Friday 23 November 2018

സുനിൽ പി. ഇളയിടം മലയാളത്തിന് അഭിമതനാകുന്നത് / എ. എം. പി.

സുനിൽ പി. ഇളയിടം
മലയാളത്തിന്
അഭിമതനാകുന്നത്

എ. എം. പി.

വിജയൻ മാഷ് ആദ്യം പൊയ്പ്പോയി. പിന്നീട് അഴിക്കോട് മാഷും. കേരളത്തിന്റെ സാംസ്ക്കാരിക ഇടത്തിലെ രണ്ട് വലിയ കസേരകളാണ് അവരുടെ വേർപാടോടു കൂടി ഒഴിഞ്ഞ് പോയത്. പല സന്ദർഭങ്ങളിലും അവരുടെ അഭാവം എല്ലാവരിലും വേപഥു ഉണ്ടാക്കിയിട്ടുണ്ട്. അത്രമാത്രം പ്രഭയായിരുന്നു ആ രണ്ടു വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ടു മലയാളത്തിനുണ്ടായിരുന്നത്.

കൂട്ടത്തിൽ അഴിക്കോടായിരുന്നു ഒരു പണത്തൂക്കം മുന്നിൽ. മാഷ് ഏത് വിഷയവും ഗാന്ധിയൻ വ്യൂ ഓഫ് പോയന്റിൽ നിന്നു കൊണ്ടു അപഗ്രഥിച്ചു, സംസാരിച്ചു, സംവാദ മണ്ഡലം തുറന്നു.

ആ ഒരു വിടവിലേക്ക് ഇനി ആര് എന്നത് വലിയ ചർച്ചയായിരുന്നു. മലയാളി മനസ്സിൽ വല്ലാതെ അസ്വസ്ഥത സൃഷ്ടിച്ച ഒന്ന്. സക്കറിയ ഇടയ്ക്ക് മിന്നിയെങ്കിലും ഉൾവലിഞ്ഞു കളഞ്ഞു. പിന്നെ ആരെയും കണ്ടില്ല.

അത്തരമൊരു കാത്തിരിപ്പിലാണ് സുനിൽ പി. ഇളയിടം ഒരോരം ചേർന്ന് നടന്നു വരുന്നത്. ഇടത്പക്ഷചിന്തയിൽ അദ്ദേഹം വിഷയങ്ങൾ പറയാൻ തുടങ്ങി. മലയാള നവോത്ഥാന നായകരിലൊരാളായ ശ്രിനാരായണ ഗുരുവിനെ ചിലർ ബോധപുർവ്വം ബ്രാൻഡ് ചെയ്ത് തനിക്കാക്കാൻ വ്യാപകമായി ശ്രമിക്കുന്നത് കണ്ടപ്പോഴാണ്  ഇനി മൗനമവലംബിക്കുന്നത് ശരിയല്ലെന്ന ദൃഢനിശ്ചയത്തിൽ നിന്ന് സുനിൽ പി. ഇളയിടം,  താൻ വ്യാപൃതനായ അക്കഡമിക് വ്യവഹാരങ്ങളെയൽപം മാറ്റി വെച്ച്, മൈക്കിനു മുന്നിൽ തീരുമാനിച്ചുറച്ചു നിന്നത്. മലയാളത്തെ അഭിസംബോധന ചെയ്തത്. (അതദ്ദേഹം ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. )

ഇന്ന് സുനിൽ പി. ഇളയിടമാണ് മലയാളത്തിന്റെ ശബ്ദം. മതേതരത്വത്തിന്റെ മെഗാഫോൺ. സാംസ്കാരിക ച്യുതിയും സാമൂഹിക ജീർണ്ണതകളും മതേതരത്വത്തിന്നേറ്റ് കൊണ്ടിരിക്കുന്ന വെല്ലുവിളികളും അദ്ദേഹത്തെ വല്ലാതെ അലട്ടുന്നുണ്ട്. അതാ ഭാഷണങ്ങളിൽ വായിച്ചെടുക്കാൻ നമുക്ക് സാധിക്കും.

അളന്നു മുറിച്ച വാക്കുകളും സംശയത്തിനിടം നൽകാത്ത വിധത്തിലുള്ള അപഗ്രഥനങ്ങളും അസാമാന്യമായ ഓർമ്മ ശക്തിയും വലിയ വായനയും അതിലും വലിയ നിരീക്ഷണ പാടവവും എല്ലാം ഏത് വീക്ഷണ വ്യത്യാസമുള്ളവരിൽ പോലും സുനിൽ പി. ഇളയിടം ഹൃദയം കവരും.

സമീപകാല രാഷ്ട്രീയ - സാമൂഹിക - സാംസ്കാരിക വിഷയങ്ങളിലും പ്രശ്നങ്ങളിലും അദ്ദേഹം ഇടപ്പെട്ട രീതി തന്നെ മതി നമ്മുടെ സാംസ്‌ക്കാരിക മലയാളത്തിന്റെ ശബ്ദം ഇത് തന്നെ എന്ന് പറയാൻ, മലയാളി സമൂഹം ഇതാണ് കേൾക്കാനാഗ്രഹിച്ചതെന്ന് പറയാൻ.

നാല് വർഷമേ ആയുള്ളൂ നാമദ്ദേഹത്തെ കേൾക്കാൻ തുടങ്ങിയിട്ട്. മതേതര മൂല്യങ്ങളെയും വ്യത്യസ്ത വായനകളേയും ഉൾക്കൊള്ളുവാനുള്ള വലിയ മനസ്സ് അദ്ദേഹത്തിലുണ്ട് എന്നതാണ് വലിയ പ്രതീക്ഷ. അദ്ദേഹത്തിന് ഓരോ കാര്യത്തിലും സ്പുടം ചെയ്തെടുത്ത കാഴ്ചപ്പാടുണ്ട്. പക്ഷെ, അപരനെ കേൾക്കാനും അവർക്കഭിപ്രായം പറയാനും കാണിക്കുന്ന സഹിഷ്ണുതയുടെ ശരീര ഭാഷ സുനിൽ പി. ഇളയിടത്തിനുണ്ട്. അപരനെയും അരിക്വത്ക്കരിക്കപ്പെട്ടവനെയും അന്യനെന്ന് മുദ്രവെച്ചവനെയും അരികിൽ ചേർക്കാനും അവരൊന്നും അവഗണിക്കപ്പെടേണ്ടവരല്ലെന്ന് പറയാനും അവരുടെ അഭിപ്രായങ്ങൾ തന്റെത് കൂടിയാണെന്നും താൻ പറഞ്ഞതിന്റെ പിന്നാലെ ചേർക്കപ്പെടേണ്ടവയാണെന്നും  പറയാനും ഒരു മനുഷ്യൻ   ഉണ്ടെന്നതുമാണ് സുനിൽ പി. ഇളയിടത്തെ  ദശലക്ഷക്കണക്കിന് മലയാളികൾ കേൾക്കാൻ പ്രധാന കാരണം.  രണ്ടാം അഴിക്കോട് എന്ന് ആ മനുഷ്യൻ വിദൂരമല്ലാത്ത ഭാവിയിൽ വിശേഷിപ്പിക്കപ്പെട്ടാലും അത്ഭുതപ്പെടാനില്ല.

എഴുത്തുകാരൻ, വിമർശകൻ, അധ്യാപകൻ, അക്കാഡമിഷ്യൻ, ചിന്തകൻ ഇതൊക്കെയാണ് ഡോ. സുനിൽ പി. ഇളയിടം. പക്ഷെ, മലയാളത്തിന് അതൊന്നുമല്ല  പറയാനുള്ളത് - അദ്ദേഹമാണ് മലയാള പ്രഭാഷണ വേദിയിലെ കനപ്പെട്ട ശബ്ദം, മതേതര ശബ്ദം.

ഹ്ഹ്ഹ്ഹ്, ഹ്ഹ്* *ചൾക്ക്ന്ന്മ്മാ /അസ്ലം മാവില


*ഹ്ഹ്ഹ്ഹ്,  ഹ്ഹ്*
*ചൾക്ക്ന്ന്മ്മാ*
..........................

അസ്ലം മാവില
..........................

പൊതുവെ എനിക്ക് ഖന്നച്ചയെ ഇഷ്ടാണ്. FB തുറന്നാൽ ഖന്നച്ചയുടെ ടൈം ലൈനൊന്ന് നോക്കും. കാസർകോട് മൊഴിയുടെ സുൽത്താനായത് കൊണ്ട് മാത്രമല്ല, നമ്മുടെയൊക്കെ നാട്ടിമ്പുറത്തെ ഒരു കാരണവരെ പോലെ എന്തോ ഖന്നച്ചയും അദ്ദേഹത്തിന്റെ വരികളും ഫീൽ ചെയ്യുന്നത് കൊണ്ട് കൂടിയാണ്.

അദ്ദേഹത്തിന്റെ എഴുത്തിൽ ഏതെങ്കിലും ഒന്നിൽ,  നാം വളരെക്കാലമായ് അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഒരു കാസർകോടൻ വാമൊഴിയോ വാഗ്ശകലമോ കണ്ടെത്താൻ പറ്റും.

ഇന്ന് അബ്ദുല്ല കുഞ്ഞി ( ഖന്നച്ച) എഴുതിയ ഒരു കുറിപ്പുണ്ട്.  "വിന്‍റ്റർ ഡെ ഒഫ്‌ മൈ ചൈല്‍ഡ്‌ ഹുഡ്‌ " എന്ന തലക്കെട്ടിലാണത്.


