Saturday, 12 August 2017

സർഗോത്സവനിറവിൽ* *നാം ആതിഥ്യരാകുമ്പോൾ,* *ചില ആലോചനകൾ പങ്കിടുന്നു / അസ്ലം മാവില

*സർഗോത്സവനിറവിൽ*
*നാം ആതിഥ്യരാകുമ്പോൾ,*
*ചില ആലോചനകൾ പങ്കിടുന്നു*
_______________

അസ്ലം മാവില
_______________

,ഉമ്മയുടെ വയ്യായ്ക കാരണം വാട്ട്സ്ആപ്പിൽ നിന്ന് മാറിയതാണ്. ദീനമിപ്പോളൽപം മെച്ചപ്പെട്ടു. എല്ലാവരുടെയും സ്നേഹവായ്പിനും അകമഴിഞ്ഞ പ്രാർഥനയ്ക്കും  കടപ്പാടുണ്ട്.  

വളരെ വ്യത്യസ്തമായൊരു  സർഗോത്സവത്തിന് ഇന്ന് പട്ല സ്കൂൾ   ആതിഥ്യമരുളുകയാണ്. വിദ്യാരംഗം കാസർകോട് സബ് ജില്ലാ സർഗോത്സവം.

യു.പി. , ഹൈസ്കൂൾ തലത്തിലെ കലാ-സാഹിത്യാഭിരുചിയുള്ള കുട്ടികളുടെ പണിപ്പുരയാണ് ശരിക്കും ഇന്നത്തെ സർഗോത്സവം. കഥ, കവിത, ചിത്രരചന, നാടൻപാട്ട് തുടങ്ങി 6 ഇനങ്ങളിൽ നടക്കുന്ന വർക്ക്ഷാപ്പുകളിൽ നിന്ന്, മികച്ച പ്രതിഭകളെ കണ്ടെത്തുവാനാണീ സർഗോത്സവം, ഒപ്പം മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും കലയുടെയും എഴുത്തിന്റെയും ചിന്തയുടെയും സർഗ്ഗവാസനകളുടെയും പുതിയ അനുഭവങ്ങൾ ഈ പണിപ്പുരകൾ പ്രദാനം ചെയ്യും. സർഗ്ഗ ലോകത്തെ  പുതിയ വായനയും ചിന്തയും പകുത്തും പങ്കിട്ടുമായിരിക്കും ഇന്ന് നമ്മുടെ സ്കുൾ അങ്കണത്തിൽ എത്തുന്ന കുഞ്ഞു അതിഥികൾ തിരിച്ച് പോവുക. ഭാഷയുടെ ഈ ഉപാസകരെ നമുക്ക് രണ്ട് കയ്യും നീട്ടി സ്വീകരിക്കാം.

പട്ല സ്കൂളിനെ സംബന്ധിച്ചിടത്തോളം ഇത്തരം സംരംഭങ്ങളും സാഹിത്യോത്സവങ്ങളും പുതുതലമുറയിൽ  സാംസ്കാരിക ചലനങ്ങൾക്ക് വഴിയൊരുക്കും;  ചാലകശക്തിയായി മാറും.
അതിനുള്ള പ്രതലവും പശ്ചാത്തലവുമൊരുക്കലാകട്ടെ ഇന്നത്തെ സർഗോത്സവം.

വരും മാസങ്ങളിൽ നമ്മുടെ സ്കൂൾ കേന്ദ്രീകരിച്ചു കൊണ്ട് എഴുത്തിന്റെയും വായനയുടെയും ലോകത്ത് പുതിയ വാതായനങ്ങൾ തുറക്കാനുള്ള ദീർഘകാല പദ്ധതികൾക്കാണ് സ്കൂൾ അധ്യാപകരും നാട്ടിലെ സാംസ്കാരിക പ്രവർത്തകരും പൂർവ്വ വിദ്യാർഥികളും കൂട്ടായാലോചിച്ച് തുടക്കമിടാൻ ഉദ്ദേശിക്കുന്നതെന്ന് കൂടി സാന്ദർഭികമായി സൂചിപ്പിക്കുന്നു. റീeഡഴ്സ് തിയേറ്ററിനെപ്പോലുള്ള കൂട്ടായ്മകൾ ഈ വിഷയത്തിൽ കാണിക്കുന്ന ഉത്സാഹവും അവരുടെ ഭാഗത്ത് നിന്നുള്ള ക്രിയേറ്റിവ് ഇനീഷിയേറ്റീവ്സും  ഏറെ ശ്ലാഘനീയമാണ്.

