Monday 8 October 2018

പൊലിമപ്പിറ്റേന്ന് (ലേഖന പരമ്പര 1, 2, 3, 4 ) / അസ്ലം മാവിലെ


പൊലിമപ്പിറ്റേന്ന്
(ലേഖന പരമ്പര - ഭാഗം 1 )

അസ്‌ലം മാവില

ഇരുപത് വർഷത്തിലധികമായിരിക്കണം ഒ.എസ്.എ യുടെ ഏറ്റവും അവസാന വാർഷിക പ്രോഗ്രാം പട്ലയിൽ നടന്നത്. അതൊരു വളരെ ലളിതമായ ചടങ്ങ് മാത്രം. ജസ്റ്റിസ് ബസന്ത് ആയിരുന്നു മുഖ്യാതിഥി. കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് രാഘവൻ മാഷ് മുഖ്യ പ്രഭാഷണവും. വീഥി എന്നോ മറ്റോ പേരുള്ള ഒരു സാഹിത്യ പ്രസിദ്ധീകരണ പ്രകാശനവും നടന്നു. ഒരുപാട് പരിമിതികളുള്ള ഷെഡ്യൂൾ. അതിന് തൊട്ട് മുമ്പ് 1983 മുതൽ നാലഞ്ച് വർഷം നടന്ന ഒ എസ് എ ഡേകളെ തട്ടിച്ച് നോക്കുമ്പോൾ, അതൊരു കളർഫുള്ളായ സ്റേറജ് പരിപാടി അല്ലായിരുന്നു. അതിന് ശേഷം എല്ലാവരും ഉൾപ്പെട്ട ഒരു പ്രോഗ്രാം പിന്നീട് ഉണ്ടായില്ല.

ചില ഒറ്റപ്പെട്ട പരിപാടികൾ നടന്നിട്ടുണ്ട്. സ്കൂൾ കെട്ടിട ഉത്ഘാടനങ്ങൾ, മെഡിക്കൽ ക്യാമ്പ് അങ്ങിനെ ചില പൊതുപരിപാടികൾ മാറ്റി നിർത്തിയാൽ ഉത്സവ പ്രതീതി ഉണ്ടാക്കിയ ചടങ്ങുകൾ നാളിതേവരെ നമുക്ക് സംഘടിപ്പിക്കുവാൻ സാധിച്ചിരുന്നില്ല.

ആ ഒരു  പശ്ചാത്തലത്തിലാണ് കഴിഞ്ഞ മൂന്ന് വർഷമായി നടക്കുന്ന നിരന്തര ചർച്ചകളുടെ ഫലമായി നാട്ടുത്സവമെന്ന ആശയം മുന്നോട്ട് വരുന്നത്. സി.പി.യുടെ വാർഷികമെന്നായിരുന്നു തുടക്കത്തിൽ വന്ന നിർദ്ദേശം. അതിന്റെ പരിമിതികളൊരുപാടുണ്ടെന്ന തിരിച്ചറിവ് ഒരു ഗ്രാമത്തിന്റെ മൊത്തം പ്രതിനിധ്യമുൾക്കൊള്ളുന്ന ഫെസ്റ്റിവെലിലേക്ക് ആലോചനകൾ കടന്നു.

ശരിക്കുമിത് കഴിഞ്ഞ വർഷം നടക്കേണ്ടതായിരുന്നു. അത് സംബന്ധിച്ച ഇരുത്തം ഒന്നു രണ്ട് വട്ടം നടന്നു. ഏറ്റെടുക്കുന്നവർക്കാദ്യം വേണ്ടത് ആത്മവിശ്വാസവും ജയപരാജയ സാധ്യതകളെ കുറിച്ചുള്ള സത്യസന്ധമായ ധാരണയും തരണം ചെയ്യാനുള്ള പ്ലാനും നല്ലൊരു ടീമും ടീം വർക്കുമാണല്ലോ. ആവേശത്തിനപ്പുറത്ത് ആലോചനയിലധിഷ്ഠിതമായ ഒരു വിംഗ് ഉണ്ടായാലേ നമ്മെക്കാളേറെ മറ്റു നാട്ടുകാർ സാകൂതം ശ്രദ്ധിക്കുന്ന പട്ല പോലുള്ള ഒരു ഭൂമികയിൽ ഇങ്ങനെയൊരു മഹത് സംരംഭം വിജയിക്കുകയുള്ളൂ.

