Saturday 13 October 2018

ജാഗ്രത ആവശ്യം പ്രത്യേകിച്ച് പ്രവാസികൾക്ക് / അസ്ലം മാവില

ജാഗ്രത ആവശ്യം
പ്രത്യേകിച്ച് പ്രവാസികൾക്ക്

അസ്ലം മാവില

നാട്ടിൽ നാർകോട്ടിക് സെല്ലുണ്ട്, അതിന്റെ പ്രവർത്തനങ്ങൾ ജാഗ്രതയോട് നടക്കുന്നു. ഇവയൊക്കെ കണ്ണുവെട്ടിച്ച്, കഞ്ചാവ് അടക്കമുള്ള മയക്കു മരുന്നുകൾ കുഗ്രാമ-പട്ടണബന്ധങ്ങൾക്ക് പുതിയ രസതന്ത്രമുണ്ടാക്കി ഒരു ഭാഗത്ത് തകൃതിയായി നടക്കുന്നുമുണ്ട്.

എത്രയോ കേസുകൾ പിടിക്കപ്പെടുന്നു, പിടിക്കപ്പെട്ടവരിൽ തന്നെ ചിലർ തൊണ്ടിസാധനങ്ങളുടെ തൂക്ക സാങ്കേതികതയിൽ ശിക്ഷാഇളവുകളുടെ ആനുകൂല്യം പറ്റി  പുറത്ത് വരികയും ചെയ്യുന്നു.

കാസർകോട് ജില്ലയിൽ നടന്ന രണ്ട് പ്രമാദമായ കൊലപാതകങ്ങൾ മുമ്പിലുണ്ട്. മറ്റു ചില നിറം മുക്കിയുള്ള വധങ്ങളും വധശ്രമങ്ങളുമുണ്ട്, അവയിലൊക്കെ പിടിക്കപ്പെട്ട പ്രതികൾ മയക്കുമരുന്നു യൂസേഴ്സാണെന്ന് പത്രങ്ങൾ പറയുന്നു. Note it.

മറ്റൊരു പ്രധാന വിഷയം ചൂണ്ടിക്കാണിക്കാനാണ് ഈ ആമുഖം. ഇപ്പോൾ മലയാളികൾ കടലു കടന്നും ഗൾഫ് നാടുകളിൽ പ്രതികളായി പിടിക്കപ്പെടുന്നത് ഇത്തരം മയക്കു മരുന്നു കേസുകളിലാണ്. ഗൾഫ് നാടുകളിലെ ജയിലുകളിൽ ഇന്നവർ ആ കുറ്റകൃത്യത്തിന് ശിക്ഷയും കാത്തിരിക്കുകയാണ്. ഒമാൻ, ഖത്തർ ജയിലുകളിൽ, ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയിരുന്ന നമുക്ക് സുപരിചിതങ്ങളായ ഗ്രാമങ്ങളിൽ നിന്നുള്ളവരുടെ റെപ്രെസന്റേഷൻ (പ്രാതിനിധ്യം ) വരെ പ്രതിപട്ടികയിൽ ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. എളുപ്പത്തിൽ പണം കൊയ്യാനുള്ള ശ്രമമാകാം നെറികെട്ട ഈ കച്ചവടത്തിന് പിന്നിലുള്ളത്. (മുമ്പൊക്കെ ചിലർ ചിലരെ കുടുക്കാറാണുണ്ടായിരുന്നത്, ഇപ്പോൾ നേരിട്ടാണ്  ഇടപാടുകൾ) 

പ്രവാസികളായ കുടംബങ്ങളാണ് കേരളത്തിലെ ഓരോ പ്രദേശത്തും അധികമുള്ളത്. പ്രവാസികളായ മക്കളുടെ, രക്ഷിതാക്കളുടെ കാരുണ്യത്താലാണ് ആ കുടുബങ്ങൾ കഴിയുന്നത്.

പുറം നാടുകളിലുള്ളവരെ സംബന്ധിച്ചിടത്തോളം ബന്ധുക്കൾ എന്ന് പറയുന്നത് കൂടെ താമസിക്കുന്നവർ, അല്ലെങ്കിൽ ഒന്നിച്ച് പണിയുള്ളവർ, അതല്ലെങ്കിൽ തങ്ങൾ പ്രവർത്തിക്കുന്ന പ്രവാസി കൂട്ടായ്മാ പ്രതിനിധികൾ. വേറെ ആരുമില്ല.

