Sunday 14 October 2018

കർണ്ണാടക രാഷ്ട്രിയത്തിലെ* *ഏറ്റവും പുതിയ* *അടിയൊഴുക്കുകൾ* *സാകൂതം നിരീക്ഷിച്ചു* *നമ്മോട് സംവദിക്കുന്ന* *ഒരു പട്ലക്കാരൻ /അസ്ലം മാവില

*കർണ്ണാടക രാഷ്ട്രിയത്തിലെ*
*ഏറ്റവും പുതിയ*
*അടിയൊഴുക്കുകൾ*
*സാകൂതം നിരീക്ഷിച്ചു* 
*നമ്മോട് സംവദിക്കുന്ന*
*ഒരു പട്ലക്കാരൻ*
..................................

അസ്ലം മാവില
.................................

കർണ്ണാടക ശരിക്കുമൊരു പൊതു തെരഞ്ഞെടുപ്പിന്  ഒരുങ്ങുകയാണല്ലോ. മുമ്പൊക്കെ നമ്മുടെ നാട്ടിൽ അയൽ സംസ്ഥാന തെരഞ്ഞെടുപ്പ് വിശേഷങ്ങൾ കേൾക്കാൻ പോക്കർച്ചാന്റെ അദ്രാൻച്ചയെയാണ് ആശ്രയിക്കുക. സുള്ള്യ, അറന്തോട് അതിർത്തി പട്ടണങ്ങളിൽ മലഞ്ചരക്ക് കച്ചവടവും കഴിഞ്ഞ് അദ്ദേഹം നാട്ടിലേക്ക് വരുമ്പോൾ അൽപം രാഷ്ടീയ വർത്തമാനം കൂടി കയ്യിൽ കരുതും. ഞങ്ങളന്ന് ചെറിയ കുട്ടികൾ, മദ്രസ്സിന്റടുത്തുള്ള കടയിൽ പത്രം വായിക്കുന്നതിനിടെ ഇവരുടെ രാഷ്ട്രീയം ചെവി എറിഞ്ഞ് കേൾക്കും.

ഇക്കഴിഞ്ഞ ആഴ്ച ഞാൻ നേരെ ചെന്നത് ഞങ്ങൾ "ഇച്ച" എന്ന് ചുരുക്കി വിളിക്കുന്ന മുഹമ്മദ് കുഞ്ഞി സാഹിബിന്റെ അടുത്താണ്, ഏറ്റവും പുതിയ കന്നഡ രാഷ്ട്രിയം കേൾക്കാനും അറിയാനും. വൈകിട്ട്  നാല് മണിക്ക് അദ്ദേഹത്തിന്റെ കൂടെ ഇരുന്നു. ആ ഒന്നൊന്നര മണിക്കൂർ കർണാടകയിലെ ഏറ്റവും പുതിയ രാഷ്ടിയ ട്രൈന്റും സാധ്യതാ ജയ പരാജയങ്ങളും അദ്ദേഹം ഇടതടവില്ലാതെ പറഞ്ഞു കൊണ്ടേയിരുന്നു. കർണ്ണാടകയിലെ ഞാൻ ചോദിച്ച ഓരോ നിയസഭാ മണ്ഡലവും  അദ്ദേഹത്തിനറിയാം.

ഓർമ്മകൾ പിന്നോട്ട് പോയി - പന്ത്രണ്ടാം വയസ്സിൽ സ്കൂൾ നിർത്തി നേരെ പോയത് അദ്ദേഹത്തിന്റെ ഉപ്പയുടെ അടുത്തേക്ക്, കർണ്ണാടകയിലെ അറന്തോട്. മലഞ്ചരക്ക് കച്ചവടത്തിന്റെ ഇടനാഴിയാണ് സുള്ള്യ. നീണ്ട ഏഴ് വർഷമദ്ദേഹം കച്ചവടത്തിൽ ഉപ്പയ്ക്ക് താങ്ങായി. പിന്നെ നാട്ടിലേക്ക്...