അതിലെ ഓരോ വരികളും  ഉദ്ധരിക്കേണ്ടതാണ്, അതത്ര ശരിയല്ലല്ലോ. ആ കുറിപ്പിന്റെ അവസാന ഭാഗമിങ്ങനെ :
"നെരേല്‍തെ റേഡിയോല്‌ കേക്ക്‌ന്നെ *ലൈഫ്‌ ബോയ്‌ ഹെ ജഹാന്‍ തന്ത്രുസ്‌തിഹെ വഹാന്‍* ഞാഌം പാഡീറ്റ്‌ മറേന്ന്‌ പൊർത്‌ ബന്ന്‌റ്റാമ്പൊ ഉമ്മ പണീന്റെഡേന്ന്‌ അമ്പര്‌പ്‌ലെ ബന്ന്‌റ്റ്‌ തലെ ഒർക്കെ തോർതും,,
*ഹ്‌ഹ്‌ഹ്‌ ചള്‍ക്ക്‌ന്ന്‌മാന്ന്‌* ഉമ്മാഡ്‌ ചെല്ലുമ്പൊ അട്‌പ്‌ന്റര്‌ത്‌ ബട്ടെല്‌ കുറുമുറാന്ന്‌ തുന്നാന്‌ മുർചിറ്റ്‌ബെച്ചെ കെര്‌കണ്ടം കല്‍തപ്പം എന്നെനോക്കീറ്റ്‌ ചിരിക്കും,
നീ ബീയം ചൂട്‌ചൂട്‌ കെല്‍തപ്പം തുന്ന്‌ന്ന്‌ ചെല്ലീറ്റ്‌ ഉമ്മ എന്റെ തലെ തോർത്‌ന്നെ മദിയാക്കീറ്റ്‌ തലെ തഡീറ്റ്‌ അള്‍ക്കും,,
ആ തടല്‍ല്‌ എങ്ങന്‍തെ കുള്‍പും "മാട്ടത്തോട് " കടക്കും!!!!,... (മാട്ടത്തോട് എന്റെ വക )

"ഹ്ഹ്ഹ്ഹ്,  ഹ്ഹ് ചൾക്ക്ന്ന്മ്മാ"

ഇത് പറയാത്ത ഒരു കുഞ്ഞും അന്നും ഉണ്ടാകില്ല, ഇന്നും ഉണ്ടാകില്ല. അത്ര വെയ്റ്റും വെയ്റ്റേജുണ്ട് ആ പറച്ചിലിന്. നിങ്ങളൊന്ന്  കുഞ്ഞുകുട്ടി കാലത്തേക്ക് കുഞ്ഞിളം കാല് വെച്ച്, സ്വൽപനേരം ഒരു കുഞ്ഞായി മാറി നോക്കൂ. ബാത്ത് റൂമിൽ നിന്നും ഒരു ചെറിയ കഷ്ണം തോർത്തു മുണ്ടുടുത്തോ ഉടുക്കാതെയോ  ,ഇറ്റിറ്റു വീഴുന്ന വെള്ളവുമായി,  , വിറക്കുന്ന പല്ലിനും ചുണ്ടിനും കൈ രണ്ടും വിരലുകൾ കോർത്തടുപ്പിച്ച് ആ പദങ്ങളൊന്ന് നിങ്ങൾ പതിയെ വളരെപ്പതിയെ ഉരുവിട്ടേ, ഒരു വട്ടമല്ല, കുറെ വട്ടം, നിയന്ത്രണത്തിനപ്പുറം ആ വാക്കുകൾ സർവ്വ ശക്തിയുമെടുത്ത് പുറത്ത് ചാടും.
"ഹ്ഹ്ഹ്ഹ്,  ഹ്ഹ് ചൾക്ക്ന്ന്മ്മാ"
അടിമുടി വിറക്കും. പെരുവിരൽ തൊട്ട് ഉച്ചിയിൽ വരെ പ്രകമ്പനത്തിന്റെ അലയൊലികൾ രൂപപ്പെടും. വീഴും വീഴില്ല എന്നാവും.

അപ്പോൾ  ഒരു തോർത്തുമുണ്ടുമായോ ഉമമയുടെ തന്നെ തലയിലെ തട്ടവുമായോ നിങ്ങളെ സാന്ത്വനിപ്പിക്കാനും സമാശ്വസിപ്പിക്കാനും ഒരു തുള്ളി ജലകണികയുടെ ഈർപ്പം പോലും അവശേഷിപ്പിക്കാതെ തോർത്തിയും തടവിയും മാറ്റാനായി, നമ്മുടെ പ്രിയപ്പെട്ട ഉമ്മ ദേ കൺമുമ്പിൽ നിൽക്കുന്നുണ്ടാകും. കൂടെ  മഴപെയ്തിറങ്ങിയ പൊന്നിൽ ചാലിച്ച ഉമ്മയുടെ വാക്കുകളും - "എന്റെ പുന്നാരകട്ടേനെ കാത്തോട്ട് അവ്വ.. ", ഉടയതമ്പുരാന് ഉമ്മ നൽകുന്ന ഉയിരോളം വലിയ വിശേഷണം - അവ്വ.

ആ മാതൃ സ്നേഹത്തിനു മുന്നിൽ നാം ഒരു കുഞ്ഞായി, കുഞ്ഞുപൂവായി, കുഞ്ഞിതളായി, സ്നേഹവായ്പായി, ജലബാഷ്പമായി മാറും.

I still need you close to me എന്നുമ്മയോട് അടുത്ത് നിന്നുമകലെ നിന്നും പറയാൻ, പറഞ്ഞുകൊണ്ടേയിരിക്കാൻ നിങ്ങളെയാ ഗതകാല ഓർമ്മകളും ഓർമ്മപ്പെടുത്തലും  പ്രേരിപ്പിച്ചു കൊണ്ടേയിരിക്കും.

നേരത്തെയും ഉമ്മയുടെ കളങ്കമില്ലാത്ത സ്നേഹത്തെ കുറിച്ച് വളരെ തന്മയത്വത്തോടും വൈകാരികമായും ഖന്നച്ച എഴുതിയിട്ടുണ്ട്.  ഒന്ന് കൂടി പറഞ്ഞാൽ ഉമ്മയെ കുറിച്ച് എഴുതുമ്പോഴാണ് ഖന്നച്ച ഒരു കുഞ്ഞനായി മാറുന്നത്.

 ചെറുകഥ പോലെ ഒരു കുറിപ്പുണ്ട് FB യിൽ.  ''എന്റെ സ്വന്തം സുലേഖ(ഞ്ഞ)''.  ഇത് വായിച്ചാൽ ഒരു ബഷീർകഥ വായിച്ച സുഖം ലഭിക്കും. ആ രചനയുടെ ഏറ്റവും അവസാനം അദ്ദേഹം ഉമ്മയുടെ സ്നേഹത്തെക്കുറിച്ചു എഴുതിയത് ഇങ്ങിനെ:
''പാക്ക്‌ പൊന്തിച്ച്‌റ്റ്‌ പഞ്ചാരെ മേങ്ങീനാമോനെന്ന്‌ ഉമ്മ കേക്ക്‌ന്നെ കേട്ടപ്പൊ പാക്ക്‌ലുള്ള പഞ്ചാര്‌ന്റെ കെട്ട്‌ അസൂയപ്പെട്ടിട്ടുണ്ടാവും, ബികോസ്‌ മദർസ്‌ ലവ്- സ്നേഹം നിറഞ്ഞ്‌ തുളുമ്പുന്നുണ്ടായിരുന്നു അതില്. ''

അല്ലേ, ബാല്യകാലം എത്ര പെട്ടെന്നാണ് ചില പദസമ്പത്തുക്കൾ നമ്മുടെ കൺമുമ്പിലെത്തിക്കുന്നത് ! കൂടെ നമ്മുടെ പെറ്റുമ്മയുടെ ഓരോ സദ്നിമിഷങ്ങളും.   ഖന്നച്ച അങ്ങിനെയാണ് കൃതൃമത്വമില്ലാതെ തന്നെ ഗൃഹാതുരത്വം,  ഒരിക്കലും വിട്ടൊഴിയാത്ത നിഴലായി നമ്മുടെ കൺമുമ്പിൽ കൊണ്ട് വരുന്നത്.

ഖന്നച്ചയുടെ ഓരോ വരികൾക്കിടയിലൂടെയും സാകൂതം  പരതാനാണെനിക്കിഷ്ടം. നിങ്ങളുമൊന്ന് പരതി നോക്കൂ.  നഷ്ട ബാല്യങ്ങൾ അതൊരുപാട് തിരിച്ചു നൽകുമെന്നെനിക്കുറപ്പാണ്.

നന്മകൾ !

മായക്കാഴ്ച /അസ്ലം മാവിലെ


*മായക്കാഴ്ച*

............................

അസ്ലം മാവിലെ
............................

ഒരു കൂട്ടിലാടുന്ന തത്തയ്ക്ക് കിട്ടുന്ന കതിരുമണികളേ വാട്ട്സാപ് ഗ്രൂപ്പുകളിൽ നിങ്ങളും പ്രതീക്ഷിക്കേണ്ടൂ. അവിടെ എന്ത് കൊണ്ടിട്ടോ അത് കഴിക്കാം, കൊറിക്കാം.  അങ്ങനെയൊന്നും ചെയ്യാതെ നിങ്ങൾക്കു നോമ്പു നോറ്റുമിരിക്കാം.

മറ്റു സോഷ്യൽ മീഡിയകൾ വിശാലമാണ്, നമുക്ക് വേണ്ടത്, ആഗ്രഹിക്കുന്നത്, പ്രതീക്ഷിച്ചിരിക്കുന്നത് എല്ലാം ലഭിക്കും. അറിവുകൾ കിട്ടാൻ മാത്രമല്ല, നമ്മുടെ അനുഭവങ്ങൾ അവയ്ക്കു സമാനമായി കുപ്പായമിട്ടു മുന്നിൽ നടത്താനും സോഷ്യൽ മീഡിയ സഹായിക്കും.

ഇന്നെന്റെ കണ്ണുടക്കിയത് മായക്കാഴ്ചയിലാണ്. ഒരു E-Bro എഴുതിയ പരാമർശം. ആ പ്രതിഭാസം ബാല്യകാലത്തെ മാത്രമല്ല ഈ നാൽപതുകളിലും കൗതുകമായി അനുഭവപ്പെടുന്നു. നിങ്ങൾക്കുമതനുഭവപ്പെടുന്നുണ്ടാകും ഉറപ്പ്.

ട്രെയിനിലിരിക്കുമ്പോൾ ഞാൻ കുട്ടിയല്ലെന്നെത്രവട്ടം പറഞ്ഞാലും വിശ്വസിപ്പിച്ചാലും optical Illussion (മായക്കാഴ്ച) എന്നെ വിടാതെ പിന്നാലെ കൂടും.

