Sunday 14 October 2018

രണ്ട് ബാച്ചുകൾ യാത്ര പറഞ്ഞിറങ്ങുമ്പോൾ / അസ്ലം മാവില

രണ്ട് ബാച്ചുകൾ
യാത്ര പറഞ്ഞിറങ്ങുമ്പോൾ

അസ്ലം മാവില

മിനിഞ്ഞാന്ന് നമ്മുടെ സ്കൂളിലെ പ്ലസ് ടു കുട്ടികളുടെ സെൻഡോഫ്, ഇന്ന് പത്തിലെ മക്കളുടെയും. ഒന്നാമത്തെ പരിപാടിയിൽ എനിക്ക് സംബന്ധിക്കാൻ സാധിച്ചു,   മകന്റെ ക്ലാസ്സുകാരുടെ  യാത്രയപ്പിന് എത്താൻ പറ്റിയില്ല. 

ആരെക്കൊണ്ടും ഒന്നും പറയിപ്പിക്കാതെ വളരെ നന്നായാണ് ഈ രണ്ടു യാത്രയപ്പു പരിപാടികളും നടന്നത്. അഭിനന്ദനങ്ങൾ!

സ്കൂൾ പ്രിൻസിപ്പാൾ പറഞ്ഞത് പോലെ പന്ത്രണ്ടിലെ കുട്ടികൾക്ക് യാത്രയപ്പ് നൽകേണ്ടത് അധ്യാപകരും പതിനൊന്നാം ക്ലാസ്സിലെ കുട്ടികളുമാണ്. പത്തിലെ കുട്ടികൾക്ക് യാത്രയയപ്പ് സംഘടിപ്പിക്കേണ്ടത് എട്ടും ഒമ്പതും ക്ലാസ്സിലെ കുട്ടികളും അധ്യാപകരുമാണ്. (ചില സ്കൂളുകളിൽ അങ്ങിനെയുണ്ടെന്നും കേൾക്കുന്നു).

അങ്ങിനെ വരുമ്പോൾ  ഇന്നും മിനിഞ്ഞാന്നും നടന്ന പ്രോഗ്രാമിലെ ആതിഥേയർ യഥാക്രമം 12, 10 ക്ലാസ്സ്കളിലെ കുട്ടികളായത് കൊണ്ട് സാങ്കേതികമായി  അത് യാത്രയപ്പ് യോഗമല്ല, മറിച്ച് യാത്രചോദിക്കൽ പരിപാടിയാണ്. 
ആ കുട്ടികൾ ആയിരുന്നല്ലോ വന്നവർക്ക് ലഘുഭക്ഷണമൊരുക്കിയത്, പഠിച്ച സ്ഥാപനത്തിന് ഓർമ്മക്കായ് മെമെന്റാസ് നൽകിയത്.

പല സ്കൂളുകളിലും ഇത്തരം പരിപാടികൾക്ക് സ്കൂൾ അധികൃതർ പൊതുവെ അനുമതി നൽകാറില്ല.  അങ്ങിനെ അനുമതി നൽകിയാൽ കുട്ടികൾ അത് നേരെ ചൊവ്വെ ഏലും തലയും മുട്ടിക്കാറില്ല എന്നത് തന്നെ കാരണം. എന്തെങ്കിലും ഒരു കുസൃതി ഒപ്പിച്ചിട്ടുണ്ടാകും.  ( ചിത്താറി സ്കുളിൽ നടന്നതെന്ന് പറയപ്പെടുന്ന "യാത്രയപ്പാനന്തര ബഹളം " വാട്സ് ആപ്പിൽ ഇന്ന് വൈകിട്ട് തൊട്ട് പാറിക്കളിക്കുകയാണല്ലോ. ) പക്ഷെ, അതിൽ നിന്നൊക്കെ വളരെ വ്യത്യസ്തമായി പട്ല സ്കൂളിലെ  സീനിയർ വിദ്യാർഥികൾ മാതൃകാപരമായ സമീപനമാണ് ഈ വിഷയത്തിൽ കാണിച്ചത്. അവരെ ആത്മാർഥമായി അഭിനന്ദിക്കുന്നു.

ഒപ്പം, ആ മക്കളെ അങ്ങനെയൊരു പക്വമായ നിലപാടിലേക്ക് ഒരുക്കുട്ടിയ അവരുടെ അധ്യാപകരും രക്ഷിതാക്കളും പിടിഎ - എസ്. എം. സി നേതൃത്വവും അഭിനന്ദനമർഹിക്കുന്നു.

കുട്ടികളേ, ഇനി നിങ്ങൾക്ക് നാലേ നാല് ദിവസങ്ങളാണ് ബാക്കിയുള്ളത്, 7 നാണ് പൊതു പരീക്ഷ തുടങ്ങുന്നത്.  ഒരു മണിക്കൂറ് പോലും വെറുതെ  പാഴാക്കാതെ പരീക്ഷയ്ക്ക് വേണ്ടി മക്കൾ തയ്യാറായിക്കൊണ്ടിരിക്കുക. പത്തിലും പന്ത്രണ്ടിലും മികച്ച മാർക്കോട് കൂടി 100 % വിജയം എന്നതായിരിക്കണം ലക്ഷ്യം. 10 ൽ നാമൊരുപാട് വട്ടം 100 മേനി കൊയ്തിട്ടുണ്ട്. ഇപ്രാവശ്യവും അതാവർത്തിക്കും, ഉറപ്പാണ്. 12 കാർ ഒത്തുപിടിച്ചാൽ പട്ലയുടെ ചരിത്രത്തിലാദ്യമായി  100 % വിജയത്തിലെത്തിക്കാൻ സാധിക്കുമെന്ന് ഞാൻ കരുതുന്നു , അതിനു വിദ്യാർഥികൾക്കാകട്ടെയെന്ന് ആശംസിക്കുന്നു.

പട്ല സ്കൂളിലെ 10, 12 ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും സ്നേഹത്തിൽ ചാലിച്ച യാത്രാമംഗളങ്ങൾ,  ഒപ്പം,  പരീക്ഷാ വിജയാശംസകളും!

No comments:

Post a Comment