Sunday 14 October 2018

ഹാഫിഥുമാർ ഇങ്ങനെ ആദരിക്കപ്പെടട്ടെ /അസ്ലം മാവില


ഹാഫിഥുമാർ
ഇങ്ങനെ
ആദരിക്കപ്പെടട്ടെ
...................................

അസ്ലം മാവില
..................................

വിശ്വാസികൾക്കിടയിൽ ഒരഭിപ്രായ വ്യത്യാസവുമില്ലാത്ത ഏക ഗ്രന്ഥം ഖുർആൻ മാത്രം. ലോകനാഥന്റെ വചനം. ലോകാവസാനം വരെ വള്ളി-പുള്ളി വ്യത്യാസമില്ലാതെ നിലനിൽക്കുന്നത്. പടച്ചവൻ പറഞ്ഞത്, പടപ്പുകൾക്കതറിയാവുന്നത്.

ആ കലാം മുഴുവൻ ഹൃദിസ്ഥമാക്കൽ അത്ര എളുപ്പമല്ല.  എല്ലാവർക്കുമതു സാധ്യവുമല്ല. ദൈവാനുഗ്രഹീതർക്കതിനുള്ള ഭാഗ്യം ലഭിക്കുന്നു. അതിലും വലിയ ഭാഗ്യം സിദ്ധിച്ചവർക്കത് ജീവിതാവസാനം വരെ ഹൃത്തിൽ മായാതെ മറക്കാതെ സൂക്ഷിക്കാനും സാധിക്കുന്നു.

പട്ലയിൽ രണ്ട് സ്ഥാപനങ്ങളുണ്ട് - പരിശുദ്ധ ഖുർആൻ ഹൃദിസ്ഥമാക്കാൻ. ഒരു നാടിന്റെ സന്താഷമാണത്. വിളക്ക്, അണയാത്ത ദീപം, മായാത്ത നിഴൽ. മറയാത്ത തണൽ.

ശരിക്കും ഒരു നാടിന്റെ ഐശര്യമാണ് ഹിഫ്ഥ് സ്ഥാപനങ്ങൾ. ആ നാടിന്റെ പൊന്നിൻ കുടങ്ങളാണ് ഖുർആൻ ഹാഫിഥുമാർ.

ഖുർആൻ പഠിതാക്കളെ പ്രോത്സാഹിപ്പിക്കാൻ, നല്ലത് പറയാൻ നമ്മുടെ മനസ്സുകൾക്കാകണം, ആ തലത്തിലേക്ക് നമ്മുടെ മനസ്സു ചെന്നെത്തണം. നീ ആരാവട്ടെ, ഖുർആനിന്റെ മുന്നിൽ നീ ഒന്നുമല്ലല്ലോ!   അത് ഹൃദിസ്ഥമാക്കുന്നവരുടെ മുന്നിൽ നിന്റെ പത്രാസിനൊരു  വിലയുമില്ലല്ലോ !

സന്തോഷം തോന്നി, മശ്രിക്കുൽ ഉലൂം ഹിഫ്ഥ് സ്ഥാപനത്തിലെ മക്കൾക്ക് കണ്ണഞ്ചിപ്പിക്കും, കാതിനിമ്പം തരും പ്രോത്സാഹന സമ്മാനങ്ങൾ നൽകുന്നുവെന്ന് കേട്ടപ്പോൾ.

ആരും കൊതിക്കുന്ന ആഗ്രഹം. ആരും ചാരത്തണയാൻ വെമ്പുന്ന ആശയുടെ നിറക്കൂട്,  പരിശുദ്ധ ഉംറ ! താനിന്നേ വരെ മുഖമിട്ട് നമസ്ക്കരിക്കുന്ന പരിശുദ്ധ കഅബാലയത്തൊന്നണയുക, അതിന് ത്വവാഫ് ചെയ്യുക, ഇബ്രാഹിം (അ) കുടുംബത്തിന്റെ ഓർമ്മകളിൽ സഫാ മർവാ നടക്കുക, ശിഫയുടെ സംസം മതിയാവോളം പാനം ചെയ്യുക, മദീനയുടെ വഴി നടക്കുക, പ്രവാചകരുടെ പള്ളിയിലെത്തുക, അവിടുത്തെ ഖബർ സന്ദർശിക്കുക, അവിടുത്തോടും സന്തത സഹചാരികളോടും സലാം ചൊല്ലുക, തിരക്കിനിടയിലും പരിശുദ്ധ റൗളയിൽ മതിയാവോളം പ്രാർഥനാനിരതരാവുക, ചരിത്ര സ്ഥലങ്ങളിലൂടെ, ബദറും ഉഹ്ദും തായിഫും ഹിറയുമെല്ലാം ഒന്ന് കൺകുളിർക്കെ കാണുക .... അതിനുള്ള അവസരം ഒരുക്കുന്ന, ഹിഫ്ഥ് വിദ്യാർഥികൾക്കിടയിൽ മാത്സര്യബുദ്ധിക്കിടനേരം നൽകുന്ന ഓഫറുകൾ !

വളരെ സന്തോഷം തോന്നി. അതിനു തുനിഞ്ഞ,  പേരു പോലും പറയാത്ത ആ അഭ്യംദയകാംക്ഷിയെ മനസ്സിൽ തട്ടി അഭിനന്ദിക്കുന്നു.

ഈ കുറിപ്പ് ഇങ്ങിനെ തീർക്കുന്നു - നമ്മുടെ നാട്ടിൽ ഒരുപാട് ഹാഫിഥുമാർ ഉണ്ടായികൊണ്ടിരിക്കുന്നു, ഉദാരമതികൾ മറ്റുള്ള അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു കൊണ്ട് ഹാഫിഥുമാരെ ആദരിക്കുവാനും, ഹിഫ്ഥ് വിദ്യാർഥികൾക്ക് മതിയായ പ്രോത്സാഹനം നൽകുവാനും മുന്നോട്ട് വരണം.

നന്മ നേരട്ടെ, നമ്മുടെ നാട്ടിലും അയൽ പ്രദേശങ്ങളിലുമുള്ള ഹിഫ്ഥ് സ്ഥാപനങ്ങളും അതിലെ പഠിതാക്കളും പണ്ഡിതരും  ഉന്നതിലെത്തുമാറാകട്ടെ! 

No comments:

Post a Comment