Wednesday 28 September 2016

കൂടപ്പിറപ്പുകൾക്ക് RT യിലേക്ക് സ്വാഗതം

അറിവ്അധികാരമാണ്.

വായനയിലൂടെ അറിവിന്റെ ആത്മാവിനെ കണ്ടെത്തുക.

മറ്റുള്ളവര്‍ എന്തുപറയുന്നു എന്നത് വിഷയമേ അല്ല, നിങ്ങള്‍ നിങ്ങളെക്കുറിച്ച് എന്തു കരുതുന്നുവോ അതാണ് നിങ്ങള്‍ എന്ന് തിരിച്ചറിയുക.
കാരണം,
നിങ്ങള്‍ക്ക് നിങ്ങളെ തിരിച്ചറിയാനായില്ലെങ്കില്‍ പിന്നെ മറ്റൊരാള്‍ക്ക് അതിനൊരിക്കലുമാവില്ല!

വരും ദിനങ്ങളിൽ *RT* വീണ്ടും സജീവമാകുന്നു.

തിരിച്ചറിവിന്റെ പാതയിൽ നിങ്ങളുടെ സാനിധ്യം ഉറപ്പുവരുത്തുക !

അക്ഷരങ്ങളുടെ സമരമുഖത്തേക്ക്....
വായനയുടെ കൗതുക ലോകത്തിലേക്ക്.....
അറിവിന്റെ ചക്രവാളങ്ങളിലേക്ക്.....
കൂടപ്പിറപ്പുകൾക്ക് RT യിലേക്ക് സ്വാഗതം




നമുക്ക് പറയാനുള്ളത് / RT


നമുക്ക് പറയാനുള്ളത്

എഴുത്ത് , വര, വായന, ആലാപനം,  അഭിപ്രായങ്ങൾ, അഭിപ്രായാന്തരങ്ങൾ, കാഴ്ചപ്പാടുകൾ, നിലപാടുകൾ, ആരോഗ്യപരമായ വിമർശനങ്ങൾ, തെറ്റുകളും അബദ്ധങ്ങളും  ചൂണ്ടിക്കൽ ഇവയൊക്കെ അനുവദിക്കപ്പെടുന്ന വേദിയാണ് RT.

സൃഷ്ടിപരമായും ഗുണകാംക്ഷയോടും പോസിറ്റീവായും വേണം RT പ്ലാറ്റ്ഫോമിനെ എല്ലാവരും കാണാൻ.
അനുദിനം നമ്മെ തിരുത്താനും  അപ്‌ഡേറ്റ് ചെയ്യാനുമുള്ളതാണെന്ന തിരിച്ചറിവാണ് RT തരുന്നത്.
വ്യത്യസ്ത തലങ്ങളിൽ നിന്ന്  കാഴ്‌ചപ്പാടുകളിലെ വൈജാത്യം പരസ്പരം തിരിച്ചറിഞ്ഞു കൊണ്ട്  ചുറ്റുപാടുകളെ ഗുണപരമായി വീക്ഷിക്കുന്ന   ''നൂറ് പ്ലസ്'' അനുവാചകരുടെ ലോകം ഒരു ഗ്രാമത്തിന് കൂട്ടായുണ്ടാവുക എന്നത് നന്മയല്ലേ...?

RT പോലുള്ള, അതിലും മികച്ച, കൂട്ടായ്മകൾ ഇനിയും ഉണ്ടാകട്ടെ. കാരണം, RT ഒരിക്കലും സാംസ്കാരിക പടലയുടെ അവസാന വാക്കല്ല.  അങ്ങിനെ അവകാശപ്പെടുന്നതും ശരിയല്ലല്ലോ. 

Tuesday 27 September 2016

RT ഇനി ചലിച്ചു തുടങ്ങും ...../ RTEx Wing


RT ഇനി ചലിച്ചു തുടങ്ങും .....

ആഴ്ചയിൽ 3 ദിവസം


നമ്മുടെ ആലോചനകൾക്കും വായനയ്ക്കും സാംസ്കാരികഇടപെടലുകൾക്കും
അങ്ങിനെ കുറെ വിശ്രമം പാടില്ലല്ലോ.

അറിവും അനുഭവവും പുതിയ വർത്തമാനങ്ങളും പരസ്പരം പങ്കു വെക്കാം. തിരുത്താം, രാകി രാകി നന്നാക്കാം.

ഇനി പറയുന്നവരാണ് RT യിൽ മുന്നിൽ നിന്ന് പ്രവർത്തിക്കുക

അസീസ് ടി.വി.
അബൂബക്കർ എസ്.
മഹമൂദ് പട്-ല
കരീം കൊപ്പളം
അസ്‌ലം മാവില
ജാസിർ മാഷ്
അരമന മുഹമ്മദ്
ശരീഫ് കുവൈറ്റ്

കുറച്ചു പേർ കൂടി വിംഗിൽ ചേരും ...


മൂന്നു ദിവസം ഷെഡ്യൂൾഡ് പരിപാടികൾ
ബാക്കി നാലുദിവസം വായനാ മുറി
വായനാമുറിയിൽ എഴുത്തിലും കലയിലും  താല്പര്യമുള്ളവർക്കുള്ള വേദിയാണ്.

ഒരു കാരണവശാലും വീഡിയോ പോസ്റ്റ് ചെയ്യരുത്.
ഒരു കാരണവശാലും മറ്റുള്ളവരുടെ സിംഹവാലൻ രചനകൾ പോസ്റ്റ് ചെയ്യരുത്.

ജോലി സംബന്ധമായ വിവരങ്ങൾ ഉപകാരപ്പെടുന്നതെങ്കിൽ മാത്രം അനുവദിക്കും. പേരിനോ  മൂക്കിൽ മണപ്പിക്കാനോ ഒരു ടെക്‌നീഷ്യൻസ് പോലുമില്ലാത്ത നമ്മുടെ ഗ്രാമത്തിൽ അതിന്റെ വേക്കന്സി ഉണ്ടെന്നു പറഞ്ഞു സമയവും നേരവും കൊല്ലേണ്ടല്ലോ.

കാണ്മാനില്ല, കണ്ടുകിട്ടി, അടുക്കള വർത്തമാനങ്ങളുടെ ശബ്ദ രേഖ, മറ്റുഗ്രൂപ്പുകളിൽ നടന്ന സഭ്യേതരമായ വോയിസ് നോട്ടുകൾ, അപകട ദൃശ്യങ്ങൾ ഉള്ള വാർത്തകൾ, കല്യാണ ഫോട്ടോകൾ, ലൈക് അടിക്കാത്തവർ ആരൊക്കെ എന്ന വാശിയിൽ  മറ്റു ഗ്രൂപ്പുകളിൽ പോസ്റ്റിയ  ഫോട്ടോകളും വാർത്തകളും......  ഇവയുടെ കാര്യത്തിൽ നേരത്തെ നാം കൈകൊണ്ടിരുന്ന നിലപാട് തന്നെയാണ് - പാടില്ല, പോസ്റ്റ് ചെയ്യരുത്.

സഭ്യമായ അഭിപ്രായങ്ങളും എഴുത്തുകളും പ്രോത്സാഹിപ്പിക്കും. അതെത്രത്തോളം ആശയ-അഭിപ്രായ സംഘട്ടനങ്ങൾ ഉണ്ടായാലും. എഴുത്തും വരയും കുറിയും കുറിമാനവും അഭിപ്രായങ്ങളും മറ്റും എല്ലാവരും ''എസ്'' പറയണമെന്ന് നിർബന്ധം പിടിക്കരുത്. വിമർശനം പ്രതീക്ഷിക്കുക തന്നെ വേണം.

ലേഖനങ്ങൾ, കുറിപ്പുകൾ എന്നിവ മനസ്സിലാകുന്നത് മാത്രം എഴുതുക, പോസ്റ്റ് ചെയ്യുക. അവ നോൺ-ഫിക്ഷൻ വിഭാഗത്തിൽ പെടുന്നവയാണ്. അവ സാധാരണ വായനക്കാർക്ക് മനസ്സിലാകണം.  മരുമക്കളോടുള്ള ദേഷ്യം തീർക്കാൻ  എഴുതിരുന്ന പഴയ കാലത്തെ  ''അമ്മായിഅമ്മ കത്ത്'' പോലെയാകരുത് ഒരു ലേഖനവും.

RT ഇപ്പോൾ  പക്വത കൈവന്നിരിക്കുന്നു. പുതിയവർ വന്നാൽ അർഹിക്കുന്ന  പ്രോത്സാഹനം നൽകും.  അതുറപ്പ്.  പക്ഷെ നേരത്തെ RT കൈകൊണ്ടിരുന്ന ''സ്പൂൺ ഫീഡിങ്''  ഇനി ഉണ്ടാകില്ല. ബട്ടറിങ് നയം ഇനി വേണ്ട.

ശാന്തവും സജീവവുമായ  അന്തരീക്ഷത്തിൽ RT നിങ്ങളെ കേൾക്കുന്നു, നിങ്ങളെ കേൾപ്പിക്കുന്നു. മറ്റു പലയിടത്തും സജീവത ഉണ്ടാകാം, പക്ഷെ അവിടങ്ങളിലൊക്കെ  ഇല്ലാതെ പോകുന്നത്  ശാന്തമായ അന്തരീക്ഷമാണ്. ചെറിയ അംഗങ്ങളുള്ള ഒരു കൂട്ടായ്മയാണ് RT. ഇതിൽ നിന്ന്  ഇനിയും അംഗങ്ങൾ കൊഴിഞ്ഞു  ഇതിലും  ചെറുതുമാകാം. 

വളരെ നല്ല അഭിപ്രായങ്ങൾ / അസ്‌ലം മാവില

നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ എന്താണ് വിളിക്കാറ് ?
അവളെ നിങ്ങള്‍ ഒരു ദിവസം എത്ര പ്രാവശ്യം ചുംബിക്കാറുണ്ട് ?
എത്ര വട്ടം അവളുടെ മുടിയിഴകളില്‍ തലോടാറുണ്ട് ?
എത്ര പ്രാവശ്യം അവളെ മാറോട് ചേര്‍ക്കാറുണ്ട് ?
അവളുടെ കൈകളില്‍ എത്ര വട്ടം സ്നേഹപൂര്‍വ്വം പിടിച്ചു ഓമനിക്കാറുണ്ട് ?
മുഖത്ത് നോക്കി പുഞ്ചിരിച്ചു സംസാരിക്കാറുണ്ട് ?
സ്നേഹത്തോടെ അവളുടെ മടിയില്‍ തലവച്ച് കിടന്ന് കൊച്ചുവർത്തമാനങ്ങൾ പറയാറുണ്ടോ?

ചോദ്യങ്ങള്‍ കേട്ട് ഞെട്ടേണ്ട !!

ഇത് ഞാന്‍ നിങ്ങളോട് ചോദിക്കുന്ന ചോദ്യം അല്ല
റിയാദ് മസ്ജിദിൽ വെള്ളിയാഴ്ച ഖുതുബക്കിടയില്‍ ഖത്തീബ് ജനങ്ങളോട് ചോദിച്ച ചോദ്യങ്ങള്‍ ആണ് !!

ഒരു ദിവസം പലവട്ടം പല ആവശ്യങ്ങള്‍ക്കായി നിങ്ങള്‍ അവളെ വിളിക്കുന്നു

അതെവിടെ
ഇതെവിടെ
അത് ഇങ്ങ് കൊണ്ടുവാ
അത് താ ഇത് താ
നീ എവിടെ പോയി ഇരിക്കുന്നു
ഒന്ന് വേഗം വാ..

തുടങ്ങി എത്ര എത്ര കല്പനകളാണ് നീ ഒരു ദിവസം അവളോട്‌ കല്‍പ്പിക്കുന്നത്.
എന്തൊക്കെ പറഞ്ഞാണ് നീ അവളോട്‌ കയര്‍ക്കുന്നത്.
എന്തിനൊക്കെയാണ് നീ അവളോട്‌ ചൂടാവുന്നത് ?

എന്നിട്ടോ ?
നീ അവള്‍ക്കു എന്തെങ്കിലും അങ്ങോട്ട്‌ കൊടുക്കാറുണ്ടോ ?
അവളെ ഏതെങ്കിലും വീട്ടു കാര്യത്തില്‍ സഹായിക്കാറുണ്ടോ ?
അവളെ എന്തെങ്കിലും കാര്യത്തില്‍ അഭിനന്ദി ക്കാറുണ്ടോ ?

നമ്മളൊക്കെ നമ്മുടെ ഭാര്യമാരെ എന്താ വിളിക്കാറുള്ളത് ?

പാത്ത്വോ
നബീസാ
ഷൈനിയേ
എടിയേ ......!!!

പോത്തേ
കഴുതേ
പണ്ടാരമേ...

എന്തെല്ലാം വിളികള്‍.

ഇമാം തുടരുന്നു,

അവരെ വിളിക്കേണ്ടത് ഏറ്റവും സ്നേഹമൂറുന്ന പേരാണ്
യാ ഹബീബത്തീ
യാ ഖമര്‍
യാ കബ്ദീ
യാ ഖല്‍ബീ ..

പ്രിയേ
സ്നേഹമയീ
കരളേ
മുത്തേ
പൊന്നൂസേ
വാവേ
തക്കുടുവേ
ഹൃദയമേ ...

ഒടുവില്‍ അദ്ദേഹം പറഞ്ഞു

ഭാര്യയെ എല്ലാവരും വിളിക്കുന്ന പേരല്ല ഭര്‍ത്താവ് വിളിക്കേണ്ടത്.

നമുക്ക് മാത്രം വിളിക്കാന്‍ പറ്റുന്ന, കേള്‍ക്കുമ്പോള്‍ തന്നെ അവളുടെ മനം നിറയുന്ന ഒരു സ്പെഷ്യല്‍ പേര് കണ്ടെത്തണം.
നിങ്ങള്ക്ക് അവളെ മാത്രം വിളിക്കാനുള്ള ഒരു പേര്
മറ്റാരും വിളിക്കാത്ത ഒരു പേര്

അവളോട്‌ നിങ്ങള്‍ ചോദിക്കണം
ഞാന്‍ നിന്നെ എന്ത് വിളിക്കണം എന്ന്.
എന്നിട്ട് അവള്‍ക്ക് ഇഷ്ടപ്പെട്ട ഒരു പേര് കണ്ടു പിടിക്കണം.
അല്ലെങ്കില്‍ സ്വയം കണ്ടു പിടിക്കണം.

നിങ്ങളും പുതിയ പേര് കണ്ടു പിടിക്കൂ

നാം വളരെ നിസ്സാരം എന്ന് കരുതുന്ന കൊച്ചു കൊച്ചു കാര്യങ്ങളില്‍ പോലും എത്രയെത്ര കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍ ഇരിപ്പുണ്ട് അല്ലേ ?
ഒന്നോര്‍ത്തു നോക്കൂ ..

അദ്ദേഹം അവസാനം പറഞ്ഞ വാചകം ഇതാണ് .

'ഉണങ്ങിയ' കുടുംബ നാഥനില്‍ നിന്ന്
'ഉണങ്ങിയ' കുടുംബമേ സൃഷ്ടിക്കപ്പെടൂ.

'നനവുള്ള' 'കനിവുള്ള' 'സ്നേഹമുള്ള' കുടുംബ നാഥനില്‍ നിന്ന്
ഇതെല്ലാം ഉള്ള കുടുംബമാണ് സൃഷ്ടിക്കപ്പെടുക !!