വണ്ടി ചില ജംഗ്ഷനുകളിൽ മണിക്കൂറുകൾ നിർത്തിയിടുമല്ലോ. ഇടക്കിടക്ക് ഞാനിരുന്ന  വണ്ടി ഇങ്ങനെ പൊ(യ്)ക്കൊണ്ടേയിരിക്കും. ഇടത് ഭാഗത്തെ പാളത്തിൽ ഒരു വണ്ടി നിർത്തിയിട്ടത് പോലെ, ചിലപ്പോൾ ചെറിയ അനക്കത്തോടെ ആ ബോഗികളും നീങ്ങുന്നത് പോലെ.
എന്നാൽ വലത്തെ സൈഡ് ജനാലയിൽ നോക്കുമ്പോൾ, സ്റ്റേഷൻ പ്രിമൈസിൽ തൂക്കിയിട്ട പരസ്യ ബോർഡുകളും സ്ഥല സൂചികാ ബോർഡും അനങ്ങാപ്പാറ നയത്തിൽ ശ്വാസം പിടിച്ചു അവിടെ തന്നെയുണ്ടാകും !   വിശ്വസിക്കാൻ തീരെ പറ്റില്ല. തൊട്ടടുത്തിരിക്കുന്നനോട് നമ്മുടെ വണ്ടി നീങ്ങിത്തുടങ്ങി അല്ലേ എന്ന് സംശയം തീർക്കും. അയാളും അതേ ലോകത്തായിരിക്കും. ഞാനുമങ്ങോട്ട് ചോദിക്കാനിരിക്കുകയായിരുന്നെന്ന പോലെഅയാളുടെ മുഖഭാവം വാ തുറക്കാതെ മിണ്ടും.  വീണ്ടും ത്സടുതിയിൽ വലതു ഭാഗം നോക്കും. അല്ല,  വണ്ടി പോവ്വാണല്ലോ.  തെല്ലിട കഴിഞ്ഞ് ഒരു പച്ചക്കൊടി കാണിച്ച് സമാന്തരമായുള്ളള്ള പാളത്തിൽ കൂടി ഒഴുകുന്ന ഒരു വണ്ടിയിൽ നിന്ന് അവസാനത്തെ ഫ്ലാഗ്മാൻ കൈ വീശി അകലുമ്പോഴാണ്  ഇപ്പോഴും അതേ സ്റ്റേഷനിൽ അരയിഞ്ച് മുമ്പോട്ട്  അനങ്ങാത്ത ബോഗിയിൽ തന്നെ ഞാൻ ഇരിക്കുന്നുവെന്ന റിയാലിറ്റിയിലേക്ക് തിരിച്ചു വരുന്നത്.

കുട്ടിക്കാലത്ത് നമ്മുടെയെല്ലാം ബസ് യാത്രകളിൽ  അടുത്തുള്ള മരങ്ങൾ എതിർവശത്തേക്കും അകലെയുളളവ പിന്നിലേക്കും പൊയ്ക്കൊണ്ടേയിരിക്കും.  യാത്രകളിൽ കുഞ്ഞു മക്കളെ നോക്കൂ. പുറം വാതിലുകൾക്കിടയിലൂടെ  നോക്കുന്ന അവറ്റകൾക്കിതൊക്കെയായിരിക്കും എത്ര പറഞ്ഞാലും കണ്ണ് മാറ്റാതിരിക്കാൻ ഒരു കാരണം. ഒപ്റ്റിക്കൽ ഇല്യുഷന്റെ കാന്തിക വലയത്തിൽ  അവരും പെട്ടിരിക്കണം.   അവരും അവരുടെ കുഞ്ഞു കൂട്ടുകാരോട് ഇതൊക്കെ അത്ഭുതതോടെ പറയുന്നുണ്ടാകണം.

 അമ്പിളിമാമനെ എനിക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് കൊണ്ട് പോകുമായിരുന്നു ചെറുപ്പത്തിൽ. ഞാനോടുമ്പോൾ, തമ്പാച്ചു (അമ്പിളി ) കൂടെ ഓടും. അൽപം ധൃതി കുറക്കുമ്പോൾ, അമ്പിളി മാമനും സ്ളോ ആകും. നിന്നാൽ അതും ചിരിച്ചു കൊണ്ട് അവിടെ തന്നെ നിന്ന് കളയും. പിന്നോട്ടാഞ്ഞാൽ അമ്പിളിയും പിന്നോട്ട്.  നിലാവുള്ള രാത്രിയിൽ മിക്ക വീട്ടുമുറ്റത്തും കുഞ്ഞുകുട്ടികൾ അവനവന്റെ അമ്പിളിമാമനെ കൂടെകൂട്ടി ഓടാനും ചാടാനും കൊണ്ട് പോയിരുന്നൊരു കാലം !

 പൊയ്പ്പോയ കുട്ടിത്തവും പൊയ്പ്പോകാൻ വൈകുന്ന ചില മായക്കാഴ്ചകളും   നമ്മിലോരോരുത്തരിലും കൗതുകമായും അത്ഭുതമായും  ഇനിയും ബാക്കിയുണ്ട്. മായക്കാഴ്ച ഒരിക്കൽ കൂടി അനുഭവപ്പെടണോ ?  ഒറ്റയ്ക്കുള്ള ഒരു തീവണ്ടിയാത്ര തന്നെ ധാരാളമാണ്.  
.......................▪

നഗരങ്ങളിലെ ചില നേരനുഭവങ്ങൾ / അസ്ലം മാവില

നഗരങ്ങളിലെ
ചില നേരനുഭവങ്ങൾ

അസ്ലം മാവില

പണ്ട് കാലത്ത് ജീവിച്ചിരുന്ന ആളുകൾക്ക് ആയുസ്സ് വളരെ കൂടുതലായിരുന്നുവെന്നും,  അതു കൊണ്ട് വീട്ടുകാർ അവരെ ഒരവധി കഴിഞ്ഞാൽ ജീവനോടെ കുഴിച്ചുമൂടുമായായിരുന്നുവെന്നും പറയപ്പെടാറുണ്ട്. ഇതിൽ വാസ്തവമെത്രമാത്രമുണ്ടെന്നറിയില്ല. കണ്ണിൽ ചോരയില്ലാത്ത മക്കളും പേരമക്കളും അതുമതിലപ്പുറവും ചെയ്തേക്കും. ഇത് നേരിൽ കണ്ടു  ബോധ്യപ്പെടണമെങ്കിൽ നിങ്ങൾ ഒരു ടൗൺഷിപ്പിൽ സ്ഥിരം സന്ദർശകനോ  ജോലി / മറ്റെന്തെങ്കിലും ഏർപ്പാട് ഉള്ളവനോ  ആകണം.

5 - 8 മാസം മുമ്പ്. കർണ്ണാടകയിലെ ഭേദപ്പെട്ട ഒരു ടൗൺ. രാത്രി ഭക്ഷണവും കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ, ഒരു വണ്ടി റോഡരികിൽ വന്നു നിന്നു. തിടുക്കത്തിൽ രണ്ട് പേർ  പ്രായമുള്ള ഒരു സ്ത്രീയെ ബലമുപയോഗിച്ച് ഇറക്കി. ഒരു യുവതി അകത്ത് നിന്നും  ഒരു വലിയ ബാഗു ഡോറൽപം തുറന്ന് എടുത്തെറിഞ്ഞു.  വണ്ടി ഉടനെത്തന്നെ മിന്നായം പോലെ കടന്നു കളഞ്ഞു. ആ അമ്മ ഒച്ച വെക്കാൻ തുടങ്ങി.

 ഞങ്ങൾ അടുത്ത് പോയി നോക്കിയപ്പോൾ 75 വയസ്സുള്ള ഒരു വൃദ്ധ. വൃത്തിയുള്ള വസ്ത്രം. എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട് - എന്റെ കൂടെയുള്ള കൂട്ടുകാരൻ പറഞ്ഞു :  ഇനി ഈ വൃദ്ധയെ നോക്കേണ്ട പണി പട്ടണത്തിലുള്ളവരുടെ തലയിലായി. വളർത്തി പോറ്റി വലുതാക്കിയ മക്കളുടെ ഉത്തരവാദിത്വം ഇതോടെ കഴിയുകയും ചെയ്തു.  പറ്റുമെങ്കിൽ ടൗണിൽ വരുന്നവരും മുൻസിപ്പാലിറ്റിക്കാരും നോക്കിക്കോളാൻ എന്നർഥം.

അന്വേഷിച്ചപ്പോൾ ഇത് അവിടെ സ്ഥിരം ഏർപ്പാടാണ് പോൽ. ശല്യമെന്ന് തോന്നുമ്പോൾ മക്കളോ മരുമക്കളോ ബന്ധുക്കളോ ആരെങ്കിലും കള്ളത്തരം പറഞ്ഞ് കൂടെക്കൂട്ടി അമ്മയെ നഗരത്തിൽ കൊണ്ടു വിടുമത്രെ. എത്ര ക്രൂരം ! തൊണ്ട വറ്റുമ്പോൾ ആരായാലും കൈ കാണിക്കുമല്ലോ, പിന്നെ അതൊരു ശീലമായി മാറും. പിന്നെ ഒരു തകര പാട്ടയുമായി തെരുവിലേക്ക്.  നടന്ന് നടന്നു തളരുമ്പോൾ നഗരത്തിൽ ഏതെങ്കിലും മൂലയിൽ തല ചായ്ക്കും.  ചുമച്ചും കഫം തുപ്പിയും മറ്റുള്ളവരുടെ ഉറക്കത്തിന് ശല്യമാകുമ്പോൾ, അപ്പുറത്ത് ഇതേ പോലെ കിടന്നുറങ്ങുന്നവർ പിരാകിയും പുലമ്പിയും കല്ലോ കണ്ണിൽ കാണുന്നതോ എടുത്തെറിയും. കുറെ മാസങ്ങൾ കഴിഞ്ഞാൽ ഏതെങ്കിലും ഒരു ഓടയിൽ വീണു ആ സാധു മരണത്തിനു കീഴടങ്ങും. നഗരം വൃത്തിയാക്കുന്നവരുടെ ശ്രദ്ധയിൽ പെടുമ്പോൾ ഈ ഗതികിട്ടാപ്രേതങ്ങളെ  പൊതുശ്മശാനത്തിൽ കൊണ്ട് പോയി ദഹിപ്പിക്കും. പെറ്റ, പോറ്റിയ മക്കൾ ഇവയൊന്നും വലിയ വിഷയമാക്കാതെ അവരുടെ ലോകത്തിൽ  കഴിഞ്ഞു കൂടും.

മൂന്ന് - നാല് വർഷം മുമ്പ് കാസർകോട് ആയുർവ്വേദ ഹോസ്പിറ്റലിൽ പോയപ്പോൾ സമാനമായ ഒരു ദൃശ്യം കണ്ടു. ആസ്പത്രിക്ക് പിന്നിലായി ഒരു തട്ടുകടയുണ്ട്. അതിനൽപം അകലെയായി ഒരാൾക്കൂട്ട ശബ്ദം. ഞാനാധിയിൽ എഴുന്നേൽക്കാൻ തുനിഞ്ഞപ്പോൾ എന്നെ പരിശോധിക്കാനിരുന്ന  ഡോക്ടർ പറഞ്ഞു :  ഒന്ന് രണ്ട് മണിക്കൂറായെന്ന് തോന്നുന്നു ഒരു വൃദ്ധയെ മക്കളോ മറ്റോ വണ്ടിയിൽ കൊണ്ട് വന്നിറക്കി കടന്നു കളഞ്ഞതാണ് !