ഓരോ  മാസവും  വിവിധ സാഹിത്യ ശാഖകളിൽ അറിവും അനുഭവവുള്ളവരെ പങ്കെടുപ്പിച്ച്, നമ്മുടെ സ് സ്കൂളിൽ നിന്നും 7, 8, 9 ക്ലാസ്സുകളിൽ നിന്നുള്ള വിദ്യാർഥികൾക്കായി നടത്താനുദ്ദേശിക്കുന്ന LIT - VISION പദ്ധതി,  ഭാഷയിലും സാഹിത്യത്തിലും കലയിലും താത്പര്യമുള്ള സഹൃദയരുടെ പിന്തുണയുണ്ടെങ്കിൽ ദീർഘകാലം മുന്നോട്ട് കൊണ്ട് പോകുവാനും സർഗ്ഗ സിദ്ധിയുള്ള ഒരു ക്രിയേറ്റിവ് ജനറേഷന്റെ നിത്യസാന്നിധ്യമൊരുക്കുവാനും നമുക്ക് സാധിക്കും. അവരെ പാകപ്പെടുത്തിയെടുക്കുവാനുള്ള  നല്ല അധ്യാപകവൃന്ദം നമ്മുടെ പള്ളിക്കൂടങ്കണത്തിൽ ഉണ്ടെന്നതും ഏറെ പ്രതീക്ഷ നൽകുന്നു.

സാംസ്കാരിക പട്ലയുടെ ഗതകാല ചരിത്രം നമ്മുടെ ഓർമ്മയിലുണ്ടല്ലോ. തികച്ചും ക്രിയാത്മകമായ ഒരു തൂവൽ സ്പർശം  പൊയ്പ്പോയ മനസ്സുകളിലും മനീഷികളിലും പൊയ്പ്പോകാതെ ഉണ്ടായിരുന്നു. ഇടക്കാലത്തുണ്ടായ നമ്മുടെ അലസതയുടെയും അലംഭാവത്തിന്റെയും വേദനയും വേപഥുവും നമുക്കുണ്ട് താനും. അത് make up ചെയ്യാനെങ്കിലും വീണു കിട്ടുന്ന സന്ദർഭങ്ങൾ ഒഴിവാക്കരുത്. ഈ ഒരു ഭൂമികയിൽ നിന്നായിരിക്കണം നമ്മുടെ സാംസ്കാരിക മുന്നൊരുക്കങ്ങൾക്ക് തുടക്കമിടേണ്ടത്.

ഇന്ന് നടക്കുന്ന സർഗോത്സവത്തിന് കാസർകോടിന്റെ  വിവിധ ഭാഗങ്ങളിലെ സ്കൂളുകളിൽ നിന്ന്  വന്നെത്തുന്ന പ്രതിഭകൾക്കും അവരുടെ അധ്യാപകർക്കും നമ്മുടെ സ്കൂളന്തരീക്ഷവും എല്ലാവരുടെയും കൂട്ടായ പരിശ്രമം കൊണ്ട് നേടിയെടുത്ത നമ്മുടെ സ്കൂളിന്റെ ഭൗതിക സൗകര്യങ്ങളും നേരിട്ട് കാണുവാൻ ഇന്നത്തെ സർഗോത്സവം വഴിയൊരുക്കുമെന്നതും കൂട്ടത്തിൽ പറയട്ടെ.

ഭാവുകങ്ങൾ - പുതു തലമുറയിലെ കുഞ്ഞു കലാകാരന്മാർക്കും സാഹിത്യ വിദ്യാർഥികൾക്കും, നാം, പട്ലക്കാർ, നല്ല ആതിഥ്യരാകാം.
_____________________
Rtpen.blogspot.com

Tuesday, 25 July 2017

സംഘബലത്തിന്റെ പിൻബലത്തിൽ സംഘം ക്ലബ് "ക്ലിൻ പട്ല " ദൗത്യത്തിലാണ്/ അസ്ലം മാവില

*സംഘബലത്തിന്റെ*
*പിൻബലത്തിൽ*
*സംഘം ക്ലബ്*
*"ക്ലിൻ പട്ല "*
*ദൗത്യത്തിലാണ്*
__________________

