Wednesday 18 May 2016

ഇന്നത്തെ വർത്തമാനം / അസ്‌ലം മാവില / അവരുടെ തോന്നലുകൾ വെറും തോന്നലുകൾ ആകട്ടെ ഈ വിജയികൾ ആദരിക്കപ്പെടട്ടെ

ഇന്നത്തെ വർത്തമാനം

അസ്‌ലം  മാവില

അവരുടെ തോന്നലുകൾ വെറും തോന്നലുകൾ ആകട്ടെ
ഈ വിജയികൾ ആദരിക്കപ്പെടട്ടെ

എസ് .എസ്. എൽ .സി. പരീക്ഷാഫലം വന്നു. നമ്മുടെ സ്കൂളിൽ ( പട്ള ഗവ. സ്കൂൾ) നൂറ്റൊന്നിൽ നൂറു പേരും വിജയിച്ചു. അതും മികച്ച മാർക്ക്. മികച്ച ഗ്രേഡ്.  കഴിഞ്ഞ വർഷം കൊട്ടിപ്പാടി നടന്ന ഒരു ട്രെൻഡ് ഉണ്ട്.   അതിന്റെ സത്തയോടും താൽപര്യത്തോടും കൂടി ഇക്കുറി ഉണ്ടായില്ല എന്ന് ചില രക്ഷിതാക്കളെങ്കിലും പറഞ്ഞു  കഴിഞ്ഞു.  അതിനു കാരണമുണ്ടോ ഇല്ലയോ ? എന്തുമാകട്ടെ,  അതൊരു പക്ഷെ വെറും തോന്നലാകട്ടെ എന്ന് കരുതാം, ആഗ്രഹിക്കാം.

നന്നായി പഠിക്കുന്ന, ജയിക്കുമെന്ന് നൂറ്റൊന്നു വട്ടം ഉറപ്പുള്ള ഒരു കുട്ടി തോറ്റ സാഹചര്യം ഇപ്പോൾ ഉത്തരവാദ പെട്ടവർ പറയുന്നു, അവൻ അറിഞ്ഞു തോറ്റതാണെന്ന്. അതിനർത്ഥം ഈ കുട്ടിയുടെ മുഴുവൻ പശ്ചാത്തലവും നേരത്തെ അറിയാം എന്നർത്ഥം.  ഇതൊരു സാധാരണ വിഷയമല്ല. അങ്ങിനെ തള്ളിക്കളയുകയുമരുത്.  മാനസികകായി പിരിമുറുക്കം അനുഭവപ്പെടുന്ന  വിദ്യാർഥികളെ കുറിച്ച് പഠിക്കാൻ ഒരു വിംഗ് തന്നെ അധ്യാപക-സാമൂഹ്യപ്രവർത്തകരുടെ നേതൃത്വത്തിൽ സ്കൂളിൽ വാർഡ്‌ അംഗത്തിന്റെ നേതൃത്വത്തിൽ ഉണ്ടാകണം. പുതിയ ജനറേഷൻന്റെ മാനസിക തലങ്ങൾ കൂടി അറിയുന്നവരെയായിരിക്കണം ഈ ബോഡിയിൽ ഉൾപ്പെടുത്തെണ്ടത്.  പഴയ ''പോറാ... ഔത്തെക്ക് പോറാ'' സമീപനമുള്ളവർ ഈ വിംഗിൽ ഉണ്ടെങ്കിൽ ഫലം ''ഉൾട്ടെ'' ആയിരിക്കും എന്ന് കൂടി കൂട്ടത്തിൽ  സൂചിപ്പിക്കട്ടെ.

പലവട്ടം സ്കൂൾ സംബന്ധമായ പല വിഷയങ്ങളും വളരെ ഗൌരവത്തോടു കൂടി ചർച്ച ചെയ്യുകയും പരിഹാരം കാണുവാൻ ശ്രമിക്കുകയും ചെയ്തിരുന്ന പടലയിലെ സോഷ്യൽ ഓപ്പൺ ഫോറങ്ങളിൽ ഇത്  കൂടി വന്നിരുന്നുനെങ്കിൽ തീർച്ചയായും ഒരു പരിഹാരം ഉണ്ടാകുമായിരുന്നു എന്ന് എന്റെ മനസ്സ് പറയുന്നു. ഇനിയുള്ള വർഷങ്ങൾ നാം ജാഗരൂകരാകണം. നമ്മുടെ ഗ്രാമമെന്ന സങ്കല്പം വിട്ടു ''സെമിഅർബാൻ'' (അർദ്ധ നഗര) തലത്തിലേക്ക് പട്ള മാറിയെന്നത് മറച്ചു വെക്കേണ്ട കാര്യമല്ല. ഇനിയും ഇത്തരം വിഷയങ്ങൾ കൂടുതൽ ഉണ്ടാകാനാണ് സാധ്യത.