ഏറ്റവും ഒടുവില്‍ റസൂലിന്റെ വാക്കുകൾ ഉദ്ധരിച്ചു അദ്ദേഹം ഇങ്ങനെ പറഞ്ഞു വെച്ചു

*'മന്‍ ഇഹ്തറമ സൌജതഹു ഹുവ കരീം*
*മന്‍ ഹഖറ ഹുര്‍മതഹു ഹുവ ലഈം'*

മൊഴി മാറ്റം:
*ആരെങ്കിലും തന്റെ ഭാര്യയെ മാനിക്കുന്നുവോ അവനാണ് മാന്യന്‍.*

*ആരെങ്കിലും തന്റെ സ്ത്രീയെ നിന്ദിക്കുന്നുവോ അവനാണ് നിന്ദ്യന്‍.*

എത്ര മനോഹരവും
ഉദാത്തവും ചിന്താര്‍ഹവും
മനോഹരവുമായ വാചകങ്ങൾ.

_____________________________________________________________________
********************************************************************

മുകളിൽ വന്ന ഒരു whatsaap പോസ്റ്റിനു എന്റെ കമന്റുകൾ താഴെ :

വളരെ നല്ല അഭിപ്രായങ്ങൾ
ആദരണീയനായ സഊദി പണ്ഡിതന്റെ അഭിപ്രായങ്ങൾ വിലമതിക്കാം.

# പുതിയ പേരുകൾ ആവാം, നല്ലപാതി അത് ഉൾക്കൊള്ളുമെങ്കിൽ (ഒരിടത്തു ഞാൻ പോയ കുടുംബ കൗൺസിലിംഗിൽ കേട്ട പരാതികളിൽ ഒന്ന് ബാപ്പച്ചി ഇട്ട പേര് ഇക്കാക്ക വിളിക്കുന്നില്ല എന്നായിരുന്നു )

# നിലവിലുള്ള പേരിന്റെ അവസാന അക്ഷരം ഒന്ന് മാറ്റിയാൽ തന്നെ നല്ല ഈണത്തിലുള്ള പേര് ലഭിക്കും (നേരത്തെ തന്നെ നിങ്ങൾ അങ്ങിനെ ഒരു അക്ഷരം ഉപേക്ഷിച്ചാണ് വിളിയെങ്കിൽ ഇനിയും ഷോർട്ട് ആക്കാൻ നിൽക്കരുത്, അസറിന്റെ ഖസ്റാക്കി, ഖസ്‌റിനെ പിന്നെയും ചുരുക്കി   ഖുസ്രാക്കിയ ഒരു മുട്ടുംതല പയ്യന്റെ കഥപോലെയാകും)

# മോർ പ്രാക്ടിക്കൽ , കൂടുതൽ പ്രായോഗികം പുതുതായി കല്യാണം കഴിച്ചവർക്ക്/ ഇനി കല്യാണം കഴിക്കാനുള്ളവർക്ക് (പുതിയ കൊഞ്ചുന്ന പേര് വിളിക്കാൻ മാത്രമായി രണ്ടാം  കല്യാണ ആലോചന നടത്തി ഓവർ സ്മാർട്ട് ആകരുത് )

എന്റെ അഭിപ്രായം :
ഒരു ആണിന്റേയോ പെണ്ണിന്റേയോ വിവാഹാലോചന കഴിഞ്ഞാൽ മഹല്ല് നേതൃത്വം നല്ല ഒരു ഇസ്‌ലാമിക കൗൺസിലറെ കൊണ്ട്നിർബന്ധമായും കുടുംബ ജീവിതം/ വിവാഹ/ വിവാഹാനന്തര ജീവിതം ഒരു വിഷയമാക്കി ഒന്നോ രണ്ടോ ക്‌ളാസ് നടത്തിയാൽ  ഒരു പാട് ഉപകാരംപ്പെട്ടേക്കും ( Note  : ഉറക്കം തൂങ്ങി ക്ലാസ്സ് ആയിപ്പോകരുത്, ഭീതിപ്പെടുത്തുന്നതും ആകരുത്. ക്ലാസ്സൊക്കെ കേട്ട് ''ആഹാ....  അത് ശരി ഇങ്ങിനെയൊക്കെയാണ് കല്യാണം കഴിഞ്ഞാലുണ്ടാകുന്ന ഗുലുമാലുകൾ'' എന്ന സ്ഥിതിയിലേക്ക് ആയിപ്പോകരുത്.  Anyway   ഈ വിഷയ സംബന്ധമായ ഒരു ലേഖനം RT യിലും kvartha.com ലും ഉടനെ ഞാൻ  എഴുതുന്നുണ്ട്, ഇന്ഷാ അല്ലാഹ് )

Sunday 25 September 2016

RTയിൽ വീണ്ടും ഇലയനക്കങ്ങളുണ്ടാകുമ്പോൾ ..../ അസ്‌ലം മാവില

RTയിൽ വീണ്ടും ഇലയനക്കങ്ങളുണ്ടാകുമ്പോൾ .....

അസ്‌ലം മാവില

ചില പ്രത്യേക സാഹചര്യങ്ങളിൽ എഴുത്തുകൾക്ക് പ്രാധാന്യമുണ്ട്. അവയിൽ പെട്ട ഒന്നാണ് ഇതെന്ന്  അനുവാചകർ കരുതുന്നതിൽ തെറ്റുമില്ല.

സാസ്കാരിക കൂട്ടായ്മ എന്നത് വളരെ കുറച്ചു പേരുടെ മാത്രം സജീവ സാന്നിധ്യമാണ്. ഒരിടത്തു തന്നെ അവ ഒതുങ്ങിക്കൊള്ളണമെന്നില്ല. സമാനചിന്താഗതിക്കാർ പല ഇടങ്ങൾ അവയ്ക്ക് കണ്ടെത്തുക സ്വാഭാവികം. അവയിൽ പെട്ട ഒന്നാണ് RT യും.  അത്കൊണ്ട് ഈ കൂട്ടായ്മയ്ക്ക് വലിയ വായിൽ വർത്തമാനമില്ല. അങ്ങിനെ പറയുന്നതും അരോചകമാണല്ലോ.

ചില അടയാളുണ്ടാക്കാൻ RTക്ക്  സാധിച്ചിട്ടുണ്ട്. അവയിൽ   ചിലത്   സ്പഷ്ടവും (bold) മറ്റു ചിലത് മന്ദപ്രഭയുള്ളതുമാണ് (pale).  പക്ഷെ അടയാളങ്ങൾ ഒരിക്കലും അടയാളങ്ങളാകുന്നില്ലല്ലോ.

RT ക്ക്  ഒരു സാസ്കാരിക കാഴ്ചപ്പാടുണ്ട്. അതെന്നും പ്രസക്തമെന്ന് നാം കരുതുന്നു. പരസ്പരം തിരിച്ചറിയുക, നന്മയെ പ്രോത്സാഹിപ്പിക്കുക, തിന്മയ്ക്കെതിരെ മുന്നറിവ്നൽകുക,  നിരന്തരം ജാഗ്രത പുലർത്തുക,   മൂത്തവരെ ബഹുമാനിക്കുകയും  ചെറുതിന്  കാരുണ്യത്തിന്റെ ചിറകുകൾ വിടർത്തുകയും ചെയ്യുക, അംഗീകാരവും ആദരവും ആരായാലും നൽകുന്നതിൽ ഒരുപടി കൂടി നാം മുന്നിൽ നിൽക്കുക, ബഹുസ്വരതയും അഭിപ്രായാന്തരങ്ങളും ഉൾക്കൊള്ളാനുള്ള മനസ്സുണ്ടാകുക, സാംസ്കാരികമായ ഔന്നത്യം പുലർത്തുക.

നടേ പറഞ്ഞ ഗുണഗണങ്ങൾ സമ്മേളിക്കണമെങ്കിൽ ആദ്യം ആവശ്യം അച്ചടക്കുള്ള പരിസരമാണ്. കലപില ശബ്ദങ്ങൾക്കിടയിൽ നന്മകൾ പറയുന്നതും അവ പകുത്തു നൽകുന്നതും ആരും അറിയാതെ പോകും. ആൾക്കൂട്ടങ്ങളിലെ ബഹളങ്ങൾക്കിടയിൽ പോക്കറ്റടിക്കാരനെ തിരിച്ചറിയാതെയും  വരും.  ഒരിക്കലും തിരിഞ്ഞു നോക്കാത്തവർ വലിയ  ഒച്ചയുള്ളിടത്താണ് എവിടെയും സാന്നിധ്യമറിയിക്കുന്നത്. ''ഞാനൊക്കെ ഇവിടെയൊക്കെയുണ്ടെ''ന്ന തെറ്റായ സന്ദേശം ഒച്ചയുണ്ടാക്കുന്നവർക്ക് വീര്യം  നൽകും. നിശബ്ദമായ അത്തരം സാന്നിധ്യമാണ് തുടർപ്രശ്നങ്ങൾക്ക് പിന്നെയും പിന്നെയും പ്രചോദനമാകുന്നത്.

സാമൂഹ്യപ്രശ്നങ്ങൾ ചർച്ച വരുന്നിടത്താണ് അവ മണത്തറിഞ്ഞു  ശ്രദ്ധ മാറ്റാൻ ചിലർ  അപ്രസക്ത വിഷയങ്ങൾ കൊണ്ട് വന്നു വിവാദമുണ്ടാക്കുന്നത്.  ഇത്തരം ഇടങ്കോലിടൽ ഗ്രാമത്തിൽ തുടങ്ങി അന്താരാഷ്‌ട്ര തലത്തിൽ വരെ നമുക്ക് കാണാവുന്നതാണ്. സാംസ്കാരിക ഇടപെടുകൾക്കേ ഒരുപരിധി വരെ ഇത്തരം തെറ്റായ നീക്കങ്ങൾക്കും ഒളി അജണ്ടകൾക്കും തടയിടാൻ സാധിക്കുകയുള്ളൂ. RT വീണ്ടും സജീവമാകാൻ  ഒരു പ്രധാനകാരണവും ഇത് തന്നെയാണ്.

 വരികൾക്കിടയിലും RT യിലെ ഇലയനക്കങ്ങൾക്കിടയിലും   ആർക്കും സമൃദ്ധമായി  വായിക്കാം.  When it sees an udder, a mosquito thinks not of milk but of blood . ഇതൊരു പഴമൊഴി. വായനയുടെ കാര്യത്തിൽ നേർവിപരീതമാകണം. 

Saturday 24 September 2016

ഖബർസ്ഥാനിലെ സെൽഫിക്കാരോട് ..... / അസ്‌ലം മാവില


മാസങ്ങൾക്ക് മുമ്പ് ഒരു തമിഴ് പയ്യൻ ചിറ്റപ്പന്റെ  ചൂടാറാത്ത മയ്യത്തിന്റെ അരികിൽ നിന്ന് ഒരു സെൽഫി അയച്ചു - അപ്പാ
അപ്പൂപ്പന്റെ മയ്യത്ത് പശ്ചാത്തലമാക്കി അറബിപ്പയ്യനും സെൽഫി എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.  അന്ന് അതിന് വന്ന വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കും കയ്യും കണക്കുമില്ല.   ഇപ്പോൾ ഒരു മലയാളി യുവാവ് മയ്യത്തുംകാട്ടിലേക്കാണ് സെൽഫിക്കായി തന്റെ മൊ-ക്യാമറ  ഫോക്കസ്‌ ചെയ്തിരിക്കുന്നത്.

ഇങ്ങിനെയൊക്കെ ചെയ്യുമ്പോഴേ ശ്രദ്ധിക്കപ്പെടൂ എന്നാണോ ? അതല്ല ഇത്രയൊക്കെയായില്ലേ ഇതും കൂടി ഇരിക്കട്ടെ എന്നാണോ ? മനുഷ്യരുള്ളിടത്തൊക്കെ ഈ ഫോട്ടോയും ഊര് ചുറ്റുന്നുണ്ടാകണം. മനുഷ്യപ്പറ്റുള്ളിടത്തൊക്കെ ഈ വിഷയം പ്രയാസത്തോടെ ചർച്ച ചെയ്യുന്നുണ്ടാകും.

ഇനി കുറച്ചു കൂടി വരാൻ ബാക്കിയുണ്ട്, മരിച്ച വ്യക്തിയുടെവിതുമ്പുന്ന ബന്ധുക്കളുടെ അടുത്തിരുന്ന് സെൽഫി. പള്ളിക്കാട്ടിലേക്ക് കൊണ്ട് പോകുമ്പോൾ, ആളുകളെ തടുത്തു നിർത്തി  മയ്യത്ത് കട്ടിൽ ഇറക്കി  അതിന് മുന്നിൽ നിന്നുള്ള സെൽഫി..... അങ്ങനെയങ്ങനെ.

നിങ്ങൾ സെൽഫി എടുക്കുന്നതല്ല പ്രശ്നം. ഇത്തരം വേളകളിൽ തെറ്റല്ലെന്ന് ബോധ്യം കൊണ്ടാണല്ലോ അതെടുക്കുന്നത്. നിങ്ങളോട് പറഞ്ഞു ജയിക്കാൻ ഒരു പക്ഷെ ആരുമുണ്ടാകില്ല ഭൂലോകത്തിൽ. അമ്മാതിരി ഞായങ്ങളാണല്ലോ നിരത്തുന്നതും.  പക്ഷെഅത് നാലാൾ കാണാൻ സോഷ്യൽ മീഡിയയിലയച്ചു ലൈക്കിന് നന്ദിയും അൺലൈകിനു തോന്ന്യാസവും പറയുന്നതാണ് അസഹനീയം. അവിടെയും നിറവും മതവും കൊടിയും കൊഞ്ഞാട്ടും കണ്ടു പക്ഷം പിടിക്കുന്നത് അതിലേറെ മോശം.


ചില ചിട്ടവട്ടങ്ങൾ മനുഷ്യരോട് സ്വയം പറയും. അത് ശരി,  ഇത് പാടില്ല എന്നൊക്കെ. കല്യാണ സദസ്സിൽ പോയി കൂട്ടത്തിൽ കൂടി നിങ്ങൾ ചിരിക്കുന്നതും അവിടെ നിരങ്ങി ഫോട്ടോ എടുക്കുന്നതുംമരണ വീട്ടിൽ പോയി ഓടിച്ചാടി നടക്കുന്നതും അവിടെ എത്തിയവരുടെയൊക്കെ കൂടെ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും നിങ്ങൾ സ്വയം ഒരുമ്പെട്ട് ക്യാമറ ക്ലിക്ക് ചെയ്യുന്നതും. ഇത് രണ്ടും ഒന്നാണോ ? മരണ വീട്ടിൽ ഒരാൾ അമ്മാതിരി കാണിക്കുന്നതിനെ  കോപ്രായമെന്നല്ല ഹറാംപിറപ്പ് എന്നേ മൂക്ക് താഴോട്ടുള്ള ആരും പറയൂ.  മയ്യത്തുംകാട്ടിൽ പോയി ഫോട്ടോ എടുപ്പല്ല, നാല് ടവ്വൽവേഷക്കാരെ പശ്ചാത്തലമാക്കി നമ്മിൽ ഒരാൾ മൊബൈലിൽ സെൽഫി എടുത്തു കാര്യവുമായി അടിക്കുറിപ്പ് എഴുതി സോഷ്യൽ മീഡിയയിൽ ഗമയിൽ പോസ്റ്റി അതിന് ലൈകും അൺലൈകും എണ്ണുന്നവനെ എന്ത് വിളിക്കണം ? ഗുണ്ടർട്ടിന്റെ നിഘണ്ടു വേണ്ട, നിലവിലുള്ള ലേറ്റസ്റ്റ് ഡിക്ഷണറി തന്നെ നമുക്ക് തപ്പാമല്ലോ.

