Thursday 19 December 2019

അതങ്ങിനെ വരാതിരിക്കാൻ വഴിയില്ലല്ലോ; പ്രളയാശ്വാസധനം അക്കൗണ്ടിൽ അനക്കം വന്നുതുടങ്ങി* / അസ്ലം മാവിലെ

*അതങ്ങിനെ വരാതിരിക്കാൻ വഴിയില്ലല്ലോ; പ്രളയാശ്വാസധനം  അക്കൗണ്ടിൽ അനക്കം വന്നുതുടങ്ങി*
................................
അസ്ലം മാവിലെ
................................

പ്രളയദുരിതാശ്വാസ ധനസഹായം ലഭിക്കുവാൻ ഇവിടെ (പട്ലയിൽ)  വളരെ ആസൂത്രിതമായാണ് ഹെൽപ് ഡെസ്ക് തുറന്നത്. പക്ഷെ, അത്രയൊക്കെ ചെയ്തിട്ടും അതിന്റെ റിസൾട്ട് കിട്ടാതായപ്പോൾ സ്വാഭാവികമായും എല്ലാവർക്കും പ്രയാസമുണ്ടായിരുന്നു,  പത്രത്തിൽ പ്രസ്‌താവന കണ്ടതല്ലാതെ നടപടിയൊന്നും തുടക്കത്തിൽ കാണാതായപ്പോൾ പ്രത്യേകിച്ചും.

ഇക്കഴിഞ്ഞമാസം വീണ്ടും ഈ  വിഷയം പൊതുജനങ്ങൾക്കിടയിൽ  ചർച്ചാവിഷയമായി. അന്വേഷണത്തിൽ അർഹതപ്പെട്ടവർക്ക് ദുരിതാശ്വാസ ധനം അനുവദിച്ചുകൊണ്ട് നടപടിയാരംഭിച്ചെന്നുള്ള വാർത്ത ലഭിച്ചു. കാസർകോട്ട് നിന്നാണ് പ്രസ്തുത കോംപൻസേഷൻ വിതരണം ചെയ്യാനുള്ള ആക്ഷൻ ഇനിയുണ്ടാകേണ്ടതെന്നും ചില പ്രദേശങ്ങളിലുള്ളവർക്ക് അവ ലഭിച്ചുതുടങ്ങിയെന്നും അറിയാനിടയായി. ഒപ്പം, പട്ലയിലെ അപേക്ഷകരിൽ 95% പേരും  സമാശ്വാസധനത്തിന് അർഹരെന്നും  വൈകാതെ ലഭിക്കുമെന്നും.

ഇന്ന് കിട്ടിയ റിപ്പോർട്ടനുസരിച്ച് പട്ലയിലെ പ്രളയദുരിതമനുഭവിച്ചവർക്കും   ആശ്വാസ തുക ലഭിച്ചു തുടങ്ങിയിരിക്കുന്നു. അഞ്ചോളം കുടുംബങ്ങൾ ഇവരിൽ പെടും. ബാക്കിയുള്ളവർക്കും പിന്നാലെ ലഭിക്കുമെന്ന് നമുക്ക് കരുതാം. എങ്കിലും,  ടൗണിൽ പോകുന്നവർ  താലൂക്കാപിസിൽ കയറി  ഒന്നന്വേഷിക്കുവാൻ മറക്കരുത്.

എന്റെ അഭിപ്രായത്തിൽ ഏകദേശം ആളുകൾക്ക് സഹായധനം ലഭിക്കുന്നതോടെ രണ്ടാം ഘട്ട സമാശ്വാസ തുക ലഭിക്കുവാൻ ബന്ധപ്പെട്ട രേഖകൾ തയ്യാറാക്കി സമർപ്പിക്കണം. 10,000 രൂപയിൽ തീരുന്നതല്ലല്ലോ മിക്കവരുടെയും നാശനഷ്ടങ്ങൾ. പക്ഷെ, ഈ അപേക്ഷ സമർപ്പിക്കുന്നത് ആദ്യ ഗഡു 80% പേർക്കെങ്കിലും കിട്ടിയതിന് ശേഷമായാൽ നല്ലതാണ്, എല്ലാവർക്കും ഒന്നിച്ചു നൽകാമല്ലോ.

പല ഏജൻസികൾ വഴിയും കേന്ദ്രത്തിൽ നിന്നും സംസ്ഥാനത്തിൽ നിന്നും മറ്റുമായി  പ്രളയത്തിന് മാത്രമായി വകയിരുത്തുന്ന സഹായ ധനമാണിത്. നാം രേഖകൾ അടക്കം അപേക്ഷ നൽകാത്തതിന്റെ പേരിൽ ഇതിനായി നീക്കിവെച്ച പണം ലാപ്സായി തിരിച്ചു പോകാനും സാധ്യതയുണ്ട്. അതുണ്ടാകരുത്. അപേക്ഷിച്ചു നോക്കാമല്ലോ.

ഇതൊക്കെ പറയാനേ പറ്റൂ. മുൻകൈ എടുക്കേണ്ടത് അവനവൻ തന്നെയാണ്. വീണ്ടുമൊന്ന് ശ്രമിച്ചു നോക്കുക, ഇതൊക്കെ മുമ്പേ ഉള്ള ഏർപ്പാടാണ്. നാമാരും ശ്രമിച്ചില്ലെന്നേയുള്ളു.  (ഇതിനൊക്കെ സഹായം ചെയ്തു തരേണ്ട ഇവിടെയുള്ള ചില ഉദ്യോഗസ്ഥർ ഇതൊന്നും ആർക്കും  കിട്ടാൻ പോകുന്നില്ല എന്നൊക്കെ പറഞ്ഞതായും അറിഞ്ഞിട്ടുണ്ട്. സർക്കാരിനില്ലാത്ത പിശുക്ക് ഇവരെന്തിനാണ് കാണിക്കുന്നത് ?) 

മറ്റൊരു കാര്യം: ഒന്നാം ഗഡു കിട്ടിയവർ,  ഏറ്റവും കുറഞ്ഞത് വാർഡ് മെമ്പറെയെങ്കിലും വിളിച്ചു പറയണം. അദ്ദേഹത്തിന്റെ കയ്യിൽ അപേക്ഷ നൽകിവരുടെ നീണ്ട ലിസ്റ്റുണ്ട്, അതിലെങ്കിലും പ്രസ്തുത വിവരങ്ങൾ രേഖപ്പെടുത്താൻ പറ്റും, പിന്നീട് ഫോളോഅപ്പിനത്  ഉപകരിക്കുകയും ചെയ്യും.  അടുത്ത വർഷവും ഇക്കുറി പെയ്തപോലെയുള്ള  മഴയാണ് പെയ്യുന്നതെങ്കിൽ മഴക്കെടുതി രൂക്ഷമാകാനാണ് കൂടുതൽ സാധ്യത എന്നതും കൂട്ടിവായിക്കുക.

നേരം വെളുത്തില്ലേ ?* *ഒരു പ്രതിഷേധവുമില്ലേ ?* /. അസ്ലം മാവിലെ


*നേരം വെളുത്തില്ലേ ?*
*ഒരു പ്രതിഷേധവുമില്ലേ ?*
.................................
അസ്ലം മാവിലെ



.................................

ഇന്ന് ഒരു കഥ വായിക്കാനിടയായി. അതിലൊരിടത്ത് കഥാകൃത്ത് -   
'' മുജീബേ......... ചെലെ സമയത്ത് സമാധാനം വേണെങ്കി സന്ന്യാസത്തിന് പോണം. മറ്റു ചെലപ്പോ ഉച്ചത്തി നിലവിളിക്കണം.''

ഏറ്റവും കുറഞ്ഞത് പ്രതിഷേധം ഉച്ചത്തിൽ നിലവിളിച്ചെങ്കിലുമാകണം. പ്രതിഷേധിക്കുക പ്രതികരിക്കുക എന്നൊക്കെ പറഞ്ഞാൽ,  നിങ്ങളുടെ നാഡി ഞരമ്പുകളിൽ ഇപ്പഴും ജീവസ്പന്ദനം ബാക്കിയുണ്ടെന്ന് നിങ്ങളെ തന്നെ ബോധ്യപ്പെടുത്തുകയാണ്.

ഒരു ഗ്രാമം മൊത്തം, ഒരു കൂട്ടം ഗ്രാമങ്ങൾ ആകെ , ജനാധിപത്യ സംവിധാനത്തിൽ അനുവദിക്കപ്പെട്ട സ്പേയ്സിൽ നിന്നു അന്യായം ചൂണ്ടിക്കാണിക്കുന്നതിനെയാണ് രാഷ്ട്രീയം എന്ന് പറയുന്നത്. കൈ കൊട്ടിക്കളിക്കാൻ മാത്രമല്ല കൈചൂണ്ടി പറയാനും ഈ അവകാശരാഷ്ട്രീയം കൊണ്ടാകണം.

ഹേയ്, ഈ നാട്ടിൽ ആരുമില്ലേ ഒന്ന് മുൻകൈ എടുക്കാൻ ? ഈ രാജ്യം ഇന്നേവരെ കണ്ട ഏറ്റവും വലിയ അന്യായം പാർലമെൻറിൽ പാസാക്കി നിയമമാക്കി വിലസുന്നത് നിങ്ങൾ ആരും കാണുന്നില്ലേ ? ഇന്ത്യയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ പ്രതിഷേധം ആളിക്കത്തുന്നതിന്റെ ഗാബും ചൂടും നിങ്ങൾക്ക് ഇപ്പഴും  അനുഭവപ്പെടുന്നേ ഇല്ലേ ?

ഇതിലെന്ത് ജാതി, മതം, വർഗ്ഗം, വർണ്ണം സഹോദരാ ?

 ഫാഷിസത്തിന് എന്ത് നാനാത്വം ? എന്ത് വൈവിധ്യം ? അവർക്ക് ഒരേ ലക്ഷ്യമുള്ളൂ - ഒറ്റവർഗ്ഗം, ഒരു കൂട്ടർ,  അവരാകട്ടെ റാൻ മൂളുന്നവരും ആയിരിക്കണം. ബാക്കിയൊക്കെ പുതിയ നിയമങ്ങൾ വഴിക്കും വഴി ആലയിൽ ചുട്ടെടുത്ത് ലക്ഷൃത്തിലേക്കുള്ള വഴി തടസ്സം ഒഴിവാക്കും. അവർ മാത്രം ബാക്കിയാകും.

പൗരത്വ ഭേദഗതി ബില്ലു പാസാക്കി. അതിൽ  നിന്ന് ഒരു വിശ്വാസക്കാരെ മാത്രം ഒഴിവാക്കി. ഇനി N R C വരും, അതു വരുമ്പോൾ ഉപ്പുപ്പാന്റെയുമപ്പർത്തെ ആധാരവും തിരിച്ചറിയലും ബാങ്ക് അക്കൗണ്ടും തപ്പണം. അതില്ലേ ? പോയി, കാറ്റ് പോയി. ഒരു കൂട്ടർ മാത്രം പൗരത്വ ഭേദഗതി ആക്ടിന്റെ പിൻബലത്തിൽ എന്നേക്കും പുറത്ത് പോകും. മറ്റുള്ളവർക്ക് പിന്നെയും തൽക്കാലത്തേക്ക് പ്രതീക്ഷ നൽകും. സിദ്ധാർഥ് എഴുതിയത് പോലെ, കുറെ കഴിഞ്ഞ് അവർക്കും പുതിയ നിയമം വരും, വഴിയാലെ അവരെയും തടവട തേടി വരും.

കട്ടനടിച്ചിരുന്നോ. പത്രം വായിച്ചു വാ പൊളിച്ചോ. സമരവും പ്രതിഷേധവും മറ്റുള്ളവർ നടത്തുമെന്ന പ്രതീക്ഷയിൽ അയിലക്കറി കൂട്ടി മിണ്ടാതെ ഇരുന്നോ. കുപ്പായത്തിന്റെ ഇസ്തിരി പൊളിയാതെ കുണുങ്ങിക്കുണുങ്ങി നടന്നോ.

ഹേയ്, ഒന്നിത് കേൾക്കുന്നുണ്ടോ ? ഇനിയും തലക്കു കയറാത്തവനും തലക്കു കയറാത്തവൾക്കും വരാനിരിക്കുന്ന ഭവിഷ്യത്ത് ബോധ്യപ്പെടുത്തണ്ടേ ?  ഈ വിവേചനപരമായ കാടൻ നിയമത്തിനെതിരെ ജനാധിപത്യ മര്യാദയോടെ ഒന്നു നെഞ്ചത്തടിച്ചു കരയുകയെങ്കിലും വേണ്ടേ ? പ്രതിഷേധിക്കാൻ ഈ സംഘബലത്തിന് കഴിവുണ്ടെന്ന് നമുക്കെങ്കിലും അറിയണ്ടേ ? ബോധ്യപ്പെടണ്ടേ ?

നാനാജാതി മതസ്ഥർ, വിവിധ തുറയിൽ ജീവിക്കുന്നവർ, വിദ്യാർഥികൾ മുതൽ ബുദ്ധിജീവികൾ വരെ സകലരും ഈ വേർതിരിവ് നിയമത്തിന് എതിരാണ്. ഫാഷിസം  തലയ്ക്ക് മത്ത് പിടിച്ചവർ മാത്രം ഈ കരിനിയമത്തിന് അനുകൂലരും.

ഒരു ദിവസം തീരുമാനിക്ക്. ഈ നാട്ടിലെ എല്ലവരും ജാതി മത രാഷ്ട്രീയ ഭേദമന്യേ ഒരുങ്ങി പ്രതിഷേധിക്കാൻ ഒന്നായിറങ്ങാം. ഇന്നാട്ടിലെ കാരണവന്മാരും രാഷ്ട്രീയനേതാക്കളും മതനേതൃത്വങ്ങളും ജമാഅത്തുകളുമെല്ലാം ആലോചിച്ച് ഒരു തിയതി പറ.  ഒരു കുടക്കീഴിൽ നമുക്ക് നീങ്ങാം. ഒന്നിച്ച് പ്രതിഷേധിക്കാം.

സമയം വൈകുന്നു. എല്ലായിടത്തും പ്രതിഷേധങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.  മുഖ്യമന്ത്രി മുതൽ ഭരണപ്രതിപക്ഷങ്ങൾ ആകമാനം ഒന്നിച്ചെതിർക്കുന്നു. നോക്കി നിൽക്കാൻ നേരമില്ല, പെട്ടെന്ന് ഒരു തിയതി പറ. ▪

ഇന്നത്തെ താരം അബ്ബാസ് തന്നെ* / അസ്ലം മാവിലെ


*ഇന്നത്തെ താരം അബ്ബാസ് തന്നെ*
.................................
അസ്ലം മാവിലെ .
.................................

ഇത് അബ്ബാസ്, പട്ലക്കാരൻ. ടി.എച്ച്. ഇബ്രാഹിം & മറിയം ദമ്പതികളുടെ മകൻ.

ലോകഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി നടന്ന കലോത്സവത്തിൽ ഈ മിടുമിടുക്കൻ ഒപ്പനയിൽ ചുവട് വെച്ച്  മുഴുവൻ കലാസ്വാദകരുടെയും കയ്യടി നേടിയിരിക്കുന്നു. 

ആ കയ്യിൽ ഉള്ളത് അവൻ വാരിക്കൂട്ടിയ ട്രോഫികളാണ്. മുഖത്ത് വിരിഞ്ഞ ആ സന്തോഷം കണ്ടോ ? അവന്റെ സന്തോഷത്തിൽ നമുക്കും ഭാഗമാകാം.

മുമ്പൊരിക്കൽ അബ്ബാസ് സ്പോർട്സിൽ ഒരുപാട് സമ്മാനങ്ങൾ വാങ്ങിയത് ഞാൻ RTPEN ൽ എഴുതിയിരുന്നു, ബ്ലോഗിൽ പരതിയാൽ കിട്ടും.

അബ്ബാസ് അവന്റെ കഴിവ് മാക്സിമം എല്ലാ രംഗങ്ങളിലും വിനിയോഗിക്കുന്നു. അധ്യാപകർ, രക്ഷിതാക്കൾ, സഹോദരങ്ങൾ ഇവർക്കാണ് അബ്ബാസിനെ പ്രോത്സാഹിപ്പിക്കുന്നതിൽ വലിയ പങ്കുള്ളത്. അവരും ഒട്ടും കുറയാത്ത  അഭിനന്ദനമർഹിക്കുന്നു.

ഈ മാസം 3ന് പട്ല ജി.എച്ച്. എസ്.  സ്കൂളിലും ഭിന്നശേഷി അന്താരാഷ്ട്രാദിനം സമുചിതമായി ആചരിച്ചിരുന്നു/ആഘോഷിച്ചിരുന്നു. ദിവസം കൃത്യമായി ഓർക്കാൻ കാരണം പോസ്റ്റർ രചനയ്ക്ക്  റിയുവും വഫയും അവരെ സഹായിക്കാൻ രണ്ടു ദിവസം എന്റെ തലതിന്നത് നല്ല ഓർമ്മയുണ്ട്. മുമ്പത്തെപോലെയല്ല പിള്ളേര്, പിന്നാലെ കൂടിയാൽ ചാരേന്നും കൂഞ്ചീന്നും വിടില്ലന്നേയ്....

മുമ്പൊരിടത്ത് പരാമർശിച്ചത് ഓർത്തെടുക്കട്ടെ -ഇത്തരം ദിനങ്ങൾ പൊതുവിദ്യാലയങ്ങളിൽ വളരെ വർണ്ണശബളമായി ആഘോഷിക്കണം. ആ മക്കൾക്ക് നാം നൽകുന്ന വലിയ പരിഗണന കൂടിയാണത്, അംഗീകാരവും.

അബ്ബാസ് വലിയ നിലയിലെത്തട്ടെ, കൈയ്പ്പിടിയിലൊതുങ്ങാത്ത സമ്മാനങ്ങൾ അവൻ ഒരുപാടൊരുപാട് ഇനിയും  വാരിക്കൂട്ടട്ടെ.

കലക്കി അബ്ബാസ് !
ഇന്നത്തെ താരം നീയാണ് പൊന്നേ ...▪

www.rtpen.blogspot.com

Sunday 15 December 2019

എംഎ മനസ്സു തുറക്കുന്നു / അസ്ലം മാവിലെ

*എംഎ മനസ്സു തുറക്കുന്നു / അസ്ലം മാവിലെ*
.            :  ( 1 )
*നിങ്ങള്‍ക്ക് ഊഹിക്കാന്‍ പറ്റുമോ ഒരു കാലത്ത് ഇദ്ദേഹം എഴുത്തുകാരനായിരുന്നെന്ന്...?; ഓര്‍മകളുടെ തീച്ചൂളയില്‍ നിന്നും..*
http://www.kasargodvartha.com/2019/12/malayalam-article-about-ma-aboobacker.html?m=1
.            :  ( 2 )
*പഠനത്തിന് മാത്രമല്ല നടത്തത്തിനും അന്ന് കുറുക്കുവഴികളില്ലായിരുന്നു; ഒരു മാസ്റ്റര്‍ ഡിഗ്രി പിന്നീട് കേള്‍ക്കുന്നത് കാല്‍നൂറ്റാണ്ട് കഴിഞ്ഞാണ്; പഠനകാലവും സാഹചര്യങ്ങളും*
.             (3 )
http://www.kasargodvartha.com/2019/12/malayalam-article-about-ma-aboobacker15.html
വിശ്രമ ജീവിതത്തില്‍ വായനയെ കൂട്ടുപിടിച്ച് ആദ്ദേഹമിവിടെയുണ്ട്; മുബൈ ജീവിതത്തിന്റെ നോവും പ്രവാസത്തിന്റെ അനുഭവങ്ങളും ഓര്‍ത്തുകൊണ്ട്...*

http://www.kasargodvartha.com/2019/12/malayalaam-article-by-aslam-mavile-last.html

പഠിച്ച ബിരുദം ഇനീഷ്യലാക്കി നാം ഇവിടെ ഒരാളെ മാത്രമേ വിളിച്ചിട്ടുള്ളു - അത് എം.എ. അബൂബക്കർ സാഹിബിനെ മാത്രം !

ദീർഘകാലം പ്രവാസം - കൃത്യമായി പറഞ്ഞാൽ 36 വർഷം. അതിൽ പതിനഞ്ചു വർഷം മുംബയിൽ, 21 വർഷം അബൂദാബിയിൽ. 2001 ലാണ് പ്രവാസ ജീവിതം പാടേ നിർത്തി എം.എ. ഔക്കൻച്ച നാട്ടിൽ സെറ്റ്ല് ചെയ്യുന്നത്.

യു.എ. ഇ യിലുണ്ടായിരിക്കെ,  ദീർഘകാലം യു.എ. ഇ - പട്ല ജമാഅത്തിന്റെ അനിഷേധ്യ അധ്യക്ഷൻ. യു. എ. ഇ വിടുന്നത് വരെ ആ സ്ഥാനത്ത് പകരം വെക്കാൻ മറ്റൊരാളുണ്ടായിരുന്നില്ല.

പക്വമായ നേതൃത്വം. തുളുമ്പാത്ത വ്യക്തിത്വം. ജാഡയില്ലാത്ത പ്രകൃതം. എല്ലാത്തിനെക്കുറിച്ചും തന്റെതായ കാഴ്ചപ്പാടുകൾ നിലനിർത്തുകയും മറ്റുള്ളവരുടെ അഭിപ്രായങ്ങളെ  അതേ പോലെ മാനിക്കുകയും ചെയ്ത/ചെയ്യുന്ന ഉത്കൃഷ്ട സ്വഭാവം.

പ്രവാസം തെരഞ്ഞെടുത്തില്ലായിരുന്നെങ്കിൽ ഏതെങ്കിലുമൊരു കേന്ദ്ര ഗവ. സ്ഥാപനത്തിലെ ഒരുന്നത സ്ഥാനത്ത് ഡയരക്ടറായോ കോളേജ് മേധാവി..യായോ ഇക്കണോമിസ്റ്റായോ വിരമിച്ചു വിശ്രമജീവിതം നയിക്കുമായിരുന്നു അദ്ദേഹമിപ്പോൾ.

നിങ്ങൾക്ക് ഊഹിക്കാൻ പറ്റുമോ ഒരു കാലത്ത് എം.എ. നല്ല ഒരു  എഴുത്തുകാരനായിരുന്നെന്ന്, ഒരധ്യാപകനായിരുന്നെന്ന് ?
1960 കൾ ഇടതുപക്ഷ രാഷ്ട്രിയത്തിന്റെ തീകത്തുന്ന പകൽ വെളിച്ച നാളുകൾ. ഇ എം. അധികാരത്തിലേറുകയും ഇറങ്ങുകയും ചെയ്ത കാലം. അഭിഭക്ത കമ്യൂണിസ്റ്റ് പ്രസ്ഥാനമാണന്ന്. കന്നഡ ഭാഷയിലുള്ള അരുണ (പ്രഭാതം) എന്ന കമ്മ്യൂണിസ്റ്റ്പ്രസ്ഥാനനുകൂല പത്രത്തിൽ പി. അബൂബക്കർ എന്ന പേരിൽ സമകാലീന രാഷ്ട്രീയം എഴുതിയിക്കൊണ്ടിരുന്നു. അത്പോലെ കന്നഡ നവഭാരതയിലും അദ്ദേഹം  രാഷ്ട്രീയ സാമൂഹിക ലേഖനങ്ങൾ  എഴുതുമായിരുന്നു.

അവിഭക്ത CPI യുടെ തുടക്കം, 1920 ലെ താഷ്ക്കന്റിലെ ആലോചന, 1925 കാൺപുരിലെ രൂപീകരണം, കർഷക സമരങ്ങൾ, 8 മണിക്കൂർ ജോലി, പ്രദേശ് കോൺഗ്രസിനകത്തെ സോഷ്യലിസ്റ്റ് ചിന്താഗതി,  കേരളത്തിൽ 37 ൽ കോഴിക്കോടാണോ അല്ല 39 ൽ തലശേരി പാറപ്പുറത്താണോ ആദ്യയോഗമെന്ന ചർച്ച,  ലോകമഹായുദ്ധങ്ങളിൽ കോളനി രാജ്യങ്ങളുടെ പങ്കാളിത്തം, അന്നത്തെ രാഷ്ട്രിയ, സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങൾ,  62 ഇന്ത്യ ചൈന യുദ്ധത്തിൽ പാർട്ടിയിലെ അഭിപ്രായ ഭിന്നത ,  1964 ലെ പാർട്ടി വിഭജനം,  അതിന് മുന്നോടിയായുള്ള കൽക്കത്ത തീസീസടക്കം മിക്ക കാര്യങ്ങളിലും തീർച്ചയായും അദ്ദേഹത്തിന് അക്കാലങ്ങളിലെ എഴുത്ത് ലോകത്ത് സജീവമായത് കൊണ്ട് ഒരുപാട് പറയാനാകുമായിരിക്കും. ഈ കുറിപ്പ് പക്ഷെ, അങ്ങോട്ടേക്കൊന്നുമില്ല.

1960 ൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദമെടുത്ത ശേഷം കുറച്ചു കാലം എംയെച്ച ഉപരിപഠനത്തിന് പോയില്ല. ആയിടക്കാണ് കുമ്പള ഹൈസ്ക്കൂളിൽ അധ്യാപക ഒഴിവ് ശ്രദ്ധയിൽ പെടുന്നതും ജോയിൻ ചെയ്യുന്നതും. പഠിപ്പിക്കേണ്ട വിഷയം ഇംഗ്ലിഷായിരുന്നെങ്കിലും സ്കൂളിൽ  അധ്യാപകരുടെ ഷോർട്ടേജ് കാരണം  കണക്കും സയൻസുമടക്കം  എല്ലാ സബ്ജക്റ്റ്സും  കുട്ടികൾക്ക് പഠിപ്പിക്കേണ്ടി വന്നുവത്രെ.  അതിന് മാത്രം ഹോം വർക്കും ചെയ്യേണ്ടിയും വന്നു. എംയെച്ച ഓർമ്മകളുടെ  പിന്നിലേക്ക് നടന്നു.

*പഠനകാലം, പൊതുസാഹചര്യങ്ങൾ*
................................
.             ( 2 )
2001 ൽ നാട്ടിൽ തിരിച്ചെത്തിയപ്പോഴാകട്ടെ അതിലും വലിയ ഉത്തരവാദിത്വം അദ്ദേഹത്തെ കാത്തിരിക്കുകയായിരുന്നു - പട്ല വലിയ ജമാഅത്തിന്റെ നേത്യത്വം.  എട്ടൊമ്പത് വർഷം അത് ഇടവേളയില്ലാതെ തുടർന്നു.

ഒരു സാധാരണക്കാരനായി നിങ്ങൾ എം.യെച്ചാനോട് സംസാരിച്ചു നോക്കു,  അതേ ടോണിൽ അദ്ദേഹം നാട്ടുവർത്തമാനത്തിലുണ്ടാകും. ഒരുപടി ഉയർന്നു നിങ്ങൾ വർത്തമാനം പറയൂ. ആ താളത്തിൽ തന്നെ സംഭാഷണത്തിലേർപ്പെടും. നിങ്ങളൽപം പരന്ന രാഷ്ട്രീയം പറയൂ, സാമ്പത്തികശാസ്ത്രം പറയൂ, സാമൂഹ്യവിഷയങ്ങൾ പങ്ക് വെയ്ക്കൂ. അവിടെ മറ്റൊരു മനുഷ്യൻ.  ഒരു അക്കാഡമിഷ്യന്റെ റോളിൽ അൽപം സമയം ഇരുന്നു നോക്കൂ, ഏറ്റവും അപ്ഡേറ്റഡ് വിവരങ്ങളുമായി നിങ്ങൾക്ക് പുറത്തിറങ്ങാം.

പട്ല സ്കൂളിലെ പൂർവ്വ വിദ്യാർഥിയാണ് എം.എ. 47ലെ ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ ചെറിയ ഓർമ്മ മാത്രം അദ്ദേഹത്തിനുണ്ട്, അന്നദ്ദേഹം മൂന്നാം ക്ലാസ്സിൽ.

ജനനം 1940 ൽ. പിതാവ് അബ്ദുൽ ഖാദർ, മാതാവ് ഉമ്മാലിയുമ്മ. 1945 മുതൽ ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം. അന്ന് അധ്യാപകർ കുട്ടികളുടെ പിന്നാലെ ഓടി  സ്കൂളിൽ ചേർക്കുന്ന കാലം.  വളരെ കുറഞ്ഞ കുട്ടികൾ. എം. ഇബ്രാഹിം (സാഹിറിന്റെ ഉപ്പ ), എം.പി. അബ്ദുറഹ്മാൻ ( കരീമിന്റെ ഉപ്പ ), ഗോപാലഷെട്ടി, സുന്ദരഷെട്ടി തുടങ്ങിയവർ അന്നു സഹപാഠികളായുണ്ട്. അധ്യാപകർ  മമ്മുഞ്ഞി മാഷും (ബിഎസ്ടി ഹാരിസിന്റെ മാതൃപിതാവ്) പുത്തപ്പ മാഷും.  അന്ന് നമ്മുടെ പ്രദേശം സൗത്ത്  കാനറയുടെ ഭാഗമാണല്ലോ. സ്കൂൾ മിഡിയം തുടക്കം മുതൽ കന്നഡയും.

