Saturday 13 October 2018

2020 ലെ പൊലിമ ചർച്ചകൾ ഇപ്പഴേ തുടങ്ങാമല്ലോ /അസ്ലം മാവിലെ

2020 ലെ പൊലിമ ചർച്ചകൾ
ഇപ്പഴേ തുടങ്ങാമല്ലോ

അസ്ലം മാവില

തികച്ചും സ്വതന്ത്രമായ എഴുത്താണ്. ഇടക്കിടക്ക് ഗുണപരമായ ചർച്ചകൾ ഉണ്ടാകണമെന്ന്  ആഗ്രഹിക്കുന്നു. ആ ഒരു ഉദ്ദേശത്തിൽ ഈ ലേഖനത്തെ സമീപിക്കുക. നിരന്തരവും സക്രിയവുമായ "ആശയ കലഹങ്ങൾ" ക്കൊടുവിൽ പൊതുമനസ്സ് സമവായത്തിലെത്തട്ടെ.

പട്ലയിലെ നാട്ടുത്സവത്തെ കുറിച്ച് സംസാരിച്ചു തുടങ്ങിയത് 2014 ന്റെ അവസാനമാണ്, നവംബർ, ഡിസംബർ മാസങ്ങളിൽ. മൂന്ന് വർഷം പൂർത്തിയായപ്പോൾ അന്നത്തെ ആലോചനയുടെ സകല പരിധിയും മറികടന്ന്  (അത്യാവശ്യം) നന്നായി ഹോം വർക്ക് ചെയ്ത പുതുമയുള്ള ഒരു നാട്ടുത്സവ സങ്കൽപ്പത്തിലേക്ക് പട്ലയുടെ മനസ്സ് മാറി.

പൊലിമ :
ഈ പേരല്ലാത്ത മറ്റൊരു പേര്  നമ്മുടെ ഫെസ്റ്റിവലിനോട് ഒന്ന് ചേർത്ത് വെച്ചേ ? എന്തോ ഒരു കല്ലുകടി അനുഭവപ്പെടും.  അത്രമാത്രം apt ആയിരുന്നു പൊലിമ. അത്രമാത്രം സാരസമ്പന്നവും അർഥ സമ്പുഷ്ടവും തികച്ചും അനുയോജ്യവുമായ ഒന്നായിരുന്നു പൊലിമപ്പേറും പേരും. ഏതൊരു സ്ഥൂല - സൂക്ഷമ - ദോഷൈദൃക്കിനു പോലും  പരാതിയുടെ ദുർബ്ബലവിടവിൽ നോക്കാനുള്ള പഴുത് നൽകാതെയാണ് പൊലിമ എന്ന നാമം പിന്നീട് പട്ലയുടെ ചരിത്രത്തിന്റെ ഭാഗമായത്.

പൊലിമപ്പേരുകൾ :
പൊലിമ തന്നെ  നാമവിശേഷണമാണല്ലോ. നമ്മുടെ നാട്ടുത്സവത്തിൽ  പൊലിമയുമായി ബന്ധപ്പെട്ടു എന്തെന്തു പേരുകളായിരുന്നു നിരന്തരം വാചാലമായത് ! ഒന്നും ഏച്ചുകെട്ടലായില്ല, മുഴച്ചുമില്ല.   പത്തായപ്പൊലിമ മുതൽ പാചകപ്പൊലിമ  വരെ ഡസൻക്കണക്കിന് പേരുകൾ പൊലിമയെ ബന്ധപ്പെടുത്തി നാടും നാട്ടാരും വിളിച്ചു പരിചയിച്ചു. പൊലിമയുമായി ബന്ധപ്പെട്ട തമാശയും നേരമ്പോക്കും കൂടുതൽ പബ്ലിസിറ്റി നൽകുകയും ചെയ്തു. ശരിക്കും പൊലിമ പൊതുമനസ്സിന്റെ ഓരോ  വാക്കിലും നോക്കിലും നാടിന്റെ വക്കിലും വരമ്പിലുമെല്ലാം  ചിരപരിചിതമായി.

