Wednesday 31 October 2018

ഓർമ്മകളിലെ ഒന്ന് നവംബർ ഒന്ന് / എ. എം. പി.

ഓർമ്മകളിലെ
ഒന്ന്
നവംബർ
ഒന്ന്

എ. എം. പി.

നവംബർ ഒന്ന് കേരളപ്പിറവിദിന മാത്രമാണെന്നായിരുന്നു എന്റെ വെറുതെയുള്ള ധാരണ. ദേ, കർണ്ണാടകപ്പിറവി ദിനം കൂടിയാണ് ഇന്ന്. രാജകീയമായ ആഘോഷങ്ങളാണ് ഇവിടെ ഇന്ന് എങ്ങും.  (പശ്ചിമ ബംഗാൾ, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, പഞ്ചാബ്, ചത്തീസ്ഗഢ്  - ഇവയുടെ സംസ്ഥാന പിറവി ദിനവും നവംബർ 1 തന്നെ )

പട്ലക്കാരെ സംബന്ധിച്ച് ഇക്കഴിഞ്ഞ വർഷം മുതൽ നവംബർ ഒന്ന് പൊലിമ പ്രചാരണ തുടക്ക ദിനം കൂടിയാണ്.  അന്നാണ് നമ്മുടെ ഓലക്കൂടിൽ, "പൂമുഖ"ത്ത്, ആരവങ്ങളോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. തൊട്ട് തലേ ദിവസം രാത്രി നടന്ന വിളംബരജാഥയിൽ ആവേശോജ്വലമായ പ്രതികരണങ്ങളാണ് പാതയോരത്തുള്ള ഓരോ വീട്ടുകാരിൽ നിന്നും ലഭിച്ചത്.  പക്ഷെ, ...

തൊട്ടടുത്ത ദിവസം രാവിലെ പത്ത് മണിക്കാണ് പ്രോഗ്രാം. സമയ് കാ പൂജാരി ശ്രീ സായിറാം ഭട്ട് കൃത്യം 9:50 ന് എത്തുമെന്ന് പറഞ്ഞിട്ടുണ്ട്. 10.00 മണിക്ക് പരിപാടി തുടങ്ങണമെന്നും. കവി പി.എസ്. ഹമീദാണ് ഉത്ഘാടകൻ. ആദ്യ കാല അധ്യാപകനായ കൊല്യ മുഹമ്മദ് കുഞ്ഞി മാഷ് എത്താമെന്നേറ്റിട്ടുമുണ്ട്.

ഒരു ടിമുണ്ട്. എണ്ണത്തിൽ ഒരു കൈവിരലോളം. ഒരു നിഴൽ ടീം. സാധ്യതകളുടെ ജയാപജയങ്ങൾ അവരിലാണ്. അവർ വട്ടം കൂടി.

പൊലിമ എന്നത് പുതിയ പരീക്ഷണമാണ്. തുടക്കം പിഴച്ചാൽ മൊത്തം പോയി. പിന്നെ മാർക്ക് ഷീറ്റിൽ 5 ന് താഴേ ആരും പോയന്റ് തരൂ. പബ്ലിസിറ്റിക്കും ഒരു പരിധിയുണ്ടല്ലോ.

ആഗ്രഹമുണ്ട് എല്ലാവർക്കും. ഒരു ഉത്സവം ഇവിടെ നടക്കണമെന്ന്. അതാകട്ടെ, നന്നായി വേണമെന്നുമുണ്ട്. പക്ഷെ, ആളുകൾ വന്ന് കൂടിയേ തീരൂ. അതന്നേദിവസം രാവേറെ കഴിയുവോളം നീളുകയും വേണം. ഒളി മങ്ങരുത്. ചമയമഴിയരുത്. നിറം കെടരുത്. സഭ്യമാകണം. ചെലവും അരയിഞ്ചപ്പുറം കടക്കുകയുമരുത്.

ആക്ഷൻ ഫോർസ് ടീമിൽ നിന്നും  ഒരാശയം. എല്ലാവർക്കും അതിഷ്ടായി. അതിന്റെ വർക്ക് ഔട്ടിലേക്കും വരുംവരായ്കയിലേക്കുമായി പിന്നെ ആലോചന. രാവിലെ ഗ്രാമാന്തരീക്ഷത്തിൽ 10 മണിക്ക് പൂമുഖത്തങ്ങിനെ ആളുകൾ നിർലോഭം എത്തിപ്പെടുക എന്നത് വെറും വായിൽ പറയാം. പക്ഷെ,  നടക്കണ്ടേ ?

