Sunday 30 October 2016

ഭരണാധികാരികള്‍ മനുഷ്യരുടെ കൂടെയോ അതോ തെരുവുനായ്ക്കളുടെ കൂടെയോ? / അസ്‌ലം മാവില



http://www.kvartha.com/2016/10/who-will-control-stray-dog.html

അസ്‌ലം മാവില 

(www.kvartha.com 30.10.2016) കേരളം ഒരിക്കല്‍ കൂടി, പ്രത്യേകിച്ച് തെക്കന്‍ ജില്ലകള്‍, മറ്റെല്ലാ വിഷയങ്ങളെന്ന പോലെ ശ്രദ്ധാകേന്ദ്രമാകുകയാണ്. തെരുവുനായ്ക്കളാണ് ഇപ്പോള്‍ കൊണ്ടുപിടിച്ച ചര്‍ച്ചാ വിഷയം. നായ്ക്കള്‍ ഇല്ലാഞ്ഞിട്ടാണോ, അതല്ല കടിക്കാഞ്ഞിട്ടാണോ, അതുമല്ല കടിച്ചത് അതത്ര വാര്‍ത്തകളില്‍ ഇടം കിട്ടാഞ്ഞിട്ടാണോ, ഇവിടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കരുതലിലാണെന്ന് തെരുവ് പട്ടികള്‍ മനസ്സിലാക്കിയത് കൊണ്ടാണോ   എന്നറിയില്ല തെക്കന്‍ ജില്ലകളിലെ വാര്‍ത്താകോളങ്ങളില്‍ വരുന്നത്ര ജനശ്രദ്ധ വടക്കന്‍ ജില്ലകളില്‍ ഈ വിഷയം പെട്ടിട്ടുമില്ല. (കഴിഞ്ഞ ബുധനാഴ്ച ഫാത്തിമ നസ്രിന്‍ എന്ന രണ്ടു വയസ്സുള്ള പെണ്‍കുട്ടിയെ കോഴിക്കോട് തെരുവുനായ്ക്കള്‍ ആക്രമിച്ചതു മറന്നു കൊണ്ടല്ല ഈ കുറിപ്പ്).

വര്‍ക്കലയില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച സ്വന്തം വീടിന്റെ കോലായില്‍ കിടന്നുറങ്ങുകയായിരുന്ന തൊണ്ണൂറ് വയസ്സുള്ള ഗൃഹനാഥനെയാണ് തെരുവ് നായ്ക്കള്‍ വളരെ ഭീകരമായി കടിച്ചു കീറിയത്. മുറിവേല്‍ക്കാതിരിക്കാന്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ ഒരു ഭാഗവും ബാക്കിയില്ല. അത്രനല്ല വീടുണ്ടായിട്ടും ആ വൃദ്ധന്‍ എന്തിനാണ് രാത്രി സ്വന്തം വീടിന് പുറത്തു കോലായില്‍ തന്നെ കിടക്കാന്‍ തെരഞ്ഞെടുത്തതെന്നത് വേറെ ചോദ്യം. വാര്‍ത്ത വന്നത് വീട്ടില്‍ കയറി തെരുവ് നായ്ക്കള്‍ കടിച്ചു എന്നായിരുന്നു. റിപ്പോര്‍ട്ട് വായിച്ചപ്പോള്‍ പറയുന്നത് വീട്ടിന് പുറത്തുള്ള കോലായില്‍ കിടക്കുമ്പോഴും. വീട് നികുതി അടക്കുന്ന മാനദണ്ഡം അനുസരിച്ചു തുറസ്സായ ഈ സ്ഥലവും പഞ്ചായത്തു കണക്കില്‍ വീട്ടില്‍ തന്നെ പെടുമായിരിക്കും. പട്ടികടിയോളം തന്നെ മാനുഷിക പരിഗണന വെച്ച് ചര്‍ച്ച ചെയ്യേണ്ട വിഷയമാണ് പ്രായമുള്ളവരെ വീട്ടിന് പുറത്തിട്ട് ഉറങ്ങാന്‍ വിടുന്ന കുടുംബ പശ്ചാത്തല പ്രശ്‌നങ്ങളും. ഖേദകരമെന്ന് പറയട്ടെ, വീട്ടില്‍ പ്രായമേറെയായുള്ളവരെ പരിചരിക്കുന്ന വിഷയത്തില്‍ സ്വന്തം വീട്ടുകാര്‍ കാണിക്കുന്ന നിരുത്തരവാദ സമീപനത്തെ കുറിച്ചുള്ള വിഷയം ഈ ബഹളത്തിനിടയില്‍ ചര്‍ച്ച ചെയ്യപ്പെടാതെ വഴിമാറുകയാണ് ചെയ്യുന്നത്.

തെരുവ് നായ്ക്കളുടെ ശല്യം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നമ്മുടെ നാടുകളില്‍ ഈ പ്രശ്‌നങ്ങളുണ്ട്. അതത്  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നും പട്ടിപിടുത്തക്കാര്‍ വളയം എറിഞ്ഞു പട്ടികളെ പിടിച്ചു കൊണ്ടിരുന്നത് വളരെ ചെറുപ്പത്തില്‍ തന്നെ ഞങ്ങളൊക്കെ കാണുന്ന കാഴ്ചകളുമായിരുന്നു. അത് കൊണ്ടൊന്നും തെരുവ് നായ്ക്കള്‍ക്ക് പട്ടിസ്‌നേഹികള്‍ പറയുന്ന രൂപത്തിലുള്ള വംശ നാശം നടന്നതായി എവിടെയും റിപ്പോര്‍ട്ടില്ല.

മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയാനുള്ള നിയമത്തിന്റെ പതിനൊന്നാം വകുപ്പില്‍ മനുഷ്യനു പ്രത്യക്ഷത്തില്‍ വിപത്താകുന്ന മൃഗങ്ങളെ  കൊല്ലാന്‍ നിയമമുണ്ട്. അവര്‍ ഇങ്ങോട്ട് ശല്യം ചെയ്യുന്നത് കൊണ്ടാണല്ലോ കൊല്ലാന്‍ അങ്ങിനെയൊരു നിയമം നിലവില്‍ വരുന്നത്. സുപ്രീം കോടതിയിലെ കേസും എബിസി (Animal Birth Cotnrol)യും മനുഷ്യന്റെ ജീവനും സ്വത്തിനും ഒരിക്കലും പ്രതിബന്ധമാകരുത്.

തെരുവ് നായ്ക്കളെ വെച്ച് പൊറുപ്പിക്കരുതെന്ന് പറയുമ്പോഴൊക്കെ കേള്‍ക്കുന്ന സര്‍ക്കാര്‍ ഉപദേശങ്ങളാണ് വന്ധ്യകരണം. മനസ്സിലാകാത്തത് അതും ഇതും തമ്മില്‍ എന്ത് ബന്ധമെന്നാണ്. കടിക്കുന്ന പട്ടിയുടെ പിറക്കാന്‍ പോകുന്ന കുട്ടികളാണ് ഇപ്പോള്‍ നാട്ടില്‍ ശല്യം ചെയ്തു കൊണ്ടിരിക്കുന്നതെന്ന് തോന്നിപ്പോകും ഇവരുടെ പറച്ചില്‍ കേട്ടാല്‍. അല്ലെങ്കിലും സ്‌റ്റെറിലൈസേഷന്‍ എന്നത് എബിസിയുടെ ഭാഗമല്ലേ? പത്ത് ലക്ഷത്തോളം നായ്ക്കള്‍ കേരളത്തിലുണ്ട്. അതില്‍ 70 ശതമാനവും തെരുവ് നായ്ക്കളാണ്. ഇവയെ മാത്രം പിടിച്ചു കൂട്ട വന്ധീകരണ പ്രക്രിയ യജ്ഞം നടത്തിയാല്‍ തന്നെ 4 വര്‍ഷമെടുക്കുമത്രേ. അതും പട്ടിപിടുത്തക്കാര്‍ ആവശ്യത്തിനുണ്ടെങ്കില്‍. ഭരണാധികാരികള്‍ മനുഷ്യരുടെ കൂടെ നില്‍ക്കുകയാണോ അതല്ല തെരുവ് പട്ടികളുടെ കൂടെയോ? 

ബന്ധപ്പെട്ട സംസ്ഥാന മന്ത്രി, മേനകയെയല്ല നോക്കേണ്ടത്. അവര്‍ അങ്ങ് ഡല്‍ഹിയില്‍ ഇരുന്ന് വിളിച്ചു പറയുന്നത് കേട്ട് ഇവിടെ മുട്ട് വിറക്കണോ? കേരളക്കരയില്‍ നമുക്കാണ് പട്ടികടിഏല്‍ക്കുന്നത്. വരുന്നിടത്തു വെച്ച് കാണാമെന്ന ഉറച്ച തീരുമാനത്തില്‍ തെരുവ് നായ്ക്കളെ അടിയന്തിരമായി കൈകാര്യം ചെയ്യാനുള്ള നീക്കങ്ങളാണ് ഇനി ആവശ്യം. ഇനി ആരെയാണ് കാത്തിരിക്കുന്നത്? ഭരണാധികാരികള്‍ മനുഷ്യരുടെ കൂടെ നില്‍ക്കുകയാണോ അതല്ല തെരുവ് പട്ടികളുടെ കൂടെയോ? ഈ വിഷയത്തില്‍ ജസ്റ്റിസ് സിരിജഗന്‍ നിരീക്ഷിച്ചത് കൂടി കൂട്ടി വായിക്കുക, ഇതിങ്ങനെ തുടര്‍ന്ന് പോയാല്‍ ജനം നിയമം കയ്യിലെടുക്കുമെന്ന്.

സ്‌ട്രേ ഡോഗ്‌സ് എന്ന് പറഞ്ഞാല്‍ തന്നെ അലഞ്ഞു തിരിഞ്ഞു നടക്കുന്നവയല്ലേ. കൂടും കടുംബവുമില്ലാത്ത വര്‍ഗ്ഗം. ആരുടെയും കൂട്ടിലോ കുടുംബത്തിലോ ഇവര്‍ താമസവുമല്ല. വിണ്ണും മണ്ണുമാണ് അവര്‍ക്ക് വിഷ്ണു ലോകം. രാത്രി കാലങ്ങള്‍ വിട്ട് പകല്‍ വെളിച്ചത്തിലാണ് ഇപ്പോള്‍ തെരുവ് നായ്ക്കള്‍ വിഹരിക്കുന്നത്. അടുത്ത ഇര അതിന് ആരുമാകാം. ചെറുതോ വലുതോ എന്നതൊന്നും അവര്‍ക്ക് പ്രശ്‌നമില്ലല്ലോ. കൂട്ടം കൂട്ടമായാണ് ഒരു പേടിയുമില്ലാതെ യഥേഷ്ടം അലഞ്ഞ് തിരിയുന്നത്. ഇവയെ നിയന്ത്രിക്കാന്‍ അപ്പപ്പോഴുള്ള പരിഹാരമാണ് ആവശ്യം. കടിച്ച പട്ടികള്‍ ഉണ്ടാകുമല്ലോ. അവയെ കൊല്ലാമല്ലോ. വന്ധ്യകരണം മറ്റൊരു വഴിക്കും നടക്കട്ടെ. അല്ലെങ്കില്‍ തന്നെ വന്ധ്യംകരിച്ച നായ്ക്കള്‍ കടിക്കില്ലെന്നത് മൃഗസ്‌നേഹികളുടെ വെറും വായിലുള്ള തിയറിയല്ലേ? ശാസ്ത്രീയമായി തെളിയിച്ചതൊന്നുമല്ലേയല്ല.

മനുഷ്യന്റെ ദൈനംദിന ജീവിതത്തിനു മൃഗങ്ങള്‍ ശല്യമാകുമ്പോള്‍ അവയെ വച്ച് പൊറുപ്പിക്കണമെന്ന് പറയുന്നിടത്താണ് പ്രശ്‌നം. അപ്പോഴാണ് പലര്‍ക്കും അവരങ്ങനെ പറയാനുള്ള കാരണങ്ങളിലേക്ക് അന്വേഷണം നടത്താന്‍ തോന്നുന്നത്. പട്ടി വിഷയം വരുമ്പോള്‍ എടുത്ത് ചാടാറുള്ള മേനക ഗാന്ധി കേരളത്തിലെ ജനങ്ങളുടെ ജീവന് വേണ്ടിയല്ല കഴിഞ്ഞ ആഴ്ച സംസാരിച്ചത്. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ വിളിച്ചു ആരാഞ്ഞതും കടിയേറ്റവരെ കുറിച്ചുമല്ല, തെരുവ് നായ്ക്കളെ കൈകാര്യം ചെയ്യുന്നവരെ നിയന്ത്രിക്കാന്‍ വേണ്ടിയാണ്. അവര്‍ക്കെതിരെ ചുമത്താന്‍ വല്ല നിയമമോ ആപ്പ ഊപ്പയോ മറ്റോ ഉണ്ടെന്നായിരുന്നു.

2001 മുതല്‍ തന്നെ ഈ വിഷയം കേരളത്തിന്റെ പൊതുമനസ്സില്‍ ഉണ്ട്. ജസ്റ്റിസ് സിരിജഗന്‍ സമിതി ഒരു റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് നല്‍കിയിട്ടുണ്ട്. ആ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നത് വന്ധ്യകരണമെന്നത് അടിയന്തിര പരിഹാരമല്ലെന്നാണ്. 2001 വരെ കേരളത്തിലെ തെരുവ് നായ്ക്കളെ കുറിച്ചും വളര്‍ത്തു നായ്ക്കളെ കുറിച്ചും ശരിയായ റിപ്പോര്‍ട്ടും കണക്കുകളും ഉണ്ടായിരുന്നുവത്രെ. തുടര്‍ന്ന് വന്ന കേരള സര്‍ക്കാരുകള്‍ ഇത് സംബന്ധിച്ച വിഷയത്തില്‍ തുടര്‍ പ്രവര്‍ത്തനത്തിന് സൗകര്യം ചെയ്തിട്ടില്ലെന്നതും ചേര്‍ത്ത് വായിക്കുക.

ചില കണക്കുകള്‍ വായിക്കാന്‍ ഇവിടെ എഴുതാം. പേവിഷ വാക്‌സിന് കേരള മെഡിക്കല്‍ കോര്‍പറേഷന്റെ ലിസ്റ്റില്‍ ഉള്ള സര്‍ക്കാര്‍ ഫാര്‍മസികളില്‍ വില 6,500 രൂപ. പുറത്തു നിന്നും ഇതിന് 20,000 രൂപ. അനൗദ്യോഗിക കണക്ക്പ്രകാരം ഒരു വര്ഷം നടക്കുന്നത് 7,000 കോടി രൂപയുടെ ഇടപാടുകള്‍. വാക്‌സിനേക്കാളും കൂടുതല്‍ ഫാര്‍മസികള്‍ വാങ്ങിക്കൂട്ടുന്നതും ഡോക്ടര്‍മാര്‍ പ്രിസ്‌െ്രെകബ് ചെയ്ത് കൊടുക്കുന്നതും ബൂസ്റ്റര്‍ ഡോസും. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വരെ 85%  വാങ്ങുന്നത് ഒരു ടെന്‍ഡറും ക്ഷണിക്കാതെ ഒരൊറ്റ കമ്പനിയില്‍ നിന്നും! ശല്യം ചെയ്യുന്ന തെരുവ് നായ്ക്കളെ വനപുരിക്ക് അയക്കണമെന്ന് പറയുമ്പോള്‍ പ്രതിഷേധ സ്വരവുമായി വരുന്നതാകട്ടെ മരുന്ന് കമ്പനിക്കാര്‍ക്ക് പരോക്ഷമായി വക്കാലത്തുമായി ചില വക്കീല്‍ മാഫിയയും. എന്ത് മനസ്സിലാക്കാം? ആര് ആരുമായി നീക്കുപോക്കുകള്‍?

ഒരു കാര്യം കൂടി നമ്മുടെയും ശ്രദ്ധയില്‍ ഉണ്ടാകുന്നത് അതിലും നല്ലതാണ്. തെരുവ് നായ്ക്കള്‍ക്ക് യഥേഷ്ടം അലഞ്ഞു തിരിയാനുള്ള സാഹചര്യമുണ്ടാക്കുന്നതും നമ്മള്‍ തന്നെയാണ്. ശുചിത്വമെന്നൊക്കെ പേരിനു പറയുമെങ്കിലും അതിന്റെ നാലയലത്തു നാമെത്തിയെന്ന് ഉറപ്പിച്ചു പറയാന്‍ പറ്റുമോ? വീട്ടില്‍ നിന്ന് കളയുന്ന ഉച്ഛിഷ്ടങ്ങള്‍ മുതല്‍ കന്നുകാലികളുടെയും ഭക്ഷണ പദാര്‍ത്ഥങ്ങളുടെയും മറ്റുമുള്ള അവശിഷ്ടങ്ങള്‍ വരെ ശരിയായ രീതിയിലാണോ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നത്? പാതയോരവും പള്ളിക്കൂട മുറ്റങ്ങളും പുഴകളും തോടുകളും മറ്റുമല്ലേ ഇപ്പോഴും നമ്മുടെ ചിത്രത്തിലുള്ള വേസ്റ്റ് മാനേജ്‌മെന്റ് സ്‌പോട്ടുകള്‍. അവിടെപ്പിന്നെ പട്ടികള്‍ സംഘമായിട്ടല്ലേ വരിക? അന്നത്തെ ജംഗ് ഫുഡ് കിട്ടിയില്ലെങ്കില്‍ അത് അക്രമ സ്വഭാവം കാണിക്കാതിരിക്കുമോ?

തെരുവ് നായ്ക്കളെ കൈകാര്യം ചെയ്യാന്‍ ശക്തമായി മുറവിളി കൂട്ടുന്ന സ്വരം അല്പം കുറയാതെ തന്നെ ഒരു പുതിയ വേസ്റ്റ് മാനേജ്‌മെന്റ് സംസ്‌കാരം നമ്മുടെ കുടിലുകളില്‍ നിന്ന് തന്നെ തുടങ്ങാനുള്ള മുറവിളിയും ഒപ്പം ഉയരട്ടെ.

editorial


എഡിറ്റോറിയൽ ...................

ഓൺലൈൻ കൂട്ടായ്മകൾ ചില സന്ദർഭങ്ങളിൽ വലിയ അനുഗ്രഹമായിട്ടുണ്ട്. അതിൽ പെടുത്താവുന്ന ഒന്നാണ് RT എന്ന സാംസ്കാരിക കൂട്ടായ്മ. അക്ഷരങ്ങളെയും വായനയേയും സാമൂഹിക സാംസ്കാരിക ഇടപെടലുകളെയും  സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരു ഗ്രാമത്തിലെ തെരഞ്ഞെടുക്കപ്പെട്ട നൂറ്റിച്ചില്ലാനം വരുന്നവരുടെ ഒരു പൊതു ഇടമാണ് RT. കഴിഞ്ഞ രണ്ടു വർഷത്തോളമായി ചെറുതല്ലാത്ത രൂപത്തിൽ സജീവവുമാണ്. 

ഇടപെടലിന്റെ ഭാഷയും പുതിയ രീതിയും പരിചയപ്പെടുത്താൻ സാധിച്ചു എന്നതാണ് RT യുടെ ആകെയുള്ള നേട്ടം. തനിക്ക് അപ്രിയമെങ്കിലും അത് കേൾക്കാനും വായിക്കാനും അവയോട് ആരോഗ്യപരമായും  സൃഷ്ടിപരമായും  പ്രതികരിക്കാനുള്ള ഒരു സംവിധാനമൊരുക്കാനും RT ക്ക് സാധിച്ചിട്ടുണ്ട്. 

ചെറിയ ചെറിയ ഇടവേളകൾ RT മാനേജ്‌മെന്ത് മനഃപൂർവ്വമോ അല്ലാതെയോ ഉണ്ടാക്കിയിട്ടുണ്ട്.  മറ്റു ഗ്രൂപ്പുകളിൽ അനഭിലഷണീയമായ രീതിയിലേക്ക് ചില സന്ദർഭങ്ങൾ വഴി മാറുന്നുവെന്ന് ശ്രദ്ധയിൽ പെടുമ്പോഴൊക്കെ അത്തരം ഇടവേളകൾക്ക് വിരാമമിട്ട്  RT സജീവമാകാൻ ശ്രമിക്കാറുമുണ്ട്. കാരണം നമ്മുടെ സാംസ്കാരിക  കൂട്ടായ്മയിലെ അംഗങ്ങൾ പരോക്ഷമായി പോലും മറ്റു കൂട്ടായ്‍മകളിൽ പ്രതിബന്ധം സൃഷ്ടിക്കേണ്ടവരല്ലെന്ന സന്ദേശം വളരെ അവശ്യമാണ്. 

RT, റീഡേഴ്സ് തിയേറ്റർ, എപ്പോഴും സജീവമാകണമെന്നത് വിവിധ കോണുകളിൽ നിന്നുയരുന്ന ആവശ്യമാണ്. കാരണം ഇതിന്റെ പ്രതലം സാംസ്കാരിക ചുറ്റുപാടിൽ കെട്ടിപ്പടുത്തതാണ്. ഒരു ഗ്രാമത്തിൽ ഇത്രയൊക്കെ പേര് ഒന്നിച്ചു കേൾക്കാനും പറയാനും വായിക്കാനും ഉണ്ടാവുകയെന്നതും ചെറിയ കാര്യമല്ലല്ലോ. ഇനിയും നമ്മുടെ ഈ പൊതു ഇടം ഉപയോഗിച്ച് പുതിയ പരീക്ഷണങ്ങളും പരിശീലനങ്ങളും നടത്തേണ്ടതുണ്ട്.

