Sunday 14 October 2018

മഹാരാഷ്ട്രാ പ്രക്ഷോഭത്തിൽ നിന്ന് മതേതരത്വക്കാർക്ക് പഠിക്കാനുള്ളത് / അസ്ലം മാവില

മഹാരാഷ്ട്രാ പ്രക്ഷോഭത്തിൽ നിന്ന്
മതേതരത്വക്കാർക്ക് പഠിക്കാനുള്ളത്

അസ്ലം മാവില

ചില പ്രക്ഷോഭങ്ങൾ അങ്ങിനെയാണ്, അവ അധികാരികൾ ശ്രദ്ധിക്കുന്നതിന് മുമ്പ് ലോകം ശ്രദ്ധിച്ചു കളയും. ചെങ്കോലിന്റെ ചെകിട്ടിൽ മുരൾച്ച കേൾക്കുന്നതിന് മുമ്പ് പൊതുമനസ്സിന്റെ കാതിൽ ഇരമ്പലുണ്ടാക്കും.   ഭരണാധികാരികളുടെ കണ്ണിൽ പൊന്നീച്ച പാറുന്നതിന് മുമ്പ് ഭരണിയരുടെ കണ്ണുകളിൽ നക്ഷത്ര തിളക്കം നൽകും.

ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഒരു പക്ഷെ, എല്ലാം മറന്ന് ഇന്ത്യ നോക്കിക്കണ്ടത് നടപ്പുരീതിക്ക് വ്യത്യസ്തമായ മഹാനഗരക്കാഴ്ചയായിരുന്നു, കർഷക പ്രക്ഷോഭം തന്നെ. അക്ഷരാർഥത്തിൽ നൂറുകണക്കിന് മൈലുകൾ അവർ നടക്കുകയായിരുന്നു, വരണ്ട ഭൂമിയിൽ നടന്ന് ശീലിച്ചവർ, പാടത്തും പറമ്പത്തും പണിയെടുക്കുമ്പോൾ പാദരക്ഷകൾ ധരിക്കാത്തവർ. രണ്ടാലൊന്നറിയാതെ തിരിച്ചു പോകാൻ തയ്യാറാകാത്തവർ. മക്കൾക്കും മാതാപിതാക്കൾക്കും അവസാന മുത്തം നൽകി ഇറങ്ങിയവർ. സബർമതിയിലെ ദണ്ഡിനടത്തം വീണ്ടൊരാവർത്തി ഓർമ്മിപ്പിച്ചത് പോലെ..

സ്വതന്ത്ര ഭാരതത്തിൽ ഇതിന് മുമ്പ് ടിക്കയത്തിന്റെ നേതൃത്വത്തിൽ ഇത് പോലൊന്ന് ഓർമ്മയിൽ വരുന്നു. അതും കർഷകരായിരുന്നു. സംഘടിത രാഷ്ടിയ നേതൃത്വമില്ലാത്തത് പിരിച്ചു വിടാൻ ടിക്കയത്തിന് നന്നായി വിയർക്കേണ്ടിവന്നു. അന്നത്തെ  ഭരണകൂടം ആ ദൗർബല്യം നന്നായി മുതലെടുത്തു. തീരുമാനങ്ങളിൽ കാര്യമായ ഒരു ഫോളോഅപ്പും പിന്നീടുണ്ടായില്ല.

ഇക്കഴിഞ്ഞ ദിവസങ്ങളിൽ ബോംബെ നഗരം കണ്ടത് ഇതായിരുന്നില്ല.  മണ്ണിന്റെ മക്കൾക്ക് ഇച്ഛാശക്തിയുള്ള രാഷ്ട്രീയ നേതൃത്വമുണ്ടായി. വഴിയോരങ്ങൾ അരുവിയും കൈപുഴയുമായി, അവസാനദിനമത് ജനകടലായി മാറി.

പൊതുമനസ്സ് വിഷയങ്ങൾ പഠിച്ചു, അവർക്ക് ഒന്നേ ചെയ്യേണ്ടതുണ്ടായിരുന്നുള്ളൂ, കർഷകർ വരുന്ന വഴിക്ക് എതിരേൽക്കുക, പറ്റാവുന്നത് നൽകുക, കുടിവെളളമെങ്കിൽ അത് , അഭിവാദ്യമെങ്കിലത്. ഇന്ത്യൻ ജനത ഒന്നെന്നു തോന്നിയ മണിക്കൂറുകളും ദിനങ്ങളും. "ലാൽജംഡെ"ക്ക് പൊതുവെ കണ്ട് വന്നിരുന്ന അലർജി ഏതാണ്ടില്ലാതായത് പോലെ. പാതയോരങ്ങളിൽ ലാൽസലാം വിളികൾ ! 

