Saturday 23 September 2017

RT യിലെ പുതിയ എഴുത്തതിഥി റഫീഖ് അഹമ്മദ് പട്ല/ അസ്ലം മാവില

RT യിലെ
പുതിയ എഴുത്തതിഥി
റഫീഖ് അഹമ്മദ് പട്ല

അസ്ലം മാവില

RT യുടെ എഴുത്ത് പുരയിൽ അവസാനം വന്ന അംഗമാണ് റഫീഖ് അഹമ്മദ്. അംഗമാകാനുള്ള താത്പര്യമെന്നോട് നേരിട്ട് പറഞ്ഞപ്പോൾ, എന്തെങ്കിലും കാര്യമില്ലാതെ അയാൾ അങ്ങിനെ പറയില്ലെന്നും തോന്നി. മൂന്ന് വർഷം മുമ്പ് പട്ല ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ്ടു വിദ്യാർഥികൾക്ക് ഞാൻ  ക്ലാസ്സെടുക്കുമ്പോൾ  റഫീഖ് എന്റെ മുമ്പിലിരുന്നിട്ടുണ്ട്. ആ ഒരു പരിചയമാകാം എഴുത്ത്പുരയിൽ അംഗമാകണമെന്ന് എന്നോട് ആവശ്യപ്പെടാൻ കാരണം.

ഇയ്യിടെയായി  രാത്രിയൽപം വൈകി ഞങ്ങൾ എഴുത്ത്പുരയിൽ സജിവമാകാറുണ്ട്. മിനിഞ്ഞാന്നൊക്കെ കൂട്ടുകവിതാ എഴുത്തിന്റെ തിരക്കിലായിരുന്നു മിക്കവരും. ഇന്നലെ മറ്റൊരു വിഷയം സജീവമാകുന്നതിനിടയിലാണ് റഫീഖിന്റെ രചന വായനാനുഭവത്തിനായി അവിടെ  വരുന്നത്. ആ സമയം മുതൽ റഫീഖിന്റെ രചനയായിരുന്നു ചർച്ചാ വിഷയം. ഇന്ന് പുലർച്ചെ ഷെറീഫ് സാറിന്റെ വിലയിരുത്തൽ കൂടി വന്നതോടെ റഫീഖ് അഹമ്മദ് RT യുടെ എഴുത്ത് നിരയിലേക്കുള്ള നവാഗതനായി.

നല്ല ഒഴുക്കുള്ള ഭാഷയാണ്. എഴുതിശീലിച്ചാൽ നല്ല രചനകൾ പ്രതീക്ഷിക്കാം. നല്ല വാക്കുകൾ വെല്ലുവിളിയും പ്രോത്സാഹനവുമായി എടുക്കണം. വായന കുറയുന്തോറും നമ്മുടെ കയ്യിലുള്ള മരുന്നും കാലിയായിക്കൊണ്ടിരിക്കും.

ക്ലാസ്സിക്കുകൾ വായിക്കുക. അവയുടെ നല്ല മൊഴിമാറ്റം അന്വേഷിച്ച് കണ്ട് പിടിക്കുക. ചില കാരണങ്ങൾ എഴുത്ത് നിർത്താൻ ഇട വന്നേക്കും. പക്ഷെ, വായന നിർത്തരുത്.

എഴുത്തിനൊരു ഒഴുക്കൻ രീതിയുണ്ട്. പ്രത്യേകിച്ച് ചുറ്റുവട്ടങ്ങളെ വാഗ്മയം കൊണ്ട് അത്ഭുതം തീർക്കുമ്പോൾ. റഫീഖ് മദ്രസ്സയിലേക്ക് ഒരുങ്ങുന്നത് മുതൽ ഈ ഒഴുക്കുണ്ട്. മദ്രസ്സയുടെ പടിവാതിലിൽ എത്തുവോൾ, പിന്നെ ആ യാത്രയിലുള്ളത്  നാമാണ്.

റഫീഖ് എഴുതുന്നു: "പെട്ടന്നായിരുന്നു ഞാൻ മറ്റൊരു കാര്യം ശ്രദ്ധിച്ചത്. ശ്വാസം അകത്തോട്ട് എടുത്തു പുറത്തു വിടുമ്പോൾ വായിൽ നിന്ന് പുക വരുന്നു. പിന്നീട് ആ പുകയെ എങ്ങനെ ഒക്കെ വിത്യസ്തമാക്കാം എന്നായിരുന്നു എന്റെ ചിന്ത." ഈ ഒരു വികൃതി ഒപ്പിക്കാത്ത ഒരു ഡിസംബറും നമുക്കാർക്കും കടന്നു പോയിട്ടില്ല.

കരുതലോടെ റഫീഖ് എഴുതണം. അറബി മാധ്യമമായെടുത്ത അയാൾ മലയാളത്തിന്റെ മർമ്മവും പഠിച്ചിട്ടുണ്ടെങ്കിൽ അതൊരു ഗോഡ് ഗിഫ്റ്റാണ്. ഫിക്ഷനെഴുതാൻ പാകമായ സഹൃദയത്വം.  

എഴുത്ത് ലോകത്ത് റഫീഖ് കൂടുതൽ ശോഭിക്കണമെന്ന് ആഗ്രഹിച്ചത് കൊണ്ടാണ് ഞാനിത്രയും കുത്തിക്കുറിച്ചത്.  ഇപ്പോൾ നിങ്ങൾ റഫീഖ് അഹമ്മദ് പട്ലയാണ്. ഇരുത്തം വന്ന നിലയിലേക്കെത്തുമ്പോൾ RAP എന്ന ചുരുക്കപ്പേരിൽ ഞങ്ങൾ വിളിക്കാം. അത് കൊണ്ട് സാഹിത്യത്തെ താങ്കൾ ഗൗരവത്തിലെടുക്കുക. ഭാവുകങ്ങൾ !

No comments:

Post a Comment