അസ്ലം മാവില
__________________

പേമാരി പെയ്യേണ്ട കർക്കിടകത്തെ നോക്കി ഒരു കുട്ടി ചോദിച്ചു പോൽ - " അല്ല, എന്തേ ഇങ്ങനെ? തിമർത്ത് പെയ്യേണ്ട നിനക്കെന്താ ഇത്ര ശാന്തത ?"
കുട്ടിക്ക് കിട്ടിയ മറുപടി  - " കുറച്ച് ദിവസങ്ങളായി  നീ പട്ലയിലെ റോഡിനിരുവശവും  ക്ലീനിംഗ് വൃത്തിയിലേർപ്പെട്ട ഏതാനും  ചെറുപ്പക്കാരെ കണ്ടില്ലേ ? മഴ നനഞ്ഞാൽ അവർ പനിക്കില്ലേ ? എന്നെ നോക്കി ബാക്കിയുള്ളവർ കള്ളകർക്കടകമെന്ന് പേര് ദോഷം പറയില്ലേ ?"

***********************
ഒരു സംഘം ചെറുപ്പക്കാർ 23 മുതൽ റോഡിലാണ്. വഴി തടയാനോ വണ്ടി തടയാനോ അല്ല. പിന്നെയോ വഴി തടസ്സങ്ങൾ നീക്കാൻ . സംഘം ആർട്സ് & സ്പോർട്സ് ക്ലബ്ബാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. ക്ളബ് പ്രവർത്തകരോടൊപ്പം നാട്ടിലുള്ള ചെറുപ്പക്കാരും ഈ പ്രയത്നത്തിലാണ്.

നീണ്ട് നീളത്തിൽ കിടക്കുന്ന പട്ല പാതയ്ക്കിരുവശവും ചെടിയും പുല്ലും തഴച്ച് വളർന്നിട്ടുണ്ട്.  അത് എല്ലാവരും എന്നും കാണുന്നതുമാണ്. പക്ഷെ, അതൊന്ന് വൃത്തിയാക്കാൻ മുന്നിട്ടിറങ്ങുക എന്നത് ചെറിയ കാര്യമല്ല. സംഘം ക്ലബിന്റെ നേതൃപാടവം ശ്രദ്ധേയമാകുന്നതും ഇവിടെയാണ്.

2014 ഒക്ടോബറിൽ ഇന്ത്യാ ഗവൺമെന്റ് തുടങ്ങി വെച്ച സമ്പൂർണ്ണ ശുചീകരണ പദ്ധതിയാണല്ലോ സ്വഛ് ഭാരത്. ഗ്രാമ- നഗര ശുചീകരണത്തിന്  വെവ്വേറെ ശൈലിയിലാണ് പദ്ധതികൾ വിഭാവനം ചെയ്തിട്ടുള്ളത്. രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികമായ 2019 ൽ ലക്ഷ്യം പൂർത്തികരിക്കുക എന്നതാണ് ഈ പദ്ധതി ലോക ശ്രദ്ധ ആകർഷിക്കാൻ മറ്റൊരു കാരണം.
.
ആ സ്വഛ് ഭാരത് കൂടി ബാനറിൽ ഇടം  നൽകിയാണ് സംഘം കൂട്ടായ്മ ക്ലീൻ പട്ലക്ക് പ്രചാരണം നൽകിയിരിക്കുന്നതെന്നതും കൂട്ടത്തിൽ പരാമർശിക്കട്ടെ.

ഇന്നുമിന്നലെയുമായി RT ഫോറത്തിൽ സുബൈർ പട്ല (ഉബ്ബി) എഴുതിയ കുറിപ്പുകളിൽ സൂചിപ്പിച്ചത് പോലെ എല്ലവരും ഈ മനുഷ്യപ്രയത്നത്തെ ആദരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക. സാധിക്കുമെങ്കിൽ ആ മാസ്സ് മാൻപവറിന്റെ ഭാഗമാകാനും ശ്രമിക്കുക.

വളരെ ശ്രദ്ധേയമായി കേട്ടത് - പാതയോര ശുചീകരണം അങ്ങ് ത്വാഹാനഗർ വരെ നടത്തുമെന്ന് മാത്രമല്ല, അതും കഴിഞ്ഞ് പട്ലയുടെ പോക്കറ്റ് റോഡുകളും ഈ ക്ലീൻ പ്രൊജക്ടിൽ ഉൾപ്പെടുത്തുമെന്നാണ്.