തുറന്ന് പറയട്ടെ, അത്തരമൊരു ഭൂമിക തീർക്കാൻ കണക്ടിംഗ് പട്ലക്കായി. സേവനം കൊണ്ടും അതിലെ സേവന പ്രവർത്തനങ്ങളിലെ മുൻഗണന നിശ്ചയിക്കുന്നതിലെ സുതാര്യത കൊണ്ടും സി.പി. ജനഹൃദയങ്ങൾ കീഴടക്കി. മറ്റൊരു ഭാഗത്ത് ബൗദ്ധിക നിലവാരമളക്കുന്ന കാര്യത്തിലും അതിന്റെ പോസിറ്റിവായ ഗ്രാഫ് പടിപടിയായി ഉയർത്തുന്ന വിഷയത്തിലും  സാംസ്ക്കാരിക ബഹുസ്വരത പ്രേക്ഷക മനസ്സുകളിൽ സന്നിവേശിപ്പിക്കുന്ന വിഷയത്തിലും RT എന്ന വാട്സ് ആപ് കൂട്ടായ്മയ്ക്കും ചെറുതല്ലാത്ത റോളുമുണ്ട്.

(തുടരും) 

*പൊലിമപ്പിറ്റേന്ന്*
(ലേഖന പരമ്പര -
ഭാഗം 2 )
_________________

അസ്‌ലം മാവില
__________________

സ്വാഭാവികമായും 20 + വർഷങ്ങൾ ഇത്തരമൊരു സംഘാടനത്തിന് വലിയ വിടവാണ്. അവയുടെ പെർഫക്ഷൻ എന്തായാലും ഉണ്ടാകില്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു. പിന്നെയുള്ളത് മാക്സിമം പഴുതുകൾ അടക്കാൻ ശ്രമിക്കുക എന്നേയുള്ളൂ. എത്ര പറ്റുമോ അത്ര.

മഞ്ഞുരുക്കുകയും മഞ്ഞോളം കുളിര് പകരുന്ന അന്തരീക്ഷമുണ്ടാക്കുകയും ചെയ്യുക എന്നതായിരുന്നു പൊലിമത്തുടക്കത്തിൽ ഞങ്ങളെടുത്ത സുപ്രധാന നീക്കം. അത് ഉദ്ദേശിച്ച രൂപത്തിൽ തന്നെ മുന്നോട്ട് പോയി.

വെല്ലുവിളികൾ എന്നൊന്നില്ലായിരുന്നു. തലമുറകളുടെ വിടവ് (generation gap) എന്നത് മാത്രമായിരുന്നു, അത് മാത്രമായിരുന്നു വെല്ലുവിളി എന്ന കോളത്തിൽ (വേണമെങ്കിൽ ) ഉൾപ്പെടുത്താവുന്ന ഒന്ന്. പല സന്ദർഭങ്ങളിലും 'തവി' (തലമുറ വിടവ്) കീറാൻമുട്ടി പോലെ നിന്നെങ്കിലും ഭാഗികമായി അത് over come ചെയ്യുന്ന കാര്യത്തിൽ സംഘാടകർ വിജയിച്ചു. വ്യക്തിപരമായി പറഞ്ഞാൽ  ആ 'ഭാഗികത" തന്നെ വളരെ  ധാരാളമായിരുന്നു.