എല്ലാവരുടെയും സജീവ പങ്കാളിത്തം അവയ്ക്കായുണ്ടാകട്ടെ. വിഭാഗീയതയുടെയും വിദ്വെഷത്തിന്റെയും അസഹിഷ്ണുതയുടെയും ദുഷ്ട ചിന്തകളുടെയും കൂരിരുട്ട് പരക്കുന്നേടത്തൊക്കെ ദീപം തെളിക്കാൻ,  ഈ ചന്ദ്ര വിളക്കിനു ഒരു നൂൽത്തിരിയാകാനെങ്കിലും ഈ കൂട്ടായ്മയിലെ ഓരോരുത്തർക്കുമാകട്ടെ. ശരിയേയും നേരിനെയും നേർവായനയെയും ആശയ-ആസ്വാദന-വീക്ഷണ  വൈജാത്യങ്ങളിലെ ആകാശത്തെയും നക്ഷത്രങ്ങളെയും നമുക്ക് ചാരിനിൽക്കാം. RT യുടെ നിറ സാന്നിധ്യം അതിനിടയാവട്ടെ. 

എഡിറ്റോറിയൽ ബോർഡ് 

Wednesday 26 October 2016

രക്തനിർണ്ണയക്യാംപിന്റെ പ്രസക്തിയും നമ്മുടെ പങ്കാളിത്തവും / അസ്‌ലം മാവില

രക്തനിർണ്ണയക്യാംപിന്റെ പ്രസക്തിയും
നമ്മുടെ പങ്കാളിത്തവും

അസ്‌ലം മാവില

രക്തത്തിന് ജാതിയില്ല, മതമില്ല, വർണ്ണമില്ല,  വർഗ്ഗമില്ല. അത്കൊണ്ടതിനു വിവേചനവുമില്ല. പച്ചക്കരളുള്ള മനുഷ്യരുടെ രക്തത്തിന് ഒരൊറ്റ നിറം.  അതിന്റെ  ഭാഷയും ഭാഷ്യവുമാകട്ടെ കൊണ്ട്കൊടുക്കലിന്റെയും.

അടിയന്തിരഘട്ടത്തിലാണ് രക്തത്തിന്റെ ആവശ്യം വരിക. രക്തം വേണമെന്ന് പറഞ്ഞാൽ അതിനർത്ഥം നിങ്ങൾ ജീവാർപ്പണത്തിന്റെ ഭാഗമാകണമെന്നാണ്. എന്റെ ജീവന് നിങ്ങൾ കാവലാകണമെന്ന്.  ഈ ശരീരത്തിലോടുന്ന രക്തത്തിന്റെ കൂടെ നിങ്ങളുടെ ജീവനും പങ്കാളിയാകുമെന്ന്. നിങ്ങളുടെ രക്തവും ഇടകലർന്നു, ഒന്നായി ധമനികളിൽ  ഒഴുകുമെന്ന്, ജീവൽപ്രവാഹം നടത്തുമെന്ന്.

ആസ്പത്രിക്കിടക്കയിൽ മരണത്തോട് മല്ലിടുമ്പോൾ, അപകട നില തരണം ചെയ്യാതാകുമ്പോൾ, ഒരു ശസ്ത്രക്രിയ ആവശ്യമായി വരുമ്പോൾ, ലേബർമുറിയിൽ കുഞ്ഞിക്കാലിനായി ഒരു മാതാവ് പിടയുമ്പോൾ .... രക്തം അവശ്യമായി വരുന്നു. പ്രത്യുത്തരത്തിനായി ഐസിയുവിൽ ഒരു ജീവൻ  കാതോർക്കുന്നു.

ധാര മുറിയാതെ ധമനികളിൽ ഒരിടപെടലുമില്ലാതെ രക്തമോടുന്ന മനുഷ്യരോടാണ് അപേക്ഷ.    സർജിക്കൽ ടേബിളും കടന്ന്, ഝടുതിയിൽ വാതിൽ തുറന്ന്  വെള്ള മാലാഖ മുഖാവരണം മാറ്റി രക്തദാതാവിനെ അന്വേഷിക്കും. ജീവന്റെ തുടിപ്പ് നിലനിർത്താൻ അവിടെ വാചകമടിയില്ല, വാക്കസർത്തില്ല. അത്യാധുനിക ജീവരക്ഷാസാമഗ്രികൾക്കൊന്നിനും അവിടെ അപ്പോൾ റോളില്ല. ആവശ്യമുള്ള ജീവജലം, രക്തം എത്തിയാലല്ലാതെ. അതിനാണ് ആദ്യം മുൻ‌തൂക്കം.

ആരോഗ്യമുള്ള ആർക്കും മുന്നോട്ട് വരാൻ, പൊയ്പ്പോയേക്കാവുന്ന ഒരു ജീവൻ നിലനിർത്താൻ ദൈവം ഭൂമിയിലെ ''മാലാഖ''മാർക്ക് നൽകുന്ന അപൂർവ്വ അവസരം.   അങ്ങിനെയാണ് സന്ദേശങ്ങൾ ക്ഷണ നേരം കൊണ്ട് എല്ലായിടത്തുമെത്തുന്നത്. മനുഷ്യരിൽ നിന്ന് ഒരു പ്രതിഫലവും  ആഗ്രഹിക്കാതെ ആസ്പത്രി അഡ്രസ്സ് നോക്കി, ഐസിയു ലക്ഷ്യമാക്കി അവരെത്തുന്നത് !

നമുക്കും അത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ   ജീവൻരക്ഷാ കവചമാകണം. അതിന്  നാം തയ്യാറെടുക്കണം. അതിന്   നമ്മുടെ രക്തഗ്രൂപ്പ് അറിഞ്ഞേ തീരൂ. സ്വീകർത്താവാകാനും ദാതാവാകാനും അതറിഞ്ഞേ മതിയാവൂ. ഒരു നാട്ടിൽ, ഒരു പതിവ് പുസ്തകത്തിൽ, രജിസ്റ്ററിൽ, നമ്മുടെ പേരുമുണ്ടാകണം, കൂടെ നമ്മുടെ രക്തഗ്രൂപ്പും. പോരാ, ഏത് ഘട്ടത്തിലും എന്റെ രക്തത്തിലൊരംശം തരാൻ തയ്യാറാണെന്ന സമ്മതിപത്രവും. നൽകിയാൽ ക്ഷണനേരം കൊണ്ട് നമ്മുടെ ശരീരത്തിൽ അത്രതന്നെ നമ്മുടെ ശരീരം തരുന്നു. അത്കൊണ്ട് ആധി വേണ്ട, വ്യാധിയും വേണ്ട.  നമുക്കും അതൊരുനാൾ ആവശ്യമുള്ളതാണ്, അതെപ്പോഴാണെന്ന് അറിയില്ലെങ്കിലും.

രക്തനിർണ്ണയക്യാമ്പ് നിങ്ങളുടെ രക്തത്തിന്റെ A,B,AB,O നെഗറ്റിവും പോസിറ്റിവും നിർണ്ണയിക്കുന്ന ദിവസം മാത്രമല്ല. ആവശ്യഘട്ടത്തിൽ അത് നൽകുവാൻ മനസ്സ് ഒരുക്കുന്ന വേള കൂടിയാണ്.

blood is meant to circulate. Pass it around. പ്രവഹിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് രക്തം. അത് കൈമാറി കൈമാറിക്കൊണ്ടേയിരിക്കുക. രക്തദാനം  പൊക്കിൾകൊടിബന്ധത്തോളം ശ്രേഷ്ടമാണ്. ആരാകിലെന്ത് ? blood group determination camp-കൾ പങ്കാളിത്തം കൊണ്ട് വിജയിപ്പിക്കുക.

വെള്ളിയാഴ്ച നമ്മുടെ നാട്ടിൽ  ഒരു പ്രമുഖ യുവജന വിംഗ് .നടത്തുന്ന രക്തനിർണ്ണയ ക്യാമ്പ് എന്ത് കൊണ്ടും നല്ലത്, ആ ദൗത്യം തികച്ചും മാനുഷികം.  അതിനായിരിക്കട്ടെ ഇന്നത്തെ   ആശംസകൾ !

പുതിയ എഴുത്തുകാരെ പരിചയപ്പെടുക - (1) സഹീറാ തങ്ങൾ

പുതിയ എഴുത്തുകാരെ
പരിചയപ്പെടുക


സഹീറാ തങ്ങൾ

പാലക്കാട്‌ ജില്ലയിലെ പള്ളിക്കുന്നിൽ ജനനം. മുത്തുകോയ തങ്ങളുടേയും ആയിഷാബീവിയുടേയും മകൾ. ബോട്ടണിയിൽ ബിരുദവും ബിസിനസ്‌ അഡ്‌മിനിസ്‌ട്രേഷനിൽ (എം.ബി.എ) ബിരുദാനന്തരബിരുദവും. കഥയും കവിതയും നോവലുമെഴുതുന്നു. ‘ഞാനെന്ന ഒറ്റവര’ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അറേബ്യ സാഹിത്യ പുരസ്‌ക്കാരം, കഥയ്‌ക്ക്‌ മലയാളം ന്യൂസ്‌ അവാർഡ്‌, ഗൾഫ്‌ ആർട്‌സ്‌ ആന്റ്‌ ലിറ്റററി അവാർഡ്‌ എന്നിവ ലഭിച്ചിട്ടുണ്ട്‌. ഭർത്താവ്‌ ഃ അബ്‌ദുൽലത്തീഫ്‌. മക്കൾ ഃ ജൽവ, കെൻസ. ഇപ്പോൾ ദുബൈയിൽ ഒരു അഡ്വർടൈസിങ്ങ്‌ കമ്പനിയിൽ ക്ലൈന്റ്‌ സർവിസിങ്ങ്‌ മാനേജർ ആയി ജോലി ചെയ്യുന്നു.

മറ്റു പുസ്തകങ്ങൾ

ആശ്രമകന്യക  (dc ബുക്സ് )
പ്രണയത്തിന്റെ തീക്ഷണവേദനകളിൽ നിന്നടർന്ന കണ്ണീരിന്റെ ഏകാന്തതകളാണ്‌ സഹീറാ തങ്ങളുടെ കവിതകൾ. ഒച്ചയനക്കങ്ങളില്ലാത്ത അരികെയിരുന്ന്‌ കാതിൽ സ്വകാര്യമായി അതിങ്ങനെ മൊഴിയുന്നു. “കണ്ണുകളെ തലോടണം തടവറയുടെ ഈണത്തെയും'' .
പുതിയ കവിതയുടെ സ്വരഭാവവൈവിദ്ധ്യങ്ങൾ ആവിഷ്‌കരിക്കുന കവിതാ സാമാഹാരം.

റാബിയ (current ബുക്സ് )
“ഈ നോവലിലെ പ്രധാന കഥാപാത്രങ്ങളായ മൂന്ന്‌ സ്‌ത്രീകളും പുരുഷന്റെ ഇരകളാക്കപ്പെട്ടവരാണ്‌. അവരുടെ ദുരന്തങ്ങൾക്ക്‌ ഏറെക്കുറെ സമാനസ്വഭാവമാണെങ്കിലും കഥയുടെ ഓരോഘട്ടങ്ങളിലായി എല്ലാ കെട്ടുമഴിച്ച്‌ ഇവർ രക്ഷപ്പെടുന്നത്‌ ഓരോ തരത്തിലാണ്‌..; വായന അർഹിക്കുന്ന പുസ്തകം.

വിലാസം ഃ പുതിയമാളിയേക്കൽ, 18&365, സിവിൽ സ്‌റ്റേഷൻ, പാലക്കാട്‌ - 678 001.


http://www.puzha.com/malayalam/bookstore/malayalam-authors.html

Tuesday 25 October 2016

എ. അയ്യപ്പൻ

വിശപ്പുള്ളവൻ ചെരിപ്പു തിന്നുന്നതു കണ്ട്
ചിരിച്ചവനാണ് ഞാൻ.
അന്നത്തെ കോമാളിത്തരമോര്ത്ത്
ഇന്നു ഞാൻ കരയുന്നു.
കൊടും ശൈത്യത്തിൽ
അന്ധകാരത്തിനെ പുതപ്പാക്കിയവനെ കാണാതെ
ചൂടുള്ള മുറിയിൽ പ്രകാശത്തിലുറങ്ങിയവൻ.
ഇന്ന്
മഞ്ഞുകാലത്ത്
അവനെയോർത്ത്
ഞാൻ പുതപ്പില്ലാതെ പൊള്ളുന്നു.
കടലിനോടു പൊരുതിയ
കിഴവന്റെ മീൻ തിന്നത് ഞാനാണ്.
ഇന്ന്
സിംഹതുല്യമായ അവന്റെ സ്വപ്‌നങ്ങൾ
എന്നെ വേട്ടയാടുന്നു.
മകന് വേശ്യയെ സമ്മാനിച്ച
അച്ഛന്റെ കാരുണ്യം കണ്ടവൻ.
ഇന്ന്
നിന്ദിതനായ എന്നെ
അവന്റെ സ്വാർത്ഥത
സദാപി പീഡിപ്പിക്കുന്നു.
അപ്പത്തിനു കൈ നീട്ടിയവന്റെ
മുഖം പൊള്ളിച്ചവൻ.
ഇന്ന്
തീ പിടിച്ച ആ വെള്ളം
എന്റെ കൂരയെ ചാരമാക്കുന്നു.

എ. അയ്യപ്പൻ

എന്‍‌റെ ശവപ്പെട്ടി ചുമക്കുന്നവരോട് ....

എന്‍‌റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട്
എന്‍‌റെ ഹൃദയത്തിന്‍‌റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും
ജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്‍‌റെ-
ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം
മണ്ണ് മൂടുന്നതിന് മുമ്പ്
ഹൃദയത്തില്‍ നിന്നും ആ പൂവ് പറിക്കണം
ദലങള്‍ കൊണ്ട് മുഖം മൂടണം
രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദലം
പൂവിലൂടെ എനിക്കു തിരിച്ചു പോകണം
പൂവിലൂടെ എനിക്കു തിരിച്ചുപോകണം
മരണത്തിന്‍‌റെ തൊട്ടുമുമ്പുള്ള നിമിഷം
ഈ സത്യം പറയാന്‍ സമയമില്ലായിരിക്കും
ഒഴിച്ച് തന്ന തണുത്ത വെള്ളത്തീലൂടെ
അത് മൃതിയിലേക്ക് ഒലിച്ചുപോകും
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇനിയെന്‍‌റെ ചങ്ങാതികള്‍ മരിച്ചവരാണല്ലൊ!

comments

അതെ സാപ്, മൗലിക രചനകൾ എപ്പോഴും നമുക്ക് തിരിച്ചറിയാനാകും. അത് സാവധാനമുള്ള പടവ് കയറലാണ്. ഈ ആരോഹണക്രമം ഓരോ എഴുത്തുകാരനിലും ഉണ്ട്. അത് ഉണ്ടെന്ന് ഓരോ വായനക്കാരനും അപ്പപ്പോൾ ഉറപ്പ് വരുത്തുന്നുമുണ്ട്.  ഏറ്റവും നല്ല വിമർശകൻ ഏറ്റവും നല്ല സഹൃദയനാണ്. സാഹിത്യത്തിൽ വിമർശനമെന്നാൽ കാടടച്ചു ആക്ഷേപിക്കലല്ല. പഴുതുകളും പിഴവുകളും ചൂണ്ടികാണിക്കുന്നു; ഒപ്പം സർഗ്ഗശക്‌തിയെ പ്രമുഖമാക്കി കാണിക്കുന്നു.  അദ്ധിയുടെ പ്രസ്തുത രചനയെകുറിച്ചുള്ള നല്ല നിലവിലായിരുത്തലായി എനിക്ക് തോന്നി. തുടർന്ന് പറഞ്ഞതും അതിലേറെ ഉഷാറായി.  RT യിലെ ഓരോ വായനക്കാരന്റെയും അഭിപ്രായമാണ്, എല്ലാ എഴുത്തുകാരോടും കലാകാരന്മാരോടും. 

തുടക്കം


തുടക്കം , സ്വാഗതം

അതിഥികളെ പരിചയപ്പെടൽ

എഡിറ്റോറിയൽ

ഓൺ സാംസ്കാരിക കൂട്ടായ്മകളുടെ സാധ്യതകൾ പോരായ്മകൾ

അഭിപ്രായങ്ങൾ :  a, b, c, d, etc

രണ്ടോ മൂന്നോ ആർട്ടിക്കിൾ

RT  സെഷൻ  ചർച്ച

RT യുടെ സാന്നിധ്യം - എന്തെങ്കിലും മാറ്റം ?

പുതിയ പ്രവർത്തന മേഖല - സാധ്യതകൾ വെല്ലുവിളികൾ

ഇഷ്ട വിഭവങ്ങൾ :
അഭിപ്രായങ്ങൾ ,a,b,ce,d,e, etc

അതിഥികൾ പ്രേക്ഷകരോട്
a,b,c,d,e

എന്റെ കയ്യൊപ്പ്
(RT അംഗങ്ങളുടെ വിഭവങ്ങൾ )

സ്വരമാധുരി :
(സംഗീത വിരുന്ന്)

ഒടുക്കം <നന്ദി

Monday 24 October 2016

സാംസ്കാരിക കൂട്ടായ്മ / അസ്‌ലം പട്‌ല

സാംസ്കാരിക കൂട്ടായ്മ

അസ്‌ലം പട്‌ല

RT യെ ഇപ്പോൾ വായനക്കാർ നോക്കിക്കാണുന്നത് തികച്ചും ഉത്തരവാദിത്തവും പക്വമതിത്വമുള്ള കൂട്ടായ്മ എന്ന നിലയിലാണ്. അതിനനുസരിച്ചുള്ള ഇടപെടലുകളും  പ്രതികരണവുമാണ്  നാമോരോരുത്തരിൽ നിന്നുമുണ്ടാകേണ്ടത്. ഒരു ദിവസം മുഴുവനായി ഈ ഫോറത്തിൽ ഒരനക്കവുമില്ലെങ്കിൽ വായനക്കാർ അതുൾക്കൊള്ളും. നിരന്തരം ചലനാത്മമാവുകയാണെങ്കിൽ വളരെ നല്ലതുമാണ്.

അത്കൊണ്ട് നിർദ്ദേശങ്ങൾ കൂട്ടായ ആലോചനയുടെ ഭാഗമാണ്. അതൊരിക്കലും അടിച്ചേൽപ്പിക്കലല്ല. എഴുതുന്ന ആർട്ടിക്കിളിന്റെ താഴെ പേര് വെക്കണമെന്ന് പറയുന്നത് ഒരു പുതിയ കീഴ്വഴക്കം പരിചയപ്പെടുത്തലല്ല. ഞങ്ങളുടെ പേഴ്സണൽ ഇൻബോക്സിൽ വരുന്ന അന്വേഷണങ്ങൾക്ക് ഒരു പരിധി വരെ അത് പരിഹാരം കൂടിയാണ്. കൂട്ടായ്മകളുടെയോ ഗ്രൂപ്പുകളുടെയോ പേരിൽ എഴുതുന്ന  വചനങ്ങൾ  നമ്മുടെ ഗ്രൂപ്പിൽ ആവശ്യമില്ല. പേരുണ്ടെങ്കിൽ മാത്രം പോസ്റ്റ് ചെയ്യുക. വായനക്കാരെയാണ് ലക്‌ഷ്യം വെക്കുന്നതെങ്കിൽ എഴുത്തുകാരന്റെ പേര് നിർബന്ധം.

ഇതൊരു വ്യവസ്ഥയും വെള്ളിയാഴ്ചയുമുള്ള കൂട്ടായ്മ എന്ന് തന്നെ നാമോരുത്തരും കണക്ക് കൂട്ടുക. എല്ലായിടത്തും കണ്ടേക്കാവുന്ന ബഹളം ഇവിടെയും ഉണ്ടാകണമെന്നോ ഉണ്ടാക്കണമെന്നോ നാമാരും തന്നെ ആഗ്രഹിക്കുന്നവരുമല്ല. അത് കൊണ്ട് കൂടിയാണല്ലോ 256 പേരെ ഉൾക്കൊള്ളാൻ പറ്റുന്ന ഈ ഗ്രൂപ്പിൽ അതിന്റെ പകുതി അംഗങ്ങൾ മാത്രമായി പരിമിതപ്പെടുത്തിയത്.  ആളുകളുടെ ആധിക്യമല്ല അവരുടെ സജീവ സാനിധ്യവും നിതാന്ത ജാഗ്രതയുമാണ് പ്രധാനം.

ഇങ്ങിനെയും ഒരു ഗ്രൂപ്പ് ഇരിക്കട്ടെ. നാമെല്ലാം ചെറുതെന്ന് സ്വയമറിയാനെങ്കിലും.

സന്തോഷകരമായ വാർത്ത കേട്ടത്, എത്രത്തോളം ശരിയെന്നറിയില്ല,  കുറച്ചു യുവാക്കൾ എണ്ണത്തിൽ പരിമിതമെങ്കിലും ഇതേപോലുള്ള കൂട്ടായ്മകൾക്ക് വേറെയും രൂപം നൽകിയിട്ടുണ്ടെന്നതാണ്. അവരുടെ ദൗത്യം വിജയിക്കാൻ നമുക്ക് വിജയമാശംസിക്കാം. ഇനിയും ചെറിയ ചെറിയ മെഴുകുതിരിവെട്ടങ്ങൾ ചുറ്റുഭാഗങ്ങളിലുണ്ടാകട്ടെ.

ഇന്ന് വായനാമുറി


ഇന്ന്  വായനാമുറി

നാം വായിച്ച ഒരു ചെറു കഥ, ഒരു  മിനികഥ, കവിത, ഒരു ലേഖനത്തിലെ പ്രസക്തമായ വരികൾ (അവ സാമുദായിക സ്പർദ്ധയ്ക്ക് സൂചന നൽകുന്ന  പരാമർശ മുളളതാകരുത്) അങ്ങനെയെന്തെങ്കിലും ഇവിടെ വായനയ്ക്കായി പങ്കിടുക.