അങ്ങിനെയാണ് പഞ്ചഗുസ്തി മുതലങ്ങോട്ടുള്ള നാടൻ കളികൾക്ക് ചാർട്ടുണ്ടാക്കുന്നത്. ഓൺലൈനിന്റെ സാധ്യത വെച്ച് ഒരു രാത്രി കൊണ്ടു പബ്ലിസിറ്റി ഉണർന്നു വർക്ക് ചെയ്തു. സംഗതി ക്ലിക്കി. പിന്നെ കണ്ടത് പൂമുഖം നിറയെ പൊലിമയെ വരവേൽക്കാൻ എത്തിയവരോടെത്തിയവർ.

മുമ്പിൽ കാണുന്നു. സമയം 9:50 സായിറാം ഭട്ട് ഒരു റിക്ഷയിൽ വന്നിറങ്ങുന്നു. 10.00 ന് പൂമുഖ വേദിയിലേക്ക്. കൊല്യമാഷ് നേരത്തെ തന്നെ ഉണ്ട്. സമയം വൈകിയോ എന്ന പരിഭവം പറഞ്ഞ് കവി പി.എസ്. ഹമീദും അവിടെ വണ്ടിയിറങ്ങി.

കുഞ്ഞു പൂമുഖത്ത് ഇപ്പോൾ നിറയെ പൊലിമസഹൃദയർ. കമുകിൽ തീർത്ത കട്ടിലുകൾ ചുറ്റും.  കമുക് വേലി വളഞ്ഞു കെട്ടിയിട്ടുണ്ട്. പൂമുഖത്തിനകത്തും കമുക് കട്ടിലുകൾ തന്നെ. മുതിർന്നവരും യുവാക്കളും കുഞ്ഞുകുട്ടികളും എല്ലാമുണ്ട് അവിടെ, പട്ല സ്കൂളിലെ അധ്യാപകരടക്കം ...

പി. എസ്. ഹമീദിന്റെ അർഥസമ്പുഷ്ടമായ ഭാഷണം. മഹാകവി പട്ട്ളത്ത് കുഞ്ഞി മാഹിൻ കുട്ടി വൈദ്യരെ കുറിച്ചുള്ള പരാമർശം. പട്ലയിലെ സാംസ്കാരിക പ്രവർത്തനങ്ങളിലേക്കൊരന്വേഷണം. പൊതു സാഹിത്യ വിചാരം, അൽപം കേരളപ്പിറവി ഓർമ്മകൾ ... കവി പറഞ്ഞു കൊണ്ടേയിരുന്നു.

കഴിഞ്ഞ നവംബർ ഒന്ന് അങ്ങിനെയാണ് പട്ലയെ വരവേറ്റത്. പട്ല നവംബർ ഒന്നിനെയും.  പൂമുഖം തീർക്കാൻ മനസ്സ് നോമ്പു നോറ്റ് , അത് പൂർണ്ണതയിൽ എത്തിയപ്പോൾ ഉണ്ടായ സന്തോഷം പൂമുഖ ശിൽപികളിലും പൊലിമ സംഘാടകരിലും ഒരു പോലെ കണ്ട ദിവസം. ആ പ്രയത്നങ്ങൾ,  സർഗ ചിന്തകൾ, സങ്കൽപ്പങ്ങൾ, ക്രിയാത്മക ആശയങ്ങൾ ... എല്ലാം എല്ലാം, മറവിയുടെ നേർത്തയലത്തു പോലും ഒരിക്കലും മാറിനിൽക്കില്ല.

സാംസ്കാരിക സദസ്സിൽ അഭിമുഖീകരിച്ചവരുടെ ഓരോ വാക്കുകളും നമ്മുടെ കർണ്ണപുടത്തിലുണ്ട്. അന്നതിനു ശേഷം രാവേറെ തീരും വരെ ആഘോഷിച്ച സന്തോഷങ്ങളും ആഹ്ലാദങ്ങളും പച്ച മാറാതെയുണ്ട്.

പൊലിമത്തുടക്കം ഗംഭീരമാക്കിയ നവംബർ ഒന്ന്. പൊലിമപ്പെരുക്കത്തിന്നാത്മവിശ്വാസമാവോളം നൽകിയ നവംബർ ഒന്ന്. ഒരു ഗ്രാമത്തെ ഇങ്ങനെയും ഒരു ചരടിലെ മുത്തുമണികളാക്കാമെന്നാദ്യം പറഞ്ഞ ദിനം. ഒരുമയുടെ ഉത്സവദിനങ്ങൾ ഉത്ഘാടിച്ച ദിവസം.  ഒരു ഗ്രാമത്തിന്റെ പിരിശപ്പെരുന്നാളിന് തിരി വെളിച്ചം നൽകിയ നാൾ. ഇന്നേക്ക് ആ നവംബർ ഒന്ന് കഴിഞ്ഞ്  ഒരു വർഷമായി.

ഓർമ്മകൾ ഓളങ്ങൾ തീർക്കട്ടെ !
നിർവൃതിയുടെ ഓർമ്മപ്പൂക്കൾ തീർക്കട്ടെ !

No comments:

Post a Comment