പട്ല സ്കൂളിലെ പൂർവ്വ വിദ്യാർഥിയാണെങ്കിലും ഇന്ന് കാണുന്ന  സ്കൂൾ പ്രിമൈസിലല്ലായിരുന്നു എം.എ. പഠിച്ചത്. സ്രാമ്പിപ്പള്ളിക്കടുത്ത് നിന്ന് 1900 ന്റെ ആദ്യമോ അതല്ല 1800 ന്റ മധ്യത്തിലോ അവസാനമോ തുടങ്ങിയ ഒരു ഏകാധ്യാപക വിദ്യാലയമുണ്ട്. അവിടെയായിരുന്നു ഒന്നു മുതൽ അഞ്ച് വരെ അദ്ദേഹം പഠിച്ചത്. [ഏകദേശം 120 വർഷം മുമ്പ് ഈ സ്കൂളിൽ തന്നെയാണ്  എന്റെ പിതാമഹൻ മമ്മുഞ്ഞി ഉസ്താദ് അറബിക് (ഖുർആൻ) അധ്യാപകനായിരുന്നതെന്നത് കൂട്ടത്തിൽ സൂചിപ്പിക്കട്ടെ. മഹാകവി മോയിൻകുട്ടിവൈദ്യരുടെ സമകാലികനും ആയുർവ്വേദത്തിലെ അവസാന വാക്കായ അഷ്ടാംഗഹൃദയം കാവ്യമൊഴിമാറ്റം നടത്തിയ കവിശ്രേഷ്ടനുമായ  പട്ലത്ത് കുഞ്ഞി മാഹിൻ കുട്ടി വൈദ്യരുടെ വസതിക്ക് തൊട്ടടുത്തായിരുന്നു ഈ പാഠശാല. മറ്റൊരു കാര്യം, എംയെച്ച ഇവിടെ പഠനം പൂർത്തിയാക്കിയതിന്റെ തൊട്ടടുത്ത വർഷമാണ്, 1950 -1951, അദ്ദേഹത്തിന്റെ പിതാവിന്റെ കൂടി (അന്നത്തെ വിദ്യാഭ്യാസ പ്രവർത്തകരായ മൂന്ന് പേരുടെ സംരംഭം - ഖാദർ ഹാജി, അബ്ദുൽ ഖാദർ, മമ്മുഞ്ഞി ബാവ)
അധീനതയിലുണ്ടായിരുന്ന വിശാലമായ സ്ഥലത്തേക്ക്  സ്കൂൾ ഷിഫ്റ്റ് ചെയ്യുന്നത്. 6 മുതൽ 8 വരെ കൊല്ലങ്കാനം  കല്ലക്കട്ട സ്കൂളിൽ യുപി പഠനം.  അക്കാലങ്ങളിൽ വാഹന സൗകാര്യമൊന്നുമില്ലല്ലോ, ദിവസവും നടത്തം തന്നെ.  9 മുതൽ 11 വരെയുള്ളതാണ് ഹൈസ്ക്കൂൾ ക്ലാസ്സുകൾ, ഇന്നത്തെ പോലെ 8  ടു 10 അല്ല. കാസർകോട് ബി.ഇ. എം. ഹൈസ്കൂളിൽ നിന്നാണ് ഹൈസ്കൂൾ വിദ്യാഭ്യാസം. അതിരാവിലെ നടത്തം, തിരിച്ചിങ്ങോട്ടും അതേ നടത്തം. "പഠിത്തത്തിനു മാത്രമല്ല നടത്തത്തിനും അന്ന് കുറുക്കുവഴികളില്ലായിരുന്നു" - എം. എ. സ്വതസിദ്ധമായി ചിരിച്ചു പറഞ്ഞു.

അന്ന് ബസുകൾ നന്നേ കുറവ്. ടൗണിൽ പൊയക്കര ബസ്, ശ്രീ ഗോപാലകൃഷ്ണ ബസ് തുടങ്ങി എണ്ണം കുറഞ്ഞ ബസുകൾ മാത്രം വല്ലപ്പോഴും സർവ്വീസ് ഓട്ടം കാണും. ഒറ്റപ്പെട്ട നേരങ്ങളിൽ കാളവണ്ടികളും.

വിഖ്യാതപ്രഭാഷകൻ സുകുമാർ അഴിക്കോട് മാഷും പ്രമുഖ തൊഴിലാളി നേതാവും പ്രതിരോധ മന്ത്രിയുമായിരുന്ന ജോർജ് ഫെർണാണ്ടസും മറ്റും പഠിച്ച മംഗലാപുരം സെൻറ് അലോഷ്യസ് കോളേജിൽ നിന്നാണ് എംയെച്ചാന്റെ പ്രീഡിഗ്രി വിദ്യാഭ്യാസം. 1880 കളിൽ തന്നെ ഈ കോളേജുണ്ട്. 1955 വരെ  മദ്രാസ് യൂനിവേഴ്സിറ്റിയുമായിട്ടായിരുന്നു അഫിലിയേഷൻ. അന്ന് പ്രിഡിഗ്രിയാകട്ടെ ഒരുവർഷത്തെ കോഴ്സും. പട്ലയിൽ കുടുംബവേരുള്ള ഒരു മുസ്ല്യാരായിരുന്നുവത്രെ അദ്ദേഹത്തിന് മംഗലാപുരത്ത് താമസ സൗകര്യം ചെയ്ത് കൊടുത്തത്. അതിന് മുമ്പ് പട്ലയിൽ നിന്നും ഉള്ളാൾ, പൊന്നാനി തുടങ്ങിയ സ്ഥലങ്ങളിൽ പോയി മതവിദ്യാഭ്യാസം സ്വായത്തമാക്കാൻ വളരെച്ചിലർ മാത്രം പോയിരുന്നെങ്കിലും മുസ്ലിം സമുദായത്തിൽ നിന്നും ആദ്യമായൊരാളാണ് പട്ലയിൽ നിന്നും ആർട്സ് കോളേജിലേക്ക് പത്തറുപത് കി. മീറ്റർ ദൂരം താണ്ടി പോകുന്നത്.

നല്ല മാർക്കോടെ പ്രി ഡിഗ്രി പാസായ എംയെച്ച തുടർന്നു ഉപരിപഠനത്തിനുള്ള ശ്രമം തുടങ്ങി. കേരളത്തിലാദ്യമായി ഒരു ജനകീയ സർക്കാർ അധികാരമേറ്റെടുത്ത് ഒരു വർഷമേ ആയിരുന്നുള്ളൂ. ദക്ഷിണ കനറയിൽ നിന്നും കാസർകോടിനെ പറിച്ചെടുത്ത് കേരളത്തോട് ചേർത്ത സമയം. കാസർകോട്ടുള്ളവർ പലരും തൃപ്തരല്ല. കിഞ്ഞണ്ണ റൈയെ പോലുള്ളവർ പ്രക്ഷോഭത്തിന് മുന്നിലുണ്ട്.  ക്രാന്തദർശിയും തന്ത്രശാലിയുമായ അന്നത്തെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ജോസഫ് മുണ്ടശ്ശേരി മുൻകൈ എടുത്ത്  പ്രഖ്യാപിച്ചുകളഞ്ഞു - നിർദ്ദിഷ്ട  കാസർകോട് കോളേജ് കോളേജ് ഈ വർഷം തന്നെ  (1957 ൽ).  അന്നത്തെ ധനമന്ത്രിയായിരുന്ന  സി. അച്യുതൻ മേനോൻ ഓഗസ്ത് മാസത്തിൽ തന്നെ കോളേജിന്റെ ഔപചാരികമായ ഉത്ഘാടനവും (ക്ലാസ്സുകൾ തുടങ്ങാതെ) നടത്തി.

ആളുകൾ കാണെക്കാണെ 1958 ൽ കാസർകോട് ഗവ. ബോർഡ് സ്കൂൾ ക്യാമ്പസിലെ രണ്ട് കെട്ടിടങ്ങളിൽ കോളേജാരംഭിച്ചു,  ഓടിട്ട രണ്ടു ചെറിയ കെട്ടിടങ്ങൾ, അതിൽ  രണ്ടേ രണ്ട് ബിരുദ ബാച്ചുകൾ - ഇക്കണോമിക്സും മാത്തമാറ്റിക്സും. ആ ഇക്കണോമിക്സ് ആദ്യ ബാച്ചിലെ ഒന്നാം ബെഞ്ചിൽ പട്ലക്കാരനായ എംഎച്ചയുമുണ്ട്. പത്ത് മുപ്പതോളം ഏക്കർ വിസ്തൃതിയുള്ള കുഞ്ഞിമാവിൻ കട്ടെയിൽ പുതിയ കെട്ടിട സമുച്ചയം ഉയരുമ്പോഴേക്കും എംയെച്ച ഡിഗ്രി പഠനവും കഴിഞ്ഞ് പുറത്തിറങ്ങിയിരുന്നു. കോളേജിലെ ആദ്യത്തെ പ്രിൻസിപ്പാൾ പ്രൊഫ. ഗോപാലൻ നായരായിരുന്നുവെന്ന് അദ്ദേഹം ഓർക്കുന്നു. പിന്നിട്ടുള്ള വർഷങ്ങളിലാണ് ജിയോളജി, കന്നഡ, ഫിസിക്സ് തുടങ്ങിയ ബാച്ചുകൾ തുടങ്ങിയത്. കോളേജ് അഫിലിയേഷൻ ചെയ്തതാകട്ടെ കേരള യൂനിവേഴ്സിറ്റിയോടും. (അന്ന് കാലിക്കറ്റ് യൂനി. ഇല്ലല്ലോ)  എംയെച്ചാന്റെ ഡിഗ്രി സർട്ടിഫിക്കറ്റും കേരള യൂനിവേഴ്സിറ്റിയുടെ മുദ്രപതിച്ചതാണ്.

ഈ കാലയളവിൽ പട്ല സ്കൂളിൽ തികച്ചും യാഥാർഥ്യബോധത്തോടെയുള്ള ഒരു പൊളിറ്റിക്സ് (കരുനീക്കങ്ങൾ) നടക്കുന്നുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭാഷാടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപികരിച്ചതോടെ, പട്ല സ്കൂളിലെ കന്നഡ മിഡിയം ഒഴിവാക്കി മലയാളം തുടങ്ങാനുള്ള  ചരടുവലി പതിവിലും കൂടുതൽ സജീവമായി. അന്നത്തെ പ്രാദേശികരാഷ്ട്രിയ നേതൃത്വങ്ങളും പൗരപ്രമുഖരും  വളരെ തന്ത്രപരമായി കാര്യങ്ങൾ നീക്കി. പ്രസ്തുത വിഷയം യഥാസമയം വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയിലത് പെടുത്തുയും  അമ്പത്തിയേഴോടെ കന്നഡ നിർത്തി മലയാള മാധ്യമത്തിൽ പഠനവും തുടങ്ങി.

പലരിൽ നിന്നും ഞാനൊക്കെ പറഞ്ഞു കേട്ടത് ഔക്കൻച്ച എം.എ. പഠിച്ചത് മംഗലാപുരത്തുള്ള കോളേജിൽ നിന്നാണെന്നായിരുന്നു, പക്ഷെ  അബൂബക്കർ സാഹിബ് അത് തിരുത്തി, ഇക്കണോമിക്സിൽ പോസ്റ്റ് ഗ്രാജ്യേഷൻ ചെയ്തത്  കോഴിക്കോട് ഗുരുവായൂരപ്പൻ ആർട്സ് & സയൻസ് കോളേജിൽ നിന്നായിരുന്നു.  64 ൽ മാസ്റ്റർ ഡിഗ്രിയെടുത്ത് നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം, അന്ന്  മുതൽ നാട്ടുകാർക്ക് എം.എ. അബൂബക്കറായി.  അടുത്തവരിൽ ചിലർ എം.എ. എന്ന് മാത്രം ചുരുക്കുകയും ചെയ്തു.

1964 ൽ അദ്ദേഹത്തിന്റെ എം.എ.യ്ക്ക് ശേഷം പിന്നെ ഒരു മാസ്റ്റർ ഡിഗ്രി പട്ലയിൽ കേൾക്കുന്നത് കാൽനൂറ്റാണ്ട് കഴിഞ്ഞാണ് !  ആ 25 ആണ്ടിനിടക്കുണ്ടായ ബാച്ചിലർ ഡിഗ്രിക്കാരുടെ എണ്ണവും വളരെ വളരെ  കുറവ് ! 1990  ആകുമ്പോഴേക്കും എല്ലാം കൂടി അണ്ടർ ഗ്രാജ്യേറ്റ്സ് പത്ത് പന്ത്രണ്ടെണ്ണം വരും ! (നാം അടയിരിക്കുന്ന സർവ്വേയിൽ  ഇതൊക്കെ കാണും, വിശ്വസിക്കാൻ പറ്റുന്നില്ലെങ്കിൽ ഒന്നു പരിശോധിക്കാം)

*എം.എ. മനസ്സു തുറക്കുന്നു - പ്രവാസകാലം, ഇടപെടലുകൾ*
................................
.             ( 3 )
പഠിത്തം നിർത്തിയെന്ന് കേട്ടാൽ എവിടെക്കണ്ടാലും കേൾക്കുന്ന ആകാംക്ഷ നിറഞ്ഞ (ആശങ്കയുള്ളതോ ? ) ചോദ്യമാണ് - അടുത്തതെന്ത് ? ആ ചോദ്യം എംയെച്ച എന്തായാലും നേരിട്ടിരിക്കണം. 1965 ന്റെ ആദ്യത്തിൽ  അദ്ദേഹം ബോംബയിലേക്ക് തിരിച്ചു, ബോംബെ കലക്കിക്കുടിച്ച തടിയൻ അബൂബക്കർ സാഹിബാണ് ബോംബെ പോകുമ്പോൾ കൂടെയുണ്ടായിരുന്നത്. ഏതാനും ദിവസങ്ങൾ ഡോംഗ്രിയിലെ പട്ല ജമാഅത്തിൽ താമസം. അവിടെ നിന്നും ജോലിയന്വേഷണങ്ങൾ. ഒപ്പം, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേരു രെജിസ്റ്റർ ചെയ്യുകയും ചെയ്തു. അതേ വർഷം തന്നെ കേന്ദ്ര ഗവ. സ്ഥാപനമായ താരീഫ് കമ്മീഷനിൽ ഉദ്യോഗം ലഭിച്ചു. ജൂനിയർ ഇക്കണോമിക് ഇൻവെസ്റ്റിഗേറ്റർ തസ്തികയിലാണ് ആദ്യ നിയമനം.

ഇതിനിടയിൽ അദ്ദേഹം  താമസം വെസ്റ്റ് മാഹിമിലേക്ക് മാറ്റി.  ഒരുപാട് സൗഹൃദങ്ങൾ ബോംബെ ജീവിതത്തിലുണ്ടായി,  കേരളക്കാരും കേരളേതരക്കാരും. ബി.എസ്.ടി. അബൂബക്കർ , തടിയൻ അബുബക്കർ , പാസ്പോർട്ട് അബ്ദുല്ല തുടങ്ങിയവരും ഒന്നിച്ചു താമസിച്ചവരിൽ പെടും. കെ.എസ്. അബ്ദുല്ലയുമായി ഏറ്റവും നല്ല സൗഹൃദമുണ്ടാകുന്നതും ബോംബെയിൽ വെച്ചാണ്.

ഒന്നു രണ്ടു വർഷം കഴിഞ്ഞതോടെ ജോലിയിൽ പ്രൊമോഷൻ ലഭിച്ചു - സീനിയർ ഇക്കണോമിക് ഇൻവെസ്റ്റിഗേറ്റർ. മഹിമിലെ കുറച്ചു കൊല്ലത്തെ താമസത്തിന് ശേഷം ഈസ്റ്റ് സാന്താക്രൂസിലേക്ക് നീങ്ങി - കുടുംബവും അപ്പോൾ അവിടെ എത്തിയിരുന്നു. മൊറാർജി ദേശായി അധികാരത്തിൽ വന്നതോടെ താരിഫ് കമ്മിഷന്റെ പേര് ടെക്സറ്റയിൽ കമ്മീഷനെന്നായി - ജോലി ആദ്യത്തേത് തന്നെ.  രണ്ടുവട്ടം പ്രസ്തുത ഡിപാർട്മെന്റിൽ  അസിസ്റ്റന്റ് ഡയരക്ടർ പോസ്റ്റിലേക്ക് ഡൽഹിയിൽ വെച്ചു UPSCയുടെ പരീക്ഷയും ഇൻറർവ്യുവും നടന്നിട്ടും ലോബിയിംഗ് വല്ലാതെ നിരാശനാക്കി. ഇനിയൊരു പ്രമോഷൻ സാധ്യതയ്ക്ക്  കാത്തിരിക്കാതെ അദ്ദേഹം തന്റെ 15 വർഷത്തെ കേന്ദ്ര സർക്കാർ സേവനം നിർത്താൻ  മുൻപിൻ ആലോചിച്ചില്ല. നാടൻ ഭാഷയിൽ പറഞ്ഞാൽ ജോലി റിസൈൻ ചെയ്ത്  ഏറ്റവും അടുത്ത ഫ്ളയിറ്റിൽ തന്നെ യു എ ഇ യിലേക്ക് തിരിച്ചു.

1980 മുതൽ എംയെച്ച ഗൾഫ്പ്രവാസ നാഡിമിടുപ്പിനൊപ്പമുണ്ട്. യു. എ. ഇ തലസ്ഥാന നഗരിയിൽ അന്നും ജോലി അന്വേഷണം വലിയ കടമ്പ തന്നെയായിരുന്നു. ഏറെ പരിശ്രമത്തിനൊടുവിൽ യു എ ഇ ഗവൺമെന്റിന്റെ ടെലിക്കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെൻറിൽ ( ETISALAT)  അക്കൗണ്ട്സ് സെക്ഷനിൽ ജോലി ലഭിച്ചു. 2001 ൽ വിരമിക്കുന്നത് വരെ അദ്ദേഹം അവിടെ തുടർന്നു.

ഒരുപാട് അനുഭവങ്ങൾ. ഗൾഫ്കാഴ്ചകൾ. മാറ്റങ്ങൾ. അച്ചടക്കമില്ലായ്മ വരുത്തിയ അനർഥങ്ങൾ. പൊങ്ങച്ചങ്ങൾ. നിരക്ഷരതയും വിദ്യാഭ്യസക്കുറവും അളുകളിൽ മുച്ചൂടും മൂടിയ കെട്ടകാഴ്‌ചകൾ. ചൂഷണങ്ങൾ. ഉയർച്ചത്താഴ്ചകൾ. അറേബ്യൻ മണലരണ്യത്തിലെ മാറിമറിയുന്ന കാലാവസ്ഥപോലെ ഒരുപാട് ജീവിതങ്ങൾ അദ്ദേഹം കണ്ടു. അവയ്ക്ക് സാക്ഷിയായി. കൂടുതലൊന്നും എന്നോട് പറയാൻ എംയെച്ച നിന്നില്ല. അർഥഗർഭമായ ചെറുചിരിയിൽ അവയെല്ലാമൊതുക്കി.

ഈ ഒരു വർഷം മുമ്പ് വരെ സാമൂഹ്യ- സാംസ്കാരിക- വിദ്യാഭ്യാസ പ്രവർത്തനങ്ങളിൾ വളരെ  സജീവമായിരുന്നു. പട്ലയിലെ ആദ്യത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമായ ന്യൂമോഡൽ സ്കൂളിന്റെ സ്ഥാപകരിൽ ഒരാളാണ്. പട്ല ലൈബ്രറിയുടെ തുടക്കക്കാരിലും അദ്ദേഹവുണ്ട്. ഈ രണ്ടു സ്ഥാപനങ്ങളും RUN ചെയ്യുന്നതും അദ്ദേഹത്തിന്റെ കെട്ടിടങ്ങളിലാണ്. സാമൂഹ്യ വിദ്യാഭ്യാസ പ്രവർത്തകനായ പി.എം. മുഹമ്മദ് ശാഫിയും ( ശാഫിച്ച) ഈ രണ്ട് സംരംഭങ്ങളിലും കൂടെനിന്നു പ്രവർത്തിക്കാനുണ്ടായിരുന്നു.

പട്ലയിലെ എല്ലാ നല്ല സംരംഭങ്ങളുമായും അദ്ദേഹം സഹകരിച്ചു. സാമ്പത്തികമായി പിന്തുണച്ചു. ഇയ്യിടെ നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം മാത്രം അൽപം വിശ്രമത്തിലാണ്. അസുഖമൊക്കെ മാറി വീണ്ടും സജീവമാകുമെന്ന് തന്നെയാണ് പ്രതീക്ഷയും പ്രാർഥനയും.

സഹോരങ്ങൾ 6 പേർ. രണ്ടു സഹോദരിമാരും ( ഖദീജ, നഫീസ ) നാല് സഹോദരന്മാരും.. പ്രഭാഷണകലയിൽ പട്ലയിൽ പകരം വെക്കാനില്ലാത്ത വ്യക്തിയും കോൺഗ്രസ് നേതാവും പുരോഗമന ചിന്താഗതിക്കാരനുമായ കൊല്യ അബ്ദുല്ല, സി.പി.എം. നേതാവും  പട്ലയുടെ വികസന നേതൃനിരയിലുണ്ടായിരുന്ന വ്യക്തിത്വവുമായ പി.സീതിക്കുഞ്ഞി, GHSS പൂർവ്വവിദ്യാർഥി സംഘടനയുടെ സ്ഥാപക അധ്യക്ഷനും സാമൂഹ്യപ്രവർത്തകനുമായ പി. അഹമ്മദ്, പി. അബ്ദുറഹിമാൻ എന്നിവരാണ് സഹോദരന്മാർ. പട്ലയിലെ അറിയപ്പെടുന്ന വിദ്യാഭാസ പ്രവർത്തകനും ഉൽപതിഷ്ണുവും പൗരപ്രമുഖനുമായിരുന്ന പി. മുഹമ്മദ് കുഞ്ഞിയുടെ മകൾ സുഹ്റയാണ് ഭാര്യ. മക്കൾ ആസിഫ്, ഹസീന, അനസ്. മൂന്നു പേരും വിവാഹിതർ.

വിശ്രമജീവിതത്തിൽ വായനയാണ് അദ്ദേഹത്തിന് കൂട്ട്. പട്ലയിലെ ഓരോ പുതുവർത്തമാനങ്ങളും അദ്ദേഹം ആകാംക്ഷയോടെയാണ് അറിയുന്നത്. മനസ്സിന്റെ വികാസത്തോളം വലിയ നന്മയില്ലെന്ന് അദ്ദേഹം കരുതുന്നു. ഉൾക്കൊള്ളുക എന്നതിനോളം വലിയ ഗുണമില്ല. അതില്ലാത്തിടത്താണ് അസഹിഷ്ണുത തലപൊക്കുന്നത്.  അസഹിഷ്ണുതയോളം (intolerance -    unwillingness to accept views, beliefs, or behaviour that differ from one's own ) വലിയ സാമൂഹ്യതിന്മയില്ലെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

(അവസാനിച്ചു)


Friday 13 December 2019

സാറാ ജോസഫിന്റെ ബുധിനി സെഷൻ - കെ.വാർത്തയ്ക്ക് വേണ്ടി റിപ്പോർട്ട് ചെയ്തത്


*ജാതി-മതം-വര്‍ഗം-വര്‍ണം-ഭാഷ-പൗരത്വം എല്ലാം അധികാരത്തിനും അധികാരം നിലനിര്‍ത്തുവാനുമുള്ള അസംസ്‌കൃത വസ്തുക്കള്‍ മാത്രമാണ്; ഇതിന്റെ മറപിടിച്ച് വിഭവങ്ങള്‍ കഴിയാവുന്നത്ര ചൂഷണം ചെയ്യുക എന്നത് മാത്രമാണ് അധികാരികളുടെ ആത്യന്തിക ലക്ഷ്യം, അതാണവരുടെ രാഷ്ട്രീയ ലക്ഷ്യവും: സാറാ ജോസഫ്*
http://www.kvartha.com/2019/12/sarah-joseph-on-central-government.html
-------------------
അരികുവൽക്കരിക്കപ്പെട്ടവരുടെ ജീവിതങ്ങളിലും അവരുടെ  സഹനങ്ങളിലും  സാഹസങ്ങളിലും വരെ ഇസ്തിരിയിട്ട ഉപരിവർഗ്ഗങ്ങൾ  നാളുമേയുകയാണെന്ന് പ്രമുഖ എഴുത്തുകാരിയും നോവലിസ്റ്റുമായ സാറാജോസഫ് അഭിപ്രായപ്പെട്ടു.
കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ നാലാം എഡിഷന്റെ ഭാഗമായി ഡി.സി.ബുക്സും തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ്  മലയാള വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച "ബുധിനി :ഒരു നോവലിന്റെ പേര് മാത്രമല്ല " എന്ന  സാഹിത്യസദസ്സിൽ സംസാരിക്കുകയായിരുന്നു അവർ.
അധികാരികളുടെ ആത്യന്തിക ലക്ഷ്യം വിഭവങ്ങൾ കഴിയാവുന്നത്ര ചൂഷണം ചെയ്യുക എന്നത് മാത്രമാണ്, അതാണവരുടെ രാഷ്ട്രീയ ലക്ഷ്യവും. ജാതി, മതം, വർഗ്ഗം, വർണ്ണം, ഭാഷ, പൗരത്വം - ഇവയെല്ലാം അധികാരത്തിനും അധികാരം നിലനിർത്തുവാനുമുള്ള അസംസ്കൃത വസ്തുക്കൾ മാത്രമാണ്. വികസനമെന്നത് മിണ്ടാൻ ശേഷിയില്ലാത്തവരുടെ നേരെയുള്ള നിരന്തര അടിച്ചമർത്തലുകളാണെന്ന് പറഞ്ഞ സാറാ ജോസഫ് 'ബുധിനി' സ്ത്രീപക്ഷ വായനയിലുപരി അധികാരിവർഗ്ഗങ്ങളും ചൂഷക മധ്യവർഗ്ഗങ്ങളും ശബ്ദമില്ലാത്തവരുടെ നേർക്ക് നിരന്തരം നടത്തുന്ന കടന്നു കയറ്റത്തിന്റെ നേർവായനയാണെന്ന് കൂട്ടിചേർത്തു.
എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമായ ഡോ. ആസാദ് സെഷനിൽ  സാറാജോസഫുമായി സംഭാഷണത്തിലേർപ്പെട്ടു. എല്ലാകാലത്തും അടിച്ചമർത്തപ്പെട്ടവരും അതിന് നോട്ടീസ് കിട്ടിയവരും ചോദിക്കുന്ന ചോദ്യമാണ് - ഏതാണ് എന്റെ രാജ്യമെന്ന്. അരക്ഷയും അശാന്തിയും അകലെ നിന്നും ചൂരടിച്ചവരിൽ ഡോ. അംബേദ്ക്കർ പോലും ഒഴിവായിരുന്നില്ല. അദ്ദേഹത്തെ കേൾക്കാൻ അന്ന് ഗാന്ധിയെപ്പോലുള്ള മനുഷ്യത്വം സമൃദ്ധമായവരുണ്ടായിരുന്നു. ഇന്ന് ദശലക്ഷക്കണക്കിന് അംബേദ്ക്കർമാരുടെ ശബ്ദം കേൾക്കാതിരിക്കാൻ മാത്രം അധികാര ഗർവ്വിന് ബധിരത ബാധിച്ചിരിക്കുന്നു.  മറ്റെന്തിനാക്കളും അന്നും ഇന്നും മണ്ണാണ് വിഷയവും ഇഷ്യൂവും -  ഡോ. ആസാദ് നിരീക്ഷിച്ചു. വർത്തമാന കാലത്തെ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷത്തിൽ ഉദാഹരണങ്ങൾക്ക് തന്നെ പ്രസക്തിയില്ലാതായിരിക്കുന്നു. 
വിവിധ ഡിപാർട്മെന്റിലെ അധ്യാപകരും സാഹിത്യ വിദ്യാർഥികളുമടക്കം നിരവധിപേർ ബുധിനിയുടെ എഴുത്തുകാരിയെ കേൾക്കാനെത്തി. നോവൽ ചർച്ചയിലും  സംഭാഷണത്തിലും സംവാദത്തിലും അധ്യാപകരും വിദ്യാർഥികളും സജീവമായി ഇടപെട്ടു; വർത്തമാനകാല ഇന്ത്യയുടെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളടക്കം 'ബുധിനി'യുടെ വെളിച്ചത്തിൽ ചർച്ചയായി.
ബ്രണ്ണൻ കോളേജ് മലയാള വിഭാഗം മേധാവി ഡോ. ജിസ ജോസ് മോഡറേറ്ററായ Sessionൽ ഡി സി ബുക്സ് പ്രതിനിധി ശ്രീകുമാർ സംസാരിച്ചു.
/