അലിയുക എന്നൊന്നുണ്ട്. ആ പ്രക്രിയ നടന്നാലേ നാമുദ്ദേശിച്ച മോൾഡിൽ ഏത് ലക്ഷ്യസാക്ഷാത്കാരവും രൂപപ്പെടുത്താനാകൂ. വിദ്യാർഥികളും യുവാക്കളും മുതിർന്നവരും ഒന്നാകണം. അവർക്കിടയിലെ അവ്യക്തത മാറണം. ഒരു ലക്ഷ്യത്തിന്റെ വാഹകരാകണം.   അങ്ങിനെയൊരു ice break ഉണ്ടാക്കാനുള്ള വിദൂര സാധ്യതയെ കുറിച്ച് വലിയ പ്രതിക്ഷയില്ലാതെ ആലോചിക്കുമ്പോഴാണ് പൊലിമക്കൊരാസ്ഥാനം എന്ന  ആശയം മുന്നിൽ വരുന്നത്.  ഫൈസൽ, അദ്ദി നേതൃത്വം അതിന്റെ ചുക്കാൻ പിടിക്കാൻ മുന്നോട്ട് വന്നു. പൊലിമ പൂമുഖത്തെ കുറിച്ചു അവരുടെ മനസ്സിൽ രൂപപ്പെട്ട ആശയം പൊലിമ നേതൃത്വത്തിനു എന്തുകൊണ്ടും യോജിച്ചതുമായിരുന്നു. പട്ലയുടെ ഹൃദയഭാഗത്ത് അങ്ങിനെയൊന്നുണ്ടാകണമെന്നതും എല്ലാവരുടെയും ആഗ്രഹമായി. പി.പി. ഹാരിസ്, എം.എ. മജിദിനെ പോലുള്ളവർ അതിന്റെ മുന്നിൽ നിന്നു.  ഒരാഴ്ചയിലധികം നീണ്ട് നിന്ന ആ പ്രയത്നം ട്രഡീഷണൽ ലുക്കോട് കൂടി  പൊലിമയ്ക്ക് പൂമുഖഭാവത്തോടെ ഓഫീസായി മാറാൻ കാരണമായി. അത് പിന്നീട് പൂമുഖമെന്ന പേരിൽ പട്ലക്കാറെ നാക്കുകളിൽ തത്തിക്കളിച്ചു. (രസകരമെന്ന് പറയട്ടെ, നമ്മുടെ ബഹുമാന്യ  മന്ത്രിയുടെ പ്രസംഗത്തിൽ പോലും  നാക്ക് പിഴയിൽ പൊലിമ മാറി പൂമുഖമെന്നാണ് വന്നത്).

ഒരു കൂട്ടം യുവാക്കളെ പൂമുഖം വഴി ലഭിച്ചതോടെ ice break- നുള്ള പ്രതീക്ഷകൾക്ക് ചിറക് വെച്ചു. പൂമുഖ ഉത്ഘാടനത്തോടെ നടന്ന സെഷനുകളും അന്ന്  നടന്ന ഇശൽ രാവും തികച്ചും അത്ഭുതപ്പെടുത്തുമാറ് യുവാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ബഷിർ , ഷരീശ് കുവൈറ്റ്, അഷ്താഫ് എന്നിവർക്ക് നൽകിയ ഉത്തരവാദിത്വമാണ്  അന്നത്തെ ഇശൽരാവിന് വഴിയൊരുങ്ങിയതും, പിന്നീടത് "ഇശൽ പൊലിമ " എന്ന പേര് ചാർത്തി വിളിക്കപ്പെട്ടതും.

പട്ലയുടെ മുക്ക് മൂലകളിൽ പൊലിമ സന്ദേശമെത്തിക്കാൻ ആലോചനകൾ മുറുകിന്നതിനിടയിലാണ് പുമുഖത്തെ ഇശൽ പൊലിമയുടെ അപ്രതീക്ഷിത വിജയം. അഷ്താഫ് , ഫൈസൽ ടീമത് പട്‌ലയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുവാൻ തയ്യാറായതോടെ പൊലിമയ്ക്ക് ജനകീയത കൈവന്നു തുടങ്ങി. നാട്ടുത്സവം ജനകീയമാകുന്നതിൽ ഇശൽപ്പൊലിമയ്ക്ക് ചെറുതല്ലാത്ത പങ്കുണ്ടെന്ന് ഞാൻ പറയും. യുവാക്കളെ പൊലിമയോടും പൊതുധാരയോടും  അടുപ്പിക്കാൻ സംഘാടക നേതൃത്വത്തിന് ഇശൽപ്പൊലിമ എളുപ്പവഴിയായി എന്നതാണ് നേര്.  ഏത് സംരംഭത്തിന്റെയും മുഖ്യ വിജയ കാരണം ജന പങ്കാളിത്തമാണല്ലോ. അത് പുമുഖത്തുടക്കത്തോടെ തുടക്കത്തിൽ തന്നെ ഉണ്ടായിത്തുടങ്ങി