Wednesday 21 September 2016

അവസരം കിട്ടുമ്പോഴൊക്കെ പാകിസ്ഥാന്‍ ഇന്ത്യയെ മാന്തുന്നു; ഒപ്പം ഭീകരതയും കയറ്റി അയക്കുന്നു/ അസ്‌ലം മാവില

http://www.kvartha.com/2016/09/terrorism-of-pakistan.html

അസ്‌ലം മാവില


(www.kvartha.com 21.09.2016) അതിര്‍ത്തി വീണ്ടും സംഘര്‍ഷഭരിതമാകുകയാണ്. ഒരു കാലത്തും പാകിസ്ഥാന്‍ നമ്മുടെ നല്ല അയല്‍രാജ്യമല്ല. അഭിഭക്ത ഭാരതത്തിന്റെ വിഭജനം മുതല്‍ക്ക് തന്നെ രാഷ്ട്രീയമായി നമ്മെ ശത്രുരാജ്യത്തിന്റെ പട്ടികയിലാണ് പാകിസ്ഥാന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാലാകാലങ്ങളില്‍ വന്ന പാക് ഭരണാധികാരികളും അവരെ നിയന്ത്രിച്ചിരുന്ന സൈനിക നേതൃത്വങ്ങളും അവരുടെ നയത്തില്‍ തുടര്‍ന്നും ഒരു മാറ്റവും വരുത്തിയിട്ടുമില്ല. ഭരണാധികാരികള്‍ നമ്മോടല്‍പ്പം ലിബറലെന്നു തോന്നുമ്പോഴൊക്കെ മറ്റു വല്ല കാരണങ്ങളുണ്ടാക്കി സൈനികര്‍ ഇടപ്പെട്ട് ഒന്നുകില്‍ ഭരണം അട്ടിമറിച്ചിട്ടുണ്ട്, അല്ലെങ്കില്‍ ഭരണാധികാരികളെ കൊന്നുതീര്‍ത്തിട്ടുണ്ട്. അത് കൊണ്ട് പാക്ക് ഭരണാധികാരികള്‍ക്ക് അവരുടെ വീട്ട് മുറ്റത്ത് എപ്പോഴും തങ്ങളുടെ തടി സലാമത്താക്കാനുള്ള ഇന്ധനം നിറച്ചു വെച്ചു സ്റ്റാര്‍ട്ടില്‍ നിര്‍ത്തിയ ഒരു കൊച്ചു ഫ്‌ലൈറ്റുണ്ടെന്നത്   മീഡിയക്കാര്‍ക്കിടയില്‍ പറയുന്ന ഒരു തമാശയാണത്രെ.

നെഹ് റുവിന്റെ കാലം മുതല്‍ തന്നെ പാകിസ്ഥാന്‍ ഇന്ത്യയെ ചൊറിയുന്നുണ്ട്. ചില ചൊറിച്ചിലിനുള്ള കാരണങ്ങള്‍ അവര്‍ തന്നെ വരുത്തിത്തീര്‍ത്തതുമാണല്ലോ (അവയിലേക്കൊന്നും ലേഖന ദൈര്‍ഘ്യ ഭയം കൊണ്ട് പോകുന്നില്ല). അത്തരം ജാള്യതകള്‍ തികട്ടിവരുമ്പോഴൊക്കെ പാകിസ്ഥാന്‍ ഇന്ത്യയെ മാന്താന്‍ നിന്നു. അവസരം വന്നപ്പോള്‍ അവര്‍ക്ക് 1971ല്‍ ഉരുക്ക് വനിത ഇന്ദിരാഗാന്ധി കൊടുത്ത  മറുമരുന്ന് ഭൂമിലോകം ഉള്ളിടത്തോളം കാലം ആര് മറന്നാലും പാക്ക് ജനതയും അവരുടെ ഭരണാധികാരികളും മറക്കില്ല. 

ജയിച്ച കിഴക്കന്‍ പാകിസ്താന്റെ പേര് തന്നെ ഭൂപടത്തില്‍ നിന്ന് ഇന്ത്യ മാറ്റിക്കൊടുത്തു. രവീന്ദ്ര നാഥ ടാഗോര്‍ ദേശീയഗാനവും എഴുതിക്കൊടുത്തു. ബംഗ്ലാദേശെന്ന രാഷ്ട്രം അങ്ങിനെയാണ് ഉണ്ടാകുന്നത്. മുജീബ് റഹ്മാന്‍ അങ്ങിനെയാണ് ആ രാഷ്ട്രത്തിന്റെ ഫാദര്‍ ഓഫ് നാഷന്‍ ആകുന്നത്. പിന്നെ ഒരിക്കലും ജിന്നയെ രാഷ്ട്രപിതാവെന്നോ ഇസ്ലാമാബാദ് തങ്ങളുടെ തലസ്ഥാനമെന്നോ പഴയ കിഴക്കന്‍ പാക്കിസ്ഥാനികള്‍ക്ക് പറയേണ്ടി വന്നിട്ടില്ല. ജയിച്ച മുജീബിനെ അംഗീകരിക്കാന്‍ തയ്യാറാകാത്ത യഹ്‌യാ ഖാന്റെ ദുരഭിമാനവും മുണ്ടുടുക്കുന്ന അരിയാഹാരം കഴിക്കുന്ന ബംഗാളികളെ പുച്ഛത്തോടെ കാണുന്ന ഭൂട്ടോയെപ്പോലുള്ള ഗോതമ്പ് തീനികള്‍ക്കും കാര്യങ്ങള്‍ ഇത്രത്തോളമെത്തുമെന്ന് സ്വപ്‌നേപി വിചാരിച്ചിട്ടുണ്ടാകില്ല. അമേരിക്കയാണല്ലോ അന്ന് അവര്‍ക്ക് വല്യാപ്പ. (ഇപ്പോഴും അവരൊക്കെ തന്നെയാണ് വല്യാപ്പയും കുഞ്ഞമ്മയും). അമേരിക്കയ്ക്കും ബ്രിട്ടനും അതിന്റെ ക്ഷീണം തീര്‍ന്നിരുന്നില്ല. ഖലിസ്ഥാന്‍ വാദവും ഭിന്ദ്രന്‍വാലയും കേവലം പാകിസ്ഥാന്റെ സൃഷ്ടി ഒരിക്കലുമല്ലെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. ഭാരതം എക്കാലവും മറക്കാന്‍ സാധിക്കാത്ത ധീരയായ  പ്രിയദര്‍ശിനിയെന്ന് വിളിക്കുന്ന ഇന്ദിരയുടെ ജീവന്‍ എടുക്കുന്നതില്‍ വരെ അമേരിക്കയുടെയും ബ്രിട്ടന്റെയും അദൃശ്യ കരങ്ങളുണ്ട്.

അന്ന് ഇന്ദിരാഗാന്ധി നടത്തിയ ഗൃഹപാഠമുണ്ട്. അവര്‍ നടത്തിയ മുന്നൊരുക്കമുണ്ട്. അവര്‍ നേതൃത്വം നല്‍കിയ കൂടിയാലോചനകളുണ്ട്. നയതന്ത്രനിലപാടുകളും ഇടപെടലുകളുമുണ്ട്. അതൊരു സുപ്രഭാതത്തില്‍ ഉറക്കത്തില്‍ നിന്നെഴുന്നേറ്റു എടുത്ത തീരുമാനങ്ങളല്ല.  അടിയന്തിരാവസ്ഥയും മറ്റുമൊക്കെയുള്ള അവരുടെ രാഷ്ട്രീയ നിലപാടുകളൊടുള്ള വിയോജിപ്പ് നിലനിര്‍ത്തിക്കൊണ്ടു പോലും അന്താരാഷ്ട്ര വിഷയങ്ങളിലും അതിര്‍ത്തി കാര്യങ്ങളിലും ഇന്ദിര ചെയ്ത ഹോം വര്‍ക്കും, അവര്‍ കാണിച്ച ദീര്‍ഘ ദര്‍ശിത്വവും അത്ഭുതത്തോടു കൂടി മാത്രമേ ഓരോ ഇന്ത്യക്കാരനും ഓര്‍ക്കാന്‍ സാധിക്കൂ.

മുകളില്‍ പറഞ്ഞ ചരിത്ര വായനകൂടി മനസ്സില്‍ കണ്ട് വേണം നിലവില്‍ ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ നടക്കുന്ന അസുഖകരമായ പ്രശ്‌നങ്ങള്‍ വായിക്കേണ്ടതും പ്രശ്‌നപരിഹാരമാലോചിക്കേണ്ടതും. നിലവിലുള്ള സാഹചര്യവും അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ സാന്നിധ്യവും മറ്റും തീര്‍ച്ചയായും വിഷയീഭവിക്കണം. വര്‍ത്തമാന ലോകത്ത് ഒരുപാട് സമവാക്യങ്ങള്‍ രാഷ്ട്രങ്ങള്‍ക്കിടയില്‍ നടന്നിട്ടുണ്ട്. നേരത്തെ കൈയുണ്ടായിരുന്ന തോളത്തു നിന്ന് മാറ്റി മറ്റു ചിലരുടെ തോളത്താണ് പല രാഷ്ട്രങ്ങളുടെയും കൈകള്‍. രാഷ്ട്രങ്ങള്‍ക്കിടയിലുള്ള സൗഹൃദം പോലുമുണ്ടാക്കുന്നത് എന്ത് ഇങ്ങോട്ട് കിട്ടുമെന്നും എത്ര യുദ്ധക്കോപ്പുകള്‍ അങ്ങോട്ട്  വിറ്റഴിക്കാന്‍ പറ്റുമെന്നും നോക്കിയാണ്. പരസ്പരം പോരടിക്കുന്ന രാഷ്ട്രങ്ങള്‍ക്കിടയില്‍ ഒരേ ബ്രാന്‍ഡ് ആയുധങ്ങള്‍ പൊട്ടാതെ പെറുക്കാന്‍ കിട്ടുമ്പോള്‍ മാത്രമാണ് വന്‍കിട ആയുധക്കമ്പനികളും അതിന്റെ കമ്മീഷന്‍ പറ്റുന്ന രാഷ്ട്രങ്ങളും തങ്ങളെ പറ്റിച്ചുവെന്ന് തിരിച്ചറിയുന്നത്.

എ കെ ആന്റണിയെപ്പോലുള്ള രാഷ്ട്രീയനേതാക്കളും എം കെ നാരയണനെപ്പോലുള്ള നയതന്ത്രജ്ഞരും വളരെ പക്വമായ അഭിപ്രായങ്ങള്‍ നിലവിലുള്ള വിഷയങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അതിര്‍ത്തി കടന്നുള്ള പാക് ഭീകരതയ്‌ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ നമ്മുടെ ശബ്ദം നിരന്തരമെത്തിക്കുവാനുള്ള ശ്രമം നാമിനിയും പൂര്‍വ്വാധികം ശക്തിയോടെ തുടരണം. നിലവില്‍ അവര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ സൈബര്‍ സാധ്യതകള്‍ ഉപയോഗിച്ച് കണ്ടെത്തുവാനും ലോകത്തിനു മുന്നിലവ സംശയലേശമന്യേ അവതരിപ്പിക്കാനും ഇന്ത്യക്ക് പറ്റും.

എന്തു പറഞ്ഞാലും,  എത്ര തന്നെ സ്ഥൂലവും സൂക്ഷ്മവുമായ തെളിവുകള്‍ നിരത്തിയാലും പാകിസ്ഥാന്‍ അവയൊക്കെ നിരാകരിക്കുമെന്നും നിഷേധിക്കുമെന്നും  എല്ലാവര്‍ക്കുമറിയാം. പക്ഷെ നമ്മെ ഉറ്റു നോക്കുന്ന ലോകരാഷ്ട്രങ്ങളെ നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ നമുക്കത്തരം ഇടപെടലുകള്‍ കൊണ്ട് തീര്‍ച്ചയായും സാധിക്കും. ഏറ്റവും കുറഞ്ഞത് പാക്കിസ്ഥാനുമായി തുടങ്ങാന്‍ ഒരുക്കൂട്ടുന്ന സാമ്പത്തിക ഇടനാഴി (china pak economic corridor) യില്‍ നമ്മുടെ നയതന്ത്രമാസ്മരികത കൊണ്ട്  ഇന്ത്യയുടെ ഭീഷണി ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനെങ്കിലും സാധിച്ചാല്‍ ചൈനയുടെ മനസില്ലാമനസ്സോടുള്ള പിന്തുണ കുറഞ്ഞത് നമുക്ക് ലഭിച്ചേക്കും. അത് തന്നെ നയതന്ത്ര തലത്തില്‍ വലിയ തുടക്കമാകുമെന്നാണ് the hindu പോലുള്ള പത്രങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

പാകിസ്ഥാനോട് യുപിഎ ഗവണ്മെന്റ് ആണത്തമില്ലായ്മയാണ് (pusillanimtiy) കാണിക്കുന്നതെന്നും പറഞ്ഞായിരുന്നല്ലോ എന്‍ഡിഎ തെരഞ്ഞെടുപ്പ് കാലത്തു പ്രകടന പത്രിക ഇറക്കിയത്. ഇപ്പോള്‍ എന്‍ഡിഎയുടെ കാലിലാണ് പാദുകമുളളത്. മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും പശ്ചിമ ബംഗാള്‍ ഗവര്‍ണറുമായിരുന്ന എം കെ നാരായണന്‍ നിരീക്ഷിച്ചത് പോലെ The shoe is now on the other foot, and the wearer is since learning where the shoe pinches. ''ഷൂ ധരിച്ചത് മുതല്‍ പിച്ചലും നുള്ളലും എവിടെനിന്നാണെന്നു പുതിയ സര്‍ക്കാര്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്''. അത്‌കൊണ്ട് ഭരണം മാറിയത് കൊണ്ട് അതിര്‍ത്തി തര്‍ക്കങ്ങളും അതിര്‍ത്തികടന്നുള്ള പാകിസ്താന്റെ ചെലവില്‍ നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങളും അപ്പാടെ നിന്നുകൊള്ളണമെന്നില്ല. യുദ്ധം ഒരു പരിഹാരവുമല്ല.

ചില ദേശീയ ദിനപത്രങ്ങളില്‍ ഇന്നും ഇന്നലെയും റിപ്പോര്‍ട്ട് ചെയ്തത് പോലെ 1990കളില്‍ അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു എടുത്തത് പോലുള്ള സൂക്ഷിച്ചും വരുംവരായ്കകള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടും നമ്മുടെ ലക്ഷ്യം കാണാനുതകുന്നതുമായ നിലപാടുകള്‍ എടുക്കാനെങ്കിലും ഇന്നത്തെ രാഷ്ട്രീയനയതന്ത്ര നേതൃത്വങ്ങള്‍ക്കാകണം. പ്രതിപക്ഷ നേതൃത്തിന്റെ കൂടി അഭിപ്രായങ്ങള്‍ വളരെ പ്രധാനവുമാണ്. പാര്‍ട്ടിക്കാരും  അണികളും പലതും പറയും. പറഞ്ഞു മൂപ്പിച്ചു യുദ്ധമുണ്ടാക്കാന്‍ എളുപ്പമാണ്. യുദ്ധമുണ്ടാകുന്ന സാഹചര്യമില്ലാതാക്കലാണ് ഏറ്റവും വലിയ വെല്ലുവിളി.