ഓർക്കുന്നില്ലേ നാം .  മാസങ്ങളോളം ഒരു കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ടു നാം ചർച്ച ചെയ്തത്. ആ കുട്ടി ഉള്ളിടത്ത് വണ്ടി കൊണ്ട് പോയി തിരിച്ചു കൊണ്ട് വരാൻ വരെ നമ്മുടെ ശ്രമങ്ങൾക്കും നല്ലമനസുകൾക്കും  സാധിച്ചിട്ടുണ്ട്. (ഇപ്പോൾ ആ കുട്ടിയുടെ ''വർത്തമാന നില'' എന്താണെന്നു ഈ കുറിപ്പുകാരന് അറിയില്ല. എന്റെ പ്രായത്തിന്റെ പക്വത വെച്ച്  ഒരു അനുമാനം പറയാം.  ജാഗ്രതയുടെയും സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും  കണ്ണുകൾ ഒരേ സമയം  രക്ഷിതാകളുടെയും ബന്ധുക്കളുടെയും അയൽപക്കക്കാരുടെയും ഭാഗത്ത്‌ നിന്നു അവന്റെ മേൽ  തുടർന്ന്കൊണ്ടേയുണ്ടെങ്കിൽ  ആ കുട്ടിയുടെ ഭാവി ശോഭനമായിരിക്കും. കാരണം ''കൊച്ചി പഴയ കൊച്ചിയല്ല'' )

ഇനി വിഷയത്തിലേക്ക് വീണ്ടും.  നമ്മുടെ സ്കൂളിൽ 99%  കുട്ടികൾ വിജയിച്ചിട്ടുണ്ട്. സാങ്കേതികമായി എന്ത് പറഞ്ഞാലും നമ്മുടെ ഗ്രാമത്തിന്റെ അഭിമാന വിജയമാണ് 99%. അവർ മികച്ച ഗ്രേഡ് നേടിയാണ്‌ വിജയം നേടിയത്. ''ബേഷക്ക്'', അവർ കഴിഞ്ഞ വർഷത്തേക്കാളും കൂടുതൽ  വർണശബളമായ വേദിയിൽ ആദരിക്കപ്പെടണം. കഴിഞ്ഞ വർഷം അധികൃതരുടെ അഭ്യർത്ഥന മാനിച്ചു  ചില കൂട്ടായ്മകൾ  സാമ്പത്തികമായി സഹായിക്കാൻ മുന്നോട്ടു വന്നിരുന്നു. അവരോ മറ്റുകൂട്ടായ്മകളോ ഉപഹാരങ്ങളുമായി മുന്നോട്ടു വരണം.