(തുടരും)
*പൊലിമപ്പിറ്റേന്ന്*
(ലേഖന പരമ്പര -
ഭാഗം 3 )
_________________

അസ്‌ലം മാവില
__________________

നേരത്തെ സൂചിപ്പിച്ചത് പോലെ മൂന്ന് വർഷത്തോളമായുള്ള ഒരാലോചനയുടെ ഔട്ട്പുട്ടാണ് നാട്ടുത്സവം. ഇക്കഴിഞ്ഞ ഫെബിൽ നടന്ന സി പി യുടെ മെഗാ മെഡിക്കൽ ക്യാമ്പിലെ ജനപങ്കാളിത്തവും അതിൽ കണ്ട ഉത്സാഹവുമാണ് പകുതി വഴിക്ക് നിർത്തിയ നാട്ടുത്സവ ആലോചനയ്ക്ക് വീണ്ടും ജീവൻ വെച്ചത്.

ഇന്ന് കണ്ട ഉത്സവ പ്രതീതിയൊന്നും അന്നത്തെ ചിത്രത്തിൽ പലർക്കുമുണ്ടായിരുന്നില്ല. ആര് മുൻകൈ എടുക്കുമെന്ന ചോദ്യവും ഉണ്ടായിരുന്നു. സി പി, നേതൃത്വം നൽകിയാലേ അതിന് ജനകീയ സ്വഭാവം കൈവരിക്കുകയുള്ളൂ എന്ന അഭിപ്രായമാണ് ഇടക്കിടക്ക് ചേർന്ന സി പി ജി യോഗങ്ങളിൽ എപ്പോഴും ഉയർന്ന് കേട്ടത്.  സി.പി.യുടെ കൂടി പങ്കാളിത്തത്തോടെ ചില സമവായങ്ങളുടെ മാനം തെളിഞ്ഞ അന്തരീക്ഷം  കണ്ടുതുടങ്ങിയതും ആ അഭിപ്രായത്തിനനുകൂല ഘടകമായി. 

ദുർഘടമായ ഒരു വിഷയം ഒരുമിച്ചു കൂട്ടുക എന്നതായിരുന്നു.  അതിന്റെ വിവിധ മാനങ്ങളിൽ  ചർച്ചകളും തുടർ സംസാരങ്ങളും നടന്നു.  അപൂർണ്ണമെങ്കിലും ഇങ്ങനെയൊക്കെയുള്ള വിഷയങ്ങളിൽ അത്യാവശ്യം ഗൃഹപാഠം ചെയ്ത് കൊണ്ട് തന്നെയാണ്  പട്ല സ്കൂളിൽ എല്ലാവരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ഒരു കൺവെൻഷൻ സി.പി. വിളിക്കുന്നത്. ഒ.എസ്.എ., പി.ടി.എ., എസ്. എം.സി. തുടങ്ങിയവയിൽ  നേതൃരംഗത്തുണ്ടായിരുന്നവരും നിലവിൽ  ഉള്ളവരും പൊതുരംഗത്ത് ജനകീയരായ വ്യക്തിത്വങ്ങളും ഈ സംരംഭത്തിന് മുന്നിലുണ്ടാകണമെന്ന വിശാലാർഥത്തിലുള്ള ധാരണയോട് കൂടിയാണ് എച്ച്.കെ. യുടെ നേതൃത്വത്തിൽ ഞങ്ങൾ യോഗത്തിൽ സംബന്ധിക്കുന്നത്.

