Sunday 14 October 2018

മഞ്ഞക്കട്ട പറയുന്നത്

മഞ്ഞക്കട്ട പറയുന്നത്

ഞാൻ മഞ്ഞക്കട്ട !
ആരെയും ഉപദ്രവിക്കാൻ ആഗ്രഹിക്കാത്ത a Simple Piece of Stone !

വർഷങ്ങൾക്ക് മുമ്പ്
ഞാൻ മധ്യവാഹിനി പുഴയിൽ
ദീർഘകാലം കഴിച്ചു കൂട്ടി.
അയ്ത്തപ്പണ്ണനെ പോലുള്ളവർ എന്നെ അവരുടെ കൗപീനമുരച്ച് തേക്കാൻ എന്റെ പുറമായിരുന്നു ഉപയോഗിച്ചത്.

ചിലർ നിന്തൽ പഠിക്കാൻ
എന്റെ പുറത്ത് കയറി നിന്നാണ്
സ്‌റ്റെപ്പെടുത്തത്. ചിലർ ആരും കാണാത്തപ്പോൾ എന്റെ ദേഹത്ത് നല്ല ഊക്കോടെ "ഇച്ചി" വീഴ്ത്തിയിട്ടുണ്ട്. ആ ഉപ്പുരസത്തിൽ എനിക്ക് വിള്ളലും വിറയലുമുണ്ടായി.

എന്നിട്ടും ഞാൻ അഗണ്യ കോടിയിൽ തള്ളപ്പെട്ടു. മധുവാഹിനി പുഴയുടെ പഴയ പ്രതാപമില്ലാതെയായിക്കൊണ്ടിരുന്നു. ആരാലും ഞാൻ ശ്രദ്ധിക്കാതെയായി. കുട്ടികൾ കുളിക്കാൻ വരാതെയായി. അവർ ഷവറിനെ ആശ്രയിച്ചു. നീന്തൽ ഓൺലൈനിൽ പഠിച്ചു.  അലക്കലും കഴുകലും വാഷിംഗ് മെഷീൻ ഏറ്റെടുത്തു.

അങ്ങിനെയിരിക്കെയാണ് ഒരു കർക്കിടകത്തിൽ ഏതാനും പേർ പാതിരാത്രിയിൽ അവിടെ എത്തുന്നത്, അവർക്ക് എന്നെ വേണം, എന്തിനാണെന്നറിയില്ല, അവരുടെ കുശുകുശുക്കലിൽ നിന്ന് എനിക്ക് മനസ്സിലായത് നാറാണത്ത് ഭ്രാന്തന്റെ ആരാണ്ടൊക്കെയെന്നാണ്. ഇല്ലെങ്കിൽ അവർ വെറുതെ എന്നെ ഉരുട്ടിയുരുട്ടി കൊണ്ട് പോകുമോ ?

മൊഗർ വളവ് കണ്ടോ ? അവിടെ എത്തിയപ്പോൾ ഒരു വാഹനത്തിന്റെ വെളിച്ചം അവർ കണ്ടു. പിന്നെ അവർ ചെയ്തതെന്തെന്നോ ? എന്നെ ആ വഴിയിൽ അങ്ങിനെ തന്നെ ഉപേക്ഷിച്ചു ഓടിക്കളഞ്ഞു. നേരം വെളുക്കുമ്പോൾ ഞാനാകെ നിറം മാറിയിരുന്നു, ആ വഴി വന്ന നാറുനടുന്ന പെണ്ണുങ്ങൾ മുറുക്കാൻ ചവച്ച് തുപ്പിയത് മുഴുവൻ എന്റെ ദേഹത്തായിരുന്നു. എന്റെ ശരീരത്തിലെ രാസപ്രക്രിയ മൂലം മുറുക്കി തുപ്പിയ ചെമപ്പ് സൂര്യതാപമേറ്റ് മഞ്ഞ നിറമായി മാറിയിരുന്നു.

ആ വഴി പോകുന്ന ചെറിയ കുട്ടികളാണ് എന്നെ ആദ്യമായി മഞ്ഞകട്ട എന്ന് പേര് വിളിച്ചത്. അങ്ങിനെയാണ് ഞാൻ YELLow STONE ആകുന്നത്. നാളൊരുപക്ഷെ കാവിക്കട്ടയാകാനും ഇതൊക്കെ മതിയായ കാരണങ്ങളാണല്ലോ, ചരിത്ര നിർമ്മിതിക്കാർക്ക് ഇന്നൊട്ടു പഞ്ഞവുമില്ല.

No comments:

Post a Comment