Monday 8 October 2018

പട്ല വായനശാലയ്ക്ക് പുതിയ കിളിവാതിലുകൾ തുറക്കട്ടെ / അസ്ലം മാവില

പട്ല വായനശാലയ്ക്ക്
പുതിയ കിളിവാതിലുകൾ
തുറക്കട്ടെ

അസ്ലം മാവില

പട്ല ലൈബ്രറി എന്നത് നമ്മുടെ ലക്ഷ്യമാണ്, യാഥാർത്ഥ്യമായിട്ടില്ല. നേരത്തെ അങ്ങിനെ ഒരു പേര് വെക്കുന്നത് പ്രത്യാശയുടെ ഭാഗമായാണ്. ആ പ്രത്യാശയ്ക്കനുസരിച്ച് അതത് കാലത്തെ ജെനറേഷനുകളാണ് പോസിറ്റീവായി പ്രതികരിക്കേണ്ടത്.

നിലവിൽ നമുക്കുള്ളത് റീഡിംഗ്‌ റൂമാണ്. വളരെ പ്രതീക്ഷയോടെയാണ് തുടങ്ങിയത്. പി. അബുബക്കർ , പി.എം. ഷാഫിയെപ്പോലുള്ള പൗരപ്രമുഖർ  കാണിച്ച ഉത്സാഹമാണ് ഇങ്ങനെയൊരു  സംരംഭം തുടങ്ങുവാൻ,  പട്ലയിൽ വീണ്ടും സംഘടിതമായി ആരംഭിക്കാൻ പ്രേരകമായത്.

1988ൽ ഒ.എസ്. എ നേതൃത്വം നൽകി ആരംഭിച്ച റീഡിംഗ് റൂം ഒരുപാട് വർഷം മുന്നോട്ട് പോയി. വീടുകളിൽ നിന്ന് പുസതകങ്ങൾ ശേഖരിച്ച് ലൈബ്രറി എന്ന തലത്തിലേക്ക് അതുയർത്താൻ ശ്രമിച്ച അന്നത്തെ ലൈബ്രറിയുടെ ഭാഗമായിരുന്ന ടി.എച്ച്. മുഹമ്മദ് (കാദ്ർച്ചാന്റെ ), എഞ്ചി. മുഹമ്മദ്, ലതീഫ് തോട്ടത്തിൽ, മജൽ ശരീഫ് തുടങ്ങിയവരെ പേരെടുത്ത് ഞാൻ ഓർക്കുന്നു. ( വേറെയും ആളുകളുണ്ടാകാം).

അന്ന് സജീവമായിരുന്ന പലരും പ്രവാസ ജീവിതത്തിലേക്ക് നീങ്ങി. തുടർ നേതൃത്വങ്ങൾ ദുർബ്ബലങ്ങളായി. ഒ.എസ്.എ നിലയ്ക്കുന്നതോടെ ലൈബ്രറിയും സ്വാഭാവികതയുടെ ഭാഗമായി നിലച്ചു. ദു:ഖകരമെന്ന് പറയട്ടെ,  പുസ്തകങ്ങൾ  പുഴുക്കളുടെ ഭക്ഷണമായി.

അങ്ങിനെയൊരു ദുര്യോഗത്തിൽ നിന്നും പാoങ്ങൾ ഉൾക്കൊണ്ട് തന്നെയാകണം പുതിയ ലൈബ്രറിയുടെ  ചർച്ചകൾ തുടക്കത്തിൽ ഉണ്ടായിരിക്കുക. ഏതായാലും ഇന്ന് കാണുന്ന റീഡിംഗ് റൂമിന് മറ്റൊരു നേതൃത്വം വന്നു. വളരെ സന്തോഷം.

ലൈബ്രറിയുടെ തലത്തിലേക്ക് ഇന്നുള്ള സംവിധാനം ഉയരണമെങ്കിൽ ശക്തമായ ഇടപെടലുകളും പിന്തുണയും ഒപ്പം സാമ്പത്തിക സ്രോതസ്സും ആവശ്യമാണ്. അതിനുള്ള ബൗദ്ധികവും ഭൗതികവുമായ പിന്തുണ ആവശ്യമാണ് താനും.

വായിച്ച് പോവുക എന്നത് മാത്രമായിരിക്കരുത്, ആ സ്ഥാപനം നിലനിർത്തുകയും പുതിയ കാഴ്ചപ്പാടിൽ പുരോഗതിയിൽ മുന്നോട്ട് ഗമിക്കാനുള്ള ദൗത്യത്തിൽ പങ്കാളികളാവുക എന്ന ഉദ്ദേശവുമുണ്ടാകണം.

ഒരു സാംസ്ക്കാരിക ആവാസവ്യവസ്ഥയിൽ വായനശാലയ്ക്കും ഗ്രന്ഥാലയത്തിനും വളരെ വിലപ്പെട്ട പങ്കുണ്ട്. രാഷ്ട്രീയ സാമുഹിക സാംസ്ക്കാരിക പ്രബുദ്ധത നേടിയ സ്ഥലങ്ങളിലും വ്യക്തിത്വങ്ങളിലും ആ പ്രദേശത്തെ ലൈബ്രറി വഹിച്ച സേവനം വലുതാണെന്ന് ഒരു ചെറിയ അന്വേഷണം നടത്തിയാൽ അറിയാം. അതേ സമയം വെറും ഒച്ച മാത്രമുള്ളിടത്ത് ലൈബ്രറിയോ വായനാ സംസ്ക്കാരമോ ഉണ്ടായിരിക്കുകയുമില്ല.

ചുരുക്കുന്നു, നമ്മുടെ വായനശാല മുന്നോട്ട് പോകണം, അതിനാവശ്യമായ എല്ലാ തലത്തിലുള്ള ചർച്ചകളും നടക്കണം. അനാഥമാകുന്ന ഒരു  അവസ്ഥ ഇനി ഉണ്ടാകരുത്. രണ്ട് മൂന്ന് പേരുടെ തലയിൽ പേറുന്ന ഭാണ്ഡക്കെട്ടുമാകരുത് വായനശാല . 
ഇതുമായി ബന്ധപ്പെട്ട് വിവിധ സാധ്യതകൾ ചർച്ച ചെയ്യപ്പെടട്ടെ. ഉത്തരവാദിത്വത്തോടെ ലൈബ്രറി മുന്നോട്ട് കൊണ്ട് പോകാനുള്ള പുതിയ സംവിധാനങ്ങൾ വരെ ചർച്ചകളിൽ ഉണ്ടാകട്ടെ.

നാളത്തെ ലൈബ്രറി ജനറൽ കൗൺസിൽ പുതിയ വർത്തമാനങ്ങൾ നൽകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം, പ്രത്യാശിക്കാം. ഭാവുകങ്ങൾ !

No comments:

Post a Comment