മഹാരാഷ്ട്രാ സർക്കാർ കൂട്ടുകക്ഷികൾക്ക് വരെ കാര്യം മനസ്സിലായി, പുറം തിരിഞ്ഞിരുന്നാൽ മുന്നിലേക്കവർ വഴിമാറി  അഭിമുഖമായി വരുമെന്ന് ബോധ്യമായി. കർഷക വിഷയങ്ങൾ അവർ ഗൗരവത്തിൽ കാണാൻ ഭരണാധികാരികളെ നിർബന്ധിച്ചു കൊണ്ടേയിരുന്നു.

വളരെ ശ്രദ്ധേയമായത് ഇടത് പക്ഷ നേതൃത്വത്തിലുള്ള കർഷക പ്രക്ഷോഭത്തിന് രാഹുൽ ഗാന്ധിയെ പോലുള്ളവർ ഇടപെട്ട രീതിയാണ്.  പി.സി.സി. പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് ക്ഷുഭിത കർഷകരെ എതിരേറ്റ് കോൺഗ്രസ്സ് നേതാക്കൾ ലാൽസലാം പറഞ്ഞത്.

മഹാരാഷ്ട്രയിലെ ന്യായവശ്യങ്ങൾക്ക് വേണ്ടിയുള്ള ഈ സഹകരണം ഇന്ത്യയിലെ മതേതര ശക്കികൾക്ക് ശുഭസൂചനയും ഗുണപാഠവുമാണ്. ഇന്ത്യയിലെ പശുമാർക്ക് മീഡിയകൾ അത് കൊണ്ട് തന്നെ തുടക്കത്തിലേ കണ്ടില്ലെന്ന് നടിച്ചത്. പക്ഷെ, സോഷ്യൽ മീഡിയയിൽ ആർക്കും മുകളിൽ നിന്ന് വിലക്കേർപ്പെടുത്താൻ പറ്റില്ലല്ലോ. അവർ തങ്ങളുടെ കർത്തവ്യം ഭംഗിയായി നിർവ്വഹിച്ചുകൊണ്ടെയിരുന്നു, മുഖ്യധാരാമാധ്യമങ്ങൾ കണ്ണുകൾ തുറക്കാൻ തയ്യാറാകുന്നത് വരെ.

ഒറ്റത്തുരുത്തുകളായി മാറ്റപ്പെട്ടുകൊണ്ടിരിക്കുന്ന സമകാലീന ഇന്ത്യൻ രാഷ്ട്രീയത്തിൽ ഭിന്ന രാഷ്ട്രീയ വീക്ഷണങ്ങൾ നിലനിർത്തികൊണ്ട് പരസ്പരം കൈപിടിക്കലിന്റെ പുതിയ മാനങ്ങൾക്ക് വേണ്ടിയുള്ള ചർച്ചകൾക്ക് മതേതരക്കൂട്ടങ്ങൾ തുടക്കമിടണം. ഏകകക്ഷിഭരണമെന്ന വ്യാമോഹം തന്നെ പകൽ പോലും സ്വപ്നം കാണരുത്, അത് സംസ്ഥാനമായാലും ഇന്ത്യ മൊത്തമായാലും.

സാമാന്യ ജനത്തെ ബാധിക്കുന്ന പൊതു വിഷയങ്ങൾ എന്നുമുണ്ട്. ഇന്ത്യയുടെ മതേതരത്വവും ബഹുസ്വരതയും നിലനിൽക്കുന്ന സാഹചര്യങ്ങളുടെ ഉയർത്തെഴുന്നേൽപ്പുകൾ നിരന്തരം  വിഷയീഭവിക്കണം. കൊല രാഷ്ട്രിയങ്ങൾ തിരക്കഥയിൽ നിന്ന് മാറ്റിനിർത്തപ്പെടണം. അഹിംസാ രാഷ്ട്രിയത്തിനാണ് ഇന്നും ഇന്ത്യൻ മണ്ണ് പാകമുള്ളത്.  ജാതിയുടെയും മതത്തിന്റെയും പേരിൽ പരസ്പരം കൊമ്പ്കോർത്തത് കൊണ്ട് ഒരു പാടവും പണി സ്ഥലവും ഭാരതീയന്  നയാപൈസയുടെ  അധികവരുമാനമോ അരത്തൂക്കം ശാന്തിയോ സമൃദ്ധിയോ അധികം നൽകുന്നില്ലെന്ന ബോധം സാധാരണക്കാരന് നൽകണം.