മയക്കത്തിൽ നിന്നുണരുമ്പോൾ, മരത്തിന്റെ ചുവട്ടിൽ  എഴുന്നേറ്റിരുന്ന് ആ അമ്മ ഉച്ചത്തിൽ കരയുമത്രെ. പിന്നെ ആളുകൾ തടിച്ചു കൂടും. വഴിപോക്കർ കുറച്ചു നേരം ഓരോന്നാരാഞ്ഞ് അവിടെ നിന്നു നോക്കും. പിന്നെ, സ്ഥലം വിടും.

ബംഗ്ലൂരിൽ ഞാനിപ്പോൾ താമസിക്കുന്ന ഫ്ലാറ്റിന് അൽപ്പം മുന്നിലായി ഒരു ഗല്ലിയുണ്ട്. അവിടെ നിന്ന് വലത്തേക്ക് പിന്നൊരു ഗല്ലി. അത് കഴിഞ്ഞാൽ ബസ്റ്റാന്റ്. രണ്ടാമത്തെ ഗല്ലിയിൽ കൂടി നടന്നാൽ കടയിലേക്ക് എളുപ്പമെത്താം.

എന്നും ആ വഴി വരുമ്പോൾ,  വായു അകത്ത് പോകാൻ മാത്രം ഷട്ടർ പൊക്കിയിട്ടുള്ള ഒരു കുടുസ്സായ ഒറ്റമുറി കാണാം. അതിൽ കൂടി ഒരു പാത്രം, ഗ്ലാസ്സ് ഇവ തള്ളി നീക്കാൻ മാത്രം ചെറിയ വിടവുണ്ട്.  അകത്തു നിന്നും വളരെ പ്രായമായ ഒരു സ്ത്രീയുടെ ഒച്ചയും വിളിയും എപ്പഴും ഞാൻ കേൾക്കും. ഒരു ദിവസം  കുനിഞ്ഞു ഷെട്ടറിന്റെ വിടവിലൂടെ ഞാൻ അകത്തേക്ക് നോക്കി. എല്ലും തോലുമായ ഒരമ്മ കൂനിക്കൂടി മുട്ടിലിഴയുന്നു. അത് കണ്ടിട്ടാകാം  എന്നോട് ഒരു വഴിപോക്കൻ പറഞ്ഞു. അങ്ങിനെ നോക്കരുത്. മുകളിലെ ഫ്ലാറ്റിൽ ആ അമ്മയുടെ മക്കളും മരുമക്കളും പേരക്കുട്ടികളുമാണ് താമസം. അവർ നിന്നെ ചീത്ത വിളിക്കും.  ഇത് കുറെ മാസങ്ങളായി ഇങ്ങനെ. എന്നിട്ട് ആ മനുഷ്യന്റെ ഗദ്ഗദം :  ഇവരിങ്ങനെയെങ്കിലും മൃഗതുല്യമായി കൂട്ടിലിട്ട്, ഒരു പ്ലേറ്റിൽ അൽപം ചോറും കൂട്ടാനും കൊടുത്ത്  സ്വന്തം  അമ്മയെ നോക്കുന്നുണ്ടല്ലോ, ആ ബസ്റ്റാന്റിൽ തേരാപാര നടന്നും മുട്ടിലിഴഞ്ഞും കഴിയുന്ന  കുറെ മുത്തശ്ശിമാരെ കണ്ടില്ലേ ? പഠിപ്പും പത്രാസുമുള്ളവരെ പെറ്റവരാണ് അവരൊക്കെ. ( ഒരു മാസത്തിനകം  ആ അമ്മ  മരിച്ചു)

നഗരക്കാഴ്ചകൾ പലപ്പോഴും നമ്മുടെ മുന്നിൽ കൊണ്ട് വന്നിടുന്നത് മനസ്സാക്ഷി മരവിപ്പിക്കുന്നതാണ്.    ജീവിതാസ്വാദനത്തിരക്കിൽ പ്രായമേറിയവർ മക്കൾക്കും അടുത്ത ബന്ധുക്കൾക്കും ഭാരവും ഭാണ്ഡവുമായി മാറുന്ന കാഴ്ച കരളലയിപ്പിക്കുന്നു.  ജീവിതത്തിന്റെ സായം സന്ധ്യയിൽ മിണ്ടിയും പറഞ്ഞുമിരിക്കുന്നത് പോകട്ടെ അവരെ അലിവും കനിവും അനുകമ്പയോടും കൂടി  കാണാനും  ശുശ്രൂഷിക്കാനും മക്കൾക്കാവണ്ടേ ?

കൂട്ടിനിരിക്കുന്നവർ / അസ്ലം മാവിലെ


*കൂട്ടിനിരിക്കുന്നവർ*

...........................

അസ്ലം മാവിലെ
...........................

യാമ്പുവിലുണ്ടായിരുന്നപ്പോൾ തുടങ്ങിയ സൗഹൃദമാണ് അബ്ദുൽ അസീസ്  സാഹിബിനോട്.  നല്ല വായനക്കാരൻ, നല്ല മലയാളം, മിതഭാഷി, നർമ്മമാവോളമുണ്ട്. കവിത എഴുതും, ആസ്വാദനം പറയും, സ്പുടം ചെയ്ത പ്രഭാഷണവും നടത്തും. സുല്ലമിയുമാണ്.

ഇന്ന് അദ്ദേഹം FB യിൽ കുറിച്ചിട്ട കുറച്ചു വരികൾ ഇങ്ങനെ :

രണ്ടു കൂട്ടരെ ഒഴിവാക്കിയാൽ തന്നെ ബേജാറൊഴിവാക്കാം.

ഒന്ന് :  രോഗിയെ പരിചരിക്കാൻ ഒപ്പമുള്ള വ്യക്തി ക്ഷമയുള്ളവരും ബേജാറും വെപ്രാളവും
കാണിക്കാത്തവരുമായിരിക്കണം. ഇത്തരക്കാർ (ക്ഷമയില്ലാത്തവർ) കൂട്ടിനു നിന്നാൽ രോഗം കൂടുമെന്നെല്ലാതെ ഒരു
തരി പോലും കുറയാൻ സാധ്യതയില്ല.

രണ്ട് : ഹോസ്പിറ്റലിൽ വൈകുന്നേരം വിൽക്കാൻ കൊണ്ടുവരുന്ന കൊലയും ,കൊള്ളി വെയ്‌പും ,പിടിച്ചു പറിയും ആത്മഹത്യകളും കൊണ്ട് നിറഞ്ഞു നിൽക്കുന്ന  "സായാഹ്‌ന പത്രം" വാങ്ങി വായിക്കാതിരിക്കുക.

പലപ്പോഴും തോന്നിയ കാര്യം. പല വേളകളിലും പറയണമെന്ന് നിരീച്ചത്. രണ്ടാമത് പറഞ്ഞത് (പത്രം) വാങ്ങാതിരിക്കാം. അത് വലിയ വിഷയമുള്ള കാര്യമല്ല. ഒന്നാമത്തേതും അതിനോടനുബന്ധിച്ചതുമാണ് പ്രധാനം.

കൂട്ടിന് പോകുന്നവരുടെ സേവനം അതിമഹത്തരമാണ്. തന്റെ എല്ലാ ജോലിയും കാർബാറും ഒഴിവാക്കിയാണ് അയാൾ / അവൾ കൂട്ടിനിരിക്കുന്നത്. മനഷ്യസ്നേഹത്തിന്റെ അങ്ങേയറ്റം. കൂടെപ്പിറപ്പെന്നത് അന്വർഥമാക്കുന്നത്. ബന്ധുവാകാം, അയൽക്കാരാകാം, സുഹൃത്താകാം, സന്നിഗ്ദ ഘട്ടത്തിൽ ഒരു കൈ സഹായം ലഭിച്ച ഒരു സാധുവാകാം - അവർ കൂട്ടിനിരുന്നത് രോഗിയെ ബേജാറാക്കാനല്ല. രോഗിക്ക് ഒരു താങ്ങ് , ഒരു കൈ സഹായം. തടികൊണ്ടൽപം പരിചരണം. തനിക്ക് പറ്റുന്നത്. പറ്റാവുന്നത്.

അവരാണ് എല്ലാം. അവരുടെ ആശ്വാസവചനമാണാ രോഗിയെ ശുഭാപ്തി വിശ്വാസക്കാരനാക്കുന്നത്. മുഖത്ത് നോക്കി ചിരിച്ച് ഇന്നൽപം ഭേദപ്പെട്ടെന്ന ഒരു പറച്ചിൽ. അത് മതി. അത് മാത്രം മതി, രോഗിയെ ദീനത്തിൽ നിന്നൽപം അകലം പാലിക്കാൻ.

ശരിയാണ്,  കിടക്കപ്പായയിൽ സ്ഥിതി അൽപം മോശമാണ്. ശരീരം തണുത്ത് തണുത്ത് പോകുന്നുണ്ട്. കാണക്കാണെ ശ്വാസതടസ്സം കൂടുന്നുണ്ട്. കയ്യിൽ നിന്നും വിട്ടുപോകുമോ എന്നവസ്ഥ.

കുറച്ചു പേർ ആ മുറിയിലുണ്ട്. അറിഞ്ഞെത്തിയതാണ്.  രോഗിക്ക് വല്ലായ്ക. എത്ര തന്നെ അടുപ്പമുള്ളവരവിടെയുണ്ടെങ്കിലും അസ്വസ്ഥ നിമിഷങ്ങളിൽ രോഗി ഇടം കണ്ണിട്ട് നോക്കുന്നത് ഒരാളെ മാത്രം. ആരെയെന്നോ ? കൂട്ടിന് വന്നവനെ / വന്നവളെ. തന്നെ എല്ലാം മറന്ന് അത് വരെ പരിചരിക്കുന്നവരെ.  അവരുടെ മുഖഭാവം നോക്കി രോഗി മനസ്സിൽ കണക്ക് കൂട്ടും - ഇല്ല എനിക്ക് അസ്വസ്ഥത വെറുതെ തോന്നുകയാണ്. കൂട്ടിന് വന്നയാൾ as usual എന്നെ പരിചരിക്കുന്നു. കളി തമാശയുണ്ട്. അവരെ മുഖത്ത് ഒരു ഭാവവ്യത്യാസവുമില്ല.