നൂറ്റിച്ചില്ലാനം ആളുകൾ സംബന്ധിക്കുകയും നാട്ടുത്സവത്തിനനുകൂലമായ തീരുമാനം ഏകകണ്ഠമായെടുക്കുകയും ചെയ്ത ആ കൺവെൻഷനിൽ  അപ്രതീക്ഷിതമായ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉയർന്നു വന്നു. ആ നിർദ്ദേശങ്ങളിലെ  പ്രായോഗികാഭിപ്രായങ്ങളെ മുൻനിർത്തി കൂടിയാണ് നാട്ടുത്സവ കരട് പദ്ധതി തയ്യാറാക്കുന്നത്.

പൊലിമ:
മനപൂർവ്വമാണ് ഇങ്ങിനെയൊരു സബ്ടൈറ്റിലിടുന്നത്. ഏറ്റവും അനുയോജ്യവും പറയാനെളുപ്പവും ഉത്സവ പ്രതീതി ഉളവാക്കുന്നതുമായ ഒരു പേരാണ് സംഘാടകർ തുടക്കം മുതലന്വേ,ഷിച്ചത്. നമ്മുടെ നാട്ടിലെ പ്രതിഭാധനരായ 4 വ്യക്തികൾ കൂടി ഈ കണ്ടെത്തലിന്റെ സുപ്രധാന ഭാഗമായി - ഷരീഫ് മാസ്റ്റർ, എസ്. അബുബക്കർ, ഫയാസ് & സാക്കിർ. ഒരു ഭാഗത്ത് പൊതു അഭിപ്രായങ്ങൾ അറിയാൻ വായനക്കാർക്കും സന്ദർഭം നൽകി.

അങ്ങിനെയാണ് പൊലിമ തെരഞ്ഞെടുക്കുന്നത്. ഏതൊക്കെ സെഷനുണ്ടോ അവയൊക്കെയുമായും   ഭംഗമില്ലാതെ, വായനാസുഖമൊട്ടും കുറവില്ലാതെ കൂട്ടി വായിക്കുവാനാകുന്നതും നാട്ടുത്സവത്തിന്റെ മുഴുവൻ പൊലിവും പൊൽസും പ്രദാനം ചെയ്യുന്നതുമായ പൊലിമ തെരഞ്ഞെടുക്കപ്പെടുന്നത്. അതോടെ പിരിശം, പിര്സം, പട്ലേസ്,  പിരിശപ്പെരുന്നാൾ തുടങ്ങിയ സജിവ പരിഗണനയിൽ  വന്ന പേരുകൾ പൊലിമയ്ക്ക് വളരെ പിന്നിലായി. [ പൊലിമയുമായി  സാമ്യമുള്ള പേരുകൾ നിർദ്ദേശിച്ച രണ്ട് വ്യക്തികളെയും കണ്ടെത്തി - അസിസ് ടി.വി., അഷ്റഫ്. കെ (നാട്ടുപൊലിമ, പട്ലപ്പൊലിമ ). സമാപനദിനത്തിൽ പൊലിമാദരവിനുള്ള പേര് വിളിക്കപ്പെട്ടവരിൽ അവരും പെടും ]

നമ്മുടെ പിരിശപ്പെരുന്നാളിന് "പൊലിമ" എന്ന പേര് എത്രമാത്രം apt ആയിരുന്നുവെന്നത് പിന്നീട് നാം നേരിട്ട് അനുഭവിച്ചതാണല്ലോ. ആ ഒരു പേരോട് കൂടിയ വിശേഷണം   കൊണ്ടായിരിക്കും പട്ല ഇനി അറിയപ്പെടുക എന്ന് പറഞ്ഞാൽ തെറ്റാകില്ല.