ഉപഹാരങ്ങൾ എന്തുമാകാം. വിലയും വലുപ്പവും നോക്കരുത്.  ഒലിവിലയായിരുന്നു ഒളിമ്പിക്സിൽ  ആദ്യകാലങ്ങളിൽ അംഗീകാരമായി നൽകിയിരുന്നതെന്ന് നമുക്കറിയാം. ആഷസ് ക്രികറ്റ് സീരീസിന്റെ  ചരിത്രം വായിച്ചാൽ 1882 ലെ തോൽവിക്ക് ശേഷമുള്ള വിജയത്തിൽ ബ്രിട്ടീഷ് ക്യാപ്റ്റൻ ബ്ലിഗ്ഗിനു സമ്മാനമായി നൽകിയത് ബേൽ - ( ക്രിക്കറ്റ് കളിയിലെ മൂന്ന്സ്റ്റമ്പുകൾക്ക്  കുറുകെ വയ്ക്കുന്ന കന്പ് ) - കത്തിച്ച ചാരം  (ആഷസ്- ashes) കുടത്തിലാക്കിയാണ് ആദരിച്ചത്.  ഒമാനിലെ സൈക്കിൾ റെയ്സ് വിജയികൾക്ക്പരമ്പരാഗതമായി നിർമ്മിക്കുന്ന ''കഠാര''! നല്ല മുഴുത്ത  ഉണ്ടക്കല്ല് തീർത്ത ട്രോഫിയാണ്  പാരീസിലെ ഒരു പ്രശസ്ത മത്സരഇനത്തിലെ സമ്മാനം. തുർക്കിക്കാർ ''ടൂർ ഓഫ് തുർക്കി''  വിജയികൾക്ക്  കാവണ്ടിഷ് പഴം കുലയോടെ നൽകുമത്രെ.  ബെല്ജിയം നൽകുന്ന സമ്മാനങ്ങളിൽ ഒന്ന്  പാൽക്കട്ടിയും.  പ്രവാചക ചരിത്രത്തിൽ തന്നെ ഒരു ''യൂസ്ഡ്  പുതപ്പു'' സമ്മാനമായി കടന്നു വരുന്നുണ്ട്. സ്കൂൾ ഡെയ്സിലെ അംഗീകാരത്തെ കുറിച്ചും കൊച്ചു കൊച്ചു സമ്മാനങ്ങളെ കുറിച്ചും  മാഡം ക്യൂറിയും രബീന്ദ്ര നാഥ ടാഗോറും എഴുതിയിട്ടുണ്ട്.  ചുരുക്കത്തിൽ  കൊടുക്കുന്ന സമ്മാനത്തിലല്ല  കാര്യം, ആദരവിന്റെ നിറവും ആത്മാർഥതയുടെ  ശബളിമതയുമാണ്‌ കാര്യം.

നമ്മുടെ വിശ്വാസം എസ് .എസ് . എൽ .സി. വിജയികൾ ഇപ്രാവശ്യവും  ആദരിക്കപ്പെടുമെന്ന് തന്നെയാണ്. അത് വഴി അവരെ പഠിപ്പിച്ച ഗുരുക്കളാണ് ആദരിക്കപ്പെടുന്നത്, അവരെ പള്ളിക്കൂടത്തിലേക്ക് അതിരാവിലെ ഒരുക്കി അയച്ച മാതാപിതാക്കൾക്കും  അവർക്ക് വേണ്ടി സൌകര്യങ്ങൾ ചെയ്ത് കൊടുത്ത ഉടപ്പിറപ്പുകൾക്കും അവർ വഴിനടക്കുമ്പോൾ കൂടെ ഉണ്ടായിരുന്ന മൺതരികൾക്കും ഈ അംഗീ കാരം അർഹതപ്പെട്ടത് തന്നെ. ഒപ്പം ഒട്ടും മാറ്റ് കുറയാതെ തന്നെ പ്ലസ്‌ ടു വിജയികളും സമ്മാനിതരാകണം.

എസ് .എസ് .എൽ .സിയിലും പ്ലസ്‌ ടു വിലും വിജയം വരി ച്ചവരെ ഒരിക്കൽ കൂടി  ആശംസിക്കുന്നു. ഞാൻ പ്രതീക്ഷിക്കുന്നു ഈ ഗ്രാമം, പിടിഎ, എസ് .എം.സി, ജമാഅത്തുകൾ, ലൈബ്രറി,  സാംസ്കാരിക വേദികൾ ഇവയൊക്കെ നിങ്ങളുടെ വിജയം അർഹിക്കുന്ന വിധത്തിൽ ആഘോഷിക്കുമെന്ന്. നിങ്ങൾ അവരുടെ വേദികളിൽ അർഹിക്കുന്ന വിധത്തിൽ  ആദരിക്കപ്പെടുമെന്ന്.  

Sunday 8 May 2016

മദേർസ് ഡേ : എന്റുമ്മ / അസ്‌ലം മാവില

മദേർസ് ഡേ : എന്റുമ്മ

അസ്‌ലം  മാവില

മദേർസ് ഡേ ഇന്ന്. കുറച്ചു മണിക്കൂറുകൾ കൂടി ബാക്കി ഉണ്ട് ഈ ദിവസം തീരാൻ. ഈ ദിനം തീർന്നാലും  ഉമ്മയുടെ സ്നേഹ സ്പര്ശം എന്നുമെന്നുമുണ്ടാകും.  എനിക്ക് എന്റുമ്മയെ കുറിച്ച് എഴുതാൻ കിട്ടിയ ഒരു അവസരം. അതേതായാലും ഞാൻ പാഴാക്കുന്നില്ല.