അതോടെ രോഗിക്ക് ചങ്കിടിപ്പ് കുറഞ്ഞു കുറഞ്ഞു വരും. സന്ദേഹം മാഞ്ഞു പോകും. ആശ്വാസം ഇളം കാറ്റുപോലെ ജനൽ പാളിയിൽ കൂടി വീശും. അതെ,  കൂട്ടിനിരുന്നവരുടെ ഇച്ഛാശക്തിയുടെ ഫലം തന്നെ.

പതറിയാൽ ? എല്ലാം പോയി. നിയന്ത്രണം പോയി. വെപ്രാളപ്പെട്ട് ഒന്നും കാണില്ല. നിലവിളി. നിലവിട്ട പെരുമാറ്റം. മുന്നിൽ കിടക്കുന്ന രോഗിക്കും നിസ്സംശയം  ദീനം കൂടിക്കൂടി വരും. ഒരുപക്ഷെ, അതവസാനത്തെ ശ്വാസോച്ഛാസമാകാം.

കൂട്ടിനിരിക്കുന്നവർ ഒരൽപം ശ്രദ്ധിച്ചാൽ മാത്രം മതി. സ്വയം ത്യജിച്ചുള്ള ആ സേവനത്തെ വലിയ വാക്കുകൾ കൊണ്ട് പുകഴ്ത്താം. ഒപ്പം, അവരിൽ നടേ പറഞ്ഞ ശ്രദ്ധയുമുണ്ടാകട്ടെ,

..........................▪

മുഹമ്മദ് അബൂബക്കര്‍ ആദരിക്കപ്പെടുമ്പോള്‍ / BM പട്ല

_*മുഹമ്മദ് അബൂബക്കര്‍ ആദരിക്കപ്പെടുമ്പോള്‍*_
➖➖➖➖➖➖➖➖➖
_പട്ള ദാറുല്‍ ഖുര്‍ആന്‍ ഹിഫ്ള് കോളേജില്‍ നിന്ന് പരിശുദ്ധ ഖുര്‍ആന്‍ മുഴുവനും മനഃപാഠമാക്കി നമ്മുടെ നാട്ടുകാരനായ ഒരു ഹാഫിള് കൂടി പുറത്തിറങ്ങുന്നു._
_അല്‍ഹംദുലില്ലാഹ്._

_ജനങ്ങളില്‍ അത്യുത്തമര്‍ ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണത്രെ._
_ഖുര്‍ആിന്‍റെ അമാനുഷികതയും അല്‍ഭുതവും ലോകത്ത് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന കാല സാഹചര്യത്തില്‍  ഖുര്‍ആനിന്‍റെ ആഴങ്ങിലേക്ക്  ഇറങ്ങിച്ചെല്ലുകയും ഖുര്‍ആനിക പ്രബോധനത്തിന് വേണ്ടി മുന്നിട്ടിറങ്ങുകയും ചെയ്യേണ്ടത് നമ്മില്‍ ഒാരോരുത്തരുടെയും ബാധ്യതയാണ്._

_പട്ളയില്‍ ചെറിയൊരു കട നടത്തി വരുന്ന അബ്ദുല്‍ ഖാദറിന്‍റെയും ( കുഞ്ഞിപ്പ )  കദീജയുടെയും നാലാമത്തെ മകനാണ്_  *മുഹമ്മദ് അബൂബക്കര്‍*.
_ഈ പൊന്ന് മോനെ ഒരു നാട് മൊത്തം ആദരിക്കുകയാണ്. ഞായറാഴ്ച്ച  നടക്കുന്ന പട്ള മന്‍ബഉല്‍ ഹിദായ സെക്കണ്ടറി മദ്രസായുടെ 58 ാം വാര്‍ഷികവും മീലാദ് ഫെസ്റ്റും സമ്മേളിക്കുന്ന പ്രൗഡ ഗംഭീരമായ മഹത്തായ സദസ്സ്  അതിന് വേദിയാകുകയാണ്._

*_യു.എ.ഇ പട്ള മുസ്ലിം ജമാഅത്ത് വക ക്യാഷ് അവാര്‍ഡും  പ്രശസ്തി ഫലകവും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന നല്‍കുന്ന ക്യാഷ് അവാര്‍ഡ് ,യു.എ.ഇ പട്ള മുസ്ലിം ജമാഅത്ത് പ്രസിഡന്‍റ് ജനാബ് സുല്‍ത്താന്‍ മഹ്മൂദ്  നല്‍കുന്ന 6666 രൂപയും മെമന്‍റോയും_*
_അത് പോലെ മറ്റ് വ്യക്തിത്വങ്ങള്‍ നല്‍കുന്ന അനുമോദന പത്രങ്ങളും പ്രോല്‍സാഹന സമ്മാനങ്ങളും  ചടങ്ങില്‍ നല്‍കപ്പെടുകയാണ്._

*_മുഹമ്മദ് അബൂബക്കറിന്‍റെ_* _കുടുംബത്തിനും നാട്ടുകാര്‍ക്കും മധുരം സമ്മാനിക്കുന്ന  ഈ അസുലഭ സന്ദര്‍ഭത്തില്‍ പ്രവാസ ലോകത്ത് നിന്നും എല്ലാ വിധ അനുമോദനങ്ങളും ആശസകളും നേരുന്നു....._
=========================
_beeyem patla_

Monday 5 November 2018

ഗെയിൽ ഉണ്ടാക്കിയത് / എ. എം. പി.


*ഗെയിൽ*
*ഉണ്ടാക്കിയത്*

....................

എ. എം. പി.
...................

വികസനത്തിന്റെ പേര് പറഞ്ഞു ഒരു ഗ്രാമത്തിൽ ഗെയിൽ ഉണ്ടാക്കിയ പുതിയ സംസ്കാരം ഭിന്നിപ്പിക്കൽ തന്ത്രമാണ്. അതിനു പറ്റിയ പരിശീലനം നേടിയതോ സ്വയം ആർജിച്ചെടുത്തതോ ആയ പണിക്കാരെയാണ് അവർ നിയോഗിച്ചത്. ഒരു പക്ഷെ, ഫീൽഡിൽ ഇറങ്ങിയപ്പോൾ മാസ്സ് സൈക്കോളജി (ആൾക്കൂട്ട മന:ശാസ്ത്രം) പഠിക്കേണ്ടി വന്നതാകാം ആ പണിക്കാർ മൊത്തം.

പൈപ്പ് കൊണ്ട് പോകാൻ ഉദ്ദേശിക്കുന്ന സ്ഥലത്തൊക്കെ അവർക്ക് അനുമതി പത്രവും Docs ഉം ഉണ്ട്. നാലഞ്ച് വഴിയിൽ കൂടി പോകാമെന്ന് പറയും. എല്ലായിടത്തും സർവ്വേ നടത്തി എന്നും പറയും. കൺഫ്യൂഷനായി ആളുകൾ പരസ്പരം മുഖത്തോട് മുഖം നോക്കും. പിന്നെ ആളുകൾ ഊഹം വെച്ച് കൊമ്പു കോർക്കാൻ തുടങ്ങും. അതിനിടയിൽ എല്ലാവരും നോക്കി നിൽക്കെ കാലിനടിയിലൂടെ JCB പായും, പിന്നാലെ ബംഗാളി, ആസാമി കൂലി പണിക്കാരും.

''നീ സഹകരിച്ചില്ലെന്ന് ഒരാൾ, അവൻ കാണിച്ചു കൊടുത്തെന്ന് പിന്നൊരാൾ, വഴി മാറി പൈപ്പ് പോകുന്നെന്നറിയുമ്പോൾ ആ ആശ്വാസത്തിൽ വേറൊരാൾ,  അങ്ങിനെ മണ്ണിലും  മനസ്സിലും സംശയമുണ്ടാക്കി അകൽച്ച ഉണ്ടാക്കിയ തക്കത്തിലും ആശ്വാസത്തിലും  മരത്തിന്റെയും മതിലിന്റെയും വില പറഞ്ഞ് കാശും കൊടുത്ത് ഗെയിന്മോർ ജെസിബിയുമായി മുന്നോട്ട്... " തൊട്ടടുത്ത ജില്ലയിലെ എന്റെ ഒരു സുഹൃത്ത് പറഞ്ഞതാണിത്. A typical ചിത്രം. എല്ലായിടത്തേക്കും ഈ അവസ്ഥ യോജിച്ചതെന്ന് കരുതുന്നു.

ഇത് കടന്നു പോയ ജില്ലക്കാരായ ഒരു പാട് ഓൺലൈൻ കൂട്ടുകാരുണ്ട്. അവിടങ്ങളിൽ പരസ്പരം  മിണ്ടലും പറയലും നിർത്തിയവരുണ്ട് പോൽ. ബന്ധങ്ങളിൽ വിള്ളൽ വിണവർ വേറെ. വസ് വസിൽ പെട്ടവർ കുറെ പേർ. മയ്യത്ത് വരെ കാണരുത് എന്ന് പറഞ്ഞവരും ഉണ്ടത്രെ.  ഈ  ഭിന്നിപ്പിക്കൽ തന്ത്രമുപയോഗിച്ച് നൂറ് പൈപ്പുകൾ ഇനിയും തലങ്ങും വിലങ്ങും ഇവർക്കിടാൻ സാധിക്കുമെന്നാണ് ഇതൊക്കെ കേട്ടപ്പോൾ എനിക്ക് തോന്നിയത്.

പൈപ്പ് എല്ലായിടത്തും എത്തി. കുറച്ചു ഭാഗങ്ങളാണ് ഇനി കുഴിച്ചിടാൻ ബാക്കി. അതെങ്ങിനെയും അവർ കൂട്ടി യോജിപ്പിക്കും. പൈപ്പ് അവിടെ പകുതിയിൽ നിർത്തിപ്പോകില്ലല്ലോ. ഇതൊന്നും കാണേണ്ടെന്നത് ദൈവനിശ്ചയമാകാം,  ഞാനിപ്പോൾ കർണ്ണാടകയിലാണ്.

 തോഡാ സാ സൈഡ് മേം ഖോജ്നാ  എന്ന് മാത്രമേ ഇനി ആ ഹിന്ദിക്കാരോട് പറയാനുള്ളൂ.

