Sunday 14 October 2018

പരീക്ഷാമക്കളോട് / അസ്ലം മാവില

പരീക്ഷാമക്കളോട്

അസ്ലം മാവില

നാളെ പത്ത് പരീക്ഷ, പന്ത്രണ്ടും നാളെ തുടങ്ങും. എല്ലവർക്കും വിജയാശംസകൾ ആദ്യമേ നേരട്ടെ.

1980 കളിലൊക്കെ SSLC പരീക്ഷ ഒരു ബുധനിൽ തുടങ്ങും, തൊട്ടടുത്ത ബുധനിൽ തീരും. ദിവസം ഈരണ്ട് വീതം പരീക്ഷ. സ്കൂളിന് തൊട്ടടുത്ത് വീടുള്ള ഞങ്ങളൊക്കെ ഉച്ച ഭക്ഷണം കഴിച്ചുടനെ അന്നത്തെ രണ്ടാം പരീക്ഷയ്ക്കെത്തും. കുറച്ചകലെ നിന്നെത്തുന്നവരിൽ മിക്കവരും പച്ച വെള്ളം കുടിച്ചോ,  വെറും വയറ്റിലോ  രണ്ടാം പരീക്ഷ എഴുതും.

1983 വരെയുള്ള SSLC വിദ്യാർഥികളുടെ പത്താം ക്ലാസ്സ് പരീക്ഷാ പേപ്പറിൽ 8, 9 ക്ലാസ്സുകളിൽ നിന്നുള്ള ചോദ്യങ്ങൾ വരെ തിരുകിക്കയറ്റും, അതിന്റെ ടെൻഷൻ വേറെ. 1982 ലെ കരുണാകരൻ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന TM ജേക്കബ് രാകിപ്പറക്കുന്ന ചെമ്പരുന്തിനൊപ്പം ഈ സിസ്റ്റവും മാറ്റിക്കളഞ്ഞു. 1985 ൽ SSLC എഴുതിയ എനിക്ക് 10-ാം ക്ലാസ്സ് ടെക്സ്റ്റ് ബുക്ക് മാത്രമേ പഠിക്കേണ്ടി വന്നുള്ളൂ.

SSLC & പ്ലസ് ടു പരീക്ഷാ ടൈംടേബിൾ തന്നെ എത്ര സൗകര്യപ്രദമായാണ് ഇപ്പോൾ  ക്രമീകരിച്ചിരിക്കുന്നത് ! പണ്ടത്തെ "ബുധനോട് ബുധൻ " ഏർപ്പാട് തന്നെ നിന്നുപോയി. ഇപ്പോൾ   ദിവസമൊരു പരീക്ഷ, രണ്ടില്ല.  7ന് തുടക്കം, 23 ന് ഒടുക്കം. ഓരോ പരീക്ഷ കഴിഞ്ഞാൽ  അത്യാവശ്യം നല്ല ഗ്യാപ്. 

പബ്ലിക് പരീക്ഷ തുടങ്ങുന്നതിന് മുമ്പ് തന്നെ ഒരുപാട് വട്ടം മോഡൽ എക്സാം നടന്നു. ട്യൂഷന് പോകാൻ ഇടം നൽകാത്ത വിധം വൈകുന്നേരങ്ങളിൽ ഫ്രീ ക്ലാസ്സുകൾ കിട്ടി. സ്നാക്ക്സടക്കം വൈകിട്ട് ചായ. ഒരൊഴികഴിവില്ലാത്ത വിധം അതത് സ്കൂളിലെ PTA ഫുൾ സപ്പോർട്ട് നൽകി.

ഇനി സന്തോഷത്തോടെ നാളെ പരീക്ഷാ ഹാളിലെത്താം. പഠിച്ചവന് നന്നായെഴുതാം. വേറൊരു കുറുക്കു വഴിയില്ല, അങ്ങിനെ കുറുക്ക് വഴിയിൽ ഉണ്ടാക്കിയ പേനയുമില്ല.  ഫ്രഷായി ശുഭപ്രതീക്ഷയോടെ നാളെ പരീക്ഷക്കിറങ്ങുക. നന്മകൾ നേരുന്നു.

ഒരു കാര്യം, എഴുതിയ പരീക്ഷയുടെ ചോദ്യപേപ്പർ എടുത്ത് കൂടിയിരുന്നുള്ള ചർച്ച മാത്രം മാറ്റി വെക്കുക.  കഴിഞ്ഞത് കഴിഞ്ഞു. ഉത്തരകടലാസ് പെട്ടിയിലായി.  അതിന്റെ അനാലിസിസ് എല്ലാം കൂടി നമുക്ക് 24 മുതൽ നടത്താം.  23 ന് വൈകുന്നേരം മുതൽ സമയം ഇഷ്ടം പോലെ ഉണ്ടല്ലോ.

No comments:

Post a Comment