വായനാമുറിയിൽ കവിത ചൊല്ലാം. കഥ വായിക്കാം. ഏകാങ്കങ്ങൾ ഭംഗിയായി അവതരിപ്പിക്കാം. സാഹിതീ സംപുഷ്ടമായ ഒരു എഴുത്തിലെ ഏതാനും വരികൾ വായിക്കാം. (ഏത് ഭാഷയായാലും സ്വീകാര്യമാണ് ). ഒരു എഴുത്തുകാരനെ പരിചയപ്പെടുത്താം.

രചയിതാവിന്റെ പേര് നിർബന്ധമായും വേണം. പോസ്റ്റ് ചെയ്യുന്നവരുടെ പേര്  വേണമെന്നില്ല.  എഴുത്തുകാരന്റെ പേര് ഓർമ്മയില്ലെങ്കിൽ #കടപ്പാട്  എന്നെങ്കിലും എഴുതുക. അതൊരു ഗുരുവാദരവിന്റെയും എഴുത്ത്മര്യാദയുടെയും ഭാഗമാണ്. 

പുസ്തക പരിചയം / സാൻ മാവില

പുസ്തക പരിചയം
നാളെ RTയിൽ

ഓരോ ആഴ്ച്ചയിലും
ഒരു പുസ്തകം പരിചയപ്പെടുത്തുക
എന്ന RT യുടെ ഈ സെഷനിൽ

സാൻ മാവിലയുടെ
വായനാമുറിയിൽ നിന്ന്
ഈ ആഴ്ച്ചയിലെ പുസ്തകം പരിചയപ്പെടുത്തുന്നു

നോബൽ സമ്മാന ജേതാവും
റഷ്യൻ എഴുത്തുകാരനുമായ

മിഖായേൽ ഷോളഖോവിന്റെ
പ്രസിദ്ധമായ നോവൽ

''ഉഴുത് മറിച്ച  പുതുമണ്ണ്''
(Virgin Soil Upturned)

നാളെ RT യിൽ

RT ൽ പുതുതായി ആരംഭിക്കുന്ന ഈ പക്തിയിലേക്ക് എല്ലാവർക്കും സ്വാഗതം.
വായനയെയും പുസ്തകത്തെയും ഇഷ്ടപ്പെടുന്നവർക്ക്  ഈ സെഷൻ  തീർച്ചയായും ഉപകാരപ്പെടും എന്ന് RT പ്രതീക്ഷ പുലർത്തുന്നു. 

വിശപ്പിന് ഭ്രാന്തില്ലേ...??./ അദ്ധി പട്‌ല



നമ്മുടെ  നാട്ടിൽ  കണ്ട് വരുന്നത്

ഇന്നത്തെ വെളിച്ചത്തിന് (  പകലിന് )
പറഞ്ഞറിയിക്കാനാവാത്ത
എന്തൊരു  ഇരുട്ടാണ്

ഇന്നലെത്തെ ഇരുട്ടിനാണെങ്കിലോ
വല്ലാത്ത വെളിച്ചവും

ഇവിടെ

വിശപ്പിന്  ഭ്രാന്തില്ലെന്ന്  
പറയുന്നതെത്ര  ശരിയാണ്  .



വിശപ്പ് ഒരു മാനസികാവസ്ഥയല്ലേ? ഒട്ടിയ വയറും വറ്റിയ നാവും കൂടെ തളർന്ന മനസ്സുമുണ്ടെങ്കിലേ വിശപ്പ് പൂർണമാകുന്നുള്ളൂ.    സ്വന്തം നിഴലിനെ പോലും അറിയിക്കാതെ വിശപ്പിനെ തോൽപ്പിക്കാൻ ചിലർക്ക് കഴിയുന്നത് മനസ്സിന്റെ ഉറപ്പ് കൊണ്ട് മാത്രമാണ്..
 _____________________________________________________________________________
വിശദീകരണം :
സുഖം എന്ന്  വിശ്വസിച്ചോട്ടെ
ഇപ്പോഴത്തെ സുഖം പലരുടേയും *വാക്കുകളിൽ* മാത്രമേ  ഉണ്ടാവാറുള്ളൂ  എന്നറിയാം  എന്നാലും,

വെളിച്ചത്തിലെ ഇരുട്ടിനെ പറ്റിയും, ഇരുട്ടിലെ വെളിച്ചത്തെ പറ്റിയും  ഒാരോർത്തർക്കും അവരുടേതായ  കാഴ്ചപ്പാടുണ്ടാകും.   അതിൽ *മഹമൂദിന്റെ*  അഭിപ്രായം  ഇവിടെ  കുറിക്കുകയുണ്ടായി.
ഇനിയും പലർക്കും പല വിധത്തിൽ കാണാവുന്നതാണ്.    ഇതിൽ  എന്റെ കാഴ്ചപ്പാട്  വേറെയാണ് .  ഇതിനെ കുറിച്ച്   ഇനിയൊരിക്കലാകാം എന്ന്  വിചാരിക്കുന്നു.   കാരണം  ഇവിടെ  കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് *വിശപ്പിനെ*  പറ്റിയാണ്.   അത് കൊണ്ട്   ഒര്  കാഴ്ച ഞാൻ  ചുവടെ കുറിക്കുന്നു .  നിങ്ങൾക്ക് വേണമെങ്കിൽ യോജിക്കാം ,വിയോജിക്കാം  ഇത് എന്റെ  തോന്നൽ മാത്രമാണ്.

പല വിധത്തിലുള്ള  മാനസിക രോഗമുള്ളവരെ ( ഭ്രാന്തന്മാരെ ) ഞാൻ  കാണാറുണ്ട് .   പലപ്പോഴും
പല ഇടങ്ങളിലും പല സ്ഥലത്തും അന്നും ഇന്നും  .

ചില ഭ്രാന്തന്മാര്   അവരുടെ ദിന ചര്യയുടെ കാര്യത്തിലും അവരുടെ കാര്യത്തിലും  ഉറക്കം, കുളി ,വസ്ത്രധാരണം  ഒര് സാധാരണ മനുഷ്യന് ഉണ്ടാകേണ്ട ഒര് കാര്യത്തിലും അവർ ബോധമുള്ളവരല്ല.   താൻ ആരാണെന്ന്  അവരോട് ചോദിച്ചാൽ  പോലും അവർക്ക് അറിയില്ല.
അവർ ജീവിക്കുന്നത് എന്തിനാണ്  താൻ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അറിയാത്ത മാനസിരോഗികൾ
ഇവർക്കെല്ലാം വിശന്നാൽ  അവർ സാധാരണ മനുഷ്യനാകുന്നു .    ഹോട്ടലുകളിലോ   ,വീടുകളിലോ  ചെന്ന് അവർ ചോദിക്കുന്നു.   കഴിക്കാൻ വല്ലതും തരണം എന്ന്  അവർക്കറിയുമോ  ഭക്ഷണം കഴിച്ചില്ലെങ്കിൽ  ജീവിക്കില്ലേ   ജീവിക്കാനാണോ ഭക്ഷണം കഴിക്കുന്നത് എന്ന്   ഇവിടെയാണ്  ഞാൻ  എന്നോട് തന്നെ ചോദിച്ചത്  '' *വിശപ്പിന് ഭ്രാന്തില്ലേ...??*.

''ഇത്  എന്റെ  ഒര്  തോന്നൽ  മാത്രമാണ് ''.

ഒളിച്ചോട്ടം ( രക്ഷപ്പെടൽ )/ അദ്ധി പട്‌ല

       ഒളിച്ചോട്ടം  (  രക്ഷപ്പെടൽ )

  ഇന്ന് നാം കണ്ട് കൊണ്ടിരിക്കുന്ന  ഈ  ഒളിച്ചോട്ടം യഥാർത്ഥത്തിൽ
നാം  എന്താണ് മനസ്സിലാക്കിയത് ? അല്ലെങ്കിൽ അതിനെ നേരിടുന്നത്  അതിൽ നിന്ന്  നാം കേട്ടറിഞ്ഞത്  വായിച്ചറിഞ്ഞത്  അടിക്കടി  ഉപദേശ കുറിപ്പുകളും  പ്രഭാഷണങ്ങളിലൂടെയും ഇപ്പോഴും കേട്ട്  കൊണ്ടിരിക്കുന്നത്.  

വഞ്ചിച്ചു.   ആരെ  ? മാതാപിതാക്കളെ,  ഭർത്താവിനെ,   നൊന്തു പെറ്റ മക്കളെ.   ഇതിനൊക്കെ  ആരാണ്  കാരണക്കാര് ?  ഇവരെ കുറ്റം പറയുന്നവർ ഒരിക്കലെങ്കിലും സ്വയം ചിന്തിച്ചിട്ടുണ്ടോ മറ്റുള്ളവർ  അവരുടെ കുറ്റം മാത്രം  കണ്ട് പിടിച്ച്  നോട്ട്സും വോയ്സും ഇറക്കുമ്പോൾ ?

അവരുടെ ഭാഗത്ത് നിന്ന്  ഒരിക്കലെങ്കിലും  ചിന്തിച്ചിട്ടുണ്ടോ ? എങ്ങിനെ അവരെ  മീഡിയകളിലൂടെ,  നവ മാധ്യമങ്ങളിലൂടെ ചളിവാരിത്തേക്കാം ?  തക്കം പാർത്ത്  അടുത്ത ഇരയ്ക്ക് വേണ്ടി കാത്തിരുക്കുന്നവർ   അവർക്ക് വേണ്ടത്  മറ്റുള്ളവരുടെ നന്മയല്ല  അവരുടെ കുറവുകളാണ്.   യഥാർത്ഥത്തിൽ അവരെന്താണ്ചെയ്തത് ?  സ്നേഹിച്ചു ഒന്നിച്ച്  ജീവിക്കണമെന്ന് തീരുമാനിച്ചു.   പക്ഷേ  അവരുടെ  *നാണം*   അത് പുറം ലോകത്തോട്  പറയാൻ  അനുവദിക്കുന്നില്ല.

മറു ഭാഗത്ത്  ഇതിനേക്കാളും വൻ മതിൽ കണക്കേ കിടക്കുന്നത്  എന്താണ് .  ഭയം തന്നെ.  ഇത് രണ്ടും കൂടി ചേരുമ്പോഴാണ്  രക്ഷ യായി   ഒന്ന്    തിരഞ്ഞെടുക്കുന്നത് .  ഒളിച്ചോട്ടം എന്നാണ്  ഇവ ഇപ്പോൾ  പൊതുവേ എല്ലായിടത്തും അറിയപ്പെടുന്നത് .  അത്യാവശ്യ ഘട്ടത്തിലുള്ള  ഒരു നേർ മാർഗ്ഗമല്ലേ  ഈ ഒളിച്ചോട്ടം ?

ഇൗ മേഘലയിൽ മാത്രമല്ല പല മേഘലകളിലും  ഈ പ്രവണത കണ്ട്  വരാറുണ്ട് .

*അന്നൊക്കെ വീട്ടിൽ പെൺമക്കളെ രാവിലെ വിളിച്ച് വരുത്തി മുടി ചീകി കൗൺസിലിംങ്  നടത്തിയിരുന്ന മാതാവ് , ഉമ്മ ,അമ്മ  ഇന്നെവിടെ ?? ഇപ്പോഴും ഉത്തരം ഇല്ലാത്ത ഒര് വല്ല്യ  ചോദ്യ ചിഹ്നം !

ഇതൊരു ഒളിച്ചോട്ടമല്ല.  നേരെ  മറിച്ച്   ചിന്തിച്ചാൽ അറിയാം ഇതൊരു ഒളിച്ച് കളി എന്ന്.  ഇവരെ കണ്ടു പിടിച്ച്  തിരിച്ച്  കൊണ്ട്  വരുന്നു.   എന്തിനാണ്   പിടിച്ച്  കൊണ്ട്  വരുന്നത്?  *കല്ലെറിഞ്ഞ്  കൊല്ലാനാണോ ?
അല്ല  എന്ന്  എല്ലാവർക്കുമറിയാം.   പിന്നെന്തിനാണ്  ഇവരെ  മാധ്യമങ്ങളിലൂടെ മീഡിയകളിലൂടെ  ആഭാസവും  കുറ്റവും പറഞ്ഞ്  കൊട്ടിഘോഷിക്കുന്നത് ?പിന്നീടുള്ള അവരുടെ  ജീവിതം   എന്തായിരിക്കും    ഇപ്പോഴെങ്ങിനെയാണ് ?   എന്നൊരിക്കലെങ്കിലും നിങ്ങൾ   ചിന്തിച്ചിട്ടുണ്ടോ *?????*   അന്വേഷിച്ചിട്ടുണ്ടോ ?

ഏറ്റവും വലിയ കൗൺസിലർ മാതാവ്എന്ന  സത്യം നാം വിസ്മരിക്കുന്നു 

പുസ്തക പരിചയം

പുസ്തക പരിചയം

ഓരോ ആഴ്ച്ചയിലും ഒരു പുസ്തകം പരിചയപ്പെടുത്തുകയാണ്.

വായനയെയും പുസ്തകത്തെയും ഇഷ്ടപ്പെടുന്നവർക്ക്  ഇത് തീർച്ചയായും ഉപകാരപ്പെടും എന്ന പ്രതീക്ഷയോടെ....

ഈ ആഴ്ച്ചയിലെ പുസ്തകം

"സ്വർഗം തേടി നിരാശയോടെ"
(Desperately Seeking Paradise)

അവതരണം :  എസ്.എ.പി


RT ൽ പുതുതായി ആരംഭിക്കുന്ന ഈ പക്തിയിലേക്ക് എല്ലാവർക്കും സ്വാഗതം.


*RTM & RTex*

ഗ്രൗണ്ടിനെ പഴിക്കുന്നവരോട് / സമദ് പട്‌ല

*ഗ്രൗണ്ടിനെ പഴിക്കുന്നവരോട്


അസ്ലം മാഷിന്റെ  കുറിപ്പ്  വായിച്ചു. സ്കൂൾ കായികോത്സവത്തെ കുറിച്ചുള്ള  കാലത്തിന് അനുയോജ്യമായത് .

എനിക്ക് തോന്നുന്നത്  ബെെക്കിന്റേയും ഒാട്ടോറിക്ഷയുടേയും പിറകേ അല്ല ഇവർ ഒാടുന്നതെന്നാണ്.  
മൊബെെലും അതിൽ  ഉപയോഗിക്കാൻ / ലഭ്യമാകുന്ന  മീഡിയകൾ എന്ന മാരക വെെറസ്  ഇപ്പോഴെത്തെ കുട്ടികളെ  ഇരുന്ന ഇരുപ്പിൽ നിന്ന് ഒന്ന് തല ഉയർത്താനോ എണീറ്റ് നടക്കാനോ അവരെ തീരെ അനുവദിക്കുന്നില്ല  എന്നാണ് എന്റെ പക്ഷം.

ഇന്ന് നമ്മുടെ സ്വന്തം സ്‌കൂളിൽ കണ്ടത്,  കാണാൻ സാധിച്ചത് വെറും മൂന്നര മണിക്കൂർ  നീണ്ട് നിന്ന  കായികോത്സവം ! മുമ്പൊക്കെ  ദിവസങ്ങളും ആഴ്ചകളും  ചിലപ്പോൾ മാസങ്ങൾ തന്നെ നീണ്ട് നിന്നിരുന്ന കായികം എവിടെ  പോയ്മറഞ്ഞു  ?  എല്ലാവരിലും ചോദ്യം മാത്രം !  അന്നൊക്കെ ഇന്നത്തേതിനേക്കാളും വിദ്യാർതഥികൾ  കുറവുണ്ടായിട്ടും .....ഇന്ന് നേരെ മറിച്ചും ...

എന്നിട്ടും മത്സരാർത്ഥികളുടെ എണ്ണം കുറഞ്ഞ് വരുന്നു.    ഒര് ചോദ്യ ചിഹ്നമായി  എല്ലാവരിലുമിത്  തങ്ങിക്കിടക്കുന്നു.   എന്ത് സംഭവിച്ചു  നമ്മുടെ പട്ള സ്കൂളിന് ?   ഗ്രൗണ്ടിനെ , കളി മെെതാനത്തെ പഴിചാരുന്നതിൽ  ഇവിടെ  എന്ത് പ്രസക്തി  ?

ഇതിനെ പറ്റി നമ്മുടെ പി,ടി,എ  ഗാഢമായ ഒര്  തിരച്ചിൽ നടത്തണം.   പി ടി  അദ്ധ്യാപകൻ പരിശീലിപ്പിക്കുന്നില്ലേ ? അതല്ല,  സ്കൂളിൽ നിന്നും പി ടി  പിരീയഡ്   എടുത്ത് മാറ്റിയോ ?  എല്ലാവരിലും ഒരേ  ചോദ്യങ്ങൾ, വ്യത്യസ്ത രൂപത്തിൽ .


മുന്നറിയിപ്പ് / അദ്ധി പട്‌ല

മുന്നറിയിപ്പ്

 അദ്ധി പട്‌ല

അയാളെ   അസ്വസ്ഥനായി കാണാറുള്ളത്   പലപ്പോഴും
നാട്ടിലോ  കുടുംബത്തിലോ  ഒര് മരണം
സംഭവിക്കുന്നതിന് തൊട്ട് മുമ്പെയാണ്. അതിന്   രണ്ടോ നാലോ ദിവസം മുമ്പേ
അയാളുടെ  മനസ്സ്‌  പറയുമായിരുന്നു - ആരോ ഒരാൾ ഈ ലോകത്തോട്   നമ്മളിൽ നിന്ന്  യാത്രയാകാൻ  പോകുന്നു. അത്  മറ്റുള്ളവരോടും  പറഞ്ഞിരുന്നു.  

എന്നത്തേയും  പോലെ   അന്നും  അയാൾക്ക്  തോന്നി .  മനസ്സിന്  അസ്വസ്ഥത  അനുഭവപ്പെട്ടു.

പക്ഷേ  ...
അത്  മറ്റുള്ളവരെ അറിയിക്കാൻ അയാൾ  ഉണ്ടായിരുന്നില്ല  .

മഞ്ഞു വീഴും മലനിരകൾ കാണാൻ മറുനാട്ടിലെന്തിന് പോകണം / അഫ്‌നാസ് പതിക്കാൽ

 ഞാൻ ഇതിനു മുമ്പ്  എഴുതി ശീലമില്ലാത്തതു വലിയതോതിൽ നിങ്ങളെ വായനാസുഖം ശെരിയാവണമെന്നില്ല എന്നാലും  എന്റെ ഒരു സഞ്ചാരം  കൂട്ടുകാർക്കു വേണ്ടി എഴുതണമെന്ന് തോന്നുന്നു (കൂടുതൽ വിവരവും  google നിന്നും  ശേഖരിച്ചാണ്  യാത്ര  പോയതും  വിവരണം  തയ്യാറാകിയതും )

കാസര്ഗോഡിൽ നിന്നും ഏകദേശം 120 km അകലെയാണ്   പൈത മല സ്ഥിതി ചെയ്യുന്നത്.  കേരളത്തിലെ കണ്ണൂർ ജില്ലയിലെ മലയുംവിനോദസഞ്ചാര കേന്ദ്രവുമാണ് പൈതൽ മലഅഥവാ വൈതൽ മല . കടൽ നിരപ്പിൽ നിന്ന് 4500 അടി (1,372 മീറ്റർ) ഉയരത്തിലായി 4124 ഏക്കർ പ്രദേശത്ത് പൈതൽ മല പരന്നുകിടക്കുന്നു.   മലമുകളിൽ ഒരു നിരീക്ഷണ ഗോപുരവും സ്ഥിതിചെയ്യുന്നു.കേരള-കർണ്ണാടക അതിർത്തിയിലായികണ്ണൂർ ജില്ലാ ആസ്ഥാനത്തു നിന്നും 65 കിലോമീറ്റർ അകലെയാണ്  ഇത് .  വിനോദസഞ്ചാരത്തിനായി മല കയറുന്നവർക്ക് പ്രിയങ്കരമാണ് ഈ സ്ഥലം. പൈതൽ (വൈതൽ) മലയ്ക്ക് 2 കിലോമീറ്റർ വടക്കാണ് കുടക് വനങ്ങൾ. (തളിപ്പറമ്പിൽ നിന്നു ksrt bus സൗകര്യം  ഉണ്ട്  bus il പോകുന്നവർക്ക് ഇതു എളുപ്പമാകും )

ഞങ്ങൾ ബൈക്കിലാണ് യാത്രചെയ്തത് . രാവിലെ സൂര്യോദയം ലക്ഷ്യം വച്ച്  ഞങ്ങൾ രാത്രി 2:30 നാട്ടിൽ നിന്നും യാത്ര തുടങ്ങി.  ഇരുട്ടും മൂടൽ മഞ്ഞും കൊണ്ട് കുറച്ചു പ്രയാസപ്പെട്ടാണ് മുകളിൽ എത്തിയത് . എന്തായാലും ആപ്രയാസപ്പെടൽ നിരാശ ആയില്ല.  ഞങ്ങൾ സൂര്യോദയം കണ്ടത് പാലക്കയംതട്ടിൽ നിന്നാണ്..