Monday 9 December 2019

ചിത്രകാരി റുമാന ശൃക്കുറിനോട്,* /അസ്ലം മാവിലെ


*ചിത്രകാരി റുമാന ശൃക്കുറിനോട്,*
*ചിത്രകലയെ  ഗൗരവത്തിലെടുക്കുക, നല്ല സാധ്യതയുള്ള പ്രതലമാണ് പെയിന്റിംഗ്*
................................
അസ്ലം മാവിലെ
................................
ചിത്രകലയെ കുറിച്ച് പറയാൻ ഞാനാളല്ല. എങ്കിലും നല്ലൊരു ചിത്രം കണ്ടാൽ മിഴിയുള്ളവർ നോക്കി നിൽക്കുമെന്ന് പറയുന്നത് പോലെ ഞാനും കൗതുകത്തോടെ നോക്കിനിൽക്കാറുണ്ട്. ഇക്കഴിഞ്ഞ ഒരു മാസത്തോളമായി എനിക്ക് കുറച്ചു ചിത്രകാരന്മാരെ കൂട്ടുകാരായി കിട്ടിയിട്ടുമുണ്ട്. 
വരക്കുന്നത്,   പാടുന്നത്, പറയുന്നത്, പ്രസംഗിക്കുന്നത്  ആണെന്നോ പെണ്ണെന്നോ അവരുടെ ജാതി മതം തിരിച്ചുള്ള കണക്കെടുപ്പ് നടത്തിയോ കല ഞാൻ ആസ്വദിക്കാറില്ല, വിമർശിക്കാറുമില്ല.
പക്ഷെ, ചിലയിടങ്ങളിൽ പൊതുവെ മുസ്ലിം കുട്ടികളിൽ പെൺകുട്ടികൾ കലാ- സാഹിത്യ മേഖലയിൽ ചെറുതായൊന്ന് കാലെടുത്ത് വെച്ചാൽ അപ്പോൾ തുടങ്ങും അകത്ത് നിന്നുള്ളവർ തന്നെ ഒച്ചയും ബഹളവും.  ഇന്നത്തെ സാഹചര്യമത്ര അനുകൂലമല്ലാത്തത് കൊണ്ടാകാം, പലവിധ വിലക്കുകളിൽ നിന്നും നിരുത്സാഹനങ്ങളിൽ നിന്നും ഒരുപാട് മുസ്ലിം പെൺകുട്ടികൾ ദൈവകൃപ കൊണ്ട് രക്ഷപ്പെട്ടിട്ടുണ്ട്.
പെൺമുന്നേറ്റങ്ങളിൽ ഒരുപടി ഫോർവേഡായത് കൊണ്ടാകാം പട്ല പോലുള്ള പ്രദേശങ്ങളിൽ എതിർപ്പുകളുടെ ലാഞ്ചന തന്നെ എവിടെയും നിഴൽ വീഴ്ത്താത്തത്. ആ ഒരു ഭൂമികയിൽ നിന്ന് കൊണ്ടാണ് ഞാനിപ്പോൾ പെൺകുട്ടികളുടെ കലാ - സാഹിത്യവിരുതുകളെ വായിക്കുന്നതും ആസ്വദിക്കുന്നതും. പ്ലസ് വൺ വിദ്യാർഥിനിയും പട്ലക്കാരിയുമായ റുമാന ശുക്കൂറിന്റെ വര ഇന്നത്തെ സാഹചര്യത്തിൽ കൂടുതൽ ശ്രദ്ധേയമാകുന്നതും അത് കൂടികൊണ്ടെന്ന് ഞാൻ കരുതുന്നു.
ഒരു പ്രതലത്തിലേക്ക് കലാകാരി തന്റെ ആശയം ചിത്രരൂപത്തിൽ  കോറിയിടുന്നതാണ് ചിത്രകല. വിവിധ ബിംബങ്ങളും സങ്കേതങ്ങളും രൂപങ്ങളും അവയ്ക്കുണ്ട്. അതിലേക്കൊന്നും എന്റെ പേന തൽക്കാലം പോകുന്നില്ല. 
റുമാന വരച്ചത് ഫോട്ടോറിയലിസത്തിൽ പെടും. 1960 കളിൽ തുടങ്ങിയ രീതി. ( ഇതേ കാലഘട്ടത്തിൽ തന്നെയാണ് മിനിമലിസം ചിത്രലോകത്തു കൂടി പരീക്ഷിക്കപ്പെട്ടതെന്ന് ഞാൻ മുമ്പൊരിക്കൽ എഴുതിയിട്ടുണ്ട് ).
ഒരു ഛായാപടം സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം അതിലുള്ള കണ്ടന്റ്  വലിയ വ്യത്യാസമില്ലാതെ തന്നെ  അതേപടി മറ്റൊരു പ്രതലത്തിലേക്ക് വരക്കുന്നത്ണ് ഫോട്ടോറിയലിസം. ഇതിന്റെ തുടക്കം അമേരിക്കയാണ്. ഛായാപടങ്ങൾ മറ്റേതു മാധ്യമങ്ങളിലും പുന:സൃഷ്ടിക്കുന്നതൊക്കെ ഫോട്ടോറിയലിസത്തിന്റെ പരിധിയിൽ വരും.
റുമാന നന്നായി വരക്കുന്നുണ്ടാകണം. ഇന്നലെ നടന്ന ഒരു പ്രോഗ്രാമിലെ ശ്രദ്ധയിൽ പെട്ട ഫോട്ടോകളിൽ ഒരെണ്ണം ആ കലാകാരിയുടെ ക്രിയേറ്റിവിറ്റിക്ക് വിഷയമായി. പോസ്റ്റ് ചെയ്ത വളരെ വളരെ നന്നായിട്ടുണ്ട്. പെൻസിൽ വരയാണെന്നാണ് ഒറ്റനോട്ടത്തിൽ മനസ്സിലാകുന്നത്.
എന്റെ ഓർമ്മകൾ ശരിയെങ്കിൽ റുമാനയുടെ മാതൃസഹോദരൻ ഒരു കലാകാരനായിരുന്നു - മുസമ്മിൽ എന്നോ മറ്റോ പേരുള്ളയാൾ. ശാസ്ത്രമേളയിൽ പട്ല സ്കൂളിനെ പ്രതിനിധികരിച്ച് അയാൾ സബ്ജില്ലാ തലത്തിലൊക്കെ സമ്മാനം നേടിയിട്ടുണ്ട്.  (പാഴ്വസ്തുക്കൾ ഉപയോഗിച്ചുള്ള ക്രിയേറ്റിവിറ്റിയിൽ അഗ്രഗണ്യൻ, സപ്പോർട്ട് കിട്ടിക്കാണില്ല, പിന്നെ ആ വഴിക്ക് അയാളെ കണ്ടില്ല). റുമാനയുടെ പിതൃസഹോദരന്മാരും നന്നായി ചിത്രം വരക്കുമായിരുന്നു. അവരിലൊരാൾ സാമൂഹ്യപ്രവർത്തകനും ലൈബ്രറി സഹകാരിയുമായ അബ്ദുറസാഖ് സാഹിബാണ്. അദ്ദേഹത്തിന്റെ  സ്കൂൾ കാലങ്ങളിലെ വളരെ മനോഹരമായ ചിത്രരചനയെ കുറിച്ച് സഹപാഠികൾ പറഞ്ഞതോർക്കുന്നു. അന്ന് പെൺകുട്ടികൾ ഏതായാലും ഇത്തരം മേഖലയിലില്ല, കഴിവുള്ള ആൺകുട്ടികളെ പ്രോത്സാഹിപ്പിക്കാനാരും മുന്നോട്ടും  വന്നും കാണില്ല.
റുമാനാ, നിങ്ങൾ ഇനിയും വരക്കുക. നിങ്ങളുടെ ഒഴിവു നേരങ്ങൾ ഇത്തരം കലാ ബൗദ്ധികവ്യായാമങ്ങൾ കൊണ്ട് സജീവമാകട്ടെ.  വയനാട്ടുകാരിയായ സഫ പ്രസംഗിച്ചതിനെയും അവൾക്ക് ലഭിക്കുന്ന അംഗീകാരങ്ങളെയും കഥയറിയാതെ  കൊഞ്ഞനം കുത്തുന്നത് പോലെ പ്രബുദ്ധ പട്ലയിൽ പക്ഷെ,  ഒരെതിർപ്പും ഉണ്ടാകില്ല.  ഉണ്ടായാൽ തന്നെ മൈണ്ട് ചെയ്യാനും നിൽക്കരുത്. അത്തരം നിരുത്സാഹപ്പെടുത്തലുകൾക്ക്  ചരിത്രത്തിന്റെ വരമ്പുകളിൽ പൊട്ടിമുളക്കുന്ന കയ്യാങ്കണ്ണിയുടെ ഗുണം പോലുമില്ല, അവയ്ക്ക് വരച്ചതിനെ മായ്ക്കാനുമാകില്ല.
ആർക്കിട്ടെക്റ്റായ ഫഹീമ അബൂബക്കർ പട്ലക്കാരിയാണ്, ഒപ്പം നല്ല ചിത്രകാരിയുമാണ്. അവളുടെ രണ്ടാഗ്രഹങ്ങൾക്കും മാതാപിതാക്കളുടെ സഹകരണമുണ്ട്. റുമാനയ്ക്കും അവളുടെ മാതാപിതാക്കളുടെയും കുടുംബത്തിന്റെയും സപ്പോർട്ട് ഇനിയുമുണ്ടാകട്ടെ. വരും നാളുകളിൽ വീട്ടുചുമരുകൾ നല്ല വർണ്ണച്ചിത്രങ്ങൾ കൊണ്ട് മനോഹരമാകട്ടെ.
എല്ലാ നന്മകളും !
.

വാർത്ത - ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലി


വാർത്ത : ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലി

*പ്ടല ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വിമുക്തി -  ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലി നടത്തി*

കേരളമാകെ കൗമാരക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിന്റെ ഭവിഷ്യത്തുകൾ മനസ്സിലാക്കി പ്ടല ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വിമുക്തി 90 ദിന ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ യാത്രയും പ്രതിജ്ഞയും എടുത്തു.  ലഹരി വിരുദ്ധ പ്രതിജ്ഞ പി. ടി. ഉഷ ചൊല്ലി കൊടുത്തു. ലഹരി വസ്തുക്കളുടെ ഉപയോഗം ഒരാളെയല്ല ബാധിക്കുന്നത് അതിന്റെ പ്രത്യാഘാതമുണ്ടാക്കുന്നത് ഒരു സമൂഹത്തെ ആകമാനമാണ്.  ജീവിതത്തിലൊരിക്കലും ലഹരി പദാർഥങ്ങൾ ഉപയോഗിക്കരുത്, അത്തരം ചങ്ങാത്തങ്ങളിൽ ഭാഗവുമാകരുത്, കുരുന്നു മനസ്സുകളിൽ ഇപ്പഴേ ജാഗ്രതയുണ്ടാകണം  -  ബോധവത്ക്കരണ പ്രാധാന്യം വിശദീകരിച്ചു കൊണ്ട് ഹെഡ്മാസ്റ്റർ പ്രശാന്ത് സുന്ദർ കുട്ടികളോട് പറഞ്ഞു.

ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണത്തിൽ സ്കൗട്ട്സ്, ഗൈഡ്സ് വിദ്യാർത്ഥികൾ പങ്കാളികളായി. കടകൾ തോറും സന്ദേശവുമായി കുട്ടികൾ നടത്തിയ സൈക്കിൾ റാലി ഹെഡ്മാസ്റ്റർ പ്രശാന്ത് സുന്ദർ ഫ്ളാഗ് ഓഫ് ചെയ്തു.  ലഹരി വിരുദ്ധ സന്ദേശ പരിപാടിക്ക് അധ്യാപകരായ അശോകൻ, മിസാജ് ജൗഹർ, ഫയാസ്,  പവിത്രൻ, പ്രേമചന്ദ്രൻ, ഹനീഫ തുടങ്ങിയവർ നേതൃത്വം നൽകി.

വളരെ ആവേശം നിറഞ്ഞ പ്രസ്തുത പരിപാടിയിൽ ജീവിതത്തിൽ ഒരിക്കലും ലഹരി വസ്തുക്കൾ ഉപയോഗിക്കില്ല എന്ന് കുട്ടികൾ പ്രതിജ്ഞ എടുത്തു.


Report on Mariya Azeez Prog

*സംസ്ഥാന സ്കൂൾ കലോത്സവ വിജയി മറിയം അബ്ദുൽ അസിസിന് പട്ല  ജി എച്ച്എസ് എസ്  പിടിഎയുടെ നേതൃത്വത്തിൽ പൗരസ്വീകരണം*

കാഞ്ഞങ്ങാട് നടന്ന 60-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക്  കഥാപ്രസംഗത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ പട്ല ജി. എച്ച്. എസ്. എസ്സിലെ  വിദ്യാർത്ഥിനി മറിയം അബ്ദുൽ അസിസിനെ പട്ല പിടിഎയുടെയുടെ എസ് എം സിയുടെയും നേതൃത്വത്തിൽ നാട്ടുകാരുടെ പൗരസ്വീകരണം.

ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ മധൂരിൽ നിന്നാരംഭിച്ച ഘോഷയാത്രയിൽ  മറിയമിനോടൊപ്പം മുൻനിരയിൽ വാർഡ് മെമ്പർ എം.എ. മജീദ്, ഹെഡ്മാസ്റ്റർ പ്രശാന്ത് സുന്ദർ മാസ്റ്റർ, പി ടി എ പ്രസിഡന്റ് എച്ച്. കെ. അബ്ദുൽ റഹിമാൻ, എസ്. എം. സി. ചെയർമാൻ സി.എച്ച്. അബൂബക്കർ , സ്കൂൾ വികസന സമിതി ചെയർമാൻ കെ. എം. സൈദ്, പ്രമോദ് മാസ്റ്റർ, പി ടി ഉഷ ടീച്ചർ തുടങ്ങിയവർ അണിനിരന്നു. പട്ല ജി എച്ച്‌ എസ് എസ് സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർഥികൾ, അധ്യാപകർ, പി ടി എ, എസ് എം സി ഭാരവാഹികൾ, പൗരപ്രമുഖർ, രക്ഷിതാക്കൾ,  സ്കൂൾ വിദ്യാർഥികൾ ഘോഷയാത്രയിൽ പങ്കെടുത്തു.

ക്ലബ്ബുകളുടെയും വിദ്യാർഥി സംഘടനകളുടെയും നേത്യത്വത്തിൽ വഴിനീളെ അഭിവാദ്യങ്ങൾ നേർന്നും  മധുരപലഹാരങ്ങളും ശീതളപാനീയങ്ങളും നൽകിയും  സ്വീകരണ ഘോഷയാത്രയെ വരവേറ്റു.

സ്കൂൾ അങ്കണത്തിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ നടന്ന പൗര സ്വീകരണ പരിപാടിയിൽ പി ടി എ പ്രസിഡന്റ് എച്ച്. കെ. അബ്ദുൽ റഹിമാൻ അധ്യക്ഷത വഹിച്ചു. കാസർകോട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഷാനവാസ് പാദൂർ ഉത്ഘാടനം ചെയ്തു. എം.എ. മജിദ്, സി.എച്ച്. അബുബക്കർ, കെ.എം. സൈദ്, ഷഹർബാന, അസ്ലം പട്ല, എ. ബക്കർ സൈൻ എന്നിവർ ആശംസ നേർന്നു. സ്കൂൾ പ്രിൻസിപ്പൽ നിഷാ ടിച്ചർ സ്വാഗതവും സ്റ്റാഫ് സിക്രട്ടറി പ്രമോദ് മാസ്റ്റർ നന്ദിയും പറഞ്ഞു.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ  എ ഗ്രേഡ് കരസ്ഥമാക്കിയ  മറിയം അബ്ദുൽ അസിസിന് പൗരാവലിയുടെ ഉപഹാരം ഷാനവാസ് പാദൂർ  നൽകി. ജില്ലാ സ്കൂൾ കലോത്സവം  യു.പി.വിഭാഗം അറബിക് കഥ പറയലിൽ  എ ഗ്രേഡ് ലഭിച്ച ആയിഷത്ത് ഹുസ്നയ്ക്ക് വാർഡ് മെമ്പർ എം.എ. മജീദും പ്ലസ് വൺ പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ഫാതിമത് സാജിദയ്ക്ക്  പിടിഎ പ്രസിഡന്റ് എച്ച്.കെ. അബ്ദുൽ റഹിമാനും ഉപഹാരം നൽകി. സ്റ്റാഫ് കൗൺസിലിന്റെ ഉപഹാരം ഹെഡ്മാസ്റ്റർ പ്രശാന്ത് സുന്ദറിൽ നിന്നും സ്കൗട്ട്സ് & ഗൈഡ്സിന്റെ ഉപഹാരം ടീം ലീഡേർസിൽ നിന്നും മറിയം അബ്ദുൽ അസീസ് ഏറ്റുവാങ്ങി.
----------------------------------------
MSF HONORS

മറിയം അബ്ദുൽ അസിസിന് പട്ല  ജി. എച്ച്. എസ്. എസ് ഹെഡ്മാസ്റ്റർ ശ്രീ പ്രശാന്ത് സുന്ദർ മാസ്റ്റർ എം എസ് എഫ് പട്ല ശാഖ  കമ്മിറ്റിയുടെ ഉപഹാരം നൽകി. ജില്ലാ സ്കൂൾ കലോത്സവം  യു.പി.വിഭാഗം അറബിക് കഥ പറയലിൽ  എ ഗ്രേഡ് ലഭിച്ച ആയിഷത്ത് ഹുസ്നയെയും തദവസരത്തിൽ അനുമോച്ചു.   എം.എസ് എഫ് മധൂർ പഞ്ചായത്ത് പ്രസിഡന്റ് സബാഹ് മാവിലെ എംഎസ്എഫിന്റെ ഉപഹാരം ആയിഷത്ത് ഹുസ്നയ്ക്ക്  നൽകി.

മുസ്ലിം ലീഗ് നേതാവും  വാർഡ് മെമ്പറുമായ എം. എ.മജീദ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പട്ല ശാഖാ പ്രസിഡൻറ് എച്ച്. കെ. അബ്ദുൽ റഹിമാൻ മുഖ്യാതിഥിയായി പങ്കെടുത്തു.  മുസ്ലീം ലീഗ്,  യൂത്ത് ലീഗ്, എം.എസ്. എഫ്, കെ.എം. സി സി ഭാരവാഹികൾ, പൗരപ്രമുഖർ,  ലീഗ് പ്രവർത്തകർ,  നാട്ടുകാർ അടക്കം നിരവധി പേർ  പരിപാടിയിൽ സംബന്ധിച്ചു.

സ്ത്രീ ശാക്തീകരണം വളരെ അകലെയൊന്നുമല്ല / അസ്ലം മാവിലെ

സ്ത്രീ ശാക്തീകരണം
വളരെ അകലെയൊന്നുമല്ല
................................
അസ്ലം മാവിലെ
................................
     
ആവശ്യമെങ്കിൽ വീണ്ടും എഴുതും, ഇല്ലെങ്കിൽ മൂന്ന് ലക്കങ്ങളിൽ തീർക്കും.  ഇത്തരം എഴുത്തുകൾ കൊണ്ടുദ്ദേശം ഇതാണ് -  സമാനമായതോ ഇതിലും എത്രയോ നിലവാരമുള്ളതോ ആയ ആലോചനകൾ കുറെ പേർക്കുണ്ടാകും. ഈ ലേഖനത്തോടും യോജിപ്പും വിയോജിപ്പുമായി. അവ ഒന്നുകൂടി സജീവമാകട്ടെ, ചർച്ചകൾ ഇയ്യിടെയായി ഫോറങ്ങളിലുണ്ടാകാറില്ലല്ലോ.  അവരവർ "അധ്യക്ഷത" വഹിക്കുന്ന ഇരുത്തങ്ങളിലെങ്കിലുമതുണ്ടാകുമെന്ന് പ്രതിക്ഷയിലാണ് ഞാൻ.

ഇതും ശുഭപ്രതീക്ഷയാണ്. ഏതാണ് ? തലക്കെട്ടിൽ പറഞ്ഞത് തന്നെ. ഈ പരമ്പര എഴുതാൻ ആലോചിച്ചപ്പോൾ  മുഖ്യമായും ഉദ്ദേശിച്ചതും ഇത് തന്നെ.

വർഷങ്ങൾ പിന്നിലേക്ക്. നാൽപ്പത് വർഷം പിന്നിലേക്ക്. അന്ന് പട്ലയിൽ ഒരു നാട്ടുരീതിയാണ് സ്ത്രീകൾ തൊഴിൽ രംഗത്തിറങ്ങുക എന്നത്. അതിൽ ജാതിയും മതവുമൊന്നുമില്ല. അങ്ങനെ ആരും ഇനം തിരിക്കാറുമില്ല.

നമ്മുടെ നാട്ടിൽ മാത്രമല്ല എല്ലായിടത്തും ഈ ഒരു പ്രവണത കണ്ടിരുന്നു. അറിയുന്ന ജോലിക്കിറങ്ങും. അതിലൊരു അഭിമാനക്കുറവും അവർ കണ്ടിരുന്നില്ല. നട്ടിപ്പണിക്കവറുണ്ട്, ഞാറു നടാനുണ്ട്. തലയിൽ കറ്റ കെട്ടി പൊതുവഴിയിൽ അഭിമാനത്തോടെ നടക്കും.  അർദ്ധരാത്രിവരെ കറ്റ തച്ചു കൂലി വാങ്ങി ചൂട്ടുകത്തിച്ചു വിട്ടിലേക്ക് തിരിക്കും. പക്ഷെ, വേതനം കിട്ടുന്നതിൽ മാത്രം വിവേചനം  ഉണ്ടായിരുന്നിരിക്കാം.

ചിലർ ബീഡി തെറുപ്പ് , വേറെ ചിലർ കുപ്പായം തുന്നൽ, അതിന് ചേലും ചന്തവും നൽകൽ, പ്ലാസ്റ്റിക് ബാസ്ക്കറ്റ്, കൊട്ട അങ്ങിനെ കുറെ ജോലി, മിക്കവീട്ടിലും കാണും എട്ടും പത്തും കോഴികൾ - അതിന്റെ മുട്ട വിപണിയിലെത്തിക്കുക. നാടൻ കോഴി വിൽപ്പന, മുയൽ വളർത്തൽ, നട്ടിക്കായ്... എന്താ ഇല്ലാത്തത് ? എല്ലാത്തിലും സ്ത്രീസ്പർശം.

അന്ന് ഒന്നുമാത്രമുണ്ടായിരുന്നില്ല. ദീർഘവീക്ഷണമുള്ള നേതൃത്വം. സംഘടിത ലീഡർഷിപ്പ്. അതുള്ളിടത്ത് സ്ത്രീകൾ ഉയർന്ന നിലവാരം പുലർത്തി. ഇല്ലാത്തിടത്ത് സ്ത്രീകൾ അടുക്കളക്കരിന്തുണിയായി മാറി. (പുരുഷമേധാവിത്വം മാറ്റി )

അതിനും മുമ്പ് നമ്മുടെ നാട്ടിൽ സ്ത്രീ വൈദ്യന്മാരുണ്ടായിരുന്നു. വ്യാജ സിദ്ധ കളല്ല, നാട്ടുവൈദ്യത്തിൽ നല്ല അവഗാഹമുള്ളവർ. അതിനും മുമ്പ് വീടുകൾ കേന്ദ്രീകരിച്ചു അക്ഷരങ്ങളും അനുബന്ധങ്ങളും പഠിപ്പിക്കാൻ വനിതാ അധ്യാപകരുണ്ടായിരുന്നു ! മഹല്ലുകൾ കേന്ദ്രീകരിച്ചു പട്ടിണിപ്പാവങ്ങൾക്ക് ഒരു നേരം ഭക്ഷണം നൽകാൻ ഒരിക്കലും കെടാത്ത അടുപ്പിൽ തരിക്കഞ്ഞിയും പൊടിക്കഞ്ഞിയുമായി  വലിയ ചെമ്പുകലങ്ങൾ തിളച്ചിരുന്നു, അതിന് നേതൃത്വം നൽകിയിരുന്ന സ്ത്രീകളായിരുന്നു. പശുക്കളെ പോറ്റി പാല് വിൽപനയുള്ള വീടുകൾ കേന്ദ്രീകരിച്ച  ഡയറിബൂത്തുകൾക്ക് നേതൃത്വവും സ്ത്രീകളായിരുന്നു. , 

20 കൊല്ലം മുമ്പത്തെ ചിത്രം. നമ്മുടെ നാട്ടിൽ ഒരു പെമ്പിറന്നോൾ ഇലക്ഷനിൽ മത്സരിക്കുക എന്ന് പറയുന്നത് പിടക്കോഴി കൂകുന്നതിന് സമമായിരുന്നു. ത്രിതല പഞ്ചായത്തിന്റെ ഇടപെടലിൽ അതും പ്രാപ്യമായി. ആ വനിതാ നേതൃത്വത്തെ ആരും തള്ളിക്കളഞ്ഞില്ല. (ദഹിക്കാത്ത ചിലരുണ്ടാകാം, അവർ പിന്നിട്  ഷോഡ കുടിച്ചു ദഹനക്കേട് മാറ്റിയിരുക്കും.)

ഇന്നിപ്പോൾ സ്കൂളിൽ നാട്ടുകാരികളായ അധ്യാപികമാർ. ഒന്നും രണ്ടുമല്ല ഒരുപാട്. സ്വകാര്യ ട്യൂഷൻ നടത്തുന്നവർ വേറെ. മദ്രസ്സകളിൽ അവരുടെ സാന്നിധ്യം തുടങ്ങി വർഷങ്ങൾ 15 കഴിഞ്ഞു, ഹിഫ്ഥ് അടക്കം ഇന്നത് ഒന്നുകൂടി ഉത്തരവാദിത്വത്തോടെ അധ്യാപന നേതൃത്വം ജനകീയവും സ്വീകാര്യവുമായിക്കഴിഞ്ഞു.  അംഗണവാടിയിൽ സ്ത്രീകൾ തന്നെയാണ് നേതൃത്വം. വീടുകൾ കേന്ദീകരിച്ചു ടൈലറിംഗ്‌, അപ്പം മുതൽ അച്ചാർ വരെ ബിസിനസ്സ്. ഹെൽത്ത് ഉപകേന്ദ്രം കേന്ദ്രീകരിച്ചു നഴ്സിംഗ് കൂട്ടായ്മ, ആശാപ്രവർത്തകരായി രോഗികളെ  പരിചരിക്കാൻ സ്ത്രികൾ. കേട്ടിടത്തോളം ഒരു പടികൂടി കടന്നു പെയിൻ & പാലിയേറ്റീവ് പ്രസ്ഥാനങ്ങളിലേക്ക് വരെ ഈ നാട്ടിലെ പെണ്ണുങ്ങൾ എത്തിക്കഴിഞ്ഞു.

.           (2)

ഈ മാറ്റങ്ങൾ ചെറിയ വിഷയമല്ല. പടിപടിയായുള്ള മുന്നേറ്റമാണ്. എതിർപ്പുകൾ പക്ഷെ വളരെ പാസ്സീവായിരുന്നു, അത്കൊണ്ട് തന്നെ അതിജീവനത്തിനും നിശബ്ദതയുടെ അകമ്പടി ഉണ്ടായിരുന്നുവെന്നു തോന്നുന്നു. 

സ്ത്രീ ഒരു കുടുംബിനി എന്ന നിലയിൽ വളരെ വിജയം കണ്ട പ്രദേശമാണ് പട്ല, പ്രത്യേകിച്ചു സ്വകുടുംബത്തിലെ സാമ്പത്തിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന കാര്യങ്ങളിൽ. ഭർത്താവ് ഉത്തരവാദിത്വത്തോടെ കയ്യിൽ ഏൽപ്പിക്കുന്ന പണം വളരെ സൂക്ഷമതയോടു കൂടിയാണ് സ്ത്രീപക്ഷം കൈകാര്യം ചെയ്തതും കുടുംബ ബഡ്ജറ്റിൽ മുൻഗണനകൾ നിശ്ചയിച്ചതും അതിനനുസരിച്ചു ചെലവഴിച്ചതും പിന്നെ മിച്ചം മെച്ചതും. അത്ഭുതപ്പെടുത്തുമാറാണ് ഈ ഒരു സാമ്പത്തിക അച്ചടക്കം  സ്ത്രീകൾ പൊതുവെ പാലിച്ചയത്. അത്കൊണ്ടാകണം പറയത്തക്ക "പിടിച്ചുവലിച്ചുകൊണ്ടു വരുന്ന" ദാരിദ്ര്യമോ സാമ്പത്തികപ്രതിസന്ധിയോ അത് മൂലമുണ്ടായ പ്രയാസങ്ങളോ ഇവിടെ ദൃശ്യമാകാതെ പോയതും !  ഈ ഒരു മെറിറ്റ് വരും നാളുകളിൽ ഇവിടെ ഉണ്ടായേക്കാവുന്ന സ്ത്രീ ശാക്തീകരണത്തിന് വലിയ മുതൽ കൂട്ടാണ് എന്ന് പറയേണ്ടിവരും. പണമുണ്ടാക്കുകയല്ല, അത് ചെലവഴിക്കുന്നതിൽ കാണിക്കുന്ന പ്രായോഗികമായ അച്ചടക്കം വളരെ വലുതാണ്.

ഇരുപത് - ഇരുപത്തഞ്ച് വർഷങ്ങൾക്കിക്കോട്ട് റിമോട്ട് ഏരിയയെ ബാധിച്ച ഇംഗ്ലിഷ് മീഡിയം ജ്വരത്തിനും നിങ്ങൾക്ക് മറ്റെന്തു നെഗറ്റീവ് വശങ്ങൾ പറയാനുണ്ടെങ്കിലും  നമ്മുടെ നാട്ടിലെ വീട്ടമ്മമാർക്ക് പുതിയ ഊർജ്ജമാണ് നൽകിയത്. സ്വകാര്യ ഇംഗ്ലിഷ് സ്കൂൾ മാനേജ്മെന്റിന് മറ്റു പല മത്സര ലക്ഷ്യങ്ങളും കുറുക്കുവഴി അടവുകള്ളം  ഉണ്ടായിരുന്നെങ്കിലും തങ്ങൾക്കും മക്കളുടെ വിദ്യാഭ്യാസം പരുവപ്പെടുത്തുന്നതിൽ തെറ്റല്ലാത്ത പങ്കാളിത്തമുണ്ടെന്ന തോന്നൽ മക്കളുടെ ക്ഷേമവും പoനവുമന്യേഷിച്ചുള്ള വീട്ടമ്മമാരുടെ നിരന്തര സ്കൂൾ സന്ദർശനങ്ങൾ ഇടവരുത്തി. സർക്കാർ (സർക്കാർ സ്ക്കുളുകളിൽ മുമ്പെവിടെയും ഇങ്ങനെയൊരു സമ്പ്രദായം തന്നെ ഉണ്ടായിരുന്നില്ലല്ലോ). അടുക്കള ഭരണത്തോടൊപ്പം മക്കളെ രാവിലെ പറഞ്ഞയക്കുന്നതിലുപരി അവരുടെ സ്കൂൾ മണിക്കൂറുകൾ കൂടി തങ്ങളുടെ അതിവ ശ്രദ്ധപതിയേണ്ട റെഡ് സോണിലേക്ക് വീട്ടുമ്മമാരെ എത്തിക്കാൻ ഇതുകൊണ്ടായി. ഇതും പെൺവിഭാഗങ്ങളിൽ ആത്മവിശ്വാസം ഉണ്ടാക്കിയിരിക്കാൻ സാധ്യതയുണ്ട്.  സ്കൂളിൽ പി ടി എ പൊതു യോഗങ്ങളിലും  ഓപൺ ഹൗസിലും കാണുന്ന സ്ത്രീകളുടെ നിറഞ്ഞ സാനിധ്യത്തിനുള്ള തുടക്കം  ഇതാണ്. (പലരുടെയും തെറ്റിദ്ധാരണ ഇക്കാര്യത്തിലും മാറ്റേണ്ടതുണ്ട്)

ഉത്തരവാദിത്വത്തോടൊപ്പം അവകാശങ്ങളെ കുറിച്ചുള്ള ബോധവും സ്ത്രീകൾക്കുണ്ടായിട്ടുണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നു. എല്ലാ വീടുകളിലും പ്ലസ്ടു, ഡിഗ്രി, പ്രൊഫഷണൽ ബിരുദങ്ങളിൽ ഏതെങ്കിലുമൊന്നുള്ളവരാണ് (പെൺ)മരുമക്കളായെത്തുന്നത്. വിവാഹാലോചന സമയത്ത്  മുമ്പത്തെക്കാളേറെ ഗൗരവവും ആലോചനയും തങ്ങളുടെ ആൺപങ്കാളികളെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ പെൺകുട്ടികൾ കാണിച്ചു തുടങ്ങി.  ഇതിന്റെ 'പിടുത്തം' ഇനിയും നാൾക്കുനാൾ കൂടി വരികയേയുളളൂ. വിവാഹാലോചന വേളകളിൽ ആൺകാരണവന്മാരുടെ കോൺട്രിബ്യൂഷൻ പേരിനൊരു  തറവാടന്വേഷിക്കുന്നതിലേക്ക് മാത്രം ശുഷ്ക്കിച്ചു പോയിട്ടുണ്ട്.  (അതിൽ പോലും സ്ത്രീകൾ ഒരുപടി കൂടി മുന്നിലാണ്.)

വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ സ്ത്രീകൾ ഏറെ മുന്നിലായി. പത്ത് വരെ പെൺമക്കളെ കഷ്ടി പഠിപ്പിച്ചു നിർത്തിക്കളയാമെന്ന് പല പിതാക്കളുടെയും വരണ്ട തീരുമാനത്തിൽ നിന്നും രക്ഷിതാക്കൾ മാറിയത് പ്രസംഗങ്ങൾ കേട്ടിട്ടൊന്നുമല്ല, വീട്ടിനകത്ത് നടക്കുന്ന സ്ത്രീ വിപ്ലവങ്ങൾ മേൽക്കൈ നേടിയത്കൊണ്ടു തന്നെയാണ്. മറുത്ത് പറയാനുള്ള ന്യായങ്ങളേക്കാളും ഇരുതലമൂർച്ചയുണ്ടാകും അവർ തിരിച്ചു കേട്ടിരുന്ന കൗണ്ടർ ന്യായങ്ങൾക്ക്. ഇപ്പോൾ പതിവു ശീലങ്ങളിലേക്ക് ഉന്നത സ്ത്രീ വിദ്യാഭ്യാസമെന്ന ആശയം മാറിക്കഴിഞ്ഞു.

ഒരോർമ്മ പങ്ക് വെക്കാം. ഒമ്പതോ പത്തോ വർഷം മുമ്പ് പട്ല സ്കൂളിൽ ഹയർസെക്കണ്ടറി കുട്ടികളുമായുള്ള ഒരു ഇൻട്രാക്ഷൻ സെഷനിൽ ഒരു ആൺകുട്ടി (കുസൃതി) ചോദ്യം എനിക്ക് എഴുതി നീട്ടി. അതിനുത്തരമായി ഞാൻ നർമ്മം കലർത്തിയുള്ള ഒരു  മറുപടി അവരോട് പൊതുവായി പറഞ്ഞതോർക്കുന്നു - ഇവിടെ സാമൂഹികാന്തരീക്ഷം വളരെ പെട്ടെന്ന് മാറിക്കൊണ്ടിരിക്കുന്നു, +2 തന്നെ നല്ലവണ്ണം പഠിച്ചു കയറണമെന്ന് ഞാൻ ആൺകുട്ടികളോട് പറയില്ല, പക്ഷെ, വിവാഹപ്രായമെത്തുമ്പോൾ എന്തെങ്കിലുമൊന്ന് പറയാൻ കൊള്ളുന്ന കഴിവും സർട്ടിഫിക്കറ്റും കയ്യിൽ വേണ്ടി വരും, പെണ്ണുകെട്ടാനല്ല, പെണ്ണുകിട്ടാനെങ്കിലും ! (പെണ്ണ് കെട്ടുക എന്ന ആൺ മേധാവിത്വത്തിൽ നിന്ന് പെണ്ണു കിട്ടുക എന്ന ആൺപ്രതിരോത്വത്തിലേക്ക് കാര്യങ്ങൾ മാറിക്കഴിഞ്ഞുവെന്നർഥം)

ഈ പരമ്പര എഴുതാൻ തുടങ്ങുമ്പോൾ തികട്ടിത്തികട്ടി വന്ന സംഭവമാണ് മുകളിൽ ഞാൻ എഴുതിയത്. സ്‌ത്രീ ശാക്തീകരണമെന്ന ലക്ഷ്യത്തിലേക്ക് ഒരു ഭാഗത്ത് അഭംഗുരം ശ്രമം നടക്കുമ്പോൾ, പുരുഷവിഭാഗങ്ങളും അതേ സ്പിരിറ്റോടെ തികച്ചും പോസിറ്റീവായി തങ്ങളുടെ മുരടൻ യാഥാസ്ഥികത്വ നിലപാടുകളിൽ നിന്നും കാലത്തിന്റെ മാറ്റങ്ങൾ നോക്കിക്കാണുന്ന രീതിയിൽ നിന്നും വഴി മാറി ചിന്തിക്കാൻ സമയമായി. ജീവിതശൈലീ ഗ്രാഫിലും കാര്യമായ മാറ്റമുണ്ടാക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ മത്സരത്തിനു പോലും സാധ്യത നൽകാത്ത വിധം സ്ത്രീപക്ഷം ഒരുപാടു മുന്നിലെത്താൻ വലിയ സമയമില്ല.

.           (3)

വിധിവൈപര്യന്തമെന്നേ പറയേണ്ടൂ. മിനിഞ്ഞാന്ന് ഒരു വേദിയിൽ നിന്നും ഒരാളുടെ പ്രസംഗം കേട്ടു. അതിങ്ങനെ : ഈ സ്കൂളിലെ ആൺകുട്ടികൾ എവിടെപ്പോയി ? അടുത്ത വർഷം പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ നിങ്ങൾ പെൺകുട്ടികളെ തോൽപ്പിക്കണം.  ഇത് കേട്ടപ്പോൾ ഓർമ്മകൾ പിന്നാമ്പുറത്തേക്ക് നീങ്ങി. 1982 ന്റെ തുടക്കം. അന്നത്തെ വിദ്യാഭ്യാസ പ്രവർത്തകർ നെട്ടോട്ടത്തിലാണ്. പുതുതായി അനുവദിക്കപ്പെട്ട ഹൈസ്കൂളിലെ ഒന്നാം ബാച്ചിലേക്ക് ആളെച്ചേർക്കുക എന്നതാണ് ദൗത്യം. കെട്ടിടം നാട്ടുകാർ പണിതു. കുട്ടികളെ കിട്ടണ്ടേ ? കുറെ ആൺപിള്ളേരെ ഒപ്പിച്ചുകിട്ടി. ക്ലാസ്സിൽ പത്ത് പെൺകുട്ടികളെ പിടിച്ചിരുത്താൻ എല്ലാ കളിയും കളിച്ചു നോക്കി. കിം ഫലം ?

ഏട്ടിൽ തളച്ച പെൺകുട്ടികളെ എട്ടിൽ ചേർക്കാൻ അന്നത്തെ വിദ്യാഭ്യാസ പ്രവർത്തകർ വീടുകൾ കയറിയിറങ്ങി കാമ്പയിൻ നടത്തിയത് എന്റെ  ഓർമ്മയിലുണ്ട്.  മദ്രസ്സാ പ്രധാനധ്യാപകനായിരുന്നു  മുൻകൈ എടുത്തത്. അവസാനം രണ്ട് പെൺതരികളെ കിട്ടി, ഒരു വർഷം തീരുന്നതിന് മുമ്പ് ഓരോന്നു കൊഴിഞ്ഞും പോയി. അന്നത്തെ പിടിഎ യോഗങ്ങളിൽ സ്വാഭാവികമായും പ്രതിനിധികൾ  സ്ത്രീവിദ്യാഭ്യാസത്തെക്കുറിച്ച്  ഊന്നിയൂന്നിപ്പറഞ്ഞിരിക്കണം, അവർ ഒന്നാമതെത്തേണ്ടതിന്റെ പ്രാധാന്യവും ചൂണ്ടിക്കാണിച്ചിരിക്കണം. കൃത്യം 37 വർഷം കഴിഞ്ഞപ്പോൾ നേരെ തിരിച്ചു ബോധവത്ക്കരണം നടത്തേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി നിൽക്കുന്നു!.

കാലചക്രങ്ങൾ കരിമ്പാറകളിൽ ഉരുണ്ടു നീങ്ങി. ഒരുഭാഗത്ത് (എല്ലാ അർഥത്തിലുമുള്ള )  സ്ത്രിസാക്ഷരതയുടെ പ്രോഗ്രസ്സ് ഗ്രാഫ് മേലോട്ട് ഉയർന്നുയർന്നു വന്നു, പുരുഷസാക്ഷരത ബക്കറ്റിൽ ഒഴിച്ച വെള്ളം പോലെ അവിടെത്തന്നെ നിൽക്കുകയും ചെയ്തു. വളരെപ്പതുക്കെ നടക്കുന്ന നിശബ്ദ വിപ്ലവമാണ്  സ്ത്രീകൾക്കിടയിൽ ഉണ്ടായത്. അതിന്റെ തിരനോട്ടത്തിലേക്ക് -preview & review-  ഇപ്പോൾ ഞാനില്ല, മറ്റൊരു സന്ദർഭത്തിൽ ഞാൻ എഴുതാതെ പോകുകയുമില്ല. [ Barran Rubin ന്റെ Silent Revolution എന്ന് തുടങ്ങുന്ന നീണ്ട ശീർഷകമുള്ള പുസ്തകത്തിൽ അമേരിക്കയിൽ Leflistകൾ എങ്ങിനെയാണ് പതിവ് വിപ്ലവരീതി ഉപേക്ഷിച്ച് (വർക്കിംഗ് ക്ലാസിനെ റെവല്യൂഷനറി ടൂളാക്കുന്ന ),   വിദ്യാഭാസ സമ്പ്രദായത്തിൽ കൂടി വിപ്ലവമെന്ന പുതിയ "സാമാന്യബുദ്ധി" ഉപയോഗിച്ചുള്ള പരീക്ഷണങ്ങളിൽ ഏർപ്പെട്ടതും ഏറെക്കുറെ സാമൂഹിക മണ്ഡലങ്ങളിൽ മാറ്റമുണ്ടാക്കിയതും മറ്റും വിശദമായി പറയുന്നുണ്ട്, സൗകര്യപ്പെടുന്നവർ വായിക്കുക ]

ആർജ്ജിച്ചെടുക്കുന്ന വിദ്യാഭ്യാസത്തിൽ കൂടി ബഹുമുഖ ലക്ഷ്യങ്ങൾ പരുവപ്പെടുത്താൻ തുടക്കത്തിൽ സാധിച്ചുകൊള്ളണമെന്നില്ല. ചുറ്റുപാടു നിരിക്ഷണങ്ങളിൽ പുരുഷന്മാരേക്കാളും പതിന്മടങ്ങ് ജാഗ്രത കാണിച്ച /കാണിക്കുന്ന സ്ത്രികൾ  പക്ഷെ അനുകൂല സാഹചര്യങ്ങൾക്കുള്ള കാത്തിരിപ്പിലായിരുന്നു. അത്തരം സന്ദർഭങ്ങളെ അവസരത്തിനൊത്ത് utilize ചെയ്യാൻ അവർക്കായി. ഇതൊരപശകുനമല്ല, നല്ല ലക്ഷണമാണ്.

നാലഞ്ചു വർഷം മുമ്പ് നമ്മുടെ പ്രദേശത്ത് ലഹരിവിരുദ്ധ കാമ്പയിൻ നടന്നപ്പോൾ, അതിന്റെ ഗൗരവമുൾക്കൊണ്ട് നിശബ്ദ ജാഗ്രത പുലർത്തി മക്കളുടെ (തലമുറകളുടെ) കാര്യത്തിൽ ഏറ്റവും കൂടുതൽ  വിജിലൻറായത് സ്ത്രീ വിഭാഗമായിരുന്നു. കടകൾ കേന്ദ്രികരിച്ചു ലഹരിമിഠായി വിൽപ്പന നടക്കുന്നുണ്ടോ എന്ന് അപ്പപ്പോൾ അeന്വഷിച്ചറിയുന്നതും മറ്റാരേക്കാളും കൂടുതൽ സ്ത്രീകൾ തന്നെ.

ചില അന്വേഷണങ്ങളാണ് ഇനി എനിക്കവതരിപ്പിക്കാനുള്ളത്. രാഷ്ട്രീയ നേതൃങ്ങളോടും മറ്റു സാമൂഹ്യ കൂട്ടായ്മകളോടുമാണത്. നിങ്ങൾക്ക് ഇടപെടാൻ ഒരുപാടുണ്ട്. സ്ത്രീശാക്തീകരണത്തിൽ നിങ്ങളുടെ നേരിട്ടുള്ള പങ്കെന്തായിരുന്നുവെന്ന് അറിയാൻ താൽപര്യമുണ്ട്, ഇപ്പോഴെന്ത് ?  പരോക്ഷമായ ഇടപെടൽ ആർക്കും വ്യാഖ്യാനിച്ചൊപ്പിക്കാം. ആദ്യം ചില ചോദ്യങ്ങളോടു കൂടിയുള്ള സന്ദർഭങ്ങൾ ഞാൻ പറയും, ഒന്ന് രണ്ട് പാരഗ്രാഫിൽ. തുടർന്ന് നിങ്ങൾക്കെന്ത് ഭാവിപരിപാടികളെന്ന് നേരിട്ടു ചോദിക്കും.

ഒരു പക്ഷെ അടുത്ത പഞ്ചായത്തംഗം ഊഴമനുസരിച്ച് വനിതയാകാം. ദൗർഭാഗ്യകരമെന്ന് പറയട്ടെ പട്ല കണ്ട ജനപ്രതിനിധികളുടെ പ്രവർത്തനക്ഷമത പരിശോധിച്ചാൽ  വനിതാ അംഗങ്ങളുടെ സജീവതയും  അവരുടെ കോൺട്രിബ്യൂഷനും  ആവറേജിനും താഴെയായിരുന്നു. അതെന്ത് കൊണ്ടാണെന്ന് മനസ്സിലായിട്ടില്ല. അവർക്ക് നേതൃത്വം പ്രവർത്തന സ്വാതന്ത്ര്യം നൽകാത്തതോ ? പബ്ലിക്കിൽ നിന്ന്  സഹകരണം ലഭിക്കാത്തതോ ? ഇത്രയൊക്കെ മതിയെന്ന് പുരുഷനേതൃത്വത്തിന് തോന്നിയതോ ? പ്രാപ്തരായ ആളുകളുടെ അഭാവമോ ? അതൊന്നുമല്ല ഈ കാര്യത്തിൽ പൊതുവെയുള്ള രാഷ്ട്രീയ സാക്ഷരതയില്ലായ്മയോ ?

കൂടുതൽ കഴിവും പ്രാപ്തിയുമുള്ളവരെ മുന്നിൽ കൊണ്ടുവരാൻ ഇവിടെയുള്ള രണ്ട് പ്രബല രാഷ്ട്രീയ കക്ഷികൾക്ക് ഉത്തരവാദിത്വമുണ്ട്.  എന്തുകൊണ്ടാകുന്നില്ല ? വനിതകൾ ഭരിക്കുന്ന അഞ്ചു വർഷക്കാലം ഈ പ്രദേശം  ഇങ്ങനെ വേലിയിൽ ചാരി വെച്ച പാവയ്ക്കാതണ്ടു പോലെ "അരജീമൻത്തില് (deathlike)" ജീവിച്ചു പൊക്കോട്ടെ എന്നാണോ ? അങ്ങിനെയെങ്കിൽ മധൂർ പഞ്ചായത്തും ജില്ലാപഞ്ചായത്തും സ്ത്രീയാധിപത്യത്തിൽ ഭരിക്കുമ്പോൾ,  അവരോടും ഒരു വികസനവും ചോദിക്കാൻ ആൺപ്രതിനിധികളും നിൽക്കരുത്.

രാഷ്ട്രീയ സാക്ഷരത സ്ത്രീകൾക്കുണ്ട്. ലേഖനതുടക്കത്തിൽ പരാമർശിച്ച ഒരുപാട് തൊഴിലുകളിലോ സേവനമേഖലയിലോ അവരുടെ സാനിധ്യവുമുണ്ട്. ഒരു പ്രദേശത്തിന്റെ മൊത്തം ഭരണത്തിൽ നിന്ന് പട്ല സ്ത്രീമുക്തവാർഡായി ഇന്ത്യൻ ഭരണഘടനയോ പഞ്ചായത്ത് രാജോ പറയുന്നുമില്ല. പിന്നെ എന്തുകൊണ്ട് ഒരു ഗൗരവം ഇക്കാര്യത്തിൽ ഉണ്ടാകുന്നില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ മാത്രം സ്ത്രീവാർഡെന്ന് കേട്ട് സ്വയം ഞെട്ടിവിറച്ച്,  ഓടിച്ചാടി ആളെത്തപ്പുന്ന പ്രഹസനത്തിൽ നിന്ന് ഇവിടെയുള്ള രണ്ടുപക്ഷത്തുമുള്ള രാഷ്ട്രീയ നേതൃത്വങ്ങൾ വിടുതി നേടണം. ഭാവിയിലെ വനിതാജനപ്രതിനിധി ആരുമാകട്ടെ.  ഇന്ന് കാണുന്ന ജനസമ്പർക്ക പൊതുവേദികളിലൊക്കെ മുഖവും സക്രിയത്വവും അവരും കാണിക്കണം, അതിനവർക്ക് അവസരവും ലഭിക്കണം.  അവിടെ സംഘാടകർ ഞഞ്ഞാമിഞ്ഞാ വർത്തമാനം പറഞ്ഞു അവരെ അവഗണിക്കാൻ പുതിയ തെന്നാലിരാമൻ കഥകൾ തേടിപ്പോകരുത്.

സ്വയം തൊഴിൽ മേഖലയിൽ ഒരിലയനക്കമെന്ന പ്രതിക്ഷ നൽകി ഇവിടെ ചില കൂട്ടായ്മകൾ ഗജഗർഭ ചർച്ചകൾ രാപ്പകലുകൾ നടത്തി അവസാനം  മൂഷികപ്പേറെടുക്കാൻ പോലും ആവതായിട്ടില്ല എന്നും കൂട്ടത്തിൽ പറയട്ടെ.  പറ്റാത്ത ഒരു പ്രൊജക്ടായിരുന്നില്ല, കാലുളുക്കിയാൽ കാൽ ലക്ഷം അന്തിക്കു മുമ്പ് പിരിഞ്ഞു കിട്ടുന്ന പ്രദേശമാണിത്. ഒച്ചയും ബഹളവും വെച്ച് ഒരു വലിയ സർവ്വെ നടത്തിയതിന്റെ ExeL ഫയലുകൾ പലമെയിലുകളിലും സിസ്റ്റങ്ങളിലും   തുറക്കാതെയുമുണ്ട്, അതിലാകട്ടെ നഷ്ടപ്പെട്ട സ്ത്രീപക്ഷ വിചാരങ്ങളുടെ ഏങ്ങലുമുണ്ട്. പക്ഷെ....

ആ പക്ഷെയിലാണ് പ്രതിക്ഷകൾ തച്ചുടഞ്ഞിട്ടുള്ളത്, കൂടാരം വീണിട്ടുള്ളത്. ദ ക്യാറ്റ് ഇൻ ദ ഹാറ്റിലെ പൂച്ചയെപ്പോലെ അവസാനം നമുക്കീ ചിതറിക്കിടക്കുന്ന കൂടാരമൊന്ന് നേരെച്ചൊവ്വെ ശരിയാക്കിയെടുക്കണ്ടേ ? വായിച്ചു തള്ളുന്നതിന് മുമ്പ് ഉത്തരവും പോരട്ടെ.

You Educate a man you educate a man, You educate a woman; you educate a generation" എന്ന് Brigham Young പറയുന്നുണ്ട്. ഒരുതലമുറയെ നന്നാക്കാൻ ഇവിടെയുള്ള രക്ഷിതാക്കൾ പെൺമക്കൾക്ക് അറിവ് നേടാനുള്ള സാഹചര്യമൊരുക്കിക്കഴിഞ്ഞു. സ്ത്രീ ശാക്തീകരണം യാഥാർഥ്യമാകാൻ പോവുകയുമാണ്ണ്. അതിന് ദിശാബോധം നൽകിയുള്ള പിന്തുണ ഇനി രാഷ്ട്രീയ- സാമൂഹിക- സാംസ്ക്കാരിക നേതൃത്വങ്ങൾ നൽകാൻ മുന്നോട്ട് വരണം. കാലമതാണ് ആവശ്യപ്പെടുന്നതും.

*മാമ്പു :*
Whenever you see a successful woman, look out for three men who are going out of their way to try to block her - യൂലിയുടെ ഈ വാചകത്തെ ഞാൻ മൊഴിമാറ്റം നടത്തട്ടെ   "ഒരു വിജയിയായ  സ്ത്രിയോ നോക്കൂ, മൂന്ന് പപ്പാരകൾ വഴിതടസ്സമായതിനെ കുറുകെച്ചാടിയാണ് അവൾ അവിടെ സ്ഥാനത്തെത്തിയത് " 

Monday 2 December 2019

അഷ്താഫ് മാത്രമല്ല, സൗകര്യമുള്ള കുട്ടികളും അങ്ങോട്ടു പോയി പഠിക്കാൻ ശ്രമിക്കണം*/ അസ്ലം മാവിലെ

*അഷ്താഫ് മാത്രമല്ല, സൗകര്യമുള്ള കുട്ടികളും അങ്ങോട്ടു പോയി പഠിക്കാൻ ശ്രമിക്കണം*
.............................. .
അസ്ലം മാവിലെ
.............................. .

ഒരു ബിരുദ ദാനചടങ്ങ്.  *മുഹമ്മദ് അഷ്താഫ് പട്ല*.  അങ്ങിനെ ഒരു പേരു ഉച്ചത്തിൽ അന്തരീക്ഷത്തിൽ കേൾക്കാം. വെന്യൂ /വേദി ഇന്ത്യയിലല്ല. അങ്ങ് ലണ്ടനിൽ,  യു. കെ. യിൽ, വിദേശ രാജ്യത്ത്.  അത് കൊണ്ടാണ് പതിവിന് വ്യത്യസ്തമായി ഈ കുറിപ്പെഴുതുന്നതും.

ഒരു  പാശ്ചാത്യൻ രാജ്യത്ത് തുടർപഠന കോഴ്സ് തെരഞ്ഞെടുത്ത്,  അതിനു മാത്രമായി എഫെർട്ടെടുത്ത് പോയി, ഉഴപ്പാതെ, കൃത്യസമയത്തിനകത്ത് പഠിച്ച്, കിട്ടുന്ന ഇടവേളകളിൽ പാർടൈം പണിയുമെടുത്ത്, ഉപേക്ഷ കൂടാതെ പരീക്ഷയെഴുതി നല്ല മാർക്കോടെ  പാസായി ബിരുദമെടുക്കുന്നവർ ഒരുപാടുണ്ട്. പക്ഷെ, ഒരു പട്ലക്കാരൻ ആദ്യമായാണ്. ആ ഒരു  സന്തോഷം പകരുന്നതോടൊപ്പം മറ്റു വിദ്യാർഥികൾക്കു കൂടി ഉന്നത പഠനത്തിനുള്ള സ്ട്രീമും ലൊക്കേഷനും തെരഞ്ഞെടുക്കുന്ന കാര്യത്തിൽ  ഒരു വീണ്ടുവിചാരം കൂടി ആകട്ടെ, എന്ന ഉദ്ദേശവും ഈ കുറിപ്പിനുണ്ട്. 

University of East London (UEL) ൽ  നിന്നാണ് അഷ്താഫ് എം. ബി. എ ബിരുദ പഠനം പൂർത്തിയാക്കിയിരിക്കുന്നത്. ആ സനദ്  ഏറ്റുവാങ്ങുന്ന  നിമിഷങ്ങളാണ് ഇതിന്റെ കൂടെ പോസ്റ്റു ചെയ്യുന്ന പത്ത് സെക്കൻറ് വീഡിയോയിൽ. അതിലാണ് ലേഖനതുടക്കത്തിൽ പറഞ്ഞ മുഹമ്മദ് അഷ്താഫ് പട്ല എന്ന അനൗൺസ്മെന്റും.

പശ്ചാത്യൻ വിദ്യാദ്യാസ സമ്പ്രദായം വളരെ വേറിട്ടു നിൽക്കുന്ന ഒന്നാണ്.  അപ്രാപ്യമായ ഒന്നുമല്ല, എളുപ്പമാണ്. പക്ഷെ, അതിന്  രക്ഷിതാക്കൾക്ക് മാത്രം താത്പര്യം  ഉണ്ടായിട്ടും കാര്യമില്ല. കുട്ടികൾക്ക് മനസ്സുണ്ടാകണം, ഉത്സാഹം തോന്നണം. 

അവിടെ ജോലി ഒഴിവ് വരാനുള്ള സാധ്യതാ ലിസ്റ്റുകൾ ഔദ്യോഗികമായും അനൗദ്യോഗികമായും മുൻകൂട്ടി പ്രസിദ്ധീകരിക്കുന്ന രീതിതന്നെയുണ്ട്. അതുകൂടി കണക്കിലെടുത്താണ്  പശ്ചാത്യ രാജ്യങ്ങളിൽ പഠനത്തിനായി വിദ്യാർഥികൾ  കോഴ്സുകൾ തെരഞ്ഞെടുക്കുന്നത് തന്നെ. പലരുമതിൽ വിജയിക്കാറുമുണ്ട്.  അത്കൊണ്ട് വരും വർഷങ്ങളിൽ പട്ലയിലെ കുട്ടികളും UK , US, Australia രാജ്യങ്ങളിൽ എത്തുമെന്ന് പ്രതീക്ഷിക്കാം.
....................................

ചെയ്ത എഫർട്ടിനും എടുത്ത റിസ്കിനും അഷ്താഫിന് ഫലമുണ്ടാകട്ടെ എന്നാശംസിക്കുന്നു, അവിടെത്തന്നെ നല്ല ജോലി ലഭ്യമാകട്ടെ എന്നാഗ്രഹിക്കുന്നു.

പോയ നാടിനെ കൂടെ ചേർത്ത് അപൂർവം ചിലർക്കു നാം പേരു ചാർത്താറുണ്ട്. അങ്ങിനെ വരുമ്പോൾ നമ്മുടെ  *ലണ്ടൻ അഷ്താഫിന്* എല്ലാവിധ ഭാവുകങ്ങളും നേരാം !  അഷ്താഫിന്റെ കൂടെ,  അഷ്താഫിന്റെ മാതാപിതാക്കളുടെ (അഷ്റഫ് പട്ല & സഫിയ) കൂടെ നമുക്കും ഈ സന്തോഷത്തിൽ പങ്ക് ചേരാം 🌹

മങ്കമാരുടെ ആധിപത്യം ആൺകുട്ടികൾ തമാശയായി കാണരുത്* / അസ്ലം മാവിലെ


*മങ്കമാരുടെ ആധിപത്യം ആൺകുട്ടികൾ തമാശയായി കാണരുത്*
................................
അസ്ലം മാവിലെ
................................
കാറ്റ് വീശുന്നതിന്റെ സൂചന കാണുമ്പോൾ ഉൾക്കൊള്ളാനറിയണം. കാര്യമെന്താണെന്നും എന്തിലേക്കെന്നും ശ്രദ്ധിക്കണം. അതിനനുസരിച്ചു മാറ്റത്തിന് തയ്യാറാകണം. ഒരു വീണ്ടു വിചാരത്തിലേർപ്പെടണം.
SSLC , പ്ലസ്ടു, സാഹിത്യ മത്സരങ്ങൾ, സോഷ്യൽ ആക്ടിവിറ്റീസിലെ ഡോമിനൻസി - ഇയ്യിടെയായി, അല്ല കുറച്ചു കാലമായി പട്ലയിൽ പെൺകോയ്മയാണ്, അവരുടെ ആധിപത്യമാണ്.
ഇതാ സ്കൂൾ കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും അവർ തന്നെ മുന്നിൽ. സംസ്ഥാന കലോത്സവത്തിൽ A ഗ്രേഡ് കിട്ടിയത് പെൺകുട്ടിക്ക്. യു പി തലത്തിൽ ജില്ലയിൽ ഒന്നാമത് എത്തിയതും ഒരു പെൺകുട്ടി. ഇക്കഴിഞ്ഞ ശാസ്ത്ര മേളയിൽ ഒന്നാമതെത്തിയവരിൽ ഒരു പട്ലക്കാരിയുണ്ട്. CBSE സ്റ്റേറ്റ് സ്കൂൾ കലോത്സവത്തിൽ നടന്ന ഇംഗ്ലീഷ് സ്ക്റ്റിൽ ഒന്നാമതെത്തിയ ലിസ്റ്റിലും പട്ലക്കാരനില്ല, പക്ഷെ, പട്ലക്കാരിയുണ്ട്.
ഹേയ്, ആൺ കുട്ടികളെ, ഇതൊക്കെ  കണ്ണോടിച്ചും വായിച്ചും നിങ്ങൾക്ക് എന്ത് തോന്നുന്നു ?  എന്ത് പറയുന്നു ? നിങ്ങൾ കരുതുന്നുണ്ടോ ഇതിന്മേൽ കാര്യങ്ങൾ നിൽക്കുമെന്ന് ?  ഒന്നാമർ മൊത്തം പെൺകുട്ടികൾ ആകുന്നതാണോ ശരി ?  ഒരിരുപത്തഞ്ച് ശതമാനമെങ്കിലും ആൺപിള്ളേർ ഒന്നാമരിൽ വേണ്ടേ ? വെളിച്ചത്ത് കണ്ണു തുറന്ന് പറ.
ഉപരിപഠനത്തിനുള്ള കോഴ്സ് തെരഞ്ഞെടുക്കുന്ന കാര്യത്തിലടക്കം എന്റെ ഒരു അന്വേഷണമനുസരിച്ചു (പഠനം എന്ന് പറഞ്ഞു കൂടാ) പെൺകുട്ടികൾക്കുള്ളത്ര ധാരണ ആൺപിള്ളേർക്കില്ല. ഉണ്ടെങ്കിൽ പറയാം.
ഇങ്ങനെ പോയാൽ  സംഗതികൾ കുറച്ചു പ്രയാസണ്. ഏറ്റവും മർദ്ദവമുള്ള പദത്തിൽ "പ്രയാസമാണ്" എന്നേ ഇപ്പം പറയുന്നുള്ളു. അതിന്റെ വിശാലാർത്ഥം പത്ത് കൊല്ലത്തിന് ശേഷം  അന്നത്തെ സാമൂഹിക- വിദ്യാഭ്യാസ- കൗടുംബിക ചിത്രം മുന്നിൽ വെച്ചു rtpen ബ്ലോഗിൽ ഇതേ ലേഖനം നിങ്ങൾ ഒരാവർത്തി വായിച്ചാൽ മനസ്സിലാകും.
ഭാവിയെ കുറിച്ചുള്ള ആലോചനയ്ക്ക് പട്ല പോലുള്ള ക്ഷിപ്രവികസന സാധ്യതയും സാധുതയുമുള്ള ഒരു ഭൂമികയിൽ *നിൽക്കുന്നിടത്ത് നിൽക്കാൻ തന്നെ നിർത്താത്ത ഓട്ടമാണാവശ്യം*. ആ ഒരോട്ടം പോയിട്ട് നീട്ടി വലിച്ചുള്ള നടത്തമെങ്കിലുമില്ലെങ്കിൽ ബഡ്ഡിംഗ്‌ ജനറേഷനിലെ ആൺകുട്ടികളെ നിങ്ങൾ ഒന്നാമതെത്താൻ  അതിസാഹസപ്പെടേണ്ടി വരും.
if you can look into the seeds of time, and say which grain will grow and which will not, speak then unto me " എന്ന ഷേക്സ്പീരിയൻ പ്രസ്താവനയും എന്റെ ശ്രദ്ധയിൽ ഉണ്ടെങ്കിലും ഞാൻ എഴുതട്ടെ, ഒരു പക്ഷെ, പട്ലയിൽ ഇങ്ങിനെയും ഒരു കാലം വന്നേക്കാം, ആൺകുട്ടികൾ പഠനത്തിൽ  കൂടുതൽ ശ്രദ്ധചെലുത്താനും അവരെ ഒന്നാമതെത്തിക്കാനും പാഠ്യേതര കാര്യങ്ങളിൽ അവർക്ക് വർദ്ധിത താത്പര്യമുണ്ടാക്കാനും പുതിയ പദ്ധതികളുമായി മദർ പി.ടി.എ രംഗത്ത്. 
Forecasting is the art of saying what will happen, and then explaining why it didn't! എന്ന പഴഞ്ചൊല്ല് സാർഥകമാക്കാനെങ്കിലും ആൺകുട്ടികളേ നിങ്ങൾ ഒരൽപം നിലവിലുള്ള മൈണ്ട് സെറ്റിൽ നിന്നും വഴിമാറി സഞ്ചരിക്കുക. ഓട്ടം തുടങ്ങാൻ സമയമായി, എറിയാനും.  Shoot for the moon. (Even if you miss) you'll land among the stars.
കാലം സൂചനകളാണ് നൽകുക. മിനിമലിസ്റ്റ് നേർചിത്രങ്ങൾ പോലെ കുറഞ്ഞവരകളും  ആശയങ്ങൾക്കുമാലോചനകൾക്കതിലേറെ   സ്പേസുകളുമാണതിലുണ്ടാകുക.
ഐൻസ്റ്റീൻ ഒരിടത്ത്  പറയുന്നുണ്ട് - ഞാൻ ഭാവിയെ കുറിച്ച് ചിന്തിക്കാറേയില്ല, അത് ത്സടുതിയിൽ സമാഗതമാകുന്ന ഒന്നാണല്ലോ. പെൺകുട്ടികൾ ഈ ഒരു ഒപ്റ്റിമിസ്റ്റിക് (ശുഭ ) ചിന്തയിലായിരിക്കും. പക്ഷെ, ആൺകുട്ടികളോ ?
ചോള നാട്ടിലെത്തി ചേര തിരിച്ചു പോയി വീമ്പുപറഞ്ഞ ഒരു  കഥയുണ്ട്. ബിംബപരികൽപന  നൽകി ഈ കഥ പുതിയ മൂശയിലിട്ടു വായിക്കുക. അപ്പോൾ തിരിയും. ഇല്ലെങ്കിൽ നട്ടം തിരിയും.

