Sunday 10 September 2017

*ഇല്യാസ്.എ.റഹ് മാനെ ഓർക്കുമ്പോൾ* /SAP

*ഇല്യാസ്.എ.റഹ് മാനെ ഓർക്കുമ്പോൾ*
---------------------------------------
SAP


ഏകദേശം പതിനഞ്ചു വർഷങ്ങൾക്ക് മുമ്പാണ് ഇല്ല്യാസ്ച്ചാനെ പരിചയപ്പെടുന്നത്.  ഒരു പ്രസിദ്ധീകരണത്തിന്റെ പരസ്യവുമായി ബന്ധപ്പെട്ടായിരുന്നു അത്. ഒരു Noble cause ന് വേണ്ടിയുള്ള സംരംഭമാണെന്നറിഞ്ഞപ്പോൾ വിശദമായി സംസാരിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ വലിയൊരു പരസ്യം ഓഫർ ചെയ്ത് ഞങ്ങളെ അത്ഭുതപ്പെടുത്തിയ മനുഷ്യൻ!  ഇല്യാസ്ച്ചാനേക്കാളും വലിയ വ്യവസായികളും മറ്റും ചെറിയൊരു പരസ്യത്തിന് പോലും ഒരു നൂറ് വട്ടം ആലോചിക്കും. അദ്ദേഹത്തിന്റെ നന്മയോടുള്ള പ്രതിബദ്ധതയായിരുന്നു അത്.   അത് ഞങ്ങൾക്ക് ആ പ്രസിദ്ധീകരണവുമായി മുന്നോട്ട് പോകാൻ തന്ന ആവേശവും പ്രചോദനവും ചെറുതായിരുന്നില്ല.

പിന്നീടൊരിക്കൽ അസ്ലം സൂചിപ്പിച്ചത് പോലെ ഒരു സാംസ്കാരിക പരിപാടിയിൽ അദ്ദേഹം അവതരിപ്പിച്ച പ്രബന്ധവുമായി ബന്ധപ്പെട്ട ചർച്ചയിൽ ചില വിയോജിപ്പുകൾ രേഖപ്പെടുത്തേണ്ടി വന്ന സന്ദർഭം ഞാനോർക്കുകയാണ്.  പരിപാടി കഴിഞ്ഞപ്പോൾ എന്റെ അഭിപ്രായക്കുറിച്ചും വിഷയത്തെക്കുറിച്ചും ഒട്ടും തലക്കനമില്ലാതെ സംസാരിക്കാൻ സമയം കണ്ടെത്തിയ  നിഷ്കളങ്കനായ മനസ്സിൽ ഒട്ടേറെ നന്മകൾ സൂക്ഷിച്ച വ്യക്തി!

ശേഷം പലപ്പോഴും ചില വേദികളിൽ വെച്ച് കാണുകയും ഉത്തരദേശത്തിൽ പ്രസിദ്ധീകരിക്കാറുണ്ടായിരുന്ന അദ്ദേഹത്തിന്റെ എഴുത്തുകളെക്കുറിച്ച് സംസാരിക്കുകയും നിങ്ങളുടെ Activities ഒന്നും ഇപ്പോൾ കാണാറില്ലല്ലോ എന്ന് പറയുകയും ചെയ്യുമായിരുന്നു.

വിശ്വസിക്കാനാകുന്നില്ല ഈയൊരു വേർപാട്.  കാസർകോടിന്റെ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്നു നൽകിയ കുറച്ച് മാത്രം സംസാരിക്കുകയും കൂടുതൽ പ്രവർത്തിക്കുകയും ചെയ്ത, ഫുഡ്ബോൾ കളിയെ നെഞ്ചേറ്റിയ വിനയാന്വിതനായ ഒരു സവിശേഷ വ്യക്തിയെയാണ് ഇല്യാസ്ച്ചാന്റെ വിയോഗത്തോടെ നമുക്ക് നഷ്ടമാകുന്നത്.  തിന്മ സുലഭവും നന്മ ദുർല്ലഭവുമാകുന്ന ഈ ആസുരകാലത്ത് ഇല്ല്യാസ്ച്ചാനെപ്പോലൊരാളുടെ വിയോഗം നികത്താനാവാത്തത് തന്നെയാണ്.

മൗനത്തിൽ നിന്നാണ് കവിത പിറക്കുന്നത് എന്ന് പറയാറുള്ളത് പോലെ, ദീർഘ മൗനങ്ങളിൽ നിന്നും  പെയ്തിറങ്ങിയ പെരുമഴയായിരുന്നു അദ്ദേഹം നീട്ടിയ കാരുണ്യ ഹസ്തങ്ങൾ.

ക്ഷണിക ലോകത്തിന്റെ ഇടുങ്ങിയ, തേഞ്ഞു പോയ പാതകൾ താണ്ടി കടന്നു പോയ, കുറഞ്ഞ കാലം കൊണ്ട് നക്ഷത്ര ശോഭ പോലെ പ്രഭ ചൊരിഞ്ഞ ഇല്ല്യാസ്ച്ച ഉന്നതങ്ങളിൽ ദൈവകാരുണ്യത്തിന്റെ തണൽ വീഥികളിൽ ഹൃദ്യമായ വരവേൽപ്പ് നൽകാൻ മാലാഖമാർ കാത്തിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

കുടുംബത്തിന് അദ്ദേഹത്തിന്റെ വേർപാട് താങ്ങാനുള്ള കരുത്ത് അല്ലാഹു പ്രദാനം ചെയ്യട്ടെ.

No comments:

Post a Comment