ്പെരുന്നാൾ !

പൊലിമക്കൊടി താഴ്ന്നിട്ട് ഒരു വർഷമാകാറായി. പൊലിമക്കൊടിക്കൂറ ഉയർന്നിട്ട് കൃത്യം ഒരു വർഷവും.

ആരും നിനച്ചില്ല പൊലിമക്കങ്ങിനെയൊരു തുടക്കമുണ്ടാകുമെന്ന്,  അതിന്റെ പതിന്മടങ്ങ്  ഗരിമയോടെ ഒടുക്കമുണ്ടാകുമെന്ന്.   പൊലിമദിനങ്ങൾ അങ്ങനെയങ്ങനെയാണ് പട്ലയെ തൊട്ടുതലോടിയും പട്ലക്കാരോരുത്തരുടെയും ഹൃത്തിലാണ്ടും അവരുടെ മനം കവർന്നും ആനന്ദനൃത്തമാടി കടന്നു പോയത്.

ഈ പിരിശപ്പെരുന്നാൾ - ഒരു ഗ്രാമം ആഗ്രഹിച്ചതായിരുന്നു. പ്രവാസ പട്ലക്കാർ  മനസ്സിൽ സ്വപ്നം കണ്ടതായിരുന്നു.

നിഷ്ക്കളങ്കതയുടെ നിറ പര്യായമായ കുഞ്ഞുകുട്ടികൾ മുതൽ കർമ്മനിരതരായ യുവതയും വാത്സല്യനിധികളായ വൃദ്ധജനങ്ങളുമടക്കം എല്ലവരും അവരവർക്കുൾക്കൊള്ളാൻ പാകത്തിൽ  ആസ്വദിച്ച,  അനുഭവിച്ച, ആനന്ദിച്ച അറുപതിലധികം ദിനരാത്രങ്ങൾ ! ഒരു പകലും വെറുതെ നിന്നില്ല. ഒരു രാത്രിയും  പൊലിമയമില്ലാതെ കടന്നു പോയതുമില്ല.

സാംസ്കാരിക പട്ലക്ക് പുതിയ മുഖം നൽകിയത് പൊലിമയായിരുന്നു. വർഷങ്ങൾക്ക് ശേഷം സൗഹൃദ കായിക മത്സരങ്ങൾ നടന്നത് പൊലിമക്കളങ്ങളിലായിരുന്നു. മറന്നു പോയ കളികളുടെ പുന:രാവിഷ്ക്കാരങ്ങൾ. പൊയ്പ്പോയ വായ്പ്പാട്ടുകളുടെ പുനരിരുത്തങ്ങൾ. എന്തെന്തു കുഞ്ഞുകുഞ്ഞു സംഗമങ്ങൾ !

കുഞ്ഞുമക്കൾ ആടിപ്പാടിയത്, ഓടിച്ചാടിയത്. മുതിർന്നവർക്ക് മറവിയുടെ അയലുകളിൽ നിന്നു പൊടിത്തട്ടിയെടുത്തിശലുകൾ പാടാനവസരം ലഭിച്ചത്.  പ്രായാധിക്യവും ശരിരസ്വാസ്ഥ്യങ്ങളും വകവെക്കാതെ സന്തോഷിച്ചത്, കുടുംബിനികൾ എല്ലാം മറന്ന് ആഹ്ലാദിച്ചത് - എല്ലാം പൊലിമ ദിനങ്ങളിൽ.

എന്തെന്തു വിഭവങ്ങൾ ! ഒരാൾക്കൊന്ന് ആസ്വാദ്യമല്ലെങ്കിൽ മറ്റൊരാൾക്കതതിപഥ്യമായിരുന്നു. പൊലിമയിൽ കണ്ട അനുഭവേദ്യപ്പലമ.

എത്രയെത്ര പുതിയ പേരുകൾ നാം ആ ദിനങ്ങളിൽ കേട്ടു - പൊലിമ, പൊലിമ കൊണ്ട് തീർത്ത പൊലിമപ്പൊൽസ് മുതൽ കതിനാപൊലിമ വരെയുള്ള  നൂറു നൂറു പൊലിപ്പേരുകൾ, പൂമുഖം, കിണറ്റിൻകര.. അങ്ങിനെ നിരവധി, അനവധി..

പൊലിമക്കായി മാത്രം ഒരു ഡസനോളം പാട്ടുകൾ വെളിച്ചം കണ്ടു. ഓരോന്നും ഒന്നിനൊന്ന് മെച്ചപ്പെട്ടത്.  മിണ്ടിയും പറഞ്ഞുമിരിക്കുന്ന നമ്മുടെ നാട്ടുകാർ മാത്രം എഴുതിയതവ.