സബാഷ് കുട്ടികളെ, സബാഷ് !
_____________________
Rtpen.blogspot.com

ഇന്ത്യയിൽ അടിയന്തരാവസ്ഥ /THM Patla

**ഇന്ത്യയിൽ  അടിയന്തരാവസ്ഥ**
     
                      THM Patla

      അതേ, സംശയിക്കേണ്ട' നുണയായി തള്ളിക്കളയേണ്ട,
കുറിപ്പുകാരന്റെ മേൽവിലാസം ചികയേണ്ട
കാലം സമ്മതിപ്പിച്ചേ അടങ്ങൂ
തല്ക്കാലം അത്രഖ്യാപിതമാണെന്ന് മാത്രം.
      ഓർക്കുന്നില്ലേ... ഇവിടെ ആദ്യപടിയായി സാമ്പത്തിക അടിയന്തരാവസ്ഥ കൊണ്ട് വന്നു.   നാം മുണ്ട് മുറുക്കിയുടുത്ത്, അരപ്പട്ടിണി കിടന്ന് പല ആവശ്യങ്ങൾ ക്ക് വേണ്ടി കുതി വെച്ച പണം ഒരു സുപ്രഭാതത്തി.ൽ " പിണ"മായി മാറി. വളരെ ഭദ്രമായി വെച്ച ആ പണം എങ്ങിനെ എന്നിൽ നിന്ന് പോയി കിട്ടുമെന്ന ചിന്തയിലായി നാമൊക്കെ.
അതിന്ന് വേണ്ടി എല്ലാ ജോലിത്തിരക്കും മാറ്റി വെച്ച് പൊരിവെയിലത്ത് ക്യു നിന്നു.എന്നിട്ടും നാമത് സഹിച്ചു.കാരണം. മറ്റു പോയ വഴികളില്ലാത്തതാ നാൽ. ആരെങ്കില്ല പ്രതിഷേധിച്ചോ. ചുരുക്കം ചില കോണകളിൽ നിന്ന് ( പ്രതിപക്ഷത്തെ) പ്രതി മേധമുയർന്നുവെങ്കിലും അതിനെ വളരെ സമത്ഥമായി ഭരണപക്ഷം നേരിട്ടു.
കള്ളപ്പണം നിയന്ത്രിക്കാനെന്നു സാമ്പത്തിക ഭദ്രതക്കു മാണെന്നും വാദിച്ചു. ഫലമോ ജനങ്ങൾ തീരാ ദു:ഖത്തിലായി. കളളപ്പണത്തിന് വല്ല മാറ്റവും വന്നോ?ഖജനാവിലേക്ക് എത്ര പണം വന്നു? ഇനിയെത്ര ബാക്കിയുണ്ട്? പണം എത്ര കിട്ടി? ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരം കിട്ടിയോ? ഇന്നും കള്ളപ്പണവും ഹവാലയും നിർബാധം
മഹാഭൂരിപക്ഷം വരുന്ന ദരിദ്ര നാരായണന്മാരുടെ നാട്ടിൽ, അഭ്യസ്ഥവിദ്യരുടെ നാട്ടിൽ
ഇ--കറൻസി സംവിധാനം നടപ്പിലാക്കുന്നു പോലും !!! ഹാ, കഷ്ടം''
        തീർന്നോ- ഇപ്പോൾ മാധ്യമ രംഗത്ത് ശരിക്കും അടിയന്തരാവസ്ഥയാണള്ളത്. ആ വിഷ്കാര സ്വാതന്ത്ര്യത്തിന് കുച്ച് വിലങ്ങ്. എന്ത് എഴുതണം എന്ത് എഴുതിക്കൂടാ എങ്ങിനെയെഴുതണമെന്നൊക്കെ തീരുമാനിക്കുന്നത് ഇവിടുത്തെ കോർപ്പറേറ്റുകളാണ് ' അതിന്ന് ഭരണ വർഗ്ഗത്തിന്റെ പരിപൂർണ്ണ പിന്തുണയും
എതിർത്താലോ: കസാരെ, ഖൽബുർഗ്ഗി' രോഹിത് വെ മൂല നജീബ് തുടങ്ങിയവരുടെ ഗതി ഓർക്കുമല്ലോ?
         എന്നാൽ, ഇതൊക്കെ എന്തിനുള പുറപ്പാടാണെന്നത് പകൽപ്പോലെ വ്യക്തം.
ഈ ശക്തികൾക്കിവിടെ പലതും നടത്താനുണ്ട്. വംശീയ സംഘട്ടനം, ന്യൂനപക്ഷ- ദളിത് ഉന്മൂലനം 'ക്ഷേത്ര നിർമ്മാണം,കോർപ്പറേറ്റ് ശാക്തീകരണം അങ്ങിനെ, പലതും പലതും '
         അങ്ങിനെ പല രംഗത്തും നാം. അടിയന്തിരാവസ്ഥക്ക് കീഴിലാണ് ' ഇനി ഒരു ഔദ്യോഗിക പ്രഖ്യാപനം മാത്രമേ ബാക്കിയുള്ളൂ ആ പ്രഖ്യാപനത്തിന് സാഹചര്യമൊരുക്കി കൊണ്ട് നാം ഒരു " റബ്ബർ സ്റ്റാമ്പ്‌;നെ തെരെഞ്ഞെടുത്ത് വെച്ചിട്ടുണ്ട്. വമ്പിച്ച ഭൂരിപക്ഷത്തോടെ, അതോടെ ആ ജോലിയും നാം നന്നായി നിറവേറ്റി
ഇനി കാത്തിരുന്നു കാണാം.🏃🏼🏃🏼🏃🏼