എങ്ങു നിന്നോ വഴിതെറ്റി വന്നതാണെന്നറിയാം; എങ്കിലും മഴയെ അത്രയേറെ ഇഷ്ടമാണ്* /അസ്ലം മാവിലെ



*എങ്ങു നിന്നോ വഴിതെറ്റി വന്നതാണെന്നറിയാം; എങ്കിലും മഴയെ അത്രയേറെ ഇഷ്ടമാണ്*
...............................
അസ്ലം മാവിലെ
...............................
http://www.kvartha.com/2019/12/feelings-about-rain-malayalam-article.html?m=1
ആകാശ ഇരുണ്ടത് ഇന്നലെ ഉച്ചകഴിഞ്ഞ്. വടക്കു പടിഞ്ഞാറ് മാനം മുഴുവൻ കാർമേഘങ്ങൾ കുമിഞ്ഞു കൂടിക്കൊണ്ടേയിരുന്നു.
മൂന്നു മണിക്ക് മുമ്പു തന്നെ ഇരുട്ടെമ്പാടും പടർന്നു കഴിഞ്ഞിരുന്നു. പിന്നെ വർഷിച്ചത് ഇടിയോടു കൂടിയുള്ള മഴ !
മുറ്റം നിറയോളം മഴ ! ചാലിട്ടൊഴുകി കുഞ്ഞുതോടുകൾ വിണ്ടും. മടക്കി തട്ടിന്മേൽ വെച്ച കുട വീണ്ടും പുറത്തേക്ക്. പള്ളിയിൽ പോയതും, അങ്ങാടി കയറിയതും കുടചൂടി.
ഇപ്പം നിൽക്കും എന്ന മട്ടിൽ മഴ!
പക്ഷെ, അത് പെയ്തുകൊണ്ടേയിരുന്നു. ഇടക്ക് സീതാംഗോളിയിലെ ഇലക്ട്രിസിറ്റി ആപ്പീസുകാരനും മഴ വന്നതെങ്ങനെയോ അറിഞ്ഞു കാണണം, കറണ്ടു പോയി ഒരു കാരണവുമില്ലാതെ. മഴം പിന്നെയും പെയ്തു കൊണ്ടേയിരുന്നു.
മുറ്റത്ത് കെട്ടിയ വെള്ളമൊലിച്ചു പോകാൻ തോടു കീറലായി. പുല്ലു മുളച്ച ചാലു വൃത്തിയാക്കാൻ പിള്ളേരും കൂടെയുണ്ടായിരുന്നു.
സന്ധ്യകഴിഞ്ഞു, കുഞ്ഞിപ്പള്ളിമിനാരത്തിൽ മഗ്രിബ് നിസ്ക്കാരാറിയിച്ചു ബാങ്കാലി. കുടചൂടി തിരിച്ചു വരുമ്പോൾ മിന്നലിനൽപം ശമനം, മഴ പെയ്യാണ്. ഇലക്ട്രിസിറ്റിക്കാരനും ദയാവായ്പ് - കറണ്ടു തിരിച്ചു തന്നു. കുട്ടികൾ വീണ്ടും കലോത്സവ വിശേഷം കാണാൻ ടിവിക്കു മുന്നിൽ.
മഴ നിന്നോന്ന് സംശയം, ഇല്ല പെയ്യാണ്. തളം കെട്ടി നിർത്തിയ നീരാവിയിൽ തീർത്ത കാർവർണ്ണമേഘങ്ങൾ മുഴുവൻ പെയ്തു തന്നേ നിർത്തൂ എന്ന് ആകാശത്തിനും വാശി പോലെ.
ഇപ്പോൾ രാവിലെ എട്ടു മണിയോടടുക്കുന്നു. മഴ നിർത്തിയിട്ടില്ല. എന്നാൽ മഴയുമല്ല, തെങ്ങോലയിൽ ചിന്നം പിന്നം പെയ്യുന്നത് നേർത്ത സംഗീതം പോലെ കേൾക്കാം. അതൊരുക്കൂട്ടി വലിയ തുള്ളിയായി ഇടക്കിടക്ക് ഓലത്തുമ്പിൽ നിന്നും ഇടവിട്ടിടവിട്ട് നിലനിത്തിറ്റു വീഴുന്നുമുണ്ട്.
ഈ പ്രഭാതത്തിന് നല്ല തണുപ്പാണ്. ഇന്നത്തെ പ്രഭാത നിസ്ക്കാര വരികളൽപ്പം മെലിഞ്ഞതുമായിരുന്നു.
ഇടവപ്പാതി എന്നു പഴമക്കാർ പറയാറുണ്ട്. ഇതിപ്പം വൃശ്ചികപ്പാതിയാണാവോ ? എനിക്കോർമ്മയില്ലാത്ത മഴനാൾ. എങ്ങു നിന്നോ വഴിതെറ്റി വന്ന ചിന്നമഴ.
മഴയെ എനിക്കിഷ്ടാണ് !
ഇനിയുമിങ്ങനെയിടക്കിടക്കിടവേളകളിൽ  വഴിതെറ്റി വന്നിരുന്നെങ്കിൽ !

അടുത്തത് ഗ്രാമോത്സവം !* /അസ്ലം മാവിലെ

*അടുത്തത് ഗ്രാമോത്സവം !*
.................................
അസ്ലം മാവിലെ
.................................

അരങ്ങൊഴിഞ്ഞു; നാലുനാൾ കൗമാരക്കളിയാട്ടത്തിന്റെ കൊടി ഇന്നിറങ്ങി. സമ്മിശ്ര പ്രതികരണങ്ങൾ സാധാരണ പോലെ വന്നും തുടങ്ങി. അതതിന്റെ വഴിക്ക് നടക്കട്ടെ.

2017 ൽ മേഖലാ തല കലോത്സവ പ്രഖ്യാപനം നടന്നു, എന്ത് കൊണ്ടത് പ്രാവർത്തികമാക്കിക്കൂടാ എന്ന ചർച്ചയ്ക്കും ചില മുതിർന്ന മാധ്യമപ്രവർത്തകർ തിരികൊളുത്തിയിട്ടുണ്ട് -  ജില്ലാ മത്സരങ്ങൾ കഴിഞ്ഞാൽ കേരളത്തെ മൂന്നോ നാലോ മേഖലയാക്കിത്തിരിച്ചുള്ള കലോത്സവങ്ങൾ. അതിൽ ഒന്നാമരെ സംസ്ഥാനതലത്തിൽ കൊണ്ട് വരിക.

ആശയം കൊള്ളാം, തിരക്കൊഴിവാക്കാനായിരിക്കും ഉദ്ദേശം, പക്ഷെ അത് അപ്പുറം പോകാതെ മേഖലയിൽ നിർത്തുമെങ്കിൽ പറഞ്ഞതിൽ കാര്യമുണ്ട്. എല്ലാവരും കെട്ടി വലിച്ചു ഒരു ബിന്ദുവിലേക്ക് വരേണ്ട ആവശ്യമില്ലല്ലോ. മേഖലയും കഴിഞ്ഞു സ്റ്റേയ്റ്റ് തല മത്സരമുണ്ടെങ്കിൽ എല്ലാവരുടെയും 4 ദിവസം കൂടി കൂടുതൽ നഷ്മാകുമെന്നേയുള്ളൂ, സാമ്പത്തിക ബാധ്യത വേറെയും.

അതവിടെ ഇരിക്കട്ടെ. ഇന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ച *അടുത്ത വർഷം മുതൽ കലോത്സവങ്ങൾ ഗ്രാമോത്സവങ്ങളാക്കുമെന്ന*  കൺസെപ്റ്റാണ് വരും നാളുകളിൽ ഒരു പക്ഷെ കലാകേരളം കൂടുതൽ ചർച്ച ചെയ്യാൻ സാധ്യത എന്നു തോന്നുന്നു.

ആബാലവൃദ്ധ ജനപങ്കാളിത്തം കൊണ്ട് വൈവിധ്യങ്ങൾ ഉൾപ്പെടുത്തി, പരിമിതികൾക്കകത്ത് നിന്ന് ആഴ്ചകൾ നീണ്ടു നിന്ന  ഗ്രാമോത്സവ പരീക്ഷണം  നടത്തിയ  കേരളത്തിലെ വളരെ ചുരുക്കം ഗ്രാമങ്ങളിലൊന്നാണ് പട്ല. അത്കൊണ്ട് തന്നെ മന്ത്രിയുടെ പ്രസ്തുത പ്രസ്താവനയുടെ  വിശദീകരണത്തിനായി  ഞങ്ങൾ സാകൂതം  കാതോർക്കുകയാണ്.

സർക്കാർ - എയ്ഡഡ് സ്കൂളുകളുള്ളിടത്തൊക്കെ ഈ കൺസെപ്റ്റ് കീഴേ തലം മുതൽ വിജയിക്കും. ചില ഗൃഹപാഠങ്ങൾ ആവശ്യമാണെന്നു മാത്രം. സ്കൂൾ ചുറ്റുവട്ടത്തുള്ള മുഴുവനാൾക്കാരെയും ഭാഗവാക്കാക്കി ഗ്രാമം മുഴുവൻ ഉത്സവഛായ പകർന്നു,  അതിലവസാന ദിനങ്ങൾ കുട്ടികളുടെ മത്സരങ്ങൾ നടത്തി വർണ്ണോജ്വലമായ സമാപനോത്സവം നടത്തുക എന്നത് വളരെ മനോഹരം തന്നെ.

ഇനി അതല്ല മറ്റു വല്ല വേറിട്ട ആശയവും മന്ത്രി നിർദ്ദേശിച്ച  ഈ നിർദ്ദിഷ്ട  ഗ്രാമോത്സവത്തിനുണ്ടോ,  ഇതൊന്നുമല്ല വെറുമൊരു ആവേശ പ്രസ്താവന മാത്രമാണോ എന്നും ഇനി അറിയാനുണ്ട്. അതിനായി വരും നാളുകൾ കാത്തിരിക്കാം. 

മിനിമലിസം, മിനിമലിസ്റ്റ് കല, ഇന്ന് പരിചയപ്പെട്ട മിനിമലിസ്റ്റ് ആര്‍ട്ടിസ്റ്റ്* / .അസ്ലം മാവിലെ


*മിനിമലിസം, മിനിമലിസ്റ്റ് കല, ഇന്ന് പരിചയപ്പെട്ട മിനിമലിസ്റ്റ് ആര്‍ട്ടിസ്റ്റ്*
................. ..............
.അസ്ലം മാവിലെ 
................. ..............

http://www.kasargodvartha.com/2019/12/article-about-minimalism-by-aslam-mavile.html?m=1

ലളിതകലാ അക്കാഡമിയുടെ ശിൽപശാല കാൽ നൂറ്റാണ്ട് മുമ്പ് (1993 ) കാസർകോട് ടൗൺ ഹാൾ പരിസരത്ത് നടന്ന ഒരോർമ്മയുണ്ട്. ലക്ഷദ്വീപിൽ നിന്ന് വന്ന മുത്തുക്കോയ, കാസർകോടിന്റെ സ്വന്തം പി.എസ്. പുണിഞ്ചിത്തായ അടക്കം പ്രതിഭാധനരായ ആർടിസ്റ്റുകൾ അവിടെ ഉണ്ട്. 80കളുടെ തുടക്കത്തിൽ സംഘടിച്ച റാഡിക്കൽ പെയിന്റേർസിലെ കലാകാരന്മാരടക്കം ആ ക്യാമ്പിൽ വന്നിട്ടുണ്ട്. എം.വി. ദേവൻ ആയിരുന്നു ഉത്ഘാടകൻ/സമാപന സെഷൻ മുഖ്യാതിഥി. മാരാർ ആയിരുന്നു ശിൽപശാലാ പ്രോഗ്രാം ഡയരക്ടർ. എന്നെ അത്ഭുതപ്പെടുത്തിയ പ്രഭാഷകൻ ടി.പി. സുകുമാരനെ കേൾക്കുന്നതും പരിചയപ്പെടുന്നതും അവിടെ വെച്ചാണ്. മൃദംഗ വായനയിലെ അഗ്രഗണ്യൻ കൂടിയായിരുന്നുവല്ലോ ടി.പി.

മാത്യഭൂമിയിൽ അന്ന് നിരന്തരം എഴുതിയിരുന്ന ഒരു ചിത്രകലാ എഴുത്തുകാരൻ ഉണ്ട്, പേര് ഓർമ്മയിലെത്തുന്നില്ല  (രാജാകൃഷ്ണനാണെന്ന് തോന്നുന്നു)  ആധുനിക ചിത്രകലയിലെ പുതിയ പരീക്ഷണങ്ങളും പ്രതിഭാസങ്ങളും സംബന്ധമായി സ്ലൈഡുകൾ പ്രദർശിപ്പിച്ച് ആധികാരികമായി സംസാരിച്ചത്, അതിലൊന്നും മിനിമലിസ്റ്റ് കലയെ കുറിച്ച് അദ്ദേഹം പറഞ്ഞതായി ഓർക്കുന്നില്ല. കൂടുതലും ചിത്രകലയും ഫോട്ടോഗ്രാഫിയുമായിരുന്നു അന്നാ ക്ലാസ്സിൽ പ്രഭാഷകൻ പ്രതിപാദിച്ചത്.

മിനിമലിസത്തെ കുറിച്ച് ഞാനിന്നാണ് എന്തെങ്കിലും അറിയാൻ ശ്രമിച്ചത്. എനിക്കതൊരു പുതിയ അറിവായിരുന്നു. ചിത്രങ്ങൾ ആസ്വദിക്കുമെന്നല്ലാതെ ഇവയുടെയൊക്കെ വിവിധ സമ്പ്രദായങ്ങളും ഇനം തിരിച്ചുള്ള അറിവും ആസ്വാദനവും എങ്ങിനെയാണ് സാധാരണക്കാരായ  നമുക്ക് ലഭിക്കുക ?

സാൻ മാവിലെയുടെ നോവൽ കഥാപാത്രങ്ങൾക്ക് ചാരുത പകരാൻ ചിത്രകാരന്മാരെ തപ്പിയുള്ള അന്വേഷണത്തിലായിരുന്നു ഞാൻ  ഇക്കഴിഞ്ഞ ആഴ്ച മുതൽ. നവാഗത എഴുത്തുകാരനെ ഉൾക്കൊള്ളാൻ പറ്റുന്ന ഒരു നവാഗത ചിത്രകാരനെ തേടിയുള്ള യാത്ര. അങ്ങനെയുള്ള അന്വേഷണത്തിനിടക്കാണ് ഇന്ന് ഇടുക്കിക്കാരനായ ജി. ഡാനിയൽ പ്രതികരിക്കുന്നത്.

നമ്പൂതിരി ചിത്രങ്ങളെ പോലെ കാരിക്കേച്ചർ കൺസെപ്റ്റായിരുന്നു ഞങ്ങൾ രണ്ടു പേർക്കും. പക്ഷെ, ഡാനിയൽ പറഞ്ഞത് നേരെ തിരിച്ചും. ഒന്നു രണ്ട് വർക്കുകൾ അയച്ചു ചോദിച്ചു - ഇത് പോലെയുള്ള വര എങ്ങിനെയുണ്ടാകും ? എനിക്കതാണ് കൂടുതൽ വഴങ്ങുന്നത്.  മിനിമലിസം ബേസ്ഡ് ആർട്ട്.

ഡാനിയൽ ഈസ് എ മിനിമലിസ്റ്റ് ആർട്ടിസ്റ്റ്. എം.കോം കഴിഞ്ഞതേയുള്ളൂ. ഇപ്പോൾ ചിത്രകലയിലാണ്  കൂടുതൽ ശ്രദ്ധ. പോർട്രൈറ്റ് ആശയങ്ങൾ ആസ്വാദകരുമായും സമാനകലാകാരന്മാരുമായും  പങ്കുവെക്കുക എന്നതിന്റെ ലക്ഷൃസാക്ഷാത്കാരത്തിന്റെ ഭാഗമായി Charcoal Artz എന്ന യുട്യൂബ് ചാനലിന്റെ തുടക്കപ്പണിയിലാണിപ്പോൾ.

ഡാനിയൽ, പറയൂ എന്താണ് മിനിമലിസം ? എനിക്ക് സംശയം.

ഡാനിയൽ പറഞ്ഞു :  Minimalisms are illustrations,  which are rich with ideas...simple than caricatures.

വരക്ക് അപ്രമാദിത്വം നൽകാതെ പരമാവധി അതൊതുക്കി,  ആശയ സമ്പുഷ്ടമായി വിഷ്വലൈസ് ചെയ്യുന്ന കലാ സമ്പ്രദായമത്രെ !

പാർപ്പിട മടക്കം നിർമ്മാണ രംഗത്തും  ഇൻറീരിയർ ഡിസൈനിംഗ്,   ടെക്സ്റ്റയിൽസ്  തുടങ്ങി മിക്കയിടങ്ങളിലും മിനിമലിസത്തിന്റെ സ്വാധീനമെത്തിക്കഴിഞ്ഞുവത്രെ.

ഏത് കാലത്തും കലാകാരന്മാർ  പുതിയ പരീക്ഷണങ്ങൾക്ക് മുതിരാറുണ്ട്. 1960 കളുടെ തുടക്കത്തിലാണ് ചിത്രകലയിൽ ഇങ്ങനെ ഒരു നൂതനാശയം കൂടി  കലാലോകത്ത് കടന്ന് വരുന്നത്.
(അന്നത്തെ ) പരമ്പരാഗതമായ ശൈലിലെ ചോദ്യം ചെയ്യുകയും
പുതിയ സ്വാധീനങ്ങളുടെയും  പുതുതായി കണ്ടെത്തിയ വരരീതികളുടെയും ഒരു തരംഗം  ചെറുപ്പക്കാരായ കലാകാരന്മാരിൽ പുതിയ ചർച്ചയ്ക്ക് തുടക്കമിട്ടു. . വിവിധ മാധ്യമങ്ങൾ തമ്മിലുള്ള പരമ്പരാഗതമായ അതിർത്തികൾ  (conventional boundaries ) നിരന്തരം ചോദ്യം ചെയ്യപ്പെട്ടു, ചിത്രകാരന്മാരും ശിൽപികളും പ്രതീകാത്മകതയുടെ പ്രദർനപരതയ്ക്കും  വൈകാരികമായ ഉള്ളടക്കത്തിനും പകരം കൃതികളുടെ materiality ക്ക് കൂടുതൽ പ്രാധാന്യം നൽകി. വര കുറഞ്ഞു, ഇടം വിശാലമാക്കി. ഡാനിയൽ സൂചിപ്പിച്ചത് പോലെ വരയിൽ മഷി കുറച്ച് ആശയസമ്പുഷ്ടമായ ഇല്ലസ്ട്രേഷൻ.   

മിനിമലിസത്തെ കുറിച്ച് എനിക്ക് കുറഞ്ഞ അറിവേയുള്ളൂ. ഒന്നു രണ്ടു മണിക്കൂറിൽ കുറഞ്ഞ വായനാറിവ് മാത്രം.  അതേ കുറിച്ച് ഗ്രാഹ്യമായ ഭാഷയിൽ ബോധ്യപ്പെടുത്താൻ അറിയുന്നവർ വായനക്കാരിൽ ഉണ്ടാകാം. അവർക്കും ഇങ്ങിനെയൊരു കലാസമ്പ്രദായം പരിചയപ്പെടാൻ ആഗ്രഹിക്കുന്ന കലാസ്വാദകർക്കും പ്രചോദനമാകട്ടെ എന്ന് കരുതിയാണ് ഈ എഴുത്ത്.

ജി. ഡാനിയൽ അയച്ച ചില വർക്ക്സ് കണ്ടപ്പോൾ  അതിൽ എന്തോ പ്രത്യേക താൽപര്യം സാനിനും തോന്നി. അവന്റെ നോവൽ കഥാപാത്രങ്ങൾക്കും പശ്ചാത്തലങ്ങൾക്കും മിനിമലിസം  പരീക്ഷിക്കുവാനുള്ള ആലോചനയിലാണ് സാൻ മാവിലെ. നോവലിലെ ചാപ്റ്റർ വൈസ് സിറ്റ്വേഷൻ എഴുതി അയക്കാൻ നോവലിസ്റ്റിനോട് ആർടിസ്റ്റ് ജി. ഡാനിയൽ ആവശ്യപ്പെട്ടിരിക്കുകയാണ്. 

ഇവിടെ നല്ലൊരു ബസ് വെയിറ്റിംഗ് ഷെഡ് വേണം, ശ്രമിച്ചു കൂടേ ?* /. അസ്ലം മാവിലെ


*ഇവിടെ നല്ലൊരു ബസ് വെയിറ്റിംഗ് ഷെഡ് വേണം, ശ്രമിച്ചു കൂടേ ?*
.................................
അസ്ലം മാവിലെ
.................................

ഒരു ബസ് വെയിറ്റിംഗ് ഷെഡാണിത്. പൊതുവാഹന കാത്തിരിപ്പു ചായ്പ്പ്. ആളുകൾ വന്നും നിന്നും വെയിലു കൊള്ളുന്നത് കണ്ടപ്പോൾ കുറച്ച് ചെറുപ്പക്കാർക്ക് തോന്നിയതാകണം ഇങ്ങിനെയെങ്കിലും ഒന്നു തീർക്കാൻ. അവർക്കായത് അവർ ചെയ്തു.

ഇനി വളച്ചു കെട്ടില്ലാതെ പറയാം. പട്ലയിൽ നിന്നും കാസർകോട്ടേക്ക് ബസ് കയറുന്നവരാണ് ഇവിടെ  വരുന്നത്. അക്കാണുന്ന കല്ലുകളിൽ കുറുകെ ഇട്ട ഒരു കഷ്ണം ഇലക്ട്രിക് പോസ്റ്റിൽ ഇരിക്കുന്നത്. മതി, അത്ര മതി. പക്ഷെ, ആ 'മതി'യിൽ ഒതുക്കേണ്ട ഒന്നാണോ ?

ഇപ്പറഞ്ഞ ഷെഡ് പട്ലയ്ക്കു പത്തിരുപത് കി.മീ. അകലെയൊന്നുമല്ല, വളരെയടുത്താണ്,  മധൂരിലാണ്. അതിങ്ങനെ പറയാം,  മൊഗർ - തായൽ ബസ് സ്റ്റോപ്പ് കഴിഞ്ഞാൽ തൊട്ടടുത്ത ബസ്സ് സ്റ്റോപ്പ്. ആദ്യം പറഞ്ഞിടത്ത് ലളിതമെങ്കിലും കാണാൻ ഭംഗിയുള്ള വെയിറ്റിംഗ് ഷെഡുണ്ട്.

മറ്റാരേക്കാളും പട്ലക്കാരാണ് അക്കാണുന്ന ഷെഡിൽ പോയി നിൽക്കേണ്ടത്, പട്ലയിൽ വന്ന് പോകുന്ന യാത്രക്കാരും നിൽക്കണം,  ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും കുഞ്ഞുകുട്ടികൾക്കുമെല്ലാം കൂടിയുള്ളതാണത്. ഇപ്പോഴുള്ള സംവിധാനത്തിൽ കഷ്ടിച്ച് മൂന്ന് പേർക്ക് ഒന്നിരിക്കാം, അത്രേ സൗകര്യമുളളൂ.  പിന്നെയുള്ളവർക്ക് നിൽക്കാൻ തന്നെ ഇടമില്ല, അവർക്ക് കച്ചവട സ്ഥാപനങ്ങളിലെ തിണ്ണയാണ് ശരണം !

പലപല ആവശ്യങ്ങൾക്കായി  പിരിവുകൾ പല ഗ്രൂപ്പുകളിലായി നടക്കുന്നു. മധൂരുള്ള ഏതെങ്കിലും കൂട്ടായ്മയുമായും മധൂർ വാർഡു മെമ്പറുമായും കൂടിആലോചിച്ച്   കുറച്ചു സൗകര്യമുള്ള സ്ഥലം നോക്കി ബസ് വെയിറ്റിംഗ് ഷെഡ് കെട്ടാനുള്ള സാമ്പത്തിക സഹായം നൽകാൻ നമ്മുടെ  നാട്ടുകാർക്കോ ഇവിടെയുള്ള കൂട്ടായ്മകൾക്കോ സാധിക്കില്ലേ ? കുറച്ച് ഗൗരവത്തിലെടുത്ത് ആലോചിക്കുക. 

അവിടെ തൂക്കുന്ന ബോർഡിൽ പേര് വേണ്ടെങ്കിൽ വേണ്ട. അതിന്റെ പേരിൽ ഉദ്യമം തട്ടിത്തിരിയണ്ട. ഓടിക്കിതച്ചെത്തുന്ന യാത്രക്കാർക്ക് ബസ് വരുന്നത് വരെ 'ഒരിസാത്ത്'  ഇരിക്കാൻ കുറച്ചു കൂടി സൗകര്യം ഉണ്ടാക്കിയിരുന്നെങ്കിൽ, ഉണ്ടാക്കിയിരുന്നെങ്കിൽ.....

അത് മധൂരല്ലേ, അവിടെ ഉള്ളവർ ചെയ്യേണ്ടതല്ലേ എന്ന് പറഞ്ഞു ഒഴിയരുത്.  മുമ്പും പലവട്ടം പട്ലയിലെ തന്നെയുള്ള ഓപ്പൺ ഫോറങ്ങളിലും (അകത്തും പുറത്തും) ഈ പോയന്റിൽ ബസ് കാത്തിരിപ്പ്  ഷെഡില്ലാത്തതിന്റെ പ്രശ്നം സംസാര വിഷയമായത് ഞാൻ ഓർക്കുന്നു.  ഇന്നലെ അങ്ങനെയൊരവസ്ഥയിൽ ഷെഡ് കണ്ടപ്പോൾ എഴുതാതിരിക്കുന്നത്  ശരിയല്ല എന്ന് തോന്നി.

ആ കുഞ്ഞുഷെഡ് കെട്ടിയ ചെറുപ്പക്കാരുമായി സഹകരിച്ച് തുടർ നടപടിയിലേക്ക് പോകാൻ മനസ്സുവെക്കണമെന്നാണ് എന്റെ പതിവുശൈലിയിൽ നിന്നും മാറി എല്ലാവരോടും അഭ്യർഥിക്കാനുള്ളത്. ശരിയെന്ന് തോന്നുന്നുവെങ്കിൽ പരിഗണിക്കാം,  സ്വീകരിക്കാം.

മറിയം അബ്ദുൽ അസീസിന് ഏ ഗ്രേഡ്

അറബിക് കഥാപ്രസംഗം :
പട്ല ജി.എച്ച്. എസ്. എസ്സിലെ മറിയം അബ്ദുൽ അസീസിന് ഏ ഗ്രേഡ്

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്ക്കൂൾ വിഭാഗം അറബിക് കഥാപ്രസംഗത്തിൽ  മറിയം അബ്ദുൽ  അസീസിന്  എ ഗ്രേഡ്. ഇതാദ്യ തവണയാണ് സംസ്ഥാനതലത്തില്‍ മറിയം മത്സരിക്കുന്നത്. കാസർകോട്,  പട്ല  ജി എച്ച് എസ് എസിലെ വിദ്യാര്‍ത്ഥിനിയാണ്.

പട്ല‍അബ്ദുൽ അസീസ് - സാബിറ  ദമ്പതികളുടെ മകളാണ് മറിയം.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍  അറബിക് കഥാപ്രസംഗത്തിൽ എ ഗ്രേഡ് നേടിയ മറിയം അബ്ദുൽ  അസീസിനെ ആർട്സ് & ലെറ്റെഴ്സ് ഫോറം (അലിഫ്) അഭിനന്ദനമറിയിച്ചു.