തളിപ്പറമ്പിൽ നിന്നും 40 KM അകലെയാണ്  1370 സീ ലെവെലിൽനിന്നും പൊങ്ങി നിൽക്കുന്ന പൊട്ടൻപ്ലാവ് ഗ്രാമത്തിലാണ് പൈതൽ മല. അവിടെ നിന്നും ഏകദെശം 20 Km അകലേഖയാണ് പാലക്കയം തട്ട്.    സൂര്യവെളിച്ചത്തിനു മുമ്പ് ആയതു കൊണ്ട്  ഞങ്ങൾ മുകളിൽ ബൈക്ക് ഓടിച്ചു എത്താൻ ഒരുപാടു സമയo എടുത്തു  (ഫാമിലി ട്രിപ്പിനും പാലക്കയം തട്ട്  ഒരു നല്ല സ്‌പോർട് ആണ് കാരണം  മുകളിൽ വരെ ജീപ്പ് ട്രെക്കിങ് 200 രൂപക്ക്ല ഭ്യമാണ് ).  പിന്നെ മുകളിൽ എത്തി സൂര്യോദയവും മഞ്ഞ്‌ വീഴുന്ന കാഴ്ചയും കണ്ടു.  അവിടെ  നിന്ന്  പിന്നീട് താഴെ  ഇറങ്ങി  ഞങ്ങൾ അടുത്ത സ്പോർട്ടിലേക്കു യാത്ര തിരിച്ചു.  അപ്പോഴാണ് ഞങ്ങൾക്ക് മനസ്സിലായത്  ഞങ്ങൾ വന്നവഴിയുടെ അവസ്ഥ ! പക്ഷെ അതൊന്നും ഇങ്ങോട്ട്  പോകുമ്പോൾ ഇരുട്ടും കോടമഞ്ഞുമായതു കൊണ്ട് റോഡിൻറെ ഇരുവശവും കണ്ടില്ലായിരുന്നു .

 ഞങ്ങളുടെലക്‌ഷ്യം പൈതൽ മല ആയിരുന്നല്ലോ.    അങ്ങനെ അത് വഴിപോകുമ്പോൾ  ആയിരുന്നു ജാനകി പാറ വെള്ളച്ചാട്ടം എന്ന ബോര്ഡകണ്ടതു.  5 Km മാത്രം എന്ന്  ബോർഡ് കണ്ടു.  ഞങ്ങൾ വണ്ടി അതുവഴി തിരിച്ചു പിന്നീടാണ് 5Km ദൈർഘ്യം  ഒരുമണിക്കൂറാണെന്ന് മനസ്സിലായത്.  തികച്ചും അത് ഒരു ഓഫ് റോഡ് ആയിരുന്നു.  റോഡിൻറെ ഇടയിൽ വെള്ളച്ചാലുകളും ഇരുവശവും റബ്ബർ തോട്ടം കൊക്കോ കൃഷി തേനീച്ച കൃഷി എന്നിങ്ങനെ ഇരുവശവും നിറഞ്ഞിരിക്കുന്നു.

ഞാൻ വണ്ടി ഓടിക്കുന്നത് കൊണ്ട് കൂടുതൽ  നോക്കാൻ നിന്നില്ല.  ജാനകി പാറ വെള്ളച്ചാട്ടം കണ്ട് ഞങ്ങൾ മടങ്ങി.  അപ്പ് ആൻഡ് ഡൌൺ ഒന്നര മണിക്കൂർ തികച്ചും ഓഫ് റോഡ് (ബൈക്കിൽ ഓഫ് റോഡ് ഇഷ്ട്ടപെടുന്നുവെങ്കിൽ തീർച്ചയായും നിങ്ങള്ക്ക് ഇതു ഉപകാരപ്പെടും ) . പിന്നീട് വീണ്ടും ഞങ്ങൾ പൈതൽ മലയിലേക്കു തിരിച്ചു.   കുറച്ചു യാത്ര തുടർന്നപ്പോൾ അയ്യൻ മാട ഗുഹയിൽ പോയി.  ഈ സ്ഥലങ്ങൾ ഒന്നും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല.  എന്നാലും അയ്യൻ മട ഗുഹ ഒരുകാഴ്ച തന്നയായിരുന്നു .  കാൽ കിലോമീറ്ററോളമാണ് ഗുഹയുടെ നീളം.  ഇതിൽ 50 മീറ്റർ വരെ മനുഷ്യന് നടക്കാൻ പറ്റു.  ഇരുട്ട് മൂടി ടോർച്ചിന്റെ സഹായം കൂടാതെ അകത്തു പ്രവേശിക്കാൻ  തീരെ സാധിക്കുകയില്ല . ഗുഹയുടെ അകത്തു കൂടി നീർ ചാലുകൾ ഒഴുകുന്നുണ്ട്.

അവസാനം ഞങ്ങൾ പൈതൽ മലയിൽ  എത്തി.  45 mnt വേണം മുകളിൽ എത്താൻ.
കട്ടികൂടിയ കോടമഞ്ഞിനാൽസമൃദ്ധമാണിവിടം. ഇവിടെ അപൂർവമായ ധാരാളം പച്ചമരുന്നുകൾ കാണപ്പെടുന്നു.ബ്രിട്ടീഷുകാരുടെ കാലത്ത് റെയിൽവെ റീപ്പറുണ്ടാക്കുവൻ ഉപയോഗിച്ചിരുന്ന
(Cinnamomum verum) എന്ന മരവും ഇവിടെ കാണപ്പെടുന്നു. വളവില്ലാതെ നീണ്ടു നിവർന്നതാണ് ഇതിന്റെതടി.
വൈതൽക്കുണ്ട്, ഏഴരക്കുണ്ട് എന്നീ വെള്ളച്ചാട്ടങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. ഒരു ഔഷധച്ചെടിയായഅങ്കര എന്ന ചെടിയും ഇവിടെ ധാരാളമായുണ്ട്. തൊട്ടുകഴിഞ്ഞാൽ ചൊറിച്ചിൽ, ശരീരവേദന, കടുത്ത പനി എന്നിവ ഉണ്ടാക്കാവുന്ന ഈ ചെടിയുടെ സമ്പർക്കം ആനകൾ പോലും ഒഴിവാക്കുമത്രേ. 'അങ്കര' ആക്കല്ലേ എന്നൊരു നാടൻ ശൈലി ഈ പ്രദേശത്തു് പ്രചാരത്തിലുണ്ടു്. ഇവയ്ക്കു പുറമേ ആയിരക്കണക്കിന് ഔഷധസസ്യങ്ങളും ഇവിടെ ഉണ്ട്.

സാഹസികയാത്ര ഇഷ്ടപെടുന്നവർക്ക് പാത്തൻ പാറ വഴി പോകാം. മഴക്കാലത്ത് യാത്ര ദുഷ്കരമാണ്. വൈതൽ ദൂരെ നിന്ന് വീക്ഷിക്കുമ്പോൾ ആനയുടെ ആകൃതിയിൽ കാണപ്പെടുന്നു

പേരിനു പിന്നിൽ രഹസ്യങ്ങൾ (Google) :
ഏഴിമലരാജ്യം മൂഷികരാജാക്കൻമാർ ഭരിച്ചിരുന്ന കാലത്ത്‌ നാടുവാഴികളായ വൈതൽകോന്മാരുടെ ആസ്ഥാനമായിരുന്ന പ്രദേശമാണ്‌ ഇന്നത്തെ വൈതൽമല എന്നു കരുതപ്പെടുന്നു . മലബാറിന്റെസമഗ്രചരിത്രമെഴുതിയ ബ്രിട്ടീഷ്‌ ഭരണകാലത്തെ മലബാർ കലക്‌ടർ വില്യംലോഗന്റെ മലബാർ മാന്വലിലും, ഈ നൂറ്റാണ്ടിന്റെ ആദ്യകാലത്തുണ്ടാക്കിയ റവന്യൂ രേഖകളിലും വൈതൽമല എന്നാണ്‌ വിശേഷിപ്പിച്ചു കാണുന്നത്‌. . പിന്നീടെപ്പോഴോ പ്രാദേശികമായ പ്രയോഗത്താൽ അത് പൈതൽ മല എന്നാകുകയാണുണ്ടായതെന്ന് വാദിക്കുന്നവരുണ്ട്.  ഇപ്പോഴും രണ്ട് പേരുകളു ഉപയോഗിക്കുന്നു.....

പോകാനുള്ള വഴികൾ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ നിന്നും 44 കിലോമീറ്റർ അകലെയാണ് പൈതൽ (വൈതൽ) മല. പൊട്ടൻപ്ലാവ് എന്ന സ്ഥലം വരെ ബസ്സ് ലഭിക്കും. അവിടെ നിന്നും 6 കിലോമീറ്റർ ദൂരം ജീപ്പ് ലഭിക്കും. ജീപ്പ് ഇറങ്ങി രണ്ടു കിലോമീറ്റർ നടന്നാൽ പൈതൽ മല എത്താം. ആലക്കോട്,കാപ്പിമല ,മഞ്ഞപ്പുല്ല് വഴിയും പാത്തൻപാറ ,കരാമരം തട്ട് വഴിയും ,കുടിയാന്മല മുന്നൂർ കൊച്ചി വഴിയും ,സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർക്ക് എത്തിച്ചേരാം .കാടിൻറെ മനോഹാരിത ആസ്വദിക്കെണ്ടവർക്ക് മഞ്ഞപ്പുല്ല് വഴിയാണ് അഭികാമ്യം ...

 മീശ പുലിമലയിൽ മഞ് വീഴുന്നത് കാണാൻ കൊതിക്കുന്ന കൂട്ടുകാരോട് ഇവിടേയും മഞ്ഞു വീഴുന്നുണ്ട' ഒന്ന് പോയി കണ്ടു നോക്കു .

ആവേശം പകരുന്ന മാറ്റം / കെ.എം. അബ്ബാസ്

ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ ഏതാണ്ട് 50 മലയാളം കൃതികളാണ് പ്രകാശനം ചെയ്യപ്പെടുന്നത്. ഈയിടെ ഇറങ്ങിയ ചില പുസ്തകങ്ങളുടെ ചര്‍ച്ച കൂടി ചേര്‍ത്താല്‍ 60ലധികം ചടങ്ങുകള്‍ നടക്കും. 


പതിവുപോലെ, മിക്ക മുന്‍ നിര പ്രസാധകരും പവലിയനുകള്‍ ഒരുക്കും. എം ടി വാസുദേവന്‍ നായര്‍ അടക്കം നിരവധി പ്രഗത്ഭര്‍ പ്രഭാഷണത്തിനുണ്ട്. ആകെക്കൂടി ഈവര്‍ഷവും മലയാളം സജീവമാണ്. 


50ഓളം പ്രകാശനം ചെയ്യപ്പെടുമ്പോള്‍ ഗുണമേന്മയെകുറിച്ച് ചോദ്യം ഉയരുന്നത് സ്വഭാവികം. അത് 'പന്നിപ്പേറ്' പ്രയോഗം പോലെ അപഹസിക്കലല്ലേ എന്ന മറുചോദ്യവും അന്തരീക്ഷത്തിലുണ്ട്. മലയാളത്തില്‍ പ്രസാധകര്‍ വര്‍ധിച്ചതും സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രചാരം ലഭിക്കുന്നതും പലരെയും എഴുത്തിലേക്ക് തിരിച്ചിട്ടുണ്ട്. മുമ്പ്, കുറച്ചു പ്രസാധകരെ ഉണ്ടായിരുന്നു. ഗള്‍ഫ് മലയാളികളുടെ സൃഷ്ടികളെ സംശയത്തോടെയാണ് അവരില്‍ പലരും നോക്കിക്കണ്ടിരുന്നത്.
ഇന്ന് അങ്ങിനെയല്ല. നവീന ഭാവുകത്വം പ്രദാനം ചെയ്യുന്ന കൃതികള്‍ ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ ഉണ്ടെന്ന് കണ്ടതും ഷാര്‍ജ രാജ്യാന്തര പുസ്തകമേള ജനകീയമായതും പ്രസാധകരെ മാറ്റി ചിന്തിപ്പിച്ചു. വ്യത്യസ്ത പ്രമേയങ്ങള്‍ രംഗത്തുവരുന്നതും സവിശേഷതയാണ്. ഹണി ഭാസ്‌കറിന്റെ പിയേത്തയും സോണിയാ റഫീഖിന്റെ ഹെര്‍ബേറിയവും തീര്‍ത്തും വേറെ വേറെ ജീവിത പരിസരങ്ങളെ അടയാളപ്പെടുത്തുന്നു. ലേഖന സമാഹരങ്ങളുടെ കാര്യത്തിലും ഈ വൈവിധ്യതയുണ്ട്. ഇ എം അശ്‌റഫ്, ഷാബു കിളിത്തട്ടില്‍, വനിത വിനോദ്, ഇ കെ ദിനേശന്‍ തുടങ്ങിയവര്‍ ഭിന്നരുചികളാണ് പ്രദാനം ചെയ്യുന്നത്.

നാട്ടില്‍ നിന്ന് അനേകം കൃതികള്‍ കടല്‍ കടന്നു വരുന്നതിനെയും വായനക്കാര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. വായന മരിച്ചുവെന്ന് വിലപിച്ചിരുന്ന കാലത്തില്‍ നിന്ന് സാഹിത്യലോകം പൊടുന്നനെ ഉയര്‍ത്തേഴുന്നറ്റതിന്റെ ബാക്കി പത്രമാണ് ഷാര്‍ജയിലെ ആഘോഷക്കാഴ്ച.

സാമൂഹിക മാധ്യമങ്ങള്‍, ഗൗരവമായ വായനയുടെ അന്തകനാകും എന്ന ഭീഷണി അസ്ഥാനത്തായതിനെയും ഇതിനോട് ചേര്‍ത്തു വായിക്കണം. മികച്ച സൃഷ്ടികള്‍ എളുപ്പം ലഭ്യമാകുന്ന വേദിയായി സാമൂഹിക മാധ്യമങ്ങള്‍ മാറി. മറ്റൊന്ന്, പുതിയ കൃതികളെ കുറിച്ചുള്ള സന്ദേശം ആളുകളിലെത്തിക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപാധിയായി. ഷാര്‍ജയില്‍ പ്രകാശനം ചെയ്യപ്പെടുന്ന പുസ്തകങ്ങള്‍ ഏതൊക്കെയെന്ന് വായനക്കാരന് സാമാന്യധാരണ മുന്‍കൂട്ടിത്തന്നെ ലഭിച്ചിരിക്കുന്നു. വായനക്കാര്‍, അവ ഏറ്റെടുക്കുന്നതോടെ എഴുത്തുകാരന്റെ ദൗത്യം പൂര്‍ത്തിയാകുന്നു.k m abbas

നമുക്ക് ചെറിയ പദ്ധതികൾ ആസൂത്രണം ചെയ്യാം.

നാം വലിയ വലിയ പദ്ധതികളുടെ പിന്നാലെയാണ്.
അത് വേണം,  നടക്കട്ടെ.

നമുക്ക് ചെറിയ പദ്ധതികൾ ആസൂത്രണം ചെയ്യാം.
അതിന് പങ്കാളിത്തം കൂടും.
കൂടുതൽ എളുപ്പവുമാണ്.

 നല്ല കയ്യക്ഷരമുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് പ്രോത്സാഹനം നൽകൂ.
അവരുടെ കൂടി വിരൽ സ്പര്ശമുണ്ടാകട്ടെ ഒരു കയ്യെഴുത്തു മാസിക രൂപത്തിൽ.
ചെറിയ അഞ്ചാറു വിഭവങ്ങൾ ഉള്ള ഒരു മാസിക.
അതിന്റെ സ്ക്രീൻഷോട്ട് മതി പത്തഞ്ഞൂർ പേർ വായിക്കാൻ.
വലിയ ഡെക്കറേഷൻ ഇല്ലാതെ ഒരു ബ്ലോഗ് ഉണ്ടാക്കൂ.
അതിലും എഴുതാമല്ലോ. PDF ഫയലുകൾ യഥേഷ്ടം ഓൺലൈൻ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനുള്ള സംവിധാനം ഉപയോഗപ്പെടുത്തണം.

PYF - RT  ഒരു സംയുക്ത നേതൃത്വത്തിന്റെ സാധ്യതയും   മേശക്കപ്പുറവുമിപ്പുറവുമിരുന്ന് സംസാരിക്കാൻ ഇന്നത്തെ ചർച്ച വഴി വെക്കട്ടെ എന്നാഗ്രഹിച്ചു പോകുന്നു.
നിങ്ങൾ ഒരുക്കമാണോ എന്ന ചോദ്യത്തിന്റെ പ്രകമ്പനം തീരുന്നതിനു മുമ്പ്  ഞങ്ങൾ എല്ലാവരും തയ്യാറാണ് എന്ന ഉത്തരം ക്ഷണനേരം കൊണ്ടുണ്ടാകട്ടെ.
ഇതെന്റെ മാത്രം അഭിപ്രായം.

സാംസ്കാരിക പ്രവർത്തനം സർപ്പയജ്ഞമല്ല / A.M.

സാംസ്കാരിക നേതൃ പദവികളിൽ എന്റെ പേര് മിക്ക സമയങ്ങളിലും നിങ്ങൾക്ക്  കാണില്ല. പക്ഷെ അത്തരം നേതൃത്വങ്ങൾ ഏൽപ്പിച്ച കുഞ്ഞു കുഞ്ഞു ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ഞാൻ ശ്രമിച്ചിട്ടുണ്ടെന്നതാണ് എന്റെ അനുഭവം.  അതൊരുപക്ഷേ അപൂര്ണമാകാം. അത്തരം ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു ചെയ്യുന്നതിൽ ഉപേക്ഷ വരുത്താറുമുണ്ടായിരുന്നില്ല.  ഏത് കാലത്തും സംഘാടനത്തിൽ എത്രയോ മികവ് പുറത്തുന്നവർ എന്റെ ബാല്യ-യൗവ്വന ജീവിതത്തിൽ  ഉണ്ടായിരുന്നു. അവരുടെ വലിയ പ്രത്യേകത  അവരെക്കാളും ചെറുപ്പമുള്ള എന്നെപ്പോലുളളവരുടെ അഭിപ്രായങ്ങൾക്ക് അർഹമായ  പരിഗണന നൽകിയിരുന്നു എന്നതാണ്. ഒപ്പം, നൽകിയ ഉത്തരവാദിത്തം നിറവേറ്റുമെന്ന അമിത ആത്മവിശ്വാസം നേതൃത്വം പുലർത്തുകയും ചെയ്തിരുന്നു.  അഭിപ്രായാന്തരങ്ങൾ ഉള്ളപ്പോൾ പോലും മാറ്റി നിർത്തുന്നതിന് പകരം  അരികിൽ ചേർക്കാൻ അവർ ശ്രമിച്ചിരുന്നു.  ഇതോട് കൂടി വായിക്കേണ്ടത്, നിങ്ങൾ ഒരു ആൾകൂട്ടത്തെയല്ല പ്രതീക്ഷിക്കേണ്ടത്. (അത് ഞാൻ എന്റെ അപഗ്രഥനത്തിൽ പരാമർശിക്കും.)

സാംകാരിക പ്രവർത്തനം  സർപ്പയജ്ഞമല്ല, ആളുകൾ നാം ഉദ്ദേശിക്കുന്നതിലധികം എത്തിച്ചേരാൻ .

ഈഗോ (അഹംബോധം) എന്നതാണ് എവിടെയും നമുക്ക് വിലങ്ങ് തടിയാകുന്നത്. സംശയംആരായാൻ  വരെ നമ്മുടെ നാക്കുകൾക്ക് കൂച്ച് വിലങ്ങിടുന്നത് ഈഗോയല്ലേ ?

എന്താണ് ഈഗോ ?  എന്റെ/നിങ്ങളുടെ എഴുത്തിൽ അക്ഷര പിശകുണ്ടെന്ന് ഒരു സഹൃദയൻ സൂചിപ്പിച്ചാൽ അത് പോലും അംഗീകരിക്കാതിരിക്കലാണ് ചുരുങ്ങിയ വാക്കുകളിൽ ഉദാഹരണം സഹിതം  ഈഗോ. 

Sunday 23 October 2016

misc


http://www.kasargodvartha.com/2016/10/discussion-held-in-connection-with.html

ഈ ചർച്ച ഇനിയും തുടരണം. ഇന്നത്തെ ഓർമ്മ സെഷൻ കഴിഞ്ഞും നമുക്കിത് നീട്ടിക്കൊണ്ട് പോകാം. പാകപ്പിഴവുകളോടൊപ്പം പരിഹാര മാർഗ്ഗങ്ങളും  നമുക്ക് കണ്ടെത്തേണ്ടതുണ്ട്.

സാകിർ അഹമ്മദിന്റെ ലേഖനം rtpen ബ്ലോഗിൽ ഒക്ടോബർ 11 നു തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്.  അബദ്ധത്തിൽ ഡിലീറ്റ് ചെയ്തവർക്ക് വീണ്ടും വായിക്കാൻ  www.RTpen.blogspot.com സന്ദർശിക്കുക.

സമയം അനുവദിച്ചാൽ എന്റെ കാഴ്ചപ്പാടുകൾ കൊണ്ട് സാക്കിറിന്റെ ലേഖനത്തെ  അപഗ്രഥനം നടത്താൻ  തീർച്ചയായും ശ്രമിക്കും. അതും രണ്ടിടത്തും പോസ്റ്റുകയും ചെയ്യും.  


ഇന്ന് 
ഓർമ്മ സെഷനിൽ 
അനുസ്മരിക്കുന്നത്‌ 

മർഹൂം ജി. അബ്ദുൽ ഖാദർ ഹാജി സാഹിബ് 

വൈകുന്നേരം മുതൽ ഈ സെഷൻ തുടങ്ങും 

 ജാപ്പാൻ  എഴുത്തുകാരൻ Kazuo Ishiguro 
ഓർമ്മകളെ കുറിച്ച് ഇങ്ങിനെ എഴുതി 
The memories I value most, I don’t ever see them fading.

ഓർമ്മകൾ വിലമതിക്കത്തക്കത്; 
അതൊരിക്കലും ഒളിമങ്ങുന്നില്ല.

