Saturday 13 October 2018

ഈ ചുമരുകൾ വായിക്കാനുള്ളതാണ് / അസ്ലം മാവില

ഈ ചുമരുകൾ
വായിക്കാനുള്ളതാണ് 

അസ്ലം മാവില

മൂന്ന് മാസക്കാലം പട്ല  പൊലിമയുടെ പേരിൽ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നപ്പോൾ അത് ഫോർവേർഡ് ചെയ്യാനും ആഘോഷിക്കാനും എല്ലാവരും മത്സരമായിരുന്നു. അതാവശ്യമായിരുന്നു താനും.

മാധ്യമധർമം നിർവ്വഹിക്കപ്പെടണമല്ലോ, ഇക്കഴിഞ്ഞ രണ്ട് മൂന്ന്
ദിവസങ്ങളായി പട്ലയുടെ പേര് വലിയ തലക്കെട്ടിലാണ് പ്രദേശിക പത്രങ്ങൾ തൊട്ട്  ദേശീയ മാധ്യമങ്ങളിലടക്കം വരുന്നത്, ഒരു കുപ്രസിദ്ധ കൊലa  പാതക കേസുമായി ബന്ധപ്പെട്ട്.  അതിൽ ഒരുത്തന്റെ ഉമ്മയുടെ നാട് പട്ല, ഈ നരാധമനാകട്ടെ അങ്ങിനെ താമസം  പട്ലയിലും, പിന്നൊരുത്തൻ പട്ലയിൽ കൂടി അവന്റെ കുഞ്ചാറിലേക്ക് വഴി പോകുന്നവൻ. ഈ കേസന്വേഷണം തീരുന്നത് വരെ മാത്രമല്ല, കോടതി വിധി വരുന്നത് വരെയുമല്ല, മറ്റു ചില വധക്കേസുകൾക്ക്  തുമ്പും തരിമ്പുമുണ്ടാകുന്നത് വരെ  മാസങ്ങളോളം ഈ ഒരൊറ്റ കാരണം കൊണ്ട് പട്ലയുടെ പേര് മാധ്യമങ്ങളിൽ വന്നു കൊണ്ടേയിരിക്കും.

മാധ്യമങ്ങൾ പറയുന്നു,  ഈ നിഷ്ഠൂര കൊലപാതകത്തിന്  പിന്നിലെ കാരണമെന്തെന്ന്. ഒറ്റയ്ക്ക് ആരോരുമില്ലാതെ ജീവിക്കുന്ന 60 കഴിഞ്ഞ, ആ ഉമ്മയെ  ശ്വാസം മുട്ടിച്ച് കൊല്ലാൻ മാത്രം എന്താണ്  കാരണമെന്ന്.

ഇന്നത്തെ മനോരമയിലെ "വർത്തമാനം" പേജിൽ മുക്കാൽ ഭാഗവുമിത് തന്നെയാണ് വാർത്ത. ഒന്നേ മുക്കാൽ കോടി വായനക്കാർ ഇന്ന് ഇത് വായിച്ചു കാണും. റിമോട്ട് ഏരിയകൾ കേന്ദ്രമാക്കി കഞ്ചാവ് ഉപയോഗവും   കച്ചവടവും ഉഷാറാക്കുക എന്ന ലക്ഷ്യവുമായാണ് ഈ നാൽവർ സംഘം ഇറങ്ങിയതെന്ന് ഈ പത്രം പറയുന്നു. അതിനിടയിൽ യാദൃശ്ചികമായാണ് പോൽ അവർക്ക് ഒരു സ്ത്രീയുടെ ശരീരത്തിൽ പണ്ടം കാണുന്നത്. ആ പണ്ടം ധരിച്ചത് സ്വന്തം ഉമ്മയെക്കാളും പ്രായമുള്ളയാളാണെന്നതൊന്നും ഇവരുടെ പണക്കൊതിക്ക്, കൊലപാതകാസൂത്രണത്തിന്  ഒരു തർക്കവിഷയമേ ആയില്ല.   സുഖലോലുപ ജീവിതത്തിന് ഇവറ്റകൾക്കെന്ത് ഹഖ്ഖും ബാഥിലും !
കുടിക്കാൻ മധുര പാനീയം തന്ന, ചോര വറ്റാറായ ആ കൈകൾ പിടിച്ച് കെട്ടി,  അവരാ വൃദ്ധ സ്ത്രീയെ നിർദ്ദാക്ഷിണ്യം നിമിഷ നേരം കൊണ്ടല്ലേ പട്ടാപ്പകൽ  കൊന്നു കളഞ്ഞത് ! 

നോക്കൂ നിങ്ങൾ ഇന്നത്തെ പത്രം. കഴുത്തു ഞെക്കിയവന് 18 അതിന് കാവലിരുന്നവന് 25. വയസ്സല്ല, വീതിച്ചെടുത്ത കാശിന്റെ കണക്കാണ്. അപ്പോൾ ഫോർമാനാര് ? കൂലിക്കാരനാര് ? ഈ  കിട്ടി വീതിച്ചെടുത്ത 18 ഉം 25 ഉം ബാക്കിയുള്ളതും  ഇവർക്ക് എന്തുപകരം  ചെയ്തു ?