അന്താരാഷ്ട്ര വട്ടമേശകളിലെ പ്രഭാത ഭക്ഷണത്തോടൊപ്പം കശ്മീര്‍ വിഷയം വരുത്തുക എന്നത് പാകിസ്താന്റെ ''ഒന്നാം തിയ്യതി'' മുതലുള്ള കുറുക്കന്‍ തന്ത്രമാണ്. കശ്മീര്‍ വിഷയം അങ്ങിനെ ഒരു അന്താരാഷ്ട പ്രശ്‌നമാക്കി കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഉറിയിലും അവര്‍ തുടങ്ങി വെച്ചതെന്ന സംശയം ഇല്ലാതില്ല. നമുക്ക് തീര്‍ത്തും ന്യായമെന്ന് ഉറപ്പുള്ള വിഷയത്തില്‍ കോട്ടും സൂട്ടുമിട്ട് കണ്ട നാട്ടുകാര്‍ക്കൊക്കെ കേറി നിരങ്ങി അഭിപ്രായങ്ങള്‍ പറയുന്നതിനോട്, ഇന്ത്യ ഒരിക്കലും തയ്യാറുമല്ലല്ലോ.

മുഗള്‍ ചക്രവര്‍ത്തി ജഹാംഗീര്‍ ഒരിക്കല്‍ കശ്മീരിനെ നോക്കി  പറഞ്ഞു  ' If there is ever a heaven on earth, its here, its here, its here'.  ഭൂമിയിലെ സ്വര്‍ഗ്ഗം തീര്‍ക്കാനുള്ള അത്തരമൊരു സ്ഥിതി സംജാതമാകാന്‍ മൂന്ന് രാജ്യങ്ങളും ഒരേപോലെ ആഗ്രഹിക്കണം. ഇന്ത്യയും പാക്കിസ്ഥാനും ചൈനയും. ( ഇന്ത്യയുടെ കയ്യില്‍ 1,01,387 ചതുരശ്ര കിലോ മീറ്റര്‍ മാത്രമാണുള്ളത്. ആകെയുള്ള 2,22,236 ചതു. കിലോ മീറ്ററില്‍ ബാക്കിയുള്ളത് മുഴുവനും രണ്ടു അയല്‍ രാജ്യങ്ങള്‍ അധിനിവേശം നടത്തി കയ്യടക്കി വെച്ചിരിക്കുകയാണ്. പ്രശ്‌നങ്ങള്‍ മൊത്തം പാകിസ്ഥാന്‍ ഒളിഞ്ഞും മറഞ്ഞും ഉണ്ടാക്കുന്നതാകട്ടെ 15,948 ചതു. കി. മീറ്റര്‍ മാത്രമുള്ള ഇന്ത്യന്‍ അധീനതയിലുള്ള കശ്മീര്‍ താഴ് വരയിലും).

ഈ എഴുത്തിന്റെ അവസാനവും, രാജ്യത്തിനു വേണ്ടി ജീവന്‍ ത്യജിച്ചു മുഴുവന്‍ ജവാന്മാരുടെ സ്മരണയ്ക്ക് മുന്നില്‍ ബിഗ് സല്യൂട്ട് സമര്‍പ്പിക്കുന്നു. അവരുടെ അര്‍പ്പണബോധവും ജീവത്യാഗവും മുഴുവന്‍ തന്നെ നമ്മുടെ രാജ്യത്തിന്റെ സുരക്ഷ കാത്തു സൂക്ഷിക്കുവാനും അതിര് കടന്നെത്തുന്ന ഭീകരതയ്‌ക്കെതിരെയുമാണല്ലോ

Monday 19 September 2016

എന്റെ കോളം ചെറിയ ഒരു വിശദീകരണം / അസ്‌ലം മാവില


അസ്‌ലം മാവില

ചില ഓൺലൈൻ പത്രങ്ങളിൽ  എന്റെ കോളം വായിക്കുന്നവർക്ക് ഒരു പക്ഷെ അക്ഷരതെറ്റുകൾ കാണാൻ സാധിച്ചില്ലെങ്കിലും വാചക ഘടനയിൽ ഒരു സുഖം അനുഭവപ്പെടുന്നുണ്ടാകില്ലെന്ന് എനിക്ക് അറിയാം.

ഇതൊരു ഒഴുക്കൻ എഴുത്താണ്. വാർക്കപ്പണി ഓഫീസിൽ  (construction site office ) തിരക്കുപിടിച്ച ജോലിക്കിടെ കിട്ടുന്ന നേരങ്ങളിൽ എഴുതുന്ന എനിക്ക് ഇതിലും കൂടുതൽ ചെയ്യാൻ പറ്റില്ല.  ചില ഇടനേരങ്ങൾ, ഭക്ഷണ സമയം സേവ് ചെയ്ത് കിട്ടുന്ന കുറച്ചു മിനിറ്റുകൾ, വീട്ടിൽ പോകാൻ നേരത്തു വല്ലപ്പോഴും കിട്ടുന്ന അരമണിക്കൂർ....അതൊക്കെയാണ് എന്റെ എഴുത്തുനേരങ്ങൾ !

റൂമിലെത്തിയാൽ, തൊട്ടുതലേദിവസം  ഓൺലൈനിൽ വായിച്ച  വർത്തകളാകാം എന്റെ എഴുത്തിനു കാരണമാകുന്നത്. ഇതിനെ  എഴുത്തെന്നൊന്നും പറഞ്ഞുകൂടാ. കുറിപ്പുകൾ എന്ന് പറയാം.  അത് കൊണ്ട് ആ തെറ്റുകളും  കൈപ്പിഴവുകളും  എന്റേത് മാത്രമാണ്. രണ്ടാം വായനയ്ക്കോ വാചകങ്ങൾ തിരുത്തുവാനോ എനിക്ക് സമയം തീരെ ലഭിക്കാറില്ല. ക്ഷമിക്കുക. 

'കല്യാണസദസ്സ് കലക്കികളെ' പോലീസ് ഊരക്ക് പിടിച്ചു അകത്തിടുമ്പോള്‍ / അസ്‌ലം മാവില


http://www.kasargodvartha.com/2016/09/how-to-keep-decently-in-wedding-program_19.html

അസ്‌ലം മാവില 


(www.kasargodvartha.com 19.09.2016) 
'വരനെ വധുവിന്റെ വീട്ടിലേക്ക് കൊണ്ടു പോകുമ്പോള്‍ സുഹൃത്തുക്കളുടെ കൂടെ മാത്രം അയക്കാതെ മുതിര്‍ന്നവരും ഇവര്‍ക്കൊപ്പം പോയാല്‍ ഇത്തരം (പാതിരാവില്‍ വരനെ വട്ടം കറക്കാന്‍ പിടിച്ചു കൊണ്ട് പോകുന്നുവെന്ന് ലേഖകന്‍) സംഭവങ്ങള്‍ ഒഴിവാക്കാമെന്നാണ് പോലീസ് പറയുന്നത്''.

കാസര്‍കോട് വാര്‍ത്തയില്‍ വന്ന റിപ്പോര്‍ട്ട് അവസാനിക്കുന്നത് ഇങ്ങിനെയാണ്. ഈ വാര്‍ത്തയുടെ പശ്ചാത്തലം എല്ലാവരും അറിഞ്ഞു കാണും. അല്ലെങ്കിലും കുറെ വര്‍ഷങ്ങളായി ഇതൊക്കെ തന്നെയല്ലേ നാട്ടില്‍ കല്യാണ ദിവസം നാം കണ്ടുകൊണ്ടിരിക്കുന്നത്.

ഒരു കല്യാണ സദസ്സ്. വധുവിന്റെ വീടാണ്. വരന്‍ വരാറായി. പന്തലില്‍ നിന്ന് കാരണവന്മാരുടെ മുഖത്ത് വല്ലാത്ത ബേജാറും വെപ്രാളവും. വീടിനകത്തേക്ക് അടുത്ത ബന്ധത്തില്‍ പെട്ട ചെറുപ്പക്കാരും അയല്‍വാസികളും സംഘമായി ഝടുതിയില്‍ പോയി. അവര്‍ ചില സ്ഥലങ്ങളില്‍ നിലയുറപ്പിച്ചു. ഒന്ന് രണ്ടു മുതിര്‍ന്നവര്‍ ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. മോക്ഡ്രില്ലും ചെയ്യുന്നു. വരുന്നവര്‍ അകത്തു കയറിയാല്‍, അകത്തു കയറിവര്‍ ബഹളം വെച്ചാല്‍... അത് നിയന്ത്രണാതീതമായാല്‍... ആവശ്യമായ നിര്‍ദ്ദേശങ്ങള്‍. ''ഇവരൊന്നു വന്നു കച്ചറ വലിച്ചിടാതെ പോയിരുന്നെങ്കില്‍ മതിയായിരുന്നു''. ഒരു കാരണവരുടെ ആത്മഗതം. ഇങ്ങിനെയൊരു ഉത്കണ്ഠയുടെ നേരം കടന്നു പോകാത്ത എത്ര വധുവിന്റെ വീടുകള്‍ ഉണ്ടാകും? വളരെ വളരെ കുറവ്. 

കുറച്ചു കാലം മുമ്പൊക്കെ വധുവിന്റെ വീട്ടില്‍ വരനും കൂട്ടുകാരും എത്താനായിരുന്നു കാത്തിരിപ്പ്, അവരെ സന്തോഷത്തോടെ സ്വീകരിക്കാന്‍, സല്‍ക്കരിക്കാന്‍, പരിചയപ്പെടാന്‍, പരിചയപ്പെടുത്താന്‍... ജാനാലയിലും മട്ടുപ്പാവിലും ബാല്‍ക്കണിയിലും വേലിപ്പുറത്തുമൊക്കെ പെണ്ണുങ്ങളും കുട്ടികളും അവരുടെ വരവ് നോക്കി കണ്‍കുളിര്‍ക്കെ സന്തോഷിക്കും. മനസ്സുകൊണ്ട് ആശംസകള്‍ അര്‍പ്പിക്കും. എത്ര നല്ല മണിക്കൂറുകള്‍!

ഇപ്പോഴതൊക്കെ വഴി മാറി. വരന്‍ ശട്ടം കെട്ടിയ, ഇരു വീട്ടുകാരെയും വഷളാക്കാന്‍ കെട്ടുവേഷം കെട്ടിയ കൂട്ടുകാരാണ് കല്യാണവീടുകള്‍ കയ്യേറുന്നത്. ആ കുട്ടുകാരെ നേരിട്ട്  ക്ഷണിച്ചത് വരനാണ്. അവര്‍ക്ക് പരിചയവും വരനെത്തന്നെ. അവിടെ ഒരു ബഹളവുമില്ല. കച്ചറയും കയ്യൂക്കും മൊത്തം നടത്തുന്നതോ അതുവരെ ഒരു പരിചയവുമില്ലാത്ത വധുവിന്റെ വീട്ടില്‍ പോയി! അതിന് നിന്ന് കൊടുക്കാന്‍ കോന്തന്‍ പുതിയാപ്പിളയും!

ഇവരെയൊക്കെ നിക്കാഹ് സദസ്സില്‍ ഒന്ന് കാണണം. എന്ത് നല്ല മാന്യന്മാര്‍! എത്ര നല്ല അനുസരണക്കാര്‍. തലയില്‍ വെള്ള ടവ്വലില്ലെങ്കില്‍, ആ ടവ്വലിനെങ്ങാനും ഒരു പൊടി വീണിട്ടുണ്ടെങ്കില്‍, വരനെ നിക്കാഹ് വേദിയിലേക്ക് എഴുന്നള്ളിക്കുമ്പോള്‍, മൂത്തപെങ്ങളുടെ ഭര്‍ത്താവെത്താന്‍  രണ്ടു സെക്കന്‍ഡ് വൈകിയാല്‍, ഉസ്താദിന്റെ പ്രാര്‍ത്ഥന അല്പം കുറഞ്ഞെന്ന് തോന്നിയാല്‍... എന്തൊക്കെ തൊന്തരവ് ഉണ്ടാക്കും. വരന്റെ വീട്ടില്‍ നടക്കുന്ന ഇലയനക്കം വരെ കൂട്ടുകാര്‍ക്ക് വലിയ വിഷയമാണ്. മണിയറയില്‍ എന്തൊക്കെ കെട്ടിത്തൂക്കണം, കെട്ടാതെ തൂക്കണം, പുതുമണവാളന്റെ നിക്കാഹ് ഡ്രസ്സും കുടയുന്ന സ്‌പ്രേയും ധരിക്കുന്ന മെതിയടിയും എല്ലാം അവര്‍ക്ക് നിശ്ചയം.

പക്ഷെ, പെണ്ണിന്റെ വീട്ടില്‍ പോകാനൊരുങ്ങുമ്പോഴാണ് ഇവര്‍ക്ക് രോഗലക്ഷണങ്ങള്‍ തുടങ്ങുന്നതും പടരുന്നതും. ഒരു തരം ചുഴലി രോഗം പോലെ. അപ്പോള്‍ ചെറുക്കന്‍ ആകെ മാറണം, വേഷമോ അരപ്പട്ടയും കള്ളിത്തുണിയും, അല്ലെങ്കില്‍ ജയന്റെ കാലത്തെ കോലം, പോക്ക് കാളവണ്ടി, അല്ലെങ്കില്‍ ജെസിബി, 47ലെ മൂക്ക് കണ്ണട, തുള വീണ പുതിയ കഞ്ചിപ്രാക്ക്... എന്തൊക്കെ ആവശ്യങ്ങള്‍! ഇവകള്‍ നിര്‍ബന്ധമായും മണവാളന്‍ മനസ്സാ വാചാ അംഗീകരിച്ചാല്‍ മാത്രമേ വധുവിന്റെ വീട്ടിലേക്ക് കൂട്ടുകാര്‍ കൂടെ പോകൂ. പിന്നെ പതംപറച്ചിലും പഞ്ചായത്തുമായി.  വേഷവിധാനങ്ങളില്‍ മാറ്റം വരുത്തിയാല്‍ തന്നെ പെണ്ണിന്റെ വീട്ടില്‍ അറ പൊളിക്കാന്‍ വേറെ ഏര്‍പ്പാട് ആളെ വെച്ച് ചെയ്യും. എന്തൊക്കെ വഷളത്തരം പാട്ടുകള്‍! വധുവിന്റെ വീട്ടുകാരോട് അപമര്യാദയായി പെരുമാറുന്നതില്‍ മുതല്‍ ബെഡ്‌റൂമില്‍ ഒരുക്കിയത് മുഴുവന്‍ നാശകോശമാക്കി വെക്കുന്നത് വരെ അത് നീളും. എല്ലാം കഴിഞ്ഞു അവര്‍ ആ വീട്ടില്‍ നിന്ന് പുറത്തു വരുമ്പോള്‍ പറയുന്ന വഷളന്‍ രംഗമുണ്ട്. ''ഇപ്പോള്‍ തല്‍ക്കാലം ഇത്ര മതി, ബാക്കി നമുക്ക് രാത്രി നോക്കാം''

അങ്ങനെ ബാക്കി രാത്രി നോക്കാമെന്ന് പറഞ്ഞ രംഗങ്ങള്‍ അരങ്ങേറുമ്പോഴാണ് പാതിരായ്ക്ക് പോലീസുകാര്‍ ഈ ''കല്യാണസദസ്സ് കലക്കികളെ''  ഊരക്ക് പിടിച്ചു അകത്തിടുന്നത്! പെണ്ണിന്റെ വീട്ടിലേക്ക് സുരക്ഷിതമായി എത്തിക്കാന്‍ ഏല്‍പ്പിച്ച ഈ യുവാക്കളാണ് ടൗണ്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തു പുലര്‍ച്ചെ രണ്ടു മണി കഴിഞ്ഞിട്ടും കറങ്ങുന്നത് ആ പരിസരത്തു റോന്ത് ചുറ്റുന്ന നിയമപാലകര്‍ കാണുന്നത്.  പോലീസിനോട് പറഞ്ഞ കാരണം ഞങ്ങള്‍ക്ക് ചെറുക്കന്റെ വീട്ടുകാര്‍ ഭക്ഷണം നല്‍കാത്തത് കൊണ്ടാണ് ഞങ്ങള്‍ രായ്ക്ക് രാമാനം കല്യാണത്തിനു ക്ഷണിച്ച പുതിയാപ്പിളയെ കെട്ടിയെടുത്തു ഹോട്ടലില്‍ കൊണ്ട് വന്നതെന്ന്! എങ്ങിനെയുണ്ട് തടി സലാമത്താക്കാന്‍ നട്ടാല്‍ മുളക്കാത്ത കള്ളം പറഞ്ഞ കൂട്ടുകാരും കാക്കി വിരട്ടലിനു മുന്നില്‍ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരുടെ മാനത്തേക്കാളും വലുത് തന്റെ അഭിമാനമെന്നു കരുതി പാലം വലിച്ച മാന്യവരനും! ഒന്ന് താങ്ങിയപ്പോള്‍ മണിമാരന്‍ മണിമണിപോലെ ഉള്ളത് പറഞ്ഞു.