മജൽ ബഷിറിന്റെ ആത്മാർഥമായ വരികൾ ഒരു വലിയ ദുരന്ത ചരിത്ര നോവൽ വളരെ പ്രയാസത്തോടെ വായിച്ചു തീർത്ത അനുഭവമുണ്ടാക്കി.
വിക്ടിംസിനൊപ്പമാണ് എന്റെ തപ്ത ഹൃദയം. ഒരു മുഷിപ്പിനപ്പുറം മറ്റൊരു നല്ലതിന്റെ വെള്ളിവെളിച്ചമുണ്ട്.

RTPen.blogspot.com

ഗെയിൽ ജനങ്ങളുടെ നെഞ്ചിൻ കൂട് തകർക്കുമ്പോൾ!! /ബഷീർ മജൽ

*ഗെയിൽ*
*ജനങ്ങളുടെ*
*നെഞ്ചിൻ കൂട്* *തകർക്കുമ്പോൾ!!*
*********************
   
*ബഷീർ മജൽ*
•••••••••••••••••••••••••

... *ശെരീഫെ   നീ  ഓട്ത്തൂടാ    നീ ഒന്ന്  പാറ വളപ്പില്‍ (വിളിപ്പേര്)  പോയിറ്റ് അടക്കാവും തേങ്ങാവും  നോക്കീറ്റ് വാ മോനെ* ...
       ഇത്  സ്നേഹ നിധിയായ  പ്രിയപ്പെട്ട ഞങ്ങളുടെ ഉമ്മ സ്ഥിരം  രാവിലെ മക്കളോട് പറയുന്ന  വാക്കുകളാണ് .      ഇനി ഈ  വാക്കുകള്‍  കേള്‍ക്കില്ല     കാരണം സ്വന്തം മക്കളെപ്പോലെ  സൂൂക്ഷിച്ച്  പരിപാലിച്ച്  നോക്കി നടന്നിരുന്ന വസ്ഥു കൈ വിട്ട് പോയത് വിശ്വസിക്കാനും ഉള്‍കൊള്ളാനും പറ്റാതെ വലിയ സങ്കടത്തിലാണ് ഞങ്ങളുടെ ഉമ്മ ..

ഗെയില്‍ ഗ്യാസ് പൈപ്പ് ലൈന്‍  കേരളത്തില്‍ കടന്ന് പോകുന്നത് സാധാരണക്കാരന്‍റെ നെഞ്ച് പിളര്‍ന്ന് കൊണ്ടാണ്.

ജനങ്ങള്‍ക്ക് താങ്ങും തണലുമാകേണ്ട സര്‍ക്കാര്‍ തന്നെയാണ് കുത്തക കമ്പനികള്‍ക്ക്  ഈ കൊടും ക്രൂരമായ പദ്ധതിക്ക്  വഴി തുറന്ന് കൊടുക്കുന്നത്  ഇന്ത്യയിലെ  ജനങ്ങള്‍ക്ക് ഒരു ഗുണവും ഉപകാരവും  ഇല്ലാത്ത സര്‍ക്കാരിന് വലിയ ലാഭം  ഇല്ലാത്തതുമായ, കുത്തക കമ്പനികള്‍ക്ക്  മാത്രം ഉപകാരപ്പെടുന്ന ഒരു പദ്ധതിയാണ് ഗെയില്‍ ഗ്യാസ് പൈപ്പ്ലൈൻ പദ്ധതി!

എല്ലാം  തകര്‍ന്ന് പോയ   കാഴ്ചയാണ് ഞങ്ങള്‍ക്ക്   കാണേണ്ടി വരുന്നത്. നെല്‍പ്പാടവും, കുറേ തെങ്ങും,  അതില്‍ കൂടുതല്‍ കവുങ്ങും, അടങ്ങുന്ന ഒരേക്കറോളം നല്ല വരുമാനമുള്ള  സ്ഥലമാണ് ഞങ്ങള്‍ക്ക് മാത്രം നഷ്ടപ്പെട്ടത് .   ഇതിലും കുടതലും കുറവുമായി ഒരുപാട് കുടുംബങ്ങളാണ് സങ്കടത്തിലായത്.
ആരോട് പറയാന്‍!
ജീവനും സ്വത്തിനും ഒരു  വിലയുമില്ലാത്ത  കാലമാണ്   ഇതില്‍ കൂടുതല്‍ എന്ത് പറയാൻ!

ഞങ്ങള്‍ പിറക്കുന്നതിന്ന്  മുമ്പ് തന്നെ പിതാവിന്‍റെ  കൂടെ നിന്ന മണ്ണാണ് .
വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ     ഫലഫൂഷ്ടിയുള്ള മണ്ണാക്കി പാകപ്പടത്തുകയും ഒരു നല്ല കൃഷിയിടമാക്കിയതുമാണ്. അന്ന് മുതല്‍ മുടങ്ങാതെ ഇന്ന് വരെ  ഞങ്ങള്‍ക്ക്  അന്നം തന്ന മണ്ണ്!

ജീവിതത്തിലെ പല സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങളിലും  ഫലങ്ങള്‍ തന്ന്  സഹായവും  ആശ്വാസവും   നല്‍കി കൂടെ നിന്ന കൃഷിയിടത്തേയാണ്  അവര്‍   ഒരു വിലയും കല്‍പ്പിക്കാതെ കണ്ടാല്‍ ചങ്ക് പൊട്ടുന്ന നിലയില്‍   തകര്‍ത്തെറിഞ്ഞ് കളഞ്ഞത്.
ഇത് ഞങ്ങളുടെ മാത്രം കഥയല്ല!  ഇത് പോലെ  ഒരുപാട് കുടുംബങ്ങളുടെ  കണ്ണീരാണ് ഒഴുകിയത്.

ഇതിന്‍റെ എല്ലാ ഘട്ടങ്ങളിലും എല്ലായിടങ്ങളിലും  പ്രതിഷേധം ഉയർന്നിരുന്നു .
മറ്റ് സംസഥാനങ്ങളില്‍ ഗെയില്‍ ഗുരുതര സുരക്ഷാ  വീഴ്ച വരുത്തിയതായി   സിഎജി കണ്ടെത്തിയിരുന്നു.  കേരളത്തില്‍    പൈപ്പ് ലൈന്‍  നിര്‍മ്മാണ  പ്രവര്‍ത്തനം പുരോഗമിക്കുമ്പോള്‍ സുരക്ഷ ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്നത് ഖേദകരവും  ആശങ്കയുമാണ് ..
     ജനവാസ കേന്ദ്രങ്ങളില്‍ നിന്നും മറ്റ് വഴികളിലൂടെ    മാറ്റി സ്ഥാപിക്കാനും നിര്‍മ്മാണത്തിലെ  സുരക്ഷ ഉറപ്പ് വരുത്താനും ജനരോഷം ആളിക്കത്തി പ്രതിഷേധം ഇരമ്പിയപ്പോള്‍  ജനങ്ങള്‍ക്ക് സുരക്ഷയും സംരക്ഷണവും നല്‍കി താങ്ങും തണലുമാകേണ്ട സര്‍ക്കാര്‍ തന്നെ പോലീസിനേയും മറ്റും  ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ് ഉണ്ടായത്.

സര്‍ക്കാര്‍ ഖജനാവില്‍ നിന്നും രാഷ്ടീയ നേതാക്കൾ കൈയ്യിട്ട് വാരുന്നതിന്‍റെ ഒരു ചെറിയ ശതമാനം  മതി ജനവാസ കേന്ദ്രങ്ങളില്‍ നിന്നും  ഈ ദുരന്ത ലൈൻ മാറ്റിസ്ഥാപിക്കാന്‍ വരുന്ന അതികച്ചെലവ്.
ശരിയായ നഷ്ട പരിഹാരം നല്‍കി ആശ്വാസമേകണ്ടത് സര്‍ക്കാരിന്‍റെ ബാധ്യതയുമാണ്.  

Sunday 4 November 2018

Actually ഏതാണ് ശരി ? PADLA or PATLA ? അപ്പോൾ മലയാളത്തിൽ ? / എ. എം. പി.


*Actually ഏതാണ് ശരി ?*
*PADLA or PATLA ?*
*അപ്പോൾ മലയാളത്തിൽ ?*

......................

എ. എം. പി.
......................

സർക്കാർ സ്കൂൾ വിജ്ഞാപനങ്ങൾ നോക്കൂ. നമ്മുടെ സ്കൂൾ ഇങ്ങിനെ എഴുതിക്കാണിക്കുന്നു - GHSS PADLA.

എസ്. എസ്. എൽ. സി. റിസൾട്ട് പ്രസിദ്ധീകരിക്കുമ്പോൾ,  +1- +2 ഫലം വരുമ്പോൾ, HM നെ നിയമിക്കുമ്പോൾ, Principal നെ അയക്കുമ്പോൾ, ഭൗതിക സൗകര്യങ്ങൾ നടപ്പാക്കുമ്പോൾ , എല്ലാം PADLA തന്നെ. നമ്മളെഴുതുന്നതോ ? PATLA എന്നും.

അതിലും രസം സ്കൂൾ ബോർഡുകളാണ്. സമയം കിട്ടിയാൽ ഒരു റിക്ഷ പിടിച്ച് നമ്മുടെ സ്കൂളിനെ ഒന്ന് വലയം വെക്കുക.  തെക്കും വടക്കും കിഴക്കും പടിഞ്ഞാറും സകല ഭാഗത്തും ബോർഡുകളും തൂങ്ങുന്നത് കാണാം. അകത്തുമുണ്ട് കുറെ ഫലകങ്ങൾ, കൊത്തിയതും പെയിന്റിൽ എഴുതിയതും. ഒരിടത്ത് പട്ല, പിന്നൊരിടത്ത് പട്ള, വേറൊരു സ്ഥലത്ത് പട്ട്ള.  ഇനി പട്ട്ല എന്നെഴുതിയിട്ടുണ്ടോന്ന് കൂടി സംശയമുണ്ട്. ഇതൊക്കെ കാണുമ്പോൾ ആർക്കെങ്കിലും പഴയ "സന്ദേശം" സിനിമയിലെ അഖിലേന്ത്യാ  നേതാവ് യശ്വന്ത് സഹായിയുടെയും അയാളുടെ പ്രദേശിക നേതാവിന്റെയും ഡയലോഗുകൾ ഓർമ്മ വന്നാൽ കുറ്റം പറയാനും വയ്യ.