 

ഒരു ഗ്രാമം മുഴുവൻ പ്രതീക്ഷയോടെ* / A M P


*സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പട്ല ജി.എച്ച്. എസ്. എസ്സിലെ മറിയമിന്റെ കഥാപ്രസംഗമത്സരം അൽപസമയത്തിനകം*
*ഒരു ഗ്രാമം മുഴുവൻ പ്രതീക്ഷയോടെ*

ഒരു ഗ്രാമത്തിന്റെ മുഴുവൻ അനുഗ്രാശിസ്സുകളോടെ  അൽപസമയത്തിനുള്ളിൽ  സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
പട്ല സ്കൂളിനെ പ്രതിനിധാനം ചെയ്ത് മറിയം അബ്ദുൽ അസീസ്
അറബിക് കഥാപ്രസംഗം അവതരിപ്പിക്കും.

ഇഖ്ബാൽ സ്കൂൾ അങ്കണത്തിലാണ് ( സ്‌റ്റേജ് 20 ) കഥാപ്രസംഗ മത്സര വേദി ഒരുക്കിയിട്ടുള്ളത്. ഇത് വരെ 6 പേരുടെ മത്സരങ്ങൾ കഴിഞ്ഞുവെന്ന് എസ്കോർട്ടിംഗ് ടീച്ചർസ് അറിയിച്ചു. പന്ത്രണ്ടാമതായാണ് പട്ലയുടെ മറിയം  മത്സരിക്കുക.

A ഗ്രേഡ് പ്രതീക്ഷയിലാണ് മറിയമിനെപ്പോലെ അവളുടെ അധ്യാപകരും കുടുംബവും നാട്ടുകാർ മൊത്തവും. PTA പ്രസിഡൻറിന്റെ നേതൃത്വത്തിൽ രക്ഷാകർതൃ സംഘം  ഇക്കഴിഞ്ഞ ദിവസം വീട്ടിലെത്തി മറിയമിനെ നേരിൽ കണ്ട് വിജയാശംസകൾ നേർന്നിരുന്നു.

പതിനൊന്ന് മണിയോടെ മറിയം കഥാപ്രസംഗവുമായി വേദിയിലെത്തും. പന്ത്രണ്ട് മണിക്കകം ഫലപ്രഖ്യാപനവും വരും. അതിൽ പട്ല ജി.എച്ച്. എസ്. എസിന്റെ പേരു കൂടി വരണമേയെന്ന പ്രാർഥനയിലാണെല്ലാവരും.

.                *എ. എം. പി.*

Friday 29 November 2019

28 വർഷം മുമ്പ് നടന്ന കാസർകോട്* *സ്കൂൾ യുവജനോത്സവ ഓർമ്മ* /അസ്ലം മാവിലെ

*28 വർഷം മുമ്പ് നടന്ന കാസർകോട്*
*സ്കൂൾ  യുവജനോത്സവ ഓർമ്മ*
...............................
അസ്ലം മാവിലെ
...............................

http://www.kasargodvartha.com/2019/11/remembering-1991-kasaragod.html?m=1

1956 ൽ അന്നത്തെ കേരള DPI ആയിരുന്ന  ഡോ. സി.എസ്. വെങ്കടേശ്വരൻ  ഡൽഹിയിൽ നടന്ന ഇന്റർ യൂനിവേഴ്സിറ്റി ഫെസ്റ്റിൽ അതിഥിയായി പങ്കെടുക്കുകയുണ്ടായി. ആ പ്രോഗ്രാം കണ്ട് അന്നദ്ദേഹത്തിന്  തോന്നിയ ആശയമാണ് യൂത്ത് ഫെസ്റ്റിവൽ. 1956 ൽ അദ്ദേഹം എറണാകുളത്ത് 200 കുട്ടികളെ പങ്കെടുപ്പിച്ചു ഫെസ്റ്റിവൽ നടത്തി. 2008 വരെ യുത്ത് ഫെസ്റ്റിഫൽ എന്നായിരുന്നു പേര്. 2009 മുതൽ കലോത്സവം എന്നാക്കി.

1991ലാണ് കാസർകോട് സ്കൂൾ യുവജനോത്സവം എത്തുന്നത്. ഇ.കെ. നായനാർ മന്ത്രിസഭ അഞ്ചു വർഷം പൂർത്തിയാക്കാൻ മാസങ്ങൾ മാത്രം. വിദ്യാഭ്യാസ മന്ത്രി കണ്ണൂർക്കാരനായ കെ. ചന്ദ്രശേഖരൻ.  നമ്മുടെ ജില്ലയുടെ (തൃക്കരിപ്പൂർ) മന്ത്രികൂടിയായിരുന്നു നായനാർ. C T അഹമ്മദലിയാണ് കാസർകോട് എം. എൽ. എ , സി.ടി.യുടെ മണ്ഡലത്തിൽ  വേദിയൊരുക്കാൻ നായനാർക്ക് ഒരു മടിയുമുണ്ടായില്ല. ഇപ്രാവശ്യത്തെ പോലെ ആലപ്പുഴക്കാർക്ക് പറ്റാത്തത് കൊണ്ട് കാസർകോട്ടുകാർ ഏറ്റെടുത്തതല്ല ആ ഉത്സവം . ഒന്നാം ചോയിസിൽ തന്നെ കാസർകോടിന് കിട്ടിയതാണ്.

ഒരു ഫെബ്രവരി മാസത്തിലായിരുന്നു അന്ന് സംസ്ഥാന യുവജനോത്സവം നടന്നത്. നായനാരാണ് ആ പെരുങ്കളിയാട്ടം ഉത്ഘാടനം ചെയ്തത്. അധ്യക്ഷൻ ചന്ദ്രശേഖരൻ. കണ്ണാടക  മന്ത്രി വിരപ്പമൊയ്ലി, മുൻമന്ത്രി എൻ. കെ. ബാലകൃഷൻ തുടങ്ങിയവർ വേദിയിൽ.  വിജയികൾക്ക്  സ്വർണ്ണകപ്പ് എന്ന കവി വൈലോപ്പിള്ളിയുടെ ആശയം പ്രാവർത്തികമാക്കിയ മുൻമന്ത്രി ടി.എം. ജേക്കബും അതിഥിയായി ആ വേദിയിലുണ്ട്.

അഞ്ചോ ആറോ വേദികളുണ്ട് അന്ന്. താളിപ്പടപ്പ് മൈതാനം, ജി എച്ച്‌.എസ് കാസർകോട് ലളിതകലാ സദനം, ഗവ. കോളേജ്, ചിന്മയ ഹാൾ, ജിഎച്ച്എസിൽ തന്നെ രണ്ട് വേദിയുണ്ടായിരുന്നെന്നാണ് എന്റെ ഓർമ്മ.

70 താഴെ ഇനങ്ങളായിരുന്നു അന്ന് മത്സരങ്ങൾ. താളിപ്പടപ്പിലാണ് പ്രധാന വേദി. മിക്ക കളർഫുൾ മത്സരങ്ങൾ അവിടെയായിരുന്നു. കലോത്സവത്തിന് മുന്നോടിയായി നടന്ന അതി ഗംഭീര സാംസ്ക്കാരിക ഘോഷയാത്ര ഞാൻ വലിയ അത്ഭുതത്തോടെയാണ് നേരിൽ കണ്ടത്.

തികഞ്ഞ അച്ചടക്കം. പരസ്പര സഹകരണം. നല്ല ആതിഥേയത്വം. ചിട്ടയായ സംഘാടനം. 1984 ജില്ലാ രൂപീകരണത്തിന് ശേഷം കാസർകോട് ശ്രദ്ധിക്കപ്പെട്ടത് ഏഴ് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ്. (84 ൽ അന്ന് മുഖ്യമന്ത്രി കെ. കരുണാകരനായിരുന്നു, ഞാനന്ന് ഒമ്പതാം ക്ലാസ്സ് കഴിഞ്ഞതാണ്. ജില്ലാ രൂപീകരണ പ്രഖ്യാപന ദിവസത്തിൽ ഞാൻ സുഹൃത്ത് എം.എ. മജിദിന്റെ കൂടെയാണ് ആഘോഷം കാണാൻ കാസർകോട്ടേക്ക് പോയത്. അന്നത്തെ ഉത്ഘാടന വേദി ഒരുക്കുന്നതിലൊക്കെ മജീദിന്റെ പിതാവ് മർഹൂം പട്ല എം.എ. മൊയ്തീൻ കുഞ്ഞി ഹാജിയും വളരെ സജിവമായിരുന്നു. )

പത്രപ്രവർത്തകനും സാംസ്കാരിക നേതാവുമായ കെ.എം. അഹ്മദിന്റെ സജീവമായ ഇടപെടൽ അന്നത്തെ യുവജനോത്സവ വാർത്തകൾ കവർ ചെയ്യുന്നതിൽ വലിയ പങ്കാണ് വഹിച്ചത്. സീനിയർ പത്രപ്രവർത്തകരായ റഹ്മാൻ തായലങ്ങാടിയും, കൗമുദിയുടെ കൃഷ്ണനും, എഴുത്തുകാരൻ സി.  രാഘവൻ മാഷും മറ്റും വളരെ സജീവം. ജെ. സുധാകരനായിരുന്നു അന്നത്തെ ജില്ലാ  കലക്ടർ.

ഒരു വേദിയിൽ നിന്നും മറ്റൊന്നിലേക്കുള്ള ഓട്ടപ്പാച്ചിലായിരുന്നു എല്ലാവരും. ഇടവേളകളില്ലാത്ത ബസ്സ് സർവ്വീസുകൾ. ഹൈവേയിൽ എത്തിയാൽ ഏത് ബസ്സിലും കയറാം. തിക്കിതിങ്ങി നിറഞ്ഞുള്ള യാത്ര. കണ്ടക്ടർമാർ ആരും മുഴുവൻ പേർക്കും ടിക്കറ്റ് മുറിച്ചു കൊടുത്തിരിക്കില്ല. അത്രയും തിരക്കും  യാത്രക്കാരും. സ്റ്റെപ്പിലും പിൻഭാഗത്തെ ഏണിയിലും പിടിച്ചു തൂങ്ങിയാണ് യാത്ര. (ഞാനും മിക്ക ട്രിപ്പിലും ടിക്കറ്റെടുത്തിരുന്നില്ല. അവർക്ക് തന്നെ ചോദിക്കാൻ നേരം വേണ്ടേ,  പിന്നെങ്ങനെ കൊടുക്കാൻ ? )

കോളേജിൽ കൂടെ പഠിച്ച ഒരു ബാച്ച് മേറ്റിന്റെ ഇളയച്ഛൻ ഊട്ടുപുരയിൽ ഉണ്ടായിരുന്നത് കൊണ്ട് ഭക്ഷണകാര്യത്തിൽ വലിയ അല്ലലലട്ടലുകൾ ഉണ്ടായിരുന്നില്ല. കൂട്ടുകാരന് വിശക്കുമ്പോഴൊക്കെ എനിക്കും യാന്ത്രികമായി വിശന്നു.

അവസാന ദിവസം വീണ്ടും ഘോഷയാത്രയുണ്ടായിരുന്നോ എന്നെനിക്ക് സംശയമുണ്ട്. താളിപ്പടപ്പിലെ പ്രധാന വേദിയിലാണ് സമാപനം.മന്ത്രി  ഇ. ചന്ദ്രശേഖരൻ നായർ , എം. രാമണ്ണ റൈ എം.പി.  അടക്കം വിശിഷ്ടാതിഥികൾ.  വിശിഷ്ടാതിഥികൾക്കും പൊതുജനങ്ങൾക്കും  വേണ്ടി സ്റ്റേജ് വിഭാഗങ്ങളിൽ ഒന്നാം സമ്മാനം നേടിയ ഇനങ്ങളുടെ പുനരാവതരണം കൂടി ഉണ്ടായിരുന്നു.  വൈകുവോളം സമ്മാന വിതരണങ്ങൾ. ആ ദിനരാത്രങ്ങൾ (ഓർമ്മ ശരിയെങ്കിൽ നാല് രാപ്പകലുകൾ)  കണ്ണഞ്ചിപ്പിക്കുന്നതും കർണ്ണാനന്ദകരമായിരുന്നു.

ഒരിക്കൽ കൂടി 28 വർഷങ്ങൾക്ക് ശേഷം കലയുടെ വസന്തോത്സവം കാസർകോടൻ മണ്ണിനെ തേടിയെത്തുമ്പോൾ 239 ഇനങ്ങളിലായി 10000 + മത്സരാർഥികളായുണ്ട്. 28 വേദികളുണ്ട്. നീലേശ്വരം മുതൽ വെള്ളിക്കോത്ത് വരെ ആ വേദികൾ കൗമാര കലാകാരന്മാർക്കു വേണ്ടി അണിഞ്ഞൊരുങ്ങും. വിസ്മയക്കാഴ്ചകളും കലാപ്രകടനങ്ങളുമായി 5 ദിനരാത്രങ്ങൾ ഇനി കാസർകോടിനെ ധന്യമാക്കും, ഉറപ്പ്.

*മാമ്പു :*
കലോത്സവ പ്രചരണത്തിന്റെ ഭാഗമായി ഇന്നലെ കാസർകോട്ട് നിറപ്പകിട്ടാർന്ന ഒരു കലാവിരുന്നൊരുക്കിയിരുന്നു. അതിൽ ഒരു നാടൻ കലാ ഇനം ഉദയൻ കുണ്ടുംകുഴിയുടെ നേതൃത്വത്തിൽ -  അലാമിക്കളിയും ഉണ്ടായിരുന്നു,  കാസർകോടിന് മാത്രം സ്വന്തമായത്. അതിന്റെ ചരിത്ര പശ്ചാത്തലം കർബലയോളമുണ്ടത്രെ.  തുർക്കന്മാർ ഹ്രനഫി മുസ്ലിംകൾ )  ഒരു കാലത്ത് നെഞ്ചിലേറ്റിയിരുന്ന കലാരൂപമത്രെ ഇത്. പക്ഷെ, ഒരിനം കൊറഗ വേഷത്തിൽ കറുപ്പ് നിറത്തിനമിത പ്രധാന്യം നൽകി  നൃത്തമാടിയിരുന്നത് അമുസ്ലിംകളായിരുന്നു പോലും. ഹസൻ - ഹുസൈനുമായി ബന്ധപ്പെട്ട കർബല നാളുകളുമായി ഈ അലാമിക്കളിക്ക് വളരെ അടുത്ത ബന്ധമുണ്ടത്രെ. ഇന്നീ കലാരൂപം നിലവിലില്ല. 

ഫ്രീക്കൻ* " *പ്രേക്ഷകാസ്വാദനത്തിനപ്പുറം നൽകിയത്* / അസ്ലം മാവിലെ

" *ഫ്രീക്കൻ* "
*പ്രേക്ഷകാസ്വാദനത്തിനപ്പുറം നൽകിയത്*
.................................
അസ്ലം മാവിലെ
.................................

http://www.kasargodvartha.com/2019/11/article-about-darama-freaken.html?m=1

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇന്നലെ  നടന്ന "ഫ്രീക്കൻ" നാടകം എല്ലാ ആസ്വാദകർക്കും ഒരേ വാർപ്പിൽ തീർത്ത സന്ദേശമായിരിക്കില്ല നൽകിയിരിക്കുക. അങ്ങിനെ ഒരാസ്വാദനം നൽകുന്നതും ശരിയല്ലല്ലോ.

അരങ്ങൊരുക്കിയ കലാവിരുത് മുതൽ ഫ്രീക്കൻ കാഴ്ചാനുഭവം നൽകിത്തുടങ്ങി. ഏറ്റവും ചടുലമായി അവതരിപ്പിക്കേണ്ട കുട്ടി തന്നെ മുഖ്യകഥാപാത്രമായി പ്രേക്ഷകരുടെ മനവും കവർന്നു.

നിലവിലുള്ള സാമൂഹിക രാഷ്ട്രിയ ചുറ്റുപാടുകളിലേക്ക് ഒളിയമ്പെയ്താണ് നാടകം തുടങ്ങുന്നതും തുടരുന്നതും പര്യവസാനിക്കുന്നതും. ഏകശിലാ സംസ്കാരവും ഏകകക്ഷീ അധികാരവും തുടങ്ങി സർവ്വ ഒറ്റമുഖ ശാഠ്യങ്ങൾക്കും ഒറ്റക്കണ്ണൻ പ്രതിഭാസങ്ങൾക്കും നേരെ  നാനാത്വഭാരതം ( ജനത )  പ്രകടിപ്പിക്കുന്ന പ്രതിഷേധശബ്ദമാണ് കുഞ്ഞുമക്കൾ അവരുടെ പരിമിതികൾക്കകത്ത് നിന്ന് ഫ്രീക്കനിലൂടെ അഭിനയിച്ചു ഫലിപ്പിക്കാൻ ശ്രമിച്ചത്.

ഒരു സ്കൂൾ പശ്ചാത്തലത്തിൽ നിന്നാണ് കഥാപാത്രങ്ങൾക്ക് ജീവൻ വെച്ചു തുടങ്ങിയത്. കർക്കശക്കാരനും വെള്ള ജുബ്ബക്കാരനുമായ അധ്യാപകനും അധ്യാപകനെ അരയ്ക്ക് മുകളിൽ അനുകരിക്കുന്ന വെള്ളക്കുപ്പായക്കാരുമായ കുട്ടികളും നല്ല നാടകവായന സുഖം തരുന്നുണ്ട്.

മതിലിൽ തൂക്കിയ യൂണിഫോം തന്നെ തലയില്ലാത്ത മനുഷ്യർ ആർക്കോ വേണ്ടി തൂങ്ങിയാടുന്നതു പോലെയാണ് പ്രേക്ഷകന് ഒറ്റനോട്ടത്തിൽ തോന്നുക. അതൊരു അടിച്ചേൽപ്പിക്കലിന്റെ പ്രതീകമായിരുന്നു. നമുക്കിഷ്ടമില്ലാത്തത് ധരിപ്പിക്കാനുള്ള (വസ്ത്രമായാലും നിയമ ശാസനകളായാലും)  അധികാരികളുടെ പണ്ടുക്കും പണ്ടേ തുടങ്ങിയ ശ്രമങ്ങൾ നമുക്കാ നാടകമാസ്വദിക്കുമ്പോൾ കൺമുന്നിൽ മിന്നി മറയും.

ഫ്രീക്കൻ പയ്യൻ മാത്രമാണ് അപവാദം. അവൻ തോന്നുമ്പോൾ വന്നും തോന്നിയത് ധരിച്ചും,  (നമുക്ക് ) തോന്നേണ്ടതു പറഞ്ഞും കൊണ്ടേയിരുന്നു. ഉച്ചയൂണിന് എത്തിയത് പോലും പേടിച്ചല്ല, പേടിച്ചവന്റെ കുപ്പായച്ചെലവിലാണ്.  അധ്യാപകന്റെ -  അധികാരിയുടെ - കണ്ണുരുട്ടലുകൾ ഫ്രീക്കന്റെ ആത്മവിശ്വാസത്തിന് വീര്യം നഷ്ടപ്പെടുത്തിയതേയില്ല, മറിച്ച് അവന്റെ നിലപാടുകൾക്കും ശരികൾക്കും ഇടപെടലുകൾക്കും ആത്മവീര്യം നൽകിക്കൊണ്ടേയിരുന്നു. ആവശ്യമുള്ളപ്പോഴൊക്കെ ഫ്രീക്കൻ അധികാരിയുടെ - അധ്യാപകന്റെ - മുറ്റത്ത് എത്തി. അവന്റെ മുഖം മാത്രം പ്രസന്നമായിരുന്നു, ബാക്കിയുള്ളവരൊക്കെ അധ്യാപകന്റെ ചൂരലിനെ പേടിച്ചു പനി പിടിച്ചു കൊണ്ടേയിരുന്നു,

തുറന്ന ചർച്ചക്ക് മതിലെഴുതുന്ന അധികാരിയുടെ ആസ്ഥാനകലാകാരനും ( ആസ്ഥാന ബു ജിക്കും) സംസ്ക്കാരം എന്ന മതിലെഴുത്തിലെ വാക്കിന് ലളിത സാരം പറഞ്ഞു കൊടുക്കുന്നതും ഫ്രീക്കൻ തന്നെയാണ്. നിറക്കൂട്ടുള്ള കുപ്പിവളകൾ വിൽക്കുന്ന   വാണിഭക്കാരന്, സാധാരണക്കാരന് വേണ്ടി പാടിത്തിമർത്ത മണിയുടെ ജനകീയ വായ്പ്പാട്ടുകൾ പാടി വൈവിധ്യങ്ങളുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാൻ  മാർക്കറ്റിംഗ്‌ തന്ത്രം പറഞ്ഞു കൊടുക്കുന്നതും ഫ്രീക്കൻ തന്നെ. ഒറ്റ ബ്രാൻഡല്ല എന്നുറപ്പുവരുത്തിയാണ് ഫ്രീക്കൻ അതിന് തുനിയുന്നതും.

അസംസ്തൃപ്തരായ ശിഷ്യരുടെ - പ്രജകൾ - മുന്നിൽ അതിലും അസ്വസ്ഥനായ അധികാരി അവസാനം  രോഗസ്ഥനാകുന്നു. അയാളുടെ  ചികിത്സക്ക് വഴിയൊരുക്കാൻ ശിപായി സഹായം തേടുന്നതാകട്ടെ ഫ്രീക്കനെയും;   "ഫ്രീക്കൻ മോഡൽ" ദിവ്യനെ ഒരുക്കി ഫ്രീക്കൻ ടച്ചുള്ള മരുന്ന് നിർദ്ദേശിക്കുവാൻ അരങ്ങൊരുക്കുന്നതിലും ഫ്രീക്കന്റെ  ഇടപെടലുണ്ട്.

വൈവിധ്യങ്ങളും വൈജാത്യമുള്ളിടത്തേ മാനവിക സംസ്ക്കാരങ്ങൾ പടർന്നു പന്തലിക്കുകയുള്ളു. അതിന്റെ സ്വാതന്ത്ര്യ പുലരിയാണ് ഈ തലമുറയിലുണ്ടാകേണ്ടതെന്ന സന്ദേശം  സ്വാതന്ത്ര്യദിനമൊരുക്കി  ഫ്രീക്കൻ നൽകുന്നു. ഉടുക്കാനും കഴിക്കാനും കുടിക്കാനും ആടാനും പാടാനും പറയാനും സംസാരിക്കാനും ഭരണകൂടവും അധികാരികളുമല്ല അജണ്ട നിശ്ചയിക്കേണ്ടതെന്നും  വസ്ത്രവും ഭക്ഷണവും പാനീയവും  കലയും ഭാഷവും തെരഞ്ഞെടുക്കാനുള്ള അവകാശം പൗരന്റെതാണെന്നു,  ജയിക്കാനല്ല തോൽക്കാനുള്ള മനസ്സാണ് എല്ലാവർക്കും ഉണ്ടാകേണ്ടതെന്നും നാടകം ഓർമിപ്പിക്കുന്നു.

ഫ്രീക്കൻ എന്ന് പറയാൻ എളുപ്പമാണ്. അതാകാൻ നമുക്കാവതുണ്ടോ എന്നത് സ്വയം ഒന്നുകുറമുപ്പത് വട്ടം ചോദിക്കേണ്ട ആദ്യ ചോദ്യങ്ങളിൽ ഒന്നാണ്. തന്റെ കുപ്പായം - വൈവിധ്യങ്ങൾ ആകാശം തീർത്ത വർണ്ണശലഭക്കുപ്പായം - അധികാരിക്കും അധ്യാപകനും ധരിപ്പിച്ചേ ഫ്രീക്കൻ കളം വിട്ടുള്ളൂ. അധികാരിയുടെ മൊഴിഭാഷയും ശരീരഭാഷയും മാറ്റാനും മറന്നതുമില്ല.

വർത്തമാനകാലത്തെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലിൽ ഏറെ പ്രസക്തമായ നാടകം. കാണേണ്ട നാടകം. ഫ്രീക്കൻ പയ്യനായി അരങ്ങിൽ വന്ന കുട്ടിയെ ഉമ്മ വെക്കാൻ തോന്നി, അത്രയും നന്നായിരുന്നു കുഞ്ഞു നാടകകലാകാരന്റെ അഭിനയം. 

( www.kasargodvartha.com )

Wednesday 27 November 2019

അൽപം രാഷ്ട്രിയ വായന* / അസ്ലം മാവിലെ

*അൽപം രാഷ്ട്രിയ വായന*

   *അസ്ലം മാവിലെ*

To be honest with you, താങ്കളോട് സത്യസന്ധത പുലർത്തി പറയട്ടെ, ലീഗിന്റെ പഴയ കാല കൺസെപ്റ്റിലേക്ക് പകുതിയെങ്കിലും വർത്തമാന തലമുറ നേതൃത്വത്തിന് പോകാനാകുന്നില്ല. 

പറഞ്ഞു ഫലിപ്പിക്കാൻ അറിയുന്നവരെ ലോകസഭയ്ക്കയക്കുക. സീതിസാഹിബും അബ്ദുസ്സലാം മൗലവിവും പൂക്കോയ തങ്ങളും അത്തരമൊരു പ്രായോഗിക രാഷ്ട്രിയത്തിന്റെ മുടിചൂടാമന്നന്മാരായിരുന്നു. സേട്ടുവും ബനാത്തും അങ്ങിനെയാണ് മലയാളിയല്ലാഞ്ഞിട്ടു കൂടി വിശ്വപൗരന്മാരായി പാർലമെന്റിൽ എത്തിയത്, ദീർഘകാലം വിരാചിച്ചത്, വിറപ്പിച്ചത്.

ബനാത്തിനെ കുറിച്ച് ഒരു യുവഇടതുപക്ഷക്കാരൻ സ്റ്റേജിൽ പൊയ്പറഞ്ഞപ്പോൾ പികെവി ആണോ എന്നറിയില്ല അടുത്തിരുത്തി ഇന്ത്യ കണ്ട 10 പാർലമെന്റെറിയന്മാരിൽ ഒരാൾ ബനാത്ത് വാലയെന്ന് തിരുത്തി കൊടുത്തത് ഓർക്കുമല്ലോ.

അറിയാം ലീഗ് നേതൃത്വത്തിന് അഞ്ചിൽ താഴേ അംഗങ്ങൾ പാർലമെൻറ് കാണു എന്ന്. പക്ഷെ പഴയ നേത്യത്വം ശ്രദ്ധിച്ചത് ക്വാലിറ്റിയുള്ള ഒപ്പം ബോൾഡുമായ ആളുകളെയായിരുന്നു. അത് കൊണ്ടാണ് ഇവരുടെ ശബ്ദം അവിടെ കനത്തത്. കനപ്പെട്ടതായത്. പാർലമെന്റ് വീഡിയോ ക്ലിപ്പുകൾ അക്കാലത്തുണ്ടങ്കിൽ യുട്യൂബിൽ കിട്ടും. കാണാം അവരുടെ പെർഫോമൻസ്'.

എട്ടാം ക്ലാസ് മുതൽ ഗൗരവ പത്രവായന തുടങ്ങിയ ഞങ്ങൾ അന്നൊക്കെ വായിക്കുക മൂന്ന് നാല് പത്രങ്ങളിലെ  പാർലമെൻറ് സെഷൻ വാർത്തകളായിരുന്നു. ബനാത്ത് വാല ഓടിപ്പാഞ്ഞ് ഒറ്റക്ക് അവതരിപ്പിച്ച ഒരു സ്വകാര്യ ബില്ലിന്റെ അടിസ്ഥാനത്തിലാണ് ഷബാനു കേസ് സജിവമായപ്പോൾ  തന്നെ മുസ്ലിം വിശ്വാസത്തിനനുകൂലമായി രാജിവ് മന്ത്രി സഭക്ക് ഒരു നിയമം കൊണ്ട് വരണ്ടി വന്നത്.

ആരോടെങ്കിലും ചോദിച്ചു നോക്കൂ, പാർലമെന്റ് ലൈബ്രറിയിൽ അവർ പുസ്തകവും നിയമവും വായിച്ചു പഠിക്കുന്ന തിരക്കിലായിരുന്നു, ഒരു സമുദായത്തിന് വേണ്ടി. കല്യാണക്ഷണക്കത്തുകൾ അന്നുമവർക്ക് ആളുകൾ അയക്കാറുണ്ട്. 

രാജ്യസഭയ്ക്ക് മലയാളികളായ കുറെ പേര് പോയല്ലോ, ബോൾഡായി സംസാരിക്കാൻ ആരുണ്ടായിരുന്നു ? സമദാനി അടക്കം വിജയിച്ചില്ല എന്ന് ഞാൻ കരുതുന്നു. ഉർദു അറിഞ്ഞത് കൊണ്ട് മാത്രമായില്ല.

പുതിയ നേതൃത്വം അതിനനുസരിച്ച് യോഗ്യരായ  വ്യക്തികളുടെ മേൽ ഉത്തരവാദിത്വം ഏൽപ്പിക്കണമായിരുന്നു. ഭാഷ മാത്രമായിട്ടായില്ല, ജിഗ്റ് കൂടി വേണം അവിടെ പോയി സീറ്റിലിരിക്കാൻ, എഴുന്നേൽക്കാൻ, പറയേണ്ട സമയത്ത് പറയേണ്ട രൂപത്തിൽ പറയാൻ.

ഇ എം എസിന്റെ കാലത്ത് വടക്കൻ മലബാറിൽ  നിന്ന് ദിർഘകാലം ഒരു ഇടതുപക്ഷ എം.പി. പാർലമെന്റിൽ പോയിരുന്നു, ഇ.എം.  സഖാവിന്റെ ഓഫിസിൽ അദ്ദേഹത്തെ സഹായിക്കാൻ മാത്രമേ ദിവംഗതനായ ആ മനുഷ്യനായിരുന്നുള്ളൂ.

രാഷ്ട്രീയം ഞങ്ങൾക്കും ചെറുതായി അറിയാം, ചിലതൊക്കെ ടാഗ് ചെയ്തു ചോദിക്കുമ്പോൾ ഇടപെടുന്നെന്നേയുള്ളൂ. പത്രങ്ങളിൽ എഴുതാന്ന് വെച്ചാൽ,  അവർക്കും ചില താത്പര്യങ്ങളുണ്ടാകുമല്ലോ.

താങ്കൾ സൂചിപ്പിച്ച സഹോദരന്റെ പെർഫോമൻസ് ആവറേജ് എന്ന് പറയുന്നു. നമ്യക്ക് അതും വിട്ടു ' A + ഉം കഴിഞ്ഞ് Extreme ആണ് വേണ്ടത്.

*മാമ്പു*
ഇന്ന് ഉദ്ധരിണികളുടെ ദിവസമാണല്ലോ, ഇതും വായിക്കുക.

“If your actions inspire others to dream more, learn more, do more and become more, you are a leader.”