കല്യാണ ആഘോഷത്തിന്റെ പേരില്‍ ഈ നികൃഷ്ടവൃത്തികള്‍ മൊത്തം നടക്കുന്നത് കല്യാണ ചെറുക്കന്റെ മൗനസമ്മതോടുകൂടിയാണ് എന്നതാണ് വലിയ ദുരന്തം. അറപൊളിക്കുന്നത് മുന്‍കൂട്ടി കണ്ടറിഞ്ഞു ബെഡ് റൂം പൂട്ടി താക്കോല്‍ ഒളിപ്പിച്ച ഒരു ബന്ധുവിനെ മാസങ്ങളോളം  പൊങ്കാല ഇട്ട സംഭവം നമ്മുടെ തൊട്ടയല്പക്കത്തു നടന്നിട്ടു വര്‍ഷങ്ങള്‍ കുറെയൊന്നുമായില്ലല്ലോ. കൂട്ടുകാര്‍ക്ക് കേറിനിരങ്ങാന്‍ സൗകര്യം ചെയ്യാത്തത് കൊണ്ട് മറ്റൊരു പുതിയാപ്പിള ദേഷ്യം തീര്‍ത്തത് തുടര്‍ദിവസങ്ങളില്‍ വധുവീട്ടുകാരുടെ ബന്ധുക്കളുടെ സല്‍ക്കാരങ്ങള്‍ ബഹിഷ്‌കരിച്ചു കൊണ്ടായിരുന്നു.

അവസാനം, പോലീസിനെ ഞാന്‍ അഭിനന്ദിക്കുന്നു. പൂവാഹനവും പൂമാലയും തിരിച്ചു വാങ്ങി വരനെ പെണ്ണിന്റെ വീട്ടിലേക്ക് അയച്ചത് കൊണ്ടല്ല, അവന്‍ തൊട്ടു മുമ്പുള്ള ദിവസം മറ്റൊരു അറപൊളിച്ചു മാതൃക കാണിച്ച വീരപുരുഷനായിരിക്കാം. എന്റെ അഭിനന്ദനങ്ങള്‍ 13 അറപൊളിവീരന്മാരെ നിന്ന നില്‍പ്പില്‍ ഏത്തമിടീച്ചതിനും അവരെക്കൊണ്ട്  ഇജ്ജന്മത്തില്‍ ഇമ്മാതിരി കൂതറ ഏര്‍പ്പാടിന് പോകില്ലെന്ന് എഴുതി വാങ്ങിച്ചതിനുമാണ്. ആ റിപ്പോര്‍ട്ടില്‍ ഒരു നെയ്കിഴവന്റെ പേരും കണ്ടു. വയസ്സ് 42, പേര് അസര്‍പ്പു. വയസ്സ് അബദ്ധത്തില്‍ തിരിച്ചിട്ടു പോയതല്ലല്ലോ. അങ്ങിനെ അല്ലെങ്കില്‍ ഈ രോഗം യുവാക്കളെ മാത്രമല്ല കിഴവന്മാരിലേക്കും പടരുന്ന ലക്ഷണമാണ്. ഇന്ന് 42, നാളെ 52, മറ്റെന്നാള്‍ 62... ലോക്കപ്പില്‍ അടിപൊളി വൃദ്ധന്മാര്‍ ഏത്തമിടുന്ന വാര്‍ത്തയും വിദൂരമല്ലാതെ തന്നെ വന്നേക്കും.

ഈ വാര്‍ത്ത അങ്ങിനെതന്നെ ഫോര്‍വേഡ് ചെയ്തപ്പോള്‍ തൊട്ടയല്‍ ജില്ലക്കാരനായ ഒരു കൂട്ടുകാരന്‍ രണ്ടു സംഭവങ്ങള്‍ എന്നോട് പങ്ക് വെച്ചു. ഒന്ന്, ഒരു വീട്ടില്‍ ഇത് പോലുള്ള കല്യാണ റാഗിംഗില്‍ ഏര്‍പ്പെട്ടിരിക്കെ അത് വഴി മഞ്ഞത്തണ്ണി (കടുപ്പത്തില്‍ കോഴി മുളകിലിട്ടത്) പാത്രവുമായി  വന്ന ഒരു കല്യാണ ആയയോട് അറപൊളിയന്മാരില്‍ ഒരാള്‍ അപമര്യാദ കാണിച്ചുവത്രെ! അളമുട്ടിയാല്‍ ആ സാധുസ്ത്രീക്ക് എന്ത് കല്യാണ വീട്? എന്ത് പുയ്യാപ്ല? എന്ത് കൂട്ടുകാര്‍? കയ്യിലുണ്ടായിരുന്ന ചൂട് മഞ്ഞത്തണ്ണി ചട്ടിയോടെ അവരുടെ ദേഹത്തേക്ക് എറിഞ്ഞു ആ സ്ത്രീ സ്വന്തം അഭിമാനം കാത്തുപോല്‍. രണ്ട്, സമാനമായ സംഭവമുണ്ടായപ്പോള്‍ ഇരുഭാഗത്ത് നിന്നും വധുവിന്റെ വീട്ടുകാരും കല്യാണം കൂടാന്‍ വന്നവരും വാതില്‍ പൂട്ടി, അകത്തു കുടുങ്ങിയതിനെ മൊത്തം തൊട്ടടുത്ത കമുകിന്‍ തോട്ടത്തില്‍ കെട്ടിയിട്ട് മാപ്പ് പറയിപ്പിച്ചാണ് വിട്ടതത്രെ.

ഇത്തരം ഉന്തും തള്ളലിനുമിടയില്‍ വീണ് മുറിവേല്‍ക്കലും ഹൃദയാഘാതവും മരണവും നടക്കുന്ന സംഭവങ്ങള്‍ വരെ ഉണ്ടാകാറുണ്ട്! സന്തോഷം കളിയാടേണ്ട ഒരു കുടുംബത്തിലും നാട്ടിലും ഇങ്ങനെയൊക്ക നടന്നലുണ്ടാകുന്ന ''ടെറിബിള്‍ സിനാരിയോ'' ഒന്ന് മനസ്സില്‍ കണ്ടു നോക്കൂ! മുസ്ലിം സമുദായത്തിലാണ് ഈ വേണ്ടാതീനം 99 ശതമാനവും നടക്കുന്നതെന്ന് പറയേണ്ടല്ലോ! ഇതൊക്കെ കണ്ട് മഹല്ല് ഭരണകര്‍ത്താക്കളും തദ്ദേശ ഖാസിമാരും പണ്ഡിതന്മാരും സാരോപദേശികളും ഉറങ്ങുന്നിടത്താണ് പോലീസിന്റെ നടേ പറഞ്ഞ നിര്‍ദ്ദേശം പ്രസക്തവും പ്രായോഗികവുമാകുന്നത്! അതൊന്നുകൂടി വായിക്കാം ''വരനെ വധുവിന്റെ വീട്ടിലേക്ക് കൊണ്ടു പോകുമ്പോള്‍ സുഹൃത്തുക്കളുടെ കൂടെമാത്രം അയക്കാതെ മുതിര്‍ന്നവരും ഇവര്‍ക്കൊപ്പം പോയാല്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാമെന്നാണ് പോലീസ് പറയുന്നത്.''

എന്റെ ഒരു നിര്‍ദ്ദേശം കൂടി, വരന്റെ കൂടെ കാരണവന്മാര്‍ മാത്രം പോകട്ടെ. നേരത്തെ പോയി നേരത്തെ വരണം. കൂട്ടുകാരെ ക്ഷണിച്ചത് വരന്റെ വീട്ടിലേക്ക് മാത്രമാണല്ലോ. പക്വത എത്തുന്ന ഒരു കാലം വരുമ്പോള്‍ സമൂഹം വീണ്ടും നിങ്ങള്‍ക്ക് അവസരം നല്‍കും. അത് വരെ കൂട്ടുകാര്‍  കുറച്ചു കാത്തിരിക്കുക. വധു വിവാഹരാത്രി തങ്ങുന്നത് വരന്റെ വീട്ടിലുമാകട്ടെ. അല്ലെങ്കില്‍ തന്നെ പോലീസിന് കഞ്ചാവ്, പിടിച്ചു പറി, മോഷണം, അന്യസംസ്ഥാന തൊഴിലാളി ഗുലുമാല്‍... ഇരിക്കാനും നില്‍ക്കാനും സമയമില്ല. ഇങ്ങിനെയെങ്കിലും ഒരു സപ്പോര്‍ട്ട് നല്‍കി  നാട്ടുകാരും കല്യാണ വീട്ടുകാരും പോലീസുകാര്‍ക്ക് കുറച്ചു സൈ്വര്യമെങ്കിലും നല്‍കൂ.

വിവാഹം ഒരു ബാധ്യതാ നിര്‍വഹണമാണ്. അത് ദൈവികമായ നിര്‍ദ്ദേശത്തിന്റെ അനുസരണമാണ്. ദാനം, സേവനം, ആരാധന തുടങ്ങിയ  പോലെ അത് മറ്റൊരു ധര്‍മ്മവും കര്‍മ്മവും. അത് ഒരിക്കലും നാടിന്റെ ആഘോഷമോ മാമാങ്കമോ അല്ല. സാമൂഹ്യദ്രോഹം അല്ലേയല്ല. നാട്ടില്‍  ഒരു കല്യാണമുണ്ടെന്ന് പറഞ്ഞാല്‍, അന്ന് നാട്ടില്‍ ഒരു വലിയ ദുരന്തം നടക്കുന്നു എന്നു ധരിക്കുന്നിടത്തേയ്ക്ക് കാര്യങ്ങള്‍ നീങ്ങരുത്, നീക്കരുത്.  അങ്ങിനെ ഒരു ധാരണ വന്നുകഴിഞ്ഞാല്‍ അതിലും വലിയ ദുരന്തമെന്താണുള്ളത്!

Friday 16 September 2016

അതിജീവനം എക്കാലത്തും അവശ്യമാണ്... / അസ്‌ലം മാവില

http://www.kvartha.com/2016/09/survival-among-youth.html

അസ്‌ലം മാവില


(www.kvartha.com 15.09.2016) സാമൂഹ്യസാംസ്‌കാരിക നയം, രാഷ്ട്രീയസാമ്പത്തിക നിലപാട്, സാങ്കേതിക വിദ്യ തുടങ്ങിയവയില്‍ കാലാനുസൃതമായ പുരോഗതിയും  മാറ്റങ്ങളും ഉണ്ടാകണം. അവയ്ക്കാവശ്യമായ പഠനനിരീക്ഷണ ഗവേഷണം നടത്തുന്ന ഒരു ബോഡിയാണ് Think-Tank. അതൊരു വ്യക്തിയാകാം, ഒന്നില്‍ കൂടുതല്‍ പേരാവാം.

രണ്ടായിരത്തിന്റെ തുടക്കത്തില്‍ ഇറ്റാലിയന്‍ പൗരന്‍ Andrea Gerosaയുടെ നേതൃത്വത്തില്‍ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് Think Young എന്ന പേരില്‍ തുടങ്ങിയ ഒരു കൂട്ടായ്മയുണ്ട്. അവര്‍ക്കൊക്കെ നാല്‍പ്പതില്‍ താഴെയായിരുന്നു പ്രായം. അഭ്യസ്തവിദ്യരായ യൂറോപ്പിലെ യുവാക്കളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് തുടങ്ങിയ ഈ കൂട്ടായ്മക്ക് ഇന്ന് യൂറോപ്പില്‍ ചെറുതല്ലാത്ത സ്വാധീനവുമുണ്ട്. തൊഴില്‍ കമ്പോളത്തില്‍ യുവാക്കളുടെ സമീപനവും തൊഴില്‍ വൈദഗ്ദ്ധ്യത്തിലെ പൊരുത്തമില്ലായ്മയും അവയില്‍ നിന്നുള്ള അതിജീവനവുമായി ബന്ധപ്പെട്ട് Think Young നടത്തിയ ഒരു പഠനം (Youth Attitudes to the Job Market: Overcoming the Skills Mismatch) യുവാക്കള്‍ക്കിടയില്‍ വലുതായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. വിവിധ ഔദ്യോഗിക വേദികളിലും ഇവ പരാമര്‍ശ വിധേയമായിട്ടുണ്ട്. നിലവില്‍ പൊട്ടന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ ആവശ്യമായി വരുന്ന ജോലി ഒഴിവുകള്‍, ലഭ്യമായ യുവ മനുഷ്യാധ്വാനം (youth man power) കൊണ്ട് നികത്താന്‍ ഉണ്ടായേക്കാവുന്ന അകലം എത്രമാത്രം കുറക്കാന്‍ പറ്റുമെന്നതിലൂന്നിയ പഠനമായിരുന്നു അത്. 