ആ 7 വർഷങ്ങൾ നൽകിയ രാഷ്ട്രീയ സാക്ഷരതാ അപ്ഡേറ്റിംഗ് പകുതി വഴിക്ക് ഫുൾ സ്റ്റോപ്പിടാൻ ഇച്ച തയ്യാറായില്ല. നാൾക്ക് നാൾ അതപ്ഡേറ്റ് ചെയ്തു കൊണ്ടേയിരുന്നു. "പത്രങ്ങളും അരുമ പോലെ കൂട്ടായുള്ള റേഡിയോയുമാണ് തന്റെ രാഷ്ട്രിയ അവബോധത്തിന് ഇന്ധനം നൽകികൊണ്ടേയിരുന്നത്, ഇപ്പഴുമങ്ങിനെ തന്നെ " -  അദ്ദേഹത്തിന്റെ പതിഞ്ഞ വാക്കുകൾ.

പൊതുവിജ്ഞാനത്തിന്റെ അക്ഷയ ഖനിയാണ് അദ്ദേഹം. കുറെ കുത്തിക്കുറിച്ച കടലാസുകൾ കൂടെയുണ്ട്. അവയിലധികവും ഫോൺ നമ്പരുകൾ - ഒന്നുകിൽ ആസ്പത്രി, ഇൻഫർമേഷൻ സെൻററുകൾ, കാർഷിക സർവ്വകലാശാലകൾ ഏതെങ്കിലുമൊന്നായിരിക്കും. പോകാൻ നേരം വെള്ളായണി കാർഷിക കോളേജിലെ രണ്ട് നമ്പരുകൾ  കുറിച്ചു തന്നു - എന്ത് സംശയവും അവരോട് ചോദിക്കാം.

ഭക്ഷണത്തിൽ ചേർക്കുന്ന മായത്തെ കുറിച്ചു ഇച്ച ഒരുപാട് വാചാലനായി. മുന്തിരിയിലാണ് കൂടുതൽ വിഷാംശം തെളിക്കുന്നത്, വിനാഗിരി ഒഴിച്ച വെള്ളത്തിൽ ഒന്നൊന്നര മണിക്കൂർ അത് വെച്ചേ കഴിക്കാവൂ. മത്സ്യങ്ങളെ വരെ ഇവർ വെറുതെ വിടുന്നില്ല.

*അപ്പോൾ ചില ആപ്പിളുകളിൽ മെഴുകു പുരട്ടുന്നെന്ന് കേട്ടല്ലോ* - എന്റെ സംശയം. "അത് വലിയ ദോഷം ചെയ്യില്ല. അമേരിക്ക, ചിലി രാജ്യങ്ങളിൽ നിന്ന് വരുന്ന ആപ്പിളുകളാണ്, കാശ്മീർ ആപ്പിളല്ല. ആ വാക്സ് വയറിന് വലിയ കേടുമല്ല" ഒരു ഡോക്ടറെ ഉദ്ധരിച്ചു അദ്ദേഹം സമർഥിക്കുകയാണ്. 

വീണ്ടും രാഷ്ട്രീയം വന്നു. *സുള്ള്യയിൽ എന്തായിരിക്കും ?*
സുളള്യ SC സീറ്റാണ്.
അത് ബിജെപിക്ക് തന്നെ. വർഷങ്ങളായി അങ്കാരയാണ് ജയിക്കുന്നത്. അങ്കാര അത്രമാത്രം ജനകീയനാണ് അവിടെ. ബെൽത്തങ്ങാടിയിലെ സിറ്റിംഗ് എം. എൽ. എ യെ പോലെ. വ്യക്തിക്കാണ് വോട്ട്.  വസന്ത ബങ്കേര ബെൽത്തങ്ങാടിയിൽ എല്ലാ പാർടിയിലും ഉണ്ടായിരുന്നു. ജനതദൾ (എസ് ), പിന്നെ ബി. ജെ.പി., കഴിഞ്ഞ രണ്ട് ഊഴം കോൺഗ്രസ്. അപ്പോഴൊക്കെ വസന്ത ബങ്കേരക്കാണ് വോട്ട്. പാർടിക്കല്ല. മുഹമ്മദ് കുഞ്ഞി സാഹിബ് രാഷട്രീയം പറത്തി വിടുകയാണ്. ദക്ഷിണ കന്നഡയിലെ സുള്ള്യ ഒഴികെ മുഡ്ബെദിര, പുതൂർ, ബണ്ട്വാൾ, മാംഗ്ലൂർ സൗത്ത് (ഉള്ളാൾ) ,മാംഗ്ലൂർ  നോർത്ത് (സൂറത്ത്കൽ), മാംഗ്ലൂർ എല്ലായിടത്തും കോൺഗ്രസ് വരാനാണ് ചാൻസ്. 