ഇപ്പോൾ പറയാൻ കാരണം ബിജു മാഷ് FB യിൽ Good Bye പറയുന്നത് GHSS PADLA യോടാണ്. കാരണം നാലര വർഷം മുമ്പ്  അദ്ദേഹത്തിന് ജോയിൻ ചെയ്യാൻ വന്ന ഔദ്യോഗിക Memo യിലും PADLA യിലായിരുന്നല്ലോ ഈ പള്ളിക്കൂടം. വിടുതൽ വാങ്ങാൻ വന്ന Memo യിലും ഗവ. വിജ്ഞാപന പ്രകാരം PADLA തന്നെ ആയിരിക്കണം. സ്കൂളിൽ Join ചെയ്യാൻ വരുന്ന എല്ലാ അധ്യാപകർക്കും ഔദ്യോഗിക നിർദ്ദേശം PADLA യിൽ പോകാനാണ്, PATLAയിലേക്കല്ല.

വിദ്യാഭ്യാസ പ്രവർത്തകരുടെയും യുവാക്കളുടെയും മുമ്പിൽ ഈ വിഷയമിടുന്നു. Actually എന്താണ് നമ്മുടെ ഗ്രാമത്തിന്റെ ശരിക്കുള്ള പേര് ? അറിയണ്ടേ ?

പട്ലയിലുളള സകലമാന ബോർഡുകൾ, ലെറ്റർ ഹെഡ്ഡുകൾ, സ്ഥാവര - ജംഗമ ആധാരങ്ങൾ, ജനന - കല്യാണ - മരണ രേഖകൾ, പാസ്പ്പോർട്ട്, ഡ്രൈവിംഗ്‌ ലൈസൻസ്, റേഷൻ കാർഡ് , ആധാർ കാർഡ്, എഡ്യു സർടിഫിക്കറ്റ് എന്ന് വേണ്ട സകലതും ഒന്ന് പരിശോധിക്കുക. നാട്ടിൽ ആകെ നാല് നേരം വരുന്ന ബസ്സുകളുടെ ബോർഡടക്കം നോക്കുക. നോട്ടീസുകൾ, ബാനറുകൾ, കമാനങ്ങൾ എല്ലാത്തിലും തോന്നിയ പോലെയാണ് പേര്.

അപ്പോൾ എവിടെ അക്ഷരപ്പിശക് ? കോൻസാ സഹീ ? കോൻസാ ഗലത് ?
അതറിയണമല്ലോ. അതല്ല ഏനാമ്പോലിക്ക് എങ്ങനെയും എഴുതാൻ പറ്റിയ പേരാണോ നമ്മുടെ പ്രദേശത്തിന്റെ പേര് ?

വാമൊഴി എന്തുമാകാം. കോഴിക്കോടിനെ കോയിക്കോടെന്നും കോളിക്കോടെന്നും കൊയ്ക്കോടെന്നും കാലിക്കറ്റെന്നും പറയാം, എഴുതുമ്പോൾ ( വരമൊഴിയിൽ )  അങ്ങിനെയല്ലല്ലോ വേണ്ടത്. മധൂരിനെ അധികം പേരും മറൂറ് എന്നാണ് വാമൊഴിയിൽ പറയുക. മധൂറ്, മദൂറ്, മധൂരു, മധൂറു, മദൂറു, മധൂർ, മധൂര് എന്നൊക്കെ പല സ്ലാങ്കിൽ പറയും.  എഴുത്തിൽ  ഒന്നായിരിക്കും.

അമ്മാതിരി നമുക്കൊരു പട്ല വേണ്ടേ ? മലയാളത്തിലും ഇംഗ്ലിഷിലും. അതിനൊരു ശ്രമം തുടങ്ങണം.  തുടക്കം സ്കൂളിൽ നിന്നാകട്ടെ.

അതിനു മുന്നോടിയായി പേരിനെകുറിച്ച് ഒരു ചർച്ച വേണമെങ്കിൽ അതുമാകാം. അതിനു പറ്റിയ വിദ്യാർഥികളും യുവാക്കളും നമ്മുടെ ഈ തലമുറയിൽ ധാരാളമുണ്ടെന്നാണ് എന്റെ വിശ്വാസം.

ഏതായാലും PADLA എന്ന ഇംഗ്ലിഷ് നാക്കിനത്ര വഴങ്ങുന്നില്ല, എന്തോ ഒരു വല്ലായ്ക.

RTPEN.blogspot.com

Saturday 3 November 2018

സ്നേഹനിധിയായ* *ബിജു മാഷ്* *പട്ല സ്കൂൾ വിടുമ്പോൾ ... / എ. എം. പി.


*സ്നേഹനിധിയായ*
*ബിജു മാഷ്*
*പട്ല സ്കൂൾ വിടുമ്പോൾ ...*

..........................
എ. എം. പി.
..........................

ബിജു മാഷ്,  പട്ല സ്കൂൾ വിടുന്നത് അറിയാനിടയായത് ഇന്നലെ  കണ്ട അദ്ദേഹത്തിന്റെ FB സ്റ്റാറ്റസ് വഴിയാണ്.

ബിജു മാസ്റ്റർ നാലര വർഷം പട്ല ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപകനാകുന്നത് ഒരു മാമൂൽ അധ്യാപകനെ പോലെയല്ല എന്നാണ് അടുത്ത് നിന്നും അകലെ നിന്നും നോക്കിക്കണ്ട ഒരാളെന്ന നിലയിൽ ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. വളരെ ആത്മാർഥതയുള്ള അധ്യാപകൻ. എല്ലാ കാര്യത്തിലും അടുക്കും ചിട്ടയും നിലനിർത്തിയ വ്യക്തിത്വം. കുട്ടികളോട് പിണങ്ങാനും അതിന്റെ പതിന്മടങ്ങ് ഇണങ്ങാനും അറിയുന്ന അധ്യാപകൻ. ക്ലാസ്സിലെത്തുന്ന കാര്യത്തിലും പാഠ്യഭാഗങ്ങൾ തീർക്കുന്ന വിഷയത്തിലും കർക്കശനായ അധ്യാപകൻ. സഹപ്രവർത്തകർക്കും മേലധികാരികൾക്കും രക്ഷകർതൃ നേതൃത്വത്തിനും ഒരു പോലെ ഇണങ്ങാൻ പറ്റിയ മാന്യ വ്യക്തിത്വം.

ബിജു മാഷെന്നാണ് ഞങ്ങൾ വിളിക്കുക. കൊല്ലം ജില്ലക്കാരനെങ്കിലും കുറച്ചു തിരുവനന്തരം സ്ലാങ്ങാണ് മാഷിനുള്ളത്. പി.ടി.എ. യോഗങ്ങളിൽ അദ്ദേഹം വിഷയങ്ങൾ അവതരിപ്പിക്കുമ്പോൾ എഴുതി വായിക്കുന്നത് പോലെ തോന്നും ഞങ്ങൾക്ക്, ക്ലാസ്സുകളും അങ്ങിനെ തന്നെ, ഗനഗംഭീരമായ ശബ്ദവും ശൈലിയും. പ്രസംഗവുമങ്ങിനെ തന്നെ.  പെറുക്കി പെറുക്കി ഒഴുക്കിലിങ്ങനെ വ്യാകരണപ്പിശകില്ലാതെ വാക്കുകൾ  നീങ്ങിക്കൊണ്ടേയിരിക്കും. നല്ല സുഖമാണവ കേൾക്കാൻ.

ഹയർ സെക്കണ്ടറി അധ്യാപകനെന്നത് മറ്റു അധ്യാപന വൃത്തി പോലെ അത്ര എളുപ്പമുള്ള ജോലിയല്ലല്ലോ. എന്റെ നാട്ടിലെ സർക്കർ സ്കൂളിൽ അദ്ദേഹം കാണിച്ച പല പക്വമായ നിലപാടുകളും സന്ദർഭോചിതമായ ഇടപെടലുകളും മാമലയെ മഞ്ഞുരുക്കിയിട്ടുണ്ട്.  16 -19 പ്രായമുള്ള കൗമാര വിദ്യാർഥികളെ ഒരു വഴി നടത്തിക്കുക എന്നത്,  പറയാൻ എളുപ്പമെങ്കിലും അനുഭവത്തിൽ അതിനാവത് കുറച്ചധികം വേണം. പഠന സംബന്ധമായ വിഷയമേ ആയിരിക്കില്ല ഹയർ സെക്കണ്ടറി ക്യാമ്പസിൽ HSS അധ്യാപകർക്ക് പ്രധാനമായും അഭിമുഖീകരിക്കാനുണ്ടാകുക, മറ്റു പലതുമാകാം, ആ "മറ്റു പലതി"നെ ടാക്ക്റ്റിക്കായി കൈകാര്യം ചെയ്യുമ്പോൾ ബിജു മാഷ് എടുക്കുന്ന Effort ഞാൻ പലപ്പോഴും അത്ഭുതത്തോട് കൂടി കണ്ടിട്ടുണ്ട്.

ഒരു വർഷത്തിലധികം അദ്ദേഹം പട്ല സ്കൂളിൽ പ്രിൻസിപ്പൾ ഇൻ ചാർജുമായിരുന്നല്ലോ. വളരെ ഉത്തരവാദിത്വത്തോടു കൂടിയാണ് അദ്ദേഹം ആ കാലയളവിൽ അധ്യയനവും അഡ്മിനിസ്ട്രേഷനും ഒരു പോലെ കൈകാര്യം ചെയ്തത്. PTA യോഗങ്ങളിൽ സ്വയം പറയും - ഞാൻ അത്ര നല്ല പ്രിൻസിപ്പളല്ലെന്ന്.

പട്ല സ്കൂൾ ഹയർസെക്കണ്ടറി ക്യാമ്പസിൽ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന കാര്യത്തിൽ ബിജു മാഷിന്റെ "പയ്യാരം പറച്ചിൽ " വലിയ പങ്ക് വഹിച്ചിട്ടുണ്ട്. യോഗത്തിലും അല്ലാതെയും അദ്ദേഹം PTA നേതൃത്വത്തിന് മുന്നിൽ അസൗകര്യങ്ങളുടെ ഭണ്ഡാരം അഴിച്ചു കൊണ്ടേയിരിക്കും. പരാതിയോട് പരാതിയായിരിക്കും. അത് കൊണ്ട് സ്കൂളിനും കാര്യമുണ്ടായി.