ഒന്നും ശാശ്വതമല്ല; ഒരാൾക്കും ക്രൂരകൃത്യങ്ങൾ ചെയ്ത് ഇവിടെ നിന്ന് രക്ഷപ്പെടാനുമാകില്ല.  ചോദിക്കാനും പറയാനും ആളുകളുള്ള ഒരുപാട്  കൊലപാത കേസുകൾക്ക് തുമ്പുണ്ടാകുന്നതിന് മുമ്പാണ് ആരാരുമില്ലാത്ത സുബൈദയുമ്മയുടെ   കൊലയാളികളെ പോലീസ് പിടിച്ചത് !

തീർച്ചയായും കേരള പോലീസ് അഭിനന്ദനം അർഹിക്കുന്നു, നീതിപാലകരുടെ വളരെ മികച്ച പ്രകടനം. പഴുതടച്ച അന്വേഷണത്തിന് കിട്ടിയ ഔട്ട്പുട്ട്. ബാക്കിയുള്ള രണ്ടു പേരെയും അവർക്ക് ചെവിയിൽ ഊതിക്കൊടുത്തവരെയും   ഉടനെ പിടിക്കുമെന്ന് പ്രതിക്ഷിക്കാം. 

എനിക്ക് അത്ഭുതമിതാണ് -  മാതാപിതാക്കളെയോ വൃദ്ധജനങ്ങളെയോ തിരിച്ചറിയാൻ പറ്റാത്ത വിധം  പോലും ലഹരി ഒരു മനുഷ്യനെ കീഴടക്കുമെന്ന് സി.പി. മുന്നറിയിപ്പ് നൽകിയത് ഇത്ര പെട്ടെന്ന് അറം പറ്റിയോ ? 

ഇതൊന്നും ഈ നരാധമന്മാർ  വായിക്കില്ല, അവർക്ക് വേണ്ടിയുമല്ല ഈ എഴുത്ത്. പക്ഷെ പൊതുമനസ്സ് വായിക്കും. തിന്മകളെ കുറിച്ച് അവർ  ബോധവാന്മാരാകും. ജാഗ്രത കാണിക്കും. മക്കളുടെ കൂട്ടുകെട്ടിനെ കുറിച്ച് അതീവ ശ്രദ്ധയുണ്ടാകും. അനിയന്മാരുടെ മേൽ ജേഷ്ടന്മാരുടെ കണ്ണുകൾ എപ്പോഴുമുണ്ടാകും.  വരാനിരിക്കുന്ന ദുരന്തങ്ങൾ മനസ്സിലാക്കി തെറ്റിലേക്ക് കാലെടുത്ത് വെച്ചവർ വരെ ഒരു പക്ഷെ,  പിന്മാറിയേക്കും.

പത്രങ്ങൾ മാത്രം എഡിറ്റോറിയൽ എഴുതിയാൽ മതി, ബാക്കിയുള്ളവർ സാമുഹ്യതിന്മകൾ കാണുമ്പോൾ ഒന്നും എഴുതരുതെന്നതല്ല പൊതുനന്മ. ഗുണകാംക്ഷ ആഗ്രഹിക്കുന്ന, തിന്മകൾ കാണുമ്പോൾ പ്രതികരിക്കാൻ മനസ്സ് തുടിക്കുന്ന ആരും ശക്തമായി പ്രതികരിച്ചേ തീരൂ. അത്തരം  ആളുകളുടെ എണ്ണമിനിയുമിനിയും കൂടിക്കൂടി വരണം, അവിടെ മാത്രമേ  നന്മയുടെ ഉറങ്ങാത്ത കണ്ണുകളുണ്ടാകൂ.

ഏറ്റവും സൂക്ഷിക്കേണ്ടത് കൂട്ട് കെട്ടാണ്. വളരെ ചെറിയ അബദ്ധങ്ങൾ വരെ വലിയ അബദ്ധങ്ങളിലേക്ക് വഴിമാറും.

നല്ല കൂട്ടുകെട്ടുകൾ ഉണ്ടാകട്ടെ.  നിങ്ങളെ, എന്നെ, നമ്മുടെ മക്കളെ പരസ്പരം തിരുത്താൻ എപ്പോഴും തയ്യാറുള്ള ഒരു വിംഗ്, കൂട്ട് കെട്ട്, നമ്മുടെ ചുറ്റുവട്ടത്ത് എന്നുമുണ്ടാകട്ടെ. തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നതും   ഗുണദോഷിക്കുന്നതും സ്വന്തം നന്മയ്ക്കും പൊതു നന്മയ്ക്കുമെന്ന് തിരിച്ചറിയുന്ന മനുഷ്യരും ഉണ്ടാകട്ടെ.

അവരവർ ജാഗ്രത കാണിക്കുക. ആ നിതാന്ത ജാഗ്രത ഉണ്ടെങ്കിൽ, ആരും  ആശങ്കപ്പെടേണ്ടതില്ല. ആകുലപ്പെടേണ്ടതുമില്ല.

No comments:

Post a Comment