*നിലവിലെ കക്ഷി നില ?*
50 ബി. ജെ.പി. , 40 ദൾ, 122 കോൺഗ്രസ്, 12 സ്വതന്ത്രർ.

*ഇനി സാധ്യത ആർക്ക് ?*
സ്ഥാനാർഥിത്വ നിർണ്ണയത്തിൽ ശ്രദ്ധിച്ചാൽ കോൺഗ്രസ് വീണ്ടുംവരും. റിബലുകൾ വരാതെ നോക്കണം. സിദ്ധറാമയ്യ ജനകീയ നേതാവാണ്. ഒരു പാട് ക്ഷേമ പ്രവർത്തനങ്ങൾ നടന്നു. ഇന്ദിരാ കാന്റീൻ ഏറ്റവും നല്ല ആശയമാണ്.

ജാതി രാഷ്ട്രീയമാണ് കർണ്ണാടകയിൽ പലയിടത്തും. പിണറായി വിജയൻ വരെ കർണ്ണാടകക്കാർക്ക് ആചാരി സമുദായക്കാരനാണ് പോൽ. ഗൗഡന്മാരാണ്  ലിംഗത്തായക്കാർ. അവർ 17 ശതമാനം ഉണ്ട്. അതൊരു പ്രത്യേക ന്യൂനപക്ഷ വിഭാഗമായി അംഗികാരം വാങ്ങാൻ കേന്ദ്രത്തിന് ഫയലയച്ച സിദ്ധറാമയ്യ ചെറിയ ചാണക്യനൊന്നുമല്ല, ബെല്യ കെണി തേഞ്ഞ മോനാണ്.

നല്ല അച്ചട്ടിലാണ് അദ്ദേഹം രാഷ്ട്രിയം പറഞ്ഞ് കൊണ്ടിരുന്നത്. പറഞ്ഞ് പറഞ്ഞ് കൺവീൻസ് ചെയ്യും.  തികഞ്ഞ കോൺഗ്രസുകാരൻ. ആൻറണിയുടെ സ്വന്തമാൾ. ഉമ്മൻചാണ്ടിയോട് അത്ര മതിപ്പില്ല.

പായക്കൽപം അകലെയായി ഒരു സോണി ബ്രാൻറ് റേഡിയോ ഉണ്ട്. ഇച്ച ഉണരുന്നത് മുതൽ അത് ഓണാണ്. ഇപ്പോൾ എഫ് എമ്മാണ് കൂടുതൽ കേൾക്കുന്നത്. എഫ്. എമ്മിൽ ശബ്ദം നല്ല ക്ലാറിറ്റി ഉണ്ട്. ഡൽഹി നിലയത്തിൽ നിന്നും പ്രക്ഷേപണം ചെയ്യുന്ന മലയാളം, ഹിന്ദി, ഇംഗ്ലീഷ് വാർത്തകൾ എന്നും മുറ തെറ്റാതെ കേൾക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ശേഷമിങ്ങോട്ടുള്ള എല്ലാ റേഡിയോ പ്രാഗ്രാമുകളും അദ്ദേഹം ശ്രദ്ധിക്കും. പാതിരാവിൽ തന്റെ ചില ചില്ലറ പണിയൊക്കെ കഴിഞ്ഞ് രണ്ട് - രണ്ടരയ്ക്ക് കിടക്കാൻ ഒരുങ്ങുന്നത് വരെ അദ്ദേഹം ഒന്നുകിൽ വായനയിലാണ്, അല്ലെങ്കിൽ ഒരു റേഡിയോ നിലയത്തെ കേൾക്കുകയാണ്. വർഷങ്ങളായുള്ള ചിട്ട.

1952 ലാണ്  ജനനം. 66 വയസ്. സാമുഹ്യ രാഷ്ട്രീയ രംഗത്ത് സജീവമായുള്ള അബ്ദുറഹിമാൻ ഹാജി സതീർഥ്യനാണ്.

കൂടെ പഠിച്ച ചിലരൊക്കെ ഇന്നില്ല. മൊഗർ മൊയ്തു, എച്ച്. കെ. മമ്മിഞ്ഞി. അവരെ കുറിച്ചുള്ള നല്ല ഓർമ്മകൾ പങ്കുവെക്കുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദം ഇടറി.