പാഠ്യവിഷയങ്ങളിൽ മാത്രമല്ല, പാഠ്യേതര കാര്യങ്ങളിലും ബിജു മാഷ് വളരെ ഔത്സുക്യം കാണിച്ചു. പട്ലയിൽ നടന്ന പൊലിമ പരിപാടികളിൽ അദ്ദേഹം നൽകിയ  അകമഴിഞ്ഞ സഹായ സഹകരണങ്ങൾ നന്ദിയോട് കൂടി മാത്രമേ എനിക്കോർക്കാൻ സാധിക്കൂ.

 കുട്ടികൾക്ക് ഒരു പാട് ഓറിയന്റേഷൻ ക്ലാസ്സുകൾ സംഘടിപ്പിക്കാൻ അദ്ദേഹത്തിനായി. ( ഒന്നുമല്ലാത്ത എന്നെക്കൊണ്ട് വരെ അദ്ദേഹം നിർബന്ധിച്ച് പ്രസംഗിപ്പിച്ച  സംഭവം വരെ  ഉണ്ടായിട്ടുണ്ട്. )   കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞു പ്രോത്സാഹനങ്ങൾ അദ്ദേഹം നൽകി കുട്ടികൾക്കും ബിജു മാഷ് അരുമ അധ്യാപകനായിരുന്നു. വിരട്ടാനുമദ്ദേഹത്തിനറിയാം, തോളിൽ കയ്യിട്ടു കമ്പനികൂടാനുമറിയാം.

യാത്രയയ്പ്പ് വാർത്ത എവിടെയും ഞാൻ കണ്ടില്ല. തുരുതുരാ ഫോട്ടോകൾ വരുന്ന ചില ഫോറങ്ങളിലും അവ കണ്ടില്ല.  ഒരു പക്ഷെ എന്റെ ശ്രദ്ധയിലവ പെടാത്തതാകാം.

ആ നല്ല അധ്യാപകന് നന്മകൾ നേരുന്നു. സംസാരത്തിലും ഇടപെടലുകളിലും അനുപമമായ മാന്യത പുലർത്തിയിരുന്ന ബിജു മാഷ് എല്ലാവർക്കും വലിയ മാതൃകയാണ്. ഇടപഴകുന്തോറും കൂടുതൽ അടുക്കാൻ നമുക്ക് തോന്നും. മനുഷ്യത്വം മാത്രമാണവിടെ യോഗ്യത.

 സ്വന്തം ജില്ലയിൽ (കൊല്ലം) ജോലി. ഭാഗ്യവാൻ ! അതിലും ഭാഗ്യവാന്മാർ കൊല്ലം മുട്ടറ സ്കൂൾ അധ്യാപകരും വിദ്യാർഥികളുമായിരിക്കുമെന്ന് ഞാൻ പറയും. മനുഷ്യസ്നേഹിയായ, നിഷ്ക്കളങ്കനായ, തലക്കനം ലവലേശമില്ലാത്ത  ഒരധ്യാപകനെയാണല്ലോ അവർക്ക് ലഭിച്ചിരിക്കുന്നത് !

പോകുമ്പോൾ ഏതായാലും എന്നോട് പറഞ്ഞില്ല, ഇടക്കിടക്ക് ഇനി FB യിൽ കാണുമല്ലോ. അത് മതി .  സൗഹൃദം നിലനിർത്താൻ അത് തന്നെ ധാരാളം.  നന്മകൾ ബിജു മാഷ് !


RTPen.blogspot.com

ബാസിത് പട്ല* *പറഞ്ഞു വെച്ചത് / എ. എം. പി


*ബാസിത് പട്ല*
*പറഞ്ഞു വെച്ചത്*

............................

എം. എ. പി
............................

എഴുതാൻ മടി ഉണ്ടായിട്ടല്ല, അൽപം മാറി നിന്നതാണ്. ഈയിടെയായി പൊതുവെ ഓൺ ലൈൻ  വെറും നോക്കിയാണിപ്പോൾ.  അത്കൊണ്ട് കൊണ്ട് തന്നെ വാട്സാപ്പുകളിലെ കുറെ  ഉപചാരങ്ങൾ ഒഴിവാക്കാൻ സാധിച്ചിട്ടുമുണ്ടെന്ന ഗുണവുമുണ്ട്.

ബാസിത് പൊലീസ് CP ഫോറത്തിൽ ടെക്സ്റ്റ് ചെയ്ത വരികളിൽ എന്റെ കണ്ണുടക്കി. പോട്ടെ എന്നു പറഞ്ഞിട്ടും പിന്നെയും പിന്നെയും വഴിമാറുന്നില്ല. എഴുതിയേ തീരൂവെന്ന് നിർബന്ധിക്കുന്നത്  പോലെ തോന്നിയത് കൊണ്ടാണ് ഈ കുറിപ്പ്.

ഒരു പാട് വട്ടം പറഞ്ഞതാണിത്. ബാസിത് പോലിസ് പറഞ്ഞപ്പോൾ അതിനനൽപമായ വാസ്തവവും ആധികാരികതയുമുണ്ട്. ഇന്നാണ് സർക്കാറിന്റെ നിയമപാലക വകുപ്പിൽ ഔദ്യോഗികമായി അദ്ദേഹം ജോലിയിൽ പ്രവേശിക്കുന്നത്,  കാക്കി ഡ്രസ്സ് കോഡിൽ  ഔദ്യോഗിക  പരിവേശത്തിൽ. നന്മകൾ !

അദ്ദേഹത്തിന്റെ text ഉദ്ധരിച്ചാൽ ബാസിതിന്  *PSC Written test ൽ കിട്ടിയത് 27 മാർക്ക്*. കേട്ടാൽ എവിടെയും എത്താത്ത ഒന്ന്. പക്ഷെ  ശാരിരിക ക്ഷമതാ ടെസ്റ്റsക്കം മറ്റു ചിലവ ആ മാർക്കിനപ്പുറമദ്ദേഹത്തിന് പ്രതീക്ഷ നൽകി. കഠിന പ്രയത്നവും ഇച്ഛാശക്തിയും ജോലി കിട്ടിയേ അടങ്ങൂ എന്ന വാശിയും ബാസിതിനെ ഇപ്പോൾ ഒരു പോലിസുദ്യോഗസ്ഥനാക്കി.

ബാസിത് ഇപ്പോൾ പറയുന്നു:  Beat Forest officer തസ്തികയിലേക്ക് ദേ ഉടൻ മറ്റൊരു Appointment ഓർഡർ വരുമെന്ന്. എഴുത്ത് പരീക്ഷയ്ക്ക് കിട്ടിയ മാർക്ക് വരെ അദ്ദേഹം എഴുതിക്കാണിച്ചത് കണ്ടല്ലോ - 21. മറ്റൊരു സർക്കാർ ജോലി കൂടി ബാസിതിന്റെ പടിവാതിൽക്കൽ എന്നർഥം.

ബാസിത് പറയുന്നു : "പ്രിയപ്പെട്ട  (ബക്കർ ) മാഷേ, അതിന് ആദ്യം യുവ സമൂഹത്തെ (ജോലി) സാധ്യതകളെ പറ്റി ബോധ്യപ്പെടുത്തണം, reservation ഒരു അനുഗ്രഹമാണ് എന്നിട്ട് പോലും ആർക്കും താല്പര്യമില്ല."

ഇപ്പറഞ്ഞത്  നാട്ടിലെ 18 - 35 വയസ്സിനിടയിലുള്ളവർ  10 വട്ടം വായിക്കട്ടെ. സംഘടനകൾ, മത- രാഷ്ട്രിയ പ്രസ്ഥാനങ്ങളിലെ യുവജന - വിദ്യാർഥി കൂട്ടായ്മകൾ ഇക്കാര്യത്തിൽ വളരെ സജീവമാകണം. ആദ്യമൊക്കെ ചെറുപ്പക്കാർ വിമുഖത കാണിക്കും. പിന്നെയും അവരെ PSC one time ഓൺലൈൻ രജിസ്ട്രേഷന്റെ കാര്യം പറഞ്ഞു ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കണം. അവരെ പറഞ്ഞു പറഞ്ഞു ശല്യപ്പെടുത്തി കൊണ്ടേയിരിക്കണം.

ജോലിസ്ഥിരത, സമയത്തിന് ശമ്പളം, പിരിഞ്ഞാൽ പെൻഷൻ, വിരമിക്കുന്നതിന് മുമ്പ് മരിച്ചാൽ ആശ്രിതനു ജോലി സാധ്യത.

 സമുഹത്തിൽ  നില. നാട്ടിലൊരു വില.  കല്യാണാലോചനകളിൽ മുൻഗണന.

നഷ്ടമല്ല, മറിച്ച എല്ലാം കൊണ്ടും ഔന്നത്യമാണ് ആരെന്ത് പറഞ്ഞാലും സർക്കാർ ജോലി. കിട്ടാത്തവർ പുളിച്ചതായി ഭാവിക്കുമെങ്കിലും കിട്ടിക്കഴിഞ്ഞവർക്കതിന്റെ സുഖം പറഞ്ഞു തീരാനുമുണ്ടാകില്ല.

പൂവിട്ടിവിടം കളം നിറച്ച് ബാസിതിനെ ഉപചാരത്തോടെ അനുമോദിക്കുന്നതൊക്കെ കൊള്ളാം. നമ്മുടെ മക്കളോടും അനിയന്മാരോടും ഈ വിഷയം ഗൗരവത്തോടെ പറയാനും 35 ന് താഴെയുള്ളവർ അവരവർ തന്നെ സർക്കാർ പരീക്ഷകൾ നിർബന്ധപൂർവ്വം എഴുതാനും പ്രതിജ്ഞയെടുക്കുക.

ഡിഗ്രി ഹോൾഡറായ ബാസിത് ഏറ്റവും അടുത്ത് കിട്ടുന്ന S I (Sub Inspector) പരീക്ഷ എഴുതി അതിൽ വിജയിച്ച് ഇതേ പോലെ ഒരു കിടിലൻ പാസ്സിംഗ് ഔട്ട് പരേഡിൽ വേഷഭൂഷാധികളോടെ പങ്കെടുക്കുന്നത് കാണാൻ പട്ലക്കാരായ നമുക്ക് എല്ലാവർക്കും ഭാഗ്യമുണ്ടാകട്ടെ എന്ന് പ്രാർഥിക്കാം, ആശംസിക്കാം. അന്നാ പരേഡ് കാണാൻ CP യുടെ നേതൃത്വത്തിൽ വലിയ ഒരു വാഹനം  നിറച്ച് പട്ലക്കാർ പോകുമെന്നു നമുക്ക് പ്രതീക്ഷിക്കാം.

ബാസിതിന്റെ വരികൾക്ക് നന്ദി.

RTPen.blogspot.com