(തുടരും)
_____________🌱
*പൊലിമപ്പിറ്റേന്ന്*
(ലേഖന പരമ്പര -
ഭാഗം 4 )
_________________

അസ്‌ലം മാവില
__________________

കലാപരിപാടികൾ  അവതരിപ്പിക്കുവാനും സർഗ്ഗ സിദ്ധി പ്രകടിപ്പിക്കാനുമുള്ള വലിയ അവസരങ്ങൾ പൊലിമ നൽകിയപ്പോൾ, അവ യഥാംവണ്ണം യുവാക്കൾ വേണ്ട രൂപത്തിൽ വിനിയോഗിച്ചിച്ച എന്നത് ഒരു വസ്തുതയാണ്. യുവത്വത്തിന്റെ ഇടയിൽ ആവശ്യത്തിലേറെ രൂപപ്പെടുന്ന കോംപ്ലക്സാണ് ഇതിന്  കാരണം, മറ്റൊന്ന് മടിയും.

ജോർജ് ബർനാഡ് ഷായുടെ പ്രസിദ്ധമായ ഒരു വാചകമുണ്ട് -   "ഒച്ചവെക്കാൻ പ്രത്യേക കഴിവ് വേണ്ട. കഴിവ്കേടാണ് അതിന്റെ അടിസ്ഥാന യോഗ്യത." 

സംസാരിക്കാൻ, പ്രഭാഷണം നടത്താൻ, നമ്മുടെ മാതൃഭാഷയിൽ രണ്ട് വരി അതിന്റെ മര്യാദകൾ മാനിച്ച് അക്ഷര തെറ്റില്ലാതെ എഴുതാനും പറയാനും, ചെറിയ രൂപത്തിൽ ആൻകറിംഗ് നടത്താൻ, ഏതെങ്കിലുമൊരു ആർട്ട് വർക്കിൽ എങ്കേജാകാൻ, സദസ്സിനെ അഭിമുഖീകരിച്ച്  പാടാൻ, പറയാൻ, ഫൈൻ ആർട്സിലെ എന്തെങ്കിലുമൊരിനം വേദിയിൽ അവതരിപ്പിക്കാൻ, ഇവയെക്കുറിച്ച് മിണ്ടാനും പറയാനുമൊരു  കൂട്ടായ ആലോചനക്കിരിക്കാൻ  ആവതുണ്ടാക്കാൻ നമ്മുടെ യുവത്വത്തിനാകണം.  അതിനായില്ലെങ്കിൽ ആ യുവത്വം  എവിടെ കൊളുത്തിട്ട് തൂക്കണമെന്ന ചോദ്യം കാലം ചോദിക്കും ?

സർഗാത്മകവും സക്രിയവുമായ യുവത്വത്തിന്റെ ആവശ്യകതയിലേക്കാണ് പൊലിമ വിരൽ ചൂണ്ടുന്നത്. മലവെള്ളപ്പാച്ചിലിലെ കുത്തൊഴുക്കാകാൻ യുവതക്കാകട്ടെ എന്ന് ആഗ്രഹിക്കാം.

സത്യം പറയട്ടെ, സർഗാത്മകവും കലാപരവുമായ വലിയ മണവും മഞ്ഞളിപ്പുമില്ലാതെ തന്നെയാണ് പൊലിമ സമാപനാഘോഷം കെങ്കേമമായി നടന്നത്. അങ്ങിനെയൊന്ന് വന്ന്ഭവിക്കാമെന്ന് കാലേകൂട്ടി കണക്ക് കൂട്ടിയിരുന്നു. അതിത്രമാത്രം സാന്ദ്രതയിൽ  ഇങ്ങനെ അറം പറ്റുമെന്ന് നിരീച്ചുമില്ല.