രാഘവൻ മാഷ്, സരസ്വതി ടീച്ചർ, ലീല ടീച്ചർ, ദാമോദരൻ മാഷ്, ബട്യപ്പൻ മാഷ്, മാതൃസഹോദരി ഭർത്താവ് കൂടിയായ കൊല്ല്യ മുഹമ്മദ് കുഞ്ഞി മാഷ് ... തന്നെ പഠിപ്പിച്ച ഒരാളും അദ്ദേഹത്തിന്റെ ഓർമയിൽ നിന്ന് ഒരു കാതം പോലും മാറി നിന്നിട്ടില്ല.

സൈഫുദ്ദീന്റെ മകൻ മരിച്ച ദിവസമാണ് ഞാൻ മുഹമദ് കുഞ്ഞി സാഹിബിനെ കാണാൻ ചെന്നത്. അദ്ദേഹമെനിക്കിങ്ങോട്ട് ആ വിവരം പറഞ്ഞു തന്നു. നാട്ടിലെ ഓരോ കാര്യങ്ങളും അപ്പപ്പോൾ  അറിയുകയും ഓർമയിൽ സൂക്ഷിക്കുകയും ചെയ്യുന്നുവെന്നതിന് ഉദാഹരണം. പലരുടെയും രോഗാവസ്ഥയിലും പ്രയാസത്തിലുമദ്ദേഹം വളരെ ഖിന്നനാണ്, ദുഃഖിതനാണ്.

നമ്മുടെയൊക്കെ നന്മകളിലും നല്ലതുകളിലും സന്തോഷിക്കുകയും ദൂ:ഖങ്ങളിലും വിഷമങ്ങളിലും തപ്തനാവുകയും ചെയ്യുന്ന ഒരു അഭ്യുദയ കാംക്ഷി. അതാണ് മുഹമ്മദ് കുഞ്ഞി സാഹിബ്.  നമ്മുടെയിടയിൽ നാമറിയാതെ, ആരുടെയും ശ്രദ്ധ ആഗ്രഹിക്കാതെ അദ്ദേഹം ജീവിക്കുകയാണ്. ആ ജേഷ്ട സഹോദരനെ നമ്മുടെ സ്നേഹാറകളിൽ ഉൾക്കൊള്ളിക്കാനുള്ള സന്മനസ്സ് എല്ലാവർക്കും കാണിക്കാം.

ഇനിയുമറിയാത്തവർക്ക് കുറച്ചു കൂടി പരിചയപ്പെടുത്താം, അത് മറ്റാരുമല്ല, മർഹും പിടിക അബ്ദുല്ല സാഹിബിന്റെയും ഞങ്ങളുടെ വാത്സല്യ നിധിയായ പ്രിയപ്പെട്ട ഉമ്മിഞ്ഞയുടെയും മകൻ മുഹമ്മദ് കുഞ്ഞി സാഹിബ് തന്നെ. അയൽത്തണലായി ആ ഉമ്മയും മകനും ദീർഘകാലം ആരോഗ്യത്തോടെ ഞങ്ങളുടെയിടയിൽ സന്തോഷത്തോടെ ജീവിക്കുവാൻ ഇടയാവട്ടെ എന്ന് മാത്രമാണ്  ആത്മാർഥമായ പ്രാർഥന.

*അപ്പാൾ കോൺഗ്രസ് തന്നെ കർണാടകയിൽ വരുമല്ലേ ?* പിരിയാൻ നേരം  എന്റെ കുസൃതി സംശയത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ :
അത്രയൊക്കെ പ്രശ്ന കലുഷിതമായ അന്തരീക്ഷത്തിലും കന്നഡ മണ്ണിൽ പ്രസംഗിക്കാൻ നമ്മുടെ കേരള മുഖ്യമന്ത്രിക്ക് വേദി ഒരുക്കിക്കൊടുത്ത സിദ്ധറാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് കർണാടകയിൽ വരേണ്ടതല്ലേ ? ഇച്ചാന്റെ തിരിച്ചിങ്ങോട്ടുള്ള ആ ചോദ്യത്തിൽ ഒന്നിലധികം മുനയുണ്ടായിരുന്നു.

....:.........................🌱

Vellayini karshika college : any doubts - fathima hameed 8089344775  poornima 9744645106

No comments:

Post a Comment