Monday 8 October 2018

എന്റെ പ്രിയപ്പെട്ട സഹപാഠിയുടെ വിയോഗം / എച്ച്. കെ. അബ്ദുൽ റഹിമാൻ

എന്റെ പ്രിയപ്പെട്ട
സഹപാഠിയുടെ വിയോഗം

എച്ച്. കെ. അബ്ദുൽ റഹിമാൻ

പട്ല ഗവ. യു പി സ്കൂളിൽ 6,  7 ക്ലാസ്സുകളിൽ ഒന്നിച്ച് പഠിച്ച ചുരുക്കം ചില സഹപാഠികളിൽ ഒരാളാണ് ഇയ്യിടെ മരണപ്പെട്ട മമ്മിൻച്ചാന്റെ അദ്രാഞ്ഞി. അന്ന് അദ്രാഞ്ഞിന്റെ കുടുംബം താമസിച്ചിരുന്നത് ബുഡ് മഹല്ലിലായിരുന്നു.

ക്ലാസ്സിലും പുറത്തും വാക്ക് കൊണ്ടും കുസൃതി പ്രയോഗങ്ങൾ കൊണ്ടും ഞാനവനെ ഒരു പാട് ശല്യപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഞങ്ങൾ അതൊക്കെ എല്ലാം മറന്ന് ഒന്നിക്കുകയും സൗഹൃദം പുർവാധികം ശക്തിയോടെ നിലനിർത്തുകയും ചെയ്തു.

ഞാൻ ആറാം തരത്തിൽ അവനുള്ള ക്ലാസ്സിലെത്തി. ഏഴ് കഴിഞ്ഞതോടെ അദ്രാഞ്ഞി പഠിത്തം നിർത്തുകയും ചെയ്തു.

കുടുംബം പുലർത്താൻ ചെറുപ്പത്തിൽ തന്നെ അവൻ നാട് വിട്ടു. മുംബൈ, യു.എ.ഇ., സഊദി തുടങ്ങിയ സ്ഥലങ്ങളിൽ ജോലിയാവശ്യാർഥം  പ്രവാസ ജീവിതം നയിച്ചു.

കൊല്യ മുക്രിച്ചാന്റെ മകൾ സാറയെയാണ് വിവാഹം കഴിച്ചത്. അവർക്കുണ്ടായ ആദ്യത്തെ കുഞ്ഞ് ശൈശവത്തിൽ തന്നെ മരിച്ചു. പിന്നെ രണ്ടു മക്കളുണ്ടായി. കൂടാതെ ഒരു മോൻ ദത്തുപുത്രനുമാണ്.

പ്രവാസ ജിവിതം നിർത്തി ചെർക്കളയിലെ ഒരു ബേക്കറിയിൽ ജോലി നോക്കിയെങ്കിലും ജീവിതച്ചിലവ് കൂടിയപ്പോൾ ഇയ്യിടെ വീണ്ടും ഗൾഫിലേക്ക് തിരിച്ചു. അവിടെ സ്വപ്നങ്ങൾക്ക് വീണ്ടും ചിറക് വെക്കാൻ തുടങ്ങിയപ്പോഴാണ് അദ്രാഞ്ഞി അല്ലാഹുവിന്റെ വിളിക്കുത്തരം നൽകുന്നത് - ഇന്നാലില്ലാഹ്!

ലളിതമായ ജീവിതം. ആരെക്കണ്ടാലും ചിരിക്കുന്ന മുഖം. ഉള്ളതിൽ തൃപ്തിപ്പെടുന്ന മനോഭാവം.

പൊലിമ പ്രചരണാർഥം ഞാൻ  അലൈനിൽ എത്തിയപ്പോൾ ഒന്നിച്ച് കളിച്ച് പഠിച്ച് വളർന്ന ഓർമ്മകൾ മുൻനിർത്തി അബ്ദുറഹിമാനെയും കാണാൻ പോയി. ജോലിത്തിരക്കിനിടയിൽ പോലും സമയം കണ്ടെത്തി ഞങ്ങളെ അവൻ കാണാൻ വന്നു. പൊലിമയുടെ ക്ഷണവും സ്വീകരിച്ചു.

പടച്ചവന്റെ വിധി തടുക്കാൻ പറ്റില്ലല്ലോ. അദ്രാഞ്ഞി ഇന്ന് നമോടൊപ്പമില്ല. അവന്റെ പാപങ്ങൾ പൊറുക്കാൻ പ്രാർഥിക്കാം. അവന്റെയും മരണപ്പെട്ടു പോയ നമ്മുടെ പ്രിയപ്പെട്ടവരുടെയും പരലോകം വിജയിപ്പിച്ചു തരട്ടെ, ആമീൻ

No comments:

Post a Comment