ഇതൊന്നും പൊലിമയെ ആകാംക്ഷയോടെ പ്രതിക്ഷിച്ചിരുന്ന സാധാരണക്കാരും സ്ത്രീകളും  അറിയില്ലല്ലോ. അവർ  നിരാശരാകരുതെന്ന നിർബന്ധബുദ്ധി സംഘാടകർക്കുമുണ്ടായി. പൊലിമയ്ക്ക് ഉണ്ടാകുന്ന ഏത് ക്ഷീണവും ഒരു നാടിന്റെയും ആ നാടിൽ വസിക്കുന്ന സ്വദേശത്തും പ്രവാസലോകത്തുമുള്ള പട്ലക്കാറുടെയും ക്ഷീണം കൂടിയായിരുന്നു.
അത്കൊണ്ട് തന്നെ പൊലിമയുടെ ഗ്രാഫ് താഴാൻ സാധ്യതയുണ്ടായിരുന്ന ഇത്തരം ദുർബ്ബലവശങ്ങളെ മന:പൂർവ്വം മറച്ചുവെച്ചത് നന്മ ഉദ്ദേശിച്ചും പ്രതിസന്ധിഘട്ടങ്ങളെ എങ്ങിനെ തരണം ചെയ്യാമെന്ന എക്സെർസൈസിന്റെ ഭാഗമായുമായിരുന്നു. ഇത്തരം ഘട്ടങ്ങളിൽ   പ്രോഗ്രാം ചാർട്ട് ഫൈനലൈസ്  ചെയ്യുമ്പോഴെടുക്കാറുള്ള നീക്കങ്ങളുടെ ഭാഗമായി  സമയത്തെ തിരക്ക് പിടിച്ചതിലേക്ക് മാറ്റി,  ഷെഡ്യുളുകളിൽ ഞങ്ങൾക്ക് ചില കൈക്രിയകൾ ചെയ്യേണ്ടതായും വന്നു.

പൊലിമയുടെ ഒന്നാം നാൾ സ്വാഗത സംഘ രൂപീകരണയോഗത്തിൽ വിശ്വസിച്ചേൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റാൻ എച്ച്. കെ. യുടെ നേതൃത്വത്തിൽ അതിന്റെ ഒന്നാം നിരയിൽ നിന്നവർ ശ്രമിച്ചിട്ടുണ്ട്. . പൊതു മനസ്സിന്റെ സഹകരണം അതിന് വലിയ മുതൽകൂട്ടായി. "ഒർങ്ങിയോന് മങ്ങലൊ ഇല്ല" എന്ന ചൊല്ല് അന്വർഥമാക്കുമാറ് ആർക്കെങ്കിലും മിസ്സായിട്ടുണ്ടെങ്കിൽ അതത്ര ചെറുതല്ല.

പൊലിമയുടെ പൊലിവ് അറിയാൻ പൊർന്നാട്ടാറോട് ചോദിച്ചാൽ മതി എന്ന സ്ഥിതിയിലേക്ക് അതിന്റെ പേരും പ്രശസ്തിയും മാറിക്കഴിഞ്ഞു. പട്ലക്ക് പുറത്ത് പൊലിമ അത്രമാത്രം ജനകീയമായിക്കഴിഞ്ഞു.  ഒരു മൂലയിൽ ഒതുങ്ങേണ്ട നാട്ടുത്സവം എങ്ങിനെ ഇത്ര വിജയകരമായി സംഘടിപ്പിച്ചുവെന്ന അവരുടെ ചോദ്യങ്ങൾക്കുത്തരം ഒന്നേയുള്ളൂ - സംഘാടനത്തോടൊപ്പം,  പട്ലക്കാറെ നല്ല മനസ്സ് തന്നെ. 

എല്ലാവരോടും പട്ലക്കാർ നന്ദി പറഞ്ഞേ തീരൂ. കേരളത്തിലെ എല്ലാ മലയാള ദേശീയ പത്രങ്ങളും പ്രദേശിക പത്രങ്ങളും പൊലിമയുടെ പ്രചാരണത്തിനും ന്യുസ് കവറേജിനും നല്ല സ്ഥലം നീക്കി വെച്ചു. മാതൃഭൂമി അടക്കമുള്ള ചാനലുകൾ നേരിട്ട് പട്ലയിക്ക് വന്നു. കാസർകോട് വാർത്ത, ഇവിഷൻ, ദശലക്ഷക്കണക്കിന് വായനക്കാരുള്ള ന്യൂസ്ഹൻട്ട് പോർട്ടലുകൾ പൊലിമ വാർത്തകൾ വേണ്ടുവോളം നൽകി. എഫ്.ബി. പേജുകൾ ആയിരക്കണക്കിന് പൊലിമ ഫോട്ടോകളും നുറുകണക്കിന് വീഡിയോകൾ കൊണ്ടും നിറഞ്ഞു. വാട്സ്ആപ് കൂട്ടായ്മകളും ഈ വിഷയത്തിൽ വലിയ റോളാണ് ചെയ്തത്. എം.കെ. ഹാരിസിന്റെ ടീം പബ്ലിസിറ്റിയുടെ വിഷയത്തിൽ Excellent പ്രകടനമാണ് കാഴ്ച വെച്ചത്. 