ഇന്നേക്ക് അഞ്ചാം നാൾ (ക്ലീൻ പട്ള ) / :Zubair Patla

🌴🌴🌴🌴🦋🦋🦋🦋


*സ്വച്ച് പട്ള*


*ഇന്നേക്ക് അഞ്ചാം നാൾ* *(ക്ലീൻ പട്ള )**പട്ള.,*  മഴ പെയ്തില്ലെങ്കിൽ

ഇന്നേക്ക് അഞ്ചാം നാൾ പിന്നിടുകയാണ്  ..പട്ള മധൂർ പാതയുടെ ഇരുവശങ്ങളിൽ നിന്നും തുടങ്ങിയ ശുചിത്വ പട്ള എന്ന പേരിൽ തുടങ്ങിയ പ്രവർത്തനം.
സാമൂഹിക പ്രവർത്തകരുടെയും ,സന്നദ്ധ സംഘടനയുടേയും പ്രയത്നത്താൽ  ഏകദേശം പട്ള ജി എച്ച് എസ് എസ് മെെതാനം വരെ എത്തിക്കഴിഞ്ഞിരിക്കുകയാണ്  .
ഈ അഞ്ചാം ദിനമായ ഇന്ന് വെെകുന്നേരം  മെെതാനത്തിന്റെ പരിസരത്ത് നിന്നും തുടങ്ങുമെന്നാണ്  സന്നദ്ധ സംഘടനായായ സംഘം ആർട്ട്സ് & സ്പോർട്ടസ് ക്ലബ്ബും  ,പട്ളയിലെ പേര് പറയാനാഗ്രഹിക്കാത്ത ചില സാമൂഹിക പ്രവർത്തകരായ  യുവാക്കളും നൽകിയ റിപ്പോർട്ട് ..,,
 ഇവരുടെ   ഇപ്പോഴുള്ള  പദ്ധതി പട്ള ത്വാഹ നഗർ ( കുറുപ്പിനടുക്കും ) വരെയാണ്
തുടർന്നുള്ള ദിവസങ്ങളിലും...ഇവരുടെ പ്രയത്നം ഉണ്ടായിരിക്കുന്നതാണെന്നാണ്  അറിയാൻ കഴിഞ്ഞത്  .
ഇതും കൂടി  കഴിഞ്ഞാൽ  പട്ളയിലെ  ഉൾപ്രദേശങ്ങളെ  കൂടി  ഉൾപ്പെടുത്തുമെന്നും..ഇവർ പറയുകയുണ്ടായ്  ..ഇതുവരെ ചെയ്ത പൂർണ്ണ പിന്തുണ ഇനിയുള്ള ദിനങ്ങളിലും നാം..  മുഴുവൻ പട്ള നിവാസികളും പിന്തുണയും   പ്രോത്സാഹനവും ഇവർക്കായ് ചെയ്ത് കൊടുക്കേണ്ടതാണ്.. സാധിക്കുമെങ്കിൽ  ഇവരിലൊരാൾ  നമുക്കും ശ്രമിക്കാം ...,!!
ജയ് പട്ള..,,, *ജയ് സ്വച്ച് പട്ള*.!!