ഇതെഴുതുമ്പോഴും ഉമ്മ വായനയിലായിരിക്കും. അതുറപ്പ്‌..
എനിക്ക് തന്നെ അത്ഭുതമാണ്. ഒരിക്കലും ഒഴിയാത്ത ഈ  വായനാശീലം ഉമ്മയ്ക്ക് എങ്ങിനെ കിട്ടിയെന്ന്. ഉറങ്ങാൻ കിടക്കുമ്പോഴും ഉമ്മയുടെ കയ്യിൽ ഒരു പുസ്തകം ഉണ്ടാകും. അല്ലെങ്കിൽ ഒരു പത്രത്തിന്റെ കീറ്. വാരിക, വായനക്കായി മറ്റെന്തെങ്കിലും. അനിയൻ സലിം വായിച്ചു മടക്കി വെച്ച ഒരു പുസ്തകമെങ്കിലും  ഉമ്മയ്ക്ക് വായിക്കണം. രാവിലെ മീത്തെ വീട്ടിലെത്തിയാൽ കാണാം മൂക്ക് കണ്ണട വെച്ച്  ഉമർ മൗലവി (റഹിമഹുല്ലാഹ് ) അറബി മലയാളത്തിൽ മൊഴി മാറ്റം നടത്തിയ ഖുർ-ആൻ പരിഭാഷയുടെ മുന്നിൽ ഉമ്മ ഗൌരവത്തോടെ ഇരുന്നിട്ടുണ്ടാകും, നിസ്കാരകുപ്പായത്തോടെ ..

ഇന്നലെ ഞാൻ  വീട്ടിന്നു ഇറങ്ങുന്നതിനു തൊട്ടു മുമ്പും സലീമിനു പറയാനുണ്ടായിരുന്നത് ഉമ്മയുടെ വായനയെ കുറിച്ചാണ്. എന്ത് കിട്ടിയാലും വായിക്കും.  ഞാൻ ചോദിച്ചു : ഇങ്ങനെ വായിക്കുന്തോറും മടുപ്പൊന്നും വരില്ലേ ?  വായനയിൽ നിന്ന് കണ്ണ് മാറ്റാതെ ഉമ്മയുടെ മറുപടി വന്നത്  നിഷേധാർത്ഥത്തിലുള്ള  തലയാട്ടലിൽ.

സലിം  എഴുതിയ പുസ്തകമൊക്കെ എത്രയോ തവണ വായിച്ചു പോലും ഉമ്മ. അവന്റെ പുസ്തക പ്രസാധനത്തിന് ആദ്യം കയ്നീട്ടം നൽകിയതും ഉമ്മ തന്നെ.  സാനിന്റെ കവിതാ  പുസ്തകം വരെ  അതിലെ ആശയമറിയാഞ്ഞിട്ടുപോലും ഉമ്മ ഒരു പാട് വട്ടം  വായിക്കുന്നത് ഞാനും കണ്ടിട്ടുണ്ട്.

*********************************************************************
എന്നെ പെറ്റത് മുതൽ എനിക്ക് ഉമ്മയെ ഓർമ്മ വേണം, (എല്ലാവർക്കും).  അതെന്റെ ഉപബോധമനസ്സിൽ എവിടെയെങ്കിലുമുണ്ടാകും. അവിടെ വരെ നമ്മുടെ ഓർമകളെ കൊണ്ട് വരാൻ ശ്രമിക്കുകയാണ്, നാമതിൽ പരാജയപ്പെടുമെങ്കിലും, ഓരോ ഉമ്മ ദിനവും !

ബൈത്തും സബീനയും താരാട്ട് പാട്ടുകളും ''കുഞ്ഞുറക്കി''ക്കഥകളും പ്രവാചക ക്വിസ്സകളും   തറവാട്ടു ചരിത്രങ്ങളും  നാട്ടു വർത്തമാനങ്ങളും......  ഉമ്മ ശരിക്കും ഒരു അറിവിന്റെ കേദാരം പോലെയാണ് എന്നെ പോലെ  ഓരോരുത്തർക്കും.