ഇനി അടുത്തത് ?
നാമുക്കിപ്പോൾ അടുത്ത പൊലിമയ്ക്കുള്ള ചർച്ചയും സംസാരവും തുടങ്ങേണ്ടതുണ്ട്. എങ്ങിനെ ? ഏത് രൂപത്തിൽ ? ഏത് ഭാവത്തിൽ ? 2014-ൽ തുടങ്ങിയ നമ്മുടെ ചർച്ചയിലോ സംസാരത്തിലോ  കണ്ടതേയല്ലല്ലോ 2017 കൊല്ലാവസാനം  വിഭാവനം ചെയ്തതും നാമെല്ലാവരും സംഘടിപ്പിച്ചതും.

എന്തോ ഒരു രസതന്ത്രം ഇടതടവില്ലാതെ  വർകൗട്ടായി കൊണ്ടേയിരുന്നു. രാകി , രാകി അവ  പുതിയ സങ്കൽപ്പത്തിലേക്ക് എത്തിക്കാനുള്ള ശ്രമം തുടക്കം മുതൽ ഒടുക്കം വരെ  ഉണ്ടായികൊണ്ടേയിരുന്നു.

വിലയിരുത്തൽ :
നാട്ടുത്സവത്തിന്റെ ജയാപജയങ്ങൾ സംഘാടകർക്കുമറിയാം, നാട്ടുകാർക്കുമറിയാം. അത് അതത് വേദികളിൽ ചർച്ച ചെയ്യപ്പെടുകയാണ് വേണ്ടത്.  റൂട്ട് കോസറിഞ്ഞ് തിരുത്താവുന്ന ശ്രമങ്ങളാണുണ്ടാവുകയും വേണം. നാട്ടുത്സവത്തിലേക്ക് എത്തുന്ന പൊതു മനസ്സിന്റെ പരിഗണനയിൽ ഇതൊരു വലിയ വിഷയമേ ആയിരില്ല. പക്ഷെ, തൊട്ടടുത്ത പൊലിമയുടെ സംഘാടനത്തിന് പോരായ്മകളിന്മേലുള്ള ജാഗ്രത വലിയ ഉപകാരപ്പെടും. പക്ഷെ, അവിടെയും പുതിയ പോരായ്മകൾ മുഴച്ച് നിൽക്കും. മാനുഷികമായ ഇടപെടലുകളുള്ളിടത്തൊക്കെ കുറവുകൾ സ്വാഭാവികമാണല്ലോ.

മുൻമാതൃക ഇല്ല :
ഒരു മുൻ മാതൃക നമ്മുടെ മുമ്പിലില്ലായിരുന്നു, അത് കൊണ്ട് തന്നെ മിക്ക പ്രോഗ്രാമുകളും വർക്കൌട്ടാകുമോ എന്ന സന്ദേഹം സംഘാടകരിൽ പലരിലും നില നിൽക്കെത്തന്നെയായിരുന്നു സംഘടിപ്പിച്ചത് (പരീക്ഷിച്ചത് എന്ന് പറയുന്നതാകും കൂടുതൽ ശരി).

മുമ്പിൽ ഒരു ചെറിയ മാതൃക പോലുമില്ലാതെ  ഫെസ്റ്റിവൽ നടത്തുക എന്നത് വലിയ വെല്ലുവിളിയാണ്. വാർഷികാഘോഷം, ടുർണമെന്റ്, ഗാനമേള അങ്ങിനെയൊന്ന് സംഘടിപ്പിക്കുന്നത് പോലെ എളുപ്പവുമല്ലല്ലോ ഇത്. വലിയ കാലയളവിൽ, ഒരുപാട് സെഷനുകൾ, അവയുടെ വിശകലനത്തിന് ചാഞ്ഞും ചെരിഞ്ഞും ആലോചിക്കാൻ അവസരം നൽകിക്കൊണ്ട് രണ്ടരമാസം മുഴുവൻ engage ആയ സംരംഭമായിരുന്നു പൊലിമ. ഒരു  ടിപിക്കൽ നാട്ടിൻപുറത്ത് നിന്നോ ടൗൺഷിപ്പിൽ നിന്നോ പ്രതീക്ഷിക്കാവുന്ന പ്രതിബന്ധങ്ങൾ ഇവിടെയും സ്വാഭാവികമാണ്. അവിടെയൊക്കെ മിതത്വ നിലപാടും ദീർഘവീക്ഷണവും കാണിക്കാനും സംഘാടകർക്കായിട്ടുണ്ട്.