Tuesday 18 October 2016

റോമാ ചക്രവർത്തി സീസർ നിരീക്ഷിച്ചത് ഇങ്ങിനെ / അബ്ദുല്ല പട്‌ല , സഊദി

റോമാ ചക്രവർത്തി സീസർ നിരീക്ഷിച്ചത് ഇങ്ങിനെ

പണിയാളുകൾ പണിത് ചാകും
പണിക്കാരനെ പണക്കാരൻ എല്ലടക്കം  ഊറ്റും
പടയാളി ഈ  രണ്ടെണ്ണത്തിന്റെ സംരക്ഷണത്തിനുമുണ്ടാകും
മുകളിലെ മൂന്ന് കൂട്ടരുടെ  ചെലവ് വഹിക്കുന്നതോ നികുതിദായകനും
അലഞ്ഞു തിരിയുന്നവന്റെ  വിശ്രമം ഇവർ നാലുപേർക്ക് വേണ്ടിയെന്ന് തോന്നും
മുഴുകുടിയൻ ഈ അഞ്ചാളുടെ ക്വാട്ട അകത്താക്കും
ബാങ്കറാണ് ആറുപേരുടെയും  കാശ് ഏതെങ്കിലും വകുപ്പിൽ  അടിച്ചെടുക്കുന്നത്
ബാങ്കറെയടക്കം ഏഴുപേരെയും വക്കീൽ വഴിതെറ്റിക്കുമത്രേ
വൈദ്യന്റെ പണിയോ - ഇവർക്ക് എട്ടുപേർക്കും  ബില്ലിടുക തന്നെ
പള്ളിക്കാട്ട്കാരൻ ഒമ്പതാളെയും കുഴികുത്തിയേ അടങ്ങൂ
ഈ പത്തുപേരുടെയും ചെലവിൽ സുഖ സുന്ദരമായി കഴിയുന്ന ഒരാളുണ്ട് - POLITICIAN 

Monday 17 October 2016

ഓർമ്മ സെഷൻ / മർഹൂം അന്തിഞ്ഞി ഹാജി / RT

ഓർമ്മ സെഷൻ

ഉറ്റവരുടെയുടെ,
ഉടയവരുടെ,
നാം സ്നേഹിക്കുന്നവരുടെ,
നമ്മെ സ്നേഹിച്ചവരെ,
അവരുടെ ഓർമകൾക്ക്
മരണമില്ല.

അവരുടെ
ഓർമ്മകൾ
അവർക്ക് വേണ്ടിയുള്ള
പ്രാർത്ഥനകൾ
ഇവയൊക്കെയാണ്
ഓർമ്മ സെഷനിൽ


മർഹൂം അന്തിഞ്ഞി ഹാജി സാഹിബിനെയാണ്
ഇന്നത്തെ  സെഷനിൽ
അനുസ്മരിക്കുന്നത്
(ബഷീറിന്റെ ഉപ്പ )



RTM  & RTEx 

Sunday 16 October 2016

ഇനി പ്രവാസികളെ ഉപദേശിക്കരുത്; അവര്‍ക്കതിന് മാത്രം ഒരു പ്രശ്‌നവുമില്ല / അസ്‌ലം മാവില

ഇനി പ്രവാസികളെ ഉപദേശിക്കരുത്; 
അവര്‍ക്കതിന് മാത്രം ഒരു പ്രശ്‌നവുമില്ല

അസ്‌ലം മാവില 
http://www.kasargodvartha.com/2016/10/please-do-not-advice-expatriates.html


(www.kasargodvartha.com 16.10.2016)മൊത്തത്തില്‍ ഉപദേശികള്‍ അല്‍പം കൂടുതലാണ്. ഒരു പണിയുമില്ലെങ്കില്‍ എന്നാല്‍ ഉപദേശിച്ചുകളയാം എന്ന രൂപത്തിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്. സോഷ്യല്‍ മീഡിയ ജനകീയമായതോട് കൂടി ഉപദേശം വായിച്ചും കേട്ടും ചടപ്പ് വരാന്‍ തുടങ്ങി. മുമ്പൊക്കെ മതപ്രഭാഷണ വേദികളിലാണ് ഇത് കണ്ടു വന്നിരുന്നത്. അതല്‍പം കുറഞ്ഞ മട്ടുണ്ട്, അതോടെ നാട്ടുകാര്‍ മൊത്തം ഏറ്റെടുത്തത് പോലെയാണ് കാര്യങ്ങള്‍.

അവയില്‍ ഏറ്റവും അസഹനീയമായി തോന്നിയിട്ടുള്ളത് പ്രവാസികളെ ഉപദേശിക്കുന്നതാണ്. കുറഞ്ഞത് അര ഡസന്‍ ഉപദേശങ്ങളും അതോടൊപ്പമുള്ള കല്‍പനകളും ഇറങ്ങാത്ത ഒരു ദിവസവും ഇന്ന് സോഷ്യല്‍ മീഡിയയില്‍ കടന്നു പോകാറില്ല. വാട്ട്‌സ്ആപ് ആപ്ലിക്കേഷന്‍ പുതിയ സൗകര്യങ്ങളോട് കൂടി പോപ്പുലറായതോടെ പ്രവാസികളും അവരുടെ കുടുംബങ്ങളും ഉപദേശങ്ങള്‍ വായിച്ചും കേട്ടും വശം കെട്ടിരിക്കുകയാണ്.

അച്ചാറ് മുതല്‍ തുടങ്ങും. അതില്‍ അസിഡിറ്റി, പപ്പടത്തില്‍ പൊടിയുപ്പ്, പൊറോട്ടയില്‍ അമേരിക്കന്‍ രഹസ്യ അജണ്ട, ചൈനാച്ചോറില്‍ വന്‍കൃതിമം, മുട്ടയെ പ്രസവിക്കുന്നത് പ്ലാസ്റ്റിക് കോഴി, ഫ്രഷ് കോഴിയില്‍ ആനമയക്കി, കരള്‍ വീങ്ങിയ ബീഫാണ് മാര്‍ക്കറ്റില്‍, പച്ചക്കറിയില്‍ മൊത്തം മായം, കുത്തിവെച്ച ബത്തക്ക, വാഴക്കുല പഴുപ്പിക്കുന്നത് വിശപ്പുകയിട്ട്, പനഡോളില്‍ പതിയിരിക്കുന്നത് മരണവിളി... അതിങ്ങനെ നീണ്ടുനീണ്ടു പോകും.

അപ്പോള്‍ എന്താണ് കഴിക്കേണ്ടത്? അതും ചില വിദ്വാന്മാര്‍ പറഞ്ഞു കളയും. ചൂടാറിയ വെള്ളത്തില്‍ ഉണക്ക ഖുബ്ബൂസ് മുക്കി രണ്ടു നേരം കണ്ണടച്ചു സേവിക്കുക. ഭക്ഷണം വൈകരുത്. കരിച്ചത് തൊട്ട് നോക്കരുത്. പൊരിച്ചതിന്റെ അയലത്തടുക്കരുത്. എന്നിട്ടോ? നടക്കുക, കൈ വീശിയും വീശാതെയും. ജോലി കഴിഞ്ഞു വരുമ്പോള്‍ അരമണിക്കൂര്‍ നടക്കാന്‍ പാകത്തില്‍ വണ്ടിയില്‍ നിന്ന് ഇറങ്ങണമത്രേ. ഇവര്‍ പറഞ്ഞ മെനു പ്രകാരമുള്ള രാത്രി ഭക്ഷണവും കഴിച്ചു, അയഞ്ഞ ഒരു ബര്‍മുഡയുമിട്ട് പിന്നെയും കുലുങ്ങി കുലുങ്ങി നടക്കാനും ഉപദേശിക്കും.  പ്രവാസികള്‍ക്ക് മാത്രമായി ചില വ്യായാമ മുറകള്‍ ഇവര്‍ വണ്‍, ടൂ, ത്രീ കണക്കെ തയ്യാറാക്കിയിട്ടുമുണ്ട്. മുടികൊഴിച്ചില്‍, വയര്‍ ചാടല്‍, ദന്തക്ഷതം, അകാല നര... എന്തൊക്കെയാണ് ഈ ഓണ്‍ലൈന്‍ ഭിഷ്വഗരന്മാര്‍ ഇവയൊക്കെ മാരക രോഗങ്ങളാക്കി മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്നത്. 

അല്ല ഉപദേശികളേ, നാട്ടില്‍ ഷുഗറും കൊളസ്‌ട്രോളും ബ്ലഡ് പ്രഷറും ഹൃദയമിടിപ്പും ഒന്നുമില്ലേ? അണ്ണാച്ചി കയറ്റിയയക്കുന്ന പച്ചക്കറിയും ഫ്രൂട്ട്‌സും ആന്ധ്രാക്കാരന്‍ കയറ്റിവിടുന്ന മോട്ടാ ചാവലും കര്‍ണ്ണാടക നല്‍കുന്ന പയറിനങ്ങളും വിഷ-മായ മുക്തമാണോ? നാട്ടില്‍ ആര്‍ക്കും ഇമ്മാതിരി ഭക്ഷണ സൂക്ഷ്മതയൊന്നും വേണ്ടായോ? അവിടങ്ങളില്‍ ഉള്ള ഹോട്ടല്‍ ഭക്ഷണവും അതിന്റെ ചേരുവകകളും ഉണ്ടാക്കുന്ന ചട്ടിയും പാത്രവും അടുക്കളയും എല്ലാം മാലിന്യമുക്തമായിരിക്കും അല്ലേ? കുമ്പയും കുടവയറും നരയും കഷണ്ടിയും നാട്ടില്‍ ആര്‍ക്കുമില്ലേ?

നാട്ടില്‍ വിരുന്നും വിസ്താരവും കല്യാണവും കാതുകുത്തും അടിയന്തിരവും അങ്ങലാട്ടവും ഒരു നേരം പോലും വിശ്രമമില്ലാതെ നടക്കുന്നുണ്ടല്ലോ. അവിടെയൊക്കെ നേരത്തെ പറഞ്ഞ ഉപദേശങ്ങള്‍ സ്വീകരിച്ചാണോ ഭോജന ശാലയൊരുക്കുന്നതും ഭുജിക്കുന്നതും വിട്ട് വിട്ട്  ഏമ്പക്കവിടുന്നതും. അവിടെയൊന്നും ഡയറ്റിങ് ബാധകമല്ലേ? നാട്ടില്‍ താമസിക്കുന്നവര്‍ക്ക് എന്ത് മൃതസഞ്ജീവനിയാണ് ഇവയൊക്കെ മറിക്കടക്കാന്‍ ലഭിക്കുന്നത്?

പണം സേവ് ചെയ്യാനാണ് പിന്നെയുള്ള നിര്‍ദ്ദേശങ്ങള്‍. അതൊക്കെ വായിച്ചു പോകുമ്പോള്‍ ഈ പണി പ്രവാസികള്‍ക്ക് മാത്രം ഏല്‍പ്പിച്ചത് പോലെയാണ് തോന്നുക. ബാക്കിയുള്ളവരൊക്കെ സേവ് ചെയ്യുന്നുണ്ടോ? ഉണ്ടെങ്കില്‍ അതേ പോലെ പ്രവാസികളും മിച്ചം വെക്കുന്നുണ്ടാകും. അവര്‍ക്ക് മാത്രമായി നാട്ടില്‍ എത്തിയാല്‍ ബഡ്ജറ്റ് ശില്‍പശാല വേണ്ട. അവര്‍ക്ക് മാത്രമായി നാട്ടില്‍ മെഡിക്കല്‍ ക്യാമ്പും ഡയറ്റ് ക്ലാസ്സും വേണ്ട.

ഇമ്മാതിരി പ്രൊ പ്രവാസി ഉപദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ടെക്സ്റ്റായും വോയിസ് നോട്ടായും 'വയറിളകി' വരുന്നത് സൗദിയില്‍  ഇസ്തിരി കട നടത്തുന്ന അയ്മുട്ടിയാക്കാനോടു ഞാന്‍ പറഞ്ഞപ്പോള്‍ അയാള്‍ ഒരു കഥ പറഞ്ഞു തന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് അയാളുടെ വീട്ടുംപരിസരത്തു ഒരു പഴയ കിണറും അതിലും പഴയ വില്ലേഴ്‌സ് പമ്പുസെറ്റും ഉണ്ടായിരുന്നുവത്രെ. പരിസര പ്രദേശങ്ങളിലുള്ള വീട്ടുകാരൊക്കെ ഈ കിണറിനെയാണ് ആശ്രയിച്ചിരുന്നത്. കിണറില്‍ ഒരു പക്ഷെ, കുട്ടികളും പെണ്ണുങ്ങളും കച്ചറ വസ്തുക്കള്‍ വലിച്ചു കൊണ്ടിട്ടാലും പമ്പ്‌സെറ്റ് ഒരു പോറലുമേല്‍ക്കാതെ അവര്‍ സൂക്ഷിക്കുമത്രേ.

പ്രവാസികള്‍ ചിലര്‍ക്കൊക്കെ വില്ലേഴ്‌സ് പമ്പ്‌സെറ്റാണ്.  ഇമ്മാതിരി ഒരു ദിവസമിടവിടാതെയുള്ള ഓണ്‍ലൈന്‍ ഉപദേശങ്ങള്‍ 'അയിനാണ്'.  അല്ലെങ്കില്‍ പിന്നെന്തിന്? പമ്പ്‌സെറ്റ് കേടാകാതെ ഇരിക്കുക എന്നത് കിണറിന്റെ ആവശ്യമല്ല, കിണറിനെ ചുറ്റിപ്പറ്റിയുള്ളവരുടെയാണ്. മനം പുരട്ടുന്ന ഹലാക്കിന്റെ ഉപദേശങ്ങള്‍ തലങ്ങും വിലങ്ങും ഹോമിയോപതി ഗുളിക പോലെ നാളില്‍ നാലുവട്ടം തൊണ്ടയില്‍ കുരുങ്ങുമ്പോള്‍  പിന്നെ എന്താണ് ഒരു പാവം പ്രവാസി കണക്കാക്കേണ്ടത്? അയ്മുട്ടിക്കായുടെ ചോദ്യം പ്രസക്തമാണ്.

പ്രവാസികള്‍ എന്നത് സ്ഥായിയായി ചിലര്‍ക്ക് ചാപ്പ കുത്തി വെച്ചതല്ല. അവരൊരിക്കലും ഇനി തിരിച്ചു വരില്ലെന്നുമില്ല. തിരിച്ചു വരേണ്ടെന്നു ആഗ്രഹിക്കുകയും ചെയ്യരുത്. ഇന്നത്തെ പ്രവാസി നാളത്തെ സ്ഥിരതാമസക്കാരനാണ്. നേരെ തിരിച്ചും. ഉപദേശങ്ങള്‍ എല്ലാവര്‍ക്കുമാകട്ടെ. പ്രവാസികള്‍ക്ക് മാത്രമായി വേറെ പ്രത്യേകിച്ച് ഇവിടെ ഒരു പ്രശ്‌നവുമില്ല.

Thursday 13 October 2016

പടല പിണക്കം

പടല പിണക്കം

പത്രഭാഷയിൽ പൊതുവെ പരസ്പരം യോജിപ്പില്ലായ്മയെ സൂചിപ്പിക്കാനാണ് ഉപയോഗിച്ച് പോരുന്നത്.
ഒരേ വിഭാഗത്തിൽ പെട്ടവർ പൊരുത്തമില്ലാതെ രണ്ടാകാനുള്ള സാധ്യതക്ക് മുമ്പുള്ള അവസ്ഥയാണിത്. അവർ തെറ്റാം, തെറ്റാതിരിക്കാം. രൂക്ഷമായ അഭിപ്രായ വ്യത്യാസവുമുണ്ടാകാം. പിന്നീടവ ഒരേ അഭിപ്രായത്തിലേക്ക് വരികയും ചെയ്യാം. ഇങ്ങിനെ ഒരു പ്രയോഗത്തിന്റെ പിന്നിലെ  ഉറവിടമോ ഉത്ഭവമോ കഥയോ  പഴങ്കഥയോ ഒന്നും എനിക്കറിയില്ല. അറിയുന്നവർക്ക് ഇവിടെ പങ്ക് വെക്കാം. സാഹിത്യത്തിൽ എഴുത്തിൽ പത്രഭാഷയിൽ എങ്ങിനെ വന്നു എന്നൊക്കെ പറയാൻ സാധിക്കുന്നവരും നമ്മുടെ ഈ കൂട്ടായ്മയിൽ ഉണ്ടെന്നതും ഞാൻ ഓർമ്മിപ്പിക്കട്ടെ.


പടല =  ''വാഴക്കുലയിലെ കായ്കളുടെ നിര'', പിണക്കം = ''യോജിപ്പില്ലായ്മ''. 

Wednesday 12 October 2016

മജൽ അബ്ദുല്ല സാഹിബ് / അസ്‌ലം മാവില


അനുസ്മരണം

മജൽ അബ്ദുല്ല സാഹിബ്

പട്‌ലയിലെ കാരണവന്മാരുടെ നിരയിൽ നിന്ന്  ഒരാൾ കൂടി വിട പറഞ്ഞു. പടച്ചവന്റെ സന്നിധിയിലേക്ക് അദ്ദേഹം നടന്നടുത്തു. നമ്മുടെ പ്രിയപ്പെട്ട  മജൽ അബ്ദുല്ല സാഹിബ്, ഇന്നാലില്ലാഹ് ...

അദ്ലച്ച ഞങ്ങളുടെ വീടും കഴിഞ്ഞാണ് മജലിലേക്ക്  നടന്നു പോകാറുള്ളത്, ഇപ്പോൾ കുറെ വർഷങ്ങളായി അദ്ദേഹം അങ്ങോട്ടൊന്നുമില്ല. പ്രായത്തിന്റെ പ്രയാസമാകാം വീടും പരിസരവുമായി അദ്ദേഹം ഒതുങ്ങിയത്. ഇന്നദ്ദേഹം നമ്മോടൊപ്പമില്ല , ഇന്ന്  (12/ 10/ 2016 ) രാവിലെ അദ്ദേഹം,  തിരിച്ചു വരാൻ പറ്റാത്ത ലോകത്തേക്ക് യാത്രയായി. ഇന്നാലില്ലാഹ് ... വ ഇന്നാ ഇലൈഹി റാജിഹൂൻ.

സൗമ്യരിൽ സൗമ്യനും വളരെ കുറച്ചു മാത്രം സംസാരിക്കുകയും ചെയ്യുന്ന വ്യക്തിയുമാണ് അദ്ദേഹം . മജലിലാണ് താമസമെങ്കിലും അദ്ദേഹത്തിന്റെ കൂട്ടുകാരും ബന്ധുക്കളുമൊക്കെ പട്‌ലയിലാണ്.  പട്‌ലയിലെ വലിയ പള്ളിയിൽ ദീർഘകാലം ഖത്തീബായിരുന്ന മർഹൂം അലിമൗലവി,  മുൻ വാർഡ് മെമ്പർ മർഹൂം ബിഎസ്‌ടി അബൂബക്കർ ഇവരൊക്കെ അദ്ദേഹത്തിന്റെ സഹോദരരാണ്. വേറെയും ബന്ധുക്കൾ .  അത് കൊണ്ട് ദിവസത്തിൽ ഒരു വട്ടം അദ്ദേഹത്തിന് വന്നേ തീരൂ. പോകുന്ന പോക്കിൽ ബഷീറിന്റെ വീട്ടിൽ കയറും. ഞങ്ങൾ ഇച്ച എന്ന് രണ്ടക്ഷരത്തിൽ ഒതുക്കി വിളിക്കാറുള്ള ബഷീറിന്റെ  സഹോദരനോടും  ഉമ്മയോടും അദ്ദേഹം സംസാരിക്കും. അവർ ബന്ധുക്കൾ കൂടിയാണ്. ഇച്ച നല്ല രാഷ്ട്രീയം പറയുന്ന കൂട്ടത്തിലാണ്. അന്നും ഇന്നും.

എല്ലാം കേൾക്കാൻ ചെവികൊടുക്കുക എന്നതായിരുന്നു അദ്ലച്ചാന്റെ നല്ല ഗുണങ്ങളിൽ ഒന്ന്. ആവശ്യത്തിലേറെ പൊതു വിവരങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു.  പത്രം നന്നായി വായിക്കും. അറിയാത്ത കാര്യങ്ങൾ  പ്രായ വ്യത്യാസം മറന്നു ആരോടും അദ്ദേഹം ചോദിക്കാനും മടി കാണിച്ചിരുന്നില്ല. പഠിക്കുന്ന കുട്ടികളോട് അദ്ദേഹം പ്രത്യേക സ്‌നേഹബന്ധം പുലർത്തിയിരുന്നു.

എന്റെ ചെറുപ്പ കാലം മുതൽ തന്നെ മജൽ അദ്ലച്ചാനെ അറിയാം. ഒരു ഉറുമ്പിനെ പോലും വേദനിപ്പിക്കാതെ നടക്കുന്ന  രംഗം മനസ്സിൽ നിന്ന്  ഇപ്പോഴും മാറുന്നില്ല. അന്നൊക്കെ ഇശാ നമസ്കാരം കഴിഞ്ഞുള്ള തിരിച്ചുപോക്കിൽ മജൽ അദ്ലച്ചയാണ് അവസാനം നടക്കുന്നത്. കൂടെ ഖാദർ ഹാജാർജ്ച്ചാന്റെ അദ്ലൻച്ചായും ഉണ്ട്.  എന്റെ ഉപ്പയോടുള്ള സ്നേഹം തന്നെയാകാം എന്നെയും അദ്ദേഹത്തിന് വലിയ കാര്യമായിരുന്നു. സ്നേഹാന്വേഷണങ്ങൾക്കപ്പുറത്ത് അദ്ദേഹം എന്നോട് സംസാരിക്കും. തൊട്ടടുത്ത്കൂടി  നടന്നുപോകുന്നവർക്ക് പോലുമറിയില്ല അദ്ദേഹം സംസാരിക്കുകയാണോ മിണ്ടാതെ നിൽക്കുകയാണോ എന്ന്. അത്രയും പതിയെയാണ്  അദ്ദേഹം സംസാരിക്കുക.

