Monday 8 October 2018

ധന്യം സമ്പന്നം സന്തോഷം / അസ്ലം മാവില

ധന്യം
സമ്പന്നം
സന്തോഷം

അസ്ലം മാവില

ഇന്ന് ഉച്ചയ്ക്ക് ശേഷം ചെറിയ ഒരു തിരക്കിലായിരുന്നു പൊലിമ നേതൃത്വം. സ്നേഹനിധികളെ കാണുന്ന തിരക്കിൽ.

സീനിയർ സിറ്റിസൺസിനെ നേരിട്ട് പോയിക്കണ്ട് അവരെ ആദരിക്കുക എന്ന പൊലിമ സമാപനത്തിന് മുമ്പെടുത്ത വലിയ തീരുമാനത്തിന്റെ ഭാഗമായിരുന്നു ആ ഗൃഹ സന്ദർശനങ്ങൾ.

അവരെ സംബന്ധിച്ചിടത്തോളം ഞങ്ങളവർക്ക് കുട്ടികൾ,  യുവാക്കൾ. തലമുറകളുടെ വിടവില്ലാതെ ആ വന്ദ്യവയോധികരെ കൺ നിറയെ കണ്ടു. അതാകട്ടെ, രണ്ടു തലമുറകൾ തമ്മിലുള്ള പരിശുദ്ധമായ ബന്ധം പുതുക്കലായി മാറി. ഞങ്ങൾ പലരുടെയും മാതാപിതാക്കളുടെ സുഹൃത്തുക്കൾ, കളിക്കൂട്ടുകാർ, കുശലം പറഞ്ഞിരുന്നവർ, പിണങ്ങിയും ഇണങ്ങിയും ജീവിച്ചവർ - അവർ അതായിരുന്നു.

ചെറിയ മിനുറ്റകൾ മാത്രം അവരോടൊപ്പം ഇരുന്നു. സന്തോഷം പങ്ക് വെച്ചു. കുഞ്ഞു തമാശകൾ പറഞ്ഞു. അവർ നൽകിയ ലഘു സൽക്കാരം സ്വീകരിച്ചു. അവരുടെ അനുവാദത്തോടെ പൊലിമാദരവ് അവർക്ക് നൽകി. പരസ്പരം പ്രാർഥിച്ചും ഹസ്തദാനം നൽകിയും ഞങ്ങളെയവർ യാത്രയാക്കി. പടികടക്കുവോളം ഇമവെട്ടാതെ അവർ ഞങ്ങളെ നോക്കിയിരുന്നു. വിവരണാതീത നിമിഷങ്ങൾ !

എല്ലാവരെയും കാണാൻ ഇന്ന് സാവകാശം ലഭിച്ചില്ല. സമയം കിട്ടുമ്പോഴൊക്കെ ആ സ്നേഹനിധികളെ കാണും, ആദരവ് കൈമാറും.  അവർക്ക്  ഒന്നും വയ്യ, പക്ഷെ, അവരുടെ സുഹൃദ് വലയത്തിലുള്ളവരുടെ മക്കൾ വരും, കാണും, കൈ പിടിക്കും, സ്നേഹക്കൈലാസുകുമെന്ന് ഞങ്ങളുടെ കുട്ടിക്കാലത്തും യൗവ്വനകാലത്തും അവർ പരസ്പരം പറഞ്ഞിരിക്കണം.  അതാണ് ഇന്ന് ഒരു നിയോഗം പോലെ നടന്നത്.

ആർദ്ര നിമിഷങ്ങൾ ! സന്തോഷബാഷ്പകണങ്ങൾ കണ്ണുകൾക്ക് വലതീർത്ത നേരങ്ങൾ !
തൊട്ടുമുമ്പിലുള്ള തലമുറയെ അരികോട് ചേർത്ത വേളകൾ !

ഞാൻ പറയും, അവരാണ് ഈ നാടിന്റെ ഭംഗി. ഈ ഗ്രാമത്തിന്റെ ചന്തവും ചേലും.  സത്താർ പതിക്കാലിന്റെ വരി കടമെടുത്താൽ - "നാമിന്ന് ഭക്ഷിക്കുന്ന ഫല വൃക്ഷങ്ങൾ നാം നട്ടതല്ല. ഇന്നലെകളിലെ  ആ യുവാക്കൾ  നട്ടതായിരുന്നു. അവരുടെ കഥകളും നാടൻ ചൊല്ലുകളും കേട്ടായിരുന്നു ഞങ്ങളുടെ ബാല്യം ഉറങ്ങിയതും ഉണർന്നതും."
അതെ,  അവരുടെ ശാസനകളും കണ്ണുരുട്ടലുകളും സ്നേഹവാത്സല്യങ്ങളുമായിരുന്നു ഞങ്ങളെ ഇങ്ങനെയൊക്കെയാക്കിയത് ! നാഥാ, ആ മാതൃപിതൃസ്നേഹനിധികളെ നീ സൗഖ്യവും സന്തോഷവും നൽകി അനുഗ്രഹിക്കേണമേ !

No comments:

Post a Comment