🌴🌴🌴🌴🦋🦋🦋🦋🦋

ആ സംഖ്യ തികഞ്ഞില്ല, കെട്ടോ* *വീട് പണി പകുതിയിലാ..../അസ്ലം മാവില

*ആ സംഖ്യ തികഞ്ഞില്ല, കെട്ടോ*
*വീട് പണി പകുതിയിലാ....*
*നസിയയും കുടുംബവുമിപ്പഴും*
*വാടകമുറിയിൽ തന്നെ!*
*25,000 അർജന്റ് കിട്ടിയേ തീരൂ*
___________________

*സി. പി.ക്ക് വേണ്ടി*
അസ്ലം മാവില
 ___________________

CP യുടെ നേതൃത്വത്തിൽ നസിയയുടെ വീടു നിർമ്മാണവുമായി ഒരു ഫണ്ട് കളക്ഷൻ നടന്നിരുന്നു.  കിട്ടിയ പൈസ വെച്ച് പണി തുടങ്ങുകയും ചെയ്തു.
പിന്നീട് ഉദ്ദേശിച്ച രൂപത്തിൽ പൈസ സ്വരൂപിക്കാൻ പറ്റിയില്ല. ഇപ്പോഴാണെങ്കിലോ,  പണി പകുതിയിലും !  നസിയയും കുടുംബവും ആ പഴയ വാടകമുറിയിലും!

C P  കാരണം ഒരു നിർധന കുടുംബം വെയിലും മഴയും കൊള്ളാതെ താമസിക്കാൻ പറ്റുമെന്ന വിശ്വാസത്തിലാണ് പിരിച്ചുകിട്ടിയ 94,000 കയ്യിൽ പിടിച്ച് പകുതിക്ക് നിർത്തിവെച്ചിരുന്ന ആ വീട് പണി വീണ്ടുമാരംഭിച്ചത്.

ഒറ്റയ്ക്ക്,  ഒരാൾ കയ്യിൽ നിന്ന് കാശിറക്കി വീട് നിർമ്മിച്ച് നൽകുന്നത് അത്ര എളുപ്പമാണോ ? അല്ലല്ലോ.  കൂട്ടായി ചെയ്യുമ്പോൾ പണിയങ്ങ് എളുപ്പത്തിൽ തീർന്നും കിട്ടും. ഇതിപ്പോൾ അതും "ജാരിക്ക് " വന്നില്ല.   അവസ്ഥ നിങ്ങളോട് പറഞ്ഞു.

പണി തീർക്കണം.   ഈ വീട് പണി നടക്കുന്നത് പട്ലയിലല്ല.  അവിടേക്ക് ഒന്ന് പോയി വരാൻ തന്നെ "ഉച്ചോൾത്തെ" ഏർപ്പാടാണ്.  പണി ഒന്ന് തീർന്ന് കിട്ടാൻ കുറഞ്ഞത് ഇനി 25000 വേണം.

മുമ്പിലും പിന്നിലും രണ്ട് ഉറപ്പുള്ള വാതിൽ;  കിച്ചൺ അൽപം വൃത്തിയിൽ; ഒരു മുറി നീളത്തിൽ തേക്കണം. 4 ബൾബ് കത്താൻ പാകത്തിൽ വയറിംഗ് ; കക്കൂസ് കുണ്ട്;  ചുമരിലെ കല്ലിന്റിട ഒന്ന് അടക്കണം - ഇത്രയെങ്കിലും അവിടെ  ചെയ്യണ്ടേ ?

 അതിനാൽ, നിങ്ങൾക്ക്  പറ്റാവുന്ന സംഖ്യ തരണം; തരാൻ പറ്റാവുന്നവർ കുറച്ച് പേർ ഇനിയും ഈ ഫോറത്തിലും പുറത്തുമുണ്ട്. വാട്സാപ് ഏർപ്പാടില്ലാത്തവർ തന്നെ ഒരുപാട് പേർ പുറത്തുമുണ്ട്. അത് കൊണ്ട്
നിങ്ങൾക്ക് പരിചയമുള്ളവരോടും ഈ വിഷയം പറഞ്ഞ് നമ്മുടെ ദൗത്യം പൂർത്തിയാക്കണം .