ഇനി ആ ഒരു വിഷയം വരുന്നേയില്ല. പൊതു മനസ്സിന്റെ ചിത്രം കിട്ടി. നാട്ടുത്സവത്തിന്റെ ഒരു മോൾഡും നമ്മുടെ മുമ്പിലുണ്ട്. ആ മൂശയിൽ നമുക്കിഷ്ടപ്പെട്ട രീതിൽൽ ഭാവമാറ്റങ്ങളോടെ രൂപപ്പെടുത്തിയെടുക്കാം. അതിനായി മർമ്മമറിഞ്ഞ് ബുദ്ധിയും വിവേകവും ഭാവനാസമ്പന്നതയും യഥാം വണ്ണം ഉപയോഗിക്കുന്ന ഒരു ക്രിയേറ്റീവ് വിംഗ് എന്നുമുണ്ടാകേണ്ടതുണ്ട്.

ആത്മവിശ്വാസം :
അത് മുഖ്യഘടകമാണ്. മുമ്പിൽ ആൽമരം പോലെ പ്രതിബന്ധങ്ങൾ ഒന്നാം പൊലിമക്കാർ കാണുന്നുണ്ട്.  അതൊരു തുടക്ക സംരംഭത്തിൽ ഉണ്ടാകാവുന്ന കൊച്ചു കൊച്ചു വിഷയങ്ങളായി മനപ്പൂർവ്വം ചെറുതായികാണാൻ സംഘാടകർ കാണിച്ച ബുദ്ധിപൂർവ്വമായ നിലപാടും സൗമനസ്യവുമാണ് പൊലിമയുടെ ആത്മവിശ്വാസം.  സമാപന ചടങ്ങിലേക്ക് ഓരോ ദിവസവും അടുക്കുന്തോറും, പ്രതിസന്ധികളുണ്ടായിട്ടു പോലും നെഞ്ചിടിപ്പ് തുലോം  കുറഞ്ഞു കുറഞ്ഞു വന്നതുമത് കൊണ്ട് തന്നെ. ഇനിയുള്ള പൊലിമക്കാർക്ക്  അതത് കാലത്ത് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളെ face ചെയ്യാൻ പാകത്തിലുള്ള managing skill ഉണ്ടാവുക എന്നതാണ് അപ്പോഴുള്ള ആത്മവിശ്വാസം.