*John Quincy Adams*

അണികരെ നിർവിഘ്നം സ്വപ്നം കാണാനും നിർവിരാമം പഠിക്കാനും നിസ്തുലം പ്രവർത്തിക്കാനും അതിലപ്പുറം എന്തൊക്കെയാകാനും ഒരു ചെറു സംഘത്തിന്റെ actions ആവേശം നൽകുന്നുവോ അവരത്രെ നേതൃത്വം, നേതാക്കൾ.

“Leaders instill in their people a hope for success and a belief in themselves. Positive leaders empower people to accomplish their goals.”

*Goorge B. Shaw*

അനുയായികളുടെ വിജയപ്രതീക്ഷയാണ് നേതാക്കൾ, അവരിൽ സ്വന്തത്തിൽ തന്നെയുള്ള വിശ്വാസവും. ലക്ഷ്യപൂർത്തീകരണത്തിനായി പൊതുജനത്തെ അവർ ശക്തിപ്പെടുത്തിക്കൊണ്ടേയിരിക്കും

ക്ഷമിക്കൂ .../ അസ്ലം മാവിലെ

*ക്ഷമിക്കൂ ...*

അസ്ലം മാവിലെ

നിങ്ങൾ എന്ത് മുറവിളി കൂട്ടിയാലും ഇന്ത്യയിൽ കാവിഭരണം കുറച്ചു കാലമുണ്ടാകും. അവരിൽ ഏകമുഖാനേതൃസങ്കൽപം നിലനിൽക്കുവോളം അത് തുടരും. അതെന്ന് ദുർബ്ബലമാകുന്നുവോ അന്ന് മറ്റൊരു ഭരണത്തിന് നേരിയ സാധ്യത പോലുമുള്ളൂ.

കോൺഗ്രസ് പിരിഞ്ഞ് ഗ്രൂപ്പുകൾ ആയപ്പോഴാണ് പ്രതിപക്ഷത്തിന് പ്രതീക്ഷ വരെ ഉണ്ടായത്.  പക്ഷെ ഇന്നലെ വരെ കോൺഗ്രസായ ,വി പി സിംഗിനെയായിരുന്നു അവർക്കും പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉണ്ടായിരുന്നത്. അതിൽ കെണിതേഞ്ഞോന് പിന്നിട് അധികാരത്തിലെത്തി.

 ബി.ജെ.പി. (A ,B, C) ഗ്രുപ്പുകൾ ആകുമ്പോൾ ഒന്നിനെ താങ്ങാൻ കോൺ പ്രതിപക്ഷങ്ങൾ ശ്രമിക്കുന്നതാണ് ബുദ്ധി. ഇപ്പോൾ പ്രതിപക്ഷത്തിന് (കോൺ & എൻ സി പി )  ശിവസേന ദഹിക്കുന്നുണ്ടല്ലോ അത് പോലെ ബിജെപിയിലെ ഒരു ഫ്രാക്ഷൻ അന്നാളിൽ അവർക്കു ദഹിച്ചേക്കും. (ശിവസേന യിലെ ഒരു ഗ്രൂപ്പ് കോൺഗ്രസുമായി നേരത്തെ ചങ്ങാത്തമാണല്ലോ ).

എന്ന് വെച്ച് പ്രതിപക്ഷത്തിന്ന് ( കോൺ) റോളില്ല എന്നല്ല. പ്രതിപക്ഷമായി പ്രവർത്തിക്കാം.  പക്ഷെ, ഭരണം കിട്ടാൻ തിരക്കു കൂട്ടരുത് എന്നേയുള്ളൂ.

കേരള രാഷ്ട്രീയം വിട്ട് ചിലർ ധൃതിയിൽ നേരത്തെ കേന്ദ്രത്തിൽ പോയതിനോടും എനിക്ക' യോജിപ്പില്ല,രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ മാത്രം അറിഞ്ഞാൽ പോര, പഴയ രാഷ്ട്രിയ സംഭവങ്ങൾ ഓർത്തെടുക്കാനുമറിയണം.

ഹിന്ദി , ഇംഗ്ലിഷ് പച്ചവെള്ളം പോലെ അറിയാതെ അവിടെ എന്നാ എടുക്കാനാ ? ഒന്ന് പറയുമ്പോൾ മറ്റവൻ പത്ത് പറഞ്ഞു തിരും. അത് അറിയാൻ DD ലോകസഭാ ചാനൽ ഒരു മണിക്കൂർ നോക്കിയാൽ മതി. മലയാളിയായ തരൂരും പ്രേമചന്ദ്രനും മാത്രമേ അവിടെ എന്തേലും പറഞ്ഞു തീർക്കുന്നുള്ളൂ. പിന്നെ യാര് ? യാരുമില്ല. 

സോ, പ്ലീസ് ക്ഷമിക്കൂ, അണിയായാലും അനിഷേധ്യ നേതാവായാലും.

*മാമ്പു:*
*Those who do not remember the past are codemned to repeat it*

Goerge Santayana
*Spanish Philosopher &,Poet*

( ഭൂതകാലം ഓർക്കാൻ കൂട്ടാക്കാത്തവർക്ക് അത് ആവർത്തിക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു)
*.

നാമുമായി ബന്ധപ്പെട്ടത്* *മനസ്സുവെച്ചാൽ നമുക്കാകുന്നത്* / അസ്ലം മാവിലെ


*നാമുമായി ബന്ധപ്പെട്ടത്*
*മനസ്സുവെച്ചാൽ നമുക്കാകുന്നത്*
................................
അസ്ലം മാവിലെ
................................

ഗാസക്കാരിയും ഗവേഷകയുമായ ഇസ്റാ മിഗ്ദാദിന്റെ ബ്ലോഗിൽ ഇന്ന് വെറുതെ ഒന്നു നോക്കിയതാണ്. അവരുടെ ബ്ലോഗിലെ ഒന്നാം  പേജിൽ My Journey With the Quran എന്ന ടൈറ്റിലിൽ ഒരെഴുത്തുണ്ട്  - സ്വന്തം അനുഭവമാണതിൽ, അവരെങ്ങിനെ ഖുർആൻ മന:പാഠമാക്കി, എങ്ങിനെ മന:പാഠമാക്കിയത് നിലനിർത്തി, നിലനിർത്തി പോകുന്നു എന്നൊക്കെ.

R -R -R തിയറി (Recite, Read,  Repeat പാരായണം - വായന - ആവർത്തനം)  ഇതെങ്ങിനെ മുന്നോട്ട് കൊണ്ട് പോകാമെന്ന് ആ വനിത അതിൽ എഴുതുന്നുണ്ട് - സൗകര്യമുണ്ടാക്കി നിങ്ങൾ വായിക്കുക, വളരെ ലളിതമായ ഇംഗ്ലിഷാണ്.

ഇനി എന്റെ വിഷയം പറയാം. ഖുർആൻ മനഃപാഠമാക്കിയവർ നമ്മുടെ  നാട്ടിൽ കുറെ പേരുണ്ട്. അവരിൽ തന്നെ മുഴുവനായി തീർത്തവർ. പകുതിക്ക് നിർത്തിയവർ. തുടർന്നു കൊണ്ടിരിക്കുന്നവർ.

മുഴുവനായി പൂർത്തിയാക്കിവരിൽ കുറച്ചു പേർ നിരന്തരമായ എഫേർട്ട് എടുത്ത് പാരായണ ശാസ്ത്ര (Science of Tajweed) പ്രകാരം റിവിഷനും റിപീറ്റേഷനും നടത്തിക്കൊണ്ടിരിക്കുന്നു. ഖൈറ്. പക്ഷെ, എല്ലാവർക്കുമതാകുന്നില്ല. ശരീയല്ലേ ?

പകുതിയിൽ നിർത്തിയവർ, മുഴുവനും പൂർത്തിയാക്കിയവർ - അവർ ഒരുപാട് മാസക്കാലം ഈ മഹാഭാഗ്യം സിദ്ധിക്കാൻ കഷ്ടപ്പെട്ടാണ് ഇറങ്ങിപ്പുറപ്പെട്ടത്, ആ മക്കളുടെ മാതാപിതാക്കൾ അവരേക്കാളേറെ പ്രതിക്ഷയോടെയാണ് ഈ സദുദ്യമത്തിന്,  ഹിഫ്ള് കോഴ്സിന് മക്കളെ പറഞ്ഞയച്ചത്, അയച്ചു കൊണ്ടിരിക്കുന്നത്.

പക്ഷെ, പകുതിക്ക് നിർത്തിയവർ പഠിച്ചഭാഗങ്ങൾ (എത്ര ഭാഗങ്ങളാണോ മന:പാഠമാക്കിയത് അത്ര) റിവൈസും റിപിറ്റും നടത്തി നിലനിർത്തുന്നുണ്ടോ ? പൂർത്തിയാക്കിവർ ഗുരുമുഖത്ത് നിന്ന് ലഭിച്ച നിർദ്ദേശപ്രകാരം അവധാനതയോടും ഗൗരവത്തോടും ഒരുവരി പോലും മറന്നിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നുണ്ടോ ?

സഹോദരി ഇസ്റാ ബ്ലോഗിൽ എഴുതുന്നു - Try not to only memorize, always remember that *the Qur’an is so easily forgotten*, so give yourself time to revise the pages you already memorized. കടുപ്പിച്ച അക്ഷരത്തിൽ വായിച്ചോ ? ഖുർആൻ വളരെ എളുപ്പത്തിൽ മറന്നു പോകുമത്രെ (അതിനെ ആ രൂപത്തിൽ പരിചരിച്ചില്ലെങ്കിൽ ! ).

പഠിപ്പിക്കുന്ന സ്ഥാപനങ്ങളിൽ പഠനം കഴിഞ്ഞിറങ്ങിയവർക്ക് ഇടക്കിടക്ക് അവിടെ എത്തി ആവർത്തന മന: പാഠ പാരായണത്തിന്  സംവിധാനമൊരുക്കുന്നുണ്ടോ എന്നെനിക്കറിയില്ല, ഉണ്ടെങ്കിൽ പകുതിക്ക് നിർത്തിയവർക്കും പഠിച്ച ഭാഗങ്ങൾ മറക്കാതിരിക്കാൻ അതേ സംവിധാനങ്ങളും അവസരമൊരുക്കലും  അവിടെ  ഉണ്ടാകുമായിരിക്കും. 

എന്റെ ചോദ്യം - നാട്ടുകൂട്ടങ്ങൾക്ക് ഒരു ബാധ്യതയില്ലേ ? ഇവിടെ ഖുർആൻ മന:പാഠമാക്കിയ മക്കൾക്ക് നിരന്തരം അവസരങ്ങളൊരുക്കാനുള്ള ബാധ്യത. അതിന് നമ്മുടെയിടയിലെ "ക-ച-ട-ത-പ" സംഘടനാ കാഴ്ചപ്പാടുകളും സംവിധാനങ്ങളും വിഘാതമാകരുത്. അതൊക്കെ ഇക്കാര്യത്തിൽ മാറ്റിവെച്ചു ഒന്നിച്ചൊരു വേദിയുണ്ടാക്കി മത്സരങ്ങൾ, പ്രോത്സാഹനങ്ങൾ നിരന്തരം നടത്തിക്കൊണ്ടേയിരിക്കണം. ഹിഫ്ള് കോഴ്സ് കഴിഞ്ഞവർക്കും പാതിയിൽ നിർത്തിയവർക്കും പഠിച്ചു കൊണ്ടിരിക്കുന്നവർക്കും വലിയ സപ്പോർട്ടും ഇൻസ്പിറേഷനും എനർജിയും അത് വഴി ലഭിക്കും. ഇക്കാര്യത്തിലെങ്കിലും നാട്ടുകാർക്കെല്ലാവർക്കും  ഒന്നിച്ചിരിക്കുന്നതിൽ വല്ല കുഴപ്പവുമുണ്ടോ ? ഒരു വർഷത്തിൽ കുറഞ്ഞത് രണ്ട് വട്ടമെങ്കിലും നല്ല പ്ലാനോട് കൂടി ഖുർആൻ മന: പാഠ മത്സരങ്ങൾ.

ഇത് വായിച്ചു വല്ല സംഘടനക്കാരാരെങ്കിലും മൈലേജ് കിട്ടാൻ വേണ്ടി ഉടുത്തൊരുങ്ങി  ''ഞങ്ങൊ നടത്തുന്നുണ്ടു" എന്ന് പറഞ്ഞുള്ള പോസ്റ്റുമായി വരരുത് എന്നപേക്ഷിക്കുന്നു. അതു നമുക്ക് പിന്നീടൊരിക്കൽ പറയാം,  പോസ്റ്റ് ചെയ്യാം.  പ്രസക്തമായ അന്വേഷണമിതാണ് - *ഒരു ഗ്രാമത്തിന്റെ, ഒരു നാടിന്റെ ഒരേ മനസ്സോടെയുള്ള ഒത്തൊരുമയോടെയുള്ള സംഘാടനത്തോടെ ഇപ്പറഞ്ഞത് നമുക്കാകുമോ ?*

(വേണം സംഘടനകൾ. ആവശ്യമാണ് താനും. ഒരുമിച്ചു മുന്നോട്ട് പോകാനുള്ള അവസരങ്ങളുള്ളിടത്തൊക്കെ, ആ സംഘടനകൾ നമ്മുടെ അരയിൽ വള്ളിയിട്ട് പിടിച്ചു പിന്നോട്ട് വലിക്കാൻ  ശ്രമിച്ചാൽ അരയിൽ മുറുകുന്നതിന് മുമ്പ് കയറ് മയത്തിൽ ഊരി ഒരു തെങ്ങിൽ കെട്ടാനും നമുക്ക് അറിയണം. സങ്കുചിതത്വത്തിനല്ല ഒരു സംഘടനയും, സംഘബോധത്തിന് മാത്രമാണത്, വിശാല മാനവിക ബോധത്തിനും. )

*മാമ്പു*
നിഘണ്ടുകർത്താവും (lexicographer) സദാചാരവാദിയും (moralist) സാഹിത്യവിമർശകനുമായ സാമുവൽ ജോൺസൺന്റെ കാഴ്ചപ്പാടിനോട് ഞാനും യോജിക്കുന്നു  : മനുഷ്യന് നിരന്തരം അറിവ് പകരുക എന്നതിനേക്കാളേറെ ആവശ്യം അവരെ ഓർമ്മപ്പെടുത്തുക, അശ്രദ്ധമായൊന്നിനെ അവരുടെ ശ്രദ്ധയിൽ കൊണ്ട് വരിക എന്നതത്രെ. അതും ഒരു സേവനമാകുന്നു, ചെറുതല്ലാത്ത സേവനം.  ▪

Monday 25 November 2019

കലാ- സാഹിത്യക്കൂട്ടങ്ങൾക്ക് PTA യ്ക്കു മുന്നിൽ എന്റെ നിർദ്ദേശം / അസ്ലം മാവിലെ

കലാ- സാഹിത്യക്കൂട്ടങ്ങൾക്ക്
PTA യ്ക്കു മുന്നിൽ എന്റെ നിർദ്ദേശം

അസ്ലം മാവിലെ

ആഭരീണയരേ,

സ്നേഹാന്വേഷണങ്ങൾ !

കുട്ടികളുടെ സർഗ്ഗവാസന പരിപോഷിപ്പിക്കുക എന്ന ലക്ഷ്യം മുൻ നിർത്തി ദീർഘകാലടിസ്ഥാനത്തിലും അവിരാമ പദ്ധതി എന്ന അർഥത്തിലും ഒരു ആശയം സവിനയം ബഹു: പട്ല എസ്. എം. സി & PTA കമ്മറ്റിക്ക് മുമ്പാകെ വെക്കുന്നു.

പരിഗണനയ്ക്കെടുക്കേണ്ടതും ചർച്ച ചെയ്ത് മതിയായ മാറ്റത്തിരുത്തലുകൾ നടത്തേണ്ടതും കമ്മറ്റിയാണ്.

*നേതൃത്വം:*
പി.ടി.എയുടെ അനുവാദത്തോടെ  എസ്. എം.സി.പ്രതിനിധികൾ, സ്കൂൾ ലീഡർ, ഭാഷാധ്യാപകർ, ക്ലാസ്സ് ലിറ്ററി ക്ലബ് ഭാരവാഹികൾ

*നേതൃസമിതി ക്ഷണിതാക്കൾ :*
സമാന ആശയവുമായി സഹകരിക്കാൻ തയ്യാറാകുന്ന പട്ലയിലേയോ പട്ലയ്ക്ക് പുറത്തോ ഉള്ള രണ്ട് സാംസ്ക്കാരിക വ്യക്തിത്വങ്ങൾ

*ലക്ഷ്യം :*
മൂന്നാം വർഷം മുതൽ SSLC കഴിഞ്ഞിറങ്ങുന്ന ബാച്ചിൽ നിന്നും 10 വീതം സാഹിത്യപ്രതിഭകൾ കൂടി പുറത്തിറങ്ങുക എന്നതാണ് ലക്ഷ്യം. ഒപ്പം, സജീവമായ സാംസ്ക്കാരിക കൂട്ടായ്മക്കു തുടക്കം കുറിക്കാനുമാകും.

*ഉപലക്ഷ്യങ്ങൾ :*
കലോത്സവമടക്കമുള്ള മത്സരങ്ങളിൽ നിലവാരമുള്ള കഴിവുകളോടെ പങ്കെടുപ്പിക്കുവാനുള്ള നിലമൊരുക്കുവാനും സാധിക്കും.
വിവിധ ഇനങ്ങളിൽ മത്സരം സംഘടിപ്പിക്കുക. കുട്ടികളുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുക. പുതിയ മാനങ്ങളിൽ ലൈബ്രറി സജീവമാക്കുക. 

*തുടക്കം :*
എഴുത്ത്, വര എന്നിവയ്ക്ക് മാത്രം പ്രധാന്യം നൽകിക്കൊണ്ടുള്ള ഉദ്യമമാണിത്.  കവിക്കൂട്ടം, കഥകൂട്ടം, വാർത്താകൂട്ടം, ഏകാങ്കകൂട്ടം etc

*പിന്നീട് :*
മറ്റുകലകൾ, അഭിനയം, പ്രസംഗം ' തുടങ്ങിയവ നമ്മുടെ പദ്ധതിയുടെ പ്രോഗ്രസ്സ് അനുസരിച്ച് പിന്നീട് വിപുലപ്പെടുത്താവുന്നതാണ്.

*പേര് :*
ഈ പദ്ധതിക്ക് നല്ല ഒരു പേര് കണ്ടെത്തേണ്ടതാണ്. ജനകീയമാക്കാനും കുറച്ചു കൂടി പബ്ലിസിറ്റി ലഭിക്കാനും പൊതുജനങ്ങളിൽ നിന്നും എൻട്രി ക്ഷണിക്കാവുന്നതാണ്.

*ഫൈനാൻസ് :*
ഏത് പദ്ധതിക്കും പണം ആവശ്യമാണല്ലോ. ഇതിനും സംഘാടക നേതൃത്വം ആവശ്യമായ ഫണ്ട് കണ്ടെത്തണം. സ്പോൺസർമാരെ കണ്ടെത്തിയോ സുമനസ്സുകളായ വ്യക്തികളുമായി ബന്ധപ്പെട്ടോ ആവശ്യമായ തുക ശേഖരിക്കണം .

*ഘടന :*
5, 6, 7, 8 ക്ലാസ്സുകളിലെ കുട്ടികൾക്കായിരിക്കണം ട്രൈയിനിംഗ്.  അടുത്ത വർഷം 5, 6, 7, 8, 9 ക്ലാസ്സുകാർക്കും രണ്ടാം വർഷം മുതൽ  5, 6, 7, 8, 9, 10 ക്ലാസ്സിലെ കുട്ടികൾക്കും പ്രവേശനം. ഒരു ക്ലാസ്സിലെ 3 കുട്ടികൾ വീതമാണ് എഴുത്തിന്റെയും അഭിരുചിയുടെയും അടിസ്ഥാനത്തിൽ പ്രവേശനം നൽകേണ്ടത്.

ആദ്യവർഷം ഒന്നിച്ചും തുടർ വർഷങ്ങളിൽ ജൂനിയർ - സീനിയർ ഇനം തിരിച്ചുമായിരിക്കണം ട്രൈയിനിംഗ്. രണ്ടും ഒന്നിച്ചാണ് കൂടുതൽ പ്രയോഗികമെങ്കിൽ അതുമാകാം.

ഒഴിവ് ദിനങ്ങളളാകണം പരിശീലന ക്ലാസ്സുകൾക്ക് തെരഞ്ഞെടുക്കേണ്ടത്.

ഒരു അധ്യയന വർഷത്തിൽ,  കുറഞ്ഞത് 6 വർക്ക് ഷോപ്പുകൾ നടത്തണം. വർക്ക്ഷോപ്പിന്റെ ഘടന ചർച്ച ചെയ്ത് ഓരോ വർഷവും മതിയായ മാറ്റങ്ങൾ വരുത്താവുന്നതാണ്.  എല്ലാ വർഷവും ഒരു മെഗാ സാഹിത്യ ക്യാമ്പും നടത്തണം.  (സമാനമോ /സമാന്തമോ ആയ മറ്റു ആശയങ്ങളും അഭിപ്രായങ്ങളും മുഖവിലയ്ക്കെടുക്കാവുന്നതാണ് )

ഏത് തരത്തിലുള്ള സിലബസ്/കോഴ്സ് തുടങ്ങിയവ ഇതിൽ പരിചയമുള്ളവരോടോ അനുഭവസ്ഥരായവരോടോ ആരാഞ്ഞ് കൂട്ടായി ഒരു ഫോർമുല ഉണ്ടാക്കാവുന്നതാണ്.

*ഫോളോഅപ്പ്:*
രണ്ട് വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട SMC അംഗങ്ങളുടെ കാലാവധി പൂർത്തിയാകുന്നത് കൊണ്ടോ, അധ്യാപകർ സ്ഥലം മാറിപ്പോകുന്നത് മൂലമോ ഈ പദ്ധതി പാതിവഴിക്ക് നിർത്തരുത്. പുതുതായി വരുന്ന അധ്യാപകരും SMC അംഗങ്ങളും (നിർബന്ധിത) തുടർച്ചയെന്നോണം  ഈ പദ്ധതി മുന്നോട്ട് കൊണ്ട് പോകേണ്ടതാണ്. 

ഫോളോഅപ്പും തുടർച്ചയും ഉണ്ടെങ്കിൽ മാത്രമേ ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാനാകൂ.

Drafted :
Aslam Mavilae
(നിർവ്വാഹക സമിതി അംഗം, എസ്. എം.സി, , ജി. എച്ച്. എസ്. എസ്. പട്ല) 
on 22/11/2019

പട്ലയിൽ ബണ്ണീസ് യൂനിറ്റ് - വാർത്ത


*പട്ലയിൽ ബണ്ണീസ് യൂനിറ്റ്*

http://my.kasargodvartha.com/2019/11/the-first-bunnies-unit-of-kasaragod.html?m=1
---------------------

*കാസർകോട് വിദ്യാഭ്യാസജില്ലയിലെ ആദ്യ ബണ്ണീസ് യൂനിറ്റ് പട്ല ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ*

പട്ല : പട്ല ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സിന്റെ ഏറ്റവും ചെറിയ യൂണിറ്റ് പ്രീ പ്രൈമറി  വിഭാഗമായ ബണ്ണീസ് യൂണിറ്റ് തുടങ്ങി. കാസറഗോഡ് വിദ്യാഭ്യാസ ജില്ലയിലെ ആദ്യ യൂണിറ്റാണ് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പറായ ശ്രീമതി സമീറ മുംതാസ് ഉദ്ഘാടനം ചെയ്തത്.

ചെറിയ കുട്ടികളിൽ നിന്ന് തന്നെ സമൂഹത്തിലെ നല്ല പ്രവർത്തനങ്ങൾ തുടങ്ങാൻ കഴിയുന്നത് ശ്ലാഘനീയ കാര്യമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അവർ അഭിപ്രായപ്പെട്ടു.  കുഞ്ഞു മനസ്സുകളിൽ തന്നെ നന്മകൾ നാമ്പിടട്ടെ. മുളയ്ക്കുകയും കിളിർക്കുകയും തളിരിടുകയും നന്മയുടെ ചില്ലകളായാൽ വിദ്യാലയത്തിനും സമൂഹത്തിനും തണൽ നൽകുകയും ചെയ്യുമാറാകട്ടെ എന്നമവർ കൂട്ടിച്ചേർത്തു.

ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് എച്ച്.കെ അബ്ദുൾ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീ'എം,എ മജീദ്, ജില്ലാ കമ്മീഷണർ ഗൈഡ്സ് ശ്രീമതി ഭാർഗവിക്കുട്ടി, ജില്ലാ ട്രൈയിനിംഗ് കമ്മീഷണർ സാബു തോമസ്, എസ്.എം. ഡി..സി ചെയർമാൻ കെ.എം. സൈദ്,  ജില്ലാ ജോയിന്റ് സെക്രട്ടറി ശ്രീമതി അനിത. എം നായർ,  സ്റ്റാഫ് സെക്രട്ടറി പ്രദീപ് കുമാർ യു എന്നിവരും സംബന്ധിച്ചു.

ജില്ലാ ഓർഗനൈസിംങ് കമ്മീഷണർ ശ്രീമതി പി.ടി.ഉഷ സ്വാഗതവും ബണ്ണീ ക്യാപ്റ്റൻ ശ്രീമതി ശോഭ കെ നന്ദിയും രേഖപ്പെടുത്തി.

ഈരണ്ട് വീതം സ്കൗട്ട്സ്, ഗൈഡ്സ് യൂനിറ്റുകളും  രണ്ട് കബ്സ് യൂനിറ്റുകളും , ഒരു ബുൾബുൾ യൂനിറ്റും നിലവിലുണ്ട്. ബണ്ണീസിന്റെ രണ്ടു യൂണിറ്റുകൾ കൂടി നിലവിൽ വന്നതോടെ  കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ സ്കൗട്ട് & ഗൈഡ്സിലെ എല്ലാ വിഭാഗത്തിലും യൂനിറ്റുള്ള ആദ്യത്തെ സ്കൂൾ,  പട്ല ജി- എച്ച്. എസ്. എസ്സായി.

കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ ആദ്യ ബണ്ണിസ് യൂനിറ്റ് തുടങ്ങിയ പട്ല ജി- എച്ച്. എസ്. എസ്സിനും പി.ടി. ഉഷ ടീച്ചർക്കും  അലിഫ് പട്ല (ആർട്സ് & ലെറ്റർസ് ഫോറം) അഭിനന്ദനമറിയിച്ചു

ബസ്സായാലും എന്തായാലും ചർച്ചയുടെ പ്രസക്തിയെന്നു വെച്ചാൽ /അസ്ലം മാവിലെ

ബസ്സായാലും എന്തായാലും
ചർച്ചയുടെ പ്രസക്തിയെന്നു വെച്ചാൽ .

അസ്ലം മാവിലെ

സ്കൂൾ നേതൃത്വത്തിലും രാഷ്ട്രീയ,  സാമൂഹിക, കലാകായിക,  മഹല്ല് നേതൃത്വങ്ങളിലുമുള്ളവരും, നാട്ടിലെ ഓരോ ഇലയനക്കങ്ങളും ആകാംക്ഷയോടെ  നോക്കിക്കാണുന്ന പ്രവാസലോകത്തുള്ളവരും നിറഞ്ഞു നിൽക്കുന്ന ഈ ഒരു കൂട്ടായ്മയിൽ ഇങ്ങനെയുള്ള വിഷയങ്ങൾ ചർച്ചയ്ക്ക് വന്നാൽ, അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഓപൻ ഫോറത്തിലോ ബന്ധപ്പെട്ട നേതൃത്വങ്ങളെ സ്വകാര്യമായോ അറിയിക്കാൻ പറ്റും. അത് സ്കൂളിന്റെ ഔദ്യോഗിക വികസന സമിതി യോഗത്തിലും പിടിഎ എസ്. എം. സി ഫോറങ്ങളിലും മറ്റും നേതൃത്വത്തിന് സൂചിപ്പിക്കാമല്ലോ.

പ്രാക്ടിക്കലായി ഒരു സൊല്യൂഷൻ ഉണ്ടാകുന്നില്ലെങ്കിൽ വാർത്ത പത്രത്തിൽ കൊടുത്തവരോടും ആരായണം - അവർക്ക് വല്ല ഉപായങ്ങളോ നിർദ്ദേശങ്ങളോ ഉണ്ടോ എന്ന്.

ഒരേ സമയം നാല് ദിക്കിൽ നിന്നും ബസ്സ് എത്തുമാറ്  ഒരു സംവിധാനം നടക്കുമെന്ന് തോന്നുന്നില്ല.  അതെന്റെ ആർടിക്കിളിൽ തന്നെ സൂചിപ്പിച്ചിരുന്നു. പിന്നെയുള്ളത് അധ്യാപകരെ മധൂർ / ഉളിയത്തട്ക്ക ബസ് സ്റ്റാൻഡിലേക്കുള്ള പോക്കു &വരവ് (up & down ) സംവിധാനമെങ്കിലും ചെയ്യുക എന്നതാണ്. അങ്ങിനെ വന്നാൽ അവരുടെ സ്ഥലം മാറിപ്പോകൽ തൽക്കാലം ഒഴിവായിക്കിട്ടുമല്ലോ.

പിന്നെ, പിള്ളേർ.
നാനാ ദിക്കിൽ നിന്നും പട്ല സ്കൂളിലേക്ക് അവർ പഠിക്കാൻ വന്നാൽ നല്ലതാണ്. ഒരു ചന്തമുണ്ട്. ഡൈവേർസിറ്റിക്കും നന്ന്. പല പ്രാദേശികത്വങ്ങൾ ചേർന്ന പലമ. ആ പലമയിൽ നിന്നുള്ള സംസ്ക്കാരപ്പൊലിമ. നമ്മുടെ നാട്ടിലെ കുട്ടികൾക്കും സ്കൂൾ തൊട്ടേ നാട്ടുകാരല്ലാത്തവരെ ഉൾക്കൊള്ളാനുള്ള വലിയ മനസ്സു അത് വഴിയുണ്ടാകും. (ഇതൊക്കെയുള്ളത് കൊണ്ടാണ് പൊതുവിൽ നമ്മുടെ സ്കൂളിലെ കുട്ടികളുടെ നിലവാര ഉയർച്ച ആവറേജിനും മുകളിൽ കാണുന്നത് )

Progress is impossible without change, and those who cannot change their minds cannot change anything - GBS

എന്നെ സംബന്ധിച്ചിടത്തോളം, കുറച്ചിട നടന്നു വരുന്നതാണ് ഒരു ഒരു ചന്തം. പക്ഷെ, ആ കാലം പൊയ്പ്പോയ്. മുമ്പ് ടീച്ചേർസൊക്കെ ക്വാട്ടേഴ്സിലായിരുന്നു താമസം - നാട്ടിലോ ടൗണിലോ. വെള്ളിക്കളം നാട്ടിൽ പോകും തിങ്കൾക്കളം സ്കൂളിൽ എത്തും. പക്ഷെ, ഇന്ന് അങ്ങിനെയല്ലല്ലോ.