പലരും പറയുന്നത് കേട്ടിട്ടുണ്ട് , ഇടപാടിൽ അദ്ദേഹം വളരെ വളരെ  കൃത്യ നിഷ്ഠ പാലിച്ചിരുന്നുവെന്ന്. തനിക്ക് അവകാശപ്പെട്ടത് മാത്രം ആഗ്രഹിക്കുകയും അതിലൂന്നിക്കൊണ്ടുള്ള ജീവിതം നയിക്കുകയും ചെയ്ത മാന്യനായ വ്യക്തിത്വം.  ഒരുകാലത്തു പട്‌ലയുടെ അപ്രഖ്യാപിത ഖാസിയായിരുന്ന സഹോദരൻ, പൗരപ്രമുഖനായിരുന്ന മറ്റൊരു സഹോദരൻ ഇവർ രണ്ടാളുകളുടെയും പേരും പ്രശസ്തിയും ഉണ്ടായിട്ടു പോലും, തന്റേതായ ഒതുങ്ങിയുള്ള ജീവിതത്തിനു ഇടമാഗ്രഹിച്ച വ്യക്തിയായിരുന്നു മജൽ അബ്ദുല്ല സാഹിബ്.

നല്ലൊരു കർഷകനാണ്  മജൽ അദ്ലച്ച. അയൽപക്ക ബന്ധം സൂക്ഷിച്ച മാന്യ സഹോദരൻ കൂടിയാണ് അദ്ദേഹം. കുറച്ചു കാലമായി വാർധക്യ സഹജമായ അനാരോഗ്യം കാരണം പുറത്തെവിടെയും പോകാറുമില്ല. മകന്റെ മരണവും അദ്ദേഹത്തെ ഏറെ തളർത്തിയിരിക്കണം  (കഴിഞ്ഞ റമദാനിലാണല്ലോ  അദ്ദേഹത്തിന്റെ മൂത്ത  മകൻ റഹീം മരണപ്പെട്ടത്)

റഹീമിനെ കൂടാതെ  ഷാഫി, ഹമീദ്,  കരീം,സഹീദ്, അഷ്‌റഫ്, അബ്ബാസ്, ഫാത്തിമത് സുഹറ എന്നിവർ മക്കൾ.  ഭാര്യ  ആയിഷ. കുതിരപ്പാടിയിൽ താമസമുണ്ടായിരുന്ന മർഹൂം മുഹമ്മദ് മറ്റൊരു സഹോദരനായിരുന്നു.

നമുക്ക് ഇനി ചെയ്യാനുള്ളത് പ്രാർത്ഥനകൾ മാത്രം.  മജൽ അബ്ദുല്ല സാഹിബിന്റെ   നന്മകൾ എന്നും ബർസഖീ ജീവിതത്തിൽ കൂട്ടാകട്ടെ.  അദ്ദേഹത്തെയും  നമ്മിൽ നിന്ന് വിട്ടുപോയ  നമ്മുടെ മാതാപിതാക്കളെയും ബന്ധുമിത്രാദികളെയും നാം സ്നേഹിക്കുന്ന എല്ലാവരെയും  അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ. ആമീൻ.

അസ്‌ലം മാവില 

പട്‌ല ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ കെട്ടിടോദ്ഘാടനം വ്യാഴാഴ്ച

പട്‌ല ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ
കെട്ടിടോദ്ഘാടനം വ്യാഴാഴ്ച

http://www.kasargodvartha.com/2016/10/patla-govt-higher-secondary-school.html



പട്‌ല ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിന് 2014-2015 വർഷത്തെ കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി നിർമ്മിച്ച കെട്ടിടത്തിന്റെയും 2014-15  വർഷത്തെ എൻ.എ. നെല്ലിക്കുന്ന് MLA യുടെ പ്രാദേശിക വികസന ഫണ്ട് പ്രകാരം നിർമ്മിച്ച കെട്ടിടത്തിന്റെയും ഉദ്‌ഘാടനം നാളെ, വ്യാഴാഴ്ച നടക്കും.

പട്‌ല സ്‌കൂൾ അങ്കണത്തിൽ വെച്ച് നാളെ ഉച്ചയ്ക്ക് 02 .30 ന് നടക്കുന്ന ചടങ്ങിൽ കാസർകോട് എം.എൽ.എ. അധ്യക്ഷത വഹിക്കും.  പുതിയ കെട്ടിടോദ്ഘാടനം കാസർകോട് എം.പി. ശ്രീ പി. കരുണാകരൻ നിർവ്വഹിക്കും.

കാസർക്കോട് PWD  എക്സി. എഞ്ചിനീയർ സുരേഷൻ ബിൽഡിങ് റിപ്പോർട് അവതരിപ്പിക്കും.

കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. ജി.സി. ബഷീർ, മധൂർ പഞ്ചായത്ത് പ്രസിഡന്റ് മാലതി , കാസർകോട് ജില്ലാ പഞ്ചായത്ത് അംഗം മുംതാസ് സമീറ, മധൂർ പഞ്ചായത്ത് വാർഡ് മെമ്പർ എം. എ. മജീദ്,   സെയ്ദ് കെ.എം. (പിടിഎ പ്രസിഡണ്ട് ,  പട്‌ല ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ),  സി.എച്. അബൂബക്കർ ( എസ് . എം. സി. ചെയർമാൻ , പട്‌ല ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ ), കെ. വി.രാജൻ (പ്രിൻസിപ്പൽ , പട്‌ല ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ), കുമാരി റാണി ടീച്ചർ ( ഹെഡ് മിസ്ട്രസ് , പട്‌ല ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ), സതീശൻ , സ്റ്റാഫ് സെക്രട്ടറി , പട്‌ല ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ) , പി. അബ്ദുറഹിമാൻ , എച്ച് .കെ. അബ്ദുറഹിമാൻ, അബ്ദുൽ റഹിമാൻ കൊളമാജ എന്നിവർ ആശംസകൾ നേരും.

മധൂർ പഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളായ പട്‌ല സ്‌കൂളിൽ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ രണ്ടു വര്ഷം മുമ്പ് നടന്ന നിരന്തരമായ ആവശ്യങ്ങൾക്കും പ്രക്ഷോഭങ്ങൾക്കുമൊടുവിലാണ് കെട്ടിടങ്ങൾ നിർമ്മിക്കാൻ ഫണ്ട് അനുവദിച്ചു കിട്ടിയത്. പതിമൂന്ന് ക്‌ളാസ് മുറികളാണ് ഇപ്പൊൾ പണി പൂർത്തിയായിട്ടുള്ളതെന്ന് സ്‌കൂൾ പിടിഎ പ്രസിഡന്റ് സൈദ് കെ.എം. പറഞ്ഞു.  ഇനിയും പത്ത് ക്‌ളാസ്സ് മുറികൾക്ക് കൂടി ഫണ്ട് അനുവദിച്ചു കിട്ടേണ്ടതുണ്ട്,  ഇത് സംബന്ധിച്ച  ആവശ്യം ഉന്നയിച്ചു നിവേദനം ബന്ധപ്പെട്ടവർക്ക് നൽകുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ഏതാനും വര്ഷങ്ങളായി എസ് .എസ്.എൽ. സി. പരീക്ഷയിൽ ഈ സ്‌കൂളിന്റെ റിസൾട്ട് നൂറു  മിനിയാണ്. 1951 മുതൽ ആരംഭിച്ച പട്‌ല സ്‌കൂൾ 1975 ൽ യുപിസ്‌കൂളായും 1982 ൽ ഹൈസ്‌കൂളായും അപ്ഗ്രേഡ് ചെയ്യുന്നത്. 2002 മുതൽ  ഹയർ സെക്കണ്ടറി ക്‌ളാസ്സുകൾ ആരംഭിച്ചു.

blog : https://11049ghsspatla.blogspot.com/ Phone :   241430



Tuesday 11 October 2016

മാറ്റങ്ങൾ ഉണ്ടാകണം, അതെങ്ങിനെ സാധിക്കും ?/ സാകിർ അഹമ്മദ് പട്‌ല

മാറ്റങ്ങൾ ഉണ്ടാകണം,
അതെങ്ങിനെ സാധിക്കും ?

സാകിർ അഹമ്മദ് പട്‌ല

നാടിന്റെ പൊതുനന്മയ്ക്ക് വേണ്ടി പൊരുതുന്ന യുവാക്കൾ വളർന്നു വരിക തന്നെ വേണം.. രാഷ്ട്രിയവും മതവും അങ്ങിനെ സംഘടനകൾ ഏതുമുണ്ടാവട്ടെ. എല്ലാറ്റിലും നന്മയുടെ പൊതു വശങ്ങൾ കാണാതിരിക്കില്ല. അവക്കെല്ലാമുപരി ഒരു പൊതു ഇടം നമുക്കുണ്ടാവണം. ക്ലബ്ബുകൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ, ലൈബ്രറികൾ തുടങ്ങിയവയൊക്കെ സജീവമാകണം.
       
ഇവയൊക്കെ ഉണ്ടായാൽ പോര. ക്ലബ്ബുകൾ കാരംസ് കളിക്കാൻ മാത്രമുള്ള ഇടമല്ലെന്നും ലൈബ്രറി പത്രവായനയ്ക്ക്  മാത്രമല്ലെന്നും സാംസ്‌കാരിക കേന്ദ്രമെന്നത് ആണ്ടിലൊരു ഗാനമേളക്കുള്ള സംഘാടന കേന്ദ്രമല്ലെന്നുമുള്ള തിരിച്ചറിവും കുറഞ്ഞ പക്ഷം വേണം. പല ബാനറിന് കീഴിൽ ചില മുന്നേറ്റങ്ങളൊക്കെ പലപ്പോഴായി നടന്നിട്ടുണ്ടെന്നത് ആശ്വാസകരമാണ്. നമ്മുടെ നാട്ടിലെ യുവ സമ്പത്തിന്റെ വിനിയോഗം ഇത്ര പോര എന്ന മട്ടിലുള്ള ചർച്ചകൾ  പലപ്പോഴും നമ്മുടെ വാട്സാപ്പ് കൂട്ടായ്മകളിലൊക്കെ സജീവമായി വന്നിരുന്നു.

ഇത്തരം ചർച്ചകളുടെ ആകെ സാരാംശം   പരിശോധിക്കുമ്പോൾ അതിൽ നിന്ന് ഉരുത്തിരിഞ്ഞു വന്ന ആശയങ്ങളെ മുഖവിലക്കെടുത്തുകൊണ്ട്  ക്രിയാത്മക പ്രവർത്തനങ്ങളുടെ വാതായനങ്ങൾ തുറക്കുന്നതിൽ നാം ഒരു ചെറു വിരലനക്കമെങ്കിലും നടത്തിയിട്ടുണ്ടോ?. ഇല്ല എന്നാണെന്ന്   ഉത്തരമെങ്കിൽ നമുക്ക് രണ്ട് വഴി സ്വീകരിക്കാം. ചർച്ച നടന്ന വേദിയെയും അതിനെ സജീവമാക്കിയവരെയും വിമർശിച്ചു നാം എല്ലാം തികഞ്ഞവരാണെന്ന മട്ടിൽ തിരിഞ്ഞു നടക്കാം, മറ്റൊന്ന് അതിന്റെ ശരികളെ നല്ല മനസ്സോടെ സ്വീകരിച്ചു സ്വയം വിമർശനം നടത്തി വീഴ്ചകൾ കണ്ടെത്തി മുമ്പോട്ട് പോകാം. നാം യുവ ചേതനയുടെ  പൊതു രംഗത്തെ ഇടപെടലും നാടിൻറെ നിർമ്മാണാത്മകവും സാംസ്കാരികമുമായ മുന്നേറ്റത്തിന് വേണ്ടിയുള്ള നിസ്വാർത്ഥ പ്രവർത്തനങ്ങളും പുതിയ കരുത്തോടെ അതിലുപരി ആവേശത്തോടെ തുടരേണ്ടതിലെ ആവശ്യകത തന്നെയാണ് ഈ ചർച്ച നമ്മെ ശ്രദ്ധ ക്ഷണിക്കുന്നത്.

ഒന്നാം ഘട്ടം നാം യുവാക്കക്കിടയിലുള്ള ഐക്യം  സജീവമാവമാകണം. ഒരു മത സംഘടനയുടെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും പ്രവർത്തനം നമ്മെ ഭിന്നിപ്പിക്കരുത്; ഭിന്നിപ്പിക്കാൻ അനുവദിക്കരുത്. മതവും രാഷ്ട്രീയവുമെല്ലാം നമ്മുടെ നന്മക്ക് വേണ്ടിയാണല്ലോ.  അതിലുള്ള പ്രവർത്തനം പൊതു സൗഹാർദ്ദത്തിന് വിഘാതം ഉണ്ടാക്കുമെന്ന് കരുതാൻ നിർവാഹമില്ല. നന്മക്കപ്പുറം ബ്രാൻഡ് ചെയ്യപ്പെട്ട പക്ഷപാതിത്വം ഉണ്ടാകുമ്പോഴാണ് പ്രശ്നം . ഇതിൽ വിജയിച്ചാൽ ലക്ഷ്യ പൂർത്തീകരണത്തിലേക്കുള്ള മുമ്പോട്ട് പോക്ക് സുഗമമായിരിക്കും.

ഇനി നമുക്ക് ചെയ്യാനുള്ളത് മുൻഗണന ക്രമത്തിൽ തീരുമാനിക്കണം. നമ്മുടെ ചുറ്റുപാടിനെ നിരീക്ഷിക്കണം പോരായ്മകളെ കാണണം.പ്രതിവിധികൾ കണ്ടെത്തണം. പൊതുബോധത്തോടൊപ്പം സഞ്ചരിക്കണമെന്നില്ല വേണ്ടിവന്നാൽ ഒഴുക്കിനെതിരെ നീന്താനാകണം. നമ്മുടെ നാടിൻറെ പൊതു പ്രശ്നങ്ങളിലേക്ക് സദാ കണ്ണെറിഞ്ഞു കൊണ്ടേയിരിക്കണം.

മൊഗ്രാലിനും തളങ്കരയ്ക്കും  മാത്രമല്ല പൊതു പൈതൃകവും സംസ്കാരവുമുള്ളത്, നമുക്കുമുണ്ടാവും. ഉണ്ടാകണമല്ലോ. എന്നിട്ടെന്തേ കാസർകോടൻ പൈതൃക ഭൂപടത്തിൽ ഒരു കൊച്ചിടം നമുക്ക് കൈവന്നില്ല? എന്തേ നമുക്ക് സ്വന്തമായി ഒരു കെട്ടിടമുള്ള സാംസ്‌കാരിക കേന്ദ്രം ഉണ്ടായില്ല ? (നമ്മുടെ സ്കൂൾ കുട്ടികൾക്കടക്കം വലിയ സേവനം നൽകാൻ ഇതിലൂടെ സാധിക്കുമായിരുന്നു ).  ഒരു ക്ലബിനോ അതു പോട്ടെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് പോലുമെന്തേ  ഇല്ലാതെ പോയി ?   (മത സംഘടനകൾക്ക് എത്ര വലിയ മുൻ‌തൂക്കം നമ്മൾ കൊടുക്കുന്നു എന്ന് ഇവിടെ മനസിലാക്കാം.അതിന്റെ പത്തിലൊന്ന് താല്പര്യമെടുത്താൽ ഒരു പൊതു സാംസ്‌കാരിക കേന്ദ്രം നമുക്കുണ്ടാവുമായിരുന്നു).

നല്ല ഫുട്ബോൾ കളിക്കുന്ന കുട്ടികളും ക്ലബ്ബുമുണ്ടായിട്ടും എന്തെ നമ്മളെവിടെയും എത്തിയില്ല ? നാട് മൊത്തം ലഹരിമാഫിയയുടെ കരാളഹസ്തത്തിൽ പിടയുമ്പോൾ നമ്മുടെ സ്കൂൾ പരിസരത്തേക്കും അവർ പാഞ്ഞടുത്തോ എന്ന ആധി നമുക്കെത്ര പേർക്കുണ്ടായി? നാടിന്റെ സമ്പൂർണ്ണ ശുചിത്വത്തിലും പൊതു ഇടങ്ങളുടെ സംരക്ഷണത്തിലും നമ്മുടെ ഭാഗവാക്ക് എന്തേ  നന്നേ കുറഞ്ഞു പോയി  ? ഒരുപാട് ചർച്ച നാം സംഘടിപ്പിച്ച നമ്മുടെ പൊതു വിദ്യാലയം മെച്ചപ്പെടുത്തി സ്വകാര്യ സ്കൂളുകളിലേക്കുള്ള കുത്തൊഴുക്ക് നിരുത്സാഹപ്പെടുത്താൻ ക്രിയാത്മകമായി നമുക്കെന്തേ ഒന്നും ചെയ്യാൻ കഴിയുന്നില്ല ? ഇതൊക്കെ നാം യുവാക്കളെയെങ്കിലും അസ്വസ്ഥമാക്കിക്കൊണ്ടേയിരിക്കണം.

ആ അസ്വസ്ഥയിൽ നിന്നും  പുതു ഊർജ്ജം കൈവരിക്കാനാകണം. എല്ലാം ഒറ്റയടിക്ക് ചെയ്തു കളയാമെന്ന മൗഢ്യതയൊന്നുമല്ല. ഇടയ്ക്കു നിന്ന് പോകാത്ത പ്രവർത്തനങ്ങൾക്ക് മനസ്സിനെ പാകപ്പെടുത്തി ഒരു തുടക്കമിട്ടാൽ നമുക്ക് കർമ്മപഥത്തിൽ വിജയിക്കാവുന്നതേയുള്ളു.  സജീവമായ പ്രാദേശിക ക്ലബ്ബുകളും ഒരു പൊതു സാംസ്‌കാരിക വേദി യുമൊക്കെ നിറഞ്ഞു നിന്ന് മത്സരാത്മകമായി രചനാത്മക മുന്നേറ്റങ്ങൾ നടത്തിയ തൊണ്ണൂറുകളുടെ നിറമുള്ള ഓർമ്മ നമുക്ക് മുമ്പിലുണ്ട്. പിന്നീട് ആ നന്മകളിൽ പലതും പിറകോട്ട് പോയത് പോലെ,  ചിലത് നിര്ജീവവും. ആരെയും കുറ്റപ്പെടുത്തുകയല്ല , പുതിയ സാഹചര്യങ്ങളുടെ സമ്മർദ്ദവും ജീവിത ശൈലിയിലെ മാറ്റവുമൊക്കെ ഈ കിതപ്പിന്റെ ഹേതുഭവിച്ചു.

ഒരു നാടിനെസംബന്ധിച്ചിടത്തോളം ചാരിറ്റി പ്രവർത്തങ്ങളോടും സാന്ത്വനപ്രവർത്തങ്ങനളോടുമൊപ്പം മേല്പറഞ്ഞവയോരോന്നും അനിവാര്യമാണ്. ചവുട്ടി നിൽക്കുന്ന ഭൂമിയിൽ ഈ നല്ല കാലത്തു നമ്മുടെ കയ്യൊപ്പു ചാർത്തിയില്ലെങ്കിൽ  ഒന്നിനും കൊള്ളാത്ത കാലത്ത് വരും തലമുറയുടെ മുൻപിൽ നാം തല താഴ്ത്തി ലജ്ജയോടെ നിൽക്കേണ്ടി വരും.

നമ്മുടെ ജില്ലയിലെ യുവാക്കളുടെ ഫാഷൻ ഭ്രമത്തിൽ മാത്രം ശ്രദ്ധ കേന്ദ്രികരിക്കുന്ന മനോഭാവത്തെ വിമർശിച്ചും പരിഹസിച്ചും സാമൂഹ്യ മാധ്യമങ്ങൾ  ഇപ്പോൾ നിറഞ്ഞു നിൽക്കുകയാണല്ലോ. അവിടെയും ചർച്ച ചെയ്യുന്നത് നമ്മൾ യുവാക്കൾ തന്നെയാണ്. ഒരു ആഘോഷത്തിന് മാസങ്ങൾക്ക് മുമ്പേ ഈ വർഷത്തെ മോഡൽ എന്താണെന്നറിയാനും മറ്റും കാണിക്കുന്ന വ്യഗ്രത നിരാശാജനകമാണ്. ഓരോ സീസണിലും വ്യാപാരികൾ അവരുടെ സൗകര്യത്തിനുമിങ്കിതത്തിനുമനുസരിച്ച് തയ്യാറാക്കുന്ന ഡിസൈനിലുള്ള വസ്ത്രങ്ങൾ അതേപടി സ്വീകരിക്കുകയും, അല്ലാത്തതൊക്കെ പഴഞ്ചനുമെന്ന ചിന്ത നമ്മുടെ യുവാക്കളിൽ നല്ലൊരു ശതമാനത്തിനുണ്ടാക്കുന്നു. സ്വയം ഇഷ്ടങ്ങളെ അടിയറവ് വെച്ചു കച്ചവട തന്ത്രത്തിൽ ഫാഷന്റെ പേരിൽ വീണു പോകുന്ന യുവത്വത്തിനെങ്ങിനെ  ക്രിയാത്മകവും രചനാത്മകവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയുമെന്നതും നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതുണ്ട്.

 ഒരു മാറ്റം ഉണ്ടാക്കിയേ മതിയാവു. നമ്മെ പിന്നോട്ട് വലിക്കാൻ കാരണമെന്തെന്ന്  മേലെ പറഞ്ഞ സാഹചര്യം ഇന്നും അതേപടി നില നിൽക്കുകയാണെന്ന യാഥാർഥ്യം മനസ്സിലാക്കിക്കൊണ്ട് തന്നെ നമുക്ക്  വെല്ലുവിളി ഏറ്റെടുക്കേണ്ടതുണ്ട്. പുതിയ കാലത്തേക്ക് നമ്മുടെ നാടിനെ പൂർണാർത്ഥത്തിൽ സുസജ്ജമാക്കുന്നതിനു നമുക്ക് ഒരേ മനസ്സോടെ നില കൊള്ളാം. നാമൊരുങ്ങിപ്പുറപ്പെട്ടാൽ മാറ്റം നമുക്കൊപ്പമുണ്ടാവും.