പ്രാദേശികത്വം :
ഇതൊരു നാട്ടുത്സവത്തിൽ പ്രതീക്ഷിച്ചതാണ്. പ്രാദേശികത്വമെന്ന പിന്തിരിപ്പൻ വാക്കിനെ വൈവിധ്യങ്ങളിലെ  പ്രാദേശിക പ്രാതിനിധ്യമെന്ന പോസിറ്റീവ് കൺസെപ്റ്റിലേക്ക് സംഘാടകർ വഴിതിരിച്ചു വിടാൻ ഒരുപാട് ഇരുത്തങ്ങൾ നടത്തിയിട്ടുണ്ട്.  നെഗറ്റിവ് ചിന്താമണ്ഡലങ്ങളെ പാസ്സീവ് ( ശുശുപ്തി ) അവസ്ഥയിലേക്ക് ഫ്രീസ് ചെയ്യാൻ നല്ല പ്രയത്നം നടത്തുകയും അവയ്ക്ക് യഥാവിധം റിസൾട്ട് ലഭിക്കുകയും ചെയ്തത് പൊലിമയുടെ മൊഞ്ചും ചേലുമൊരുപോലെ വർദ്ധിപ്പിച്ചു. വൈവിധ്യങ്ങളുടെ ഒന്നായ്കയാണ് പൊലിമയിൽ ശരിക്കും കണ്ടത്. ഈ നില വരും കാലങ്ങളിൽ കുറച്ച് വർഷങ്ങളിലെങ്കിലും തുടരാൻ സാധ്യതയുണ്ട്. അനാവശ്യ ഉത്കണ്ഠകളിൽ നിന്നും ചില കല്പിത രംഗമൊരുക്കങ്ങളിൽ നിന്നൊക്കെയാണ് പൊതുവെ ഇത്തരം പരിസ്ഥിതികളുണ്ടാകുന്നത്. ഒറ്റപ്പെടാതിരിക്കാനാണല്ലോ കൂട്ടായ്മകളുണ്ടാകുന്നത്. ആ ഒരു പോസിറ്റിവ് കാഴ്ചപ്പാടിൽ അവയെയും കണ്ടാൽ മതി. (തീവ്ര പ്രാദേശികത്വങ്ങൾ ഇവയിൽ നിന്നുമൊഴിവാണ് താനും).

അലിയുക ;
അലിഞ്ഞലിഞ്ഞൊന്നാവുക എന്നതാണ് ഏത് സംരംഭത്തിന്റെയും വിജയത്തിന് നിദാനം. തലമുറകളുടെ വിടവ് മാത്രമല്ല, അപരിചിതത്വവും അബദ്ധധാരണകളും ശൂന്യത്തോളമെത്താനുമെത്തിക്കാനും അലിയിപ്പിക്കുക എന്ന മാന്ത്രിക പ്രയത്നം വളരെ അനിവാര്യമായിരുന്നു. ഒക്ടോബർ പകുതിയിൽ തന്നെ പൊലിമാമുഖത്തിന്റെ ഭാഗമായി പ്രോഗ്രാമുകൾ സ്കൂൾ കേന്ദ്രീകരിച്ചു തുടങ്ങി. അത് മെല്ലെ മെല്ലെ പൂമുഖത്തോളമെത്തി, പൊലിമത്തിരക്കിലും പൊലിമപ്പാച്ചിലിലും പൊലിമപ്പെരുക്കത്തിലുമതെത്തി.  അലിയാൻ ഒന്നുമില്ല ബാക്കി എന്ന നിലയിലേക്ക് ചെന്ന് ചേരാൻ  ചില പ്രോഗ്രാമുകൾ എണ്ണത്തിലുമധികം ചെയേണ്ടി വന്നു.

മുമ്പിൽ ഇപ്പോൾ പൊലിമയുടെ രൂപമുണ്ട്. അവയിൽ നിന്ന് കൊള്ളനും തള്ളാനും സാഹചര്യങ്ങൾക്കനുസരിച്ച് രൂപ മാറ്റങ്ങൾ വരുത്താനും അവസരമാവോളം നൽകിയാണ് 2020 പൊലിമ നമുക്ക് വേണ്ടി 30 + മാസങ്ങൾ കാത്തിരിക്കുന്നത്. രണ്ട് മഴക്കാലവും അത്ര തന്നെ വേനലും വരുന്നതോടെ 2020ൽ എത്താൻ വലിയ വഴിദൂരമില്ല.

പക്ഷെ, നമ്മുടെ കൺസെപ്റ്റുകൾക്ക് മാറ്റങ്ങൾ തീർച്ചയായും ഉണ്ടാകണം, അവ  പ്രതീക്ഷിക്കുന്ന സമുഹം ഉണ്ടായികൊണ്ടേയിരിക്കും. പഴയ തലകളിലെ ചിന്തയ്ക്കു പകരം പുതിയ തലമുറ തല പുകക്കണം. പക്വത നല്ല കുപ്പായമിട്ട്,  യൗവ്വനത്തിന് ചേലും ചന്തവും നൽകണം, ഒപ്പം ഏറ്റവും അനുയോജ്യ കവചമാകുകയും വേണം.