ലൈബ്രറിയിൽ തന്നെ ജോലിയും സേവനവും വായനയും ഊണും ഉറക്കവുമുള്ള ഒരു ലൈബ്രറിയനെ മിനിഞ്ഞാന്ന് ബ്രണ്ണൻ കോളേജിൽ കണ്ടുമുട്ടാനിടയായി. അങ്ങനെയുള്ള ഹുമയൂൺമാർ യഥേഷ്ടം ഉണ്ടാകുക അസംഭവ്യമാണല്ലോ.

ഏതായാലും അധ്യാപകർക്കെങ്കിലും ഒരു സംവിധാനം പറ്റുമോ എന്ന് ആലോചിച്ചാൽ നല്ലത്, അതൊരു പൗരാവലി യോഗം ചേർന്നാണെങ്കിലും. അങ്ങിനെ യോഗം ചേർന്നാൽ കുറഞ്ഞത്, ഇത് ചുളുവിൽ നടപ്പാക്കാവുന്ന ഏർപ്പാടല്ലെന്നും  സങ്കീർണ്ണതയും അപ്രായോഗികതയും  ഒരുപാടുണ്ടെന്നും  ബോധ്യപ്പെടുത്താനുമാകും. ആരെ ബോധ്യപ്പെടുത്താനുമാകുമെന്ന് ? അവരെ തന്നെ ....

To improve is to change,  to be  perfect  is to change often - W. Churchill  പറയാൻ ഇങ്ങനെ പലരുമുണ്ട്. എന്നാലും ഒരു ശ്രമം നടത്താം. ആയാൽ ഒരു പാ(ക്ക്)തൈ പോയാൽ ഒരു പാക്ക്.

ചോദ്യങ്ങൾ, ചർച്ചകൾ :

▪  സ്കൂൾ സമയത്തിനനുസരിച്ച് ബസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാൽ ലഭിക്കാൻ സാധ്യതയുണ്ടോ ?

▪ എങ്കിൽ പ്രൈവറ്റ് ? KSRTC ? 

▪  മധൂരിലേക്ക് വരുന്ന ഏതെങ്കിലും ഒന്നോ രണ്ടോ  ബസ്  ട്രിപ്പ് രാവിലെ / വൈകുന്നേരങ്ങളിൽ  സ്കൂൾ സമയം കണക്കായി പട്ലയിലേക്ക് വഴി തിരിച്ചു വിടാൻ പറ്റുമോ ? 
.
▪ എങ്കിൽ  ഒരു മീറ്റിംഗ്‌ ബന്ധപ്പെട്ടവരെ പങ്കെടുപ്പിച്ച്  എപ്പോൾ നടത്തും ?

▪ ചെറിയ സേവനമെന്ന രീതിയിൽ ഒരു  വാൻ /ബസ് ഏർപ്പാട് ചെയ്യാൻ പൗരാവലിക്കോ well wishers നോ സാധിക്കുമോ ?  പ്രവാസി റിട്ടേണീസായ വണ്ടി ഓട്ടുന്നവർക്കും ഇതാലോചിക്കാം, അവർക്ക് വേറെയും പ്രൈവറ്റായി ഓടാമല്ലോ, 

▪ പട്ല - മധൂർ സ്റ്റാൻഡിലുള്ള റിക്ഷാ ഡ്രൈവേർസിന്റെ സഹകരണത്തോടെ താത്ക്കാലിക സംവിധാനം ?
 
▪ നേരത്തെ പറഞ്ഞ എം.പി. ഫണ്ട് പുതിയ എം.പി.യോട് ആവശ്യപ്പെടാൻ പറ്റില്ലേ ? അതിന്റെ നടത്തിപ്പ് എങ്ങിനെയായിരിക്കും ?

▪ അധ്യാപകരെ കൊണ്ട് വരാനും വിടാനും എങ്കിലും പുതിയ *ഫ്രണ്ട്ലി ഷട്ട്ൽ സർവീസ്* സമ്പ്രദായം  താത്കാലികമായി നാട്ടിലുള്ളവർക്ക് നടപ്പാക്കാൻ പറ്റുമോ ? ( ആ രണ്ട് സമയത്ത് വണ്ടി Available ആണെങ്കിൽ Up & down Service  20 സ്വകാര്യവണ്ടിക്കാരുടെ ഒരു ചെയിൻ ഗ്രൂപ്പുണ്ടാക്കി സേവനം )

▪ അല്ലെങ്കിൽ പുതിയ ഒരാശയം

▪ മധുരിലേക്ക് വരുന്ന ബസ് റൂട്ട് ഡൈവേർട്ട് ചെയ്ത് അവരുദ്ദേശിക്കുന്ന മിനിമം  കളക്ഷൻ കിട്ടിയില്ലെങ്കിൽ ബാക്കി നൽകാൻ (വ്യക്തമായ evidence ഹാജരാക്കിയാൽ ) പൗരാവലി തയാറാകുമോ ?



ജാഗ്രത കാണിക്കുക* *പട്ലയിൽ മഞ്ഞപ്പിത്തം അങ്ങിങ്ങായുണ്ട്* / അസ്ലം മാവിലെ


*ജാഗ്രത കാണിക്കുക*
*പട്ലയിൽ മഞ്ഞപ്പിത്തം അങ്ങിങ്ങായുണ്ട്*
..............................
അസ്ലം മാവിലെ
..............................

ഈ കുറിപ്പിലെ അവസാനഭാഗം വായിക്കാതെ പോകരുത്.

പ്രളയശേഷം സ്വാഭാവികമായും ചില രോഗങ്ങൾ കണ്ടു വരാറുണ്ട്. ആരോഗ്യ പ്രവർത്തകരുടെ സജിവമായ ഇടപെടലും ഓൺലൈൻ ബോധവത്ക്കരണങ്ങളും ഏറ്റവും കൂടുതൽ ഇംപാക്ട് ഉണ്ടാക്കിയ പ്രദേശമാണ് പട്ല. മറ്റൊരു പരീക്ഷണത്തിന് നിൽക്കാതെ പൊതുജനങ്ങൾ കൂടുതൽ ജാഗരൂകരായി. ആരാഗ്യ സാക്ഷരായ നാട്ടുകാർ ശുചിത്വ കാര്യങ്ങളിലും പ്രളയാനന്തര പരിസര ശുചീകരണങ്ങളിലും വളരെ സജീവമായി നിലകൊണ്ടു. കിണറും കുളവും ടാങ്കും എല്ലാം നിർദ്ദേശങ്ങൾക്കനുസരിച്ചു ക്ലോറിനേഷൻ നടത്തി. വീടും പരിസരയും വൃത്തിഹീനമാകാതെ നോക്കി.  അത്കൊണ്ട് തന്നെ  പഞ്ചായത്തിലെ താഴ്ന്ന പ്രദേശവും ഏറെ സമയം വെള്ളം കെട്ടി നിൽക്കുന്ന ഏരിയ ആയിട്ടു കൂടി നമ്മെ പക്ഷെ, പ്രളയാനന്തര രോഗങ്ങൾ വല്ലാതെ അലട്ടിയില്ല.  അങ്ങിങ്ങായി കണ്ട രണ്ട് മൂന്ന് ഡെങ്കിപ്പനി, അതിസാരം കേസൊഴിച്ചാൽ  വലിയ ആരോഗ്യപ്രശ്നങ്ങൾ നമ്മുടെ  പ്രദേശത്തുണ്ടായില്ല എന്നാണ് ശുചിത്വ ബോധവത്ക്കരണവുമായി സേവന- ആരോഗ്യ പ്രവർത്തകരുടെ കൂടെ ഒന്ന് രണ്ട് ദിവസം നടന്ന അനുഭവം വെച്ചുകൊണ്ട്  ഞാൻ മനസ്സിലാക്കുന്നത്. ആരോഗ്യ ഉദ്യോഗസ്ഥരെയും ആശാ പ്രവർത്തകരെയും സന്നദ്ധസേവകരെയും ആരോഗ്യ സാക്ഷരായ നാട്ടുകാരെയും ഒരിക്കൽ കൂടി അഭിനന്ദിക്കാം. 

എന്നാൽ, പ്രളയം കഴിഞ്ഞു ചെറിയ ഇടവേളക്കു ശേഷം പട്ലയുടെ തെക്ക്- പടിഞ്ഞാറൻ സോണിൽ മഞ്ഞപ്പിത്തം അങ്ങിങ്ങായി തല പൊക്കി കൊണ്ടിരിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. സിവിയറല്ല, പക്ഷെ ബദ്ധശ്രദ്ധരാകണം.   രണ്ട് മൂന്ന് പേർ എന്നോട് ഈ വിഷയം ഇന്നലെയും സൂചിപ്പിച്ചു. അവരുടെ വീടുകളിൽ ഈ രോഗമുള്ളവരുണ്ട്. കിണറിലെ വെള്ളം പരിശോധിക്കണോ എന്നൊക്കെ ആരായുകയും ചെയ്തു.  ചുറ്റുപാടുകളിൽ പടരാതിരിക്കാൻ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നെല്ലാം  അവർക്ക് അറിയണമെന്നുമുണ്ട്.

ഈ കുറിപ്പ് കൊണ്ട് രണ്ടുദ്ദേശമാണ്.
(ഒന്ന്)  പൊതുജനങ്ങൾ ആരോഗ്യകാര്യത്തിൽ ജാഗ്രത കാണിക്കുക. പണ്ടും മഞ്ഞപിത്തമുണ്ട്, നെലനെല്ലി അരച്ചു കഴിച്ചാൽ മാറുകയും ചെയ്യുമായിരുന്നു.  ഇന്നത്തെ സാഹചര്യമതല്ല. ഡെൻസ് പോപുലേറ്റഡ് ഏരിയയാണ് പട്ല. ചവിട്ടിനൊരു വീടാണ്. കിണറും കക്കൂസ് ടാങ്കും,  ദ്രവിക്കാത്ത പ്ലാസ്റ്റിക് കൂമ്പാരങ്ങളും,  തിന്നിട്ടും തീരാതെ കളഞ്ഞ ഭക്ഷണാവശിഷ്ടങ്ങളും,  ഇളനീർ തൊണ്ടും ചെപ്പും ചകിരിയും ചിരട്ടയും,  വളർത്തു പൂച്ചകളും പക്ഷിക്കുഞ്ഞുങ്ങളും,   ഉപയോഗിച്ചെറിഞ്ഞതും ഒഴുകിവന്നതുമായ പാംപേർസും നാപ്കിനും  എല്ലാം എട്ടും പത്തും സെന്റിനകത്താണുള്ളത്. വളരെ ജാഗ്രത കാണിക്കണം.  പഴയ ഒപ്പുതെങ്ങ് പരിസരത്തുള്ള പട്ല ലൈബ്രറിയുടെ ഒരു മുറി തന്നെ CP,  സർക്കാർ ആരോഗ്യ ഉപകേന്ദ്രത്തിന് പ്രവർത്തിക്കാനായി താത്കാലികമായി വിട്ടുകൊടുത്തിട്ടുണ്ട്. അവിടെ അപ്പപ്പോൾ നേരിട്ടു ചെന്നോ ഫോൺ വഴിയോ റിപ്പോർട്ട് ചെയ്യുക.

(രണ്ട്) ഈ വിഷയം ഇതിനകം തന്നെ  ആരോഗ്യ ഉദ്യോഗസ്ഥരുടെയും ആശാപ്രവർത്തകരുടെയും വാർഡ് അംഗത്തിന്റെയും ശ്രദ്ധയിൽ പെട്ടിരിക്കുമല്ലോ. പട്ലയിലെ  സേവനപ്രവർത്തകരുടെ  പങ്കാളിത്തത്തോടെ അത്തരം പ്രദേശങ്ങളിൽ രണ്ടോ മൂന്നോ അയൽക്കൂട്ടം പോലെ സംഘടിപ്പിച്ചു എത്രയും പെട്ടെന്ന് പ്രദേശവാസികൾക്ക് ബോധവത്ക്കരണം നടത്തുകയും ആശങ്ക അകറ്റുകയും വേണം. എല്ലാ വീടുകളും സന്ദർശിച്ചു ഓരോരുത്തരെയും ബോധ്യപെടുത്തുന്നതിന് പകരം സൗകര്യമുള്ള ഒരു വീട്ടുമുറ്റത്ത് ചുറ്റുവട്ടത്തുള്ളവർക്ക് ഒന്നിച്ചു കൂടാമല്ലോ. എന്നിട്ടും വരാത്തവരുടെ വീട്ടിലേക്ക് നമുക്കങ്ങോട്ടും പോകാം.

ഇനി ഞാനടക്കമുള്ള സേവനപ്രവർത്തകരോട് :
നാം മാത്രം തീരുമാനിച്ചു ചെയ്യുന്ന പ്രവൃത്തിയല്ല സേവനം. നമുക്ക് താൽപര്യമില്ലെങ്കിൽ അത് സേവനവുമല്ല എന്നും കരുതരുത്. ഒന്നും ചെറുതായി കാണരുത്. 
ചുറ്റുവട്ടത്തെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അപ്പപ്പോൾ പൊതുനന്മ ലക്ഷൃമാക്കി  ഇടപെടുന്നതാണ് സേവനപ്രവർത്തനങ്ങൾ. അതത് പ്രദേശങ്ങളിലുള്ള കൗമാരക്കാരടക്കം എല്ലാവരും ഇതിന്റെ ഭാഗമാകണം. മഹല്ലതിർത്തിയൊന്നും സേവനപ്രവർത്തനങ്ങൾക്ക് ഒരിക്കലും തടസ്സമാകരുത്. ഗാന്ധി പറയുന്നുണ്ട് - നിങ്ങളെ സ്വയം കണ്ടെത്താനുള്ള ഏറ്റവും നല്ല വഴി, മറ്റുള്ളവർക്ക് വേണ്ടി സേവനം ചെയ്ത് നിങ്ങൾ സ്വയം നഷ്ടപ്പെടുക എന്നതാണ്. 

*മാമ്പൂ :*
എന്നെയും വിളിക്കുക, സമയം കണ്ടെത്തി കുറച്ചു നേരം ഞാനും കുടുംബവും കൂടെ  വരാം.

 

അറിയില്ലെങ്കിൽ* *വാവാ സുരേഷാകരുത്, ആരും* /അസ്ലം മാവിലെ

*അറിയില്ലെങ്കിൽ*
*വാവാ സുരേഷാകരുത്, ആരും*
...............................
അസ്ലം മാവിലെ
...............................
http://www.kvartha.com/2019/11/shahlas-death-irresponsibility-of.html?m=1
---------------------
സുൽത്താൻ ബത്തേരിയിൽ ഒരു പെൺകുഞ്ഞ് മരണപ്പെട്ടതാണ് ഇന്നലെ മുതൽ വാർത്ത. കേരളത്തിലെ മുഖ്യധാരാ പത്രങ്ങൾ മുഴുവൻ ലീഡ് വാർത്തയായാണ് ഇന്ന് കൊടുത്തിട്ടുള്ളത്. ഇന്നലെ ദൃശ്യമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചാവിഷയവുമതായിരുന്നു.

പൊതുവെ ചില അധ്യാപകർ വെച്ചു പുലർത്തുന്ന ദുശ്ശാഠ്യവും അനാവശ്യമായ കോംപ്ലക്സും ഒരിക്കൽ പറഞ്ഞത് ഒരു കാരണവശാലും  തിരുത്തില്ലെന്ന പിടിവാശിയും പ്രായോഗിക പരിജ്ഞാനമില്ലായ്മയുമാണ് ഷഹ്ല എന്ന സ്കൂൾ വിദ്യാർഥിനിയുടെ മരണത്തിനിടയാക്കിയ കാരണങ്ങളിൽ ഒന്ന്. 

നോക്കൂ നിങ്ങൾ. ക്ലാസ്സിനകത്ത് മാളം. ഒരു ഇഴജന്തുവിന് ഒളിഞ്ഞിരിക്കാൻ പാകത്തിന് ആ മാളത്തിന് വിസ്തൃതിയുണ്ട്. കുട്ടി തന്നെ പറഞ്ഞു പാമ്പ് തന്നെ കടിച്ചെന്ന്. കടിയുടെ പാട് കണ്ടിട്ട് പ്രായത്തേക്കാൾ പക്വത കാണിച്ച അവളുടെ സഹപാഠിനികൾ തറപ്പിച്ചു പറഞ്ഞു -  ഷഹ്ല കടിയേറ്റത് പാമ്പിന്റേതെന്ന്,  അവളെ ഉടൻ ആസ്പത്രിയിൽ എത്തിക്കണമെന്ന്. അവിടെയുള്ള അധ്യാപകരും പറഞ്ഞു -  പാമ്പ് കടിയേറ്റതാണെന്ന സംശയമുള്ള സ്ഥിതിക്ക് ആസ്പത്രിക്ക് കൊണ്ട് പോകാമെന്ന്. ഒരധ്യാപിക അപ്പോൾ തന്നെ ദേഷ്യം പിടിച്ചു ഇറങ്ങിപ്പോവുകയും ചെയ്തു. എന്നിട്ടും ക്ലാസധ്യാപകൻ ഒറ്റ വാശിയിലാണ് - പാമ്പ് കടിച്ചല്ല ചോര വരുന്നത്, ഇരുമ്പാണികൊണ്ടാണെന്ന്. ഞാൻ രക്ഷിതാവിനെ വിളിച്ചിട്ടുണ്ട്, അയാൾ വന്നാലേ കുട്ടിയെ കൂടെ വിടൂന്ന് !

ദുർവാശിയുടെ കൂടെ ഇയാളെ വിടാം. പക്ഷെ, മറ്റു അധ്യാപകർ എതിർപ്പിനെ മറികടന്നു എന്ത് കൊണ്ട് കുട്ടിയെ ആസ്പത്രിയിലെത്തിക്കാൻ ശ്രമിച്ചില്ല ? മുറിവിന് മുകളിൽ ഒരു തുണിശീല കെട്ടി രക്ഷിതാവ് വരുംവരെ കാത്ത് നിന്ന ആ അരമണിക്കൂർ എത്ര വലുതായിരുന്നുവെന്ന് ഇവരൊന്ന് കണക്കുകൂട്ടണം.  ബെല്ലടിച്ചശേഷം  അര മിനിറ്റ് ക്ലാസ്സിലെത്താൻ കുട്ടികൾ വൈകിയാൽ  കാണിക്കുന്ന സമയാച്ചടക്കബോധം സെക്കൻറിന്റെ നൂറിലൊരംശം പോലും സങ്കീർണ്ണത സൃഷ്ടിക്കുന്ന ഈ കേസിൽ എന്ത്കൊണ്ട് ഈ അധ്യാപകർ പാലിച്ചില്ല ?


ഈ സംഭവം നടക്കുന്നത് അവസാന പീരിയഡാണ്. എല്ലാ അധ്യാപകരും തീർച്ചയായും സ്ഥലം കാലിയാക്കാനുള്ള മൂഡിലായിരിക്കും. ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഇവർ തയ്യാറായിരിക്കില്ല. ഓരോരുത്തന്റെ മേലേക്ക് ചാരി നീ പോ, നീ പോന്നും പറഞ്ഞു അവസാന ബെല്ലടിക്കും മുമ്പും സ്കൂട്ടറെടുത്ത് സ്കൂട്ടാവാനുള്ള തിരിക്കിലായിരിക്കും ഇവർ. അക്കാരണവും പാമ്പു കടിയേറ്റ കുട്ടിയെ ആസ്പത്രിയിൽ എത്തിക്കുന്നതിൽ മറ്റു അധ്യാപകരെ പിന്നോക്കം വലിച്ചിരിക്കാം.

ജീവിച്ചു തീർക്കാൻ ഒരുപാട് ബാക്കിയുള്ള പെൺകൊടിയെ ഇവരുടെ തികഞ്ഞ അനാസ്ഥ മൂലം ആ മാതാപിതാക്കൾക്ക് നഷ്ടപ്പെട്ടു.  സ്കൂളിലെത്തുന്ന കുഞ്ഞുമക്കൾക്ക് എന്ത് സംഭവിച്ചാലും അതെന്റെ ഉത്തരവാദിത്വമല്ലെന്ന നിലപാടിൽ,  സ്കിപ്പായി വീട്ടിലെത്താൻ തിടുക്കം കാട്ടുന്ന ആ അധ്യാപകർക്കു ഇപ്പോൾ സമാധാനം കിട്ടിയെന്ന് കരുതുന്നുണ്ടോ ? എത്ര പേരോട് ഇനി ഇവർ മറുപടി പറയാനുണ്ട് ? ഒന്നും രണ്ടും ദിവസത്തെ തീരുന്ന ഏർപ്പാടാണോ ? ആദരാഞ്ജലി എഴുതി സ്കൂൾ മതിലിൽ ബാനർ തൂക്കിയാൽ ഇനി മുതലങ്ങോട്ടുള്ള രാത്രികളിൽ ഉറക്കം ലഭിക്കുമെന്ന് ഇവർക്ക് ഉറപ്പുണ്ടോ ?

കുട്ടിയെ ആസ്പത്രിക്ക് പോകാൻ നിർബന്ധിച്ച ഒരധ്യാപിക, ദേഷ്യപ്പെട്ട് അതിലും വലിയ സീനുണ്ടാക്കി സ്ഥലം വിട്ടു എന്നു കേൾക്കുന്നു. ഈ അമ്മടീച്ചറിന് ഇറങ്ങിപ്പോകുമ്പോൾ ഷഹ്ല മോളെ കൂടി കൂടെ കൂട്ടിയിരുന്നെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നില്ലേ ?
ആസ്പത്രിയിൽ എത്തിക്കാൻ കൂട്ടാക്കാത്ത മാഷോടുള്ള  ദേഷ്യം ഒറ്റയ്ക്കിറങ്ങിപ്പോകുന്നതിന് പകരം, അമ്മടീച്ചർ ഇങ്ങനെയല്ലേ തീർക്കേണ്ടിയിരുന്നത് ? ആ സ്കൂളിൽ സ്വൽപമെങ്കിലും ദീനാനുകമ്പ അവശേഷിച്ചിരുന്ന ടീച്ചർക്ക് പക്ഷെ,  തലക്കു വെളിവും വെളിച്ചവും  ഇല്ലാതെ പോയി എന്നതാണ് അതിലേറെ കഷ്ടം !

ചക്കളത്തിൽ പോരും,  മൂപ്പിളമ തർക്കവും,  എല്ലാം അറിയാമെന്ന മൂഢധാരണയും ഇനിയെങ്കിലും മാറ്റി വെച്ച്  അധ്യാപകർ കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നഭിപ്രായം എനിക്കുണ്ട്. അറിയില്ലെങ്കിൽ അറിയില്ല എന്ന് പറഞ്ഞേക്കണം, വാവാ സുരേഷാകാൻ ഒരിക്കലും നിൽക്കരുത്. (നന്മച്ചില്ലകളായ പതിനായിരക്കണക്കിന് അധ്യാപകരുടെ സേവനങ്ങൾ മറന്നല്ല ഇപ്പറയുന്നത്, അവരോടുള്ള അഭിസംബോധനയുമല്ല )

ക്ലാസ്സിനകത്തും കാമ്പസിലും  അസ്വാഭാവികമായി എന്ത് ശ്രദ്ധയിൽ പെട്ടാലും സ്ഥാപന മേധാവിയെ  അറിയിക്കുവാൻ ആകുന്നില്ലെങ്കിൽ ആരും വാധ്യാരാകരുത്. ക്ലാസ്സിനകത്ത് വരുമ്പോൾ ചെരിപ്പഴിക്കാൻ കുട്ടികളെ നിർബന്ധിക്കാം. പക്ഷെ, ആ മക്കൾ നടക്കുന്ന, ഇരിക്കുന്ന സ്ഥലം പാദരക്ഷയില്ലാതെ കയറാൻ മാത്രം സുരക്ഷിതമാണോ എന്ന് കൂടി ഈ അധ്യാപകർ ആലോചിക്കണം.  നിലത്തെവിടെയെങ്കിലും തുള വീണിട്ടുണ്ടെങ്കിൽ  ഒരു കൈകോട്ട് മണ്ണെടുത്തടക്കാനും , കുട്ടികളെ കൂടി അതിന്റെ ഭാഗമാക്കാനുമുള്ള പ്രായോഗിക ബുദ്ധിയില്ലാതെ പോകുന്നത് കഷ്ടമാണ്. പണ്ടൊരു വാധ്യാർ തോണിക്കാരനോട് തർക്കിച്ച് പരിഹസിച്ച്, അവസാനം സ്വയം പരിഹാസ്യനായ കഥ ഓർമ്മയില്ലേ ? ബയോളജിയും ജിയോളജിയും എംബ്രിയോളജിയും അറിയാത്തപ്പോൾ ജീവിതത്തിന്റെ മുക്കാൽ ഭാഗവും കട്ടപ്പുകയായെന്ന് കളിയാക്കിയ വാധ്യാരോട് കാറ്റും കോളും വന്നപ്പോൾ തോണിക്കാരൻ ചോദിച്ചത് - ആശാനേ നീന്തോളജി അറിയോന്ന് ? അറിയില്ലെങ്കിൽ ജീവിതം തന്നെ മൊത്തം പോയെന്ന് പറഞ്ഞ് വെള്ളത്തിൽ ചാടിയ തോണിക്കാരന്റെ കഥ.

ഇനി മറ്റൊരാളെ പരിചയപ്പെടാം. ആളൊരു ഡോക്ടർ. സർക്കാർ ശമ്പളക്കാരൻ.  താലൂക്കാശുപത്രിയിലാണ് ഡ്യൂട്ടി. അവിടെ വിഷചികിത്സക്കുള്ള പരിചരണമുണ്ട്. അന്റിവീനവുമുണ്ട്. ടെസ്റ്റ് ചെയ്യാനുള്ള സൗകര്യമുണ്ട്. അവിടെയാണ് ഷഹ്ള എത്തുന്നത്. ടെസ്റ്റ് തുടങ്ങി.  പാമ്പ് കടിയേറ്റ ലക്ഷണങ്ങൾ  ഒബ്സർവേഷനിൽ വെച്ച സമയത്ത് തന്നെ രോഗി കാണിച്ചും തുടങ്ങി. പക്ഷെ, പിന്നെ അസുഖം തുടങ്ങിയത് ഡോക്ടർക്കാണ് . കുട്ടി ഛർദ്ദി തുടങ്ങിയപ്പോൾ അയാൾ  കുട്ടിയെ ഡിസ്ചാർജ് ചെയ്യാനാണ് ശ്രമിച്ചത്.  സ്വന്തം റിസ്കിൽ മകൾക്ക് മരുന്ന് നൽകാൻ കെഞ്ചിയ പിതാവിനോട് കുട്ടിയെ എത്രയും പെട്ടെന്ന് ഡിസ്ചാർജ് ചെയ്ത് മണിക്കൂറുകൾ അകലെയുള്ള ആസ്പത്രിക്ക് റഫർ ചെയ്യാൻ തിടുക്കം കാട്ടിയ നിരുത്തരാവാദിത്വത്തിന്റെ അങ്ങേയറ്റമായ ഒരു മണ്ടൻ  ഡോക്ടർ. എന്തൊരു ദുരന്തം !

ശരിക്കുമത്തരം ഘട്ടങ്ങളിൽ ആരാണ് സ്റ്റാൻഡ്‌ അറിയിക്കേണ്ടത് ? ചികിത്സ അറിയുന്ന ഡോക്ടറോ അല്ല രക്ഷിതാക്കളോ ? അത്ര ദൂരത്തേക്ക് റഫർ ചെയ്താൽ വിഷബാധയുടെ മുഴുവൻ ലക്ഷണങ്ങളും കാണിച്ചു തുടങ്ങിയ രോഗി എങ്ങിനെ രക്ഷപ്പെടുമെന്നാണ് വൈദ്യശാസ്ത്രം അഞ്ചരക്കൊല്ലം പഠിച്ച ഇയാൾ മനസ്സിലാക്കിയത് ? അറിയാത്തവർ ചോദിച്ചു പോകും.  അവിടെയും വിലപ്പെട്ട മറ്റൊരു അരമണിക്കൂർ  നഷ്ടമായി ! (ഒരുപക്ഷെ, ഡോക്ടർക്കും  സ്വകാര്യ ചികിത്സയ്ക്കുള്ള സമയമായിക്കാണും, അത് കൊണ്ടാകാം റിസ്ക്കിന് നിൽക്കാത്തത്! പിന്നെന്ത് പറയാൻ ?) 

ഇന്നലെ അസീസ് - അകാലത്തിൽ ആകാശത്തേക്ക് പറന്നകന്ന ആ മാലാഖക്കുഞ്ഞിന്റെ പിതാവ് - ഇടറി മുറിഞ്ഞ് വീണ ശബ്ദത്തിൽ പറഞ്ഞത് മലയാളി ലോകം മറക്കില്ല. "എനിക്കാരോടും പരിഭവമില്ല, കുറ്റപ്പെടുത്തുന്നുമില്ല;  നഷ്ടമായത് ഞങ്ങൾക്കാണ്, ഇനിയൊരു മാതാപിതാക്കൾക്കും ഇത്തരം  നിരുത്തരവാദത്വത്തിന്റെ ഒറ്റക്കാരണം കൊണ്ട് മാത്രം ഒരു കുഞ്ഞും നഷ്ടപ്പെടരുത്. "

അസീസിന്റെ വാക്കുകൾക്ക് ഒരുപാട് അർഥമാനങ്ങളുണ്ട്.

സ്കൂളിലെ ഭൗതിക സൗകര്യക്കുറവിനെ കുറിച്ച് വാചാലമായി വിഷയം വഴിതിരിച്ചു വിടുന്നതിന് പകരം ഉത്തരവാദിത്വപ്പെട്ടവരുടെ മനോഭാവത്തെക്കുറിച്ചാണ് നാം ആകുലരാകേണ്ടത്. ഇതിലുമപ്പുറം തുള വീണ, ചോർന്നൊലിച്ച, മോന്തായം പൊളിഞ്ഞ പള്ളിക്കൂടത്തിലൊക്കെയാണ് ഞങ്ങൾ പഠിച്ചു വളർന്നത്. അന്ന് പക്ഷെ,  മനുഷ്യത്വം എവിടെയും കാണാമായിരുന്നു.