അത് കൊണ്ട് പുറം രാജ്യങ്ങളിൽ അവരവർ ജാഗ്രത പാലിക്കുക മാത്രമേ രക്ഷയുള്ളൂ. മറ്റുള്ളതിനൊക്കെ പരിധിയുണ്ട്.  ബാച്ചിലർസ് റൂമുകാരാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്.

ബാക്ക്ഗ്രൌണ്ട് മോശമെന്ന് തോന്നുന്നവരെ റിസ്ക്കെടുത്ത് സഹമുറിയനാക്കരുത്, കാരണമില്ലാതെ നേരം വൈകി എത്തുന്നവർക്ക് മുന്നറിയിപ്പ് നൽകുക.  അടുത്ത വാതിൽ മുട്ട് ഒരു സി. ഐ.ഡി.യുടേതാകാം. "യാല്ലാ.... ഹറക്ക് " എന്നൊക്കെ പറഞ്ഞ് അവർ ഒച്ചവെച്ച് സെർച്ച് തുടങ്ങുമ്പോൾ, നിങ്ങൾ പാവങ്ങൾ, മിസ്കീൻസ്, അപ്പോഴായിരിക്കും അറിയുന്നത്, തോന്നുമ്പോൾ കേറിവന്നിരുന്ന കൂടെക്കിടന്ന പഹയൻ കഞ്ചാവിയെന്ന്. ആ മാണിക്യക്കല്ലിനെയാണ് നിങ്ങൾ പാതിരാക്ക് വാതിൽ തുറന്ന് കൊടുത്തിരുന്നതെന്ന്.

നിയമപാലകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ നിങ്ങളുടെ ബബ്ബബ്ബയോ  മുറിയൻ ഭാഷയോ ഒന്നും ഉപകാരപ്പെടില്ല. അതിന്റെ പിന്നാലെ പോയി നിയമപാലകരെ നിങ്ങളുടെ നിരപരാധിത്വം ബോധ്യപ്പെടുത്താൻ വല്ലാതെ വിയർക്കേണ്ടി വരും.

അന്തരീക്ഷം മൊത്തം മോശമാണ് - സൂക്ഷിച്ചാൽ നന്ന്. കഴിഞ്ഞ മീനത്തിന് വിസിറ്റിംഗ് വന്ന് കർക്കിടമാകുമ്പോഴേക്കും പുരയിടം വാങ്ങിയവന്റെ വീരകഥകൾ പറഞ്ഞ്, എനിക്കിതൊന്നുമാകുന്നില്ലല്ലോ കടവുളേ എന്ന് പരിതപിച്ച് സമയം കളയരുത് ഒരു പ്രവാസിയും. അങ്ങിനെ ഉണ്ടാക്കിയവനാണ് തൊട്ടടുത്ത മേടത്തിൽ ഇമ്മാതിരി കേസിൽ ഗൾഫ് ജയിലുകളിൽ അഴിയെണ്ണുന്നത്. 

കൂട്ട്കെട്ട് നന്നാകട്ടെ, കൂട്ടിനുള്ള സഹമുറിയന്റെ കൂട്ടുകെട്ടും നന്നാകട്ടെ, കെട്ടിക്കാൻ പ്രായമായ മകളോ പെങ്ങളോ ഒരു കൊല്ലം വൈകി കല്യാണം കഴിഞ്ഞാലും സാരമില്ല. മയക്കുമരുന്നേജന്റിന്റെ വരുമാനം നോക്കി ആരും ആധിയും വ്യാധിയുമുണ്ടാകേണ്ട ആവശ്യമില്ല.

സ്ഥലം ഗൾഫാണ്, ഇമ്മാതിരി കേസിലൊക്കെ പെട്ടാൽ, തലയൂരാൻ ഇച്ചിരി പുളിക്കും. സൂക്ഷിച്ചാൽ, ആർക്കും നന്ന്.

No comments:

Post a Comment