 മക്കൾക്കും  ഉപ്പയ്ക്കും ഇടയിലുള്ള മധ്യവർത്തി.  കൈകുറ്റങ്ങളും തെറ്റുകളും  ഉപ്പയ്ക്ക് മുന്നിൽ എത്തിക്കാതെ വഴിക്ക് വെച്ച് തന്നെ തല്ലിയും തലോടിയും ശാസിച്ചും തീർക്കുന്ന ന്യായാധിപ.  വരാൻ അല്പം വൈകിയാൽ വഴിക്കണ്ണിട്ടു കാത്തിരിക്കുന്ന സ്നേഹനിധി. ...ഒന്നും പറയാൻ ബാക്കിയുണ്ടാകില്ല ആർക്കും,  ഉമ്മമാരെ കുറിച്ച്. പറയുന്തോറും ഇനിയും പതിന്മടങ്ങ്‌  ബാക്കിയുണ്ടെന്ന് തോന്നും.

നിർണ്ണായക സന്ദർഭങ്ങളിൽ എനിക്ക് ധൈര്യം നൽകിയത് എന്റുമ്മയാണ്. അല്പം പതറുമെന്ന് തോന്നിയിടത്തോക്കെ ഉമ്മ പരിഹാരവുമായേ വന്നിട്ടുള്ളൂ. എന്തിനും ഉമ്മയ്ക്ക് ഒരു നിലപാടുണ്ട്. കടം ഭയപ്പെട്ട ഒരാൾ ഉമ്മയാകണം. എന്നെ അതിൽ നിന്നൊക്കെ രക്ഷപ്പെടുത്തിയതും ഉമ്മയുടെ അവസരോചിതമായ ഇടപെടലുകൾ തന്നെ. നമ്മുടെ കയ്യിൽ എന്താണോ  ഉള്ളത് അത്കൊണ്ട് തൃപ്തിപ്പെടുക.  തലയെടുപ്പോടെ നിൽക്കാൻ ഉമ്മയുടെ ഇടക്കിടക്കുള്ള ഓർമ്മപ്പെടുത്തലുകൾ എനിക്ക് കൂട്ടാകാറുണ്ട്.

ചെറിയ ഒരസുഖം വന്നാലും ഞാൻ ആദ്യം പറയുന്നത് ഉമ്മയോടാണ്. എന്റെ ഫയൽ മുഴുവൻ ഉമ്മാന്റെ കയ്യിലാണല്ലോ. അവർ എന്നോട് ഓരോന്ന് ചോദിക്കും , നാലീസം മുമ്പ് കഴിച്ചത് മുതൽ അങ്ങോട്ട്‌ എല്ലാം കുഞ്ഞു പറയുന്നത്പോലെ ഞാൻ പറയും.  വളരെ ലാഘവത്തോടെ ഉമ്മ അതിനു എന്തെങ്കിലും ''തക്കട്ട്'' മരുന്ന് പറയും.

 ഞാൻ എങ്ങിനെ ഏതീണത്തിൽ സലാം പറഞ്ഞോ  അതേ ഈണത്തിലായിരിക്കും ഉമ്മയുടെ പ്രത്യുത്തരം.  ഇന്നലെ തിരിച്ചെത്തിയിട്ട്‌  ഉമ്മയെ വിളിച്ചു പതിവിൽ  അൽപം നീട്ടി സലാം പറഞ്ഞപ്പോഴും ഉമ്മയുടെ സലാം മടക്കലിലും  അത്ര തന്നെ നീട്ടം !

''മമ്മദൂ'' ...''ചെക്കന്'' ... ഈ വിളി ഫോണിന്റെ അങ്ങേ തലയ്ക്കൽ കേൾക്കുമ്പോൾ തന്നെ ഒരു സുഖവും അനുഭൂതിയുമാണ്.  ആ വിളി കേൾക്കാൻ ഇനിയും ഒരു പാട് വർഷങ്ങൾ ഇടവരട്ടേ എന്ന് മാത്രമാണ് എന്റെ പ്രാർത്ഥന.

ഉമ്മ വഴിക്കണ്ണാണ്. ആ സ്നേഹനിധിയുടെ കാലടിയിലാണ് നമ്മുടെ സ്വർഗ്ഗകവാടം.  അവരുടെ കരുണയും  കടാക്ഷവും സ്നേഹവും സ്പർശവും എന്നുമെന്നും ഉണ്ടായിരുന്നെങ്കിൽ .....നമുക്ക് പ്രാർഥിക്കാം, ആഗ്രഹിക്കാം...

go to the below link

http://goo.gl/Sw16T9

http://www.kvartha.com/2016/05/mothers-day-my-mother.html