''പ ട്‌ ല '' , ''പ ട്ട് ള'', ''പ ട്‌ ള'' - ഇനിയും ഒന്നിൽ ഉറപ്പിക്കാൻ നേരമായില്ലേ ? / അസ്‌ലം മാവില

''പ ട്‌ ല '' ,  ''പ ട്ട് ള'',  ''പ ട്‌ ള''
ഇനിയും ഒന്നിൽ ഉറപ്പിക്കാൻ നേരമായില്ലേ ?

അസ്‌ലം മാവില

നമ്മുടെ ഗ്രാമത്തിനു  പേരാണ് പട്‌ല. അങ്ങിനെ മാത്രമേ മുമ്പൊക്കെ ആരും എഴുതിയിരുന്നുള്ളൂ. സർക്കാർ സ്ഥാപനങ്ങളിൽ മൊത്തം പട്‌ല  എന്നാണ്. ഇപ്പോൾ അത് കൂടാതെ   പട്ല, പട്ട്ള എന്നൊക്കെ പേരിനൊപ്പവും , വിലാസത്തിനൊപ്പവും   ചേർക്കുന്നത് കാണാം. ബസ്സിലും ''പട്ട്ള'' എന്നാണ് എഴുതി വെച്ചിരിക്കുന്നത്.

ആകെയുള്ളത് ചെറിയ ഒരു ലൊക്കാലിറ്റി. അത് തന്നെ  നമുക്ക് ''എക്കെസെക്ക്'' ആയാൽ എങ്ങിനെയാണ്? ഇംഗ്ലീഷിൽ എഴുതുമ്പോൾ ശരിയാകുന്നു, PATLA,  മലയാളത്തിൽ എഴുതുമ്പോൾ എന്തേ ഇത്ര സംഭ്രമം, confusion ?

''ട'' എന്ന അക്ഷരം ശരിയായി വായിച്ചാൽ തീരുന്ന പ്രശ്നമാണ്. അവിടെ ''ട്ട'' എന്ന് ഉച്ചരിക്കേണ്ട പ്രശ്നം തന്നെ ഉദിക്കുന്നില്ല. പട്‌ല എന്നത് നമ്മുടെ ധാരണ അത് ''PADLA '' എന്നാണ്. അങ്ങിനെയല്ല PATLA യാണ് പട്‌ല.

''പട്ട്ല'' എന്ന് ആരും എഴുതാറില്ലല്ലോ. അത് പോലെ തന്നെ ശരിയല്ലാത്തതാണ് ''പട്ട്ള'' എഴുതുന്നതും.  ആളുകളുടെ coloquial, വ്യവഹാര ശൈലി നോക്കി ഒരു നാടിനും പേരെഴുതാൻ പറ്റില്ല.  ചീതാംകോൽ എന്ന് പറയുന്നത്   കൊണ്ട് സീതാംഗോളിയെ മാറ്റി എഴുതാൻ പറ്റുമോ ? ഇല്ലല്ലോ. ഉളിയത്തടുക്കയെ വേറെന്തൊക്കെയോ മാറ്റത്തിരുത്തലുകളോടെ എഴുതണമല്ലോ. മറൂറ് എന്നാണ് മധൂരിനെ പലരും പറയുന്നത്.

പട്‌ലയുടെ പേരിന്റെ ചരിത്രമെന്ത് തന്നെയാകട്ടെ. പക്ഷെ അതൊരിക്കലും പട്ട്ള എന്നതിലേക്കെത്തില്ല.

ഒരു കാലത്ത് ഒരു കൃഷിയും നടത്താതെ   പട്‌ല് ഇട്ട  (കൃഷി ചെയ്യാതെ) സ്ഥലമായിരുന്നു ഈ പ്രദേശമെന്നും അങ്ങിനെയാണ്  പിന്നീട് പട്‌ല എന്നായതെന്നൊക്കെ പറച്ചിലുണ്ട്.  എനിക്കാവാദത്തോടും  യോജിപ്പില്ല. നമ്മുടെ നാട്ടിൽ വളരെ പണ്ട് മുതൽ തന്നെ കൃഷി ഉണ്ടായിരുന്നുവെന്നതിനു സാഹചര്യത്തെളിവുകളുണ്ട്. വലിയ നീളത്തിൽ ഒഴുകുന്ന പുഴ.  പുഴയ്ക്കിരുവശമായി കൃഷിക്കളങ്ങൾ.   പിന്നെ എങ്ങിനെയാണ് അത്  തരിശ് നിലമാകുന്നത്.

''പാടല'' എന്ന വാക്കിനു പശു എന്നർത്ഥം കാണുന്നു, പക്ഷെ ദക്ഷിണ കർണാടകയുടെ ഭാഗമായിരുന്ന കാസർകോട് ഭാഗങ്ങളിൽ  ഒരിക്കലും മലയാള പേരുകൾക്ക് വലിയ സാധ്യതയില്ല. ഏതോ ഒരു കന്നഡ പേര് ഇതിന്റെ പിന്നിലുണ്ട്, അതറിയാൻ തീർച്ചയായും കന്നഡ ഭാഷയിൽ നല്ല അവഗാഹമുള്ളവരെ സമീപിക്കണം. മായിപ്പാടി, മധൂർ തുടങ്ങിയവയൊക്കെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ പേരും ഊരുമാണ്. അതിനവർക്ക് വീമ്പ് പറയാൻ മാത്രം കുറച്ചു അവശേഷിപ്പുകൾ ഉണ്ടും താനും. നമ്മുടെ നാട്ടിൽ പറയാൻ മാത്രം ഒരു ചരിത്രമുറങ്ങി കിടക്കുന്നുണ്ടോ ? പേരിന്റെ വേരന്വേഷിക്കുമ്പോൾ തീർച്ചയായും ഉണ്ടാകുന്ന സംശയമാണ്.

ഒരാൾപോലും തലമുറ-തലമുറയായി  കൈമാറാൻ പാകത്തിന് ഒരു ചരിത്രവും എഴുതാതെയും പറയാതെയുമാണ് മണ്മറഞ്ഞത്. അത്കൊണ്ട് തന്നെ ആധികാരികവും പ്രാമാണികവുമായ പിൻബലം നാം എഴുന്നള്ളിക്കുന്ന  ഒരു അവകാശവാദത്തിനുമില്ല. 7 കുടുംബങ്ങൾ, 14 കുടുംബങ്ങൾ, 21 കുടുംബങ്ങൾ ഇങ്ങിനെ ഏഴിന്റെ പെരുക്കങ്ങൾ കൊണ്ടുള്ള ചരിത്രവായന പലപ്പോഴും കേൾക്കാറുണ്ട് നമ്മുടെ നാട്ടിൽ. അതൊരു പക്ഷെ മുസ്ലിം കമ്മ്യൂണിറ്റിയുടെ ചരിത്രം പറയാൻ ഉപയോഗിക്കുന്ന സൂത്രവാക്യങ്ങളാകാം.

ഞാൻ മനസ്സിലാക്കുന്നത് മുസ്ലിംകൾക്ക് മുമ്പ് ഇവിടെ ഹിന്ദുക്കൾ ഉണ്ടായിരിക്കണമെന്നാണ്. ജാതി സമ്പ്രദായം നിലനിന്നിരുന്ന ഒരു അന്തരീക്ഷവും ഉണ്ടായിരിക്കണം. ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ ഇവർ വെവ്വേറെ പ്രദേശങ്ങളിൽ താമസിച്ചിരുന്നത് പോലെ തോന്നിയിട്ടുമുണ്ട്. വൈശ്യരുടെ സൂചന അല്പം കുറവാണ്.

കൃഷിയാവശ്യത്തിനോ കച്ചവട ആവശ്യത്തിനോ മറ്റോ  ഈ പ്രദേശത്തേക്ക് വന്ന ഒരു മുസ്ലിമിനെ, തങ്ങൾക്ക് കൽപ്പിക്കാത്ത പരിഗണന ഉയർന്ന ജാതിയിൽ പെട്ടവർ നൽകുന്നത് താഴ്ന്ന വിഭാഗങ്ങളുടെ  ശ്രദ്ധയിൽ പെടാൻ സാധ്യത കൂടുതലാണ്. അവർ അത്തരമൊരു വിശ്വാസത്തെ കുറിച്ച് അന്വേഷിച്ചിരിക്കണം. ജാതി നീരാളി പിടുത്തത്തിൽ നിന്നും വിടുതി നേടാൻ അന്ന് പൊതുവെ ഉണ്ടായിരുന്ന രീതി അവരും അവലംബിച്ചിരിക്കണം.   പിന്നീട് കുടുംബബന്ധങ്ങൾ ഉണ്ടായതാണ് നമ്മുടെ നാട്ടിലെ ഏഴിന്റെ പെരുക്കങ്ങളിൽ പറഞ്ഞ വീട്ടുകാർ.  അതിലും കൂടുതൽ സാധ്യത പുറം നാടുകളിൽ നിന്ന് വന്നു പെട്ടവർ തന്നെയാണ്.

പൊതുവെ നമ്മുടെ ഗ്രാമം ഒരു ഒറ്റപ്പെട്ട തുരുത്തായിരുന്നല്ലോ. നല്ല മഴ വന്നാൽ പിന്നെ പുറം ലോകവുമായി ഒരു ബന്ധവുമില്ല. പുറം നാടുകളിൽ നിന്നുള്ള കെട്ടു ബന്ധങ്ങൾക്ക് അതുകൊണ്ട് തന്നെ സാധ്യത കുറവുമാണ് . അങ്ങിനെയാണ് കൂടുതലും വേറൊരു വഴിയുമില്ലാത്തത് കൊണ്ട് കെട്ടുബന്ധങ്ങൾ കൂടുതൽ നാട്ടിൽ തന്നെ ഉണ്ടായത്. (വെള്ളം അഞ്ചാറ് മാസക്കാലം വെള്ളം കെട്ടിയ സ്ഥലത്തേയ്ക്ക് മക്കളെ ആരും കെട്ടിച്ചു വിടില്ലല്ലോ ).  കടവ് കടക്കാനുള്ള സൗകര്യമായതോട് കൂടിയായിരിക്കണം പട്‌ലക്ക് പുറത്തുള്ള വിവാഹ ബന്ധങ്ങൾ  ഉണ്ടായത്. അത്കൊണ്ട് ഒറ്റപ്പെട്ട സ്ഥലമെന്ന പേരോ മറ്റോ ഇതിനോട് യോജി ക്കുന്നുണ്ടോ എന്നുകൂടി അന്വേഷിക്കണം.

പട്‌ലയെ മുമ്പൊക്കെ പുറം നാട്ടുകാർ വിളിച്ചിരുന്നത് ഗുഡ്ഡെ എന്നാണ്, അതായത്  ഒന്നിനും കൊള്ളാത്ത കുന്ന്. അങ്ങിനെ വല്ല ചെല്ലപ്പേരാണോ പട്‌ല എന്നതും ആലോചിക്കേണ്ടതാണ്. പട്‌ല് ഇട്ട സ്ഥലമെന്നതും അത്രനല്ല വിശേഷണമല്ലല്ലോ.  ഒന്നിനും കൊള്ളാത്ത പ്രദേശമെന്നർത്ഥമാണല്ലോ അതിനുമുള്ളത്.

 ഇനി അഥവാ പഴയ വല്ല നാട്ടു തമ്പ്രാക്കളുടെയോ നാട്ടുമൂപ്പന്മാരുടെയോ  മറ്റോ  പേരുമായി സാമ്യമുണ്ടോ എന്നും നോക്കണം. 

പട്ടന്മാർ (ഹെബ്ബാർ, റാവു ) താമസിച്ചിരുന്നത് കുന്നിൻ പ്രദേശത്താണ്. ഇന്നും അവർ കുതിരപ്പാടി ഭാഗങ്ങളിലാണ് വീടും കുടിയും. ഷെട്ടി (ശൂദ്ര വിഭാഗം )മാർ അങ്ങിനെ തന്നെ. അതിൽ ഒരു കുടുംബം  മാത്രം സ്രാമ്പി ഭാഗത്തുണ്ടായിരുന്നു. ഈഴവ വിഭാഗക്കാർ പതിക്കാൽ ഭാഗത്തും.  അവിടെയുള്ള ക്ഷേത്രമാകാം അവരെ അങ്ങോട്ടേക്ക് എത്തിച്ചത്. നേരെ തിരിച്ചും  പട്ടികജാതിക്കാരും നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു, അതും വിരലിൽ എണ്ണാവുന്ന കുടുംബങ്ങൾ. അവർ പാലത്തട്ക്ക ഭാഗത്താണ്.  ദലിതുകളും അങ്ങിനെ തന്നെ. ഇവരാരും താഴോട്ട് വന്നു കൃഷി നടത്തിയതായി ആരും പറഞ്ഞതായി അറിവില്ല. 

വളരെ മുമ്പ് തന്നെ സാംസ്കാരിക കേന്ദ്രം സ്രാമ്പി എന്നാണ് സാഹചര്യ തെളിവുകൾ പറയുന്നത്. ഓതിക്കാനും മറ്റും ആ ഭാഗങ്ങളിൽ ഉള്ളവർക്കായിരുന്നു കൂടുതൽ താൽപര്യം. നമ്മുടെ ആദ്യത്തെ ഒറ്റമുറി വിദ്യാലയം നൂറ്റാണ്ട്  മുമ്പ് തുടങ്ങിയതും അവിടെയാണല്ലോ. വൈദ്യർ കുടുംബമടക്കമുള്ളവർ സ്രാമ്പിയിൽ ഉള്ളവരാണ്. 
പതിക്കാൽ ക്ഷേത്രത്തിൽ നടന്നിരുന്ന ഉത്സവവും ഹൈന്ദവ സഹോദരുമായുള്ള സമ്പർക്കവും അത് പോലെ അവിടെ വീടുകൾ കേന്ദ്രീകരിച്ചു നടന്നിരുന്ന ''ഓത്തുപുരകൾ'' തുടങ്ങിയവയൊക്കെയാകാം സ്രാമ്പി പട്‌ലയുടെ സാംസ്കാരിക കേന്ദ്രമാകാൻ കാരണമെന്ന് എനിക്ക് തോന്നുന്നു. (പഴയ സാംസ്കാരിക കേന്ദ്രം, പുതിയ സാംസ്കാരിക കേന്ദ്രം എന്നിവയെ  കുറിച്ച് ഭിന്നാഭിപ്രായമുള്ളവർക്ക് ചർച്ച  പിന്നൊരിക്കലാകാം )

ഞാൻ ഇതൊക്കെ എഴുതുന്നത് പട്‌ല എന്ന പേരിനോട് കൂട്ടിക്കെട്ടാൻ വല്ലതും നിങ്ങൾക്ക് കിട്ടുമെങ്കിൽ കിട്ടട്ടെ എന്ന ഉദ്ദേശത്തിലാണ്. പാലത്തട്ക്ക എന്ന പേരുമായി പട്‌ല യെ കൂട്ടിക്കെട്ടാൻ പറ്റുമോ എന്നും കൂട്ടത്തിൽ ആലോചിക്കുന്നത് നല്ലതാണ്. ആ പേരിനകത്തു ''പ'' ''ട്'' ''ല'' എന്നീ മൂന്ന് പദങ്ങൾ ഒളിഞ്ഞു കിടപ്പുണ്ട്. 

ഒരു കാര്യം  ഉറപ്പ്,  പട്‌ലയുടെ മലയാള വേരും തേടി പോയാൽ നാം എവിടെയുമെത്തുകയുമില്ല. ഇനി എത്തിയാലും ഇല്ലെങ്കിലും നമ്മുടെ ഗ്രാമത്തിനെ പട്‌ല എന്ന് തന്നെ എഴുതണം, പട്ട്ള എഴുതി വക്രീകരിക്കരുത്.
കന്നഡയിലാണ് ഈ പേരിന്റെ ധാതു (root-word) ഉള്ളത്.

_________________________________________________


ഒരു ചർച്ച ഇവിടെമാത്രമല്ല, എവിടെയും നടത്താം. ഒരു ദിവസമല്ല, കുറെ ദിവസങ്ങൾ.  നിങ്ങളുടെ കൂട്ടായ്മകളിൽ, കൂടിയിരിക്കുന്നിടത്ത്, കുടുംബ സദസ്സിൽ, കൂട്ടുകാർക്കിടയിൽ - എ .എം. 

Monday 10 October 2016

സബാഷ് , പട്-ല സ്‌കൂൾ സബാഷ് ! / അസ്‌ലം മാവില

സബാഷ് , പട്-ല സ്‌കൂൾ സബാഷ് !

അസ്‌ലം മാവില

നാളെ നമ്മുടെ സ്‌കൂൾ മുറ്റത്ത് അതിഥികളും ആതിഥേയരെയും നിറയും. എം.എൽ. എ.യുടെയും കാസർക്കോട് വികസന പാക്കേജിന്റെയും  ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച  കെട്ടിടങ്ങളാണല്ലോ  വ്യാഴാഴ്ച ഉത്‌ഘാടനം ചെയ്യപ്പെടുന്നത്. ഇതിന്റെ പിന്നിൽ പ്രയത്നിച്ച എല്ലാവരെയും RT അഭിനന്ദിക്കുന്നു.

സർക്കാർ സ്‌കൂളുകൾ പൊതുവെ അവഗണനയാണ് പേറാറുള്ളത്. സർക്കാർ പള്ളിക്കൂടമല്ലേ, അവിടെ പിള്ളേർ എങ്ങിനെയും വന്നോ ളും ഇരുന്നോളും പഠിച്ചോളും എന്നൊരു തോന്നൽ മുമ്പ് കാലങ്ങളിൽ ഉണ്ടായിരുന്നു. ഈയടുത്ത കാലം വരെ അത് തുടരുകയും ചെയ്തിരുന്നു.

ചുറ്റുമതിൽ ഉണ്ടാകില്ല, നല്ല ഒരു ലൈബ്രറി ഉണ്ടാകില്ല,  ലാബാണെങ്കിൽ തീരെ ഉണ്ടാകില്ല.  ഭൂപടങ്ങളും മറ്റും വെച്ച റൂമിൽ കുട്ടികൾക്കും അധ്യാപകർക്കും പോകാൻ തന്നെ പേടിയാകും. റോബിൻസൺ ക്രൂസോയിലെ ചില രംഗങ്ങൾ ഓർമിപ്പിക്കുമാറ്  പണ്ടെങ്ങോ കിട്ടിയ  ഒരു എല്ലൂരി (skeleton) പല്ലിളിച്ചു മൂലയിൽ ചാരി നിൽക്കുന്നുണ്ടാകും.  സ്റ്റാഫ് റൂമിലൊക്കെ ഊഴം കാത്തിരിക്കണം വാധ്യാർക്ക് ഒരു സീറ്റ് കിട്ടാൻ.  ഒരു  സർക്കാർ സ്‌കൂൾ   ഏറ്റവും അടുത്തുണ്ടെന്ന് ഒരു മണിക്കൂർ ദൂരെ നിന്ന് അറിയിക്കുമാറ് ഒരിക്കലും വൃത്തിയാകാത്ത, വൃത്തിയാക്കാത്ത കക്കൂസുകൾ.  പെൺകുട്ടികൾ പ്രാഥമിക കൃത്യം ചെയ്യാൻ  പാടില്ല എന്നൊക്കെ തോന്നിപ്പികുമാറുള്ള സമീപനം.    ഇതൊക്കെയായിരുന്നു മുമ്പുണ്ടായിരുന്ന, ഈയ്യിടെ വരെ ഉണ്ടായിരുന്ന  സർക്കാർ പള്ളിക്കൂട സങ്കപ്പൽപം.

കുറച്ചു കാലങ്ങളായി ഇതിനൊക്കെ മാറ്റം വരാൻ തുടങ്ങിയിട്ട്. ചോദിക്കാനും പറയാനും ആളുണ്ടെങ്കിൽ അവ അനുഭാവ പൂർവ്വം പരിഗണിക്കാൻ അധികാരികൾ ഉണ്ടെന്നത് തോന്നൽ മാത്രമല്ല യാഥാർഥ്യമെന്നത് നമ്മുടെ സ്‌കൂൾ തന്നെ ഉദാഹരണം. പറയേണ്ട വിഷയങ്ങൾ പറയേണ്ട വേദിയിൽ പറയുമ്പോലെ പറഞ്ഞാൽ ''പറപറാ''ന്ന് കിട്ടുമെന്നതിനും നമ്മുടെ സ്‌കൂൾ തന്നെ ഉദാഹരണം.  നമ്മുടെ പിടിഎക്കും എസ്.എം.സി.ക്കും മർമ്മമറിഞ്ഞു ചുവട് വെക്കാൻ അറിഞ്ഞത് ചെറിയ കാര്യമല്ല.  അധികാരികളും പടല സ്‌കൂളിനെ അവരുടെ വികസന ചാർട്ടിൽ ഉൾപ്പെടുത്താൻ കൂട്ടാക്കിയത് ഇവയൊക്കെ  കൊണ്ടാണല്ലോ.

രണ്ടു വർഷം മുമ്പ് നടന്ന ഒരു സമരത്തിന്റെ ഒരുക്കൂട്ടൽ നാം മറന്നിട്ടില്ല. അന്ന് നാട്ടുകാർ സകല അഭിപ്രായ വ്യത്യാസങ്ങളും മറന്നു സമര രംഗത്തേക്ക് ഇറങ്ങി. ബന്ധപ്പെട്ടവർക്ക് അതിന്റെ സൂചനകൾ നൽകി. ഭരണ-പ്രതിപക്ഷങ്ങൾ നാം തെരഞ്ഞെടുത്ത സമയം ശ്രദ്ധിച്ചു. ജില്ലാപോലീസ് സൂപ്രണ്ടിന്റെ ഓഫീസിൽ നാം പ്രകടനാനുമതിക്കായി പോയി. പ്രതിഷേധ മാർച്ചിനും ബഹുജനപ്രക്ഷോഭത്തിനും കൂടെക്കൂടെയുള്ള മീറ്റിങ്ങുകളിൽ  തന്ത്രങ്ങൾ ആവിഷ്കരിച്ചു. പത്രങ്ങളിൽ നമ്മുടെ തീരുമാനങ്ങൾ അറിയിച്ചു വാർത്തകൾ നൽകിക്കൊണ്ടേയിരുന്നു. പ്രഭാകരൻ കമ്മീഷൻ ഉണ്ടായിട്ടും പഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂൾ എന്ത് കൊണ്ട് ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ വരുന്നില്ലെന്ന് നാം കൂടെക്കൂടെ ചോദിച്ചു കൊണ്ടേയിരുന്നു.