ഈ വിഷയത്തിൽ സഹായധനമെത്തിക്കാൻ താഴെ പറയുന്നവരെ ഉടനെ ബന്ധപ്പെടുക
_______________________

HK അബ്ദുൽ റഹിമാൻ
KM സൈദ്
CH അബൂബക്കർ
അസ്ലം Patla
കരീം Koplam
MA മജീദ്
 ഖാദർ Aramana
ഉസ്മാൻ Kappal
റാസാ Patla
നാസർ Taza
അസ്ലം മാവില
....................................📃
rtpen.blogspot.com

Saturday, 22 July 2017

ചാന്ദ്രദിനത്തിൽ ......./അസ്ലം മാവില

*ചാന്ദ്രദിനത്തിൽ/*
*മണ്ണിലവർ വിണ്ണും*
*വിസ്മയവും തീർത്തു*
*പട്ല സ്കൂൾ അങ്കണം*
*സൂര്യനും ഭൂമിയും ചന്ദനും*
*നക്ഷത്രങ്ങളും കൊണ്ട് നിറഞ്ഞു*
__________________

അസ്ലം മാവില
__________________

ആകാശം ഭൂമിയിലേക്ക് ഇറങ്ങി വന്നു. ക്ലാസ്സ് മുറിവാതിലുകൾ മലക്കെ തുറന്നു. കേട്ടവർ കേട്ടവർ സ്കൂൾ അങ്കണത്തിലേക്കോടി,  വട്ടത്തിൽ കൂടി. അവർ മുറ്റത്ത് തിളങ്ങിക്കൊണ്ടിരിക്കുന്ന കുഞ്ഞു നക്ഷത്രങ്ങളെ നോക്കി വിസ്മയം പൂണ്ടു. കണ്ണുകൾ പരതിയിടത്ത് സൂര്യനെയും ഭൂമിയെയും ചന്ദ്രനെയും അവർ കൺകുളിർക്കെ കണ്ടു.

അതെ ജൂലൈ 21 നമുക്ക് ചാന്ദ്രദിനമായിരുന്നു. 1969ലെ ഒരു ജൂലൈ മാസത്തിലാണ്   മനുഷ്യ പാദസ്പർശമേറ്റ് ചന്ദ്രൻ നമ്മുടെ കണ്ണിലുണ്ണിയാകുന്നത്.

ചാന്ദ്രദിനത്തിന്റെ ഓർമ്മ പുതുക്കിയാണ് ഇന്നലെ നമ്മുടെ സ്കൂളിലെ കുഞ്ഞുമക്കൾ വിസ്മയക്കാഴ്ചയൊരുക്കിയത്. അതും വർണ്ണശബളമായി, പ്രൊഫഷനൽ ടച്ചോടെ ...

ഒന്നാം ക്ലാസ്സിലെ പിഞ്ചു പൈതങ്ങളാണ് ഇന്നലെ നമ്മുടെ സ്കൂളിലെ , അല്ല, വിണ്ണിലെ താരകങ്ങളായത്. സൂര്യൻ സംസാരിച്ചു. ഭൂമിക്കും പറയാനേറെയുണ്ടായിരുന്നു. ചുറ്റും കൂടി നിന്നവർക്ക് ചോദിക്കാനുണ്ടായിരുന്നത് പക്ഷെ,  അമ്പിളിമാമനോടായിരുന്നു.

സ്കൂൾ സയൻസ് ക്ലബായിരുന്നു ചാന്ദ്രദിനാഘോഷത്തിന്റെ സംഘാടകർ.  നേരത്തെ, സ്കൂൾ അസംബ്ലിയിലും ചാന്ദ്രദിനം പരാമർശിക്കപ്പെട്ടു. ശാസ്ത്ര വിദ്യാർഥികൾ തയാറാക്കിയ സ്പെഷ്യൽ പതിക്ക് സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ്സ് കുമാരി റാണി ടീച്ചർ കയ്യടികളുടെ  അകമ്പടിയോടെ പ്രകാശനം ചെയ്തു.

"ചന്ദ്രനും ബഹിരാകാശവും" വീഡിയോ പ്രദർശനം കുട്ടികൾക്ക് പുതിയ അറിവുകൾ നൽകി. ക്വിസ്സ് മത്സരവും കൊളാഷ് നിർമ്മാണവും ചാന്ദ്രദിനത്തിന് മാറ്റുകൂട്ടി.  അമ്പിളി മാമനെ നോക്കി കുഞ്ഞുമക്കൾ കുഞ്ഞു കവിതകൾ ചൊല്ലി, ഈരടികൾ നീട്ടി പാടി. അത് കേട്ടവർ താളം പിടിച്ചു.