വിയർപ്പിനും വിശപ്പിനും ഒരേ ഗന്ധമാണ്, വർഗീയ ചീട്ടുകളിയിൽ വിജയിക്കുന്നത് അതിന്റെ ചെല്ലും ചെലവിലും കഴിയുന്നവരെന്ന തിരിച്ചറിവ് സാമാന്യ ജനങ്ങൾക്കുണ്ടാക്കാൻ ഇടതുപക്ഷവും കോൺഗ്രസ്സടങ്ങിയ മുഴുവൻ സെക്യൂലർ ചിന്താധാരകളും ഒന്നിച്ചേ തീരൂ. അതിനുള്ള പ്രക്ഷോഭങ്ങളും സംഘടിത നീക്കങ്ങളും രാജ്യത്താകമാനം ഉണ്ടാകുമ്പോൾ, നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ആത്മവീര്യവും ആത്മവിശ്വാസവും ഇന്ത്യൻ ജനതയ്ക്കുണ്ടാകും.

ശ്രീ യെച്ചൂരിയെ പോലുള്ള  ദീർഘവീക്ഷണമുള്ളവരുടെ രാഷ്ട്രീയ പ്രവചനങ്ങൾ കേൾക്കാൻ അതിനകത്തുള്ളവർ എത്ര പെട്ടെന്ന് കാത് കൊടുക്കാൻ ശ്രമിക്കുന്നുവോ അത്രയും നല്ലത്. ഊക്കോടെ വെള്ളം മുഴുവൻ ഒഴുകിയ ശേഷം തടയണ കെട്ടുന്നതിനെ കുറിച്ചാലോചിക്കുന്നതിലും പരിതപിക്കുന്നതിലും വലിയ വങ്കത്തം വേറെ ഉണ്ടാകില്ലെന്ന് നമ്മുടെ പരിചിത രാഷ്ട്രീയ പ്രബുദ്ധതക്കാകട്ടെ.

നഞ്ചോളം ജയിച്ചിടത്ത് നാടുവാഴിയാകാൻ പുതിയ രാസപ്രക്രിയ പരീക്ഷിച്ചു വിജയിച്ചു കൊണ്ടിരിക്കുന്ന അമിത്ഷാ യുഗത്തിൽ, തെരഞ്ഞെടുപ്പ് വരുമ്പോൾ നാല് സീറ്റിന്റെ പേരിൽ കലമുടക്കുന്ന പതിവ് രീതി തന്നെ മാറ്റിവെക്കാനുള്ള മനസ്സുള്ളവർക്ക് മാത്രമേ മതേതര ഇന്ത്യയുടെ ഭാവിയെ കുറിച്ച് പറയാനും ഫലിപ്പിക്കാനും അവകാശവുമുള്ളൂ.

ചില സൂചകങ്ങൾ തിരിച്ചറിവുള്ള രാഷ്ട്രിയ നേതൃത്വങ്ങൾക്ക് മുമ്പിൽ വല്ലപ്പോഴും പ്രത്യക്ഷപ്പെടും. അവയിൽ നിന്നും എന്തെങ്കിലും പഠിക്കാൻ പറ്റിയിൽ നന്ന്. കൊഞ്ഞനം കുത്തിയാൽ മുഖം കെടുകയേയുള്ളൂ. ഇത് പഠിക്കാനും തിരിച്ചറിയാനുമായില്ലെങ്കിൽ താഴേതട്ട് മുതൽ മുകളറ്റം വരെ എത്ര ബൈഠക് നടത്തിയിട്ടും കാര്യമില്ല.

കാവി പുതക്കാൻ ഏതാനും സംസ്ഥാനങ്ങൾ മാത്രം ബാക്കി. മതേതര രാഷ്ടീയക്കാരെ തന്നെയാണ് 'അവരതിന് ഉപയോഗിക്കുന്നത്. കമ്പിളിപ്പുതപ്പിനുള്ളിൽ ഇനിയും ഉറങ്ങാനാണ് മതേതര രാഷ്ട്രീയ നേതൃത്വത്തിന് ഭാവമെങ്കിൽ, വരും തലമുറ മാപ്പ് നൽകില്ല, ഉറപ്പ്.

No comments:

Post a Comment