Monday 8 October 2018

പൊലിമയുടെ സന്ദേശം* *വിശ്വത്തോളം ഉയരട്ടെ - മന്ത്രി ഇ. ചന്ദ്രശേഖരൻ

*പൊലിമയുടെ സന്ദേശം*
*വിശ്വത്തോളം ഉയരട്ടെ* -
മന്ത്രി ഇ. ചന്ദ്രശേഖരൻ

മാനവ സൗഹൃദം മനുഷ്യന്മക്കെന്ന പൊലിമയുടെ സന്ദേശം പട്ലക്ക് മാത്രമല്ല  ബാധകമാകേണ്ടത്.  കാസർകോടും കഴിഞ്ഞ്  കേരളം മൊത്തവും അതിലപ്പുറം, രാജ്യത്തോളം, വിശ്വത്തോളം പൊലിമ ഉയർത്തിപ്പിടിച്ച മാനവ സന്ദേശം ഉയരേണ്ടതുണ്ട്. അതിന്റെ തുടക്കക്കാർ ഈ കൊച്ചു ഗ്രാമമായതിൽ പൊലിമയുടെ പട്ലക്കാറെ അഭിനന്ദിക്കുന്നു. 
രണ്ട് മാസത്തോളം നീണ്ടു നിന്ന പട്ല നാട്ടുത്സവമായ പൊലിമയുടെ സമാപനാഘോഷ ചടങ്ങ് ഉത്ഘാടനം ചെയ്ത് കൊണ്ട് കേരള റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു.

മനുഷ്യന് സമാധാനമാണാവശ്യം. ശാന്തതയും സൗഹൃദവും നിലനിൽക്കണം. ലോകത്ത് പക്ഷെ, മറിച്ചാണ് കൂടുതൽ കേട്ട് കൊണ്ടിരിക്കുന്നത്, കാണുന്നതും.

ഏത് പ്രവാചകനും പറഞ്ഞത് നന്മ മാത്രമാണ്. മനുഷ്യസ്നേഹത്തിന്റെ ശക്തമായ ഉത്ഘോഷങ്ങളാണ് ഋഷിവര്യന്മാർ നടത്തിയത്. അവരിൽ നിന്ന് നല്ല പാഠങ്ങൾ ഉൾക്കൊള്ളുക. അവരുടെ സേവനങ്ങൾ പ്രകീർത്തിക്കുക. പിൻപറ്റുക.

ജനാധിപത്യം തുറന്ന സംവിധാനമാണ്.  ഭരണാധികാരികൾ ഇവിടെ താത്കാലിക സംവിധാനവും. അവരാകട്ടെ വന്നും പോയ്ക്കൊണ്ടുമിരിക്കും. സാധാരണക്കാരന്റെ ഓരം ചേർന്ന് നടക്കാനായാൽ മാത്രമയാളെ ഭരണാധികാരി എന്ന് പറയാം. ഉള്ളവനെ വീണ്ടും വീണ്ടും തൃപ്തിപ്പെടുത്താൻ ഭരണാധികാരി എന്തിന് ? അദ്ദേഹം ചോദിച്ചു.

നമ്മുടെ ആയുസ്സ് ഹ്രസ്വം.  ധന്യമായ ജീവിതമെന്നത് സൽക്കർമ്മങ്ങൾ മാത്രം. ചുരുങ്ങിയ ജീവിതം നാടിന് വേണ്ടി, സമൂഹത്തിന് വേണ്ടി, സേവനം ചെയ്യാനായി നമുക്ക് പരുവപ്പെടുത്താനാകണം. ശരിയായ ദിശാബോധമുണ്ടാകണം.  മൂല്യാധിഷ്ഠിത സാമുഹ്യ ജീവിതമതിനനിവാര്യം. ഏറ്റവും ആവശ്യം അച്ചടക്കം.  ഉൾക്കൊള്ളാനുള്ള മനസ്സ്. സഹിഷ്ണുത.  അവിടെ ഐക്യബോധം നിലനിൽക്കും. മന്ത്രി പറഞ്ഞു.

വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാം, വ്യതിരിക്ത ശബ്ദങ്ങൾ ഉണ്ടാകാം. അതുണ്ടാകണം. അപ്പോഴും ഒരു നാടിന്റെ പൊതുനന്മയ്ക്ക് ഒന്നിക്കാനാകണം. പട്ല അതിന്റെ മാതൃകയാണ്.
കേരള സർക്കാറിന് വേണ്ടി പൊലിമയെയും പൊലിമയുടെ പട്ലയെയും ഞാൻ അഭിവാദ്യം ചെയ്യുന്നു . മന്ത്രി അത് പറഞ്ഞു നിർത്തുമ്പോൾ ജനങ്ങൾ ആർപ്പുവിളികളോടെ,  കയ്യടിച്ചു സ്വീകരിച്ചു. പൊലിമ മുഖ്യ രക്ഷാധികാരി എം. എ. മജീദ് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ അസ്ലം മാവില സ്വാഗതവും കൺവീനർ എം.കെ. ഹാരിസ് നന്ദിയും പറഞ്ഞു.