തൊട്ടടുത്ത ദിവസമാണ് നമ്മുടെ പ്രതിഷേധ മാർച്ച്. തലേന്നാൾ പന്തംകൊളുത്തി വിളംബര ജാഥയ്ക്കുള്ള തയ്യാറെടുപ്പും. മുദ്രാവാക്യങ്ങളും ഉണർത്തുപ്പാട്ടുകളും അവസാനത്തെ മിനുക്ക് പണിയിലായിരുന്നു. നാളത്തെ സമര സന്നാഹത്തിന് പ്ളേക്കാർഡുകൾ പകുതിയും തയ്യാറായി. കുഞ്ഞുമക്കൾക്ക് നടന്നു ക്ഷീണിക്കുമ്പോൾ വഴിയരികിൽ  ദാഹം തീർക്കാനുള്ള റിഫ്രഷ്മെന്റ് പോയിന്റുകൾ    ഒരുങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി.

അന്നാണ് ജില്ലാ ഭരണ നേതൃത്വം ചർച്ചയ്ക്ക് വിളിക്കുന്നത്. മേശക്കപ്പുറവുമിപ്പുറവുമാദ്യം സൗഹൃദത്തിന്റെ ഇടപെടലുകൾ, പിന്നെ വാദങ്ങൾ, പ്രതിവാദങ്ങൾ, നമ്മുടെ ആത്മാർത്ഥത എത്രത്തോളമുണ്ടെന്ന് ജില്ലാധികാരികൾ പരീക്ഷിക്കുന്നത് പോലെയാണ് ആ സിറ്റിങ്ങിൽ എനിക്ക് തോന്നിയത്. കാരണം, അവർ നൽകാൻ തയ്യാറാണ്, പക്ഷെ, അത് ഏറ്റെടുക്കാൻ നമ്മുടെ കൈകൾ എത്രത്തോളം പാകമെന്നത് അവർക്കും അറിയണ്ടേ ? തുടർന്ന് അതൊന്ന്കൂടി ഉറപ്പിക്കാൻ ജില്ലാ കളക്ടറുടെ ചേമ്പറിലേക്ക്. അദ്ദേഹത്തിന്റെ ചില നിർദ്ദേശങ്ങൾ.  ജില്ലാപ്രസിഡന്റും ജില്ലാകളക്ടറും എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളും പക്വമായി ഇടപ്പെട്ടു. പേപ്പർ വർക്കുകൾ പഴുതടച്ചു ചെയ്തു. നല്ല ഫോളോഅപ്പുകൾ.  പ്രഭാകരകമ്മീഷനിൽ ഇത്രേം ഫണ്ടോ ? കാസർകോട് വികസന പാക്കേജിന് ഇമ്മാതിരി ഒരുക്കൂട്ടങ്ങളോ ?

നാം അതുകൊണ്ടും നിർത്തിയില്ലല്ലോ. ആവശ്യക്കാരനെന്ത് ഔചിത്യബോധം.  എം.എൽ.എയോടും എംപിയോടും കണ്ടിടത്ത്നിന്നൊക്കെ  നമ്മുടെ  ഇല്ലാപ്പാട്ട്. അവയോടവരുടെ അനുഭാവ പൂർണ്ണമായ സമീപനങ്ങൾ.  എപ്പോഴും തയ്യാറാക്കി കയ്യിൽ കൊണ്ട് നടക്കുന്ന നമ്മുടെ പ്രൊപ്പോസലുകൾ ! ചിന്നംപിന്നം പെയ്ത് തുടങ്ങിയത്  പി ന്നെ തുള്ളിക്കൊരു കുടമായി മഴയായി വന്നു.  അതാണ് വ്യാഴാഴ്ച നാം സ്‌കൂൾ ക്യാംപസിൽ മനം കുളിർക്കെ കാണാൻ പോകുന്നത്.

ഇതൊന്നുംകൊണ്ട് പിടിഎയോ എസ് .എം.സിയോ സ്‌കൂൾ ഹെഡ്മിസ്ട്രസ്സൊ പ്രിൻസിപ്പലോ അടങ്ങിയിരിക്കരുത്. നമുക്ക് ഇനിയും ഒരുപാട് ആവശ്യങ്ങൾ ബാക്കിയുണ്ട്. വെറുതെ ചോദിക്കുന്നതല്ലല്ലോ. കുട്ടികളെ പഠിപ്പിക്കേണ്ട  രൂപത്തിൽ പഠിപ്പിച്ചാണ്, അവരുടെ സൗകര്യങ്ങൾക്ക് വേണ്ടി ചോദിക്കുന്നത്.  100 ശതമാനം എസ്.എസ് .എൽ.സി വിജയമെന്നത് ഇപ്പോൾ നമ്മുടെ സ്‌കൂളിൽ ഒരു സാധാരണ സംഭവമായി മാറിയിട്ടുണ്ട്. അത് ഇനി ഹയർസെക്കണ്ടറിയിൽ കൂടി എത്തണം. ഇവിടെ വരുന്ന ഒരുകുട്ടിയും സ്‌കൂൾ വിട്ട് പോകുന്നത് കലങ്ങിയ കണ്ണുകൊണ്ടാകരുത്, അവരുടെ രക്ഷിതാക്കൾ ''അയച്ചു പറ്റിപ്പോയി'' എന്ന അവസ്ഥ ഉണ്ടാകരുത്. അതിനുള്ള പദ്ധതികൾ ആവിഷ്കരിക്കണം. അതിനാവശ്യമായ പഠനപദ്ധതികൾ ആവിഷ്കരിക്കുന്നതോടൊപ്പം നമുക്ക് ഇനി എന്തൊക്കെ ബാക്കിവരുന്ന ഭൗതിക സൗകര്യങ്ങളുടെ അഭാവങ്ങളുണ്ടെന്ന് മുന്ഗണന നൽകി ചാർട്ട് തയ്യാറാക്കണം. അതിനു വേണ്ട സപ്പോർട്ടിങ് ഡോക്യൂമെന്റുകൾ എപ്പോഴും നമ്മുടെ കയ്യിൽ ഉണ്ടാകണം. ''ഒരു ഫണ്ടുണ്ട്, അതിന് നിങ്ങളുടെ കയ്യിൽ മതിയായ രേഖകളും അപേക്ഷയും ഉണ്ടോ?'' എന്ന് ചോദിച്ചു നാക്കെടുക്കുന്നതിന് മുമ്പ് അതിന്റെ നാല് കോപ്പിയെങ്കിലും നൽകാൻ പാകത്തിൽ available, unavoidable  required business dox നമ്മുടെ ''ഉക്കത്തും ഉറിയിലും'' എപ്പോഴുമുണ്ടാകണം.

കേൾക്കാൻ തുടങ്ങിയിട്ടുണ്ട്, പടല സ്‌കൂളിൽ പലരും മക്കളെ അയക്കാൻ മാനസികമായി തയ്യാറെടുക്കുന്നുണ്ടെന്ന്. സൗകര്യങ്ങൾ കൂടുന്തോറും രക്ഷിതാക്കൾ അപേക്ഷാ ഫോറവുമായി ഇനിയും ക്യൂവിലുണ്ടാകും.  സമർപ്പിത അധ്യാപകരും അവർക്ക് സപ്പോർട്ടായി രക്ഷകർതൃസമിതിയും സജീവമായ നാട്ടുകാരുമുണ്ടെങ്കിൽ പദ്ധതികൾ അതെത്ര ചെറുതാകട്ടെ, വലുതാകട്ടെ, ഇവിടെയേ വരൂ. ഇവിടെ ഒന്ന് നോക്കിയിട്ടേ അധികൃതർ വേറെ സ്ഥലങ്ങൾ പരിഗണിക്കൂ.

എനിക്ക്  പറയാനുള്ളത് ഒരു പ്ലാസ്റ്റിക്  ബക്കറ്റ് കിട്ടാൻ വകുപ്പുണ്ടെങ്കിൽ,  നമ്മുടെ അപേക്ഷ ഫോറം ബന്ധപ്പെട്ട അധികൃതരുടെ  മേശപ്പുറത്തു ആദ്യം എത്തണം. ഇത്രയൊക്കെയുള്ള നിങ്ങൾക്കെന്തിനാ ഇനി ഈ ബക്കറ്റു കൂടി'' ചോദിക്കുമ്പോൾ, അതും വാങ്ങി, അടുത്ത ഊഴത്തിൽ  വേറെ രണ്ടെണ്ണത്തിനും അതിനാവശ്യമായ അഞ്ചാറു മഗ്ഗിനും കൂടി  അഡിഷണൽ അപേക്ഷയും കൊടുത്തായിരിക്കണം പടിയിറങ്ങേണ്ടത്.

അവസാനം - നമ്മുടെ സ്‌കൂൾ മുറ്റത്തു  ഭൗതിക സൗകര്യങ്ങൾ വന്നുകൊണ്ടിരിക്കുന്നത് കാണുമ്പോൾ, കേൾക്കുമ്പോൾ  അഭിമാനം തോന്നുന്ന നിമിഷങ്ങൾ ! സബാഷ് , പട്-ല സ്‌കൂൾ സബാഷ് !  

Sunday 9 October 2016

ഭിക്ഷാടനം - നമ്മുടെ ഗ്രാമത്തെ എങ്ങിനെ മുകതമാക്കാം ?/ എച്ച്. കെ. അബ്ദുൽ റഹിമാൻ

ഭിക്ഷാടനം - നമ്മുടെ ഗ്രാമത്തെ എങ്ങിനെ മുകതമാക്കാം ?

ഒരു ചർച്ചയ്ക്ക് വിധേയമാക്കാൻ വേണ്ടിയാണ് ഈ വിഷയമടങ്ങിയ കുറിപ്പ്  ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നത്. നമുക്കറിയാം, ഭിക്ഷ യാചിച്ചുകൊണ്ട് നമ്മുടെ നാടുകളിൽ  എത്തുന്നവരുടെ എണ്ണം ദിനം പ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് പട്ല പോലുള്ള പ്രദേശങ്ങളാണ് അവരുടെ ശ്രദ്ധാ കേന്ദ്രം. ഇവിടെങ്ങളിൽ നിന്ന് കിട്ടുന്ന സംഭാവന തുക വളരെ വലുതാണെന്നതാണ് പ്രധാന കാരണം.

''സ്വദഖഃ ചെയ്‌താൽ വരാനിരിക്കുന്ന ആപത്തുകളിൽ നിന്നും സംരക്ഷണം ലഭിക്കും'' എന്ന നബി വചനത്തിൽ വിശ്വസിക്കുന്നവരുടെ ഇടയിൽ ഇവർക്ക് വളരെ അനായാസം ലക്‌ഷ്യം പൂർത്തീകരിക്കാൻ സാധിക്കും.

എന്നാൽ, ഇവർക്ക്  നൽകുന്ന നാണയത്തുട്ടുകൾ  സ്വദഖയിൽ പെടുമോ? ആ തുക ആരുടെ കൈകളിലേക്കാണ് അവസാനം ചെന്നെത്തുന്നത് ? ഈ വക കാര്യങ്ങൾ ആർക്കും ഒരു നിശ്ചയവുമില്ല. അതിലുപരി ഇവരെക്കൊണ്ടുണ്ടാകുന്ന സാമൂഹ്യ വിപത്ത് നാം ദിവസേന പത്രങ്ങളടക്കമുള്ള  മാധ്യമങ്ങളിൽ വായിക്കുകയും കാണുകയും ചെയ്യുന്നു.

ഭിക്ഷാടനം നടത്തുവാൻ ഒരു ആഴ്‌ചയിൽ എത്ര തവണയാണ് നമ്മുടെ വീടുകളിൽ വരുന്നത്?  വീടുവീടാന്തരം കയറിയിറങ്ങിയ ശേഷം നമ്മുടെ പള്ളികളിലും പള്ളി വരാന്തകളിലും എത്തുന്നവർ ഇവർ തന്നെയാണോ ?- ഇവയെക്കുറിച്ചൊന്നും നമുക്കാർക്കും ഒരു നിശ്ചയവുമില്ല.

തീർച്ചയായും ഇത്, ഭിക്ഷാടനം,  ഒരു വലിയ നെറ്റ് വർക്കാണ്. ഇവരെ ബഹിഷ്ക്കരിച്ചുകൊണ്ട്  യാചന പാടേ നിരുത്സാഹപ്പെടുത്താൻ നാം ശ്രമിക്കണം. ഒരു ഗ്രാമത്തിൽ നിന്ന് മുഴുവനായി  ഇത് നിരോധിക്കുവാൻ പരിമിതിയുണ്ടെങ്കിലും അപരിചതരെയും അന്യ സംസ്ഥാനക്കാരെയുമെങ്കിലും മാറ്റി നിർത്തുവാൻ ഒരു കൂട്ടായ ശ്രമത്തിന് സാധിക്കില്ലേ ?

ഇത് എത്രത്തോളം നമ്മുടെ ഗ്രാമത്തിൽ നടപ്പിലാക്കാൻ സാധിക്കുമെന്നതിനെക്കുറിച്ചുള്ള ഒരു വിശദമായ ചർച്ചയ്ക്ക് നിങ്ങളുടെ എല്ലാവരുടെയും ശ്രദ്ധ ക്ഷണിക്കുന്നു

എച്ച്. കെ. അബ്ദുൽ റഹിമാൻ 

''old age leaves no REST in peace'' / അസ്‌ലം മാവില



ആദരണീയരായ സിപി അംഗങ്ങളോട്
അതിലും സ്നേഹ നിധികളായ യുവാക്കളോട്

ക്ഷേമാന്വേഷണങ്ങൾ ....നിങ്ങൾക്കും കുടുംബാംഗങ്ങൾക്കും

ഞാനും നിങ്ങളും തമ്മിൽ പല വിഷയത്തിലും അഭിപ്രായവ്യത്യാസങ്ങളുണ്ട്. അഭിപ്രായാന്തരങ്ങളുണ്ട്. അങ്ങിനെ ഉണ്ടാവുക സ്വാഭാവികവുമാണ്. ചില കാര്യങ്ങൾ യുവാക്കൾ പറയുന്നതിൽ കാര്യമുണ്ടെന്ന് തോന്നാറുണ്ട്. അതിൽ പെട്ട ഒന്നാണ് ഇവിടെ പല രൂപത്തിൽ പരിഭവങ്ങളായി കേട്ടത്.

ഈ കൂട്ടായ്മയിൽ നിരന്തരം കാണുകയും കേൾക്കുകയും ചെയ്യുന്ന  രണ്ടു-മൂന്ന് പേരുടെ ഒരു വിങ് ഉണ്ടാക്കട്ടെ. അവർ യുവാക്കൾ ആകണം.   ഓരോ ആഴ്ചയും  ഈ വിങ്ങിൽ  മാറ്റം വരുത്താം. അവരുടെ ഉത്തരവാദിത്വമെന്നത്  ഇവിടെ ഉന്നയിക്കുന്ന പ്രത്യേകിച്ച്  അഭിപ്രായങ്ങളെ പൊതുജനശ്രദ്ധയിൽ കൊണ്ട് വരിക, അവയിൽ ഒരു ചർച്ച നടത്തുക  എന്നതാകണം. ഒപ്പം നമ്മുടെ കുട്ടികൾക്ക്, യുവാക്കൾക്ക് ക്രിയാത്മകമായി പ്രതികരിക്കുവാനുള്ള പ്രോത്സാഹനം ചെയ്യുന്നതുമാകണം.

ആദ്യമാദ്യം തുടക്കക്കാർക്ക് ''ലൈക്കൊ''ക്കെ കൊടുക്കാം.  അവരെ ഓപ്പൺ ഫോറത്തിൽ കൈപ്പിടിച്ചുയർത്തുക എന്നതിന്റെ ഭാഗമായി. അവയെക്കുറിച്ചു അഭിപ്രായങ്ങളും പറയണം.

പറയുന്നതിനേക്കാളേറെ എഴുതുന്നതിന് താല്പര്യമുള്ള വ്യക്തിയാണ് ഞാൻ.  അതിന്റെ സ്വാർത്ഥത എന്നത് - വോയിസ് നോട്ട്  പോസ്റ്റ് ചെയ്‌താൽ അത് ഡിലീറ്റ് ബട്ടൺ അമർത്തുന്നതോടെ അപ്രത്യക്ഷ്യമാകും. എഴുതിയാൽ വര്ഷങ്ങളോളം എന്റെ ബ്ലോഗിൽ നിലനിൽക്കും.  എന്നെ ആർക്കെങ്കിലും പിന്നൊരിക്കൽ വായിക്കാമല്ലോ.

ചില നിർബന്ധിതാവസ്ഥയിൽ വോയിസിൽ വരുന്നു - ഉസ്മാനെപ്പോലുള്ളവർ അമിത സ്വാതന്ത്ര്യമുപയോഗിച്ചു ''പുകക്കുമ്പോൾ''  അബദ്ധവശാൽ ഇവിടെ  വോയിസിൽ വന്നുപോകുന്നതാണ്. എന്നെപ്പോലുള്ളവരുടെ കേട്ടുമടുത്ത ശബ്ദങ്ങൾ വീണ്ടും കേൾക്കുമ്പോൾ സ്വാഭാവികമായും അരോചകവും, മറ്റുചിലപ്പോൾ അസഹനീയവുമാകുക സ്വാഭാവിക പരിണിതി മാത്രമാണ്. അത് ഉൾക്കൊള്ളാൻ എന്റെ പക്വത എന്നെ പാകപ്പെടുത്തണം.

തീർച്ചയായും സിപിയിലെ  മുതിർന്ന വ്യക്തികൾ സമയം കണ്ടെത്തി നേരത്തെ പറഞ്ഞ വിഷയത്തിൽ ഒരു ഫോർമുല കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാം. അങ്ങിനെ വരുമ്പോൾ തീർച്ചയായും ഈ ഗ്രൂപ്പിന് ഉണ്മ, ഭാവം, സൃഷ്ടിപരമായ നിർവ്വഹണം (  reality, appearance and creative disposition ) ഇവ ഉണ്ടാകുമെന്ന് ഞാൻ കരുതുന്നു.

നിങ്ങൾ തന്നെ ഒരു പ്രോഗ്രാം ചാർട്ട് പോലെ തയ്യാറാക്കുക. രാവിലെ ഒന്ന് രണ്ടു പേർ പത്രങ്ങൾ വായിക്കാം. അതിലെ വിഷയങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങൾ സൗകര്യമുള്ളവർ വന്നും പറഞ്ഞും പൊയ്ക്കൊണ്ടിരിക്കട്ടെ. ഒരു സാമ്പിൾ പറഞ്ഞെന്നേയുള്ളൂ. അതല്ലെങ്കിൽ  RT യിൽ പരീക്ഷിച്ചത് തീർച്ചയായും ഇവിടെ മറ്റൊരുരൂപത്തിൽ കൂടുതൽ പുതുമയോടെ ആകാം.

ഭാഷ സംവേദനത്തിനുള്ളതാണ്. നിങ്ങൾക്ക് എങ്ങിനെ പറഞ്ഞാലാണ് ഒരു കാര്യം എളുപ്പത്തിൽ ബോധ്യപ്പെടുത്താനാകുക, ആ ഭാഷ ഉപയോഗിക്കുക, ആ സ്ളാംഗിൽ പറയുക. പച്ച മലയാളം തന്നെ എന്നാകണമെന്നുണ്ടോ ?

available & convenient members (ലഭ്യവും & സൗകര്യമുള്ള അംഗങ്ങൾ  ) സംസാരം തുടർന്നുകൊണ്ടേയിരിക്കുക. അവരിൽ തന്നെയുള്ള ഒരാൾ അതിന്റെ നേതൃത്വം ഏറ്റെടുക്കട്ടെ. generation gap , തലമുറകളുടെ വിടവ് ഏതുകാലത്തും ഉള്ളതാണ്. ചെറിയവർക്ക് തോന്നും വലിയവർ തങ്ങളെ കണ്ടില്ല , വലിയവർക്ക് തോന്നും ചെറിയവർ പരിഗണിച്ചില്ല. അതിനിടയിലെ പരിഭവങ്ങളും പങ്കുവെക്കലുകളുമാണ് ജീവിതത്തിലെ സുന്ദരമുഹൂർത്തങ്ങൾ സമ്മാനിക്കുന്നത്.

മതിലുകൾ മാറുന്നില്ല, കലണ്ടറുകൾ മാറിക്കൊണ്ടേയിരിക്കും. ഹേമന്തവും ശിശിരവും ഉഷ്ണവും ശൈത്യവും കലണ്ടറുകളിലെ പുറങ്ങളോടൊപ്പം മിന്നിമറഞ്ഞു പൊയ്ക്കൊണ്ടിരിക്കും.

ഇലകൾ ഒരു പരിധി കഴിഞ്ഞാൽ പച്ചപ്പു മാറാനും  വാടാനുള്ളതാണ് എന്ന് പറഞ്ഞത് ഒരു പാശ്ചാത്യ കവിയാണ്. old age leaves no REST in peace എന്ന് പറഞ്ഞതും മറ്റൊരു കവി തന്നെ.

സ്‌നേഹപൂർവ്വം

അസ്‌ലം മാവില