പറഞ്ഞു വരുന്നത് യുവാക്കള്‍ അവരുടെ ബുദ്ധിയും ഊര്‍ജവും ഏറ്റവും പ്രായോഗികവും ഉപകാരപ്രദവുമായ തലത്തിലേക്ക് ഉപയോഗിക്കുവാന്‍ ശ്രമം നടത്തണമെന്നാണ്. അതിന് ബുദ്ധിജീവി ആകണമെന്നില്ല. അങ്ങനെ ആരെങ്കിലും പേര് വിളിച്ചു പറയുന്നുവെങ്കില്‍ വലിയ കുഴപ്പമുള്ള ഒന്നായി കരുതണമെന്നുമില്ല. അക്കാദമിക് ബിരുദങ്ങള്‍ തന്നെ ആരുടേയും കഴുത്തില്‍ തൂങ്ങണമെന്നുമില്ല. വിജയന്‍ മാഷ് പറഞ്ഞത് പോലെ  ഏറ്റവും നല്ല കര്‍ഷകന്‍ ആ വിഷയത്തില്‍ ഏറ്റവും നല്ല പ്രായോഗിക ബുദ്ധിജീവിയാണ്. അയാള്‍ രൂപപ്പെടുത്തിയ കാര്‍ഷിക നയം, തന്റെ പാടത്തു പരീക്ഷിച്ചു വിജയിക്കുകയും പ്രതിസന്ധികളെ തരണം ചെയ്യുകയും ആ ശരിയായ സന്ദേശം മറ്റുള്ളവരില്‍ എത്തിക്കുകയും ചെയ്യുന്നു.

ജീവിതത്തിന്റെ നിഖില മേഖലകളിലും അവരവരുടെ ലൊക്കാലിറ്റിയില്‍ പരിമിതികള്‍ തിരിച്ചറിഞ്ഞു പുരോഗതി ആഗ്രഹിക്കുമ്പോഴാണ് മാറ്റങ്ങള്‍ ഉണ്ടാകുന്നത്. പരിമിതികളും പ്രതിസന്ധികളും ശരിക്കും പറഞ്ഞാല്‍ ഇത്തരം ചിന്തകള്‍ക്കും പ്രായോഗിക പരീക്ഷണങ്ങള്‍ക്കുമുള്ള ഭൂമിക തീര്‍ക്കുകയാണ് വേണ്ടത്. അവ പ്രാവര്‍ത്തികമാക്കാന്‍ ഏറ്റവും ആവശ്യം യുവാക്കള്‍ തന്നെയാണ്. ഇത് വെറും അധരവ്യായാമം (lips practice) കൊണ്ട് ഉണ്ടാകുന്ന ഒന്നല്ല. ഏകാഗ്രമായ മനസ്സും ലക്ഷ്യം സാക്ഷാത്കരിക്കണമെന്ന ശക്തമായ തീരുമാനവും വേണം. പതറുമ്പോള്‍ ഇളകുന്നതോ പരിഹസിക്കപ്പെടുമ്പോള്‍ പരിതപിക്കുന്നതോ ആകരുത് മനസ്സെന്നര്‍ത്ഥം. 

നല്ല ചിന്തകളും നല്ല നിര്‍ദ്ദേശങ്ങളും ആര് പങ്കിട്ടാലും ഒരു കരിമ്പടത്തിനും ഇരുട്ട് നിറക്കാന്‍ പറ്റില്ല. അവ പൊതുമനസ്സില്‍ സ്വാധീനം ചെലുത്തിക്കൊണ്ടേയിരിക്കും. ചീത്ത ചിന്തകളും നോണ്‍കണ്‍സ്ട്രക്ടറ്റീവ് നിലപാടുകളും മാത്രമേ പൊതുമനസ്സില്‍ ദുസ്വാധീനമുണ്ടാക്കൂ എന്ന് പലരും തെറ്റിദ്ധരിപ്പിക്കാറുണ്ട്. അത്തരം ധാരണകള്‍ നിലനിര്‍ത്തി, പ്രസ്തുത പഴുത് ഉപയോഗിച്ച് പൊതുമനസ്സിലെ പുഷ്‌കലത്വം (fertiltiy) ഇല്ലായ്മ ചെയ്യാന്‍ പല കോണുകളില്‍ നിന്നും ശ്രമം നടക്കാറുമുണ്ട്. അവ മറികടക്കാനാകണം.

എന്നും നമ്മുടെ പ്രഭാതത്തിലെ കിടക്കപ്പായയില്‍ നിന്ന് പ്രതിജ്ഞ ഇങ്ങിനെയാകട്ടെ, Getup, survive, then, go back bed. അതിജീവിക്കലിന് ആപത്തില്‍ നിന്ന് രക്ഷപ്പെടുക എന്ന വായന കൂടി ഉണ്ട്.

Thursday 15 September 2016

പുതിയ മനുഷ്യരും പുതിയ വീണ്ടുവിചാരവും / അസ്‌ലം മാവില

പുതിയ മനുഷ്യരും
പുതിയ വീണ്ടുവിചാരവും

അസ്‌ലം മാവില

നല്ലതെവിടെന്ന് കേട്ടാലും വായിച്ചാലും കുറച്ചുകാലത്തേക്കെങ്കിലും മനസ്സിൽ നിൽക്കണം. പ്രയാസമുള്ളത് കേട്ടാൽ ക്ഷണത്തിൽ മറക്കാനും ശ്രമിക്കണം. പക്ഷെ പലപ്പോഴും നേരെ തിരിച്ചാണ് നമുക്ക് അനുഭവപ്പെടാറുള്ളത്. നമ്മുടെ മൈൻഡ്സെറ്റപ്പ് അങ്ങിനെ ഉണ്ടാക്കിയെടുത്തതിന് ആരെയും കുറ്റം പറഞ്ഞിട്ടുകാര്യമില്ല, അവനവനെ കുറ്റപ്പെടുത്തുകയല്ലാതെ.  നല്ല ഓർമ്മകൾ നാമൊരിക്കലും പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും ഉപകാരപ്പെടുക.

മുമ്പെങ്ങോ  വായിച്ചതോ കേട്ടതോ ഓർമ്മിച്ചെടുക്കട്ടെ.  ബോധി വൃക്ഷത്തണലിൽ ബുദ്ധൻ ശിഷ്യരോടൊന്നിച്ചിരിക്കെ ഒരാൾ അത് വഴി വന്നു. ബുദ്ധനെ കണ്ടതും അയാൾ സർവശക്തിയും ഉപയോഗിച്ച് അല്പം മാറിനിന്നു മുഖത്തേക്ക് തുപ്പിയത്രേ. ശിഷ്യർക്ക് ദേഷ്യം അണപൊട്ടി നിൽക്കെ ബുദ്ധൻ പ്രതിവചിച്ചു പോലും - ഇനി അടുത്ത ചെയ്താലും.

മുഖത്തു തെറിച്ച തുപ്പൽ കൈലേസു കൊണ്ട് തുടച്ചതോടെ ബുദ്ധൻ അത് മറന്നു. തുപ്പിയ മനുഷ്യന് ആ മറുപടി അതിലും വലിയ മുഖത്തടി ഇങ്ങോട്ട് കിട്ടിയത് പോലെയായിരുന്നു.  അടയാൻ സഹകരിക്കാതെ കൺപോളകൾ ! സ്വസ്ത്ഥത തരാത്ത മനസ്സ് ! അവ അയാളെ പിറ്റേ ദിവസം അതിരാവിലെ ആ മരത്തണലിലേക്കെത്തിച്ചു. കാൽക്കൽ വീണ് ക്ഷമചോദിച്ചപ്പോൾ ബുദ്ധൻ പറഞ്ഞുവത്രേ - ഇന്നലെ വേറെ ഒരാളായിരുന്നു മുഖത്തു തുപ്പിയത്. അതെന്റെ മുഖത്തേയ്ക്കുമല്ല. നിങ്ങളതിന് ഇന്ന് എന്റെ കാല് പിടിക്കുകയോ ? നാം രണ്ടു പേരും ഇന്നലത്തെ ആളുകളേ അല്ലല്ലോ.

ഇന്നലെ നമ്മോട്  തെറ്റ് ചെയ്ത് തെറ്റിന് ഇന്ന്   ക്ഷമ ചോദിക്കുന്നവരോടെക്കെ ഇങ്ങിനെ പറയാൻ സാധിക്കുന്നിടത്താണ് നാം സാധുവും  സാധ്വിയുമാകുന്നത്.


നന്ദിയോടെ ..... / അസ്‌ലം മാവില

നന്ദിയോടെ .....

ഏത് ഫോറത്തിലും (CP / RT ) പ്രത്യക്ഷമായും പരോക്ഷമായും എന്നെ തിരുത്താൻ ശ്രമിക്കുന്നവർക്ക്  തുറന്ന മനസ്സോടെ എന്റെ കടപ്പാടും നന്ദിയും പറയുന്നു.  കഴിഞ്ഞ കുറെ ആഴ്ചകളായി എന്റെ ഏത് പോസ്റ്റിനും വോയിസ് നോട്ടിനും  പിന്നാലെ ഒന്നോ രണ്ടോ പേർ നിഴൽ പോലെ ഇവിടെ  ഉണ്ടെന്നതും  നല്ല കാര്യമാണ്. അതൊക്കെ ''ശ്രദ്ധിക്കുന്നുണ്ടാകുമോ ?''  എന്ന അവരുടെ  സന്ദേഹത്തിനും,  അബദ്ധത്തിൽ  ഒരു പക്ഷെ തേച്ചുമാച്ച് (delete) കളയുന്നതൊഴികെ,  ''ഉണ്ട്'' എന്നും മറുപടി പറയട്ടെ.  അവയാകട്ടെ  എന്റെ ഇടപെടലുകലുകളെ ഇടയ്ക്കിടക്ക്   രാകി മിനുക്കാൻ എനിക്ക് ലഭിക്കുന്ന ഉലകളായാണ് (smithies) തോന്നാറുള്ളതും.  തിരുത്തേണ്ടത് അപ്പപ്പോൾ മനസ്സിനോട് സംവദിച്ചു തിരുത്താറുമുണ്ട്.  

തുടർന്നും മറുവാക്കുകൾ  പ്രതീക്ഷിച്ചുകൊണ്ട്...

സ്നേഹപൂർവ്വം
അസ്‌ലം മാവില

Friday 9 September 2016

''ഓപ്പണ്‍ ഡെഫിക്കേഷന്‍ ഫ്രീ''; എല്ലാവര്‍ക്കും കക്കൂസെന്ന ലക്ഷ്യത്തിലേക്ക് കേരളം / അസ്‌ലം മാവില


http://www.kvartha.com/2016/09/open-defecation-free-project-declared.html

മുമ്പൊന്നും നമ്മുടെ നാട്ടില്‍ വീടിനോടനുബന്ധിച്ച് കക്കൂസുകള്‍ ഉണ്ടാവുക എന്നത് അത്ര വലിയ നിര്‍ബന്ധമുള്ള കാര്യമല്ലായിരുന്നു. അപൂര്‍വ്വം വീട്ടുവളപ്പില്‍ അത്യാവശ്യ സൗകര്യങ്ങളോടു കൂടിയ കക്കൂസ് ഉണ്ടാകും. ബാത്ത് റൂമുകളുള്ള ബെഡ്‌റൂമുകള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വ്വം. സ്‌കൂളികളിലൊന്നും ആളോഹരി ടോയ്‌ലറ്റ് സൗകര്യങ്ങള്‍ ഈയിടെ വരെ ഉണ്ടായിരുന്നില്ലല്ലോ. പെണ്‍കുട്ടികളും അധ്യാപികമാരും വനിതാ ജീവനക്കാരും അന്നൊക്കെ അനുഭവിച്ചിരുന്ന പ്രയാസങ്ങള്‍ എത്രമാത്രമായിരിക്കും? ഓപ്പണ്‍ മലമൂത്ര വിസര്‍ജ്ജനം അന്നൊന്നും വിഷയവുമല്ലായിരുന്നു.

ഇന്ത്യയിലെ തന്നെ, പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തുന്നത് പൂര്‍ണമായി അവസാനിപ്പിച്ച ആദ്യത്തെ സംസ്ഥാനമായി ഈ നവംബര്‍ ഒന്നിന് കേരളം പ്രഖ്യാപിക്കപ്പെടുകയാണ്. 'Open Defecation Free State'. അങ്ങിനെയൊരു സംഭവം നമ്മുടെ സംസ്ഥാനത്തു പ്രാവര്‍ത്തികമാകുമെങ്കില്‍ അതൊരു ചരിത്രമായിരിക്കും.

ലോകത്ത് 15 ശതമാനം പേരും തുറന്ന സ്ഥലങ്ങളില്‍ തൂറുന്നവരാണ്. അതില്‍ തന്നെ പകുതി ഇന്ത്യക്കാരും.  തൊട്ട് പിന്നാലെയുള്ള രാജ്യങ്ങള്‍ ഇന്ത്യാനേഷ്യ, പാകിസ്ഥാന്‍, നൈജീരിയ, എത്യോപ്യ, സുഡാന്‍, ഫിലിപ്പൈന്‍സ് എന്നിവയും. ഇന്ത്യയില്‍ 45% പേര്‍ക്കും പ്രാഥമിക കൃത്യം നിറവേറ്റാന്‍ സൗകര്യങ്ങളില്ല. മിക്ക സംസ്ഥാനങ്ങളിലെയും ചിത്രം കിട്ടാന്‍ വേണ്ടി ഒരു ദീര്‍ഘദൂര തീവണ്ടിയാത്ര നടത്തിയാല്‍ മതി. കുറ്റിച്ചെടികള്‍ മാത്രം മറയാക്കി പ്രഭാതകൃത്യം നിര്‍വ്വഹിക്കുന്നവര്‍.

നാല് വര്‍ഷങ്ങള്‍ മുമ്പ് ജോലി അന്വേഷണത്തിന്റെ ഭാഗമായി മുംബൈയിലെ മാഹിമയില്‍ താമസിക്കുന്ന കാലം. താമസ സ്ഥലത്തു നിന്നും റെയില്‍വേ സ്‌റ്റേഷന്‍ വരെ അതിരാവിലെ മൂക്ക് പൊത്തി നടന്നു പോകുന്നത് റോഡ് മുഴുവന്‍ മുഖത്തോടു മുഖം നോക്കി കുത്തിയിരിക്കുന്ന സ്ഥിരം കാഴ്ചയും കണ്ടാണ്. അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് മുംബൈ നഗരത്തിലെ റോഡുകള്‍ ഏതാണ്ട് മുഴുവനും പ്രഭാതങ്ങളില്‍ പൊതു കക്കൂസുകളാണ് പോലും.

എന്തെന്ത് പകര്‍ച്ച വ്യാധികളാണ് ഇത് മൂലമുണ്ടാകുന്നത്! ജനസംഖ്യ വര്‍ധിക്കുന്നതിനനുസരിച്ചു ഇതിന്റെ വ്യാപ്തി കൂടും. വായുവും വെള്ളവും ചുറ്റുപാടുമൊക്കെ മലീമസമാകുന്ന ഒരവസ്ഥ ജനസാന്ദ്രതയുള്ള സ്ഥലങ്ങളില്‍ ഉണ്ടാക്കുന്ന പരിണിത ഫലങ്ങള്‍ പ്രവചനാതീതവുമാണ്. കൂടുതലും ആണുങ്ങളാണ് പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ മൂത്രിച്ചും തൂറിയും പരിസരം വൃത്തികേടാക്കുന്നത്. വിദ്യാഭ്യാസമുള്ളവര്‍ പോലും ഇതില്‍ നിന്ന് മാറി ചിന്തിക്കുന്നില്ല എന്നതാണ് ഏറെ ഖേദകരം.