വിഭവങ്ങൾ :
എന്തൊരുക്കണമെന്നത് നമുക്ക് ഇപ്പോൾ ആലോചിക്കാം. 2018ലെ  ആശയങ്ങൾക്ക്  വേണ്ടി മൂന്ന് വർഷത്തിന് ശേഷം വാശി പിടിക്കുകയുമരുത്.

ഇന്നത്തെ ഒരുപാട് അവിവാഹിതർ കൂടുംബവും കൂട്ടുത്തരവാദിത്വവുമായി പക്വതയുടെ നിലാവെളിച്ചത്തന്നുണ്ടാകും. പുതിയ കുട്ടികൾ anxiety യോടെയുമുണ്ടാകും. അവർ എണ്ണത്തിലധികവുമായിരിക്കും. അവരെയും  അരികിൽ ചേർത്ത് നിൽക്കാൻ അന്നത്തെ സംഘാടകർക്കാകണം. മിതത്വവും മിതവ്യയവും ഒന്നിച്ചു ഒരേ താളത്തിൽ മുന്നോട്ട് പോകുന്ന അന്തരീക്ഷവുമുണ്ടാകണം.

അടുത്തത് എങ്ങിനെ ?
ഒരു പക്ഷെ, ഈ ചോദ്യം നിരന്തരം നമ്മെ ശല്യം ചെയ്ത് കൊണ്ടിരിക്കും. ആ അസ്വസ്ഥത തന്നെയാണ് 2020 വരെ പൊലിമയെ സജിവമാക്കുക. അതിന് മുന്നോടിയായി നിരന്തരമായി സാമുഹിക - സാംസ്ക്കാരിക - വിദ്യാഭ്യാസ മണ്ഡലങ്ങളിൽ നമ്മുടെ വിരലനക്കങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കണം. അത്തരം സ്ക്രിയ മനസ്സുകളിൽ  ശുഭപ്രതീക്ഷകൾ നൽകി പുതുമയുള്ള ആശയങ്ങൾ വന്ന് കൊണ്ടേയിരിക്കും. പഴയതിൽ നിന്നും പതിന്മടങ്ങ് പൊലിമയോടെ അടുത്ത നാട്ടുത്സവം നടത്തുവാൻ അത് വഴി എല്ലാവർക്കുമാകും.

ഒന്നാം പൊലിമ വിഭവങ്ങൾ തന്നെ എല്ലാ പൊലിമയ്ക്കും വിളമ്പുമെന്ന് വാശിപിടിക്കലല്ല പുതിയ കാലത്തിന്റെ നാട്ടുത്സവത്തിൽ നിന്ന് അന്നത്തെ പ്രേക്ഷകരും പൊതു മനസ്സും ആഗ്രഹിക്കുന്നത്, മറിച്ച് പുതുമയുടെ പുതിയ വാതിൽപ്പടിക്കൽ കത്തിച്ചുവെക്കുന്ന മെഴുക് വെട്ടങ്ങളാണ് അവരാഗ്രഹിക്കുക, ആശിക്കുക, ഇച്ഛിക്കുക.

പൊലിമചർച്ചകൾ മനസ്സിലെങ്കിലും വേലിയേറ്റമിറക്കങ്ങൾ ഉണ്ടാക്കട്ടെ, 2020 വളരെ അകലെയൊന്നുമല്ല, എന്നാൽ അത്ര അടുത്തുമല്ല. എല്ലാ കൂട്ടായ്മകളിലും ഈ കുറിപ്പ് നല്ല വായനാനുഭവങ്ങൾ നൽകട്ടെ.

No comments:

Post a Comment