പട്ലക്കാരുടെ ഓൺലൈൻ കൂട്ടായ്മകൾ ഇത്രമാത്രം സജീവമായ മറ്റൊരു അവസരമുണ്ടാകില്ല. സാമൂഹിക- സാംസ്കാരിക- രാഷ്ട്രിയ - സൗഹൃദ -  കൗടുംബിക  കൂട്ടായ്മകളിൽ പൊലിമ കേവലമൊരു അതിഥിയായിരുന്നില്ല. നിഴലോളമടുത്ത നമ്മുടെ സ്വന്തം ഉടപ്പിറപ്പായിരുന്നു. കൂടെപ്പിറപ്പായിരുന്നു. പൊലിമ വിശേഷങ്ങൾ പറയാൻ മാത്രം ആ കൂട്ടായ്മകൾ ഓരോ ദിവസവും മണിക്കൂറുകളാണ് മാറ്റി വെച്ചത്.

പൊലിമയുമായി ബന്ധപ്പെട്ട് എത്രയെത്ര വകുപ്പുകൾ, ഡസൻകണക്കിന് ഉപസമിതികൾ. കഴിവുകൾ പരീക്ഷിക്കപ്പെട്ട മുഹൂർത്തങ്ങൾ. അവ പ്രകടിപ്പിക്കാൻ ലഭിച്ച നിരവധി അവസരങ്ങൾ - എല്ലാം പൊലിമയിൽ, പൊയ്പ്പോയ പിരിശപ്പെരുന്നാളിൽ.

പുറം നാട്ടുകാർ പട്ലയെ പൊലിമയിൽ കൂടി കൂടുതൽ അറിഞ്ഞു.    അറിയാത്തത് അവർ അടുത്തറിഞ്ഞു. ഇങ്ങനെയൊരു ഒന്നായ്മയുടെ മാന്ത്രികച്ചരടിൽ പിരിശമുത്തുകൾ കോർക്കുന്നത് അവർ കണ്ടു പഠിച്ചു.

എന്നും വാർത്തകൾ ! എന്നും പുതു പരിപാടികൾ ! എന്നും സന്തോഷ സായാഹ്നങ്ങൾ! എന്നും ആഹ്ലാദ രാവുകൾ !

തന്ത്രിയും മന്ത്രിയും തന്ത്രജ്ഞരും എല്ലവരും പൊലിമാവിശേഷങ്ങൾ കാണാൻ നേരിട്ടെത്തി. കേൾക്കാനവർ ചെവിയേറെക്കൊടുത്തു. ഒരു കുഞ്ഞു ഗ്രാമത്തിൽ നാട്ടുകാർ പണിതീർത്ത സൗഹൃദ ദിനരാത്രങ്ങൾ കണ്ടവരമ്പരന്നു, അസൂയാലുക്കളായി. 

പ്രവാസിപ്പട്ലക്കാരിത്രമാത്രം സന്തോഷിച്ച ഒഴിവു നേരങ്ങളുണ്ടാകില്ല. എല്ലയിടത്തുമവർ ഇശൽ പൊലിമയുടെ ദളങ്ങളും ഇതളുകളും തീർത്തു. രാവുകളിൽ അവർ പിരിശപ്പെരുന്നാളിന്റെ നക്ഷത്രങ്ങൾ വിരിയിച്ചു. കുടുംബമായും കൂട്ടുകാരുമായും ഒത്തു കൂടി,  പൊലിമയുടെ പെരും പെരുമക്കാരായി.

ഒന്നു പറയട്ടെ: ഒറ്റപ്പെടലിന്റെ ചെറിയൊരു സങ്കൽപ ലോകമുണ്ടാക്കി, അതിന്റോരം ചാരി നിന്ന്,  നിങ്ങളൊരൽപം കനപ്പിച്ചു ആലോചനാ നിമഗ്നരാകൂ  - പൊലിമ അവിടെയാണ് ഏറെ പ്രസക്തമാകുക.
അപ്പഴറിയാം, പൊലിമയുടെ വിടവ് തീർക്കാൻ വരും പൊലിമയ്ക്കേയാകൂവെന്ന്.

പുതിയ നേതൃത്വങ്ങളിൽ പുതുനാമ്പുകൾ കിളിർക്കട്ടെ, പുതു രക്തത്തിൽ പുത്തനുണർവ്വണ്ടാകട്ടെ, പുതു തിരി തെളിയട്ടെ, പുത്തൻ പെരുമ്പറ തീർക്കട്ടെ. പൂവേപ്പൊലിമകൾ പാടട്ടെ.

കുറവെന്തുണ്ടേലും പൊലിമ പട്ലക്കാരന്റെ സ്വകാര്യ അഹങ്കാരമാണ്, സ്വന്തമാഘോഷമാണ്.
അതേ ഉടപ്പിറപ്പുകളേ, പൊലിമ പട്ലക്കാറെ പിരിശപ്പെരുന്നാളാണ്.
..........................▪▪

No comments:

Post a Comment