ഗള്‍ഫ് നാടുകളില്‍ ഇന്ത്യക്കാരും ഫിലിപ്പൈന്‍സുകളും നഗരപ്രദേശങ്ങളില്‍ മതില്‍ കാണുന്നിടത്തൊക്കെ  നിന്ന് മൂത്രമൊഴിക്കുന്നത് കാണാം. കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ സൗകര്യം ഒരുക്കിയിട്ടു പോലും പ്ലാസ്റ്റിക് കുപ്പിയില്‍ മൂത്രിച്ചു സാഹസം കാണിക്കുന്നവര്‍ വരെ ഉണ്ട്. കാലങ്ങളായുള്ള ഈ ശീലം മാറ്റിയെടുക്കാന്‍ നിരന്തരമായ ഇടപെടലുകളും ബോധവത്കരണവും ഒരു ഭാഗത്തു നടക്കണം. കക്കൂസ് സൗകര്യം ഇല്ലാത്ത വീടുകളുടെ ശരിയായ കണക്കെടുപ്പ് അതാത് ലോക്കല്‍ ബോഡികള്‍ അപ്പപ്പോള്‍ അപ്‌ഡേറ്റ് ചെയ്തു കൊണ്ടിരിക്കുകയും അവ നിര്‍മ്മിച്ച് കൊടുക്കാനുള്ള സാമ്പത്തിക സഹായമോ സബ്‌സിഡിയോ നല്‍കുകയും വേണം. പരസ്യമായി പൊതു സ്ഥലങ്ങളില്‍ വിസര്‍ജ്ജനം ചെയ്യുന്നത് മ്ലേച്ഛമെന്ന് സ്‌കൂള്‍ തലം തൊട്ട് തന്നെ പഠിപ്പിക്കുന്ന ശീലം ഉണ്ടാകണം.

പൊതു കക്കൂസുകള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ വരെ നാം എത്ര പിറകിലാണ്. വെള്ളം ഉണ്ടെങ്കില്‍ അത് ശരിയായ രൂപത്തില്‍ ഉപയോഗിക്കില്ല. തുറന്ന ടാപ് അടക്കില്ല. സ്വാകാര്യത നഷ്ടപ്പെടുമാറ് വാതിലുകള്‍ ചവിട്ടി പൊളിക്കാന്‍ നാം ഉഷാറുമാണ്. മതിലുകള്‍ ടോയ്‌ലറ്റ് സാഹിത്യം കൊണ്ട് മലീമസമാക്കും. സാമൂഹ്യ ദ്രോഹികളുടെ ഇടമായി വരെ പൊതുകക്കൂസുകള്‍ മാറാറുണ്ട്. ഒരു പക്ഷെ ഇതിന് ചെറിയ മാറ്റം വന്നത്  സുലഭ് ശൗച്യാലയ് എന്ന പേരില്‍ pay toilet സമ്പ്രദായം വന്നതിനു ശേഷമാണ്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഈ സമ്പ്രദായം ഉണ്ട്. പൊതുകക്കൂസുകള്‍ ആവശ്യക്കാര്‍ക്ക് മാത്രം ഉപയോഗിക്കുവാനും അവ വൃത്തിയോട് കൂടി നിലനിര്‍ത്തുവാനുമാണ് pay toilet രീതി നിലവില്‍ വന്നത്.

എല്ലാ തെരഞ്ഞെടുപ്പുകളിലെ പ്രകടന പത്രികകളിലും കക്കൂസുകള്‍ ബോള്‍ഡ് അക്ഷരത്തില്‍ തന്നെയാണ് അച്ചടി മഷി പുരളുക. ഭരണം കയ്യില്‍ കിട്ടുന്നതോടെ ഭരണാധികാരികളുടെ വിചാരം ഇലക്ഷന്‍ കഴിഞ്ഞതോടെ നാട്ടുകാര്‍ മൊത്തം വയര്‍ സ്തംഭനം വന്നു ഒന്നിനും രണ്ടിനും പോകാറില്ലെന്നാണ് (അങ്ങിനെ വയര്‍ സ്തംഭനം വരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് സമയത്തല്ലേ വരേണ്ടത്.. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ വായിച്ചും നേതാക്കളുടെ പ്രസംഗങ്ങള്‍ കേട്ടും!).

'Toilets first, temples later' 2014ലെ മോദിയുടെ പ്രസംഗം. അതിന്റെ ചുവട് പിടിച്ചു കോണ്‍ഗ്രസ്സ് നേതാവ് ജയറാം രമേശിന്റെ തകര്‍പ്പന്‍ ഡയലോഗ് Practicing good hygiene is as important as performing good Puja'. ആരും മറന്നിട്ടുമുണ്ടാകില്ല. കക്കൂസുകളെക്കാളും കൂടുതല്‍ ആരാധനാലയങ്ങളാണ് നമുക്കുള്ളതെന്നു മുമ്പൊരിക്കല്‍ കേന്ദ്ര മന്ത്രിയായിരുന്ന ഇതേ ജയറാം രമേശ് തന്നെയാണ് പറഞ്ഞത്.

2005 ല്‍ ഹരിയാനയില്‍ ഒരു കാമ്പയിന്‍ നടന്നു. 'NO TOILET, NO BRIDE' കാമ്പയിന്‍. ''കക്കൂസില്ലേ, മണവാട്ടിയുമില്ല'' എന്നായിരുന്നു സര്‍ക്കാര്‍ മുദ്രാവാക്യം. 2012 ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ NO LAVATORY NO BRIDE കാമ്പയിന്‍ സംഘടിപ്പിച്ചു. പ്രഭാത കൃത്യത്തിന് സൗകര്യമൊരുക്കാന്‍ വരന്‍ തയ്യാറല്ലെങ്കില്‍ വിവാഹാലോചന നിരസിക്കാനായിരുന്നു ആഹ്വാനം. സ്ത്രീകള്‍ സൂര്യന്‍ ഉദിക്കുന്നതിനു മുമ്പായി മറ പോലും ഇല്ലാത്ത സ്ഥലങ്ങളില്‍ പ്രഭാത കൃത്യങ്ങള്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. സ്ത്രീകളും പെണ്‍കുട്ടികളും കൂട്ട മാനഭംഗത്തിനു ഇരയാകുന്നത് വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്ത്രീകളുടെ ഇത്തരം   കഷ്ടതകള്‍ കണ്ടു സഹിക്കാത്തത് കൊണ്ടാകാം നമ്മുടെ രാജ്യത്തിന്റെ മുഖഛായയ്ക്ക് മങ്ങലേല്‍ക്കുന്ന കാപ്ഷന്‍ അവര്‍ക്ക് തെരഞ്ഞെടുക്കേണ്ടി വന്നത്.

ഇപ്പോൾ വടക്കൻ സംസ്ഥാനങ്ങളിലെ മതിലുകളിൽ ചില  പരസ്യങ്ങളുണ്ട്. 'ചാച്ചാ ഹാഥ് മേം സ്മാർട് ഫോൺ, ശൗച് പട്ടീ പർ, യെ കൈസീ തറക്കീ  ( മാമാ , നിങ്ങളുടെ കയ്യില്‍ സ്മാര്‍ട്‌ഫോണുണ്ട്. ഇരിക്കുന്നതോ  റയില്‍ പാളത്തില്‍ത്തന്നെ, ഇതെങ്ങിനെ ഓത്തു പോകും ).  സർക്കാരിന്റെ ചെലവിലാണ്ണ്  പാളത്തിൽ രണ്ടിനിരിക്കുന്നവരെ കളിയാക്കുന്നത്.  പിന്നൊരു പരസ്യത്തിൽ ഒരു കുട്ടി  ഇങ്ങിനെ ചോദിക്കുന്നു - ചാച്ചാ, നിങ്ങള്‍ കഴുത്തില്‍ ടൈയും കാലില്‍ ഷൂവും ധരിക്കുന്നു. പക്ഷേ തുറന്ന സ്ഥലത്ത് ശൗചം നടത്തുന്നു. എന്തുതരം പുരോഗതിയാണിത്?"  അവിടെങ്ങളിലൊക്കെ കക്കൂസ് ഉണ്ടാക്കി കൊടുത്തിട്ടും ആൾക്കാർക്ക് തുറന്ന സ്ഥലം തന്നെ പഥ്യം ! വീടുകൾക്കകത്ത് ടോയ്‌ലെറ്റ് ഉണ്ടാക്കുന്നത് വൃത്തി ഹീനമായ കാര്യമെന്ന് വിശ്വസിക്കുന്ന നാട്ടിൻ പുറങ്ങളാണ് അവിടങ്ങളൊക്കെ. മാലിന്യം നീക്കുന്നതാകട്ടെ  താഴ്ന്ന ജാതിക്കാരുടെ മാത്രം ജോലിയും. ഇന്നും അത് തന്നെയല്ലേ തുടർന്ന് പോരുന്നത്? 

കേരള സര്‍ക്കാരിന്റെ പ്രഖ്യാപനത്തെ അര്‍ഹിക്കുന്ന ഗൗരവത്തോടു കൂടി നോക്കി കാണേണ്ടതുണ്ട്. Open Defecation Free പദ്ധതി വിജയകരമായി പ്രാവര്‍ത്തികമായാല്‍ ബി സി 300 കളില്‍ ജീവിച്ച കൗടില്യന്റെ ആവശ്യമായിരിക്കും കേരളത്തില്‍ പ്രാബല്യത്തില്‍ വരിക. കേരളം വിജയിച്ചാല്‍ ലോകത്തിനു മുന്നില്‍ മലയാളികള്‍ ഒരിക്കല്‍ കൂടി ആദരിക്കപ്പെടും. ശരിയായ നയങ്ങളും സമയാസമയത്തുള്ള രാഷ്ട്രീയ തീരുമാനങ്ങളും പ്രതിജ്ഞാബദ്ധമായ പ്രജകളും ഉള്ളിടത്ത് എന്താണ് വിജയിക്കാത്തത്?

പൊതുസമൂത്തിന്റെ സഹകരണം വളരെ പ്രധാനമാണ്. സമ്പൂര്‍ണ്ണ സാക്ഷരതയുടെ വിഷയത്തിലും ജനകീയാസൂത്രണ കാമ്പയിനിലും ഡിജിറ്റല്‍ സംസ്ഥാന പ്രഖ്യാപനത്തിലും കേരളത്തിനു ഉപകാരപ്പെടുന്ന  വികസന വിഷയങ്ങളിലും വിജയിച്ചതിന് പിന്നില്‍ കക്ഷിരാഷ്ട്രീയം മറന്നുള്ള നമ്മുടെ ഒന്നിക്കലാണ്. അമേരിക്കയിലെ ചില സ്റ്റേറ്റ്‌സുകളെ പോലും പിന്നിലാക്കി കേരളം ആരോഗ്യ രംഗത്ത് മുന്നേറിയിട്ടുണ്ട്. സാനിറ്റേഷന്‍ വിഷയത്തില്‍ പ്രത്യേകിച്ച് പൊതു ജനങ്ങളും സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ ഏജന്‍സികളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഒരേ മനസ്സോടു കൂടി പ്രവര്‍ത്തിക്കേണ്ടതുണ്ട്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ''open-air toilet' ഇന്ത്യയാണ്. ആ പേരുദോഷത്തില്‍ നിന്നും കേരളം മാറി നില്‍ക്കുകയെന്നത് ചെറിയ കാര്യമല്ല. നമ്മള്‍ മാറിനിന്നാല്‍ മതി. ആദ്യമല്‍പം വല്ലായ്ക തോന്നുമെങ്കിലും കുറച്ചു കണ്‍ട്രോള്‍ ചെയ്ത് ഒരുമ്പെട്ടാല്‍ ഏറ്റവും കുറഞ്ഞത് റോഡ് സൈഡിലും മതിലിനു നേരെയും നാണവും മാനവുമില്ലാതെ പട്ടിയെപ്പോലെ മൂത്രമൊഴിക്കുന്നത് നിര്‍ത്താന്‍ പറ്റും. നമുക്കിങ്ങിനെ ആഗ്രഹിക്കാം 'വെളിമ്പ്രദേശ ശൗച്യം' ഇനി ഓര്‍മ്മകളില്‍ മാത്രം ആകട്ടെ.

Thursday 8 September 2016

മന്ത്രി ജി സുധാകരന്റെ എഴുത്തിനെ വിമര്‍ശിക്കുന്നതിന്റെ പിന്നില്‍? / അസ്‌ലം മാവില


http://www.kvartha.com/2016/09/g-sudhakarans-poem-and-controversy.html


ജി സുധാകരന്‍ ഒരു മന്ത്രിയാണ്. രാഷ്ട്രീയ പ്രവര്‍ത്തകനാണ്. പലര്‍ക്കും അദ്ദേഹവുമായി അഭിപ്രായ വ്യത്യാസമുണ്ടാകാം. അതൊക്കെ ശരി തന്നെ. സ്വാഭാവികവുമാണ്. പക്ഷെ, അദ്ദേഹം വല്ലതും എഴുതുന്നു എന്നതിന്റെ പേരില്‍ നാമെന്തിന് അദ്ദേഹത്തിന്റെ രചനകളെ അമിതാവേശത്തില്‍ വിമര്‍ശിക്കണം?

എഴുതട്ടെ, എഴുതാതിരിക്കുന്നവര്‍ കുറേപേര്‍ രാഷ്ട്രീയത്തിലും അല്ലാതെയും ഉണ്ടല്ലോ. അതിലും ഒരല്‍പം അല്ല ഒരുപാട് ഭേദമല്ലേ അദ്ദേഹം എഴുതുന്നത്. അദ്ദേഹം വായിക്കുന്നത് കൊണ്ടാണല്ലോ വല്ലതും കുത്തിക്കുറിക്കുന്നത് തന്നെ. അത് പ്രസിദ്ധീകരിക്കുന്നതാകട്ടെ ആനുകാലിക പത്രങ്ങളും. അവിടെയും എഡിറ്റര്‍ മുതല്‍ താഴോട്ട് അക്ഷരങ്ങള്‍ അറിയുന്നവരും ഉണ്ടാകും. അവരുടെ കണ്ണും കാതും കഴിഞ്ഞായിരിക്കും ഈ രചനകള്‍ വെളിച്ചം കാണുക തന്നെ.

കഴിഞ്ഞ ജൂണിലോ മെയിലോ ആണെന്ന് തോന്നുന്നു ജി സുധാകരന്റെ എഴുത്തിനെ കുറിച്ച് സമാനമായ വിവാദം ഉണ്ടായിരുന്നു. അന്നും സോഷ്യല്‍ മീഡിയയില്‍ ഇത് പോലുള്ള കൊണ്ടുപിടിച്ച ട്രോളും പരിഹാസവുമായി കുറെ പേര്‍ അദ്ദേഹത്തിന്റെ പിന്നാലെ കൂടി. അന്ന് അദ്ദേഹം എഴുതിയത് പൂച്ച എന്ന തലക്കെട്ടില്‍ ഒരു കവിതയായിരുന്നു. (അതിനു മുമ്പ് ബിന്‍ ലാദന്‍, നിറരഹിത വിപ്ലവം, ചോരയും കവിതയും തുടങ്ങിയ കവിതകള്‍ എഴുതിയപ്പോഴും അദ്ദേഹം എന്തോ പാതകം ചെയ്തത് പോലെ ചിലര്‍ എതിര്‍പ്പുമായി വന്നിട്ടുണ്ട്)

'പൂച്ചേ പൂച്ചേ
മണല്‍ക്കാട്ടില്‍ കഴിഞ്ഞ നീ
വീട്ടില്‍ വന്നതെന്തേ?
എന്റെ വീട്ടില്‍ വന്നതെന്തേ?
വീട്ടില്‍ കഴിയവേ
ആരു നിന്നെയീ മണല്‍
ക്കാട്ടില്‍ തള്ളി പൂച്ചേ..'