പൊലിമയിൽ കണ്ട ഏറ്റവും വലിയ പ്രത്യേകത - നാട്ടുകാരാരും സ്വയം അതിഥികളായി പുയ്യാപ്ല ചമഞ്ഞില്ല എന്നതായിരുന്നു. എല്ലാവരും ഇതിന്റെ സംഘാടകരായി. ആരെയും തക്കരിക്കേണ്ടി വന്നില്ല. സ്വന്തം വീട്ട് മുറ്റത്ത് നടക്കുന്ന സന്തോഷത്തിന് വിട്ട്കാരെ തക്കരിക്കാറില്ലല്ലോ.

കുറച്ച് യുവാക്കളുടെ പേരുകൾ നേരത്തെ എന്റെ ലേഖന തുടക്കത്തിൽ പരാമർശിച്ചത് കൊണ്ട് വീണ്ടുമവയാവർത്തിക്കുന്നില്ല.  മുതിർന്ന നേതൃത്വത്തിലുള്ള  എച്ച്. കെ., എം. എ. മജീദ്, സൈദ്, സി.എച്ച്., പി.പി. ഹാരിസ്, എം.കെ. ഹാരിസ്, റാസ, ആസിഫ്, ബഷീർ, ഖാദർ, സമീർ തുടങ്ങിയവർ കാണിച്ച നേതൃപരമായ പങ്കാളിത്തം,  സി.പി.ജി നേതൃത്വം, പ്രവാസി നേതാക്കൾ, വിവിധ സംസ്കാരിക- കായിക കൂട്ടായ്മകൾ, പ്രദേശിക നേതൃത്വങ്ങൾ എല്ലാം പൊലിമയുടെ വിജയത്തിന് കാരണമായി. 

അവലോകന യോഗത്തിൽ ജാസിർ നിർദ്ദേശിച്ച ഒരു കാര്യം കൂടി സൂചിപ്പിച്ച്  ഈ ലേഖന പരമ്പര അവസാനിപ്പിക്കുന്നു. "മറ്റുള്ളവർക്ക് പട്ലക്കാർ വലിയ സംഭവമൊക്കെ തന്നെയാണ്. പക്ഷെ, ഇനിയും ഒരുപാട് നാം മെച്ചപ്പെടാനുണ്ട്, പ്രത്യേകിച്ച് സർഗാത്മക ഫീൽഡിലും കാഴ്ചപ്പാടിലും. നമുക്ക് പ്രസംഗകർ ഇല്ല. നമുക്ക് പ്ലാനർമാരുടെ കുറവുണ്ട്. സംസാരിക്കാനും സംഘാടനത്തിനും ദാരിദ്രമനുഭവിക്കുന്നു. എഴുത്തിലും വായനയിലും നാം പിന്നിലാണ്. അതിനുള്ള ബൃഹത്തായ ഒരു പദ്ധതിക്ക് സി.പി. പോലുള്ള പ്രസ്ഥാനങ്ങൾ രൂപം നൽകണം." ഗവേഷണ വിദ്യാർഥിയായ ജാസിറിന്റെ ഈ അഭിപ്രായങ്ങളെ ചർച്ചകൾക്കായി മുന്നിൽ വെക്കുന്നു.

(അവസാനിച്ചു)
_____________🌱


No comments:

Post a Comment