ഉച്ചയ്ക്ക് നടന്ന സാംസ്ക്കാരികപ്പൊലിമ ഒന്നാം സെഷനിൽ പി. കരുണാകരൻ എം.പി. മുഖ്യാതിഥിയായിരുന്നു.  വൈവിധ്യങ്ങളുടെ നിലനിൽപാണ് ഇന്ത്യയുടെ ആത്മാവ്. നാട്ടുത്സവങ്ങൾ ഐക്യത്തിന്റെയും സ്നേഹത്തിന്റെയും  സ്നേഹസന്ദേശങ്ങളാണ് പ്രചരിപ്പിക്കേണ്ടത്. പൊലിമ അതിൽ വിജയിച്ചു. അദ്ദേഹം പറഞ്ഞു.
  പൊലിമ ചെയർമാൻ എച്ച്.കെ. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. സുൽത്താൻ മഹമൂദ്, അസ്ലം പട്ല, എഞ്ചി. ബഷീർ, ഉസ്മാൻ കപ്പൽ, എച്ച്. കെ. മൊയ്തു, അബ്ദുറഹിമാൻ ഹാജി, മജൽ ബഷീർ, ബക്കർ മാസ്റ്റർ, അഷ്റഫ് സീതി,  ആസിഫ് എം. എം. , ബി. ബഷീർ പട്ല, മുഹമ്മദ് കുഞ്ഞി മാസ്റ്റർ  പ്രസീഡിയം അലങ്കരിച്ചു.   അസ്ലം മാവില സ്വാഗതം പറഞ്ഞു. 

സായാഹ്ന സാംസ്ക്കാരികപ്പൊലിമ രണ്ടാം സെഷൻ എൻ. എ . നെല്ലിക്കുന്ന് എം.എൽ. എ ഉത്ഘാടനം ചെയ്തു.  ഒരു ഗ്രാമം മുഴുവൻ ഒരുമയോടെ ആഘോഷിക്കുന്ന പൊലിമപ്പെരുന്നാൾ കേരളം മുഴുവൻ ഉണ്ടാകണം. പൊലിമയിൽ ഐക്യവും സൗഹൃദവും എന്നും നിലനിർത്താൻ നമുക്കാകണമെന്ന് എൻ. എ. നെല്ലിക്കുന്ന് പറഞ്ഞു.
മധുർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാലതി സുരേഷ്, വൈ. പ്രസിഡന്റ് ദിവാകര, വാർഡ് മെമ്പർ എം. എ. മജീദ്,  സി. എച്ച്. അബുബക്കർ (പ്രസിഡൻറ് , PTA പട്ല ജി എച്ച് എസ് എസ് ), സൈദ് കെ. എം. (ചെയർമാൻ , SMC,  പട്ല ജി എച്ച് എസ് എസ് ), പി. പി. ഹാരിസ്, കൊപ്പളം കരീം, ഉസ്മാൻ കപ്പൽ, അസ്ലം പട്ല,  ഖാദർ അരമന തുടങ്ങിയവർ സംസാരിച്ചു.  അസ്ലം മാവില സ്വാഗതവും റാസ പട്ല നന്ദിയും പറഞ്ഞു.

രണ്ട് ദിവസങ്ങൾ നീണ്ട് നിന്ന പൊലിമ സമാപനാഘോഷത്തിൽ എക്സിബിഷൻ, കുക്കറി ഷോ, കമ്പവലി, നാടൻ കളികൾ, നാട്ടുകൂട്ടം, ആദരവുകൾ, അനുമോദനങ്ങൾ, സംഗീത സദസ്സുകൾ, കുട്ടികളുടെ വിവിധ പ്രോഗ്രാമുകൾ,  പൊലിമ സദ്യ, ഇശൽ പൊലിമ, സമ്മാന പൊലിമ, ടെക്ക് മീറ്റ്, ബാച്ച്സ്മീറ്റ്, പട്ലേസ്, മൈലാഞ്ചി പൊലിമ, സ്ത്രീകളുടെ വിവിധ മത്സരങ്ങൾ, കൊങ്കാട്ടം, ഫാഷൻ ഷോ, പുള്ളറെ പൊലിമ, മാജിക് ഷോ, പൊലിമാദരവ്, ഉപഹാരപ്പൊലിമ, കലാപരിപാടികൾ, മൊഗാ ഇശൽ പൊലിമ തുടങ്ങിയവ നടന്നു.  ആയിരങ്ങൾക്ക് ദൃശ്യ വിരുന്നൊരുക്കി ആകാശത്ത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ ഒരുക്കി ബ്ലൂസ്കൈ നേതൃത്വം നൽകിയ വെടിക്കെട്ടോടെ പൊലിമയുടെ സമാപനം കുറിച്ചു. 

വിവിധ മത്സര വിജയികൾക്കു മുഖ്യാതിഥികൾ സെഷനുകളിൽ സമ്മാനങ്ങൾ നൽകി.  വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കും നാട്ടുകാരണവന്മാർക്കും പ്രധാന വേദിയിൽ  പൊലിമാദരവ് നൽകി.

No comments:

Post a Comment