ഈ കവിതയുടെ കര്‍ത്താവ് സച്ചിദാനന്ദനോ അയ്യപ്പപ്പണിക്കരോ മറ്റോ ആയിരുന്നെങ്കിലോ? റഫീഖ് അഹമ്മദിനെ പോലെയുള്ളവരുടെ സിനിമാ ഗാനമായിരുന്നെങ്കിലോ? പിന്നില്‍ കൂടാനും പിന്നില്‍ നിന്ന് കുത്താനും ആരുമുണ്ടാകില്ല, അതുറപ്പല്ലേ? മൊഴിമാറ്റമെന്ന പേരില്‍ അന്യഭാഷാ കവിതകള്‍ ചിലര്‍ പ്രസിദ്ധീകരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? അതൊന്ന് കൂടി വായിക്കണം.

അദ്ദേഹം ഒരു പ്രസിദ്ധീകരണത്തില്‍ ''എനിക്കുറങ്ങണം'' എന്ന ശീര്‍ഷകത്തില്‍ എഴുതിയ കവിതയാണ് ഇപ്പോള്‍ നിര്‍ദാക്ഷിണ്യവിമര്‍ശന വിധേയമാകുന്നത്. അതിലെ ആദ്യ വരികള്‍ ഇങ്ങനെ വായിക്കാം:

''ഉറങ്ങണം
എനിക്കുറങ്ങണം
പക്ഷെ ഉറങ്ങുവാന്‍
ഒട്ടും കഴിയുന്നില്ലല്ലോ

ഉറങ്ങുവാന്‍
കിടന്നുറങ്ങുമ്പോള്‍
പെട്ടെന്നുണര്‍ന്നു
പോകുന്നു
ഉറക്കം പോകുന്നു''

ജി സുധാകരന്‍ എഴുതിയതിന്റെ പത്തിലൊരു നിലവാരം പോലുമില്ലാത്ത കവിതകള്‍ പല പ്രസിദ്ധീകരണങ്ങളിലും വന്നിട്ടുണ്ട്. അവ പക്ഷെ വാര്‍ത്തയും വാര്‍ത്തയ്ക്ക് പിന്നാലെ വക്കാണമാകാത്തതും എഴുതിയത് ജി സുധാകരനല്ല എന്നത് കൊണ്ട് മാത്രമാവണം. 

നാമൊക്കെ ബഹുമാനിക്കുന്ന പലരുടെയും ലേഖനങ്ങളും സാഹിത്യസൃഷ്ടികളും പത്രകോളങ്ങളിലും ആനുകാലികങ്ങളിലും പ്രത്യക്ഷപ്പെടുന്നത് അവര്‍ സ്വയം എഴുതിയതാണോ? അല്ലെന്ന് പലര്‍ക്കുമറിയാം. ഞാനാണ് സാക്ഷി പ്രളയ സാക്ഷി, വഴിമാറുക വയ്യാ തുടങ്ങിയ പുസ്തകങ്ങളുടെ കര്‍ത്താവ് കൂടിയായ ജി സുധാകരന്‍ എന്ന എഴുത്തുകാരന്‍ അങ്ങിനെയൊന്നും ചെയ്യുന്നില്ലല്ലോ.

''അനീതിക്കെതിരെ അക്ഷരം വാളാക്കി എഴുതുന്ന ഈ കവിയില്‍ ഒരു കുട്ടിയുടെ മനസ്സും കാണാം. ഒരു വലിയ പാറയുടെ പിളര്‍പ്പില്‍ എങ്ങിനെയോ വളര്‍ന്ന ചെറിയ ചെടിയില്‍ അങ്ങിങ്ങായി പടര്‍ന്ന ഒരു ചുവന്ന പുഷ്പം പോലെ... ഇത് തന്നെയാണ് ജി സുധാകരന്റെ കവിതയുടെ വ്യത്യസ്തത''  മലയാളത്തിന്റെ ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി ''വഴിമാറുക വയ്യാ'' എന്ന പുസ്തകത്തിന്റെ അവതാരികയില്‍ ഇങ്ങിനെ പറയണമെങ്കില്‍ അതില്‍ എന്തെങ്കിലും കാമ്പും കവിത്വവും ഉണ്ടാകില്ലേ? നാമൊക്കെ പരുക്കനെന്നു വെറുതെയും അല്ലാതെയും പറയുന്ന ഒരു മന്ത്രിയില്‍ കുട്ടിമനസ്സ് ഉണ്ടാവുക എന്നത് അത്ര വലിയ തെറ്റാണോ?

ജി സുധാകരന്‍ എഴുതട്ടെ. അദ്ദേഹത്തിന്റെ കവിതകള്‍ വിമര്‍ശനങ്ങള്‍ക്കതീതമാണെന്നൊന്നും ഈ ലേഖകന് അഭിപ്രായമില്ല. മറ്റേത് എഴുത്തുകാരുടെ രചനകളെ വിമര്‍ശിക്കുന്നതിന് എടുക്കുന്ന അളവുകോല്‍ ജി സുധാകരന്റെ കവിതയുടെ കാര്യത്തില്‍ ഉപയോഗിച്ചാല്‍ മതിയെന്നേയുള്ളൂ. കവിത്വമുള്ള മനസ്സ് ഭരണാധികാരികള്‍ക്ക് ഉണ്ടാവുക എന്നത് തന്നെ വലിയ കാര്യമാണെന്ന് ഞാന്‍ കരുതുന്നു.

'ഇന്ത്യ'യുടെ 'മലയാളി'യായ അലിക്ക് ഒളിമ്പിക് മെഡല്‍ ചാര്‍ത്തിക്കൊടുത്ത് അനുശോചനം രേഖപ്പെടുത്തിയ ജയരാജന്‍ മന്ത്രിയെ വിമര്‍ശിക്കുന്നത് പോലെയാകരുത് ഒരു എഴുത്തുകാരനായ മന്ത്രിയെ അദ്ദേഹത്തിന്റെ രചനകള്‍ മുമ്പില്‍ വെച്ച് വിമര്‍ശിക്കാന്‍. രണ്ടും രണ്ടാണ്. അക്ഷരങ്ങളെ സ്‌നേഹിക്കുന്നത് കൊണ്ടാകാം ഇങ്ങിനെയൊക്കെ ഞാന്‍ എഴുതിപ്പോകുന്നത്. ക്ഷമിക്കുക.

ജോസഫ് കാംപെല്ലിന്റെ 'കൂരിരുട്ട്' എന്ന തലക്കെട്ടുള്ള നാലുവരി കവിത അങ്ങിനെ തന്നെ ഇവിടെ പകര്‍ത്തട്ടെ.
Darkness
I stop to watch a star shine in the boghole –
A star no longer, but a silver ribbon of light.
I look at it, and pass on.

വെള്ളിനാടയുടെ വെളിച്ചം ചതുപ്പ് നിലത്തിലെ സുഷിരത്തില്‍ താരകമെന്ന് തോന്നാനും അതൊന്നു നോക്കി ആസ്വദിക്കാന്‍ തിരക്ക് പിടിച്ച നടത്തത്തിനിടയില്‍ അല്പമവിടെ തങ്ങാനും പിന്നെ ഒരു ചെറുപുഞ്ചിരിയോടെ നടന്നകലാനും കവിക്ക് മാത്രമല്ല കവിഹൃദയമുള്ള വായനക്കാര്‍ക്കും സാധിക്കും. ഇരുട്ടിനു അങ്ങിനെയും ചില മായാദീപങ്ങള്‍ (magic lantern) തെളിക്കാനാകും. നമുക്കും അങ്ങിനെ തന്നെയാകാം, ആരെഴുതിയാലും.

ഇനി കന്നുകാലിയായി ജനിക്കണമെന്നാണോ ? / അസ്‌ലം മാവില


അല്ല എന്ത് പറ്റി നമ്മുടെ വടക്കേ ഇന്ത്യക്കാർക്ക് അവിടെ മനുഷ്യന്മാർ തന്നെയല്ലേ ജീവിക്കുന്നതും ഭരിക്കുന്നതും അവിടെ സൗകര്യങ്ങളുടെ കമ്മിയാണോ അതല്ല മറ്റു വല്ല പ്രശ്നങ്ങളാണോ ?
മൃത ദേഹങ്ങളോടാണല്ലോ ഇപ്പോൾ ഇവരുടെ കളി. പച്ചയ്ക്ക് മനുഷ്യനെ കത്തിക്കുകകെട്ടിത്തൂക്കുക ഇതൊക്കെയായിരുന്നു അവിടങ്ങളിൽ നിന്നൊക്കെ കേട്ടുകൊണ്ടിരുന്നത്. ഇപ്പോൾ അതും കഴിഞ്ഞാണ് ശവശരീരങ്ങളോട് തുടങ്ങിയിട്ടുണ്ട് എല്ലാ വേണ്ടാതീനവും.

ഏറ്റവും പുതിയ  വാർത്ത മധ്യപ്രദേശിൽ നിന്ന്  കേട്ടത് ഇങ്ങിനെ. സിയോനി ജില്ലയിലെ ഒരാസ്പത്രിയിൽ വൃദ്ധയായ ഒരു സ്ത്രീ മരിക്കുന്നു. വയസ്സ് 70. മൃതദേഹം വീട്ടിൽ കൊണ്ട് പോകാൻ  മകൻ ഭീംറാവു ആംബുലന്‍സ് ഡ്രൈവര്‍ വിളിക്കുന്നു.  പത്തു മിനിറ്റിനുള്ളില്‍ തന്നെ ആംബുലന്‍സ് ആസ്പത്രിയിൽ എത്തുന്നു. പക്ഷെ ഡ്രൈവർ മൃതദേഹം വാഹനത്തിൽ കയറ്റാൻ  വിസമ്മതിച്ചു.  മൃതദേഹം പിന്നെ മകൻ വീട്ടിലെത്തിക്കുന്നത് മറ്റൊരു ബന്ധുവിന്റെ സഹായത്തോടു കൂടി ബാക്കിയിൽ കയറ്റിയും ! ആദരിക്കപ്പെടേണ്ട ഒരു മൃതദേഹം ആ പാവങ്ങൾ വാഹനം നിഷേധിച്ചു എന്നത് കൊണ്ട് മാത്രം ബൈക്കിന്റെ മധ്യത്തിലിരുത്തി വീട്ടിലെത്തിക്കുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ എമ്പാടും ചർച്ചാ വിഷയമായിരുന്നു.

ദിവസങ്ങൾ അധികമായില്ലല്ലോവണ്ടിക്കൂലി  ഇല്ലാത്തത്  കൊണ്ട് (അത് മാത്രമായിരിക്കില്ല) തന്റെ പ്രിയതമയുടെ മൃതദേഹം 10 കിലോമീറ്റർ ചുമന്ന് നടക്കേണ്ടി  വന്ന ഒരു ഹതഭാഗ്യന്റെ ചിത്രം നമ്മുടെ വായനയിൽ എത്തിയിട്ട്. കൂടെ വാവിട്ടു കരഞ്ഞു കണ്ണ് നീര് വറ്റിയ വിളറിയ  മുഖത്തോട് കൂടി തന്റെ   അച്ഛന്റെ പിന്നാലെ നടക്കുന്ന  മകളും നമ്മുടെ കൺമുമ്പിൽ ഉണ്ട്.  പിന്നെകണ്ടത് ഉത്തര്‍പ്രദേശില്‍ ഡോക്ടര്‍മാര്‍ ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് പനി ബാധിച്ച പന്ത്രണ്ടു വയസുകാരന്‍ പിതാവിന്റെ തോളില്‍ കിടന്നു മരിച്ച വാർത്ത.  ജീവന്‍ രക്ഷിക്കാന്‍ മകനെയും തോളിലിട്ട് തൊട്ടടുടുത്ത ആശുപത്രിയിലെത്തിയ ആ പിതാവിനെ

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒഡിഷയിലെയും മദ്ധ്യപ്രദേശിലെയും നാട്ടിന്‍പുറങ്ങളില്‍ വസിക്കുന്നവര്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന കാഴ്ചകള്‍ വാര്‍ത്തയായിരുന്നു. ഒഡിഷയില്‍ ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ഭാര്യയുടെ മൃതദേഹവും ചുമന്ന് മകള്‍ക്കൊപ്പം12 കിലോമീറ്ററോളം നടന്നയാള്‍ക്കും അമ്മയുടെ ശരീരം ഒടിച്ചു മടക്കുന്നത് നോക്കി നിക്കേണ്ടി വന്ന മകനും പിന്നാലെ മദ്ധ്യപ്രദേശില്‍ ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് ആശുപത്രിലെത്താന്‍ ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് പിതാവിനൊപ്പം സൈക്കിളില്‍ പോകേണ്ട ഗതികേടും ഉണ്ടായിരുന്നു. അതിനു പിന്നാലെയാണ് ഉത്തര്‍പ്രദേശില്‍ ഡോക്ടര്‍മാര്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന്12 വയസുകാരന്‍ പിതാവിന്റെ തോളില്‍ കിടന്ന് മരിച്ച വാര്‍ത്തയും വന്നിരിക്കുന്നത്.

കടുത്ത പനി ബാധിച്ച മകന്‍ ആന്‍ഷിനെ തോളിലെടുത്താണ് പിതാവ് സുനില്‍ കുമാര്‍ ലാലാ ലജ്പത് റായ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ എത്തിയത്. എന്നാല്‍ കുട്ടി അപകടാവസ്ഥയിലാണെന്നറിഞ്ഞിട്ടും ചികിത്സ നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. ഡോക്ടര്‍മാരോട് കേണപേക്ഷിച്ചിട്ടും അവഗണനയായിരുന്നു ഫലം.

ഇതോടെ നിരാശനായ പിതാവ് മകന്റെ ജീവന്‍ രക്ഷിക്കാന്‍ കുറച്ചു ദൂരെയുള്ള കുട്ടികളുടെ മെഡിക്കല്‍ സെന്ററിലേക്ക് മകനെയും തോളിലിട്ട് ഓടി. ആംബുലന്‍സോ മറ്റേതെങ്കിലും വാഹനമോ ആശുപത്രി അധികൃതര്‍ നല്‍കിയില്ല. ഇതിനിടെ കുട്ടി മരിച്ചു. മൃതദേഹം തോളിലിട്ട് വീട്ടിലെത്തിച്ചപ്പോഴും ആരും സഹായത്തിനെത്തിയിരുന്നില്ല

ഭീംറാവു എന്ന പേര് കേൾക്കുമ്പോൾ തന്നെ അതൊരു ഉന്നത ജാതിക്കാരനാകാൻ ഏതായാലും ഇടയില്ല. താഴ്ന്ന ജാതിക്കാരും താഴ്ന്ന വരുമാനക്കാരും ഇന്നും വടക്കൻ സംസ്ഥാനങ്ങളിൽ മനുഷ്യരുടെ നിരയിൽ എണ്ണപ്പെടാറില്ല.



ഇവർക്കൊക്കെ മനുഷ്യനെ താഴ്ന്നതും മുകളിലുള്ളതെന്നു വേർതിരിച്ചു  ഇനി എത്രനാൾ  മനസ്സമാധാനത്തോട്കൂടി കഴിയാനാകും. ഇനി ഇന്ത്യയിൽ ജീവിക്കാൻ കന്നുകാലിയായി ജനിക്കണമെന്നാണോ ?