സയൻസ് ക്ലബ് കൺവീനർ സാബിറ ടീച്ചറും മലയാളം അധ്യാപകൻ ഷരീഫ് ഗുരിക്കൾ മാഷുമാണ് വർണ്ണശബളമായ ചാന്ദ്രദിന പരിപാടിക്ക്  നേതൃത്വം നൽകിയത്. മുഴുവൻ അധ്യാപകരുടെയും നിർല്ലോഭ സഹകരണം പരിപാടിയെ ധന്യമാക്കി.
_____________________
Rtpen.blogspot.com

സഫ് വാന്റെ ഉമ്മ* *പൊയ്പോയി ;* *പ്രാർഥിക്കുക / അസ്ലം മാവില

*സഫ് വാന്റെ ഉമ്മ*
*പൊയ്പോയി ;*
*പ്രാർഥിക്കുക*.
_________________

അസ്ലം മാവില
_________________

ഒരു മരണവീടിൽ നിന്ന് ഇറങ്ങിയതേയുള്ളൂ. ശോകമൂകമായ അന്തരീക്ഷം. യൂനിഫോമിട്ട കുട്ടികൾ ഞങ്ങൾക്ക് മുന്നിലും പിന്നിലുമായുണ്ട്. അധികവും പട്ല സ്കൂളിൽ പഠിക്കുന്നവർ. സഫ്-വാന്റെ ഉമ്മയുടെ മരണവാർത്ത അറിഞ്ഞാണ് അവരൊക്കെ ഞങ്ങളെ പോലെ എത്തിക്കൊണ്ടിരിക്കുന്നത്.

ശിരി ബാഗിലുവിൽ താമസമുള്ള സഫ്വാൻ നമ്മുടെ സ്കൂളിലെ പത്താം തരം വിദ്യാർഥിയാണ്. അവന്റെ പൊന്നുമ്മയാണ് ഇന്നുച്ചയോടെ പടച്ചവന്റെ വിളിക്കുത്തരം നൽകി പൊയ്പോയത്. ഇന്നാലില്ലാഹ്!

ഷരീഫ് മാഷ് ഫോണെടുക്കുമ്പോൾ അതൊരു മരണ വാർത്തയായിരിക്കുമെന്ന് കരുതിയിരുന്നില്ല. "സഫ്വാനെ എത്തിക്കണം,  ഉമ്മയ്ക്ക് ദീനമൽപം കൂടിയെന്ന് പറയണം." സംസാരത്തിലെ   ഇടർച്ചയിൽ തന്നെ അതിനൊരു മരണവാർത്തയുടെ സൂചനയുണ്ടായിരുന്നു.

സഫ്വാൻ   അടക്കം ആ ഉമ്മയ്ക്ക് നാല് മക്കൾ. സമദ്, സവാദ് , സഹീദ.  സഫ്വാന്റെ ഉപ്പ ,അബ്ദുല്ലച്ചയെ ഞങ്ങൾ കണ്ടു. ജിവിത പങ്കാളിയെ എന്നെന്നേക്കുമായി നഷ്ടപ്പെട്ട ദു:ഖവുമായി ഞങ്ങളെയദ്ദേഹം നോക്കി. നമുക്ക് ആശ്വസിപ്പിക്കാനല്ലേ പറ്റൂ. ഒരു പാട് വർഷമായി കിടപ്പിലായിരുന്നു ആ ഉമ്മ.

ഈ വേർപാട് താങ്ങുവാനുള്ള സഹനവും ക്ഷമയും ആ കുടുംബത്തിന് പടച്ചവൻ നൽകട്ടെ,

നമ്മുടെ സ്കൂളിൽ പഠിക്കുന്ന സഫ്വാനെ സമാധാനിപ്പിക്കാൻ അവന്റെ അധ്യാപകരും സഹപാഠികളുമാണിനിയുള്ളത്, നിങ്ങളാണവന് കരുത്ത്.

ദുഃഖാചരണവും കഴിഞ്ഞ്  ക്ലാസ്സിൽ വരുമ്പോൾ നിങ്ങളവന് സാന്ത്വനത്തിന്റെ തൂവാലയും തൂവൽസ്പർശവുമാവുക.